Thursday, August 11, 2011

നിർ-രതി-വേദം

കഴിഞ്ഞ കുറെ ദിവസങ്ങളായി പലതിയ്യേറ്ററിലും നിറഞ്ഞ സദസ്സിൽ അരങ്ങേറുന്ന വിവരം ഞാനറിഞ്ഞപ്പോഴേക്കും വളരെ വൈകിപോയി.. കൈമാറി കൈമാറി അടുത്ത തിയ്യേറ്ററിലെത്തിയെന്ന് കേട്ട് ഓടികിതച്ച് ചെന്നതൊ, അവിടെയും ഷോ തുടങ്ങി... അഞ്ച് മിനിറ്റിന്റെ കാര്യമാണെങ്കിലും റിവൈന്റ് അടിക്കാൻ കാണികൾ ആരും സമ്മതിക്കാത്തതിനാലും കാണുകയാണെങ്കിൽ ടൈറ്റില്സ് അടക്കം കണ്ടാലെ തീരൂ ന്ന് എന്റെ വാശിയും കൂടി ആയപ്പോൾ, അടുത്ത ദിവസം വരെ കാത്തിരുന്നേക്കാം എന്ന ഒത്തുതീർപ്പിലായി.. അല്ലെങ്കിലും അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആരെങ്കിലും ഡൌൺലോഡി കൊണ്ടു വരുമ്പൊഴെക്കും ഇത് ഞാൻ ഒരാഴ്ചമുമ്പ് തിയ്യേറ്ററിൽ പോയി കണ്ടതാ ന്ന് എന്നും അഹങ്കരിക്കാറുള്ളതല്ലെ.. എനിക്ക് കിട്ടണം.. അതിന്റെ കാര്യം പറയാതിരിക്കാ ഭേദം.. അറുപത് ടിക്കറ്റിനും പതിനഞ്ച് പോപ്പ്കോണിനും കൊടുത്ത് സിനിമകണ്ട് ഇറങ്ങിവരുമ്പൊഴെക്കും തന്നെ ആരേലും കൊണ്ടു വരുംന്നെ.. കാശ് പോയത് പോയി ഇനി മിണ്ടാതിരിക്കാം ന്ന് വിചാരിക്കും.. രാത്രി ഒമ്പതാവൂമ്പോൾ അവർ തിയ്യേറ്ററിൽ കേറും .. ഞാൻ ആരേലും എഴുതിവെച്ച എതേലും തെണ്ടിത്തരവും വായിച്ച് ചായും..

അപ്പൊ പറഞ്ഞത്.. അങ്ങിനെ വൈറസ് പോലെ തമ്പോട് തമ്പ് കൈമാറി വന്ന അന്നത്തെ ഷോയിൽ ഞങ്ങളും നാലുകാണികളുമായി നിറയാത്ത സദസ്സിൽ പ്രദർശനം തുടങ്ങി.. പറയുമ്പൊ എല്ലാം പറയണല്ലൊ.. അന്നും മൂന്നിടത്തായി മൊത്തം പതിനഞ്ച് പേര്‍ കണ്ടൂ..

ഞങ്ങളുടേത് സ്ഥിരം കൊട്ടകയല്ലാത്തതിനാൽ കട്ടിലുകൾ കൂട്ടിയിട്ട് രംഗമൊരുക്കി.. ബെഡ്ഡുകൾ ചുരുട്ടിവെച്ച് ബാൽക്കണിയും.. മേശപ്പുറത്ത് ലാപ്ടോപ്പുമായപ്പോൾ എല്ലാം റെഡി.. തിന്നാനും കുടിക്കാനും വല്ലതുമുണ്ടോ എന്ന കൊക്കപ്പുഴുവിന്റെ ചോദ്യത്തിന് അതിനൊന്നും സമയം കാണില്ലെന്ന് മറുപടി പറഞ്ഞവളെ വെറുതെ വിടാമല്ലെ.. മറ്റൊരു തിയ്യേറ്ററിൽ രാപ്പടത്തിന് സീസൺ റ്റിക്കറ്റ് എടുത്തിട്ടുണ്ട് അവൾ..

തുറന്നു മലർത്തിയിട്ട ജനലുകളെയെല്ലാം കൊട്ടിയടക്കുന്നതിനും ഉണ്ടായിരുന്നു മറുപടി : റോഡിലൂടെ പോവുന്നവരെ ഇവിടം വരെ കേറ്റണോ.. വാർഡൻ കൂടി കാണിയായെത്തിയാൽ ഇരിക്കാൻ ഇവിടെ സ്ഥലമില്ലല്ലൊ..

