Tuesday, December 7, 2010

ചിതലരിക്കുമ്പോൾ

ഒരേ വെളിച്ചമായിരുന്നു
രാവും പകലും
കത്തിച്ചും കെടുത്തിയും
ഒരേ തീയാണെരിച്ചിരുന്നത്

പുറത്തെപ്പൊഴൊ സൂര്യനുദിച്ചിരുന്നു
ചന്ദ്രനും താരകളും വന്നു പോയിരുന്നു
സത്യം, ആരോ പറഞ്ഞതല്ല
ഞാനും അറിയാതെ കണ്ടു പോയിരുന്നു

ഉടലുലഞ്ഞിരുന്നു, ഉറവയറ്റിരുന്നു
ഉയിരിനിയുമുണരുമെന്ന്
ഉടയോന്‍ പോലും ഉരിയാടിയില്ല

ചിന്തകൾക്ക് ചിതലരിക്കണമെന്ന്
ഓർമ്മകൾക്ക് ഓളം നിലക്കണമെന്ന്
പ്രാർത്ഥനയാണ്, നിശബ്ദമായ്

Tuesday, November 9, 2010

അങ്ങിനെ ഒരു ദിനം.. വായനാദിനം

രാവിലെ എഴുന്നേറ്റാൽ കിടക്ക മടക്കി വെക്കണമെന്നായിരുന്നു അമ്മയുടെ ചട്ടം.. അല്ലെങ്കിൽ പകുതി ജീവൻ കിടക്കയിൽ ആയിരിക്കുമെന്നും ദിവസം മുഴുവൻ ഉണർവ്വും ഉത്സാഹവുമില്ലാതെ നടക്കുമെന്നുമായിരുന്നു വിശദീകരണം.. കിടക്ക മടക്കിവെപ്പിക്കാൻ അമ്മകണ്ടെത്തിയ വഴിയായിരുന്നിരിക്കാം അത്.. അല്ലെങ്കിൽ അമ്മയോട് അമ്മയുടെ അമ്മ പറഞ്ഞിരുന്നത് അങ്ങിനെയായിരുന്നിരിക്കാം... അതെന്തൊ ആവട്ടെ, വാടകമുറിയിലും അതൊരു ചിട്ടയായി ഞാൻ പിന്തുടരുന്നു.. എങ്കിലും യാത്രകൾ ഒഴിവായ അവധി ദിനങ്ങളിൽ സിനിമയും കറക്കവും ഒന്നും അപഹരിക്കാതെ മുറിക്കുള്ളിൽ ചടഞ്ഞു കൂടാൻ തോന്നുമ്പോൾ ഞാൻ ആ കീഴ്വഴക്കം തെറ്റിക്കുന്നു..

രാവിലെ ഒരു കട്ടനടിച്ച് പത്രപാരായണം നടത്തി ഫാൻ ഫുൾസ്പീഡിലാക്കി ഒരു കിടത്തം.. പുറത്ത് അലച്ചു പെയ്യാൻ മഴകൂടി കൂട്ടിനുണ്ടെങ്കിൽ ബാക്ഗ്രൌണ്ട് മ്യൂസിക് വേറെ വേണ്ട.. അഹങ്കാരം അല്ലാതെന്താ..

അങ്ങിനെ ഒരു ദിനം..

തുടക്കം തലേന്നാൾ വായിച്ചു നിർത്തിയ എംപി കുമാരന്റെ “ദീപ്തിമയി“യിയുടേ രണ്ടാം വായനയിൽ നിന്നായിരുന്നു.. ലൈബ്രറിയിൽ നിന്നും തിരിക്കിനിടയിൽ അധികം തിരയാതെ എടുത്തുകൊണ്ടുപോന്നതായിരുന്നു ദീപ്തിമയിയെ. എന്നാൽ വായന തുടങ്ങിയപ്പോഴാണ് കഥയും കഥാപാത്രങ്ങളും എവിടെയൊ കണ്ടു മറന്നപോലെ. തുടരുംതോറും കൂടുതൽ വ്യക്തമാവാൻ തുടങ്ങി..ഏകദേശം മൂന്നുവർഷങ്ങൾക്ക് മുമ്പ് ഒരേകടൽ എന്ന സിനിമ ഇറങ്ങിയ കാലം.. വാദങ്ങളും വിവാദങ്ങളും മറുവാദങ്ങളുമായി മുന്നേറുന്നതിനിടയിൽ സിനിമക്ക് ആധാരമായ നോവൽ ഒന്നു കിട്ടിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിരുന്നു.. പക്ഷെ അന്ന് കിട്ടാവുന്ന വഴികളികളെല്ലാം നടന്നിട്ടും കയ്യിൽ തടഞ്ഞില്ല. കിട്ടാത്ത മുന്തിരിപോലെ പുളിച്ചു പോയില്ലെങ്കിലും ആ കാര്യം ഞാൻ മറന്നു പോയിരുന്നു.. അപ്രതീക്ഷിതമായി കയ്യിൽ വന്നത് സുനിൽ ഗംഗോപാദ്ധ്യായ എഴുതിയ ഹീരക്ദീപ്തിയുടെ മലയാളം പരിഭാഷയായിരുന്നു..

സിനിമയും നോവലും തമ്മിൽ താരത‌മ്യപ്പെടുത്തി അന്ന് ഒരുപാട് വായിച്ചിരുന്നു.. പക്ഷെ അതെല്ലാം ഓർമ്മയിൽ നിന്ന് നഷ്ടമായി.. എങ്കിലും സിനിമയേക്കാൾ എനിക്ക് ഇഷ്ടമായത് നോവൽ തന്നെ.. പ്രത്യേകിച്ചും കഥാന്ത്യം.. മക്കളേയും കൂട്ടി തന്റെ പ്രണയനായകനെ കാണാൻ പോവുന്നത് (സിനിമയിൽ) അല്പം കടന്നകയ്യാണെന്ന് തോന്നിയിരുന്നു :).. എന്തായാലും നോവലിൽ അങ്ങിനെയല്ല.. പിന്നെ എന്തായിരിക്കാം സിനിമയിൽ അങ്ങിനെ ഒരു മാറ്റം വന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായതുമില്ല.. നോവലിലെ പല സംഭാഷണങ്ങളും അതുപോലെ തന്നെയായിരുന്നു സിനിമയിലും കടന്നു വന്നത്..

