ഞാന്‍ വായിച്ചു വളര്‍ന്നത് മാതൃഭൂമിയുടെ തലക്കെട്ടുകളാണ്.. അതുകൊണ്ട് തന്നെ മാതൃഭൂമിയും മനോരമയും ഒരുമിച്ച് കയ്യില്‍ കിട്ടിയാല്‍ പിടിമുറുകുന്നത് മാതൃഭൂമിയില്‍ ആയിരീക്കും.. പക്ഷെ പലതരത്തിലും ഞാന്‍ അടുത്തറിഞ്ഞ പത്രം മനോരമയാണ്.. എന്റെ ജീവിതത്തില്‍ ഞാന്‍ പോലും പ്രതീക്ഷിക്കാത്ത ചില ചലനങ്ങള്‍ സൃഷ്ടിച്ചതൂം..
മനോരമ കുടുംബത്തിലെ കാരണവരായ ശ്രീ കെ എം മാത്യുവിന്റെ ആത്മകഥയാണ് “എട്ടാമത്തെ മോതിരം”.. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ആത്മകഥ എന്നു പറയുന്നതിനേക്കാള്‍ മനോരമകുടുംബത്തിന്റെ കഥ എന്ന് പറയുന്നതാവും നല്ലത്.. ഓര്‍മ്മകളില്‍ നിന്ന് ഓര്‍മ്മകളിലേക്ക് ഒരു മരത്തിന്റെ ഓരോ കൊമ്പും ഇലയും തൊട്ടുകൊണ്ടുള്ള യാത്രയാണിത്.. തിരിച്ച് വീണ്ടും തായ്യ്തടിയിലെത്തി മറ്റൊരു കൊമ്പിലേക്കെന്ന പോലെ.. ഓര്‍മ്മകള്‍ക്ക് നിയതവും നിശ്ചിതവുമായ പാതയില്ലെന്ന് പറയുന്നുവെങ്കിലും വായനയുടെ ഒഴുക്ക് ഒരിക്കലും മുറിയുന്നില്ല.. തലമുറകളില്‍ ആവര്‍ത്തിക്കപ്പെടുന്ന പേരുകള്‍ ചിലപ്പൊഴൊക്കെ “ഇതാരപ്പാ” എന്നൊരു ചോദ്യം മനസ്സിലേക്ക് കൊണ്ടുവന്നുവെന്നത് വേറൊരു കാര്യം.. ശ്രീ കെ എം മാത്യുവിന്റെ പിതാവ് സ്വന്തം പത്നിയുടെ മരണശേഷം, ആ ഓര്‍മ്മക്കായ് മക്കള്‍ക്ക് നല്‍കിയ സ്വത്തായിരുന്നു ഓരോ സ്വര്‍ണ്ണമോതിരങ്ങള്‍.. കെ സി മാമ്മന്‍ മാപ്പിള പത്നിയുടെ ആഭരണങ്ങള്‍ ഉരുക്കിയാണ് ഒമ്പതുപേര്‍ക്കും സ്വര്‍ണ്ണമോതിരങ്ങള്‍ തീര്‍ത്ത് നല്‍കിയത്.. എട്ടാമനായ ശ്രീ കെ എം മാത്യുവിന് കിട്ടിയതാണ് “എട്ടാമത്തെ മോതിരം”.. ആദ്യ അദ്ധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന്റെ പത്നി ശ്രീമതി അന്നമ്മയൂടെ ഓര്‍മ്മക്കായ് അദ്ദേഹം അവരുടെ സ്വര്‍ണ്ണവളകള്‍ ഉരുക്കി നാലുകുരിശുമാലകള്‍ ഉണ്ടാക്കി മക്കള്‍ക്ക് കൊടുത്തത് പുസ്തകത്തിന്റെ അവസാനഭാഗത്തില്‍ പറയൂന്നുണ്ട്.. അമ്മയുടെ ഓര്‍മ്മകളും പ്രാര്‍ത്ഥനയും എന്നു മക്കള്‍ നെഞ്ഞോട് ചേര്‍ത്തു വെക്കാന്‍..
