Monday, February 26, 2007

കത്തിവേഷങ്ങള്‍

"നിനക്കറിയുമോ ഈ അസുരരാജാക്കന്‍മാരെ കത്തിവേഷം കൊണ്ട് പ്രതീകവത്‌കരിക്കുന്നത് എന്തിനാണെന്ന്? അവരും രാജരക്തം സിരകളിലേറ്റി ജന്മംമൊണ്ടവരാണ്`. അവര്‍ക്കും നായകന്‍മാരാകാമായിരുന്നു. പക്ഷെ, അവര്‍ അസംതൃപ്തികള്‍കൊണ്ട് മനസ്സു കലുഷിതമാക്കി. അങ്ങിനെയവര്‍ താന്തോന്നികളും പൈശാച സ്വഭാവമുള്ളവരും രാക്ഷസരുമായി. നീ പറഞ്ഞതുപോലെ നന്മയെ നശിപ്പിക്കുന്നവരുമായി. "

(മിസ്ട്രസ്സ് - അനിതാനായര്‍)

എന്നെപോലെ ... അല്ലെങ്കില്‍ അവരെപോലെ ഞാനും കത്തിവേഷമായി.പുസ്തകത്തില്‍ കൈവിരല്‍കൊണ്ട് അടയാളം വെച്ച് നന്ദ അരികിലെ കമ്പിയില്‍ തലചായ്‌ച്ചു..അപ്പോള്‍ അങ്ങിനെയാണ്` ഞാന്‍ താന്തോന്നിയായത് - അസംതൃപ്തികള്‍കൊണ്ട് കലുഷിതമായ മനസ്സുമായ്. അങ്ങിനെയാണ്`, നന്മയുടെ അവസാനകണത്തേയും ഞാനെന്നില്‍ നിന്ന് കുടിയിറക്കിയത്. പിശാചിന്റെ പിടിയില്‍ നിന്ന്` നന്മ സ്വയം പുറംതള്ളപ്പെട്ടതുമാവാം. മുന്നോട്ടോടുന്ന തീവണ്ടിക്കൊപ്പം പുറകോട്ടുപായുന്ന ദൃശ്യങ്ങളില്‍ കണ്ണുടക്കാനാവാത്തതിനാല്‍ മാത്രം കണ്‍പോളകളാല്‍ അവയെ അടച്ചുവെച്ചു...

ട്രെയിന്‍ വന്നനേരമായതോണ്ടാണെന്നുതോന്നുന്നു, റയില്‍വേകാന്റീനില്‍ നല്ല തിരക്ക്. ഒഴിഞ്ഞൊരു കോണില്‍ ഒരു തലനരച്ച മധ്യവയസ്കന്‍ മാത്രം. നന്ദ അയാള്‍ക്കെതിരെയുള്ള കസേരയില്‍ പോയിരുന്നു. സൈഡിലെ ടേബിളില്‍ നാലു ചെറുപ്പക്കാര്‍, രണ്ടാണും രണ്ടുപെണ്ണും. പരസ്പരം അടിച്ചും ചിരിച്ചും അവര്‍ അത് അവരുടെ സ്വന്തം ലോകമാക്കിയിരിക്കുന്നു. ജീവിതം ആഘോഷിക്കുന്നു. നന്ദക്ക് അവരോട് നേരിയ അസൂയ തോന്നി. പിന്നെ അതു തിരുത്തി, ഞാനും ജീവിതം ആഘോഷിക്കുകയല്ലെ? അവിടേക്ക് ചാടിതുള്ളി കേറി വന്ന രണ്ടു കുഞ്ഞുങ്ങളുടെ ബഹളത്തില്‍ അവളുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. നഴ്സറിറൈംസിലെ ചബ്ബി ചീക്സ്.. റോസി ലിപ്സ്.. അവരുടെ പുറകെ അച്ഛനും അമ്മയും .. അമ്മയെ കണ്ടിട്ട് സന്തൂര്‍ പരസ്യം പോലെ..ജീവിതം നേരത്തെ തുടങ്ങിയവരാകണം. ആ കുസൃതികളേ നോക്കിയിരുന്നപ്പോള്‍ അറിയാതെ ഒരാളുടെ വാചകങ്ങള്‍ മനസ്സിലേക്ക് കയറിവന്നു.

"നിന്നെയും തേടി ഒരു വാലുമുറിച്ച ഒറ്റയാന്‍ വരുന്നുണ്ട്.. ഒറ്റയാനെ സൂക്ഷിക്കണമെന്നാ.. അപകടകാരിയാണ്`.."

അടുക്കും മുമ്പെ അകന്നുപോയ അവനെ എന്നെങ്കിലും കാണുമോ? ഇല്ലായിരിക്കാം .. കണ്ടാല്‍ പറയണം ...

