Tuesday, May 29, 2007

അവന്റെ വിവാഹമാണ് ...

എന്റെ വാച്ചില് 11.45 ... 45 നും 55 നും ഇടയില് 10 മിനിറ്റേ മുഹൂര്ത്തമുള്ളു. അഞ്ച് മിനിറ്റ് കൂടി കഴിയട്ടെ. കാരണവര്
കണക്കുകൂട്ടുകയാണ്. അവരാണെങ്കില് അക്ഷമരായി വിയര്ത്തു കുളിച്ച് ഇരിക്കുകയും. ചുറ്റും ആകാംക്ഷയോടെ എല്ലാവരും നില്ക്കുന്നു.
ആള്ക്കൂട്ടത്തില് ഒറ്റപ്പെട്ട് ഞാനും കാത്തുനില്ക്കുകയാണ്.
മണിക്കൂറുകള്ക്കു മുമ്പെ വിജനമായ ഈ അമ്പലമുറ്റത്ത് എത്തുമ്പോള് സംശയമായിരുന്നു. ഇത് തന്നെയല്ലേ സ്ഥലമെന്ന്. ഒരു അര്ച്ചനക്കായ് ചെന്നപ്പോള് സ്ഥലം തെറ്റിയില്ലെന്ന് ഉറപ്പുവരുത്തി... ഭദ്രകാളിയും രക്തേശ്വരിയും ചുവന്നുനില്ക്കുമ്പോള് ഞാനവരോട് ഉള്ളുരുകി പറഞ്ഞു.
വിഘ്നേശ്വരനോട് ഏത്തമിട്ട്, നാഗരാജാവിനോടും നാഗയക്ഷിയോടും കനിയാനായി തലകുനിച്ച്, കണ്ണനോട് പഴയ പരിചയം പുതുക്കി മൂന്നു വലം വെച്ച് ഞാനാ മുറ്റത്ത് കാത്തുനിന്നു. കിഴക്കേ നടയില് താഴോട്ട് നീളുന്ന പുല്ല് നിറഞ്ഞ നീണ്ട കല്പടവുകള്.. വളറ്ന്നു പടര്ന്നു പന്തലിച്ച അരയാലും, തൊഴാനെന്നപോലെ ഒന്നു വളഞ്ഞ് തുടര്ന്നൊഴുകുന്ന ആറും എല്ലാം ഒരു കവിതപോലെ സുന്ദരം. പക്ഷെ അതൊന്നും അപ്പൊഴെന്റെ കണ്ണില് പോലും പതിഞ്ഞില്ല...

ഭാഷയുടെ വ്യത്യാസം കൊണ്ടാവാം പൂജാരിയുടെ കുശലാന്വേഷണം. സമയം തള്ളി നീക്കാന് ഞാനും ചിരിച്ചുകൊണ്ട് നിന്നു കൊടുത്തു.പക്ഷെ അപ്പോഴും ഞാന് മനസ്സുകൊണ്ട് മറ്റെവിടെയോ ആയിരുന്നു. ഇടക്കൊക്കെ ഒളികണ്ണിട്ട് നിരന്നിരിക്കുന്ന ദൈവങ്ങളെ നോക്കി. എന്നെ വേദനിപ്പിക്കരുതെന്ന് ഓര്മ്മിപ്പിച്ചു.

ഇപ്പോള് ഞാന് ഒറ്റക്കല്ല. ഒത്തിരി അപരിചിതര് വന്നുകൊണ്ടിരിക്കുന്നു. ദൂരെയിരുന്ന് അവരെ നോക്കിയിരുന്നു. വരുന്ന് വാഹനങ്ങളിലെല്ലാം അപരിചിതര്
മാത്രം .. ഇടക്ക് കയറിവന്ന വെള്ള മാരുതി കാറില് അവരുടെ
പേരെഴുതിയിരിക്കുന്നു. ഫോട്ടോഗ്രാഫേഴ്സ് വരനിറങ്ങുന്നത്
സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ക്രീം ഷര്ട്ടും കസവുമുണ്ടുമായി അവന് ഇറങ്ങി. ചീകിയൊതുക്കിയ മുടിയും ഒഴിവാക്കാനാവാത്ത കണ്ണടയും. മാറി നിന്നപ്പോള് ഞാന് ശരിക്കും കണ്ടു. ചുണ്ടില് ചിരിയുണ്ട്. ഒരിക്കല് കൂടി ഞാന് നിരന്നിരിക്കുന്ന ദൈവങ്ങളെ നോക്കി. ഇപ്പോള് സമയം നീങ്ങുന്നത് അറിയുന്നില്ല. കാണാന് , കണ്ടിരിക്കാന് എനിക്കൊരു കാഴ്ചയുണ്ടല്ലോ. പിന്നെ ഞാന് വരുന്ന വാഹനങ്ങളോ അപരിചിതരെയോ കണ്ടില്ല. ഇടക്ക് പച്ചസാരിയില് തലനിറയെ മുല്ലപ്പൂവുമായി അവളെത്തി. ഇപ്പോള് ദൃശ്യങ്ങളെ നാളെക്കുവേണ്ടി കാത്തുവെക്കുന്നവര് അവള്ക്കു പുറകെയാണ്.

എനിക്കവനെ കാണണം.. ഞാന് വരാതിരുന്നില്ലെന്ന് അവനോട് പറയണം. പിന്നെ .. പിന്നെ .. പിന്നെന്തു പറയാന് .. അവന്റെ കണ്ണില് പെടാന് ഇവിടെ നിന്നാല് കഴിയില്ല. അപ്പൊഴാണ് ഞാന് ഞങ്ങള്ക്കിടയിലെ ദൂരത്തെ കുറിച്ച് ഓര്ത്തത്. കൂട്ടുവിളിക്കാന് ആരുമില്ലാത്തതിനാല് ഞാന് ചെന്നു, തനിച്ചു തന്നെ. പരസ്പരം ചിരിച്ചു കൊണ്ട് നില്ക്കുമ്പോള് വാക്കുകള് നഷ്ടപ്പെടുകയായിരുന്നോ ..

"വേറെ ആരും വന്നില്ലെ..?"

"ഇല്ല"

"അവര്ക്കൊക്കെ വേറെയെന്തൊക്കെയോ തിരക്കുകള് .. എനിക്ക് വരാതിരിക്കാനാവില്ലല്ലോ"

"നോക്ക് .. വീട്ടില് വരണം ട്ടൊ"

എന്നെ നോക്കി ചിരിച്ച ആ ഉറക്കെയുള്ള ചിരിയുടെ അര്ത്ഥമെന്തായിരുന്നു. എന്റെ പഴയ ഭീഷിണികളുടെ ഓര്മ്മയാവണം. ഒന്നും പറയാനില്ലാതായപ്പോള് ഞാന് പതുക്കെ രക്ഷപ്പെടാനുള്ള വഴി തേടി.

"ചെല്ല് .. അവര് കാത്തു നില്ക്കുന്നു. .." ആരെന്നു പറയാതെ ഞാന് തിരിഞ്ഞു നടന്നു.

