"അപ്പോ അങ്ങിനെ ആണു കാര്യങ്ങള്‍..അല്ലെ?"
ഈ ചോദ്യം അസ്ഥാനത്തായതോണ്ടാവാം .... അവന്‍ ഒന്നും മിണ്ടാതെ തന്റെ കപ്പി ലെ കാപ്പി കാലിയാക്കി... അവളാണെങ്കില്‍ ആദ്യമായി കാണുന്നപോലെ പഞ്ചാബി റസ്റ്റോറന്റിന്റെ ചില്ലിലൂടെ പുറത്തേക്ക് ചിരിച്ചു കാണിച്ചുകൊണ്ടിരുന്നു..
"പണ്ടാരം"...........
അവന്‍ മനസില്‍ പറഞ്ഞു..
"മനുഷ്യനു ആകെവട്ടുപിടിച്ചിരിക്കുമ്പോള്‍ അവളുടെ ഒരു ഇരുത്തം കണ്ടില്ലെ..അല്ലെങ്കിലും പെണ്ണുങ്ങള്‍ക്ക് ഒന്നും അറിയണ്ട..."
അവന്‍ ഒരു കാപ്പിക്കു കൂടി ഓര്‍ഡര്‍ ചെയ്തു..
ദേഷ്യത്തോടെതലചൊറിഞ്ഞു...അപ്പോഴേക്കും അവള്‍ ഒരു മൂളിപാട്ടോടെ പോവാന്‍തയ്യാറായിരുന്നു....അവന്റെ മുഖത്തെ രോഷം കണ്ടിട്ടും അവള്‍ ഒന്നുറക്കെ ചിരിച്ചു..
"ശവം..."
അവന്റെ ശബ്ദം പുറത്തിറങ്ങി അവളുടെ ചെവിയിലെത്തി.
അറിയാതെ വിളറിപോയ ദയയുടെ മുഖം നിമിഷങ്ങള്‍ക്കുള്ളില്‍ പഴയ ചിരിയിലേക്ക് തിരിച്ചു വന്നു.
"നീ പേടിക്കാതെടാ.. ഇതിന്റെ പേരില്‍ ഭരണം പോയാല്‍ പോവട്ടെ.. എന്താ നിനക്കിതൊക്കെ ശരിയാക്കിയാല്‍ ചില്ലറ വല്ലതും തടയുമോ.. അതോ അടുത്ത ഇലക്ഷനില്‍ ഒരു സീറ്റ്..."
ദയയുടെ കൊഞ്ചി വര്‍ത്തമാനം കേട്ട് അവന്റെ ദേഷ്യം ഒന്നു കൂടിവര്‍ദ്ധിച്ചു.പൊലിയാന്‍ പോവുന്ന തന്റെ സ്വപ്നങ്ങളെ കുറിച്ചോര്‍ത്തപ്പോല്‍ അവന്‍ കാപ്പിചൂടു പോലും നോക്കാതെ വലിച്ചു കുടിച്ചു....നാളെ രാവിലെ മീറ്റിംഗിനു ചെല്ലുമ്പോള്‍ എന്തു മറുപടി പറയും എന്നതായിരുന്നു അവന്റെ പ്രശ്നം
----------
രാത്രി... അകന്നുമാറുന്ന ഉറക്കത്തെ വലിച്ചടുപ്പിക്കനുള്ളശ്രമത്തിലാണ്... ദയ അവനെ വിളിച്ചത്...."നിന്റെ മോഹം പൂവണിയാന്‍ പോവുന്നെടാ .... .... നിന്റെ അസംസ്കൃതവസ്തു ലഭിക്കാനുള്ള എല്ലാം ഒത്തു വരുന്നു ... എങ്ങിനെ? അതുകൊണ്ട് പ്രശ്നം തീരുമോ?... എല്ലാവരെയും വിളിച്ചു പറ ... നിന്റെ നേതാക്കന്‍മാരെ ..."
അവന്റെ സന്തോഷം ഉറക്കത്തെ പറപറത്തി...എന്ത് എങ്ങീനെ എവിടെ നിന്ന് എന്നത് അവന്‍ ആലോചിച്ചതു പോലും ഇല്ല... പറയുന്നത് ദയയാണെങ്കില്‍ സംഗതി നടക്കുമെന്ന് അവന്‌അറിയാമായിരുന്നു......
