Tuesday, March 26, 2013

ദേവപ്രിയയുടെ ദിവസം

ഡയറിയില്‍ രേഖപ്പെടുത്താത്ത ദേവപ്രിയയുടെ ദിവസം

"യു എന്‍ജോ....?"

റിയാസിന്റെ ചുണ്ടില്‍ തന്റെ ചൂണ്ടുവിരല്‍ കൊണ്ട് മുദ്രവെച്ച് ദേവി എന്ന ദേവപ്രിയ ആ ചോദ്യത്തെ പാതി വഴിയില്‍ കൊലചെയ്തു. പുതപ്പെടുത്ത് കഴുത്ത് വരെമൂടി അവള്‍ അവനു നേരെ തിരിഞ്ഞുകിടന്നു.

"അരുത്.. അത് മാത്രം നീയെന്നോട് ചോദിക്കരുത്. ഓരോ ആക്രമണത്തിന് ശേഷവും തളര്‍ന്നു കിടക്കുന്ന എന്നോട് അയാള്‍ അങ്ങിനെ ചോദിക്കുമായിരുന്നു. കുത്തി തുളക്കുന്ന വേദനയും അരിച്ചു കയറുന്ന വിറയലും മറന്ന്, തേങ്ങലുകളെ അടക്കിവെച്ച്, ഞാന്‍ ഉത്തരം നല്‍കും .. ....."

മൂളലിന്` ശക്തികുറവാണെന്ന്` തോന്നുമ്പോള്‍ അയാള്‍ വീണ്ടും ചോദിക്കും ... "പറയ്.... നിനക്കെന്താ തോന്നിയത്.. പറയ്.. കൃത്യമായി പറയ്...

" കുതറിച്ചാടുന്ന കരച്ചില്‍ കുഞ്ഞുങ്ങള്‍ പുറത്ത് കടക്കാതിരിക്കാന്‍ കടിച്ചുപിടിച്ച്, ഒരു ടര്‍ക്കിടവലില്‍ പൊതിഞ്ഞ് ഞാന്‍ എന്നെ തന്നെ ബാത്ത്റൂമില്‍ തള്ളി വാതില്‍ അടക്കുമ്പോഴെക്കും, അപ്പുറത്ത് കൂര്‍ക്കംവലി ഉയരാന്‍ തുടങ്ങിയിരിക്കും. ഒരു ദിനത്തിന്റെ അന്ത്യവും പുതുദിനത്തിന്റെ പിറവിയും ഞാന്‍ ആ ഷവറിന്റെ ചുവട്ടില്‍ ആഘോഷിക്കും. എത്ര തേച്ചുകുളിച്ചാലും പോവാതെ, അഴുക്കുകള്‍ ശരീരം മുഴുവന്‍ പറ്റിപിടിച്ചിരിക്കുന്നെന്ന്, അന്നൊക്കെ എനിക്ക് തോന്നുമായിരുന്നു. പിന്നെ തലപോലും തുവര്‍ത്താതെ, ബാക്കിവന്ന രാത്രിയെ ഉറങ്ങിതീര്‍ക്കാന്‍ ഒരു വിഫലശ്രമം."

"മതി നിര്‍ത്ത്.. നീ വന്നത് ആ ഓര്‍മ്മകളില്‍ നിന്ന് രക്ഷപെടാനല്ലെ.. വേണ്ടാ.. തല്‍ക്കാലം അതൊന്നും ഓര്‍ക്കണ്ട"

അവളുടെ മുടിയില്‍ വിരലോടിച്ച്, ആ കണ്ണുകളില്‍ ഉറ്റുനോക്കി, അവന്‍ വീണ്ടും ചോദിച്ചു..."

"എന്നാലും പറയ്.. നീ എന്റെ അടുത്ത് തോറ്റു പോയിട്ടില്ലെന്ന്.. ഇങ്ങിനെ ഒരു ദിവസം, അതെന്റെ സ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നു.. വിശ്വസിക്കാന്‍ ഇപ്പൊഴും കഴിയുന്നില്ല..."

അവന്റെ നോട്ടം താങ്ങാനാവാതെ ദേവി കണ്ണുകള്‍ ഇറുക്കിയടച്ചു.. അവര്‍ക്കിടയില്‍ പിറന്നുവീണ നിശബ്ദത പതുക്കെ പതുക്കെ കനം വെച്ച് ആ മുറിമുഴുവന്‍ നിറയുന്നതായി അവള്ക്ക് തോന്നി.. അതില്‍ രാത്രിയുടെ കറുപ്പു കലരുന്നതായും. വിങ്ങല്‍ സഹിക്കാനാവാതെ അവളുടെ കണ്ണുകള്‍ തുറന്നുപോയി. അവളുടെ നോട്ടം ഉടക്കി നിന്നത് അവളെ തന്നെ നോക്കി നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന അവന്റെ കണ്ണുകളിലായിരുന്നു. അപ്പോള്‍ വര്‍ഷങ്ങളായി അവന്‍ ചോദിച്ചുകൊണ്ടിരുന്ന ആ സമ്മാനം അവള്‍ അവന്` കൊടുത്തു. താഴോട്ടുള്ള യാത്രയില്‍ ഒരു മാത്ര സംശയിച്ചു നിന്ന ആ കണ്ണീര്‍തുള്ളികളെ റിയാസിന്റെ കവിളില്‍ നിന്ന് ദേവിയുടെ ചുണ്ടുകള്‍ ഒപ്പിയെടുത്തു. വിശ്വസിക്കാനാവാതെ ഒരു നിമിഷം .. അവന്‍ അവളെ തന്റെ കൈകള്ക്കുള്ളിലാക്കി തന്നോട് ചേര്‍ത്തു...അവള്‍ ഭൂതകാലത്തിലേക്ക് കുതറിയോടാന്‍ ശ്രമിക്കുന്ന തന്റെ ഓര്‍മ്മകളെ, ഇന്നുകളില്‍ തടഞ്ഞുനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. അവന്റെ നെഞ്ചില്‍ തലവെച്ച്, ആ കൈകളുടെ സുരക്ഷിതത്വത്തില്‍ അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

