Thursday, November 30, 2006

സുഖമോ സഖീ...

എനിക്കും നിനക്കും നമുക്കുമിടയിലായ്‌
ആരെ പണിതതീ കാണാചുമരുകള്‍
ഓര്‍മ്മവെച്ചന്നേ മുതല്‍ക്കു നാം,
ഒന്നായ്‌ ഒരുമയായ്‌, വാണൊരാ നാളുകള്‍
‍ദേഹങ്ങള്‍ ദൂരങ്ങള്‍ താണ്ടിയകലവേ
എല്ലാം മറക്കാന്‍ പഠിപ്പിക്കുമിന്നുകള്‍
എങ്കിലും, മറക്കാന്‍ മറന്നതാം
ഇന്നലെകള്‍ ഓര്‍മ്മകള്‍
‍തിളക്കും ഉച്ചവെയില്‍ പരപ്പിലൂടന്ന്
നിലാവെന്നപോല്‍ നാം നടന്നതോര്‍ക്കുന്നുവോ?
ചിരിച്ചാര്‍ത്തുകള്‍ അലകളായ് തീരവേ
സന്തോഷമശ്രുവായ് കവിളിലൂടൊഴുകവേ
സന്താപമെല്ലാംകാത്തുവെക്കുന്നൊരീ
നാളെകളെന്തേ നമ്മള്‍ മറന്നതോ?
ഓര്‍ക്കാതിരുന്നതോ? മറക്കാന്‍ ശ്രമിച്ചതോ?


സുഖമോ സഖീ, ഇവിടെ എനിക്കും സുഖം തന്നെ
ഇരുവാക്കില്‍ ഇരുവരിയില്‍ ഒതുക്കും കുശലാന്വേഷണം
പിന്നെ എന്നോ എല്ലാം നിലച്ചുപോയ്‌
ഓര്‍ക്കുകെന്‍ സഖീ, പണ്ട്‌ താളൂകള്‍ നിറയെ
കുനുകുനാ എഴുതി നീ
മുറ്റത്തെ മുല്ല പൂത്തതും,
ചെമ്പകത്തില്‍ കുഞ്ഞാറ്റക്കിളി കൂടുവെച്ചതും
തെക്കേവീട്ടില്‍ പുതിയ താമസക്കാര്‍ വന്നതും
കൂട്ടത്തിലൊരാള്‍ കാണാന്‍ ചുള്ളനാണെന്നതും
എല്ലാം, എല്ലാം എഴുതി നിറച്ചു നീ

എട്ടാം നാള്‍ കിട്ടണം മറുകുറി
അതില്‍ നിറയെ കഥവേണം, കവിത വേണം
പിന്നെ നീ കാണാത്ത നാട്ടിന്‍ ഹൃദയതുടിപ്പുകള്‍ വേണം
പുതിയ കൂട്ടുകാര്‍ തന്‍ വിവരണം
അവര്‍തന്‍ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍
കൂട്ടത്തിലൊരാളെ കുറിച്ചേറെ ഞാന്‍ എഴുതവേ
നീ ചൊടിക്കും, അവള്‍ എന്നെക്കാള്‍ പ്രിയയോ ചൊല്‍ക
വെറുതെ, വെറുതെ എന്‍ സഖീ..
ആരും , ആര്‍ക്കും പകരമാവില്ലെന്നറിക

നിന്റെ കുറുമ്പും, തീപ്പൊരി ചിതറും വാക്കും
മണികിലുങ്ങും ചിരിയും

കാരണമേതുമില്ലാതുള്ള പിണക്കവും
തുളുമ്പി നില്‍ക്കും കണ്‍കള്‍
‍ഒരു തലോടലില്‍ പൊട്ടികരച്ചിലാവുന്നതും
പിന്നെ, കണ്ണിറൂക്കി അലസമായ് നടന്നകലതും
എല്ലാം, എല്ലാം നിനക്കു മാത്രം സ്വന്തം

