Thursday, December 28, 2006

പുതുവത്സരാശംസകള്‍

മൃതവത്സരം ചിതാണുക്കളായ് ചിതറിതെറിക്കുന്നു
പുതുവത്സരം ഏതോ കിഴക്കന്‍ തെച്ചിക്കാട്ടില്‍
കരഞ്ഞുപിറക്കുന്നു
ശാന്തി തന്‍ സൌഗന്ധികം തേടി പോക-
നാമീ അശാന്തിതീരങ്ങളില്‍


...സ്നേഹത്തോടെ എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍

Tuesday, December 26, 2006

പുലര്‍കാല സ്വപ്നം

ഒരിക്കല്‍ കൂടി ഞാന്‍ ആ വരികള്‍ വായിച്ചുനോക്കി... കൊള്ളാം, സ്വയം ഒരു വിലയിരുത്തല്‍. എന്റെ പ്രിയപ്പെട്ട ബ്രൌണ്‍ ഹീറോ പെന്നിലെ ടര്‍കൊയ്സ്ബ്ലു മഷിയും ...പിന്നെ ആ താളുകളെ ഞാന്‍ പുസ്തകത്തിന്റെ പൊതിച്ചിലിനുള്ളിലേക്കു ഒളിപ്പിച്ചുവെച്ചു. മാതൃഭൂമി വരാന്തപ്പതിപ്പിന്റെ വര്‍ണ്ണാഭയില്‍ അവ ഒളിച്ചിരുന്നു...അങ്ങിനെയാണ്‌ ഞാന്‍ എന്റെ അക്ഷരങ്ങളെ ഓപ്പോളുടെയും കൂട്ടുകാരുടെയും കണ്ണില്‍ നിന്നും രക്ഷിക്കുന്നത്‌...ഇപ്പോള്‍ അതു വെറും മോഡേണ്‍ ഫിസിക്സിന്റെ ലെക്ചര്‍ നോട്ട്‌ മാത്രം...

ഇനി തട്ടിന്‍പുറം അടച്ചുപൂട്ടണം. കോണിവാതില്‍ ചാരണം. . വളര്‍ന്നുപോയ പെണ്‍പിള്ളേര്‍ അമ്മക്കു പേടി നല്‍കാന്‍ തുടങ്ങിയപ്പോഴാണ്‌ തുറന്ന വരാന്തകള്‍ രാത്രികളില്‍ ഞങ്ങള്‍ക്ക്‌ വിലക്കപ്പെട്ടത്‌. ഇറങ്ങുമ്പോള്‍ മൂന്നാമത്തെ കോണിപ്പടി ടക്‌ എന്ന് ശബ്ദമുണ്ടാക്കി.. അത്‌ അച്ഛനുള്ള അടയാളമാണ്‌.

"ഉറങ്ങായോ?"

"ഉം.."

"രാവിലെ എപ്പൊ വിളിക്കണം?"

"അച്ഛന്‍ ഉണരുമ്പോള്‍.."

അച്ഛന്‍ മൂന്നുമണിക്ക്‌ ഉണരും.. അപ്പോള്‍ വിളിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ നാലുമണിക്ക്‌ എണീക്കും.. ഏഴുമണിക്കുള്ള ആദ്യത്തെ ബസ്സില്‍ കോളേജില്‍ പോയി വൈകീട്ട്‌ ഏഴുമണിക്കുള്ള അവസാനത്തെ ബസ്സില്‍ തിരിച്ചെത്തുന്ന മകള്‍ക്ക്‌ പഠിക്കാന്‍ അച്ഛന്‍ ഉറക്കമൊഴിക്കുന്നു.

ഞാനുണര്‍ന്നത്‌ എന്റെ ഫോണിന്റെ ചിലക്കല്‍ കേട്ടാണ്‌... കണ്ണു തുറക്കാതെ എടുക്കുമ്പോള്‍ അയാള്‍ ഒരു ഹലോ പോലും ഇല്ലാതെ പറഞ്ഞു..

"മായ മരിച്ചു"

ആര്‌...എന്ത്‌??

മായ..മായ ചാക്കോ...

ചായ മാക്കോ...??

അതെ.. അവള്‍ പറഞ്ഞിരുന്നു.. നിങ്ങള്‍ ഇങ്ങനെ തന്നെ തിരിച്ചു ചോദിക്കുമെന്ന്

ഉറക്കത്തിന്റെ പിടിയില്‍ നിന്ന് ഞാന്‍ അപ്പോഴാണ്‌ ശരിക്കും ഉണര്‍ന്നത്‌... ഞാന്‍ കേട്ടത്‌ ഒരു മരണവാര്‍ത്തയാണ്‌. അപ്പോഴേക്കും ഫോണ്‍ കട്ടുചെയ്തിരുന്നു... ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചു വിളിക്കാന്‍ നോക്കുമ്പോള്‍ അതൊരു നോ നമ്പര്‍ കാള്‍ ആയിരുന്നു.... പിന്നെയും ഞാന്‍ ഉറങ്ങിപോയി..മായയുടെ മരണവാര്‍ത്ത കേട്ടിട്ടും...

മായ എനിക്ക്‌ എന്റെ ബഞ്ചാര ലൈഫില്‍ കിട്ടിയ ഒരു കൂട്ടായിരുന്നു... പിന്നെ മാറിമാറി പോയ താവളങ്ങളില്‍ എവിടേയോ അവളെ നഷ്ടമായി... പക്ഷെ ഒരിക്കലും അവള്‍ക്കെന്റെ മൊബെയില്‍ നമ്പര്‍ അറിയില്ലായിരുന്നു.. അപ്പോള്‍ ആരാവാം എന്നെ വിളിച്ചത്‌...??

ആദ്യം പറഞ്ഞത്‌ ഇന്നത്തെ എന്റെ പുലര്‍കാല സ്വപ്നം ആയിരുന്നു... അച്ഛന്‍ മരിച്ചിട്ട്‌ പത്തുവര്‍ഷങ്ങള്‍... എന്റെ കവിതകള്‍ പഴയകടലാസുകച്ചവടക്കാരന്‍ ആക്രിവിലക്ക്‌ തൂക്കിയെടുത്തു...

രണ്ടാമത്തേത്‌ ഇന്നു എനിക്ക്‌ വന്ന കാള്‍.... അതിന്റെ സത്യാവസ്ഥ അറിയാന്‍ എനിക്കും മായക്കും പൊതുവായ കൂട്ടുകാര്‍ ഇല്ല...പിന്നെ അതും സ്വപ്നമാണെന്നു കരുതാന്‍ വയ്യ.. ഇപ്പൊഴും എന്റെ ഫോണില്‍ ആ നോ നമ്പര്‍ കാള്‍ കിടപ്പുണ്ട്‌..

ഒന്നു കൂടി.. ഞാന്‍ എത്ര ഒക്കെ ഓര്‍ത്തിട്ടും സ്വപ്നത്തില്‍ ഞാന്‍ എഴുതിയ കവിത ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല.. അവസാനത്തെ രണ്ടു വരികള്‍ ഒഴിച്ച്‌... അത്‌ ഏകദേശം ഇങ്ങനെ ആയിരുന്നു..

മരിച്ചവര്‍ എന്നിലേക്ക്‌ തിരിച്ചു വരികയാണ്‌
ആരുടെ ഒക്കെയോ മുഖച്ഛായകളിലൂടെ

Saturday, December 23, 2006

ഓര്മ്മകള്‍ ……..

ഓര്‍മ്മകള്‍, നെഞ്ചിലെ കൂട്ടില്‍ കുരുങ്ങി
ചിറകടിച്ചമരുന്നൊരമ്പലപ്രാവുകള്‍
ഓര്‍മ്മകള്‍, ചുണ്ടിലറിയാതെ
വിടരുന്ന പുഞ്ചിരി പൂവുകള്‍
ഓര്‍മ്മകള്‍, കണ്ണീരിനുറവയില്‍
ഉപ്പായ് എത്തുന്ന ചുടുനെടുവീര്പ്പുകള്‍
ഓര്‍മ്മകള്‍, കൈകൊട്ടി വിളിക്കാതെ
വിരല്‍ തൊട്ടുണര്ത്താതെ
പറയാതെ, അറിയാതെ എത്തുവോര്‍ ..

Tuesday, December 19, 2006

സുഹൃത്തിനെ ആവശ്യമുണ്ട്...

സുഹൃത്തിനെ ആവശ്യമുണ്ട്...

അഞ്ച് മാസത്തെ പരിചയത്തിനിടയില്‍ ആറാമത്തെ തവണയാണ്‌ ഞാന്‍ ഇന്ന് അവനെ കാണുന്നത്. ഞാന്‍ എന്റെ മുറിയില്‍ തിരിച്ചെത്തിയതിനു ശേഷം ജോലിതിരക്കിനിടയിലും അവന്‍ എന്നെ 6 തവണ വിളിച്ചു കഴിഞ്ഞിരിക്കുന്നു. അതും വെറും അറുപതു നിമിഷങ്ങള്‍ക്കുള്ളില്‍ .. 6 ഒരു നിര്‍ഭാഗ്യസംഖ്യയാണെന്ന് അവനോട് ഞാന്‍ പറഞ്ഞപ്പോള്‍ എന്തിനാവാം അവന്‍ മിണ്ടാതിരുന്നത്. ... ആ. .. അതെന്തിനോ ആവട്ടെ...എന്റെ പ്രശ്നം അവനോ ആറോ ഒന്നും അല്ല.. ഒരു സുഹൃത്താണ്.. എനിക്കൊരു സുഹൃത്തിനെ വേണം ..

ഇത് കേട്ട് നിങ്ങള്ക്ക് എന്തു തോന്നുന്നു... മിക്കവാറും ഇങ്ങനെ ആവും .."ഇതിന്‌ അരപ്പിരി ലൂസ് തന്നെ"...അരപ്പിരി അല്ല മുഴുപ്പിരി തന്നെ ആണോ എന്നാ എന്റെ സംശയം .. ആ... അപ്പൊ പറഞ്ഞുവന്നത്.. എനിക്കൊരു സുഹൃത്തിനെ വേണം .. അല്ലെങ്കില്‍ തന്നെ ഭൂമിമലയാളം മുഴുവന്‍ സുഹൃത്തുക്കള്‍ ഉള്ള (ഞാന്‍ പറഞ്ഞതല്ല.... എന്റെ വീട്ടുകാരുടെ കണ്ടൂപിടുത്തം) എനിക്കെന്തിനാ പുതിയൊരു സുഹൃത്ത് എന്നല്ലെ... ഈ സൌഹൃദം എന്ന് പറയുന്നത് എന്താണെന്ന് ..എങ്ങിനെ നിര്‍വചിക്കണമെന്ന് എനിക്ക് വലിയ പിടിയൊന്നും ഇല്ല.. എന്നാലും ഒരു സുഹൃത്തിനെ വേണം.

ഈ കല്ല്യാണപരസ്യത്തില്‍ ഒക്കെ പറയും പോലെ, സുന്ദരിയും(നും),സുശീലയും(നും),തറവാട്ടില്‍ (ആസ്പത്രിയില്‍?) പിറന്ന, വിദ്യാഭ്യാസമുള്ള(?), ജോലിയുള്ള(ഇല്ലെങ്കില്‍ എന്റെ പോക്കറ്റ് കാലിയാവും) പാടാനും ആടാനും വരക്കാനും എഴുതാനും (അതുവേണോ?) ദൈവഭയമുള്ള...അമ്മോ... നിങ്ങള്‍ ഞാന്‍ പറയുന്നതൊന്നു കേള്ക്ക്.. ഇങ്ങിനെ ഒരു പെണ്ണിനെ അല്ലെങ്കില്‍ ആണിനെ സുഹൃത്തായി വേണമെന്ന് ഞാന്‍ പറയുന്നില്ല....അടുത്തതും അകന്നതും കറുത്തതും വെളുത്തതും ആണും പെണ്ണും അങ്ങിനെ വേര്‍ത്തിരിച്ചും തിരിക്കാതെയും ഒക്കെയായി എനിക്കൊരു 50-100 നുമിടയില്‍ സുഹൃത്തുക്കള്‍ ഉണ്ടെന്നാണ്` കനേഷുകുമാരി കണക്ക്.... കോട്ടയത്തെത്ര മത്തായിമാര്‍ ഉണ്ടെന്ന് ചോദിച്ചപോലെ കൃത്യമായി പറയാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. അതില്‍ പുതുവര്‍ഷത്തിനോ പിറന്നാളിനോ ഒരു വിളിയില്‍ ഹാജര്‍ വെക്കുന്നവര്‍ മുതല്‍ ദിവസത്തില്‍ ചുരുങ്ങിയത് നാലുതവണയെങ്കിലും എന്റെ കിളിമൊഴി കേള്ക്കാന്‍ കൊതിക്കുന്നവര്‍വരെ ഉണ്ട്... ദേ.. വീണ്ടും വഴിമാറുന്നു.. ഞാന്‍ പറഞ്ഞു വന്നത്..എനിക്കൊരു സുഹൃത്തിനെ വേണം.... പുതുതായി ഒരെണ്ണം വേണമെന്നു തോന്നിയാല്‍ ഇതുവരെ ഉണ്ടായിരുന്നതിനും, ഇപ്പോള്‍ ഉള്ളതിനും എന്തോ കുറ്റവും കുറവും ഒക്കെ ഉണ്ടല്ലോ..അല്ലെ?

എന്റെ മുറിയുടെ വാതില്‍ അടച്ചാല്‍ പുറംലോകവുമായുള്ള ഏകബന്ധം പടിഞ്ഞാറോട്ട് തുറക്കുന്ന ഈ ഒറ്റപ്പാളി ജനല്‍ മാത്രമാണ്... രാവിലെ ഒരു കട്ടന്‍ കാപ്പിയുമായ് താഴെ റോഡിലൂടെ പോവുന്ന മീന്‍കാരനെയും പാല്‍കാരിയെയും ഒക്കെ (വായില്‍) നോക്കിയിരിക്കുമ്പോള്‍ , ഞാനെന്റെ പഴയ സുഹൃത്തുക്കളുടെ കണക്കെടുക്കാനുള്ള ശ്രമത്തില്‍ ആണ്.അനാദിയായ് അനന്തമായ് കിടക്കുന്ന കാലത്തിനൊഴിച്ച് മറ്റെന്തിനും ഒരു തുടക്കമുണ്ടല്ലോ? അപ്പോള്‍ എന്റെ സൌഹൃദത്തിന്റെ ചരിത്രം തുടങ്ങുന്നത് എവിടെനിന്നാവാം .. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സര്‍പ്പക്കാവില്‍ കൊട്ടപ്പഴം പറിക്കന്‍ കൂട്ടുവന്നിരുന്ന ദാസനില്‍ നിന്നോ... അതോ അതിനും മുമ്പെ മണ്ണപ്പം ചുട്ടുകളിക്കാന്‍ കൂടിയ അയലത്തെ വീട്ടിലെ സുജയില്‍ നിന്നോ? പരസ്പരം ഒന്നും മറച്ചുവെക്കാനില്ലാത്തവരാണ്‌ സുഹൃത്തുക്കള്‍ എന്നു പറഞ്ഞാല്‍, ശരിയാണ്, അവരൊക്കെ തന്നെ എന്റെ ആദ്യ സുഹൃത്തുക്കള്‍. പക്ഷെ, സൌഹൃദത്തിന്റെ അലിഖിതനിയമമായ പങ്കുവെക്കലില്‍ എനിക്ക് നല്കാന്‍ സന്തോഷങ്ങളെ ഉണ്ടായിരുന്നുള്ളു... വേദനകള്‍ എന്നു പറയാന്‍ ഗോലിയേറ്റു വീര്‍ത്ത കൈവിരലുകളും പേരമരത്തില്‍ നിന്ന് വീണ്‌ തൊലിപോയ കാല്‍വണ്ണകളും മാത്രം. ..പക്ഷെ, ദാസനെക്കാള്‍ മുമ്പെ അമ്പലക്കുളത്തില്‍ അക്കര ഇക്കരെ തൊട്ട് വന്ന എന്നെ അവനെന്തിനാ വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ചത്?എനിക്ക് ഒത്തിരി ഇഷ്ടമാണെന്നറിഞ്ഞിട്ടും സുജ എന്തിനാ എനിക്ക് തരാതെ എന്റെ മുന്നില്‍ വെച്ച് വറുത്ത പുളിങ്കുരു തിന്നത്.. ...ആ ദാസനിന്നു കാശ്മീരിലെ തണുപ്പില്‍ രാജ്യത്തിന്റെ അതിര്ത്തികള്‍ കാക്കുന്നു. .. സുജ കോയമ്പത്തൂരില്‍ ഭര്ത്താവിന്റെ ചായകടയിലെ കൂലിയില്ലാത്ത തൊഴിലാളി.....

സ്കൂളും വീടും ഒരു റോഡിന്റെ ഇരുപുറവും ആയതുകൊണ്ടാവാം ആ നാട്ടിന്‍ പുറത്തെ ഒരു സാധാരണ സ്കൂളില്‍ എനിക്ക് കിട്ടിയ കൂട്ടുകാര്‍ എന്റെ നാട്ടുകാരും അയല്‍വാസികളും ഒക്കെ തന്നെ..അപ്പോള്‍ അവിടത്തെ പരിചയങ്ങള്‍ ഒന്നും പുതിയൊരു സൌഹൃദമായിരുന്നില്ല.. പിന്നെ സൌഹൃദമെന്നും സുഹൃത്തെന്നും പേരിട്ടു വിളിക്കാന്‍ മാത്രം അറിവില്ലാത്തോണ്ടുമാവാം .പക്ഷെ അതില്‍ പലരും ഇന്നു നാടിന്റെ വിവിധഭാഗങ്ങളില്‍ ആണെങ്കിലും ഇന്നും നാട്ടില്‍ ഒത്തുകൂടുമ്പോള്‍ ..അതൊരു ആഘോഷം തന്നെ....

കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും ജോലിയും വീട്ടിലെ കാറും (കാര്‍ പോയിട്ട് ഒരു സൈക്കിള്‍ പോലും ഇല്ല എന്റെ വീട്ടില്‍ ) ബാങ്ക് ബാലന്സും ഒക്കെ കണക്കാക്കണമെന്ന് അറിഞ്ഞത് പ്രീഡിഗ്രി ക്ക് പഠിക്കുമ്പോള്‍ ആണ്. വിവിധ പേരുകളില്‍ സംഭാവനക്ക് കൈനീട്ടിനില്ക്കുന്ന കോളേജ് അധികൃതര്‍ കൂടിയായപ്പോള്‍ സംഗതി കുശാല്‍.. രണ്ടുവര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞു വീട്ടില്‍ ഒരു യുദ്ധം നടത്തി തൊട്ടടുത്ത മിക്സെഡ് കോളേജില്‍ പോവുമ്പോള്‍ ഓര്‍മവെക്കാന്‍ ഒരു സുഹൃത്ത്... ഒരു പാവം സ്കൂള്‍ വാദ്ധ്യാരുടെ മകള്‍...ആ വയനാട്ടുകാരി ഇന്നും എന്റെ അടുത്ത കൂട്ടു തന്നെ...

ആണ്‍പെണ്‍ സൌഹൃദങ്ങളുടെ വിശാലമായ ലോകം തന്നെ യായിരുന്നു ഡിഗ്രി കാലഘട്ടം ... പാവുട്ട തണലുകളിലെ കവിയരങ്ങുകളും സമരദിനങ്ങളിലെ സിനിമകളും ... പിന്നെ യാത്രകളും .. ഇന്നും പലരും പലവഴിയെ എങ്കിലും വിളിച്ചാല്‍ വിളിപ്പുറത്തു കിട്ടുമെന്ന ഉറപ്പുള്ള ചിലര്‍.. ജോലിയും കുടുംബവുമൊക്കെ പകുത്തെടുക്കുമ്പോഴും ഇപ്പൊഴും പഴയകണ്ണികള്‍ മുറിഞ്ഞുപോവാതെ എല്ലാവരും സൂക്ഷിക്കുന്നു... ഒരോവിളികളും ക്ലാവുപിടിച്ച ഓട്ടുവിളക്ക് തേച്ച് മിനുക്കും പോലെ. ..

ആവശ്യങ്ങള്ക്കായി കൂട്ടുകൂടുന്നതിന്റെ മന:ശാസ്ത്രം ഇന്നും എനിക്ക് മനസിലാവുന്നില്ല... പക്ഷെ അതറിയാന്‍ കഴിഞ്ഞത് നഗരത്തിലെ പഠനകാലത്ത്.. ആവശ്യം കഴിയും വരെ തേനെ പാലെ...അതു കഴിയുമ്പോള്‍ ... ഞാനെന്തിനാ പറയുന്നെ..അറിയാലോ ... ആദ്യമൊക്കെ വിഷമമായിരുന്നെങ്കിലും പിന്നെ സൌഹൃദത്തിനു ഇങ്ങിനെയും ഒരു മുഖമുണ്ടെന്നു ആശ്വസിച്ചു...

കൊണ്ടും കൊടുത്തും അറിഞ്ഞ സുഹൃത്തുക്കള്‍ ഹോസ്റ്റെലുകളില്‍ തന്നെ.. ചിരികള്ക്കപ്പുറത്തെ കണ്ണുനീരും ആകുലതകളും സ്വപ്നങ്ങളും ഒക്കെ പങ്കുവെക്കാന്‍ സ്വന്തം സഹമുറിച്ചിയെക്കാള്‍ യോജിച്ചതായി ആരുണ്ട്... പക്ഷെ, രണ്ടും രണ്ടു വഴിയെ ആണെങ്കില്‍ ജീവിതം കട്ടപൊക...

അപ്പോള്‍ അങ്ങിനെ ഒക്കെയാണ്‌ എന്റെ സൌഹൃദത്തിന്റെ ചരിത്രം..

ഞാന്‍ കുറെനേരമായി ആലോചിക്കുകയാണ്...ഈ ഏഴുനിലകെട്ടിടത്തില്‍ മൂന്ന്കൊല്ലം പണിയെടുത്തിട്ടും ഇതിന്റെ ഏറ്റവും താഴത്തെ നിലയിലിരുന്ന് ഇതു ടൈപ്പ് ചെയ്യുമ്പോള്‍ ഇവിടെ ഒരു സുഹൃത്തുപോലും ഇല്ലെന്നതാണ്‌ സത്യം .. പ്രശ്നം എന്റെയാണൊ ..അതോ ..? എന്റെ കുഴപ്പം തന്നെ ആവും ..അല്ലെ?എന്റെ ഫോണ്‍ ബുക്കില്‍ ഓഫീസ് നമ്പര്‍ അല്ലാതെ സഹപ്രവര്ത്തകരില്‍ ഒരാളുടെ നമ്പര്‍ പോലും ഇല്ല.. പഴയ കോളേജ് കൂട്ടുകള്‍ പോലും അതില്‍ ഇന്നും നിലനില്ക്കുമ്പോള്‍ ....

ഇത്രയൊക്കെ പുലമ്പാന്‍ ഇപ്പൊ എന്തെ ഉണ്ടായെ എന്നു ആര്‍ക്കേലും ചോദിക്കാന്‍ തോന്നുന്നുണ്ടോ..ഒന്നുമല്ല..

ഇന്നലത്തെ ഒരു ഫോണ്‍ കാള്‍ ... ഒരു മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ പരിചയപെട്ട ഒരു ചേച്ചി.. എന്റെ ഹോസ്റ്റെലില്‍ പരീക്ഷക്ക് പഠിക്കാന്‍ വന്നപ്പോള്‍ പരിചയപെട്ടത്.. വെറും രണ്ട് മാസത്തെ പരിചയം .. വല്ലപ്പോഴും വിളിക്കും ..ഇന്നലെ വിളിച്ചത് അടുത്ത ദിവസം ഫ്രീ ആണെങ്കില്‍ കാണാമോ എന്ന് ചോദിച്ചായിരുന്നു.. അന്നു അവരുടെ സ്കൂളില്‍ വാര്ഷികം ആണ്... എല്ലാ ടീച്ചേഴ്സും നല്ലൊരു സുഹൃത്തിനെ കൊണ്ടുചെല്ലണം .. ചേച്ചിയുടെ ഓര്‍മ്മയില്‍ വന്ന സുഹൃത്ത് ഞാന്‍ ആയിരുന്നെന്നു പറയാന്‍ ആണ്‌ വിളിച്ചത്. ..എന്തായാലും 6 മണിക്കൂര്‍ യാത്രചെയ്തു ഞാന്‍ അവിടേചെല്ലണമെന്ന് ചേച്ചി ആഗ്രഹിച്ചുവെങ്കില്‍ .. അതു പറയാന്‍ രാത്രി ഏറെ വൈകിയ നേരത്ത് എന്നെ വിളിച്ചുവെങ്കില്‍ ..അത് അങ്ങിനെ വിശ്വസിക്കാനാണ്‌ എനിക്ക് ഇഷ്ടം ..നാളെ എന്റെ ഓഫീസില്‍ ഇതുപോലെ ഒരു സുഹൃത്തിനെ കൊണ്ടുചെല്ലാന്‍ പറഞ്ഞാല്‍ ഞാന്‍ ആരെ കൊണ്ടു ചെല്ലും .. അതാ പറഞ്ഞതു എനിക്കൊരു സുഹൃത്തിനെ വേണം ...അതാണ്‌ എന്നെ കൊണ്ട് ഇത്രയും എഴുതാന്‍ പ്രേരിപ്പിച്ചതും ..

ഇതൊന്നുമല്ലാതെ കിട്ടിയ വേറെയും കൂട്ടുകള്‍ ഉണ്ട്. .. പലവഴിയെ... പലതും അമൂല്യം തന്നെ.. കടങ്ങളും കടപ്പാടുകളും ഇല്ലാതെ... പരസ്പരം ആരൊക്കെയോ ആവുന്നവര്‍ ..

ഈ വലക്കണ്ണികളില്‍ കണ്ടുമുട്ടി ഒന്നും മിണ്ടാതെ മറഞ്ഞവരുണ്ട്... വേദനകള്‍ തന്ന് ചിരിക്കുന്നവരുണ്ട്... എന്തിനെന്നറിയാതെ എന്റെ മിത്തുവിനെപോലെ അകന്നിരിക്കുന്നവരുണ്ട്... എങ്കിലും സൌഹൃദങ്ങള്‍ എന്നും എനിക്കൊരു ...

ഏതെങ്കിലും ഒരു ദിവസം അവന്‍ ഇതു വായിക്കും .. എന്നിട്ട് എന്നോട് ചോദിക്കും .. അപ്പോള്‍ ഞാനാരാ...

Friday, December 8, 2006

മരണത്തിന്റെ മഹത്‌വചനങ്ങള്‍

"മരണം ആരേയും കാത്തിരിക്കുന്നില്ല"

ചലിക്കാന്‍ മറന്നുപോയ എല്ലിനെ പറിച്ചെറിയാന്‍ പോകും മുമ്പാണ്‌ അവള്‍ അത് പറഞ്ഞത്. നീണ്ട അവധിയില്‍ അവള്‍ യാത്രയാവുന്നതിന്റെ ദുഃഖത്തിലായിരുന്നു ഞങ്ങള്‍. ഒരു പൊടി പ്രണയം കാത്തുവെക്കുന്ന അവനെ നോക്കി അവള്‍ പുഞ്ചിരിക്കാനും മറന്നില്ല. അവളില്‍ നിന്ന് ഉതിര്‍ന്നതും ഞങ്ങള്‍ രേഖപ്പെടുത്തിയതുമായ മരണത്തിന്റെ മഹത്‌വചനങ്ങളിലെ ആദ്യത്തേതായിരുന്നു അത്. അവളുടെ അഭാവത്തില്‍ ഞങ്ങള്‍ ആ വചനത്തെ പലതവണ ഉരുക്കഴിച്ചു. അതിന്റെ അര്ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളും ഞങ്ങള്‍ ചര്‍ച്ചചെയ്തു. തളരുമ്പോള്‍ കവിതകള്‍ ചൊല്ലി കണ്ണടച്ചിരുന്നു.

"ഒരു നാള്‍ മരണം തന്‍ കുഴഞ്ഞനാവാല്‍
എന്‍ പേരും വയസ്സും വിളിച്ചു ചൊല്ലും വരെ"*


"Let us relax with death".പത്താം ക്ലാസ്സും ഗുസ്തിയും കൊണ്ടു കയറിവന്ന ഞങ്ങള്‍ക്കറിയാവുന്നത് "may be sanctioned" മാത്രമാണ്. അത്‌കൊണ്ടു തന്നെ അവള്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഞങ്ങള്‍ മനസ്സിലാക്കിയത് ഏറെ നേരത്തിന്‌ ശേഷവും . സഹപ്രവര്‍ത്തകന്റെ മരണത്തില്‍ അനുശോചിക്കാന്‍ പരേതന്റെ വീട്ടിലേക്കുള്ള യാത്രക്ക് മുമ്പായിരുന്നു അത്. ഒരിക്കലും മരണവീടുകളില്‍ പോവാത്ത അവള്‍ ഞങ്ങള്‍ക്ക് മുമ്പെ സൈഡ് സീറ്റില്‍ കയറിയിരുന്നു. മലയോരഗ്രാമത്തിലേക്കുള്ള ഓരോ വളവിലും തിരിവിലും എന്തോ അന്വേഷിക്കും പോലെ കണ്ണും നട്ടിരിക്കുന്ന അവള്‍ ശരിക്കും ശാന്തമായിരുന്നു. മരണവീട്ടില്‍ കണ്ട ഫോട്ടോഗ്രാഫേഴ്‌സിനേയും വീഡിയോക്കാരേയും നോക്കി അവള്‍ പറഞ്ഞു.

"മരണവും ആഘോഷിക്കാനുള്ളതാണ്, ചിലര്‍ക്കെങ്കിലും ..."

നഷ്ടപ്രണയത്തിന്റെ വ്യഥയില്‍ ലഹരിയുടെ തീരങ്ങള്‍ തേടാന്‍ തുടങ്ങിയവനോടായിരുന്നു അവള്‍ വചനങ്ങളുടെ കെട്ടഴിച്ചത്.

"പ്രണയം മരണമാണ്"

ആര്‍ക്കും മുഖം കൊടുക്കാതെ തലതാഴ്‌ത്തിയിരുന്ന അവന്‍ ഞെട്ടലോടെയാണ്‌ അത് കേട്ടത്. അപ്പോള്‍ അവന്റെ വിടര്‍ന്ന കണ്‍കളില്‍ ലഹരിയുടെ തിരയിളക്കമില്ലായിരുന്നു. അവന്റെ അരികില്‍ ഇരുന്ന് അവള്‍ പതുക്കെ പറഞ്ഞത് ഇങ്ങിനെയായിരുന്നു.

"മരണം മധുരവുമാണ്... പക്ഷെ..."

പകുതിയില്‍ നിന്നുപോയ ഏകവചനവും അതു മാത്രമായിരുന്നു.ഒരു കുമ്പസാരം പോലെ അവന്‍ അവളോട് പലതും പറഞ്ഞ് കൊണ്ടിരുന്നു. ഇടക്കൊക്കെ ഊഴം അവളുടേതുമായിരുന്നു. ഇതിനിടയില്‍ രേഖപ്പെടുത്താതെ പോയ ഒരുപാട് വചനങ്ങള്‍ പിറന്നിരിക്കാം .

എങ്കിലും അവള്‍ക്ക് കൈകൊടുത്ത് നടന്നുപോയ അവനെ പിന്‍വിളിച്ച് അവള്‍ പറഞ്ഞു

"ധീരന്‍മാര്‍ ഒരിക്കലെ മരിക്കാറുള്ളൂ...."

തിരിഞ്ഞു നിന്ന അവന്‍ പുഞ്ചിരിയോടെ കൈവീശി യാത്രയായി.

വീട്ടുകാരോടുള്ള ദേഷ്യം തീര്‍ക്കാന്‍ കല്ല്യാണനാള്‍ മരണകണി നല്‍കിയ കൂട്ടുകാരിയുടെ ചെവിയില്‍ അവള്‍ മന്ത്രിച്ചു.

"മരണത്തിന്റെ ലാഭവും നഷ്ടവും മരിച്ചവര്‍ക്കുമാത്രം"

ആത്മഹത്യയുടെ കാര്യവും കാരണവും തലനാരിഴ കീറി ഞങ്ങള്‍ മുന്നേറവെ അവള്‍ മൌനിയായിരുന്നു. അവസാനം ഏതോ നിശബ്ദതയുടെ നിമിഷത്തില്‍ അവള്‍ പറഞ്ഞു

"മരണം ആശയറ്റവരുടെ ആശയാണ്"

ഞങ്ങള്‍ പരസ്പരം അര്‍ത്ഥമറിയാതെ നോക്കുമ്പോള്‍ അവളുടെ കണ്ണില്‍ കണ്ണീര്‍ തുള്ളികള്‍ ഉറവയെടുക്കുന്നുണ്ടായിരുന്നു. പിന്നെ ആര്‍ക്കും മുഖം കൊടുക്കാതെ ബാത്ത്റൂമില്‍ കയറി വാതിലടക്കുന്നതും പൈപ്പ് മുഴുവന്‍ തുറന്നിടുന്നതും ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തു. ഇടയില്‍ എല്ലാവരുടെയും മനസ്സിലൂടെ കടന്നുപോവുകയും ആരും പറയാതിരിക്കുകയും ചെയ്ത ചില ചോദ്യങ്ങള്‍ ഉണ്ടായിരുന്നു."അവള്‍ അകത്ത് കരയുകയാണോ? ആണെങ്കില്‍ എന്തിന്?"

ആയില്യത്തിന്റെ അഹങ്കാരിയാണ് മരണസ്വപ്നങ്ങളുടെ വിശദീകരണങ്ങളുമായി പ്രഭാതങ്ങള്‍ നിറച്ചിരുന്നത്. പതിഞ്ഞ ശബ്ദത്തില്‍ ഒട്ടൊരു കൊഞ്ചലോടെ അതിങ്ങനെ തുടരുo.

"എന്റെ മരണം ഒരു സര്പ്പദംശനത്തിന്റെ സക്ഷാത്കാരമാണ്. തൊലിപ്പുറത്ത് ഒരു ചെറിയ കുത്തു മാത്രം അവശേഷിപ്പിക്കുന്ന.."

ആവര്ത്തനത്തിന്റെ വിരസതയില്‍ അവള്‍ അടുത്ത വചനത്തിന്‌ പിറവി നല്‍കി.