നടന്നതത്രയും സ്വപ്നമല്ലെന്ന് വിശ്വസിക്കാന്‍ അവന്‍ സ്വയം നുള്ളിനോക്കി. പിന്നെ ഒരു ചിരിയോടെ അവളുടെ ചുണ്ടുകളില്‍ തൊട്ടു, കവിളില്‍ തലോടി, പതുക്കെ കഴുത്തില്‍ ചിതറിക്കിടന്ന മുടിയിഴകള്‍ വകഞ്ഞുമാറ്റി. അപ്പോള്‍ തീരെ നേര്‍ത്ത അവളുടെ സ്വര്‍ണ്ണമാലയില്‍ അവന്റെ വിരലുകള്‍ ഉടക്കി. ഒരു ഞെട്ടലോടെ അവന്‍ കൈവലിച്ചു. തന്റെ കൈവിരലുകള്‍ നോക്കി പൊള്ളിയ പാടുകള്‍ കണ്ടെത്താനാവാതെ കുഴങ്ങി. നേര്‍ത്ത വിറയലോടെ അവന്‍ ആ മാല വീണ്ടും കയ്യിലെടുത്തു. അവളെ ഉണര്‍ത്താതെ അവന്‍ അത് കയ്യിലൂടെ കറക്കിവിട്ടു. പക്ഷെ ഒരു പ്രദക്ഷിണം കഴിഞ്ഞിട്ടും അവന്റെ കയ്യില്‍ തടഞ്ഞത് ആ മുത്ത് പതിച്ച ലോക്കറ്റ് മാത്രം. ശൂന്യമായ മോതിരവിരലും ചുവപ്പുമാഞ്ഞ സീമന്തരേഖയും അപ്പോഴാണ്` അവന്‍ ശ്രദ്ധിച്ചത്.


ഞായറാഴ്ച പ്രഭാതത്തിലെ ഉറക്കം കെടുത്താനായി ഫോണ്‍ അടിച്ചപ്പോള്‍ദേഷ്യത്തോടെയാണ്` എടുത്തത്. ഏതോ ബഹളത്തിന്` നടുവില്‍ നിന്നാണ്` അവളുടെ ശബ്ദം വന്നത്..

"ഞാനാണ്..."


"നിനക്ക് ഉറക്കമൊന്നുമില്ലെ.. രാവിലെ.. ഉം .. പറയ്..."


"നീ വേഗം വായോ.. ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാ വിളിക്കുന്നത്.."


"ദൈവമേ.. ഇവിടെന്നോ..?"
ഒരു രാത്രിയുടെ യാത്രയില്‍ അവള്‍ എനിക്കരികില്‍ .. ആദ്യമായി അവള്‍ ഈ നഗരത്തില്‍, അതും എന്നെ തേടി...ഉറക്കത്തിനും ഉണര്‍വ്വിനും ഇടയില്‍ തത്തികളിക്കുന്ന മനസ്സ്, അവളുടെ ഹലോ വിളികളില്‍ സന്തോഷത്തിനും അമ്പരപ്പിനുമായി പകുത്തുകൊടുക്കപ്പെട്ടു..
"ഞാന്‍ വരില്ല .. നിനക്ക് പറഞ്ഞിട്ടുവരാമായിരുന്നില്ലെ"


"അര മണിക്കൂര്‍ ഞാന്‍ നിനക്ക് വേണ്ടി കാത്തുനില്‍ക്കും .. വരണോ വേണ്ടയോ എന്നത് നിന്റെ ഇഷ്ടം "