കഥ പറയുന്നകാലത്ത് ജനിച്ചിട്ടെ ഇല്ലാത്ത ചിന്നകുളന്തകൾ സംശയത്തിന്റെ ചീളെറിയാന്‍ തുടങ്ങി.. അവസാനം രതി ചേച്ചിയെത്തും വരെ ആകാംക്ഷക്ഷക്ഷ.. പക്ഷെ ആദ്യം പറന്നു വന്ന കുമിളകൾ പോലെ... എല്ലാം പൊട്ടി തകർന്ന് തരിപ്പണമാവാൻ അധികനേരം വേണ്ടി വന്നില്ല.. വലിയ സംഭവം പോലെയാ പലരും പറഞ്ഞു ,തിയ്യേറ്ററിൽ പോയി രതിനിർവേദം കണ്ടെന്ന് .. എന്തായാലും തിയ്യേറ്ററിൽ പോവാനൊത്തില്ല .. കണ്ട് വിശ്വസിക്കണം ന്നല്ലെ കർത്താവ് പറഞ്ഞത് .. ഇങ്ങനേലുംകാണാം... :)

ആദ്യത്തെ അയ്യ്യേ വീണത് ആദിയുടെ കയ്യില്‍ നിന്ന്.. “ആ കാലത്ത് പെണ്ണുങ്ങള്‍ ഇങ്ങനെയാരുന്നൊ..“

മിണ്ടാതിരിക്കെടീ..

എങ്ങിനെയായിരുന്നൊ എന്ന് അന്നേരം ആരും ചോദിച്ചില്ല.. ചോദിച്ചാ‍ൽ തീരില്ലല്ലൊ..

ഒരേ സംഭവം രണ്ടു മൂന്നു തവണ ആവർത്തിച്ചപ്പോ ആരുടെയൊ ആത്മഗതം..

“നാളെ പോയി നെറ്റിൽ തപ്പണം.. സേഫ്റ്റിപിൻ ഇന്ത്യയിൽ വന്നത് എന്നാണെന്ന്”..


അടുത്തത് പത്രക്കാരിയുടെ ഊഴം .. അവൾക്കാണ് ചിത്രത്തെ കുറിച്ച് കൂടുതൽ വിവരം .. ഷൂട്ടിങ് സൈറ്റിൽ ഇന്റർവ്യൂ എടുക്കാൻ പോയ സഹപ്രവർത്തകരിൽ നിന്ന് നായികയെ എടുത്ത് പൊക്കി നടുവെട്ടിയ പാവം നായകന്റെ പരിതാപാവസ്ഥയുടെ സചിത്ര വിവരണം നൽകിയത് അവളാണല്ലൊ... അതുകൊണ്ട് പത്രത്തിന്റെ അഭിപ്രായത്തെ മാനിച്ചെ തീരൂ.. ഇടക്ക് ബാൽക്കണിയിൽ നിന്ന് കൂവൽ ഉയർന്നു..

ഇതിൽ ഒന്നുമില്ല..ഷോ നിർത്തിയേക്കാം ..

വേണ്ട വേണ്ട പാട്ട് വരുന്നുണ്ട്.. അത് കാണണം.. കണ്ടേ തീരൂ

അത് നമ്മൾ ടിവിയിൽ കണ്ടതല്ലെ.. എന്നാൽ ഓടിച്ച് വിട്ട് ക്ലൈമാക്സ് പിടിക്കാം..

അഭിപ്രായങ്ങൾ തുടർന്നെങ്കിലും ഒന്നും വിട്ടുകളഞ്ഞില്ല.. എവിടെനിന്നാ ഈ സർപ്പദോഷം ചാടിവെന്നെ.. ഔട്ടോഫ് സിലബസ്സ് ആയി അതിനെ തട്ടി വിട്ടു.. അവസാനം രതി അവനെ റേപ്പ് ചെയ്ത് ചാവും വരെ കണ്ടോണ്ടിരുന്നു.. അപ്പൊഴാണ് ദീർഘനിശ്വാസങ്ങളോടൊപ്പം ആദി വീണ്ടും വാ തുറന്നത്.. ഞാനഭിനയിച്ചാൽ പോലും രതിചെച്ചി ഇതിലും നന്നാവുമായിരുന്നു.. പട്ടിണിപേക്കോലം എന്നാ അവളുടെ ശരിയായ പേര്.

പിന്നെ പഴയ വേദം കണ്ട ഒരുത്തിയുടെ യുടെ പ്രസംഗമാ‍യിരുന്നു.. ബാക്കിയാർക്കും ആ “അനുഭവം“ ഇല്ലാത്തോണ്ട് വായും പൊളിച്ചിരുന്നു.. ഞാനാണെങ്കിൽ സംശയം തീർക്കാൻ റെഫറൻസ് കയ്യിലെടുത്തു.. പത്മരാജന്റെ തിരക്കഥകൾ.. സമയം പാതിരാ കഴിഞ്ഞിട്ടും ചർച്ചകൾ തീരുന്നില്ല.. അവസാനഘട്ടത്തിൽ പഴയതിൽ കുറച്ചെങ്കിലും പ്രണയമില്ലാരുന്നൊ എന്ന സംശയം .. അതിപ്പൊ ഉറപ്പിച്ച് പറയണമെങ്കിൽ ആൺ‌പിള്ളേരോട് തന്നെ ചോദിക്കണം.. വീണ്ടും സംശയം, അപ്പുറത്തെ ഫ്ലാറ്റിലെ കൊച്ചമ്മയും ചെറുക്കനുമായിരുന്നെൽ ഇതിലും നന്നാവില്ലാരുന്നൊ .. അപ്പൊഴെക്കും ഒരുത്തി അതിന്റെ തിരക്കഥ പറയാൻ തുടങ്ങി... ഫ്ലാറ്റ് ജീവിതം അവൾക്കാണ് പരിചിതം .. ശ്ശൊ പിന്നെം സംശയം, എന്തിനാ ഇത് വീണ്ടുമെടുത്തെ.. ആരൊക്കെയൊ ചോദിച്ച സംശയങ്ങൾ തന്നെ.. എന്നാലും നമുക്ക് വീണ്ടും സംശയിക്കാലൊ..