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ “നാരീമികച്ചിടം“ ആയിരുന്നു ദീപ്തിമയിയെ പിന്തുടർന്നത്..

“നാരി മികച്ചിടം
നാഥനില്ലാത്തിടം
നാരങ്ങ പൂത്തിടം
കൂവളം നട്ടിടം”

നശിക്കാനുള്ള ഇടങ്ങളെല്ലാം എണ്ണമിട്ട് പാടുന്നത് അറവുകാരൻ ഉമ്മറാണ്.. സ്വന്തം നിലനിൽ‌പ്പിനായി മകനെ പോലും കുരുതികൊടുക്കുന്ന തമ്പുരാട്ടിയുടെ അറയിൽ ഇത്തവണ സേലത്തുനിന്നുള്ള തോട്ടമുടമയായ ചെട്ടിയാരാണ്.. മുമ്പൊരിക്കൽ അതിഥിയായെത്തിയ ഹനീഫ വന്നത് ഉമ്മറിനോടൊപ്പമായിരുന്നു.. തമ്പുരാട്ടിയുടെ ഭർത്താവ് ചാത്തുക്കുട്ടി നമ്പ്യാരുടെ പുലകുളുയടിയന്തിരത്തിന്റെ വാർഷികാഘോഷങ്ങളുടെ അവസാനത്തെ ചടങ്ങാണത്.. ഒരു രാത്രി മാത്രം നീണ്ടു നിന്ന ദാമ്പത്യത്തിന്റെ ഓർമ്മപുതുക്കാൻ ഓരോ വർഷവും ഓരോരുത്തർ തമ്പുരാട്ടിയുടെ അതിഥിയായെത്തുന്നു.. വരുന്നവരോട് പറയാൻ അവർക്ക് ഒരു ആവശ്യമെ ഉള്ളു

“എന്നെ സന്തോഷിപ്പിക്കണം. നേരം പുലരുന്നതുവരെ നമ്മൾ ഭാര്യാഭർത്താക്കന്മാരാണ്. നേരം പുലരുന്നതുവരെ മാത്രം”

ഇറങ്ങിപോവുന്നവന്റെ അവസാനത്തെ ചോദ്യം ഇങ്ങനെയും

“അടുത്തവർഷം ആരായിരിക്കും അതിഥി”

“ആർക്കറിയാം”. “പക്ഷെ അവൻ അവിവാഹിതനായിരിക്കും. തിരക്കുപിടിക്കാത്തവനായിരിക്കും. ഒന്നും നഷ്ടപ്പെടാത്തവനായിരിക്കും”

“കാവേരിയുടെ പുരുഷൻ” പി സുരേന്ദ്രന്റെ രചനയാണ്.. അയൽനാട്ടുകാരനായതോണ്ടാണൊ എന്നറിയില്ല, അദ്ദേഹത്തിന്റെ കൃതികൾ എനിക്ക് ഇഷ്ടമാണ്.. നദീതടത്തിൽ നിന്നും നദീതടത്തിലേക്കുള്ള യാത്രയാണിതിൽ.. ഒളിച്ചോട്ടത്തിനൊടുവിൽ തിരിച്ചോടുവാൻ പൊറുതി കിട്ടാതെ വിങ്ങുന്ന ആത്മാവിന്റെ രോദനം വേരറ്റു പായുന്ന ഓരോരുത്തരിലും ബാക്കിയാവും.. ആലമ്പാടികളുടെ വഴികളും വൈദ്യവും, നദീതടങ്ങളിലെ ജീവിതവും, പിന്നെ മുറിച്ചിട്ടും മുറിയാതെ നിൽക്കുന്ന പഴങ്കഥകളുടെ ആരവവും ഒരു ശ്വാസം മുട്ടൽ പോലെ ബാക്കി നിൽക്കുന്നു ..


Sunday, August 1, 2010

(എട്ടാമത്തെ മോതിരം)

ഞാന്‍ വായിച്ചു വളര്‍ന്നത് മാതൃഭൂമിയുടെ തലക്കെട്ടുകളാണ്.. അതുകൊണ്ട് തന്നെ മാതൃഭൂമിയും മനോരമയും ഒരുമിച്ച് കയ്യില്‍ കിട്ടിയാല്‍ പിടിമുറുകുന്നത് മാതൃഭൂമിയില്‍ ആയിരീക്കും.. പക്ഷെ പലതരത്തിലും ഞാന്‍ അടുത്തറിഞ്ഞ പത്രം മനോരമയാണ്.. എന്റെ ജീവിതത്തില്‍ ഞാന്‍ പോലും പ്രതീക്ഷിക്കാത്ത ചില ചലനങ്ങള്‍ സൃഷ്ടിച്ചതൂം..