എന്നും അതായിരുന്നു അവളുടെ അവസാനത്തെ ഉത്തരം . "നിന്റെ ഇഷ്ടം".. പുറത്ത് നേരിയ പ്രകാശം മാത്രം. അവള്‍ തനിച്ച് റെയില്‍വെസ്റ്റേഷനില്‍ .. ഭയം റിയാസിന്റെ വേഗതകൂട്ടി.. ആദ്യം കിട്ടിയ ഓട്ടോയില്‍ ചാടികേറി റെയില്‍വേസ്റ്റേഷനില്‍ എത്തുമ്പോഴും മനസ്സില്‍ പേടിയായിരുന്നു. പിന്നെ അവളെയും കൊണ്ട് എവിടെപോവുമെന്ന ചിന്തയും . മണിക്കൂറുകള്‍ തിരക്കുപിടിച്ച റെയില്‍വേസ്റ്റേഷനും , പാര്‍ക്കിനും പങ്കുവെച്ച് കൊടുത്തിട്ടും സൂര്യന്‍ പടിഞ്ഞാറെത്താന്‍ മണിക്കൂറുകള്‍ ബാക്കി. സമയം തള്ളാന്‍ റെസ്റ്റോറന്റുകളില്‍ കയറി കുടിച്ചു നിറച്ച കാപ്പി വിശപ്പിനെ കൊന്നിരിക്കുന്നു.. റൂംമേറ്റ്സിന്റെ തുടരെയുള്ള ഫോണ്‍ വിളികള്‍ .. പറയാതെ എവിടെപോയെന്ന ചോദ്യം ...


പാര്‍ക്കിലെ പേരറിയാത്ത പൂമരത്തിന്റെ ചുവട്ടില്‍ കാല്‍ മുട്ടുകളില്‍ തല താങ്ങിയിരിക്കുമ്പോള്‍, അവന്റെ കണ്ണില്‍ നനവ് പടരാന്‍ തുടങ്ങി. നിമിഷങ്ങല്‍ക്കപ്പുറം അവളുടെ കൈവിരലുകള്‍ അവന്റെ ചുമലില്‍ തൊട്ടു. അവന്റെ മുഖത്ത് നോക്കാതെ ബാഗില്‍ എന്തോ തിരയും പോലെ അവള്‍ പറഞ്ഞു."എനിക്കൊന്നു കുളിക്കണം.. ഇന്നലെ രാവിലെ ഇട്ട ഡ്രെസ്സാണ്`... ഇരിക്കാന്‍ പോലും സീറ്റില്ലാരുന്നു ട്രെയിനില്‍ ..വിയര്‍ത്തൊഴുകി, ആകെ നാശായി.. വാ.. നമുക്ക് പോവാം .. വൈകീട്ട് ഏഴിനാണ്` തിരിച്ചുള്ള ട്രെയിന്‍ .. നാളെ രാവിലെ ഓഫീസില്‍ എത്തണ്ടതാ..."കുറച്ച് വാചകങ്ങളില്‍ അവള്‍ കൃത്യമായി ഒരു കാര്യം പറഞ്ഞിരിക്കുന്നു. നിനക്ക് ഞാന്‍ ഒരു ശല്യമാവില്ല.. ഈ പകല്‍ കൊഴിയുമ്പോള്‍ ഞാനിവിടം വിടും .. പാറിപറന്ന മുടിയിഴകള്‍ കൈകൊണ്ട് മാടിയൊതുക്കി, ചുരിദാറില്‍ പറ്റിയ മണ്‍തരികളെ തട്ടികളഞ്ഞ് അവള്‍ എഴുന്നേറ്റു. പിന്നെ നിറഞ്ഞു കവിഞ്ഞ അവന്റെ കണ്‍കളെ അവഗണിച്ചുകൊണ്ട്.. എഴുനേല്‍ക്കാനായി കൈനീട്ടി.പുറത്തേക്ക് നടക്കുമ്പോഴാണ്` അവന്‍ പറഞ്ഞത്.


"സണ്‍ഡെ അല്ലെ .. റൂമില്‍ എല്ലാരും ഉണ്ട്. നീ വന്നത് അവര്‍ക്കാര്‍ക്കും അറിയില്ല. നിന്നെ കൊണ്ട്.. അവിടെ.. എങ്ങിനെയാ ചെല്ലാ..."


ശബ്ദം ഇടറാതിരിക്കാന്‍ ആവതും ശ്രമിച്ചുകൊണ്ട് അവള്‍ പൊട്ടിച്ചിരിച്ചു...

"അയ്യേ .. നീ ഒരു ബുദ്ദൂസ്സ് തന്നെ.. അല്ലെങ്കില്‍ ഞാനങ്ങോട്ട് വരാനിരിക്കല്ലെ.. ആരാടാ നിങ്ങടെ ബാച്ചലേഴ്സ് ഡെന്നില്‍ വരാ.."


ഹോട്ടല്‍ റെജിസ്റ്ററില്‍ പേരെഴുതുമ്പോള്‍ അവന്റെ കൈവിറക്കുന്നത് അവള്‍ അറിഞ്ഞു... റൂം തുറന്നു കൊടുത്ത മീശമുളക്കാത്ത പയ്യന്റെ ചെരിഞ്ഞു പോയ ചിരിയുടെ അര്‍ത്ഥം അവളുടെ ഉള്ളില്‍ ഉണങ്ങാത്ത ഒരു ചോദ്യത്തിന്റെ ഓര്‍മ്മയുണര്‍ത്തി.ആദ്യരാത്രിയിലെ എണ്ണം മറന്നുപോയ താണ്ഡവങ്ങള്‍ക്കൊടുവിലാണ്` അയാള്‍ അത് ചോദിച്ചത്..


