Wednesday, August 29, 2007

ഇന്നാ ഇട്ടിമാളു വന്നെ.....

"നാളെ പിറന്നാള്‍ ആയിട്ട് രാവിലെ വഴക്കിനൊന്നും നില്‍ക്കണ്ട..നേരത്തെ
എഴുന്നേറ്റോണം.. നല്ലകുട്ടിയായിരിക്കണം ... "

ഇരുപത് വയസ്സുവരെ ഓര്‍മ്മയിലുള്ള ഓരോ പിറന്നാള്‍ തലേന്നും അമ്മ ഇതേ വാചകങ്ങള്‍ അല്പസ്വല്പം വ്യത്യാസത്തോടെ ആവര്‍‌ത്തിക്കുമായിരുന്നു ...

ഉച്ചക്ക് ഇലയിട്ട് വിളക്കുവെച്ച് ചോറ് വിളമ്പിത്തരും ... ചോറും കയ്യില്‍
പിടിച്ച് വിളമ്പും മുമ്പ് അമ്മ കണ്ണടക്കും .. തുറക്കുമ്പോള്‍ അതില്‍ അല്പം കണ്ണീര്‍ നനവുണ്ടാകും... വെറുതെ എന്തിനാ ഇതൊക്കെ പറയുന്നെ അല്ലെ..
നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ വന്നതല്ല... പിറന്നാള്‍ എന്നു പറയുമ്പോല്‍
ആദ്യം മനസ്സില്‍ വരുന്നത് ഇതൊക്കെയാ...

ശ്രീരാമന്റെ അമ്പലത്തില്‍ വിളക്കിനും അര്‍ച്ചനക്കും കൊടുമ്പോള്‍
നമ്പൂരിയും പറയും "നന്നായി വരട്ടെ"... വ്യര്‍ത്ഥമായിപോയ ആശീര്‍വാദങ്ങള്‍ എന്ന് പറയാന്‍ തോന്നുന്നെങ്കിലും.. ഇത്രയെങ്കിലും ഒക്കെ ആയത് അങ്ങിനെ ചിലരുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടു തന്നെയാവാം .. ആവാം എന്നല്ല ...ആണ്...

ഇന്ന്....ഇന്നെന്റെ പിറന്നാള്‍ ഒന്നുമല്ല കേട്ടോ...

എന്നാലും .. ഇന്ന് എനിക്ക് മനസ്സില്‍ ഓര്‍ത്തുവെക്കാനുള്ള ദിവസമാണ്...
ഞാന്‍ ഈ ബ്ലോഗില്‍ ആദ്യത്തെ കുറിപ്പെഴുതിയിട്ട് ഇന്ന് ഒരു വര്‍ഷം
തികയുന്നു.... ബ്ലോഗ് വായനക്കാരി മാത്രമായി നടന്നപ്പൊഴൊന്നും ഇങ്ങനെ
ഞാനും ഒരു ബ്ലോഗ് തുടങ്ങുമെന്ന സ്വപ്നം പോലും ഇല്ലായിരുന്നു... ആദ്യമായി മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റിയതിന്റെ ആ ത്രില്‍ ഇന്നും നിലനില്‍ക്കുന്നു...

എവിടെ ഒക്കെയോ പൊടിപിടിച്ചു കിടന്നിരുന്ന എന്റെ കവിതകളും കഥകളും ഇങ്ങനെ ആരെങ്കിലും വായിക്കുമെന്നൊ അഭിപ്രായം പറയുമെന്നൊ ഒരിക്കലും പ്രതീക്ഷിച്ചിട്ടുമില്ലാ‍യിരുന്നു... അപൂര്‍ണമായി ചിതറി കിടന്നിരുന്നതിനെ എല്ലാം വീണ്ടും മിനുക്കിയെടുത്തത് ബ്ലോഗില്‍ ഇടാന്‍ വേണ്ടി മാത്രമായിരുന്നു .. ഇന്ന് ഇതെന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.. ഇതിലൂടെ എനിക്ക് കിട്ടിയ കുറെ നല്ല കൂട്ടുകാരും ...

നന്ദി പറയാന്‍ ഒരുപാട് പേരുണ്ട് ...

എന്നെ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിപ്പിച്ച എന്റെ നാട്ടുകാരനില്‍ തുടങ്ങി.... “എന്തെ പുതിയതൊന്നും ഇല്ലെ“ എന്ന് ഇടക്കിടക്ക് അന്വേഷിക്കുന്ന ഞാന്‍ കണ്ടിട്ടില്ലാത്ത കൂട്ടുകാരന്‍ വരെ....

ഇട്ടിമാളു.. ഇനിയും ഇവിടെ ഒക്കെ തന്നെ കാണും... ഇതുവഴിയെ വരണം .. വായിക്കണം.. അഭിപ്രായം പറയണം...

Monday, August 27, 2007

ഇന്ന് ഓണമാണ്....

ഇന്ന് ഓണമാണ്....