മനോരമ കുടുംബത്തിലെ കാരണവരായ ശ്രീ കെ എം മാത്യുവിന്റെ ആത്മകഥയാണ് “എട്ടാമത്തെ മോതിരം”.. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ആത്മകഥ എന്നു പറയുന്നതിനേക്കാള്‍ മനോരമകുടുംബത്തിന്റെ കഥ എന്ന് പറയുന്നതാവും നല്ല‍ത്.. ഓര്‍മ്മകളില്‍ ‍നിന്ന് ഓര്‍മ്മകളിലേക്ക് ഒരു മരത്തിന്റെ ഓരോ കൊമ്പും ഇലയും തൊട്ടുകൊണ്ടുള്ള യാത്രയാണിത്.. തിരിച്ച് വീണ്ടും തായ്യ്തടിയിലെത്തി മറ്റൊരു കൊമ്പിലേക്കെന്ന പോലെ.. ഓര്‍മ്മകള്‍ക്ക് നിയതവും നിശ്ചിതവുമായ പാതയില്ലെന്ന് പറയുന്നുവെങ്കിലും വായനയുടെ ഒഴുക്ക് ഒരിക്കലും മുറിയുന്നില്ല.. തലമുറകളില്‍ ആവര്‍ത്തിക്കപ്പെടുന്ന പേരുകള്‍ ചിലപ്പൊഴൊക്കെ “ഇതാരപ്പാ” എന്നൊരു ചോദ്യം മനസ്സിലേക്ക് കൊണ്ടുവന്നുവെന്നത് വേറൊരു കാര്യം.. ശ്രീ കെ എം മാത്യുവിന്റെ പിതാവ് സ്വന്തം പത്നിയുടെ മരണശേഷം, ആ ഓര്‍മ്മക്കായ് മക്കള്‍ക്ക് നല്‍കിയ സ്വത്തായിരുന്നു ഓരോ സ്വര്‍ണ്ണമോതിരങ്ങള്‍.. കെ സി മാമ്മന്‍ മാപ്പിള പത്നിയുടെ ആഭരണങ്ങള്‍ ഉരുക്കിയാണ് ഒമ്പതുപേര്‍ക്കും സ്വര്‍ണ്ണമോതിരങ്ങള്‍ തീര്‍ത്ത് നല്‍കിയത്.. എട്ടാമനായ ശ്രീ കെ എം മാത്യുവിന് കിട്ടിയതാണ് “എട്ടാമത്തെ മോതിരം”.. ആദ്യ അദ്ധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന്റെ പത്നി ശ്രീമതി അന്നമ്മയൂടെ ഓര്‍മ്മക്കായ് അദ്ദേഹം അവരുടെ സ്വര്‍ണ്ണവളകള്‍ ഉരുക്കി നാലുകുരിശുമാലകള്‍ ഉണ്ടാക്കി മക്കള്‍ക്ക് കൊടുത്തത് പുസ്തകത്തിന്റെ അവസാനഭാഗത്തില്‍ പറയൂന്നുണ്ട്.. അമ്മയുടെ ഓര്‍മ്മകളും പ്രാര്‍ത്ഥനയും എന്നു മക്കള്‍ നെഞ്ഞോട് ചേര്‍ത്തു വെക്കാന്‍..

കൃത്യമായി രേഖപ്പെടുത്താത്ത ജനനസമയമുള്ള നഷ്ടജാതകമാണ് ശ്രീ കെ എം മാത്യുവിന്റേതെങ്കില്‍ ജീവിച്ചത് ഒരു വിജയജാതകം തന്നെയായിരുന്നെന്ന് ജീവിതത്തിന്റെ സന്ധ്യാവേളയില്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നു.. തമ്മിലടിച്ചും കേസുനടത്തിയും നശിച്ചു നാറാണകല്ലായ നായര്‍ത്തറവാടുകളാണ് എനിക്ക് പരിചിതം.. അദ്ധ്വാനിക്കാനും വെട്ടിപ്പിടിക്കാനും തയ്യാറല്ലാ‍ത്തെ ഒരു ജനത.. പക്ഷെ എല്ലാം നഷ്ടപ്പെടുമ്പൊഴും വീണ്ടും ഫിനിക്സിനെപോലെ ഉയിര്‍ത്തെഴുന്നേല്‍‍ക്കാനുള്ള മനോവീര്യം നിറഞ്ഞ ഒരു കുടുംബത്തിന്റെ കൂടെ കഥയാണിത്.. നാടോടുമ്പോള്‍ നടുവെ ഓടാന്‍ മനോരമയെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ഇന്നവരുട്ടെ നേട്ടങ്ങള്‍ തുറന്നുകാട്ടുന്നു.. പക്ഷെ ഇവിടെ എത്തും മുമ്പെ പിന്നിട്ട് കറുത്തനാളുകളും സര്‍ സി പി യുടെ ക്രൂരതകളുമാണ് പുസ്തകത്തിന്റെ ഏറിയ പങ്കും കീഴടക്കുന്നത്.. ഒപ്പം കുടുംബമെന്നാല്‍ ഓരോരുത്തരുടേയും വളര്‍ച്ചയല്ലെന്നും ഒന്നിച്ചുള്ള മുന്നേറ്റമാണെന്നും ഈ പുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.. ബിസ്സിനസ്സുകള്‍ തകരുകയും പത്രം പൂട്ടുകയും ജീവിതം പോലും വഴിമുട്ടുകയും ചെയ്ത സാഹചര്യത്തില്‍ നന്നായി നടന്നിരുന്ന ഒരാളുടെ ബിസിനസ്സില്‍ നിന്നുള്ള സമ്പാദ്യമാണ് രക്ഷയായത്.. അന്നും എന്നും എല്ലവരെയും ഒരുമിച്ച് നിര്‍ത്തുകയും ഉള്ള മുതലില്‍ നിന്നും ഓരോരുത്തര്‍ക്കും ഓരോ സമ്പാദ്യമാര്‍ഗ്ഗം തുറന്നു കൊടുക്കുകയും ചെയ്ത ശ്രീ കെ സി മാമ്മന്‍ മാപ്പിള ആഖ്യാനത്തിലുടനീളം വാഴ്ത്തപ്പെടുന്നുണ്ട്.. സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കാനുള്ള പെണ്ണിന്റെ കഴിവിനെ സ്വന്തം അമ്മയുടെയും പത്നിയുടെയും ജീവിതകഥയിലൂടെയാണ് അദ്ദേഹം വരച്ചുകാണിക്കുന്നത്.. “മഞ്ചലേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുമെന്ന്” പൂ‍ന്താനം പാടിയത് അക്ഷരം പ്രതി ശരിവെക്കുന്ന ഒരു കാലം മനോരമക്കും ഉണ്ടായിരുന്നെന്ന് ഇതില്‍ നിന്നും വായിച്ചെടുക്കാം.. ഒരോ സ്ഥാപനത്തിന്റെയും ജീവശ്വാസം അതിലെ ജീവനക്കാരാണെന്നും അവരെ സ്നേഹത്തിലൂടെ എങ്ങിനെ കൂടെ നിര്‍ത്തണമെന്നും അദ്ദേഹം സ്വന്തം അനുഭവത്തിലൂടെ പകുവെക്കുന്നു.. ഏറ്റവും താഴെക്കിടയിലെ ജീവനക്കാര്‍ പോലും തങ്ങളുടെ വിജയത്തിന്റെ ഭാഗമായതെങ്ങിനെയെന്ന് അദ്ദേഹം എടുത്തുപറയുന്നുണ്ട്..

