Wednesday, December 17, 2008

ഉപ്പിലിട്ട ലഡ്ഡുവുണ്ടോ..

ട്രെയിന്‍ യാത്രകളില്‍ നഷ്ടപ്പെടുന്നത് എന്തെന്നറിയാന്‍ ബസ്സ് യാത്രതന്നെ വേണം.. അതും മണിക്കൂറുകള്‍ നീളുന്ന പകല്‍ യാത്ര... ഇതിനു മുമ്പ് എന്നാണ് ഞാന്‍ ഇത്രയും ദൂരം ബസ്സില്‍ യാത്രചെയ്തതെന്ന് ഓര്‍ക്കുന്നില്ല.. കോളേജ് കാലത്തെ സ്റ്റഡിടൂറിനായിരിക്കണം.. പക്ഷെ അതിനു പാട്ടിന്റെയും ബഹളത്തിന്റെയും തീറ്റയുടെയുമൊക്കെ അകമ്പടിയുണ്ടായിരുന്നു.. അതൊന്നുമില്ലാതെ തനിച്ചൊരു യാത്ര.. ഒരേ ഇരുപ്പില്‍ കയ്യും കാലുമൊക്കെ വേദനിച്ച്, നടുവ് കഴച്ച്, അങ്ങിനെ അങ്ങിനെ ..

സാധാരണ നമ്മള്‍ പരിചയിക്കുന്ന സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കുള്ള യാത്ര, അത് എത്ര അടുത്ത സ്ഥലമാണെങ്കിലും, കാഴ്ചക്കു വിരുന്നൊരുക്കാന്‍ എന്തെങ്കിലും ഒക്കെ കാണില്ലെ.. കാലം കുറെ കൂടിയാണ് ഞാന്‍ ഇങ്ങ് തെക്കുതെക്കുനിന്നും അങ്ങ് വടക്കോട്ടേക്കൊരു ബസ്സ് യാത്ര പോയത്.. പരിചിതമായ വഴികള്‍ കഴിയും വരെ വെറുതെ നോക്കിയിരുന്നു.. അതിനപ്പുറം മലപ്പുറം ജില്ലയിലെത്തിയപ്പോഴാണ് വഴിയരികിലെല്ലാം നിറയുന്ന ചില്ല്ഭരണികള്‍ കണ്ണില്‍ പെട്ടത്.. ചിലപ്പോള്‍ ഉപയോഗത്തിന്റെ ആധിക്യം കാരണം തട്ടിയും മുട്ടിയും പോറലുകള്‍ വീണ് സുതാര്യത നഷ്ടമായ പ്ലാസ്റ്റിക് ഭരണികളും. ബെഞ്ചെന്നൊ ഡെസ്കെന്നൊ പറയാനാവാത്ത നാലുമരക്കാലുകളുടെ ഉയര്‍ച്ചയില്‍ താങ്ങിനിര്‍ത്തിയ മരപലകളില്‍ അവ വഴിയരികിലെല്ലാം നിരന്നിരിക്കുന്നു.. കോഴിക്കോട്ടേക്ക് കടന്നപ്പോള്‍ അതൊരു സ്ഥിരം കാഴ്ചയായി.. ലോങ്ങ് റൂട്ട് ബസ്സിന്റെ വേഗതയില്‍ കുപ്പികളിലെ ഉള്ളടക്കം കണ്ടെത്താന്‍ ഇത്തിരി പണിപ്പെട്ടു.. ആവര്‍ത്തനങ്ങളില്‍ ഓരോന്നോരോന്നായി കണ്ടു പിടിച്ചപ്പോള്‍ ഞാനും യുറേക്കാ എന്നു വിളിച്ചാലോന്നു കരുത്തിയതാ.. എനിക്ക് പ്രിയപ്പെട്ട ഉപ്പിലിട്ട നെല്ലിക്ക.. അതില്‍ അല്പം എരുവിനായി നല്ല കാന്താരി മുറിച്ചിട്ടിരുന്നോ എന്നു അത്ര ഉറപ്പില്ല.. അതിലൊരെണ്ണം ഒരു വശത്തെ പല്ലുകള്‍ അമര്‍ത്തി ഒറ്റ കണ്ണടച്ച് ഒരു കഷണം വായിലാക്കണം.. വായില്‍ വെള്ളം വരുന്നില്ലെ.. ആ സ്വാദില്‍ തലയൊന്നു കുടയണം.. ആഹഹാ.. അടിപൊളിയല്ലെ..

