Wednesday, February 4, 2015

പല വഴിയേ പല(ആ)ഹാരങ്ങൾ !

പല വഴിയേ പല(ആ)ഹാരങ്ങൾ !

വടവടൈ .. ട്രെയിൻ ഫുഡ്  എന്ന് ഓർക്കുമ്പോൾ മനസ്സില് വരുന്നത് ഈ ഒരു വായ്ത്താരിയാണ്..

പത്ത് രൂപക്ക് ഇളനീർ .. വേറൊരു പത്തു രൂപ കൊടുത്താൽ പുഴുങ്ങിയ മുട്ടയും ഉപ്പും കുരുമുളകും..  വേണാടിൽ ഇത് കിട്ടുമായിരുന്നെങ്കിൽ ശനിയാഴ്ചകളിൽ എന്റെ  പ്രഭാതഭക്ഷണം ഇതാവുമായിരുന്നു..  എന്റെ യാത്രയിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട ട്രെയിൻ ഭക്ഷണം ...  പിന്നെ കുരുമുളകിന്റെ എരിവും നാരങ്ങയുടെ പുളിപ്പും ഉപ്പും മധുരവും  എല്ലാം ചേർന്ന ലെമണ്‍ ടീ ..

ഒറീസ കഴിഞ്ഞപ്പോ മുതലാണു ഭക്ഷണ വൈവിധ്യം ട്രെയിൻ ഇടനാഴികളെ ധന്യമാക്കാൻ തുടങ്ങിയത് .. ആദ്യം വന്ന ജാൽമുറി (ഇതന്നെ അല്ലെ അതിന്റെ പേരു ) യിൽ തന്നെ ചെരുവകളുടേ എണ്ണത്തിൽ ഒരു പാട് വ്യത്യാസങ്ങൾ..  വൃത്തിയുള്ള ഒരുത്തനെ നോക്കി പത്തു രൂപ നീട്ടി ഒരു പൊതി സ്വന്തമാക്കിയതോടെയാണു എന്റെ ഭക്ഷണ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചത് .. പൊരിയും കടലയും ഉള്ളിയും മിക്സ്ച്ചറും നാളികേരകൊത്തും പിന്നെയും എന്തൊക്കെയോ ചേർത്ത് കുത്തി കുലുക്കി ഉണ്ടാക്കിയ വകയാണീ ജാൽമുരി.. മുമ്പുള്ളയാത്രകളിലും ഈ വക കഴിച്ചുണ്ടെങ്കിലും  മുരിയെന്നാൽ പൊരിയെന്ന്  ട്രെയിനിൽ കൂട്ടുകിട്ടിയ നാഗാ ലേഡിയുടെ അറിവ് ദാനം.. അവരാണ് കാശുകൊടുക്കാതെ  തന്നെ ഭക്ഷണവൈവിധ്യത്തിന്റെ ഒരു താൾ എനിക്ക് മുന്നിൽ തുറന്നത്..  ആദ്യ ദിവസത്തെ യാത്രയിലെ ഉച്ചഭക്ഷണം റെയിൽവേ യുടെ ചോറ് .. വേവാത്ത ചോറും എനിക്ക് പിടിക്കാത്ത കറികളും.. മൊട്ടക്കറിയിലെ മൊട്ടമാത്രം കഴിച്ച് ബാക്കി അടച്ചപ്പൊഴാണു അവരെനിക്ക് നേരെ തലയും വാലും കളയാത്ത ചുട്ടമീൻ നീട്ടിയത് .. ഒപ്പം എന്തോ ഡ്രൈ വെജിടബിളും .. അതിനു മുമ്പേ ഞാൻ ഓരഞ്ചിന്റെ അല്ലികൾ കൊടുത്ത് അവരുമായ് കൂട്ടായിരുന്നു .. കൊഹീമയിൽ നിന്നും തിരുവല്ലയിൽ എത്തിയവർ .. അപരിചിതരുടെ കയ്യില നിന്നും ഭക്ഷണം കഴിക്കരുതെന്ന്  എത്ര കേട്ടാലും അതിന്റെ സ്വാദ് നോക്കണം എന്ന കൊതി തീർക്കാൻ രാത്രി ഭക്ഷണം വരെ കാത്തിരുന്നു..  രാത്രി ഞാൻ ചോറ്  വാങ്ങിയില്ലെങ്കിലും അവരുടെ ചുട്ട മീൻ കഴിച്ചു. ഒപ്പം ഉണക്ക ഇറച്ചിയും പച്ചക്കരികളും ഒക്കെ കഴിച്ചു ..  


ഇലകറികളും  എണ്ണയില്ലാത്ത പോർക്കും  ഫെർമെന്റഡ് ഫിഷിന്റെ ചട്ണിയും  റൈസ് ബിയറും രാസൂ ചായയും മുളകിട്ട ഒച്ചും ... പതിനഞ്ചു നാൾകൊണ്ട് ഞാന്കഴിച്ച  ചിലപ്പോൾ ഒരിക്കലും ഇനി ആവർത്തിക്കാൻ സാധ്യതയില്ലാത്ത ഭക്ഷണകഥയിലെ  ഒരു താൾ  .. നാഗാ കുടുംബത്തിന്റെ അടുക്കളയിൽ  ആതിഥേയയൂം ഞാനും  പാചകശ്രമത്തിൽ  :)

Monday, December 29, 2014

ഭയങ്ങൾ

ഭയങ്ങൾ

തനിച്ചുള്ള ഒരു യാത്രയിൽ നിങ്ങളെ ഭയപ്പെടുത്തുന്നതെന്താണു.. സ്ഥിരം യാത്ര ചെയ്യുന്ന വഴികളിൽ അല്ല.. വല്ലപ്പൊഴും യാത്ര ചെയ്തിടത്തേക്കുമല്ല.. ദിവസങ്ങൾ നീളുന്ന യാത്ര..അതുവരെ കണ്ടിട്ടില്ലാത്ത  ഒരു നാട്ടിലേക്ക്‌ ..

