Tuesday, December 5, 2006

തിരിച്ചറിവ്

ഒന്നുമറിയാത്ത പ്രായത്തില്‍ ആരോ പറഞ്ഞു കേട്ടു
ചിറ്റയെ തേടിവന്ന ചുരുണ്ട മുടിക്കാരനായിരുന്നു പ്രണയമെന്ന്
ദിവസങ്ങള്ക്കുള്ളില്‍ ചിറ്റയുടെ കണ്ണീര്‍ അതിനെ മായ്ചുകളഞ്ഞു


ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍
അയല്‍ക്കാര്‍ക്കിടയില്‍ കൈമാറിയിരുന്ന
കടലാസുതുണ്ടുകളായിരുന്നു പ്രണയം
അവര്‍ ഇരുവഴിയെ യാത്രയായപ്പോള്‍
ഞാനറിഞ്ഞു, വീണ്ടും കളങ്ങള്‍ മാറ്റണമെന്ന്

അക്ഷരങ്ങള്‍ തേടി പോവുമ്പോള്‍
അതിരുകളില്‍ ചേച്ചിയെ കാത്തുനില്‍ക്കുന്ന
തിളങ്ങുന്ന കണ്ണൂകളായിരുന്നു പ്രണയം
വര്‍ഷാന്ത്യത്തില്‍ ഒരു നഷ്ടം കൂടി

ആല്‍ത്തറയില്‍ സഹോദരന്‍ തേടുന്ന
പട്ടുപാവാടയായിരുന്നു പിന്നെ പ്രണയം
പട്ടുസാരിയുടെ തിളക്കത്തില്‍
ഒരു നിരീശ്വരവാദി കൂടി പിറന്നപ്പോള്‍
അതും മറഞ്ഞു പോയി

കൌമാരത്തിന്റെ കുസൃതികള്ക്കിടയില്‍
കൂട്ടുകാരിയുടെ ചുണ്ടില്‍ വിരിയുന്ന
ഗൂഢസ്മിതമായിരുന്നു പ്രണയം
അവളുടെ കണ്ണില്‍ ഉറഞ്ഞുകൂടിയ കാര്‍മേഘങ്ങളില്‍
ഞാനറിഞ്ഞു എനിക്ക് തെറ്റിപോയെന്ന്

കൈനിറയെ നെല്ലിക്കയുമായെത്തുന്ന
കളിക്കൂട്ടുകാരനായിരുന്നു പ്രണയം
മധുരത്തിനു പുറകെയായിരുന്നു കയ്പുവന്നെത്തിയത്

കലാലയത്തിന്റെ പാവുട്ടത്തണലുകളില്‍
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന
നിമിഷങ്ങളായിരുന്നു പ്രണയം
അവസാനം അതും ഉള്ളിലൊരു നീറ്റലായ്

പക്വതയുടെ ബിരുദാനന്തരത്തില്‍
പിന്‍നിരയിലെ എന്നെ തേടിവരുന്ന
കറുത്ത കണ്ണടകള്ക്കപ്പുറത്തെ
നോട്ടമായിരുന്നു പ്രണയം
വഴികാട്ടികള്‍ നഷ്ടമായ വഴിത്തിരിവുകളില്‍
അതും കൊഴിഞ്ഞു വീണു

വഴികളേറെ താണ്ടി അവസാനം ഇവിടെയെത്തുമ്പോള്‍
എനിക്കായ് കാത്തുനില്‍ക്കുന്ന
സഹപ്രവര്‍ത്തകനാകുന്നു......
എനിക്കു വേണ്ടി കരുതിവെക്കുന്ന മധുരത്തില്‍
ആ കാത്തിരിപ്പില്‍
ആദ്യമായ് ശരി കണ്ടെത്താന്‍ ഒരു ശ്രമം
പക്ഷെ...
പുതിയ നിറങ്ങളും തേടി
അവനും യാത്രയാവുന്നു

വൈകിയവേളയില്‍ ഞാനറിയുന്നു..
ഇനിയും ജന്മമെടുക്കാത്ത
എന്തോ ആണ്‌ പ്രണയമെന്ന്.

10 comments:

ittimalu said...

ആമുഖം വായിച്ചവര്ക്ക്... തിരിച്ചറിവ്..

Anonymous said...