ശ്വേത ഇന്റർവ്യൂവിൽ പറഞ്ഞത്, ഓരോരുത്തരുടെ ജീവിതത്തിലും ഓരോ രതി ചേച്ചിയുണ്ടെന്നാ..

ദേ അവസാനത്തെ മുടിഞ്ഞ സംശയം.. “ഞാൻ ആരുടെ രതി ചേച്ചിയാ”

ചോദ്യകർത്താവിയെ കാൽതൊട്ട് വന്ദിച്ച് ഓരോരുത്തരും സ്വന്തം സ്വപ്നങ്ങളിലേക്ക്..

Tuesday, July 12, 2011

വേനൽപേച്ച്

മുറിഞ്ഞു വീഴുന്ന മുടിയിഴകൾക്കിടയിൽ
രക്ഷ്പ്പെട്ടുപോയ ഒറ്റയിഴയിൽ തൂങ്ങി
ഉയരങ്ങളിലേക്കുള്ള യാത്രപോലെ
ഭ്രമാത്മകമാവണം ജീവിതം

അശരീരി പോലെ ഉതിർന്നു വീഴുന്ന
വാക്കുകളുടെ ജ്വലനത്തിനിടയിൽ
നഖമുനകൾ കീറിയ ചാലുകളിൽ
ചിരിപ്പേച്ചുകളാ‍ൽ തോണിയിറക്കണം

ഉയർന്ന് പൊങ്ങിയ ചൂടിൽ ഉലഞ്ഞ്
കിനിഞ്ഞു വീണ വിയർപ്പു തുള്ളികളെ
അതിലെന്റെ ഉപ്പ് കലരാതെ

ചുണ്ടുകളാൽ ഞാൻ ഒപ്പിയെടുക്കണം

അവസാനം ജീവിക്കാനുള്ള അഗ്രഹം
കയറുപൊട്ടിച്ച കാളകളിക്കുമ്പോൾ
ഞാനവനെ ആ കയറിൽ തൂക്കും
മറുതുമ്പിൽ തൂങ്ങിയാടിയാടി ഞാനും

Thursday, February 3, 2011

മരിക്കാനെങ്കിലും..


ജീവിക്കാൻ അനുവദിക്കാത്തവരോട് മരിക്കാനുള്ള അവസരത്തിനു വേണ്ടി നിശബ്ദം കേഴുന്നുണ്ടാവുമൊ അവൾ..? അറിയില്ല, പ്രതികരണങ്ങൾ ദുർബലമാവുമ്പോൾ എങ്ങിനെയാണ് മരണത്തിനും ജീവിതത്തിനും ഇടയിൽ ഊഞ്ഞാലാടുന്ന ജീവസ്പന്ദങ്ങളേക്കാളേറെ ആ മനസ്സിന്റെ ഞരക്കങ്ങളേ തിരിച്ചറിയേണ്ടത്..
മാസങ്ങൾക്ക് മുമ്പ് പത്രങ്ങളിൽ ഒരു കുഞ്ഞു വാർത്തയായി അരുണ വീണ്ടുമെത്തി.. ഇത്തവണ വിഷയം നിഷേധിക്കപ്പെട്ട മരണമായിരുന്നു ... ഒരാളുടെ ജീവനെടുക്കാനുള്ള അവകാശം ആർക്കുമില്ലെന്ന് കോടതി വിധിക്കുമ്പോൾ തികച്ചും വേദനാജനകമായ അവസ്ഥയിൽ അവശേഷിക്കുന്ന ആ ജീവന് എന്ത് ആശ്വാസമാണ് നമുക്ക് നൽകാനുള്ളത്.. നമുക്ക് അന്യമായ, മനസ്സിലാക്കാനാവാത്ത രീതിയിൽ അരുണയും ഈ അറിവിനോട് പ്രതികരിക്കുന്നുണ്ടാവുമൊ? ജീവന്റെ അവസാനകണികയെ എന്നിൽ നിന്ന് അടർത്തി മാറ്റരുതെന്ന് നിശബ്ദം യാചിക്കുന്നുണ്ടാവുമൊ, അതോ ഒന്നു കൊന്നു തരൂ എന്ന് കേഴുന്നുണ്ടാവുമൊ?

അവനവന്റേതല്ലാത്ത കാരണങ്ങൾകൊണ്ട് ജീവിതം ഒരു ദുരിതമായി തീർന്നുപോവുന്ന പലരിലൊരാളായി നമുക്ക് അരുണ ഷാൻ‌ബാഗിനെ കൂട്ടാം.. അറിയപ്പെടാത്ത അനേകായിരം കഥകളിൽ ഒന്നാവാതെ, ചുരുങ്ങിയ പക്ഷം ഒരു വാർത്തയെങ്കിലും ആയല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.. എങ്കിലും മരിച്ചു ജീവിക്കുന്ന അവർക്ക് എങ്ങിനെ ആശ്വാസം നൽകാ‍ൻ.. ഒന്നുമില്ലെങ്കിൽ ഈ നരകത്തിൽ നിന്നു ഒരുമോചനമെങ്കിലും നൽകിക്കൂടെ..

