ഉറക്കങ്ങള്‍ക്കിടയിലെ ഇടവേളകള്‍
തയ്യാറെടുപ്പുകള്‍ക്കായ് മാറ്റിവെക്കുന്നു
ഇന്നെന്റെ ഗവേഷണവിഷയം -
ഉറക്കത്തിന്റെ അനന്തസാധ്യതകള്‍
എല്ലാം മറന്നുള്ള ഉറക്കം
(പലര്‍ക്കും അതൊരു മരീചികയാണ്)
സ്വപ്നത്തിന്റെ നേരിയ അലകള്‍പോലുമുയര്‍ത്താത്ത
സ്വച്ഛമായ ഉറക്കം
ഉണര്‍വിന്റെ ഭയാനകതകള്‍ക്കിടയിലെ
ഒറ്റയടിപ്പാതയിലൂടെ ഒരു ഏകാന്തയാത്ര
അതെ,
ഉറക്കത്തില്‍ ആരും കൂട്ടാവുന്നില്ല
കുളിരുന്ന പ്രഭാതത്തിലെ
പഠനത്തിന്റെ നിമിഷങ്ങള്‍
പുസ്തകത്തില്‍ തലചായ്ച്
ഹാ... ...
ആ സുഖത്തിന് മറ്റെന്തും കപ്പം കൊടുക്കാം
കുലുങ്ങി നീങ്ങുന്ന വണ്ടിയില്‍
അരികില്‍ തലചായ്ച്
മേല്‍കമ്പിയില്‍ തൂങ്ങി
ചിലര്‍ ഉറക്കത്തെ കൊല്ലുന്നു
തിരക്കൊഴിഞ്ഞ ഉച്ചകളില്‍
ഇടനാഴിയിലെ തണുത്ത നിലത്ത്
അമ്മയും അമ്മമ്മയും
ഒന്നു കണ്ണടക്കുന്നു
ജൈവഘടികാരത്തിന്റെ സമയബോധം
ഉറക്കത്തിനും ഉണര്‍വിനുമിടയില്‍
അവരെ ഊഞ്ഞാലാട്ടുന്നു
സര്‍ക്കാര്‍ ഓഫീസിന്റെ കസേരയില്‍
ചിലര്‍ ശമ്പളം വാങ്ങി ഉറങ്ങുന്നു
ചായയും ചോറും അവരുടെ ഉറക്കത്തിന് തടസ്സമാവുന്നു
(അവിടെയെത്താന്‍ ഇനിയും എത്ര ദൂരം )
കുട്ടികള്‍ ഉറക്കത്തില്‍ ചിരിക്കുന്നത്
മാലാഖമാരൊത്ത് കളിക്കുന്നതാണെന്ന്
മുത്തശ്ശി പറായുന്നു
എവിടെ വെച്ചാവാം
മാലാഖമാര്‍എന്നെ വിട്ട് പോയതും
ചിരി കരച്ചിലിന് വഴിമാറിയതും
പൂച്ചയുറക്കവും ശ്വാനനിദ്രയും
കുംബകര്‍ണ്ണസേവയും ...
ഉറക്കത്തിന്റെ വിവിധഭാവങ്ങള്‍
ഇനിയും ബാക്കിയാണ്
14 comments:
ഉറക്കം - ഒരു ഗവേഷണം
എല്ലാം മറന്നുള്ള ഉറക്കം
സ്വപ്നത്തിന്റെ നേരിയ അലകള്‍പോലുമുയര്‍ത്താത്ത
സ്വച്ഛമായ ഉറക്കം
അതിപ്പോഴും ഒരു സ്വപ്നമാണ്.
-സുല്‍
ചിന്തകള്‍ കൊള്ളാം
സുല്‍ ... അതൊരു സ്വപ്നം തന്നെയാ....
വല്ല്യമ്മായി.. ചിന്തകളെ സ്വന്തമായുള്ളൂ...
നന്ദിയുണ്ടു..
ഉറക്കം എന്ന് വച്ചാല്‍ എല്ലകാലത്തേയും ഒരു ഭാന്തായിട്ട് വരും. പുലര്‍ക്കാലത്ത് ഒന്നു ഉറക്കമുണര്‍ന്നീട്ട് ഓ! 5 മണിയേ ആയുള്ളൂ എന്നു പറഞ്ഞ് 8 മണി വരെ കിടന്നുറങ്ങുന്നതിന്റെ സുഖം വേറെ എന്തിനുണ്ട്?
“കുലുങ്ങി നീങ്ങുന്ന വണ്ടിയില്‍
അരികില്‍ തലചായ്ച്
മേല്‍കമ്പിയില്‍ തൂങ്ങി
ചിലര്‍ ഉറക്കത്തെ കൊല്ലുന്നു“
ഉറക്കത്തെ കൊല്ലാകൊല ചെയ്യുന്നു.
മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള നൂല്പാലത്തിലൂടെ സഞ്ചരിക്കുകയാണ് ഉറങ്ങുമ്പോള്‍ നാമെന്ന് ആരോ പാടി കേട്ടീട്ടുണ്ട്.
ശരിയാ ഡാലീ...ഉറങ്ങിയാല്‍ ഉണരുമെന്ന് എന്താ ഉറപ്പു... എന്തൊരു ധൈര്യമാണല്ലെ നമുക്ക്.. എന്നിട്ടും നമ്മള്‍ ഉറങ്ങുന്നു,,,
മെസ്സ് ഹാളില്‍ പുട്ട് തിന്നോണ്ടിരുന്നപ്പോള്‍ ഉറങ്ങിപ്പോയ ഒരു സഹപാഠി ഉണ്ടായിരുന്നു എനിക്ക്. ഉറക്കം തൂങ്ങിയിരുന്ന് അറിയാതെ മയങ്ങിപ്പോയതല്ല. തൊട്ടു മുന്‍പിലത്തെ നിമിഷം വരെ ജില്‍ജില്‍ന്ന് മെസ്സ് ഹാളിനെ കുലുക്കുന്ന രീതിയില്‍ ബഹളമുണ്ടാക്കിയിട്ട്, ഒരൊറ്റ സെക്കന്റ് കൊണ്ട് ഉറക്കത്തിന്റെ മടയിലേക്ക് കേറിപ്പോയി “ങ്ങ്‌റും ങ്‌റും..”. അതേ ചങ്ങായി തന്നെ ക്ലാസ്സില്‍ റ്റീച്ചറോട് ഒരു ഞെട്ടിപ്പന്‍ ചോദ്യം ചോദിച്ച് റ്റീച്ചറുടെ സീനിയോറിറ്റിയെ കാര്യമായൊന്നു ചോദ്യം ചെയ്തിട്ട്, ഉത്തരമെത്തുന്നതിനു മുന്‍പേ മുന്‍ബെഞ്ചിലിരുന്ന് കൂര്‍ക്കം വലിച്ചിട്ടുണ്ട്. എഴുന്നേല്‍ക്കുന്ന കാര്യത്തിലും അവന്‍ ഒരു സംഭവമായിരുന്നു. ഒരൊറ്റ വിളിക്ക് എത്ര ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റ്, എക്സര്‍സൈസ് ചെയ്തു കളയും.
നേരേ തിരിച്ചായിരുന്നു എന്റെ കഥ.. ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് ഉറങ്ങാന്‍ കിടക്കുക എന്നതായിരുന്നു പഠനകാലത്തെ എന്റെ ശീലം. വൈകുന്നേരം മൂന്നിനെഴുന്നേറ്റ്, ബാക്കി നേരത്തേക്കെല്ലാം കൂടി ഒരു ഹെവി ഫുഡ് കൂടെ അടിച്ച്, വീണ്ടും പുലരും വരെ ഇങ്ങനെ മിഴുങ്ങി മിഴുങ്ങി ഇരിക്കും. അറ്റെന്റന്‍സ് ഒരു ഇഷ്യൂ അല്ലാതിരുന്നതു കൊണ്ട്, പരീക്ഷകള്‍ക്കു വേണ്ടി മാത്രമേ എനിക്ക് ഈ ശീലം മാറ്റേണ്ടി വന്നിരുന്നുള്ളൂ.. ഉറങ്ങാനും ഉറങ്ങിയാല്‍ എഴുന്നേല്‍ക്കാനും വല്യ കഷ്ടപ്പാടായിരുന്നു.. ഒരു തരത്തില്‍ ഇപ്പോഴുമതെ.
എന്തായാലും ഉറക്കെഴുത്ത് നല്ല രസമാണ്. കുട്ടിമാളൂ, ഗവേഷണം നിര്‍ത്തണ്ട. സാമ്പ്രദായികവും അല്ലാത്തതുമായ എല്ലാ ഗവേഷണ രീതികളും പിന്തുടര്‍ന്നോളൂ.. ഇതിന്റെ അടുത്ത എപ്പിസോഡ്, വായിക്കാന്‍ ഉറക്കമൊഴിച്ചിരിക്കാം.
ഒന്നുമറിയാതെ... ഒന്നുമോര്‍കാതെ... എല്ലാത്തില്‍ നിന്നും പൂര്‍ണ്ണ സ്വതന്ത്രനാവുന്ന ഒരു സമയം. സ്വപനത്തിന്റെ ചിറകില്‍ സങ്കല്‍പ്പത്തിന്റെ ലോകത്ത് ജീവികാനായി ലഭിക്കുന്ന ഇത്തിരിനേരം...
