Thursday, September 27, 2007

ഞാനും അവളും

അവളുടെതെന്ന് വിശ്വസിപ്പിച്ചാണ്
ഞാന്‍ ഓരോ കഥയും പറഞ്ഞത്
അവളുടെ കനവായാണ്
ഓരോ കവിതയും വിരിഞ്ഞത്
അവളുടെ ചിന്തകളെയാണ്
ഞാന്‍ ചിന്തേരിട്ടിരുന്നത്

കരഞ്ഞതും ചിരിച്ചതും
വഴിയറിയാതെ പകച്ചതും
ഉത്തരം കിട്ടാതെ അലഞ്ഞതും
ആരുമില്ലെന്ന് പതം പറഞ്ഞതും
എല്ലാം അവളായിരുന്നു

കയ്ച്ചിട്ട് ഇറക്കാനാവാത്തതിനും
മധുരിച്ചിട്ട് തുപ്പാനാവാത്തതിനും
ഒരേ നിസ്സംഗതയായിരുന്നു
കാരണം,
അതെല്ലാം അവളുടെ കഥകളല്ലെ

അവളെ നിങ്ങള്‍ അറിയില്ലല്ലൊ
അതുകൊണ്ട് മാത്രം , ഞാന്‍
ഇടയിലൊരു മൊഴിമാറ്റക്കാരിയായ്

എപ്പൊഴെന്നറിയില്ല
അവള്‍ എനിക്കുവേണ്ടി പറയാന്‍ തുടങ്ങിയത്
വേഷങ്ങള്‍ പരസ്പരം വെച്ചുമാറിയത്

Thursday, September 20, 2007

ഈറ്റില്ലം

അച്ഛന്റെ മുത്തച്ഛന്റെ കാലത്തെ പണിയാ.. കുമ്മായവും ശര്‍ക്കരയും മണലും എല്ലാം ചേര്‍ത്താ പണിതത്.. അതാ ഇത്ര ഉറപ്പ് .. അന്നൊക്കെ വീട് പണിയാന്ന് പറഞ്ഞാല്‍ ഇന്നത്തെ പോലെ എടിപിടീ എന്നൊന്നും അല്ലല്ല്ലൊ.. എത്ര നാളത്തെ അദ്ധ്വാനാ.. ക്ഷാമം വന്നോണ്ടാ രണ്ടാംതട്ട് പണിയാതെ പോയെ.. മോളില്‍ തട്ടിന് മരമെല്ലാം പാകിയതായിരുന്നു.. പിന്നൊന്നും ഉണ്ടായില്ല... ഇപ്പൊഴത്തെ കുട്ടികളുടെ മോഹല്ലെ.. നടക്കട്ടെ .. വീട് പഴയതാണെങ്കിലും സൌകര്യങ്കിലും ഉണ്ടാവൂലൊ..

അമ്മ ചുമരിടിക്കാന്‍ നോക്കുന്ന പണിക്കാരോട് പഴംകഥകള്‍ പറഞ്ഞിരിപ്പാണ്.. ചുമരിടിക്കണ്ട.. ചെറിയൊരു തുള ... ഒരിത്തിരി കൂടിയ വട്ടത്തില്‍.. അത്രയേ വേണ്ടൂ.. വെറും മണ്‍ ചുമരാന്നൊക്കെ പറഞ്ഞപ്പൊ മുളം തൂണ് കൊണ്ട് മുട്ട് കൊടുത്താ പണി തുടങ്ങിയെ.. എല്ലാം കൂടി ഇടിഞ്ഞ് പൊളിഞ്ഞ് താഴെ പോവുമോന്ന് പേടിച്ച്..എന്നിട്ടിപ്പൊ അവര് കഷ്ടപ്പെട്ട് നില്പാ..

"എന്താ പണിയങ്ങട് നീങ്ങുന്നില്ലല്ലൊ ..മഴയാണെങ്കില്‍ കണ്ണുകെട്ടി കളിച്ചോണ്ടിരിക്കാ ... "

ദിവസേനയുള്ള ക്ഷേമാന്വേഷണത്തിനെത്തിയ വല്ല്യമ്മാമയുടെ വകയാണ്... മുറ്റത്തേക്ക് ചാഞ്ഞുനിന്നിരുന്ന ഒരില പറിച്ചത് ഞെരടി പറമ്പിലേക്ക് നീട്ടിയെറിഞ്ഞു..

"ദാ ന്ന് പറഞ്ഞപോലെ ദിവസം പോവും .. പുതിയാളെത്തുമ്പൊഴെക്കും എല്ലാം ഒരുങ്ങണ്ടെ.."

ഉറക്കെയുള്ള ചിരിയോടെ ചൂട് ചായ ഊതികുടിക്കുന്ന അമ്മാമ ഇപ്പൊ എന്താ ചിന്തിച്ചിട്ടുണ്ടാവുക...പുതുമുഖം തന്നെ എന്തു വിളിക്കുമെന്നാവുമോ..
-----

ഇത് വടക്കേറ എന്ന് വിളിക്കപ്പെടുന്ന വടക്കെ അറ.. ഇടന്നാഴിയില്‍ നിന്ന് മച്ചിനു മുന്നിലെ കൊച്ചു തളം.. ഇരുവശത്തുമായി തെക്കേറയും വടക്കേറയും .. തെക്കേറ ഇവിടത്തെ കല്ല്യാണങ്ങള്‍‌ക്കെല്ലാം മണിയറയാണ്.. കാലം കൂടുമ്പോള്‍ പതിയെ വടക്കേറയിലെത്തും.. പുതിയ അംഗത്തെ വരവേല്‍ക്കാനാണ്...

