Tuesday, June 9, 2009

തിരിവറിവടയാളങ്ങള്‍...

സമയമടുക്കുന്തോറും ജെന്നിയുടെ വേഗതയും കൂടികൊണ്ടിരുന്നു.. ഇടക്കിടക്ക് ചുമരിലെ സമയസൂചിയെ ലക്ഷ്യമിടുന്ന നോട്ടങ്ങള്‍ അവളോട് വീണ്ടും വീണ്ടും പ്രതീക്ഷിക്കാവുന്ന അപകടങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു..മൂക്ക് ആഞ്ഞു വലിച്ച് ബാക്കിനില്‍ക്കുന്ന ഗന്ധങ്ങള്‍ ഏതൊക്കെയെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി.. സെറ്റിയുടെ പുറകില്‍ ഒരല്പ്പം വിയര്‍പ്പ് മണം തങ്ങിനില്‍ക്കുന്നതിനെ മുല്ലപ്പൂവിന്റെ ഗന്ധത്താല്‍ പുതപ്പിച്ചിരുത്തി.. ഉപേക്ഷിക്കപ്പെട്ട പൂജാമുറിയില്‍ ബാക്കിയിരുന്ന ഒരു ചന്ദനത്തിരിയെടുത്ത് മണത്തുനോക്കി കത്തിച്ചു.. മൂക്കില്‍ കയറാതെ ഒളിച്ചുനടക്കുന്നവയെ തുരത്താനായി അവസാനത്തെ കയ്യായിരുന്നു അത്..

"ജെന്നീ...."

നടുത്തളത്തിലെ കിളിചിലച്ചതും വാതിലില്‍ മുട്ടുകേട്ടതും എല്ലാം ഒരുമിച്ച്..

"ദൈവമെ.."

ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും വണ്ടിയുടെ ശബ്ദം താന്‍ കേട്ടില്ലെന്നതിന്റെ ദേഷ്യത്തില്‍ അവള്‍ കൈ ചുരുട്ടി തലയില്‍ അടിച്ചു.. വാതില്‍ തുറക്കാന്‍ ഓടുമ്പോള്‍ ഒന്നും സ്ഥാനം തെറ്റിയിരിക്കുന്നില്ലെന്ന്‍ ഒന്നുകൂടെ തിരിഞ്ഞു നോക്കി ഉറപ്പുവരുത്തി.. ഒപ്പം മൂക്കൊന്ന് ആഞ്ഞു വലിച്ചു..

"മമ്മാ.."

ജെന്നി വാതില്‍ തുറന്ന് നിലോഫറിന്റെ കയ്യില്‍ പിടിച്ചു.. അകത്തേക്ക് കാല്‍‌വെക്കും മുമ്പ്തന്നെ മമ്മയുടെ മൂക്കും ചുണ്ടുകളും കൂര്‍ത്ത് ചുരുളുന്നത് ജെന്നി ഭയത്തോടെ നോക്കി.. വാതിലടക്കാനെന്ന നാട്യത്തില്‍ കൈവിടുവിച്ച് അരികില്‍ നിന്നും വഴുതിമാറാന്‍ ശ്രമിച്ച ജെന്നിയെ നീലോഫര്‍ കൈവലയത്തിലാക്കി..

"ആരാ... ആരാ ഇവിടെ വന്നെ.. "

"ആആആരും വന്നില്ല മമ്മാ... "

"പിന്നെ ഇത് പോലുള്ള മണം കഴിഞ്ഞ ആഴ്ചയിലും ഒരു ദിവസം ഇവിടെ തങ്ങി നിന്നിരുന്നു.. ഓര്‍ക്കുന്നൊ.. മഴപെയ്ത് തണുത്തുറഞ്ഞു കിടന്ന ഒരു ദിവസം..."

