Monday, April 30, 2007

പേയിംഗ്‌ ഗസ്റ്റ്‌

പേയിംഗ്‌ ഗസ്റ്റ്‌

രണ്ടാം ശനിയുടെ സായാഹ്നങ്ങള്‍ക്ക്‌ ഒരുപാട്‌ പ്രത്യേകതകള്‍ ഉണ്ട്‌. അന്ന് ബാങ്കില്‍ നിന്ന് വീട്ടിലേക്കെത്താന്‍ ദൂരമൊത്തിരി കൂടുതലാണ്. അശ്വതി
എന്ന അച്ചുവിന് വേണ്ടി നാടന്‍ അരിമുറുക്ക്‌ വാങ്ങണം. അര്‍ജ്ജുന്‍ എന്ന കണ്ണന് സമ്പാദ്യപെട്ടിയായ കൊച്ചു മണ്‍കുടുക്ക. ശ്രീദേവിചേച്ചിക്ക്‌ ഒരല്‍പ്പം പുഴമീന്‍. പിന്നെ മാസത്തില്‍ ഒരിക്കലുള്ള അവരുടെ വരവില്‍
അവര്‍ക്ക്‌ നല്‍കാന്‍ കൊച്ചു കൊച്ചു സമ്മാനങ്ങള്‍, അത്‌ കുറച്ച്‌ കുപ്പിവളയോ ഒരു പമ്പരമോ ആവാം. ഓര്‍ത്തിരിക്കാന്‍ ഒരല്‍പ്പം സന്തോഷം.

അച്ചുവും കണ്ണനും ശ്രീദേവിചേച്ചിയുടെ മക്കളാണ്. ശ്രീദേവിചേച്ചി മീനാക്ഷി അമ്മയുടെ മകള്‍‍; മീനാക്ഷി അമ്മ ........ഇതൊരു കുടുംബപുരാണമാണോന്ന് പേടിക്കേണ്ട. ഒരാള്‍ കൂടിയുണ്ട്‌. മാധവന്‍ ചേട്ടന്‍; പതിമൂന്നാം വയസ്സില്‍ മീനാക്ഷിയമ്മയെ താലികെട്ടി കൂടെകൂട്ടിയ ആള്‍. പിന്നെയുള്ള ആളെ ഞാന്‍ കണ്ടിട്ടില്ല. ഉണ്ണ്യേട്ടന്‍ .... ശ്രീദേവി ചേച്ചിയുടെ ഭര്‍ത്താവ്‌. ദൂരെ എവിടെയോ ജോലിചെയ്യുന്നു.

ഇതൊക്കെ പറയാന്‍ ഈ ഞാന്‍ ആരാണെന്ന് ചോദിക്കും മുമ്പെ അങ്ങോട്ട്‌ പറയാം. വീടെന്നത്‌ കഥകളില്‍ മാത്രമെ ഞാന്‍ കേട്ടിട്ടുള്ളു. കാണുന്നത്‌ ഇവിടെ വന്നിട്ടാണ്. സെന്റ്‌ മേരീസ്‌ ഓര്‍ഫനേജിലെ അമ്പത്‌ കിടക്കകളില്‍ ഒന്ന് എന്റെ സ്വന്തമാണ്.. വഴിയരികില്‍ നിന്ന് കിട്ടിയ കുട്ടിക്ക്‌ മഠത്തിലെ അമ്മമാര്‍ നല്‍കിയ ദാനം. മുകള്‍ നിലയില്‍ ചുമരോട് ചേര്‍ത്തിട്ട കട്ടിലുകള്‍. കട്ടിലിനു താഴെ ഒരു ഇരുമ്പുപെട്ടി. അതിലെ കൊച്ചു സൂക്ഷിപ്പുകള്‍. താഴത്തെ നിലയില്‍ പഠനമുറിയും ഭക്ഷണമുറിയും പ്രാര്‍ത്ഥനാമുറിയും എല്ലാമായ ഹാള്‍. മണിമുഴക്കത്തില്‍ ഉണരുകയും ഉറങ്ങുകയും മാത്രമല്ല ഭക്ഷണം കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നത്‌ ഇവിടത്തെ ചിട്ട. ആരുടെയൊക്കെയോ കനിവില്‍ പഠിച്ച്‌ വളര്‍ന്നപ്പോള്‍ ആദ്യമായി കിട്ടിയ ജോലി. ലോകം കാണാത്ത പെങ്കൊച്ചിനെ ദൂരെ നാട്ടില്‍ നിര്‍ത്താന്‍
മഠത്തിലെ അമ്മമാര്‍ തന്നെയാണ് ഈ താവളം കണ്ടെത്തിയത്‌. അച്ഛനും അമ്മയും മാത്രം. ദൂരെ നഗരത്തില്‍ ജോലിചെയ്യുന്ന മകളും കുട്ടികളും വരുമ്പോള്‍ മാത്രം ഉണരുന്ന വീട്‌. അടഞ്ഞുകിടക്കുന്ന മുറികളില്‍ ഒന്നില്‍ ഞാന്‍ അന്തേവാസിനിയായി. അങ്ങിനെ ഞാന്‍ ആദ്യമായി ഒരു വീടിന്റെ അകത്തളത്തില്‍ എത്തി.ആ അച്ഛനും അമ്മയും ഞാന്‍ കാണാത്ത അച്ഛനും അമ്മയുമായി. വിളിയില്‍ അമ്മാവനും അമ്മായിയുമായി.

ഇവിടെ എത്തിയ ആദ്യനാളുകളില്‍ അവരറിയാതെ അവരെ നോക്കിയിരിക്കുകയായിരുന്നു എന്റെ ഹോബി. ബാങ്കില്‍ നിന്നും വന്ന് കാപ്പിയുമായി പത്രം വായിക്കുമ്പോള്‍ ഞാന്‍ ഒളിഞ്ഞുനോക്കും. ഒതുക്കുകല്ലില്‍ ഇരുന്ന് അമ്മാവന്റെ കാലില്‍ കുഴമ്പിട്ട്‌ കൊടുക്കുന്ന അമ്മായി. മാനത്തെ മേഘങ്ങളില്‍ നോക്കി കാലാവസ്ഥാപ്രവചനം നടത്തുന്ന അമ്മാവനും.

വീടിന്റെ ചിട്ടവട്ടങ്ങള്‍ പഠിച്ച്‌, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ്‌, ഞാന്‍ ആ വീട്ടിലെ ഒരംഗമാണെന്ന് തോന്നാന്‍ തുടങ്ങിയിരുന്നു. ഒരുനാള്‍ രാവിലെ ഉണരാന്‍ വൈകിയ അവരെ കട്ടന്‍കാപ്പിയുമായി വിളിച്ചുണര്‍ത്തിയപ്പോള്‍, അമ്മായി എന്നെ കെട്ടിപിടിച്ചൊരു ഉമ്മ തന്നു. അവരെന്നെ "മോളേ" എന്ന് നീട്ടിവിളിച്ചു. പിന്നീട്‌ പതുക്കെ പതുക്കെ കഥകളിലെ വീടിന് യാഥാര്‍ത്ഥ്യത്തിന്റെ മുഖമുണ്ടായി. പനിപിടിച്ച്‌ പിച്ചും പേയും പറഞ്ഞപ്പോള്‍ രാത്രിയില്‍ കൂട്ടിരുന്ന് അമ്മായി മരുന്നു തന്നു. പൊടിയരികഞ്ഞിയും ചുട്ടപപ്പടവുമായി എന്നെ ശുശ്രൂഷിച്ചു. നോക്കിയിരിക്കവെ ഞാന്‍ കാണാത്ത അമ്മയുടെ മുഖം അമ്മായിയുടേതായി. ബാങ്കില്‍ നിന്ന് വരുമ്പോള്‍ കാപ്പിയും കഴിക്കാനുമായി കാത്തിരിക്കുന്ന അമ്മ. ശമ്പള ദിവസം അവര്‍ക്കായി
ഇഷ്ടപ്പെട്ടത് എന്തെങ്കിലും വാങ്ങിക്കും. കുഞ്ഞുനാളിലെ സ്വപ്നങ്ങള്‍ക്ക്‌ വൈകിക്കിട്ടിയ ഭാഗ്യമായി.

