Friday, December 8, 2006

മരണത്തിന്റെ മഹത്‌വചനങ്ങള്‍

"മരണം ആരേയും കാത്തിരിക്കുന്നില്ല"

ചലിക്കാന്‍ മറന്നുപോയ എല്ലിനെ പറിച്ചെറിയാന്‍ പോകും മുമ്പാണ്‌ അവള്‍ അത് പറഞ്ഞത്. നീണ്ട അവധിയില്‍ അവള്‍ യാത്രയാവുന്നതിന്റെ ദുഃഖത്തിലായിരുന്നു ഞങ്ങള്‍. ഒരു പൊടി പ്രണയം കാത്തുവെക്കുന്ന അവനെ നോക്കി അവള്‍ പുഞ്ചിരിക്കാനും മറന്നില്ല. അവളില്‍ നിന്ന് ഉതിര്‍ന്നതും ഞങ്ങള്‍ രേഖപ്പെടുത്തിയതുമായ മരണത്തിന്റെ മഹത്‌വചനങ്ങളിലെ ആദ്യത്തേതായിരുന്നു അത്. അവളുടെ അഭാവത്തില്‍ ഞങ്ങള്‍ ആ വചനത്തെ പലതവണ ഉരുക്കഴിച്ചു. അതിന്റെ അര്ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളും ഞങ്ങള്‍ ചര്‍ച്ചചെയ്തു. തളരുമ്പോള്‍ കവിതകള്‍ ചൊല്ലി കണ്ണടച്ചിരുന്നു.

"ഒരു നാള്‍ മരണം തന്‍ കുഴഞ്ഞനാവാല്‍
എന്‍ പേരും വയസ്സും വിളിച്ചു ചൊല്ലും വരെ"*


"Let us relax with death".പത്താം ക്ലാസ്സും ഗുസ്തിയും കൊണ്ടു കയറിവന്ന ഞങ്ങള്‍ക്കറിയാവുന്നത് "may be sanctioned" മാത്രമാണ്. അത്‌കൊണ്ടു തന്നെ അവള്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഞങ്ങള്‍ മനസ്സിലാക്കിയത് ഏറെ നേരത്തിന്‌ ശേഷവും . സഹപ്രവര്‍ത്തകന്റെ മരണത്തില്‍ അനുശോചിക്കാന്‍ പരേതന്റെ വീട്ടിലേക്കുള്ള യാത്രക്ക് മുമ്പായിരുന്നു അത്. ഒരിക്കലും മരണവീടുകളില്‍ പോവാത്ത അവള്‍ ഞങ്ങള്‍ക്ക് മുമ്പെ സൈഡ് സീറ്റില്‍ കയറിയിരുന്നു. മലയോരഗ്രാമത്തിലേക്കുള്ള ഓരോ വളവിലും തിരിവിലും എന്തോ അന്വേഷിക്കും പോലെ കണ്ണും നട്ടിരിക്കുന്ന അവള്‍ ശരിക്കും ശാന്തമായിരുന്നു. മരണവീട്ടില്‍ കണ്ട ഫോട്ടോഗ്രാഫേഴ്‌സിനേയും വീഡിയോക്കാരേയും നോക്കി അവള്‍ പറഞ്ഞു.

"മരണവും ആഘോഷിക്കാനുള്ളതാണ്, ചിലര്‍ക്കെങ്കിലും ..."

നഷ്ടപ്രണയത്തിന്റെ വ്യഥയില്‍ ലഹരിയുടെ തീരങ്ങള്‍ തേടാന്‍ തുടങ്ങിയവനോടായിരുന്നു അവള്‍ വചനങ്ങളുടെ കെട്ടഴിച്ചത്.

"പ്രണയം മരണമാണ്"

ആര്‍ക്കും മുഖം കൊടുക്കാതെ തലതാഴ്‌ത്തിയിരുന്ന അവന്‍ ഞെട്ടലോടെയാണ്‌ അത് കേട്ടത്. അപ്പോള്‍ അവന്റെ വിടര്‍ന്ന കണ്‍കളില്‍ ലഹരിയുടെ തിരയിളക്കമില്ലായിരുന്നു. അവന്റെ അരികില്‍ ഇരുന്ന് അവള്‍ പതുക്കെ പറഞ്ഞത് ഇങ്ങിനെയായിരുന്നു.