ഊണ്‍ കഴിഞ്ഞ് വീട്ടുകാരും പണിക്കാരുമെല്ലാം പലയിടത്തായി നടുനിവര്‍ത്തിയിരിക്കുന്നു.. തട്ടിട്ട അറയില്‍ നല്ല തണുപ്പ്... ഒരു ചുമര്‍
മച്ചിന്റെ മരച്ചുവരാണ്.. വേനലില്‍ പോലും ചൂടെത്തി നോക്കില്ല.. ഇന്നും ഇവിടെ ഫാന്‍ പോലുമില്ല... ഇനി വരുമായിരിക്കും.. നിലത്തു വെച്ച കാലിന് കീഴെ നല്ല പരുപരുപ്പ്... നിലം ഇത്രയും പരുത്തതെങ്ങിനെ.. തെളിയുന്ന വെളിച്ചത്തില്‍ നിലം മുഴുവന്‍ കുത്തിപൊളിച്ചിട്ടിരിക്കുന്നു.. വടക്കെ മൂലയിലെ ഓവിന്‍ തറയും നിരപ്പാക്കിയിരിക്കുന്നു... മുറിയില്‍ നിറയെ തിരക്കു പിടിച്ച പണിയുടെ അവശിഷ്ടങ്ങള്‍.. മച്ചിന്റെ രണ്ടുനിര പലകകള്‍ അപ്രത്യക്ഷമായിരിക്കുന്നു.. പത്തായത്തിലേക്ക് കയറിപ്പോയ വിടവില്‍ പുതിയൊരു യൂറോപ്യന്‍ ക്ലോസ്സെറ്റിന്റെ തിളക്കം.. മറുവശത്ത് തെക്കേറയിലും പത്തായത്തിലേക്ക് പുതിയ നീക്കം .. നിലത്തെ പരുക്കന്‍ മാറ്റി വിരിക്കാന്‍ തയ്യാറായി ചായ്പ്പില്‍ റ്റൈല്‍‌സ് കാത്തിരിക്കുന്നു..

വടക്കേറ വീണ്ടും ഒരുങ്ങുകയാണ്.. ഇത്തവണ നഗരപരിഷ്കാരങ്ങളോടെ.. അമ്മയുടെ ഭാഷയില്‍ അവര്‍ സുഖസൌകര്യത്തില്‍ ജീവിക്കുന്നവരാ.. നിലത്തിനാണെങ്കില്‍ എന്തൊരു മിനുപ്പാ... അടുക്കളയില്‍ ഒരു പൊടി കരിയില്ല്ല.. അപ്പൊ അവരൊക്കെ ഇവിടെ വരുമ്പോള്‍ നമ്മളും അതുപോലെ നോക്കണ്ടെ.. ഇനി ഇപ്പൊ ഇടക്കിടക്ക് അവര് ആരേലൊക്കെ വന്നാലോ.. കുട്ടീനെ കാണാനൊക്കെ.. ആരാണീ അവരെന്ന് ചോദിച്ചാല്‍ അമ്മയുടെ പേരക്കിടാവിന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍.. നാട്ടിന്‍ പുറത്തെ ശീലമൊന്നും അവര്‍ക്ക് പിടിക്കില്ല..

അമ്മ മുതുമുത്തശ്ശിയാവാനുള്ള തയ്യാറെടുപ്പിലാണ്... മുത്തശ്ശിയാവാന്‍ എന്റെ ഏട്ടത്തി.. ഇത് ഒരു പുതുതലമുറയുടെ ജന്മം കൂടെ ആവുന്നു.. നാലാം തലമുറയിലെ വരവും കാത്തിരിപ്പിലാണ് എല്ലാവരും ... അമ്മ കിട്ടുന്ന വെള്ളതുണികളെല്ലാം മണ്ണാത്തി ദേവകിയെ കൊണ്ട് അലക്കി വെളിപ്പിക്കുന്നു.. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന മട്ടില്‍ ഫ്ലാസ്കും ഷീറ്റുമെല്ലാം ഒരു യാത്രക്ക് തയ്യാറായിരിക്കുന്നു... അതിഥിയെ വരവേല്‍‌ക്കാന്‍ സീറോവാട്ട് ബള്‍ബ് പോലും സ്ഥാനം പിടിച്ചിരിക്കുന്നു..

അതെ അവള്‍ അമ്മയാവാന്‍ കാത്തിരിക്കുകയാണ്.. ഈ ഈറ്റില്ലത്തില്‍ അവസാനം പിറന്നു വീണത് അവളായിരുന്നു.. അവള്‍ക്കുമുമ്പ് ഞാന്‍ .. എന്റേത് ഒരു തലമുറയുടെ അവസാനമായിരുന്നു.. അവളുടേത് ഒരു തുടക്കവും .. അവള്‍ക്ക് ശേഷമുള്ളവരെല്ലാം ആശുപത്രി ജന്മങ്ങളായിരുന്നു.. അവള്‍ക്കുള്ള ഉണക്കമുന്തിരി വാങ്ങാന്‍ കിഴക്കെ വൈദ്യശാലയിലെക്ക് ഓടിയത് ഇന്നും ഓര്‍മ്മയുണ്ട്.. ഓട്ടത്തിനിടയില്‍ കണ്ടവരോടൊക്കെ ഞാന്‍ ആ സന്തോഷവാര്‍ത്ത പറഞ്ഞു "എന്റെ വീട്ടില്‍ കുഞ്ഞുണ്ടായിരിക്കുന്നു".. ഒരു പത്തുവയസ്സുകാരിക്ക് ഇതില്‍ പരം എന്തു സന്തോഷം .. രാവിലെ കുളിചീറനായ് വന്ന് അവള്‍ക്ക് സ്വര്‍ണ്ണമരച്ച് വയമ്പ് കൊടുത്തിരുന്നത് ഞാനാ.. വൈകുന്നേരം സ്കൂള്‍ വിട്ട് വന്ന് അവള്‍ക്ക് കൊടുക്കാന്‍ വെണ്ണയും പഴവും വാങ്ങികൊണ്ടുവന്നിരുന്നതും ഞാനാ.. അവളെ ആദ്യമായി സ്കൂളില്‍ കൊണ്ടുപോയതും ഞാനാ.. അന്നത്തെ കുടുംബചിത്രത്തില്‍ ഞാന്‍ എല്ലാമായിരുന്നു.. പക്ഷെ ഇന്ന് ദൂരെ ദൂരെ... വല്ലപ്പോഴുമെത്തുന്ന വിരുന്നുകാരിയായ്...