ആരോ പതുക്കെ മന്ത്രിക്കുന്നു
ഉറക്കം വിട്ടൊഴിയാത്ത കണ്ണുകള്‍ അടഞ്ഞു തന്നെ കിടന്നു
എങ്കിലും ആ മന്ത്രണം തുടര്‍ന്നുകൊണ്ടേയിരുന്നു
ഉണരുക, ഇന്ന് ഓണമാണു
തെളിഞ്ഞ പ്രഭാതവുമായ് ഓണം വന്നിരിക്കുന്നു
ഒരു പിന്ചു കുഞ്ഞിന്റേതു പോലെ ഹൃദ്യമായ പുന്ചിരിയുമായ്

ജാലകപടിയില്‍ എത്തിനോക്കുന്ന തെങ്ങിന്‍ തലപ്പുകളില്‍
ഓലേഞ്ഞാലികള്‍ പാടുന്നു
"മാവേലി നാടുവാണീടും കാലം ......"
ഇന്നലെ പെയ്ത മഴയില്‍ അന്തരീക്ഷം തണുത്തു കിടക്കുന്നു
വീണ്ടും കിടക്കയുടെ പതുപതുപ്പിലേക്കു
പുതപ്പിന്റെ ഇളം ചൂടിലേക്ക്
ബാക്കിനില്ക്കുന്ന ഉറക്കത്തിലേക്ക്
അരുത്, എഴുന്നേല്ക്കുക, ഇന്ന് ഓണമാണ്
ഓര്‍മ്മകളില്‍ ആരോ തുയിലുണര്‍ത്തുന്നു
ഉണരുക, ഇന്ന് ഓണമാണ്

കുളിച്ച്, കുറിയിട്ട്, പുത്തനണിഞ്ഞ് പൂക്കളമിടണം
അടവെച്ച്, അവില്‍വെച്ച് തൃക്കാക്കരയപ്പനെ വരവേ‍ല്‍ക്കണം
വിളക്കുവെച്ച് ഇലവെച്ച് മാവേലിക്ക് ഓണമൂട്ടണം
തുമ്പിതുള്ളി ഊഞ്ഞാലാടി ആര്‍ത്തുല്ലസിക്കണം
ഇന്നുപോലെ എന്നുമെന്ന് മനമുരുകി പ്രാര്‍ത്ഥിക്കണം
ഉണരുക, ഇന്ന് ഓണമാണ്

കണ്ണുകളില്‍ തെളിനീരുറയുന്നു
വേദനയുടെ തീര്‍ത്ഥമായ് കവിള്‍ത്തടങ്ങളിലൂടെ താഴോട്ടു
അരുത്, കരയരുത്, ഇന്ന് ഓണമാണ്
കളമെഴുതാത്ത മുറ്റത്ത് കരിയിലകള്‍ മാത്രം
നാളുകള്‍ വളര്ച്ചയെത്തിയ മണ്പുറ്റുകള്‍
പൂജക്കൊരുങ്ങിനില്ക്കുന്നു
ആളും ആരവവും ഉയരേണ്ട അകത്തളങ്ങളില്‍
കനലണഞ്ഞ് ചാരം മൂടിയ മുക്കല്ലുകള്‍ മാത്രം
കാഴ്ചക്കുലകള്‍ തൂങ്ങേണ്ട മച്ചകങ്ങളില്‍
ചിലന്തിവലകള്‍ ഊഞ്ഞാലാടുന്നു

അറിയുന്നു, ഞാനിന്ന് ഏകയാണ്
അരുത്, ഇടറരുതു, ഇന്നു ഓണമാണ്

Thursday, August 9, 2007

മാലാഖമാരുടെ മന്ത്രണം

രാത്രിയായില്ലെന്ന് ഓര്‍ക്കാതെ അനഘയുടെ കണ്ണുകളിലേക്ക് ഉറക്കം കടന്നുവരാന്‍ തുടങ്ങി. പക്ഷെ ഇന്ദുവിന്റെ കൈചലനങ്ങള്‍‌ക്ക് അനുസരിച്ച് തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചുകൊണ്ടിരുന്നതിനാല്‍ അവള്‍ക്ക് ഉറങ്ങാന്‍ പറ്റുന്നില്ലായിരുന്നു... അതുകൊണ്ട് മാത്രം അനഘ ആദ്യമായ് ഇന്ദുവിന്റെ പുരാണങ്ങളില്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചു...

"യാമങ്ങള്‍ തോറും മാലാഖമാര്‍ മന്ത്രിക്കും.. അപ്രകാരം ഭവിക്കട്ടെ"

അനഘയുടെ മുടിയിഴകള്‍ വകഞ്ഞു മാറ്റി ഇന്ദു പതിയെ കാച്ചെണ്ണ തേച്ചുപിടിപ്പിച്ചു... വീണ്ടും അടുത്ത വകച്ചില്‍ എടുക്കും മുമ്പ് കൈവിരലുകളെ എണ്ണയില്‍ കുളിപ്പിച്ചു...

"അപ്പോള്‍ ..?"

