Thursday, August 27, 2009

എഴുതാതിരിക്കുന്നതിന്റെ കാരണങ്ങള്‍...

എഴുതുന്ന ഒരാളോട് എന്തുകൊണ്ട് എഴുതുന്നു എന്നു ചോദിക്കുന്നതിന് വലിയ അര്‍ത്ഥമുണ്ടോ എന്ന് അറിയില്ല.. എങ്കിലും പലപ്പൊഴും പലരോടും പലരും ചോദിച്ച് കേട്ടിട്ടുള്ളതാണിത്..

എഴുതാനുള്ള കാരണങ്ങള്‍ പലര്‍ക്കും പലതാണ്.. ചിലര്‍ക്ക് വിശപ്പിന്റെ വിളിയാണെങ്കില്‍ മറ്റുചിലര്‍ക്ക് ആത്മസംതൃപ്തിയാണ്.. വേറെയും ചിലര്‍ക്ക് ജീവിതത്തിന്റെ ഭാഗമാണ്.. എഴുതാതെ ജീവിക്കാന്‍ എനിക്കാവില്ല എന്നൊക്കെ പറയുന്നവരുമില്ലെ..! ഇരുകൈകള്‍കൊണ്ടും വാരികകളില്‍ തുടരന്‍ നോവലുകള്‍ എഴുതുന്നവര്‍ ഒരു കാലത്ത് തമാശയായിരുന്നു.. ഇന്നത് സീരിയലുകള്‍ക്ക് തിരക്കഥയെഴുതുന്നവര്‍ ഏറ്റെടുത്തിരിക്കുന്നു..

ഒരു പത്ത് വര്‍ഷം മുമ്പ് എനിക്കറിയാവുന്ന ഒരാള്‍, അന്ന് ഏകദേശം ഒരു വര്‍ഷത്തോളം ഞങ്ങള്‍ ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. സേവനരംഗം ഒരു ബാലപ്രസിദ്ധീകരണമായതിനാല്‍ വരകളും വരികളുമായി അവള്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിക്കും.. ഞങ്ങള്‍ എങ്ങാനും ആ വഴി ചെന്നാല്‍ ഉടന്‍ അത് മറച്ചുവെക്കും.. ആശയം ചോര്‍ന്നാലൊ എന്നൊരു ഭയം.. ഇങ്ങിനെ ഒക്കെ ആണെങ്കിലും ചില പ്രഭാതങ്ങളില്‍ അവള്‍ പറയും

"ഞാന്‍ ഒരൂട്ടം വായിച്ചു കേള്‍പ്പിക്കാം"

അങ്ങിനെയാണ് അവളുടെ ജോലിയുമായി ബന്ധപ്പെട്ടതല്ലാത്ത ഭാവനകള്‍ എനിക്ക് മുന്നില്‍ അവതരിക്കപ്പെട്ടിരുന്നത്.. ഒരു സര്‍പ്പദംശനത്തില്‍ മരണം കാത്തിരിക്കുന്നവളായി അവളെന്റെ
കഥയില്‍ കടന്നു വന്നതും അങ്ങിനെയാണ്...

എഴുതാനാവില്ല എന്നു തോന്നിയപ്പോള്‍ എഴുതിയിരുന്നതാരുന്നു അതെല്ലാം... മറ്റാരും കേള്‍ക്കുന്നില്ലെന്ന ഉറപ്പില്‍ പതിഞ്ഞ ശബ്ദത്തില്‍ അവള്‍ വായിച്ചു കേള്‍പ്പിച്ചിരുന്നത്.. നരേന്ദ്രപ്രസാദിന്റെയും വിനയചന്ദ്രന്റെയുമൊക്കെ ക്ലാസ്സുകളുടെ മഹത്വം പറയുന്നതിനൊപ്പം അവരൊക്കെ അവള്‍ എഴുതിയിരുന്നതിനെ പറ്റി പറഞ്ഞിരുന്നതും ഇടയില്‍ കടന്നുവരുമായിരുന്നു.. എങ്കിലും എപ്പൊഴെങ്കിലും എവിടെയെങ്കിലും അവളുടെ പേരില്‍ ഒന്നും അച്ചടിച്ചു വന്നില്ല.. അവള്‍ അത് ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും ... കല്ല്യാണം കഴിഞ്ഞ് ജോലി രാജിവെച്ച് മറുനാട്ടില്‍ കുടിയേറിയപ്പോള്‍, ഒരുതരത്തില്‍ അതിനു മുമ്പ് തന്നെ ഞങ്ങള്‍ക്കിടയില്‍ അകലം വീണുകഴിഞ്ഞിരുന്നു.. ആറ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും എവിടെന്നൊ തപ്പിയെടുത്ത നമ്പരുമായി - അന്നും ഇന്നും എന്റെ നമ്പര്‍ ഒന്നു തന്നെ - അവളെന്നെ തേടിയെത്തുമ്പോള്‍ "നീയിപ്പോള്‍ എഴുതാറുണ്ടോ?" എന്ന് എങ്ങിനെ ചോദിക്കാതിരിക്കും... ഒരു പക്ഷെ ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് അവളുടെ ഉത്തരമാണ്..

"ഇന്നെനിക്ക് പ്രശ്നങ്ങള്‍ ഇല്ലെന്നു പറയാം.. ശാന്തമായ ജീവിതം.. ഭര്‍ത്താവും കുട്ടികളുമായി ഒരു വീട്ടമ്മയുടെ റോള്‍.. ഒരു പക്ഷെ അതാവാം ഞാനൊന്നും എഴുതാറില്ല"

മുമ്പ് എഴുതിയിരുന്നവര്‍, ഇപ്പോള്‍ എഴുതാതായവര്‍ അവര്‍ക്ക് പറയാന്‍ ഒരു പാട് കാരണങ്ങള്‍ ഉണ്ടാവാം.. സമയം സന്ദര്‍ഭം സാഹചര്യം അങ്ങിനെ കെട്ടുപാടുകളില്‍ പെട്ടുപോവുന്ന സര്‍ഗ്ഗസൃഷ്ടികള്‍.. എന്കിലും പ്രശ്നങ്ങള്‍ ഇല്ലാതായതു കൊണ്ട് ഞാനിപ്പോള്‍ എഴുതുന്നില്ല എന്നു പറയുന്നവര്‍ ആരെങ്കിലും ഉണ്ടാവുമൊ.. ?

അപ്പോള്‍ ഞാന്‍ എഴുതികൊണ്ടിരിക്കുന്നതിന്റെ കാരണമെന്ത്.. ? പ്രശ്നങ്ങള്‍ കൂടൊഴിയാത്തതോ? ആണെങ്കിലും അല്ലെങ്കിലും എഴുത്തും ബ്ലോഗുമെല്ലാം കഴിഞ്ഞവര്‍ഷം എനിക്ക് സംഭവബഹുലമായിരുന്നു.. ജീവിതവും അങ്ങിനെ തന്നെ...കഴിഞ്ഞ വര്‍ഷത്തെ എന്റെ ഒരു
പോസ്റ്റ് മാതൃഭുമി ആഴ്ചപതിപ്പില്‍ വന്നതും എനിക്ക് ഏറെ സന്തോഷിക്കാനുള്ള വകയായിരുന്നു.. ഒപ്പം ഒരല്പ്പം വേദനയും.

പറഞ്ഞു വന്നത്.. തട്ടിയും മുട്ടിയും എന്റെ ബ്ലൊഗ് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.. അതിലും കൂടുതല്‍ കാലമായി ഞാനിവിടെ ഉണ്ടെന്നൊരു തോന്നലാണെനിക്ക്.. എന്തുകൊണ്ടെന്നു ചോദിച്ചാല്‍ അറിയില്ല.. ബ്ലോഗില്‍ ആരെയും അറിയാതിരുന്ന, പേരുകള്‍ വെറും വാക്കുകള്‍ മാത്രമായിരുന്നതില്‍ നിന്നും ആരെയൊക്കെയൊ കുറച്ചെങ്കിലും അറിയാവുന്ന ഒരു മാറ്റം, അതും അത്ര ചെറുതല്ലെന്നു കരുതുന്നു....


പലരും പറയാറുണ്ട്.. ബ്ലോഗ് മടുത്തിരിക്കുന്നു.. ഒന്നും വായിക്കാറില്ല എന്നൊക്കെ.. പക്ഷെ എനിക്കിന്നും പഴയ അതേ ആവേശം തന്നെയാണ് ബ്ലോഗിനോട്.... സാഹചര്യങ്ങള്‍ വഴിമുടക്കുമ്പൊഴും അകന്നുമാറി ഒരു കാഴ്ചക്കാരിയായെങ്കിലും ഞാന്‍ എന്നുമുണ്ടായിരുന്നു..ഇനിയും ഉണ്ടാവണം എന്നു തന്നെ എന്റെ ആഗ്രഹവും..

എല്ലാവര്‍ക്കും ഓണാശംസകളോടെ..

Tuesday, August 4, 2009

മിനിമം ചാര്‍ജ്ജ് മൂന്നു രൂപ

സത്യം.. മിനിമം ചാര്‍ജ്ജ് മൂന്നു രൂപക്ക് കേരളത്തിലെ സ്വകാര്യ ബസ്സില്‍ ഞാന്‍ യാത്ര ചെയ്തെന്നെ... അഞ്ച് രൂപ കൊടുത്ത് രണ്ട് രൂപ തിരിച്ച് തന്നപ്പോ അമ്പത് പൈസ തപ്പി എടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നത് കണ്ട്, കണ്ടക്റ്റര്‍ പറയാ സാരമില്ലെന്ന്.. എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.. അല്ലെങ്കില്‍ കൊടുത്തേനെ.. എന്തിനാ ഒരു കടം ബാക്കി വെക്കുന്നെ...അതും ഒരു തവണയല്ല രണ്ടു തവണ.. ഒന്നു ത്രിശ്ശുര്‍ കലക്റ്ററേറ്റില്‍ നിന്ന് റൌണ്ടിലേക്ക്.. പിന്നൊന്ന് അവിടെന്ന് ശക്തന്‍ സ്റ്റാന്റിലേക്ക്..രണ്ടാമത്തെ ബസ്സില്‍ ഇറങ്ങാന്‍ നേരത്ത് കിളിയുടെ കയ്യിലാ നാലു രൂപകൊടുത്തെ.. ഒരു രൂപ തിരിച്ച് തന്ന് മണിയടിച്ച് അയാള്‍ വണ്ടി വിട്ടു.. ഇതൊക്കെ സംഭവിച്ചതെ ഈയിടക്കാ..

വിശ്വസിക്കണൊ എന്നാണൊ.. വിശ്വസിച്ചെ തീരൂ..