കൂടപ്പിറപ്പിന്റെ വിലയറിഞ്ഞത്‌ ഞാന്‍ വന്നതിനുശേഷമുള്ള ആദ്യത്തെ രണ്ടാം ശനിയിലായിരുന്നു. അന്ന് ചേച്ചി വരും എന്ന് അറിയാമായിരുന്നതിനാല്‍ അല്‍പ്പം ഭയത്തോടെയായിരുന്നു വീട്ടിലെത്തിയത്‌. മുറ്റത്തെത്തിയപ്പോഴെ ചേച്ചിയെന്ന് വിളിച്ച്‌
അച്ചുവും കണ്ണനും ഓടിവന്നു. അവര്‍ക്കായ്‌ കൊണ്ടുവന്ന ചോക്ലേറ്റുകള്‍ വാങ്ങി അവരെന്നെ ചിറ്റയെന്ന് വിളിച്ചപ്പോള്‍ കണ്‍നിറഞ്ഞത്‌ എന്തിനായിരിക്കാം. അകത്തുനിന്നു ഉമ്മറത്തേക്കെത്തിയ ശ്രീദേവി ചേച്ചിയുടെ ചിരിക്കൊപ്പം വന്ന ചോദ്യം.

"അമ്മയുടെ പുതിയ മകളെന്താ അതിഥിയെ പോലെ നില്‍ക്കുന്നത്?"

പ്രതികരിക്കേണ്ടതെങ്ങിനെയെന്ന സംശയത്തിനുമുമ്പെ, കൈത്തണ്ടയില്‍ ഒരു സ്നേഹത്തിന്റെ വിരല്‍ സ്പര്‍ശം. ആപ്പോഴാണ് അമ്മായി എന്നെ കുറിച്ച്‌ എന്തുമാത്രം ചേച്ചിയോട്‌ പറഞ്ഞിട്ടുണ്ടെന്ന് ഞാനറിഞ്ഞത്‌.

അത്താഴത്തിന് എല്ലാവരും കൂടി ഉണ്ണാനിരുന്നപ്പോഴത്തെ
സന്തോഷം. മുത്തശ്ശനും മുത്തശ്ശിയുമായി അമ്മാവനും അമ്മായിയും മാറുന്ന കാഴ്ച; ചേച്ചി ഒരമ്മയായി ഒരേ സമയം മക്കളെ ശാസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രംഗം. അവിടെ താനൊരു അധികപറ്റെന്ന ചിന്തയില്‍ പതിയെ മുറിയിലേക്ക്‌ വലിഞ്ഞു. മക്കളെ ഉറക്കി ചേച്ചി വന്നപ്പോള്‍ ഞാന്‍ എന്റെ കൊച്ചുസ്വപ്നങ്ങള്‍ക്ക്‌ നിറം കൊടുക്കുകയായിരുന്നു. ഉറക്കം വരും വരെ എന്റെ കൂടെയിരുന്ന് വര്‍ത്തമാനം പറഞ്ഞു. അതെന്റെ സ്വന്തം ചേച്ചിതന്നെയെന്ന് വെറുതെ ഒരു വിശ്വാസം എവിടെയോ ബാക്കിയാവുന്നു.

ഞായറാഴ്ചകള്‍ക്ക്‌ നീളം കുറവാണെന്ന് ആദ്യമായി തോന്നിയതും അന്നായിരുന്നു. കുട്ടികളുടെ കളിചിരികളില്‍ ഞാനും ഒരു കുട്ടിയായി. ചേച്ചിയുടെ നഗരജീവിതത്തിന്റെ കേള്‍വിക്കാരിയായപ്പോള്‍ ഞാന്‍ അനിയത്തിയായി. ചേച്ചിക്കും മക്കള്‍ക്കും ഇഷ്ടമുള്ള ഭക്ഷണമൊരുക്കാന്‍ അമ്മായിക്ക്‌ കൂട്ടായപ്പോള്‍ ഞാനൊരു വീട്ടമ്മയായി.രാത്രി ഉറങ്ങാന്‍ കിടക്കുമ്പോളാകെ സങ്കടം വന്നു. രാവിലെ ഇവരെല്ലാം പോവും. വീണ്ടും ഒരു മാസം ഞങ്ങള്‍ മൂന്നുപേരും മാത്രം.

ആ തിങ്കളാഴ്ച്ച ബാങ്കില്‍നിന്നു വരുമ്പോള്‍ അമ്മാവനും അമ്മായിയും കിടപ്പായിരുന്നു. ഉച്ചക്കുവെച്ച ചോറ് അതുപോലെ തണുത്തിരിക്കുന്നു. എന്നാലും ഞാന്‍ കാലും മുഖവും കഴുകിവരുമ്പോഴേക്കും അമ്മായി കാപ്പിയുണ്ടാക്കി. അന്ന് ഞങ്ങള്‍ മൂന്നുപേരും കൂടിയാ കാപ്പി കുടിച്ചത്.

മാസത്തിലൊരിക്കല്‍ ഞാന്‍ മഠത്തിലെ അമ്മമാരെ കാണാന്‍ പോവും. അപ്പോള്‍ അമ്മായി അവര്‍ക്ക്‌ കൊടുക്കാന്‍ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി തരും. ആ വീടിനെ കുറിച്ചുപറയുമ്പോള്‍ എനിക്ക്‌ നൂറു നാവാണെന്ന് അമ്മമാര്‍ കളിയാക്കും. ഞാനെന്റെ പഴയ കട്ടിലില്‍ കിടക്കുമ്പോള്‍ പഴയതെന്തോ തിരിച്ചുകിട്ടിയ സന്തോഷം. ഒപ്പം ഏതാണ് യാഥാര്‍ത്ഥ്യമെന്ന അങ്കലാപ്പ്‌.


നടന്ന് നടന്ന് കണ്ടതെല്ലാം വാങ്ങിക്കൂട്ടിയപ്പോള്‍ കയ്യിലെ
ബിഗ്`ഷോപ്പറിന്‍ നല്ല ഭാരം. നേരം ഇരുട്ടാന്‍ തുടങ്ങിയിരിക്കുന്നു. വീടിനുമുന്നില്‍ ഓട്ടോ നിര്‍ത്തുമ്പോള്‍ എല്ലാവരും ഉമ്മറത്ത്‌ കാത്തുനില്‍ക്കുന്നു.