"മരണം മധുരവുമാണ്... പക്ഷെ..."

പകുതിയില്‍ നിന്നുപോയ ഏകവചനവും അതു മാത്രമായിരുന്നു.ഒരു കുമ്പസാരം പോലെ അവന്‍ അവളോട് പലതും പറഞ്ഞ് കൊണ്ടിരുന്നു. ഇടക്കൊക്കെ ഊഴം അവളുടേതുമായിരുന്നു. ഇതിനിടയില്‍ രേഖപ്പെടുത്താതെ പോയ ഒരുപാട് വചനങ്ങള്‍ പിറന്നിരിക്കാം .

എങ്കിലും അവള്‍ക്ക് കൈകൊടുത്ത് നടന്നുപോയ അവനെ പിന്‍വിളിച്ച് അവള്‍ പറഞ്ഞു

"ധീരന്‍മാര്‍ ഒരിക്കലെ മരിക്കാറുള്ളൂ...."

തിരിഞ്ഞു നിന്ന അവന്‍ പുഞ്ചിരിയോടെ കൈവീശി യാത്രയായി.

വീട്ടുകാരോടുള്ള ദേഷ്യം തീര്‍ക്കാന്‍ കല്ല്യാണനാള്‍ മരണകണി നല്‍കിയ കൂട്ടുകാരിയുടെ ചെവിയില്‍ അവള്‍ മന്ത്രിച്ചു.

"മരണത്തിന്റെ ലാഭവും നഷ്ടവും മരിച്ചവര്‍ക്കുമാത്രം"

ആത്മഹത്യയുടെ കാര്യവും കാരണവും തലനാരിഴ കീറി ഞങ്ങള്‍ മുന്നേറവെ അവള്‍ മൌനിയായിരുന്നു. അവസാനം ഏതോ നിശബ്ദതയുടെ നിമിഷത്തില്‍ അവള്‍ പറഞ്ഞു

"മരണം ആശയറ്റവരുടെ ആശയാണ്"

ഞങ്ങള്‍ പരസ്പരം അര്‍ത്ഥമറിയാതെ നോക്കുമ്പോള്‍ അവളുടെ കണ്ണില്‍ കണ്ണീര്‍ തുള്ളികള്‍ ഉറവയെടുക്കുന്നുണ്ടായിരുന്നു. പിന്നെ ആര്‍ക്കും മുഖം കൊടുക്കാതെ ബാത്ത്റൂമില്‍ കയറി വാതിലടക്കുന്നതും പൈപ്പ് മുഴുവന്‍ തുറന്നിടുന്നതും ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തു. ഇടയില്‍ എല്ലാവരുടെയും മനസ്സിലൂടെ കടന്നുപോവുകയും ആരും പറയാതിരിക്കുകയും ചെയ്ത ചില ചോദ്യങ്ങള്‍ ഉണ്ടായിരുന്നു."അവള്‍ അകത്ത് കരയുകയാണോ? ആണെങ്കില്‍ എന്തിന്?"

ആയില്യത്തിന്റെ അഹങ്കാരിയാണ് മരണസ്വപ്നങ്ങളുടെ വിശദീകരണങ്ങളുമായി പ്രഭാതങ്ങള്‍ നിറച്ചിരുന്നത്. പതിഞ്ഞ ശബ്ദത്തില്‍ ഒട്ടൊരു കൊഞ്ചലോടെ അതിങ്ങനെ തുടരുo.

"എന്റെ മരണം ഒരു സര്പ്പദംശനത്തിന്റെ സക്ഷാത്കാരമാണ്. തൊലിപ്പുറത്ത് ഒരു ചെറിയ കുത്തു മാത്രം അവശേഷിപ്പിക്കുന്ന.."

ആവര്ത്തനത്തിന്റെ വിരസതയില്‍ അവള്‍ അടുത്ത വചനത്തിന്‌ പിറവി നല്‍കി.