ഞാന്‍ അമ്പത് പൈസയുടെ കളക്ഷന്‍ തുടങ്ങിയത് മിനിമം ചാര്‍ജ്ജ് വീണ്ടും 3.50 ആക്കിയപ്പൊഴാ.. പഴയ നാലു രൂപയില്‍ നിന്ന് താഴെ ഇറങ്ങാന്‍ ബസ്സ്കാര്‍ക്കൊരു വിഷമം.. നാലു രൂപ എടുത്ത് അമ്പത് പൈസ തിരിച്ച് തരാതെയും ഇല്ലെന്നും ഒക്കെ പറഞ്ഞ് അവരങ്ങനെ പോവുന്നത് അത്ര സഹിക്കാതായത് മറ്റൊന്നും കൊണ്ടല്ല.. ഞാനെന്തൊ പാതകം ചെയ്ത പോലെയാ അന്നേരത്തെ അവരുടെ നോട്ടം.. എന്നാ നിനക്കിട്ട് ഞാന്‍ വെച്ചിട്ടുണ്ട് എന്ന മട്ടില്‍ അങ്ങേരെ തിരിച്ച് വിളിച്ച് അമ്പത് പൈസ നീട്ടുമ്പോള്‍ അയാള്‍ക്ക് ഒരു രൂപ തിരിച്ച് തരാതിരിക്കാനാവില്ലല്ലൊ.. അയാള്‍ പല്ലിറുമ്മുന്നതും മനസ്സില്‍ എനിക്കിട്ട് തെറിവിളിക്കുന്നതും ഓര്‍ക്കുമ്പോഴും ഒരു സന്തോഷം.. എന്തിനാന്ന് ചോദിച്ചാല്‍, വെറുതെ ഒരു തമാശ.. ആര്‍ക്കും ചേതമില്ലല്ലൊ..

ഇപ്പൊ മിനിമം ഓട്ടൊ കൂലി പത്ത്.. പക്ഷെ പതിനഞ്ച് കട്ടായം കൊടുക്കാതെ പോവണമെങ്കില്‍ ഒന്നുകില്‍ തേച്ചാലും കുളിച്ചാലും പോവാത്ത നല്ല വര്‍ത്തമാനം കേള്‍ക്കാന്‍ തയ്യാറാവണം... അല്ലെങ്കില്‍ അതു പോലെ നാലു തിരിച്ച് പറയാനുള്ള തൊലിക്കട്ടി വേണം.. പക്ഷെ സര്‍ക്കാര്‍ കാര്യം തന്നെ അങ്ങിനെ ആയാലൊ? ചാര്‍ജ്ജ് കുറക്കും മുമ്പ്, തിരുവനന്തപുരം റെയില്‌വെ സ്റ്റേഷനിലെ പ്രിപെയ്ഡ് ഓട്ടോയില്‍ 33 രൂപയായിരുന്നു പട്ടം വരെ.. പക്ഷെ ഓട്ടോ കൂലി കുറച്ച് നാളു കുറെ കഴിഞ്ഞിട്ടും അതന്നെ നമുക്ക് കിട്ടുന്ന ചാര്‍ജ്ജ്.. ഒരു ദിവസം അവിടെ എഴുതി തരുന്ന പോലീസ് കാരനോട് ചോദിച്ച് ഇതെന്താ സാറെ ഇവിടെ മാത്രം ഓട്ടോ കൂലി കുറക്കാത്തെ ന്ന്.. അന്ന് അവിടെ നിന്ന ഓട്ടോ കാരെല്ലാം കൂടി എന്നെ തല്ലി കൊല്ലുമൊ ന്ന് തോന്നി അവരുടെ നോട്ടം കണ്ടപ്പൊ.. കമ്പ്യൂട്ടര്‍ പ്രോഗ്രാം മാറ്റിയെഴുതണം, അതിനൊത്തിരി സമയം വേണം ന്നൊക്കെ പോലീസ് കാരന്‍ വിസ്തരിക്കാന്‍ തുടങ്ങിയപ്പോ ഞാന്‍ ജീവനും കൊണ്ട് ഓടി.. എന്തായാലും പിന്നെ ആ വഴി പോയത് കാലം കുറെ കഴിഞ്ഞാ.. അപ്പോഴേക്കും അവര്‍ ഒരു പാട് കഷ്ടപ്പെട്ട് പ്രോഗ്രാം ശരിയാക്കിയിരുന്നു..


ഞാന്‍ എന്നെ തന്നെ നല്ല നടപ്പിനു ശിക്ഷിച്ചത് ഓട്ടോക്കാരോട് അടിയിടാന്‍ വയ്യാത്തോണ്ടാ.. ഈ സ്റ്റാന്റിലെല്ലാവരും പതിനഞ്ച് രൂപയാ മിനിമം വാങ്ങുന്നെ എന്ന്‍ അവര്‍ പറഞ്ഞാല്‍ മതിയൊ.. ഈ പറയുന്നവര്‍ ആരേലും ബസ്സില്‍ കേറി അവര്‍ ചോദിക്കുന്ന ചാര്‍ജ്ജ് കൊടുക്കുമൊ.. അപ്പൊ എന്നെ പോലെ അമ്പത് പൈസക്കും അടിയിട്ടെന്നിരിക്കില്ലെ.. ഇവരോട് ചോദിച്ച് ചോദിച്ച് എനിക്ക് തന്നെ മടുത്ത് ഒരു ചോദ്യം ണ്ട്..

"ഒരു കിലോ അരി വാങ്ങിയാല്‍ അഞ്ച് രൂപ കൂടുതല്‍ കൊടുക്കാറുണ്ടോ?

ഇതു വരെ ഒരാളും ഉത്തരം പറയാത്തതിനാല്‍ ഞാന്‍ ചോദ്യം തുടര്‍ന്നു കൊണ്ടെയിരിക്കുന്നു..

ഇത്രയൊക്കെ പറയാന്‍ എന്തുണ്ടായി എന്നാണെങ്കില്‍ .. ഇന്നലെ വൈകിയ നേരത്ത് ഞാനൊരു ഓട്ടോ വിളിച്ചു.. കൂടണയണ്ട സമയം കഴിഞ്ഞതിനാല്‍ വാര്‍ഡന്റെ വായിലിരിക്കണത് മുഴുവന്‍ കേള്‍ക്കാന്‍ തയ്യാറായാണ്‌ ഓഫീസില്‍ നിന്ന് ഇറങ്ങിയത്.. ഒരു കിലോമീറ്റര്‍ തികച്ച് ഇല്ലാത്ത ദൂരത്ത് ഇറങ്ങിയപ്പോള്‍ അയാള്‍ ചോദിച്ചത് ഇരുപത് രൂപ.. തര്‍ക്കിക്കാന്‍ നിന്നപ്പൊ അയാള്‍ എന്നോട് ചോദിച്ച ചോദ്യം കേട്ട് എന്റെ ദേഷ്യം പമ്പ കടന്നു.. വേറൊന്നുമല്ല

"ഇത്രയും വലിയ കെട്ടിടത്തില്‍ ജോലി ചെയ്തിട്ട് 20 രൂപ തരാന്‍ വയ്യല്ലെ"

ഇത് വായിച്ച് പാവപ്പെട്ട അദ്ധ്വാനിക്കുന്ന ജനവര്‍ഗ്ഗത്തിനെതിരാണെന്നൊന്നും കരുതല്ലെ.. ഒരു പാവം സര്‍ക്കാര്‍ ജീവനക്കാരിയുടെ പരിദേവനം മാത്രം ..

Thursday, July 23, 2009

പെണ്ണായതില്‍ ഞാന്‍ ലജ്ജിക്കട്ടെ...

രാവിലെ മുഖം പോലും കഴുകും മുമ്പെ കമ്പ്യൂട്ടര്‍ തുറന്ന് നെറ്റ് നോക്കുന്ന കൂട്ടുകാരിയാണ് ഇന്നലെ ആ വാര്‍ത്ത പൊട്ടിച്ചത്.. "കാവ്യ വിവാഹമോചനം തേടുന്നു".. പത്രക്കാരിയായ അവള്‍ നേരത്തെ പറഞ്ഞിരുന്ന അഭ്യൂഹങ്ങള്‍ക്ക് അങ്ങിനെ അടിവരയിട്ടു.. പക്ഷെ പിന്നെ നോക്കുമ്പോള്‍ ആ വാര്‍ത്ത അപ്രത്യക്ഷമായിരിക്കുന്നു... ആരുടെ അഭ്യര്‍ത്ഥനയാണ് അതിനു പുറകിലെങ്കിലും അത്രയെങ്കിലും മാന്യത അവര്‍ കാണിച്ചല്ലൊ.. മറ്റു ചില പത്രത്താളുകളില്‍ കുഞ്ഞുകോളം നിരത്തിയിരിക്കുന്നു.. ഒരു പക്ഷെ അച്ചുനിരത്തുന്നതിനു മുമ്പെ കൂടുതല്‍ കിട്ടാത്തതുകൊണ്ടാവാം എരിവും പുളിയും വളരെ കുറവ്...

പകല്‍ പലപ്പോഴായി പലരും അയച്ച മെയിലുകള്‍.. വാര്‍ത്ത മറ്റൊന്നുമല്ല... പക്ഷെ ഉള്ളടക്കത്തില്‍ കാരണങ്ങള്‍ പലതാവുന്നു..

വൈകുന്നേരം മാനസപുത്രിക്ക് കാവലിരിക്കുന്ന ദു:ഖപുത്രിമാര്‍ വാര്‍ത്താചാനലുകളില്‍ തെന്നി നടക്കുന്നു.. എവിടെയാണ് കൂടുതല്‍ വിവരം കിട്ടുക എന്ന അടക്കാനാവാത്ത ആവേശത്തില്‍ അത് വെക്ക് ഇത് വെക്ക് എന്ന് ആരൊക്കെയോ ആക്രോശിക്കുന്നു.. ബഹളം കേട്ട് വഴിമാറി അങ്ങോട്ട് ചെന്ന ഞാന്‍ കാര്യമറിഞ്ഞപ്പോള്‍ തിരിച്ചിറങ്ങി.. സിനിമയും പാട്ടും സീരിയലും അല്ലാതെ മറ്റൊന്നും കാണാത്തവര്‍ ആദ്യമായി വാര്‍ത്ത കാണുന്നു.. ഇത്രയും പേര്‍ കാത്തിരിക്കുന്നതും ഒരേ കാര്യം സ്ഥിരീകരിക്കാനാണ്, "കാവ്യയുടെ വിവാഹമോചനം" .. ആ പെണ്‍കൂട്ടത്തെ ഓര്‍ത്ത് എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നി.. ഞാനും ഒരു പെണ്ണാണല്ലൊ..