"നീയെന്നില്‍ നിന്ന് അകന്ന നിമിഷം മുതല്‍ ഞാന്‍ നിന്നോടടുക്കാന്‍ തുടങ്ങിയിരുന്നു. നിന്റെ അടിപതറിക്കാന്‍ കാത്തിരിക്കുന്ന ഭ്രാന്തമായ മണല്‍കാറ്റുപോലെ"

വെറുതെ ആവശ്യമില്ലാത്തതെല്ലാം ഓര്‍ത്ത് ചുണ്ടില്‍ വന്ന ചിരി ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തുമ്പോഴാണ്` മുന്നിലിരിക്കുന്ന മധ്യവയസ്കനെ ശ്രദ്ധിച്ചത്. പ്ലേറ്റിലെ ഇഡ്ഡലി കഷണങ്ങളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ അയാള്‍ ഞെരടി ഉടച്ചുകൊണ്ടിരിക്കുന്നു. എന്നില്‍ തറഞ്ഞു നില്‍ക്കുന്ന അയാളുടെ നോട്ടത്തില്‍ നിന്ന് കണ്‍വെട്ടിച്ചപ്പോഴാണ്` ക്രമാതീതമായ് വിറച്ചുകൊണ്ടിരിക്കുന്ന അയാളുടെ ഇടതുകൈ കണ്ടത്. മേശക്കടിയിലേക്ക് അപ്രത്യക്ഷമായ ആ കയ്യിനെ തെല്ലൊരറപ്പോടെ ഞാന്‍ നോക്കി. മൊബൈല്‍ ഒന്നു താഴ്തി ആ സുന്ദരദൃശ്യം പകര്‍ത്തി അയാള്‍ക്കുതന്നെ കാണിച്ചു കൊടുക്കാനുള്ള മോഹത്തെ ഞാന്‍ ഉള്ളിലടക്കി. വിശപ്പിന്റെ വിളിക്കുമുന്നില്‍ ഞാനെന്റെ പ്ലേറ്റിലെ ദോശയെ പിച്ചിപ്പറിക്കാന്‍ തുടങ്ങി.

സമയമാവാത്തതുകൊണ്ടാവാം അവിടെ ആരെയും കണ്ടില്ല. വാതില്‍ തുറന്നുതന്നത് ഭാര്യയായിരുന്നെങ്കിലും തൊട്ടുപുറകെ ഡോക്ടറുമുണ്ടായിരുന്നു. സുഖാന്വേഷണങ്ങള്‍ക്കിടയില്‍ അദ്ദേഹമെന്റെ അരോഗ്യസ്ഥിതി അളന്നുതൂക്കികൊണ്ടിരുന്നു. ആ മുഖഭാവങ്ങള്‍ തന്റെ സ്ഥിതി കൂടുതല്‍ മോശമായിട്ടില്ലെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു. ഡോക്ടറിനെതിരെ കസേരയില്‍ ഇരിക്കുമ്പോള്‍ പ്രിസ്ക്രിപ്ഷനില്‍ നീണ്ട ഒരു വെട്ട് വെട്ടി ഒരു ചിരിയോടെ എന്നെ നോക്കി.

"ഇതൊന്നും ഇനി വേണ്ട.. ഒരു മരുന്നു മതി .. പുതിയതാണ്"

"ഗിനി പന്നി".. ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

"ഞാന്‍ പറഞ്ഞിട്ടുണ്ട്.. അങ്ങിനെ പറയരുതെന്ന്".. ഡോക്ടറിന്റെ മുഖത്ത് വിഷമം

"ഉം ...ആര്‍ക്കേലും ഗുണമാവുമെങ്കില്‍ അങ്ങിനെ ആവുന്നതില്‍ എന്തു നഷ്ടം .. ആരേലും രക്ഷപെടട്ടെ..""

"റിപ്പോര്‍ട്ടുകള്‍ പറയുന്നത് വളരെ ഇഫെക്റ്റീവ് ആണെന്നാണ്...ഏതായാലും ഒന്നു നോക്കാം ..നന്ദയുടെ ആരോഗ്യം വളരെ നല്ല നിലയിലാണ്... മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്... അതുകൊണ്ടു തന്നെ റിസള്‍ട്സ് അറിയാന്‍ എളുപ്പവും .. മറ്റുള്ളവരാരും ഇതുപോലെ അനുസരിക്കുന്നില്ല.. ചിട്ട വളരെ പ്രധാനമാണെന്നറിയാലോ".

"ഗവേഷണം കരപറ്റുന്ന ലക്ഷണം വല്ലതുമുണ്ടോ? രോഗികള്‍ക്ക് ആശ്വാസത്തിനുള്ള വല്ല വകയും... "

"പിന്നെ ഇല്ലാതെ ... അതിനുള്ള തെളിവല്ലെ നന്ദ .. ഇത്ര സന്തോഷത്തോടെ ഒരു രോഗി ഡോക്ടറുടെ മുന്നിലിരിക്കുന്നതുതന്നെ എന്റെ ഗവേഷണത്തിന്റെ പോസിറ്റീവ് ട്രെന്റ് ആണ്..."