അവള്‍ തന്റെ ലാപ് ടോപ്പില്‍ രണ്ടു ദിവസത്തിനപ്പുറം മാത്രംമേല്‍വിലാസക്കാരനു കിട്ടുന്നതരത്തില്‍ മെയില്‍ ഒരുക്കിവെച്ചു.. പിന്നെ വെറുതെ കഥകള്‍ നോക്കി... പാലം ഉറയ്ക്കാന്‍ കുഞ്ഞിനെ കുരുതി നല്‍കിയ പഴയ കഥ പുതിയ ഭാഷയില്‍..
വൈകുന്നേരത്തെ കാപ്പിക്കൊപ്പം അവന്‍ വിളമ്പിയ നിയമങ്ങളുടെ അകന്നു കിടക്കുന്ന നൂലിഴകള്‍ ഒന്നുകൂടി ആലോചിച്ചുറപ്പിച്ചു... അങ്ങിനെ നാളെ താന്‍ എന്തെങ്കിലും ഒക്കെ ആവാന്‍ പോവുന്നു... ഇതുവരെ ആര്‍ക്കും ഒന്നുമല്ലാതിരുന്നവള്‍ ഒരു ദിവസം കൊണ്ട്... ഹി ഹി ഹി... രാത്രിയെന്നോര്‍ക്കാതെ അവള്‍ പൊട്ടിച്ചിരിച്ചു.. ആ ലക്ഷണം കെട്ട വെടക്കു ചിരി...
അപ്പൊഴും അവന്റെ വാക്കുകള്‍ മനസ്സിലിട്ട് അവള്‍ പലതവണ ഉരുക്കഴിച്ചു.
"ഡോക്റ്ററുടെ സര്‍ട്ടിഫികറ്റ് .. അതാണു മുഖ്യം .. ഞങ്ങള്‍ അങ്ങിനെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല... ആദ്യം ഈ പരിപാടി ഒന്നു നടക്കണം.. അതും ഇലക്ഷനു മുമ്പ് തന്നെ വേണം .. ഇല്ലെങ്കില്‍ ആകെ നാറും "
അവള്‍ പോലും അറിയാതെ കീബോര്‍ഡില്‍ താളം പിടിച്ചിരുന്ന കൈവിരലുകള്‍കുറിച്ചിട്ടത് ഇങ്ങിനെയായിരുന്നു
"പുരനിറഞ്ഞ പെണ്ണിനെ പോല
െപണിതീര്‍ന്ന ശവച്ചൂള
പൊതിഞ്ഞു പുല്‍കാന്‍
മിനുത്തൊരു ശരീരം കൊതിക്കവെ
വന്നെത്തുന്നത്‌വരണ്ടുണങ്ങിയ മരക്കഷണങ്ങള്‍ "
.......
അങ്ങിനെ മുനിസിപ്പാലിറ്റിയുടെ ക്രിമറ്റോറിയത്തില്‍ ആദ്യത്തെ ശവം കത്തി...രാഹുകാലം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് ആമ്പുലന്‍സ് എത്തിയത്..
"ശവദാഹത്തിനും വേണമോ രാഹുകാലം നോക്കല്‍" എന്ന് ദയ അവിടെ ഉണ്ടായിരുന്നെങ്കില്‍ ചോദിച്ചേനെ... ബോഡിയുമായി വന്ന ആള്‍ക്ക് കൊടുക്കണമെന്ന് അവള്‍ പറഞ്ഞിരുന്ന തുക തന്നെ കൊടുത്തു ... ബഡ്‌ജറ്റില്‍ ഇല്ലാത്ത കണക്ക് ...പലരും വിചാരിച്ചിട്ടും കരാറുകാരുടെ കളികളിലും ഉദ്യോഗസ്ഥരുടെ ചുവപ്പുനാടയിലും കുടുങ്ങി കിടന്ന ശവച്ചൂളയില്‍ തെങ്ങിന്‍ തടിയല്ലാതെ ശവം കൊണ്ടുതന്നെ പ്രവര്‍ത്തിപ്പിച്ചതിന്റെ അഹങ്കാരം അവന്റെ മുഖത്തുണ്ടായിരുന്നു.
തിരക്കിനിടയില്‍ ദയയെ കുറിച്ച് അവന്‍ ഓര്‍ത്തതില്ല... നാളെ മെയില്‍കിട്ടുമ്പോല്‍ അവന്‍ ഓര്‍ക്കുമായിരിക്കും അല്ലെ