"ആര്‍ യു എ വെര്‍ജിന്‍ ..?"


അവളിലെ ധിക്കാരി അടിപതറിയ നിമിഷം .. നുണയാണെങ്കിലും നോ എന്ന ഒരുത്തരം കൊണ്ട് ഒരു ജന്മം മുഴുവന്‍ അയാളെ വേദനിപ്പിക്കാമായിരുന്നു..പക്ഷെ...
ആ ദിവസത്തില്‍ ആദ്യമായി ദേവി അവളെ കുറിച്ച് ഓര്‍ത്തു. അവള്‍ എന്തിനാണ്` വന്നതെന്നും...എല്ലാവരുടെ മുന്നിലും അഭിനയിച്ച്, ജീവിതവും അഭിനയവും തിരിച്ചറിയാതായപ്പോഴത്തെ ഒരു ഒളിച്ചോട്ടം .തന്നെ മനസ്സിലാക്കാനാവുന്ന ഒരാളുടെ അരികില്‍ , എല്ലം മറന്നൊന്ന് പൊട്ടികരയാന്‍ , എന്നിട്ടിപ്പോള്‍ ...സൌഹൃദമോ പ്രണയമോ എന്തുപേരിട്ടുവിളിച്ചാലും .. അതൊരുവിശ്വാസമായിരുന്നു... എല്ലാം തകരുന്നെന്നു തോന്നുമ്പോള്‍, ഒരു വിളിക്കപ്പുറം, തനിക്കൊരാള്‍ ഉണ്ടെന്ന വിശ്വാസം. അല്ലെങ്കില്‍ നുണകള്‍ക്കുമീതെ നുണകള്‍ നിരത്തി ഇന്നലെ വണ്ടി കയറുമ്പോള്‍ അതിനപ്പുറം മറ്റൊന്നും ഓര്‍ത്തതുകൂടിയില്ല.ഉറക്കത്തില്‍ ദേവി ഒന്നുകൂടി റിയാസിനോട് ചേര്‍ന്നുകിടന്നു. അവന്റെ മനസ്സില്‍ ഒരു സ്ലൈഡ്ഷോ നടക്കുകയായിരുന്നു. ദേവിയുടെ ഈറന്‍ മുടിയില്‍ നിന്നും അവന്റെ മുഖത്ത് വീണ വെള്ളതുള്ളികള്‍.. അവളുടെ കൈവിരലുകള്‍ തലോടിയ അവന്റെ നിറഞ്ഞ കണ്ണൂകള്‍ ...ഒരു നിശ്ചലദൃശ്യം പോലെ അവനരികില്‍ ഇരിക്കുന്ന ദേവി. .. പിന്നെ..


ഒരു ഞെട്ടലോടെ ദേവി ചാടിയെഴുനേറ്റു.."എന്റെ ട്രെയിന്‍ ..."


സമയം ഏഴ് മണി കഴിഞ്ഞിരിക്കുന്നു. സ്റ്റേഷനിലെത്തുമ്പോള്‍ അവള്‍ക്കുവേണ്ടി കാത്തുകിടക്കുന്നതെന്നപോലെ വണ്ടി സ്റ്റേഷന്‍ വിടാന്‍ തുടങ്ങുന്നു. യാത്രാമൊഴികളില്ലാതെ, ഒരു നോട്ടത്തില്‍ എല്ലാം ഒതുക്കി.. അവളും ആ തിരക്കിന്റെ ഭാഗമായി...ഇന്ന് തിങ്കള്‍ ... ഓഫീസിന്റെ മടുപ്പിക്കുന്ന ഏകതാനതയിലേക്ക് അവള്‍ ആഴ്ന്നിറങ്ങും. കഴുത്തില്‍ താലിയും സീമന്തരേഖയില്‍ കുങ്കുമവും, മോതിരവിരലില്‍ കല്ല്യാണമോതിരവുമായി. രാത്രിയില്‍ ഹോസ്റ്റല്‍ മുറിയുടെ അരണ്ടവെളിച്ചത്തില്‍ അവള്‍ ഡയറിയുടെ താളുകള്‍ മറിക്കും...


ഇന്ന്......വര്‍ഷങ്ങളുടെ മൌനത്തിന്` ശേഷം എന്റെ മിത്തു വിളിച്ചു.. അവളുടെ കിഷോറില്‍ നിന്നും കിട്ടിയ ഒരു ഫോണ്‍കാളിന്റെ സന്തോഷം പങ്കുവെക്കാന്‍ ...സുജിത് ഇന്ന് ഗായത്രിയെ കണ്ടു.. അവന്` ഏറ്റവും ഇഷ്ടപ്പെട്ട ഓറഞ്ച് മിഡിയിലായിരുന്നു അവള്‍....ഉണ്യേട്ടന്` വീണ്ടും ഹാര്‍ട്ട് അറ്റാക്ക്.. ശ്രീചിത്രയിലേക്ക് കൊണ്ടുപോവുന്നു... ഇന്ന് ഡാവിഞ്ചികോഡ് വായിച്ചു തീര്‍ക്കണം... after all Christ also a human .. a man of flesh and blood.. and also of feelings...പിന്നെ അവള്‍ ഒരു താള്‍ പുറകോട്ട് മറിച്ചു.. തലേന്നാളത്തെ ദിനകുറിപ്പ് എഴുതാന്‍ ...