"അയ്യൊ മമ്മാ.. അത് അന്ന്‍ ഒരു പൂച്ചകുട്ടി ജനലിലൂടെ കയറിവന്ന ദിവസാരുന്നു.. അതിവിടെ ആകെ വൃത്തികേടാക്കിയതിന്റെ നാറ്റം കളയാന്‍ ഞാന്‍ പെര്‍ഫ്യൂം അടിച്ചതായിരുന്നില്ലെ.. പിന്നെ ഞാന്‍ ജനാലകള്‍ തുറന്നിടാറില്ലല്ലൊ.. "

"എനിക്ക് വളരെ പരിചിതമായ മണം.. "

അതെ.. മമ്മക്ക് വളരെ പരിചിതമായ മണം തന്നെ.. പക്ഷെ അപരിചിതായതും മമ്മക്കു മാത്രം.. ജെന്നി വാതില്‍ അടച്ചു തഴുതിടുമ്പോള്‍ പിറുപിറുത്തു

"നീ എന്താ പറഞ്ഞത്..."

"ഒന്നുമില്ല.. മമ്മ വന്ന് കാപ്പി കുടിക്കാന്‍ നോക്ക്.. എനിക്ക് പഠിക്കാനുണ്ട്.."

നീലോഫര്‍ ജനലരികില്‍ ചെന്ന് കൊളുത്തുകള്‍ ഒന്നുകൂടെ തൊട്ടുനോക്കി.. കര്‍ട്ടനുകള്‍ നേരെയാണെന്നും അതിലൂടെ അകത്തേക്കും പുറത്തേക്കും ആര്‍ക്കും ഒന്നും കാണാനാവില്ലെന്നും ഒന്നു കൂടെ തൊട്ടുനോക്കി മനസ്സില്‍ ഉറപ്പിച്ചു.. എങ്കിലും അവള്‍ക്ക് ആ മണത്തിനെ കുറിച്ചുള്ള ആധി വിട്ടുപോയില്ല.. കാരണം എത്രമാത്രം തുടച്ചുനീക്കിയാലും മായാത്തത്ര കടുത്തതായിരുന്നു അത്.. ജെന്നിയുടെ കാല്പെരുമാറ്റം അകന്നകന്ന് അവളുടേ പഠനമുറിയിലേക്ക് ചേക്കേറും വരെ നീലോഫര്‍ കാത്തുനിന്നു.. ഒട്ടൊരു ഒച്ചയോടേ അത് അടയുന്നതും കേട്ടു.. താനും അവളും മാത്രമുള്ള ഇവിടെ എന്തിനാണ് അവള്‍ വാതിലടച്ചിടുന്നതെന്നൊന്നും അപ്പോള്‍ ദേഷ്യപ്പെട്ടില്ല.. അവള്‍ വാതിലടക്കുന്നതും കാത്താണ് നീലോഫര്‍ ജനലഴികള്‍ പിടിച്ച് നിന്നത്.. പിന്നെ കാലടികള്‍ എണ്ണി അവള്‍ പൂജാമുറിയുടെ വാതില്‍ തുറന്നു..

" ഇതില്‍ ഇന്ന് ആരോ കയറിയിട്ടുണ്ട്.. എട്ടുകാലിവലകള്‍ എവിടെയൊ മുറിഞ്ഞിരിക്കുന്നു. ... "

സംശയത്തിന്റെ ചൂടില്‍ അവള്‍ വിയര്‍ത്തൊലിച്ചു. ..