അറിയാത്ത  ഭാഷ..നഷ്ടമാവുന്ന ലഗേജുകൾ.. കിട്ടാതാവുന്ന ടിക്കറ്റുകൾ.. തനിച്ച്‌ മുറിയെടുത്ത്‌ താമസിക്കേണ്ടിവരുന്നത്‌.. പെണ്ണെന്ന ഒറ്റകാരണത്താൽമാത്രം ആരെങ്കിലും ​നിങ്ങളെ ദ്രോഹിക്കുമെന്ന ഭയം.. അങ്ങിനെ അങ്ങിനെ ഒറ്റക്കാണെന്ന ഒരു തോന്നൽ മാത്രം മതിയൊ നിങ്ങളെ ഭയപ്പെടുത്താൻ..

വെറുതെ ചോദിച്ചതല്ല.. ഈ ചോദ്യം ഞാൻ എന്നോട്‌ തന്നെ ചോദിച്ചതാണു . തനിച്ച്‌ ചെന്നു റൂം എടുക്കലും പിന്നെ ആ റൂമിൽ തനിച്ചാണെന്ന് തോന്നലുമാവും ​എന്നെ ഭയപ്പെടുത്തുക എന്നൊരു മുൻവിധി എന്നിൽ ഉണ്ടായിരുന്നു. പക്ഷെ അതെന്നിൽ അന്നേരം ഒരു ചിന്തപോലുമായില്ല. അടുത്ത ദിവസം എന്നെ കാത്തിരിക്കുന്ന കാഴ്ചകളുടെ ലോകത്തായിരുന്നു ഞാൻ ..

ടിക്കറ്റുകൾ ഉറപ്പില്ലാത്തതാവുമ്പൊഴും ജനറൽ കമ്പാർട്ട്‌മന്റ്‌ എന്നെ കാത്തിരിക്കുന്നെന്ന അമിതവിശ്വാസം..  ഷോപ്പിംഗ്‌ ഒരു ബാധ്യതയാവാത്തിടത്തോളം കൊണ്ടുപോയതിൽ കൂടുതൽ കൊണ്ടുവരാനുമില്ല.. നരച്ച തലയുടെ സുരക്ഷിതത്വം .. ആരെന്ന് ചോദ്യമുയരുന്നിടങ്ങളിൽ ഓഫീസ് ഐഡിയുടെ ധാരാളിത്തം (പപ്പനാഭാന്റെ നാലുചക്രത്തിനു ഇത്രയും വിലയോ ന്ന് അന്തം വിട്ട ചില അവസരങ്ങൾ).. ഭക്ഷണം പലപ്പോഴും കൌതുകങ്ങളിൽ തട്ടി വിശപ്പാറ്റുന്നതിനാൽ ഇന്നനേരം ഇന്നത് കിട്ടണം എന്ന അഹങ്കാരവുമില്ല..

അതേ..യാത്രയിൽ പൈസയും കാർഡുമെല്ലാം എന്നോട്‌ ചേർന്നുകിടക്കുന്ന കൊച്ചു സഞ്ചിയിൽ കാത്തുവെച്ചു.. ഉറങ്ങുമ്പോ​ൾ എന്റെ ബാക്ക്പാക്ക്‌ എനിക്‌ തലയിണയായ്‌.. സാധ്യതകളെ ഓരോന്നായ്‌ വെട്ടിമാറ്റി കഴിയുമ്പോൾ അസ്വസ്ഥതക്ക്‌ അധികമൊന്നും സ്ഥാനമില്ലാരുന്നു..

എന്നിട്ടും നട്ടെല്ലിലൂടെ ഭയം ഇരച്ചുകയറിയ ഒരു നിമിഷം..


​​തീരുമാനിക്കപ്പെടാതിരുന്ന മടക്കയാത്രയിൽ ജെനറൽ ടിക്കേറ്റ്ടുത്ത്‌ ഒരു​ റിസർവേഷൻ ഒപ്പിക്കാനുള്ള ശ്രമം .. അതിന്റെ കാത്തിരിപ്പിനിടയിൽ ഒരു ലെമണ്‍ ടീക്കാരൻ വരുന്നു.. . നമ്മുടെ നാട്ടിൽ ​കാണാത്ത ട്രെയിൻ ഭക്ഷണം .​രാവിലെ മുതൽ ഒന്നും  കഴിച്ച്ചില്ലെന്നത് വയർ എന്നെ ഓർമ്മിപ്പിക്കാൻ തുടങ്ങിയിരുന്നു..  നാലുമണികാപ്പിക്കൊരു നാരങ്ങാച്ചായ ..​. ആദ്യത്തെ സിപ്പി​ൽ തന്നെ ​ ഒരു പരസ്യമോഡലിന്റെ ഭാവഹാവാദികളിലേക്ക്‌ ഞാൻ വഴുതി വീണു.. ​സാധാരണ റ്റ്രെയിൻ ഫുഡ്‌ ഞാൻ കഴിക്കാറില്ല..  പക്ഷെ ഇത്‌ സൂപ്ലർ ​.. ​പരീക്ഷണം വെറുതെ ആയില്ല..​..​ രണ്ടാമത്തെ സിപ്പിനു മുമ്പെ ചൂലുമായ്‌ ഒരുകൊച്ചുപയ്യൻ റ്റ്രെയിൻ അടിച്ചുവാരിയെത്തി..നിലത്ത്‌ മുട്ടുകുത്തി വന്നിരുന്ന ആ കുട്ടി​ ​എന്റെമുന്നിൽ​ ​എണീറ്റ്‌​ ​നിന്ന് എന്റെ കണ്ണിലേക്ക്‌ ഒരു നോട്ടം .. സൈഡ്‌ ​സീ​റ്റിൽ പാതിയിരിപ്പായതിനാൽ ഞാൻ ഒന്നൂടെ ഒതുങ്ങി.. ​*​ഇതിനിടയിൽ എപ്പൊഴൊ എന്റെ കയ്യിൽ നിന്നും ചായകപ്പ്‌ അവൻ​ ​തട്ടിയെടുത്തിരുന്നു..​*​ എന്ത്‌ സംഭവിച്ചെന്ന്​​അറിയുമ്പോൾ അൽപം മാറി ആ ചായയും മൊത്തി അവനെന്നെ ചിരിച്ച്‌ കാണിക്കുന്നുണ്ടാരുന്നു​ ​..