അവള്ക്ക് വേണ്ടി മറ്റുള്ളവര്‍ അത് ഇങ്ങിനെയായിരിക്കും എഴുതിയിരുന്നത്.

ദേവിയുടെ കഴുത്തില്‍ താലികെട്ടിയതിനാല്‍ അവളുടെ ഭര്‍ത്താവായി തീര്‍ന്ന 'അ'യാളുടെ കണക്കില്‍ അവള്‍ ഇന്നലെ ഹോസ്റ്റലിലാണ്. ഹോസ്റ്റല്‍ വാര്‍ഡന്‍ റെജിസ്റ്ററില്‍ എഴുതിയത് പ്രകാരം അവള്‍ ഇന്നലെ ദൂരെ നഗരത്തില്‍ ഏതോ ഇന്റര്‍വ്യുവില്‍ പങ്കെടുക്കുകയായിരുന്നു. അവളുടെ വീട്ടുകാരുടെ അഭിപ്രായത്തില്‍ വിവാഹിതയായ അവള്‍ എവിടെയെന്നത് അവര്ക്ക് അപ്രസക്തം. കൂട്ടുകാര്‍ക്ക്, ദേവിയുടെ മൊബൈല്‍ ഫോണിന്റെ ബാറ്ററി കംപ്ലൈന്റ് കാരണം അണ്‍റീച്ചബിള്‍ ആയിരുന്നു.


അത് ഓഫ് ആയിരുന്നെന്ന് അവര്‍ അറിയുന്നില്ലല്ലോ... വഴിവക്കിലെ കടലവില്‍പ്പനക്കാരന്‍ അവള്‍ വരാത്തതും രണ്ട് രൂപയ്ക് കടലവാങ്ങാത്തതും ശ്രദ്ധിച്ചുകാണുമോ.. സാധ്യതയില്ല..ഇത്രയും ചിന്തിക്കുന്നതിനിടയില്‍ അവള്‍ ഒരേ താള്‍ പലതവണ മുമ്പോട്ടും പുറകോട്ടും മറിച്ചു.ശനിയാഴ്ച്ചക്കുശേഷം തിങ്കളാഴ്ച. ഇടയില്‍ ഒരു താള്‍ കാണുന്നില്ല.. പ്രിന്റിംഗ് മിസ്റ്റേക്ക് അല്ലെങ്കില്‍ ബയന്റിംഗ് മിസ്റ്റേക്ക്.. ഡയറിയില്‍ ഒരു താള്‍ നഷ്ടമായിരിക്കുന്നു..അവള്‍ ഒരു ചെറുചിരിയോടെ ഡയറിയടച്ചുവെച്ചു. കിടക്കവിരിച്ച് പുതപ്പിനുള്ളില്‍ ചുരുണ്ടുകിടന്നു.. മൊബൈലിലെ ഫോണ്‍ ബുക്കില്‍ നിന്നും 666 എടുത്തു..


പിന്നെഒരു മന്ത്രണം പോലെ അവനോട് ഇങ്ങനെ പറഞ്ഞു... You my devil.. Good Night.."

Wednesday, March 20, 2013

ആത്മാര്‍ത്ഥമായി ഞാനൊന്നു വെറുതെയിരുന്നോട്ടെ..പതിനാലു വര്‍ഷത്തെ മൌനത്തിനുശേഷം  മലയാളത്തിന്റെ പ്രിയനടി മഞ്ജുവാരിയര്‍ വീണ്ടും ചിലങ്കയണിഞ്ഞു.പലരും അഭിനയത്തിലേക്കുള്ള തിരിച്ചുവരവായി അതിനെ കണക്കുകൂട്ടി.  അഭിമുഖങ്ങളുടെ പേമാരിയായിരുന്നു തുടര്‍ന്നു പെയ്തൊഴിഞ്ഞത്. ഏല്ലാവരും ചോദിക്കാന്‍ മറക്കാതിരുന്ന ഒരു ചോദ്യമുണ്ട്; എന്തുചെയ്യുകയായിരുന്നു ഇത്രനാള്‍ . സിനിമയുടെ തിരക്കില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷയായ അവര്‍ക്ക് ഉത്തരം നല്‍കാന്‍ യാതൊരു വിഷമവുമില്ലായിരുന്നു. ഞാന്‍ ആത്മാര്‍ത്ഥമായി വെറുതെയിരിക്കുകയായിരുന്നു. വെറുതെയിരിക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അത് മഞ്ജുവാരിയരല്ലെ, അവര്‍ക്ക് അതൊക്കെ പറ്റും എന്നായിരിക്കും ഇത് കേള്‍ക്കുന്ന മിക്കവരുടെയും പ്രതികരണം. അല്ലെങ്കില്‍ എങ്ങിനെയാണ് വെറുതെയിരിക്കുക എന്നൊരു ചോദ്യമുയരും. അതെ,  എങ്ങിനെയാണ് വെറുതെയിരിക്കുന്നത്. ആത്മാര്‍ത്ഥമായി പഠിക്കാം ജോലിചെയ്യാം, എന്നാല്‍ എങ്ങിനെയാണ് ആത്മാര്‍ത്ഥമായി വെറുതെയിരിക്കുന്നത് എന്നത് പ്രസക്തമായ ഒരു ചോദ്യമല്ലെ.. 