ജെന്നി പുസ്തകം തിരിച്ചും മറിച്ചും നോക്കി.. മോഡല്‍ പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങിയതിനുള്ള സമ്മാനം.. ഫൈനലില്‍ സ്കൂള്‍ ഫസ്റ്റായാല്‍ അവള്‍ ചോദിക്കുന്നതെന്തും തരാമെന്നാണ് വാഗ്ദാനം.. പക്ഷെ.. അവള്‍ക്കറിയാം ഒന്നും നടക്കില്ലെന്ന്.. കസേരക്ക് പുറകിലേക്ക് തലചായ്ച് വെറുതെ കിടന്നു.. ഇനി എന്നായിരിക്കാം കാണാനൊക്കുക.. ഇതുപോലെ ഇത്രയും സമയം ഒരുമിച്ചിരിക്കാന്‍.. അവള്‍ തന്റെ കവിളില്‍ ഒന്നു തൊട്ടുനോക്കി..ആ ചുണ്ടുകളുടെ ചൂട് ഇപ്പൊഴും അവിടെ ബാക്കി നില്‍ക്കും പോലെ... ഇല്ല അതൊന്നും ഇനി അടുത്തൊന്നും നടക്കില്ല.. നാളെ മുതല്‍ മമ്മ ലീവാണ്.. എക്സാം കഴിഞ്ഞാല്‍ മമ്മയുടെ പ്ലാന്‍ എന്താണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.. മമ്മ കല്പിക്കും ജെന്നി അനുസരിക്കും.. മമ്മയുടെ സംശയങ്ങള്‍ ചോദ്യങ്ങളാവാന്‍ അധികസമയം വേണ്ടിവരില്ലെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു..

ജെന്നിയുടെ റൂമിന്റെ വാതില്പിടിയൊന്ന് തിരിഞ്ഞത് പോലെ.... പക്ഷെ വാതില്‍ തുറന്നില്ല.. ആരോ വാതിലില്‍ തൊട്ടെന്ന സംശയത്തില്‍ അവള്‍ ചാടിയെണീറ്റു.. ഇല്ല, അടച്ചിട്ട ഫ്ലാറ്റില്‍ കുടുങ്ങിപോയ വായുവിന്റെ ശ്വാസം മുട്ടല്‍ മാത്രമായിരുന്നു.. ഒരു നേര്‍ത്ത തേങ്ങലായി വാതിലൊന്ന് വിതുമ്പി.. അവള്‍ പുസ്തകത്തിന്റെ പുതുപുത്തന്‍ മണം മൂക്കിലെക്ക് ആവോളം വലിച്ചു കയറ്റി.. പിന്നെ ആദ്യത്തെ താളില്‍ പേരെഴുതി "ജെന്നി".. ഒരു നിമിഷത്തെ ആലോചനയില്‍ ബാക്കികൂടി പൂരിപ്പിച്ചു "നന്ദന്‍" അടിയിലെ വളഞ്ഞ വരയ്ക്കു താഴെ 20090609.. പിന്നെ അതിന്റെ പലതാളുകളില്‍ പലഗന്ധങ്ങള്‍ സ്ഥാപിച്ചു.. ഓരോ താളിനും ഓരോ മണം.. എന്നെങ്കിലും മമ്മയിത് കയ്യിലെടുത്താല്‍ മൂക്കുവലിച്ച് ചുവപ്പിക്കുന്നത് ഓര്‍ത്തപ്പോള്‍ അവള്‍ക്ക് വല്ലാത്ത സന്തോഷം തോന്നി... ഒപ്പം ഉതിര്‍ന്നു വീണ കണ്ണീര്‍ തുള്ളികള്‍ താളുകളില്‍ നിന്നും താളുകളിലേക്ക് നനവായി പടരുന്നുണ്ടായിരുന്നു.. അവള്‍ ആ പേരിനു മുകളില്‍ പതിയെ തലോടി.. മമ്മ മായ്ചു കളഞ്ഞതാണ്.. പക്ഷെ ‍ജെന്നിക്കത് ജീവന്റെ ഭാഗമാണ്.. കാഴ്ച നഷ്ടമാവും മുമ്പ് മമ്മയൊരു സൌന്ദര്യകാഴ്ചയായിരുന്നകാലം പലരുടെ പറച്ചിലുകളിലൂടയാണ് അവള്‍ അറിഞ്ഞത്..... അത് മമ്മപോലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ലെന്ന് അവള്‍ക്കറിയാം.. പലരും കയറിയിറങ്ങിയപ്പോള്‍ ബാക്കി വന്നമണം പോലും മമ്മയെ അലോസരപ്പെടുത്തുന്നെന്നും.