ഇന്ദുവെന്ന ഇരുപത്തിമൂന്നുകാരി ഒരു മുത്തശ്ശിയുടെ ഭാവഹാവാദികളോടെ തുടര്‍ന്നു..

"അപ്പോള്‍ ... അപ്പോളാണ്‍ പലതും അറം‌പറ്റുക എന്നൊക്കെ പറയുന്നത് "

അനഘ സ്വന്തം ചിന്തകള്‍ക്കും നേരിയമയക്കത്തിനും ഇടയിലായിരുന്നു... ഇന്ദുവിന്റെ വിരലുകള്‍ മുടിയിഴകളിലൂടെ തെന്നി നീങ്ങുന്നത് അവളെ ഉറക്കത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു... എന്നിട്ടും അവളുടെ ചുണ്ടുകള്‍ പിറുപിറുത്തു..

"അപ്പോള്‍ .. ആര് പറഞ്ഞതാവാം തനിക്ക് അറം പറ്റിയിരിക്കുക.. "

സ്വപ്നങ്ങളില്‍ അവള്‍ പഴയ കുട്ടിയുടുപ്പുകാരിയായി... പകല്‍ മുഴുവന്‍ ഒരു തുള്ളി വെയില്‍ കളയാതെ കളിച്ച് മണ്ണില്‍ കുളിച്ച് എത്തുമ്പോള്‍, അന്തിക്ക് വിളക്ക് വെച്ച് നാമം ചൊല്ലാത്തതിന് അമ്മ വഴക്ക് പറയും..

"അമ്മെ... ഇന്ന് ചിരിയോ ചിരി.. നാളെ കരച്ചിലോ കരച്ചില്‍"

അന്ന് ഒന്നുമോര്‍ക്കാതെ എഴുന്നെള്ളിക്കുമായിരുന്ന കൊച്ചുവായിലെ വലിയ വാക്കുകള്‍ ..അപ്പൊഴൊക്കെ ഒന്നൊഴിയാതെ മാലാഖമാര്‍ മന്ത്രിച്ചിരിക്കണം... പിറ്റെന്നാള്‍ കാലൊന്ന് തച്ചൊട്ടിയാല്‍ പോലും ഇന്നലെ താന്‍ അങ്ങനെ പറഞ്ഞതോര്‍ത്ത് അവള്‍ കരയുമായിരുന്നു..

അനഘയെ കാണുന്നവരൊക്കെ ആദ്യം നോക്കുമായിരുന്നത് അവളുടെ നീണ്ട ഇടതൂര്‍ന്ന മുടിയിലാരുന്നു... അതു കാണുമ്പോള്‍ അവര്‍ കണ്ണും തുറിച്ച് ഒരു പറച്ചില്‍ ഉണ്ട്..

"ചെറിയ കുട്ടി.. പക്ഷെ ...എന്തൊരു മുട്യാ.."

അമ്മ അതു കേട്ടാല്‍ പിന്നെ പൂരായി.. അവര് കണ്‍‌വെട്ടത്ത് നിന്ന്‍ മറഞ്ഞാല്‍ അമ്മയുടെ വക ഉഴിഞ്ഞിടല്‍ ഉണ്ട്.. ഉപ്പും കടുകും കൂടി അടിതൊട്ട് മുടിവരെ മൂന്നു തവണ ഉഴിഞ്ഞ് അടുപ്പിലെരിയുന്ന കനലിലേക്ക്.. അവിടെ കിടന്നത് ശേ..ശൂ ..ട്ടെ ന്ന് പൊട്ടുമ്പോള്‍ അവര് കണ്ണിട്ടതൊക്കെ പോയെന്ന് അമ്മ പറയും.. ഇന്ന് ... അവള്‍ മൊട്ടയാവാന്‍ തുടങ്ങുന്ന തന്റെ തലയോട്ടിയിലൂടെ വിരലോടിച്ചു.. ആരുടെയൊ കരിങ്കണ്ണ് പൊട്ടിത്തെറിക്കാതെ ബാക്കി കിടന്നിരുന്നു..

പരീക്ഷക്കിറങ്ങുമ്പോള്‍ ദേവ്യേട്ടത്തിക്ക് എങ്ങിനെലും ഒന്നു ജയിച്ചാല്‍ മതിയെന്നെ ഉള്ളു... അനഘക്ക് കിട്ടുന്ന നല്ല മാര്‍ക്കിനുകൂടി ദേവ്യേട്ട്ത്തിക്ക് വഴക്കു കിട്ടും... ദേവ്യേട്ട്ത്തി എപ്പൊഴും പ്രാകും അനഘക്കു പരീക്ഷ വിഷമമാവാന്‍, പഠിച്ചതൊന്നും ഓര്‍‌മ്മയില്‍ തെളിയാതിരിക്കാന്‍ ... കര്‍ണ്ണനെ പോലെ ആവശ്യം വരുമ്പോള്‍ പലതും മറന്നുപോവുമ്പോള്‍, വേറുതെ സങ്കടപ്പെടും.... ദേവ്യേട്ട്ത്തിടെ പറച്ചിലുകള്‍ക്കെല്ലാം മാലാഖമാര്‍ ഏറ്റുമൂളിയിരിക്കണം..