കഥയേറെ പറഞ്ഞു നിര്‍ത്തുമ്പൊഴും അവനവനുമാത്രമായി ഓര്‍ക്കാന്‍ കുറെ ഓര്‍മ്മകള് ‍പങ്കുവെക്കാതെ ബാക്കിവെച്ചിട്ടുണ്ട്.. സായംസന്ധ്യയില്‍ ചേക്കേറുന്ന പക്ഷികളുടെ ചിറകടിയൊച്ച കേള്‍ക്കുമ്പൊഴും ഇരുളാന്‍ സമയമായില്ലെന്ന ആത്മവിശ്വാസത്തിലാണ് ഓര്‍മ്മകള്‍ക്ക് വിരാമമിടുന്നത്..

വെറുതെ...

മനോരമയില്‍ അഭിമുഖത്തിനു പോയി വന്ന കൂട്ടുകാരിയോട് ചോദിച്ചു - “എന്താണ് എം ആര്‍ എഫ്?”

മനോരമ റിലേറ്റീവ്സ് ആന്റ് ഫ്രന്റ്സ്

Sunday, July 25, 2010

ഒറ്റക്ക് സിനിമക്കു പോവാറുണ്ടോ..?

ചോദ്യം ആണുങ്ങളോടല്ല; പെണ്ണുങ്ങളോടാണ്..

സിനിമ ആസ്വദിക്കാൻ കൂട്ടുവേണമോ എന്ന ചോദ്യത്തിന് എനിക്ക് പ്രത്യേകിച്ച് ഉത്തരമൊന്നുമില്ല. ഉണ്ടെങ്കിലും നല്ലത് ഇല്ലെങ്കിലും നല്ലത്. കൂട്ടില്ലാത്തതുകൊണ്ട് ആസ്വാദനത്തിന്റെ നിലവാരം കുറയുകയോ കൂട്ടായ്മകൊണ്ട് കൂടുകയോ ചെയ്യുമെന്ന് വിശ്വാസവുമില്ല.

അവധി ദിനങ്ങളിൽ വെറുതെ ഇരുന്ന് ബോറടിച്ച് എന്നാൽ ഒരു സിനിമ കാണാം ന്ന് വിചാരിച്ച് ഇറങ്ങിതിരിക്കുന്ന പതിവിലല്ല എന്റെ സിനിമ കാണലുകൾ. പടത്തെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം കേൾക്കുന്നതിന് മുമ്പെ കാണുന്നതല്ലെ സുഖം. അതുകൊണ്ട് പോവുകയാണെങ്കിൽ റിലീസ് ആയി ആദ്യത്തെ വാരാന്ത്യം, അതിൽ ഞാൻ തിയ്യേറ്ററിൽ ഹാജരായിരിക്കും. അതിലും വൈകിപോയാൽ അത് കണ്ടേ തീരു എന്ന ഗണത്തിൽ പെട്ടതാവും. ഈ ഗണത്തിൽ അധികമൊന്നും വന്നുപെടാറില്ല.

ഇതെ ഭ്രാന്തുകാർ കുറെ കൂട്ടത്തിൽ ഉള്ളതിനാൽ “ആരെങ്കിലും സിനിമക്ക് കൂട്ടുവരുമൊ” എന്ന് ചോദിച്ച് അലയേണ്ട. ഒഴിവുദിനങ്ങളിൽ നാളെ ഏത് ഫിലിം എന്ന കാര്യത്തിലേ സംശയം വരാറുള്ളു. എന്നിട്ടും ഒറ്റക്ക് പോവുകയോ എന്ന് ചോദിച്ചാൽ, എനിക്ക് കാണണം എന്ന് തോന്നുന്ന ചിലത് "കൊന്നാലും കാണില്ല" എന്ന് മറ്റുള്ളവർ വാശിപിടിച്ചാൽ എന്തുചെയ്യും. ഇനി വരാൻ തയ്യാറുള്ളവരുടെ സൌകര്യത്തിനു കാത്തിരുന്നാൽ സിനിമ അതിന്റെ വഴിക്ക് പോവും. പിന്നെ വഴി ഒന്നേ ഉള്ളു, കാണണമെങ്കിൽ തനിയെ പോവണം. അങ്ങിനെ അടിയന്തിര ഘട്ടങ്ങളിൽ മാത്രം ഞാൻ ഒറ്റക്ക് തന്നെ പോവും. പശു ചത്ത് മോരിലെ പുളിയും പോയിട്ട്, പരസ്യത്തിനിടയിലെ സിനിമയായി ടിവിയിൽ വരുമ്പോൾ കാണാൻ താത്പര്യമില്ലാത്തതുകൊണ്ടും അതൊന്നും “ബ്ലൊക്ക്ബസ്റ്റർ” ആയി എത്തില്ല എന്നുറപ്പുള്ളത് കൊണ്ടും. എന്നാൽ ഒറ്റക്ക് പോവാൻ മടിയുള്ളവർക്ക് കൂട്ടായി ഒരിക്കൽ കണ്ട കത്തിപ്പടത്തിന് വീണ്ടും തലവെച്ചിട്ടുണ്ട്. അത് വേറെ കാര്യം