ഒരു കാത്തിരിപ്പില്‍ ഒറ്റക്കായിരുന്ന എന്നോട് വാര്‍ത്തകണ്ട് ഓടിയിറങ്ങി വന്നിരുന്ന ഒരാള്‍ ചോദിക്കുന്നു

"അറിഞ്ഞൊ... കാവ്യ വിവാഹമോചനം നേടുന്നു"

"അതിന്..?"

"നന്നായെ ഉള്ളു... "

"എന്തു നന്നായി.. കാവ്യ വിവാഹമോചനം നേടുന്നതില്‍ ഇയാള്‍ക്കെന്താ ഇത്ര സന്തോഷിക്കാന്‍.."

പതിനൊന്നാം ക്ലാസ്സുകാരിയായ അവള്‍ സംശയത്തോടെ എന്നെ നോക്കുന്നു..

പിന്നെ ഏതൊക്കെയൊ അഭിമുഖങ്ങളില്‍ കാവ്യയും ഭര്‍ത്താവും പറഞ്ഞത്, മറ്റാരൊക്കെയൊ പറഞ്ഞു കേട്ടത്... സിനിമാവാരികകളിലെ ഗോസിപ്പുകള്‍...അങ്ങിനെ കുറെ കഥകള്‍ നിരത്തുന്നു.. അവസാനം പറഞ്ഞു നിര്‍ത്തുന്നത്;

"അവള്‍ ഒരു സിനിമാക്കാരിയല്ലെ"

ആരാണെങ്കിലും അവള്‍ ഒരു പെണ്ണല്ലെ, ഒരു മനുഷ്യജീവിയല്ലെ.. എന്നൊന്നും ഞാന്‍ തിരിച്ചു ചോദിച്ചില്ല.. അവരെല്ലാം ഈ വാര്‍ത്തയില്‍ ശരിക്കും സന്തോഷിക്കുന്നൊ എന്നറിയില്ലെങ്കിലും ചികഞ്ഞു ചികഞ്ഞു കൊത്തിപ്പറിക്കാന്‍ നില്‍ക്കുന്ന മനോഭാവത്തെ എനിക്ക് സഹിക്കാനാവുന്നതില്‍ അപ്പുറമായിരുന്നു..

ഒരു വിവാഹമോചനത്തിന്റെ സകലദുരിതങ്ങളും അനുഭവിച്ച ആള്‍ പോലും അതിന് അരുനില്‍ക്കുന്നത് കണ്ടപ്പോള്‍... എന്തു പറയാന്‍ "പെണ്ണായതില്‍ ഞാന്‍ ലജ്ജിക്കട്ടെ..."

Tuesday, July 21, 2009

ഞാനൊരു മരണം കാത്തിരിക്കുന്നു

ഞാനൊരു മരണം കാത്തിരിക്കുകയാണ്.. ഒന്നുകില്‍ അവള്‍ മരിക്കും; ഇല്ലെങ്കില്‍ അയാള്‍ അവളെ കൊല്ലും.. രണ്ടും സംഭവിക്കരുതെന്ന് അങ്ങേയറ്റം ആഗ്രഹിക്കുമ്പൊഴും അപ്രതീക്ഷിതമായത്തുന്ന ഓരോ ഫോണ്‍ കോളിലും ഞാനൊരു മരണത്തിന്റെ ചിറകടി കേള്‍ക്കുന്നു..എനിക്കൊപ്പം മനമുരുകി മറ്റു ചിലരും...

ഈ നാളില്‍ ഈ മുഹൂര്‍ത്തത്തില്‍ നീ ഇവനെ സ്നേഹിച്ചു തുടങ്ങണം ... വീട്ടുകാര്‍ കണ്ടെത്തുന്ന വരനു മുന്നില്‍ താലിചാര്‍ത്താന്‍ തലകുനിക്കും മുമ്പ് ഓരോ പെണ്ണിനു മുന്നിലും മറുവാക്കുകളില്ലാതെ വെക്കപ്പെടുന്ന അജണ്ടയാണിത്.. തിരിച്ച് ആണിനു മുന്നിലും ഇത് അവതരിപ്പിക്കപ്പെടുന്നുവൊ എന്ന് എനിക്കത്ര തീര്‍ച്ചയില്ല... ഒത്തു തീര്‍പ്പുകള്‍ പെണ്ണിനു പറഞ്ഞിട്ടുള്ളതാണല്ലൊ.. അതു സ്നേഹത്തിന്റെ കാര്യത്തിലായാലും..

ഞാന്‍ പെണ്‍‌വാദിയല്ല.. ഇത് വെറും മനുഷ്യത്വത്തിന്റെ പേരിലെ ജല്പനങ്ങള്‍ മാത്രം..
അവളും അവനും ആരെന്നതല്ല പ്രശ്നം.. ഒരു പെണ്ണിന് എത്രത്തോളം ഒരു ആണിനു മുന്നില്‍ താഴാനൊക്കും.. തല്ലിചതച്ച് ശരീരം മുഴുവന്‍ മുറിവും ചതവുമാകുമ്പൊഴും വീണ്ടുമൊരു തല്ലിനും തള്ളിനും കാത്തുനില്‍ക്കുമൊ, അത് ഭാര്യയായാലും..

വെള്ളം കൊടുത്ത ഗ്ലാസില്‍ കണ്ട ഒരു കൈപ്പാടിന്, വാതിലടക്കുമ്പോള്‍ സംഭവിക്കുന്ന ഒരു കുഞ്ഞു ശബ്ദത്തിന്.. ഉറക്കത്തില്‍ മേലൊന്നു തൊട്ടു പോയതിന്.. എന്തിന് അനവസരത്തില്‍ അറിയാതൊന്നു തുമ്മിപോയതിന് ഇതൊക്കെയാണ് ശിക്ഷാവിധിക്ക് കാരണങ്ങള്‍ എങ്കിലൊ.. എന്നിട്ടും നാളെ നാളെ നീളേ നീളേ കാത്തിരിക്കാന്‍ കഴിയുന്ന പെണ്ണുങ്ങള്‍‍ ഈ കാലത്തമുണ്ടാകുമൊ..?

"അടയ്ക്കയാവും കാലം മടിയില്‍ വെക്കാം കവുങ്ങാവും കാലം".. അച്ഛനെയും അമ്മയെയും പോലും വകവെക്കാത്ത, അവരെ പോലും തല്ലിചതക്കുന്ന ഒരാളില്‍ നിന്ന് ഭാര്യയെങ്ങിനെ സ്നേഹം പ്രതീക്ഷിക്കും അല്ലെ.. മകനെ നന്നാക്കാന്‍ അവര്‍ തന്നെയാണല്ലൊ അവളെ കണ്ടുപിടിച്ചതും.. കണ്ടകശനിയുടെയും കഷ്ടകാലത്തിന്റെയും പേരില്‍ കാത്തിരിക്കാന്‍ അവളെ ഉപദേശിക്കുന്നതും കാലുപിടിക്കുന്നതും..

കല്ല്യാണം കഴിയുന്നതോടെ സ്വന്തം വീട്ടില്‍ പോലും പലരും ഒരു ഭാരമാവുന്നു.. അതിനു മുമ്പും ഭാരമായതോണ്ടാണല്ലൊ കെട്ടിച്ചു വിട്ട് കടമ തീര്‍ക്കുന്നത്.. അവളുടെ വീട്ടില്‍ പോലും ഒരു താങ്ങുനല്‍കാന്‍ ആരുമില്ലാതെ.. ക്ഷമിക്കാനും സഹിക്കാനും മാത്രം പറയുമ്പോള്‍ എത്ര നാള്‍.. ഈ കഥയിലെ കഥാപാത്രങ്ങള്‍ സംസ്കാരമില്ലാത്തവര്‍ എന്ന് സമൂഹം എഴുതിതള്ളിയവരല്ല.. വിദ്യാസമ്പന്നരും ജോലിക്കാരുമായവര്‍..

ഇതെല്ലാം എത്രയൊ തവണ കേട്ട കഥകള്‍.. പക്ഷെ എന്നെ അത്ഭുതപെടുത്തുന്നത് ഇതൊന്നുമല്ല.. ഇത്രയൊക്കെയായിട്ടും അവള്‍ അവനെ സ്നേഹിക്കുന്നെന്നതാണ്.. ഒരു പിരിച്ചെഴുത്തിനെ കുറിച്ച് അവള്‍ക്ക് ആലോചിക്കാനാവുന്നില്ല.. എത്രമാത്രം അയാള്‍ അവളെ ദ്രോഹിക്കുന്നൊ അതിനുമിരട്ടിയായി സ്നേഹിക്കാനാണ് അവളുടെ ശ്രമങ്ങള്‍ .. ഇറങ്ങിപോവാനുള്ള അവന്റെ നിര്‍ബന്ധങ്ങള്‍ പേടിച്ച് സ്വന്തം വീട്ടില്‍ പോലും പോവാതെ.. അത്രമേല്‍ ഒരാള്‍ക്ക് മറ്റൊരാളെ സ്നേഹിക്കാനാവുമൊ.. തല്ലിയാലും കൊന്നാലും നാളെയൊരു നാള്‍ അവനവളെ സ്നേഹിക്കാന്‍ തുടങ്ങുമെന്ന വിശ്വാസത്തില്‍..

അറിയില്ല, ആര്‍ക്കാണ് പിഴക്കുന്നത് എനിക്കൊ അതൊ അവള്‍ക്കൊ..

Monday, July 6, 2009

ചുമ്മാ... ചുമ്മാ..

"എന്തെ"

"ചുമ്മാ"

"ഉമ്മ?"

"വേണേല്‍ തരാം..."

" അയ്യെ ഞാന്‍ ആ കൂട്ടത്തില്‍ അല്ല.. "

എന്തൊ ഈ അയ്യ്യെ എന്നു പറഞ്ഞ ഉമ്മയെ എനിക്ക് ഇഷ്ടമാണ്... എന്റെ മനസ്സിലെ സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണത്.. ഞാനതില്‍ നിന്ന് തിരിച്ച് പ്രതീക്ഷിക്കുന്നതും അതു തന്നെ.. എന്നിട്ടും ആരൊക്കെയൊ ചുമ്മാ തട്ടിക്കളിക്കുന്ന ഉമ്മകളേ കാണുമ്പോള്‍ ഉള്ളിലെവിടെയൊ ഒരു വിങ്ങല്‍...

