Sunday, February 2, 2014

അലീന വിശുദ്ധയാകുന്നു.....

കഴിഞ്ഞ രണ്ടൂസായി ഓണ്‍ലൈനിൽ കറങ്ങുന്ന പ്രൊഫ. ജയന്തിയുടെ മരണം ഒരു പഴയ മനോരമ തുടരൻ  ആണോ...  “മഴതോരും മുമ്പെ..“  
അന്ന് ബ്ലോഗ്‌ കാലത്ത് എഴുതി വെച്ചതാ... പിന്നെ എന്തോ പോസ്ടാൻ തോന്നിയില്ല .. വീണ്ടും  ......



ഞാന്‍ അല്പം കുശുമ്പും കുന്നായ്മയും ഉള്ള കൂട്ടത്തിലാ.. അതോണ്ട് തന്നെ അങ്ങിനെയല്ലാത്ത സ്പെഷല്‍  ജനുസ്സുകളെ കണ്ടാല്‍ അല്പം സംശയത്തോടെ മാത്രം വീക്ഷിക്കുക എന്നതാണ് എന്റെ സ്വഭാവം..  തൂത്തുകളയാന്‍ നോക്കിയിട്ടും രക്ഷയില്ലെന്നെ.. .. ഇങ്ങോട്ട് ഒരു കരണത്തു തന്നാല്‍ തന്നയാളുടെ രണ്ടു കരണത്തും കൊടുത്തില്ലെങ്കില്‍ മനസ്സമാധാനത്തോടെ എങ്ങിനെ ഉറങ്ങും..  ഇങ്ങോട്ട് തന്നാല്‍ മാത്രം എന്നത് പ്രത്യേകം ശ്രദ്ധിക്കണം..
 
പക്ഷെ എന്തു ചെയ്യാം ഒരാള്‍ എന്നെ മഹാ കുശുമ്പിയാക്കിയിരിക്കുന്നു.. അയാളേ ഒന്നു കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒന്നുകണ്ണുരുട്ടുകയെങ്കിലും ചെയ്യാമായിരുന്നു.. പക്ഷെ കയ്യില്‍ കിട്ടണ്ടെ.. പാലായടുത്ത് എവിടെയൊ ആയിരുന്നെന്നാ തോന്നുന്നെ.. കൃത്യമായി അറിയില്ല ..കാരണം ഭൂതകാലം തപ്പാന്‍ വഴിയൊന്നും ഇല്ല.. അതൊക്കെ അറിയുന്നവരെല്ലാം വെള്ളം കുടിച്ചോണ്ടിരിക്കാ.. അറിയാത്ത ചിലർ അത് അന്വേഷിച്ച് ഇറങ്ങിയിട്ടുണ്ട്.. ആരുടെയൊക്കെയൊ ഉറക്കം കെടുത്താനായിട്ട്.. ഇടക്ക് എറണാകുളത്ത് വിരുന്ന്‍ പോയിരുന്നു.. ഇപ്പൊ സ്ഥിരം താമസം കുളത്തൂര്‍പ്പുഴ.. പുനലൂരും ഇടയ്ക്ക്‍ പാർക്കാൻ പോയിരുന്നു.. ഇപ്പൊ എവിടെയാണെന്നറിയാന്‍ വ്യാഴാഴ്ച വരെ കാത്തിരിക്കണം....
 
 ഇതൊക്കെ എന്താന്ന് ചോദിച്ചാൽ, പഴയൊരു ദുശ്ശീലം വീണ്ടും എന്നില്‍ തിരിച്ചെത്തിയിരിക്കുന്നു..  വിശാലമായി പറഞ്ഞാൽ വായനയെന്ന ഒറ്റ തലക്കെട്ടിൽ ഒതുക്കാം.. എന്നാൽ ഒതുക്കത്തിൽ പറഞ്ഞാൽ ‘മ‘വാരികകൾ എന്ന ചെറിയവലിയ ഗണത്തിലും.. സ്കൂൾ കാലത്ത്, കൃത്യമായി എട്ടു മുതൽ  പത്ത് വരെ ക്ലാസ്സുകളിൽ സ്കൂളിലെ പാഠങ്ങളേക്കാൾ ഞാൻ വായിച്ചിരുന്നത് ആ തുടരനുകളുടെ അദ്ധ്യായങ്ങൾ ആയിരുന്നു.. ഒന്നും രണ്ടും മൂന്നും അല്ല.. ആഴ്ചയിൽ ഏഴു ദിവസവും ഇറങ്ങാൻ മാത്രം വാരികകൾ..മനോരമ, മംഗളം, മനോരാജ്യം, സഖി(ഇതെങ്ങിനെ മവാരിക ആയെന്ന് അറിയില്ല).. പിന്നെയും ഉണ്ടായിരുന്നു കുറെ.പേരുകൾ മറന്നു പോയി.. അതിൽ മംഗളം മനോരമ ഇപ്പൊഴും ഞാൻ കാണാറുണ്ട്.. ബാക്കിയൊക്കെ നിലവിൽ ഉണ്ടോന്ന് യാതൊരു പിടിയുമില്ല.. 
 