ഇതിനിടയിൽ ചോദ്യം മറന്നുപോയില്ലല്ല്ലൊ അല്ലെ? തനിച്ച് സിനിമക്ക് പോവാറുണ്ടോ.?

ഞാൻ ആദ്യമായി കൂട്ടില്ലാതെ സിനിമ കാണാൻ പോവാൻ തുടങ്ങിയത് പത്തിലെ പരീക്ഷ കഴിഞ്ഞ് പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലാതിരിക്കുന്ന കാലത്താ. അതിനു മുമ്പൊക്കെ കൂട്ടുകാർ പോവുമ്പോൾ ഞാനും പോവും. അല്ലെങ്കിൽ വീട്ടിൽ ഓപ്പോൾ ചേട്ടൻ എന്നിവരുടെ കൂടെ. പക്ഷെ പത്തിലെത്തിയപ്പോൾ എവിടെ നിന്നില്ലാതെ നിരോധനം പൊട്ടിവീണത് അമ്മയിൽ നിന്നായിരുന്നു. പരീക്ഷ കഴിയും വരെ ഇനി സിനിമ കാണൽ ഇല്ല. ഏറ്റുപിടിക്കാൻ ഓപ്പോൾ പിന്താങ്ങാൻ അച്ഛൻ. ഞാൻ ഏതു ക്ലാസ്സിൽ പഠിക്കുന്നെന്ന് പോലും നല്ല തീർച്ചയില്ലാത്തയാളാ എന്റെ പുന്നാര അച്ഛൻ. എന്നിട്ടും ഈ കൊലച്ചതി എന്നോട് ചെയ്തു. അമ്മയെ മുഷിപ്പിക്കേണ്ടെന്ന് കരുതിയാവും. എന്റെ അച്ഛനല്ലെ, സംഗതി ഇത്തിരി കടുത്തു പോയില്ലെ ന്ന് തോന്നിയതോണ്ടാവാം ശാപമോക്ഷവും ഉടനെ വിധിച്ചു. പരീക്ഷ കഴിഞ്ഞാൽ കോളേജിൽ പോവും വരെ “സംഗീത” യിൽ വരുന്ന എല്ലാ സിനിമയും കാണാം. ഹോ എന്തൊരു ആശ്വാസം. അന്നു നല്ലകുട്ടിയായി നടക്കണ കാലായിരുന്നതോണ്ട് ഞാനും അംഗീകരിച്ചു. ഒന്നുമില്ലെങ്കിലും പത്താം ക്ലാസ്സല്ലെ.

അങ്ങിനെ സിനിമയില്ലാത്ത പത്താംക്ലാസ്സ് കാലം. ഏപ്രിൽ ഒന്നിനായിരുന്നു ഏപ്രിൽ ഫൂൾ ആക്കി അവസാനത്തെ പരീക്ഷ. അന്നു രാത്രി തന്നെ ഓപ്പോൾ എന്നെ സിനിമക്ക് കൊണ്ടോയി. പാവം കുട്ടി, ഒരുകൊല്ലായി സിനിമകാണാതെ പട്ടിണി കടക്കല്ലെ ന്ന് വിചാരിച്ചാവും. പിന്നെ വരുന്ന വരുന്ന സിനിമകളെല്ലാം ഞാൻ തനിച്ച് കാണേണ്ടി വന്നു. പക്ഷെ അതൊരു രസമായിരുന്നു. അയൽ‌പ്പക്കത്തെ കൂട്ടുകാരില്ലെങ്കിലും നാട്ടിൻ പുറത്തെ സിനിമാകൊട്ടകയിൽ എത്തുന്നവരൊക്കെ എനിക്കറിയാവുന്നവർ. സ്കൂൾ അടച്ച കാലമല്ലെ, കുട്ടികൾ മുഴുവൻ അവിടെ തന്നെ. അന്നൊന്നും ഞാൻ ചെയ്യുന്ന അത്ര വലിയ പാതകമാണെന്ന് ഏറ്റവും ഓർത്തഡോക്സ് ആയ എന്റെ അമ്മക്കൊ നാടുകാരെ പേടിച്ച് ശ്വാസം വിടാൻ സംശയിക്കുന്ന എന്റെ ഓപ്പോൾക്കൊ തോന്നിയില്ല. ചെയ്തു പോയത് വലിയ സംഭവമായിരുന്നെന്ന് കണ്ണുരുട്ടികാട്ടിയത് കാലം കുറെ കഴിഞ്ഞാ. നഗരസന്തതികളും പട്ടണവാസികളുമായിരുന്നു കണ്ണുരുട്ടാൻ വന്നവർ.

ഇതിപ്പൊ പറയാൻ എന്തെ എന്നല്ലെ. കാലം കുറെ കൂടി ഞാൻ തനിച്ചൊരു സിനിമക്ക് പോയി.