"Lust for life and thoughts of death are directly proportional"

പിന്നീടേറെക്കാലം മരണം ഞങ്ങള്ക്കിടയില്‍ കടന്നു വന്നില്ല. മനുഷ്യന്റെ തിരക്കുകള്ക്കിടയില്‍ മരണം പോലും മാറി നിന്നതാവാം. മഴക്കാറു നിറഞ്ഞ സന്ധ്യയിലെ അവസാനത്തെ ഫോണ്‍ കാള്‍ ആയിരുന്നു മരണത്തിന്റെ വചനങ്ങളിലേക്കു ഞങ്ങളെ തിരിച്ചു കൊണ്ടുവന്നത്.

"ചിലപ്പോള്‍ മരണവാര്‍ത്തകള്‍ സന്തോഷത്തിന്റേതാവുന്നു"

പിന്നെ രാത്രിയില്‍ പവര്‍കട്ടിന്റെ നേരത്ത് ഇരുട്ടില്‍ ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തില്‍ ഇരുന്നാണ്‌ അവള്‍ ആ കഥ പറഞ്ഞത്. പെങ്ങന്‍മാര്‍ക്ക് വേണ്ടി ജീവിച്ച്, സ്വയം ജീവിക്കാന്‍ മറന്നു പോയ അമ്മാവനെ കുറിച്ച്.അവസാനം ആരോരുമില്ലാതെയായ ജീവിതസായാഹ്നത്തില്‍ ആഹാരത്തിന്‌ വേണ്ടി മരുമക്കളുടെ കനിവിനായി കാത്തിരിക്കേണ്ടി വന്ന അമ്മാവന്റെ ഗതികേടിനെ കുറിച്ച്. ഇരുട്ടില്‍ അവളുടെ മുഖം കാണാത്തതിനാല്‍ അതിലെ ഭാവങ്ങള്‍ ശബ്ദത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ നിന്ന് വരച്ചെടുക്കേണ്ടി വന്നു. വെളിച്ചം ഞങ്ങള്‍ക്കിടയിലേക്ക് എത്തും മുമ്പെ കസേര ഒട്ടൊരു ശബ്ദത്തോടെ മാറ്റിയിട്ട് അവള്‍ അവിടം വിട്ടുപോവുമ്പോള്‍ ഇങ്ങിനെ കൂട്ടുച്ചേര്‍ത്തു.

"മരണം ഒരേ സമയം മറവിയും ഓര്‍മ്മയുമാണ്"

മിനുറ്റുകള്ക്ക് ശേഷം നിയോണ്‍ ബള്‍ബിന്റെ വെളിച്ചത്തില്‍ ഷക്കലക്ക ബേബിയായി ചുവടുവെച്ച് അത്താഴത്തിന് വിളിക്കാന്‍ വന്നപ്പോള്‍, ഞങ്ങള്‍ വെറുതെ സംശയിച്ചു. ഇവള്‍ തന്നെയാണോ കുറച്ച് മുമ്പു വരെ ഇവിടെയിരുന്ന്.....

സിരകളില്‍ മെര്ക്കുറി കുത്തിവെച്ച് മരണത്തിലേക്ക് നടന്നുപോയവരെ കുറിച്ച് വായിച്ചാണ്‌ അവള്‍ അടുത്ത വചനം നല്കിയത് .

"Ways to death are yet to be explored"

എന്നിട്ട് അവള്‍ ഹോസ്റ്റെലിലെ വിവിധ മുറികളില്‍ BPharm Students നേയും Chemistry ക്കാരേയും തേടിയിറങ്ങി, മെര്‍ക്കുറിയും മരണവും തമ്മില്‍ ഒരു നേര്‍രേഖ വരച്ചെടുക്കാന്‍ . അതിന്റെ തുടര്‍ച്ചയെന്നോണമാണ്‌ സുമുഖനും സുന്ദരനും സര്‍വ്വോപരി സുന്ദരിമാരുടെ നോട്ടപ്പുള്ളിയുമായിരുന്ന യുവ അനസ്തേഷ്യസ്റ്റ് ജീവിതത്തിന്‌ എന്നെന്നേക്കുമായി അനസ്തേഷ്യ കൊടുത്തത്. തുടരെ തുടരെ എത്തുന്ന മരണ വാര്‍ത്തകള്‍ അവളെ ഞെട്ടിച്ചെന്നു തോന്നുന്നു. എങ്കിലും അവള്‍ പറഞ്ഞത് ഇങ്ങിനെയായിരുന്നു.

" മരണം ഉറക്കമാണ്... ഒരിക്കലും ഉണരാത്ത ഉറക്കം .."

മരണത്തെ കുറിച്ചുള്ള ടാക്ക്ഷോയില്‍ മോഡെറേറ്റര്‍ ആയി അവള്‍ കയറിയപ്പോള്‍ ഞങ്ങള്‍ ഏറെ സന്തോഷിച്ചു. കാരണം മരണത്തെ കുറിച്ച് ആധികാരികമായി പറയാന്‍ അവളല്ലാതെ വേറെ ആരാണുള്ളത്. പക്ഷെ തികഞ്ഞ നിഷ് പക്ഷതയോടെ വെറുമൊരു മോഡെറേറ്റര്‍ മാത്രമായി നിലകൊണ്ടപ്പോള്‍ എല്ലാവരുടേയും പ്രതീക്ഷകള്‍ താളം തെറ്റുകയായിരുന്നു.ഞങ്ങളുടെ പ്രതികരണത്തിന്‌ അവളുടെ മറുപടി പറഞ്ഞു.

"എന്റെ മരണം അതെന്റേത് മാത്രം "

നാള്‍വഴിയില്‍ നിന്നു പേരു വെട്ടാതിരിക്കാനെന്ന് പറഞ്ഞ് വല്ലപ്പോഴും വീട്ടില്‍ പോയിരുന്ന അവളുടെ തുടരെയുള്ള നാട്ടില്‍ പോക്ക് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടപ്പോഴേക്കും ഏറെ വൈകിയിരുന്നു. അതിനൊരു വരണമാല്യത്തിന്റെ പിന്ബലമുണ്ടോ എന്നറിയാനാണ്‌ ഞങ്ങള്‍ അവളേ വഴിയില്‍ തടഞ്ഞു വെച്ചത്. കളിയാക്കലുകള്‍ക്ക് അവളുടേ സ്ഥിരം പുച്ഛം നിറഞ്ഞ പുഞ്ചിരി നല്‍കി നടന്നകലും മുമ്പ്.. ..

"ഓരോരുത്തരും സ്വതന്ത്രരാവുന്നത് അമ്മയുടെ മരണത്തോടെയാണ്"

ഞങ്ങള്‍ അനങ്ങാതെ നില്‍ക്കുമ്പോള്‍ അവള്‍ പടികള്‍ കേറി മുറിയില്‍ എത്തിയിരുന്നു. ആരും ഒന്നും മിണ്ടാതെ പരസ്പരം നോക്കി നിന്നു. ഒട്ടു നേരത്തിന്‌ ശേഷം അരുതാത്തതെന്തോ സംഭവിച്ചതിന്റെ കുറ്റബോധത്തോടെ ഞങ്ങള്‍ അവളുടെ മുറിയിലെത്തി. വെളുത്ത വിരിയിട്ട കിടക്കയില്‍ വെളുത്ത ഉടുപ്പുമിട്ട് ജനലിലൂടെ നക്ഷത്രങ്ങളെ നോക്കി കിടക്കുകയായിരുന്നു.

ഞങ്ങളെ കണ്ട് അവള്‍ പറഞ്ഞു. "വല്ലാത്ത തലവേദന.. നല്ല തിരക്കായിരുന്നു ട്രെയിനില്‍ ..."

ഞങ്ങളുടെ മൌനം കണ്ടാവാം അവള്‍ ഓരോരുത്തരോടെയും മുഖത്ത് മാറി മാറി നോക്കി. ഏന്നിട്ട് തെല്ലൊരു അത്ഭുതത്തോടെ ചോദിച്ചു.

"എന്തു പറ്റി എല്ലാര്‍ക്കും ?"

അവള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..അവള്‍ മാത്രം . എന്തെങ്കിലും തിരിച്ചു ചോദിക്കനുള്ള ധൈര്യം ഞങ്ങള്ക്ക് നഷ്ടമായിരുന്നു. . പക്ഷെ പതിവിന്‌ വിപരീതമായി അവളുടെ വാക്കുകളില്‍ ഒരിക്കല്‍ പോലും മരണം കടന്നുവന്നില്ല.

ഏറെ വൈകി ഞങ്ങള്‍ പോരുമ്പോള്‍ അവള്‍ പറഞ്ഞു...

കതകടച്ചേക്ക്.. ഉറക്കം വരുന്നു...""

പിന്നെ പ്രഭാതത്തില്‍ ചുരുട്ടി പിടിച്ച വിരലുകള്‍ക്കിടയില്‍ അവള്‍ അവസാനത്തെ വചനം കാത്തുവെച്ചു.

"മരണം ഒരു മറുപടിയാണ്".

Tuesday, December 5, 2006

തിരിച്ചറിവ്

ഒന്നുമറിയാത്ത പ്രായത്തില്‍ ആരോ പറഞ്ഞു കേട്ടു
ചിറ്റയെ തേടിവന്ന ചുരുണ്ട മുടിക്കാരനായിരുന്നു പ്രണയമെന്ന്
ദിവസങ്ങള്ക്കുള്ളില്‍ ചിറ്റയുടെ കണ്ണീര്‍ അതിനെ മായ്ചുകളഞ്ഞു


ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍
അയല്‍ക്കാര്‍ക്കിടയില്‍ കൈമാറിയിരുന്ന
കടലാസുതുണ്ടുകളായിരുന്നു പ്രണയം
അവര്‍ ഇരുവഴിയെ യാത്രയായപ്പോള്‍
ഞാനറിഞ്ഞു, വീണ്ടും കളങ്ങള്‍ മാറ്റണമെന്ന്

അക്ഷരങ്ങള്‍ തേടി പോവുമ്പോള്‍
അതിരുകളില്‍ ചേച്ചിയെ കാത്തുനില്‍ക്കുന്ന
തിളങ്ങുന്ന കണ്ണൂകളായിരുന്നു പ്രണയം
വര്‍ഷാന്ത്യത്തില്‍ ഒരു നഷ്ടം കൂടി

ആല്‍ത്തറയില്‍ സഹോദരന്‍ തേടുന്ന
പട്ടുപാവാടയായിരുന്നു പിന്നെ പ്രണയം
പട്ടുസാരിയുടെ തിളക്കത്തില്‍
ഒരു നിരീശ്വരവാദി കൂടി പിറന്നപ്പോള്‍
അതും മറഞ്ഞു പോയി

കൌമാരത്തിന്റെ കുസൃതികള്ക്കിടയില്‍
കൂട്ടുകാരിയുടെ ചുണ്ടില്‍ വിരിയുന്ന
ഗൂഢസ്മിതമായിരുന്നു പ്രണയം
അവളുടെ കണ്ണില്‍ ഉറഞ്ഞുകൂടിയ കാര്‍മേഘങ്ങളില്‍
ഞാനറിഞ്ഞു എനിക്ക് തെറ്റിപോയെന്ന്

കൈനിറയെ നെല്ലിക്കയുമായെത്തുന്ന
കളിക്കൂട്ടുകാരനായിരുന്നു പ്രണയം
മധുരത്തിനു പുറകെയായിരുന്നു കയ്പുവന്നെത്തിയത്

കലാലയത്തിന്റെ പാവുട്ടത്തണലുകളില്‍
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന
നിമിഷങ്ങളായിരുന്നു പ്രണയം
അവസാനം അതും ഉള്ളിലൊരു നീറ്റലായ്

പക്വതയുടെ ബിരുദാനന്തരത്തില്‍
പിന്‍നിരയിലെ എന്നെ തേടിവരുന്ന
കറുത്ത കണ്ണടകള്ക്കപ്പുറത്തെ
നോട്ടമായിരുന്നു പ്രണയം
വഴികാട്ടികള്‍ നഷ്ടമായ വഴിത്തിരിവുകളില്‍
അതും കൊഴിഞ്ഞു വീണു

വഴികളേറെ താണ്ടി അവസാനം ഇവിടെയെത്തുമ്പോള്‍
എനിക്കായ് കാത്തുനില്‍ക്കുന്ന
സഹപ്രവര്‍ത്തകനാകുന്നു......
എനിക്കു വേണ്ടി കരുതിവെക്കുന്ന മധുരത്തില്‍
ആ കാത്തിരിപ്പില്‍
ആദ്യമായ് ശരി കണ്ടെത്താന്‍ ഒരു ശ്രമം
പക്ഷെ...
പുതിയ നിറങ്ങളും തേടി
അവനും യാത്രയാവുന്നു

വൈകിയവേളയില്‍ ഞാനറിയുന്നു..
ഇനിയും ജന്മമെടുക്കാത്ത
എന്തോ ആണ്‌ പ്രണയമെന്ന്.

ആമുഖം

പ്രണയം സുന്ദരമാണ്‌
പ്രണയിക്കുന്നവര്ക്ക്
പ്രണയത്തെ കുറിച്ച്
സ്വപ്നം കാണുന്നവര്ക്കും
പ്രണയിച്ചവര്ക്കൊ…..
മധുരമൊ ചവര്പ്പൊ ആകാം
ഇതെ മൂന്നക്ഷരങ്ങള്‍
വേദനായാവുന്നവര്‍
ഇരുവഴിയെ യാത്രയായവര്‍
നമുക്കെന്നു കാത്തു വെച്ചത്
എനിക്കും നിനക്കുമായി
പകുത്തെടുക്കേണ്ടിവരുമ്പോള്‍
നിന്റെ കയ്യില്‍
എന്റെ കുപ്പിവള പൊട്ടുകള്‍
എന്റെ കൈത്തണ്ടയില്‍
നിന്റെ നഖക്ഷതങ്ങള്‍
അവളെന്നെ കളിയാക്കി ചിരിക്കുന്നു
കാതില്‍ വന്നു കിന്നാരം ചൊല്ലുന്നു
നീ നഷ്ട പ്രണയത്തിലെ നായികയോ…?
ഇത് വെറും ആമുഖം മാത്രം
കണ്ണടച്ചു കാതോര്ക്കുക
ഞാന്‍ പ്രണയത്തിന്റെ കഥ പറയാം
ചിലപ്പോള്‍ ഇതു നിങ്ങളുടേതുമായിരിക്കാം

Sunday, December 3, 2006

അമ്മവീട്

അച്ഛന്റെ താവഴി സ്വത്ത്
പക്ഷെ, ഇതെന്റെ അമ്മവീട്
പിറന്ന് വീണത്, ഇതിന്നകത്തളങ്ങളില്‍
‍പിച്ച വെച്ചത്, ഈ ചരല്‍മുറ്റങ്ങളില്‍
പാറി നടന്നത്, ഈ തൊടികളില്‍
പറഞ്ഞ് വന്നത്, ഇതെന്നമ്മവീട്
ഇന്നുകൂടി, ഇതെന്നമ്മവീട് ....

നാളെ...
എല്ലാം, ആറായ് നൂറായ് പകുക്കും
പാതയില്‍ നിന്നും മുറ്റത്തേക്കെത്തുന്ന
നടവഴിപോലും രണ്ടായ് പിളരും
വലിച്ചു കെട്ടുന്ന ചരടുകള്‍ക്കപ്പുറം
മൂത്തവളും ഇളയവളും
സ്വന്തം മണ്ണിനെ നടന്നളക്കും

തടസ്സമായ് തുളസ്സിത്തറ
എണ്ണ പുരണ്ട വിളക്കുകല്ല്‌
പടിക്കലെ നെല്ലിമരം കനിഷ്ഠ പുത്രന്‌
വളര്‍ച്ചയില്‍ വളഞ്ഞുപോയതിനാല്‍
കായ്‌കള്‍ കൊഴിഞ്ഞു വീഴുന്നത്
സീമന്തപുത്രനായ്
വേനലില്‍ വറ്റാത്ത കിണറിന്നാഴങ്ങള്‍
ആര്‍ക്കെന്ന് ഇപ്പോഴും തര്‍ക്കം
വെള്ളം (വെള്ളം മാത്രം) എല്ല്ലാവര്‍ക്കുമായ്‌

അച്ഛന്റെ അസ്ഥിത്തറ
വീണ്ടും ചരടുവലികള്‍
വിളക്കുവയ്ക്കാന്‍ മകളെ നീ വരിക
കാല്‍ തൊട്ടു വന്ദിക്കാന്‍ മകനേ നീയും
കഴിയുമെങ്കില്‍ ....
ആ നെഞ്ചകം പിളര്‍ക്കാതിരിക്കുക
മണ്ണപ്പം ചുട്ട മാവിന്‍ തണലും
ഊഞ്ഞാലാടിയ പ്ലാവിന്‍ കൊമ്പും
അവരുടേതും ഇവരുടേതുമാവുന്നു

അകത്ത്,
തലമുറകളെ താലോലമാട്ടിയ തൊട്ടില്‍കണ്ണികള്‍
പുറത്ത്,
ഓണക്കുലകള്‍ തൂങ്ങിയ വളയങ്ങള്‍
അടുക്കും ചിട്ടയുമില്ലാത്ത ഓര്‍മ്മകളില്‍
കരിതേച്ച ചാണകം മെഴുകിയ നിലത്ത്
തലങ്ങുംവിലങ്ങും തളര്‍ന്നുറങ്ങിയത്

പത്തായം പെറ്റ് ചോറൂട്ടിയത്
കടുമാങ്ങ ഭരണികള്‍ തപസ്സിരുന്നത്
കിളിവാതിലില്‍ ഒരിക്കല്‍ കൂടി എത്തിനോക്കട്ടെ
ഇടവഴിയില്‍ എനിക്കായ് ഒരു ചൂളം വിളി

പടിയിറങ്ങുന്നത് ഇന്നലെകള്‍
പിരിഞ്ഞുപോവുന്നത് രക്തബന്ധങ്ങള്‍
ബാക്കിയാവുന്നത്, ആര്‍ക്കും വേണ്ടാത്തൊരമ്മ
(കരിപുരണ്ടൊരു കമ്പിറാന്തല്‍)
നഷ്ടമാവുന്നത്, എനിക്കെന്റെ അമ്മവീട്

Thursday, November 30, 2006

സുഖമോ സഖീ...