ആ നിമിഷം ..​ കണക്കെടുപ്പിൽ ആ ഒരു നിമിഷമാണ് എന്റെ യാത്രയിൽ ഞാൻ ഭയമെന്ന വികാരത്തെ അറിഞ്ഞത് ..  
 

Monday, October 13, 2014

കന്യാകുമാരിയിൽ ഒരു കോവളം

കന്യാകുമാരിയിൽ ഒരു കോവളം

തിരുവനന്തപുരത്ത് നിന്നും എങ്ങോട്ടെങ്കിലും ഒരു യാത്ര പോവണമെന്ന് തോന്നിയാൽ, ഏറ്റവും എളുപ്പം ചെന്നെത്താവുന്നത് കന്യാകുമാരിയിൽ തന്നെ. എന്നാൽ പിന്നെ പോയേക്കാം എന്ന് പറഞ്ഞ് വണ്ടിവിട്ടാൽ,   കടലിനു സമാന്തരമായ റോഡിൽ ചെന്നൊരു നിൽപ്പുണ്ട്.. ഒന്ന് ചവിട്ടി നിർത്തി ഇടംവലം നോക്കുമ്പോൾ ഇടത്തോട്ട് കന്യകുമാരിയെന്നും വലത്തോട്ട് കോവളം എന്നും ദിശാസൂചികൾ . തിരുവനന്തപുരത്ത് നിന്ന് വന്നവർ,   വലത്തോട്ട് ഒരു കിലോമീറ്റർ മാത്രം  പോയാൽ കോവളമെത്തുമെന്നു ചൂണ്ടുന്ന വിരലിനെ സംശയിക്കാതിരിക്കുന്നതെങ്ങിനെ ! ചോദിച്ചവർ എല്ലാം പറഞ്ഞത്  കോവളം എന്ന് തന്നെ; കോവലം എന്നല്ല.

വർഷങ്ങൾക്ക് മുമ്പ് കന്യകുമാരിക്കൊരു കടൽത്തീരമുണ്ടായിരുന്നു.. സ്കൂളിലെ എസ്കർഷൻ കുട്ടികൾ എറിയുന്ന നാണയങ്ങൾ മുങ്ങിയെടുക്കുന്ന കുട്ടികൾ  ഉണ്ടായിരുന്നു .. അരികിൽ  ചെളിയിൽ  പുളയ്ക്കുന്ന കറുത്ത പന്നികൾ ഉണ്ടായിരുന്നു.. നിറമുള്ള മണലും കക്കയും ശംഖും വില്ക്കുന്ന കറുത്തു ശോഷിച്ച കുട്ടികളും .. 






ഇന്ന് കടൽത്തീരം  മുഴുവൻ കെട്ടിടങ്ങൾ കയ്യടക്കിയിരിക്കുന്നു..എങ്ങിനെ നോക്കിയാലും സഞ്ചാരികൾ കടൽ കാണരുതെന്ന വാശിയിലാണു കെട്ടിടങ്ങൾ കെട്ടിപൊക്കിയിരിക്കുന്നത് ..  യാത്രികരെ പിടിക്കാൻ ഹോട്ടലുകൾ ഏർപ്പാടാക്കിയ കമ്മീഷൻ ഏജന്റ്സ് എല്ലാം വാകീറി പറയുന്നതും "കടൽ കാണാവുന്ന മുറികൾ " എന്നാണ്. ..ഒരു ജനൽ ചതുരത്തിലെ    കടൽ കാഴ്ചകൾ, അല്ലെങ്കിൽ അത്രമാത്രമുള്ള ബാൽക്കണിക്കാഴ്ചകൾ  .... കടൽ തൊടാതെ , കടൽവെള്ളത്തിൽ കാലെങ്കിലും നനക്കാതെ എന്ത് കടൽകാണൽ ..ചേരികൾ പോലെ നിറഞ്ഞു നില്ക്കുന്ന വീടുകൾക്കിടയിലെ ഒറ്റയടി പാതപോലുള്ള വഴിയിലൂടെ നടന്നാൽ പുലിമുട്ടുണ്ട്.. അത്യാവശ്യം കടൽ കാണാനുള്ളത് അവിടെയാണു.. അതിനരികിൽ ഒരു കുളത്തിലെ ഓളം പോലുമില്ലാത്ത അല്പം തീരവും ..  വിവേകാനന്ദപ്പാറ, ഗാന്ധിസ്മാരകം,  ത്രിവേണി സംഗമം,  അതിനടുത്ത വില്പനകേന്ദ്രങ്ങൾ,   കരയിൽ നിന്നുള്ള കടൽ കാണൽ,  ടവറിൽ കയറി അഞ്ചുരൂപാ ടിക്കറ്റിൽ ഉള്ള ഉദയവും അസ്തമയവും; അങ്ങിനെ കന്യാകുമാരിയിലെ കാഴ്ചകൾ മിക്കവാറും അവസാനിക്കുന്നു .. പിന്നെ  ഏറിയാൽ കന്യാകുമാരിയെ അമ്പലത്തിൽ കയറിയൊന്നു വണങ്ങാം 

ഉദയാസ്തമയങ്ങൾക്ക് വിലപേശി ചെല്ലുമ്പോഴും കടൽ നിങ്ങളിൽ നിന്നും കയ്യെത്തും ദൂരത്തിനും  അപ്പുറത്താണ്. .. കടൽ കാറ്റിലലിഞ്ഞെത്തുന്ന ഉപ്പുവെള്ളത്തുള്ളികളിൽ ഒതുങ്ങുന്നു..കടലിനോടടുത്ത ഏതു വിനോദസഞ്ചാര കേന്ദ്രത്തിനും ബീച്ച് തന്നെയല്ലേ മുഖ്യ ആകർഷണമാവുന്നത്.. പക്ഷെ, പന്നികൾ പുളച്ചിരുന്ന പഴയ ചെളിക്കുണ്ടുകളേക്കാൾ ദയനീയമാണ് ഇന്നീ  കടൽത്തീരം ..