അവളുടെ കുഞ്ഞിനായ് ഈറ്റില്ലമൊരുങ്ങുകയാണ്.. ഞാന്‍ താഴെ നടക്കുന്ന ഓരോ ചലനങ്ങളും കാതോര്‍ത്ത് ... അമ്മാമ ചുരുട്ടിയെറിഞ്ഞ പച്ചില മഴയില്‍ മണ്ണോട് ചേരുന്നതും നോക്കി...വെറുതെ രംഗം വിടാന്‍ മടിച്ചുനില്‍ക്കുന്ന മഴയില്‍ കണ്ണും നട്ട് ... ഓര്‍മ്മകളില്‍ മനസ്സും നിറഞ്ഞ്..

Tuesday, September 4, 2007

അനിയത്തി

കേരളാ എക്സ്പ്രസ്സ് തൃശ്ശൂര്‍ എത്തുവാന്‍ ‍ മിക്കവാറും അഞ്ചര ആറ് മണിയാവും... പിന്നെ രണ്ട് മണിക്കൂര്‍ കൂടി. വീട്ടില്‍ എത്തുമ്പോള്‍ അമ്മയുടെ നാമജപം പോലും കഴിഞ്ഞിരിക്കും.. ഒപ്പോള്‍ അടുപ്പിന്‍‌ക്കല്ല് തളിച്ച് തുടച്ച് വടുക്കോറത്തെ വാതിലിന്റെ സാക്ഷയിട്ടിരിക്കും. ഏട്ടന്‍ മിക്കവാറും രാവിലെ വായിക്കാന്‍ വിട്ടുപോയ വാര്‍‌ത്തകള്‍ അത്താഴത്തിന് മേമ്പൊടിയായ് അരിച്ചുപ്പെറുക്കി ഉമ്മറത്തുണ്ടാവും. എന്റെ വീട്ടില്‍ എല്ലാം നേരത്തെ ആണ്; ഞാനൊഴിച്ച്. ഇന്നും പതിവിന് വ്യത്യാസമൊന്നും ഉണ്ടാവാന്‍ വഴിയില്ല...

കൈയിടവഴിയിലെ ചരല്‍ അമരുന്നതിന്റെ ശബ്ദം കേട്ട് ഒരു പാട് കണ്ണുകള്‍ എനിക്ക് നേരെ നീളുന്നുണ്ടായിരുന്നു.. ഉമ്മറത്ത് ആരൊക്കെയോ ഉണ്ട്. അടുത്തെത്തിയപ്പോള്‍ കണ്ടു, ചില നാട്ടുപ്രമാണികള്‍. ചിരിക്കേണ്ടവരോട് ചിരിച്ച് വണങ്ങേണ്ടവരെ വണങ്ങി ആചാരമര്യാദ പാലിച്ച് ഞാന്‍ അകത്തേക്ക് നടന്നു..

ഇടന്നാഴിയിലെ വെളിച്ചത്തില്‍ എന്നെ കാണുമ്പോള്‍ അമ്മ അടുത്ത നാമജപം തുടങ്ങും... നേരമില്ലാത്ത നേരത്ത് കടന്നു വരുന്ന; അന്തിമയങ്ങും മുമ്പ് കൂടണയാത്ത ഇളയ സന്തതിയുടെ.. ഇന്നെന്തായാലും അതുണ്ടായില്ല.. നാട്ടുകാരുടെ മുന്നില്‍ വിലയിടിയരുതല്ലോ?

പള്ളിക്കുളത്തിലെ മുങ്ങിക്കുളിക്ക് തുല്യമാവില്ലെങ്കിലും മോട്ടോര്‍ ഓണ്‍ ചെയ്ത് പൈപ്പെടുത്ത് തലക്കുമീതെ പിടിച്ച് സ‌മൃദ്ധമായൊരു കുളി.. ചോറ് വെള്ളമൊഴിച്ചതുകൊണ്ട് രാവിലത്തേക്കുള്ള പുളിക്കാത്ത മാവുകൊണ്ട് നല്ല കട്ടിദോശ..ഉള്ളിയും മുളകും ചുട്ട് ഉപായത്തിലൊരു ചമ്മന്തി..നല്ല ചുടുകാപ്പി..

"വണ്ടി താമസിച്ചോ..?"

ഉമ്മറത്തെ സഭ പിരിഞ്ഞ് ഏട്ടന്‍ അടുക്കളയിലെത്തി.

"അതെങ്ങനെയാ ഏട്ടാ.. ഞാനെ വൈകിയ വണ്ടിയാവുമ്പോള്‍ ഞാന്‍ വരുന്ന വണ്ടികളും താമസിക്കണ്ടെ..?"

പ്ലേറ്റില്‍ വീണ്ടുമൊരു ദോശകൂടി..

"അല്ല... രാഷ്ട്രീയം വീണ്ടും തുടങ്ങിയോ.. പക്ഷെ ഇതെല്ലാം പഴയ ചോരകളാണല്ലോ?.. നമ്മുടെ പാര്‍ട്ടിയിലേക്ക് യുവരക്തമൊന്നും ആകര്‍ഷിക്കപ്പെടുന്നില്ലെ?

ആദ്യം കുമ്പകുലുക്കിയൊരു ചിരി...പിന്നെ നിശബ്ദത..

"നമ്മടെ അനിയത്തി മരിച്ചു.. ഇന്ന് ഉച്ചക്ക്.. അറിയിച്ചവര്‍ ആരും വന്നില്ല... പിന്നെ നാട്ടുകാരെല്ലാം കൂടി അങ്ങ് തട്ടിക്കൂട്ടി... മണി മാത്രല്ലെ ഉള്ളു.. അവനാണെങ്കില്‍ .. ആ എന്താ ചെയ്യാ... അതിന്റെ കാര്യം പറഞ്ഞിരിക്കാരുന്നു.."