"എന്താ ഇത്‌.. നേരം ഇരുട്ടിയത്‌ കണ്ടില്ലെ?" അമ്മായിയുടെ ശാസന നിറഞ്ഞ പരിഭവം.

"അമ്മായീ .. അത്‌ .. ഞാന്‍ ഇതൊക്കെ വാങ്ങി നടന്നപ്പോള്‍"

"സാരമില്ല ഞങ്ങള്‍ ആകെ പേടിച്ചു .. കുട്ടികളാണേല്‍ മോളെ കാണാതെ ബഹളം വെക്കാരുന്നു" ചേച്ചിയുടെ ആശ്വസിപ്പിക്കല്‍.

ചേച്ചി തന്നെയാണ് ഓരോന്നോരോന്നായ്‌ സാധനങ്ങള്‍ പുറത്തെടുത്ത്‌ വെച്ചത്‌. ഓരോന്നും ആര്‍ക്കൊക്കെയാണെന്ന് ചേച്ചിക്കറിയാം.

രാത്രിയൂണിനു ശേഷം ഞങ്ങളുടെ സ്വകാര്യ സംഭാഷണത്തിലാണ് ചേച്ചി പറഞ്ഞത്‌.

"മോള്‍ക്ക്‌ തിങ്കളാഴ്ച സ്കൂളില്‍ ക്ലാസ്സ്‌ തുടങ്ങും. ഇനി ഇതുപോലെ വരാന്‍ പറ്റുമോന്നാ സംശയം. അച്ഛന്റെയും അമ്മയുടെയും കാര്യം ഓര്‍ക്കുമ്പോഴാ. ഉണ്യേട്ടന്‍ പറഞ്ഞു രണ്ടുപേരേയും അങ്ങോട്ട്‌ കൊണ്ടുപോവാന്‍ "

ഞാന്‍ ഞെട്ടിയത്‌ ചേച്ചി അറിഞ്ഞെന്നു തോന്നുന്നു.

"ഇല്ല .. അവര്‍ വരില്ല, ഈ വീടും തൊടിയും വിട്ട്‌ അവരെങ്ങും പോവില്ല. രണ്ടാള്‍ക്കും വയസ്സായി വരല്ലെ..ഞാനെന്താ ചെയ്യാ..മോള്‍ ഇവിടെ ഉള്ളതാ ഇപ്പൊരു മനസ്സമാധാനം"

അന്ന് കിടന്നിട്ട്‌ ഉറക്കം വനില്ല. ഞായറാഴ്ച പതിവു പോലെ കുട്ടികളുടെ ബഹളവും ചിരിയുമെല്ലാമായി കടന്നു പോയി. തിങ്കളാഴ്ച പ്രഭാതത്തില്‍ യാത്രയയപ്പിന്റെ ആവര്‍ത്തനം. നിലക്കാന്‍ പോവുന്ന ഈ വരവുകളെ കുറിച്ചോര്‍ത്താവാം അമ്മാവനും അമ്മായിയും വീണ്ടും പോയി കിടന്നത്‌. ബാങ്കില്‍ പോവാന്‍ ഞാന്‍ ഒരുങ്ങിവന്നിട്ടും രണ്ടുപേരും ആ
കിടപ്പുതന്നെ. അമ്മായിയാണ് ഉച്ചക്കു കഴിക്കാനുള്ള ചോറു പാത്രത്തിലാക്കി തരുന്നത്‌. ഓരോ കറിയും ഓരോ
കുഞ്ഞുപാത്രങ്ങളില്‍. ഒരു കുപ്പിയില്‍ നിറയെ തിളപ്പിച്ചാറിയ വെള്ളം. ഇന്ന് ഒന്നും എടുത്തിട്ടില്ല. സ്വയം എടുക്കാന്‍ ഒരു മടി. കൊണ്ടോവാതിരുന്നാല്‍ അമ്മായിക്ക്‌ സങ്കടാവും.

നേരം വൈകുന്നു. ഞാന്‍ അമ്മായിയുടെ അടുത്തു ചെന്നു.

"പോവായോ..?"

"ഉം"

"ചാരിയിരുന്ന് കയ്യില്‍ മുറുകെ പിടിച്ച്‌ അമ്മായി പറഞ്ഞു"

"മോളിന്ന് പോണ്ടാ.. ആകെ ഒരു വിഷമം"

തിങ്കളാഴ്ചകളിലെ ലീവിനെ ആരും നല്ല മനസ്സോടെ എടുക്കില്ല. എന്നിട്ടും ഇല്ലാത്ത അസുഖത്തിന്റെ പെരില്‍ കള്ളം പറഞ്ഞപ്പോള്‍, ഒരിക്കലും കള്ളം പറയരുതെന്ന് പഠിപ്പിച്ച അമ്മമാരെ ഞാന്‍ ഓര്‍ത്തില്ല..

അമ്മായിയുടെ കിടക്കയില്‍ ആ മടിയില്‍ തലവെച്ചു കിടന്നപ്പോള്‍ വെറുതെ ഇതെന്റെ അമ്മ തന്നെയല്ലെ


ആരോ കോളിംഗ്‌ ബെല്‍ അടിക്കുന്നു. ഞാനാണ് വാതില്‍ തുറന്നത്‌. പരിചയമില്ലാത്ത ഒരു പെണ്‍മുഖം. അമ്മായി ഉമ്മറത്തേക്ക്‌ വന്നപ്പോള്‍ ഞാന്‍ പതിയെ അകത്തേക്ക്‌ വലിഞ്ഞു.

ആപ്പോള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു..

"ആരാ ഈ കുട്ടി ..?"

"അത്‌ ഞങ്ങടെ മോളാ.." അമ്മായിയുടെ ഉത്തരവും ചിരിയും കേട്ട ഞാന്‍ തിരിഞ്ഞുനോക്കിയെങ്കിലും ഒന്നും കണ്ടില്ല.

Monday, April 23, 2007

ചുവന്ന പൂക്കള്‍ ചിന്തിക്കുന്നത് ..

അമ്മ എന്താ ഇങ്ങനെ.. അച്ഛന്‍ തന്നെയല്ലെ എല്ലാം ചെയ്യുന്നെ.. മോളൂന്റെ പിറന്നാ‍ള്‍ ആയിട്ട് ഇവിടെ ഇരിക്കാ..........ദാ.. അച്ഛന്‍ കേയ്ക്ക് മുറിച്ചത് ട്രെയില്‍ നല്ല ഭംഗിയായി വെച്ചിരിക്കുന്നു.. അമ്മ എണീക്കാത്തോണ്ടാ വാതില്‍ ചാരി താഴേക്കുപോവുന്നത്.. വേഗം ചെല്ലമ്മെ.. ഇനി ഇപ്പൊ താഴെ ഉള്ള ആള്‍ക്കാര്‍ മുഴുവന്‍ ചോദിക്കും അമ്മ എവിടെമോള്‍ എവിടെ.. അമ്മയെങ്കിലും കൂടെ പോവ്... പാവല്ലെ അച്ചന്‍ .. സങ്കടാവില്ലെ തന്നെ എല്ലാം ചെയ്യുമ്പോള്‍ ..