വാതിലിനു പുറത്ത് മമ്മയുടെ അന്വേഷണം എന്തായെന്നറിയാന്‍ ജെന്നിക്ക് ആകാംക്ഷയുണ്ടായിരുന്നു.. എങ്കിലും അപ്പോള്‍ മുന്നില്‍ പെടുന്നതിന്റെ അപകടമറിയാവുന്നതിനാല്‍ അവള്‍ പുറത്തിറങ്ങിയില്ല.. എട്ടിന്റെ സൈറന്‍ മുഴങ്ങിയിട്ടും മമ്മ ഭക്ഷണത്തിന് വിളിക്കാത്തതില്‍ ഭയം തോന്നിയാണ് ജെന്നി മുറിവിട്ടിറങ്ങിയത്..

വാതിലിനപ്പുറം ഇരുട്ടുമാത്രമായിരുന്നു.. നടുമുറിയില്‍ വിളക്ക് തെളിച്ചിട്ടില്ല.. ലൈറ്റിട്ടപ്പോള്‍ മമ്മക്കായി അവള്‍ വച്ചിരുന്ന ചായ പാടകെട്ടി മേശപ്പുറത്ത് തന്നെ ഇരിപ്പുണ്ട്.. അടുക്കളയില്‍ രാത്രിഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ ഒന്നും തന്നെയില്ല.. അതുവരെ മനസ്സില്‍ തിങ്ങിനിന്നിരുന്ന ഭയം മറ്റൊരു ഭയമായി മാറുന്നത് അവള്‍ അറിഞ്ഞു..

"മമ്മാ... മമ്മാ.."

അവള്‍ കിടപ്പുമുറിയുടെ വാതിലില്‍ വീണ്ടും വീണ്ടും കൊട്ടിവിളിച്ചു.. ഏറെ വിളിച്ചതിനു ശേഷം ഹാന്‍ഡില്‍ തിരിച്ചപ്പോഴാണ് അത് പൂട്ടിയിട്ടില്ലായിരുന്നെന്ന് അവള്‍ക്ക് മനസ്സിലായത്.. പക്ഷെ, കട്ടിലിലും കുളിമുറിയിലുമൊന്നും നീലോഫറിനെ കാണാതിരുന്നത് ജെന്നിയുടെ സംശയങ്ങള്‍ വീണ്ടും തിരിച്ചെത്തിച്ചു.. രണ്ടുമുറി ഫ്ലാറ്റില്‍ മമ്മയെവിടെ പോയി ഒളിക്കാനെന്ന അവളുടെ ചിന്തയാണ് പൂജാമുറിയിലെത്തിച്ചത്.. അവിടെ നിലത്ത് കുത്തിയിരിക്കുന്ന നീലോഫര്‍ ജെന്നിയുടെ നേരെ മുഖം തിരിച്ചു..

"ആരാണ് ഇന്നിവിടെ വന്നത്.. ?"

"ആരും വന്നില്ല മമ്മാ.. ഞാന്‍ പറഞ്ഞതല്ലെ.. മമ്മ വന്നെ .... എനിക്ക് വിശക്കുന്നു.. "

"ഇല്ല .. ആരാ വന്നെ എന്നു പറയ്.. ഏതൊ ആണ്‍മണം ഇവിടെ മുഴുവന്‍ ചുറ്റിക്കളിക്കുന്നു .. മറ്റാരോ വന്നിട്ടുണ്ട് ഞാനില്ലാത്ത നേരം നോക്കി.. ആരാ വന്നെ.. എനിക്ക് പരിചിതമായ മണമാണിത്.."

"ച്ഛെ.. ഈ മമ്മയിത്ര ചീപ്പായി... "

"ഇല്ല.. ഇതേ മണം കഴിഞ്ഞ ആഴ്ചയും ഉണ്ടായിരുന്നു... എനിക്കറിയാം.. അന്ന് ആ മഴപെയ്ത ദിവസം...”