എനിക്കും നിനക്കും നമുക്കുമിടയിലായ്‌
ആരെ പണിതതീ കാണാചുമരുകള്‍
ഓര്‍മ്മവെച്ചന്നേ മുതല്‍ക്കു നാം,
ഒന്നായ്‌ ഒരുമയായ്‌, വാണൊരാ നാളുകള്‍
‍ദേഹങ്ങള്‍ ദൂരങ്ങള്‍ താണ്ടിയകലവേ
എല്ലാം മറക്കാന്‍ പഠിപ്പിക്കുമിന്നുകള്‍
എങ്കിലും, മറക്കാന്‍ മറന്നതാം
ഇന്നലെകള്‍ ഓര്‍മ്മകള്‍
‍തിളക്കും ഉച്ചവെയില്‍ പരപ്പിലൂടന്ന്
നിലാവെന്നപോല്‍ നാം നടന്നതോര്‍ക്കുന്നുവോ?
ചിരിച്ചാര്‍ത്തുകള്‍ അലകളായ് തീരവേ
സന്തോഷമശ്രുവായ് കവിളിലൂടൊഴുകവേ
സന്താപമെല്ലാംകാത്തുവെക്കുന്നൊരീ
നാളെകളെന്തേ നമ്മള്‍ മറന്നതോ?
ഓര്‍ക്കാതിരുന്നതോ? മറക്കാന്‍ ശ്രമിച്ചതോ?


സുഖമോ സഖീ, ഇവിടെ എനിക്കും സുഖം തന്നെ
ഇരുവാക്കില്‍ ഇരുവരിയില്‍ ഒതുക്കും കുശലാന്വേഷണം
പിന്നെ എന്നോ എല്ലാം നിലച്ചുപോയ്‌
ഓര്‍ക്കുകെന്‍ സഖീ, പണ്ട്‌ താളൂകള്‍ നിറയെ
കുനുകുനാ എഴുതി നീ
മുറ്റത്തെ മുല്ല പൂത്തതും,
ചെമ്പകത്തില്‍ കുഞ്ഞാറ്റക്കിളി കൂടുവെച്ചതും
തെക്കേവീട്ടില്‍ പുതിയ താമസക്കാര്‍ വന്നതും
കൂട്ടത്തിലൊരാള്‍ കാണാന്‍ ചുള്ളനാണെന്നതും
എല്ലാം, എല്ലാം എഴുതി നിറച്ചു നീ

എട്ടാം നാള്‍ കിട്ടണം മറുകുറി
അതില്‍ നിറയെ കഥവേണം, കവിത വേണം
പിന്നെ നീ കാണാത്ത നാട്ടിന്‍ ഹൃദയതുടിപ്പുകള്‍ വേണം
പുതിയ കൂട്ടുകാര്‍ തന്‍ വിവരണം
അവര്‍തന്‍ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍
കൂട്ടത്തിലൊരാളെ കുറിച്ചേറെ ഞാന്‍ എഴുതവേ
നീ ചൊടിക്കും, അവള്‍ എന്നെക്കാള്‍ പ്രിയയോ ചൊല്‍ക
വെറുതെ, വെറുതെ എന്‍ സഖീ..
ആരും , ആര്‍ക്കും പകരമാവില്ലെന്നറിക

നിന്റെ കുറുമ്പും, തീപ്പൊരി ചിതറും വാക്കും
മണികിലുങ്ങും ചിരിയും

കാരണമേതുമില്ലാതുള്ള പിണക്കവും
തുളുമ്പി നില്‍ക്കും കണ്‍കള്‍
‍ഒരു തലോടലില്‍ പൊട്ടികരച്ചിലാവുന്നതും
പിന്നെ, കണ്ണിറൂക്കി അലസമായ് നടന്നകലതും
എല്ലാം, എല്ലാം നിനക്കു മാത്രം സ്വന്തം

ഒരു നിമിഷം, നമുക്ക്‌ നമ്മളായ്‌ തീര്‍ന്നിടാം
കാലമണിയിച്ചൊരീ മുഖമൂടി മാറ്റിടാം
ഞാനീ നഗരത്തിരക്കിനെ മറക്കാം
വീണ്ടും ഗ്രാമത്തിന്‍ മടിയില്‍ തലചായ്‌ചിടാം

അമ്പലകുളത്തിനക്കരെ ഇക്കരെ നീന്തിടാം
പ്രാര്‍ത്ഥനകളില്ലാതെ തേവരെ കുമ്പിടാം
ഒറ്റയടിപ്പാതയില്‍ കൈകോര്‍ത്തേ നടന്നിടാം
പടിഞ്ഞാറ്റിയില്‍ സാന്ധ്യരാഗച്ഛവി
അണഞ്ഞേ പോവുന്നതും നോക്കി നമുക്കിരിക്കാം
നക്ഷത്ര കുഞ്ഞുങ്ങള്‍ എത്തുന്നതും കാത്ത്..
പിണയും കൈവിരലുകള്‍ അടര്‍ത്താം
പുറകോട്ടേ നടക്കാം, വീണ്ടും ഓര്‍മ്മകള്‍ ഉണരും വരേക്കും


Thursday, November 23, 2006

എന്റെ മഴതുള്ളികള്‍ ……

ഒരുനാള്‍ ഒരുനാള്‍
അകലങ്ങളില്‍ ഇരുന്നു വിണ്ണ്‌ മണ്ണിനെ സ്വപ്നം കണ്ടു
ദൂരെ ദൂരെ ഒരിക്കല്‍ പോലും കാണാത്ത മണ്ണിനെ

ഉണര്‍വ്വിന്റെ ഉയിരില്‍
വിണ്ണിന്റെ മുഖത്തു പ്രണയത്തിന്റെ രശ്മികള്‍
അക്കരെ ഇക്കരെ ഇരുന്ന്‌
അവര്‍ കണ്ണോട്‌ കണ്‍ പാര്‍ത്തു

ഇടിമിന്നലിന്റെ സ്വര്ണാക്ഷരങ്ങളാല്‍
വിണ്ണ്‌ മണ്ണിനായ് ഹൃദയം തുറന്നു

പ്രണയത്തിന്റെ ചൂടില്‍ മണ്ണ്‌ വെന്തപ്പോള്‍
ജീവജലം നീരാവിയായ്
കാറ്റിന്റെ തോളിലേറി, മേഘമായ്
വിണ്ണിന്റെ ചുണ്ടില്‍ ഒരു മുത്തമായ്
സന്തോഷം കണ്ണീരായ്
മേഘം മഴത്തുള്ളികളായ്
മഴനൂലില്‍ ഞാന്നിറങ്ങി
വിണ്ണ്‌ മണ്ണിലെത്തി
മണ്ണിനു ഇണയായ് തുണയായ്

....................................................
ആദ്യ ചുംബനം നെറുകയില്‍
അനന്തരം നെറ്റിത്തടത്തില്‍
പളുങ്കുപോല്‍ മഴത്തുള്ളി കാത്തുവെച്ച
മൂക്കിന്‍ തുമ്പില്‍
കവിളില്‍ കഴുത്തില്‍…..
താഴ്‌ന്നിറങ്ങുന്ന മഴത്തുള്ളികള്‍ തേടിയത്
ഭൂമിയുടെ അഗാധതകള്‍
അനന്തരം
ആയിരം ചെണ്ടകളാല്‍ പഞ്ചാരിമേളം
ആറാംകാലം കൊട്ടിയിറങ്ങുമ്പോള്‍
……………………………….
ഞാനറിയുന്നു
ഒരുനാള്‍ ഒരുനാള്‍
ഞാനുമൊരു മഴത്തുള്ളിയില്‍
നിന്നാണ്‌ ഉറവയെടുത്തതെന്ന്‌…
പക്ഷെ, ഉയിരുണരാത്ത

എന്റെ മഴതുള്ളികള്‍………

Wednesday, November 22, 2006

മൌനം

പതിയെ…
നടക്കല്ലില്‍ വഴുക്കലുണ്ട്‌
കാലവര്‍ഷത്തിന്റെ കൊച്ചു കുസൃതികള്‍
വേഗം കൂടുമ്പോള്‍, ഒരു അര്‍ദ്ധവിരാമം
പിഴച്ചുപ്പോയ കാലടികള്‍
കൈത്തണ്ടയില്‍ കൈവിരലുകളുടെ മുറുക്കം
അരുത്, അടിപതറരുത്

കണ്‍മുനകളാല്‍ മന്ത്രണം
കൈചലനത്താല്‍ സാന്ത്വനം

തണുത്ത ചായയില്‍ ചിതറുന്ന മുഖപടം
ചുണ്ടിലേക്കെത്താന്‍ മണിക്കൂറുകളുടെ ദൂരം
കൂട്ടി മുട്ടുന്ന നോട്ടങ്ങളില്‍

‍പറയാതെ പൊലിയുന്ന ഇന്നലെകള്‍
പാറിവീഴുന്ന പുഞ്ചിരിയില്‍
സുഖദമായ ഒരോര്‍മ്മയുടെ തിരനോട്ടം
പിറക്കാതെ പോയത്
മനംനിറഞ്ഞ സ്നേഹാന്വേഷണങ്ങള്‍

മുടിക്കെട്ടിലെ വെള്ളിനൂലുകള്‍

കണ്‍കീഴില്‍ കാക്കകാലുകള്‍
കവിള്‍ തടത്തിലെ ചുളിവുകള്‍
വയസ്സിയുടെ സര്‍വ ലക്ഷണം
പക്ഷെ,
മുഖം പൊത്തി കിലുക്കുന്ന
നിന്റെ പൊട്ടിചിരികള്‍
ഇപ്പോഴും കൌമാരത്തിന്റെ പടിവാതിലില്‍

വേഗം കുറഞ്ഞു പോയ കാലടികള്‍

കുടവയറിന്റെ അധികഭാരം
കുനിയാന്‍ തുടങ്ങുന്ന നട്ടെല്ലും
എങ്കിലും
ചില്ലുക്കൂട്ടില്‍ അടച്ച മിഴിയിണകളില്‍
ചാരം മൂടാത്ത കനല്‍ തിളക്കം

സന്ധ്യയുടെ തിരനോട്ടം
ഒരു തലയാട്ടലില്‍ യാത്രാമൊഴി
എതിര്‍ രേഖകളില്‍ നടന്നകലുമ്പോള്‍
ഒരു തിരിഞ്ഞു നോട്ടം
പറയാന്‍ മറന്നത്……
ഇല്ല, ഒന്നുമില്ല
വീണ്ടും കാണും വരേക്കും
നീ എന്റെ മൌനം കാത്തു വെക്കുക

Friday, November 17, 2006

ഞാനൊന്നു പ്രണയിക്കട്ടെ……

അറിയുക… ഞാന്‍ പ്രണയത്തിലാണ്…
മധ്യാഹ്നത്തിന്റെ ചൂടില്‍ ഉരുകുമ്പോള്‍
പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെ
അന്തിവെയിലിന്റെ ചുവപ്പു പോലെ
ആതിര രാവിലെ നിലാവുപോലെ
കാലം തെറ്റി പെയ്യുന്ന മഴപോലെ
ഊഷരതയിലെ ഉര്‍വരതയായി
അതെന്നില്‍ പെയ്തിറങ്ങുന്നു…
ഞാന്‍ പോലുമറിയാതെ..

അതെ.. ഞാന്‍ പ്രണയത്തിലാണു

ഞാന്‍ അറിയാത്ത ശരീരത്തോട്‌
ഒരിക്കല്‍ പോലും കാണാത്ത മുഖത്തോട്‌
എന്റെ രൂപം പതിയാത്ത കണ്ണുകളോട്
എന്നെ സ്പര്‍ശിക്കാത്ത വിരലുകളോട്
എന്റെ ചുണ്ടുകളെ മുദ്ര വെക്കാത്ത
കറുത്ത അധരങ്ങളോട്
എങ്കിലും ....
ഉറക്കത്തില്‍ എന്നെ ഉണര്‍ത്തനെത്തുന്ന
ആ ശബ്ദത്തോട്
എന്നെ അറിയുന്നതെന്നു ഞാന്‍ അറിയുന്ന(?)
ആ മനസിനോട്‌….

കേള്‍ക്കുക .. ഞാന്‍ പ്രണയത്തിലാണ്‌

ചിന്തകളെ മാറ്റിമറിക്കുന്ന
വഴികളെ മാറ്റി ചവിട്ടിക്കുന്ന
വിശ്വാസങ്ങളെ തിരുത്തി എഴുതിക്കുന്ന
അവസാനം ...
എന്നെ തന്നെ പകരം ചോദിക്കുന്ന പ്രണയത്തില്‍..

ഞാനൊന്നു പ്രണയിച്ചോട്ടെ..
പ്രായത്തിന്റെ പ്രത്യയ ശാസ്ത്രങ്ങളാല്‍
നിങ്ങളെന്റെ വഴി മുടക്കാതിരിക്കുക
സദാചാരത്തിന്റെ കെട്ടുപാടുകളാല്‍
നിങ്ങളെന്നെ വരിഞ്ഞു മുറുക്കാതിരിക്കുക
ബന്ധങ്ങളുടെ ബന്ധനങ്ങളാല്‍
നിങ്ങളെന്നെ തടവിലിടാതിരിക്കുക
പിന്നെ …പിന്നെ….
താലിയുടെ കുരുക്കില്‍
നിങ്ങളെന്നെ തൂക്കിലേറ്റാതിരിക്കുക
ഞാനൊന്നു പ്രണയിച്ചോട്ടെ………
ആദ്യമായി …അവസാനമായി..

Wednesday, November 8, 2006

ഹൃദയപൂര്‍വ്വം

നന്ദിയുടെ കണക്കു പുസ്തകത്തില്‍
‍ഞാന്‍ നിന്റെ താള്‍ മറിക്കാം…
ആകാശ നീലയില്‍, കരിനീല മുക്കി
ഞാന്‍ എഴുതി വെക്കാം
നന്ദിയുണ്ട് .. ഏറെ നന്ദിയുണ്ട്
ഞാന്‍ അറിയാതെ നഷ്ടമായ
എന്റെ ഇന്നലെകള്‍ തിരിച്ചു തന്നതിന്‌
കാത്തിരിപ്പിന്റെ വേദനയെ
എനിക്കായ് നീ കാത്തുവെച്ചതിന്‌
ഞാനും നീയും അല്ലാതെ
നമ്മള്‍ എന്ന വിശ്വാസം തന്നതിന്‌
അപ്പൊഴും…..
ബന്ധങ്ങളുടെ ആഴങ്ങളില്‍
സ്വാര്ത്ഥതയുടെ കൂര്ത്തു മൂര്ത്ത
കല്ലുകള്‍ ഒളിഞ്ഞിരിക്കുമെന്ന്‌
പറയാതെ പറഞ്ഞതിനു
ഉണര്ന്നിരുന്നു സ്വപ്നം കാണാന്‍ പഠിപ്പിച്ചതിന്‌
എന്റെ മൌനങ്ങളെ വാചാലമാക്കിയതിനു
അറിയാതെ വിടര്ന്നിരുന്ന എന്റെ പുഞ്ചിരികള്‍ക്കു
കറുപ്പിനും വെളുപ്പിനുമപ്പുറം നിറമുള്ള ലോകം തന്നതിന്‌
നേടുന്നതിന്റെ നിറവ് നിന്റെ കൈകളാലായതിനു
നഷ്ടത്തിന്റെ വിടവ് നീ ബാക്കി വെച്ചതിന്‌
അവസാനം എന്റെ തൂലികയില്‍
ഈ അക്ഷരങ്ങള്‍ തന്നതിന്‌
നന്ദിയുണ്ട് … ഏറെ നന്ദിയുണ്ട്

Tuesday, October 24, 2006

ഉറക്കം - ഒരു ഗവേഷണം

ഞാന്‍ എന്റെ ജീവിതം ഉറങ്ങി തീര്‍ക്കുന്നു
ഉറക്കങ്ങള്‍ക്കിടയിലെ ഇടവേളകള്‍
തയ്യാറെടുപ്പുകള്‍ക്കായ് മാറ്റിവെക്കുന്നു
ഇന്നെന്റെ ഗവേഷണവിഷയം -
ഉറക്കത്തിന്റെ അനന്തസാധ്യതകള്‍

എല്ലാം മറന്നുള്ള ഉറക്കം
(പലര്‍ക്കും അതൊരു മരീചികയാണ്)
സ്വപ്നത്തിന്റെ നേരിയ അലകള്‍പോലുമുയര്‍ത്താത്ത
സ്വച്ഛമായ ഉറക്കം

ഉണര്‍വിന്റെ ഭയാനകതകള്‍ക്കിടയിലെ
ഒറ്റയടിപ്പാതയിലൂടെ ഒരു ഏകാന്തയാത്ര
അതെ,
ഉറക്കത്തില്‍ ആരും കൂട്ടാവുന്നില്ല

കുളിരുന്ന പ്രഭാതത്തിലെ
പഠനത്തിന്റെ നിമിഷങ്ങള്‍
പുസ്തകത്തില്‍ തലചായ്ച്
ഹാ... ...
ആ സുഖത്തിന്‌ മറ്റെന്തും കപ്പം കൊടുക്കാം

കുലുങ്ങി നീങ്ങുന്ന വണ്ടിയില്‍
അരികില്‍ തലചായ്ച്
മേല്‍കമ്പിയില്‍ തൂങ്ങി
ചിലര്‍ ഉറക്കത്തെ കൊല്ലുന്നു

തിരക്കൊഴിഞ്ഞ ഉച്ചകളില്‍
ഇടനാഴിയിലെ തണുത്ത നിലത്ത്
അമ്മയും അമ്മമ്മയും
ഒന്നു കണ്ണടക്കുന്നു
ജൈവഘടികാരത്തിന്റെ സമയബോധം
ഉറക്കത്തിനും ഉണര്‍വിനുമിടയില്‍
അവരെ ഊഞ്ഞാലാട്ടുന്നു

സര്‍ക്കാര്‍ ഓഫീസിന്റെ കസേരയില്‍
ചിലര്‍ ശമ്പളം വാങ്ങി ഉറങ്ങുന്നു
ചായയും ചോറും അവരുടെ ഉറക്കത്തിന്‌ തടസ്സമാവുന്നു
(അവിടെയെത്താന്‍ ഇനിയും എത്ര ദൂരം )

കുട്ടികള്‍ ഉറക്കത്തില്‍ ചിരിക്കുന്നത്
മാലാഖമാരൊത്ത് കളിക്കുന്നതാണെന്ന്
മുത്തശ്ശി പറായുന്നു
എവിടെ വെച്ചാവാം
മാലാഖമാര്‍എന്നെ വിട്ട് പോയതും
ചിരി കരച്ചിലിന്‌ വഴിമാറിയതും

പൂച്ചയുറക്കവും ശ്വാനനിദ്രയും
കുംബകര്‍ണ്ണസേവയും ...
ഉറക്കത്തിന്റെ വിവിധഭാവങ്ങള്‍
ഇനിയും ബാക്കിയാണ്

Friday, October 13, 2006

അവള്‍ പറഞ്ഞത് ...