നെല്ലിക്ക മാത്രമല്ല, കുഞ്ഞു അരിനെല്ലിക്കകള്‍ ഇളം പച്ചനിറത്തില്‍ മറ്റൊരു ഭരണിയില്‍ കിടപ്പുണ്ട്.. പിന്നെ മുഴുത്ത അമ്പഴങ്ങകള്‍ .. ഇതുമാത്രമല്ല കെട്ടൊ.. ഒരോ വളവിലും തിരിവിലും വായില്‍ കപ്പലോട്ടാനിരിക്കുന്ന വിഭവങ്ങള്‍ക്ക് തികഞ്ഞ വൈവിധ്യമുണ്ട്.. നീളത്തില്‍ കഷണമാക്കിയ മാങ്ങ എല്ലായിടത്തും ഉണ്ടായിരുന്നു.. മറ്റൊന്ന് നീളന്‍ മുളകാണെന്ന് കണ്ടെത്താന്‍ നാലഞ്ചിടത്ത് ശ്രദ്ധിച്ചു നോക്കേണ്ടി വന്നു.. (ഇപ്പൊഴും അത് മുളകുതന്നെയായിരുന്നൊ ന്ന് ഇത്തിരി സംശയം ബാക്കിനില്‍ക്കുണ്ട്).. എന്താണ് സംഭവം എന്നു പിടിതരാതെ നിന്ന വേറൊരാള്‍ ഓമക്കായ തുണ്ടുകള്‍ ആയിരുന്നു. .മുസ്ലിം ലീഗിന്റെ നാടായോണ്ടാണോന്ന് അറിയില്ല പച്ചനിറങ്ങളുടെ സമ്മേളനം തന്നെയായിരുന്നു ഈ ഉപ്പിലിട്ട വകകളില്‍... എന്നാലും ബിജെപിയുടെ സാന്നിധ്യമായി നല്ല ഓറഞ്ചു നിറത്തില്‍ കാരറ്റും വിപ്ലവം ഇവിടെയുമുണ്ടെന്ന് ഉദ്ഘോഷിച്ച് ലോലോലിക്കയും പലയിടത്തും കണ്ടു.. അധികം ആള്‍ സഞ്ചാരം കാണാത്തിടത്തു പോലും എട്ടും പത്തും ഭരണികളില്‍ ഇവ നിറഞ്ഞിരിക്കുന്നു.. ആരാ ഇപ്പൊ ഇതു വാങ്ങാന്‍ വരണെ ന്നു ചിന്തിക്കാനല്ലാതെ കണ്ടുപിടിക്കാന്‍ പറ്റില്ലല്ലൊ.. ഞാന്‍ ഈ പറഞ്ഞ വകകള്‍ മാത്രമല്ല വേറെയും ചിലതു കൂടി ചില്ലുപാളികള്‍ക്കപ്പുറം ഒളിച്ചിരുന്നു.. എന്താന്ന് അറിയാന്‍ ഡ്രൈവെറോട് ഒന്നു നിര്‍ത്താമൊ ന്നു ചോദിച്ചാലോ ന്നു വിചാരിച്ചതുമാ..

വീട്ടില്‍ മാങ്ങാക്കാലമായാല്‍ അമ്മ വലിയ ഭരണികളില്‍ ഉപ്പുമാങ്ങയിടും.. തുണിയിട്ടു മൂടി അടപ്പിനുമുകളില്‍ മണ്ണുപൊത്തി അടുത്ത വര്‍ഷം വരെ അതിനു സുഖനിദ്ര.. മഴക്കാലത്ത് ജലദോഷപ്പനി പടരുംപോള്‍ ഉപ്പുമാങ്ങാ ഭരണി തുറക്കും.. പൊടിയരിക്കഞ്ഞി, ചുട്ടപപ്പടം, ഉപ്പുമാങ്ങ.. നാലുദിവസത്തേക്ക് ഒരേ മെനു.. സ്കൂള്‍ പടിക്കലെ കടലയുമ്മയുടെ കസ്റ്റഡിയിലും ഒരു ഭരണിയുണ്ടായിരുന്നു.. അതിലെ വിഭവം നെല്ലിക്കയായിരുന്നു.. പക്ഷേ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഇത്രയും വൈവിധ്യമാര്‍ന്ന ഉപ്പിലിട്ടതിന്റെ ഭരണികള്‍.. തിന്നില്ലെങ്കിലും കാഴ്ചതന്നെ വായില്‍ വെള്ളം നിറക്കുന്നു.. നിരന്നിരിക്കുന്ന ആ ഭരണികള്‍ ഒരു കാഴ്ചതന്നെയാണ്..
മലബാറുകാരെ.. ഉപ്പിലിട്ട ലഡ്ഡുവുണ്ടോ, ഒരെണ്ണമെടുക്കാന്‍.. !!!

