പല വഴിയേ പല(ആ)ഹാരങ്ങൾ !
വടവടൈ .. ട്രെയിൻ ഫുഡ് എന്ന് ഓർക്കുമ്പോൾ മനസ്സില് വരുന്നത് ഈ ഒരു വായ്ത്താരിയാണ്..
പത്ത് രൂപക്ക് ഇളനീർ .. വേറൊരു പത്തു രൂപ കൊടുത്താൽ പുഴുങ്ങിയ മുട്ടയും ഉപ്പും കുരുമുളകും.. വേണാടിൽ ഇത് കിട്ടുമായിരുന്നെങ്കിൽ ശനിയാഴ്ചകളിൽ എന്റെ പ്രഭാതഭക്ഷണം ഇതാവുമായിരുന്നു.. എന്റെ യാത്രയിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട ട്രെയിൻ ഭക്ഷണം ... പിന്നെ കുരുമുളകിന്റെ എരിവും നാരങ്ങയുടെ പുളിപ്പും ഉപ്പും മധുരവും എല്ലാം ചേർന്ന ലെമണ്‍ ടീ ..
ഒറീസ കഴിഞ്ഞപ്പോ മുതലാണു ഭക്ഷണ വൈവിധ്യം ട്രെയിൻ ഇടനാഴികളെ ധന്യമാക്കാൻ തുടങ്ങിയത് .. ആദ്യം വന്ന ജാൽമുറി (ഇതന്നെ അല്ലെ അതിന്റെ പേരു ) യിൽ തന്നെ ചെരുവകളുടേ എണ്ണത്തിൽ ഒരു പാട് വ്യത്യാസങ്ങൾ.. വൃത്തിയുള്ള ഒരുത്തനെ നോക്കി പത്തു രൂപ നീട്ടി ഒരു പൊതി സ്വന്തമാക്കിയതോടെയാണു എന്റെ ഭക്ഷണ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചത് .. പൊരിയും കടലയും ഉള്ളിയും മിക്സ്ച്ചറും നാളികേരകൊത്തും പിന്നെയും എന്തൊക്കെയോ ചേർത്ത് കുത്തി കുലുക്കി ഉണ്ടാക്കിയ വകയാണീ ജാൽമുരി.. മുമ്പുള്ളയാത്രകളിലും ഈ വക കഴിച്ചുണ്ടെങ്കിലും മുരിയെന്നാൽ പൊരിയെന്ന് ട്രെയിനിൽ കൂട്ടുകിട്ടിയ നാഗാ ലേഡിയുടെ അറിവ് ദാനം.. അവരാണ് കാശുകൊടുക്കാതെ തന്നെ ഭക്ഷണവൈവിധ്യത്തിന്റെ ഒരു താൾ എനിക്ക് മുന്നിൽ തുറന്നത്.. ആദ്യ ദിവസത്തെ യാത്രയിലെ ഉച്ചഭക്ഷണം റെയിൽവേ യുടെ ചോറ് .. വേവാത്ത ചോറും എനിക്ക് പിടിക്കാത്ത കറികളും.. മൊട്ടക്കറിയിലെ മൊട്ടമാത്രം കഴിച്ച് ബാക്കി അടച്ചപ്പൊഴാണു അവരെനിക്ക് നേരെ തലയും വാലും കളയാത്ത ചുട്ടമീൻ നീട്ടിയത് .. ഒപ്പം എന്തോ ഡ്രൈ വെജിടബിളും .. അതിനു മുമ്പേ ഞാൻ ഓരഞ്ചിന്റെ അല്ലികൾ കൊടുത്ത് അവരുമായ് കൂട്ടായിരുന്നു .. കൊഹീമയിൽ നിന്നും തിരുവല്ലയിൽ എത്തിയവർ .. അപരിചിതരുടെ കയ്യില നിന്നും ഭക്ഷണം കഴിക്കരുതെന്ന് എത്ര കേട്ടാലും അതിന്റെ സ്വാദ് നോക്കണം എന്ന കൊതി തീർക്കാൻ രാത്രി ഭക്ഷണം വരെ കാത്തിരുന്നു.. രാത്രി ഞാൻ ചോറ് വാങ്ങിയില്ലെങ്കിലും അവരുടെ ചുട്ട മീൻ കഴിച്ചു. ഒപ്പം ഉണക്ക ഇറച്ചിയും പച്ചക്കരികളും ഒക്കെ കഴിച്ചു ..
ഇലകറികളും എണ്ണയില്ലാത്ത പോർക്കും ഫെർമെന്റഡ് ഫിഷിന്റെ ചട്ണിയും റൈസ് ബിയറും രാസൂ ചായയും മുളകിട്ട ഒച്ചും ... പതിനഞ്ചു നാൾകൊണ്ട് ഞാന്കഴിച്ച ചിലപ്പോൾ ഒരിക്കലും ഇനി ആവർത്തിക്കാൻ സാധ്യതയില്ലാത്ത ഭക്ഷണകഥയിലെ ഒരു താൾ .. നാഗാ കുടുംബത്തിന്റെ അടുക്കളയിൽ ആതിഥേയയൂം ഞാനും പാചകശ്രമത്തിൽ :)