Wednesday, August 27, 2008

സ്വര്‍ഗ്ഗത്തിലൊരു പുസ്തക പ്രസാധനം

ഞാന്‍ ബ്ലൊഗെഴുതാന്‍ തുടങ്ങിയപ്പോള്‍ നിറയെ മരണവും പ്രണയവുമാണെന്ന് പലരും പറയുമായിരുന്നു.. രണ്ടും എനിക്ക് പ്രിയപ്പെട്ടതാണ്.. മരണം ഒരു തണുത്ത സ്പര്‍ശവുമായി എത്തുമ്പോള്‍ പ്രണയം ഇളം ചൂടുള്ള തലോടലാവുന്നു.. പലപ്പൊഴും ആവര്‍ത്തനമെന്ന് പലരും പറഞ്ഞിട്ടും ഇടക്കൊക്കെ ഞാനെഴുതുന്നതിലൊക്കെ ഇവ രണ്ടും കടന്നു വരുമായിരുന്നു.. മന:പൂര്‍വ്വമായല്ലെങ്കിലും വിളിക്കാത്ത അതിഥിയായി..
എന്റെ പഴയകൂട്ടുകാര്‍ക്ക് പോലും എന്റെ ബ്ലോഗിനെ കുറിച്ച് ഒന്നുമറിയില്ല.. അറിയുന്നവരില്‍ അധികവും നെറ്റില്‍ കയറുന്നവരുമല്ല.. രണ്ടും അറിയുന്നവര്‍ക്ക് ഇതിലത്ര താത്പര്യവുമില്ല.. എങ്കിലും എന്തുകൊണ്ടോ വായിക്കും എന്നറിയാവുന്നവരോട് എനിക്കൊരു ബ്ലൊഗ് ഉണ്ടെന്നുപറയാന്‍ എനിക്കെപ്പൊഴും ഭയമായിരുന്നു... എന്റെ ഒളിയിടം അവര്‍ കണ്ടെത്തുമെന്ന ഭയം.. അതു കൊണ്ടാണ് ഉണ്ടാവുമെന്ന് വിശ്വാസത്തില്‍ എന്റ്റെ ബ്ലൊഗ് ഐഡി ചോദിച്ചൊരാളോട് ചിരിച്ചുകൊണ്ട് നിരസിക്കേണ്ടി വന്നത്..
മാര്‍ച്ച് ഏപ്രിലില്‍ ‍ വെയില്‍ മൂക്കുമ്പോള്‍ ഞങ്ങളുടെ ഓഫീസ് വരാന്തകളിലും കോണിചുവടുകളിലും ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കും.. സ്ഥലം‌മാറ്റം കാത്തിരിക്കുന്നവരും, മാറ്റപ്പെടരുതെ എന്ന് പ്രാര്‍ത്ഥിക്കുന്നവരും ഊഹാപോഹങ്ങളില്‍ മുങ്ങിപൊങ്ങും.. മെയ് ജൂണില്‍ കൂടുമാറ്റപ്പെട്ടവര്‍ പുതിയകൂടുകളില്‍ ചേക്കേറാനെത്തും.. ഓഫീസ് ബസ്സിലും കാന്റീനിലും കാണുന്ന പുതിയ മുഖങ്ങള്‍ കുറച്ചു നാളത്തേക്ക് എല്ലാവര്‍ക്കും ഒരു കാഴ്ചയാവുന്നു.. അങ്ങിനെ ഒരു കാഴ്ചയായാണ് ഒരിക്കല്‍ ഞാന്‍ ആ ചിരിക്കുന്ന മുഖവും കണ്ടത്.. ഒരു വെടിച്ചില്ലിന്റെ വേഗതയില്‍ ഞങ്ങളുടെ ഓഫീസ് റൂമിലെത്തി ഒരു ഹായ് വെച്ച് അതെ വേഗതയില്‍ തിരിച്ചു പോവും മുമ്പ് എനിക്കെന്നും ഒരു ചിരികിട്ടുമായിരുന്നു.. "നല്ല സ്മാര്‍ട്ട്" എന്ന എന്റെ കമന്റിന് സഹപ്രവര്‍ത്തകന്‍ എന്നെ കളിയാക്കി ചിരിക്കുമ്പം, ഇതിലെന്തിത്ര കളിയാക്കാന്‍ എന്ന് മുഖം കോട്ടുന്നതും ഒരു രസം തന്നെ.. അവരിരുവരും ദിവസവും നാലു മണിക്കൂര്‍ നീളുന്ന ട്രെയിന്‍ യാത്രയിലെ സഹയാത്രികരായിരുന്നു.. ഇടനാഴികളിലെ കണ്ടുമുട്ടലുകളില്‍ ഒരു ചിരി, രാവിലെ കാണുമ്പോള്‍ ഒരു സുപ്രഭാതം ഇതൊക്കെ മാത്രമായിരുന്നു ഞങ്ങള്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകള്‍.. പക്ഷെ എല്ലയിടത്തും എണ്ണം വെച്ച് ഏവരുമായി കൂട്ടാവാന്‍ അദ്ദേഹത്തിന് അധികകാലമൊന്നും വേണ്ടിവന്നില്ല.. തങ്ങളുടെ തലക്കു മുകളില്‍ വളര്‍ന്നു പോയാലൊ എന്ന ഭയമാവാം പലരും പാരകളാവാന്‍ തുടങ്ങിയതും സുഖകരമല്ലാത്ത അന്തരീക്ഷത്തില്‍ നിന്നു രക്ഷപ്പെടാന്‍ വീണ്ടുമൊരു മാറ്റം ചോദിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.. ഈ കാത്തിരിപ്പിന്റെ കാലത്താണ് ഞാന്‍ ഇദ്ദേഹത്തെ കൂടുതല്‍ അറിഞ്ഞത്..
പതിവു പോലെ ഞങ്ങളുടെ കാബിനില്‍ പ്രഭാത സന്ദര്‍ശനത്തിനെത്തിയതായിരുന്നു.. "ഞാനൊരു കാര്യമറിഞ്ഞു" എന്ന് പറഞ്ഞ് ഒരു ചിരികിട്ടിയപ്പോള്‍ എന്താണ് കാര്യം എന്നറിയാനുള്ള ആകാംക്ഷ സ്വാഭാവികമല്ലെ? ഒപ്പം ചോദിക്കരുത് എന്ന് എന്റെ സഹപ്രവര്‍ത്തകന്റെ ശബ്ദമുയര്‍ന്നപ്പോള്‍ എന്തെന്ന് അറിഞ്ഞെ തീരൂ എന്നത് ഒരു വാശിയും.. ഒന്നര മാസം നീണ്ടുനിന്ന നല്ലൊരു സൌഹൃദത്തിന്റെ തുടക്കമായിരുന്നു അത്.. ഓഫീസില്‍ കൂട്ടുകളില്ലെങ്കിലും ഈ മതില്‍ക്കെട്ടിനു പുറത്ത് എനിക്ക് കൂട്ടുകാര്‍ ധാരാളമാണ്.. അതിലൊരാളുടെ സുഹൃത്ത് അദ്ദേഹത്തിന്റെയും സുഹൃത്താണെന്നതാണ് എന്നെ കുറിച്ചുള്ള ചില വിവരങ്ങള്‍ കിട്ടാന്‍ ഒരു വളഞ്ഞ വഴിയായത്..
എന്റെ എഴുത്തിന്റെ തുടക്കം ഈ ബ്ലോഗിനു പുറത്താണ്.. കോളേജ് മാഗസിനിലൊ ഓഫീസ് ഇന്‍സൈഡുകളിലൊ ഞാന്‍ എഴുതാറില്ല.. ഞാന്‍ പറഞ്ഞില്ലെ, ഞാന്‍ ഏറ്റവും ഭയക്കുന്നത് എന്റെ കൂടെയുള്ളവരെയാണ്.. പക്ഷെ അതിനുമപ്പുറം എനിക്ക് കിട്ടിയ കൊച്ചു കൊച്ചു അവസരങ്ങള്‍.. പടര്‍ന്നു പന്തലിച്ച വലയിലെ അധികമാരും