Tuesday, September 18, 2012

ഭൂമിയുടെ അവകാശികള്‍


ഭൂമിയുടെ അവകാശികള്‍

ഭൂമിയുടെ അവകാശികള്‍  മനുഷ്യര്‍ മാത്രമാണെന്ന അഹങ്കാരമൊന്നും എനിക്കില്ല.. എന്നാലും നമുക്കു വേണ്ടിയാണ് മറ്റെല്ലാം എന്നൊരു ചിന്ത ഇടക്കൊക്കെ അറിയാതെ കേറിവരാറുണ്ട്..

മുറ്റത്ത് ഉണക്കാനിട്ട നെല്ലും കൊണ്ടാട്ടവുമൊക്കെ കാക്കയും കോഴിയും കൊത്താതിരിക്കാന്‍ കുട്ടിയായിരുന്നപ്പോള്‍ ഞാനും കുറെ കാവലിരുന്നിട്ടുണ്ട്..  .. അതൊരു ശിക്ഷയായാണ് മിക്കപ്പോഴും തോന്നിയിരുന്നതും.. ഒരു വശത്ത് കളിയും മറുവശത്ത് കാവലുമാവുമ്പോള്‍ പക്ഷികള്‍ക്ക് അവരുടെ പങ്ക് സ്വന്തമാക്കാന്‍ ഏറെയൊന്നും പണിപ്പെടേണ്ടി വരാറില്ല.. പിന്നെ കോഴികള്‍ താളാത്മകമായി നെല്ലു കൊത്തിത്തിന്നുന്നത് കണ്ടിരുന്ന് രസിക്കുമ്പോള്‍ പുറത്ത് അമ്മയുടെ മുട്ടന്‍ അടി വന്നു വീഴുന്നതും സ്ഥിരം പരിപാടി.. കാക്കകളുടെ കള്ളനോട്ടവും അപ്രതീക്ഷിതമായ ലാന്റിങും ഒന്നും തടയാന്‍ എന്റെ കാവലിനു കഴിയാറുമില്ലായിരുന്നു..  എന്നാലും അരിചേറി വൃത്തിയാക്കുമ്പോള്‍ അടുത്തു കൂടുന്ന കോഴികള്‍ക്ക് അതിലൊരു പങ്ക് അമ്മ എറിഞ്ഞു കൊടുക്കും.. അത് അവരുടെ അവകാശമായിരുന്നിരിക്കാം.. 

വര്‍ഷങ്ങള്‍ക്ക് ശേഷം നഗരത്തിലെത്തിയപ്പോള്‍ ഒരു തമിഴ് ബ്രാഹ്മണരുടെ വീട്ടില്‍ വെച്ചാണ് ഞാന്‍ ആദ്യമായി “ഉറുമ്പിനു വെച്ചത്”“ കണ്ടത്.. ഒരു വീടിന്റെ ജനല്‍ മറ്റൊരു വീട്ടിലേക്ക് തുറക്കുന്നത്ര അടുത്തടുത്തായിരുന്നു അവിടെ വീടുകള്‍ ... ആകെയുള്ള ഒറ്റമുറി-വരാന്ത വീട്ടിലും സാളഗ്രാമവും പൂജയുമൊക്കെ യായി ചിട്ടയോടെ ജീവിച്ചിരുന്നവരായിരുന്നു അവര്‍ .... ഒരിക്കല്‍ അവിടെ ചെന്നപ്പോഴാണ് മതിലിനു മുകളില്‍ വെച്ചിരിക്കുന്ന കുറച്ച് അരിമണികള്‍ കണ്ടത്.. ഇതെന്ത് എന്ന എന്റെ കൌതുകത്തിനു മറുപടിയായാണ്  ഉറുമ്പുകള്‍ക്ക് തിന്നാനാണ് അത് വെച്ചിരിക്കുന്നതെന്നു അവിടത്തെ അമ്മ മറുപടി പറഞ്ഞതും..