ആദ്യം കിട്ടിയത് ഡ്രീംജോബ് ആയിരുന്നു.. "എനിക്കിഷ്ടാ ടീച്ചറാവാന്‍ ... " അവള്‍ എപ്പൊഴും എല്ലാരോടും പറഞ്ഞു... അപ്പൊഴൊക്കെയും മാലാഖമാര്‍ പറഞ്ഞിരിക്കണം അപ്രകാരം ഭവിക്കാന്‍.... അതു കൈവിട്ട് പോവാന്‍ ആരായിരിക്കാം അവള്‍ കേള്‍ക്കാതെ മന്ത്രിച്ചത്.. പിന്നെ മറ്റൊന്നിലേക്കുള്ള ചാട്ടം.. ആര്‍ക്കും ഒരു ഭാരമാവാതിരിക്കാന്‍ അതില്‍ തന്നെ കടിച്ചു തൂങ്ങി..

അറമ്പറ്റലിന്റെ കണക്കെടുപ്പില്‍ ചിന്തകള്‍ക്ക് പ്രണയവര്‍ണ്ണങ്ങള്‍... ചേച്ചിമാരുടെ പ്രണയവിവാഹങ്ങളുടെ മുറിവുകള്‍ ഇപ്പൊഴും ബാക്കി കിടക്കുന്നു.. അതുകൊണ്ട് ഒരിക്കലും ആ വഴിയെ ഇല്ലെന്നത് നേരത്തെ തീരുമാനിച്ചതായിരുന്നു.. ഒരോ തവണ അത് ഉരുവിടുമ്പൊഴും മാലാഖമാര്‍ മന്ത്രിച്ചിരിക്കണം... വേണമെന്ന് തോന്നിയപ്പൊഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു... അപ്പൊഴും സാരമില്ലെന്ന് സ്വയം വിശ്വസിപ്പിച്ചു.. കാലങ്ങള്‍ക്ക് ശേഷവും മറുപുറത്ത് ആ കനല്‍ അണയാതെ കിടക്കുന്നെന്ന് അറിയുമ്പോഴത്തെ നീറ്റല്‍ ... അവള്‍ കണ്ണുകള്‍ മുറുക്കിയടച്ച് ഉറക്കത്തെ കാത്തുകിടന്നു...

"ഇത് നമ്മടെ ജ്യോത്സ്യന്‍ ശങ്കരനാരായണന്‍"

അവര്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ അനഘയും അമ്മയും മാത്രമെ ഉണ്ടായിരുന്നുള്ളു മുറിയില്‍..

ഏട്ടന്റെ ഒപ്പം കടന്നു വന്ന ആളെ കണ്ട് അമ്മ എഴുന്നേറ്റുനിന്നു.. അമ്മയുടെ ഉപചാരം കണ്ട് അവള്‍ക്ക് ചിരി വന്നു... മുമ്പ് ഏട്ടന്റെ കല്ല്യാണത്തിന് കക്ഷി ചൊല്ലിയ മംഗളപത്രം കുറെ കാലം അവരുടെ വീട്ടിലെ ചര്‍ച്ചാവിഷയം ആയിരുന്നു.. നല്ല മരുമകളാവാന്‍ പറഞ്ഞ് ആവാത്തതോ പോട്ടെ, ഏട്ടന്‍ പോലും വീട്ടില്‍ നിന്ന് അകന്നു പോയി.. ഒരു പക്ഷെ അതില്‍ ആരുമറിയാത്ത അക്ഷരപിശാചുക്കള്‍ ഉണ്ടായിരുന്നിരിക്കാം... മാലാഖമാര്‍ അതു കേട്ടിരിക്കാം..

കട്ടിലിനു ചുവട്ടിലെ ബാഗുകള്‍ കണ്ട് അയാള്‍ അമ്മയോട് ചോദിച്ചു...

"എന്താ ഇവിടെ കുടികിടപ്പാക്കിയോ...?

എവിടെയോ പല്ലി ചിലച്ചോ എന്ന് അയാളൊന്ന് കാതോര്‍ക്കുന്ന പോലെ... നഗരഹൃദയത്തിലെ ഹോസ്പിറ്റലിന്റെ ഏഴാം നിലയില്‍ എത്തിയ പല്ലിയെ ഒന്നു കാണാനായി അവള്‍ മേല്‍തട്ടിലേക്ക് നോക്കി...

ബാക്കിയെല്ലാവരും താഴെ വീണു പിടയുന്ന ജീവനെ നോക്കുകയായിരുന്നു.... അതുകണ്ട ജ്യോത്സ്യന്റെ മുഖത്ത് ഒരു ചെറിയ ഭയം... അമ്മയുടെ കണ്ണില്‍ നീരുറയുന്നോ... ചേട്ടന്‍ അവളെ തന്നെ നോക്കി നില്‍‌‍ക്കുന്നു..