ആഹാ.. ഇത്ര മാത്രം ഈ ജനലഴികളിലൂടെ എന്താ കാണാനുള്ളത്.. ഇതൊരു പതിവല്ലെ.. എല്ലാവര്‍ഷവും ഈ ദിവസം നമ്മള്‍ ഇതു പോലെ ഏതേലും സ്ഥലത്താവും .. നിറയെ കുട്ടികളും അച്ഛന്മാരും അമ്മമാരും ഒക്കെ ആഘോഷിക്കുന്ന ഏതെങ്കിലും വിനോദകേന്ദ്രത്തില്‍ .. കഴിഞ്ഞവര്‍ഷവും ഇവിടെ തന്നെ ആയിരുന്നില്ലെ.. പിന്നെന്താ രാവിലെ ഇങ്ങനെ ഇരിക്കാനുണ്ടായെ.. ... ..

അമ്മ നോക്ക് അച്ഛന്‍ എല്ലാര്‍ക്കും കേയ്ക്ക് കൊടുക്കുന്നെ.. ഓരോ തവണ ചിരിച്ചു തലകുനിക്കുന്നതും ഈ മോളൂന് അവര്‍ ജന്മദിനാശംസകള്‍ നേരുന്നത് സ്വീകരിക്കാനാ.... പുല്‍തകിടിയിലെ മഞ്ഞുതുള്ളികള്‍ പോലും തിളങ്ങുന്നു..

ആ കുട്ടികള്‍ എന്തു സന്തോഷത്തിലാ കേക്കും സ്വീറ്റ്സും കഴിക്കുന്നെ.. അമ്മക്കെന്താ അവരുടെ കൂടെ പോയി ഒന്നു അടിച്ചുപൊളിച്ചാല്‍ ... അതല്ലെ അമ്മ മോളൂന്റെ പിറന്നാളിന് മോളൂനെ സന്തോഷിപ്പിക്കാന്‍ ചെയ്യണ്ടെ...


അമ്മയെന്താ മിണ്ടാതിരിക്കണേ.. മോള്‍ എത്ര നേരായി ചിലക്കുന്നു.. ആഹാ.. നിലത്ത കിടക്കാ.. അമ്മ പറഞ്ഞിട്ടില്ലെ നിലത്തു കിടക്കരുതെന്ന് . ചീത്തയാണെന്ന്.. എണീക്ക് അമ്മാ...അമ്മാ‍ാ..

-------
അച്ഛനെന്തിനാ ഇങ്ങനെ വിഷമിക്കണെ.. അമ്മക്കു പ്രഷര്‍ കൂടിയതാവും .. രാവിലെ വയ്യായിരുനെന്നു തോന്നുന്നു.. സാരമില്ല... എനിക്ക് കേള്‍ക്കാം അമ്മ ഡോക്ടറോട് പറയുന്നതെല്ലാം .. അച്ഛനു കേള്‍ക്കണോ.. മോളു കേള്‍പ്പിക്കാം

ഇന്ന് എന്റെ മോള്‍ടെ പിറന്നാളാ.. അവള്‍ക്കു പേരിട്ടത് ഞാനാ.. ദിയ, ദിവ്യയുടെയും യദുവിന്റെയും മോള്‍ ദിയയല്ലെ... അവള്‍ക്ക് മൂന്ന് വയസ്സായി ഇന്നു .. മാര്‍ച്ച് മൂന്നു.. പക്ഷെ അവള്‍ ഒരു മീനിനെ പോലെ വഴുതി പോവാ എന്റെ കയ്യില്‍ നിന്നു.. അതോര്‍‌ക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരും .. എന്റെ അടുത്ത് വരില്ല.. എപ്പൊഴും ദൂരെ മാറിനില്‍ക്കും.. ഇന്നു പിറന്നാളായിട്ടു പോലും എന്റെ അടുത്ത് വന്നില്ല.. അതാ ഞാന്‍ രാവിലെ അമ്പലത്തില്‍ പോലും പോവാതിരുന്നെ.. അന്നു എനിക്കറിയാരുന്നു മോളാവും എന്ന്.. എത്ര നാള്‍ കൂടിയാണെന്നോ ഞാന്‍ എന്റെ യദുവിന്റെ അടുത്തെത്തിയത്.. തിരക്കുകള്‍ക്കിടയില്‍ രണ്ടിടത്ത് അകപ്പെട്ടുപോയ ഞങ്ങള്‍ വീട്ടില്‍ ഒത്തത് വോട്ട് ചെയ്യാനെന്ന് കള്ളത്തരത്തിലാ.. മെയ് 10 .. അന്നു എലെക്ഷനായിരുന്നു.. ഒരു രാത്രി .. വീണ്ടും ദ്രുവങ്ങളിലേക്ക്... അന്നെ ഞാന്‍ ഉറപ്പിച്ചതാ അതു മോള്‍ തന്നെയാണെന്നു... ഞാന്‍ കണക്കുകൂട്ടി വെച്ചതാ മാര്‍ച്ച് മൂന്നിനു അവള്‍ പുറത്തെത്തുമെന്ന് ...അവള്‍ക്കുള്ള പേരും ഞാന്‍ കണ്ടുവെച്ചിരുന്നു.. എന്നിട്ടെന്റെ മോള്‍ എന്റെ അടുത്തുപോലും വരില്ല..

അച്ഛാ.. ആ നഴ്സ് വരുന്നത് അച്ഛനെ വിളിക്കാനാ.. അമ്മ ഉറങ്ങി.. ഡോക്ടര്‍ ചോദിക്കുമ്പോള്‍ അച്ഛന്‍ എന്താ പറയാ..

അതെ.. ദിയാ .. അവള്‍ ഞങ്ങടെ മോളാ.. ഇന്നു അവളുടെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു.. അതിനിടയിലാ.. ഞാന്‍ എങ്ങിനാ എന്റെ മോളേ കാണിക്കാ.. മാര്‍ച്ച് മൂന്നു വരെ കാത്തിരിക്കാന്‍ ഞങ്ങടെ ദിയക്കായില്ല... അതുകൊണ്ട് അവള്‍ കുറച്ച് ചുവന്നപൂക്കളായ് നേരത്തെ ഇങ്ങുപോന്നു.. അങ്ങിനെയാ ദിവ്യ ...

അച്ഛാ അമ്മയെന്നെ വിളിക്കുന്നു.. ഞാന്‍ പോവാ..

Thursday, April 19, 2007

വരികള്‍ക്കിടയിലൂടെ...

“അല്‍‌ക്കാ, നിനക്കറിയോ ഈ മലനിരകളുടെ പേരെന്തെന്ന്..?”

“ഇല്ല. ഇവിടെ വന്നകാലത്ത് ഞാനും ഒത്തിരി അന്വേഷിച്ചിട്ടുണ്ട്. പക്ഷെ അറിയാന്‍ കഴിഞ്ഞില്ല.

മലകളെ ദൈവങ്ങളാക്കിയ ഇവിടത്തുകാര്‍ എന്തെ ഇവക്ക് പേരിടാതെ പോയത്.“

“അന്നും നമ്മള്‍ ഇതേ വണ്ടിയില്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്..”

“അപരിചിതരെ പോലെ .. അല്ലെ?”