വീണ്ടും ഇതൊരു കാഴ്ചയായത് രാജസ്ഥാനില്‍ വെച്ചാണ്.. കൂട്ടുകാരിയുടെ സ്ഥിരം വിശേഷമായിരുന്നു വീടിന് അകത്തേക്ക് പോലും കയറിവരുന്ന മയിലുകള്‍ ... അങ്ങോട്ട് വണ്ടി കയറുമ്പോള്‍ എന്റെ പ്രതീക്ഷകളില്‍ ഒന്നായിരുന്നു മയിലിന്റെ തൊട്ടടുത്ത് നിന്നൊരു ഫോട്ടോ.. അതിന്റെ നനുത്ത പീലികളില്‍ ഒരു തലോടല്‍ ..  മൃഗശാലകളില്‍ പോലും മയിലുകള്‍ ദൂരെ നിന്നുള്ള കാഴ്ചമാത്രമായിരുന്നു.. പിന്നെയും അടുത്ത് കണ്ടിരിക്കുന്നത് നാട്ടിലെ കുറ്റികാടുകളില്‍ തന്നെ.. കോളേജുകാലങ്ങളില്‍ രാവിലെത്തെ ബസ്സിനു പോവുമ്പോള്‍ കോതചിറ കാടിനടുത്ത് മിന്നിമറയുന്ന മയിലുകളേ കാണാം.. പക്ഷെ ബസ്സിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അവ ഉള്‍വലിയും.. രമേശ്വരം മധുര റൂട്ടിലെ റേയില്‍ പാളങ്ങള്‍ക്കരികിലെ കൊച്ചു മരങ്ങളില്‍ നിറയെ മയിലുകള്‍ ഇരിക്കുന്നത് കാണാം.. ഒരു പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ മയിലുകളെ ഒരുമിച്ച് കണ്ടിരിക്കുന്നതും അവിടെ തന്നെ.. 

പറഞ്ഞു വന്നത് എന്റെ മയില്‍കാഴ്ചകള്‍ അല്ല.. അവയ്ക്കു കഴിക്കാനായി വെച്ച ധാന്യവും വെള്ളവുമാണ്.. ഇടക്കൊക്കെ അതില്‍ പങ്കു പറ്റാന്‍ പ്രാവുകളും അവിടെ എത്തുന്നുണ്ടായിരുന്നു.. കാണുന്നവരോടൊക്കെ പേരെന്ത് എന്നു ചോദിക്കുന്നതിനെക്കാള്‍ മുമ്പ് ജാതി ചോദിക്കുന്നവരുടെ നല്ല വശം... ഓരോ വീടിന്റ്റെയും ചുറ്റുമതിലില്‍ ചെറിയ പാത്രങ്ങളില്‍ വിവിധതരം  ധാന്യങ്ങള്‍ വെച്ചിരുന്നു; പിന്നെ വെള്ളവും.. അവിടെയുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം ഒരു മയിലെങ്കിലും ഞാന്‍ താമസിച്ചിരുന്നിടത്ത് വന്ന് ധാന്യം തിന്നുമെന്ന് വിചാരിച്ചു.. ദൂരെ നിന്ന് അവയുടെ ശബ്ദം കേള്‍ക്കുമ്പോഴെ ഞാന്‍ വരാന്തയില്‍ ഹാജരായി.. പക്ഷെ എന്തൊ ഒരിക്കല്‍ പോലും അവ എന്റെ അടുത്ത് വന്നില്ല .. അടുത്തുള്ള വീടുകളുടെ ഏറ്റവും മുകളില്‍ വന്നിരിക്കും.. ആ ഇടത്തെല്ലാം രണ്ടും മൂന്നും നിലകളുള്ള വലിയ വീടുകള്‍ ആയിരുന്നു..  വഴികള്‍ തോറും കറങ്ങി നടക്കുമ്പൊള്‍ മരകൊമ്പുകളില്‍ ചെറിയ പാത്രങ്ങള്‍ കെട്ടി തൂക്കിയിരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. അതിലും ധാന്യങ്ങളും വെള്ളവും  തന്നെയാണെന്ന് എന്റ്റെ കൂട്ടുകാരി പറഞ്ഞു...  പിന്നെ ചെല്ലുന്നിടത്തെല്ലാം ഞാന്‍ ഭക്ഷണതട്ടുങ്ങളേ തിരഞ്ഞു... 

