മോളൂ… അപ്രതീക്ഷിതങ്ങളുടെ ആകെ തുകയാണ് ജീവിതമെന്ന് നീ വിശ്വസിക്കുന്നോ? ആണെങ്കില്‍ അതെന്റെ കാര്യത്തില്‍ ഒരിക്കലും ശരിയാവില്ലെന്ന് തോന്നുന്നു. ഞാനിപ്പോള്‍ പ്രതീക്ഷകളിലാണ്. ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുള്ള ഒരു ജീവിതത്തില്‍ എന്ത് പ്രതീക്ഷിക്കാന്‍..ചിരിക്കരുത്.ഒന്നും സംഭവിക്കില്ലെന്നതു തന്നെ ഒരു പ്രതീക്ഷയല്ലെ. ഇന്നലെ നീയെന്റെ കൂടെയായിരുന്നെങ്കില്‍ നിനക്കൊരിക്കലും ഉറങ്ങാനാവില്ലായിരുന്നു. അതെങ്ങനെ.. ചുട്ടുപൊള്ളുന്ന മനസ്സുമായി ഞാന്‍ അരികിലിരിക്കുമ്പോള്‍ നീ എങ്ങിനെ ഉറങ്ങുമല്ലെ. നോക്ക് … ഈ ഇടവപ്പാതിയിലും മാനം ചിരിക്കുന്നു, ഞാന്‍ പിറന്ന മാര്ച്ചില്‍ എന്നപോലെ. ആല്ലെങ്കില്‍ പിന്നെന്തിനായിരിക്കാം, എന്നെ മറന്ന എന്റെ സുഹൃത്ത് അന്നെന്നെ കളിയാക്കിയത്... “ഭൂമി പൊള്ളിക്കുന്ന കൊള്ളിയാനാണു നീ..” ഇന്ന് ഞാന്‍ അറിയുന്നു, അവന്‍ പറഞ്ഞത് ഒരു സത്യമായിരുന്നെന്ന്, പൊള്ളിക്കുന്നത് ഭൂമിയെ അല്ല. ഹൃദയങ്ങളെ ആണെന്ന്, ഇപ്പോള്‍ എന്റെ കട്ടിലില്‍ കിടന്നാല്‍ ആകാശം കാണാം. അവസാനം എനിക്ക് സ്വന്തം ഒരു തുണ്ട് ആകാശം. തുറന്നിട്ട ജനലഴികളിലൂടെ അവരെന്നെ വിളിക്കാറുണ്ട്.ആ അനന്തതയിലേക്ക്.. അപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് എല്ലാവരോടും യാത്രപറയണമെന്ന്. അവര്‍ കളിയാക്കി ചിരിക്കുന്നു. നിനക്കതിന് ആരാണ് ഉള്ളതെന്ന്. ശരിയാണല്ലെ? ഞാന്‍ ആരോടാണ് യാത്രപറയേണ്ടത്? ഓര്‍ക്കുന്നുണ്ടോ നമ്മുടെ ബുദ്ധിജീവി എന്നോട് ചോദിച്ച ചോദ്യം, "കാറ്റുണ്ടാകുന്നത് എങ്ങിനെ എന്നറിയാമോ?" നിനക്കറിയോ? ഇല്ലെടാ എനിക്കുമറിയില്ല. ഞാനൊരിക്കലും ആഗ്രഹിക്കാതെ എന്റെ സമ്മതത്തിനു കാത്തുനില്‍ക്കാതെ കാറ്റടിച്ചുകൊണ്ടിരിക്കയാണ് - വെറും കാറ്റല്ല, "കൊടുങ്കാറ്റ്".ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്നല്ലെ.. അപ്പോള്‍ രണ്ടെണ്ണം കഴിഞ്ഞാല്‍ മൂന്നാമത്തേതിനായി കാത്തിരിക്കാമല്ലെ?ഒരിക്കലും പിഴക്കില്ലെന്ന വിശ്വാസത്തോടെ. നോക്ക്.. എന്റെ മ്യൂസിക് റോഡ്സ് രാത്രിയിലും പാടുന്നു. രാത്രിയാണെന്ന വിചാരമില്ലാതെ. അല്ല, അവള്‍ എന്നെ ഓര്‍ക്കുന്നതാണ്. ആദ്യത്തെ തവണ എന്റെ അവസരം തട്ടിയെടുത്തത് അവളാണല്ലൊ. രണ്ടാമതോ..?
ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു "നിന്റെ ഏറ്റവും വലിയ വീക്ക്നെസ്സ് എന്തെന്ന്?" നിനക്കറിയാമോ? പക്ഷെ...? ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു. ഒരു വെളുത്ത സ്വപ്നം. അതില്‍ നിറയെ കറുത്ത ചിത്രങ്ങള്‍, കറുത്ത റോസാപ്പൂ. കറുത്ത മഴവില്ല്.. പിന്നെ അവരെനിക്ക് എന്താണ് തന്നതെന്ന് അറിയാമോ? കറുത്ത പാലൊഴിച്ച് വെളുത്ത കട്ടന്‍ കാപ്പി..ഹഹഹ..ചിരിച്ചതാരാണ്. ഞാനാണോ? ഹേയ്..അല്ല..നീയാവും. എന്റെ ചിരികള്‍ അവര്‍ വിലക്കുവാങ്ങിയില്ലെ. അവര്‍ എനിക്ക് കണ്ണീര്‍ പകരം തന്നില്ലെ? അല്ല. ഞാന്‍ തന്നെയാവും. കാരണം ഞാനൊന്നു ചിരിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഞാന്‍ എന്റെ താവളം മാറുകയാണ്. ഇനിയെനിക്ക് H2S ന്റെ മണമായിരിക്കും.ഞാന്‍ കുടിക്കുന്നത് HNO3 + H2SO4 in the ratio 2:3 .അതെന്താണെന്നറിയാമോ? Aquaregia അല്ലെ? ജീവിതത്തിന്റെ കണക്കുകള്‍ തെറ്റിയ കൂട്ടത്തില്‍ അതിന്റെ രസതന്ത്രവും മറന്നിരിക്കുന്നു. സ്വര്‍ണ്ണം പോലും അലിയിക്കുമെങ്കില്‍ അതില്‍ മറ്റെന്തും അലിയുമായിരിക്കും അല്ലെ. എന്റെ അഴുകാന്‍ തുടങ്ങിയ മനസ്സും.എന്റെ കണക്കുകള്‍ പിഴക്കുന്നെന്ന് ഞാന്‍ പറയാതെ അറിഞ്ഞ് ഒരാള്‍ ഭദ്രമായി പൊതിഞ്ഞെനിക്കൊരു സമ്മാനം തന്നു. ഒരു കണക്കുകൂട്ടല്‍ യന്ത്രം. ശാസ്ത്രത്തിന്റെ പടികള്‍ തിരക്കിട്ട് കയറുന്ന അവള്‍ എതിരേ ഇറങ്ങി വരുന്ന എനിക്കായ് കാത്തുനിന്നു."ഹിമാലയത്തില്‍ പാചകം നടത്താന്‍ എളുപ്പമല്ല അല്ലെ?"ഒരു നിമിഷം ഞാന്‍ ഓര്‍ത്തു- ഞാന്‍ ഒരു ഭൌതികശാസ്ത്ര ബിരുദധാരിണിയാണല്ലോ? ഭൌതിക ജീവിത്തില്‍ മുഴുകുമ്പോള്‍ നമുക്ക് ഈ ഭൌതിക ശാസ്ത്രത്തെ മറക്കാം ...മറ്റു പലതിനെയും മറന്നപോലെ. നിനക്കറിയാമോ, മറക്കാനുള്ള മരുന്ന് വില്കുന്ന കട.എനിക്ക് അറിയാവുന്നത് ഒരേ ഒരു മരുന്നിനെ കുറിച്ച് മാത്രമാണ്. അത് കഴിച്ചാല്‍ എല്ലാം മറക്കാം. എനിക്ക് പിറകെ വന്നവരെല്ലാം എനിക്ക് മുമ്പേ കടന്നു പോയി. ഒരാള്‍ കൂടി കടന്നു പോവാനുള്ള ഒരുക്കത്തിലാണ്. കൊട്ടും കുരവയും ഒരുക്കാന്‍ തുടങ്ങിയിരിക്കുന്നു. പതിവുപോലെ എന്നെയും തേടി വരും .."നീ വരണം ". വലിയ വായില്‍ ചിരിച്ച് ഞാന്‍ പറയും. "ഞാന്‍ വരും .. വരാതിരിക്കാന്‍ എനിക്കാവുമോ?"..ഹ..ഹ.. ഹ.. വീണ്ടും അതേ ചിരി.