രാവിലെ എഴുന്നേറ്റാൽ കിടക്ക മടക്കി വെക്കണമെന്നായിരുന്നു അമ്മയുടെ ചട്ടം.. അല്ലെങ്കിൽ പകുതി ജീവൻ കിടക്കയിൽ ആയിരിക്കുമെന്നും ദിവസം മുഴുവൻ ഉണർവ്വും ഉത്സാഹവുമില്ലാതെ നടക്കുമെന്നുമായിരുന്നു വിശദീകരണം.. കിടക്ക മടക്കിവെപ്പിക്കാൻ അമ്മകണ്ടെത്തിയ വഴിയായിരുന്നിരിക്കാം അത്.. അല്ലെങ്കിൽ അമ്മയോട് അമ്മയുടെ അമ്മ പറഞ്ഞിരുന്നത് അങ്ങിനെയായിരുന്നിരിക്കാം... അതെന്തൊ ആവട്ടെ, വാടകമുറിയിലും അതൊരു ചിട്ടയായി ഞാൻ പിന്തുടരുന്നു.. എങ്കിലും യാത്രകൾ ഒഴിവായ അവധി ദിനങ്ങളിൽ സിനിമയും കറക്കവും ഒന്നും അപഹരിക്കാതെ മുറിക്കുള്ളിൽ ചടഞ്ഞു കൂടാൻ തോന്നുമ്പോൾ ഞാൻ ആ കീഴ്വഴക്കം തെറ്റിക്കുന്നു..
രാവിലെ ഒരു കട്ടനടിച്ച് പത്രപാരായണം നടത്തി ഫാൻ ഫുൾസ്പീഡിലാക്കി ഒരു കിടത്തം.. പുറത്ത് അലച്ചു പെയ്യാൻ മഴകൂടി കൂട്ടിനുണ്ടെങ്കിൽ ബാക്ഗ്രൌണ്ട് മ്യൂസിക് വേറെ വേണ്ട.. അഹങ്കാരം അല്ലാതെന്താ..
അങ്ങിനെ ഒരു ദിനം..
തുടക്കം തലേന്നാൾ വായിച്ചു നിർത്തിയ എംപി കുമാരന്റെ “ദീപ്തിമയി“യിയുടേ രണ്ടാം വായനയിൽ നിന്നായിരുന്നു.. ലൈബ്രറിയിൽ നിന്നും തിരിക്കിനിടയിൽ അധികം തിരയാതെ എടുത്തുകൊണ്ടുപോന്നതായിരുന്നു ദീപ്തിമയിയെ. എന്നാൽ വായന തുടങ്ങിയപ്പോഴാണ് കഥയും കഥാപാത്രങ്ങളും എവിടെയൊ കണ്ടു മറന്നപോലെ. തുടരുംതോറും കൂടുതൽ വ്യക്തമാവാൻ തുടങ്ങി..ഏകദേശം മൂന്നുവർഷങ്ങൾക്ക് മുമ്പ് ഒരേകടൽ എന്ന സിനിമ ഇറങ്ങിയ കാലം.. വാദങ്ങളും വിവാദങ്ങളും മറുവാദങ്ങളുമായി മുന്നേറുന്നതിനിടയിൽ സിനിമക്ക് ആധാരമായ നോവൽ ഒന്നു കിട്ടിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിരുന്നു.. പക്ഷെ അന്ന് കിട്ടാവുന്ന വഴികളികളെല്ലാം നടന്നിട്ടും കയ്യിൽ തടഞ്ഞില്ല. കിട്ടാത്ത മുന്തിരിപോലെ പുളിച്ചു പോയില്ലെങ്കിലും ആ കാര്യം ഞാൻ മറന്നു പോയിരുന്നു.. അപ്രതീക്ഷിതമായി കയ്യിൽ വന്നത് സുനിൽ ഗംഗോപാദ്ധ്യായ എഴുതിയ ഹീരക്ദീപ്തിയുടെ മലയാളം പരിഭാഷയായിരുന്നു..