"ലക്ഷണം ....?"

ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്...

"ആ ജ്യോത്സ്യന്‍ ഇല്ലെ.... അയാള്‍ പറഞ്ഞാല്‍ അച്ചട്ടാ.. കടുകിട തെറ്റില്ല..."

ഞാന്‍ കേള്‍ക്കണ്ട എന്നു വിചാരിച്ചാവാം , അവര്‍ മൂവരും മുറിക്ക് പുറത്തിറങ്ങി..ആ ഒഴിവില്‍ തിക്കികയറി വന്ന ഓര്‍മ്മകളില്‍ അനഘ ഒരുപാട് പുറകിലായിരുന്നു...


അന്നും ഒരു സാധാരണ ദിവസം മാത്രമായിരുന്നു.. രാവിലെ എഴുന്നേല്‍ക്കാനുള്ള മടിക്കു പോലും വ്യത്യാസമില്ലായിരുന്നു.... ഒരല്‍പ്പം കൂടുതല്‍ ആയിരുന്നൊ എന്നു മാത്രം സംശയം.. അന്നത് രാവിലെ ഒരുങ്ങുന്നതിനിടയില്‍ പലപ്പൊഴും പറയുകയും ചെയ്തു... എന്നിട്ടും തിരക്കിട്ട് ഇറങ്ങി... പക്ഷെ വഴിയില്‍ ... അത് അവസാനത്തെ ഇറക്കമാരുന്നു.... ഇഷ്ടമല്ലാത്ത ജോലിയായിരുന്നെങ്കിലും സ്വന്തം കാലില്‍ നില്‍ക്കുന്നതിന്റെ സന്തോഷം... അതൊക്കെ പഴയ കഥ..

ദിവസങ്ങള്‍ നീങ്ങുമ്പോള്‍ ഒരോരുത്തരുടെ മുഖത്തും മടുപ്പിന്റെ വരകള്‍ വല്ലാതെ തെളിയുന്നു ... പതിയെ എല്ലവരുടെയും മിണ്ടാട്ടവും കുറയാന്‍ തുടങ്ങിയിരിക്കുന്നു... ചില മുഖങ്ങളില്‍ നിന്ന് സഹതാപം പോലും മറഞ്ഞിരിക്കുന്നു.,.. ശല്യമെന്ന് എഴുതിവെച്ചിട്ടില്ലെന്ന് മാത്രം..അപ്പൊഴൊക്കെ ജ്യോത്സ്യന്‍ ചോദിച്ച കുടികിടപ്പ് അവളോര്‍‌ത്തു.. പിന്നെ അവള്‍ എന്തൊ ഉരുവിട്ടുകൊണ്ടിരുന്നു,.... അവളറിയാതെ മാലാഖമാര്‍ മന്ത്രിക്കുന്നതും കാത്ത്...

Friday, August 3, 2007

അവിശ്വാസിയുടെ വിശ്വാസങ്ങള്..!

അവിശ്വാസിയുടെ വിശ്വാസങ്ങള്..!

അടുത്തിരുന്ന് സ്ത്രീയാണ് ഈ തുണ്ടു കടലാസ് എനിക്ക് തന്നത്.. എന്തിനെന്നറിയാതെ ഞാനവരെ നോക്കി.. അവര്‍ തനിക്ക് കിട്ടിയ കടലാസില്‍ നിറയെ എഴുതി കൂട്ടുന്നുണ്ടായിരുന്നു. സ്ഥലം തികയാതെ മറ്റൊരു കടലാസ് കൂടി അവര്‍ വാങ്ങി. ശരിയല്ലെന്ന് അറിയാമായിരുന്നിട്ടു കൂടി, ഞാന്‍ അതിലേക്കൊന്ന് ഒളിക്കണ്ണിട്ട് നോക്കി.. മകന് ഏതോ സ്കൂളില്‍ അഡ്മിഷന്‍ കിട്ടാനാണ് അവര് ഇപ്പോള്‍ എഴുതുന്നത്...