"Lust for life and thoughts of death are directly proportional"

പിന്നീടേറെക്കാലം മരണം ഞങ്ങള്ക്കിടയില്‍ കടന്നു വന്നില്ല. മനുഷ്യന്റെ തിരക്കുകള്ക്കിടയില്‍ മരണം പോലും മാറി നിന്നതാവാം. മഴക്കാറു നിറഞ്ഞ സന്ധ്യയിലെ അവസാനത്തെ ഫോണ്‍ കാള്‍ ആയിരുന്നു മരണത്തിന്റെ വചനങ്ങളിലേക്കു ഞങ്ങളെ തിരിച്ചു കൊണ്ടുവന്നത്.

"ചിലപ്പോള്‍ മരണവാര്‍ത്തകള്‍ സന്തോഷത്തിന്റേതാവുന്നു"

പിന്നെ രാത്രിയില്‍ പവര്‍കട്ടിന്റെ നേരത്ത് ഇരുട്ടില്‍ ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തില്‍ ഇരുന്നാണ്‌ അവള്‍ ആ കഥ പറഞ്ഞത്. പെങ്ങന്‍മാര്‍ക്ക് വേണ്ടി ജീവിച്ച്, സ്വയം ജീവിക്കാന്‍ മറന്നു പോയ അമ്മാവനെ കുറിച്ച്.അവസാനം ആരോരുമില്ലാതെയായ ജീവിതസായാഹ്നത്തില്‍ ആഹാരത്തിന്‌ വേണ്ടി മരുമക്കളുടെ കനിവിനായി കാത്തിരിക്കേണ്ടി വന്ന അമ്മാവന്റെ ഗതികേടിനെ കുറിച്ച്. ഇരുട്ടില്‍ അവളുടെ മുഖം കാണാത്തതിനാല്‍ അതിലെ ഭാവങ്ങള്‍ ശബ്ദത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ നിന്ന് വരച്ചെടുക്കേണ്ടി വന്നു. വെളിച്ചം ഞങ്ങള്‍ക്കിടയിലേക്ക് എത്തും മുമ്പെ കസേര ഒട്ടൊരു ശബ്ദത്തോടെ മാറ്റിയിട്ട് അവള്‍ അവിടം വിട്ടുപോവുമ്പോള്‍ ഇങ്ങിനെ കൂട്ടുച്ചേര്‍ത്തു.

"മരണം ഒരേ സമയം മറവിയും ഓര്‍മ്മയുമാണ്"

മിനുറ്റുകള്ക്ക് ശേഷം നിയോണ്‍ ബള്‍ബിന്റെ വെളിച്ചത്തില്‍ ഷക്കലക്ക ബേബിയായി ചുവടുവെച്ച് അത്താഴത്തിന് വിളിക്കാന്‍ വന്നപ്പോള്‍, ഞങ്ങള്‍ വെറുതെ സംശയിച്ചു. ഇവള്‍ തന്നെയാണോ കുറച്ച് മുമ്പു വരെ ഇവിടെയിരുന്ന്.....

സിരകളില്‍ മെര്ക്കുറി കുത്തിവെച്ച് മരണത്തിലേക്ക് നടന്നുപോയവരെ കുറിച്ച് വായിച്ചാണ്‌ അവള്‍ അടുത്ത വചനം നല്കിയത് .

"Ways to death are yet to be explored"

എന്നിട്ട് അവള്‍ ഹോസ്റ്റെലിലെ വിവിധ മുറികളില്‍ BPharm Students നേയും Chemistry ക്കാരേയും തേടിയിറങ്ങി, മെര്‍ക്കുറിയും മരണവും തമ്മില്‍ ഒരു നേര്‍രേഖ വരച്ചെടുക്കാന്‍ . അതിന്റെ തുടര്‍ച്ചയെന്നോണമാണ്‌ സുമുഖനും സുന്ദരനും സര്‍വ്വോപരി സുന്ദരിമാരുടെ നോട്ടപ്പുള്ളിയുമായിരുന്ന യുവ അനസ്തേഷ്യസ്റ്റ് ജീവിതത്തിന്‌ എന്നെന്നേക്കുമായി അനസ്തേഷ്യ കൊടുത്തത്. തുടരെ തുടരെ എത്തുന്ന മരണ വാര്‍ത്തകള്‍ അവളെ ഞെട്ടിച്ചെന്നു തോന്നുന്നു. എങ്കിലും അവള്‍ പറഞ്ഞത് ഇങ്ങിനെയായിരുന്നു.