ഈശോയേ... ഇതു വായിക്കാന്‍ ഇന്നു പറ്റില്ല, മാളൂ.. സമയം ഇപ്പോള്‍ വെളുപ്പിന്‍ 1.45... കണ്ണുകള്‍ “ഞാനാദ്യം ഞാനാദ്യം” എന്ന മട്ടില്‍ മാടിയടയുന്നു... നാളെ എഴുന്നേറ്റിട്ട് വൃത്തിയായി വായിയ്ക്കാം ’ട്ടോ.. :-)

സു | Su said...

വായിച്ചു. അക്ഷരത്തെറ്റ് ഉണ്ട്. (വിമര്‍ശനം).

തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

ഒടുവില്‍, പോത്തിന്‍ പുറത്തേറിയവന്‍ വന്നപ്പോള്‍, തിരിച്ചറിഞ്ഞൂ ഞാന്‍, ആ പ്രണയത്തിനുവേണ്ടിയാണ് കാത്തിരുന്നതെന്ന്.

Sul | സുല്‍ said...

"എന്നാല്‍ കുട്ടിയുടെ രൂപം എന്റെ മനസ്സില്‍ നിറഞ്ഞു നിന്നപോള്‍
നല്ലൊരു സൌഹൃദത്തിനുമപ്പുറം
കുട്ടി എന്റെ മറ്റാരൊക്കെയോ ആയിതീരുകയയിരുന്നു.
അതിന് പ്രണയത്തിന്റെ പുതിയ പരിവേഷം ഉണ്ടാവുകയായിരുന്നു.
ശിശിരത്തില്‍ ഇലകള്‍ അടര്‍ന്ന് പൊഴിയുന്നതുപോലെ
ഒരുപാട് സൌഹൃദങ്ങള്‍ ജീവിത വഴിത്തിരിവില്‍ പൊഴിഞ്ഞുപോയി
അപ്പോഴും... കുട്ടിയുടെ സുന്ദര രൂപം
അണയാത്ത നക്ഷത്രമായും പൊഴിയാത്ത പുഷ്പമായും
എന്നില്‍ വെളിച്ചവും സുഗന്ധവും പരത്തി നിറഞ്ഞു നിന്നു."

ആ വഴിക്കാ എന്റെ പോക്ക്. ഇതെതാണ്ട് വിളിച്ചുണര്‍ത്തീട്ട് ചോറില്ലാന്നു പറയുന്നപോലെ ആയല്ലോ മാളു.

നന്നായിട്ടുണ്ട്. അക്ഷരത്തെറ്റ് വായിക്കുന്നവര്‍ തിരുത്തി വായിച്ചാല്‍ മതി. അതാ എന്റെ പോളിസി.

-സുല്‍

സു | Su said...

ഇട്ടിമാളൂ, സുല്ലിന്റെ പോളിസിയെ അനുകരിച്ചുകൊണ്ട്, ഞാന്‍ എന്റെ വിമര്‍ശനം പിന്‍‌വലിച്ചു. :)

കീഴറ:KEEZHARA said...

കവിത മനസ്സിലായി.. പക്ഷെ സുല്‍-ന്റെ കമന്റ് മനസ്സിലായില്ല...

Sul | സുല്‍ said...

keezhare :) അതൊരു പ്രണയലേഖനത്തിന്റെ നടുക്കണ്ടം ആയിരുന്നു.

അതില്‍ മനസ്സിലാവാന്‍ ഒന്നുമില്ല. ചുമ്മ. പ്രണയമല്ലേ വിഷയം. അത്രേയുള്ളു. യേത്........

-സുല്‍

ittimalu said...

അച്ചായോ...കീഴറെ..വന്നതില്‍ സന്തോഷം ..
സൂ...അക്ഷരത്തെറ്റ് എന്താന്ന് മനസ്സിലായില്ല :(
സുല്ലെ..പിണങ്ങല്ലെ.. എനിക്കും മനസ്സിലായില്ല.. ആ കട്ട് & പേസ്റ്റ്.. &കമെന്റ്

bodhappayi said...

ഇട്ടിമാളൂന്‍റെ പ്രണയം കൊള്ളാം, പക്ഷെ കറുത്ത കണ്ണട വച്ചാലെ പക്വത വരൂ? എനിക്കു എട്ടില്‍ പഠിക്കുമ്പോള്‍ നല്ല പക്വതയായിരുന്നു, പക്ഷെ പിന്നീട് പ്രണയത്തിനു വേണ്ടി ഞാന്‍ പക്വത ഉപേക്ഷിച്ചു ഒരു ഫ്രൈം ഇല്ലാത്ത കണ്ണട സംഘടിപ്പിച്ചു... :)

ittimalu said...

കുട്ടപ്പായി.. പ്രണയം വിജയിച്ചോ?