നീയാണോ? അല്ല, ഞാന്‍ തന്നെയായിരിക്കാം. ഞാന്‍ ചിരിക്കാന്‍ പഠിച്ചിരിക്കുന്നു, കരഞ്ഞുകൊണ്ട് ചിരിക്കാന്‍. പക്ഷെ ചിരിക്കുമ്പോള്‍ എന്തിനാവാം കണ്ണുകളില്‍ മഴ പെയ്യുന്നത്.ഉടമസ്ഥര്‍ നോക്കാതാവുമ്പോള്‍ അന്യര്‍ ഭൂമി കയ്യേറുന്നത് കണ്ടിട്ടില്ലെ? അങ്ങിനെ എത്തിയ പുതിയ യജമാനന്‍ മാരിലൊരാള്‍ എന്നോട് പറഞ്ഞു."ഇനിയും വൈകിയിട്ടില്ലെന്ന്" അതില്‍ അവര്‍ പറയാതെ പറയുന്നില്ലെ ഒരുപാട് വൈകിപോയെന്ന് . ശരിയാണ്. .. ആമ മുന്നില്‍ കയറുന്നതും സമ്മാനം വാങ്ങുന്നതും നോക്കി മുയല്‍ ഉറക്കം നടിക്കുകയായിരുന്നെന്ന് അവരറിയുന്നില്ലല്ലോ?...ഒട്ടകപക്ഷി തല മണലില്‍ ഒളിപ്പിച്ച് സുരക്ഷിതമാണെന്ന് സ്വയം വിശ്വസിപ്പിക്കുമെന്ന് നമ്മള്‍ എവിടെയോ വായിച്ചിട്ടില്ലെ. അല്ലെങ്കില്‍ പറഞ്ഞു പറഞ്ഞു തേഞ്ഞുപോയ ആ പഴയ തമാശ... "ചായ കുടിക്കാന്‍ ...". ഒരിക്കല്‍ കൂടി ഞാനൊന്ന് ചോദിച്ചോട്ടെ, 'അസ്തമയത്തിന് എത്ര വിനാഴിക കൂടി'. പാര്‍ലമെന്റിനു മുന്നിലെ ഗാന്ധിപ്രതിമക്കു ജീവന്‍ വച്ചാല്‍ എന്തായിരിക്കും ആദ്യം ചെയ്യുക.പാര്‍ലിമെന്റിനു ബോമ്പു വെക്കുക. അതുകൊണ്ടാണല്ലൊ അതൊരു പ്രതിമയായി പോയത്.അതുപോലെ എല്ലാം അറിയുമ്പോഴും ഒന്നും ചെയ്യാനാവാതെ. ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞാല്‍ അതും നുണ. ഞാനിപ്പോള്‍ നിലാവിന്റെ നാട്ടിലേക്കുള്ള വഴി പഠിക്കുകയാണ്. എന്തായാലും എനിക്കവിടെ പോയെ തീരൂ എന്ന് ഞാന്‍ അറിയുന്നു.അപ്പോള്‍ മേഘങ്ങള്ക്കിടയില്‍ വഴിതെറ്റരുതെന്ന് നക്ഷത്രകുട്ടന്‍മാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു രഹസ്യം പറയട്ടെ. ഞാന്‍ അടച്ചിട്ട് കിടന്നുറങ്ങിയ ജനലുകള്‍ ശക്തമായി കാറ്റടിച്ച് അവര്‍ തുറന്നു.പേടിച്ച് കണ്ണൂതുറന്ന ഞാന്‍ എന്താ കണ്ടതെന്നോ, മാനത്തിരുന്ന് അവരെന്നെ കണ്ണടിച്ച് കാണിക്കുന്നു. ഒരു നിമിഷം എനിക്ക് ദേഷ്യം വന്നു. പിന്നെ ഞാന്‍ കൈവിരലുകളാല്‍ മുഖം പൊത്തി ചിരിച്ചു. അപ്പോഴും അവക്കിടയിലൂടെ എനിക്ക് കാണാമായിരുന്നു അവരെന്നെ നോക്കുന്നത്. ദൂരെ പട്ടിക്കാട്ടില്‍ നിന്ന് എന്റെ രാപ്പാടി എഴുതിയിരിക്കുന്നു."നിനക്ക് സുഖമാണോ?.. എനിക്കറിയാം .. you are a free bird...നിന്റെ വാക്കുകള്‍ എന്നെ തേടിയിറങ്ങിയിട്ട് കാലമേറെയായല്ലോ? വഴിമറന്നു പോയതാണോ? നിന്റെ അക്ഷരങ്ങള്‍ക്കിടയിലെ വിടവുകളില്‍ എന്താണ് നീ ഒളിച്ചുവെക്കുന്നത്" ഞാന്‍ അവള്ക്കുവേണ്ടി ഉത്തരം പറയാന്‍ സുഗതകുമാരിയുടെ ദേവദാസിയോട് പറയുന്നു.