കേറിയെത്താത്ത, എത്തിയാലും അതു ഞാനാണെന്ന് തിരിച്ചറിയാത്ത ചില ഒളിയിടങ്ങള്‍.. അവയിലെ അക്ഷരങ്ങള്‍ കടലാസില്‍ പകര്‍ത്തി നല്‍കിയത് പത്രപ്രവര്‍ത്തനത്തില്‍ ഒന്നാം റാങ്കു നേടിയ ഒരാളുടെ അഭിപ്രായമറിയുക എന്ന ഉദ്ദേശത്തോടെയായിരുന്നൊ എന്ന് എനിക്കത്ര ഉറപ്പില്ല.. എന്നാലും പലതവണ ചോദിച്ചപ്പോള്‍ കൊടുത്തു വെന്നതാണ് ശരി.. പ്രിന്റില്‍ താഴെ വന്ന ഇമെയില്‍ ഐഡി കത്രികയെടുത്ത് വെട്ടി കളയുമ്പോള്‍‍ ബ്ലൊഗിലേക്കൊരു കൈചൂണ്ടിയാവരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു... ഞാന്‍ കൊടുത്ത കടലാസുകളില്‍ ഇഷ്ടപ്പെട്ട വരികള്‍ ഓറഞ്ച് മാര്‍ക്കര്‍ വെച്ച് അടയാളപ്പെടുത്തി പിറ്റേന്ന് രാവിലെ തന്നെ എന്നെ കാണാനെത്തി.. പക്ഷെ അന്ന് ഒമ്പതുമണിക്കുമുമ്പെ തിരക്കുപിടിച്ചു പോയ ഞാന്‍ ഒരു സംഭാഷണത്തിനുള്ള സാഹചര്യത്തിലായിരുന്നില്ല.. അതിലേറെ,, ഞാന്‍ കൊടുത്തത് വായിച്ചിരിക്കുമെന്നൊ അഭിപ്രായം പറയാനാണ് വന്നതെന്നൊ പ്രതീക്ഷിച്ചതുമില്ല.. രണ്ടുനാള്‍ക്ക് ശേഷം ഇന്റര്‍നെറ്റ് കണക്ഷനെ ഇടിവെട്ടി ഒന്നും ചെയ്യാനില്ലാതിരിക്കുമ്പൊഴാണ്, ഇതിനെ കുറിച്ച് വീണ്ടും ആലോചിച്ചത്..
തിരക്കില്ലാത്തതിനാല്‍ ഒരുപാട് നേരം ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു.. കുറെ നല്ല വാക്കുകള്‍.. അതിലേറെ തിരുത്തുകള്‍.. മാറ്റേണ്ട വഴികള്‍.. കൈവിടരുതാത്ത അക്ഷരകൂട്ടങ്ങള്‍.. ഒരു പക്ഷെ അന്നേരം ഞാനൊരു ജേണലിസം ക്ലാസിലായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം..
വായിച്ചു തിരിച്ചു തന്ന കടലാസുകഷണങ്ങള്‍ ഞാന്‍ കയ്യില്‍ പിടിച്ച് ചുരുട്ടിക്കൊണ്ടിരുന്നു.. ഇനി പറയേണ്ടത് ഇവിടെ ആരോടും പറയല്ലെ എന്നൊരൂ അപേക്ഷയാണ്.. ചുവരുകള്‍ക്ക് പോലും കണ്ണും കാതും ഉണ്ടെന്നിടത്ത് ഒരു നോട്ടപ്പുള്ളിയാവാന്‍ എനിക്ക് താത്പര്യമില്ലെന്നതു തന്നെ.. അതിലേറെ ഒരു പാട് നാള്‍ ഒളിച്ചുവെച്ച് ഒരുനാള്‍തുറന്നു പറയേണ്ടി വരുന്നതിന്റെ പ്രശ്നവും.. ആ ഒരു വാക്കിനു പകരം എനിക്കും ഒരു വാഗ്ദാനം നല്‍കേണ്ടിയിരുന്നു..