ഉദയവും അസ്തമയവും കാണാൻ കാണികൾ തിക്കിത്തിരക്കുന്ന ഇടമാണ് മിക്കവർക്കും  ഇന്ന് കന്യാകുമാരി.. തിരക്കൊഴിയുമ്പോൾ ആ റോഡിലൂടെ നേരെ നടന്നാൽ കടലിനെ സ്പർശിക്കാവുന്ന  മറ്റൊരു തീരത്തെത്താം .. കന്യാകുമാരിയിൽ നിന്നും കേവലം ഒരു കിലോമീറ്റർ മാത്രം ദൂരത്തുള്ള കോവളം എന്നാ ബീച്ചിൽ .. വലുതും ചെറുതുമായ വലിയ പാറകൾ നിറഞ്ഞതാണു  ഈ തീരം.. പാറക്കെട്ടുകൾ ഇല്ലാത്ത  മണൽ മാത്രം നിറഞ്ഞ ഇടവുമുണ്ട് .. അർദ്ധചന്ദ്രക്കലാകൃതിയിൽ സുന്ദരമായ ഈ തീരത്തെ വലിയ പാറകൾക്ക് മുകളിൽ നിന്ന് നോക്കുന്നത് സുന്ദരമായ ഒരു കാഴ്ചതന്നെ. കൂടുതൽ സുന്ദരമായ കാഴ്ച കിട്ടാൻ  പാറയ്ക്ക്  മുകളിൽ പണിതുയർത്തിയ ഒരു കുരിശുപള്ളിയുണ്ട് .. മുന്നിൽ  ഏതൊരു പടമെടുപ്പുകാരന്റെയും സ്വപ്നം പോലെ വിശാലമായ കാൻവാസിൽ പരന്നു കിടക്കുന്ന കടലും .

കടൽത്തിരകളിൽ മണലിൽ നിലയുറപ്പിക്കാനാവാതെ വീഴുകയോ അല്ലെങ്കിൽ ഓടി കരക്കു കയറുകയോ ആണല്ലൊ സാധാരണ പരിപാടി . അല്പം ശ്രദ്ധിച്ചാൽ ഇവിടെ  പാറകൾക്കിടയിൽ സുഖമായിരുന്നു നനഞ്ഞു  തിമിർക്കാം ... തലക്കുമീതെ പടർന്നു പോവുന്ന തിരകളിൽ ആലോലമാടാം.. ഒരിക്കലും നിലതെറ്റില്ല, ഒലിച്ചു പോവില്ല; അത്രയും സുരക്ഷിമാണ് ഈ കൊച്ചു പാറകൾക്കിടയിൽ ഒതുങ്ങിയിരിക്കാൻ .. 




മൂന്നു മണിക്ക് ഞങ്ങൾ എത്തുമ്പോൾ നല്ല വെയിൽ .. കടൽ കാണാൻ ആകെയുള്ളത്  പത്തു പേർ.. ഒരു ഐസ്ക്രീം വില്പനക്കാരൻ..  അസ്തമയത്തിനു നേരമടുക്കുന്തോറും   പാന്റും  ഷർട്ടുമിട്ട് തണ്ടും തടിയുമുള്ളആണുങ്ങൾ  വലിയ കാമറാബാഗുകളും  തൂക്കി വരാൻ തുടങ്ങി .. ഇത്രയും ഫോട്ടോഗ്രാഫർമാർ എന്തെ ഇവിടെ എന്നത് ചോദിക്കാത്ത സംശയമായി .. തിരക്കേറിയതോടെ അവർ തങ്ങളുടെ ബാഗ് തുറന്നു .. അതിൽ നിറയെ മുത്തുമാലകൾ ആയിരുന്നു .. ഇവര്ക്ക് ജീവിക്കാൻ മാത്രം വരുമാനം ഈ മാലവിൽപ്പനയിൽ നിന്ന് ലഭിക്കുമോ എന്നതായി  അടുത്ത സംശയം .. നീണ്ടമാല പോലെ ശംഖും കക്കയും  മണലും നിറച്ച കവറുകൾ വിൽക്കാൻ സഞ്ചാരികളുടെ പുറകെ കൂടിയിരുന്ന കുട്ടികളെ ഓർക്കുന്നില്ലേ .. അവർ എവിടെയൊ മറഞ്ഞു പോയിരിക്കുന്നു .. അതോ ആ കുട്ടികൾ വളർന്നു വലുതായവരാണൊ ഇന്ന് കാണുന്ന മാലവിൽപ്പനക്കാർ .. എങ്കിൽ ആ കൂട്ടത്തിലെ പെണ്‍കുട്ടികൾ ഇന്നെന്തു ചെയ്യുകയാവും.. 







കന്യാകുമാരിയിൽ നേരത്തെ പോയവരാരും കോവളം എന്നൊരു ബീച്ചിനെ കുറിച്ച് കേട്ടിട്ടില്ലെന്നാണു പറഞ്ഞത് .. അവസാനം കന്യാകുമാരിക്കാരന്റെ  തന്നെ സഹായം തേടി. കടലോര വികസനത്തിന്റെ ഭാഗമായി ബീച്ചിനെ മോടിപിടിപ്പിച്ചപ്പോൾ  സഞ്ചാരികളെ ആകർഷിക്കാൻ വേണ്ടി  കോവളം എന്ന് പേരു നൽകിയതാണെന്ന്. പേരെന്തായാലും ആ കടലും പാറകളും ഏറെ സുന്ദരം തന്നെ. അധികമൊന്നും കേട്ടിട്ടില്ലാത്ത കോവളം കടൽത്തീരവും പുരോഗമനത്തിന്റെ പാതയിലാണ് .. ചിലപ്പോൾ  വർഷങ്ങൾക്ക് ശേഷം വീണ്ടും ചെല്ലുമ്പോൾ ഇവിടവും കെട്ടിടങ്ങൾ കയ്യേറിയതായി കാണേണ്ടി  വരാം .. ഇവിടെയും കടൽ വിലക്കപെടും മുമ്പ് വേണമെന്നുള്ളവർ ഒന്ന് പോയി വന്നോളു.. 

Thursday, September 4, 2014

ഉത്രാടപാച്ചിൽ ...