"അതെ ഞാന്‍ പോസിറ്റിവ് ആണ്.. എനിക്കറിയാം .."

ഡോക്ടറുടെ മുഖം മ്ലാനമാവുന്നത് കണ്ട് ഞാന്‍ കൂട്ടിച്ചേര്‍ത്തു...

"ജീവിതത്തോടും ഞാന്‍ പോസിറ്റീവ് ആണിപ്പോള്‍ ... മുമ്പില്ലാതിരുന്ന ഗുണം .. മെഡിക്കല്‍ സപ്പോര്‍ട്ടിന്` ഡോക്ടര്‍ .. ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടിന്` ജോലി ... ഭാവിയിലേക്ക് സമ്പാദിക്കേണ്ടതില്ലാത്തതിനാല്‍ യാതൊരു ടെന്‍ഷനും വേണ്ട.. പിന്നെ സന്തോഷിക്കാന്‍ യാത്ര, എഴുത്ത്, വായന... ഇതൊക്കെ ധാരാളമല്ലെ..?"


കസേരയില്‍ പുറകോട്ട് ചാഞ്ഞിരുന്ന് ഡോക്ടര്‍ ഉറക്കെ ചിരിച്ചു.

"എഴുത്ത് .. ഞാന്‍ വായിക്കുന്നുണ്ട്.. ..She Speaks Out...പക്ഷെ Nanda Speaks Out അല്ലെ നല്ലത്....ഈയിടെയായി ബ്ലോഗിങ് ഫ്രീക്വന്‍സി ഇത്തിരി കൂടുതല്‍ ആണല്ലോ..."

"ജീവിതത്തില്‍ ആവാന്‍ കൊതിച്ചതൊന്നും ആയില്ല.. അതുകൊണ്ട് എഴുതി തീര്‍ക്കുന്നു.. പറയാന്‍ ഏറെയും കയ്യിലുള്ള സമയം കുറവുമാണെന്നും തോന്നുമ്പോള്‍ .. ഫ്രീക്വന്‍സി തനിയെ കൂടുന്നു. നന്ദയെന്നൊക്കെ പറഞ്ഞ് വെറുതെ എന്തിനാ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നെ...ഇതൊരു മുഖം മൂടിയല്ലെ"

ഡോക്ടറുടെ മുഖം വീണ്ടും മങ്ങുന്നു..

"അതല്ല ..ആദ്യമൊക്കെ തമാശയായിരുന്നു.. പിന്നെപ്പോഴോ ജീവിതത്തിന്റെ ഭാഗമായി.. ഡോക്ടര്‍ക്കറിയാലോ സന്തോഷിക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ വെറുതെ കളയാറില്ല.. ഡോക്ടര്‍ നോക്കിക്കോ ഞാനൊരു തൊണ്ണൂറു നൂറു വയസ്സുവരെ ഇവിടെ ജീവിക്കും"

അതിന്റെ സാധ്യതയെ കുറിച്ചോര്‍ത്താവാം ഡോക്ടര്‍ മിണ്ടാതിരുന്നു. ഇനിയെന്തു പറയണമെന്നറിയാതെ ഞാനും ...വകഞ്ഞു മാറ്റിയ കര്‍ട്ടനുപുറകില്‍ നിന്ന് ജോലിക്കാരി പെണ്‍കുട്ടി തലകാട്ടി.

"അമ്മ വിളിക്കുന്നു.."

മേശപ്പുറത്ത് വലിയൊരു ഗ്ലാസ്സ് നിറയെ ജ്യൂസ്.. പഴങ്ങള്‍ .. ഒരു പ്ലേറ്റില്‍ ഉണ്ണിയപ്പവുമായ് അവര്‍ അരികിലിരുന്നു ..

"എല്ലാം കഴിഞ്ഞോ.. എവിടെയായിരുന്നു..."

"ഉം .. കഴിഞ്ഞു.. തിരുനാവായില്‍ .."

അവര്‍ പാറിപറന്നുകിടക്കുന്ന എന്റെ മുടിയില്‍ തലോടി.. മുഖത്ത് നോക്കാന്‍ ശക്തിയില്ലാത്തതിനാല്‍ ഞാന്‍ അനങ്ങാതിരുന്നു..കയ്യിലൊരു ഇമെയില്‍ പ്രിന്റുമായി ഡോക്ടര്‍ അങ്ങോട്ട് കടന്നുവന്നു.. എന്തോ പറയാന്‍ തുടങ്ങിയെങ്കിലും ഞങ്ങളുടെ മൌനം കണ്ടാവാം അടുത്തൊരു കസേരയില്‍ ഇരുന്നു...പിന്നെയെപ്പൊഴോ കയ്യില്‍ പിടിച്ച് ധൈര്യം തന്നു പറഞ്ഞു ..