ഇന്നലെകളിലെ ഓര്‍‌മ്മകളില്‍ മുങ്ങിതപ്പാന്‍ തുടങ്ങിയതിനാലാവാം അനന്തു വീണ്ടും മിണ്ടാതെയായി. വഴിതെറ്റിവന്ന ഉറക്കം എന്നെയും വിട്ടുപോയി.ട്രെയിനില്‍ കയറുമ്പോള്‌ സമയം കളയാന്‍ വേണ്ടി വാങ്ങിയ പുസ്തകം കയ്യിലെടുത്തു.

“വരികള്‍‌ക്കിടയിലൂടെ ...” അധികമൊന്നും കേള്‍ക്കാത്ത ഒരു എഴുത്തുകാരന്റെ അത്രയും കേള്‍‌ക്കാത്ത പുസ്തകം‌. എഴുത്തുകാരെ നോക്കി, ആശയം നോക്കി പുസ്തകം വാങ്ങുന്ന ഞാന്‍ എന്തുകൊണ്ടാണ് കവറിന്റെ ഭംഗി മാത്രം കണ്ട് ഇത് വാങ്ങിയതെന്ന് അനന്തു കളിയാക്കിയതാണ്. ഇനിയും ഉദിക്കാത്ത സൂര്യനേയും നോക്കി പുറം തിരിഞ്ഞിരിക്കുന്ന സ്ത്രീരൂപം. എന്തോ, അതെനിക്ക് ഏറെ ഇഷ്ടമായി.

..... ഹൈറേഞ്ച് ഇവിടെ തുടങ്ങുകയാണ്. റബ്ബര്‍ മണക്കുന്ന പട്ടണവഴികള്‍ ഇവിടെ അവസാനിക്കുന്നു. കാടിന്റെ ഗന്ധവുമായെത്തുന്ന മലങ്കാറ്റാണ് നമ്മെ തഴുകി പറന്നകലുന്നത്..... അവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഇടക്കെപ്പൊഴോ അവന്റെ ചോദ്യത്തിന് ഉത്തരം തേടി അവള്‍ തന്റെ ഓര്‍മ്മകളില്‍ ആ മലനിരകളുടെ പേരന്വേഷിച്ചു ....

അനന്തൂ .. ഇത് നോക്ക് .. ഞാന്‍ അനന്തുവിന് പുസ്തകം നല്‍‌കി.

..... ഇവരെ നിങ്ങള്‍‌ക്ക് പരിചയപ്പെടുത്താം .. പേരുകള്‍ക്ക് അര്‍‌ത്ഥമില്ലാത്തതിനാല്‍ നമുക്കവരെ അവനും അവളുമായി കാണാം. നമ്മുടെ, പൂര്‍‌വ്വികരുടെ, വരാനിരിക്കുന്ന തലമുറകളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ....

..... അവര്‍ യാത്രയിലാണ്. പണ്ട് പോയ വഴികളിലൂടെ ഒരു തിരിച്ചു വരവില്‍. അന്ന് ആദ്യമായി അവര്‍ തൊഴില്‍ തേടിയെത്തിയത് അവിടെ ആയിരുന്നു. ദൂരെ ആ മലമുകളില്‍. അവളെത്തും മുമ്പെ അമ്മക്കും അനിയത്തിക്കും തണലാവാന്‍ അവന്‍ അവിടെ എത്തിയിരുന്നു. പ്രാരാബ്ദങ്ങളുടെ പട്ടികയൊന്നും നിരത്താനില്ലെങ്കിലും സ്വന്തം കാലില്‍
നില്‍‌ക്കാന്‍ അവളും. ഒരേ ബസ്സില്‍ ഒരേ വഴിയേ അവര്‍ ഈ മലകള്‍ കയറിയിറങ്ങി. കറുത്ത പ്രതലത്തില്‍ വെളുത്ത വരകള്‍ വരച്ച് അവര്‍ അക്ഷരങ്ങള്‍ തീര്‍‌ത്തു. ഒരേ ചുമരിന്റെ ഇരുപുറങ്ങളില്‍ നിന്ന് അവര്‍ കഥയും കാര്യവും പറഞ്ഞു. എന്നിട്ടും അവര്‍ അപരിചിതരായിരുന്നു ... പരിചിതരായ
അപരിചിതര്‍ ...


“നമ്മളെ പോലെ അല്ലെ?” ഒരു കുസൃതിച്ചിരിയോടെ അനന്തു പുസ്തകം തന്നു. ഇന്നലെകളിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഞാനും.

പുറംവെളിച്ചം കയറാത്ത ലാബില്‍ നിരത്തിവെച്ചിരിക്കുന്ന കമ്പ്യൂട്ടറുകള്‍. കയറിചെല്ലുമ്പോല്‍ വാതിലിനടുത്ത് വലതുവശത്തിരിക്കുന്നതായിരുന്നു അനന്തുവിന് പ്രിയപ്പെട്ടത്. രാവിലെ നേരത്തെ വന്ന് അതിനുമുമ്പില്‍ തപസ്സിരിക്കുന്ന അനന്തു. അവനരികില്‍ ഞാനും ചെന്നിരിക്കും. അവന്‍ പറയുന്ന വലിയകാര്യങ്ങളൊന്നും ഒരിക്കലും എനിക്ക് മനസ്സിലാവാറില്ലായിരുന്നു. എങ്കിലും തലക്ക് കയ്യും കൊടുത്ത് ഞാന്‍ അനന്തുവിനെയും നോക്കിയിരിക്കും. അവന്റെ ശബ്ദത്തിനപ്പുറം ചുമരിലെ നാഴികമണി മാത്രം മിടിക്കുന്നുണ്ടാവും.

“അല്‍ക്കാ... പീരുക്കുന്ന്. നമുക്കവിടെ പോകണം .. ചന്ദനത്തിരി കത്തിച്ച് വെച്ച് പീരുമുഹമ്മദിനോട് പ്രാര്‍ത്ഥിക്കണം.ഫലിക്കാതിരിക്കില്ല”

“എന്ത് പ്രാ‍ര്‍‌ത്ഥിക്കാന്‍ “

ചോദിച്ച് കഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നെന്ന് തോന്നി. അനന്തു കുറെ നേരം എന്നെ തന്നെ നോക്കിയിരുന്നു. പിന്നെ കമ്പിമേല്‍ തലചാരി പുറത്തേക്ക് മുഖം തിരിച്ചു.

.......എല്ലാവരും പറയും, എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാന്‍ ചെയ്തിരിക്കുമെന്ന്. എന്നിട്ടും നിന്നോടത് ചോദിക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. പക്ഷെ എന്തുകൊണ്ടാണ് നീയത് നിഷേധിച്ചത്. എനിക്കറിയാം, നീയെന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും വെറുക്കുന്നില്ലെന്ന്. എന്റെ വേദനകള്‍ മോഹങ്ങള്‍ പിന്നെ മറ്റുള്ളവര്‍ക്ക് തലതിരിഞ്ഞതെന്ന് തോന്നുന്ന എന്റെ ആശയങ്ങള്‍ എല്ലാം ക്ഷമയോടെ കേട്ടിരിക്കാറുള്ളത് നീയായിരുന്നല്ലോ?...ഞാന്‍ അത് പറഞ്ഞിട്ടുള്ളത് നിന്നോട് മാത്രവും .. എന്നിട്ടും ...