രാവിലെ മുഴുവന്‍ ഓടിനടന്നതിന്റെ ക്ഷീണം, ഊണിനുശേഷം ഒരു ഉച്ചമയക്കത്തില്‍

തീര്‍ക്കാനൊരു ശ്രമം. പക്ഷേ ക്ഷീണം തീരാനൊന്നും 

കാത്തുനില്‍ക്കാനാവില്ലല്ലോ ; അയയില്‍ കിടന്ന തോര്‍ത്തും കാലന്‍കുടയുമായി
വീണ്ടും ഓണവെയിലേക്ക്. അടുക്കളയില്‍ പുളിയിഞ്ചിയും കുറുക്കുകാളനും
ഒരുക്കുന്ന അമ്മയെ നീട്ടിയൊരു വിളി. വെയിലൊന്നു താണിട്ടു ഇറങ്ങിയാല്‍
മതിയെന്ന അമ്മയുടെ സ്നേഹനിര്‍ബന്ധങ്ങള്‍ ഒന്നും ആ ചെവിയില്‍ ഇപ്പോള്‍
കയറില്ല. കാരണം, ഇന്ന് ഉത്രാടമാണ്. അച്ഛന്‍ ഉത്രാടപ്പാച്ചിലിന്റെ
പാരമ്യത്തിലും. എങ്ങോട്ടാണ് ഈ ഓട്ടം എന്നല്ലേ ? ഒരുപക്ഷേ നേരത്തെ വാങ്ങിയ
മുരിങ്ങക്ക ഇത്തിരി മൂത്തതാണോ എന്ന സംശയത്തില്‍ വേറെ കിട്ടുമോ എന്ന്
നോക്കാനാവാം. രാവിലത്തെ ഓട്ടത്തിനിടയില്‍ ഏതെങ്കിലും തോട്ടത്തില്‍ കണ്ട
നല്ല പിഞ്ച് ഇളവന്‍ മറ്റാരെങ്കിലും വാങ്ങിക്കൊണ്ടുപോവും മുമ്പ്
സ്വന്തമാക്കാനാവാം. അല്ലെങ്കില്‍ തികയാതെ വന്നാലോ എന്ന് കരുതി ഒരുകെട്ട്
പപ്പടം കൂടി വാങ്ങാനാവാം. നല്ല നെയ്പരുവം പഴം പുഴുങ്ങിയതും പപ്പടവും
കൂട്ടി അങ്ങനെ കുഴച്ചുരുട്ടി കഴിക്കാനുള്ളതല്ലേ !

ഇത് കഥയൊന്നുമല്ല കേട്ടോ? ഒരു പാവം വള്ളുവനാടന്‍ ഗ്രാമത്തിലെ ഓണമാണേ !
ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ അവിടെ
സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒന്നും ഇല്ല. അതുകൊണ്ടു തന്നെ, കിളി ഒരുകൂട്
കൂട്ടാന്‍ ചുള്ളികള്‍ കൊത്തിക്കൊണ്ടുവരും പോലെയാ ഓണത്തിന്റെ ഒരുക്കും
കൂട്ടല്‍.അത്തം പിറക്കുമ്പോള്‍ ആദ്യം എത്തുന്നത് നേന്ത്രക്കുലകള്‍ തന്നെ.
വറുക്കാനുള്ളത്, പഴുപ്പിക്കാനുള്ളത് എന്ന് വേര്‍തിരിക്കുന്നത് ആ
വഴക്കത്തിന്റെയും അതു വിളഞ്ഞ മണ്ണിന്റെയും മാതൃപിതൃ ഗവേഷണത്തിലൂടെയാണ്.
ഒരു നന്മയുടെ കുറവ് പോലും പഴത്തിന്റെ സ്വാദില്‍ നിന്ന് അറിയാമെന്ന്
പറഞ്ഞ് കേട്ട അറിവ്. നാട്ടില്‍ നിന്ന് പറിച്ചെറിയപ്പെടുകയും നഗരത്തില്‍
വേര് പിടിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഇതൊക്കെ വലിയ കാര്യമല്ലേ?
ഓണപരീക്ഷയുടെ തിരക്കിനിടയിലും 'നിന്റെ വീട്ടില്‍ എത്ര കുല വാങ്ങി ?'
എന്ന് അന്വേഷിക്കാന്‍ കുട്ടികള്‍ക്കും എന്തൊരു ഉത്സാഹം.
നാട്ടിന്‍പുറത്തുകാര്‍ക്ക് മേനി നടിക്കാന്‍ ഇങ്ങനെ ഒക്കെയല്ലേ പറ്റുള്ളൂ.

കായക്കുലകള്‍ എത്തിച്ചാല്‍ പിന്നെ ഓണക്കോടിക്കായൊരു കാത്തിരിപ്പ്. ഹോ....
അതൊരു കാത്തിരിപ്പു തന്നെയാ. വര്‍ഷത്തില്‍ കിട്ടുമെന്ന് ഉറപ്പുള്ള ഒരേ
ഒരുപുത്തന്‍ അതാണല്ലോ ? വാങ്ങാന്‍ പോയവര്‍ തിരിച്ചെത്തും വരെ മുള്ളില്‍
നില്‍ക്കുന്ന പോലെയാണ്. ഓണപരീക്ഷയ്ക്ക് പഠിക്കാന്‍ പുസ്തകം
തുറന്നിരുന്നാലും പടികടന്ന ഇടവഴിയിലൂടെ അവര്‍ നടന്നുവരുന്നുണ്ടോ എന്നാവും
മനസ്സു നിറയെ. ഇനി ഈ പുത്തന്‍ കിട്ടിയാലോ, ഇടയ്ക്കിടയ്ക്ക് അതൊന്ന്
തുറന്ന് തൊട്ടുനോക്കും. തുന്നല്‍ക്കാരന്റെ സൌകര്യം നോക്കി അതൊന്നു
തയ്ച്ചുകിട്ടാതെ ഒരു സമാധാനവുമില്ലാത്ത അവസ്ഥ.ഇത്രയൊക്കെ ഒത്താല്‍ പിന്നെ
സദ്യതന്നെ മുഖ്യവിഷയം. പൂക്കളത്തിന്റെ വട്ടംകൂടുന്നതും ഊണിന്റെ
വിഭവങ്ങള്‍ കൂടുന്നതും ഒരുപോലെയാണ്. ഓരോ ദിവസവും ഓരോന്നായ്
ഒരുക്കിക്കൂട്ടുമ്പോഴും എന്തൊക്കെയോ ബാക്കികിടക്കുന്നെന്നൊരു തോന്നല്‍
എപ്പോഴുമുണ്ടാവും. എന്തെങ്കിലും കുറവുണ്ടെന്ന് കണ്ടാല്‍ അതൊരു കുറവ്
തന്നെ അല്ലേ? അതുകൊണ്ട് ഒരുക്കങ്ങള്‍ എവിടെ വരെ എന്നൊരു കണക്കെടുപ്പ്.
അതിന്റെ അവസാനം പൂരാടപ്പിടച്ചിലും, ഉത്രാടപാച്ചിലും. ദൂരെയുള്ളവരൊക്കെ
ഓണത്തിന് വീട്ടിലെത്തുമ്പോഴേയ്ക്കും പൂരാടമാവും. അപ്പോഴാവും എന്തൊക്കെയോ
ഒരുക്കാന്‍ മറന്നുപോയെന്നൊരു തോന്നല്‍ കലശലാവുന്നത്. അതൊരു പിടച്ചിലാണ് ;
പൂരാടപ്പിടച്ചില്‍. പിന്നെ അതൊക്കെ തേടിപ്പിടിച്ച് ഒരുക്കൂട്ടാനുള്ള
തത്രപ്പാട്. അപ്പോള്‍ ഉത്രാടപ്പാച്ചിലാവുന്നു.

