Thursday, October 29, 2009

അടിയില്‍ കുത്തില്ലാത്ത ചോദ്യചിഹ്നങ്ങള്‍

"നിനക്ക് ഇങ്ങനെ ഒന്നും തോന്നാറില്ലെ.. "

അടുത്ത ക്യുബിക്കിളില്‍ ഇരുന്ന്‍ അവന്‍ അയച്ച മെസേജ് എന്റെ ചാറ്റ് ബോക്സില്‍ എത്തി.. വേണമെങ്കില്‍ മറുപടി നല്‍കാതെ വിടാം.. പക്ഷെ അവന്റെ നോട്ടം പരുക്കന്‍ ഗ്ലാസിന്റെ പാതി‍ ചുവരിലൂടെ എന്നെ തേടിയെത്തുന്നുണ്ട്.. വ്യക്തമായി തെളിയാത്ത മുഖഭാവമെങ്കിലും എനിക്കത് കൃത്യമായി വായിച്ചെടുക്കാം...

"ഇല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ പെണ്ണുതന്നെയൊ എന്ന് നീ സംശയിക്കില്ലെ.."

അവന്‍ ഉദ്ദേശിക്കുന്നത് എന്തെന്ന് അറിയാം ... പക്ഷെ ഇത് നീട്ടികൊണ്ട് പോവാന്‍ എനിക്കൊട്ടും താത്പര്യം തോന്നിയില്ല.. ഞാന്‍ പിറന്നു വീണ വേനല്‍ക്കാലം സൂര്യരാശിയില്‍ എതിര്‍ദിശയില്‍ നീന്തുന്ന മീനുകള്‍ ആയതോണ്ടാവാം ചോദ്യങ്ങളില്‍ നിന്നും എളുപ്പത്തില്‍ വഴുതിമാറാനാവുന്നത്..

"എനിക്കറിയാം നീ ഇങ്ങനെ എവിടെയും തൊടാതെ ഉത്തരം തരുമെന്ന്.. ചിലപ്പൊഴൊക്കെ സംശയം തോന്നാറുണ്ട് നീ പെണ്ണാണൊ എന്ന്.. എന്തു പറഞ്ഞാലും ..."

അപ്പുറത്ത് കേട്ട നേര്ത്ത മണികിലുക്കം അവനൊരു കോള്‍ വന്നെന്ന് അറിയിച്ചു.. അതുകൊണ്ടാവാം സന്ദേശം പാതിയില്‍ നിര്ത്തി അയച്ചത്..

തുടരുന്ന സംസാരം അവ്യക്തമായി എനിക്ക് കേള്ക്കാം ... അത് അവന്റെ നല്ലപാതിയാണ്.. ഇത്ര നാളായിട്ടും ഞാൻ അവളുടെ പേരു പോലും ചോദിച്ചിട്ടില്ലല്ലൊ എന്ന് അപ്പൊഴെ ഓർത്തുള്ളു.. ചോദ്യങ്ങൾ തിരിച്ചു വരുമ്പോൾ ഉത്തരങ്ങൾ നൽകാനില്ലാത്തതിനാൽ എപ്പൊഴും എന്റെ ചോദ്യങ്ങൾ എന്നിൽ തന്നെ അവശേഷിക്കുന്നു..

ഒന്നു വീതം മൂന്നു നേരം എന്ന വൈദ്യന്റെ മരുന്നു കുറിപ്പടി പോലെ കൃത്യമായ ഇടവേളകളില്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്ന അന്വേഷണങ്ങള്‍ ... അതിനു ശേഷം അവന്‍ എനിക്ക് നേരെ മറ്റൊരു മുഖം തിരിക്കുന്നു...

"അപ്പൊ ഞാന്‍ ചോദിച്ചതിന് നീ ഉത്തരം തന്നില്ല"

"അത് ഉത്തരമര്‍ഹിക്കുന്നില്ലല്ലൊ..."