മോളൂ… അപ്രതീക്ഷിതങ്ങളുടെ ആകെ തുകയാണ്‌ ജീവിതമെന്ന് നീ വിശ്വസിക്കുന്നോ? ആണെങ്കില്‍ അതെന്റെ കാര്യത്തില്‍ ഒരിക്കലും ശരിയാവില്ലെന്ന് തോന്നുന്നു. ഞാനിപ്പോള്‍ പ്രതീക്ഷകളിലാണ്. ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുള്ള ഒരു ജീവിതത്തില്‍ എന്ത് പ്രതീക്ഷിക്കാന്‍..ചിരിക്കരുത്.ഒന്നും സംഭവിക്കില്ലെന്നതു തന്നെ ഒരു പ്രതീക്ഷയല്ലെ. ഇന്നലെ നീയെന്റെ കൂടെയായിരുന്നെങ്കില്‍ നിനക്കൊരിക്കലും ഉറങ്ങാനാവില്ലായിരുന്നു. അതെങ്ങനെ.. ചുട്ടുപൊള്ളുന്ന മനസ്സുമായി ഞാന്‍ അരികിലിരിക്കുമ്പോള്‍ നീ എങ്ങിനെ ഉറങ്ങുമല്ലെ. നോക്ക് … ഈ ഇടവപ്പാതിയിലും മാനം ചിരിക്കുന്നു, ഞാന്‍ പിറന്ന മാര്ച്ചില്‍ എന്നപോലെ. ആല്ലെങ്കില്‍ പിന്നെന്തിനായിരിക്കാം, എന്നെ മറന്ന എന്റെ സുഹൃത്ത് അന്നെന്നെ കളിയാക്കിയത്... “ഭൂമി പൊള്ളിക്കുന്ന കൊള്ളിയാനാണു നീ..” ഇന്ന് ഞാന്‍ അറിയുന്നു, അവന്‍ പറഞ്ഞത് ഒരു സത്യമായിരുന്നെന്ന്, പൊള്ളിക്കുന്നത് ഭൂമിയെ അല്ല. ഹൃദയങ്ങളെ ആണെന്ന്, ഇപ്പോള്‍ എന്റെ കട്ടിലില്‍ കിടന്നാല്‍ ആകാശം കാണാം. അവസാനം എനിക്ക് സ്വന്തം ഒരു തുണ്ട് ആകാശം. തുറന്നിട്ട ജനലഴികളിലൂടെ അവരെന്നെ വിളിക്കാറുണ്ട്.ആ അനന്തതയിലേക്ക്.. അപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് എല്ലാവരോടും യാത്രപറയണമെന്ന്. അവര്‍ കളിയാക്കി ചിരിക്കുന്നു. നിനക്കതിന്‌ ആരാണ്‌ ഉള്ളതെന്ന്. ശരിയാണല്ലെ? ഞാന്‍ ആരോടാണ്‌ യാത്രപറയേണ്ടത്? ഓര്‍ക്കുന്നുണ്ടോ ‌നമ്മുടെ ബുദ്ധിജീവി എന്നോട് ചോദിച്ച ചോദ്യം, "കാറ്റുണ്ടാകുന്നത് എങ്ങിനെ എന്നറിയാമോ?" നിനക്കറിയോ? ഇല്ലെടാ എനിക്കുമറിയില്ല. ഞാനൊരിക്കലും ആഗ്രഹിക്കാതെ എന്റെ സമ്മതത്തിനു കാത്തുനില്‍ക്കാതെ കാറ്റടിച്ചുകൊണ്ടിരിക്കയാണ് - വെറും കാറ്റല്ല, "കൊടുങ്കാറ്റ്".ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്നല്ലെ.. അപ്പോള്‍ രണ്ടെണ്ണം കഴിഞ്ഞാല്‍ മൂന്നാമത്തേതിനായി കാത്തിരിക്കാമല്ലെ?ഒരിക്കലും പിഴക്കില്ലെന്ന വിശ്വാസത്തോടെ. നോക്ക്.. എന്റെ മ്യൂസിക് റോഡ്സ് രാത്രിയിലും പാടുന്നു. രാത്രിയാണെന്ന വിചാരമില്ലാതെ. അല്ല, അവള്‍ എന്നെ ഓര്‍ക്കുന്നതാണ്. ആദ്യത്തെ തവണ എന്റെ അവസരം തട്ടിയെടുത്തത് അവളാണല്ലൊ. രണ്ടാമതോ..?

ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു "നിന്റെ ഏറ്റവും വലിയ വീക്ക്നെസ്സ് എന്തെന്ന്?" നിനക്കറിയാമോ? പക്ഷെ...? ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു. ഒരു വെളുത്ത സ്വപ്നം. അതില്‍ നിറയെ കറുത്ത ചിത്രങ്ങള്‍, കറുത്ത റോസാപ്പൂ. കറുത്ത മഴവില്ല്.. പിന്നെ അവരെനിക്ക് എന്താണ്‌ തന്നതെന്ന് അറിയാമോ? കറുത്ത പാലൊഴിച്ച് വെളുത്ത കട്ടന്‍ കാപ്പി..ഹഹഹ..ചിരിച്ചതാരാണ്‌. ഞാനാണോ? ഹേയ്..അല്ല..നീയാവും. എന്റെ ചിരികള്‍ അവര്‍ വിലക്കുവാങ്ങിയില്ലെ. അവര്‍ എനിക്ക് കണ്ണീര്‍ പകരം തന്നില്ലെ? അല്ല. ഞാന്‍ തന്നെയാവും. കാരണം ഞാനൊന്നു ചിരിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഞാന്‍ എന്റെ താവളം മാറുകയാണ്‌. ഇനിയെനിക്ക് H2S ന്റെ മണമായിരിക്കും.ഞാന്‍ കുടിക്കുന്നത് HNO3 + H2SO4 in the ratio 2:3 .അതെന്താണെന്നറിയാമോ? Aquaregia അല്ലെ? ജീവിതത്തിന്റെ കണക്കുകള്‍ തെറ്റിയ കൂട്ടത്തില്‍ അതിന്റെ രസതന്ത്രവും മറന്നിരിക്കുന്നു. സ്വര്‍ണ്ണം പോലും അലിയിക്കുമെങ്കില്‍ അതില്‍ മറ്റെന്തും അലിയുമായിരിക്കും അല്ലെ. എന്റെ അഴുകാന്‍ തുടങ്ങിയ മനസ്സും.എന്റെ കണക്കുകള്‍ പിഴക്കുന്നെന്ന് ഞാന്‍ പറയാതെ അറിഞ്ഞ് ഒരാള്‍ ഭദ്രമായി പൊതിഞ്ഞെനിക്കൊരു സമ്മാനം തന്നു. ഒരു കണക്കുകൂട്ടല്‍ യന്ത്രം. ശാസ്ത്രത്തിന്റെ പടികള്‍ തിരക്കിട്ട് കയറുന്ന അവള്‍ എതിരേ ഇറങ്ങി വരുന്ന എനിക്കായ് കാത്തുനിന്നു."ഹിമാലയത്തില്‍ പാചകം നടത്താന്‍ എളുപ്പമല്ല അല്ലെ?"ഒരു നിമിഷം ഞാന്‍ ഓര്‍ത്തു- ഞാന്‍ ഒരു ഭൌതികശാസ്ത്ര ബിരുദധാരിണിയാണല്ലോ? ഭൌതിക ജീവിത്തില്‍ മുഴുകുമ്പോള്‍ നമുക്ക് ഈ ഭൌതിക ശാസ്ത്രത്തെ മറക്കാം ...മറ്റു പലതിനെയും മറന്നപോലെ. നിനക്കറിയാമോ, മറക്കാനുള്ള മരുന്ന് വില്കുന്ന കട.എനിക്ക് അറിയാവുന്നത് ഒരേ ഒരു മരുന്നിനെ കുറിച്ച് മാത്രമാണ്. അത് കഴിച്ചാല്‍ എല്ലാം മറക്കാം. എനിക്ക് പിറകെ വന്നവരെല്ലാം എനിക്ക് മുമ്പേ കടന്നു പോയി. ഒരാള്‍ കൂടി കടന്നു പോവാനുള്ള ഒരുക്കത്തിലാണ്. കൊട്ടും കുരവയും ഒരുക്കാന്‍ തുടങ്ങിയിരിക്കുന്നു. പതിവുപോലെ എന്നെയും തേടി വരും .."നീ വരണം ". വലിയ വായില്‍ ചിരിച്ച് ഞാന്‍ പറയും. "ഞാന്‍ വരും .. വരാതിരിക്കാന്‍ എനിക്കാവുമോ?"..ഹ..ഹ.. ഹ.. വീണ്ടും അതേ ചിരി.നീയാണോ? അല്ല, ഞാന്‍ തന്നെയായിരിക്കാം. ഞാന്‍ ചിരിക്കാന്‍ പഠിച്ചിരിക്കുന്നു, കരഞ്ഞുകൊണ്ട് ചിരിക്കാന്‍. പക്ഷെ ചിരിക്കുമ്പോള്‍ എന്തിനാവാം കണ്ണുകളില്‍ മഴ പെയ്യുന്നത്.ഉടമസ്ഥര്‍ നോക്കാതാവുമ്പോള്‍ അന്യര്‍ ഭൂമി കയ്യേറുന്നത് കണ്ടിട്ടില്ലെ? അങ്ങിനെ എത്തിയ പുതിയ യജമാനന്‍ മാരിലൊരാള്‍ എന്നോട് പറഞ്ഞു."ഇനിയും വൈകിയിട്ടില്ലെന്ന്" അതില്‍ അവര്‍ പറയാതെ പറയുന്നില്ലെ ഒരുപാട് വൈകിപോയെന്ന് . ശരിയാണ്. .. ആമ മുന്നില്‍ കയറുന്നതും സമ്മാനം വാങ്ങുന്നതും നോക്കി മുയല്‍ ഉറക്കം നടിക്കുകയായിരുന്നെന്ന് അവരറിയുന്നില്ലല്ലോ?...ഒട്ടകപക്ഷി തല മണലില്‍ ഒളിപ്പിച്ച് സുരക്ഷിതമാണെന്ന് സ്വയം വിശ്വസിപ്പിക്കുമെന്ന് നമ്മള്‍ എവിടെയോ വായിച്ചിട്ടില്ലെ. അല്ലെങ്കില്‍ പറഞ്ഞു പറഞ്ഞു തേഞ്ഞുപോയ ആ പഴയ തമാശ... "ചായ കുടിക്കാന്‍ ...". ഒരിക്കല്‍ കൂടി ഞാനൊന്ന് ചോദിച്ചോട്ടെ, 'അസ്തമയത്തിന്‌ എത്ര വിനാഴിക കൂടി'. പാര്‍ലമെന്റിനു മുന്നിലെ ഗാന്ധിപ്രതിമക്കു ജീവന്‍ വച്ചാല്‍ എന്തായിരിക്കും ആദ്യം ചെയ്യുക.പാര്‍ലിമെന്റിനു ബോമ്പു വെക്കുക. അതുകൊണ്ടാണല്ലൊ അതൊരു പ്രതിമയായി പോയത്.അതുപോലെ എല്ലാം അറിയുമ്പോഴും ഒന്നും ചെയ്യാനാവാതെ. ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞാല്‍ അതും നുണ. ഞാനിപ്പോള്‍ നിലാവിന്റെ നാട്ടിലേക്കുള്ള വഴി പഠിക്കുകയാണ്. എന്തായാലും എനിക്കവിടെ പോയെ തീരൂ എന്ന് ഞാന്‍ അറിയുന്നു.അപ്പോള്‍ മേഘങ്ങള്ക്കിടയില്‍ വഴിതെറ്റരുതെന്ന് നക്ഷത്രകുട്ടന്‍മാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു രഹസ്യം പറയട്ടെ. ഞാന്‍ അടച്ചിട്ട് കിടന്നുറങ്ങിയ ജനലുകള്‍ ശക്തമായി കാറ്റടിച്ച് അവര്‍ തുറന്നു.പേടിച്ച് കണ്ണൂതുറന്ന ഞാന്‍ എന്താ കണ്ടതെന്നോ, മാനത്തിരുന്ന് അവരെന്നെ കണ്ണടിച്ച് കാണിക്കുന്നു. ഒരു നിമിഷം എനിക്ക് ദേഷ്യം വന്നു. പിന്നെ ഞാന്‍ കൈവിരലുകളാല്‍ മുഖം പൊത്തി ചിരിച്ചു. അപ്പോഴും അവക്കിടയിലൂടെ എനിക്ക് കാണാമായിരുന്നു അവരെന്നെ നോക്കുന്നത്. ദൂരെ പട്ടിക്കാട്ടില്‍ നിന്ന് എന്റെ രാപ്പാടി എഴുതിയിരിക്കുന്നു."നിനക്ക് സുഖമാണോ?.. എനിക്കറിയാം .. you are a free bird...നിന്റെ വാക്കുകള്‍ എന്നെ തേടിയിറങ്ങിയിട്ട് കാലമേറെയായല്ലോ? വഴിമറന്നു പോയതാണോ? നിന്റെ അക്ഷരങ്ങള്‍ക്കിടയിലെ വിടവുകളില്‍ എന്താണ് നീ ഒളിച്ചുവെക്കുന്നത്" ഞാന്‍ അവള്ക്കുവേണ്ടി ഉത്തരം പറയാന്‍ സുഗതകുമാരിയുടെ ദേവദാസിയോട് പറയുന്നു.

തൊഴുതിറങ്ങി കയ്യില്‍ പൂവും പ്രസാദവും
മിഴിയില്‍ തണുപ്പുമായ് പോകുവോരെ
അറിവോരെ ചോദിക്കയാണ്‌ ഞാന്‍
‍മോഹമുണ്ടറിയുവാന്‍, സൌഖ്യമെമ്മട്ടിരിക്കും
നിനക്കറിയാമോ ഉത്തരം. അറിയുമെങ്കില്‍ എന്നോട് കൂടെ പറയുക. എന്റെ ഏകാന്തതയില്‍ അവള്‍ വിലപിക്കുന്നു. എന്നിട്ട് ഇങ്ങിനെ ചോദിക്കുന്നു. നിന്റെ സമയസൂചി നീ പൊടിച്ച് കടലില്‍ തള്ളീയോ? നിമിഷങ്ങളും ദിവസങ്ങളും മാസങ്ങളുമായി വര്‍ഷങ്ങള്‍ നിന്നിലൂടെ ഓടിയകലുന്നത് നീ അറിയുന്നില്ലെ? എന്റെ തലയിലെ വെള്ളിനൂലുകളായ്, കണ്‍തടങ്ങളിലെ കാക്കകാലുകളായി അവരെന്നില്‍ സ്ഥിരവാസമാക്കാനെത്തിയതവള്‍ കാണുന്നില്ലല്ലോ?എന്ന് ഞാന്‍ ആശ്വസിക്കുന്നു.ഒരേ പുഴയില്‍ രണ്ട് തവണ ഇറങ്ങാനാവില്ലെന്ന് സെന്‍ പറയുന്നു. ഞാന്‍ ഒരേ ജീവിതത്തില്‍ ഒരു പാട് ജീവിതങ്ങള്‍ ജീവിക്കാമെന്ന് ജീവിച്ച് കാണിക്കുന്നു. ഒരു പക്ഷെ അതൊരു തിയറിയായി എന്റെ പേരില്‍ കുട്ടികള്‍ പഠിക്കുമായിരിക്കും - നാളേ. ഗലീലിയോവിനെയും സോക്രട്ടീസിനെയും എഴുതി തള്ളിയ ലോകം പിന്നെ അവരെ വാനോളം പൊക്കിയില്ലെ.നാളെ അതുപോലെ ഞാനും ഒരു വലിയ ശരിയായിരുന്നെന്ന് എല്ലാരും പറയുമായിരിക്കും .അന്ന് പക്ഷെ ഞാനുണ്ടാവില്ലല്ലോ?അല്ലെ. കാരണം എനിക്ക് പോവണം.