അച്ഛനും അമ്മയും എന്നെ ഉമ്മവെച്ചത് ഓര്‍മ്മയില്ലെനിക്ക്.. മക്കള്‍ ഉണ്ടാവുന്നത് തന്നെ നാണക്കേടാവുന്ന പ്രായത്തില്‍ കാലായകുരുടായി പിറന്നതുകൊണ്ടാവാം.. കോളേജില്‍ പഠിക്കുമ്പോള്‍ പോലും കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ഓപ്പോളുടെ കയ്യില്‍ നിന്ന് ഇഷ്ടം പോലെ തല്ലുവാങ്ങികെട്ടുമായിരുന്നു.. എന്നാല്‍ രാത്രി ഉറങ്ങും മുമ്പ് ഓപ്പോള്‍ വന്ന് തൊട്ടുതലോടി ഒരുമ്മ തരും.. ഞാന്‍ ഉറങ്ങും പോലെ കിടക്കും.. എത്ര വൈകിയാലും എനിക്ക് കിട്ടാനുള്ളത് കിട്ടാതെ ഞാന്‍ ഉറങ്ങുമായിരുന്നില്ല..എന്തുകൊണ്ടാണെന്നറിയില്ല ഇപ്പോള്‍ ഓപ്പോള്‍ എനിക്ക് ഉമ്മതരാറില്ല.. ഒരുപാട് വലുതായി പോയതോണ്ടാവാം..

മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ഉമ്മയെ കുറിച്ച് പറയാമൊ? വെറുതെ ഒരു തമാശക്ക് ചോദിച്ചതാ, ഉത്തരം കിട്ടില്ലെന്ന ഉറപ്പില്‍ തന്നെ..

"എനിക്കൊ.. എന്നെ ആരെലും ഉമ്മവെച്ചതെ ഓര്‍മ്മയില്ല.. ആ ആ ഓര്‍ക്കുന്നു.. അടുത്ത വീട്ടില്‍ ആന്റി അമേരിക്കക്കു പോവും മുമ്പ് എന്നെ ഉമ്മവെച്ചിരുന്നു"...ആ പറച്ചിലില്‍ നിന്നെ മനസ്സിലാക്കാം പറയാതെ ബാക്കി വെച്ചതെന്തെന്ന്..

മറ്റൊരാള്‍ തുറന്നു പറയുന്നു..

"അതെന്റെ സ്വകാര്യസന്തോഷമാണ്"

കിട്ടാതെ പോയ ഒരുമ്മയെ കുറിച്ചാണ് മറ്റൊരാളുടെ സങ്കടം...അത് ഞങ്ങളുടെ യാത്ര പറച്ചിലിന്റെ ദിവസമായിരുന്നു.... നേത്രാവതി എക്സ്പ്രെസ്സിന്റെ വാതിലിനരികില്‍ ഞാന്‍ കാത്തു നിന്നത് അവനു വേണ്ടിയായിരുന്നു.. അവന്‍ വരാതിരിക്കില്ല.. വണ്ടി വിടും മുമ്പ് തന്നെ അവന്‍ വന്നു.. പുറത്ത് ആരും ശ്രദ്ധിക്കുന്നില്ല എന്ന് വിശ്വാസത്തില്‍ അവന്‍.. കാരണം അത് അവന്റെ നാടായിരുന്നു.. സിഗ്നല്‍ വീണപ്പോള്‍ വല്ലാത്തൊരു പിടപ്പ്.. പെട്ടന്ന് അവന്‍ ചാടി കയറി... എനിക്ക് പുറകില്‍ ആരുടെയൊ ചലനം.. ആരെന്ന് നോക്കാനായി ഞാന്‍ തിരിഞ്ഞു..

"എസ്ക്യൂസ് മീ"

"യെസ്"

അയാള്‍ക്ക് വാതിലിലൂടെ പുറത്തേക്ക് ഒന്നു നോക്കണം.. വണ്ടിക്ക് അനക്കം വെച്ചിരിക്കുന്നു.. കേറിയ അതേ വേഗത്തില്‍ അവന്‍ ഇറങ്ങി പോയി... പലപ്പൊഴും അവനോട് ചോദിച്ചു നീ എന്തിനാ അന്നു ചാടികയറിയതെന്ന്..അവനൊന്നും പറഞ്ഞില്ല...പക്ഷെ എന്തിനെന്നതിന് അവള്‍ക്ക് സംശയമില്ലായിരുന്നു..

എന്റെ മൊബൈലിലെ ഇന്‍ബോക്സില്‍ തപ്പി എന്റെ കൂട്ടുകാരന്‍ സംശയത്തോടെ ഒരു മെസേജ് നീട്ടി..

"ഇതാരാ.."

"എന്തു പറ്റി.. ആ മെസേജിനെന്താ കുഴപ്പം.."

സ്ക്രോള്‍ ചെയ്ത് താഴെയെത്തുമ്പോള്‍ ദേ കിടക്കുന്നു ഒരു ഉമ്മ... ആ ഉമ്മയാണ് അവന്റെ പുരികകൊടികളെ സംശയത്തിന്റെ അമ്പെയ്യാന്‍ പ്രേരിപ്പിച്ചത്... എന്തൊക്കെ പറഞ്ഞിട്ടും അതൊരു പെണ്ണിന്റയാണെന്ന് അവന്‍ സമ്മതിച്ചു തരുന്നില്ല.. അഥവാ ഒരു ആണിന്റെയെങ്കില്‍ തന്നെ എന്താ കുഴപ്പം.. എല്ലാ ഉമ്മകളും പ്രശ്നകാരിയാണെന്ന് കരുതാന്‍ ആരാവാം അവനെ പഠിപ്പിച്ചത്....

കല്ല്യാണം കഴിഞ്ഞു പോവുന്ന പെങ്ങള്‍ക്ക് ഇച്ചായന്റെ വക ഒരു ഉമ്മ.. അച്ഛന്റെ മരണശേഷം ആ സ്ഥാനം കൂടി അവനായിരുന്നു.. കണ്ടു നിന്നവരുടെ കണ്ണിലും കണ്ണീര് പൊടിയുന്നു.. പക്ഷെ ഒരു കൊച്ചു കുട്ടി ഉറക്കെ വിളിച്ചു കൂവുന്നു..

"അയ്യ്യെ...ദേ ആ ചേട്ടന്‍ ചേച്ചിയെ ഉമ്മവെച്ചു"

കള്ളമില്ലെന്ന് നമ്മള്‍ പറയുന്ന പിള്ളമനസ്സില്‍ ഉമ്മയെ അശ്ലീലമാക്കിയത് എന്താവാം..

കാലങ്ങള്‍ കൂടി കാണുമ്പോള്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ... അതിന്റെ ഊഷ്മളത എത്ര മാത്രമെന്ന് അനുഭവിച്ചറിയണം.. വര്‍ഷങ്ങളുടെ അകലം തീര്‍ത്ത മതിലുകള്‍ ഇടിഞ്ഞു വീഴുന്നതും .. എന്നാലും ചിലരുടെയെങ്കിലും ജീവിതരീതിയുടെ ഭാഗമായി തീര്‍ന്ന കെട്ടിപിടുത്തത്തിനും ഉമ്മയ്ക്കും ജീവന്‍ നഷ്ടപ്പെട്ടു പോവുന്നില്ലെ..? ഒളിച്ചു പതുങ്ങിയും മാത്രം സ്വന്തമാക്കാന്‍ കൊതിക്കുമ്പോള്‍ വെളിച്ചത്തില്‍ മറ്റാരെയൊ ഭയക്കുന്നതുകൊണ്ടാവാം, നമ്മള്‍ മലയാളികള്‍ ഉമ്മയെ പലപ്പോഴും തീണ്ടാപ്പാടകലെ നിര്‍ത്തിയത്..

എന്റെ വിദ്യാര്‍ത്ഥിയായ്, സഹപാഠിയായ്, സഹപ്രവര്ത്തകനായ്, സുഹൃത്തായ് മാറിയവന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസിയായ്.. മരുഭൂമിയില്‍ നിന്ന് ആദ്യമായ് അയച്ച മെയിലില്‍ നിറയെ നഷ്ടപ്പെട്ട നാടിന്റെ ഓര്‍മ്മകള്‍ ആയിരുന്നു.. അവസാനിച്ചത് കൊച്ചേട്ടന്റെ അനിയത്തിയെ കുറിച്ചുള്ള കുറിപ്പുകളിലും.. അതില്‍ ഇങ്ങനെ ഒരു ഭാഗമുണ്ടായിരുന്നു... ഞാന്‍ പോരാന്‍ നേരം അവളെന്നെ കെട്ടിപിടിച്ച് കരഞ്ഞു.. വലിയ കുട്ടിയായേനു ശേഷം ആദ്യമായാ അവളെനിക്കൊരു ഉമ്മ തന്നത്.. അപ്പോള്‍ ഞാനും കരഞ്ഞു പോയി..

ഫോണിന്റെ മൌത്ത്പീസ് ചുണ്ടോട് ചേര്‍ത്ത് പരിസരത്തെ വായുമുഴുവന്‍ വലിച്ചെടുക്കും മട്ടില്‍ ഒരു ഉമ്മ.. ഹോസ്റ്റല്‍ കോറിഡോറുകളുടെ ഇരുളടഞ്ഞ മൂലകളും ചുമരുകളും ഈ ഉമ്മകള്‍ കിട്ടി കോരിത്തരിക്കുന്നവരാണ്... അപ്പോള്‍ കൊടുക്കുന്ന ആളുടെ കണ്ണുകളിലെ തിളക്കത്തില്‍ നിന്ന്‍ ആ ഉമ്മയുടെ ആഴം വായിച്ചറിയാം.. മറുപുറത്തെന്തെന്ന് അറിയാനാവാത്തതിനാല്‍ വെറും ഊഹത്തില്‍ ഒതുക്കാം..

ഉണ്മയെന്ന വാക്ക് കേട്ടെഴുത്തിന് നല്‍കി ഉമ്മകള്‍ വാരി കൂട്ടുന്ന ടീച്ചറെ കുറിച്ചൊരു കവിതയുണ്ട്... തിരക്കിനിടയില്‍ തലങ്ങും വിലങ്ങും ഓടുന്നതിനിടയില്‍ അറിഞ്ഞൊ അറിയാതെയൊ കിട്ടുന്ന ഉമ്മകള്‍... എന്നാലും പ്രതീക്ഷിക്കാതെ കിട്ടിയ ഉമ്മയുടെ ചൂടില്‍ രണ്ടു ദിവസം പനിച്ചു കിടന്ന കഥ പറയുന്നവളുടെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി.. പിന്നെ പഴയ ഓര്‍മ്മയില്‍ ഓളം തല്ലുന്ന ഒരു ഒരു പൊട്ടിച്ചിരി പതിയെ പതിയെ പെയ്തിറങ്ങുന്നു..