പിടി തരാതെ എന്നെ കുഴക്കുന്ന ഒരു പിഴവിനെ തപ്പി ഞാന്‍ വീണ്ടും പ്രോഗ്രാം കോഡുകള്‍ക്കിടയില്‍ അലയാന്‍ തുടങ്ങി... കൃത്യമായി വഴി പറഞ്ഞിട്ടും ഒരേയിടത്തു തന്നെ കറങ്ങുകയാണ്.. ഇതിലെ പോയാല്‍ മറ്റൊരു വഴിയുണ്ടെന്ന് പറഞ്ഞിട്ടും, അതിലെയാണ് പോവേണ്ടതെന്ന് അറിഞ്ഞിട്ടും എന്തെ ഇങ്ങനെ.. പക്ഷെ രണ്ട് മൂന്നടി ദൂരെ അവന്‍ എന്നെ കുറിച്ചാണ്‌ ചിന്തിക്കുന്നതെന്നത് എന്റെ ശ്രദ്ധയെ വഴിതെറ്റിക്കാന്‍ പോന്നതായിരുന്നു..

പതിയെ പാന്ട്രിയിലേക്ക് നടക്കുമ്പോള്‍ ചിന്തകളുടെ ഭാരങ്ങളെ ആവിയാക്കാന്‍ എന്താണ് വഴിയെന്ന്‍ മനസ്സില്‍ കടന്നു വന്നു. ഒരു ചൂട് കാപ്പിയില്‍ അതങ്ങിനെ അലിഞ്ഞ് ഇല്ലാതായിരുന്നെങ്കില്‍.. ജനലിനു പുറത്ത് വെയില്‍ മൂക്കുന്നു.. അകത്തെ തണുപ്പില്‍ നിന്ന് പുറത്തെ ചൂടിലേക്ക് നോക്കുമ്പോള്‍ പുറത്തും തണുപ്പും അകത്തു ചൂടുമായി നടക്കുന്ന സ്വന്തം വൈരുദ്ധ്യത്തിനൊരു ചിരി സമ്മാനിക്കാന്‍ തോന്നി...

"ആര്‍ക്കാണാവൊ ജനലിലൂടെ പുഞ്ചിരി"

കുറെ നേരമായി എന്നെ കാണാത്തോണ്ടാവാം അവന്‍ തേടി വന്നത്..

"വല്ലപ്പോഴും ഒക്കെ ഞാന്‍ എന്നോടും ചിരിക്കണ്ടെ"

"ചിരിക്കാന്‍ ആരും ഇല്ലാത്തോണ്ടല്ലല്ലോ, അത് കൈക്കൊള്ളില്ലെന്ന വാശിയല്ലെ"

അവന്റെ മുഖത്ത് ഒരു വഷളന്‍ ചിരി പരക്കുന്നത് അസ്വസ്ഥതയോടെ ഞാനറിഞ്ഞു..

"ശരിയാ.. വിലയില്ലാത്ത ചിലചിരികള്‍ എനിക്ക് സ്വീകരിക്കാന്‍ മടിയാ.."

ഗ്ലാസ്സ് വേസ്റ്റ്ബിന്നില്‍ ഇട്ട് നടക്കുമ്പോള്‍ തിരിഞ്ഞു നിന്ന് ഇത്ര കൂടി കൂട്ടി ചേര്‍ത്തു..

"മറ്റന്നാള്‍ ഡെഡ്ലൈന്‍ ...മറക്കണ്ട.. ചിലപ്പോള്‍ കരയേണ്ടി വരും"

അവനെന്റെ ടീം ലീഡര്‍ ആണെന്ന് ഞാന്‍ ചിലപ്പൊഴൊക്കെ മറന്നുപോവുന്നു.. ആദ്യം ഈ ടീമില്‍ വന്നുപെട്ടപ്പൊഴത്തെ മസില്‍ പിടുത്തത്തില്‍ തന്നെ നിന്നാല്‍ മതിയായിരുന്നെന്ന് തോന്നാറുണ്ട്.. ഭ്രാന്ത് പിടിപ്പിക്കുന്ന ഓര്‍മ്മകളില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു രാപകല്‍ മറന്ന് ജോലിയില്‍ മുഴുകിയത്.. അല്ലാതെ അവന്‍ കരുതിയത് പോലെ ജോലിയോടുള്ള ആത്മാര്‍ത്ഥതയൊന്നുമല്ലായിരുന്നെന്ന് എനിക്കല്ലെ അറിയൂ.. വൈകിയ വേളകളില്‍ നിശബ്ദമായ ക്യുബിക്കിളുകളില്‍ തപസ്സിരിക്കുന്ന ആരെങ്കിലും ചിലരുടെ കീബോര്‍ഡിന്റെ ശബ്ദം മാത്രം ബാക്കിയാവും.. അതില്‍ ഞാനുമുണ്ടായിരുന്നു.. ഉത്തരം കിട്ടാത്ത എന്റെ പ്രശ്നങ്ങള്‍ ഓരോ ഫോണ്‍ കോളിലും എന്നെ വിളിച്ചുണര്‍ത്തുമ്പോള്‍ രാവുകളെ ഞാന്‍ വിട്ടുപോയ കുത്തും കോമയും അന്വേഷിക്കാന്‍ ഏല്പ്പിച്ചു ..

