Monday, September 25, 2006

അതിരുകള്‍ 

അതിരുകള്‍

അമ്മയുടെ ഒക്കത്തിരുന്ന് പൂമ്പാറ്റയെ നോക്കി കൈ വീശുമ്പോള്‍, അമ്മ പറഞ്ഞു....
"ദേ...നോക്ക്... അതിരില്‍ നില്‍ക്കുന്ന നീല പൂവ് കണ്ടോ?"

പിന്നെ സര്‍ക്കാര്‍ സ്കൂളിലെ കാലുകള്‍ ആടുന്ന ബഞ്ചിലിരിക്കുമ്പോള്‍, ടീച്ചര്‍ കറുത്ത ബോര്‍ഡില്‍ വെളുത്ത വരകളാല്‍ വരച്ചു..
"കിഴക്ക് സഹ്യാദ്രി, പടിഞ്ഞാറ്‌ അറബിക്കടല്‍ ... അങ്ങിനെ കേരളത്തിന്റെ അതിരുകള്‍ .."
ശേഷം അവ ഭാരതത്തിന്റെ അതിരുകളിലേക്ക് വളര്‍ന്നു.
സ്വാതന്ത്ര്യത്തിന്റെ കലാലയവര്ഷങ്ങളില്‍, പൊളിഞ്ഞു തുടങ്ങിയ മതിലുകളില്‍ കിന്നാരം പറഞ്ഞിരുന്നവര്‍ അതിരുകള്‍ ഇല്ലാത്ത ലോകത്തിന്റെ ആദ്യത്തെ അറിവായി...

ഇന്ന് എന്റെ കയ്യിലെ ഇത്തിരി കുഞ്ഞന്റെ കട്ടകള്‍ ഞെക്കി ഞാന്‍ അതിരുകള്ക്കപ്പുറത്തെ സുഹൃത്തിന്റെ ശ്വാസനിശ്വാസങ്ങളെ പോലും പിടിച്ചെടുക്കുന്നു...

ലോകം മൂടുന്ന വലയിലെ ഏതോ ഒരു കോണിലിരുന്ന്, ഒരു അജ്ഞാതന്‍ അതിരുകള്‍ ഭേദിച്ച് എന്റെ സ്വകാര്യതയിലേക്കു എത്തി നോക്കുന്നു...

അതിരുകള്‍ അവ അലിഞ്ഞ് അലിഞ്ഞ് ഇല്ലതാവുകയാണ്...

"വീണേടം വിഷ്ണുലോകം" അതായിരുന്നു ആദി മനുഷ്യന്റെ ജീവിതം . അന്ന് അവര്‍ അതിരുകളെ കുറിച്ച് ആകുലപ്പെട്ടിരിക്കുമോ? ചിലപ്പോള്‍ ഇങ്ങനെ ചിന്തിച്ചിരിക്കാം - മുകളില്‍ ആകാശം , താഴെ ഭൂമി. ഇന്ന് ഭൂമിയുടെ മുഖത്ത് ചുളിവുകളായി അതിരുകള്‍ നിറഞ്ഞിരിക്കുന്നു. അവ ദേശത്തിന്റെയും ദൈവത്തിന്റെയും പിന്നെ നിറത്തിന്റെയും നിണത്തിന്റെയും പേരില്‍ പടര്‍ന്നു പന്തലിക്കുന്നു.കല്‍മതിലുകള്‍ മുഖം മറക്കാത്ത നാട്ടിന്‍ പുറങ്ങളില്‍ ഒരു പിടി മണ്ണിനുവേണ്ടി അയല്ക്കാരന്റെ അതിരുകള്‍ കയ്യേറും. ഇന്ന് നമ്മുടെ രാജ്യങ്ങളുടെ അതിരുകളില്‍ സംഭവിക്കുന്നതും ഇത് തന്നെയല്ലെ? ദേശാതിര്‍ത്തികളില്‍ ജനിച്ചുവീഴുന്നവരാകാം അതിരുകളുടെ ശെരിയായ വില അറിയുന്നവര്‍. സ്വന്തം സ്വത്വം അപ്പുറമോ ഇപ്പുറമോ എന്ന് തീര്‍ച്ചപ്പെടുത്താനാവാതെ വരുന്ന അവരുടെ ധര്‍മ്മസങ്കടം ആരറിയാന്‍ ..

പ്രണയിനിയുടെ ഒരു നോക്കില്‍ അല്ലെങ്കില്‍ പ്രിയന്റെ ഒരു വാക്കില്‍ ലോകത്തിന്റെ അതിരുകള്‍ വെട്ടിപ്പിടിച്ചെന്ന് അഹങ്കരിച്ചിരുന്നവരാണ്‌ പഴയ തലമുറ. ഇന്ന്, അതൊരു ചുംബനത്തിലോ, ആലിംഗനത്തിലോ എത്തിനില്ക്കുന്നു. അതുകൊണ്ടാണല്ലോ ലംഘിക്കപ്പെടുന്ന അതിരുകളെ കുറിച്ച് പലരും കരഞ്ഞുവിളിക്കുന്നത്. ഇന്നത്തെ തലമുറ ഇങ്ങനെ പ്രതികരിച്ചേക്കാം -
"അതിന്‌ ഞങ്ങള്‍ ഒന്നും ചെയ്തില്ലല്ലോ?"..
പ്രശ്നം പഴയതിന്റെയോ പുതിയതിന്റെയോ അല്ല, അതിരുകള്‍ പുനഃനിര്‍വചിക്കപ്പെടുന്നതിന്റെയാണ്.