എങ്കിലും ഉറക്കത്തിനെപ്പോഴും ഒരു മരണത്തിന്റേ കൂടി ഗന്ധമുണ്ട്...
ഇട്ടിമാളൂ നല്ല വരികള്‍. അസ്സലായിരിക്കുന്നു
വാല്‍കഷ്ണം : ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍ നബിതിരുമേനി ഇങ്ങിനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നെത്രെ. ‘എന്നെ മരിപ്പിച്ച ശേഷം ജീവിപ്പിച്ച ദൈവമേ നിനക്കാണ് സകല സ്തുതികളും.‘
എന്റെ സഹധര്‍മ്മിണി പറഞ്ഞ ഒരു ഉറക്ക കഥ..!
കഴിഞ്ഞ വെള്ളിയാഴ്ച ,രാത്രി 2 മണിയായിക്കാണും ,നിശ്ചിത ഇന്റര്‍വെല്ലുകളില്‍ പാലു കൊടുക്കാതിരുന്നാല്‍ “ ഇര്‍ റോ..ഇര്‍ റൊ “ എന്ന് കരയുന്ന കുഞ്ഞിച്ചെക്കനു 1.20 തിന്റെ ക്വാട്ടാ അനുവദിച്ചശേഷം പാവം തളര്‍ന്നു മയങ്ങുന്നു..അപ്പോള്‍ കേള്‍ക്കാം..“ എടീ..എഴുന്നെറ്റെ..ദേ അങ്ങൊട്ടു നോക്കിക്കെ..പാവം ചാടിയെഴുന്നേറ്റ് കണ്ണും തിരുമ്മി ചൂണ്ടിക്കാണിച്ച ഡയറക്ഷനിലേക്ക് സൂക്ഷ്മമായി അല്പം പേടിയോടെ നോക്കാന്‍ തുടങ്ങി..എന്താ..എന്താ ??
ഇതൊക്കെ ആരോട് ചോദിക്കാന്‍..എതോ തിരക്കഥയുടെ ബാക്കിയെപ്പിസോഡുകള്‍ നിദ്രയുടെ അടിത്തട്ടില്‍ ഞാന്‍ മുങ്ങിത്തപ്പുകയാണെന്നു മനസിലാക്കാന്‍ സമയമെടുത്തു ആ പാവം..!
ഇതെന്തു തരം ഉറക്കമാ ഡൊക്ടര്‍ ?
ഹാവൂ..ഉറക്കം മനോഹരം...
സ്വപ്നം കാണാനല്ലേ ഉറങ്ങുന്നതു തന്നെ. :)
മുഴുവന്‍ വായിക്കാന്‍ പറ്റിയില്ല. സോറി ഞാന്‍ ഉറങ്ങിപ്പോയി.
(ഓടോ:ഗവേഷണം നന്നായി. തുടരൂ)
"കുലുങ്ങി നീങ്ങുന്ന വണ്ടിയില്‍
അരികില്‍ തലചായ്ച്
മേല്‍കമ്പിയില്‍ തൂങ്ങി
ചിലര്‍ ഉറക്കത്തെ കൊല്ലുന്നു"
ഇത് എന്റെ ഒരു വീക്‌ക്‍നെസ്സ് ആണ്. നാട്ടിലെ ബസില്‍ കയറി സീറ്റു കിട്ടിയാല്‍ 5 സെക്കന്റിനകം ഞാന്‍ ഉറങ്ങും.
ഉറക്ക ചിന്തകള്‍ നന്നായി. ആഹ് ഹാ...ഉറക്കം വരുന്നു....
പൊന്നപ്പാ.. എനിക്കുമുണ്ടായിരുന്നു.. അങ്ങിനെ ഒരു കൂട്ട്.. അവള്‍ ലെക്‌ചര്‍ നോട്ട് എഴുതികൊണ്ട് ഉറങ്ങും ...എഴുതുന്നത് ..... അതവള്ക്കെ അറിയൂ..
ഇത്തിരിവെട്ടം .. നന്ദിയുണ്ട് വന്നതിനും നബിതിരുമേനിയുടെ പ്രാര്‍ത്ഥനയുടെ ഇത്തിരിവെട്ടം പകര്‍ന്നതിനും ...
കിരണ്‍സ്.. സഹധര്‍മിണിയോട്..ഇത്തിരി സഹതാപം ..ഇവിടെ വന്നതില്‍ സന്തോഷം
അരവിശിവനെ.. ഞാനും ഉറക്കത്തിന്റെ ആരാധികയാ..
നവന്‍ .. അപ്പൊ ദിവാസ്വപ്നം ?
ദില്‍ബാസുരനെ.. ഉണരുമ്പോള്‍ മുഴുവന്‍ വായിക്കണെ...
ഉല്‍സവം .. സന്തോഷം ..
Post a Comment