ഞാനെനിക്ക് കിട്ടിയ കടലാസ് പതുക്കെ ചുരുട്ടി കളയാന്‍ ശ്രമിച്ചു.. എന്റെ കൂട്ടുകാരി കൊച്ചുറാണി അത് പിടിച്ച് വാങ്ങി.. അവളാണ് എന്നെ ഇവിടെ കൊണ്ടുവന്നത്.. എവിടെ എന്ന് ചോദിച്ചാല്‍ അതു വഴിയേ മനസ്സിലാവും .. എല്ലാവരും കൈവിടുമ്പോള്‍ പ്രാര്‍ത്ഥനയില്‍ അഭയം തേടാനുള്ള അവളുടെ കഴിവില്‍ എനിക്ക് അസൂയ തോന്നി.. അവള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ എഴുതാന്‍ തുടങ്ങി .. അവള്‍ എഴുതിയിരുന്നതെല്ലാം എന്റെ പ്രാര്‍ത്ഥനകള്‍ ആയിരുന്നു.. പക്ഷെ എഴുതാന്‍ ഇനിയും ധാരാളം ഉണ്ടല്ലൊ എന്നും ഞാന്‍ ഓര്‍‌ത്തു. ആരവങ്ങള് കൂടികൊണ്ടിരുന്നു.. കാണുന്നതെല്ലാം പുതുമകള്‍.. രണ്ടുകയ്യും മുകളിലേക്ക് ഉയര്‍‌ത്തി ആടിപ്പാടുന്ന യുവതിയുടെ മുഖത്തെ ഫേഷ്യല്‍ ചെയ്ത ചെമ്പന്‍ രോമങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു.. വില്ലുപോലെ വളച്ചു വെച്ച ആ പുരികകൊടികളും വലിച്ചു നിവര്‍ത്തിയ മുടിയും അവരുടെ ആടിപ്പാടലിന് തീരെ യോജിക്കുന്നില്ലെന്ന് തോന്നി.. തല്ക്കാലം പാട്ട് നിര്‍‌ത്തിയിരിക്കുന്നു… ഇടറിയ തൊണ്ട പൊട്ടി പാടിയാര്‍‌ത്തിരുന്ന സ്ത്രീയും കൂട്ടരും അടുത്തു കിടന്ന കസേരകളിലിരുന്ന് വിയര്‍‌പ്പൊപ്പുന്നു...

ഈ മഹത്തായ സംരംഭത്തിലേക്ക് അകമഴിഞ്ഞ സംഭാവനക്കായ് ദാസികളും ദാസന്മാരും നിങ്ങളെ തേടിയെത്തുന്ന അറിയിപ്പിന് വേണ്ടിയായിരുന്നു ആ മൌനം .. പാത്രങ്ങളില്‍ വീഴുന്ന തുട്ടുകള്‍ക്കനുസരിച്ച് ആ മുഖങ്ങളിലെ ചിരി മാറികൊണ്ടിരുന്നു. അല്പനേരത്തെ നിശബ്ദതക്കുശേഷം വലിയ ശബ്ദത്തോടെ പാട്ടുകള്‍ പുന:രാരംഭിച്ചു.. സ്റ്റേജിലേക്ക് വന്ന മനുഷ്യനെ എല്ലാവരും വണങ്ങി..


ഗീതങ്ങളും പ്രാര്‍‌ത്ഥനകളും ആര്‍‌പ്പുവിളികളും അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കി.. ആരാധനയുടെ പാരമ്യത്തില്‍ ചിലര്‍ നിലത്തു വീഴുന്നുണ്ടായിരുന്നു.. അവരെ ആരും പിടിക്കുകയോ സഹായിക്കുകയോ ചെയ്യുന്നില്ല… അവിടെ മുഴങ്ങുന്ന പലതും എന്റെ ചെവിയില് കേറുന്നില്ലായിരുന്നു.. എന്റെ അശ്രദ്ധ കണ്ണില്‍ പെടുമ്പോഴെല്ലാം കൊച്ചുറാണി എന്നെ കണ്ണുരുട്ടാന്‍ തുടങ്ങി.എല്ലാം കാണുമ്പോഴും ഒന്നു കണ്ണില്‍ പെടാതെ മനസ്സില്‍ തറയാതെ ഓടിമറയുകയായിരുന്നു

ഇപ്പോള്‍ നടുവേദനക്കാരുടെ രോഗം മാറിയിരിക്കുന്നതായി സന്ദേശം കിട്ടിയതായി പ്രാസംഗികന്‍ എല്ലാവരെയും അറിയിച്ചു..

"ദൈവം നമുക്കിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു.."

ആര്‍പ്പു വിളികള്‍ക്കിടയില്‍ നടുവേദനക്കാരോട് കുനിയാനും നിവരാനും ആവശ്യപ്പെടുന്നു.. അസുഖം മാറിയെന്ന് അവകാശപ്പെട്ട പലരുടെയും മുഖത്ത് വേദനയുടെ മാറാത്ത ചുളിവുകള്‍ തെളിയുന്നുണ്ടെന്ന് എന്നിലെ അവിശ്വാസിക്ക് തോന്നി...

വീണു നട്ടെല്ലിന്ന് ക്ഷതം പറ്റിയ ഒരാള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.. പ്രാസംഗികന്റെ നിര്‍‌ദ്ദേശപ്രകാരം അയാള്‍ സ്റ്റേജിനു മുന്നിലൂടെ വേച്ചു വേച്ചു നടന്നു.. ആ ചെറുപ്പക്കാരന്‍ കരയുന്നത് കണ്ടപ്പോള്‍ എനിക്കും കരച്ചില്‍ വന്നു.. ഞാന്‍ കണ്ണു തുടക്കുന്നത് കണ്ട് കൊച്ചുറാണിയുടെ മുഖത്തൊരു തിളക്കം ... കരയുന്നത് കണ്ടാലും മുഖം തെളിയുമൊ എന്ന് ഞാന്‍ വെറുതെ ആലോചിച്ചു... അതോ ഇവിടെയിരുന്ന് കരയുന്നതിന് വേറെ അര്‍ത്ഥം വല്ലതും ഉണ്ടോ ആവോ..?