"പറയ്.. ഇനിയെങ്കിലും .. എല്ലാം കഴിഞ്ഞില്ലെ.. എങ്ങിനെയാണ്‌ നീ.."

"പാതി മയക്കത്തില്‍ എന്നെങ്കിലും സ്വന്തം സിറിഞ്ച് അറിയാതെ എന്റെ കയ്യില്‍ കുത്തിയിറക്കിയപ്പോള്‍ ആവാം .. അല്ലെങ്കില്‍ രോമങ്ങളോടുള്ള വെറുപ്പില്‍ റേസറിന്റെ പഴക്കം എന്നില്‍ പരീക്ഷിച്ചപ്പോള്‍ ... ഒരിക്കലും മന:പൂര്‍വ്വം ആകില്ല.. ഇതൊക്കെ തന്നെവേണമെന്നില്ലോ ഡോക്ടര്‍ .. ഭര്‍ത്താവില്‍ നിന്ന് ഭാര്യയിലേക്കെത്താന്‍ ..."


"ഇപ്പോള്‍ അയാള്‍ മരിച്ചിട്ടും ആരും ഒന്നും അറിയാതെ പോയതെങ്ങിനെ.."

സന്ദര്‍ഭത്തിന്` യോജിക്കാത്തതെന്നോര്‍ക്കാതെ നന്ദ പൊട്ടിച്ചിരിച്ചു.

"പണത്തിനു മുകളില്‍ പരുന്തു പറക്കുമോ..? "

"എനിക്കിനിയും മനസ്സിലാവുന്നില്ല.. ഇങ്ങനെ ഒരു ബന്ധത്തില്‍ നീയെങ്ങിനെ ചെന്നുപെട്ടെന്ന്"

സംഭാഷണത്തിന്റെ ഗതിമാറുന്നത് അസുഖകരമാവുമെന്ന് എനിക്ക് തോന്നാന്‍ തുടങ്ങിയപ്പോള്‍ പതിയെ എഴുന്നേറ്റ് കൈയും മുഖവും കഴുകി .. മുടിയൊതുക്കി വീണ്ടും അവര്‍ക്കൊപ്പം വന്നിരുന്നു...

ഡോക്ടര്‍ കയ്യിലിരുന്ന ഇമെയില്‍ പ്രിന്റ് എനിക്ക് നീട്ടി... അവിനാശിന്റെ മെയില്‍ ആണ്. ഏതോ അമേരിക്കന്‍ ജേണലില്‍ വന്ന ആര്‍ട്ടിക്കിള്‍ ...

"തന്റെ ഇമോഷണല്‍ സപ്പോര്‍ട്ട് എന്നെക്കാള്‍ അപ്പ് ടു ഡേറ്റാണ്.. ഒരു എയര്‍ലൈന്‍ പ്രൊഫെഷണലിന് മെഡിക്കല്‍ ആര്‍ട്ടിക്കിള്‍സ് എങ്ങിനെ ദഹിക്കുന്നു?"

അതൊന്നും പറഞ്ഞാല്‍ ഡോക്ടറിനു മനസ്സിലാവില്ലെന്നറിയാവുന്നതിനാല്‍ ഉത്തരം ഒരു ചിരിയിലൊതുക്കി.

യാത്ര പറയാറാവുന്നു.. പോവും മുമ്പ് അവതരിപ്പിക്കണം .

മുറ്റത്തേക്കുള്ള ഒതുക്കുകല്ലില്‍ നില്‍ക്കുമ്പോള്‍ ആദ്യമായ് ഇവിടെവന്നതോര്‍ത്തു. തന്റെ ഗവേഷണത്തിന്റെ ഭാഗമായി ഏതു ചികിത്‌സാരീതികളോടും സഹകരിക്കാന്‍ തയ്യാറുള്ള രോഗികളെ തേടിയുള്ള പരസ്യം കണ്ടാണ്‌ വന്നത്.. യാതൊരു രക്ഷയുമില്ലാത്ത അവസ്ഥയില്‍ ചിലര്‍ പിന്നെ വന്നെങ്കിലും അന്നു രാവിലെ ഒരു തുടക്കക്കാരി വന്നെത്തുമെന്ന് ഡോക്ടര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതും ഒരു പെണ്ണ്‌ തനിയെ. അന്നത്തെ അവരുടെ സംശയം നിറഞ്ഞ നോട്ടത്തില്‍ നിന്നും ഇന്നത്തെ ഈ സ്നേഹത്തിലേക്ക്...