ടിക്കറ്റെടുക്കാൻ ക്യൂവിൽ ആരുവില്ല. ഒരു ടിക്കറ്റ് എന്നു പറഞ്ഞപ്പോൾ മറുപുറത്തൊരു സംശയം. ആ ചെറിയ തുളയിലൂടെ ഒന്നു കുനിഞ്ഞു നോക്കുന്നു. കേൾക്കാത്തതാണൊന്ന് സംശയിച്ച് ഞാൻ ഒന്നൂടെ പറഞ്ഞു. ഒരു ടിക്കറ്റ്. അറിയാതെയാണെങ്കിലും ഒരു ചൂണ്ടുവിരൽ ആംഗ്യം

ഏഴു സീറ്റിൽ നടുവിലെയാണ് എന്റേത്. അതിത്തിരി കഷ്ടം തന്നെ എന്നു തോന്നിയതിനാൽ ഞാൻ ആദ്യത്തെ സീറ്റിൽ ഇരുന്നു. അത് എനിക്ക് അനുവദിച്ചതല്ല എന്ന അറിവിൽ തന്നെ. അടുത്തതായി വന്ന നാലുപേരിൽ ഒരാളുടേതായിരുന്നു അത്. അവർക്ക് ആ സീറ്റ് തന്നെ വേണം - നാലു പേർ എന്നാൽ ഒരാണ്, മൂന്നു പെണ്ണ്. എന്താണ് പ്രശ്നം എന്നു ചോദിച്ചു വന്ന തിയ്യേറ്റർ കാരൻ എന്റെ ടിക്കറ്റ് ചോദിച്ചു. ഇതല്ലല്ലൊ സീറ്റ് എന്ന് പറഞ്ഞ് നോക്കിയതും “അവരൊന്നും ഇല്ലെ” എന്നൊരു ചോദ്യം. “ഇല്ല” എന്നതിൽ ഉത്തരം ഒതുക്കി ഞാൻ സീറ്റ് മാറിയിരുന്നു. കാരണം എന്റെ കൂട്ടുകാരി റിലീസിങ് ഷോ കാണാൻ ഇടികൂടാതെ ടിക്കറ്റ് സംഘടിപ്പിക്കുന്നത് ഇയാൾ വഴിയാണെ. അവരുടെ ബാങ്കിലാണ് ഇവരുടെ അക്കൌണ്ട് എന്നതൊരു പിടിവള്ളി. വെറുതെ ആ വഴിയടക്കണ്ടല്ലൊ.

വന്നിരുന്നവരിൽ ഒരാളെ എനിക്കറിയാം.. ആ വഴി മറ്റുള്ളവരേയും പരിചയപ്പെട്ടു.. കൂട്ടത്തിൽ ഒരു പത്രക്കാരി..

“ഞാൻ കണ്ടിട്ടുണ്ട് തിയേറ്ററിൽ വച്ച് തന്നെ.. തനിച്ച് വരാറുണ്ടല്ലെ”

ആ കഥ അവിടെ തീർന്നു..

ഹോസ്റ്റലിൽ നിന്ന് ഇറങ്ങുമ്പോൾ “വേറെയാരുമില്ലെ“ എന്ന് ചോദിച്ചവരോടൊക്കെ “ഇല്ല“ എന്നു പറയാൻ വലിയ ബുദ്ധിമുട്ടില്ലായിരുന്നു.. തിരിച്ചു വന്നപ്പോൾ ഇതേ ചോദ്യത്തിന് ഇതേ ഉത്തരം പറയാൻ ഒരു ചെറിയ ഭയം.. മറ്റൊന്നുമല്ല ഇത് ഇത്ര വലിയ പാതകമാണൊ എന്ന് എനിക്കും സംശയം തോന്നാൻ തുടങ്ങിയതോണ്ട് തന്നെ..

ഇന്നലെ പഴയ കൂട്ടുകാരിൽ ഒരാളുടെ ഫോൺ.. നേരമില്ലാത്ത നേരത്തായതിനാൽ “എന്തുപറ്റി“ എന്നതായിരുന്നു “ഹലോ“ക്ക് പകരം പുറത്തു വന്നത്..

“നീ അവിടെയും തനിച്ച് സിനിമക്ക് പോവാൻ തുടങ്ങി അല്ലെ?”

എതു വഴിയാണ് അവിടെയെത്തിയതെന്നൊന്നും ചോദിച്ച് സമയം കളഞ്ഞില്ല.. എന്തിനാ വെറുതെ..

Monday, July 19, 2010

എന്റെ ലോകം നിശബ്ദമാവുകയാണ്

കളഞ്ഞു പോവുന്ന പലതിനോടും തോന്നുന്ന ഒരു വികാരമില്ലെ? ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന തിരിച്ചറിവിൽ പ്രത്യേകിച്ചും തോന്നുന്ന ഒരു നഷ്ടബോധം. അതെന്റേതായിരുന്നെന്ന് നെഞ്ഞോടടക്കുന്ന ഒരു വേദന. ഇനി അത് എന്റേതാവില്ലെന്ന് അംഗീകരിക്കേണ്ടി വരുന്ന അവസ്ഥ.

ഞാൻ ഓരോ ശബ്ദത്തേയും നല്ലതോ-ചീത്തയൊ, കൂടിയതോ-കുറഞ്ഞതോ എന്നിലേക്ക് വലിച്ചെടുക്കുകയാണ്. അറിയാം, അതിന്റെ കമ്പനങ്ങൾ വളരെ നേർത്തതാണെന്ന്. എങ്കിലും, ഇന്ന്, ഇന്നുകളിൽ അവ എന്നിലെത്തുന്നുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.. നാളെ എന്നിലെത്തുമ്പോഴും ഞാൻ തിരിച്ചറിയില്ലെന്നും

നിന്റെ ചെവി ഞാൻ അടിച്ചു പൊട്ടിക്കുമെന്ന് ആരെങ്കിലും പറയുമ്പോൾ, നമ്മൾ വിചാരിക്കാറുണ്ടോ അങ്ങിനെ സംഭവിച്ചാലോ എന്ന്? ദേഷ്യം തീർക്കാൻ ആഞ്ഞ് വീശുന്ന കൈപ്പത്തി അടച്ചു തീർക്കുന്നത്, എന്നേക്കുമുള്ള ശബ്ദവീചികളുടെ പ്രവേശനത്തെയാണെന്ന്.