കല്ല്യാണം കഴിഞ്ഞ ഉടനെ തിരിച്ചു പോവണം ...ഇല്ല .. ഇനി ഒരിക്കല് കൂടി വയ്യ. എല്ലാവരും അമ്പലനടയിലേക്ക്. വരനെ വധുവിന്റെ ആള്ക്കാര് മാലയിട്ട് ആരതിയുഴിഞ്ഞ് മണ്ഢപത്തിലേക്ക് ആനയിച്ചു. സമയം ഇനിയും നിമിഷങ്ങള് കൂടി ..അവന് വിയര്ത്തൊഴുകി ഇരിക്കുകയാണ്. ഒന്നും ചെയ്യാനില്ലാത്തതിനാല് കണ്ണട ഊരിയും തിരിച്ചുവെച്ചും ഇടക്ക് ചുറ്റും നോക്കിയും സമയം കളയുന്നു, അപ്പൊഴും ഞാനറിയാതെ നിരന്നിരിക്കുന്നവരെ നോക്കി. ഒന്നുകൂടി ഓര്മ്മിപ്പിച്ചു. ഇനിയും സമയമുണ്ട്..എന്നെ കൈവിടരുത്..

ഉച്ചത്തിലുള്ള വര്ത്തമാനങ്ങള് പെട്ടന്ന് നിലച്ചു. അവള് വന്നു.കയ്യില് താലവും വിളക്കുമായി മൂന്നു വലതുവെച്ചു. അവന്റെ അരികില് ഇരുന്നു. അവര്ക്കിടയില് എത്ര ഇടയുണ്ടെന്ന് ഒന്നെത്തി നോക്കാന് എനിക്ക് തോന്നി. എല്ലാവരും സമയമാവാന് കാത്തിരിക്കുകയാണ്. മഞ്ഞചരടില് അമ്മാവന് താലി കോര്ത്തു. ഫോട്ടോക്കു വേണ്ടി ഇരുന്നു കെട്ടാന് പറയുമ്പോള്, അവന് താലിയുമായി എഴുന്നേറ്റു. പണ്ടെ അവന് അനുസരണ എന്നത് അടുത്തു കൂടി പൊയിട്ടില്ലല്ലോ.. അങ്ങിനെ അവന് അവളുടേതായി.

ഇപ്പോള് നിരന്നിരുന്ന ദൈവങ്ങളെല്ലാം വെറും കല്ലുകളായി തോന്നി. ബാക്കി ചടങ്ങുകള് കാണാന് നില്ക്കാതെ ആറ്റിലേക്കുള്ള പടവുകളിലേക്ക് ഞാന് നടന്നു. വൈകി എത്തുന്നവര്ക്കിടയില് പഴയ ചില മുഖങ്ങള് . ഇവിടെ ഞാന് അഭിനയിക്കണം..തുറന്ന ചിരിയുമായി ഞാന് അവര്ക്കിടയിലേക്ക്.. ഒന്നിനു പത്തെന്ന നിരക്കില് പഴയ വാചകമടി. എല്ലാവരും പുതിയ ജീവിതത്തിന് ആശംസകള് നല്കാന് പോവുമ്പോള് എനിക്കും പോയെ തീരൂ.. ഓരോരുത്തരെയും പരിചയപ്പെടുത്തുമ്പോള് , ഞാന് കാത്തു നില്ക്കുകയായിരുന്നു. എന്നെ പരിചയപ്പെടുത്തുന്നത് എങ്ങിനെ ആവുമെന്ന്. വെറും പേരു മാത്രം. അറിയാതെ ഇടഞ്ഞുപോയ കണ്ണുകള് .. ഫോട്ടോക്ക് നില്ക്കാന് , ഉയരത്തിന്റെ കണക്കില് മുന്നിലേക്ക് തള്ളിയപ്പോള് എത്തിപ്പെട്ടത് വലതുവശത്ത്. ഒരിക്കല് ഞാന് വലം കയ്യായിരുന്നു.ഭക്ഷണം കഴിക്കാതെ പുറത്തുകടക്കാനാവില്ല. ഒഴിഞ്ഞ മൂലയില് ഇരുന്നപ്പോള് അവര് വരുന്നുണ്ടായിരുന്നു...കൈകള് കോര്ത്തുപിടിച്ച്. ഇരുന്നത് എന്റെ വലതുവശത്തെ വരിയില് . അവന് അവളോട് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അവന് അന്നും എന്നോട് പറഞ്ഞിരുന്നത് അങ്ങിനെ തന്നെ.

"എനിക്ക് എപ്പോഴും വര്ത്തമാനം പറഞ്ഞുകൊണ്ടിരിക്കണം. കേട്ടിരിക്കാന് ഒരാള് വേണം."

അവന് പറയുന്നു. അവള് കേള്ക്കുന്നു. മണിക്കൂറുകള് ഞങ്ങള്ക്കിടയില് കൊഴിഞ്ഞു വീണപ്പോള് ഞാനും മൌനിയായിരുന്നല്ലോ.ഇനിയൊരു യാത്ര പറച്ചിലില്ല... പോവണം..

പുറത്തിറങ്ങി പോരുമ്പോള് മറ്റാരെയും കാത്തുനിന്നില്ല. തിരിച്ചുള്ള യാത്രയില്, വഴി നിറയെ നിരന്നിരുന്നിരുന്ന പേരറിയാത്ത ദൈവങ്ങളെ ഞാന് കണ്ടില്ല. മാനത്തോളം തല നീട്ടിനില്ക്കുന്ന കുരിശുകളെയും .. അങ്ങോട്ടു പോവുമ്പോള് ഒരോരുത്തരോടും പറഞ്ഞതായിരുന്നു.

രാത്രി ..അവര് ഇപ്പോള് ഒന്നായി കാണും .. ആദ്യമായി ഞാന് നേരുന്നു ... മംഗളങ്ങള് . ..

Friday, May 25, 2007

നാലാം നിലയിലെ കുമ്പസാരകൂടുകള്‍

"വരൂ, ഇതാണ്` നാലാം നില"

പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ "അവര്" നാലഞ്ചു പടി താഴെ നിന്ന്
കിതക്കുകയായിരുന്നു.

"ക്ഷീണിച്ചോ?" നാലാം നില എത്താറായെന്ന് ഞങ്ങള്
ആശ്വസിക്കുന്നത്
മൂന്നാംനിലയിലെ ഒമ്പതാം നമ്പറ് മുറി കണ്ടാണ്.പിന്നെ പതിയെ കയറും.ഇരുപത്
കാണുമ്പോള്‍ സമാധാനമായി. കാരണം ഇതാണല്ലോ നാലംനില.

ഇരുപതാം നമ്പര്‍ മുറിക്കു മുന്നില്‍ നിന്ന് അവരുടെ ശ്വാസം വലി
കണ്ടപ്പോള്‍ എനിക്ക് പേടി തോന്നി.പുറത്തേക്ക് തുറിച്ച അവരുടെ കണ്ണുകളോട്
ഞാന് മുഖം തിരിച്ചു. നിമിഷങ്ങള്‍ക്ക്ശേഷം അവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി
പ്രത്യക്ഷപ്പെട്ടപ്പോഴാണ്` ആശ്വാസമായത്. ഇടനാഴിയുടെ ഇരുവശത്തേക്കും
അവര്‍‌ പല തവണ നോക്കി. വെളിച്ചം വരുന്ന ഗ്രില്ലിനടുത്തിട്ട ബെഞ്ചിലേക്ക്
ചൂണ്ടി ഞാന്‍ പറഞ്ഞു.