"പോവുന്നില്ലെ.. ഇനി നാളെയാവാം.. "

ക്യുബിക്കിളിന്റെ പാതിവാതിൽ തുറന്ന് അവൻ അരികിലെത്തി..

തുറന്നിട്ട് അടക്കാതെ പോയ ഒരു വാതിലാണ് എന്നെ കുഴക്കുന്നതെന്ന്‍ അപ്പോഴാണ് ഞാന്‍ കണ്ടെത്തിയത്.. അതുകൊണ്ട് തന്നെ സന്തോഷത്തോടെ ഞാന്‍ അവനു നേരെ തിരിഞ്ഞു..

"പോവാം"

പിന്നെ ഷിഫ്റ്റു കീയില്‍ വിരലമര്‍ത്തി അടക്കാനുള്ള വാതിലിന്റെ മറുപാളി തേടി.. എപ്പോഴും ഇങ്ങനെയാണ്, ലോജിക്കുകള്‍ ശരിയാവുമ്പോഴും മറ്റാരൊ എഴുതിവെച്ചിരിക്കുന്ന നിയമങ്ങള്‍ എന്റെ വഴിമുടക്കുന്നു...

സ്വൈപ്പ് ചെയ്തു പുറത്തുകടക്കുമ്പോള്‍ അവന്‍ എന്നെയും കാത്തെന്നവണ്ണം നില്‍ക്കുന്നുന്നുണ്ടായിരുന്നു.. രാവിലത്തെ നീരസം അവന്റെ മുഖത്ത് ബാക്കി നില്‍ക്കുന്നു..

"ഒരു ലിഫ്റ്റ് തരാമോ"

ഉത്തരം പറയാതെ അവന്‍ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നു.. പിന്നെ എനിക്കായ് മറുവശത്തെ ഡോര്‍ തുറന്നു..

"മറ്റന്നാള്‍ പ്രെസന്റേഷന്‍ കഴിഞ്ഞാല്‍ ഒരു ദിവസം എനിക്ക് അവധി വേണം.. "

ഫ്ലാറ്റിലേക്കുള്ള വളവില്‍ വണ്ടി തിരിച്ചൊതുക്കുമ്പോള്‍ അവന്റെ നോട്ടം എന്റെ മുഖത്ത് പാറി വീണു.. അപ്പോള്‍ മാത്രമെ അതു പറയാന്‍ ഞാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞിരുന്നുള്ളു..

എന്തിനെന്നു ചോദിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.. ഉപചാരം ചൊല്ലി പിന്‍‌വാങ്ങും മുമ്പ് തന്നെ അവന്‍ വണ്ടിയെടുത്തു..

പ്രെസന്റേഷന്‍ ഹാളില്‍ നിന്ന്‍ പുറത്തിറങ്ങിയതിനു ശേഷം എല്ലാവരും ആഘോഷത്തില്‍ ആയിരുന്നു.. അവന്റെ മുഖത്ത് ആദ്യമായി ഏറ്റെടുത്തത് ഭംഗിയായി നിര്‍‌വഹിച്ച ചാരിതാര്‍ത്ഥ്യം.... മറ്റുള്ളവരും അതില്‍ ഭാഗമായതിന്റെ സന്തോഷം.. ഞാനും അതിന്റെ‍ ഭാഗമാണല്ലൊ എന്ന് ഓര്‍ത്ത് സന്തോഷിക്കുന്നതിനേക്കാള്‍ നിശബ്ദമാക്കിയിരുന്ന മൊബൈലില്‍ എന്നെയും കാത്തു കിടക്കുന്ന വിളികളെ കുറിച്ചുള്ള ആകാംക്ഷയായിരുന്നു.. ഒരേ ഒരു വിളിമാത്രം, അതില്‍ നിന്നു തന്നെ ഒരു സന്ദേശവും..