കേരളത്തിനു പുറത്ത് കുറച്ചൊക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു കാഴ്ച ആദ്യമായിട്ടായിരുന്നു.. അല്ലെങ്കില്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് ഇപ്പൊഴാണ്.. എനിക്ക് വളരെ ഇഷ്ടപെട്ട ഒരു കാഴ്ചയുമായിരുന്നു.. വെറും കാഴ്ചയിലെ പുതുമ മാത്രമല്ല, സഹജീവികളോടുള്ള ധര്‍മ്മം കൂടി ആണെന്നു തോന്നി.. 

(ചോരപുരണ്ട മയില്‍ പീലി : ഞാന്‍ ഇപ്പൊ വായിക്കുന്നത് സുസ്മേഷ് ചന്ത്രോത്തിന്റെ പേപ്പര്‍ ലോഡ്ജ്.. അതില്‍ ഒരിടത്ത് ഇങ്ങനെയും ഒരു കാഴ്ച കടന്നു വരുന്നു.. ചിലര്‍ മനുഷ്യരുടെ  തലയറുക്കാന്‍ പഠിപ്പിക്കുന്നത് മയിലുകളുടെ തലവെട്ടിക്കൊണ്ടാണ്.. )

Wednesday, September 12, 2012

ആദരാഞ്ജലികളോടെ..

സര്‍ക്കാര്‍ ഫയലുകളില്‍ ഒരു ഒപ്പിനുള്ള വില ഒരുപാട് വലിയതാണ്.. എന്നെ ഒരു സര്‍ക്കാര്‍ ജോലിക്കാരിയാക്കാനുള്ള അനുമതിക്കും ഒരു ഒപ്പുണ്ടായിരുന്നു.. പിന്നെ ജോലിയില്‍ ചേരാനുള്ള സമയം നീട്ടി കൊണ്ടു പോയപ്പോഴും അതിനെല്ലാം സമ്മതം നല്‍കികൊണ്ട് വീണ്ടും ഒപ്പുകള്‍ .. ഇന്നലെ, ചില കാലഘട്ടങ്ങളുടെ കണക്കെടുപ്പില്‍ , ചില വര്‍ഷങ്ങളുടെ കൃത്യമായി ഇഴകീറലുകളില്‍,  ആര്‍ക്കൊക്കെയോ വേണ്ടി പഴയ തിയ്യതികള്‍ പൊടിതട്ടിയെടുത്തപ്പോള്‍, വീണു കിട്ടിയതാണ് ഈ ചിന്തയും.. 

ശ്രീപത്മനാഭന്റെ നാലു ചക്രം എന്നൊക്കെ പറയും പോലെ ഞാനൊരു സര്‍ക്കാര്‍ ഗുമസ്ഥയായത് ശ്രീ കെ ജെ മാത്യു സാറിന്റെ ഒപ്പിന്റെ ബലത്തിലാണ്‍`..കഴിഞ്ഞ ദിവസം അന്തരിച്ച ശ്രീ കെ ജെ മാത്യു ഐ എ എസ്..  ഗൌരവം നിറഞ്ഞ മുഖവുമായി പോക്കറ്റില്‍ കയ്യിട്ട് ഓഫീസിന്റെ പടികള്‍ കയറിവരുന്ന ഒരു രൂപമാണ് എന്റെ മനസ്സിലുള്ളത്.. ആ വരവില്‍ നാലുപാടും ഒന്നു നോക്കി കടന്നു പോയത് ഒരിക്കല്‍ മാത്രം ഞാന്‍ കണ്ടു..  അനര്‍ഗ്ഗളമായി ഒഴുകുന്ന ആ പ്രസംഗം ഞാന്‍ കേട്ടിട്ടില്ല.. പക്ഷെ കാലങ്ങള്‍ക്ക് ശേഷം പഴകിപിഞ്ഞാന്‍ തുടങ്ങിയ ചിലതാളുകളില്‍ ആ ഭാഷ ഞാന്‍ വായിച്ചെടുത്തു.. ഞങ്ങള്‍ക്ക് തലൈവന്‍‌മാരും തലൈവികളുമാവുന്നവരില്‍ അധികവും ആംഗലേയത്തെ അമ്മാനമാടുന്നവരായിരുന്നു.. എങ്കിലും ഓരോരുത്തരുടെയും കൈകളില്‍ അത് വ്യത്യസ്തവുമായിരുന്നു..