"കുറച്ചു നേരം ഇവിടെ ഇരിക്കൂ. ഞാന്‍ മുറി തുറക്കാം". അവര് ബെഞ്ചില്‍‌
ഇരുന്നപ്പോള്‍ ഞാന്‍ മുറി തുറന്നു. കട്ടിലില്‍ ചിതറി കിടന്ന പുസ്തകങ്ങളും
തുണികളും എടുത്തുമാറ്റി. ഫാന്‍ ഇട്ടു. ആകെകൂടി വലിയ കുഴപ്പമില്ലെന്ന്
തോന്നിയപ്പോള്‍ അവരെ അകത്തേക്ക് ക്ഷണിച്ചു.

കട്ടിലില്‍ ഇരുന്നിട്ടും അവരുടെ പരവേശം
തീര്‍ന്നിട്ടുണ്ടായിരുന്നില്ല.ഫ്ലാസ്ക് തുറന്ന് ഒരു ഗ്ലാസ്സ് വെള്ളം
എടുത്തുകൊടുത്തു.അവരെന്റെ മടക്കിവെച്ച കിടക്കയില് തലചായ്ച്, കട്ടിലില്
കാല് നീട്ടി വെച്ചു.പതിയെ കണ്ണുകളടച്ചു.കുറച്ചു നേരം ഞാനവരെ
നോക്കിനിന്നു.പിന്നെ വാതില്‍ ചാരി പുറത്തിറങ്ങി.

ഗ്രില്ലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ വെയില്‍ താഴാന്‍
തുടങ്ങിയിരിക്കുന്നു. പടിഞ്ഞാറ്റിയില്‍ കൂടണയാനുള്ള പക്ഷികളുടെ തിരക്ക്
തുടങ്ങിയിട്ടില്ല.വെറുതെ ഒന്നുകൂടി മുറിയുടെ വാതില്‍ തുറന്നു
നോക്കി.അവര്‍ നല്ല മയക്കത്തിലാണ്.എന്തായാലും എന്നെക്കാള്‍
പ്രായമുണ്ട്.അവരെപോലെ ഒരാളാണ്` ഇവിടെ വേണ്ടത്.ഇത്രയും
കുമ്പസാരരഹസ്യങ്ങള്‍ നെഞ്ചില് കാത്തുവെക്കേണ്ടതല്ലെ.യാതൊരു
പരിചയവുമില്ലാത്ത കാലത്താണ്` ഇതെന്റെ തലയില് വന്നത്.ആരും
പറഞ്ഞിട്ടല്ല.ആരും അറിഞ്ഞിട്ടുമല്ല.എങ്ങിനെയോ ഈ കുമ്പസാരകൂടുകളുടെ
കാവല്ക്കാരിയായ്. ഒപ്പം സ്വന്തം രഹസ്യങ്ങള്‍ ആരോടും പറയാനാവാതെ വിങ്ങി
നീറുവാനും.നീണ്ട നാലുവര്‍ഷങ്ങള്‍. അതൊരു നിയോഗമാവാം.അപൂര്‍‌വ്വമായ്
മാത്രം കിട്ടുന്ന നിയോഗം.

"ഞാന് ഒന്നു മയങ്ങിപോയി....യാത്രയുടെ ക്ഷീണം"

അവര് അടുത്തുവന്നപ്പോള്‍ മാത്രമാണ്` ഞാനറിഞ്ഞത്.

"ദാ.. അവിടെയാണ്` ബാത്റൂമും വാഷ് ബേയ്സിനുമെല്ലാം.പോയി ഒന്നു ഫ്രെഷ്
ആയിക്കോളൂ.എന്നിട്ട് കാപ്പികിടിക്കാം"

കാപ്പികുടിക്കുമ്പോള്‍ ഞാന് മനസ്സില് കൂട്ടികിഴിക്കുകയായിരുന്നു.എവിടെയാ
പറഞ്ഞുതുടങ്ങേണ്ടതെന്ന്`.

"ഞാന് പലരില്‍‌ നിന്നും കേട്ടിട്ടുണ്ട്.ഇവിടത്തെ കുറിച്ച്. ഈ
നഗരത്തിലേക്കുള്ള എന്റെ നാലാമത്തെ വരവാണ്`.മുമ്പ് മൂന്നു തവണയും വേറെ
ഇടങ്ങളില്‍‌ ആയിരുന്നു താമസം .പറഞ്ഞു കേട്ടതില്‍ നിന്നുണ്ടായ ഒരു കൌതുകം.
അതാണെന്നെ ഇത്തവണ നാലാം നിലയിലേക്കെത്തിച്ചത്".

നേരിയ നിശബ്ദതക്കു ശേഷം അവര് ചോദിച്ചു

"എനിക്ക് മുമ്പ് ഈ കട്ടിലില്‍ ആരായിരുന്നു?"

ഞാന്‍ അറിയാതെ ഒന്ന് ഞെട്ടി.എന്റെ മറുപടി കിട്ടാത്തതിനാലാവാം അവര്‍
ചോദ്യം ആവര്‍ത്തിച്ചു.

അവള് കാന്‍ഡിഡ.പെയ്ന്റിംഗ് പഠിക്കാന്‍ വന്നതായിരുന്നു.വളരെ ക്രിയേറ്റീവ്
ആണ്.ഭര്‍ത്താവിന്റെ ക്രിയേറ്റിവിറ്റി കൂടിയപ്പോള്‍ അവളൊരു
അമ്മയായി.ഇന്നലെയാണ്` അവള്‍ക്കൊരു വാവയുണ്ടായത്".

എത്ര ശ്രമിച്ചിട്ടും ചുണ്ടില്‍ ഒരു ചിരിവരുത്താനുള്ള എന്റെ ശ്രമം ശരിയായില്ല.
പുതിയ പൂക്കള്‍ തേടിനടക്കുന്ന ഒരു വണ്ടാണ്` അവളുടെ കണവനെന്ന് എങ്ങിനെ
പറയാന്‍. അവള്‍ പറന്നുപോവുമോ എന്ന് തോന്നിയപ്പോള്‍ എറിഞ്ഞു കുടുക്കിയ ഒരു
ചങ്ങലമാത്രമാണ്` ആ കുഞ്ഞെന്ന് എങ്ങിനെ കൂട്ടിചേര്‍‌ക്കാന്‍.
പൊട്ടിച്ചിരിച്ച് ബഹളം വെക്കുമ്പോള്‍ ആരും കാണാതെ ഒളിപ്പിച്ചുവെച്ച
അവളുടെ കുഞ്ഞുസ്വപ്നങ്ങളെ എങ്ങിനെ തുറന്നുകാണിക്കാന്‍ .ഇന്നും അവളെ
കാത്തിരിക്കുന്ന പഴയ കൂട്ടുകാരനോട് അവള്‍ അറിയാതെ അടുത്തുപോവുന്നോ എന്ന
എന്റെ സംശയം ആരോട് പങ്കുവെക്കാന്‍. നിറവയറുമായ് എന്നെ കാണാനെന്ന് പറഞ്ഞ്
അവള്‍ ഇറങ്ങിയത് അവനെ കാണാനായിരുന്നെന്ന സത്യം ഞങ്ങളുടെ മാത്രം സ്വന്തം.
ഏന്റെ ചുണ്ടില്‍ ഉമ്മവെച്ച് ഇത്പോലൊരെണ്ണം എനിക്ക് കിട്ടിയെന്ന്
കള്ളചിരിയോടെ പറഞ്ഞത്, അതെന്റെ ഏതോ സ്വപ്നം മാത്രമായിരുന്നിരിക്കണം .