" മരണം ഉറക്കമാണ്... ഒരിക്കലും ഉണരാത്ത ഉറക്കം .."

മരണത്തെ കുറിച്ചുള്ള ടാക്ക്ഷോയില്‍ മോഡെറേറ്റര്‍ ആയി അവള്‍ കയറിയപ്പോള്‍ ഞങ്ങള്‍ ഏറെ സന്തോഷിച്ചു. കാരണം മരണത്തെ കുറിച്ച് ആധികാരികമായി പറയാന്‍ അവളല്ലാതെ വേറെ ആരാണുള്ളത്. പക്ഷെ തികഞ്ഞ നിഷ് പക്ഷതയോടെ വെറുമൊരു മോഡെറേറ്റര്‍ മാത്രമായി നിലകൊണ്ടപ്പോള്‍ എല്ലാവരുടേയും പ്രതീക്ഷകള്‍ താളം തെറ്റുകയായിരുന്നു.ഞങ്ങളുടെ പ്രതികരണത്തിന്‌ അവളുടെ മറുപടി പറഞ്ഞു.

"എന്റെ മരണം അതെന്റേത് മാത്രം "

നാള്‍വഴിയില്‍ നിന്നു പേരു വെട്ടാതിരിക്കാനെന്ന് പറഞ്ഞ് വല്ലപ്പോഴും വീട്ടില്‍ പോയിരുന്ന അവളുടെ തുടരെയുള്ള നാട്ടില്‍ പോക്ക് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടപ്പോഴേക്കും ഏറെ വൈകിയിരുന്നു. അതിനൊരു വരണമാല്യത്തിന്റെ പിന്ബലമുണ്ടോ എന്നറിയാനാണ്‌ ഞങ്ങള്‍ അവളേ വഴിയില്‍ തടഞ്ഞു വെച്ചത്. കളിയാക്കലുകള്‍ക്ക് അവളുടേ സ്ഥിരം പുച്ഛം നിറഞ്ഞ പുഞ്ചിരി നല്‍കി നടന്നകലും മുമ്പ്.. ..

"ഓരോരുത്തരും സ്വതന്ത്രരാവുന്നത് അമ്മയുടെ മരണത്തോടെയാണ്"

ഞങ്ങള്‍ അനങ്ങാതെ നില്‍ക്കുമ്പോള്‍ അവള്‍ പടികള്‍ കേറി മുറിയില്‍ എത്തിയിരുന്നു. ആരും ഒന്നും മിണ്ടാതെ പരസ്പരം നോക്കി നിന്നു. ഒട്ടു നേരത്തിന്‌ ശേഷം അരുതാത്തതെന്തോ സംഭവിച്ചതിന്റെ കുറ്റബോധത്തോടെ ഞങ്ങള്‍ അവളുടെ മുറിയിലെത്തി. വെളുത്ത വിരിയിട്ട കിടക്കയില്‍ വെളുത്ത ഉടുപ്പുമിട്ട് ജനലിലൂടെ നക്ഷത്രങ്ങളെ നോക്കി കിടക്കുകയായിരുന്നു.

ഞങ്ങളെ കണ്ട് അവള്‍ പറഞ്ഞു. "വല്ലാത്ത തലവേദന.. നല്ല തിരക്കായിരുന്നു ട്രെയിനില്‍ ..."

ഞങ്ങളുടെ മൌനം കണ്ടാവാം അവള്‍ ഓരോരുത്തരോടെയും മുഖത്ത് മാറി മാറി നോക്കി. ഏന്നിട്ട് തെല്ലൊരു അത്ഭുതത്തോടെ ചോദിച്ചു.

"എന്തു പറ്റി എല്ലാര്‍ക്കും ?"

അവള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..അവള്‍ മാത്രം . എന്തെങ്കിലും തിരിച്ചു ചോദിക്കനുള്ള ധൈര്യം ഞങ്ങള്ക്ക് നഷ്ടമായിരുന്നു. . പക്ഷെ പതിവിന്‌ വിപരീതമായി അവളുടെ വാക്കുകളില്‍ ഒരിക്കല്‍ പോലും മരണം കടന്നുവന്നില്ല.