ഉണര്‍ന്നാല്‍ ഉറങ്ങും വരെ നമ്മള്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയണ്. ചിലപ്പോള്‍ വെറുതെയിരിക്കാന്‍ തോന്നാറില്ലേ? എന്നും രാവിലെ  ജോലിക്ക് പോയി ഏറെ വൈകി വീട്ടിലെത്തുന്നവര്‍ക്ക് സൂര്യനുദിച്ചിട്ടും കിടന്നുറങ്ങാനൊ അലസമായി ഒരു ദിവസം തള്ളിനീക്കാനൊ ആവും ആഗ്രഹം. ചെയ്യാനുള്ളത് തീര്‍ന്നില്ലെന്നൊ എത്തേണ്ടിടത്ത് സമയത്ത് എത്തിയില്ലെന്നോ ആവലാതിയൊ ആധിയൊ ഇല്ലാതെ ഓരോന്നോരോന്നയ് സൌകര്യപൂര്‍വ്വം ചെയ്യുക. ചെയ്തു മടുത്താല്‍ ഒന്നും ചെയ്യാതെ വെറുതെയിരിക്കുക; അതെ വെറുതെയിരിക്കുക, അതു തന്നെ. ഒപ്പം അവനവന് ഇഷ്ടപ്പെട്ടത് ചെയ്യാന്‍ സ്വന്തമായ് കുറച്ച് സമയം. അതും ചെയ്യാന്‍ തോന്നുന്നസമയത്ത് സ്വന്തമാക്കാനാവുക. വെറുതെയിരിക്കുകയെന്നാല്‍ ഇതാവുമൊ അര്‍ത്ഥമാക്കുന്നത്.

മുമ്പൊക്കെ വൈകുന്നേരം പണിയൊതുക്കി നാമം ചൊല്ലാനിരിക്കുന്നതും, ഒരു ദിവസത്തെ അല്പനേരം വെറുതെയിരിക്കാനുള്ള ശ്രമമായിരുന്നില്ലെ. ചൊല്ലി ചൊല്ലി മന:പാഠമായിപോയ കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും വലിയ ശ്രമങ്ങളില്ലാതെ ഒഴുകിവീഴുമ്പോള്‍ തിളച്ചുതൂവുന്ന അത്താഴമൊ അടക്കാതെ പോയ വാതിലുകളോ മനസ്സിലേക്ക് കടന്നുവരില്ലെങ്കില്‍ ചിന്തകള്‍ ഏറെയലട്ടാതെ വെറുതെയിരിക്കല്‍ തന്നെയാവുന്നു. വടക്കിനികോലായിലെ നുണക്കൂട്ടങ്ങളും ആല്‍‌ത്തറകളിലെ സായാഹ്നക്കൂട്ടങ്ങളും ഒരു ദിവസത്തില്‍ വെറുതെയിരിക്കാനുള്ള അവസരങ്ങള്‍ ഒരുക്കിയിരുന്നു. ഒരു പക്ഷെ ഇന്ന് ഇരുപത്തിനാലുമണിക്കൂര്‍ തികയാതെ പോവുന്ന ഓട്ടമായിരിക്കാം വലിഞ്ഞുമുറുകി പൊട്ടാനിരിക്കുന്ന ശരീരത്തിനെയും മനസ്സിനെയും അല്പനേരം കെട്ടഴിച്ചു വിടാന്‍ റിലാക്സേഷന്റ്റെ ആധുനികവഴികളിലേക്ക് നമ്മെ എത്തിക്കുന്നത്. 

ചെറിയകുട്ടികള്‍ അരിച്ചു നീങ്ങുന്ന ഒരു കുഞ്ഞുറുമ്പിനെ നോക്കി എത്രയൊ നേരമിരിക്കും. അതിന്റെ ഓരോ ചലനവും മനസില്‍ പകര്‍ത്തി എത്ര സന്തോഷ്ത്തോടെയാവും അവര്‍ അടങ്ങിയിരിക്കുക. ആ ഒരേഒരു ചിന്തമാത്രം സ്വന്തമാക്കിയിരിക്കാന്‍ അവര്‍ക്ക് കഴിയുന്നു. സന്ധ്യക്ക് അരമണിക്കൂര്‍ കറണ്ട് പോവുമ്പോള്‍ ഒരു മെഴുകുതിരി വെട്ടം പോലും കയ്യിലില്ലെന്നിരിക്കട്ടെ. ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവിനെയൊ, ആകാശത്ത് കണ്ണുചിമ്മി ഞാനിവിടെ ഉണ്ടെ എന്ന് കൊഞ്ചുന്ന നക്ഷത്രത്തെയൊ കാണാതെ കറണ്ടുവരുമ്പോള്‍ ചെയ്യാനുള്ളതിന്റെയൊ ചെയ്യാനാവാത്തതിന്റെയൊ കണക്കെടുപ്പായിരിക്കും നമ്മള്‍ നടത്തുന്നത്.