നീലോഫാർ മുഴുവൻ ശക്തിയുമെടുത്ത് ശ്വാസം വലിച്ചു... ജെന്നി പെട്ടന്ന് പുറകോട്ട് മാറി.. വായുവിനൊപ്പം താനും മമ്മയുടെ മൂക്കിനകത്ത് കേറിപോവുമെന്ന് അവൾ ഭയപ്പെട്ടു....

അന്നത്തെ അത്താഴമേശയിൽ സംസാരമില്ലായിരുന്നു.. ഇന്നും ചപ്പാത്തി തന്നെയോ എന്നും തലേന്നാളത്തെ കറികൾ വീണ്ടും ചൂടാക്കി തന്നതിനൊ ജെന്നി കലഹിച്ചില്ല.. ഭക്ഷണം കഴിഞ്ഞിട്ടും ജെന്നി ടിവിക്കുമുന്നിൽ ചടഞ്ഞിരിക്കുന്നത് നീലോഫർ കണ്ടില്ലെന്ന് നടിച്ചു.. ഫാഷന്‍ ചാനലും എംടിവിയും മാറിമറയുന്നത് ശബ്ദത്തിൽ നിന്ന് തിരിച്ചറിഞ്ഞ് അതേത് ചാനൽ എന്ന് ചൊടിച്ചില്ല..പതിവു വർത്തമാനങ്ങളില്ലാതെ മമ്മ കിടപ്പുമുറിയിലേക്ക് പിന്‌വാങ്ങിയപ്പോൾ ജെന്നിയും ടിവി നിർത്തി പുസ്തകത്താളിലേക്ക് മുഖം കുനിച്ചു.. പക്ഷെ അക്ഷരങ്ങൾ ഒന്നും കണ്ണിൽ പതിയാതെ അവൾ ഉറങ്ങാനുള്ള ശ്രമമായി..

തെറ്റിപ്പോയ ദിനചര്യകൾ അവൾ അപ്പോഴാണ് ഓർത്തത്.. കടുത്തവെളിച്ചങ്ങൾ പണിമുടക്കുന്ന മമ്മയുടെ കാഴ്ചയെ പിടിച്ചു നിർത്തേണ്ടത് അവളുടെ കടമയാണ്.. മമ്മയുടെ കണ്ണിൽ മരുന്നൊഴിച്ചില്ലെന്ന് ഓർത്ത് അവൾ നീലോഫറിന്റെ മുറിയിലേക്ക് നടന്നു.. മങ്ങിയ വെളിച്ചങ്ങൾ എങ്കിലും അവിടെ എന്നും കൂടുണ്ടായിരിക്കട്ടെ... പാതി ചാരിയ വാതിലിലൂടെ മമ്മയുടെ മുറിയിലെ മെഴുകുതിരി വെളിച്ഛം അവൾ കണ്ടു.. മമ്മയുടെ കയ്യില്‍ മുഖത്തോട് ചേര്‍ത്ത് പിടിച്ച് അപ്പയുടെ സ്വെറ്ററും..

“മമ്മാ...”

കേൾക്കാതിരുന്നതൊ എന്ന് ഉറപ്പില്ലാതെ അവൾ വീണ്ടും ആവർത്തിച്ചു...

മരുന്നൊഴിച്ച് തിരിച്ച് പോരുംമ്പോൾ മമ്മയെന്തിനാണ് ഇന്ന് മെഴുകുതിരി കത്തിച്ചിരിക്കുന്നതെന്ന സംശയത്തിന് ഉത്തരം കിട്ടാതെ വലഞ്ഞു....