എല്ലാം ഒരുക്കി ഉത്രാടസന്ധ്യയില്‍ വിളക്ക് വെച്ചുകഴിയുമ്പോള്‍ അച്ഛന്‍
വീണ്ടും ചോദിക്കും.

"ഇനി എന്തേലും വേണ്ടതുണ്ടോ ?"

അമ്മയുടെ മറുപടി ഇങ്ങനെയാവും

"ഒന്നും വേണ്ട....ന്നാലും ....മുറുക്കാനുള്ള വെറ്റില നാളേയ്ക്ക്
പഴുത്തുപോവുമോ എന്നൊരു സംശയം."

" ആ തോര്‍ത്ത് ഇങ്ങോട്ടെടുത്തോളൂ..." അച്ഛന്‍ വീണ്ടും ഇറങ്ങുകയാണ്.

ഇതൊരു കഥയാവാം :

എന്നാളും സുഭിക്ഷമായ് ഓണം പോലെ ഉണ്ട് കഴിയുന്ന തറവാട്ടമ്മ, കാരണവരോട്

"നാളെ ഓണമല്ലേ.... എന്താ വട്ടം കൂട്ടണ്ടേ ?"

പഴം, പായസം എല്ലാം കൂട്ടി എന്നുമുണ്ണുന്ന കാരണവര്‍

"എന്നും രണ്ടു ചെറിയ പപ്പടമല്ലേ ? നാളെ രണ്ടു വലിയ പപ്പടമായിക്കോട്ടെ".

Thursday, August 28, 2014

ദേലമ്പാടിയിൽ നിന്ന്

വിടെ എന്തേലും എഴുതീട്ട് കാലം കുറെയായി .. പക്ഷെ വീണ്ടും ഒരു ഓർമ്മപുതുക്കലായ്  എന്റെ ബ്ലോഗിന്റെ പിറന്നാൾ .. വർഷങ്ങൾക്ക് മുമ്പ് ഒരു പിറന്നാളിനാ ഞാൻ സ്വര്‍ഗ്ഗത്തിലൊരു പുസ്തക പ്രസാധനം പോസ്ടിട്ടത്.. അത് മാത്രുഭൂമി ബ്ലോഗനയിൽ വന്നു.. അങ്ങിനെയാ എന്നെ കുറെ പേർ അറിഞ്ഞതും .. പക്ഷെ ഒരു പേരിനുള്ളിൽ ഒളിച്ചിരുന്ന ഞാൻ അതോടെ കൂടുതൽ ഉൾവലിയേണ്ട അവസ്ഥയിലായി :) 




ഇന്നലെ ഈ പുസ്തകം എന്റെ കയ്യിൽ കിട്ടി.. സജീവ്‌ സാറിന്റെ നോവൽ.. ദേലമ്പാടിയിൽ നിന്ന് ..... സന്തോഷിക്കണോ സങ്കടപ്പെടണൊ എന്നറിയില്ല.. എന്നാലും ആകസ്മികതകൾ വീണ്ടും എനിക്ക് കൂട്ടിനെത്തുന്നു .. 


Sunday, February 2, 2014

അലീന വിശുദ്ധയാകുന്നു.....

കഴിഞ്ഞ രണ്ടൂസായി ഓണ്‍ലൈനിൽ കറങ്ങുന്ന പ്രൊഫ. ജയന്തിയുടെ മരണം ഒരു പഴയ മനോരമ തുടരൻ  ആണോ...  “മഴതോരും മുമ്പെ..“  
അന്ന് ബ്ലോഗ്‌ കാലത്ത് എഴുതി വെച്ചതാ... പിന്നെ എന്തോ പോസ്ടാൻ തോന്നിയില്ല .. വീണ്ടും  ......



ഞാന്‍ അല്പം കുശുമ്പും കുന്നായ്മയും ഉള്ള കൂട്ടത്തിലാ.. അതോണ്ട് തന്നെ അങ്ങിനെയല്ലാത്ത സ്പെഷല്‍  ജനുസ്സുകളെ കണ്ടാല്‍ അല്പം സംശയത്തോടെ മാത്രം വീക്ഷിക്കുക എന്നതാണ് എന്റെ സ്വഭാവം..  തൂത്തുകളയാന്‍ നോക്കിയിട്ടും രക്ഷയില്ലെന്നെ.. .. ഇങ്ങോട്ട് ഒരു കരണത്തു തന്നാല്‍ തന്നയാളുടെ രണ്ടു കരണത്തും കൊടുത്തില്ലെങ്കില്‍ മനസ്സമാധാനത്തോടെ എങ്ങിനെ ഉറങ്ങും..  ഇങ്ങോട്ട് തന്നാല്‍ മാത്രം എന്നത് പ്രത്യേകം ശ്രദ്ധിക്കണം..
 