ഞാൻ മാത്രമല്ല, അന്ന് എന്റെ കൂട്ടുകാർ മിക്കവരും ഇതേ ശീലക്കാർ തന്നെയായിരുന്നു.. വീട്ടുകാർ എന്നു പറയാൻ പറ്റില്ല.. തൊട്ടുകൂടാൻ പറ്റാത്ത വർഗ്ഗമായാണ് വീട്ടിൽ ഇവരുടെ സ്ഥാനം.. പക്ഷെ അയല്പക്കങ്ങളിൽ മിക്കവരും ഈ വാരികകൾ വരുത്തിയിരുന്നതിനാൽ വായിക്കാൻ കഷ്ടപ്പെടേണ്ട ആവശ്യമില്ലായിരുന്നു.. മാതൃഭൂമിയും “മ”ആയിരുന്നെങ്കിലും അതിന് വീട്ടിൽ അയിത്തമില്ലായിരുന്നു.. അതുകൊണ്ട് ഒരു വാരികയെങ്കിലും വീട്ടിൽ വെച്ച് വായിക്കാം..
 
ഒരിത്തിരി അഹങ്കാരം കേറിയതോണ്ടാവും ഇടയിൽ വെച്ച് ഞാനിവരെ പരിപൂർണ്ണമായും തഴഞ്ഞിരുന്നു.. വരാനുള്ളത് വഴിയിൽ തങ്ങിലല്ലൊ.. പത്രക്കാരികൾ ഇഷ്ടം പോലെ കൂട്ടത്തിൽ ഉള്ളതിനാൽ മനോരമ മംഗളം ഫ്രീ.. എന്നാലും അയ്യ്യേ ന്ന് പറഞ്ഞ് കുറേകാലം ഞാനും ഇവരെ തീണ്ടാപാടകലെ നിർത്തിയതാ.. പിന്നെയെപ്പൊഴൊ അവരെന്റെ മനസ്സ് കീഴടക്കി.. വായിക്കാനൊന്നും ഇല്ലാതെ ഇരുന്ന എന്നോ ആണ് കയ്യെത്തും ദൂരത്ത് ഇരുന്ന് ഇവരെന്നെ പ്രലോഭിപ്പിച്ചത്.. നല്ലകാലം, ഒരു തുടരനിൽ ഞാൻ ഒതുക്കി.. അതായിരുന്നു മനോരമയിൽ വന്ന “മഴതോരും മുമ്പെ..“ അതിലെ അലീനയാണ് എന്നെ കുശുമ്പിയാക്കിയത്..
 
കൊണ്ടു വരുന്നവൾ അടക്കം ആരും വായിക്കാതിരുന്ന വാരിക പതിയെ എല്ലാവരും വായിക്കാൻ തുടങ്ങിയത് എങ്ങിനെയാണെന്ന് എനിക്ക് അറിയില്ല.. എന്തായാലും വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ആരാദ്യം വായിക്കും എന്നൊരു മത്സരം ഞങ്ങൾക്കിടയിൽ വന്നു പെടുന്ന അവസ്ഥയിലായി.. അതിൽ ആദ്യം വായിച്ചവരോട് വായിക്കാത്തവർ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമാണിത്.. “അലീന വിശൂദ്ധയായോ..? അല്ല, നമുക്ക് അറിയാവുന്ന പെൺ‌വർഗ്ഗത്തിലൊന്നും ഈ ഒരു ജനുസ്സിനെ കാണാത്തതോണ്ടാണെ..
 
അതിനു മുമ്പും ശേഷവും തുടങ്ങിയ എത്ര തുടരനുകൾ തീർന്നെന്നൊ.. ഇതു മാത്രം മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാൻ.. ആദ്യത്തെ തവണ വായിക്കുമ്പോൾ മുതൽ ദേ കഴിഞ്ഞ ആഴ്ച വായിക്കുമ്പൊഴും, ഇപ്പൊ തീരും ന്നാ തോന്നിയിരുന്നെ.. കാശ് മുടക്കിയല്ല വായന എന്നതിനാൽ ആ സങ്കടമില്ല..
 
 
പറഞ്ഞ് വന്നത്.. അങ്ങിനെ അവസാനം അലീന വിശുദ്ധയായി.. 
​ (സീരിയലിൽ  വിശുദ്ധയായൊ എന്നറിയില്ല )

ഇതിന്റെ അവസാന ചാപ്റ്റർ ഞാൻ വായിച്ചത് വീട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽ വെച്ചാ ..ഒരു  ഈസ്റ്റർ അവധിക്ക് വീട്ടില് പോവുമ്പോൾ എന്നാണു ഓർമ്മ ​