"നാളെയാണ് ... മറന്നിട്ടില്ലല്ലൊ...ദിവ്യ റാം"

ഹൈ ടീയുടെ ബഹളത്തില്‍ നിന്ന് ഒഴിഞ്ഞു മാറണമെന്നുണ്ടായിരുന്നെങ്കിലും അവന്റെ ക്ഷണം നിരസിക്കാന്‍ തോന്നിയില്ല.. ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് അവന്‍ തന്റെ സന്തോഷം പങ്കുവെച്ചു.. ഒരുവേള ഞങ്ങളുടെ പിണക്കം അവന്‍ മറന്നുപോയോ എന്ന് എനിക്ക് സംശയം തോന്നി.. എപ്പൊഴോ എന്റെ മൌനം അവന്റെ ശ്രദ്ധയില്‍ പെട്ടു..

"നീയെന്താ ഇങ്ങനെ മൂഡിയായിരിക്കണെ.. ഇത്ര നല്ല അഭിപ്രായം കിട്ടിയിട്ടും.."

"ഇല്ല.. ഞാന്‍ മൂഡിയല്ല.. നിന്റെ സന്തോഷം കണ്ട് അങ്ങിനെ ഇരിക്കാരുന്നു.. "

അരികില്‍ വെച്ച മൊബൈല്‍ പതിയെ വിറക്കാന്‍ തുടങ്ങി .. വീട്ടില്‍ നിന്നു ഏട്ടന്‍..

"അവരു വിളിച്ചിരുന്നു.. ...നിന്നെ വിളിച്ച് കിട്ടുന്നില്ലെന്ന് പറഞ്ഞു"

"ഉം "

"നാളെ നീ ചെല്ലോന്നു ചോദിച്ചു"

"ഞാന്‍ പോവുന്നുണ്ട്.. "

ഏട്ടന്റെ നിശബ്ദത അസഹ്യമായപ്പോള്‍ ചുവന്ന കട്ടയില്‍ വിരലമര്‍ന്നു.. പിന്നെ ഒന്നും സംഭവിച്ചില്ലെന്ന് അവനെ ബോധിപ്പിക്കാന്‍ ഒരു ചിരി വരുത്തി..

"പറയ് .."

പക്ഷെ അവനൊന്നും പറഞ്ഞില്ല.. മറ്റാരുടെയൊക്കെയോ അഭിനന്ദനങ്ങള്‍ തേടി അവന്‍ എന്നെ വിട്ടു പോയി..

നഷ്ടമായ ഉറക്കമെല്ലാം ആ രാത്രിയില്‍ തിരിച്ചു പിടിക്കണമെന്നുണ്ടായിരുന്നു.. മറ്റൊന്നും ഓര്‍ക്കാതെ കിടക്കയിലേക്ക് ചായുമ്പോഴാണ് അവന്‍ വിളിച്ചത്..

“നാളേ ലീവ് അല്ലെ ?“

“അതെ“

"ഞാനും കൂടെ വന്നാല്‍ അസൌകര്യമാവുമോ..?"

"ഞാന്‍ എങ്ങോട്ടെങ്കിലും പോവുന്നെന്ന് പറഞ്ഞൊ.. പോവുന്നെങ്കില്‍ തന്നെ എങ്ങോട്ടാണെന്നു വെച്ചാ..?

"എങ്ങോട്ടോ ആവട്ടെ.. വരുന്നത്കൊണ്ട് വിഷമമുണ്ടോ എന്നെ ചോദിച്ചുള്ളു.. ഉണ്ടെങ്കില്‍ പറയാം "

പറയാൻ എന്റെ കയ്യിൽ ഉത്തരമൊന്നും ഇല്ലായിരുന്നു

"തിരിച്ച് വീട്ടിലേക്കാണൊ"

"അല്ല .. ഇങ്ങോട്ട് തന്നെ"

"രാവിലെ ഞാന്‍ എത്താം .. ഇതിനിടയില്‍ മനം മാറ്റം വല്ലതും വന്നാല്‍ വിളിക്കുമല്ലൊ അല്ലെ?. "