ഏറെ വൈകി ഞങ്ങള്‍ പോരുമ്പോള്‍ അവള്‍ പറഞ്ഞു...

കതകടച്ചേക്ക്.. ഉറക്കം വരുന്നു...""

പിന്നെ പ്രഭാതത്തില്‍ ചുരുട്ടി പിടിച്ച വിരലുകള്‍ക്കിടയില്‍ അവള്‍ അവസാനത്തെ വചനം കാത്തുവെച്ചു.

"മരണം ഒരു മറുപടിയാണ്".

17 comments:

ഇട്ടിമാളു അഗ്നിമിത്ര said...

സ്വച്ഛമായ ഉറക്കത്തില്‍ പോലും ..മരണത്തിന്റെ നിഴല്‍ കാണുന്നവര്‍ക്ക്....

Unknown said...

ഇട്ടിമാളൂ,
നന്നായിട്ടുണ്ട്. ആസ്വദിച്ച് വായിച്ചു.

അമ്മ മരിക്കുമ്പോഴാണ് നാമെല്ലാം യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാവുന്നത് എന്ന വാചകം ചിന്തിപ്പിക്കുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

ദില്‍ബാസുരാ...
മരണം ചിലര്‍ക്ക് ആസ്വദിക്കാനുള്ളാതാണ്...

ഇട്ടിമാളു അഗ്നിമിത്ര said...

ബൂലോകത്ത് പ്രണയം പൂത്തുലയുമ്പോള്‍ എന്റെ "മരണത്തിന്റെ മഹത്‌വചനങ്ങള്‍ വീണ്ടും "....

Peelikkutty!!!!! said...
This comment has been removed by a blog administrator.
Peelikkutty!!!!! said...

മരണത്തെപ്പറ്റി ഇട്ടിമാളൂന് ഒരുപാട് അറിയാലോ!..മരണത്തെക്കുറിച്ചറിയാന്‍ മരിച്ച അനുഭവം വേണ്ട ല്ലേ:)


ഇട്ടിമാളൂ,നല്ല സുഖമുള്ള വായന.

സു | Su said...

മരണം ഉലക്കയാണ്. മറ്റുള്ളവര്‍ക്ക് ഇടികൊടുക്കാന്‍ വന്നിട്ട് പോകുന്ന ഉലക്ക.

ഡാലി said...

“മരണം ഒലക്കേടെ മൂടാണ്, തേങ്ങാകൊലയാണ്, പഞ്ചാര പായസമാണ്”

ഹും! ഒരു വേറിട്ട ചിന്താക്കാരി. ഇന്നത്തോടെ നിര്‍ത്തിയേക്കണം ഈ മരണവും പ്രണയവും. ഇനി ഇതു രണ്ടും എഴുതിയാല്‍...ശുട്ടിടുവേന്‍.

സൂചന, സൂചന മാത്രം
സൂചന്‍ കണ്ടു പഠിച്ചില്ലെങ്കില്‍
തകര്‍ക്കും ഞങ്ങള്‍ കാട്ടായം!
(കൂരുമാന്റെ പോസ്റ്റിന്റെ ഹാങ് ഓവര്‍)
പക്ഷേ പറഞ്ഞത് കാര്യമാന് കേട്ടോ ഇട്ടീസ്.

(ആള്‍ക്കാരൊക്കെ വാളും കുന്തവുമായി എന്നെ തന്നെയല്ലേ നോക്കണേ. മാളോ അപ്പോ പറഞ്ഞപോലെ. പിന്നെ കാണം. ഞാന്‍ വണ്ടി വിടട്ടേ)

മുസാഫിര്‍ said...

ഇതു ഇങ്ങിനെയല്ലാതെ എങ്ങിനെ അവസാനിപ്പിക്കും അല്ലെ ഇട്ടിമാളൂ,എന്നാലും അവള്‍...പാവം,

ഇട്ടിമാളു അഗ്നിമിത്ര said...

പീലികുട്ട്യെ.. ചിലതങ്ങിനെ ആണ്... ഒരുപാട് അറിയുമ്പോള്‍ ഒന്നും ആറിയണ്ടാരുന്നു എന്നു തോന്നും ..ശരിയല്ലെ?