"ഡോക്ടര്‍ ...ഞാനൊരു യാത്ര പോവുന്നു.. ഒരിത്തിരി നീണ്ട യാത്രയാണ്..."

"ഓ... ഈ വര്‍ഷത്തെ ലീവ് ക്രെഡിറ്റില്‍ വന്നല്ലെ... എങ്ങോട്ടാ യാത്ര....?"

"കാശ്മീര്‍ "

"അവിനാശ്..?"

"ഉണ്ട്... പോവും മുമ്പ് ഞങ്ങളൊരുമിച്ച വരാം ..."


ആ മുഖത്തെ സംശയം വാക്കുകളാകാന്‍ ബുദ്ധിമുട്ടുന്നത് ഞാനറിഞ്ഞു. ഒരിക്കലും അവനുവേണ്ടിയൊരു കേസ്ഷീറ്റ് ഡോക്ടര്‍ എഴുതേണ്ടിവരില്ലെന്ന ഞാനെങ്ങനെ പറയും ... "ചില ബന്ധങ്ങള്‍ അങ്ങിനെയാണെന്ന്", ഡോക്ടര്‍ക്കു പോലും മനസ്സിലാവുന്നില്ലല്ലോ...

തിരക്കായിരുന്നെങ്കിലും ട്രെയിനില്‍ സൈഡ് സീറ്റ് കിട്ടിയപ്പോള്‍ നന്ദക്ക് ലോട്ടറിയടിച്ച പ്രതീതി.. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ വണ്ടി വിട്ടപ്പോള്‍ അവള്‍ പുസ്തകം നിവര്‍ത്തി...

"അവളെന്നും യാഥാര്‍ത്ഥ്യത്തിന്റെ കണ്ണുകളില്‍ തുറിച്ചു നോക്കിയിട്ടുണ്ട്. പക്ഷെ ഇപ്പോഴെന്തുകൊണ്ടോ യാഥാര്‍ത്ഥ്യം (സത്യം)അവിടെയില്ലെന്നു കരുതാന്‍ ഇഷ്ടപെടുന്നു" - (മിസ്ട്രസ്സ് - അനിതാനായര്‍)

Wednesday, February 21, 2007

സ്മൃതിപഥങ്ങള്‍

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, എല്ലാം
ഒരോര്‍മ്മയായ് തീരുന്ന നാള്‍വരേക്കെങ്കിലും
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, ഞാന്‍
നിന്‍ നെഞ്ചിലെരിയുന്നൊരോര്‍മ്മയാണെങ്കിലും
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, എന്നും
ഒരോര്‍മ്മയായെങ്കിലും നീയെന്നെയോര്‍ക്കുവാന്‍
വെറുതെയാണെങ്കിലും, വെറുതെ മോഹിക്കുന്നു
ഞാന്‍, നിന്നിലെന്നുമൊരോര്‍മ്മയായുണരുവാന്‍


സ്മൃതിപഥങ്ങളില്‍ തേടുമൊരോര്‍മ്മയായ്
മറവിമൂടിടും മുഖമായി ഭാവമായ്
നിന്നില്‍ നിന്നും ഞാന്‍ എന്നേക്കുമായ്
അകന്നാരുമാരുമല്ലാതായിന്നു തീരവേ
അന്നു നിന്‍ കളികൂട്ടായി സ്വപ്നമായ്
ജീവനായ് തല ചായ്‌ക്കുവാന്‍ താങ്ങുമായ്
എന്നുമെന്നും നീയെന്റേതുമാത്രമെന്ന്
ആയിരം വട്ടം നീയന്നു ചൊല്ലവേ
ആവുകില്ലെന്നറിഞ്ഞിട്ടുമന്നു ഞാന്‍
നിന്റെ കണ്‍കളില്‍ എന്നെ തിരഞ്ഞതും
എന്നിടതു കയ്യിലെ രേഖകള്‍ നോക്കി നീ
നമ്മളൊത്തു ചേരുമെന്നോതവേ
വേണ്ട വേണ്ടെന്നു ഞാന്‍ വിലക്കീടുന്നു
വേണമെന്നെന്റെ ഉള്ളം വിതുമ്പുന്നു


മഞ്ഞുപെയ്യും മലമുകള്‍ തന്നിലെ
മുരളിയൂതി ചിരിക്കുന്ന കണ്ണന്റെ
കനിവുപോലും നമുക്കന്യമാകവേ
ചിരികള്‍ ചുണ്ടിനെ വക്രിച്ചുകൊല്ലവേ
ഇരുവഴിയേ നടന്നു മറയവേ
പിന്‍തിരിഞ്ഞു നീ നോക്കാതിരിക്കുക
എങ്കിലും, നീയെന്നുമെന്നെയോര്ത്തീടുക
എല്ലാം ഒരോര്‍മ്മയായ് തീരുന്ന നാള്‍വരെ

