Thursday, May 9, 2013

അധിനിവേശങ്ങൾ .......

ആര്യയെ ഞാൻ ആദ്യം കാണുമ്പോൾ അവൾ മധുരപതിനെട്ടിൽ ആയിരുന്നു.. പ്ലസ് 2 കഴിഞ്ഞ് ഡിഗ്രി ചെയ്യാൻ എത്തിയതാണ്.. താമസം ഞങ്ങളുടെ ഹോസ്റ്റളിൽ .. റൂം നമ്പര് 18 ... പതിനേഴിലെ കലപിലയായ എന്നെ അവള്ക്ക് തഴയാനാവില്ലല്ലോ .. എന്തായാലും മൂന്നുകൊല്ലത്തെ പരിചയത്തിൽ അവളെ ഞങ്ങൾ ബൈസൻ വാലിയിലെ രാജകുമാരിയാക്കി.. കാട്ടുകഥകൾ കേട്ട് മിണ്ടാതിരിക്കുന്ന ഞങ്ങൾ ഇതേ കഥകൾ എരിവും പുളിയും ചേര്ത്ത് അവള്ക്ക് തന്നെ തിരിച്ച കൊടുക്കും. നാടുമീ കാടുമെല്ലാം എന്നൊക്കെ നീട്ടി പാടി കരണ്ടുകട്ടുകളെ ആഘോഷിക്കും..കഴിഞ്ഞ ശനിയാഴ്ച അവൾ ഹോസ്റ്റലിൽ നിന്നും പോയി .. അതിനു മുമ്പ്  പാടി കേട്ട് മനസിൽ പതിഞ്ഞ മലനിരകളെയും കാടിനെയും  കാണണമെന്നത് ഒരു ആഗ്രഹമായിരുന്നു .. 


കാട്ടുപോത്തിന്റെ താഴ്വാരത്തിലെക്കുള്ള യാത്ര അങ്ങീന്യാണ് വന്നു ഭവിച്ചത് .. എങ്ങോട്ട് തിരിഞ്ഞാലും പച്ചപിടിച്ച മലനിരകൾ  മാത്രം..അങ്ങോട്ട് ഉള്ള യാത്രയിൽ രാത്രിയെങ്കിലും ചില ഇറക്കങ്ങളും വളവുകളും മനസ്സിൽ അല്പം ഭയം നിറച്ചു.. പ്രത്യേകിച്ചും അടിമാലിക്ക് ശേഷമുള്ള വഴികൾ ...

ഏതോ ഇടവഴികേറി 16 കിലോമീറ്റർ മാത്രം താണ്ടി മൂന്നാറിൽ .. മൂന്നാര് അല്ല എനിക്ക് ഇഷ്ടമായത് . അവിടേക്കുള്ള യാത്രയാണ്.. സ്ഥിരം യാത്രാകേന്ദ്രങ്ങൾ എല്ലാം പോയെങ്കിലും മറ്റേതൊക്കെയോ  വഴിയേ പോവാൻ സ്വദേശിയായ സാരഥിക്ക്  സന്തോഷം .. 

കോമാളികുടിയിലെ ഉത്സവം ഞങ്ങൾ ചെന്ന ദിവസം തീർന്നുപൊയിരുന്നു .. കുളിച്ച് ഈറനായി ചോലയിൽ നിന്നും വഴിനീളെ ഉരുണ്ടു കേറിവരുന്ന സ്ത്രീയെ അതിനാൽ  കാണാനൊത്തില്ല ..  വന്നു കേറിയ വരത്തന്മാരായ നാട്ടുകാരുമായി അവിടെത്തെ ആദിവാസികൾ കൂട്ട് അല്ലാത്തതിനാൽ അവരെ "ഉപദ്രവിക്കാനുള്ള" ശ്രമവും  നടന്നില്ല .. .. ഒരു വണ്ടി മറഞ്ഞാൽ  പോലും അവർ സഹായിക്കില്ലെന്നതിനു എന്റെ കൂട്ടുകാരി തന്നെ  തെളിവ് ...എന്നാലും കാടു  കേറി നടക്കുന്നതിനിടയിൽ കണ്ട ചിലരെ ചൂണ്ടി അവൾ പറഞ്ഞു.. ഇവർ  ഇവിടത്തെ കാട്ടുവാസികൾ.. കുഞ്ഞുങ്ങളെ പുറകിൽ  മാറാപ്പ് തൂക്കി എന്തൊക്കെയോ കാട്ടു വിഭവങ്ങളുമായി   അവർ നടന്നകന്നു 

പിന്നെ വന്ന കൂട്ടത്തെ കണ്ടപ്പോൾ വേഷത്തിൽ അലസത  ..പക്ഷെ കാഴ്ചയിൽ  പരിചിതം.. അതെ പട്ടണത്തിൽ ഞാൻ സ്ഥിരം കാണുന്നവർ .. ദേശാടനക്കിളികൾ  - അവർ ബീഹാരിയാവാം  ബംഗാളിയാവാം  -  ചുറ്റും ഉയരുന്ന റിസോർട്ടുകളിലെ പണിക്ക് വന്നവരാണ് .. അവരോടുള്ള വിശ്വാസകൂടുതൽ കാരണം സന്ധ്യ മയങ്ങിയതും കാട് കേറി പോവേണ്ട തറവാട്ടിലേക്കുള്ള യാത്ര വിലക്കപ്പെട്ടു.. അവിടെ മുഴുവൻ വരത്തൻമാരാ.. വലിയമ്മയുടെ അഭിപ്രായം.. പിന്നെ അവരെകുറിച്ചുള്ള കുറെ ആവലാതികൾ 

വെറുതെ .. എന്റെ ചിന്ത എന്തുകൊണ്ടെന്ന് അറിയില്ല മറ്റൊരു വഴിയെ പോയി.. വർഷങ്ങൾക്ക്  മുമ്പ ആര്യയുടെ പൂർവ്വികർ കാടു വെട്ടി കുടിയേറാൻ ചെന്നപ്പോൾ അന്നത്തെ  മണ്ണിന്റെ മക്കളും ഇതുപോലെ തന്നെ  പരസ്പരം പറഞ്ഞിരിക്കുമല്ലേ ...തലമുറകളിൽ നിന്നും പകര്ന്നു കിട്ടിയ വിദ്വ്വേഷമാവാം അല്ലെ അവരെ ഇന്നും പരസ്പരം അകറ്റി നിർത്തുന്നത് .. ഈ വരത്തൻമാർ  റിസോട്ടുകളുടെ പണിതീരുമ്പോൾ മറ്റെന്തെങ്കിലും ജോലികളുമായി ഇവിടെ തന്നെ  കൂടില്ലേ ..

നാളെ ഇവരുടെ വരും തലമുറകളിലെ ആരുടെയെങ്കിലും കൂട്ടുകാർ എന്നെ പോലെ ഈ നാടുകാണാൻ വരുമായിരിക്കും .. പക്ഷെ അന്നേക്ക് ഈ പച്ച്ചപ്പോന്നും ബാക്കിയുണ്ടാവുമെന്ന് തോന്നുന്നില്ല.. ഇപ്പോൾ തന്നെ കാടുമുഴുവൻ  കെട്ടിടങ്ങൾക്ക്  വഴിമാറിയിരിക്കുന്നു ...അധിനിവേശത്തിന്റെ പുതിയ മുഖങ്ങളുമായി, കാടും കാട്ടുവാസികളും !