എന്റെ ഔദ്യോഗികജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരുന്നു ഐ ഏ എസ് കാരോടൊത്ത് ജോലിചെയ്യാന്‍ കിട്ടിയ അവസരം.. ഓരോരുത്തരില്‍ നിന്നും പഠിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ .. ശ്രീ കെ ജെ മാത്യു സാറിന്റെ കൂടെ ഞാന്‍ ജോലി ചെയ്തിട്ടില്ല.. പക്ഷെ സാറിന്റെ പിന്‍‌ഗാമിയുടെ കാലത്ത് ഞാന്‍ എത്തുമ്പോള്‍ കേട്ടതിലധികവും സാറിനെ കുറിച്ചായിരുന്നു.. 

ഇന്നലെ വീണ്ടും ഒരുപാട് പേര്‍ സാറിന്റെ കാലഘട്ടത്തെ കുറിച്ച് വീണ്ടും വീണ്ടും ഓര്‍മ്മിച്ചു.. ഇന്ന് അന്ത്യദര്‍ശനത്തിനായി എത്തിയ വലിയ ജനാവലിയും വെറുമൊരു കാഴ്ചയായിരുന്നില്ല.. ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു.. 

ആദരവോടെ .. ആദരാഞ്ജലികളോടെ... ഞാനും 

Sunday, July 22, 2012

സ്വവര്‍ഗ്ഗാനുരാഗികള്‍

കുന്നും കാടും താണ്ടിയുള്ള വരവിലാണ് ഞാന്‍ കടല്‍ തീരത്തെത്തിയത്..

എത്ര ദൂരം എന്ന എന്റെ ചോദ്യത്തിന് പത്തു നിമിഷം എന്നുമറുപടി...വീട്ടില്‍ നിന്നും കടല്‍ തീരത്തേക്കുള്ള ദൂരമാണത്... ഓട്ടോ വിളിക്കണൊ എന്നൊരു നോട്ടത്തിനു ഞാന്‍ അവള്‍ക്കു നേരെ കണ്ണുരുട്ടി..  സത്യത്തില്‍ അവള്‍ ഏറെ തളര്‍ന്നിരുന്നു.. അവളുടെ കുഞ്ഞാമിയും .. യാത്രയില്‍ പരിചയപെട്ടവര്‍ ഞങ്ങളോട് ചോദിച്ചത് “രണ്ടും ഈ അരയും” കൂടിയാണോ  കാടും മേടും തെണ്ടിയതെന്നാ.. രണ്ടു വയസ്സ് തികയാത്ത കുഞ്ഞാമിയെ എങ്ങിനെ അരയായി കൂട്ടാന്‍ ..  പത്തു ദിവസം നീണ്ട യാത്രയായിരുന്നു ഞങ്ങളുടേത്.. അതിനും മൂന്നു ദിവസം മുമ്പേ ഞാനെന്റെ ഭാണ്ഢം മുറുക്കിയിരുന്നു.. 

