Thursday, July 23, 2009

പെണ്ണായതില്‍ ഞാന്‍ ലജ്ജിക്കട്ടെ...

രാവിലെ മുഖം പോലും കഴുകും മുമ്പെ കമ്പ്യൂട്ടര്‍ തുറന്ന് നെറ്റ് നോക്കുന്ന കൂട്ടുകാരിയാണ് ഇന്നലെ ആ വാര്‍ത്ത പൊട്ടിച്ചത്.. "കാവ്യ വിവാഹമോചനം തേടുന്നു".. പത്രക്കാരിയായ അവള്‍ നേരത്തെ പറഞ്ഞിരുന്ന അഭ്യൂഹങ്ങള്‍ക്ക് അങ്ങിനെ അടിവരയിട്ടു.. പക്ഷെ പിന്നെ നോക്കുമ്പോള്‍ ആ വാര്‍ത്ത അപ്രത്യക്ഷമായിരിക്കുന്നു... ആരുടെ അഭ്യര്‍ത്ഥനയാണ് അതിനു പുറകിലെങ്കിലും അത്രയെങ്കിലും മാന്യത അവര്‍ കാണിച്ചല്ലൊ.. മറ്റു ചില പത്രത്താളുകളില്‍ കുഞ്ഞുകോളം നിരത്തിയിരിക്കുന്നു.. ഒരു പക്ഷെ അച്ചുനിരത്തുന്നതിനു മുമ്പെ കൂടുതല്‍ കിട്ടാത്തതുകൊണ്ടാവാം എരിവും പുളിയും വളരെ കുറവ്...

പകല്‍ പലപ്പോഴായി പലരും അയച്ച മെയിലുകള്‍.. വാര്‍ത്ത മറ്റൊന്നുമല്ല... പക്ഷെ ഉള്ളടക്കത്തില്‍ കാരണങ്ങള്‍ പലതാവുന്നു..

വൈകുന്നേരം മാനസപുത്രിക്ക് കാവലിരിക്കുന്ന ദു:ഖപുത്രിമാര്‍ വാര്‍ത്താചാനലുകളില്‍ തെന്നി നടക്കുന്നു.. എവിടെയാണ് കൂടുതല്‍ വിവരം കിട്ടുക എന്ന അടക്കാനാവാത്ത ആവേശത്തില്‍ അത് വെക്ക് ഇത് വെക്ക് എന്ന് ആരൊക്കെയോ ആക്രോശിക്കുന്നു.. ബഹളം കേട്ട് വഴിമാറി അങ്ങോട്ട് ചെന്ന ഞാന്‍ കാര്യമറിഞ്ഞപ്പോള്‍ തിരിച്ചിറങ്ങി.. സിനിമയും പാട്ടും സീരിയലും അല്ലാതെ മറ്റൊന്നും കാണാത്തവര്‍ ആദ്യമായി വാര്‍ത്ത കാണുന്നു.. ഇത്രയും പേര്‍ കാത്തിരിക്കുന്നതും ഒരേ കാര്യം സ്ഥിരീകരിക്കാനാണ്, "കാവ്യയുടെ വിവാഹമോചനം" .. ആ പെണ്‍കൂട്ടത്തെ ഓര്‍ത്ത് എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നി.. ഞാനും ഒരു പെണ്ണാണല്ലൊ..

ഒരു കാത്തിരിപ്പില്‍ ഒറ്റക്കായിരുന്ന എന്നോട് വാര്‍ത്തകണ്ട് ഓടിയിറങ്ങി വന്നിരുന്ന ഒരാള്‍ ചോദിക്കുന്നു

"അറിഞ്ഞൊ... കാവ്യ വിവാഹമോചനം നേടുന്നു"

"അതിന്..?"

"നന്നായെ ഉള്ളു... "

"എന്തു നന്നായി.. കാവ്യ വിവാഹമോചനം നേടുന്നതില്‍ ഇയാള്‍ക്കെന്താ ഇത്ര സന്തോഷിക്കാന്‍.."

പതിനൊന്നാം ക്ലാസ്സുകാരിയായ അവള്‍ സംശയത്തോടെ എന്നെ നോക്കുന്നു..