നിനക്കൊന്നും അമ്മപെങ്ങൻ‌മാർ ഇല്ലെ എന്നൊന്നും ചോദിക്കുന്നില്ല... അത് കാലഹരണപെട്ടുപോയതാണ്.. കാര്യലാഭത്തിനായാലും പ്രതികാരത്തിനായാ‍ലും പെണ്ണിന്റെ മാനത്തിനു വിലപറയാൻ നടക്കുന്നവരുടെ സമൂഹത്തിൽ ജീവനോടെ മരിച്ചു ജീവിക്കാം എന്നതിന്റെ തെളിവായി അരുണ അവശേഷിക്കുന്നു..

അരുണ ഷാൻബാഗിനെ ചികിത്സിക്കുന്ന ഡോക്റ്ററുടെ വാക്കുകളിൽ അവർ ആൺശബ്ദങ്ങളോടെല്ലാം വല്ലാത്തൊരു രീതിയിലാണ് പ്രതികരിക്കുന്നത്. അവരിൽ എവിടെയൊ ബാക്കി നിൽക്കുന്ന ബോധം, തന്നെ ഈ നിലയിലാക്കിയവരോടുള്ള ഭയവും ദേഷ്യവുമെല്ലാം കാത്തുവെക്കുന്നുണ്ടാവും.. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ ഒരു ഇരുമ്പുകട്ടിലിൽ ആശയറ്റനിലയിൽ കഴിയേണ്ടിവരുന്ന അവരുടെ അവസ്ഥയെ എന്താണ് പറയേണ്ടത്.. ഒരുവന്റെ ഒരുനിമിഷത്തെ വികാരത്തള്ളിച്ചക്ക് ഇരയാവുമ്പോൾ, അവർക്ക് നഷ്ടപ്പെട്ടത് സ്വന്തം മാനം മാത്രമാവുന്നില്ല, ജീവിതം മുഴുവനുമാകുന്നു.. ഒന്നും രണ്ടും വർഷങ്ങൾ അല്ല, മൂന്നു പതിറ്റാണ്ടിലേറെയായി അരുണ ഈ കിടപ്പ് തുടങ്ങിയിട്ട്..

അരുണയുടെ കഥയെഴുതിയ പിങ്കി വിറാനിയാണ് അരുണയെ മരിക്കാൻ അനുവദിക്കാൻ ഒരു ഹരജിയുമായി സുപ്രീം കോടതിയിലെത്തിയത്.. പിങ്കി വിറാനിയെന്ന പത്രപ്രവർത്തകയ്ക്ക് തുടക്കത്തിൽ അരുണ ഒരു വാർത്തമാത്രമായിരുന്നിരിക്കാം. പക്ഷെ പാടി പാടി പതിഞ്ഞു പോയ ഒരു ശീലുപോലെ കേട്ടു കേട്ടു മടുക്കാത്തതിനാലാവാം ഒരു അറുതിവേണ്ടേ എന്ന് അവരും ചിന്തിച്ചത്.. ഒരു പുസ്തകത്തിന്റെ ആശയത്തിനപ്പുറം കോടതിയുടെ ഇടനാഴികളിലും അതിനു പുറത്തും അരുണ ഒരു ചർച്ചാ‍വിഷയമായതും.. എന്നാൽ നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഒരാളെ മരിക്കാൻ അനുവദിക്കാനാവില്ലെന്ന് കോടതി വിധിച്ചു.. ഇതെ നിയമവ്യവസ്ഥ തന്നെയാണ് അരുണയെ ഈ നിലയിലെത്തിച്ച സോഹൻലാലിനെ ആറുവർഷത്തെ തടവിനു ശേഷം വിട്ടയച്ചത് .. അയാളുടെ പേരിൽ ഉണ്ടായിരുന്നത്, മോഷണക്കുറ്റവും അരുണയെ വധിക്കാൻ ശ്രമിച്ചതും മാത്രം .. പോറലേൽക്കാത്ത കന്യാചർമ്മം അരുണയ്ക്ക് നേരെ നടന്ന അതിക്രമത്തിന്റെ തീവ്രത കുറച്ചു.. ഒരു പെണ്ണിനു നേരെ അതിക്രമം കാണിക്കാൻ മറ്റുമാർഗ്ഗങ്ങൾ ഉണ്ടെന്ന് അറിയാത്തവരായിരുന്നില്ല നിയമജ്ഞരും ഡോക്റ്റർമാരുമെന്നത് മറ്റൊരു കാര്യം.. അരുണയുടെ കീഴിൽ ജോലി ചെയ്തിരുന്ന സോഹൻ‌ലാലിന്റെ ക്രൂരത അവിടം കൊണ്ടും തീർന്നിരുന്നില്ല.. നായചങ്ങല കഴുത്തിൽ ചുറ്റിമുറുക്കിയതിനെ തുടർന്ന് അരുണയുടെ തലച്ചോറിലേക്കുള്ള ജീവവായുവും രക്തപ്രവാഹവും നിലച്ചുപോയി.. അതിന്റെ ഫലമായാണ് അരുണ ഇന്നത്തെ അവസ്ഥയിലായത്..