ഉറങ്ങാനുള്ള ആഗ്രഹം അതൊടെ നഷ്ടമായി.. അവിടെ ചെല്ലുമ്പോൾ‍ എന്തുപറഞ്ഞ് ഒഴിവാക്കും എന്നതായിരുന്നു എറ്റവും വലിയ പ്രശ്നം .. വരുന്നിടത്തു വെച്ച് കാണാം എന്നൊരു ധൈര്യം വന്നപ്പോള്‍ ഉറക്കവും എന്നെ തേടി എത്തി...
ടൌണിന്റെ തിരക്കില്‍ പെടാതെ ഗ്രൌണ്ടിലേക്കുള്ള വഴിയില്‍ എത്തിയപ്പോഴാണ് ഈ ഊടുവഴികള്‍ എങ്ങിനെ അറിയാമെന്ന സംശയം വന്നത്..
"തെക്കും കൂറുകാരനു‍ ഇവിടമൊക്കെ എങ്ങിനാ ഇത്ര പരിചയം ..."
ഉത്തരമില്ലാതെ ഒരു ചിരി മാത്രം ബാക്കിയായി..
"എവിടെയാ ഇറക്കണ്ടെ.. ഇവിടെ മതിയോ"
കൃത്യം അരികിലായി വണ്ടിയൊതുക്കിയപ്പോള്‍ കൂടുതല്‍ ഒന്നും ചോദിക്കാനില്ലായിരുന്നു.. എന്റെ മുഖം വിളറിയിരുന്നെന്ന് ഉറപ്പാണ്, എന്നിട്ടും അതു കണാത്ത ഭാവത്തിലായിരുന്നു..
"ആവശ്യമെന്നു തോന്നുമ്പോള്‍ വിളിച്ചാല്‍ മതി.. ഞാന്‍ ഇവിടെ എവിടെയെങ്കിലും ഒക്കെ തന്നെ കാണും "

തിങ്ങി നിറഞ്ഞ മുറിക്കുള്ളില്‍ കനത്ത നിശബ്ദത .. ചുമരിൽ നേരെ നോക്കാതെ ചെരിഞ്ഞിരിക്കുന്ന ഗാന്ധിയും ഇരുവശത്തും പരസ്പരം പഴിചാരുന്ന സാക്ഷിക്കൂടുകളും.. വാതിൽ കടന്നെത്തുന്ന ഓരോരുത്തർക്കു നേരെയും അകത്തിരിക്കുന്നവരുടെ കണ്ണുകൾ ഉയരുന്നു.. "ഇവർ പിരിയാൻ എന്തെ കാരണം" എന്ന് ആ നോട്ടങ്ങൾ നിശബ്ദമായി ചോദിക്കുന്നു.. സ്ത്രീകള്‍ നിറഞ്ഞ ആ മുറിയില്‍ എങ്ങിനെയാ ഇത്രയും നിശബ്ദതയെന്നു ആദ്യം ഇവിടെ വന്ന ദിവസം തന്നെ ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.. എല്ലാവരുടെയും മുഖത്തെ നിരാശയാണ് എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത്.. അതില്‍ ആണും പെണ്ണും വലിയ വ്യത്യാസമൊന്നുമില്ല.. (ഞാനും വ്യത്യസ്തമാവുന്നില്ല.. )പക്ഷെ ആണുങ്ങള്‍ നിറയുന്ന വരാന്ത എപ്പൊഴും ശബ്ദമുഖരിതമായിരുന്നു.. സ്വന്തം തോൽ‌വികളെ അവർ ശബ്ദം കൊണ്ട് മറച്ചുപിടിക്കുന്നു.. പെണ്ണുങ്ങൾ മൌനം കൊണ്ടും. ചിന്തകൾ‍ കാടുകേറും മുമ്പെ ദിവ്യയെ ഞാന്‍ കണ്ടു പിടിച്ചു..

"ഞാന്‍ വാങ്ങി വെച്ചിട്ടുണ്ട്.. "

തവിട്ടു നിറത്തിലെ കവറിൽ നിന്നും തൊട്ടാൽ പൊടിയുന്ന തരത്തിലുള്ള ഒരു കടലാസെടുത്തു നീട്ടി.. ടൈപ്പ് ചെയ്ത അക്ഷരങ്ങൾ നീ സ്വതന്ത്രയായെന്ന് എന്നോട് വിളിച്ചു പറഞ്ഞു.. പല അക്ഷരങ്ങളും ആവശ്യത്തിലേറെ തുളഞ്ഞു കയറി ചെറിയ ദ്വാരങ്ങൾ വീഴ്ത്തിയിരുന്നു...

“വരൂ ..”