കൃത്യമായി രേഖപ്പെടുത്താത്ത ജനനസമയമുള്ള നഷ്ടജാതകമാണ് ശ്രീ കെ എം മാത്യുവിന്റേതെങ്കില്‍ ജീവിച്ചത് ഒരു വിജയജാതകം തന്നെയായിരുന്നെന്ന് ജീവിതത്തിന്റെ സന്ധ്യാവേളയില്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നു.. തമ്മിലടിച്ചും കേസുനടത്തിയും നശിച്ചു നാറാണകല്ലായ നായര്‍ത്തറവാടുകളാണ് എനിക്ക് പരിചിതം.. അദ്ധ്വാനിക്കാനും വെട്ടിപ്പിടിക്കാനും തയ്യാറല്ലാത്തെ ഒരു ജനത.. പക്ഷെ എല്ലാം നഷ്ടപ്പെടുമ്പൊഴും വീണ്ടും ഫിനിക്സിനെപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള മനോവീര്യം നിറഞ്ഞ ഒരു കുടുംബത്തിന്റെ കൂടെ കഥയാണിത്.. നാടോടുമ്പോള്‍ നടുവെ ഓടാന്‍ മനോരമയെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ഇന്നവരുട്ടെ നേട്ടങ്ങള്‍ തുറന്നുകാട്ടുന്നു.. പക്ഷെ ഇവിടെ എത്തും മുമ്പെ പിന്നിട്ട് കറുത്തനാളുകളും സര്‍ സി പി യുടെ ക്രൂരതകളുമാണ് പുസ്തകത്തിന്റെ ഏറിയ പങ്കും കീഴടക്കുന്നത്.. ഒപ്പം കുടുംബമെന്നാല്‍ ഓരോരുത്തരുടേയും വളര്‍ച്ചയല്ലെന്നും ഒന്നിച്ചുള്ള മുന്നേറ്റമാണെന്നും ഈ പുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.. ബിസ്സിനസ്സുകള്‍ തകരുകയും പത്രം പൂട്ടുകയും ജീവിതം പോലും വഴിമുട്ടുകയും ചെയ്ത സാഹചര്യത്തില്‍ നന്നായി നടന്നിരുന്ന ഒരാളുടെ ബിസിനസ്സില്‍ നിന്നുള്ള സമ്പാദ്യമാണ് രക്ഷയായത്.. അന്നും എന്നും എല്ലവരെയും ഒരുമിച്ച് നിര്‍ത്തുകയും ഉള്ള മുതലില്‍ നിന്നും ഓരോരുത്തര്‍ക്കും ഓരോ സമ്പാദ്യമാര്‍ഗ്ഗം തുറന്നു കൊടുക്കുകയും ചെയ്ത ശ്രീ കെ സി മാമ്മന്‍ മാപ്പിള ആഖ്യാനത്തിലുടനീളം വാഴ്ത്തപ്പെടുന്നുണ്ട്.. സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കാനുള്ള പെണ്ണിന്റെ കഴിവിനെ സ്വന്തം അമ്മയുടെയും പത്നിയുടെയും ജീവിതകഥയിലൂടെയാണ് അദ്ദേഹം വരച്ചുകാണിക്കുന്നത്.. “മഞ്ചലേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുമെന്ന്” പൂന്താനം പാടിയത് അക്ഷരം പ്രതി ശരിവെക്കുന്ന ഒരു കാലം മനോരമക്കും ഉണ്ടായിരുന്നെന്ന് ഇതില്‍ നിന്നും വായിച്ചെടുക്കാം.. ഒരോ സ്ഥാപനത്തിന്റെയും ജീവശ്വാസം അതിലെ ജീവനക്കാരാണെന്നും അവരെ സ്നേഹത്തിലൂടെ എങ്ങിനെ കൂടെ നിര്‍ത്തണമെന്നും അദ്ദേഹം സ്വന്തം അനുഭവത്തിലൂടെ പകുവെക്കുന്നു.. ഏറ്റവും താഴെക്കിടയിലെ ജീവനക്കാര്‍ പോലും തങ്ങളുടെ വിജയത്തിന്റെ ഭാഗമായതെങ്ങിനെയെന്ന് അദ്ദേഹം എടുത്തുപറയുന്നുണ്ട്..
കഥയേറെ പറഞ്ഞു നിര്‍ത്തുമ്പൊഴും അവനവനുമാത്രമായി ഓര്‍ക്കാന്‍ കുറെ ഓര്‍മ്മകള് പങ്കുവെക്കാതെ ബാക്കിവെച്ചിട്ടുണ്ട്.. സായംസന്ധ്യയില്‍ ചേക്കേറുന്ന പക്ഷികളുടെ ചിറകടിയൊച്ച കേള്‍ക്കുമ്പൊഴും ഇരുളാന്‍ സമയമായില്ലെന്ന ആത്മവിശ്വാസത്തിലാണ് ഓര്‍മ്മകള്‍ക്ക് വിരാമമിടുന്നത്..
വെറുതെ...
മനോരമയില്‍ അഭിമുഖത്തിനു പോയി വന്ന കൂട്ടുകാരിയോട് ചോദിച്ചു - “എന്താണ് എം ആര്‍ എഫ്?”
മനോരമ റിലേറ്റീവ്സ് ആന്റ് ഫ്രന്റ്സ്