പക്ഷെ എന്തു ചെയ്യാം ഒരാള്‍ എന്നെ മഹാ കുശുമ്പിയാക്കിയിരിക്കുന്നു.. അയാളേ ഒന്നു കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒന്നുകണ്ണുരുട്ടുകയെങ്കിലും ചെയ്യാമായിരുന്നു.. പക്ഷെ കയ്യില്‍ കിട്ടണ്ടെ.. പാലായടുത്ത് എവിടെയൊ ആയിരുന്നെന്നാ തോന്നുന്നെ.. കൃത്യമായി അറിയില്ല ..കാരണം ഭൂതകാലം തപ്പാന്‍ വഴിയൊന്നും ഇല്ല.. അതൊക്കെ അറിയുന്നവരെല്ലാം വെള്ളം കുടിച്ചോണ്ടിരിക്കാ.. അറിയാത്ത ചിലർ അത് അന്വേഷിച്ച് ഇറങ്ങിയിട്ടുണ്ട്.. ആരുടെയൊക്കെയൊ ഉറക്കം കെടുത്താനായിട്ട്.. ഇടക്ക് എറണാകുളത്ത് വിരുന്ന്‍ പോയിരുന്നു.. ഇപ്പൊ സ്ഥിരം താമസം കുളത്തൂര്‍പ്പുഴ.. പുനലൂരും ഇടയ്ക്ക്‍ പാർക്കാൻ പോയിരുന്നു.. ഇപ്പൊ എവിടെയാണെന്നറിയാന്‍ വ്യാഴാഴ്ച വരെ കാത്തിരിക്കണം....
 
 ഇതൊക്കെ എന്താന്ന് ചോദിച്ചാൽ, പഴയൊരു ദുശ്ശീലം വീണ്ടും എന്നില്‍ തിരിച്ചെത്തിയിരിക്കുന്നു..  വിശാലമായി പറഞ്ഞാൽ വായനയെന്ന ഒറ്റ തലക്കെട്ടിൽ ഒതുക്കാം.. എന്നാൽ ഒതുക്കത്തിൽ പറഞ്ഞാൽ ‘മ‘വാരികകൾ എന്ന ചെറിയവലിയ ഗണത്തിലും.. സ്കൂൾ കാലത്ത്, കൃത്യമായി എട്ടു മുതൽ  പത്ത് വരെ ക്ലാസ്സുകളിൽ സ്കൂളിലെ പാഠങ്ങളേക്കാൾ ഞാൻ വായിച്ചിരുന്നത് ആ തുടരനുകളുടെ അദ്ധ്യായങ്ങൾ ആയിരുന്നു.. ഒന്നും രണ്ടും മൂന്നും അല്ല.. ആഴ്ചയിൽ ഏഴു ദിവസവും ഇറങ്ങാൻ മാത്രം വാരികകൾ..മനോരമ, മംഗളം, മനോരാജ്യം, സഖി(ഇതെങ്ങിനെ മവാരിക ആയെന്ന് അറിയില്ല).. പിന്നെയും ഉണ്ടായിരുന്നു കുറെ.പേരുകൾ മറന്നു പോയി.. അതിൽ മംഗളം മനോരമ ഇപ്പൊഴും ഞാൻ കാണാറുണ്ട്.. ബാക്കിയൊക്കെ നിലവിൽ ഉണ്ടോന്ന് യാതൊരു പിടിയുമില്ല.. 
 
ഞാൻ മാത്രമല്ല, അന്ന് എന്റെ കൂട്ടുകാർ മിക്കവരും ഇതേ ശീലക്കാർ തന്നെയായിരുന്നു.. വീട്ടുകാർ എന്നു പറയാൻ പറ്റില്ല.. തൊട്ടുകൂടാൻ പറ്റാത്ത വർഗ്ഗമായാണ് വീട്ടിൽ ഇവരുടെ സ്ഥാനം.. പക്ഷെ അയല്പക്കങ്ങളിൽ മിക്കവരും ഈ വാരികകൾ വരുത്തിയിരുന്നതിനാൽ വായിക്കാൻ കഷ്ടപ്പെടേണ്ട ആവശ്യമില്ലായിരുന്നു.. മാതൃഭൂമിയും “മ”ആയിരുന്നെങ്കിലും അതിന് വീട്ടിൽ അയിത്തമില്ലായിരുന്നു.. അതുകൊണ്ട് ഒരു വാരികയെങ്കിലും വീട്ടിൽ വെച്ച് വായിക്കാം..
 
ഒരിത്തിരി അഹങ്കാരം കേറിയതോണ്ടാവും ഇടയിൽ വെച്ച് ഞാനിവരെ പരിപൂർണ്ണമായും തഴഞ്ഞിരുന്നു.. വരാനുള്ളത് വഴിയിൽ തങ്ങിലല്ലൊ.. പത്രക്കാരികൾ ഇഷ്ടം പോലെ കൂട്ടത്തിൽ ഉള്ളതിനാൽ മനോരമ മംഗളം ഫ്രീ.. എന്നാലും അയ്യ്യേ ന്ന് പറഞ്ഞ് കുറേകാലം ഞാനും ഇവരെ തീണ്ടാപാടകലെ നിർത്തിയതാ.. പിന്നെയെപ്പൊഴൊ അവരെന്റെ മനസ്സ് കീഴടക്കി.. വായിക്കാനൊന്നും ഇല്ലാതെ ഇരുന്ന എന്നോ ആണ് കയ്യെത്തും ദൂരത്ത് ഇരുന്ന് ഇവരെന്നെ പ്രലോഭിപ്പിച്ചത്.. നല്ലകാലം, ഒരു തുടരനിൽ ഞാൻ ഒതുക്കി.. അതായിരുന്നു മനോരമയിൽ വന്ന “മഴതോരും മുമ്പെ..“ അതിലെ അലീനയാണ് എന്നെ കുശുമ്പിയാക്കിയത്..
 
കൊണ്ടു വരുന്നവൾ അടക്കം ആരും വായിക്കാതിരുന്ന വാരിക പതിയെ എല്ലാവരും വായിക്കാൻ തുടങ്ങിയത് എങ്ങിനെയാണെന്ന് എനിക്ക് അറിയില്ല.. എന്തായാലും വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ആരാദ്യം വായിക്കും എന്നൊരു മത്സരം ഞങ്ങൾക്കിടയിൽ വന്നു പെടുന്ന അവസ്ഥയിലായി.. അതിൽ ആദ്യം വായിച്ചവരോട് വായിക്കാത്തവർ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമാണിത്.. “അലീന വിശൂദ്ധയായോ..? അല്ല, നമുക്ക് അറിയാവുന്ന പെൺ‌വർഗ്ഗത്തിലൊന്നും ഈ ഒരു ജനുസ്സിനെ കാണാത്തതോണ്ടാണെ..
 