" എന്റെ ഏറ്റവും വലിയ മോഹമാണ് ഒരുപബ്ലിഷിങ് ഹൌസ്.. ഏറിയാല്‍ ഒരു അഞ്ച് കൊല്ലം.. അപ്പൊഴെക്കും ഞാന്‍ ഇവിടം വിടും.. ഈ ഓഫീസും ഫയലും എല്ലാം മടുത്തിരിക്കുന്നു.. മകന്റെ പഠിത്തം കഴിയും വരെ.. പിന്നെ എന്റെ സ്വപ്നലോകത്തേക്ക് എനിക്ക് മാറണം.. ഞാന്‍ ഇപ്പൊഴെ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്..
അന്ന് എനിക്കീ കുറിപ്പുകള്‍ തരണം.. പുസ്തകമാക്കാന്‍... "
മറ്റാരെങ്കിലുമായിരുന്നെങ്കില്‍ കളിയാക്കുകയാണൊ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചേനെ... പക്ഷെ ആ വാക്കുകളില്‍ ഉണ്ടായിരുന്നത് ഒരു വിശ്വാസമായിരുന്നു.. "തരാം" എന്നു പറഞ്ഞു പിരിഞ്ഞു..
എഴുത്തിന്റെ വഴിയില്‍ പലപ്പൊഴും എനിക്ക് ഒരു പാട് സഹായങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം തന്നിട്ടുണ്ട്... നന്ദിയോടെ മാത്രം സ്മരിക്കാവുന്ന വിലപ്പെട്ട സഹാ‍യങ്ങള്‍.. പിന്നെ സ്ഥലം മാറ്റത്തോടെ ദൂരെയായി പോയപ്പോള്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഞാനൊരിക്കലും വിളിച്ചില്ല.. എഴുത്തിന്റെ വഴിയിലെ നല്ലവാര്‍ത്തകള്‍ അറിയിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടും എനിക്കത് പാലിക്കാനായില്ല.. പിഴ എന്റ്റെ വലിയ പിഴ...
ഇപ്പോള്‍ ഇതൊരു നന്ദി പ്രകാശനമല്ല.. ആദരാഞ്ജലികള്‍ മാത്രം... ശനിയാ‍ഴ്ച നടന്ന ഒരു അപകടത്തില്‍ സജീവമായിരുന്ന ഒരു ജീവന്‍ നിര്‍ജ്ജീവമായ തലച്ചോറും മിടിക്കുന്ന ഒരു ഹൃദയവുമായി മാറി.. ആശയങ്ങളും സ്വപ്നങ്ങളും നിറഞ്ഞിരുന്നിടത്ത് ചിന്തകളില്ലാതെ എന്തിനു ജീവന്‍ ബാക്കി വെക്കുന്നു എന്നു തോന്നിയതിനാലാവാം രണ്ടു ദിവസം മുമ്പ് ആ പിടപ്പും നിന്നു..
ഇന്ന് രാവിലെ പതിനൊന്നുമണിക്ക് ഒരു ചിതയെരിയാന്‍ തുടങ്ങിയിരിക്കും.. നാളെയെന്റെ ബ്ലൊഗിനു രണ്ടുവയസ്സാവും.. അക്ഷരങ്ങളുടെ വഴിയില്‍ കിട്ടിയ കൈത്തിരിക്കായ് ദൂരെയിരുന്ന് മനസ്സുകൊണ്ടൊരു പ്രണാമം...