അപ്പുറത്തെ മുറി തുറക്കുന്ന ശബ്ദം. ഞങ്ങള്‍ പുറത്തിറങ്ങി.

"ഇത് രതീദേവി.. സെയില്സ് ടാക്സ് ഓഫീസര്‍. മലബാറില് നിന്നാണ്."
ബാക്കി പരിചയപ്പെടല് അവര്‍ക്കായ് വിട്ടുകൊടുത്തു.

ദൈവമേ .. ഇവര്‍ രതിയോട് എന്തു ചോദിക്കുമോ ആവോ? ആതെ.. അവര്‍ അതു
തന്നെയാണ്` ചോദിച്ചത്.

"കല്ല്യാണം കഴിച്ചതാണോ മലബാറില്‍?സ്വന്തം വീട് എവിടെയാ?"

സ്വതവേ ദേഷ്യം നിറഞ്ഞ അവളുടെ മുഖം ചുവന്നു തുടുത്തു.

"ഞാന് മാരീഡ് അല്ല"

പിന്നെ വേഗം വാതില് ചവിട്ടിതുറന്ന് റൂമില് കയറി.

സാധാരണ പെണ്‍കുട്ടികളുടെ കല്ല്യാണം നടത്താന്‍ വീട്ടുകാര് ആണല്ലോ
മുന്നിട്ടിറങ്ങുന്നത്. രതിയുടെ കാര്യത്തില്‍ നേരെ
തിരിച്ചായിരുന്നു.ജോലികിട്ടിയപ്പോള്‍ തന്നെ അവള്‍ കല്ല്യാണത്തിനായ്
ഒരുക്കങ്ങള്‍ തുടങ്ങി.പത്രത്തിലും ബ്യൂറോയിലും എല്ലാം പരസ്യം കൊടുത്തതും
വരുന്ന മറുപടികള്‍ക്കെല്ലാം അന്വേഷണം നടത്താന്‍ മുന്നിട്ടിറങ്ങിയതും അവള്
തന്നെയായിരുന്നു.ഇരുപത്തിരണ്ട് വയസ്സില് കാര്യമായി അന്വേഷിക്കാന്‍
തുടങ്ങിയത് ഫലപ്രാപ്തിയിലെത്തിയത് മുപ്പത്തിരണ്ടില് ആണെന്നു
മാത്രം.പിന്നെ ദിവസങ്ങളുടെ ദൈര്ഘ്യത്തില് അത് മുറിഞ്ഞുവീണെന്ന് അറിയാം
.എങ്ങിനെയെന്നത് അറിയാവുന്നവരാരും ചോദിക്കാറില്ല.അയാള് എവിടെയെന്ന്
ആര്ക്കും അറിയില്ല.അയാള്‍ വീണ്ടും കെട്ടിയതും അതും പിരിഞ്ഞതും വേറൊരു
സത്യം .നാട്ടില്‍‌ നിന്നും നഗരത്തിലേക്കൊരു സ്ഥലം മാറ്റം.പുതിയ സ്ഥലത്ത്
പുതിയൊരു പരിവേഷം.ഒരു പുരുഷവിരോധിയായി.

രതി ആഞ്ഞടച്ച വാതില്‍ കണ്ട് അവരൊന്ന് പതറിയെന്ന് തോന്നുന്നു.അരുത്,
തളരരുത്.. എന്ന് പറയാന് തോന്നി.

മഞ്ജു ഉടയാത്ത കോട്ടന്‍ ചുരിദാറും മായാത്ത് ലിപ്സ്റ്റിക്കുമായി നേരിയ
സുഗന്ധത്തോടെ പടികള്‍ കേറിയെത്തി.

"ഇത് മഞ്ജു.ഗള്‍ഫില്‍ നിന്ന് എണ്ണപ്പണം വാരാന്‍ പറക്കാന്‍ തയ്യാറായി
ഇരിക്കുന്നു. കെട്ടിയവന്‍ വിസ അയക്കും വരെ ഇവിടെ ഇംഗ്ലീഷ് പഠിത്തവും
ചില്ലറ തരികിടയും .. "

അവളുടെ കിലുകിലാച്ചിരി അവര്‍‌ക്ക് ഒത്തിരിപിടിച്ചെന്ന് തോന്നുന്നു.ഒരു
നാട്ടുകാരായതോണ്ടാവാം അവരുടെ സംസാരം ഒരുപാട് നീണ്ടുപോയി.

ഇവളൊരു കള്ളിപ്പൂച്ചയാണെന്നാ എല്ലാരും പറയുന്നെ.പക്ഷെ ഇവള്‍
കുമ്പസാരിക്കാന്‍ വന്നപ്പോഴൊന്നും ഞാന് ചെവികൊടുത്തില്ല.എന്തോ അത്
എനിക്ക് തങ്ങാനാവുന്നതില്‍ അപ്പുറമാണെന്ന് ഒരു തോന്നല്.എന്തായാലും
കാന്ഡിഡക്ക് അറിയാമായിരിക്കും.അവള് പോയ അന്നാണ്` മഞ്ജുഎന്റെ അടുത്ത്
വന്ന് കരഞ്ഞത്. പക്ഷെ അന്നും എന്താണ് അവളുടെ രഹസ്യമെന്ന് ചോദിക്കാന്‍
എനിക്ക് കഴിഞ്ഞില്ല.സമയമാവുമ്പോള്‍ അവള്‍ പറയും അന്ന് അത് കേള്‍ക്കാനുള്ള
മനക്കരുത്ത് എനിക്കുമുണ്ടാവും.എന്തായാലും അതൊരു കുമ്പസാരരഹസ്യമല്ലെ!

മഞ്ജുവിന്റെ റൂമിലേക്ക് സിന്ധു വന്നത് പുതിയ ജോലിയുടെ സന്തോഷത്തിലായിരുന്നു.

"സിന്ധു ഒരു മരഞ്ചാടിയാണ്. ഓരോ പുതിയ ഓഫര്‍ കിട്ടുമ്പോഴും അവള്‍ ജോലി
മാറികൊണ്ടിരിക്കും"

ഒരു തുറന്ന പുസ്തകം എന്ന് കൂട്ടിചേര്‍ക്കാന്‍ തോന്നി.മനസ്സില്‍ ഒരു
പ്രണയത്തിന്റെ കനല് കെടാതെ സൂക്ഷിക്കുന്നവള്‍. ഒരേ സമയം അതൊരു
തമാശയെന്നും ഒന്നുകൂടി ചോദിച്ചാല്‍ കാര്യമായിട്ടാണെന്നും പറയുന്നവള്‍.
ഒരുപാട് ആലോചിച്ച് നടത്തിയ ചേച്ചിയുടെ വിവാഹം വര്‍ഷങ്ങള്ക്കുശേഷം
തകര്‍ന്നതിന്റെ വിഷമം പറഞ്ഞുതീര്‍ക്കുന്നവള്‍. അമ്മയുടെ മടിയില്
തലവെച്ചുറങ്ങിയാല് എല്ലാ വേദനയും മറക്കാന്‍ കഴിയുന്ന ഭാഗ്യവതി.