പിന്നെ ഏതൊക്കെയൊ അഭിമുഖങ്ങളില്‍ കാവ്യയും ഭര്‍ത്താവും പറഞ്ഞത്, മറ്റാരൊക്കെയൊ പറഞ്ഞു കേട്ടത്... സിനിമാവാരികകളിലെ ഗോസിപ്പുകള്‍...അങ്ങിനെ കുറെ കഥകള്‍ നിരത്തുന്നു.. അവസാനം പറഞ്ഞു നിര്‍ത്തുന്നത്;

"അവള്‍ ഒരു സിനിമാക്കാരിയല്ലെ"

ആരാണെങ്കിലും അവള്‍ ഒരു പെണ്ണല്ലെ, ഒരു മനുഷ്യജീവിയല്ലെ.. എന്നൊന്നും ഞാന്‍ തിരിച്ചു ചോദിച്ചില്ല.. അവരെല്ലാം ഈ വാര്‍ത്തയില്‍ ശരിക്കും സന്തോഷിക്കുന്നൊ എന്നറിയില്ലെങ്കിലും ചികഞ്ഞു ചികഞ്ഞു കൊത്തിപ്പറിക്കാന്‍ നില്‍ക്കുന്ന മനോഭാവത്തെ എനിക്ക് സഹിക്കാനാവുന്നതില്‍ അപ്പുറമായിരുന്നു..

ഒരു വിവാഹമോചനത്തിന്റെ സകലദുരിതങ്ങളും അനുഭവിച്ച ആള്‍ പോലും അതിന് അരുനില്‍ക്കുന്നത് കണ്ടപ്പോള്‍... എന്തു പറയാന്‍ "പെണ്ണായതില്‍ ഞാന്‍ ലജ്ജിക്കട്ടെ..."

Tuesday, July 21, 2009

ഞാനൊരു മരണം കാത്തിരിക്കുന്നു

ഞാനൊരു മരണം കാത്തിരിക്കുകയാണ്.. ഒന്നുകില്‍ അവള്‍ മരിക്കും; ഇല്ലെങ്കില്‍ അയാള്‍ അവളെ കൊല്ലും.. രണ്ടും സംഭവിക്കരുതെന്ന് അങ്ങേയറ്റം ആഗ്രഹിക്കുമ്പൊഴും അപ്രതീക്ഷിതമായത്തുന്ന ഓരോ ഫോണ്‍ കോളിലും ഞാനൊരു മരണത്തിന്റെ ചിറകടി കേള്‍ക്കുന്നു..എനിക്കൊപ്പം മനമുരുകി മറ്റു ചിലരും...

ഈ നാളില്‍ ഈ മുഹൂര്‍ത്തത്തില്‍ നീ ഇവനെ സ്നേഹിച്ചു തുടങ്ങണം ... വീട്ടുകാര്‍ കണ്ടെത്തുന്ന വരനു മുന്നില്‍ താലിചാര്‍ത്താന്‍ തലകുനിക്കും മുമ്പ് ഓരോ പെണ്ണിനു മുന്നിലും മറുവാക്കുകളില്ലാതെ വെക്കപ്പെടുന്ന അജണ്ടയാണിത്.. തിരിച്ച് ആണിനു മുന്നിലും ഇത് അവതരിപ്പിക്കപ്പെടുന്നുവൊ എന്ന് എനിക്കത്ര തീര്‍ച്ചയില്ല... ഒത്തു തീര്‍പ്പുകള്‍ പെണ്ണിനു പറഞ്ഞിട്ടുള്ളതാണല്ലൊ.. അതു സ്നേഹത്തിന്റെ കാര്യത്തിലായാലും..

ഞാന്‍ പെണ്‍‌വാദിയല്ല.. ഇത് വെറും മനുഷ്യത്വത്തിന്റെ പേരിലെ ജല്പനങ്ങള്‍ മാത്രം..
അവളും അവനും ആരെന്നതല്ല പ്രശ്നം.. ഒരു പെണ്ണിന് എത്രത്തോളം ഒരു ആണിനു മുന്നില്‍ താഴാനൊക്കും.. തല്ലിചതച്ച് ശരീരം മുഴുവന്‍ മുറിവും ചതവുമാകുമ്പൊഴും വീണ്ടുമൊരു തല്ലിനും തള്ളിനും കാത്തുനില്‍ക്കുമൊ, അത് ഭാര്യയായാലും..