അനേകം രോഗികളെ അശരണാവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് കൈപ്പിടിച്ചു കയറാൻ സഹായിച്ച നഴ്സായി സേവനമനുഷ്ഠിച്ചിരുന്ന അതേ ഹോസ്പിറ്റലിൽ തന്നെയാണ് അരുണ അതിദാരുണമായ അവസ്ഥയിൽ കഴിയുന്നത്.. ആശയറ്റപ്പോൾ വീട്ടുകാർ അരുണയെ കയ്യൊഴിഞ്ഞു.. ജീവിതം മുഴുവൻ കൂട്ടാവുമെന്ന കരുതിയിരുന്നവനും മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. എങ്കിലും വിവാഹിതനാവും വരെ അദ്ദേഹം കാണിച്ച നല്ലമനസ്സ് പ്രത്യേകം സ്മരിക്കേണ്ടതു തന്നെ..

എന്തിനാണ് ഇനിയും ഈ അവസ്ഥയിൽ അവരെ കഷ്ടപ്പെടുത്തുന്നത്.. എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും ആ എല്ലിൻ കൂടിനെ ഇനിയും നരകിപ്പിക്കണോ.. ജീവൻ, അതു വളരെ വിലപ്പെട്ടതാണ്.. ഒരു ജീവനെടുക്കാൻ ആർക്കും അധികാരമില്ലാ.. മഹത്‌വചനങ്ങൾ എഴുതിവെക്കാനും ഉരുവിടാനും ഇനിയുമുണ്ടാവും.. പക്ഷെ ആ ജീവനെ ഈ അവസ്ഥയിലാക്കിയവരെ വെറുതെ വിട്ട് “ഇര”യായവരെ മാത്രം ഈ നരകയാതനയ്ക്കു വിട്ടുകൊടുക്കുന്നവരെ, എന്തിനിനിയും ഈ ക്രൂരത..

അവൾ കാണുന്നുണ്ട്; പക്ഷെ ഒരു ചിന്തയായി, ഓർമ്മയായി അതൊന്നും തലച്ചോറിൽ രേഖപ്പെടുത്തുന്നില്ല. അങ്ങോട്ടുള്ള വഴികളെല്ലാം ഒരു നായ്ചങ്ങലയുടെ മുറുക്കത്തിൽ അടഞ്ഞു പോയിരിക്കുന്നു.

Friday, January 14, 2011

നൂറ്റിയമ്പത്തൊന്നാം മസമൂറ

“ഡാ‍ാ‍ാ‍ാ...”

രാസായി തന്റെ ദേഷ്യം മുഴുവന്‍ ആ ഒറ്റ വിളിയില്‍ നിര്‍ത്തി..പിന്നെ ആരോടെന്നില്ലാതെ പിറുപിറുത്തു..

“ഇവനൊക്കെ രണ്ടു കാലും കൊടുത്തതിന്റെ കുഴപ്പമാ..”

ഇറങ്ങി കാലൊന്നുറപ്പിക്കും മുമ്പെ ബസ്സ് വിട്ടതാണ്.. മുന്നോട്ട് വീഴാനാഞ്ഞപ്പൊഴും എങ്ങിനെയോ തന്റെ ബലം കുറഞ്ഞ കാലിനെ അയാള്‍ നിലയ്ക്കു നിര്‍ത്തി.. എങ്കിലും വണ്ടി കണ്മുന്നില്‍ നിന്നു മറയും വരെ അയാള്‍ അവിടെ തന്നെ നിന്നു.. പിന്നെ പതിയെ തന്റ്റെ വഴിയെ നടന്നു.. ബൂത്തിനോട് അടുക്കുന്തോറും അയാള്‍ക്ക് അവിടെ എന്തൊ കുറവു പോലെ തോന്നി.. എന്നും അവരാണ് കണി, അമ്മയും കുഞ്ഞും.. സ്കൂള്‍ ബസ്സ് വരും വരെ അവര്‍ക്ക് വെയില്‍ കൊള്ളാതെ നില്‍ക്കാന്‍ ബൂത്തിന്റെ ഇറയത്തെക്കാള്‍ നല്ലൊരു സ്ഥലം ഇവിടെ വേറേ ഏതാ.. മുമ്പൊക്കെ ആഴ്ചയില്‍ ഒരിക്കല്‍ ഭര്‍ത്താവിനെ ഫോണ്‍ ചെയ്യാന്‍ അവര്‍ രാസായിയുടെ ബൂത്തില്‍ വരുമായിരുന്നു.. മൊബൈല്‍ വന്നതോടെ അതു നിന്നു.. എങ്കിലും രാവിലെ എന്നും കാണാം.. കൈനീട്ടമായി നല്ലൊരു ചിരി.. ചിലപ്പോള്‍ ഒന്നോ രണ്ടോ വാക്കില്‍ ഒരു കുശലാന്വേഷണം.. അയാള്‍ തന്റെ ഓര്‍മ്മകള്‍ക്കൊപ്പം ബൂത്തിന്റെ ഷട്ടര്‍ പൊക്കി..കസേരക്കു പുറകിലെ ടര്‍ക്കിയെടുത്ത് മേശപ്പുറത്തെയും ബില്ലിങ് മെഷീനിലെയും പൊടി തട്ടി.. ഒരു കുഞ്ഞു തുണ്ടു പഞ്ഞിയില്‍ മുല്ലപ്പൂമണം ചേര്‍ത്ത് ഫോണുകള്‍ തുടച്ചു.. ദിവസം തുടങ്ങാന്‍ തയ്യാറായി ആദ്യത്തെ വിളിക്കാരനെയും കാത്ത് പ്രതീക്ഷയോടെ തന്റെ കസേരയില്‍ ഇരുന്നു.. കാലു നീട്ടിയതും താഴെയിരുന്ന ബാഗില്‍ തട്ടി..അത് ഭവനാനിയുടേതാണ്.. ഇന്നലെ വൈകീട്ട് എടുക്കാമെന്നും പറഞ്ഞ് കോളേജില്‍ പോവും വഴി വെച്ച് പോയതാ..