-----

മകളാവാന്‍ പ്രായമുള്ള എനിക്ക് പോലും അനിയത്തിയായിരുന്നു അവര്‍..ദിവസങ്ങളുടെ മൂപ്പുള്ളവരെപോലും ഏട്ടത്തിയെന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കാറുള്ള അമ്മ, അനിയത്തിയെന്ന വിളിയില്‍ കുറ്റപ്പെടുത്തിയതുമില്ല.. കിഴക്കെപറമ്പിലെ പൂമരങ്ങള്‍ പൂത്തുലഞ്ഞു നില്‍കുമ്പോള്‍, ചുവപ്പും മഞ്ഞയും നിറഞ്ഞ ആ കത്തുന്ന നിറക്കൂട്ടിനെ, അനിയത്തിയുടെ സൌന്ദര്യമായ് ഞാന്‍ സ്വപ്നം കണ്ടിരുന്നു... ഒരിക്കലെങ്കിലും അവരെയൊന്ന് അടുത്തുനിന്ന് കാണുക എന്നത് കുട്ടിക്കാലത്തെ വലിയ മോഹവുമായിരുന്നു..വൈകുന്നേരത്തെ വെയില്‍ ചായുമ്പോള്‍, കുളിച്ച് ജനലിനരികില്‍ നിന്ന് മുടിയുണക്കുന്നതാണ്‍ അവരെ കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മ്മ.. തടിച്ച മരയഴികള്‍‌ക്കപ്പുറത്തെ രൂപം ഒരിക്കലും വ്യക്തമായിരുന്നില്ല.. അത് അനിയത്തിയാണെന്ന് നിഴലനക്കങ്ങളില്‍ നിന്ന് ഞാന്‍ കണ്ടെത്തുന്നതായിരുന്നു.. ഒന്നുകില്‍ കൊഴിഞ്ഞു വീണ മുടിച്ചുരുളികള്‍ ജനലിലൂടെ പുറത്തേക്കെറിയുന്ന ഒരു കൈ.. അല്ലെങ്കില്‍‍ ജനല്‍ പാളിയിലൂടെ പാതി മറഞ്ഞ മുഖം.. സാരിയുടെ നിറഭേദങ്ങള്‍ .. ഇത്രയൊക്കെയേ ഞാന്‍ കാണാറുള്ളു .. എല്ലാം ചേര്‍‌ത്തുവെച്ച് അനിയത്തിയെ വരച്ചെടുക്കാന്‍ മാത്രം ഭാവന എനിക്കൊരിക്കലും ഉണ്ടായിരുന്നതുമില്ല.. എന്നാലും അനിയത്തിയുടെ കറുത്തു നീണ്ട മുടിയെ കുറിച്ച് അമ്മ പലപ്പോഴും വാഴ്‌ത്തുന്നത് കേട്ടിട്ടുണ്ട്.. അതുകൊണ്ട് തന്നെ അവര്‍ അവരുടേതെന്നും ഞങ്ങള്‍ ഞങ്ങളുടേതെന്നും അവകാശപ്പെടുന്ന അതിരിലെ, കുറുന്തോട്ടികള്‍ കൊണ്ട് താളിതേച്ച് മുടിവളര്‍ത്താന്‍ ഞാനും ശ്രമിച്ചിരുന്നത്.. ചന്ദനം തൊട്ടാല്‍ തിരിച്ച് അറിയാത്ത നിറമാണെന്നായിരുന്ന് മറ്റൊരു വിശേഷണം .. അതിപ്പൊ കിട്ടാന്‍ ഞാനെന്താ ചെയ്യാ..