വെള്ളം കൊടുത്ത ഗ്ലാസില്‍ കണ്ട ഒരു കൈപ്പാടിന്, വാതിലടക്കുമ്പോള്‍ സംഭവിക്കുന്ന ഒരു കുഞ്ഞു ശബ്ദത്തിന്.. ഉറക്കത്തില്‍ മേലൊന്നു തൊട്ടു പോയതിന്.. എന്തിന് അനവസരത്തില്‍ അറിയാതൊന്നു തുമ്മിപോയതിന് ഇതൊക്കെയാണ് ശിക്ഷാവിധിക്ക് കാരണങ്ങള്‍ എങ്കിലൊ.. എന്നിട്ടും നാളെ നാളെ നീളേ നീളേ കാത്തിരിക്കാന്‍ കഴിയുന്ന പെണ്ണുങ്ങള്‍‍ ഈ കാലത്തമുണ്ടാകുമൊ..?

"അടയ്ക്കയാവും കാലം മടിയില്‍ വെക്കാം കവുങ്ങാവും കാലം".. അച്ഛനെയും അമ്മയെയും പോലും വകവെക്കാത്ത, അവരെ പോലും തല്ലിചതക്കുന്ന ഒരാളില്‍ നിന്ന് ഭാര്യയെങ്ങിനെ സ്നേഹം പ്രതീക്ഷിക്കും അല്ലെ.. മകനെ നന്നാക്കാന്‍ അവര്‍ തന്നെയാണല്ലൊ അവളെ കണ്ടുപിടിച്ചതും.. കണ്ടകശനിയുടെയും കഷ്ടകാലത്തിന്റെയും പേരില്‍ കാത്തിരിക്കാന്‍ അവളെ ഉപദേശിക്കുന്നതും കാലുപിടിക്കുന്നതും..

കല്ല്യാണം കഴിയുന്നതോടെ സ്വന്തം വീട്ടില്‍ പോലും പലരും ഒരു ഭാരമാവുന്നു.. അതിനു മുമ്പും ഭാരമായതോണ്ടാണല്ലൊ കെട്ടിച്ചു വിട്ട് കടമ തീര്‍ക്കുന്നത്.. അവളുടെ വീട്ടില്‍ പോലും ഒരു താങ്ങുനല്‍കാന്‍ ആരുമില്ലാതെ.. ക്ഷമിക്കാനും സഹിക്കാനും മാത്രം പറയുമ്പോള്‍ എത്ര നാള്‍.. ഈ കഥയിലെ കഥാപാത്രങ്ങള്‍ സംസ്കാരമില്ലാത്തവര്‍ എന്ന് സമൂഹം എഴുതിതള്ളിയവരല്ല.. വിദ്യാസമ്പന്നരും ജോലിക്കാരുമായവര്‍..

ഇതെല്ലാം എത്രയൊ തവണ കേട്ട കഥകള്‍.. പക്ഷെ എന്നെ അത്ഭുതപെടുത്തുന്നത് ഇതൊന്നുമല്ല.. ഇത്രയൊക്കെയായിട്ടും അവള്‍ അവനെ സ്നേഹിക്കുന്നെന്നതാണ്.. ഒരു പിരിച്ചെഴുത്തിനെ കുറിച്ച് അവള്‍ക്ക് ആലോചിക്കാനാവുന്നില്ല.. എത്രമാത്രം അയാള്‍ അവളെ ദ്രോഹിക്കുന്നൊ അതിനുമിരട്ടിയായി സ്നേഹിക്കാനാണ് അവളുടെ ശ്രമങ്ങള്‍ .. ഇറങ്ങിപോവാനുള്ള അവന്റെ നിര്‍ബന്ധങ്ങള്‍ പേടിച്ച് സ്വന്തം വീട്ടില്‍ പോലും പോവാതെ.. അത്രമേല്‍ ഒരാള്‍ക്ക് മറ്റൊരാളെ സ്നേഹിക്കാനാവുമൊ.. തല്ലിയാലും കൊന്നാലും നാളെയൊരു നാള്‍ അവനവളെ സ്നേഹിക്കാന്‍ തുടങ്ങുമെന്ന വിശ്വാസത്തില്‍..

അറിയില്ല, ആര്‍ക്കാണ് പിഴക്കുന്നത് എനിക്കൊ അതൊ അവള്‍ക്കൊ..

Monday, July 6, 2009

ചുമ്മാ... ചുമ്മാ..

"എന്തെ"

"ചുമ്മാ"

"ഉമ്മ?"

"വേണേല്‍ തരാം..."