Monday, February 12, 2007

ഞായറാഴ്ചകള്‍

അങ്കുര്‍ .. നിനക്ക് ഓര്‍മ്മയുണ്ടോ.. നമ്മള്‍ അവസാനം കണ്ടത്.. ഞാന്‍ മറന്നാലും നീ മറക്കില്ല... അന്നു മുതല്‍ ഞാന്‍ അവിടെ തടവിലാണ്. എന്റെ ഞായറാഴ്ചകളുടെ കഥ പറഞ്ഞ 76-ം പേജില്‍ .അതില്‍ അവസാനം നിന്റെ വിവാഹക്ഷണക്കത്ത് കണ്ട്, ഞാന്‍ വെറുമൊരു പെണ്ണായി പോവുന്നെന്ന പേടിയിലാണ്` നമ്മള്‍ പിരിഞ്ഞത്. ആണൊരുത്തന്റെ നിഴല്‍ മാത്രമാവാന്‍ കൊതിക്കുന്ന പെണ്ണ്. അങ്ങിനെ ആവാന്‍ കഴിയാതെ വരുന്നത് എന്റെ തെറ്റെന്ന് ആരൊക്കെയോ വിളിച്ചുകൂവിയപ്പോള്‍ ഞാനും ഒരു വേള ഇടറിപ്പോയോ?

അങ്കുര്‍ .. നീ ഓര്‍ക്കുന്നോ നമ്മുടെ ഞായറാഴ്ചകളെ... ഇല്ലെങ്കില്‍ മറ്റെന്താണ്` നീ ആലോചിക്കുന്നത്... നാളുകള്‍ക്കുശേഷം നിന്നെ ഞാന്‍ ഓര്‍ത്തതോ...നിന്നെ ഞാന്‍ എന്നും ഓര്‍ക്കുകയായിരുന്നു.. ഒരു ഓര്‍മ്മതെറ്റുപോലെ...എങ്കിലും ഇന്ന്, അവള്‍ എന്റെ അക്ഷരങ്ങള്‍ക്കു മുന്നില്‍ താണ്ഡവമാടി. നിരൂപണത്തിന്റെ പേരില്‍ അവരതിനെ കീറിമുറിച്ചു....അവ ശ്വാസം കിട്ടാതെ പിടയുന്നതു കണ്ടിട്ടും, അങ്കുര്‍ എനിക്ക് ചിരിക്കാനെ കഴിഞ്ഞുള്ളു.. എന്നും നിന്റെ മൃദുല ചിരിച്ചിട്ടല്ലെ ഉള്ളു. അവളോട് എനിക്ക് പറയാനാവില്ല്ല്ലോ, നീയെനിക്ക് ആരായിരുന്നെന്ന്. നമുക്ക് മാത്രമറിയാവുന്ന പേരിടാത്ത ബന്ധത്തെ കുറിച്ച് ഞാനെങ്ങനെ അവര്‍ക്ക് പറഞ്ഞുകൊടുക്കും...

അങ്കുര്‍ .. പറയ്.. എന്തെങ്കിലും പറയ്....നിന്നെ ഞാന്‍ അക്ഷരങ്ങളില്‍ ബന്ധിച്ചപ്പോള്‍ ഒപ്പം ഞാനും ചലനമറ്റു പോവുമെന്ന് അറിഞ്ഞിട്ടും മറ്റൊന്നും എനിക്കാവുമായിരുന്നില്ല..എത്ര വര്‍ഷമായല്ലെ ഞാനീ പൊടിപിടിച്ച പുസ്തകത്താളില്‍ തടവിലാക്കപ്പെട്ടിട്ട്.. പുറത്തിറങ്ങിയപ്പോള്‍ എല്ലാം ഒരുപാട് മാറിപ്പോയിരിക്കുന്നു.. അന്നത്തെ നമ്മുടെ മനസ്സിനെ പോലും ഇവര്‍ ചിരിച്ചുതള്ളുന്നു... .. നിനക്കറിയുമോ അവരെ, എനിക്കുമറിയില്ല അവരാരെന്ന്.. എവിടെന്ന് വരുന്നെന്ന്.. ഒന്നും ഒന്നുമറിയില്ല..

ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ മണം തങ്ങിനില്‍ക്കുന്ന ലാബില്‍നിന്ന് തോല്‍വിയുടെ കനം തൂങ്ങിയ തലയുമായ് യാത്രചോദിച്ചപ്പോള്‍ കയറിവന്ന ഒരു കൂട്ടം പുതുമുഖങ്ങള്‍ .... അപകര്‍ഷതയുടെ ആകെ തുകയായി മാറിയ ജീവിതം, അവര്‍ക്കു നേരെ മുഖം തിരിച്ച് ഞങ്ങള്‍ പടിയിറങ്ങി. നാളുകള്‍ കൈകുടന്നയിലെ വെള്ളം പോലെ ഊര്‍ന്നുപോയപ്പോഴും മനസ്സില്‍ ബാക്കിനിന്ന മാസ്റ്റര്‍ ഓഫ് കെമിസ്റ്റ്രി. വീണ്ടും ഒരങ്കത്തിന്` നഗരത്തിലേക്ക് ചേക്കേറുമ്പോള്‍ പഴയ പുതുമുഖങ്ങള്‍ക്കിടയിലെ അപരിചിത മുഖം .. വെന്തുരുകുന്ന ഒരു രാത്രിയില്‍ മെഴുകുതിരി വെളിച്ചത്തില്‍ വെച്ചാണ്` അവള്‍ നമ്മുടെ ഞായറാഴ്ചകളെ കീറിമുറിച്ചത്...

അങ്കുര്‍ .. നോക്ക്, ഒരു ജാഥപോവുന്നു, വിപ്ലവത്തിന്റെ ചെങ്കൊടിയുമായ്. അന്ന് ബൂര്‍ഷയെന്നും, സാമ്രാജ്യത്വമെന്നും പറഞ്ഞ് നീ രോഷം കൊള്ളാറുള്ള ഞായറാഴ്ചകള്‍. ഒന്നും മനസ്സിലാവാഞ്ഞിട്ടും നിന്റെ കണ്ണിലെ തിളക്കം കാണാന്‍ എല്ലാം മനസ്സിലായെന്ന് നടിക്കാറുള്ള ഞാന്‍ .. അങ്ങിനെയല്ലെ കഥ തുടങ്ങുന്നത്.

അതിലൊരു ഞായറാഴ്ചയാണ്` നിന്റെ പ്രിയപ്പെട്ട വളര്‍ത്തുപൂച്ച നാടുനീങ്ങിയ കാര്യം നീ പറഞ്ഞത്... അതിന്` അവള്‍ ചോദിച്ചതെന്തെന്നോ, ബന്ധങ്ങള്‍ മുറിയുന്നതിന്റെ സൂചനയല്ലെ പൂച്ചയുടെ മരണമെന്ന്. അതൊരു വെറും സംഭവം എന്ന് പറയാന്‍ ശ്രമിച്ചപ്പോള്‍ അവളുടെ നിരൂപണബുദ്ധിക്ക് വിശപ്പടക്കാന്‍ അതു മതിയായില്ല.... പറയ്.. ആ പൂച്ചക്കു പകരം ആണോ നീ വിവാഹത്തിലൂടെ ഒരാളേ കണ്ടെത്തിയത്.

നിന്റെ ഞായറാഴ്ചകള്‍ക്കു വേണ്ടി മാത്രമല്ലെ ആഴ്ചയിലെ ആറുദിവസങ്ങള്‍ ഞാന്‍ തള്ളിനീക്കിയിരുന്നത്.അതിലൊരുനാള്‍ അപ്രതീക്ഷിതമായ് ഒരു കല്ല്യാണകത്ത് കയ്യില്‍ കിട്ടിയപ്പോള്‍ അതിലൊരിക്കലും വരനായ് നിന്നെ പ്രതീക്ഷിച്ചില്ല. അസ്തിത്വവാദത്തിന്റെ ഭാരവും പേറിനടക്കുന്ന നിന്നെപോലൊരാള്‍ക്ക് എങ്ങിനെ താലിയുടെ കൊളുത്തില്‍ സ്വാതന്ത്ര്യത്തെ ബന്ധിക്കാനാവും. എന്നിട്ടും വധുവിന്റെ പേര്‌ വായിക്കും മുമ്പെ കാഴ്ച മറഞ്ഞത്...

അങ്കുര്‍, എന്നിട്ടും നിന്നെയെനിക്ക് മറക്കാനാവുന്നില്ലല്ലോ? വെറുപ്പോടെ നിന്നെ ഞാന്‍ മറക്കാന്‍ ശ്രമിക്കുമ്പോഴും വീണ്ടും ഞാന്‍ ഞായറാഴ്ചകള്‍ക്കു വേണ്ടി കാത്തിരിക്കുന്നത് എന്തിനാവാം? പഴയൊരു സ്വപ്നത്തിന്റെ നിണമൂറുന്ന ഓര്‍മ്മകള്‍ക്കും ഒരു സുഖമുള്ളതുകൊണ്ടുമാത്രം ...

അങ്കുര്‍, ആ പഴയ മാഗസിന്‍ താളിന്റെ മഞ്ഞനിറം നിന്റെ കവിളിലും പടര്‍ന്നിരിക്കുന്നു.. വിപ്ലവത്തിന്റെ രക്തവര്‍ണ്ണം കത്തിജ്വലിച്ച നിന്റെ കണ്‍കളില്‍ വിളര്‍പ്പിന്റെ ധവളപത്രങ്ങള്‍ ..