പെണ്ണിനു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ആണിന്റെ ആയുധം കൂടിയായിരുന്നു ഉമ്മകള്‍.. ആള്‍ക്കൂട്ടത്തില്‍ അവളെ അവഹേളിക്കാനും അല്ലെങ്കില്‍ അവളെന്റെയെന്ന് നാലാളേ ബോധിപ്പിക്കാനും ചിലപ്പോള്‍ ആരോടൊ ഉള്ള വാതുവെപ്പിന്റെ ഭാഗമായും അവന്‍ ഉമ്മകളെ തെരുവിലിറക്കി.. ഇടക്കെപ്പൊഴൊ വിലപറഞ്ഞ് കാരാറുറപ്പിച്ച ഉമ്മകളും..

ചുണ്ടുകള്‍ കോര്‍ത്തുവലിച്ച്.. വായുവില്‍ പറന്നു കളിച്ച്.. ഉമ്മകള്‍ രൂപവും ഭാവവും മാറി പുത്തന്‍ പേരുകളുമായി എത്തുന്നു..

നെറുകയില്‍ ആശിര്‍‌വാദത്തിന്റെ, കവിളില്‍ വാത്‌സല്യത്തിന്റെ, ചുണ്ടില്‍ പ്രണയത്തിന്റെ, കയ്യില്‍ ആദരവിന്റെ..... പതിയുന്ന ഇടം നോക്കി ഒരേ ഉമ്മക്ക് വിവിധ സ്ഥാനമാനങ്ങള്‍ നല്‍കിയിരിക്കുന്നു...

കൊതിക്കുന്നുണ്ട് ഞാന്‍ അമ്മയുടെ അടക്കിപ്പിടിച്ച ഒരുമ്മയ്ക്ക്.. ഓപ്പോളുടെ ശിക്ഷക്കു രക്ഷയാവുന്ന ഒളിച്ചുള്ള കുഞ്ഞുമ്മക്ക്.. പ്രണയം വാര്‍ന്നൊഴുകുന്ന ഞെരിച്ചുകൊല്ലുന്ന മറ്റൊന്നിന്...

Wednesday, July 1, 2009

കേമറകൊണ്ട് എന്തു ചെയ്യാം..

കേമറകൊണ്ട് എന്തു ചെയ്യാം..
പടം പിടിക്കാം എന്നാണൊ ഉത്തരം...?

എങ്കില്‍ ഈ കഥ കേള്‍ക്കുക.. ആര്‍ക്കെങ്കിലും എവിടെയെങ്കിലും മുമ്പെങ്ങോ കേട്ടകഥയായി തോന്നുന്നുവെങ്കില്‍ ഒരിക്കല്‍ കൂടി കേട്ടെന്ന്‍ വെച്ചേക്ക് .. അല്ലാതെന്താ ഇപ്പൊ ചെയ്യാ?

ആ അപ്പൊ പറഞ്ഞു വരുന്നത്..

രംഗം ... ഒരു ദീര്‍ഘദൂര തീവണ്ടിയുടെ റിസര്‍‌വേഷന്‍ കമ്പാര്‍ട്ട്മെന്റ്...

സമയം .... നേരം പരപരാ വെളുക്കാന്‍ ഇനിയും ഒരു ഒന്ന് ഒന്നര രണ്ട് മണിക്കൂര്‍..

തീവണ്ടിയുടെ താരാട്ടില്‍ ഉറക്കം ശരിയാവാത്ത ഒരു പെണ്ണ് സുരക്ഷിതസ്ഥാനം തേടി കൈക്കലാക്കിയ മുകളിലെ ബെര്‍ത്തില്‍ നിന്നും താഴെയിറങ്ങുന്നു... എല്ലാരും നല്ല ഉറക്കത്തിലായതിനാല്‍ ഇരിക്കാന്‍ സീറ്റുകള്‍ കുറവ്.. സമയം വെച്ച് എത്തേണ്ടിടത്ത് എത്താന്‍ ഇനിയും ഒരുമണിക്കൂര്‍.. എവിടെയെത്തിയെന്ന് വലിയ പിടികിട്ടാത്തോണ്ടും ഉണര്‍ന്നിരിക്കുന്നവര്‍ ഇല്ലാത്തോണ്ടും പുറത്തെ ഇരുളന്‍ കാഴ്ചകളും അവിടവിടെ തെളിയുന്ന വെളിച്ചത്തില്‍ എവിടെയെത്തിയെന്ന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമവുമായി അങ്ങിനെ ഇരിപ്പാണവള്‍... ഇടക്കെപ്പൊഴൊ വീണുകിട്ടിയ തുണ്ടുവെളിച്ചത്തില്‍ തെളിഞ്ഞത് ഒന്നര മണിക്കൂര്‍ ദൂരത്തിലുള്ള സ്ഥലം..

ഇനി ഒന്നുകില്‍ കേറികിടന്ന് ഒന്നൂടെ ഉറങ്ങാം.. ഉറക്കം നീണ്ട്പോയാല്‍ ഇറങ്ങേണ്ടിടത്ത് ഇറങ്ങിയെന്നു വരില്ലെന്നെള്ളു.. പിന്നെയുള്ള വഴി ഏതേലും സീറ്റിന്റെറ്റത്തിരുന്ന് ചുമ്മാ ഇരുട്ടിലേക്ക് വായ്നോക്കലാ.. പരിചയമുള്ള പ്രൊഫഷന്‍ ആയതോണ്ട് അവള്‍ അതു തന്നെയാവാം ന്ന് തീരുമാനിച്ചു..

പുറത്തോട്ടുള്ള വായ്നോട്ടത്തിനിടയിലെ ഇടവേളയിലെപ്പോഴൊ അകത്തേക്ക് കണ്‍തിരിച്ചപ്പോഴാണ് ഒരുത്തന്‍ കിടന്ന് ഞെരിപിരി കൊള്ളുന്നു.. ദൈവമെ.. ഇവനെന്തു പറ്റി.. ഒരു അത്യാഹിതത്തിനു സാക്ഷിയാവേണ്ടിവരുമൊ എന്നൊക്കെ ചിന്തിച്ച് ആ പെണ്ണങ്ങിനെ അന്തം‌വിട്ട് കുന്തം വിഴുങ്ങും മുമ്പ് അവന്റെ നോട്ടം അവളുടെ മുഖത്ത്... ഒപ്പം ഒരു വെടക്ക് ചിരിയും.. അപ്പൊ അതാണ് കാര്യം ... രാവിലെ കണികണ്ട് ദിവസം കണ്ട് ദിവസം കളയണ്ടന്ന് കരുതി അവള്‍ ഒരു നാല്പത്തിയഞ്ച് ഡിഗ്രി തിരിഞ്ഞ് വായ്നോട്ടത്തിന്റെ ഫോക്കസിങ് മാറ്റി പിടിച്ചു.. ആകെ ഉള്ള ഒരു കാണിയെ നഷ്ടപ്പെട്ട ദു:ഖം കൊണ്ടാവാം ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പം കക്ഷി ഷര്‍ട്ടിന്റെ ബട്ടണ്‍ ഒക്കെ തുറന്നിട്ട് ബാത്ത്റൂമിനു നേരെ മന്ദം മന്ദം..

എന്നാശരി.. ബാഗ് ഒക്കെ എടുത്ത് വെച്ചേക്കാം.. ആ കൊരങ്ങന്‍ വന്നു കിടന്നിട്ട് ആവഴി പോവേണ്ടല്ലൊ എന്ന് വിചാരിച്ച് ആ പെണ്ണ് എല്ലം ഒതുക്കി വാതിലിനരികില്‍ എത്തിച്ച് പഴയ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചു...

ഇനിയാണ് ക്ലൈമാക്സ്...

ബാത്ത്റൂമിന്റെ വാതില്‍ പാതി തുറന്ന് അവന്റെ നോട്ടം പുറത്തേക്ക്.. വശപിശകായ നോട്ടത്തില്‍ നിന്നും ഇനിയവന്‍ പ്രദര്‍ശനവസ്തുവാക്കാന്‍ പോവുന്നതെന്തെന്നും വ്യക്തം.. അവിടെയും ഇവിടെയും ഓരൊരുത്തര് തലപൊക്കാന്‍ തുടങ്ങുന്നുണ്ട്.. ഒരു മണിക്കൂര്‍ കൂടി ഇവനെ സഹിക്കുകയും വേണം.. എന്നാ ശരി..

അങ്ങിനെ അക്ഷമയായി അവള്‍ കാത്തിരിക്കുകയാണ് ... അവന്‍ അകത്ത് ഗ്രീന്‍‌റൂമില്‍ തയ്യാറെടുപ്പിലും .. വാതില്‍ തുറന്നതും കാമറയൊന്നു മിന്നി.. ആഞ്ഞടഞ്ഞ വാതില്‍ പിന്നെ തുറന്നു കണ്ടില്ല.. എത്തേണ്ടിടത്ത് എത്തി ഇറങ്ങിപോരുമ്പോഴും വെറുതെ അവള്‍ പ്രതീക്ഷയോടെ നോക്കി.. തുറന്നില്ല..

അപ്പോ ചോദിച്ചതെന്തായിരുന്നു...

കേമറകൊണ്ട് എന്തു ചെയ്യാം...ഒരു മണിക്കൂര്‍ ഒരുത്തനെ ട്രെയിനിലെ ബാത്‌റൂമില്‍ അടച്ചിടാം...

പിന്‍‌കുറിപ്പ്:

യാത്രാവിശേഷങ്ങള്‍ വിളമ്പുന്നതിനിടയില്‍ ഇതു മാത്രം എങ്ങിനെ വിട്ടുകളയാന്‍..

ഒരുത്തിയുടെ പ്രതികരണം ഇങ്ങനെ.. അവനെന്തെങ്കിലും ചെയ്തിരുന്നെങ്കില്‍

ഒരുത്തന്റെയൊ... അഹംങ്കാരി.. അവള്‍ക്ക് അവിടെ കിടന്ന് ഉറങ്ങിയാല്‍ പോരെ.. വെറുതെ കൊച്ചുവെളുപ്പാന്‍ കാലത്ത് എണീറ്റിരുന്നിട്ട് അവനെ വെറുതെ...

ബാക്കി എഴുതണ്ടല്ലൊ.. ഇനി നിങ്ങള്‍ പറ....

Tuesday, June 9, 2009

തിരിവറിവടയാളങ്ങള്‍...

സമയമടുക്കുന്തോറും ജെന്നിയുടെ വേഗതയും കൂടികൊണ്ടിരുന്നു.. ഇടക്കിടക്ക് ചുമരിലെ സമയസൂചിയെ ലക്ഷ്യമിടുന്ന നോട്ടങ്ങള്‍ അവളോട് വീണ്ടും വീണ്ടും പ്രതീക്ഷിക്കാവുന്ന അപകടങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു..മൂക്ക് ആഞ്ഞു വലിച്ച് ബാക്കിനില്‍ക്കുന്ന ഗന്ധങ്ങള്‍ ഏതൊക്കെയെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി.. സെറ്റിയുടെ പുറകില്‍ ഒരല്പ്പം വിയര്‍പ്പ് മണം തങ്ങിനില്‍ക്കുന്നതിനെ മുല്ലപ്പൂവിന്റെ ഗന്ധത്താല്‍ പുതപ്പിച്ചിരുത്തി.. ഉപേക്ഷിക്കപ്പെട്ട പൂജാമുറിയില്‍ ബാക്കിയിരുന്ന ഒരു ചന്ദനത്തിരിയെടുത്ത് മണത്തുനോക്കി കത്തിച്ചു.. മൂക്കില്‍ കയറാതെ ഒളിച്ചുനടക്കുന്നവയെ തുരത്താനായി അവസാനത്തെ കയ്യായിരുന്നു അത്..