ഞാന്‍ പുസ്തകം മടക്കി കണ്ണടച്ചിരുന്നു .. ഇടക്കെപ്പൊഴോ ഉറങ്ങി പോയി ...

“ഇറങ്ങ് കോളേജെത്തി.."

മയക്കത്തില്‍ നിന്ന് ഉണര്‍ന്ന് ഇരങ്ങി നടക്കുമ്പോള്‍ പഴയ തിങ്കളാഴ്ചകള്‍ ഓര്‍‌മ്മയിലെത്തി. കോളേജിന്റെ കവാടത്തില്‍ പുതിയ കമാനം ഉയര്‍ത്തിയിരിക്കുന്നു. മുറ്റത്ത് വലിയൊരു പന്തല്‍. ചൂളമരത്തിന്റെ ചുറ്വട്ടില്‍ സ്റ്റേജ്.

“സാറിനും ടീച്ചറിനും സ്വാഗതം “

നെറ്റിയില്‍ കളഭം ചാര്‍ത്തി സ്വീകരിക്കുമ്പോള്‍ കുളിച്ചിട്ടില്ലല്ലോ എന്ന് ഓര്‍‌ത്തു .

സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോല്‍ കാമ്പസ്സില്‍ കണ്ടത് ഏറെയും പുതുമുഖങ്ങളെ.

“ഹായ് അല്‍ക്കാ ..” സുനിതയുടെ സന്തോഷവും അത്ഭുതവും കലര്‍ന്ന പ്രകടനം

“വേറെ ആരും വന്നില്ലെ “ വഴി പിരിഞ്ഞവരെ ആരെയും കാണാത്തതിനാല്‍ ഞാന്‍ ചോദിച്ചു

“ ആരും വന്നില്ല .. വരുമായിരിക്കും .. മുമ്പും രാവിലെ നേരത്തെ എത്തുന്നത് നീയായിരുന്നല്ലോ”

കാന്റീനില്‍ നിന്ന് കാപ്പികുടിച്ചിറങ്ങുമ്പോള്‍ സുനിതയെ കുട്ടികള്‍ വിളിച്ചു കൊണ്ടുപോയി. പത്തരക്കാണ് പരിപാടി. സമയം ഒമ്പത്..ഞാന്‍ എന്റെ പഴയ സ്ഥാനത്ത് ചെന്നിരുന്നു. വരികള്‍ക്കിടയിലൂടെ നടക്കാന്‍ തുടങ്ങി.

..........മുമ്പ് ഇങ്ങിനെ ആയിരുന്നില്ലാല്ലെ? ദാ.. അവിടെ ആയിരുന്നു മേശ. ഇപ്പുറത്ത് ഞാനും അപ്പുറത്ത് നീയും . നീ മേശ പിടിക്ക്.. നമുക്ക് തല്‍ക്കാലം ഇത് തിരിച്ചിടാം .. പഴയ ഓര്‍‌മ്മക്ക്.. ഇരിക്ക്.. ഹാ.. ഇരിക്കെന്നെ .. ഞാന്‍ ...ഞാന്‍ .. വീണ്ടും ചോദിക്കട്ടെ ആ പഴയ ചോദ്യം ....

“മിസ്സ്... മിസ്സ് വന്നൂന്ന് അറിഞ്ഞു .. ഞങ്ങള്‍ക്ക് ഒത്തിരി സന്തോഷായീട്ടൊ .. ഇത്ര ദൂരെയായതിനാല്‍ വരുമോന്നു സംശയാരുന്നു “

എത്ര ദൂരെ ആയാ‍ലും ഞാന്‍ വരുമെന്ന് അവര്‍‌ക്കറിയില്ലല്ലോ..

അവര്‍ പോയപ്പോള്‍ ഞാന്‍ ഇറങ്ങിനടന്നു. പേരക്കാടുകളിലേക്ക് .. താഴ്വാരത്തിലെ ചോലയിലേക്ക്..

“രാവിലെ തന്നെ പേരക്കയാണോ ഭക്ഷണം “

പുറകില്‍ അനന്തു. ഞാന്‍ പറിക്കാന്‍ നോക്കിയ പേരക്ക അവനെനിക്ക് പറച്ചു തന്നു.. പിന്നെ ഒരു ചോക്ലേറ്റും ..

“നീ വരുമെന്ന് എനിക്കറിയാമായിരുന്നു. ഇന്നലെ തന്നെ വാങ്ങിവെച്ചതാണ്. പഴയതൊന്നും മറക്കാനാവാത്തതിനാല്‍ “

“ഹാ.. നിങ്ങള്‍ ഇവിടെ ഇരിക്കാണോ? ... ഞാനെവിടേയൊക്കെ തിരഞ്ഞെന്നോ ?”

അജിത്..ഒത്തിരി തടിച്ചിരിക്കുന്നു. ഞാനൊന്നും മിണ്ടാത്തതിനാലാവാം അജിത് അനന്തുവിനോടായി..

“എന്താടാ.. സമ്മതിച്ചോ ..?”

അതേ പഴയ ചോദ്യം .. ഞാന്‍ തിരിച്ചു നടന്നു..


സ്വാഗതം.. വീണ്ടും ഒരു വര്ണോത്സവം കൂടി നമ്മള്‍ ഇവിടെ അണിയിച്ചൊരുക്കുന്നു ..പുതിയ ഭാവങ്ങളും താളങ്ങളും തേടി നമുക്ക് കാത്തിരിക്കാം .. കാട്ടിന്‍ നടുവിലെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നമുക്ക് നാടിന്റെ ചലനങ്ങള്‍ക്ക് കാതോര്‍‌ക്കാം ...

കലാലയത്തിന്റെ സാഹിത്യകാരന്‍ ഓരോരുത്തര്‍ക്കും സ്വാഗതമേകി. ഇളംതലമുറയുടെ ഗാനവീചികള്‍ മലമടക്കുകളില്‍ പ്രതിഫലിച്ചു. വേഷത്തിലും ഭാവത്തിലും പരീക്ഷണങ്ങളുമായി അവര്‍ സമൂഹത്തിനു നേരെ തിരിഞ്ഞുനിന്നു. ശരികള്‍ക്കും തെറ്റുകള്‍‍ക്കും അവര്‍ അവരുടേതായ അര്‍ത്ഥങ്ങള്‍ നല്‍കി.

വീണ്ടുമൊരു ഒത്തുചേരലിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. ഒത്തിരി നാളായി പരസ്പരം കണ്ടിട്ട്. ഒരുപക്ഷെ ഇനിയും ഒരു കൂടല്‍ .. അതും സംശയമാണ്. വൈകി വന്നവരെങ്കിലും പലരും അന്നുതന്നെ തിരിച്ചു പോവാനുള്ള ശ്രമത്തിലായിരുന്നു. ഉച്ചതിരിഞ്ഞതോടെ വീണ്ടും ഞാന്‍ തനിച്ചായി.

ക്യാ ഹുവാ തേരേ വാദാ .. വോ കസം വോ ഇരാദാ..

അരങ്ങില്‍ ഗാനമേളക്കാര്‍ പാടിക്കൊണ്ടിരുന്നു ...

നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ചല്ല, നല്‍കാന്‍ കൊതിച്ച് നല്‍കാനാവാതെ പോയവയെ കുറിച്ച് എന്ത് പറയാന്‍ ..