മധുരമുരളീ മുഖനാമൊരു യാത്രികന്‍
വരും വിളിക്കും ഞാന്‍ പോവും
വാതില്‍ പൂട്ടാതെ അക്ഷണം

നിന്നോട് വായിക്കാന്‍ പറഞ്ഞിട്ടും നീ വായിക്കാതിരുന്ന ആ കഥയില്ലെ? അനാഥപ്രേതത്തിന്റെ കഥയെഴുതി, അനാഥപ്രേതമായി മോര്‍ച്ചറിയില്‍ കിടന്ന എന്റെ പ്രിയപ്പെട്ട കഥപറച്ചിലുകാരന്‍. രാത്രിപുഷ്പങ്ങളുടെ ചുവപ്പിച്ച ചുണ്ടുകള്ക്കും മൂക്കുതുളക്കുന്ന സുഗന്ധത്തിനു മടിയില്‍ ചായം തേക്കാത്ത മനസ്സുണ്ടെന്ന് ഉറക്കെ പറഞ്ഞവന്‍ .അവനൊരു നാള്‍ 'യാത്രാമൊഴി'യില്‍ എഴുതി. "ആരും ആരോടും പറയേണ്ടാത്ത ഒരു മൊഴിയുണ്ട് - യാത്രാമൊഴി. വേര്‍പ്പാടുകളുടെ നിമിഷങ്ങളില്‍ അനിവാര്യമായ പദക്ഷാമം". അതെ ഞാനുമറിയുന്നു...അമ്പത്താറക്ഷരങ്ങള്‍ - എന്റെ മനസ്സിനെ കടലാസ്സില്‍ പകര്‍ത്താന്‍ മതിയാവുന്നില്ലെന്ന്. അതിനാല്‍ കൂടുതല്‍ അക്ഷരങ്ങള്‍ തേടാന്‍ അടുത്ത ജന്മത്തിനായി കാത്തിരിക്കാം. ഞാനറിയാതെ തുടങ്ങിയ ജീവിതം പോലെ, ഈ അക്ഷരങ്ങളും വെറുതെ വെറുതെ തുടങ്ങിയതാണ്. ഒടുക്കമില്ലാത്ത തുടക്കത്തിനായി തുടക്കത്തിലെ ഞാന്‍ ഒടുക്കത്തെ തേടിയതാണ്‌. ഇതൊരു ഒടുക്കമാണോ?.. അറിയില്ല... അല്ലെങ്കിലും എനിക്കൊന്നും അറിയില്ലല്ലോ? അതു മാത്രമാണ്‌ എനിക്ക് അറിയുന്നതും.

Thursday, October 5, 2006

മാംസതുണ്ടുകള്‍ മുറിച്ചുമാറ്റും മുമ്പ്

"ദേ....കൃഷ്ണാ....കൂടുതല്‍ ഒന്നും ഞാന്‍ ചോദിക്കുന്നില്ല. ഇതു മാത്രം, ഒരു തവണയല്ലെ ഞാന്‍ ചോദിച്ചുള്ളു.... എന്തു പറഞ്ഞാലും വേണ്ടില്ല...അതെനിക്ക് കിട്ടണം."

ആരേലും കേട്ടോ ആവോ? കുളിച്ചീറനായി പടികള്‍ ചാടികേറി വന്ന ഒരു കുട്ടി നിന്ന് കിതക്കുന്നു. ഓ... ഇവന്‍ കേട്ടാലും കുഴപ്പമില്ല. പരിചയമില്ലാത്ത മുഖം കണ്ടാവാം, ശ്രീകോവിലിനു നേരെ തൊഴുതു നില്ക്കുമ്പോഴും, അവന്‍ എന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. പഴയ കൂട്ടുകാരുടെ ആരുടേലും മകനാണോ? ഞാനും നിന്നെപ്പോലെ ഈ പടികള്‍ കുറെ ഓടി കയറിയതാ എന്നു പറയാന്‍ തോന്നി. അതൊന്നും പറയാന്‍ പറ്റിയ നേരം അല്ലല്ലോ ഇത്.

" കണ്ണാ...ഞാന്‍ പറഞ്ഞതു... ഒന്നും രണ്ടും അല്ലല്ലോ...പതിനായിരത്തെട്ടിനെ കൊണ്ടു നടന്നതല്ലെ. ...എന്നിട്ട് ഒരു പെണ്ണിന്റെ മനസ്സ് അറിയാനുള്ള കഴിവില്ലെ? ഇത് ഇത്തിരി കഷ്ടാണ്‌ കേട്ടോ..."

"എന്നാ കുട്ടി വന്നേ..കുറെ നാളായി കണ്ടിട്ട്...കുറച്ചൂസംണ്ടോ?"

പൂവിറുത്ത് വരുന്ന വാരസ്യാരുടെ കുശലാന്വേഷണം.

"ഇന്നലെ വന്നു....പോവുന്നത്....."

"ജോലിക്കാരിയായപ്പോള്‍ കാണാനേ കിട്ടുന്നില്ല...സുഖല്ലേ..?"

"ഉം...സുഖാണ്..."

പരമസുഖം എന്ന് കൂടി കൂട്ടിച്ചേര്‍ക്കാന്‍ തോന്നി.

"ഉഷപൂജക്ക് നേരായി...പിന്നെ കാണാംട്ടോ..."

അവര്‍ നടക്കുമ്പോള്‍ വല്ലാതെ കൂനിപോവുന്നു...വയസ്സായില്ലെ.

"ഇവിടെ മുന്നില്‍ വന്ന് ഞാന്‍ പരാതികെട്ടുകള്‍ അഴിക്കാറില്ലല്ലോ? ആരോഗ്യവും സൌന്ദര്യവും വേണം എന്ന് പറഞ്ഞിട്ടുണ്ടോ? അങ്ങ് തന്നതും ഇല്ല. സഞ്ചരിക്കുന്ന മരുന്നുകട എന്ന് എന്നെ എല്ലാരും കളിയാക്കാറുണ്ട്. മൂന്ന് തവണ എനിക്ക് കത്തിവെച്ചതും അല്ലെ! എന്നിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ? കൂടിപ്പോയാല്‍ പരീക്ഷയില്‍ നല്ല മാര്ക്ക് തരണേ എന്നൊന്ന് പറഞ്ഞു കാണും. അത് പണ്ട്, വിവരമില്ലാത്ത പാവാടപ്രായത്തില്‍.അതിനെ പ്രാര്‍ത്ഥനയുടെ കൂട്ടത്തില്‍ പെടുത്താമോ എന്ന് തന്നെ സംശയം. രാത്രി ഉറക്കം കളഞ്ഞ് പഠിച്ചിട്ടല്ലെ? എന്റെ പാതി ഞാന്‍ ചെയ്തിട്ടല്ലേ, നിന്റെ പാതി ചോദിച്ചേ? അതൊക്കെ പോട്ടെ. കഴിഞ്ഞകാലങ്ങള്‍ അയവിറക്കാനൊന്നും എനിക്ക് തീരെ സമയം ഇല്ല. എല്ലാം അറിയാലോ? ഞാന്‍ പ്രത്യേകിച്ച് പറഞ്ഞ് ബോറാക്കുന്നില്ല. എന്തിനാ വെറുതെ..ആകെ 24 മണിക്കൂറെ ഉള്ളൂ..അതിനിടയില്‍ നടന്നില്ലേല്‍ ...ദേ...ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ടാ...".

"എന്താടീ..."

വേറൊരു ശബ്ദം...ഇനി ദൈവം പെണ്ശബ്ദത്തില്‍ മറുപടി പറഞ്ഞതാണോ?

നുള്ളിയമ്മ. എന്റെ പഴയ ടീച്ചര്‍. ടീച്ചറിന്റെ ശരിക്കുള്ള പേരു ആര്‍ക്കേലും ഓര്‍മ്മയുണ്ടോ ആവോ? പിള്ളേര്‍ക്കുള്ള ശിക്ഷ നുള്ളല്‍ ആയതിനാല്‍ നുള്ളിയമ്മയായി.

"നിന്റെ നായര്‍ എവിടെ? കല്ല്യണം കഴിഞ്ഞാല്‍ അവിടെ ഒന്ന് വരാറുണ്ട് എല്ലാരും. എന്തേ... ലക്ഷ്മിയും വല്ലിയും അതൊന്നും പറഞ്ഞുതന്നില്ലെ?"

സ്നേഹാന്വേഷണങ്ങള്‍ വഴക്കിന്റെ രൂപത്തില്‍ ഇവിടെ ഇപ്പോഴും ബാക്കി നില്ക്കുന്നു. തേന്‍ ചാലിച്ച വാക്കുകളില്‍ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് സ്നേഹം പ്രകടിപ്പിക്കാന്‍ ഇവിടെ ഉള്ളവര്‍ എന്നാണാവോ പഠിക്കുക. ടീച്ചര്‍ പൂക്കള്‍ നടയില്‍ വെച്ച്, ചുറ്റുവിളക്കില്‍ എണ്ണ ഒഴിക്കാന്‍ പോയി. വീണ്ടും ഞാന്‍ മാത്രം.

"അപ്പോ എന്റെ കാര്യം എങ്ങിനെയാ? ദേ...കണ്ടില്ലെ, കണ്ണില്‍ വെള്ളം പൊടിയുന്നു. ഇത് പ്രശ്നം മറ്റതാ, കരച്ചില്‍ . ഇനിയും എന്തേലും ചെയ്തില്ലേല്‍ സംഗതി വഷളാവും. എത്ര നേരായി ഞാന്‍ ഇവിടെ നില്ക്കാന്‍ തുടങ്ങിയിട്ട്. ആദ്യായിട്ടും അവസാനായിട്ടും ഒരു ആഗ്രഹം പറഞ്ഞതല്ലേ? അത് അത്ര വലിയ തെറ്റാണോ? ഇനി ഒരു അവസരം കിട്ടിയില്ലെങ്കിലോ?... കണ്ണാ.."

ചുമലില്‍ ഒരു കൈ അമരുന്നോ? ഇത്ര വേഗം വന്നോ? സന്തോഷം കാരണം തിരിഞ്ഞു നോക്കാന്‍ പോലും പറ്റുന്നില്ല.

“തീപ്പൊരീ...”

ഈ ശബ്ദം..ഉണ്ണി... പഴയ കളിക്കൂട്ട്… വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും കാണുന്നു.

“ഞാനറിഞ്ഞു. . . എന്താ പറയേണ്ടെന്ന് അറിയാത്തോണ്ടാ വരാതിരുന്നേ”

“അത് വിടെടാ. . . എവിടെ നിന്റെ പിടക്കോഴി”

“വീട്ടില്‍ ഉണ്ട്”

അവന്റെ കണ്ണില്‍ പഴയ പ്രണയത്തിന്റെ തിളക്കമുണ്ടോ അതോ എന്നോടുള്ള സഹതാപമോ? അമ്പലനടയില്‍ ആയതിനാലാവാം അവന്‍ അധികമൊന്നും പറഞ്ഞില്ല. കണ്ണടച്ച്‌ നിന്ന്‌ പ്രാര്‍ത്ഥിക്കുന്നത് കണ്ടപ്പോള്‍ അറിയാതെ ചിരിവന്നു. അവന്റെ പ്രാര്‍ത്ഥനകളില്‍ എവിടെ എങ്കിലും ഇപ്പോഴും ഞാന്‍ ഉണ്ടാവുമോ?

"അയ്യോ..കണ്ണാ..മറന്നതല്ലാട്ടോ..കണ്ടില്ലേ, ഓരോരുത്തരായി ശല്യം ചെയ്യാന്‍ വരുന്നത്. എന്ന് വച്ച് ഞാന്‍ അത്ര വേഗം പോവും എന്നൊന്നും കരുതണ്ട. നിന്നുനിന്ന് എന്റെ കാല്‍ കഴക്കാന്‍ തുടങ്ങി. വിശന്നിട്ട് തലകറങ്ങുന്നുണ്ട്.
ആരും കാണാതെയാ വീട്ടില്‍ നിന്ന് പോന്നത്. അവിടെ എന്നെ കാണാതെ ഭൂകമ്പം നടക്കുന്നുണ്ടാവും. ഇപ്പോള്‍ ഞാനല്ലെ അവിടത്തെ താരം.

"പൂജ കഴിഞ്ഞിട്ടേ പോവുന്നുള്ളോ? അമ്മ വഴിപാടിന്‌ തന്നിട്ടുണ്ട്"

തിരുമേനി ശ്രീകോവിലിനുള്ളില്‍ നിന്ന് തല പുറത്തേക്ക് നീട്ടി ചോദിച്ചു.

"അല്ലാ..നട അടക്കുംമുമ്പ് പോവാണ്"

പുറത്ത് കടക്കുമ്പോള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു.

"വൈകുന്നേരത്തിനുള്ളില്‍ നടന്നില്ലേല്‍ ഞാന്‍ വീണ്ടും വരും. ഭീഷിണി ആണോന്ന് ചോദിച്ചാല്‍..ഉooo.....അങ്ങിനെ വേണേലും കരുതാം. എന്തായാലും ഞാന്‍ ചോദിച്ചത് തന്നേ തീരൂ. അതില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ല. ഒരു പെണ്ണിന്റെ മിനിമം ആവശ്യം... എന്താ കണ്ണുരുട്ടുന്നെ? ഇത് പെണ്ണിന്റെ മിനിമം ആവശ്യം തന്നെയാ..പിന്നെ എന്നെ കൂട്ടിയിരിക്കുന്നത് തലതെറിച്ച പെണ്ണായല്ലെ....സാരമില്ല... ഞാനങ്ങ് ക്ഷമിച്ചു... എന്തൊക്കെ പറഞ്ഞാലും വേണ്ടില്ല...എനിക്ക് വേണം. "

വിഘ്നങ്ങള്‍ തീര്‍ക്കാന്‍ ഗണപതിക്ക് നൂറ്റിയെട്ട് ഏത്തമിട്ടു. "ഏകദന്തം മഹാകായം .." നമസ്കരിച്ച് എണീക്കുമ്പോള്‍ വീണ്ടും വീഴാന്‍ പോയി. തിരിഞ്ഞു നോക്കുമ്പോള്‍ എന്നെ നോക്കിനില്‍ക്കുന്ന കൂനിക്കൂടിയ ഒരു രൂപം. മിഴിയാത്ത കണ്ണുകള്ക്ക് മുകളില്‍ കൈവെച്ച് സൂക്ഷിച്ച് നോക്കുന്നു.

മാറിനിന്ന് കൈകൂപ്പി.

"ഭദ്രേടെ..?"

"മകളാണ്‌ .. ഇളയ മകള്‍.."

"ഇപ്പോഴും പഴയ സ്ഥലത്ത് തന്നെയാണോ?"

"അതെ"

"വിശേഷം ?" വരണ്ട ചുണ്ടുകളില്‍ ഒരു പുഞ്ചിരി.

"ഇല്ല..പ്രത്യേകിച്ചൊന്നും ഇല്ല"

"എല്ലാം നല്ലതായി വരും .. പ്രര്‍ത്ഥിക്കൂ"

കൈ പാതി ഉയര്‍ത്തിയത് എന്നെ അനുഗ്രഹിക്കാനായിരിക്കും. നെഞ്ചില്‍ കൈ വച്ച് നമിച്ചു. രണ്ടടി പുറകോട്ട്.പിന്നെ തിരിഞ്ഞു നടന്നു.കണ്ണുകള്‍ക്ക് വഴി പിടിക്കുന്നില്ല. നിറഞ്ഞൊഴുകുകയാണ്. എന്നോട് പൊറുക്കണേ.. അങ്ങയുടെ മന്ത്രങ്ങള്‍ക്കും ജപങ്ങള്ക്കും ഒന്നും എന്റെ തലേവര മറ്റാന്‍ ആയില്ല. വിധി എന്റെ തലയില്‍ എഴുതിയത് അത്ര ആഴത്തില്‍ ആയിപ്പോയി. ഒരു ജന്മം കൂടി ഉണ്ടെങ്കില്‍.. വെറുതെ..വെറുതെ...

പടിഞ്ഞാറെ നടയിലൂടെ പുറത്ത് കടന്നു. അമ്പലകുളത്തില്‍ കുട്ടികള്‍ ആര്‍ത്ത് മറിയുന്നു. അക്കരെ ഇക്കരെ നീന്തിയെത്താന്‍ പിന്‍ഗാമികള്‍ ധാരാളം.