"വേഗം വാ… ഇന്ന് ലിസ്സിചേച്ചിയുടെ റുമില് തീറ്റമല്‍‌സരം ..ബോണസ്സ്
കിട്ടിയതിന്റെ ചിലവ്." .. വിളിക്കുന്നത് ആരായാലും അത് എല്ലാര്‍‌ക്കും
കൂടെയാണ്‍..

സമയം ഏഴു മണി.ഇത് ഒത്തുകൂടലിന്റെ സമയമാണ്.രാവിലെ ഇറങ്ങിപോവുന്നവരെല്ലാം
കൂടണഞ്ഞിരിക്കുന്നു.അന്നന്നത്തെ വിശേഷങ്ങളും വിഷമങ്ങളും എല്ലാം
കെട്ടഴിക്കുന്നു.

ഏല്ലാവരും നിരന്നു കഴിഞ്ഞപ്പോള്‍ അവര് ഓരോരുത്തരേയും സസൂക്ഷ്മം
നോക്കുന്നത് ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.എല്ലാവരുടെയും ശ്രദ്ധ മുന്നില്
കഴിക്കാന്‍ നിരത്തിയ സാധനങ്ങളില് ആയതിനാല്‍ മറ്റാരും അതു
ശ്രദ്ധിച്ചില്ല.ബഹളം വെച്ചുകൊണ്ടുള്ള ഭക്ഷണം കഴിക്കല്
പരിചിതമല്ലാത്തതോണ്ടാവാം അവര് ഓരോന്നും എടുത്ത് കഴിച്ചെന്ന് വരുത്തി.

"ചേച്ചി ഇങ്ങിനെ മാറി ഇരുന്നാല് ഒന്നും കിട്ടില്ലാട്ടോ"

മിനു വിരല് നക്കിതുടക്കുന്നതിനിടയില് പറഞ്ഞു.

"ഇവള്‍ മിനു....ഇക്കൂട്ടത്തില്‍ പെട്ടതല്ല..സി എ ചെയ്യുന്നു.ഞങ്ങള്
പറഞ്ഞുവിട്ടതാണ് സ്റ്റുഡെന്റ്സ് ബ്ലോക്കിലേക്ക്.എന്നാലും
തിന്നാനുണ്ടെന്ന് കേട്ടാല്‍ ഇവിടെത്തും"

അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടോ? ഏനിക്ക് വെറുതെ
തോന്നിയതാണ്.അല്ലെങ്കിലും ഒരു കുടുംബത്തിന്റെ ആശ്രയം താനാണെന്ന്
ഓര്‍‌ക്കുമ്പോള്‍ കരയാന്‍ എവിടെ നേരം .അതിനേക്കാള്‍ ഏതൊരു
തീരുമാനത്തിനും ഏറ്റവും വലിയ വിലങ്ങുതടി തന്റെ ഭാവിയും, താന്‍ പെണ്ണായി
പോയതുമാണെന്ന തിരിച്ചറിവ്..എന്നിട്ടും അവള്
ചിരിക്കുന്നില്ലെ?മറുലോകത്തിരുന്ന് അവളുടെ പപ്പ അവള്‍ക്ക്
കരുത്താവും..മിനു പറഞ്ഞതില്‍ നിന്നും പറയാത്തത് വായിച്ചെടുക്കാനൊരു
ശ്രമം.അതാണ് അവള്‍ കുമ്പസാരിക്കാത്ത രഹസ്യം.

ബഹളത്തിനിടയില്‍ മുറിയില്‍ ഫോണ്‍ അടിക്കുന്നത് കേട്ടില്ല. നോക്കിയപ്പോള്‍
ഒരേ നമ്പറില്‍ നിന്ന്‍ അഞ്ചു മിസ്സ്കാള്‍ ..

തിരിച്ചു വിളിക്കുമ്പോ‍ള്‍ ഏതോ തിരക്കില്‍ ആയിരുന്നു അവള്‍ . പറയുന്നത്
പകുതി പോലും കേള്‍ക്കുന്നില്ലായിരുന്നു ...

"നാളെ ഞാന്‍ വരും ... വിളിച്ചു പറഞ്ഞിട്ടുണ്ട്.. കുറച്ചുനാള്‍ എനിക്ക്
മാറിനില്‍ക്കാതെ വയ്യ"

"ഉം ...എപ്പൊഴാ വരിക .. എന്റെ റൂമില്‍ വേറെ ആളുവന്നു.."

"അയ്യോ .. ഞാന്‍ ചേച്ചിയെ കാണാനാ വരുന്നത് "

"സാരമില്ല.. നീ വായൊ.. "

ഇത് മിറിയം .. മാവേലിയെ പോലെ ഇടക്കിടക്ക് വന്നു പോവുന്നവള്‍ .. അവള്‍ക്കു
ഇത് ഒരു ഒളിത്താവളമാണ്‍. പ്രണയവിവാഹത്തിന്റെ ചൂടുതീര്‍ന്നപ്പോള്‍ അപ്പയും
അമ്മയും പാമ്പും കീരിയും ... അനിയത്തി ഒരു അധികപറ്റെന്ന ചിന്തയില്‍
ചേട്ടനും. സ്വന്തം വിഷമങ്ങള്‍ പങ്കുവെക്കാന്‍ ആരുമില്ലാതായപ്പോള്‍
നടന്നുപോയ വഴികള്‍ ഒരുപാട് തെറ്റിപ്പോയി...വീട്ടുകാര്‍ തന്നെ
കെട്ടിച്ചുവിട്ടു ഭാരം തീര്‍ക്കാന്‍ ഇരിക്കാണെന്ന് അറിഞ്ഞപ്പോള്‍
പതിനെട്ടാം വയസ്സില്‍ അന്യമതക്കാരനുമായി റെജിസ്റ്റര്‍ മാര്യേജ്. ബോധം
വന്നപ്പോല്‍ അതില്‍ നിന്നും പുറത്തുകടക്കാനൊരു ശ്രമം .. എന്താണാവോ അവള്‍
പറയാന്‍ വരുന്നത്.. ഒരിക്കലും നല്ല വാര്‍‌ത്ത ആവാന്‍ ഇടയില്ല.

മെസ്സില്‍ വെച്ചാ‍ണ്‍ ലിസ് നെ കണ്ടത്..ഇത്ര വൈകിയാണോ ഇവള്‍ വരുന്നത്?
റൂമില്‍ പോയി പാത്രം എടുത്തുവരാന്‍ മടിച്ച് എല്ലാവരുടെയും കൂടെ കൂടി
അവള്‍ കഴിച്ചു. അവളുടെ അട്ടഹാസ ചിരികളും ആര്‍‌പ്പുവിളികളും
ഉയര്‍ന്നില്ലെന്ന് മാത്രം .. കൈകഴുകുമ്പോള്‍ അവള്‍ പറഞ്ഞു..

"ഞാന്‍ നാളേ പോവാണ്‍"

"എങ്ങോട്ട്..?"

"വെക്കേറ്റ് ചെയ്യാണ്‍..വീട്ടില്‍ പോവുന്നു"

പുറകെ വന്നവര്‍ക്ക് വഴികൊടുത്ത് മുറ്റത്തെ മരത്തിന്‍ ചുവട്ടില്‍ പോയിരുന്നു "

"അനിയന്റെ കല്ല്യാണമാണ്.."