"ജെന്നീ...."

നടുത്തളത്തിലെ കിളിചിലച്ചതും വാതിലില്‍ മുട്ടുകേട്ടതും എല്ലാം ഒരുമിച്ച്..

"ദൈവമെ.."

ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും വണ്ടിയുടെ ശബ്ദം താന്‍ കേട്ടില്ലെന്നതിന്റെ ദേഷ്യത്തില്‍ അവള്‍ കൈ ചുരുട്ടി തലയില്‍ അടിച്ചു.. വാതില്‍ തുറക്കാന്‍ ഓടുമ്പോള്‍ ഒന്നും സ്ഥാനം തെറ്റിയിരിക്കുന്നില്ലെന്ന്‍ ഒന്നുകൂടെ തിരിഞ്ഞു നോക്കി ഉറപ്പുവരുത്തി.. ഒപ്പം മൂക്കൊന്ന് ആഞ്ഞു വലിച്ചു..

"മമ്മാ.."

ജെന്നി വാതില്‍ തുറന്ന് നിലോഫറിന്റെ കയ്യില്‍ പിടിച്ചു.. അകത്തേക്ക് കാല്‍‌വെക്കും മുമ്പ്തന്നെ മമ്മയുടെ മൂക്കും ചുണ്ടുകളും കൂര്‍ത്ത് ചുരുളുന്നത് ജെന്നി ഭയത്തോടെ നോക്കി.. വാതിലടക്കാനെന്ന നാട്യത്തില്‍ കൈവിടുവിച്ച് അരികില്‍ നിന്നും വഴുതിമാറാന്‍ ശ്രമിച്ച ജെന്നിയെ നീലോഫര്‍ കൈവലയത്തിലാക്കി..

"ആരാ... ആരാ ഇവിടെ വന്നെ.. "

"ആആആരും വന്നില്ല മമ്മാ... "

"പിന്നെ ഇത് പോലുള്ള മണം കഴിഞ്ഞ ആഴ്ചയിലും ഒരു ദിവസം ഇവിടെ തങ്ങി നിന്നിരുന്നു.. ഓര്‍ക്കുന്നൊ.. മഴപെയ്ത് തണുത്തുറഞ്ഞു കിടന്ന ഒരു ദിവസം..."

"അയ്യൊ മമ്മാ.. അത് അന്ന്‍ ഒരു പൂച്ചകുട്ടി ജനലിലൂടെ കയറിവന്ന ദിവസാരുന്നു.. അതിവിടെ ആകെ വൃത്തികേടാക്കിയതിന്റെ നാറ്റം കളയാന്‍ ഞാന്‍ പെര്‍ഫ്യൂം അടിച്ചതായിരുന്നില്ലെ.. പിന്നെ ഞാന്‍ ജനാലകള്‍ തുറന്നിടാറില്ലല്ലൊ.. "

"എനിക്ക് വളരെ പരിചിതമായ മണം.. "

അതെ.. മമ്മക്ക് വളരെ പരിചിതമായ മണം തന്നെ.. പക്ഷെ അപരിചിതായതും മമ്മക്കു മാത്രം.. ജെന്നി വാതില്‍ അടച്ചു തഴുതിടുമ്പോള്‍ പിറുപിറുത്തു

"നീ എന്താ പറഞ്ഞത്..."

"ഒന്നുമില്ല.. മമ്മ വന്ന് കാപ്പി കുടിക്കാന്‍ നോക്ക്.. എനിക്ക് പഠിക്കാനുണ്ട്.."

നീലോഫര്‍ ജനലരികില്‍ ചെന്ന് കൊളുത്തുകള്‍ ഒന്നുകൂടെ തൊട്ടുനോക്കി.. കര്‍ട്ടനുകള്‍ നേരെയാണെന്നും അതിലൂടെ അകത്തേക്കും പുറത്തേക്കും ആര്‍ക്കും ഒന്നും കാണാനാവില്ലെന്നും ഒന്നു കൂടെ തൊട്ടുനോക്കി മനസ്സില്‍ ഉറപ്പിച്ചു.. എങ്കിലും അവള്‍ക്ക് ആ മണത്തിനെ കുറിച്ചുള്ള ആധി വിട്ടുപോയില്ല.. കാരണം എത്രമാത്രം തുടച്ചുനീക്കിയാലും മായാത്തത്ര കടുത്തതായിരുന്നു അത്.. ജെന്നിയുടെ കാല്പെരുമാറ്റം അകന്നകന്ന് അവളുടേ പഠനമുറിയിലേക്ക് ചേക്കേറും വരെ നീലോഫര്‍ കാത്തുനിന്നു.. ഒട്ടൊരു ഒച്ചയോടേ അത് അടയുന്നതും കേട്ടു.. താനും അവളും മാത്രമുള്ള ഇവിടെ എന്തിനാണ് അവള്‍ വാതിലടച്ചിടുന്നതെന്നൊന്നും അപ്പോള്‍ ദേഷ്യപ്പെട്ടില്ല.. അവള്‍ വാതിലടക്കുന്നതും കാത്താണ് നീലോഫര്‍ ജനലഴികള്‍ പിടിച്ച് നിന്നത്.. പിന്നെ കാലടികള്‍ എണ്ണി അവള്‍ പൂജാമുറിയുടെ വാതില്‍ തുറന്നു..

" ഇതില്‍ ഇന്ന് ആരോ കയറിയിട്ടുണ്ട്.. എട്ടുകാലിവലകള്‍ എവിടെയൊ മുറിഞ്ഞിരിക്കുന്നു. ... "

സംശയത്തിന്റെ ചൂടില്‍ അവള്‍ വിയര്‍ത്തൊലിച്ചു. ..

ജെന്നി പുസ്തകം തിരിച്ചും മറിച്ചും നോക്കി.. മോഡല്‍ പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങിയതിനുള്ള സമ്മാനം.. ഫൈനലില്‍ സ്കൂള്‍ ഫസ്റ്റായാല്‍ അവള്‍ ചോദിക്കുന്നതെന്തും തരാമെന്നാണ് വാഗ്ദാനം.. പക്ഷെ.. അവള്‍ക്കറിയാം ഒന്നും നടക്കില്ലെന്ന്.. കസേരക്ക് പുറകിലേക്ക് തലചായ്ച് വെറുതെ കിടന്നു.. ഇനി എന്നായിരിക്കാം കാണാനൊക്കുക.. ഇതുപോലെ ഇത്രയും സമയം ഒരുമിച്ചിരിക്കാന്‍.. അവള്‍ തന്റെ കവിളില്‍ ഒന്നു തൊട്ടുനോക്കി..ആ ചുണ്ടുകളുടെ ചൂട് ഇപ്പൊഴും അവിടെ ബാക്കി നില്‍ക്കും പോലെ... ഇല്ല അതൊന്നും ഇനി അടുത്തൊന്നും നടക്കില്ല.. നാളെ മുതല്‍ മമ്മ ലീവാണ്.. എക്സാം കഴിഞ്ഞാല്‍ മമ്മയുടെ പ്ലാന്‍ എന്താണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.. മമ്മ കല്പിക്കും ജെന്നി അനുസരിക്കും.. മമ്മയുടെ സംശയങ്ങള്‍ ചോദ്യങ്ങളാവാന്‍ അധികസമയം വേണ്ടിവരില്ലെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു..

ജെന്നിയുടെ റൂമിന്റെ വാതില്പിടിയൊന്ന് തിരിഞ്ഞത് പോലെ.... പക്ഷെ വാതില്‍ തുറന്നില്ല.. ആരോ വാതിലില്‍ തൊട്ടെന്ന സംശയത്തില്‍ അവള്‍ ചാടിയെണീറ്റു.. ഇല്ല, അടച്ചിട്ട ഫ്ലാറ്റില്‍ കുടുങ്ങിപോയ വായുവിന്റെ ശ്വാസം മുട്ടല്‍ മാത്രമായിരുന്നു.. ഒരു നേര്‍ത്ത തേങ്ങലായി വാതിലൊന്ന് വിതുമ്പി.. അവള്‍ പുസ്തകത്തിന്റെ പുതുപുത്തന്‍ മണം മൂക്കിലെക്ക് ആവോളം വലിച്ചു കയറ്റി.. പിന്നെ ആദ്യത്തെ താളില്‍ പേരെഴുതി "ജെന്നി".. ഒരു നിമിഷത്തെ ആലോചനയില്‍ ബാക്കികൂടി പൂരിപ്പിച്ചു "നന്ദന്‍" അടിയിലെ വളഞ്ഞ വരയ്ക്കു താഴെ 20090609.. പിന്നെ അതിന്റെ പലതാളുകളില്‍ പലഗന്ധങ്ങള്‍ സ്ഥാപിച്ചു.. ഓരോ താളിനും ഓരോ മണം.. എന്നെങ്കിലും മമ്മയിത് കയ്യിലെടുത്താല്‍ മൂക്കുവലിച്ച് ചുവപ്പിക്കുന്നത് ഓര്‍ത്തപ്പോള്‍ അവള്‍ക്ക് വല്ലാത്ത സന്തോഷം തോന്നി... ഒപ്പം ഉതിര്‍ന്നു വീണ കണ്ണീര്‍ തുള്ളികള്‍ താളുകളില്‍ നിന്നും താളുകളിലേക്ക് നനവായി പടരുന്നുണ്ടായിരുന്നു.. അവള്‍ ആ പേരിനു മുകളില്‍ പതിയെ തലോടി.. മമ്മ മായ്ചു കളഞ്ഞതാണ്.. പക്ഷെ ‍ജെന്നിക്കത് ജീവന്റെ ഭാഗമാണ്.. കാഴ്ച നഷ്ടമാവും മുമ്പ് മമ്മയൊരു സൌന്ദര്യകാഴ്ചയായിരുന്നകാലം പലരുടെ പറച്ചിലുകളിലൂടയാണ് അവള്‍ അറിഞ്ഞത്..... അത് മമ്മപോലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ലെന്ന് അവള്‍ക്കറിയാം.. പലരും കയറിയിറങ്ങിയപ്പോള്‍ ബാക്കി വന്നമണം പോലും മമ്മയെ അലോസരപ്പെടുത്തുന്നെന്നും.