സിനിമയും നോവലും തമ്മിൽ താരതമ്യപ്പെടുത്തി അന്ന് ഒരുപാട് വായിച്ചിരുന്നു.. പക്ഷെ അതെല്ലാം ഓർമ്മയിൽ നിന്ന് നഷ്ടമായി.. എങ്കിലും സിനിമയേക്കാൾ എനിക്ക് ഇഷ്ടമായത് നോവൽ തന്നെ.. പ്രത്യേകിച്ചും കഥാന്ത്യം.. മക്കളേയും കൂട്ടി തന്റെ പ്രണയനായകനെ കാണാൻ പോവുന്നത് (സിനിമയിൽ) അല്പം കടന്നകയ്യാണെന്ന് തോന്നിയിരുന്നു :).. എന്തായാലും നോവലിൽ അങ്ങിനെയല്ല.. പിന്നെ എന്തായിരിക്കാം സിനിമയിൽ അങ്ങിനെ ഒരു മാറ്റം വന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായതുമില്ല.. നോവലിലെ പല സംഭാഷണങ്ങളും അതുപോലെ തന്നെയായിരുന്നു സിനിമയിലും കടന്നു വന്നത്..
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ “നാരീമികച്ചിടം“ ആയിരുന്നു ദീപ്തിമയിയെ പിന്തുടർന്നത്..
“നാരി മികച്ചിടം
നാഥനില്ലാത്തിടം
നാരങ്ങ പൂത്തിടം
കൂവളം നട്ടിടം”
നശിക്കാനുള്ള ഇടങ്ങളെല്ലാം എണ്ണമിട്ട് പാടുന്നത് അറവുകാരൻ ഉമ്മറാണ്.. സ്വന്തം നിലനിൽപ്പിനായി മകനെ പോലും കുരുതികൊടുക്കുന്ന തമ്പുരാട്ടിയുടെ അറയിൽ ഇത്തവണ സേലത്തുനിന്നുള്ള തോട്ടമുടമയായ ചെട്ടിയാരാണ്.. മുമ്പൊരിക്കൽ അതിഥിയായെത്തിയ ഹനീഫ വന്നത് ഉമ്മറിനോടൊപ്പമായിരുന്നു.. തമ്പുരാട്ടിയുടെ ഭർത്താവ് ചാത്തുക്കുട്ടി നമ്പ്യാരുടെ പുലകുളുയടിയന്തിരത്തിന്റെ വാർഷികാഘോഷങ്ങളുടെ അവസാനത്തെ ചടങ്ങാണത്.. ഒരു രാത്രി മാത്രം നീണ്ടു നിന്ന ദാമ്പത്യത്തിന്റെ ഓർമ്മപുതുക്കാൻ ഓരോ വർഷവും ഓരോരുത്തർ തമ്പുരാട്ടിയുടെ അതിഥിയായെത്തുന്നു.. വരുന്നവരോട് പറയാൻ അവർക്ക് ഒരു ആവശ്യമെ ഉള്ളു
“എന്നെ സന്തോഷിപ്പിക്കണം. നേരം പുലരുന്നതുവരെ നമ്മൾ ഭാര്യാഭർത്താക്കന്മാരാണ്. നേരം പുലരുന്നതുവരെ മാത്രം”
ഇറങ്ങിപോവുന്നവന്റെ അവസാനത്തെ ചോദ്യം ഇങ്ങനെയും
“അടുത്തവർഷം ആരായിരിക്കും അതിഥി”
“ആർക്കറിയാം”. “പക്ഷെ അവൻ അവിവാഹിതനായിരിക്കും. തിരക്കുപിടിക്കാത്തവനായിരിക്കും. ഒന്നും നഷ്ടപ്പെടാത്തവനായിരിക്കും”
“കാവേരിയുടെ പുരുഷൻ” പി സുരേന്ദ്രന്റെ രചനയാണ്.. അയൽനാട്ടുകാരനായതോണ്ടാണൊ എന്നറിയില്ല, അദ്ദേഹത്തിന്റെ കൃതികൾ എനിക്ക് ഇഷ്ടമാണ്.. നദീതടത്തിൽ നിന്നും നദീതടത്തിലേക്കുള്ള യാത്രയാണിതിൽ.. ഒളിച്ചോട്ടത്തിനൊടുവിൽ തിരിച്ചോടുവാൻ പൊറുതി കിട്ടാതെ വിങ്ങുന്ന ആത്മാവിന്റെ രോദനം വേരറ്റു പായുന്ന ഓരോരുത്തരിലും ബാക്കിയാവും.. ആലമ്പാടികളുടെ വഴികളും വൈദ്യവും, നദീതടങ്ങളിലെ ജീവിതവും, പിന്നെ മുറിച്ചിട്ടും മുറിയാതെ നിൽക്കുന്ന പഴങ്കഥകളുടെ ആരവവും ഒരു ശ്വാസം മുട്ടൽ പോലെ ബാക്കി നിൽക്കുന്നു ..