മണ്‍‌വഴി താണ്ടി വേലി ചാടി ഏതോ പറമ്പിലെത്തി.. വീണ്ടും വേലി ചാടിയപ്പോള്‍ മുന്നില്‍ ഒരു ഒറ്റയടിപ്പാത.. ഏറെ പോയില്ല.. ഇടവെട്ടിയ വഴിക്കരികില്‍ ഒരു കുഞ്ഞു തോട്.. കുറുകെയിട്ട തെങ്ങിന്‍ തടിയില്‍ ഒരു സര്‍ക്കസ്സ് നടത്തം.. ആരുടെയൊ വിശാലമായ തൊടിയിലെത്തും മുമ്പ് ആരുടേതുമല്ലാത്ത ഒരു പുല്‍തുണ്ട്.. അതില്‍ നിറയെ മേഞ്ഞു നടക്കുന്ന ആടുകള്‍ ... രണ്ടു വയസ്സുകാരിക്ക് ഇതില്‍ പരം എന്തു വേണം സന്തോഷിക്കാന്‍ ... അവള്‍ക്ക് കളിക്കാന്‍ മുട്ടനല്ലാത്ത ഒരു ആടിനെ കൊടുക്കൊ എന്ന് പത്തുവയസ്സ് തികയാത്ത ഇടയന്‍ ചെറുക്കനോട് അമ്മയുടെ അന്വേഷണം.. ഇതെല്ലാം മുട്ടന്മാരാ എന്ന ഇടയന്റെ ഉത്തരത്തിന് ഞങ്ങള്‍ ഇരുവരും മുഖത്തോട് മുഖം നോക്കി.. കാരണം മറ്റൊന്നുമല്ല.. അവന്റെ കയ്യിലുണ്ടായിരുന്ന നാലുകയറിന്‍   തുണ്ടുകളുടെയും അറ്റങ്ങളില്‍ ഓരോ ആടുകള്‍ .. അതില്‍ രണ്ടെണ്ണം മറ്റു രണ്ടെണ്ണത്തിനു മുകളില്‍ കേറാനുള്ള ശ്രമത്തിലായിരുന്നു.. പക്ഷെ ആദ്യം ഞങ്ങള്‍ കാണുമ്പോള്‍ അനുപാതം  വിപരീതമായിരുന്നു.. 

രണ്ടു പേരുടേയും ചിന്തകള്‍ പോയത് ഒരേ വഴിയില്‍ .. കുഞ്ഞിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ ഒന്നും മിണ്ടാതെ വിട്ടു.. ആടുകള്‍ സ്വന്തം വീട്ടിലണയും വരെ ഞങ്ങളുടെ കണ്ണുകള്‍ അവയെ സൂക്ഷ്മമായി പിന്തുടര്‍ന്നു.. അവര്‍ ഇണകളെ പരസ്പരം മാറ്റികൊണ്ടിരുന്നു.. ഒപ്പം അംശവും ഛേദവും.. നാലുമുട്ടനാടുകളും തിമര്‍ത്തുകേറുന്നു.. കടലിന്റെ ഇരമ്പല്‍ കേള്‍ക്കും വരെ ഞങ്ങള്‍ മൌനികളായിരുന്നു.. കുഞ്ഞു മാത്രം പുല്‍പരപ്പിനു നടുവിലെ ഒറ്റയടിപ്പാതക്കപ്പുറം മറഞ്ഞു പോവുന്ന ആടുണ്ണികളെ കുറിഞ്ഞു എന്തൊക്കെയൊ പറഞ്ഞു കൊണ്ടിരുന്നു.. 

“ആ മുട്ടനാടുകള്‍ സ്വവര്‍ഗ്ഗാനുരാഗികളാണ്“

എന്റെ പ്രസ്താവനയില്‍ ഒരു ചോദ്യത്തിന്റെ ധ്വനിയുണ്ടായിരുന്നെന്നു തോന്നുന്നു.. അവള്‍ ഉത്തരം പറഞ്ഞത്  “അതെ” എന്നായിരുന്നു.. “ആയിരിക്കാം “ എന്നല്ല;  “ആണോ” എന്നും 

മനുഷ്യനിടയില്‍ പറഞ്ഞു മടുത്ത വിഷയം ഒരു കൌതുകമായി തോന്നിയെങ്കിലും കടലിനു മുന്നില്‍ അത് തിരയായി തിരിഞ്ഞില്ല.. 