അങ്കുര്‍, ബന്ധങ്ങള്‍ക്ക് പേരിടുമ്പോള്‍ അവ ശിഥിലമാവുമെന്ന് പറഞ്ഞ ഞാന്‍ അതേ താളില്‍ തന്നെ പുലമ്പി, നിന്നെ നഷ്ടപ്പെടുന്നതിന്റെ വേദനകൊണ്ട്... അതോ .. അന്നു ഞാന്‍ മറ്റെന്തെങ്കിലും ഓര്‍ത്തിരുന്നിരിക്കുമോ? ഇപ്പോള്‍ അവള്‍ ചോദിക്കുനു .. നീയെനിക്ക് ആരായിരുന്നെന്ന്. അങ്കുര്‍ മൃദുവിന്` ആരായിരുന്നെന്ന്.. നമുക്ക് അറിയാത്ത ബന്ധത്തിന്റെ പേര്‌ അവളെന്തിനറിയണം.

അങ്കുര്‍, നീ വരുന്നോ... ഞാന്‍ ആ മാഗസിന്‍ താളുകളിലേക്ക് തിരിച്ചുപോവുകയാണ്. അവിടെ ഘനീഭവിച്ചുകിടക്കുന്ന കാലത്തിനൊപ്പം നമുക്ക് പഴയ അങ്കുറും മൃദുവുമാകാം... ഇനിയൊരു ഒഴുക്കില്ലാതെ, നമുക്കാതാളുകളില്‍ ...ആര്‍ക്കും മുഖം കൊടുക്കാതെ ഒളിച്ചിരിക്കാം ....

Thursday, February 1, 2007

തണുത്തുറഞ്ഞ സ്വപ്നം

സ്വപ്നത്തിന്റെ തീരത്തു വെച്ചാണ്` ഞങ്ങള്‍ കണ്ടുമുട്ടിയത്
ആ രാത്രിയില്‍ നിഴലുകള്ക്ക് കാവല്‍ നില്‍ക്കേണ്ടത് ഞങ്ങളായിരുന്നു
പ്രഭാതത്തില്‍ വേര്‍പിരിയേണ്ടതിനാല്‍
പരസ്പരം അനാമകരായി തുടര്‍ന്നു
എന്നിട്ടും, ആരാണ്` ആദ്യം തുടക്കമിട്ടത്
അറിയില്ല, ഒരു പക്ഷെ ഞാനായിരിക്കാം
ഒടുക്കത്തെ ഭയപ്പെടാനില്ലാത്തതിനാല്‍
തുടക്കത്തെ കുറിച്ച് ഓര്‍ത്തില്ലെന്നതാണ്` സത്യം
എന്റെ കണ്ണുകളില്‍ നോക്കിയിരുന്നാണ് ചോദിച്ചത്
ഞാനാരാണെന്ന് നിനക്കറിയാമോ?
എന്നെ പോലെ നിഴലിനു കാവലിരിക്കുന്ന ഒരാള്‍
അതിനപ്പുറം ........
അപ്പോള്‍ നീ...?
നിന്റെ കണ്ണിലെ കൃഷ്ണമണിയിലെ നിഴല്‍രൂപം

പിന്നെ നാഴികകള്‍ നീളുന്ന നിശബ്ദതയായിരുന്നു
മാനത്തെ മേഘതുണ്ടുകള്‍ എങ്ങോട്ടാണ്`
ഓടിപ്പോവുന്നത്
നാളത്തെ അപ്പകഷണവും തേടി
വിശപ്പില്ലാത്ത ലോകത്ത് അവര്‍ നിശ്ചലരായിരിക്കുമല്ലേ?
വെറും ആത്മഗതം
അവസാന യാമത്തിലാണ്` ആ ചോദ്യം വന്നത്`
പുല്‍ക്കൊടി തുമ്പില്‍ ഇറ്റു വീഴാന്‍ നില്‍ക്കുന്ന
മഞ്ഞിന്‍ തുള്ളിയുടെ മോഹമെന്ത്?
സൂര്യനെ സ്വന്തമാക്കാന്‍
ഉന്നതങ്ങളിലെ കല്‍പ്പനയെത്തി
അടുത്ത രാത്രിയിലും ഞങ്ങള്‍ തന്നെ കാവല്‍ക്കാര്‍
അപ്പോഴാണ്` ഞാന്‍ ആലോചിച്ചത്
തുടക്കമില്ലാത്ത ഒന്നിന്റെ അവസാനമെവിടെയെന്ന്
ഈ പകല്‍ മുഴുവന്‍ ഞനതോര്‍ത്തിരിക്കയാണ്`
സൂര്യനെ സ്വന്തമാകുന്ന മഞ്ഞുതുള്ളിയെ കുറിച്ച്
ഒടുക്കത്തെ കുറിച്ച്