കണ്ടില്ലെ, പറഞ്ഞ് പറഞ്ഞ് പറയേണ്ട വിഷയത്തിന്റെ അതിരുകള്‍ പോലും വിട്ടുപോവുന്നു. കുഞ്ഞുടുപ്പിട്ട്, ആദ്യമായി കടല്‍ കാണാന്‍ പോയപ്പോള്‍, കടലിന്റെ അതിരായ് ദൂരെയെതോ തീരം കാണാന്‍ നോക്കി നിന്ന് കണ്ണുവേദനിച്ചത് സുന്ദരമായ ഓര്‍മ്മ. പക്ഷെ, അന്നത്തെ മൂന്നുവയസ്സുകാരിയില്നിന്ന്, ആരൊക്കെയോ വരച്ച് വെച്ച അതിരുകള്‍ക്കിടയില്‍ കിടന്നു ശ്വാസം മുട്ടേണ്ടി വരുന്ന മുപ്പതുകാരിയില്‍ എത്താന്‍ എത്രയോ അതിരുകള്‍ കടക്കേണ്ടി വന്നെന്ന് ഓര്‍ക്കുമ്പോള്‍ ഇങ്ങനെയെഴുതാന്‍ തോന്നുന്നു.

അതിരുകള്‍, അവ എന്നെ നോക്കി പുഞ്ചിരിക്കുകയാണ്
വശ്യമായി, കണ്ണീറുക്കി എന്നെ വിളിക്കുന്നു
ഞാന്‍ അടുക്കുന്തോറും അവ അകന്നുമാറുകയാണ്
പിന്തിരിഞ്ഞു നോക്കുമ്പോള്‍
‍ഞാന്‍ അവക്കു ഏറെ മുന്നിലുമാണ്

6 comments:

പെരിങ്ങോടന്‍ said...

ജീവിതത്തിന്റെ അതിരുകള്‍ തീര്‍ക്കുന്നത് വാക്കുകളാണു്.

ഡാലി said...

ഇട്ടിമാളു, അതിരുകളെ കുറിച്ച് വ്യാകുലപ്പെടുന്നത് അതിരില്ലാത്ത ലോകം സ്വപ്നം കാണുന്നവരാണ്. പക്ഷേ അത് അരാജകവാദികളെന്ന് “അവര്‍“ പറയുന്നു.

ഇത്തിരി കുഞ്ഞന്റെ കട്ടകള്‍ ഞെക്കി അതിരുകള്ക്കപ്പുറത്തെ സുഹൃത്തിന്റെ ശ്വാസനിശ്വാസങ്ങളെ പോലും പിടിച്ചെടുക്കുമ്പോഴും,
ലോകം മൂടുന്ന വലയിലെ ഏതോ ഒരു കോണിലിരുന്ന്, ഒരു അജ്ഞാതന്‍ അതിരുകള്‍ ഭേദിച്ച് എന്റെ സ്വകാര്യതയിലേക്കു എത്തി നോക്കുമ്പോഴും തൊട്ടപ്പുറത്തിരിക്കുന്നത് അന്യനാട്ടുകാരിയാണ് എന്ന ബോധ്യം ഉള്ളിടത്തോളം ഞാന്‍ രാജ്യസ്നേഹി ആണത്രേ!

ഇട്ടിമാളൂന്റെ കുട്ടി തലയില്‍ ഇത്രേം വലിയ ഫിലോസഫികളാ.......

KANNURAN - കണ്ണൂരാന്‍ said...

എല്ലാ അതിരുകളും നിര്‍വ്വചിക്കാന്‍ സാധിക്കില്ലല്ലൊ, അത് തികച്ചും ആപേക്ഷികമല്ലെ? ഇപ്പോഴുള്ള്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും നാളെയുടെ അതിരുകളെന്ന് നിസ്സംശയം പറയാം. എത്ര വേഗത്തിലാണ് പുതിയ പുതിയ സാങ്കേതികവിദ്യകള്‍ നമ്മെ അടിമകളാക്കുന്നത്. കവി പാടിയതുപോലെ അനന്തമജ്ഞാതമവര്‍ണ്ണ്നീയം.....

മുസാഫിര്‍ said...

നല്ല ചിന്തകള്‍ കുട്ടിമാളൂ,
“ദേശാതിര്‍ത്തികളില്‍ ജനിച്ചുവീഴുന്നവരാകാം അതിരുകളുടെ ശെരിയായ വില അറിയുന്നവര്‍. സ്വന്തം സ്വത്വം അപ്പുറമോ ഇപ്പുറമോ എന്ന് തീര്‍ച്ചപ്പെടുത്താനാവാതെ വരുന്ന അവരുടെ ധര്‍മ്മസങ്കടം ആരറിയാന്‍“ ഇതു പ്രത്യേകിച്ചു ഇഷ്ടമായി.ഇങ്ങിനെയുള്ള ചില ആളുകളെ പരിചയപ്പെടാന്‍ ഇടയായിട്ടുണ്ടു.അതു കൊണ്ടു കൂടിയാവണം.

ittimalu said...

രാജ്... വാക്കുകള്‍ തീര്‍ക്കുന്ന അതിരുകള്‍.. ഇത്തിരി കട്ടിആണല്ലെ..

ഡാലീ..ഫിലോസഫി... ഞാനോ.. എനിക്ക് ..എന്താ പറയാ..

കണ്ണൂരാനെ.. നിര്‍വചനങ്ങളും ആപേക്ഷികമാവുമോ..

loute huye musafir.. Pre Degree kku ഞാന്‍ പഠിച്ച ഹിന്ദി പുത്തകം ..നന്ദിയുണ്ട്

Anonymous said...

athirukalillathha oru lokamanu ente swappanam...