തൊഴുതിറങ്ങി കയ്യില്‍ പൂവും പ്രസാദവും
മിഴിയില്‍ തണുപ്പുമായ് പോകുവോരെ
അറിവോരെ ചോദിക്കയാണ് ഞാന്‍
മോഹമുണ്ടറിയുവാന്‍, സൌഖ്യമെമ്മട്ടിരിക്കും
നിനക്കറിയാമോ ഉത്തരം. അറിയുമെങ്കില്‍ എന്നോട് കൂടെ പറയുക. എന്റെ ഏകാന്തതയില്‍ അവള്‍ വിലപിക്കുന്നു. എന്നിട്ട് ഇങ്ങിനെ ചോദിക്കുന്നു. നിന്റെ സമയസൂചി നീ പൊടിച്ച് കടലില്‍ തള്ളീയോ? നിമിഷങ്ങളും ദിവസങ്ങളും മാസങ്ങളുമായി വര്‍ഷങ്ങള്‍ നിന്നിലൂടെ ഓടിയകലുന്നത് നീ അറിയുന്നില്ലെ? എന്റെ തലയിലെ വെള്ളിനൂലുകളായ്, കണ്‍തടങ്ങളിലെ കാക്കകാലുകളായി അവരെന്നില്‍ സ്ഥിരവാസമാക്കാനെത്തിയതവള്‍ കാണുന്നില്ലല്ലോ?എന്ന് ഞാന്‍ ആശ്വസിക്കുന്നു.ഒരേ പുഴയില്‍ രണ്ട് തവണ ഇറങ്ങാനാവില്ലെന്ന് സെന്‍ പറയുന്നു. ഞാന്‍ ഒരേ ജീവിതത്തില്‍ ഒരു പാട് ജീവിതങ്ങള്‍ ജീവിക്കാമെന്ന് ജീവിച്ച് കാണിക്കുന്നു. ഒരു പക്ഷെ അതൊരു തിയറിയായി എന്റെ പേരില്‍ കുട്ടികള്‍ പഠിക്കുമായിരിക്കും - നാളേ. ഗലീലിയോവിനെയും സോക്രട്ടീസിനെയും എഴുതി തള്ളിയ ലോകം പിന്നെ അവരെ വാനോളം പൊക്കിയില്ലെ.നാളെ അതുപോലെ ഞാനും ഒരു വലിയ ശരിയായിരുന്നെന്ന് എല്ലാരും പറയുമായിരിക്കും .അന്ന് പക്ഷെ ഞാനുണ്ടാവില്ലല്ലോ?അല്ലെ. കാരണം എനിക്ക് പോവണം.
മധുരമുരളീ മുഖനാമൊരു യാത്രികന്‍
വരും വിളിക്കും ഞാന്‍ പോവും
വാതില്‍ പൂട്ടാതെ അക്ഷണം
നിന്നോട് വായിക്കാന്‍ പറഞ്ഞിട്ടും നീ വായിക്കാതിരുന്ന ആ കഥയില്ലെ? അനാഥപ്രേതത്തിന്റെ കഥയെഴുതി, അനാഥപ്രേതമായി മോര്‍ച്ചറിയില്‍ കിടന്ന എന്റെ പ്രിയപ്പെട്ട കഥപറച്ചിലുകാരന്‍. രാത്രിപുഷ്പങ്ങളുടെ ചുവപ്പിച്ച ചുണ്ടുകള്ക്കും മൂക്കുതുളക്കുന്ന സുഗന്ധത്തിനു മടിയില്‍ ചായം തേക്കാത്ത മനസ്സുണ്ടെന്ന് ഉറക്കെ പറഞ്ഞവന്‍ .അവനൊരു നാള്‍ 'യാത്രാമൊഴി'യില്‍ എഴുതി. "ആരും ആരോടും പറയേണ്ടാത്ത ഒരു മൊഴിയുണ്ട് - യാത്രാമൊഴി. വേര്‍പ്പാടുകളുടെ നിമിഷങ്ങളില്‍ അനിവാര്യമായ പദക്ഷാമം". അതെ ഞാനുമറിയുന്നു...അമ്പത്താറക്ഷരങ്ങള്‍ - എന്റെ മനസ്സിനെ കടലാസ്സില്‍ പകര്‍ത്താന്‍ മതിയാവുന്നില്ലെന്ന്. അതിനാല്‍ കൂടുതല്‍ അക്ഷരങ്ങള്‍ തേടാന്‍ അടുത്ത ജന്മത്തിനായി കാത്തിരിക്കാം. ഞാനറിയാതെ തുടങ്ങിയ ജീവിതം പോലെ, ഈ അക്ഷരങ്ങളും വെറുതെ വെറുതെ തുടങ്ങിയതാണ്. ഒടുക്കമില്ലാത്ത തുടക്കത്തിനായി തുടക്കത്തിലെ ഞാന്‍ ഒടുക്കത്തെ തേടിയതാണ്. ഇതൊരു ഒടുക്കമാണോ?.. അറിയില്ല... അല്ലെങ്കിലും എനിക്കൊന്നും അറിയില്ലല്ലോ? അതു മാത്രമാണ് എനിക്ക് അറിയുന്നതും.