വീട്ടില്‍ എത്തിയപ്പോഴേക്കും വെയിലിന്‌ നല്ല ചൂട്. ഒതുക്കുകല്ലില്‍ ഒരുപാട് ചെരിപ്പുകള്‍. എല്ലാരും വന്ന ലക്ഷണമുണ്ട്. അടുക്കളയില്‍ സംസാരം പൊടിപൊടിക്കുന്നു. വിഷയം ഞാനല്ലതെ മറ്റെന്താവാന്‍.ഇവിടെന്താ വല്ല കല്ല്യാണവും ഉണ്ടോ? എല്ലാരെയും കൂടി കെട്ടിയെടുക്കാന്‍. ആരെയും നോക്കതെ മുകളിലേക്ക് പോവാന്‍ നോക്കി.

"എവിടാരുന്നു നീയ്യ്..?"വല്ലിയേടത്തിയുടെ കണ്ണീരില്‍ കുതിര്‍ന്ന സ്വരം.

"അമ്പലത്തില്‍ പോയി"

"നന്നായി..ഒന്നു പറഞ്ഞിട്ട് പോവാരുന്നില്ലെ..ബാക്കിള്ളോരു വെറുതെ തീ തിന്നു".

എന്തെങ്കിലും പറഞ്ഞാല്‍ കൂടിപ്പോവുമെന്ന് തോന്നിയതിനാല്‍ ദേഷ്യം കോണിപ്പടിയോട് തീര്‍ത്ത് മുറിയിലെത്തി.

"ഹും... ചിരിച്ചോണ്ട് ചുമരില്‍ കേറി ഇരിക്ക്.. എല്ലാരും എത്തിയിട്ടുണ്ട്. ഇനി ശ്വാസം വിട്ടാല്‍ പോലും എല്ലാരും അറിയും. എത്ര ദിവസായി ഞാന്‍ പറയാന്‍ തുടങ്ങിയിട്ട് ... കണ്ണാ.. അവസാനം എന്നെ കാലുവാരിയാലുണ്ടല്ലോ..?

"നീ മുകളില്‍ എന്തെടുക്കാ.. വന്ന് കാപ്പികുടിക്ക്..."

എന്തൊരു സ്നേഹം .. ഇത്തവണ ഊഴം ലക്ഷ്മിയേട്ടത്തിക്കാണല്ലോ? ഓരോരുത്തര്‍ക്ക് ഇപ്പോഴാ എന്നെ സ്നേഹിക്കാന്‍ തോന്നിയത്.

"ഇതൊക്കെ ഞാന്‍ പണ്ട് കുറെ മോഹിച്ചതാ.. അന്ന് തന്നില്ലല്ലോ..ഇനി ഇതിന്റെ ഒന്നും ആവശ്യം എനിക്കില്ല. പക്ഷെ ഞാന്‍ ചോദിച്ചത്, അതെനിക്ക് വേണം. പറഞ്ഞില്ലാന്ന് വേണ്ട"

ഞാനെത്തുമ്പോഴേക്കും അവരെല്ലാം കഴിച്ചുകഴിഞ്ഞിരുന്നു. പക്ഷെ എല്ലാവരും അവിടെതന്നെ ഇരുന്നു.

ആകെ ഒരു കനം വെച്ച നിശബ്ദത. പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദം.പിന്നെ എത്ര നിയന്ത്രിച്ചിട്ടും ഉയര്‍ന്നുപോയ ശ്വാസനിശ്വാസങ്ങളുടേതും. ഇടക്കൊന്ന് തലപൊക്കിയപ്പോള്‍ എല്ലാരും എന്നെ തന്നെ നോക്കുന്നു.ദേഷ്യമാണ്‌ വന്നത്. ബാക്കിവന്ന ഇഡ്‌ലി കഴിക്കാതെ എണീറ്റു. വല്ലിയേട്ടത്തി പ്ളേറ്റും ഗ്ലാസ്സും വാങ്ങാന്‍ കൈനീട്ടി. പണ്ട് കാപ്പി കുടിച്ച് ഗ്ലാസ്സ് കഴുകാത്തേന്‌ തലങ്ങും വിലങ്ങും തല്ലിയിരുന്ന ആളാ.

"കണ്ണാ.. ആകെ ആളുകളാ.. എന്തേലും അത്ഭുതം കാണിക്കാതെ ഒന്നും നടക്കില്ല"

ഉമ്മറത്ത് ആരൊക്കെയോ സംസാരിക്കുന്നു. രാമേട്ടന്‍ വന്ന് പറഞ്ഞു.

"തറവാട്ടില്‍ നിന്ന് അമ്മാവന്‍ വന്നിട്ടുണ്ട്. നിന്നെ വിളിക്കുന്നു"

ഒന്നു നിര്‍ത്തി വീണ്ടും കൂട്ടിച്ചേര്‍ത്തു.

"കാല്‍ തൊട്ട് അനുഗ്രഹം വാങ്ങണം"

ഇടനാഴിയില്‍ എത്തിയപ്പോള്‍ മുറ്റത്ത് ഒരു ഓട്ടോ വന്നു നിന്നു...ചെറിയമ്മ.

"ദൈവമേ..അറവുമാടിനെ കണാന്‍ എത്ര പേരാ.."

എന്നെ കാണുമ്പോള്‍ എല്ലാരും മിണ്ടാതാകുന്നു. പോയി കഴിയുമ്പോള്‍ വീണ്ടും ബഹളം. ആകെ ശ്വാസം മുട്ടുന്നു.

"എനിക്കൊന്ന് കിടക്കണം. വല്ലാത്ത തലവേദന"

ആരുടേയും മറുപടിക്ക് കാത്തില്ല. അല്ലേലും ആരെന്ത് പറയാനാ..വീണ്ടും എന്റെ മുറിയില്‍ .. ജനല്‍ തുറന്നിട്ടു.. തെക്കെ പറമ്പില്‍ അച്ഛന്റെ അസ്ഥിത്തറ.

"അച്ഛാ... ചെറിയേട്ടത്തിയെ വക്കീലാക്കണം . ഏട്ടനെ ലക്‌ചറാക്കണം ..എല്ലാര്‍ക്കുവേണ്ടിയും അച്ഛന്‍ സ്വപ്നം കണ്ടില്ലെ. പക്ഷെ എന്റെ കാര്യം. മരിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിയാല്‍ ജീവിച്ചിരിക്കുന്നവര്‍ക്കായ് എന്തേലും ചെയ്യാന്‍ പറ്റില്ലെ? അച്ചന്റെ അടുത്ത് ഞാന്‍ ഒന്നിനുവേണ്ടിയും വാശിപിടിച്ചിട്ടില്ലല്ലോ? ആദ്യായിട്ടല്ലെ ഒരു കാര്യം ആവശ്യപെടണത്".

'അമ്മ ഇങ്ങനെ കരയാതെ..ഇനി അവളുണരുമ്പോള്‍ ഇത് കണ്ടിട്ടുവേണം..." വല്ലിയേട്ടത്തി

"ക്ഷീണം കാരണം മയങ്ങിയതാവും.. ഞാന്‍ വിളിച്ചുണര്‍ത്താം.." ചെറിയേട്ടത്തി

അപ്പോള്‍ ആരാവും എന്നെ പള്ളിയുണര്‍ത്താന്‍ എത്തുന്നത്. വരട്ടെ, അതുവരെ കണ്ണടച്ചു കിടക്കാമ്. തൊട്ടുതലോടി എത്തുന്നത് ലക്ഷ്മ്യേടത്തിയാണ്.

"എണീക്ക്, ഊണ്‌ കഴിക്കാറായി...രണ്ടരക്ക് കാര്‍ വരും."

മേശപ്പുറത്ത് നല്ലൊരു സദ്യവട്ടം. എല്ലാരും എന്നെ തന്നെ ശ്രദ്ധിക്കുന്നു. ഞാന്‍ ആഘോഷിച്ചിരുന്ന് ഉണ്ടു. കറികള്‍ എല്ലാം രണ്ടാമതും വാങ്ങി. ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ചുരുങ്ങിപ്പോയ കുടലുകള്‍ പരാജയം സമ്മതിക്കും വരെ.
കൈകഴുകി വരുമ്പോള്‍ ആരോ പറഞ്ഞു .

ചെന്ന് ഒരുങ്ങ്. എല്ലാം എടുത്തു വെച്ചതല്ലേ?

ചോദ്യത്തിന്റെ ഉടമ ആരാണെന്ന് നോക്കിയില്ല.

സമയം എന്റെ കയ്യില്‍ നിന്നും വഴുതി പോവാണ്. അവസാനം ഞാന്‍ തോല്ക്കുന്നു. എല്ലാരും എന്നെ തോല്പിക്കാണ്. മുറിയിലെ നിലത്തിരുന്ന് പൊട്ടി കരഞ്ഞു.

"ഒരിക്കല്‍ മാത്രല്ലെ ചോദിച്ചുള്ളു. എന്നിട്ട് എനിക്കൊന്ന് ഉറങ്ങണം. തളര്‍ന്നുറങ്ങണം. ഉറങ്ങണ്ട, ഉറക്കത്തിനും ഉണര്‍വിനുമിടയില്‍ ഊഞ്ഞാലാടി. കൂട്ടുകാര്‍ പറഞ്ഞുകേട്ട അറിവെ ഉള്ളു. കൊലചെയ്ത് തൂക്കിലേറ്റുമ്പോള്‍ പോലും അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കില്ലെ? അത്രയെങ്കിലും കരുണ എന്നോട് ..വേണ്ട..നീയും എന്നെ പറ്റിക്കാരുന്നു..കണ്ണാ.."

മുറ്റത്ത് കാര്‍ എത്തിയിരിക്കുന്നു. അരമണിക്കൂര്‍ നേരത്തെ ഡ്രൈവിംഗ്. വല്ലിയേട്ടത്തി, ലക്ഷ്മ്യേട്ടത്തി പിന്നെ രാമേട്ടനുo. പടിയിറങ്ങുമ്പോള്‍ ആരേയും നോക്കിയില്ല. എന്തിനാ വെറുതെ. അമ്മ കരയാവുമോ?

ചെറിയാന്‍ സാറിന്റെ അഡ്മിഷന്‍ ആയതോണ്ടാവും രാജകീയ പരിചരണം. മുറിയില്‍ വന്ന വെള്ളമാലാഖയുടെ കയ്യിലെ ട്രേയില്‍ കത്തിയും കത്രികയും. വല്ലിയേട്ടത്തിയോടാണവര്‍ പറഞ്ഞത്.

"ആ കണ്ണാടി എടുത്ത് മാറ്റിക്കോളൂ..പുറത്ത് വെക്കണ്ട"

ഏട്ടത്തിയുടെ കണ്ണില്‍ കണ്ണീരുറയുന്നു.

"രാവിലെ ഏഴിന്‌ തയ്യാറാവണം. ഞങ്ങള്‍ വന്ന് വിളിക്കാം"

പറയുന്നതിനൊപ്പം അവരുടെ കൈകള്‍ വളരെ താളാത്മകമായ് ചലിക്കുന്നുണ്ടായിരുന്നു. മറ്റൊന്നും ചിന്തിക്കാനില്ലാതിരുന്നതിനാല്‍ മുറിയില്‍ പറന്നുനടന്ന ഒരു ഈച്ചയിലാരുന്നു എന്റെ ശ്രദ്ധ മുഴുവന്‍. എന്റെ തല അവരുടെ കൈകളില്‍ ആയതിനാല്‍ ചലനസ്വാതന്ത്ര്യം കുറവാണല്ലൊ?

അവര്‍ മാറിയപ്പോള്‍ എന്റെ കൈ അറിയാതെ തലയിലേക്ക് നീങ്ങി. അത് മുന്‍കൂട്ടി അറിഞ്ഞിട്ടെന്നപോലെ അവര്‍ കൈ പിടിച്ചു.

"എല്ലാം ശെരിയാവും"

ഒരു സിസ്റ്റര്‍ കടന്നുവന്നു, കുരിശുവരച്ചു. കൈ തലയില്‍ വെച്ച് എന്തൊക്കെയോ പ്രാര്‍ത്ഥിച്ചു. ഞാനും...

"മിശിഹായുടെ സ്നേഹിതനെ.."

ഒമ്പതല്ല, പതിനെട്ടാമത്തെ ദിവസമാ ഞാന്‍ നൊവേന ചൊല്ലുന്നെ. എന്നിട്ടും എനിക്ക് തന്നില്ലല്ലോ..
എപ്പോഴാണ്‌ ഉറങ്ങിയതെന്നു അറിയില്ല. ഉണരുമ്പോള്‍ പച്ച ഉടുപ്പുമായ് അവര്‍ മുറിയില്‍ ഉണ്ടായിരുന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. നിമിഷങ്ങള്ക്കുള്ളില്‍ ഞാന്‍ ആ ഇരുട്ടുമുറിയില്‍..

എന്റെ അവസാനത്തെ ആഗ്രഹം സഫലമാവാത്തതോര്‍ത്തപ്പോള്‍ സഹിക്കാനാവുന്നില്ല. ഇനി അതിനര്‍ത്ഥമില്ലല്ലോ. മുറിച്ചുമാറ്റുന്ന മാംസതുണ്ടുകള്‍ക്കൊപ്പം അതും എനിക്ക് നഷ്ടമായേക്കാം. തലച്ചോറിന്റെ അനാവശ്യമായി വളര്‍ന്നുപോയ ആ കഷണത്തിലായിരിക്കുമോ എന്റെ അനാവശ്യമോഹവും കൂടുകൂട്ടിയിരിക്കുന്നത്.

"ഹായ്..ഗേള്‍.. ആര്‍ യു ഓകെ?" ചെറിയാന്‍ സാര്‍..പാട്ടുപാടി കത്തി വെക്കുന്ന ഡോക്ടര്‍

"യെസ്...ഐ ആം.."

"ദെന്‍ സ്റ്റാര്‍ട് ടു കൌണ്ട് ഡൌണ്‍"

ഒപ്പം ഞരമ്പുകളില്‍ ഒരു സൂചിയുടെ കടന്നുകയറ്റം

"പത്ത്... ഒമ്പത്.." എവിടെയോ പിഴക്കുന്നു..

"കണ്ണാ.. ഞാന്‍ പോവാണ്.. ഇനി ഒരിക്കലും ശല്യം ചെയ്യാന്‍ വരില്ല. എനിക്ക് പിണക്കം ഒന്നും ഇല്ല. അതെന്റെ വട്ടായിരുന്നു. അല്ലെങ്കിലും അതിന് ഒരു രൂപമൊന്നും ഇല്ലാരുന്നല്ലോ? വെറും ഒരു സ്വപ്നം. ആരു വേണം എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. ആരോ ഒരാള്‍. കുളക്കരയില്‍ ഒളിഞ്ഞു നോക്കുന്ന മീശമുളക്കാത്ത പയ്യനായാലും മതിയാരുന്നു. ഞാന്‍ കണ്ണടച്ചോളാം. അറിയാതെ "മോനെ" എന്ന് വിളിച്ച് പോയാലോ. അല്ലെങ്കില്‍ തനിച്ച് താമസിക്കുന്ന ഒറ്റക്കാലന്‍ പട്ടാളക്കാരന്‍ . കണ്ണുകളില്‍ ശത്രുവിനെ കൊല്ലുന്ന ഭാവമില്ലാതിരുന്നാല്‍ മതി. ഒരിക്കലും അതൊരു ഭ്രാന്തനാവരുതെന്നെ ആശിച്ചുള്ളു. ബോധാബോധങ്ങള്ക്കിടയില്‍ വഴുതിമാറുമ്പോള്‍ ഇരയാരാണെന്ന് പോലും അയാള്ക്ക് ഓര്‍ത്തെടുക്കാനാവില്ല. വേദനയുടെ പിടച്ചില്‍ പെണ്ണിന്റെ പ്രതിക്രിയയാണെന്ന് കരുതും. വലിഞ്ഞു പോവുന്ന ശ്വാസഗതികള്‍ ഉണര്‍വിന്റെ തിരതള്ളലായും. വേണ്ട. അതു വേണ്ടാ.. എനിക്കാ കണ്ണൂകളില്‍ ഒരു നിമിഷത്തേക്കെങ്കിലും ഞാനെന്ന പെണ്ണീനോടുള്ള പ്രണയം വായിക്കണം. എന്നെ കണ്ട് ആ കവിളുകള്‍ ചുവക്കുന്നതും ചുണ്ടുകള്‍ വിടരുന്നതും കാണണം. ആ കൈകളില്‍ ഒരു കുഞ്ഞിന്റെ പോലെ ഒതുങ്ങണം. വിയര്‍ത്തൊഴുകുമ്പോഴും കുളിരുന്ന ഒരു ഓര്‍മ്മയില്‍ ഒന്നു വിറച്ച്...

"എട്ട്..ആറ്...ഏഴ്.."

എനിക്ക് എണ്ണം തെറ്റുന്നു..ചെറിയാന്‍ ഡോക്റ്റര്‍ ന്റെ പുറകില്‍ നിന്നും രണ്ട് കണ്ണുകള്‍ എനിക്ക് നേരെ. അത് പതിയെ ഒരു മുഖമാവുന്നു. കട്ടിമീശയില്‍, കുറ്റിത്താടിയില്‍ .. എന്റെ കണ്ണുകള്‍ അടയുകയാണ്.. വലിച്ചുതുറക്കുമ്പോള്‍ അയാള്‍ എന്റെ അടുത്തെത്തിയിരിക്കുന്നു. ഇപ്പൊള്‍ എന്റെ തൊട്ടടുത്ത്. കണ്ണാ.. ഇനി ഇയാളാണോ.. അത്.. അയാളുടെ കൈ എന്നെ മൂടുന്ന ഒരേ ഒരു തുണികഷണത്തിലേക്ക് നീളുന്നു.. ദൈവമേ അത് മാറ്റിയാല്‍.. ഞാന്‍ ത... ള...രു...ക..യാ...ണ്..