മഠത്തിലെ അമ്മമാരുടെ ഹോസ്റ്റലിലാ അവള്‍ നില്‍ക്കുന്നത്.. ഇന്നലെ കോളേജില്‍ പോവും വഴിയാ ഈ ബാഗ് ഇവിടെകൊടുത്തത്.. വൈകീട്ട് എങ്ങോ പോവാണെന്നും രാസായിയോട് പറഞ്ഞിരുന്നു.. എങ്ങിനെ പറയാതിരിക്കും ..അവളുടെ പ്രണയത്തിന് സപ്പോര്‍ട്ട് കൊടുക്കുന്നതില്‍ ഒരാളല്ലെ രാസായി.. മൊബൈലില്‍ കാശ് തീരുമ്പോള്‍ ഇടക്കൊന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ രാസായി തന്നെ വേണം.. ചാര്‍ജ്ജ് ചെയ്യാനും വേറെ വഴിയൊന്നും ഇല്ലല്ലൊ..

അല്ലെങ്കിലും രാസായി എല്ലാ പ്രണയത്തിനും കൂട്ടു നില്‍ക്കും.. അപ്പുറത്തെ കോളേജിലെ സകല പ്രണയത്തിനും അയാളുടെ പിന്തുണയുണ്ട്..എന്തുകൊണ്ടാണെന്നു ചോദിച്ചാല്‍ രാസായിയെ ആരും പ്രണയിക്കാത്തോണ്ടും രാസായിക്ക് എല്ലാരോടും പ്രണയമായതുകൊണ്ടും ആണെന്ന് വേണമെങ്കില്‍ പറയാം..

സാരിത്തലപ്പു മുമ്പിലേക്ക് വലിച്ചിട്ട വയസ്സായ ഒരു സ്ത്രീ ബൂത്തിലേക്ക് കയറി വന്നു.. അവരുടെ മുഖത്തിന് വല്ലാത്ത ദൈന്യഭാവമായിരുന്നു.. അവര്‍ ചുരുട്ടി പിടിച്ച് തുണ്ടു കടലാസ് രാസായിക്ക് കൊടുത്തു..

“ഇതൊന്നു വിളിച്ചു തരാമൊ..”

രാവിലെ തന്നെ ഒരു ഐഎസ്ഡി കാള്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ അയാള്‍ അക്കങ്ങള്‍ ഒന്നൊന്നായി കുത്തി..അപ്പുറത്ത് ബെല്‍ മുഴങ്ങാന്‍ തുടങ്ങിയതും മൂന്നടി സമചതുരക്കള്ളിയുടെ വാതിലിലേക്ക് അയാള്‍ വിരല്‍ ചൂണ്ടി.. സംസാരം വ്യക്തമല്ലെങ്കിലും ചില്ലുവാതിലിനപ്പുറം അവരുടെ വിതുമ്പലുകള്‍.. നിമിഷങ്ങള്‍ക്കു ശേഷം അവര്‍ നിറഞ്ഞകണ്ണുകളോടെ ഇറങ്ങിവന്നു..സാരിതുമ്പിലെ കെട്ടഴിച്ച് ചുരുട്ടി വെച്ച നോട്ടുകള്‍ പുറത്തെടുത്തു.. ബാക്കി വാങ്ങി അവര്‍ നടന്നു പോയത് സര്‍ക്കാര്‍ ആശുപത്രിയിലേക്കായിരുന്നു.. ഏറെ ദൂരെയൊന്നുമല്ല, മുന്നില്‍ തന്നെ.. അങ്ങിനെയല്ല, രാസായിയുടെ ടെലിഫോണ്‍ ബൂത്തിന്റെ മുന്നിലാ സര്‍ക്കാര്‍ ആശുപത്രി .. ആരായിരിക്കും ഹോസ്പിറ്റലില്‍ എന്ന് ചിന്തിക്കുന്നതിനിടയിലാണ് നമ്പര്‍ എഴുതിയ കടലാസ് അവര്‍ക്ക് തിരിച്ച് കൊടുത്തില്ലെന്ന് ഓര്‍ത്തത്..ഹോസ്പിറ്റലിലല്ലെ, ഇനിയും വരാതിരിക്കില്ലെന്ന ചിന്തയില്‍ അയാള്‍ അത് മേശക്കുള്ളില്‍ വെച്ചു..

റോഡില്‍ തിരക്കു തുടങ്ങുന്നു.. അയാള്‍ ഒന്നു കൂടെ ഉഷാറായ് ഇരുന്നു..