Monday, August 25, 2008

ആക്രിയുണ്ടോ ആക്രി...

പഴയ കുപ്പിയും പാട്ടയും എല്ലാം വീടിനു പുറകില്‍ കൂട്ടിയിടുമ്പോള്‍ അമ്മ പറയും, ആക്രിക്കാരു വരുമ്പോള്‍ കൊടുക്കാമെന്ന്.. വലിയ വിലയൊന്നും കിട്ടിയില്ലെങ്കിലും വീട്ടില്‍ കൂടികിടക്കുന്ന ഈ ആവശ്യമില്ലാത്ത വസ്തുക്കള്‍ ഒഴിവാക്കാനൊരു വഴിയായിരുന്നു ഇത്.. ജോലിയൊന്നുമില്ലാത്ത സ്വന്തം വരുമാനമില്ലാത്ത വീട്ടമ്മമാരുടെ സ്വകാര്യസമ്പാദ്യത്തിലേക്ക് ഒരു മുതല്‍ കൂട്ടും.. ഒഴിഞ്ഞ കുപ്പിയും ചളുങ്ങിയ പാട്ടയുമൊക്കെ മഴനനഞ്ഞും പൊടിപിടിച്ചും കച്ചവടക്കാരുടെ വരവും കാത്തു കിടക്കും.. മുഷിഞ്ഞു നാറിയ വേഷവും മുതുകത്തൊരു ചാക്കുമായി വരുന്നവരില്‍ നിന്നല്ലെ നമ്മള്‍ ഈ ആക്രി എന്നൊരു വാക്ക് പഠിച്ചതു തന്നെ.. പക്ഷെ ഇപ്പൊ ആക്രിക്കൊക്കെ എന്താ വില.. ഓരോരുത്തരുടെയും വില നിശ്ചയിക്കുന്നത് പോലും ആക്രിയുടെ എണ്ണത്തിന്റെയും വണ്ണത്തിന്റെയും കണക്കിലാ..

അങ്ങിനെയും ഒരു കണക്കൊ എന്ന് സംശയിക്കുന്നവരെ, നിങ്ങള്‍ വെറും ആക്രിയെന്ന് ചിലപ്പോള്‍ ചിലര്‍ വിളിച്ചെന്നു വരും.. ഇംഗ്ലിഷ്കാര്‍ ഈ ആക്രിക്ക് കണ്ട് പിടിച്ച വാക്ക് സൌഹൃദത്തിന്റെ ബാരോമീറ്റര്‍ ആവുമെന്ന് ആരോര്‍ത്തു.. അതൊ ഇന്നത്തെ കൂട്ടുകെട്ടുകള്‍ക്ക് ചപ്പുചവറിന്റെ വിലയെ ഉള്ളു എന്നാണോ?..

പഴയ കൂട്ടുകാരിയുടെ കല്ല്യാണത്തിനൊരു വിളിവന്നപ്പൊ, "ഇപ്പൊഴാണല്ലെ എന്നോട് പറയുന്നെ" എന്നൊരു പരിഭവം.. ഓട്ടോഗ്രാഫിന്റെ പഴയ താളുകളില്‍ എന്തു മറന്നാലും കല്ല്യാണക്കുറി അയക്കാന്‍ മറക്കരുതെന്നല്ലെ നമ്മള്‍ ഓര്‍മ്മപെടുത്താറ്.. ഫോണുണ്ടായിട്ടും നീ എന്നെ വിളിച്ചില്ലല്ലൊ എന്ന് പിണക്കം മൂക്കുമ്പോ മറുപുറത്തുനിന്നു വരുന്ന മറുപടി..

"അതു പിന്നെ ... ഞാന്‍.. എന്നെ പെണ്ണു കാണാന്‍ വന്നതു മുതല്‍ എല്ലാ കാര്യവും ഞാന്‍ സ്ക്രാപ്പ് ഇട്ടിരുന്നല്ലോ?"

"അതെന്ത് ആക്രി" എന്ന ആത്മഗതം ഉറക്കെയായി പോയോ? സാരമില്ല.. നിങ്ങള്‍ ഇത്തിരി ഔട്ട്‌ഡേറ്റഡ് ആയില്ലെ എന്നൊരു സംശയം..