" അയ്യെ ഞാന്‍ ആ കൂട്ടത്തില്‍ അല്ല.. "

എന്തൊ ഈ അയ്യ്യെ എന്നു പറഞ്ഞ ഉമ്മയെ എനിക്ക് ഇഷ്ടമാണ്... എന്റെ മനസ്സിലെ സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണത്.. ഞാനതില്‍ നിന്ന് തിരിച്ച് പ്രതീക്ഷിക്കുന്നതും അതു തന്നെ.. എന്നിട്ടും ആരൊക്കെയൊ ചുമ്മാ തട്ടിക്കളിക്കുന്ന ഉമ്മകളേ കാണുമ്പോള്‍ ഉള്ളിലെവിടെയൊ ഒരു വിങ്ങല്‍...

അച്ഛനും അമ്മയും എന്നെ ഉമ്മവെച്ചത് ഓര്‍മ്മയില്ലെനിക്ക്.. മക്കള്‍ ഉണ്ടാവുന്നത് തന്നെ നാണക്കേടാവുന്ന പ്രായത്തില്‍ കാലായകുരുടായി പിറന്നതുകൊണ്ടാവാം.. കോളേജില്‍ പഠിക്കുമ്പോള്‍ പോലും കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ഓപ്പോളുടെ കയ്യില്‍ നിന്ന് ഇഷ്ടം പോലെ തല്ലുവാങ്ങികെട്ടുമായിരുന്നു.. എന്നാല്‍ രാത്രി ഉറങ്ങും മുമ്പ് ഓപ്പോള്‍ വന്ന് തൊട്ടുതലോടി ഒരുമ്മ തരും.. ഞാന്‍ ഉറങ്ങും പോലെ കിടക്കും.. എത്ര വൈകിയാലും എനിക്ക് കിട്ടാനുള്ളത് കിട്ടാതെ ഞാന്‍ ഉറങ്ങുമായിരുന്നില്ല..എന്തുകൊണ്ടാണെന്നറിയില്ല ഇപ്പോള്‍ ഓപ്പോള്‍ എനിക്ക് ഉമ്മതരാറില്ല.. ഒരുപാട് വലുതായി പോയതോണ്ടാവാം..

മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ഉമ്മയെ കുറിച്ച് പറയാമൊ? വെറുതെ ഒരു തമാശക്ക് ചോദിച്ചതാ, ഉത്തരം കിട്ടില്ലെന്ന ഉറപ്പില്‍ തന്നെ..

"എനിക്കൊ.. എന്നെ ആരെലും ഉമ്മവെച്ചതെ ഓര്‍മ്മയില്ല.. ആ ആ ഓര്‍ക്കുന്നു.. അടുത്ത വീട്ടില്‍ ആന്റി അമേരിക്കക്കു പോവും മുമ്പ് എന്നെ ഉമ്മവെച്ചിരുന്നു"...ആ പറച്ചിലില്‍ നിന്നെ മനസ്സിലാക്കാം പറയാതെ ബാക്കി വെച്ചതെന്തെന്ന്..

മറ്റൊരാള്‍ തുറന്നു പറയുന്നു..

"അതെന്റെ സ്വകാര്യസന്തോഷമാണ്"

കിട്ടാതെ പോയ ഒരുമ്മയെ കുറിച്ചാണ് മറ്റൊരാളുടെ സങ്കടം...അത് ഞങ്ങളുടെ യാത്ര പറച്ചിലിന്റെ ദിവസമായിരുന്നു.... നേത്രാവതി എക്സ്പ്രെസ്സിന്റെ വാതിലിനരികില്‍ ഞാന്‍ കാത്തു നിന്നത് അവനു വേണ്ടിയായിരുന്നു.. അവന്‍ വരാതിരിക്കില്ല.. വണ്ടി വിടും മുമ്പ് തന്നെ അവന്‍ വന്നു.. പുറത്ത് ആരും ശ്രദ്ധിക്കുന്നില്ല എന്ന് വിശ്വാസത്തില്‍ അവന്‍.. കാരണം അത് അവന്റെ നാടായിരുന്നു.. സിഗ്നല്‍ വീണപ്പോള്‍ വല്ലാത്തൊരു പിടപ്പ്.. പെട്ടന്ന് അവന്‍ ചാടി കയറി... എനിക്ക് പുറകില്‍ ആരുടെയൊ ചലനം.. ആരെന്ന് നോക്കാനായി ഞാന്‍ തിരിഞ്ഞു..