അതിനു മുമ്പും ശേഷവും തുടങ്ങിയ എത്ര തുടരനുകൾ തീർന്നെന്നൊ.. ഇതു മാത്രം മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാൻ.. ആദ്യത്തെ തവണ വായിക്കുമ്പോൾ മുതൽ ദേ കഴിഞ്ഞ ആഴ്ച വായിക്കുമ്പൊഴും, ഇപ്പൊ തീരും ന്നാ തോന്നിയിരുന്നെ.. കാശ് മുടക്കിയല്ല വായന എന്നതിനാൽ ആ സങ്കടമില്ല..
 
 
പറഞ്ഞ് വന്നത്.. അങ്ങിനെ അവസാനം അലീന വിശുദ്ധയായി.. 
​ (സീരിയലിൽ  വിശുദ്ധയായൊ എന്നറിയില്ല )

ഇതിന്റെ അവസാന ചാപ്റ്റർ ഞാൻ വായിച്ചത് വീട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽ വെച്ചാ ..ഒരു  ഈസ്റ്റർ അവധിക്ക് വീട്ടില് പോവുമ്പോൾ എന്നാണു ഓർമ്മ ​
 
 

Wednesday, August 28, 2013

മാസങ്ങളുടെ ഘടികാരമാവുന്ന പെണ്‍കുട്ടി
















ഇന്നലെ ഒരു കഥ വായിച്ചു .. ഒരു യാത്രയിൽ ഒരാള്ക്ക് കളഞ്ഞു കിട്ടുന്ന കുറച്ച് ഡോകുമെന്റ്സ് -സെര്ട്ടിഫികട്സ് .. അതിന്റെ ഉടമയെ കണ്ടെത്താൻ അതിൽ ഉണ്ടായിരുന്ന് ഒരു ഡയറിയുടെ  കുറച്ചു ഭാഗം പബ്ലിഷ് ചെയ്യുന്ന തരത്തിലാണ് ആ കഥ.. 

ഒരു ലേഡി ഡോക്ടരുടെ ഡയറിയാണത്  .. അവർ വിധവയാണു, ഒരു   മുതിര്ന്ന മകനുണ്ട് .. അവരുടെ അടുത്ത്ഭാര്യയുടെ അബോര്ഷന് വേണ്ടി എത്തുന്ന  ഒരാൾ... ഏകദേശം മകന്റെ പ്രായമുള്ള അയാളെ കണ്ടുവന്ന് അവർ മകനോട്  ചോദിക്കുന്ന ഒരു ചോദ്യമുണ്ട് 

-ഞാൻ നിനക്ക് മമ്മയോ സ്ത്രീയോ?
അവന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു 
-സ്ത്രീയിലുള്ള അമ്മ

അയാൾ  മൂന്നാമത്തെ തവണയാണ് ഭാര്യയെ അബോർഷനു വിധേയയാക്കുന്നത് .. ഇത് ഡോക്ടർ മനസിലാക്കുന്നത് ഭാര്യയിൽ നിന്നാണു..  അയാളെ തനിച്ച് വിളിച്ച് എന്തിനാണു ഇങ്ങനെ സ്വന്തം കുഞ്ഞിനെ തുടരെ കൊല്ലുന്നതെന്ന്  ചോദിക്കുന്നു .

-എന്തിനാണ് സ്വന്തം ജീവന്റെ കഷണം ഇങ്ങനെ മുറിച്ചു കളയുന്നത്?

ഞാൻ അവനിൽ സാമാന്യം കനമുള്ള രൂപത്തിൽ ചോദ്യം തൂക്കിയിട്ടു 

-പെണ്‍കുഞ്ഞായതുകൊണ്ട് 

നിസ്സഹായതയിലേക്ക് ചുരുങ്ങിയ അവന്റെ മറുപടികേട്ട്  ഞാൻ തളര്ന്നു പോയി. അപ്പോൾ ശാസ്ത്രീയത സ്വന്തമായുള്ള മറ്റാരൊ അവനെ ആദ്യമേ സഹായിച്ചു കഴിഞ്ഞു ..

-ഇത് മാത്രമല്ല കഴിഞ്ഞ രണ്ട് തവണയും അങ്ങനെ തന്നെയായിരുന്നു 

അവൻ അല്പം കൂടി വിശദീകരിച്ചു 

-നിനക്കെന്താ പെണ്‍കുഞ്ഞിനെ വേണ്ടെ ?

ഞാൻ സ്തെതസ്കോപ്പ് ഉപേക്ഷിച്ച് സ്ത്രീയെ പോലെ മുരണ്ടു 

-വേണം. ഇപ്പോഴല്ല, കുറച്ച് വർഷങ്ങൾ കൂടി കഴിഞ്ഞിട്ട് 

-അതെന്താ ?

അവന്റെ മറുപടിയിലേക്ക് ഞാൻ മിഴിച്ച് നോക്കി..

- അവൾ പ്രായപൂര്ത്തിയാകുംപോഴെകും എനിക്ക് വൃദ്ധനാകണം 

അവന്റെ സ്വരം തടിച്ചു 

പുറത്ത് നിന്നും കേട്ട ആംബുലൻസിന്റെ നിലവിളി ജീവിതത്തിലാദ്യമായി എന്തെയുള്ളിലേക്ക് ഭീതി നനഞ്ഞ ഒരു പെണ്‍കുട്ടിയുട്ടിയുടെ നഗ്നത ചവച്ചു തുപ്പി 

[പെണ്‍ഭ്രൂണ നിക്ഷേപകന്റെ ദിശ -അജിജേഷ് പച്ചാട്ട് ]

(വായിച്ചു തീർന്നപ്പോൾ മാധവന്റെ "മാസങ്ങളുടെ ഘടികാരമാവാൻ" പോവുന്ന പെണ്‍കുട്ടിയെ ഓര്ത്ത് )