ദിവ്യയൊടൊപ്പം പുറത്തു കടന്നപ്പോള്‍ വലിയ ആശ്വസം

“എന്താ ഇനി പരിപാടി.. അഞ്ജലി ഒന്നു കാണണമെന്നു പറഞ്ഞിരുന്നു.. “

“എന്തെ.. എനിക്ക് അവരോട് ദേഷ്യം ഒന്നും ഇല്ല... “

“എന്നാലും ഇനി ഈ വഴി ഇല്ലല്ലൊ.. പറ്റുമെങ്കിൽ ഒന്നു കണ്ടു പോവൂ”

ദിവ്യയുടെ കാറിൽ തന്നെയായിരുന്നു ഹോസ്പിറ്റിലിലേക്ക് പോയത്.. പരസ്പരം ഒന്നും ചോദിക്കാനും പറയാനുമില്ലാതെ..

ഞങ്ങൾ ചെല്ലുമെന്ന് അറിയാവുന്നത് കൊണ്ടാവാം മുറിയിൽ അഞ്ജലി തനിച്ചായിരുന്നു..

ചിലച്ചുണർന്ന ഫോണുമായി ക്ഷമാപണത്തോടെ ദിവ്യ പുറത്തേക്കിറങ്ങിയപ്പോൾ ഞങ്ങളിരുവരുടെയും നോട്ടം അറിയാതെ കൂട്ടിമുട്ടിപ്പോയി..

“എന്നോട് ദേഷ്യമുണ്ടോ?”

“എന്തിനാ..? അഞ്ജലി ചെയ്തത് സ്വന്തം ജോലിയല്ലെ.. തന്റെ കക്ഷിയെ രക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയും.. അതിൽ വക്കീലിനു മാത്രമല്ല വൈദ്യനും വ്യത്യസ്തമാവുന്നില്ലല്ലൊ.. മറ്റുള്ളവരുടെ വികാരങ്ങൾക്ക് അവിടെ എന്തുപ്രസക്തി.. “

ചുണ്ടിൽ വിരിഞ്ഞു പോയ പുച്ഛം വാക്കുകളിലും കടന്നു കൂടി.. എത്ര ശ്രമിച്ചാലും ചിലപ്പൊഴൊക്കെ പിടിവിട്ടുപോവുന്നു..

“ഇപ്പോൾ ഇവിടെയുണ്ട്.. അല്പം വയലന്റാണ്.. “

ഒന്നു നിർത്തി കൂട്ടിചേർത്തു..

“കാണണമെന്നുണ്ടോ?”

നിഷേധത്തിന്റെ തലയാട്ടലിനൊപ്പം മേശപ്പുറത്തെ പേപ്പർ വെയ്റ്റ് വെറുതെയിട്ടു കറക്കി.. നിലയില്ലാതെ കറങ്ങിത്തിരിഞ്ഞൊടുവിൽ എനിക്ക് നേരെ തിരിഞ്ഞു നിന്നു.. അതിന്റെ ചില്ലുകുമിളയിൽ ഞങ്ങളുടെ കമ്പനിയുടെ ലോഗോയുണ്ടായിരുന്നു..

മടക്കയാത്രയിൽ ഒന്നും മിണ്ടാതെയുള്ള ഇരിപ്പിന്റെ കനം കുറയ്ക്കാൻ പുറകിലെ സീറ്റിൽ ഇരുന്ന ഗിഫ്റ്റ് പായ്കറ്റ് എന്താണെന്ന് ചോദിക്കുകയെ രക്ഷയുണ്ടായിരിന്നുള്ളു..

“അത്.. എന്റെ പെണ്ണെനിക്ക് തന്നതാ.. "

“എപ്പോൾ കണ്ടു”

“അതിനല്ലെ ഞാൻ വന്നത്.. “

“എന്നിട്ടെന്തെ എന്നെ പരിചയപ്പെടുത്താഞ്ഞെ... ?”

“ഇനിയൊരിക്കലാവാം.. “

സംശയം നിറഞ്ഞ എന്റെ മുഖത്ത് നോക്കാതെ ബാക്കി കൂടി പൂരിപ്പിച്ചു..

“അപ്പൊഴേക്കും മറക്കാനും പൊറുക്കാനുമൊക്കെ കഴിയുമായിരിക്കും.. അല്ലെ“

ഇന്നലെകളിൽ നിന്നും ഇരച്ചെത്തിയ തുണ്ടുകൾ തലക്കുള്ളിൽ കോലാഹലമായി.. എങ്കിലും ക്ഷമയോടെ ഗിയറിൽ അമരുന്ന വിരലുകൾക്കിടയിൽ മോതിരവിരലിൽ മാത്രം നോട്ടമിട്ട് കാത്തിരുന്നു..