പക്ഷെ ഇന്നു മേശപ്പുറത്തെത്തിയ ഔട്ട്ലുക്കിന്റെ കവറില്‍ പള്ളിയും പട്ടക്കാരനും നിറഞ്ഞപ്പോള്‍ അറിയാതെ പുല്‍പ്പരപ്പിലെ ആട്ടിന്‍ പറ്റത്തെ ഓര്‍ത്തു.. മൃഗങ്ങളുടെ ലോകം വെറുമൊരു കാഴ്ചക്കപ്പുറം ഏറെയൊന്നും എന്നെ ആകര്‍ഷിക്കാറില്ല.. എങ്കിലും ഉത്തരം കിട്ടും വരെ ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുമല്ലോ.

Friday, June 15, 2012

രഹസ്യവാചകം

ഇരുമഴകളുടെ ഇടവേളയാണിത്
ഇടവഴിയിലേക്കുള്ള ഒറ്റയടിപ്പാത പോലെ
നേരിയതാണ്‍`
ഇരുവശവും ഇടതൂര്‍ന്നതാണ്
ഇരുളിമയാര്‍ന്നതാണ്

ഇല്ലാത്ത മഴ നനഞ്ഞ്
എനിക്ക് മടുത്തിരിക്കുന്നു
തരുമോ, ഒരു കുട
നിറയെ നിറങ്ങള്‍ നിറഞ്ഞത് 

ഒരു ചൂടില്‍, വിയര്‍പ്പില്‍
കുത്തിയൊലിച്ച്  നിറംകെട്ട് 
നിരാശയുടെ നിലാവിനെ 
ആകാശത്തോളം ഉയര്‍ത്തികാണിക്കാത്തത് 

പകല്‍ പോലെ പൊലിപ്പിക്കാത്തത്

ഇല്ല,  മാറിയിട്ടില്ല
പഴയതു തന്നെയാണ്
എന്റെ രഹസ്യവാചകം
ഒരിക്കലും നീ ഒന്നുമാവില്ല

Friday, January 20, 2012

ശബ്ദവസന്തം


ബ്ദവസന്തത്തിന്റെ ഒമ്പതു നാളുകള്‍ .. അങ്ങിനെയാണ് അവര്‍ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്..

ഒട്ടും പ്രതീക്ഷിച്ചതല്ല ഞാന്‍ അതിന്റെ കേള്‍വിക്കാരിയാവുമെന്ന്.. പത്രത്തിന്റെ ഒതുങ്ങിയ കോണിലെവിടെയൊ ദിവസങ്ങള്‍ക്ക് മുമ്പെ നാടകോത്സവത്തിന്റെ വാര്‍ത്തകണ്ടിരുന്നു.. വര്‍ഷങ്ങളായി ശ്രദ്ധിക്കാത്ത കാര്യം.

റേഡിയൊ എന്നാല്‍ രാത്രി ഉറങ്ങാന്‍ നേരം പാട്ടൂവെച്ച് കിടക്കലാണ്.. അതും എന്റെ സഹമുറിച്ചി പഠിപ്പിച്ച ചീത്തശീലം.. ഒരു പാട്ട് കേള്‍ക്കാന്‍ വേണ്ടി സഹിക്കേണ്ടി വരുന്ന കത്തിയെ മനപ്പൂര്‍വ്വം വിസ്മരിക്കും...എത്ര പാട്ടുകള്‍ കേട്ടു എന്ന് കണക്കെടുക്കാറില്ല... മിക്കവാറും കേട്ടപാട്ടുകള്‍ ഓര്‍ക്കാറുപോലുമില്ല.. അതിനുമുമ്പെ ഞാന്‍ ഉറക്കത്തിന്റെ പിടിയിലായിരിക്കും.. അസമയത്ത് ഉണര്‍ന്നാല്‍ അതിനെ കുത്തിയുറക്കും.. ഇല്ലെങ്കില്‍ ഊര്‍ജ്ജം തീരും വരെ പാടികൊണ്ടിരിക്കും .. പുത്തന്‍ ബഹളങ്ങള്‍ക്കപ്പുറം പഴയ ആകാശവാണിയെ തിരയണമെന്ന് ഒരിക്കലും തോന്നിയില്ല. പക്ഷെ നാടകോത്സവത്തിന്റെ വാര്‍ത്തകണ്ടപ്പോള്‍ വായനക്കിടയില്‍ അങ്ങിനെഒരു ചിന്ത മനസ്സില്‍ കേറി..കേള്‍ക്കണം എന്നൊരു ഉറപ്പ് ഞാന്‍ എനിക്ക് തന്നെ കൊടുത്തു.. പക്ഷെ എന്നിട്ടും ഞാനത് മറന്നു പോയി .. തിങ്കളാഴ്ച ഓഫീസ് മേശയില്‍ വന്നുകിടന്ന ബ്രോഷര്‍ ആണ് വീണ്ടും ഓര്‍മ്മപ്പെടുത്തലായത്.. എന്നിട്ടും നഷ്ടമായി, അന്ന് ശബ്ദവിരുന്നായത് തിരുവനന്തപുരം നിലയത്തിന്റെ “അശ്വാരൂഢന്റെ വരവ്” ആയിരുന്നു . രചന : പെരുമ്പടവം ശ്രീധരന്‍