അനിയത്തിയെ കല്ല്യാണം കഴിച്ചത് ഒരു പോലീസുകാരനായിരുന്നു..അങ്ങ് പാലക്കാടന്‍ പട്ടണക്കാരന്‍..നാട്ടുനടപ്പനുസരിച്ച് ഇവിടെ പാര്‍‌ക്കേണ്ടതാ.. ജോലിക്കാരനായതുകൊണ്ട് അനിയത്തിയെ കൂടെ കൂട്ടി.. അവിടെ പോയി അധികം കഴിയും മുമ്പെ "വിശേഷവുമായി" അനിയത്തി തിരിച്ചെത്തി.. ജോലിത്തിരക്കിനിടയിലും ഭാര്യയെ കാണാന്‍ അയാള്‍ കൃത്യമായി എത്തുമായിരുന്നു.. അവരുടെ മകനാ മണി.. മണിയെ പ്രസവിച്ചപ്പോള്‍ അനിയത്തിയുടെ മുലയില്‍ പാലില്ലായിരുന്നു..കുട്ടി കരയുമ്പോഴൊക്കെ അനിയത്തിയുടെ അമ്മ കുഞ്ചുകുട്ടിയമ്മ കുട്ടിയെ എടുത്ത് അമ്മയുടെ അടുത്ത് വരും.. അന്ന് അമ്മ ദാസേട്ടനെ പ്രസവിച്ചു കിടക്കണ സമയാ.. ഇപ്പൊഴും ഇടക്കൊക്കെ അമ്മ അത് പറയും.. ആ മുലപ്പാലിന്റെ നന്ദിപോലുമില്ലാതെ അതിര്‍ത്തി തര്‍ക്കത്തിന് വരുന്നതായിരുന്നു അമ്മക്ക് ദേഷ്യം.. ദാസേട്ടന്റെ കൂടെ പത്താം‌ക്ലാസ്സ് എഴുതിയ മണി വര്‍ഷങ്ങള്‍‌ക്ക് ശേഷം ദേവ്യേട്‌ത്തിടെ കൂടെയും അതെ പരീക്ഷ എഴുതി.. പിന്നെ എപ്പൊഴാ ആ വര്‍ഷിക പരിപാടി നിര്‍ത്തിയതെന്നറിയില്ല.. ഞാന്‍ കാണുമ്പൊഴൊക്കെ ആ വീട്ടില്‍ ഓടി നടന്ന് വല്ലതും ചെയ്തിരുന്നത് കുഞ്ചുകുട്ടിയമ്മയാ.. നാട്ടുകാരോടൊക്കെ ചിരിച്ച് വര്‍ത്തമാന പറയുന്ന അവര്‍ ഞങ്ങടെ മുഖത്ത് പോലും നോക്കില്ല.. മുട്ട് വരെ മടക്കി ഉടുത്ത മുണ്ടും, ബ്ലൌസിടാതെ തോളില്‍ മടക്കിയിട്ട ഒരു തോര്‍‌ത്തും കൊണ്ട് അവര്‍ നാട്ടിലും പാടത്തും ഒക്കെ നടക്കുമായിരുന്നു.. അവരുടെ വയറ്റത്തേക്ക് നീണ്ടുകിടന്നാടുന്ന മുലകളെ കുറിച്ച് പറഞ്ഞതിന് അമ്മയുടെ വഴക്ക് എനിക്ക് ധാരാളം കിട്ടിയിട്ടുണ്ട്.. അപ്പുറവും ഇപ്പുറവും കുടുംബക്കാരുണ്ടെങ്കിലും ആരുമായും അത്ര ലോഹ്യത്തിലായിരുന്നില്ല അവര്‍.. വല്ല വിശേഷവുമുണ്ടെങ്കില്‍ മാത്രം അവിടെയൊക്കെ പോവും.. അതും കുഞ്ചുകുട്ടിയമ്മ മാത്രം.. അമ്മയും മകനും ഒന്നിനും ഒരിടത്തും പോവുന്നത് കണ്ടിട്ടില്ല.. അയല്‍‌പക്കമായിട്ടും വീട്ടിലെ കല്ല്യാണങ്ങള്‍‍ക്കും അവര്‍ വന്നിട്ടില്ല.. എന്തു ദേഷ്യം കാണിച്ചാലും അമ്മക്ക് ഉള്ളില്‍ മണിയോട് സ്നേഹമുണ്ടായിരുന്നെന്ന് ഉറപ്പ്.. "അവനെന്റെ മുലകുടിച്ച് വളര്‍ന്നതല്ലെ" എന്ന് ഇടക്കിടക്ക് പറയുമായിരുന്നു.. എപ്പൊഴാണ് അനിയത്തിയുടെ ഭര്‍ത്താവ് ഇങ്ങോട്ട് വരാതായതെന്ന് പറഞ്ഞ് കേട്ടിട്ടില്ല.. അപ്പൊഴേക്കും ഞങ്ങളും അവരും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിരിക്കണം.. അനിയത്തിയുടെ അഹമ്മതിയാണ്‍ എല്ലാത്തിനും കാരണമെന്നാണ് എവിടെ തുടങ്ങിയാലും അമ്മ അവസാനിപ്പിക്കുന്നത്.. കഥയുടെ പരിണാമത്തില്‍ അനിയത്തിയുടെ ഭര്‍ത്താവ് വേറെ കല്ല്യാണം കഴിച്ചെന്നാണ് കേള്‍വി.. കൊച്ചുകുട്ടികള്‍ ഇതൊന്നും കേള്‍ക്കാനോ പറയാനോ പാടില്ലെന്നത് വീട്ടിലെ അലിഖിത നിയമം..

--------

ഒരു ദിവസം കുഞ്ചുകുട്ടിയമ്മ മുറ്റത്തെ തിണ്ണയില്‍ ഇരിക്കാരുന്നു.. സന്ധ്യായിട്ടും വീട്ടില്‍ കയറാതെ ആ ഇരിപ്പുതന്നെ.. അന്ന് രാത്രി ഉമ്മറവാതില്‍ അടക്കുമ്പൊഴും നിറഞ്ഞ നിലാവില്‍ അവരാ തിണ്ണയില്‍ ഇരിക്കുന്നുണ്ടായിരുന്നു.. ആ ചുറ്റുവട്ടത്ത് കറന്റ് ഇല്ലാത്ത ഒരേ ഒരു വീടും അത് മാത്രമാ.. അന്ന് ഞാന്‍ വലിയകുട്ടി ആയിരുന്നതിനാല്‍ അതിലെന്തോ പ്രശ്നമുണ്ടന്ന് തോന്നി.. വീട്ടില്‍ ആരും അത് അത്ര കാര്യമായെടുത്ത ലക്ഷണമില്ലായിരുന്നു.. രാവിലെ കുളിക്കാന്‍ കുളത്തില്‍ ചെന്നപ്പോഴാണ് പുതിയ കഥകള്‍ കേട്ടത്.. അനിയത്തി മനപടിക്കല്‍ നിന്ന് ആരെയൊക്കെയോ ചീത്തവിളിക്കുന്നു.. അവധിദിവസത്തെ വിശാലമായ കുളിമാറ്റിവെച്ച് ഞാന്‍ കയറി.. അമ്പലത്തില്‍ കേറാതെ പുറത്തു നിന്ന് തൊഴുത് വേഗം നടക്കുമ്പൊഴും മനസ്സില്‍ ഒരു മോഹമെ ഉണ്ടായിരുന്നുള്ളു.. അനിയത്തിയെ ഒന്നു കാണണം.. ആലിന് ചുവട്ടില്‍ നിന്നെ കേട്ടു, ഉച്ചത്തിലുള്ള സംസാരം.. മുകളിലെ വടക്കേമുറിയില്‍ നിന്ന ഒരിക്കലും പുറത്തിറങ്ങാത്ത ആള്‍ എങ്ങിനാ ഇത്ര ഉറക്കെ സംസാരിക്കുന്നതെന്നായിരുന്നു അത്ഭുതം .. പക്ഷെ അടുത്തെത്തിയപ്പോള്‍ നിറയെ ആളുകള്‍.. എല്ലാരും നല്ലൊരു കാഴ്ച കിട്ടിയ പോലെ നില്‍കുന്നു.. അനിയത്തി പുറം തിരിഞ്ഞു നിന്ന് എന്തൊക്കെയോ ഉറക്കെ പറയുന്നുണ്ടായിരുന്നു.. പക്ഷെ എന്റെ സ്വപ്നത്തിലെ അനിയത്തിയെ ഞാനവരില്‍ കണ്ടില്ല.. അവര്‍ സുന്ദരിയായിരുന്നില്ല; പുറം മറഞ്ഞു കിടക്കുന്ന മുടിയൊ ചന്ദനത്തിന്റെ നിറമോ ഇല്ലായിരുന്നു.. നരച്ച ഒരു കോട്ടണ്‍ സാരിയില്‍ ഒരു തെരുവുപെണ്ണിനെ പോലെയാണെനിക്ക് തോന്നിയത്.. അവരുടെ ബഹളത്തില്‍ നിന്ന് ഒന്നുമാത്രം എനിക്ക് മനസ്സിലായി.. അനിയത്തി സ്വന്തം കുഞ്ഞിനെ ചോദിച്ചാണ്‍ മനക്കലെത്തിയിരിക്കുന്നത് ..