“ഭാര്യ പ്രസവിച്ചൂട്ടൊ.. പെണ്‍കുട്ടി...ഇപ്പൊഴാ .. രണ്ടും രണ്ടായപ്പൊഴാ ആശ്വാസായെ..”

രണ്ടു മൂന്നു ദിവസായി പലരെയും വിളിച്ച് ഒന്നുമായില്ലെന്ന് പറയാന്‍ എത്തിയിരുന്ന ആളാ.. കല്യാണം കഴിഞ്ഞ് കാലം കുറെ കാത്തിരുന്ന് ഒരു കുഞ്ഞിക്കാല് കാണുമ്പോള്‍ അതിന്റ്റെ സന്തോഷം കൂടുതലാവൂലൊ.. സര്‍ക്കാര്‍ ആശുപത്രിയായോണ്ട് വരുന്നതധികവും പാവങ്ങള്‍ തന്നെ.. അതോണ്ടാ രാസായി ജീവിച്ചു പോവുന്നെ.. അല്ലാത്തോര്‍ക്കൊക്കെ മൊബൈല്‍ അല്ലെ.. വന്നയാള്‍ പോക്കറ്റിലെ ചെളിപിടിച്ചു തുടങ്ങിയ കൊച്ചു ഡയറിയെടുത്ത് ഓരോ നമ്പറുകളായി എടുത്ത് സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടിരുന്നു..

മെയിന്‍ റോഡില്‍ നിന്നും അകത്തേക്ക് കയറിയ ഇന്നോവ ടയറുരഞ്ഞ് പൊടിപറത്തി നിന്നു..ആരാണാവോ മുന്നില്‍ ചാടിയത്.. രാസായി തലനീട്ടി നോക്കി.. മഠത്തിലെ വണ്ടിയാ.. ഡ്രൈവിങ് സീറ്റില്‍ പുതിയൊരാള്‍.. പരിചയമില്ലാത്തതുകൊണ്ടാണെന്ന് ഉറപ്പ്.. അല്ലെങ്കില്‍ കോളേജിന്റെ നേരത്ത് ഈ വരവ് ആരേലും വരുമൊ.. മുന്നില്‍ വന്നു പെട്ടവന്‍ തനിക്ക് നേരെ വരുന്ന ചീത്തവിളികൾ‍ എല്ലാം വായില്‍ കിടന്ന ചൂയിംഗം ചവച്ച് തീര്‍ത്തു.. പിന്നെ വണ്ടിയെടുത്ത് ചീറി പോകവേ വണ്ടിയിലേക്കൊന്ന് പാളി നോക്കി.. രാസായിയും പുതുമുഖത്തെ നന്നായൊന്ന് നോക്കിയത് അപ്പോഴായിരുന്നു.. ഈ മുഖം എത്രനാളത്തേക്കാണാവോ ഈ വഴി എന്നൊരു ചിന്തയും ഒപ്പമുണ്ടാ‍യിരുന്നു..

“ചേട്ടാ.... കോയിന്‍ വേണം”

ഇവരുടെ വിളിയൊക്കെ ഒറ്റരൂപാ കണക്കിലാ.. പിള്ളേരല്ലെ, വീട്ടില്‍ നിന്നു കിട്ടുന്നതില്‍ നിന്നും ഒപ്പിച്ചു വേണ്ടെ..ഒരാള്‍ മാത്രം ചുവരും ചാരി തന്റെ ഊഴം കാത്തു നിന്നു.. അവള്‍ക്ക് കണ്ണാടി കൂടു തന്നെ വേണം.. വര്‍ത്തമാനത്തിനൊപ്പം ചുവരിലും ഫോണ്‍ സ്റ്റാന്റിലും അവള്‍ വരച്ച നഖച്ചിത്രങ്ങള്‍ ധാരാളം.. കഴിയുമ്പോള്‍ ഒരു പൂപ്പുഞ്ചിരിയും സമ്മാനിച്ച് മറ്റുള്ളവര്‍ക്കൊപ്പം അവളും ഇറങ്ങും..

നേരം പത്തു കഴിഞ്ഞു.. ഏറിയ തിരക്കുകള്‍ ഒഴിഞ്ഞിരിക്കുന്നു.. അപ്പുറമിപ്പുറമുള്ള ഓഫീസുകള്‍ ഒന്നു ചൂടുപിടിച്ചാലെ ഇനി ആരെലും ഒക്കെ വരൂ.. അതുവരെ ചെറിയൊരു ഇടവേള..

റോഡിനപ്പുറത്തെ ചായക്കടയില്‍ നിന്നും പത്രക്കടലാസ് മൂടിയ കാലിച്ചായ എത്തും വരെ രാസായി പത്രത്തില്‍ വാര്‍ത്തകള്‍ക്കായി തിരഞ്ഞു.. പിന്നെ രാവിലെ പൊതിഞ്ഞു കൊണ്ടുവന്ന ദോശയും ചമ്മന്തിയും നല്‍കി വിശപ്പിനെ ശമിപ്പിച്ചു..

“ചേട്ടൊ.. ഇരുന്ന് ഉറങ്ങാ‍ണോ..”