അസുഖക്കാരെല്ലാം തലയില്‍ തൊട്ട് പ്രാര്‍ത്ഥനക്ക് ചെല്ലാനായിരുന്നു അടുത്ത നിര്‍‌ദ്ദേശം.. ഫോട്ടോഗ്രഫറിനും വീഡിയോക്കാരനും സൌകര്യപ്രദമായ രീതിയില്‍ ഓരോ രോഗിയേയും അദ്ദേഹം ശുശ്രൂഷിച്ചുകൊണ്ടിരുന്നു. അണഞ്ഞുപോയ വീഡിയോലൈറ്റ് കത്തുന്നതുവരെ പ്രാര്‍‌ത്ഥന നിര്‍ത്തിവെക്കാനും പ്രത്യേകം ശ്രദ്ധിച്ചു.. ഇടക്ക് എത്തിയ വലിയ ബുള്സൈ അദ്ദേഹം കഴിക്കുന്നത് കണ്ടപ്പോള്‍ എന്റെ വായില്‍ വെള്ളം നിറയുന്നുണ്ടായിരുന്നു.. രാവിലെ തൊട്ട് ഇവിടെ ആയതിനാല്‍ ഒന്നും കഴിച്ചിട്ടില്ലായിരുന്നു.. ഉച്ചക്ക് വിതരണം ചെയ്ത ചായയും റൊട്ടിയും കഴിക്കാനും തോന്നിയില്ല.. ഇവിടെന്ന് പുറത്തു കടന്നാല്‍ ആദ്യം കാണുന്ന ഹോട്ടലില് നിന്ന് വയറുനിറയെ വാങ്ങികഴിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു..
ഇപ്പോള്‍ ശുശ്രൂഷിക്കപ്പെടുന്നത് ഒരു അമ്മച്ചിയാണ്.. ഒരു കൈ കാല്മുട്ടിലും മറുകൈ അരയിലും വെച്ച് കഷ്ടപ്പെട്ട് നടന്നിരുന്ന അവര്‍ എങ്ങിനെയാണ് ഈ തിരക്കില്‍ മുന്നിലെത്തിയതെന്ന് എനിക്ക് മനസ്സിലായില്ല.. അവര്‍ അസുഖങ്ങള്‍ എണ്ണിയെണ്ണി പറയാന്‍ തുടങ്ങി.. ആ ശരീരത്തില്‍ വേദനയില്ലാത്ത ഒരു ഭാഗം പോലുമില്ലായിരുന്നു.. പ്രാര്‍ത്ഥനക്കു ശേഷം അവരോട് അദ്ദേഹം കുശലം പറയുന്നുണ്ടായിരുന്നു... അമ്മച്ചിയുടെ പടം ടിവിയില് വരും.. അമ്മച്ചികാണണം .. എന്നൊക്കെ... അമ്മച്ചിയുടെ വീട്ടില്‍ ടിവി ഉണ്ടോ ആവോ.. കണ്ടിട്ട് നേരെ ചൊവ്വെ ഭക്ഷണം പോലും കഴിക്കുന്നുണ്ടെന്ന് തോന്നുന്നില്ല..

നേരം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു .. രാവിലെ എട്ട് മണിക്ക് എത്തിയതാണ്.. അവിടെത്തെ തിരക്ക് കണ്ടപ്പോള് നമുക്ക് തിരിച്ച് പോവാമെന്ന നിര്‍ദ്ദേശത്തെ കൊച്ചുറാണി കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങിയ ഒരു നുള്ളലില്‍ മൌനമാക്കി. ആള്‍ത്തിരക്കില്‍ അത് ആരും കണ്ടില്ലെന്ന് മാത്രം.. അവസാനത്തെ ആശ്രയമായി ഞാനെന്റെ തലവേദനയെ കൂട്ടുപിടിച്ചു.. സത്യത്തില്‍ എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു.. നില്ക്കാന്‍ വയ്യ എന്ന് തോന്നിയതുകൊണ്ട് തന്നെയാണ് തിരിച്ച് പോവണമെന്ന് പറഞ്ഞത്... ക്യുവില്‍ നിന്ന് മാറി, അരികില്‍ കിടന്ന കസേരയില്‍ ഞാനിരുന്നു…

ഇപ്പോള്‍ ഷൂട്ട് ചെയ്യപ്പെടുന്നത് എന്റെ അഭിനയമാണ്.. അദ്ദേഹം എന്റെ അടുത്തേക്ക് വന്നിരിക്കുന്നു.. തലയില്‍ കൈവെച്ച് ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നു… മുഖമുയര്‍ത്തിയപ്പോള്‍ ഇത്ര വയസ്സായിട്ടും അദ്ദേഹത്തിന്റെ മുഖം വളരെ സുന്ദരമാണെന്ന് ഞാന്‍ ശ്രദ്ധിച്ചു.. പക്ഷെ എന്റെ മുഖത്തേക്കടിക്കുന്ന വീഡിയോ ലൈറ്റില്‍ അധികനേരം മുഖമുയര്‍ത്തി നോക്കാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു.. പതിയെ കണ്ണുകള്‍ അടഞ്ഞു കൊണ്ടിരുന്നു..