എനിക്കുമുണ്ട്, റേഡിയോയെ പ്രണയിച്ചിരുന്ന ഒരു ഭൂതകാലം.. പ്രത്യേകിച്ചും നാടകങ്ങളേയും ചലചിത്രഗാനങ്ങളേയും .. കെമിസ്റ്റ്രിയുടെ ബോറന്‍ റെക്കോറ്ഡെഴുത്തുകള്‍ക്ക് പശ്ചാത്തലമായി “രഞ്ജിനി”യുണ്ടാവും.. (സ്റ്റാര്‍സിംഗര്‍ രഞ്ജിനിയല്ല).. അന്നൊക്കെ ഒരിക്കലും ഞാന്‍ നാടാകോത്സവം കേള്‍ക്കാതിരുന്നില്ല..നാടകോത്സവം മാത്രമല്ല..ഇന്നത്തെ ടിവിസീരിയലുകള്‍ പോലെ അന്നു തുടരന്‍ നാടകങ്ങള്‍ ഉണ്ടായിരുന്നു.. പരസ്യത്തിന്റെ ശല്ല്യമില്ലാതെ നീളുന്ന നാടകങ്ങള്‍.. .. കാഴ്ചകളുടെ ധാരാളിത്തമില്ലാതെ കേള്‍ക്കുന്ന ഓരോരുത്തരെയും അവനവന്റെ ഭാവനക്കനുസരിച്ച് മനകണ്ണില്‍ കാണാന്‍ അനുവദിക്കുന്ന നാടകങ്ങള്‍ ..

രാത്രിയില്‍ കര്‍ണ്ണമധുരമായ സ്ഫുടമായ മലയാളത്തില്‍ അവര്‍ പറയാന്‍ തുടങ്ങിയിരുന്നു.. “അഖിലകേരള റേഡിയോ നാടകോത്സവം രണ്ടാം ദിവസം.“..അങ്ങിനെ തുടക്കം “9/11 അഥവാ സെപ്തംബറിന്റെ മുറിവ്” ല്‍ ആയി... സുധീര്‍ പരമേശ്വരന്റെ രചനയില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നടക്കുന്നതായിരുന്നു ആ നാടകം ദുരന്തങ്ങള്‍ ആസ്വദിക്കുന്നവരുടെയും അതില്‍ തകര്‍ന്നുപോവുന്നവരുടെയും കഥപറഞ്ഞു നീങ്ങി.. അവസാനിക്കുന്നതിനു തൊട്ടുമുമ്പെപ്പൊഴൊ ഉറക്കം എന്നെ കീഴടക്കിയിരുന്നു.. പക്ഷെ ഞെട്ടിയുണാര്‍ന്നപ്പോള്‍, കൈമാക്സ് നഷ്ടമായതിന്റെ സങ്കടത്തില്‍ കൂട്ടുകാരിയോട് ചോദിച്ചു “എന്തായിരുന്നു അവസാനം“.. അവളും ഉറങ്ങിപ്പോയിരുന്നു... അങ്ങിനെ സെപ്തംബറിന്റെ മുറിവിന്റെ ആഴം അറിയാതെ പോയി..

