ആണ്ടു പിറപ്പിനെ നോക്കിവെച്ചതായിരുന്നു
നാള്‍വഴിയുടെ ചതുരക്കള്ളികള്‍
ചതിയില്ലാത്ത കാലത്തെ ചതിച്ചതുകൊണ്ടാവാം
ചാര്‍ത്തിയിരുന്നത് ചുവപ്പായിരുന്നു, കരിംചുവപ്പ്
അതിനുമേല്‍ നീല വട്ടം വരച്ചു
വട്ടത്തിലാക്കല്ലെ എന്ന് മനസ്സില്‍ കുറിച്ചിരിക്കണം
എപ്പൊഴൊക്കെയൊ കണക്കുക്കൂട്ടലുകളില്‍
ക്ഷണിക്കാതെ കടന്നു വന്നിരുന്നു
ഓണത്തിനല്ലെ, ഓണത്തിനാവാം, ഓണം വരട്ടെ
അടുക്കും തോറൂം പിടപ്പായിരുന്നു
എന്തൊക്കെ ഒരുക്കണം, ഏതൊക്കെ ഓര്‍ക്കണം
ഇന്നനാള്‍ ഇന്നവണ്ടിയില്‍ ഇവിടം വിടണം
ഓരോ നാളും എണ്ണി വെച്ചിട്ടുണ്ട്
ആഘോഷങ്ങളുടെ നീണ്ട അജണ്ടകള്‍
ഇന്നലെ പാളങ്ങളിലൂടെ അരിച്ചുനീങ്ങുന്ന തേരട്ട
എപ്പൊഴൊക്കെയൊ ഉലഞ്ഞിരുന്നു
നാളുകള്‍ മുമ്പെ എന്റേതെന്ന് എഴുതിവാങ്ങിയിടം
മറ്റാരോ സ്വന്തമാക്കിയിരുന്നു
പുറത്തേക്കുള്ള പടിയില്‍
സമാന്തരങ്ങളില്‍ കണ്ണും നട്ട്
ഇടക്കെപ്പൊഴൊ മിന്നിമറയുന്ന കാട്ടുപൂക്കള്
എന്തോ പറയുന്നുണ്ടായിരുന്നു
കടമെടുത്ത കട്ടിലിന്റെ ഞെരക്കത്തില്‍
കറുപ്പിനിടയിലെ ചുവപ്പന്‍മാര്
അവരും പറയുന്നുണ്ട്
ഓണം കഴിഞ്ഞു പോയെന്ന്...