പരിപാടി കഴിഞ്ഞിട്ടും സുനിതയും ആശയുമൊക്കെ തിരക്കിലായിരുന്നു. ഹോസ്റ്റലില്‍ വെച്ച് കാണാമെന്ന് പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി. കോളേജിന് മുന്നിലെ അരമതിലില്‍ ആരുമില്ല. പഴയ ഇരിപ്പിടം. ബസ്സുകാത്ത് ഞങ്ങള്‍ നിരന്നിരിക്കാറുള്ളത് ഇവിടെ ആയിരുന്നു. പക്ഷെ ഇന്ന് ഞാന്‍ തനിച്ചായി പോയി.

......... “എങ്ങോട്ടാ ഈ നടത്തം “

“മലമുകളിലെ വഴികള്‍ നിനക്ക് കണാപാഠമല്ലെ?”


“ഉം .. ഈ മലനിരകളില്‍ കറങ്ങിനടക്കാ‍ന്‍ എനിക്കിഷ്ടമാണ്. എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങള്‍ നടക്കാന്‍ ഇറങ്ങുമായിരുന്നു. ഒരിടത്തു മാത്രം പോയില്ല. വെള്ളച്ചാട്ടത്തിനപ്പുറത്ത് ആ മലയില്ലെ. അതിനുമപ്പുറം ഒരു ഒറ്റയടിപ്പാതയുണ്ട്. അത് അവസാനിക്കുന്നത് ഒരു മുനമ്പിലാണ്. മൂന്ന് വശവും ചെങ്കുത്തായ താഴ്ചയാണ്. ദൂരെ മഞ്ഞുപുതച്ചുനില്‍ക്കുന്ന മലനിരകള്‍. ആ താഴ്വരയില്‍ ആദിവാസികള്‍ ഉണ്ടെത്രെ. എനിക്കവിടെ പോവണം. ഭൂമിയുടെ അറ്റം കാണാന്‍.അവിടെ നിന്ന് ഉറക്കെ പാടണം. ആ മലനിരകള്‍ അതേറ്റു പാടുന്നത് കേള്‍ക്കാന്‍....

“തനിച്ചിരുന്ന് വായിക്കാന്‍ ഇവിടം വരെ വരണോ?”

അനന്തുവിന്റെ ചോദ്യം കേട്ടാണ് ഞാനെണീറ്റത്.

“വാ .. നമുക്ക് നടക്കാം .. അവര്‍ വരുമ്പോഴെക്കും ഹോസ്റ്റലിലെത്താം .. ഇനിയും സമയമുണ്ടല്ലോ ...”

കല്ലുകള്‍ നിറഞ്ഞ വഴികളില്‍ ചെരിപ്പ് പതിയുന്ന ശബ്ദം മാത്രം. പരസ്പരം ഒന്നും പറയാനില്ലാത്തതിനാലോ അതോ എവിടെ തുടങ്ങണമെന്നറിയാത്തതുകൊണ്ടോ രണ്ടുപേരും ഒന്നും മിണ്ടിയില്ല. മഞ്ഞ് കാറ്റ് കൂടിയപ്പോഴാണ് എനിക്ക് പരിചിതമായ വഴികള്‍ കഴിഞ്ഞു പോവുന്നെന്ന് ശ്രദ്ധിച്ചത്.

“അനന്തു.. നമ്മളെങ്ങോട്ടാ...”

ഒരു ചെറുചിരിയോടെ അനന്തുവിന്റെ സ്വതസിദ്ധമായ മറുപടി..

“അതൊക്കെയുണ്ട്..”

“ഞാനൊരിക്കലും ഈ വഴിയെ വന്നിട്ടില്ല”

“നീയൊരിക്കലും പോവാത്തൊരിടം ആണ്. രണ്ടുവര്‍‌ഷം ഇവിടെ നടന്നിട്ടും നീ അവിടെ പോയില്ലെന്ന് എനിക്കറിയാം....ഇനിയൊരിക്കല്‍ നമ്മളിവിടെ വരുമെന്ന് ഉറപ്പില്ലല്ലോ ..?”

മഞ്ഞിന്‍ പുതപ്പിന്‍ കട്ടിയേറിയപ്പോള്‍ ചുരിദാറിന്റെ ഷാള്‍ എടുത്ത പുതച്ചു.

“ഇതാ .. ഇതാണ് ഭൂമിയുടെ അവസാനം... ഈ വഴി ഇവിടെ അവസാനിക്കുന്നു.. ഇതിനപ്പുറം കൊക്കയാണ്.”

ഞാന്‍ പതിയെ മുനമ്പിലേക് നടന്നു. താഴെ ഒന്നും കാണാനാവുന്നില്ല.

“വേണ്ട ആഴം നോക്കണ്ട”...പുറകില്‍ അനന്തു

“നീയൊരു കവിത ചൊല്ല്.. എനിക്ക് മാത്രം കേള്‍‌ക്കാന്‍ .. ദൂരെ മലനിരകള്‍ അതേറ്റു ചൊല്ലും “

നടന്ന് കാല് വേദനിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ അടുത്തു കിടന്ന കല്ലില്‍ ഇരുന്നു. അനന്തു കേമറയുമെടുത്ത് ഒരു ഷോട്ടിനുള്ള വക തേടിപോയി. ഈ ശാന്തതയില്‍ മുമ്പ് വരാതിരുന്നത് വലിയൊരു നഷ്ടമായി തോന്നി. അത്ര സുന്ദരമായിരിക്കുന്നു. വര്‍‌ണ്ണിക്കാന്‍ വാക്കുകള്‍ ഇല്ലാത്ത അവസ്ഥ.

പെട്ടന്നാണ് ഞാന്‍ ഓര്‍‌ത്തത്. ‘അവളും’ ഭൂമിയുടെ അറ്റം തേടിയാണല്ലോ പോയത്. തീരാറായി. അരപേജ് കൂടി.

..നോക്ക്, ഇതാണ് ഭൂമിയുടെ അവസാനം..

അവനൊരു തമാശ പരുവത്തില്‍ ആയിരുന്നു. തന്റെ കേമറക്ക് ഒരു ക്ലിക്ക് കൊടുക്കാന്‍ ഒന്നും കാണാത്തതിനാല്‍ അവന്‍ അവളേയും നോക്കി പുറകിലേക്ക് ചുവടുകള്‍ വെച്ചു .. പതുക്കെ .. പതുക്കെ ...

“ഓക്കെ .. സ്മൈല്‍ പ്ലീസ്..

“അല്‍കാ.. ലുക്ക് ഹിയര്‍ .. സ്മൈല്‍ പ്ലീസ്...”

ഒരു പുഞ്ചിരിയോടെ ഞാന്‍ അനന്തുവിന് നേരെ തലയുയര്‍‌ത്തി. മഞ്ഞിന്‍ കണങ്ങള്‍ക്കിടയിലൂടെ അനന്തു താഴ്വരയുടെ ആഴവും തേടി പറന്നു പോവുന്നു .

താഴെ വീണ പുസ്തകത്തില്‍ വായിച്ചുതീര്‍ക്കാ‍ന്‍ ഒരു വരികൂടി ബാക്കിയായിരുന്നു.