അമ്മയില്‍ നിന്നാണ് അതുവരെ കേള്‍ക്കാത്ത വേറൊരു കഥ പുറത്തെത്തിയത്.. മണിക്കു താഴെ മറ്റൊരു കുഞ്ഞു കൂടി ഉണ്ടായിരുന്നു.. നല്ലൊരു തങ്കക്കുടം.. ഒരിക്കല്‍ അസുഖം കൂടി ഡോക്ടര്‍‌ടെ അടുത്ത് കൊണ്ടു പോയത് മനക്കലെ കാറിലായിരുന്നു.. അന്ന് വേറെ വണ്ടീന്ന് പറയാന്‍ നാട്ടില്‍ ആകെ ഉണ്ടായിരുന്നത് തൊഴുക്കാട്ടെ എമ്പ്രാന്തിരിയുടെ കാറാ.. എന്തായാലും ആ കുട്ടി ജീവനോടെ തിരിച്ചെത്തിയില്ല.. അതിന് ശേഷമാണ് ആരോടും മിണ്ടാതെ മുറിയില്‍ അടച്ചിരിക്കാന്‍ തുടങ്ങിയെ..

മനപ്പടിക്കലെ ബഹളം‌വെക്കല്‍ ഒരു നിത്യ പരിപാടിയായി തീര്‍ന്നു.. ഒപ്പം കുഞ്ചുകുട്ടിയമ്മയുടെ മുറ്റത്തിരിപ്പും.. അവരെ ദ്രോഹിക്കാനും തുടങ്ങിയതോടെ ബന്ധുക്കള്‍ ആരൊക്കെയോ വന്ന് അവരെ കൊണ്ടു പോയി.. പിന്നെ ഒന്നു രണ്ടു തവണ വന്നെങ്കിലും അനിയത്തി അവരെ അടിച്ചോടിച്ചു.. കുഞ്ചുകുട്ടിയമ്മ പോയതോടെ കൃഷിയൊന്നും നടക്കാതായി.. കോട്ടണ്‍ സാരിയില്‍ നിന്നും വെറും ഒരു മുണ്ടും ബ്ലൌസുമായി അനിയത്തി നടക്കാന്‍ തുടങ്ങി.. എന്നാലും മനയും അമ്പലവും കുളവും അടങ്ങുന്ന വൃത്തത്തില്‍ നിന്ന് അവര്‍ പുറത്തുകടന്നില്ല.. പറമ്പിലെ ഓരോ മരങ്ങളായി വെട്ടിവിറ്റായിരുന്നു പിന്നത്തെ ചിലവ്.. വെട്ടിക്കാനും പറ്റിക്കാനും ആളുകള്‍ ധാരാളം .. അത് തീര്‍ന്നതോടെ റേഷന്‍‌കടയിലെത്തി അരി ചോദിച്ചു വാങ്ങുന്ന അവസ്ഥയായി.. അമ്പലത്തില്‍ കല്ല്യാണങ്ങള്‍ ഉണ്ടെങ്കില്‍ പങ്കുവാങ്ങാന്‍ നേരത്തെ പാത്രങ്ങളും കൊണ്ട് ചെല്ലും .. ഒന്നുമില്ലാത്തപ്പൊ മറ്റേത് വീട്ടില്‍ കേറി ചോദിച്ചാലും അവര്‍ ഞങ്ങളുടെ വീടിന്റെ ഭാഗത്തേക്ക് പോലും നോക്കില്ലായിരുന്നു..


ആരോടും മിണ്ടാതെ നടന്നിരുന്ന മണിയും പതിയെ ഭ്രാന്തനായി.. അല്ലെങ്കില്‍ നാട്ടുകാര്‍ ആക്കി എന്നു പറയുന്നതാവും കൂടുതല്‍ ശരി.. ആള്‍‌ക്കാരെ ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലാക്കി.. വരാറും അന്വേഷിക്കാറും ഒന്നുമില്ലെങ്കിലും ചികിത്സിച്ചത് മണിയുടെ അച്ഛനാന്നാ കേട്ടത്.. അസുഖം മാറി തിരിച്ചു വന്നെങ്കിലും അധികം താമസിയാതെ അമ്മയേക്കാള്‍ കഷ്ടായി..