"എസ്ക്യൂസ് മീ"

"യെസ്"

അയാള്‍ക്ക് വാതിലിലൂടെ പുറത്തേക്ക് ഒന്നു നോക്കണം.. വണ്ടിക്ക് അനക്കം വെച്ചിരിക്കുന്നു.. കേറിയ അതേ വേഗത്തില്‍ അവന്‍ ഇറങ്ങി പോയി... പലപ്പൊഴും അവനോട് ചോദിച്ചു നീ എന്തിനാ അന്നു ചാടികയറിയതെന്ന്..അവനൊന്നും പറഞ്ഞില്ല...പക്ഷെ എന്തിനെന്നതിന് അവള്‍ക്ക് സംശയമില്ലായിരുന്നു..

എന്റെ മൊബൈലിലെ ഇന്‍ബോക്സില്‍ തപ്പി എന്റെ കൂട്ടുകാരന്‍ സംശയത്തോടെ ഒരു മെസേജ് നീട്ടി..

"ഇതാരാ.."

"എന്തു പറ്റി.. ആ മെസേജിനെന്താ കുഴപ്പം.."

സ്ക്രോള്‍ ചെയ്ത് താഴെയെത്തുമ്പോള്‍ ദേ കിടക്കുന്നു ഒരു ഉമ്മ... ആ ഉമ്മയാണ് അവന്റെ പുരികകൊടികളെ സംശയത്തിന്റെ അമ്പെയ്യാന്‍ പ്രേരിപ്പിച്ചത്... എന്തൊക്കെ പറഞ്ഞിട്ടും അതൊരു പെണ്ണിന്റയാണെന്ന് അവന്‍ സമ്മതിച്ചു തരുന്നില്ല.. അഥവാ ഒരു ആണിന്റെയെങ്കില്‍ തന്നെ എന്താ കുഴപ്പം.. എല്ലാ ഉമ്മകളും പ്രശ്നകാരിയാണെന്ന് കരുതാന്‍ ആരാവാം അവനെ പഠിപ്പിച്ചത്....

കല്ല്യാണം കഴിഞ്ഞു പോവുന്ന പെങ്ങള്‍ക്ക് ഇച്ചായന്റെ വക ഒരു ഉമ്മ.. അച്ഛന്റെ മരണശേഷം ആ സ്ഥാനം കൂടി അവനായിരുന്നു.. കണ്ടു നിന്നവരുടെ കണ്ണിലും കണ്ണീര് പൊടിയുന്നു.. പക്ഷെ ഒരു കൊച്ചു കുട്ടി ഉറക്കെ വിളിച്ചു കൂവുന്നു..

"അയ്യ്യെ...ദേ ആ ചേട്ടന്‍ ചേച്ചിയെ ഉമ്മവെച്ചു"

കള്ളമില്ലെന്ന് നമ്മള്‍ പറയുന്ന പിള്ളമനസ്സില്‍ ഉമ്മയെ അശ്ലീലമാക്കിയത് എന്താവാം..

കാലങ്ങള്‍ കൂടി കാണുമ്പോള്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ... അതിന്റെ ഊഷ്മളത എത്ര മാത്രമെന്ന് അനുഭവിച്ചറിയണം.. വര്‍ഷങ്ങളുടെ അകലം തീര്‍ത്ത മതിലുകള്‍ ഇടിഞ്ഞു വീഴുന്നതും .. എന്നാലും ചിലരുടെയെങ്കിലും ജീവിതരീതിയുടെ ഭാഗമായി തീര്‍ന്ന കെട്ടിപിടുത്തത്തിനും ഉമ്മയ്ക്കും ജീവന്‍ നഷ്ടപ്പെട്ടു പോവുന്നില്ലെ..? ഒളിച്ചു പതുങ്ങിയും മാത്രം സ്വന്തമാക്കാന്‍ കൊതിക്കുമ്പോള്‍ വെളിച്ചത്തില്‍ മറ്റാരെയൊ ഭയക്കുന്നതുകൊണ്ടാവാം, നമ്മള്‍ മലയാളികള്‍ ഉമ്മയെ പലപ്പോഴും തീണ്ടാപ്പാടകലെ നിര്‍ത്തിയത്..