"അനിയന്റെയോ ..? അവന് 22 വയസ്സലെ ആയുള്ളു"

ഒരു അവിവാഹിത അനിയന്റെ കല്ല്യാണത്തെ കുറിച്ച് പറയേണ്ടി വരുന്നതിന്റെ സകല
പകപ്പുകളും ആ നേരിയ വെളിച്ചത്തിലും ഞാനവളുടെ മുഖത്ത് വായിച്ചെടുത്തു..

"അവന് ഒരു കുട്ടിയെ ഇഷ്ടാണ്‍.."

"അപ്പോള്‍ നിന്റെ കാര്യം .."

ഇപ്പോള്‍ അവള്‍ അട്ടഹസിച്ച് ചിരിക്കുകയാണ്..എനിക്കറിയാം വെളിച്ചത്തിന്
പുറം തിരിഞ്ഞിരിക്കുന്ന അവളുടെ കണ്ണൂകള്‍ നിറയുന്നുണ്ടെന്ന്..

"റിസര്‍ച്ച് തിസീസ് കൊടുക്കാനല്ലെ ഉള്ളു .. സ്കൂളില്‍ ഇനി എക്സാം ആണല്ലോ
.. അടുത്ത ജുണില്‍ നാട്ടില്‍ എവിടേലും നോക്കാം "

എന്താണ്‍ രഹസ്യം എന്ന് ചോദിച്ചു വന്നവരോടെല്ലാം തന്റെ ഗവേഷണം
ഫലപ്രാപ്തിയില്‍ എത്തിയ സന്തോഷവും അതുകൊണ്ട് താന്‍ വീട്ടിലേക്ക്
തിരിച്ചുപോവുകയാണെന്ന വിശേഷവും അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

താന്‍ വയസ്സായ അമ്മക്ക് കാവല്‍ക്കാരിയായ് ആ പഴയ വീട്ടില്‍ എന്നേക്കുമായ്
അടക്കപെടാന്‍ പോവുകയാണെന്ന് അവള്‍ ആരോടും പറഞ്ഞില്ല. സ്വന്തം വഴിതേടി പോയ
സഹോദരങ്ങള്‍ മറന്നുപോയ പെങ്ങളുടെ അങ്കലാപ്പുകള്‍ പങ്കുവെച്ചതുമില്ല..

യാത്രയുടെ ക്ഷീണം കാരണം അവര്‍ നേരത്തെ കിടക്കാനുള്ള തയ്യാറെടുപ്പില്‍
ആയിരുന്നു.അപ്പൊഴാണ് ജയന്തി വന്നത്.. പാതി ചാരിയ വായിലിലൂടെ നോക്കി അവള്‍
പതിയെ പറഞ്ഞു.

"ഉറങ്ങല്ലെ... ഞാന്‍ ജോലി തീര്‍ത്ത് വരാം "

"ശരി .. പോയി വാ.."

പുതപ്പ് വലിച്ചിട്ട് ചെരിഞ്ഞു കിടന്ന അവര്‍ ചോദിച്ചു

"ആ കുട്ടിയും നാലാം നിലയിലെ ആണോ..?"

"അല്ല .. താഴെ മെസ്സിലെയാണ്"

ഞാന്‍ കിടക്ക തട്ടികുടഞ്ഞു വിരിച്ചു.. കൂടുതല്‍ ചോദിക്കരുതേ എന്ന്
പ്രാര്‍ത്ഥിച്ചു.. തിരിഞ്ഞു നോക്കുമ്പോള്‍ അവര്‍ കണ്ണടച്ചു കിടക്കുകയാണ്.
പിന്നെയും കുറെ കഴിഞ്ഞാണ് ജയന്തി വന്നത്. കുറച്ചു നേരം മിണ്ടാതിരുന്നു.

"കൊച്ചുമോള്‍ ചേച്ചി എന്നെ പിഴച്ചവള്‍ എന്ന് വിളിച്ചു" ..പിന്നെ ഒരു
പൊട്ടിക്കരച്ചിലായിരുന്നു..

"എന്താ മോളു .. സാരമില്ല.. അവര്‍ക്ക് വിവരമില്ലാഞ്ഞിട്ടല്ലെ"

അമ്മ മറ്റൊരാളുടെ കൂടെ പോയെന്നറിയുന്ന ഒരു പതിനാറുകാരിയുടെ സങ്കടം
മുഴുവന്‍ അവള്‍ കരഞ്ഞു തീര്‍ത്തു..ജീവിതം ആഘോഷിക്കേണ്ട പ്രായത്തില്
അനിയനെയും അനിയത്തിയെയും പഠിപ്പിക്കാന്‍ ഒരു അടുക്കളയില്‍ കിടന്നു
പുകയേണ്ടി വരുന്നതിന്റെ വിഷമം .. ദിവസം തോറും ക്ഷയിച്ചു വരുന്ന അച്ഛന്റെ
ആരോഗ്യം ..സ്വന്തമായി കിടപ്പാടം പോലുമില്ലാതെ അമ്മയുണ്ടാക്കിയ
ചീത്തപേരുമായ് എന്തുചെയ്യുമെന്നറിയാതെ ..പാവം ...

"പതിനൊന്നടിക്കുന്നു .. ചെല്ല്.. ഇല്ലെങ്കില്‍ നീ വര്‍ത്തമാനം
പറഞ്ഞിരിക്കാന്ന് പറയും "
ഇറങ്ങിപോയ അവള്‍ തിരിച്ചു വന്ന് പറഞ്ഞു.

"നാളെ ചിങ്ങം ഒന്നാണ്‍...രാവിലെ ചേച്ചി എനിക്ക് കൈനീട്ടം തരണം ട്ടൊ.."

അവള്‍ പോയി കഴിഞ്ഞാണ് ഓര്‍‌ത്തത് .. കൈയില്‍ ആകെ ഉള്ളത് ആരും ഏടുക്കാതെ
കിടക്കുന്ന ഒരു ഇരുപത് പൈസ തുട്ടു മാത്രം..

കിടന്നിട്ട് ഉറക്കം വരുന്നില്ല ... നാളേ അവരോട് എന്നെ കുറിച്ച് പറയണം ..
ഞാനിവിടം വിടാറായെന്ന് ഉള്ളിലൊരു തോന്നല്‍ .. ഒരു വിങ്ങല്‍ പോലെ..

വൈകി ഉറങ്ങിയതോണ്ടാവാം ഉണാര്‍ന്നപ്പോള്‍ സൂര്യന്‍
ഉദിച്ചുയര്‍ന്നിരിക്കുന്നു..പെട്ടന്നാണ്‍ അവരെ കുറിച്ച് ഓര്‍ത്തത്.
കിടക്ക മടക്കി വെച്ചിരിക്കുന്നു. വാതില്‍ തുറന്ന് അവര്‍ കയറിവന്നത് ഒരു
യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു.