ഒരു നിമിഷം, നമുക്ക്‌ നമ്മളായ്‌ തീര്‍ന്നിടാം
കാലമണിയിച്ചൊരീ മുഖമൂടി മാറ്റിടാം
ഞാനീ നഗരത്തിരക്കിനെ മറക്കാം
വീണ്ടും ഗ്രാമത്തിന്‍ മടിയില്‍ തലചായ്‌ചിടാം

അമ്പലകുളത്തിനക്കരെ ഇക്കരെ നീന്തിടാം
പ്രാര്‍ത്ഥനകളില്ലാതെ തേവരെ കുമ്പിടാം
ഒറ്റയടിപ്പാതയില്‍ കൈകോര്‍ത്തേ നടന്നിടാം
പടിഞ്ഞാറ്റിയില്‍ സാന്ധ്യരാഗച്ഛവി
അണഞ്ഞേ പോവുന്നതും നോക്കി നമുക്കിരിക്കാം
നക്ഷത്ര കുഞ്ഞുങ്ങള്‍ എത്തുന്നതും കാത്ത്..
പിണയും കൈവിരലുകള്‍ അടര്‍ത്താം
പുറകോട്ടേ നടക്കാം, വീണ്ടും ഓര്‍മ്മകള്‍ ഉണരും വരേക്കും


Thursday, November 23, 2006

എന്റെ മഴതുള്ളികള്‍ ……

ഒരുനാള്‍ ഒരുനാള്‍
അകലങ്ങളില്‍ ഇരുന്നു വിണ്ണ്‌ മണ്ണിനെ സ്വപ്നം കണ്ടു
ദൂരെ ദൂരെ ഒരിക്കല്‍ പോലും കാണാത്ത മണ്ണിനെ

ഉണര്‍വ്വിന്റെ ഉയിരില്‍
വിണ്ണിന്റെ മുഖത്തു പ്രണയത്തിന്റെ രശ്മികള്‍
അക്കരെ ഇക്കരെ ഇരുന്ന്‌
അവര്‍ കണ്ണോട്‌ കണ്‍ പാര്‍ത്തു

ഇടിമിന്നലിന്റെ സ്വര്ണാക്ഷരങ്ങളാല്‍
വിണ്ണ്‌ മണ്ണിനായ് ഹൃദയം തുറന്നു

പ്രണയത്തിന്റെ ചൂടില്‍ മണ്ണ്‌ വെന്തപ്പോള്‍
ജീവജലം നീരാവിയായ്
കാറ്റിന്റെ തോളിലേറി, മേഘമായ്
വിണ്ണിന്റെ ചുണ്ടില്‍ ഒരു മുത്തമായ്
സന്തോഷം കണ്ണീരായ്
മേഘം മഴത്തുള്ളികളായ്
മഴനൂലില്‍ ഞാന്നിറങ്ങി
വിണ്ണ്‌ മണ്ണിലെത്തി
മണ്ണിനു ഇണയായ് തുണയായ്

....................................................
ആദ്യ ചുംബനം നെറുകയില്‍
അനന്തരം നെറ്റിത്തടത്തില്‍
പളുങ്കുപോല്‍ മഴത്തുള്ളി കാത്തുവെച്ച
മൂക്കിന്‍ തുമ്പില്‍
കവിളില്‍ കഴുത്തില്‍…..
താഴ്‌ന്നിറങ്ങുന്ന മഴത്തുള്ളികള്‍ തേടിയത്
ഭൂമിയുടെ അഗാധതകള്‍
അനന്തരം
ആയിരം ചെണ്ടകളാല്‍ പഞ്ചാരിമേളം
ആറാംകാലം കൊട്ടിയിറങ്ങുമ്പോള്‍
……………………………….
ഞാനറിയുന്നു
ഒരുനാള്‍ ഒരുനാള്‍
ഞാനുമൊരു മഴത്തുള്ളിയില്‍
നിന്നാണ്‌ ഉറവയെടുത്തതെന്ന്‌…
പക്ഷെ, ഉയിരുണരാത്ത