“പ്രാണനിലകള്‍ പറയാതെ പറഞ്ഞത്”ആയിരുന്നു അടുത്തദിവസം. കാലമേറെ കൂടി എത്തിപ്പെട്ടതായതിനാല്‍ ഇഴകീറി മുറിക്കാന്‍ ശ്രമിച്ചില്ലെന്നത് വേറെ കാര്യം ഇഷ്ടപ്പെടാത്ത അവസാനമായിട്ടും കാലങ്ങള്‍ക്കു ശേഷം ഒരു റേഡിയൊ നാടകം കേട്ടതിന്റെ സന്തോഷം നിറഞ്ഞു നിന്നിരുന്നു... ഇന്നലെ ഫോണില്‍ കുടുങ്ങിയപ്പോള്‍ “ഹത്യ“ യുടെ തുടക്കം കേട്ടില്ല.. എന്നാലും സിദ്ദിക്കിന്റെ ചിരപരിചിതമായ ശബ്ദമാണ്‍് ആദ്യം ചെവിയില്‍ വീണത്.. എന്ഡോസള്‍ഫാന്‍ പ്രശ്നവും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമവുമെല്ലാം ഒരു കുഞ്ഞിനെ ജനിക്കും മുമ്പെ കൊന്നു കളയാനുള്ള തീരുമാനത്തിനു ഹേതുവാകുകയാണ്... ശബ്ദവീചികളുടെ മാന്ത്രികത നിറഞ്ഞ അവതരണം എന്നൊന്നും പറായാനില്ലെങ്കിലും, ട്രെയിന്‍ നീങ്ങാന്‍ തുടങ്ങുമ്പോള്‍ അകത്തും പുറത്തും നിന്നുള്ള സംഭാഷണങ്ങള്‍ ഒരു ചെറിയ കിതപ്പോടെ കാതില്‍ തടയുന്നു..

കഴിഞ്ഞവര്‍ഷം സ്കൂള്‍കലോലസവം കോട്ടയത്ത് നിറഞ്ഞു നിന്നപ്പോള്‍ ഡയലോഗ് ഒന്നു പോലും നേരെ കേള്‍ക്കരുത് എന്ന തരത്തിലായിരുന്നു നാടകയരങ്ങിലെ മൈക്ക് .. കേള്‍ക്കാതെ കണ്ട് നാടകം ആസ്വദിക്കാനാവാതെയാ ഞാനവസാനം എഴുനേറ്റ് പോന്നത്...

ഇന്നു അഞ്ചാം ദിവസം . കണ്ണൂര്‍ നിലയം അവതരിപ്പിക്കുന്ന "കാദംബിനി”.. ഇനിയും വരുന്നുണ്ട്, “അന്നക്കുട്ടിക്ക് ഇന്റര്‍നെറ്റുവേണം”, “കാഫ്കസിറ്റി”, “ഏഴാമിന്ദ്രിയം” പിന്നെ കൊട്ടിക്കലാശത്തിനായി “പതിമൂന്നാം പ്രതി”

ഭാവനയുടെ ആനന്ദവിഹായസ്സില്‍ ആറാടാന്‍ ഒമ്പത് നാടകങ്ങള്‍ . വൈവിദ്ധ്യമാര്‍ന്ന ജീവിതമുഹൂര്‍ത്തങ്ങള്‍.. .., വൈചിത്ര്യപൂര്‍ണ്ണമായ മനുഷ്യാവസ്ഥകള്‍ ... ആകാശവാണി കേരളാനിലയങ്ങള്‍ ഒരുക്കുന്ന നാടകനിശ.. (ഇത് ബ്രോഷറില്‍ നിന്നു കോപ്പിയടിച്ചതാണ്)