വാതിലിനു പുറത്ത് മമ്മയുടെ അന്വേഷണം എന്തായെന്നറിയാന്‍ ജെന്നിക്ക് ആകാംക്ഷയുണ്ടായിരുന്നു.. എങ്കിലും അപ്പോള്‍ മുന്നില്‍ പെടുന്നതിന്റെ അപകടമറിയാവുന്നതിനാല്‍ അവള്‍ പുറത്തിറങ്ങിയില്ല.. എട്ടിന്റെ സൈറന്‍ മുഴങ്ങിയിട്ടും മമ്മ ഭക്ഷണത്തിന് വിളിക്കാത്തതില്‍ ഭയം തോന്നിയാണ് ജെന്നി മുറിവിട്ടിറങ്ങിയത്..

വാതിലിനപ്പുറം ഇരുട്ടുമാത്രമായിരുന്നു.. നടുമുറിയില്‍ വിളക്ക് തെളിച്ചിട്ടില്ല.. ലൈറ്റിട്ടപ്പോള്‍ മമ്മക്കായി അവള്‍ വച്ചിരുന്ന ചായ പാടകെട്ടി മേശപ്പുറത്ത് തന്നെ ഇരിപ്പുണ്ട്.. അടുക്കളയില്‍ രാത്രിഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ ഒന്നും തന്നെയില്ല.. അതുവരെ മനസ്സില്‍ തിങ്ങിനിന്നിരുന്ന ഭയം മറ്റൊരു ഭയമായി മാറുന്നത് അവള്‍ അറിഞ്ഞു..

"മമ്മാ... മമ്മാ.."

അവള്‍ കിടപ്പുമുറിയുടെ വാതിലില്‍ വീണ്ടും വീണ്ടും കൊട്ടിവിളിച്ചു.. ഏറെ വിളിച്ചതിനു ശേഷം ഹാന്‍ഡില്‍ തിരിച്ചപ്പോഴാണ് അത് പൂട്ടിയിട്ടില്ലായിരുന്നെന്ന് അവള്‍ക്ക് മനസ്സിലായത്.. പക്ഷെ, കട്ടിലിലും കുളിമുറിയിലുമൊന്നും നീലോഫറിനെ കാണാതിരുന്നത് ജെന്നിയുടെ സംശയങ്ങള്‍ വീണ്ടും തിരിച്ചെത്തിച്ചു.. രണ്ടുമുറി ഫ്ലാറ്റില്‍ മമ്മയെവിടെ പോയി ഒളിക്കാനെന്ന അവളുടെ ചിന്തയാണ് പൂജാമുറിയിലെത്തിച്ചത്.. അവിടെ നിലത്ത് കുത്തിയിരിക്കുന്ന നീലോഫര്‍ ജെന്നിയുടെ നേരെ മുഖം തിരിച്ചു..

"ആരാണ് ഇന്നിവിടെ വന്നത്.. ?"

"ആരും വന്നില്ല മമ്മാ.. ഞാന്‍ പറഞ്ഞതല്ലെ.. മമ്മ വന്നെ .... എനിക്ക് വിശക്കുന്നു.. "

"ഇല്ല .. ആരാ വന്നെ എന്നു പറയ്.. ഏതൊ ആണ്‍മണം ഇവിടെ മുഴുവന്‍ ചുറ്റിക്കളിക്കുന്നു .. മറ്റാരോ വന്നിട്ടുണ്ട് ഞാനില്ലാത്ത നേരം നോക്കി.. ആരാ വന്നെ.. എനിക്ക് പരിചിതമായ മണമാണിത്.."

"ച്ഛെ.. ഈ മമ്മയിത്ര ചീപ്പായി... "

"ഇല്ല.. ഇതേ മണം കഴിഞ്ഞ ആഴ്ചയും ഉണ്ടായിരുന്നു... എനിക്കറിയാം.. അന്ന് ആ മഴപെയ്ത ദിവസം...”

നീലോഫാർ മുഴുവൻ ശക്തിയുമെടുത്ത് ശ്വാസം വലിച്ചു... ജെന്നി പെട്ടന്ന് പുറകോട്ട് മാറി.. വായുവിനൊപ്പം താനും മമ്മയുടെ മൂക്കിനകത്ത് കേറിപോവുമെന്ന് അവൾ ഭയപ്പെട്ടു....

അന്നത്തെ അത്താഴമേശയിൽ സംസാരമില്ലായിരുന്നു.. ഇന്നും ചപ്പാത്തി തന്നെയോ എന്നും തലേന്നാളത്തെ കറികൾ വീണ്ടും ചൂടാക്കി തന്നതിനൊ ജെന്നി കലഹിച്ചില്ല.. ഭക്ഷണം കഴിഞ്ഞിട്ടും ജെന്നി ടിവിക്കുമുന്നിൽ ചടഞ്ഞിരിക്കുന്നത് നീലോഫർ കണ്ടില്ലെന്ന് നടിച്ചു.. ഫാഷന്‍ ചാനലും എംടിവിയും മാറിമറയുന്നത് ശബ്ദത്തിൽ നിന്ന് തിരിച്ചറിഞ്ഞ് അതേത് ചാനൽ എന്ന് ചൊടിച്ചില്ല..പതിവു വർത്തമാനങ്ങളില്ലാതെ മമ്മ കിടപ്പുമുറിയിലേക്ക് പിന്‌വാങ്ങിയപ്പോൾ ജെന്നിയും ടിവി നിർത്തി പുസ്തകത്താളിലേക്ക് മുഖം കുനിച്ചു.. പക്ഷെ അക്ഷരങ്ങൾ ഒന്നും കണ്ണിൽ പതിയാതെ അവൾ ഉറങ്ങാനുള്ള ശ്രമമായി..

തെറ്റിപ്പോയ ദിനചര്യകൾ അവൾ അപ്പോഴാണ് ഓർത്തത്.. കടുത്തവെളിച്ചങ്ങൾ പണിമുടക്കുന്ന മമ്മയുടെ കാഴ്ചയെ പിടിച്ചു നിർത്തേണ്ടത് അവളുടെ കടമയാണ്.. മമ്മയുടെ കണ്ണിൽ മരുന്നൊഴിച്ചില്ലെന്ന് ഓർത്ത് അവൾ നീലോഫറിന്റെ മുറിയിലേക്ക് നടന്നു.. മങ്ങിയ വെളിച്ചങ്ങൾ എങ്കിലും അവിടെ എന്നും കൂടുണ്ടായിരിക്കട്ടെ... പാതി ചാരിയ വാതിലിലൂടെ മമ്മയുടെ മുറിയിലെ മെഴുകുതിരി വെളിച്ഛം അവൾ കണ്ടു.. മമ്മയുടെ കയ്യില്‍ മുഖത്തോട് ചേര്‍ത്ത് പിടിച്ച് അപ്പയുടെ സ്വെറ്ററും..

“മമ്മാ...”

കേൾക്കാതിരുന്നതൊ എന്ന് ഉറപ്പില്ലാതെ അവൾ വീണ്ടും ആവർത്തിച്ചു...

മരുന്നൊഴിച്ച് തിരിച്ച് പോരുംമ്പോൾ മമ്മയെന്തിനാണ് ഇന്ന് മെഴുകുതിരി കത്തിച്ചിരിക്കുന്നതെന്ന സംശയത്തിന് ഉത്തരം കിട്ടാതെ വലഞ്ഞു....

ജെന്നിയുടെ ഉറക്കത്തിലേക്കാണ് നീലോഫറിന്റെ ഭാരം അവളുടെ മേല്‍ ചാഞ്ഞത്.. ശ്വാസം മുട്ടി കണ്‍‌തുറക്കുമ്പോള്‍ അവളുടെ മുഖത്തിനരികില്‍ മെഴുകുതിരിയുടെ ഉരുകുന്ന വെളിച്ചമുണ്ടായിരുന്നു... ഒപ്പം മമ്മയുടെ നിശ്വാസത്തിന്റെ ചൂടും.. മമ്മയുടെ തടിച്ച ശരീരത്തിന്റെ ഭാരത്തില്‍ അവളുടെ തുറന്നു തുറിച്ച കണ്ണുകളിലേക്ക് ആ ചോദ്യം വീണ്ടും തെറിച്ചു വീണു..

"ആരാണ് വന്നത്..?"

"ആ...ആ...ആരും വന്നില്ല"

ദേഷ്യംകൊണ്ട് വിറക്കുന്ന നീലോഫറിന്റെ വിരലുകള്‍ക്കിടയില്‍ മെഴുകുതിരി ഇളകിയാടാന്‍ തുടങ്ങി.. തുളുമ്പിയ ഒരു തുള്ളി വീണത് ജെന്നിയുടെ കവിളിലായിരുന്നു.. പുറകെ പുറകെ അടിയില്‍ ചുവപ്പും മുകളില്‍ വെളുപ്പുമായി കൊച്ചു കൊച്ചു മെഴുകുവൃത്തങ്ങള്‍ അവളുടെ കവിളില്‍ തെളിഞ്ഞുകൊണ്ടിരുന്നു..

ഹോസ്പിറ്റലില്‍ ജെന്നിയുടെ കിടക്കക്കരികില്‍ നീലോഫര്‍ തലയും കുനിച്ചിരുന്നു... ഡോക്റ്ററുടെ വായില്‍ നിന്നു വീഴുന്ന വഴക്കുകള്‍ മുഴുവന്‍ തനിക്കു മാത്രം അവകാശപ്പെട്ടതാണെന്ന്‍ അവള്‍ക്കറിയാമായിരുന്നു.. എന്നിട്ടും, അവളുടെ ശ്രദ്ധമാറിപ്പോയത് വരാന്തയിലൂടെ കാറ്റില്‍ പാറിയെത്തിയ ആ മണത്തിലായിരുന്നു..

"ഡോക്റ്റര്‍.. ഇത്.. ഈ മണമാണ് ഞാന്‍ ചോദിച്ചത്.. അവള്‍ പറയുന്നില്ല.. ആരാണ് വന്നതെന്ന്.. ഇവിടെയും ഈ മണം.. "

ജനല്‍ കര്‍ട്ടനു പുറകില്‍ നന്ദന്റെ മിന്നിമാഞ്ഞ മുഖം ഡോക്റ്റര്‍ വ്യക്തമായി കണ്ടു.. കറുത്ത് പൊറ്റകെട്ടിയ മുഖത്ത് ജെന്നിയുടെ കണ്ണുകള്‍ നിറയുന്നതും അരുതെന്ന വിലക്കിയതും അയാള്‍ക്ക് അവഗണിക്കാനായില്ല..