കടന്നു വരുന്ന ശബ്ദങ്ങളേ പ്രതിരോധിച്ച് സംസാരിക്കുന്നവരുടെ ചുണ്ടിന്റെ ചലനത്തിൽ നിന്ന് അവർ പറയുന്നത് പിടിച്ചെടുക്കാൻ ഞാൻ ആരുമറിയാതെ ചില ശ്രമങ്ങൾ നടത്തി.. പരാജയപ്പെടുവാൻ മാത്രമായിരിരുന്നു ആ പരിശ്രമങ്ങൾ..

പാവം എന്റെ ഞരമ്പുകൾ.. ആവശ്യത്തിലേറെ ശബ്ദം വഹിച്ച് അവ തളർന്നു പോയിരീക്കുന്നു.. പലരും മരണപ്പെട്ടിരിക്കുന്നു.. ചിലരുടെ സാന്നിധ്യം കൊണ്ട് ഞാൻ അറിയാതെ പോയ ചരമങ്ങൾ.. മറ്റുള്ളവർ മരണം കാത്തിരിക്കുന്നു.. ആളൊഴിഞ്ഞു പോയ പൂരപ്പറമ്പിൽ ആരവമൊഴിഞ്ഞിരിക്കുന്നു.. ഇനി ഒരിക്കലും ശബ്ദകോലാഹലങ്ങളുമായി ആരും ഈ വഴി വരില്ല..

ഇരു ചെവിയെങ്കിലും ഞങ്ങൾ ഒന്നെന്ന പ്രതിജ്ഞ അവർ തെറ്റിച്ചത് വർഷങ്ങൾക്ക് മുമ്പായിരുന്നു.. നിനക്ക് കേൾക്കാൻ കാതുകൂർപ്പിച്ച് ഞങ്ങൾ ഉണർന്നിരിക്കാമെന്ന വാഗ്ദാനം ആരാണ് ആദ്യം മറന്നത്.. ചലനം നഷ്ടപ്പെട്ട എല്ലിനിടയിൽ നിന്നും ഞരമ്പുകളെ വലിച്ചെടുത്ത് തുലനം നഷ്ടമായിടത്ത് ഊന്നുവടി പോലെ ഒരു പ്ലാസ്റ്റിക്ക് കഷണത്തെ തിരുകിവെച്ചു... വർഷങ്ങൾക്കപ്പുറത്ത് നിലനിൽക്കാമെന്ന വാഗ്ദാനമൊന്നും ഒരു ഊന്നുവടിക്ക് നൽകാനാവില്ലല്ലൊ.. അതിന്റെ ചലനവും നിലച്ചിരിക്കുന്നു.. ഒരു ഊന്നുവടി പോലും എനിക്ക് തന്നില്ലല്ലൊ എന്ന് പരിഭവിച്ച് മറ്റേയാൾ നേരത്തെ ആത്മഹത്യചെയ്തു.. സത്യം, അവസാന ശ്വസം വലിക്കുമ്പൊഴും എന്നെ രക്ഷിക്കുമൊ എന്ന് നിലവിളിച്ചിരിക്കാം.. കേട്ടില്ല, കാരണം ശേഷികുറഞ്ഞവനെ ഞാൻ ഏറെ അവഗണിച്ചിരുന്നു.. ഒരു ഫോൺ കോൾ പോലും നൽകിയിരുന്നില്ല.. ചിതറിത്തെറിച്ച് ഇരുവർക്കും ലഭ്യമായിരുന്നതിൽ പോലും, ഞാൻ ചെവികൂർപ്പിച്ചത് ഒരാൾക്ക് വേണ്ടി മാത്രമായിരുന്നു.. പിന്നെ എങ്ങിനെ ഞാനറിയും ആ പ്രാണന്റെ ഞരക്കങ്ങൾ..

മുഖത്ത് നോക്കി ചീത്ത വിളിക്കുമ്പൊഴും ഞാനിനി ചിരിച്ചു നിന്നു കേൾക്കും..

എനിക്കരികിൽ എന്നെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ പോലും ഒന്നു നോക്കുക പോലുമില്ലാതെ ഞാൻ ഇരിക്കും

വലിയ ശബ്ദങ്ങൾ എന്റെ കർണ്ണപുടങ്ങളിൽ ആഞ്ഞടിച്ച് കടന്നു പോയിട്ടും അതിന്റെ ഒരു നേരിയ അലപോലും എന്നിൽ രേഖപ്പെടുത്താതെ പോവുമ്പോൾ, പ്രതികരണങ്ങളില്ലാതെ ഞാൻ നിൽക്കേണ്ടി വരില്ലെ?

പക്ഷെ ഒരു മരണനിലവിളി, എനിക്കരിൽ ഉയരുമ്പൊഴും ഞാൻ ഒന്നുമറിയാതെ നടന്നു പോവേണ്ടി വരുമൊ.. ഒരു കൈ സഹായം എന്നിൽ നിന്നും നീളാതെ, ഒരു ഒച്ച പോലും എന്നിൽ നിന്ന് ഉയരാതെ..

ആലോചിക്കാൻ പോലുമാവുന്നില്ല, ഞാൻ പറയുന്നത് പോലും എനിക്ക് കേൾക്കാൻ ആവാത്ത അവസ്ഥ.

എന്റെ ലോകം നിശബ്ദമാവുകയാണ്... പതിയെ പതിയെ..

Monday, February 15, 2010

ആരാണ് ആദ്യം പിറന്നത്?