"ഞാന്‍ പോവാണ്... എന്തോ കിടന്നിട്ട് ഉറങ്ങാന്‍ പറ്റുന്നില്ലായിരുന്നു ..
ആരൊക്കെയോ വന്ന് എന്നോട് സങ്കടം പറഞ്ഞ് കരയുന്നു "

"രാത്രി ഞാന്‍ ഒത്തിരി തവണ ഉണര്‍‌ന്നു ..കണ്ണടച്ചാല്‍ കരയുന്ന മുഖങ്ങള്‍
തെളിഞ്ഞു വരും "

ഞാന്‍ ചുണ്ടില്‍ ഒരു പുഞ്ചിരി വരുത്താന്‍ ഒരു ശ്രമം നടത്തി. പക്ഷെ വെറുതെ
ആയിരുന്നു.

അവര്‍ ബാഗെല്ലാം എടുത്തു വെച്ചു.. യാത്രപോലും പറയാതെ പടികള്‍ ഇറങ്ങി.

ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ അവര്‍ ഗേയ്റ്റ് കടന്ന്
റോഡിലെത്തിയിരിക്കുന്നു.അങ്ങിനെ അവരും പോയി. ഇനി ആരായിരിക്കും വരുന്നത്.
അതോ ഒരിക്കലും വരാത്ത ആരെയോ കാത്ത്, ഞാന്‍ ഈ ജനലഴികളില്‍ കണ്‍
നട്ടിരിക്കുമൊ?

Friday, May 18, 2007

സ്വപ്നചിത്രത്തിലെ നിഴല്‍കാഴ്ചകള്‍ ….. ..



തന്റെ കമ്പ്യൂട്ടര് സ്ക്രീനില് തെളിയുന്ന ഫോട്ടോയില് നോക്കി കൃഷ്ണവിയറ്‌ത്തുരുകി....എന്നിട്ടു ആരെങ്കിലും കേള്‍‌ന്നുണ്ടോ എന്ന ഭയത്തോടേപിറുപിറുത്തു .. .."ഇത് ... ഇതെന്റെ സ്വപനമാണ്... അവര് അതും കയ്യേറി"ഇന്നലെ ഇതെ പടം പോസ്റ്റില് വന്ന് അവളുടെ കയ്യില് കിട്ടുമ്പോള്‍ കൂടെ ഒരുതുണ്ട് കടലാസ് ഉണ്ടായിരുന്നു .അതില് പറഞ്ഞിരുന്നത്, ഒരു അടിക്കുറിപ്പ്എഴുതി ഇമെയില്‍ ചെയ്യാനായിരുന്നു.. കൃത്യമായ പോസ്റ്റല്‍ സ്റ്റാമ്പ്ഒട്ടിച്ച് വൃത്തിയായി പായ്ക് ചെയ്ത ഫോട്ടൊ ... എന്നിട്ടും യാത്രയുടെവഴിയില് അതു നനഞ്ഞു കുതിര്‍ന്നിരുന്നു ... ആരുടെയോ സമയം കൊല്ലിപരിപാടിയെന്ന് വിചാരിച്ച് തിരക്കിനിടയില്‍ എവിടെയോ ആ ചിത്രത്തെഉപേക്ഷിച്ചു.. "മെയില് കിട്ടിയില്ലല്ലൊ ..?" എന്ന ചോദ്യം അവളുടെഐഡിയില്‍ ഡ്റാഫ്റ്റ് ആയി സൂക്ഷിച്ചതിലേക്ക് ഒരു ചൂണ്ടും കൊടുത്ത,ഇന്നത്തെ മെയില് കണ്ടപ്പോഴാണ് താന്‍ ആരുടെയോ ഇര ആയി തീര്‍ന്നോ എന്നൊരുസംശയം അവളില്‍ ജനിച്ചത്.

ആദ്യത്തെ ചോദ്യം കളിയാട്ടക്കാരന്റെ ആയിരുന്നു..

"ആരോ നിന്റെ ഐഡിയില്‍ കളിക്കുന്നു.. ഇന്നലെ പകല്‍ നീ പനിച്ചുവിറക്കുമ്പോള്‍ ആരോ നിന്റെ പേരില്‍ സജീവമായുണ്ടായിരുന്നു...ഇടക്കൊന്നുമടിച്ചിയായി, വീണ്ടും പൂര്‍‌വ്വാധികം ഊജ്ജ്വസ്വലയായി .. പിന്നെപ്പൊഴൊതിരക്കിനിടയില്‍ നഷ്ടപ്പെട്ട് ... "

അവന്റെ ചൊല്ലിയാട്ടം ദഹിച്ചില്ലെങ്കിലും അവള് പറഞ്ഞു.."അതില്‍ ബാക്കിയാവുന്നത് നിന്റെ ആട്ടവിളക്കുകള്‍ .. അതിനൊപ്പം ആരുവേണമെങ്കിലും ആടികളിക്കട്ടെ .. വെളിച്ചം എന്റേതു മാത്രമല്ലെ......."

അനധികൃതമായി നിന്റെ സ്വകാര്യതയിലേക്ക് ഞാന്അതിക്രമിച്ചെത്തില്ലെന്നതായിരുന്നു ചുവരെഴുത്തുകാരന്റെ വാഗ്ദാനം ..എന്നിട്ടും ആ സന്ധ്യയില് അവനെന്റെ പനിചൂടിലേക്ക് കറുപ്പിലുംവെളുപ്പിലും അക്ഷരങ്ങള് കോറിവരച്ചു ..

"നിനക്കു പകരം ആരോ നിന്റെ പേരില്‍ ചിത്രം വരക്കുന്നു .. അതിലെ നിറങ്ങള്‍തീരെ അരോചകം .. ഒന്നു ശ്രദ്ധിക്കുക .. ആരോ നിനക്കായി വലയൊരുക്കുന്നു ."

എല്ലാം കേള്‍ക്കുമ്പൊഴും അവള് ആലോചിച്ചത് അവന് പൂര്‍ത്തിയാക്കാത്ത തന്റെഛായാചിത്രത്തെകുറിച്ചായിരുന്നു .. അതിലെ ആവശ്യത്തിലധികം നീണ്ടുപോയ തന്റെവിരലുകളെ കുറിച്ചും .. അപ്പൊഴേക്കും അവളുടെ ചുണ്ടുകള് ‍വരണ്ടുണങ്ങിയിരുന്നു. അവസാനം പാതിരാത്രിക്കപ്പുറം അവളുടെ ദൂതന്‍ നിലവിളിച്ചത്കാതങ്ങള്‍ക്ക്പ്പുറത്തെ അരുളപ്പാടുകള് അവളിലെത്തിക്കാനായിരുന്നു ..ഉറഞ്ഞു തുള്ളി അവന് വെളിച്ചപ്പെട്ടു ..

"നിന്റെ ജീവനില്‍ അന്യന്‍ താവളമാക്കിയിരിക്കുന്നു .. അവന്‍ നിനക്കായ്അരുളപ്പെടുന്നു .. നിനക്കായ് പ്രവചിക്കുന്നു .. അവസാനം നിന്റെ ജീവന്‍ ..???"

അവന്‍ പകുതിയില്‍ ഉറഞ്ഞു നിര്‍ത്തി ...അവളുടെ ചിതറിതെറിച്ച ഭൂതവുംഅലങ്കോലമായ ഭാവിയും അറിഞ്ഞിട്ടും ഒന്നും പറയാത്തവന്‍ , ഇന്ന് ഈഅസമയത്ത് വര്‍ത്തമാനത്തിന്റെ അരുളപ്പാടുമായി .. ഇപ്പോള്‍ അവള്‍വിയര്‍‌ത്തത് പനിചൂടില്‍ അല്ല ..ഇന്നലെ വീടണയുമ്പോള്‍ ഈ കൃഷ്ണ മാത്രം തുറക്കുന്ന കൃഷ്ണാലയത്തിന്റെവാതിലില്‍ മറ്റൊരു മനുഷ്യഗന്ധം തങ്ങിനിന്നിരുന്നു ..ആവശ്യമില്ലാത്തതെല്ലാം മണത്തെടുക്കുന്ന തന്റെ മൂക്കിനെ അവള് ശാസിച്ചു..