Thursday, December 11, 2008

പേരിന്റെ പൊരുള്‍ തേടി..

അപൂര്‍ണമായ മേല്‍വിലാസത്തില്‍ എന്റെ കയ്യിലെത്തിയ ആ തടിച്ച കവറില്‍ മറ്റൊരു പിരിച്ചെഴുത്താണ് ഞാന്‍ പ്രതീക്ഷിച്ചത്.. പക്ഷെ കേസുനടത്തി തറവാട് കുളം തോണ്ടിയ പഴയ നാറിയ നായര്‍ പാരമ്പര്യത്തിലേക്ക് ഞാനും കക്ഷി ചേര്‍ക്കപ്പെടുകയാണെന്ന തിരിച്ചറിവിനും മുമ്പ്, എന്റെ കണ്ണില്‍ പെട്ടത് വംശാവലിയിലെ വലത്തേയറ്റമായിരുന്നു.. നാലഞ്ചു തലമുറകള്‍‌‍ക്കപ്പുറത്ത് പിരിച്ചുവെക്കാത്ത വാഴത്തടം പോലെ ഒരു പഴയ തറവാട്.. പറക്കമുറ്റി പറന്നുപോയവരില്‍ ആര്‍ക്കൊക്കെയൊ പഴയ വാഴത്തടത്തിലെ മണ്ണില്‍ തനിക്കുള്ള ഒരു പിടിയെ കുറിച്ച് വൈകിയാണെങ്കിലും ബോധമുദിച്ചിരിക്കുന്നു.. എനിക്കും വിത്തെറിഞ്ഞത് ആ മണ്ണിലാണെങ്കിലും അതിന്റെ ഗുണമൊന്നുമില്ലാത്തതിനാലാവാം കാലമേറെയായി അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ട്... കോടതി കാര്യമല്ലെ; ഇങ്ങേയറ്റത്തെ എനിക്കും കിട്ടിയിരിക്കുന്നു മരുമക്കായത്തിന്റെ തിരുശേഷിപ്പായി ഒരു വാറോല..കൂട്ടത്തില്‍ മരിച്ചു മണ്ണടിഞ്ഞ അനേകം ആത്മാക്കള്‍ കൂടി തായ്മരവും ചില്ലകളും ഇലകളുമായി തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്.. അതിലൊരു കണ്ണിയാണ് വലത്തേയറ്റത്ത് നാലക്ഷരങ്ങളില്‍, അവസാനത്തെ അക്ഷരം ആകെ കുഴഞ്ഞു മറിഞ്ഞ് അത്ര വ്യക്തമല്ലാതെ നില്‍ക്കുന്നത്..