ഏതെങ്കിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ നിങ്ങള്‍ അംഗമല്ലെങ്കില്‍ ഇതു പോലെ ഒന്നും അറിയാതാവുന്ന കാലം വിദൂരമല്ല.. പ്രിയപ്പെട്ടവരുടെ വിശേഷങ്ങള്‍ അറിയാന്‍ പോസ്റ്റ്‌മാനു വേണ്ടി കാത്തിരുന്നതൊക്കെ അങ്ങ് വിദൂരഭൂതത്തില്‍ ആണ്.. പിന്നെ ഫോണിന്റെ ബഹളമായെങ്കിലും പോക്കറ്റ് ചോരുമെന്നതിനാല്‍ അത്യാവശ്യഘട്ടങ്ങളിലൊഴിച്ച് എഴുത്തുകള്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു.. എന്നാലും അക്ഷരമെഴുതാത്ത ഒരു തലമുറയെ സൃഷ്ടിച്ച് മുന്നേറുന്ന ആധുനിക വിവര സാങ്കേതിക വിദ്യയാണ്, ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ആക്രിയെ ഇത്രയും പ്രിയപ്പെട്ടതാക്കിയത്... ഇമെയില്‍ തുടക്കമിട്ടത് തുടക്കവും ഒടുക്കവും ഇല്ലാത്ത, പറയാനുള്ളത് നേരെ ചൊവ്വെ പറയുന്ന, കാര്യമാത്ര പ്രസക്തമായ ആശയവിനിമയത്തിനായിരുന്നു.. സ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ച കത്തെഴുത്തിന്റെ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തുന്ന പുതിയ രീതി.. "എത്രയും പ്രിയപ്പെട്ട.. " എന്നൊരു തുടക്കവും "എന്ന് സ്വന്തം.." എന്നൊരു ഒടുക്കവും എവിടെയൊ കൈമോശം വന്നതല്ലെ.. ഇമെയില്‍ അവതരിച്ചപ്പൊഴൊ ഔപചാരികതകള്‍ ചേര്‍ത്തു കെട്ടിയിരുന്നില്ല.. പക്ഷെ വഴിയില്‍ നഷ്ടമായത് അക്ഷരങ്ങള്‍ ആയിരുന്നു.. ഏതെങ്കിലും ഒരു വാക്കിന്റെ സ്പെല്ലിങ് എന്തെന്നു പോലും ആരും ഇമെയില്‍ എഴുതുമ്പോല്‍ ആവലാതി പെടാറില്ല.. ഭാഷ ആശയവിനിമയത്തിനാണെങ്കില്‍ എന്തിനു സ്പെല്ലിങും ഗ്രാമറും, അല്ലെ? പക്ഷെ, അപ്പൊഴും സ്വകാര്യതയുടെ ഒരു മറയുണ്ടായിരുന്നു.. വലയിലെ കള്ളന്‍‌മാര്‍ ഒളിഞ്ഞു നോക്കുന്നെന്ന് സംശയിച്ചാലും, അടുത്തിരിക്കുന്നവരെങ്കിലും കാണുന്നില്ലല്ലൊ എന്നൊരു സന്തോഷം.. പക്ഷെ ഈ ആക്രിയെഴുത്ത് ആ സ്വകാര്യത കൂടി ഇല്ലാതാക്കിയില്ലെ?


ഏഴു പേര്‍ മാത്രമുണ്ടായിരുന്ന തന്റ്റെ ഓര്‍കൂട്ടില്‍ കൂട്ടുകാരുടെ കൂട്ടുകാരുടെ കൂട്ടുകാരായി വന്നു ഏഴുനൂറില്‍ അധികം ആളുകളായ കഥയൊരാള്‍ പറഞ്ഞു.. ആരൊ ഇട്ട ആക്രിയില്‍ നിന്നും നാടും വീടും തന്റെ കൂട്ടുകാരെയും അറിഞ്ഞ്, അറിഞ്ഞതിന്റെ വാലില്‍ പിടിച്ച് കൂടുതല്‍ അറിയാനെത്തുന്നവരും.. അവസാനം ആ കൂട് പൂട്ടികെട്ടിയ കഥാന്ത്യവും..