 തിരക്കുപിടിച്ച ജോലിക്കിടയില്‍ അപ്രതീക്ഷിതമായി കൂട്ടുകാരന്റെ സന്ദേശം
“ഓണ്‍ലൈന്‍ വന്നാല്‍ അല്പം കത്തിവെക്കാമായിരുന്നു”

 വർത്തമാനം തുടരുമ്പൊഴാണ് അവധിയെടുത്ത് തുടര്‍ച്ചയായി നാലുദിവസം വെറുതെയിരിക്കുകയായിരുന്നു എന്നറിയുന്നത്. വെറുതെയിരുന്ന് എന്തു ചെയ്തു എന്ന മണ്ടന്‍ ചോദ്യത്തിന്റെ ഉത്തരമാണ് രസകരമായത്.. കുഞ്ഞിനോടൊത്ത് കളിച്ചു, ആഘോഷമായി കുളിച്ചു,  കുറെ ടിവി കണ്ടു, കിടന്നുറങ്ങി, പിന്നെ ഭക്ഷണം ഉണ്ടാക്കി കഴിച്ചു.. വെറുതെയിരിക്കല്‍ അജണ്ടയിലെ അവസാനത്തെ പരിപാടി എന്നെ ശരിക്കും ഞെട്ടിച്ചു.. പാചകം ചെയ്യല്‍ വെറുതെയിരിക്കലില്‍ പെടുമൊ.. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ലെങ്കില്‍ നമുക്ക് ഇഷ്ടപ്പെട്ടത് ഉണ്ടാക്കികഴിക്കുന്നതും ഒരു രസമല്ലെ.. 

എന്താ നമുക്ക് അല്പനേരം വെറുതെയിരുന്നാലൊ ?

Thursday, March 7, 2013

അനാദിക്കടകാലം കുറെ കൂടിയാ ഞാന്‍ കുമാരേട്ടന്റെ കടയില്‍ വീണ്ടും ചെന്നത്.... മുമ്പ് വൈകുന്നേരങ്ങളിലെ കടയില്‍ പോക്ക് എന്റെ ജോലിയായിരുന്നു.. .. .ഇപ്പോഴും ആ കടക്ക് വലിയ മാറ്റമൊന്നും ഇല്ല.. . ഞങ്ങളുടെ അനാദിക്കട :)

പാഴായ (പഴയ ) ഒരു എഴുത്തുകാലത്ത്തിന്റെ ബാക്കി പത്രവും :(ഒരു കിലോ അരി, നൂറു മുളക്, പത്തു  രൂപക്ക്  പച്ചക്കറി, പിന്നെ ഒന്ന് ചവയ്ക്കാന്‍ വെറ്റിലെം പോകലേം .. നാലും കൂടിയ മുക്കിലെ പലചരക്ക് കടയില്‍ നിന്ന് ഇപ്പോഴും ഈ വായ്ത്താരി ഉയരുന്നുണ്ടാവുമൊ? ഉണ്ടെങ്കില്‍ തന്നെ എത്രകാലത്തേക്ക് .. ? സുന്ദരവും വര്‍ണ്ണശബളവുമായ പാക്കറ്റുകള്‍  ആരുടെയും ശ്രദ്ധയാകര്‌ഷിക്കും വിധത്തില്‍ അവിടെ ഒരുക്കി വച്ചിട്ടുണ്ടവില്ല .. കടയുടെ പേരും ചിഹ്നവും പതിച്ച് യൂണിഫോമില്‌ സുന്ദരന്മാരും സുന്ദരികളും ഒരുപ്ലാസ്ടിക് ചിരിയുമായി അവിടെ ഓടി നടക്കുന്നുമില്ല.. കുറെ ചാക്കുകളും കുട്ടകളും പഴക്കുലകളും ഒക്കെ ഒരു ചെറിയ മുറിയിലും മുന്‍ വശത്തുമായ്  "ഉള്ള സ്ഥലത്തൊക്കെ ഇരിക്ക് " എന്ന മട്ടില്‍ കിടപ്പുണ്ടാവും .. അതിനിടയില്‍ മുഷിഞ്ഞ വേഷമെങ്കിലും മുഷിയാത്ത മുഖവും ചിരിയുമായി ഒന്നോ രണ്ടോ പേര്‌ ഓടിനടക്കുന്നുണ്ടാവും .. മിക്കവാറും അതില്‍ ഒരാള്‌ തന്നെയാവും കടയുടമ .. കണക്കൊരു കീറാമുട്ടിയായ്  നടക്കുന്ന എത്രയോ പത്താം ക്ലാസ്സുകാര്‍ സ്കൂളിന്റെ പടിപോലും കണ്ടിട്ടില്ലാത്ത ഇവരുടെ മനക്കണക്ക് കൂട്ടലില്‍ അന്തം വിട്ട് നിന്നിട്ടുണ്ടാവും.. കാല്‌കുലേറ്റരും കമ്പ്യൂട്ടരുമായ് അഞ്ചും പാത്തും പതിനഞ്ച് എന്ന കൂട്ടിത്തരുന്ന ഇന്നത്തെ സൂപ്പര്‌ മാര്‍കറ്റ്‌കാര്‍ ഇവരുടെ നാലയല്വക്കത്ത് വരുമോ? താനിവിടത്തെ സ്ഥിരം കസ്റ്റമര്‌ ആണെന്ന് കാണിക്കാന്‍ കാര്‍ഡ് വേണമെന്ന് അനുശാസിക്കുന്ന പുത്തന്‍ കടക്കാര്‍ക്ക് അതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. കമ്പ്യൂട്ടര്‌ ബില്ലിന്റെ താഴെ അച്ചടിച്ച് വെച്ചിരിക്കുന്ന ആശംസള്‌ക്ക് വിയര്‍പ്പില്‍ കുതിര്‍ന്ന ആ ചിരിയുടെയും തലയാട്ടലിന്റെയും ഊഷ്മളതയുണ്ടോ ?