"അത് ഏതോ വഴിപോക്കരുടെഗന്ധം .. അവന് അല്ലെങ്കില് അവള് എന്തിനെന്റെവഴിയമ്പലത്തിലേക്ക് കേറണം .. ഇവിടെ ബാക്കിയാവുന്നത് .. മുഷിഞ്ഞൊരു പായുംതലയിണയും .. വക്കു പൊട്ടിയ പിഞ്ഞാണവും ഗ്ലാസ്സും .. പിന്നെ ആര്‍ക്കും വേണ്ടാത്ത ഈ ഞാനും .."

ക്ഷീണം കാരണം കൂടുതലൊന്നും ഓര്‍ക്കാതെ എല്ലാമൊതുക്കി അവള്‍ തന്റെ പായനിവര്‍ത്തി ...സഫലമാകാത്ത മോഹങ്ങള്‍ എല്ലാം അവള് സ്വപ്നം കണ്ടു തീര്‍‌ക്കാറുണ്ട്..ഇന്നലെയും തന്റെ സുന്ദരസ്വപ്നത്തിനായ് കാത്തു കിടന്നു .. എന്നിട്ടുംഇടക്കിടക്ക് ഉറക്കം ഞെട്ടി ..

അന്നത്തെ സ്വപ്നത്തില്‍ അവള്‍ ആ കടല്ക്കരയില്‍ ആയിരുന്നു .. തന്റെഒരിക്കലും നടക്കാത്ത മോഹം ... പാതിരാത്രിയില്‍ ആളൊഴിഞ്ഞ കടപ്പുറത്ത്തിരമാലകളെണ്ണി അങ്ങിനെ ഇരിക്കാന്‍ ..കൃഷ്ണയിപ്പോള്‍ കടല്ക്കരയിലാണ് …ആളൊഴിഞ്ഞ കടല്ക്കരയില്‍ .. അവള്‍ക്ക്കൂട്ടായി ആകെയുള്ളത് അവളുടെ നിഴലും .. അങ്ങിനെ സ്വന്തം മോഹംസാധിച്ചതിന്റെ സന്തോഷത്തില്‍ അവള്‍ നിഴലിനെ ഒന്നു തൊട്ടുതലോടി .. പക്ഷെവീതി കൂടിപ്പോയ നിഴല്‍ മറ്റൊരു നിഴലായ് മാറാന്‍ തുടങ്ങിയതും അലാറംഅടിച്ചതും ഒരുമിച്ചായിരുന്നു ..പനിയില്ലാതെ തന്നെ അവള്‍ക്ക് ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.

അവള്‍വീണ്ടും പിറുപിറുക്കുന്നു ..

"നോക്ക് .. അവരെന്റെ സ്വപ്നങ്ങള്‍ പോലും കൈയ്യേറിയിരിക്കുന്നു .. ഇത്, ഈപടം …ഇതെന്റെ സ്വപ്നമാണ്.. ഞാന്‍ കണ്ട സ്വപനം .. ഞാന്‍ മാത്രം കണ്ടസ്വപനം .. അതിനെ പോലും അവര്‍ വെറുതെ വിടുന്നില്ല .. എന്റെ നിഴലിനൊപ്പംഅവര്‍ നിഴലായെന്നെ പിന്തുടരുന്നു ....."

അപ്പോള്‍ കൃഷ്ണയുടെ കമ്പ്യൂട്ടര് സ്ക്രീനില്‍ മറ്റൊരു നിഴല്‍ കൂടിചാഞ്ഞുവീഴുന്നുണ്ടായിരുന്നു

Monday, May 7, 2007

ഭരതവാക്യം


മരണം അതൊരു മരീചികയായിരുന്നു
അര്‍‌ത്ഥമറിയാത്ത മൂന്നക്ഷരം
ബാല്യത്തിന്റ്റെ കൊടിയിറക്കത്തിലോ
കൌമാരത്തിന്റെ കൊടിയേറ്റത്തിലോ
ഒരിക്കല്‍ കണ്ടു, ആദ്യമായ്..
ഒന്നു പരിചയപ്പെടാന്‍ പോലുമാവാതെ

വേദനകളുടെ ഞരക്കങ്ങള്‍ക്കിടയില്‍
ഞാനവളുടെ സാന്ത്വനമറിഞ്ഞു
മഞ്ഞുപോലെ തണുത്ത കൈവിരലുകള്‍
ഒരു തലോടലായ് ഒഴുകിയെത്തുന്നത്
പക്ഷെ, അവളൊരു കള്ളിയായിരുന്നു
ഒന്നു മിണ്ടുക പോലും ചെയ്യാതെ വഴിമാറിപോയി
തിരക്കു നിറഞ്ഞ തെരുവുകളിലും, തീവണ്ടിപാതകളിലും
എത്രയോ തവണ ഞാനവളേ തിരിച്ചറിഞ്ഞു
എന്നും അപരിചിതയേ പോലെ, അവള്‍ കടന്നു കളഞ്ഞു
വര്‍ഷങ്ങളുടെ യാത്രയില്‍ ഇടക്കൊക്കെ
അവളെന്റെ അരികിലെത്തി
ഒരു നോട്ടത്തില്‍, ഒരു പുഞ്ചിരിയില്‍
അവളെ ഞാന്‍ അടുത്തറിഞ്ഞു
അനാഥത്വത്തിന്റെ വലിയ ഒഴിവില്‍
ഞാനവള്‍ക്ക് ഇടം നല്‍കി
മഞ്ഞിന്റെ മലമടക്കുകളില്‍ പലപ്പോഴും
അവള്‍ എന്നെ തേടി വന്നു
ഞാനോ അവളെ കാണാതെ ഒളിച്ചിരുന്നു
(അന്നെനിക്ക് കൂട്ടായ് സ്വപ്നങ്ങളുണ്ടായിരുന്നു)
മലയിറങ്ങവേ ആദ്യം ഞാനോറ്‌ത്തത്
അവളെ കുറിച്ചായിരുന്നു
പക്ഷെ, പരിഭവത്തോടെ അവള്‍ അകലെ മാറിനിന്നു
ക്ഷമാപണങ്ങളില്‍, അവള്‍ വീണ്ടും എന്റെ കൂട്ടുകാരിയാവുന്നു


വിടവാങ്ങലിന്റെ വൈകിയ വേളകളില്‍
ഞാനവളോടൊപ്പം യാത്രയാവുന്നു
അനന്തതയുടെ തീരങ്ങളിലേക്ക്
വീണ്ടുമൊരു മടക്കയാത്രയില്ലാതെ

തിരിച്ചു വന്നാല്‍ ..
വീണ്ടും മൌനാക്ഷരങ്ങളില്‍
ഞാന്‍ പുലമ്പാം
ഒരു ഭ്രാന്തിയെ പോലെ
വിട ...