"ദൈവം പ്രസാദിച്ചിരിക്കുന്നു.. എല്ലാവരും കേള്ക്കുവിനന്‍.. ഇവളെ ദൈവം തൊട്ടിരിക്കുന്നു.. ഇവളുടെ തലവേദന ദൈവം നിശ്ശേഷം മാറ്റിയിരിക്കുന്നു.. ഇപ്പോള്‍ ദൈവം എന്നോട് പറഞ്ഞു.. ഇവള്‍ പൂര്ണ്ണ ആരോഗ്യവതിയാണിപ്പോള്‍…"

ആള്‍ക്കൂട്ടം മുഴുവന്‍ ഞാനെന്ന അത്ഭുതവസ്തുവിനെ നോക്കുകയാണ്.. നാവ് വരണ്ടു പോവുന്നു.. കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കില്‍ ..

അദ്ദേഹം കൂടെയുള്ളവരോട് ആജ്ഞാപിക്കുന്നു..

"നല്ലൊരു ഫോട്ടോയെടുക്കണം. സാക്ഷ്യം എഴുതിവാങ്ങണം"

എന്നെ അദ്ദേഹം കസേരയില്‍ നിന്ന് കൈപിടിച്ച് എഴുന്നേല്പ്പിച്ചു

"എല്ലാവരും കാണുവിന്‍ .. ഇവള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു.."

ചുറ്റുമുയരുന്ന ആരവങ്ങളില്‍ എന്റെ ചെവികള്‍ കൊട്ടിയടച്ചിരിക്കുന്നു.. കൊച്ചുറാണിയെയും കാണുന്നില്ല.. ഇപ്പൊ എനിക്ക് എവിടെയെങ്കിലും കിടക്കണം.. അദ്ദേഹം വീണ്ടും എന്നോട് പറയുകയാണ്..

"പോവുമ്പോള്‍ രണ്ടു കാസറ്റും പുസ്തകങ്ങളും വാങ്ങിക്കൊണ്ട് പോവണം"
കൂട്ടത്തിലൊരാള്‍ ഒരു പേപ്പര് തന്ന് എന്തോ എഴുതാന്‍ പറഞ്ഞു.. പക്ഷെ ഞാനത് കേട്ടില്ല…

ഉണരുമ്പോള്‍ ഞാന് മറ്റെവിടെയോ ആയിരുന്നു.. ഒരു പാട് നിറമുള്ള വളയങ്ങള്‍ കണ്മുന്നില്‍ നൃത്തം വെക്കുന്നു..ഒട്ടിപ്പോയ ചുണ്ടുകള്‍ തുറക്കാനൊരു വിഫലശ്രമം. അനക്കാന്‍ ശ്രമിച്ച കൈത്തണ്ടയില്‍ സൂചിയുടെ വേദന.. ഇപ്പോള്‍ എനിക്ക് കൊച്ചുറാണിയുടെ മുഖം കാണം.. അതില്‍ നിറയെ ദൈന്യത എഴുതി വെച്ചിരിക്കുന്നു.. എനിക്ക് നേരെ മുഖം കുനിച്ചപ്പോള്‍ വെട്ടിയിട്ട മുടിയിഴകള്‍ അവളുടെ മുഖം മറച്ചു..

വെളുത്ത് ഉടുപ്പിട്ട സ്ത്രീ തലയില്‍ തടവി പറഞ്ഞു..

"സാരമില്ല.. ഒന്നുറങ്ങി കഴിയുമ്പോള്‍ ശരിയാവും.."

പതിയെ അവരുടെ മുഖം ആ പ്രാസംഗികന്റെതായി മാറാന്‍ തുടങ്ങി.. എന്നിട്ട് ഇങ്ങനെ പറഞ്ഞു..

"ദൈവം പ്രസാദിച്ചതാണ്.."

കണ്ണുകള്‍ അടയും തോറും തുറന്ന ചെവികളിലൂടെ എനിക്ക് കേള്‍ക്കാമായിരുന്നു..

"ദൈവത്തെ സ്വീകരിക്കാന്‍ മാത്രം വിശ്വാസമില്ലത്തതുകൊണ്ടാണ്.. അവിശ്വാസിയുടെ ശരീരത്തില്‍ ദൈവം പ്രവേശിക്കുന്നതു കൊണ്ടാണ്..."

എന്റെ തലവേദന കൂടികൊണ്ടിരുന്നു.. ആര്‍പ്പു വിളികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാനെന്റെ ചെവികള്‍ മുറുക്കിയടച്ചു.. അപ്പോള്‍ ആരോ എന്റെ തലവേദന തലോടിയകറ്റുന്നുണ്ടായിരുന്നു..