ജെന്നിയുടെ ഉറക്കത്തിലേക്കാണ് നീലോഫറിന്റെ ഭാരം അവളുടെ മേല്‍ ചാഞ്ഞത്.. ശ്വാസം മുട്ടി കണ്‍‌തുറക്കുമ്പോള്‍ അവളുടെ മുഖത്തിനരികില്‍ മെഴുകുതിരിയുടെ ഉരുകുന്ന വെളിച്ചമുണ്ടായിരുന്നു... ഒപ്പം മമ്മയുടെ നിശ്വാസത്തിന്റെ ചൂടും.. മമ്മയുടെ തടിച്ച ശരീരത്തിന്റെ ഭാരത്തില്‍ അവളുടെ തുറന്നു തുറിച്ച കണ്ണുകളിലേക്ക് ആ ചോദ്യം വീണ്ടും തെറിച്ചു വീണു..

"ആരാണ് വന്നത്..?"

"ആ...ആ...ആരും വന്നില്ല"

ദേഷ്യംകൊണ്ട് വിറക്കുന്ന നീലോഫറിന്റെ വിരലുകള്‍ക്കിടയില്‍ മെഴുകുതിരി ഇളകിയാടാന്‍ തുടങ്ങി.. തുളുമ്പിയ ഒരു തുള്ളി വീണത് ജെന്നിയുടെ കവിളിലായിരുന്നു.. പുറകെ പുറകെ അടിയില്‍ ചുവപ്പും മുകളില്‍ വെളുപ്പുമായി കൊച്ചു കൊച്ചു മെഴുകുവൃത്തങ്ങള്‍ അവളുടെ കവിളില്‍ തെളിഞ്ഞുകൊണ്ടിരുന്നു..

ഹോസ്പിറ്റലില്‍ ജെന്നിയുടെ കിടക്കക്കരികില്‍ നീലോഫര്‍ തലയും കുനിച്ചിരുന്നു... ഡോക്റ്ററുടെ വായില്‍ നിന്നു വീഴുന്ന വഴക്കുകള്‍ മുഴുവന്‍ തനിക്കു മാത്രം അവകാശപ്പെട്ടതാണെന്ന്‍ അവള്‍ക്കറിയാമായിരുന്നു.. എന്നിട്ടും, അവളുടെ ശ്രദ്ധമാറിപ്പോയത് വരാന്തയിലൂടെ കാറ്റില്‍ പാറിയെത്തിയ ആ മണത്തിലായിരുന്നു..

"ഡോക്റ്റര്‍.. ഇത്.. ഈ മണമാണ് ഞാന്‍ ചോദിച്ചത്.. അവള്‍ പറയുന്നില്ല.. ആരാണ് വന്നതെന്ന്.. ഇവിടെയും ഈ മണം.. "

ജനല്‍ കര്‍ട്ടനു പുറകില്‍ നന്ദന്റെ മിന്നിമാഞ്ഞ മുഖം ഡോക്റ്റര്‍ വ്യക്തമായി കണ്ടു.. കറുത്ത് പൊറ്റകെട്ടിയ മുഖത്ത് ജെന്നിയുടെ കണ്ണുകള്‍ നിറയുന്നതും അരുതെന്ന വിലക്കിയതും അയാള്‍ക്ക് അവഗണിക്കാനായില്ല..

നീലോഫറിനോടൊത്ത് വരാന്തയിലൂടെ നടക്കുമ്പോള്‍ ഡോക്റ്റര്‍ പറഞ്ഞത് മുഴുവന്‍ മറ്റെന്തൊക്കെയൊ ആയിരുന്നു.. ഇടക്കൊന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ജെന്നിയുടെ മുറിയുടെ വാതിലുകള്‍ തുറന്നടഞ്ഞിരുന്നു.. മരുന്നുകളുമായി ജെന്നിഫര്‍ തിരിച്ചെത്തുമ്പോള്‍ വീണ്ടും മെഴുകുതിരികള്‍ ഉരുകി വീഴുമൊ എന്ന ഭയം ഡോക്റ്ററുടെ ഉള്ളില്‍ ബാക്കികിടന്നു...