സാധനങ്ങള്‍ തൂക്കി പൊതിഞ്ഞ് കണക്കുകൂട്ടുന്നതിനിടയില്‌  അമ്മൂമ്മയുടെ കാലുവേദനയും വീട്ടിലെ മറ്റു വിശേഷങ്ങളും ഒക്കെ ചോദിച്ച് ബന്ധങ്ങള്‍ ഊട്ടിയുരപ്പിക്കുന്നവരായിരുന്നു അവര്‌. ..  അന്തിക്കഞ്ഞിക്കുള്ള അരിയുടെ കൂടെ ഒരല്പം സ്നേഹവും കരുതലും കൂടി പൊതിഞ്ഞു നല്കിയിരുന്നില്ലേ?  അതുകൊട്ണാണല്ലൊ വീട്ടില്‍ ഒരു വിരുന്നുകാരന്‍ വന്നാല്‍ പുറകിലെ  വാതിലിലൂടെ ഓടിച്ചെന്ന്  കുറച്ച് ചായപ്പൊടിയും പഞ്ചസാരയും കടം വാങ്ങാന് നമുക്ക് ധൈര്യം തന്നിരുന്നതും ..അതിനു ക്രെഡിറ്റ് കാര്‍ഡിന്റെ പളപളപ്പൊന്നും വേണ്ടായിരുന്നല്ലൊ.. അവിടെ വിനിമയം ചെയ്യപ്പെട്ടിരുന്നത് അരിയും പരിപ്പും മാത്രമായിരുന്നില്ല, നാട്ടിലെ വിശേഷങ്ങള്‌ (അല്പം പരദൂഷണവും ) കൃത്യമായി കൈമാറുന്ന ഒരു ന്യൂസ് ബ്യൂറോ കൂടിയായിരുന്നു. 

വടക്കേ മുറ്റത്തെ വാഴയിലെ ഒരു കുല പഴമോ അധികം വന്ന നാല് തേങ്ങയൊ അവിടെ കൊടുത്ത്  കാശാക്കുകയൊ സാധനങ്ങള്‌ വാങ്ങുകയൊ ചെയ്യുമായിരുന്നു. ബ്രാന്‍ഡ് ഉല്പന്നങ്ങള്‌ മാത്രം വില്‌കപ്പടുന്നിടത്ത് ഇത്തരം ഒരു സഹായം എങ്ങനെ പ്രതീക്ഷിക്കാന്‍ ! അലക്കിത്തേച്ച കുപ്പായത്തിന്റെ ചതുരവടിവുകളില്‍ ജീവിക്കുന്നമലയാളിക്ക് ഇതെല്ലാം അന്യമാവുകയാണ്‌ .. കിലോ കണക്കിന്‌ സാധനങ്ങള്‍ പാക്കറ്റായി വെച്ചിരിക്കുന്നിടത്ത് ചെന്ന് പത്തു രൂപ പച്ചക്കറി എങ്ങിനെ ചോദിക്കും ? മുഖ്യധാരയില്‍ നിന്ന് പുരം തള്ളപ്പെട്ടവര്‍ ഞെങ്ങിഞെരുങ്ങുന്നിടത്തൊ, ഓണം കേറാമൂലയായ ഏതെങ്കിലും നാട്ടിന്‍ പുറത്തോ അതിജീവനത്തിന്റെ ഭാഗമായി ഈ കടകള്‍ നിലനില്‍ക്കുമായിരിക്കുമല്ലേ ? 

അപ്പോ.. അരി .. എണ്ണ .. സോപ്പ് .. പിന്നെന്താ ?


(കാലമേറെ പഴയതാണ് എന്ന് വെച്ചാല്‍ 2006/7 .. ടൈപ്പ് ചെയ്യുമ്പോള്‍ തിരുത്താന്‍ തോന്നി ചിലയിടതൊക്കെ.. പക്ഷെ ഒരു തിരുത്തല്‍ മാത്രം.... 2 രൂപ പച്ചക്കറി ചോദിക്കുന്നത് ഇത്തിരി കടന്ന കയ്യാവില്ലെ  ഇന്ന് .. അത് കൊണ്ട് മാത്രം )