സൂ... ആ അടി.. അതിത്തിരി കട്ടി തന്നെ അല്ലെ....

ഡാലി.. ആയുധം വെച്ച് കീഴടങ്ങി.. ഇനി മേലാല്‍ നൊ മരണം നൊ പ്രണയം ...

മുസാഫിര്‍.. എനിക്കും വേറേ വഴിയില്ലാരുന്നു...

Anonymous said...

മരണം നിശ്ബദതയാണെന്ന്‌ പറഞ്ഞു പഠിപ്പിച്ചതുകൊണ്ടാവാം..
ഒരു പക്ഷേ..
എല്ലാവരും അതിനെ ഭയക്കുന്നത്‌..
ആര്‍ക്കും നല്‍കാന്‍ കഴിയാത്ത നിര്‍വചനങ്ങളിലൂടെ സഞ്ചരിക്കുന്നത്‌
കൊണ്ടാവാം..അതിന്‌ ഭീതിയുടെ മുഖഛായയും...
എന്തു കൊണ്ട്‌ മരണം ഒരു അനിര്‍വചനീയമായ അനുഭൂതിയാണെന്ന്‌ ചിന്തിച്ചു കൂടാ...
സ്വന്തം..മനസ്‌
ശരീരത്തില്‍ നിന്ന്‌ മോചിക്കപ്പെടുന്ന അവസ്ഥയായി ചിന്തിച്ചുകൂടാ....

ഇട്ടിമാളു...
നന്നായി...
ഓരോ നിര്‍വചനങ്ങളിലും വലിയ വലിയ അര്‍ത്ഥങ്ങള്‍
ഒളിഞ്ഞു കിടക്കുന്നുണ്ട്‌

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by a blog administrator.
ഇട്ടിമാളു അഗ്നിമിത്ര said...

ദ്രൗപതി, സന്തോഷമുണ്ട്‌ ഈ സന്ദര്‍ശനത്തില്‍.. താങ്കളുടെ കവിതകള്‍ പോലെ സുന്ദരമായ കമന്റ്‌.. കാണുന്നതും കണ്ടറിഞ്ഞതും ജീവിതത്തിനും മരണത്തിനുമിടയിലെ പിടച്ചിലുകള്‍ മാത്രമല്ലേ??? എന്തൊക്കെ പറഞ്ഞാലും മരണമെന്ന പ്രതിഭാസത്തെ എനിക്കിഷ്ടമാ... മനുഷ്യനെ ഇത്രമാത്രം മുള്‍മുനയില്‍ നിര്‍ത്താന്‍ മറ്റൊന്നിനുമാകില്ലല്ലോ

കുറുമാന്‍ said...

ഇട്ടിമാളൂ ഇന്നാണിതു കണ്ടത്. മരണം സത്യമാണ്. ഇന്നല്ലെങ്കില്‍, നാളെ, അതുമല്ലെങ്കില്‍ വേറൊരു ദിവസം. മരണത്തിനെ ഭയപെടുന്നവര്‍ ഭീരുക്കള്‍.

ജനിച്ചവര്‍ ഒരു നാള്‍ എന്തായാലും മരിച്ചേ തീരൂ. ജനനത്തിന്നും, മരണത്തിന്നുമിടയിലുള്ള ഹ്രസ്വമായ ആ കാലം, അതായത് ജീവിതകാലയളവ്,ആസ്വാദകരമാക്കുകയാണു ചെയ്യേണ്ടതെന്ന പക്ഷക്കാരനാണ് ഞാന്‍.

ദൌപതിവര്‍മ്മയുടെ കമന്റും മനോഹരം.

ഇട്ടിമാളു അഗ്നിമിത്ര said...

കുറുമാനെ ... :)

Rajesh Odayanchal said...

മരണം അനശ്വരമായ പ്രണയത്തിന്റെ ആരംഭമാണ്. ഭയപ്പാടില്ല; സ്വാർത്ഥതയില്ല; പിന്നോട്ടുവലിക്കുന്ന മറ്റൊന്നുമില്ല... :( നിത്യസത്യം!!

സുധി അറയ്ക്കൽ said...

മരണത്തെക്കുറിച്ചിത്രയും ഭാഷ്യങ്ങളോ!?!!?