അപ്പൊഴേക്കും ആ പഴയ ഇരുനില വീട് നിലം‌പൊത്താറായിരുന്നു.. അവരുടെ നല്ല കാലം ഓര്‍ത്തിരുന്നവര്‍, ആ അവസ്ഥകണ്ടാണ്‍ ഒരു കൊച്ച് വീട് ഉണ്ടാക്കികൊടുത്തത്.. പുതിയ വീട് ഞങ്ങളുടെ അതിരിനോട് കൂടുതല്‍ അടുത്തായിരുന്നു.. അനിയത്തി രാത്രിയിലും ഉറക്കമില്ലാതെ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരിക്കും.. നാടു വിട്ടതില്‍ പിന്നെ വല്ലപ്പൊഴും വീട്ടില്‍ ചെല്ലുമ്പോള്‍ ആദ്യം ശ്രദ്ധിക്കുന്നതും ഈ സംസാരം തന്നെയായിരുന്നു..

----

മൂന്നാമത്തെ കോണിപ്പടി ശബ്ദിച്ചത് ആരോ കേറി വരുന്നതിന്റെ സൂചനയാണ്.. ഏട്ടനാണ്..

"എന്തെ നീ കിടന്നില്ലെ.."

"അനിയത്തിയുടെ കാര്യങ്ങള്‍ ഓര്‍ത്തിരുന്നു"

"അത് വിട്.. പോയി കിടന്നുറങ്ങാന്‍ നോക്ക്.. അവര്‍ നാളെ നേരത്തെ വരാംന്ന് പറഞ്ഞിട്ടുണ്ട് .. നിനക്ക് വേണാടിന് തിരിച്ചു പോവാന്‍ പറ്റും.."

ഞാനൊരു മന്ദബുദ്ധിതന്നെ.. നാളെ എന്നെ ഒരുത്തന്‍ പെണ്ണൂകാണാന്‍ വരുന്നു.. സ്വപ്നം കണ്ട് സുഖമായുറങ്ങേണ്ട നേരത്ത് ആവശ്യമില്ലാത്തതൊക്കെ ഓര്‍ത്തിരിക്ക്യാ.. എന്നാലും മണിയെവിടെ എന്ന ചിന്ത ഇടക്കിടക്ക് മനസ്സില്‍ കേറി വന്നു.. ഇവിടെ തന്നെ ഉണ്ടോ .. അതോ എവിടേലും പോയോ.. ഏട്ടന്‍ ലൈറ്റണച്ച് പോയിരിക്കുന്നു.. അതുകൊണ്ട് ചോദിക്കാനുമായില്ല..

നേരം വൈകി ഉണര്‍ന്നപ്പോള്‍ ഓപ്പോള്‍ കളിയാക്കി..

"പെണ്ണുകാണാന്‍ ചെറുക്കന്‍ വരുമ്പൊഴും ഇവള്‍ കിടന്നുറങ്ങും.."

അമ്പലത്തില്‍ പോയി വരുമ്പോള്‍ കിഴക്കേപറമ്പില്‍ ഒരനക്കവും ഇല്ല.. ചെന്നയുടനെ മണിയെ കുറിച്ച് ചോദിക്കണം.. പക്ഷെ തിരക്കില്‍ അത് വിട്ടു പോയി.. അവരും നേരത്തെ വന്നു..

പേരെന്തെന്ന് ചെറുക്കനോട് ചോദിക്കാതിരിക്കാനാവണം, ഓപ്പോള്‍ നേരത്തെ പറഞ്ഞു.. "അരുണ്‍"

"കണ്ടിട്ട് മോന്തക്ക് അരുണിമയൊന്നും ഇല്ലല്ലൊ" എന്ന് അഭിപ്രായം രേഖപ്പെടുത്തിയപ്പൊഴാണ്‍ അങ്ങേര്‍‌ക്ക് എന്നോട് മുഖദാവില്‍ സംസാരിക്കണമെന്ന് അറിയിച്ചത്...

ഇന്റര്‍വ്യു ബോര്‍ഡിന് മുന്നിലെ സ്വയം പരിചയപ്പെടുത്തല്‍ പോലെ അരമണിക്കൂര്‍ നീണ്ട നയപ്രഖ്യാപനം.. മോനെ, നിനക്ക് ഞാന്‍ ചേരില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചു.. ഇടയില്‍ കേറി വന്ന അമ്മ പറഞ്ഞു...

"പേര്‍ അരുണ്‍ എന്നാണെങ്കിലും എല്ലാരും വിളിക്കാ മണീന്നാ... അവനത് ഇഷ്ടല്ലേനും"

ചേട്ടനോട് മണിയെ കുറിച്ച് ചോദിക്കാന്‍ മറന്നു പോയെന്ന് അപ്പൊഴാണ്‍ ഓര്‍ത്തത്.. അമ്മയും മകനും രംഗം വിട്ടതോടെ ഞാന്‍ ഓപ്പോളുടെ അടുത്തെത്തി..

"ഓപ്പോളെ .. നമ്മുടെ അനിയത്തിയുടെ മകന്‍ മണിയെവിടാ..?"

ഓപ്പോള്‍ അപരിചിത ഭാവത്തില്‍ എന്നെ നോക്കി

"അല്ല.. അരുണിനെ വീട്ടില്‍ വിളിക്കുന്നത് മണി എന്നാണെന്ന്.. അപ്പോള്‍ ഞാന്‍ മണിയെ കുറിച്ച് ഓര്‍‌ത്തു.."

ചോദ്യം തീരെ അസ്ഥാനത്താണെന്ന് ഓപ്പോളുടെ നോട്ടത്തില്‍ തെളിഞ്ഞു കിടന്നിരുന്നു.. ഇനിയെന്റെ സാന്നിദ്ധ്യം അവിടെ ആവശ്യമില്ലെന്ന് തോന്നിയതിനാല്‍ മുകളിലെ വരാന്തയില്‍ ചെന്ന് കിഴക്കെ പറമ്പിലേക്ക് നോക്കിനിന്നു.. ഇടിഞ്ഞു പൊളിഞ്ഞ പഴയ വീടിന്റെ അവശിഷ്ടങ്ങളില്‍ കാട്ടുചെടികള്‍ വളരാന്‍ തുടങ്ങിയിരിക്കുന്നു..