എന്റെ വിദ്യാര്‍ത്ഥിയായ്, സഹപാഠിയായ്, സഹപ്രവര്ത്തകനായ്, സുഹൃത്തായ് മാറിയവന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസിയായ്.. മരുഭൂമിയില്‍ നിന്ന് ആദ്യമായ് അയച്ച മെയിലില്‍ നിറയെ നഷ്ടപ്പെട്ട നാടിന്റെ ഓര്‍മ്മകള്‍ ആയിരുന്നു.. അവസാനിച്ചത് കൊച്ചേട്ടന്റെ അനിയത്തിയെ കുറിച്ചുള്ള കുറിപ്പുകളിലും.. അതില്‍ ഇങ്ങനെ ഒരു ഭാഗമുണ്ടായിരുന്നു... ഞാന്‍ പോരാന്‍ നേരം അവളെന്നെ കെട്ടിപിടിച്ച് കരഞ്ഞു.. വലിയ കുട്ടിയായേനു ശേഷം ആദ്യമായാ അവളെനിക്കൊരു ഉമ്മ തന്നത്.. അപ്പോള്‍ ഞാനും കരഞ്ഞു പോയി..

ഫോണിന്റെ മൌത്ത്പീസ് ചുണ്ടോട് ചേര്‍ത്ത് പരിസരത്തെ വായുമുഴുവന്‍ വലിച്ചെടുക്കും മട്ടില്‍ ഒരു ഉമ്മ.. ഹോസ്റ്റല്‍ കോറിഡോറുകളുടെ ഇരുളടഞ്ഞ മൂലകളും ചുമരുകളും ഈ ഉമ്മകള്‍ കിട്ടി കോരിത്തരിക്കുന്നവരാണ്... അപ്പോള്‍ കൊടുക്കുന്ന ആളുടെ കണ്ണുകളിലെ തിളക്കത്തില്‍ നിന്ന്‍ ആ ഉമ്മയുടെ ആഴം വായിച്ചറിയാം.. മറുപുറത്തെന്തെന്ന് അറിയാനാവാത്തതിനാല്‍ വെറും ഊഹത്തില്‍ ഒതുക്കാം..

ഉണ്മയെന്ന വാക്ക് കേട്ടെഴുത്തിന് നല്‍കി ഉമ്മകള്‍ വാരി കൂട്ടുന്ന ടീച്ചറെ കുറിച്ചൊരു കവിതയുണ്ട്... തിരക്കിനിടയില്‍ തലങ്ങും വിലങ്ങും ഓടുന്നതിനിടയില്‍ അറിഞ്ഞൊ അറിയാതെയൊ കിട്ടുന്ന ഉമ്മകള്‍... എന്നാലും പ്രതീക്ഷിക്കാതെ കിട്ടിയ ഉമ്മയുടെ ചൂടില്‍ രണ്ടു ദിവസം പനിച്ചു കിടന്ന കഥ പറയുന്നവളുടെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി.. പിന്നെ പഴയ ഓര്‍മ്മയില്‍ ഓളം തല്ലുന്ന ഒരു ഒരു പൊട്ടിച്ചിരി പതിയെ പതിയെ പെയ്തിറങ്ങുന്നു..

പെണ്ണിനു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ആണിന്റെ ആയുധം കൂടിയായിരുന്നു ഉമ്മകള്‍.. ആള്‍ക്കൂട്ടത്തില്‍ അവളെ അവഹേളിക്കാനും അല്ലെങ്കില്‍ അവളെന്റെയെന്ന് നാലാളേ ബോധിപ്പിക്കാനും ചിലപ്പോള്‍ ആരോടൊ ഉള്ള വാതുവെപ്പിന്റെ ഭാഗമായും അവന്‍ ഉമ്മകളെ തെരുവിലിറക്കി.. ഇടക്കെപ്പൊഴൊ വിലപറഞ്ഞ് കാരാറുറപ്പിച്ച ഉമ്മകളും..

ചുണ്ടുകള്‍ കോര്‍ത്തുവലിച്ച്.. വായുവില്‍ പറന്നു കളിച്ച്.. ഉമ്മകള്‍ രൂപവും ഭാവവും മാറി പുത്തന്‍ പേരുകളുമായി എത്തുന്നു..

നെറുകയില്‍ ആശിര്‍‌വാദത്തിന്റെ, കവിളില്‍ വാത്‌സല്യത്തിന്റെ, ചുണ്ടില്‍ പ്രണയത്തിന്റെ, കയ്യില്‍ ആദരവിന്റെ..... പതിയുന്ന ഇടം നോക്കി ഒരേ ഉമ്മക്ക് വിവിധ സ്ഥാനമാനങ്ങള്‍ നല്‍കിയിരിക്കുന്നു...