"മൂന്ന്...ഒന്ന്..നാല്.."

Thursday, September 28, 2006

മായകാഴ്ചകള്‍

മായകാഴ്ചകള്‍
ഇതെല്ലാം കാഴ്ചകളാണ്, മായകാഴ്ചകള്‍
കണ്‍ തുറന്നു കാണുന്ന മണല്‍ത്തരികളില്‍
കണ്ണടച്ചെണ്ണുന്ന കടല്‍ തിരകള്‍
‍കണ്‍ നിറയെ കാഴ്ചകളാണു
മനം നിറയെ മായകാഴ്ചകള്‍
നിന്റെ ചുംബനങ്ങളില്‍ മഞ്ഞു തുള്ളിയുടെ കുളിര്മ്മ
നിന്റെ തലോടലുകള്ക്ക്‌ തെന്നലിന്റെ സൌമ്യത
നിന്റെ ആലിംഗനങ്ങളില്‍
ഞാനൊരു പുലര്ക്കാല സ്വപ്നം
വെറും മായകാഴ്ചകള്‍

അടര്ന്നു മാറുന്ന ചുണ്ടുകളില്‍
ചിതറി തെറിക്കുന്ന ജല്പനങ്ങള്‍
അകന്നു പോവുന്ന കൈവിരലുകളില്‍
മുറുകിയ പാവചരടുകള്‍
കേള്ക്കാതെ പോയതു
താളം തെറ്റിയ ഹ്രുദ്സ്പന്ദനങ്ങള്‍
കാണാതെ പോയത്‌
അമര്ന്നു പോയ വിതുമ്പലുകള്‍
ഇതെന്റെ കാഴ്ചകള്‍, മായകാഴ്ചകള്‍

Monday, September 25, 2006

അതിരുകള്‍ 

അതിരുകള്‍

അമ്മയുടെ ഒക്കത്തിരുന്ന് പൂമ്പാറ്റയെ നോക്കി കൈ വീശുമ്പോള്‍, അമ്മ പറഞ്ഞു....
"ദേ...നോക്ക്... അതിരില്‍ നില്‍ക്കുന്ന നീല പൂവ് കണ്ടോ?"

പിന്നെ സര്‍ക്കാര്‍ സ്കൂളിലെ കാലുകള്‍ ആടുന്ന ബഞ്ചിലിരിക്കുമ്പോള്‍, ടീച്ചര്‍ കറുത്ത ബോര്‍ഡില്‍ വെളുത്ത വരകളാല്‍ വരച്ചു..
"കിഴക്ക് സഹ്യാദ്രി, പടിഞ്ഞാറ്‌ അറബിക്കടല്‍ ... അങ്ങിനെ കേരളത്തിന്റെ അതിരുകള്‍ .."
ശേഷം അവ ഭാരതത്തിന്റെ അതിരുകളിലേക്ക് വളര്‍ന്നു.
സ്വാതന്ത്ര്യത്തിന്റെ കലാലയവര്ഷങ്ങളില്‍, പൊളിഞ്ഞു തുടങ്ങിയ മതിലുകളില്‍ കിന്നാരം പറഞ്ഞിരുന്നവര്‍ അതിരുകള്‍ ഇല്ലാത്ത ലോകത്തിന്റെ ആദ്യത്തെ അറിവായി...

ഇന്ന് എന്റെ കയ്യിലെ ഇത്തിരി കുഞ്ഞന്റെ കട്ടകള്‍ ഞെക്കി ഞാന്‍ അതിരുകള്ക്കപ്പുറത്തെ സുഹൃത്തിന്റെ ശ്വാസനിശ്വാസങ്ങളെ പോലും പിടിച്ചെടുക്കുന്നു...

ലോകം മൂടുന്ന വലയിലെ ഏതോ ഒരു കോണിലിരുന്ന്, ഒരു അജ്ഞാതന്‍ അതിരുകള്‍ ഭേദിച്ച് എന്റെ സ്വകാര്യതയിലേക്കു എത്തി നോക്കുന്നു...

അതിരുകള്‍ അവ അലിഞ്ഞ് അലിഞ്ഞ് ഇല്ലതാവുകയാണ്...

"വീണേടം വിഷ്ണുലോകം" അതായിരുന്നു ആദി മനുഷ്യന്റെ ജീവിതം . അന്ന് അവര്‍ അതിരുകളെ കുറിച്ച് ആകുലപ്പെട്ടിരിക്കുമോ? ചിലപ്പോള്‍ ഇങ്ങനെ ചിന്തിച്ചിരിക്കാം - മുകളില്‍ ആകാശം , താഴെ ഭൂമി. ഇന്ന് ഭൂമിയുടെ മുഖത്ത് ചുളിവുകളായി അതിരുകള്‍ നിറഞ്ഞിരിക്കുന്നു. അവ ദേശത്തിന്റെയും ദൈവത്തിന്റെയും പിന്നെ നിറത്തിന്റെയും നിണത്തിന്റെയും പേരില്‍ പടര്‍ന്നു പന്തലിക്കുന്നു.കല്‍മതിലുകള്‍ മുഖം മറക്കാത്ത നാട്ടിന്‍ പുറങ്ങളില്‍ ഒരു പിടി മണ്ണിനുവേണ്ടി അയല്ക്കാരന്റെ അതിരുകള്‍ കയ്യേറും. ഇന്ന് നമ്മുടെ രാജ്യങ്ങളുടെ അതിരുകളില്‍ സംഭവിക്കുന്നതും ഇത് തന്നെയല്ലെ? ദേശാതിര്‍ത്തികളില്‍ ജനിച്ചുവീഴുന്നവരാകാം അതിരുകളുടെ ശെരിയായ വില അറിയുന്നവര്‍. സ്വന്തം സ്വത്വം അപ്പുറമോ ഇപ്പുറമോ എന്ന് തീര്‍ച്ചപ്പെടുത്താനാവാതെ വരുന്ന അവരുടെ ധര്‍മ്മസങ്കടം ആരറിയാന്‍ ..

പ്രണയിനിയുടെ ഒരു നോക്കില്‍ അല്ലെങ്കില്‍ പ്രിയന്റെ ഒരു വാക്കില്‍ ലോകത്തിന്റെ അതിരുകള്‍ വെട്ടിപ്പിടിച്ചെന്ന് അഹങ്കരിച്ചിരുന്നവരാണ്‌ പഴയ തലമുറ. ഇന്ന്, അതൊരു ചുംബനത്തിലോ, ആലിംഗനത്തിലോ എത്തിനില്ക്കുന്നു. അതുകൊണ്ടാണല്ലോ ലംഘിക്കപ്പെടുന്ന അതിരുകളെ കുറിച്ച് പലരും കരഞ്ഞുവിളിക്കുന്നത്. ഇന്നത്തെ തലമുറ ഇങ്ങനെ പ്രതികരിച്ചേക്കാം -
"അതിന്‌ ഞങ്ങള്‍ ഒന്നും ചെയ്തില്ലല്ലോ?"..
പ്രശ്നം പഴയതിന്റെയോ പുതിയതിന്റെയോ അല്ല, അതിരുകള്‍ പുനഃനിര്‍വചിക്കപ്പെടുന്നതിന്റെയാണ്.

കണ്ടില്ലെ, പറഞ്ഞ് പറഞ്ഞ് പറയേണ്ട വിഷയത്തിന്റെ അതിരുകള്‍ പോലും വിട്ടുപോവുന്നു. കുഞ്ഞുടുപ്പിട്ട്, ആദ്യമായി കടല്‍ കാണാന്‍ പോയപ്പോള്‍, കടലിന്റെ അതിരായ് ദൂരെയെതോ തീരം കാണാന്‍ നോക്കി നിന്ന് കണ്ണുവേദനിച്ചത് സുന്ദരമായ ഓര്‍മ്മ. പക്ഷെ, അന്നത്തെ മൂന്നുവയസ്സുകാരിയില്നിന്ന്, ആരൊക്കെയോ വരച്ച് വെച്ച അതിരുകള്‍ക്കിടയില്‍ കിടന്നു ശ്വാസം മുട്ടേണ്ടി വരുന്ന മുപ്പതുകാരിയില്‍ എത്താന്‍ എത്രയോ അതിരുകള്‍ കടക്കേണ്ടി വന്നെന്ന് ഓര്‍ക്കുമ്പോള്‍ ഇങ്ങനെയെഴുതാന്‍ തോന്നുന്നു.

അതിരുകള്‍, അവ എന്നെ നോക്കി പുഞ്ചിരിക്കുകയാണ്
വശ്യമായി, കണ്ണീറുക്കി എന്നെ വിളിക്കുന്നു
ഞാന്‍ അടുക്കുന്തോറും അവ അകന്നുമാറുകയാണ്
പിന്തിരിഞ്ഞു നോക്കുമ്പോള്‍
‍ഞാന്‍ അവക്കു ഏറെ മുന്നിലുമാണ്

Friday, September 15, 2006

പുനര്‍ജന്മങ്ങള്‍


പുനര്‍ജന്മങ്ങള്‍

എന്റെ ഓര്‍മ്മകള്‍ക്കുപോലും
പൊടിപിടിച്ച ചുവര്ചിത്രങ്ങളുടെ തിളക്കമാണ്
ആരോ കോറിവരച്ച കൈനഖപ്പാടുകള്‍
ഒരു മുഖപടത്തിന്റെ അതിര്‍രേഖകളാവുന്നു
പക്ഷെ
അതൊരിക്കലും നിന്റേതാവുന്നില്ല
പകരം വെക്കുന്നതോ അപരിചിതഭാവങ്ങള്‍ മാത്രം

നിനക്ക് തന്ന പകലിനു വേണ്ടി
എനിക്ക് കരയാന്‍ രാത്രികള്‍ തികയാതെ വരുന്നു
നീയെന്റെ പൊട്ടിച്ചിരികളെ തിരിച്ചുതരിക
പകരം നിനക്കെന്റെ ശ്വാസനിശ്വാസങ്ങള്‍ തരാം
മണിബന്ധത്തിലെ മിടിപ്പും
ഹൃദയത്തിന്റെ തുടിപ്പും
പിന്നെ,
ഈ നെന്‌ചിലെ അവസാനത്തെ പിടപ്പും

പെയ്യാതെ പോയ സാന്ധ്യമേഘങ്ങള്‍
പറയാതെ പോയ കഥയേതാവാം
അന്തിമഴ അകലാത്ത അതിഥിയെന്ന്
അമ്മ പറയുന്നു
പക്ഷെ,
ഞാന്‍ നിന്നെ തേടിയെത്തിയത്
മഴപെയ്തൊഴിഞ്ഞ പുലരിയില്‍
നീയെന്റെ കരം ഗ്രഹിച്ചത് ചുട്ടുപൊള്ളുന്ന നട്ടുച്ചക്ക്
അപ്പോള്‍ നമുക്കിടയില്‍ മഴപെയ്യാന്‍ തുടങ്ങുകയായിരുന്നു
എങ്കിലും
കൃത്യമായി ഞാന്‍ ഓര്‍ക്കുന്നു
കണ്ണീര്‍ മഴതുള്ളികല്‍ കാഴ്ച മറച്ച സന്ധ്യയിലാണ്
യാത്രാമൊഴികളില്ലതെ നീ യാത്ര പറഞ്ഞത്
ആര്‍ക്കും ആരുടെയും ആരുമാവാന്‍ കഴിയില്ലെന്ന
അവസാനത്തെ തിരിച്ചറിവ്

ആരൊക്കെയൊ പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന
എന്റെ പുനര്‍ജന്മങ്ങള്‍
അതിലൊന്നില്‍ നീ എനിക്കായി പിറക്കുക
നെന്ചിലെ ചൂടാല്‍ ഞാന്‍ നിനക്ക് കൂടൊരുക്കാം
തേങ്ങലുകളാല്‍ താരാട്ടു പാടാം
ഗദ്ഗദങ്ങളാല്‍ തപ്പും തകിലും കൊട്ടാം
പൊട്ടിച്ചിരികളാല്‍ കിന്നരവും വീണയും മീട്ടാം
അപ്പോള്‍ രാത്രി മഴ തകര്‍ത്തുപെയ്യും
ജനലഴികല്‍ക്കപ്പുറത്ത് ചക്രവാകങ്ങള്ക്കിടയില്‍
പുളഞു മിന്നുന്ന കൊള്ളിയാനുകള്‍
നമുക്കായ് വെളിച്ചം വീശും

Friday, September 1, 2006

പിരിയും മുന്പ്...

പിരിയും മുന്പ്...

ഒരിക്കലും നീ എന്നെ ഓര്ക്കാതിരിക്കാന്‍
ഒരു കുഞ്ഞു മുറിവു
അതിലെന്നും ചോരപൊടിയണം
ദ്രുത താളങ്ങളുടെ തലയാട്ടലില്‍ നീയെന്നെ കുടഞ്ഞെറിയണം
ചിലന്പുന്ന മുനവെച്ച വാക്കുകള്‍
മനം നിറയുന്ന കന്മഷം കാത്തുവെക്കണം
പൊട്ടി പൊട്ടി കത്തുന്ന മെഴുകുതിരികള്‍
ചിന്തകളില്‍ കറുപ്പും വെളുപ്പും നിറക്കണം
പിന്നെ കത്തിവേഷമായി ആടി തിമര്ക്കണം
ചുവന്ന താടിയായി അലറി വിളിക്കണം
അപ്പൊഴും നിന്റെ മുറിവില്‍ ചോരപൊടിയും
അതിലെന്റെ കണ്ണീരാല്‍ ഞാന്‍ നീറ്റലാവും

Wednesday, August 30, 2006

ഇട്ടിമാളു വന്നൂട്ടൊ....

ഇട്ടിമാളു വന്നൂട്ടൊ....

ഇന്നലെ ആകെ അങ്കലാപ്പായിരുന്നു.... ആദ്യായിട്ടു പൊട്ടിക്കുമ്പോള്‍ ഏതു പടക്കം പൊട്ടിക്കണമെന്നു...
രാത്രി മുഴുവന്‍ ആലോചിച്ച് ആലോചിച്ച് കണ്ടു പിടിച്ചു...എന്താന്നോ?
ഇട്ടിമാളൂനെ കുറിച്ച് എഴുതാം എന്നു...

ഇട്ടിമാളുനെ ഇട്ടിമാളൂന്നു വിളിച്ചതു ഇട്ടിമാളുന്റെ അമ്മ കുട്ടിമാളു അല്ലാട്ടൊ....അതു ഇട്ടിമാളുന്റെ അനിയന്‍ കുട്ടനാ...

അനിയന്‍ കുട്ടനോട് ഒത്തിരി ചോദിച്ചു...അനിയന്‍ കുട്ടാ അനിയന്‍ കുട്ടാ എവിടെന്നാ ഇട്ടിമാളുനെ കിട്ടിയതെന്നു.... ഉത്തരം അനിയന്‍ കുട്ടനും അറിയില്ലാന്നു....
എന്തായാലും ഇട്ടിമാളുനു ആ വിളി ഇഷ്ടായി...
അതോണ്ടാ ഇട്ടിമാളു ഇപ്പൊ ഇട്ടിമാളു ആയി വന്നെ...

Tuesday, August 29, 2006

ഇതു ഞാനാ... ഇട്ടിമാളു ....

ഇതു ഞാനാ... ഇട്ടിമാളു ....

ആരാ ഈ ഇട്ടിമാളു എന്നല്ലെ.....കുട്ടിമാളുവിന്റെ മകളാ....കുട്ടിമാളു ഇട്ടിമാളുവിന്റെ അമ്മയും....എന്താ ആലോചിക്കുന്നെ?... ഇതിപ്പൊ മാവും മാങ്ങയും കഥ പോലെ ആയല്ലെ... എന്താ ചെയ്യാ....ഒരാളെ കുറിച്ച് കൂടി പറയാനുണ്ട് ..... ഇട്ടിമാളുവിന്റെ അച്ഛന്‍... കുട്ടിമാളു ഇട്ടിമാളുവിനെ അച്ഛാ ന്നു വിളിക്കാന്‍ പഠിപ്പിച്ച് പഠിപ്പിച്ച് കുട്ടിമാളുവും അച്ഛനെ അച്ഛാ ന്നു വിളിക്കാന്‍ തുടങ്ങി...

ഇതൊന്നും പറയാനല്ല ഇട്ടിമാളു ഇവിടെ വന്നെ...

ഇട്ടിമാളൂ കുറെ കാലായി ഈ ബൂലോഗത്തില്‍ അങ്ങനെ കറങ്ങി നടക്കാന്‍ തുടങ്ങിയിട്ട്...

സകലമാന ബ്ലോഗന്‍മാരും ബ്ലോഗിനികളും എഴുതുന്നതൊക്കെ വായിച്ചു വായിച്ച് ഇപ്പൊ ഇട്ടിമാളുവിനൊരു മോഹം .....

ഒന്നു ചോദിച്ചോട്ടെ... ഈ പാവം ഇട്ടിമാളൂനെ നിങ്ങടെ കൂട്ടത്തില്‍ കൂട്ടാമോ...

സുസ്വാഗതമില്ലെങ്കിലും ഒരു വെറും സ്വാഗതം ...

അതു കേട്ടാല്‍ ഇട്ടിമാളു വീണ്ടും വരാം ........