അവന്റെ കവിതകളിൽ നിറയെ
അരക്കെട്ടുകളായിരുന്നു

അരക്കെട്ട് പപ്പടം എന്നത്
പണ്ട് പാതിരാ ചന്തയിൽ
പറഞ്ഞു കേട്ടതാണ്

അരക്കെട്ട് പുകയില കുറഞ്ഞതിനാണ്
സ്ത്രീധനക്കമ്മിയിൽ അമ്മൂമ്മ
പണ്ട് പീഡിപ്പിക്കപ്പെട്ടത്

അമ്മയുടെ അരക്കെട്ടിൽ
തലേക്കെട്ടിന്റെ ബലത്തിൽ
ആരോ കൈവെച്ചതാണ്
അവനായി പരിണമിച്ചത്

അരക്കെട്ട് കവിയുന്ന മുടിയിലായിരുന്നു
അവന്റെ കണ്ണെങ്കിൽ
അതിനുമപ്പുറത്തേക്ക് ആഴ്ന്നിറങ്ങുന്നത്?

അരക്കെട്ട് ബുദ്ധിപോലുമില്ലാത്ത
അരണ പെണ്ണിലായിരുന്നു
ആദ്യത്തെ പരീക്ഷണം

അറിയില്ല,
ഇനിയുമെവിടെയൊക്കെ
അരക്കെട്ടുകൾ
ചിതറികിടക്കുന്നുവെന്ന്

ഒന്നുകിൽ അരക്കെട്ടഴിയും വരെ
അല്ലെങ്കിൽ...

Monday, January 11, 2010

ഇത് എന്റെ സ്കൂൾ






"ഇത് എന്റെ സ്കൂൾ..”

നേരം വെളുക്കും മുമ്പെ ഞാൻ ഇന്ന് പത്രം തേടിയത് ഈ ഒരു വാർത്തക്കു വേണ്ടിയായിരുന്നു

ഇന്നലെ മുതിർന്നവർക്കിടയിൽ കോട്ടയം ഗിരിദീപം സ്കൂളിലെ സുന്ദരക്കുട്ടൻ‌മാരുടെ പടം കണ്ടപ്പോൾ ചെറിയൊരു ഭയം ഉണ്ടായിരുന്നു.. കയ്യിൽ നിന്നു പോവുമോ ന്ന്.... ആരൊക്കെയൊ കാത്തു.. അല്ലെങ്കിൽ എന്റെ ചേട്ടന്റെ ഭാഷയിൽ കാണാൻ നല്ല ചേലുള്ള അവർക്കിടയിൽ ഞങ്ങളുടെ കറുമ്പൻ‌മാർ ജയിക്കില്ലല്ലൊ..



ഇത് എന്റെ സ്കൂൾ.. പെരിങ്ങോട് ഹൈസ്കൂൾ.. കാലങ്ങളായി യുവജനോത്സവവേദിയിൽ പഞ്ചവാദ്യം കൊട്ടി ഒന്നാം സമ്മാനം വാരിയെടുക്കുന്നവർ.. പണക്കൊഴുപ്പിന്റെ മേളയിൽ മറ്റൊന്നും സ്വന്തമാക്കാനുള്ള ആവതില്ലാത്തവർ.. അവർക്കിത് മത്സരമല്ല.. മറ്റൊരു അരങ്ങുമാത്രം.. പലരും അന്തികഞ്ഞിക്ക് അരിവാങ്ങാൻ അച്ഛനമ്മമാരുടെ കൂലിയിൽ ഒരുപങ്കുനൽകാൻ ഉത്സവപറമ്പുകളിൽ കൊട്ടിത്തകർക്കുന്നവർ.. നൃത്തനൃത്യങ്ങളുടെ ലോകം അന്യമായതുകൊണ്ടല്ല.. അവിടെ കഴിവിനേക്കാൾ മാറ്റുരക്കുരക്കുന്ന മറ്റു പലതുമുണ്ടല്ലോ..

രാവിലെ ഉണരുമ്പോൾ പലപ്പോഴും ആദ്യം കേൾക്കുന്നത് പഞ്ചവാദ്യം തന്നെ.. വീടിനും സ്കൂളിനും ഇടയിൽ ഒരു വിളിപ്പാട് ദൂരം മാത്രം.. എനിക്ക് വളരെ പരിചിതമായ തുകിലുണർത്ത്... സന്ധ്യചായുന്നതും ഇതേ മേളത്തിന്റെ അകമ്പടിയോടെ.. സ്കൂൾ സമയത്തിനു ശേഷം ആളും ആരവവും നിലക്കുമ്പോൾ അവർ വാദ്യങ്ങൾ കയ്യിലേന്തുന്നു..

അടുത്ത ഗ്രാമങ്ങളിലെ കാവിലും അമ്പലത്തിലും ഉത്സവങ്ങൾക്ക് കൊട്ടിക്കയറി കീർത്തികേട്ടറിഞ്ഞ നാടുകളിൽ നിന്നെല്ലാം ഇവരെ അന്വേഷിച്ചെത്താൻ തുടങ്ങിയ കാലമുണ്ടായിരുന്നു.. അന്നത്തെ കുട്ടികൾ ഇന്ന് ആശാൻ മാരായി പുതിയ ശിഷ്യരെ തേടുന്നു.. നാട്ടിലും മറുനാട്ടിലും പെരിങ്ങോടിന്റെ പേരുയർത്തുന്നു.. പടർന്നു പന്തലിച്ച് നിറഞ്ഞു നിൽക്കുമ്പോഴും ഈ വൻ‌വൃക്ഷത്തിന്റെ വേരുകൾ പെരിങ്ങോട് സ്കൂളിന്റെ മതിൽകെട്ടിൽ തന്നെ..

അതെ.. ഇതെന്റെ സ്കൂൾ...