കൊതിക്കുന്നുണ്ട് ഞാന്‍ അമ്മയുടെ അടക്കിപ്പിടിച്ച ഒരുമ്മയ്ക്ക്.. ഓപ്പോളുടെ ശിക്ഷക്കു രക്ഷയാവുന്ന ഒളിച്ചുള്ള കുഞ്ഞുമ്മക്ക്.. പ്രണയം വാര്‍ന്നൊഴുകുന്ന ഞെരിച്ചുകൊല്ലുന്ന മറ്റൊന്നിന്...

Wednesday, July 1, 2009

കേമറകൊണ്ട് എന്തു ചെയ്യാം..

കേമറകൊണ്ട് എന്തു ചെയ്യാം..
പടം പിടിക്കാം എന്നാണൊ ഉത്തരം...?

എങ്കില്‍ ഈ കഥ കേള്‍ക്കുക.. ആര്‍ക്കെങ്കിലും എവിടെയെങ്കിലും മുമ്പെങ്ങോ കേട്ടകഥയായി തോന്നുന്നുവെങ്കില്‍ ഒരിക്കല്‍ കൂടി കേട്ടെന്ന്‍ വെച്ചേക്ക് .. അല്ലാതെന്താ ഇപ്പൊ ചെയ്യാ?

ആ അപ്പൊ പറഞ്ഞു വരുന്നത്..

രംഗം ... ഒരു ദീര്‍ഘദൂര തീവണ്ടിയുടെ റിസര്‍‌വേഷന്‍ കമ്പാര്‍ട്ട്മെന്റ്...

സമയം .... നേരം പരപരാ വെളുക്കാന്‍ ഇനിയും ഒരു ഒന്ന് ഒന്നര രണ്ട് മണിക്കൂര്‍..

തീവണ്ടിയുടെ താരാട്ടില്‍ ഉറക്കം ശരിയാവാത്ത ഒരു പെണ്ണ് സുരക്ഷിതസ്ഥാനം തേടി കൈക്കലാക്കിയ മുകളിലെ ബെര്‍ത്തില്‍ നിന്നും താഴെയിറങ്ങുന്നു... എല്ലാരും നല്ല ഉറക്കത്തിലായതിനാല്‍ ഇരിക്കാന്‍ സീറ്റുകള്‍ കുറവ്.. സമയം വെച്ച് എത്തേണ്ടിടത്ത് എത്താന്‍ ഇനിയും ഒരുമണിക്കൂര്‍.. എവിടെയെത്തിയെന്ന് വലിയ പിടികിട്ടാത്തോണ്ടും ഉണര്‍ന്നിരിക്കുന്നവര്‍ ഇല്ലാത്തോണ്ടും പുറത്തെ ഇരുളന്‍ കാഴ്ചകളും അവിടവിടെ തെളിയുന്ന വെളിച്ചത്തില്‍ എവിടെയെത്തിയെന്ന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമവുമായി അങ്ങിനെ ഇരിപ്പാണവള്‍... ഇടക്കെപ്പൊഴൊ വീണുകിട്ടിയ തുണ്ടുവെളിച്ചത്തില്‍ തെളിഞ്ഞത് ഒന്നര മണിക്കൂര്‍ ദൂരത്തിലുള്ള സ്ഥലം..

ഇനി ഒന്നുകില്‍ കേറികിടന്ന് ഒന്നൂടെ ഉറങ്ങാം.. ഉറക്കം നീണ്ട്പോയാല്‍ ഇറങ്ങേണ്ടിടത്ത് ഇറങ്ങിയെന്നു വരില്ലെന്നെള്ളു.. പിന്നെയുള്ള വഴി ഏതേലും സീറ്റിന്റെറ്റത്തിരുന്ന് ചുമ്മാ ഇരുട്ടിലേക്ക് വായ്നോക്കലാ.. പരിചയമുള്ള പ്രൊഫഷന്‍ ആയതോണ്ട് അവള്‍ അതു തന്നെയാവാം ന്ന് തീരുമാനിച്ചു..