എന്റെ മഴതുള്ളികള്‍………

Wednesday, November 22, 2006

മൌനം

പതിയെ…
നടക്കല്ലില്‍ വഴുക്കലുണ്ട്‌
കാലവര്‍ഷത്തിന്റെ കൊച്ചു കുസൃതികള്‍
വേഗം കൂടുമ്പോള്‍, ഒരു അര്‍ദ്ധവിരാമം
പിഴച്ചുപ്പോയ കാലടികള്‍
കൈത്തണ്ടയില്‍ കൈവിരലുകളുടെ മുറുക്കം
അരുത്, അടിപതറരുത്

കണ്‍മുനകളാല്‍ മന്ത്രണം
കൈചലനത്താല്‍ സാന്ത്വനം

തണുത്ത ചായയില്‍ ചിതറുന്ന മുഖപടം
ചുണ്ടിലേക്കെത്താന്‍ മണിക്കൂറുകളുടെ ദൂരം
കൂട്ടി മുട്ടുന്ന നോട്ടങ്ങളില്‍

‍പറയാതെ പൊലിയുന്ന ഇന്നലെകള്‍
പാറിവീഴുന്ന പുഞ്ചിരിയില്‍
സുഖദമായ ഒരോര്‍മ്മയുടെ തിരനോട്ടം
പിറക്കാതെ പോയത്
മനംനിറഞ്ഞ സ്നേഹാന്വേഷണങ്ങള്‍

മുടിക്കെട്ടിലെ വെള്ളിനൂലുകള്‍

കണ്‍കീഴില്‍ കാക്കകാലുകള്‍
കവിള്‍ തടത്തിലെ ചുളിവുകള്‍
വയസ്സിയുടെ സര്‍വ ലക്ഷണം
പക്ഷെ,
മുഖം പൊത്തി കിലുക്കുന്ന
നിന്റെ പൊട്ടിചിരികള്‍
ഇപ്പോഴും കൌമാരത്തിന്റെ പടിവാതിലില്‍

വേഗം കുറഞ്ഞു പോയ കാലടികള്‍

കുടവയറിന്റെ അധികഭാരം
കുനിയാന്‍ തുടങ്ങുന്ന നട്ടെല്ലും
എങ്കിലും
ചില്ലുക്കൂട്ടില്‍ അടച്ച മിഴിയിണകളില്‍
ചാരം മൂടാത്ത കനല്‍ തിളക്കം

സന്ധ്യയുടെ തിരനോട്ടം
ഒരു തലയാട്ടലില്‍ യാത്രാമൊഴി
എതിര്‍ രേഖകളില്‍ നടന്നകലുമ്പോള്‍
ഒരു തിരിഞ്ഞു നോട്ടം
പറയാന്‍ മറന്നത്……
ഇല്ല, ഒന്നുമില്ല
വീണ്ടും കാണും വരേക്കും
നീ എന്റെ മൌനം കാത്തു വെക്കുക

Friday, November 17, 2006

ഞാനൊന്നു പ്രണയിക്കട്ടെ……

അറിയുക… ഞാന്‍ പ്രണയത്തിലാണ്…
മധ്യാഹ്നത്തിന്റെ ചൂടില്‍ ഉരുകുമ്പോള്‍
പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെ
അന്തിവെയിലിന്റെ ചുവപ്പു പോലെ
ആതിര രാവിലെ നിലാവുപോലെ
കാലം തെറ്റി പെയ്യുന്ന മഴപോലെ
ഊഷരതയിലെ ഉര്‍വരതയായി
അതെന്നില്‍ പെയ്തിറങ്ങുന്നു…
ഞാന്‍ പോലുമറിയാതെ..

അതെ.. ഞാന്‍ പ്രണയത്തിലാണു

ഞാന്‍ അറിയാത്ത ശരീരത്തോട്‌
ഒരിക്കല്‍ പോലും കാണാത്ത മുഖത്തോട്‌
എന്റെ രൂപം പതിയാത്ത കണ്ണുകളോട്
എന്നെ സ്പര്‍ശിക്കാത്ത വിരലുകളോട്
എന്റെ ചുണ്ടുകളെ മുദ്ര വെക്കാത്ത
കറുത്ത അധരങ്ങളോട്
എങ്കിലും ....
ഉറക്കത്തില്‍ എന്നെ ഉണര്‍ത്തനെത്തുന്ന
ആ ശബ്ദത്തോട്
എന്നെ അറിയുന്നതെന്നു ഞാന്‍ അറിയുന്ന(?)
ആ മനസിനോട്‌….