മണിയെവിടെയെന്നറിയാന്‍ വന്നവര്‍ പടിയിറങ്ങും വരെ കാത്തിരിക്കേണ്ടി വന്നു.. അനിയത്തി മരിച്ചത് നാട്ടുകാരറിഞ്ഞത് മണി കരഞ്ഞ് വിളിച്ചപ്പോഴാണ്‍.. ചിതവെച്ച് കുളിക്കാന്‍ പോയവര്‍ പിന്നെ മണിയെ കണ്ടില്ല.. ഷോര്‍ണ്ണൂര്‍ വരെ എത്തി വേണാടില്‍ ഒരു സീറ്റ് കിട്ടുക എന്ന തിരക്കില്‍ കൂടുതല്‍ ആലോചിച്ചില്ല.. എങ്കിലും സമ്മതമില്ലാതെ ചില പഴയചിത്രങ്ങള്‍ മനസ്സിലേക്കോടി എത്തുന്നുണ്ടായിരുന്നു.. ഒരിക്കലും ഞാന്‍ മണിയോട് സംസാരിച്ചിട്ടില്ല.. കണ്ടാലും മുഖത്തു നോക്കാതെ പോവാറെ ഉള്ളു.. യാതൊരു പരിചയവുമില്ലാതിരുന്ന ഒരാളെ കുറിച്ച് ഇത്രമാത്രം ചിന്തിക്കാനെന്തെന്ന് എനിക്ക് തന്നെ മനസ്സിലാവുന്നില്ലായിരുന്നു.. പക്ഷെ പിന്നീട് വീട്ടിലേക്ക് വിളിച്ചപ്പോഴൊക്കെ മണിയെ കുറിച്ച് ചോദിക്കാന്‍ ഞാന്‍ മറന്നു പോയി..

---

രാവിലെ സെമിനാറിന് പോവാനായി ബസ്സ്‌സ്റ്റാന്റില്‍ എത്തുമ്പോള്‍ ഇരുട്ട് നീങ്ങിയിട്ടില്ലായിരുന്നു.. സാമാന്യം തിരക്കുണ്ടായിരുന്നെങ്കിലും പെണ്ണായ് ഞാന്‍ മാത്രം.. ഒരാള്‍ ഒഴിഞ്ഞു തന്ന സൈഡ് സീറ്റില്‍ ഷട്ടര്‍ തുറന്ന് ഷാള്‍ കൊണ്ട് പുതച്ചിരുന്നു .. കാറ്റടിക്കാന്‍ തുടങ്ങിയപ്പോള്‍ രാത്രി കൈവിട്ട ഉറക്കം എന്നെ തേടിയെത്തി..

പുറകിലെ ബഹളം കേട്ടാണ് ഉണര്‍ന്നത്.

"രാവിലെ ഓരോന്ന്‌ങ്ങ്‌ള്‍ വന്നോളും... മനുഷ്യനെ മെനക്കെടുത്താന്‍"

താടിയും മുടിയും നീട്ടിയ ജടകെട്ടിയ ഒരു രൂപം.. വൃത്തികെട്ട വസ്ത്രങ്ങളും.. ടിക്കറ്റെടുക്കാത്തതിനാണ് ബഹളം.. ആള്‍ക്കാരെല്ലാം കൂടി അയാളെ പുറത്തിറക്കാനുള്ള ശ്രമമാണ്..

ഞാന്‍ പതിയെ അരികിലെ കമ്പിയില്‍ തലചായ്ചു...

"ടീച്ചര്‍‌ടെ അനിയത്തി തരും .."

അതാണെന്നെ വീണ്ടും തിരിഞ്ഞു നോക്കിച്ചത്.. ഇപ്പൊ എല്ലാരും എന്നെ നോക്കുന്നു... അയാളാണെങ്കില്‍ എന്നെ ചൂണ്ടിയാണ്‍ പറയുന്നത്.. "ടീച്ചര്‍‌ടെ അനിയത്തി തരും .."

ഭ്രാന്തന്റെ ജല്പനങ്ങള്‍ എന്നു കരുതി, എല്ലാരും അയാളെ വണ്ടിയില്‍ നിന്നിറക്കാന്‍ ശ്രമിക്കാണ്.. നാട്ടില്‍പലരും എന്നെ അറിയുന്നത് അങ്ങിനെ ആണ്.. "ടീച്ചര്‍‌ടെ അനിയത്തി" .. അപ്പോള്‍ ഇത് ..?

കണ്ടക്റ്റര്‍ എന്റെ അടുത്തെത്തിയപ്പൊ ഞാന്‍ പറഞ്ഞു

"അയാള്‍ക്ക് എങ്ങൊട്ടാന്ന് വെച്ചാ ടിക്കറ്റ് കൊടുത്തോളൂ, ഞാന്‍ തരാം"

അയാളുടെ മുഖത്ത് സംശയങ്ങള്‍ നിറയാന്‍ തുടങ്ങിയപ്പൊ.. കേട്ടവരും എന്നെ നോക്കി..

"എന്റെ നാട്ടിലുള്ളതാ... മനസ്സിന് അത്ര സ്ഥിരതയില്ലാത്തോണ്ടാ.."

ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കുമ്പോള്‍ ആ കണ്ണുകളില്‍ പരിചിത ഭാവം ഇല്ലാരുന്നു.. ആര്‍ക്കും മുഖം കൊടുക്കാതെ എവിടെയോ നോക്കിയും തലകുനിച്ചും ...

ബഹളം തീര്‍ന്നതോടെ വേണമെന്ന് വിചാരിച്ചല്ലെങ്കില്‍ കൂടി ഞാന്‍ ഉറങ്ങാന്‍ തുടങ്ങി... ഉണരുമ്പൊഴേക്കും വഴിയിലെവിടെയോ അയാള്‍ ഇറങ്ങിപോയിരുന്നു..