പുറത്തോട്ടുള്ള വായ്നോട്ടത്തിനിടയിലെ ഇടവേളയിലെപ്പോഴൊ അകത്തേക്ക് കണ്‍തിരിച്ചപ്പോഴാണ് ഒരുത്തന്‍ കിടന്ന് ഞെരിപിരി കൊള്ളുന്നു.. ദൈവമെ.. ഇവനെന്തു പറ്റി.. ഒരു അത്യാഹിതത്തിനു സാക്ഷിയാവേണ്ടിവരുമൊ എന്നൊക്കെ ചിന്തിച്ച് ആ പെണ്ണങ്ങിനെ അന്തം‌വിട്ട് കുന്തം വിഴുങ്ങും മുമ്പ് അവന്റെ നോട്ടം അവളുടെ മുഖത്ത്... ഒപ്പം ഒരു വെടക്ക് ചിരിയും.. അപ്പൊ അതാണ് കാര്യം ... രാവിലെ കണികണ്ട് ദിവസം കണ്ട് ദിവസം കളയണ്ടന്ന് കരുതി അവള്‍ ഒരു നാല്പത്തിയഞ്ച് ഡിഗ്രി തിരിഞ്ഞ് വായ്നോട്ടത്തിന്റെ ഫോക്കസിങ് മാറ്റി പിടിച്ചു.. ആകെ ഉള്ള ഒരു കാണിയെ നഷ്ടപ്പെട്ട ദു:ഖം കൊണ്ടാവാം ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പം കക്ഷി ഷര്‍ട്ടിന്റെ ബട്ടണ്‍ ഒക്കെ തുറന്നിട്ട് ബാത്ത്റൂമിനു നേരെ മന്ദം മന്ദം..

എന്നാശരി.. ബാഗ് ഒക്കെ എടുത്ത് വെച്ചേക്കാം.. ആ കൊരങ്ങന്‍ വന്നു കിടന്നിട്ട് ആവഴി പോവേണ്ടല്ലൊ എന്ന് വിചാരിച്ച് ആ പെണ്ണ് എല്ലം ഒതുക്കി വാതിലിനരികില്‍ എത്തിച്ച് പഴയ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചു...

ഇനിയാണ് ക്ലൈമാക്സ്...

ബാത്ത്റൂമിന്റെ വാതില്‍ പാതി തുറന്ന് അവന്റെ നോട്ടം പുറത്തേക്ക്.. വശപിശകായ നോട്ടത്തില്‍ നിന്നും ഇനിയവന്‍ പ്രദര്‍ശനവസ്തുവാക്കാന്‍ പോവുന്നതെന്തെന്നും വ്യക്തം.. അവിടെയും ഇവിടെയും ഓരൊരുത്തര് തലപൊക്കാന്‍ തുടങ്ങുന്നുണ്ട്.. ഒരു മണിക്കൂര്‍ കൂടി ഇവനെ സഹിക്കുകയും വേണം.. എന്നാ ശരി..

അങ്ങിനെ അക്ഷമയായി അവള്‍ കാത്തിരിക്കുകയാണ് ... അവന്‍ അകത്ത് ഗ്രീന്‍‌റൂമില്‍ തയ്യാറെടുപ്പിലും .. വാതില്‍ തുറന്നതും കാമറയൊന്നു മിന്നി.. ആഞ്ഞടഞ്ഞ വാതില്‍ പിന്നെ തുറന്നു കണ്ടില്ല.. എത്തേണ്ടിടത്ത് എത്തി ഇറങ്ങിപോരുമ്പോഴും വെറുതെ അവള്‍ പ്രതീക്ഷയോടെ നോക്കി.. തുറന്നില്ല..

അപ്പോ ചോദിച്ചതെന്തായിരുന്നു...

കേമറകൊണ്ട് എന്തു ചെയ്യാം...ഒരു മണിക്കൂര്‍ ഒരുത്തനെ ട്രെയിനിലെ ബാത്‌റൂമില്‍ അടച്ചിടാം...

പിന്‍‌കുറിപ്പ്:

യാത്രാവിശേഷങ്ങള്‍ വിളമ്പുന്നതിനിടയില്‍ ഇതു മാത്രം എങ്ങിനെ വിട്ടുകളയാന്‍..

ഒരുത്തിയുടെ പ്രതികരണം ഇങ്ങനെ.. അവനെന്തെങ്കിലും ചെയ്തിരുന്നെങ്കില്‍

ഒരുത്തന്റെയൊ... അഹംങ്കാരി.. അവള്‍ക്ക് അവിടെ കിടന്ന് ഉറങ്ങിയാല്‍ പോരെ.. വെറുതെ കൊച്ചുവെളുപ്പാന്‍ കാലത്ത് എണീറ്റിരുന്നിട്ട് അവനെ വെറുതെ...

ബാക്കി എഴുതണ്ടല്ലൊ.. ഇനി നിങ്ങള്‍ പറ....