കേള്‍ക്കുക .. ഞാന്‍ പ്രണയത്തിലാണ്‌

ചിന്തകളെ മാറ്റിമറിക്കുന്ന
വഴികളെ മാറ്റി ചവിട്ടിക്കുന്ന
വിശ്വാസങ്ങളെ തിരുത്തി എഴുതിക്കുന്ന
അവസാനം ...
എന്നെ തന്നെ പകരം ചോദിക്കുന്ന പ്രണയത്തില്‍..

ഞാനൊന്നു പ്രണയിച്ചോട്ടെ..
പ്രായത്തിന്റെ പ്രത്യയ ശാസ്ത്രങ്ങളാല്‍
നിങ്ങളെന്റെ വഴി മുടക്കാതിരിക്കുക
സദാചാരത്തിന്റെ കെട്ടുപാടുകളാല്‍
നിങ്ങളെന്നെ വരിഞ്ഞു മുറുക്കാതിരിക്കുക
ബന്ധങ്ങളുടെ ബന്ധനങ്ങളാല്‍
നിങ്ങളെന്നെ തടവിലിടാതിരിക്കുക
പിന്നെ …പിന്നെ….
താലിയുടെ കുരുക്കില്‍
നിങ്ങളെന്നെ തൂക്കിലേറ്റാതിരിക്കുക
ഞാനൊന്നു പ്രണയിച്ചോട്ടെ………
ആദ്യമായി …അവസാനമായി..

Wednesday, November 8, 2006

ഹൃദയപൂര്‍വ്വം

നന്ദിയുടെ കണക്കു പുസ്തകത്തില്‍
‍ഞാന്‍ നിന്റെ താള്‍ മറിക്കാം…
ആകാശ നീലയില്‍, കരിനീല മുക്കി
ഞാന്‍ എഴുതി വെക്കാം
നന്ദിയുണ്ട് .. ഏറെ നന്ദിയുണ്ട്
ഞാന്‍ അറിയാതെ നഷ്ടമായ
എന്റെ ഇന്നലെകള്‍ തിരിച്ചു തന്നതിന്‌
കാത്തിരിപ്പിന്റെ വേദനയെ
എനിക്കായ് നീ കാത്തുവെച്ചതിന്‌
ഞാനും നീയും അല്ലാതെ
നമ്മള്‍ എന്ന വിശ്വാസം തന്നതിന്‌
അപ്പൊഴും…..
ബന്ധങ്ങളുടെ ആഴങ്ങളില്‍
സ്വാര്ത്ഥതയുടെ കൂര്ത്തു മൂര്ത്ത
കല്ലുകള്‍ ഒളിഞ്ഞിരിക്കുമെന്ന്‌
പറയാതെ പറഞ്ഞതിനു
ഉണര്ന്നിരുന്നു സ്വപ്നം കാണാന്‍ പഠിപ്പിച്ചതിന്‌
എന്റെ മൌനങ്ങളെ വാചാലമാക്കിയതിനു
അറിയാതെ വിടര്ന്നിരുന്ന എന്റെ പുഞ്ചിരികള്‍ക്കു
കറുപ്പിനും വെളുപ്പിനുമപ്പുറം നിറമുള്ള ലോകം തന്നതിന്‌
നേടുന്നതിന്റെ നിറവ് നിന്റെ കൈകളാലായതിനു
നഷ്ടത്തിന്റെ വിടവ് നീ ബാക്കി വെച്ചതിന്‌
അവസാനം എന്റെ തൂലികയില്‍
ഈ അക്ഷരങ്ങള്‍ തന്നതിന്‌
നന്ദിയുണ്ട് … ഏറെ നന്ദിയുണ്ട്