അവരുടെ ഇടത്താവളമാണിവിടം..ഒരാള്‍ ചുമരിലെ കണ്ണാടിയില്‍ നോക്കി മുടിചീകി.. മറ്റൊരാള്‍ മേശപ്പുറത്ത് കിടന്ന പത്രമെടുത്ത് മറച്ചു.. പിന്നൊരാൾ മൊബൈലിന്റെ പുതിയ പ്ലാനുകളെ രാസായിയുമായി ചർച്ചതുടങ്ങി.. ഇടയിലാരോ കോളേജിലെ വിശേഷങ്ങൾ പറഞ്ഞ് വർത്തമാനത്തിന്റെ ഗതി മാറ്റി വിട്ടു... പിന്നെയും വഴിയെ വന്നു പോയവരുടെ വർത്തമാനങ്ങളിൽ ആരുടെയൊക്കെയൊ നോവും വേവും രാസായി സ്വന്തമാക്കി..

സന്ധ്യതിരിഞ്ഞ നേരത്താ‍ണ് പോലീസ് ജീപ്പ് വന്നത്.. ബൂത്തില്‍ നല്ല തിരക്കുള്ള സമയം..

“ഇത് നിന്റെ ബൂത്തിന്റെ നമ്പര്‍ അല്ലെ”

“അതെ”

“ഇവിടെന്നാണ് അവസാനത്തെ കോള്‍ വന്നിരിക്കുന്നത്..”

വിളിക്കാന്‍ വന്നവര്‍ പതിയെ വലിയാന്‍ തുടങ്ങി..റോഡില്‍ ചുറ്റിപ്പറ്റി കാഴ്ചക്കാരായി മാറി..പകച്ചു നില്‍ക്കുന്ന രാസായിയുടെ മുന്നിലേക്ക് പോലീസ്കാരന്‍ ഫോട്ടൊ നീട്ടി..

“ഇവളേ അറിയൊ”

“ക..കണ്ടിട്ടുണ്ട്..”

“എവിടെ വെച്ച്?”

“ഇതിലേ പോവുന്നത്...”

“അല്ലാതെ..?”

“ഫോണ്‍ ചെയ്യാന്‍ വരാറുണ്ട്...”

“കൂടുതല്‍ എന്തറിയാം ..”

ദയനീയ ഭാവത്തില്‍ രാസായി പോലീസ് കാരെ നോക്കി.. അവര്‍ തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ തുടര്‍ന്നു..

“ഈ പെണ്ണിനെ കാണാനില്ലെന്ന് പരാതി കിട്ടിയിട്ടുണ്ട്.. ഇനിയും ഞങ്ങള്‍ വരും “

ജീപ്പ് പോയതും രാസായി കസേരയിലേക്ക് ചെരിഞ്ഞു..നീട്ടിയ കാല്‍ താഴെയിരുന്ന ബാഗില്‍ തട്ടിയതും തീയില്‍ ചവിട്ടിയ പോലെ തിരിച്ചു വലിച്ചു..

“ദൈവമെ...ഇതിവിടെ ഇരീക്കുമ്പോള്‍..”

എട്ടിന്റെ സൈറണ്‍ കൂവിയശേഷം വണ്‌വേ മാറി വരുന്ന തന്റെ വണ്ടിയുടെ നേരം വരെ അയാള്‍ അസ്വസ്ഥനായി അവിടെ ഇരുന്നു.. ഷട്ടര്‍ താഴ്തി പുറത്തിറങ്ങിയ ശേഷം ഒരു വീണ്ടു വിചാരത്തില്‍ പിന്നെയും തുറന്നു.. മേശക്കടിയില്‍ നിന്ന് ബാഗ് വലിച്ചെടുത്തു.. റോഡിനു മറുപുറത്ത് തിരിവിലുള്ള ഇരുട്ടില്‍ മുങ്ങിയ മാലിന്യകൂമ്പാരത്തെയും ലക്‌ഷ്യമിട്ട് വേഗത്തില്‍ നടന്നു.. പാതിവഴിയില്‍ “നാളെ അവള്‍ വന്നാല്‍“ എന്ന ചോദ്യത്തില്‍ പതിയെ നിന്നു പോയി.. അപ്പോള്‍ അയാളുടെ പതിവു ബസ്സ് സ്റ്റോപ്പിലേക്ക് എത്താറായിരുന്നു...

ആരും ഇറങ്ങാനും കയറാനുമില്ലാതെ ആളൊഴിഞ്ഞ റോഡിലൂടെ ബസ്സ് കടന്നു പോയിട്ടും ഏറെ കഴിഞ്ഞായിരുന്നു ബൂത്തിന്റെ ഷട്ടർ വീണ്ടും തുറന്നത്.. പിന്നെ അടഞ്ഞതും..പതിയെ ഇരുട്ടിൽ അയാൾ ഫോണിൽ ഓരോ അക്കമായ് കുത്താൻ തുടങ്ങി.. എവിടെയും എത്താത്ത വിളികൾ ..

എന്നും രാസായിയെയും കൊണ്ടെത്തുന്ന ബസ്സ് വീണ്ടും വന്നിരിക്കുന്നു..ബൂത്തിനു പുറത്ത് ഇറയത്ത് അമ്മയും കുഞ്ഞും കാത്തു നിൽക്കുകയാണ്.. ഷട്ടർ തുറക്കുന്നത് പുറത്തു നിന്നാവുമോ, അതൊ അകത്തു നിന്നോ?