Wednesday, April 18, 2007

പെണ്‍മഴ

മഴക്കഥകള്‍ മഴ പോലെയാണ്. ഓരോ മഴയിലും എണ്ണം മറന്ന മഴത്തുള്ളികളായി അത് പെരുകികൊണ്ടിരിക്കും. പിന്നെ മഴനൂലുകള്‍ പോലെ നീണ്ടു പോവും. പറഞ്ഞാല്‍ തീരാത്ത മഴക്കഥകളുമായ് ഓരോ കാലവര്‍ഷവും തുലാവര്‍ഷവും കടന്നുവരും. ഇതിനിടയില്‍ ആരെങ്കിലും ചോദിക്കാറുണ്ടോ മഴ ആണോ പെണ്ണോ എന്ന്.
ഒരു പെണ്‍മനസ്സില്‍ മഴയ്ക്കെന്നും പെണ്‍മുഖമാണ്. തലവഴിയെ പുതപ്പു വലിച്ചിട്ട് ചുരുണ്ടുകൂടി ഉറങ്ങാന്‍ കൊതിപ്പിക്കുന്ന പുലരിമഴക്ക് അമ്മഭാവമാണ്. മുടിച്ചുരുളുകളില്‍ വിരലോടിച്ച് മറുകയ്യാല്‍ പുറത്ത് താളം തട്ടി ഉറക്കുന്ന അമ്മയുടെ താരാട്ടിന്റെ ഈണം.
പക്ഷെ കണ്‍തുറന്നു ഒരിത്തിരി ഉറക്കച്ചടവുമായി മഴയെ നോക്കുമ്പോള്‍ മുഖത്തേക്ക് വെള്ളം തെറിപ്പിക്കുന്നത് ഒരു മധുരപതിനേഴുകാരിയല്ലെ? കിലുക്കാംപെട്ടിപോലെയുള്ള ആ ചിരിയില്‍ പറന്നെത്തുന്ന ഇളം തണുപ്പില്‍ നമ്മളും ഉണര്‍ന്നുപോവില്ലെ!
ഉച്ചമഴകള്‍ക്ക് പാകതയും പക്വതയുമുള്ള മധ്യവയസ്കയുടെ രൂപമാണ്. അവ അപൂര്‍വ്വമായല്ലാതെ, ഏറെയൊന്നും പൊട്ടിത്തെറിക്കാറില്ല .. നമ്മുടെ കണ്‍മുന്നില്‍ മാനത്ത് കാര്‍മേഘങ്ങളെ അണിയിച്ചൊരുക്കി പെയ്തൊഴിഞ്ഞു പോവുന്നു. ആ വരവും പോക്കും എല്ലാം നമ്മള്‍ കണ്ടറിയുന്നു.
തെളിയുന്ന വെയിലില്‍ പെയ്യുന്ന മഴക്ക് വിടര്‍ന്നു ചിരിക്കുന്ന ഒരു യുവതിയുടെ സൌന്ദര്യമില്ലെ? എങ്കിലും നമ്മള്‍ ഏറ്റവും കൂടുതല്‍ ചീത്തവിളിക്കുന്നതും ഈ പകല്‍ മഴകളെ തന്നെ.
അന്തിമഴ അകലാത്ത അതിഥിയാണ്. എന്നാല്‍ അവള്‍ക്കൊരു ഏകാകിനിയുടെ ഭാവമാണ്. ആര്‍ത്തലച്ചു പെയ്താലും ചന്നംപിന്നം ചിതറിവീണാലും അതില്‍ അടക്കിവെച്ച തേങ്ങല്‍ കേള്‍ക്കാം.
രാത്രിമഴ ഭ്രാന്തിയെപോലെയെന്ന് കവിഭാവന. ശരിയാണ്, രാവുറങ്ങുമ്പോള്‍ അവളുടെ ജല്‌പനങ്ങള്‍ ആരും കേള്‍ക്കാതെ പോവുന്നു. മുടിയിട്ടുലച്ചും നെഞ്ചത്തലച്ചും അവള്‍ പെയ്ത് തോരുന്നതു പോലും ആരുമറിയാതെയാണെന്ന് മാത്രം. സുഖസുന്ദരമായ ഒരു ഉറക്കത്തിനിടയില്‍ ഇടക്കൊന്നുണര്‍ന്നാല്‍ തന്നെ ഈ ഭ്രാന്തിയെ ആരു ശ്രദ്ധിക്കാന്‍?
ഇതാ വീണ്ടും ഉരുകിയൊലിക്കുന്ന വേനല്‍ ചൂടില്‍ മഴകുഞ്ഞുങ്ങള്‍ പിറക്കാന്‍ തുടങ്ങിയിരിക്കുന്നു .. വേനല്‍ മഴകളായി. ആ ഉതിര്‍ന്നുവീഴുന്ന ഓരോ തുള്ളിയിലും ഒരു സാന്ത്വനസ്പര്‍ശമില്ലെ.. അതിലും ഒരു തരിവളകിലുക്കം കേള്ക്കനാണ് എനിക്കിഷ്ടം.
ഇഴപിരിഞ്ഞുകിട്ടാത്ത പെണ്‍മനം പോലെ മഴയങ്ങിനെ പെയ്തിറങ്ങുകയാണ്... പെണ്‍മഴ

Thursday, April 12, 2007

ഉത്തരായണം

നിന്റെ പ്രണയത്തിന്റെ തീവ്രതയളന്നിരുന്നത് ,
എന്റെ മൊബൈലിലെ ഊര്‍‌ജ്ജക്കട്ടകളുടെ മരണം കൊണ്ടാണ്‍`.
നേരാനുപാതത്തില്‍ അവര്‍‌ വരച്ചിരുന്നത് ,
നമുക്കിടയില്‍ പറക്കുന്ന പ്രണയചിന്തകളുടെ രേഖീയചിത്രം .
ഒരു രാവുണര്‍ന്നിരിക്കാന്‍ തികയാതിരുന്നവര്‍
ഒരാഴ്ച ഓടിയെത്തുന്നതില്‍ നിന്നാണ്‍`
ഞാന്‍ വിപരീതാനുപാതത്തിന്റെ വളര്‍‌ച്ചയറിഞ്ഞത്

എന്റെ ജല്പനങ്ങളില്‍ പോലും
നീ പ്രണയം വായിച്ചെടുത്തിരുന്നത്
ഇന്നെന്റെ കണ്ണീരില്‍ പോലും
മറ്റാരുടെയോ പ്രണയം തിരയുന്നു
ഒപ്പം എന്റെ നിശ്വാസത്തില്‍
ആരുടെയോ ശ്വാസവും

ഒരു ഫെബ്രുവരികൂടി ..........
നീയൊരു വലയൊരുക്കുക
മാര്‍‌ച്ചില്‍ പറന്നെത്തുന്ന
കിളിക്കൂട്ടങ്ങളേ വരവേല്‍‌ക്കുക
സെപ്റ്റംബറിലെ പൂക്കൂടയില്‍
വീണ്ടും പൂവിറുക്കുക
ഡിസംബറിലെ മഞ്ഞില്‍
മടുപ്പിന്റെ പുതപ്പണിയുക
കാത്തിരിക്കുക,
വീണ്ടും ഫെബ്രുവരികള്‍
പിറക്കാതിരിക്കില്ല