കാലങ്ങള്‍ക്ക് മുമ്പ് കണ്‍‌വെട്ടത്ത് നിന്ന് കുറച്ചു കാലം മാറിനില്‍കേണ്ടി വന്നാല്‍ ചോദിച്ച് വെച്ചിരുന്നതായിരുന്നു മേല്‍‌വിലാസങ്ങള്‍.. പിരിഞ്ഞു പോവുന്നവരും പരസ്പരം കൈമാറിയിരുന്നതും വീടിന്റെയും നാടിന്റെ തണലില്‍ സ്വന്തമായൊരിടത്തിന്റെ വിവരം.. പിന്നെയെപ്പൊഴൊ വലിച്ചു നീട്ടാത്ത ഒറ്റവരി മേല്‌വിലാസമായി, വലയിലൊരിടം സ്വന്തമാക്കി.. ഒപ്പം മൊബൈല്‍ പ്രളയത്തില്‍, ചവിട്ടിനില്‍ക്കുന്ന മണ്ണുപോലും സ്വന്തമെന്ന് പറയാനാവാത്തവര്‍ക്കും സ്വന്തം നമ്പറായി.... പത്തക്കങ്ങളുടെ പെര്‍മ്യൂട്ടേഷന്‍ കോമ്പിനേഷന്‍.. അപ്പൊഴും ഒന്നിനോടോന്നെന്ന ബന്ധമുണ്ടായിരുന്നു... തലചായ്കാനിടമില്ലാത്തവര്‍ക്ക് മേല്‌വിലാസമായിരുന്ന പെട്ടികടകളെ കുറിച്ച് അഞ്ചലോട്ടക്കാരനായിരുന്ന അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.. ആ അച്ഛന്റെ പേരക്കിടാങ്ങള്‍ ആക്രിയുടെ ആരാധകരാണ്... എഴുത്തയച്ചില്ലെങ്കിലും ഒരു ഈമെയിലെങ്കിലും അയച്ചൂടെ എന്ന് പഴയതിനും പുതിയതിനും ഇടയില്‍ പെട്ടുപോയ ഈ ചിറ്റ ഇടക്കൊക്കെ ഒന്നു ചൊടിക്കുന്നു.. എല്ലാരും ഓര്‍ക്കുട്ടില്‍ ഉണ്ട്.. അതില്‍ കൂടാത്തതു കൊണ്ടല്ലെ എന്ന് അവര്‍ തിരിച്ചടിക്കുന്നു... തനിക്ക് വന്ന ആക്രിയെഴുത്തുകളുടെ എണ്ണം പറഞ്ഞാണ് ചിലരൊക്കെ വലിയവരാകുന്നത്.. തന്റ്റെ കൂട്ടില്‍ വിരുന്നെത്തുന്ന കിളികളുടെ എണ്ണത്തില്‍ മറ്റു ചിലരും.... പത്തു വര്‍ഷത്തിനു ശേഷം കോളേജില്‍ ഒത്തു കൂടിയപ്പൊഴും മിക്കവരും ചോദിക്കുന്നത് കൂട്ടിലെ വിലാസം തന്നെ.. തരാനായി അങ്ങിനെ ഒരു വിലാസമില്ലെന്ന് പറയുമ്പോള്‍ കൂട്ടം വിട്ടുപോയ ഒറ്റക്കിളിയാവുന്നു ഞാന്‍..

"ഹായ്" എന്നൊരു സാദാ കുശലാന്വേഷണം മുതല്‍ മരണ‌അറിയിപ്പുപോലും ഇതു വഴി നടത്തിയെന്നിരിക്കും.. കുടുംബവിശേഷങ്ങളും സ്വന്തം കാര്യങ്ങളുമെല്ലാം മറ്റുള്ളവര്‍ക്കായി പങ്കുവെക്കാനായും ഇതു തന്നെ എളുപ്പവഴി.. പക്ഷെ എനിക് നിന്നോട് പങ്കുവെക്കാനുള്ളതെന്ന സ്വകാര്യത ഇവിടെ നഷ്ടമാവുന്നില്ലെ.. അവള്‍ അല്ലെന്കില്‍ അവന്‍ എന്നോട് പറഞ്ഞതാണ് അതെന്ന് ഒരു കാത്തുവെക്കലും കൈവിട്ടുപോവുന്നു..

കത്തെഴുത്തുകള്‍ വഴിയിലെവിടെയൊ എനിക്കും കൈമോശം വന്നതാണ്.. ഇമെയില്‍ ഇന്നും ചെവിയിലൊരു കുറുകല്‍ പോലെ എന്റെ സ്വകാര്യതകളും സന്തോഷങ്ങളും ദു:ഖങ്ങളുമെല്ലാം എനിക്ക് പറയേണ്ടവരോടായി മാത്രം പറയാനായി ഞാനിന്നും ഉപയൊഗിക്കുന്നു.. പക്ഷെ എന്തൊ ആക്രിയെഴുതാന്‍ മാത്രം ഞാന്‍ ഇനിയും പുരോഗമിച്ചിട്ടില്ല..