അവര്‍ ആരെന്ന് എനിക്കറിയാം ... എന്റെ ഓര്‍മകളില്‍ നല്ലതായ ഓര്‍മകള്‍ ഒന്നും ഉണര്‍ത്താത്ത ചെറിയ മുത്തശ്ശിയമ്മയെന്ന് ഞാന്‍ വിളിച്ചിരുന്ന അമ്മയുടെ ചെറിയമ്മ.. പക്ഷെ എന്നെ ഇപ്പോള്‍ അമ്പരപ്പിക്കുന്നത് അവരുടെ പേരാണ്.. ഇട്ടിമായ... വക്കീലിന്റെ വക്രിച്ചുപോയ അക്ഷരങ്ങളില്‍ അത് ഇട്ടിമായ തന്നെയാണെന്ന് (ഇട്ടിമാളുവല്ലെന്നും) ഉറപ്പുവരുത്താന്‍ ഞാന്‍ കണ്ണുകഴക്കുംവരെ നോക്കിയിരുന്നു..അങ്ങിനെ ഒരു പേര്‍ ആരും പറഞ്ഞു കേട്ടിട്ടില്ല.. ആദ്യമായാണ് ഞാന്‍ ഈ പേര് കേള്‍ക്കുന്നത്.. മുത്തശ്ശിക്ക് അങ്ങിനെ ഒരു പേരുണ്ടായിരുന്നു എന്നത് തന്നെ പുതിയ അറിവ്..അതോ ഒരു പ്രായത്തിനപ്പുറം പേരുകള്‍ക്ക് വലിയ അര്‍ത്ഥമില്ലാതെയാവുമൊ.. .. എന്തൊക്കെയായാലും ഇട്ടിമായ എന്റെ ഉറക്കം കെടുത്തുന്ന ലക്ഷണമാ..

എനിക്ക് മുമ്പും പിന്‍പുമുള്ള ഓരോ തലമുറകളിലെ അംഗങ്ങളുടെ പേരുകള്‍ തന്നെ മുഴുവനായി എനിക്കറിയില്ല.. എന്നാലും വിളിപ്പേരുകളിലെങ്കിലും ഞാനവരെ തിരിച്ചറിയുന്നു.. പക്ഷെ അതിനുമപ്പുറത്തെ ഇലകളെ ഞാനറിയില്ല എന്നു പറയുന്നതാവും ഉചിതം.. പ്രശ്നം എന്റേതു തന്നെയാണ്.. ഒഴിവാക്കാനാവാത്ത കൂട്ടിമുട്ടലുകളില്‍ ഇങ്ങനെയൊരാളുണ്ടോ എന്ന് അടുത്ത തലമുറ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു...

ഇന്ന് ഈ രാവിലും ഞാന്‍ ചോദിച്ചു, നിനക്ക് എവിടെന്നാണ് ഈ ഇട്ടിമാളുവിനെ കിട്ടിയതെന്ന്.. ഒരുവേള നിശബ്ദത നിറയുന്നു .."എനിക്ക് അറിയില്ല .."... വെറുതെ ഒരു മോഹം..ഇട്ടിമായക്കപ്പുറം പടര്ന്നു മറഞ്ഞ വേരുകളില്‍ എവിടെയെങ്കിലും ഒരു ഇട്ടിമാളുവുണ്ടായിരുന്നിരിക്കുമോ.. കാരണവന്മാരോടുള്ള ബഹുമാനം കാണിക്കാന്‍ മക്കള്ക്കും പേരക്കിടാങ്ങള്‍ക്കുമെല്ലാം പഴയ പേരിടുന്നവരുണ്ട്.. കീഴ്വഴക്കം മറന്നുപോയ എന്റെ അച്ഛനമ്മമാര്‍ക്ക് പകരമാവുമോ അവനെന്നെ ഈ പേരുചൊല്ലി വിളിച്ചത്... അങ്ങിനെയെങ്കിലും അവന്‍ ഭാരതപുഴക്കരയിലെ ആലിലകള്‍ എണ്ണിതീര്‍ത്തവനല്ലല്ലോ..ആ കാറ്റൊരിക്കലും അവനെ തലോടി കടന്നു പോയിട്ടില്ലല്ലൊ.. അപ്പോള്‍ ആ പേരു എങ്ങിനെയാവാം അവന്റെ നാവില്‍ വന്നത്..


---------

ആരാണീ ഇട്ടിമാളുവെന്ന് ആരൊക്കെയൊ ചോദിച്ചു.. എനിക്കും അത്ര ഉറപ്പില്ലാത്ത കാര്യം... ഞാനെന്താ പറയാ.. അതെന്തോ ആവട്ടെ.. ഇന്നൊരു കോടതി നോട്ടീസിന്റെ രൂപത്തില്‍ ഞാനും ഇട്ടിയെ തേടുകയാണ്. .. ഏത്‌ കൊമ്പില്‍ ഏത്‌ ചില്ലയില്‍ ഏത്‌ ഇലയായ്‌....