നീലോഫറിനോടൊത്ത് വരാന്തയിലൂടെ നടക്കുമ്പോള്‍ ഡോക്റ്റര്‍ പറഞ്ഞത് മുഴുവന്‍ മറ്റെന്തൊക്കെയൊ ആയിരുന്നു.. ഇടക്കൊന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ജെന്നിയുടെ മുറിയുടെ വാതിലുകള്‍ തുറന്നടഞ്ഞിരുന്നു.. മരുന്നുകളുമായി ജെന്നിഫര്‍ തിരിച്ചെത്തുമ്പോള്‍ വീണ്ടും മെഴുകുതിരികള്‍ ഉരുകി വീഴുമൊ എന്ന ഭയം ഡോക്റ്ററുടെ ഉള്ളില്‍ ബാക്കികിടന്നു...

Monday, March 23, 2009

കുഞ്ഞാടിനൊന്നു കുമ്പസാരിക്കണം..

ഇന്നലെ ഞായറാഴ്ചയായിരുന്നു.. എന്നിട്ടും കുഞ്ഞാടിന്നലെ പള്ളിയില്‍ പോയില്ല, കുര്‍ബാന കൈക്കൊണ്ടില്ല..അമ്പത് നൊയമ്പാണ്, എന്നിട്ടും..

ഓര്‍മ്മവെച്ച് പള്ളിയില്‍ പോവാന്‍ തുടങ്ങിയതില്‍ പിന്നെ എന്നും രാവിലെ ആറ് മണിക്ക് കുര്‍ബാന കൂടുന്നതാ.. ഞായറാഴ്ച കുര്‍ബ്ബാന മുടങ്ങുന്നതിനെ പറ്റി ആലോചിക്കാനെ വയ്യാ.. എന്നിട്ടും ഇന്നലെ അവള്‍ പള്ളിയില്‍ പോയില്ല..

അമ്പത് നൊയമ്പിന്റെ പേരും പറഞ്ഞ് വെള്ളവും വായുവും കൂടി നിര്‍ത്തിയാലൊ എന്ന കഠിനചിന്തയിലാ.. പരീക്ഷാക്കാലമായതിനാല്‍ മാത്രം ജീവന്‍ കടക്കാന്‍ കഴിക്കുന്ന ഭക്ഷണം കൂടി ഇന്നലെ ഒഴിവാക്കി മുറിയില്‍ വാതിലടച്ചിരിപ്പാ..

കന്യാസ്ത്രീകളും അച്ചന്‍മാരുമൊക്കെ കെട്ടുകണക്കിനുള്ള തറവാട്ടിലെ സന്തതിക്ക് അവരേക്കാള്‍ വിശ്വാസം ഇത്തിരി കൂടിപോയൊ എന്നൊരു സംശയമെ ഉള്ളു.. അങ്ങനെയുള്ള അവളിന്ന് പള്ളിയില്‍ പോയില്ലെന്നുവെച്ചാല്‍..

കുറയേറെ കുത്തിചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ഇത്രമാത്രം..

"എനിക്കൊന്ന് കുമ്പസാരിക്കണം.. "

"എല്ലാ വെള്ളിയാഴ്ചയും കുമ്പസാരിക്കുന്നതല്ലെ"

"അതെ .. മിനിഞ്ഞാന്നും പോയി.. എന്നാലും ഇപ്പൊ എനിക്കൊന്നു കുമ്പസാരിക്കണം.."

ദൈവമെ ഈ കുഞ്ഞാട് എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചൊ എന്ന് മനസ്സില്‍ ചിന്തിച്ചെങ്കിലും അവളോട് മുഖത്ത് നോക്കി ചോദിക്കാന്‍ ഒരു വിഷമം..

"ഇന്ന് ഞായറഴ്ചയല്ലെ.. വൈകീട്ട് അച്ചന്‍‌മാര്‍ ആരെങ്കിലും കാണുമൊ ആവോ.. എന്തായാലും നമുക്ക് പോയി നോക്കാം"

"അയ്യൊ അച്ചന്‍‌മാരോട് കുമ്പസാരിക്കണ്ട.. "

അവളുടെ ഉച്ചത്തിലുള്ള പ്രതികരണത്തില്‍ ഞാനൊന്നു ഞെട്ടിയെന്നതാ സത്യം...

എന്നാലും അവളുടെ മുഖത്തെ പകപ്പ് കണ്ടപ്പോള്‍ സംഗതിയത്ര പന്തിയല്ലെന്ന് തോന്നി..

"എങ്ങിനാ അച്ചന്‍മാരോട് കുമ്പസാരിക്കാ.. കുമ്പസാരിച്ചിട്ടും കാര്യമൊന്നുമില്ല.. കോളേജ് കാലത്ത് കുര്‍ബാന സ്വീകരിച്ചിരുന്നത് ആ കോട്ടൂരച്ചന്റെ കയ്യില്‍ നിന്ന്.. മരിച്ച് പോയ അഭയ പറയാതിരുന്നതെന്തെന്ന് ഇനി ഇപ്പൊ പറഞ്ഞിട്ടും അറിഞ്ഞിട്ടും കാര്യമില്ല.. എന്നാലും ആ അച്ചന്റെ മുനില്‍ കുമ്പസാരിച്ചതിന്റെ പാപം എവിടെ കൊണ്ട് തീര്‍ക്കും... ഇപ്പൊ ജെസ്മി സിസ്റ്റര്‍ എഴുതിയിരിക്കുന്നത്.. "

"അപ്പൊ അത് നീ വായിച്ചൊ..?"

"ഇന്നലെ രാത്രി ഉറക്കമൊഴിച്ച് വായിച്ചു.. പിന്നെ ഒന്നും പഠിച്ചില്ല... "

അങ്ങനെ വരട്ടെ അപ്പൊ അതാണ് കാര്യം.. ഇപ്പൊ കുമ്പസാരിക്കാന്‍ തോന്നുന്നത് എനിക്കാ.. ദൈവമെ ഈ പാപം ഞാന്‍ എവിടെ കൊണ്ടെ കളയും. പുസ്തകം വായിപ്പിച്ച് ഒരുത്തിയെ വഴിതെറ്റിക്കാന്ന് വെച്ചാല്‍.. നല്ലൊരു കുഞ്ഞാടാരുന്നു..

എന്നാലും ഈ പാപത്തില്‍ ആദ്യപ്രതി ഞാനല്ല.. അവളുടെ ബന്ധുക്കാരന്‍ അച്ചന്‍ തന്നെ.. അങ്ങ് വടക്കുകിഴക്കെങ്ങൊ ആദിവാസികളെ മെരുക്കാന്‍ പോയ അങ്ങേരാണ് ഈ പുസ്തകം വാങ്ങി അയക്കാന്‍ അവളെ വിളിച്ച് പറഞ്ഞത്.. (അല്ല അച്ചനെന്തിനാണാവോ ഈ പുസ്തകം വായിക്കാന്‍ ഇത്ര തിരക്ക്.. അതെന്തൊ ആവട്ടല്ലെ.. !!!)...അവള്‍ പുസ്തകം വായിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് തന്നെയാവാം ഇതിനവളേ തിരഞ്ഞെടുത്തതും.. പുസ്തകത്തില്‍ വായിച്ചതും പിന്നെ പത്രത്തില്‍ വന്നതും അതും ഇതും എല്ലാം കൂടി വൈകുന്നേരത്തെ വട്ടമേശയില്‍ വിളമ്പുമ്പോള്‍ അവള്‍ ഇത് വായിക്കുമെന്നൊ ഇങ്ങനെ തലതിരിയുമെന്നൊ ഞാന്‍ സ്വപ്നേപി വിചാരിച്ചില്ല.. കര്‍ത്താവെ എന്നോട് പൊറുക്കേണമെ..

Wednesday, February 11, 2009

എനിക്ക് വിശക്കുന്നു..

ഇന്റര്‍‌വ്യൂന് കാള്‍ ലെറ്റര്‍ കിട്ടുന്നത് തലേന്നാള്‍.. നില്‍ക്കുന്നത് തെക്കും എത്തേണ്ടത് വടക്കും ആയപ്പോള്‍ രാത്രി വണ്ടി തന്നെ ശരണം.. റിസര്‍‌വേഷന്‍ എന്ന കാര്യത്തെ കുറിച്ച് ആലോചിക്കുകയേ വേണ്ട.. ഇന്നല്ല ഇനി നാലു ദിവസം കഴിഞാണെങ്കിലും രക്ഷയില്ലെന്ന അവസ്ഥ.. പിന്നെ ജനറല്‍ കമ്പാര്‍ട്ട്മെന്റ് അല്ലെ ഉള്ളു.. രാത്രി വെളുപ്പിക്കണമല്ലൊ അതോണ്ട് കൊത്തിപിടിച്ച് ബെര്‍ത്തില്‍ കേറിയിരുന്നു.. അവിടെ എത്തിപെടാന്‍ പെട്ട പാട്.. അത് പറയാതിരിക്കുകയാ ഭേദം.. ജോലി എടുത്ത് വെച്ചത് രണ്ടു കയ്യും നീട്ടി വാങ്ങിപോന്നാല്‍ മതി എന്ന മട്ടില്‍ വലിച്ച് വിട്ടപ്പോള്‍ വയറിന്റെ കാര്യം മറന്നു.. വണ്ടിയില്‍ കയറും മുമ്പ് എന്തെങ്കിലും വാങ്ങിക്കാമെന്ന വിചാരം ക്യുവിന്റെ നീളം കാരണം നടന്നില്ല.. ട്രെയിന്‍ അല്ലെ, വടൈ പഴമ്പൊരി കട്‌ലെറ്റ് ഒക്കെയില്ലെ തല്‍കാലാശ്വാസത്തിന് എന്നൊക്കെ വിചാരിച്ച് ഉള്ള സ്ഥലം നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിച്ച് ഇരുന്നു.. നമ്മള്‍ വെറുതെ ഇരിപ്പാണെങ്കിലും വിശപ്പ് വെറുതെ ഇരിക്കില്ലല്ലൊ.. എന്നാല്‍ ഉറങ്ങാനൊരു ശ്രമം ആവാം ന്ന് വിചാരിച്ചിട്ട് അതും നടക്കുന്നില്ല.. വെളിച്ചം പോലും ഇല്ലാത്തിടത്ത് എത്തിപ്പെടുന്ന ഏറ്റവും പുറകിലെ ജനറലിലേക്ക് ഭക്ഷണം പോയിട്ട് വെള്ളം പോലും വരുന്നില്ല..ഏതേലും സ്റ്റേഷനില്‍ ഇറങ്ങി എന്തേലും വാങ്ങാം ന്ന് വിചാരിച്ചാല്‍ നിലത്ത് കാലല്ല മൊട്ടുസൂചി പോലും കുത്താന്‍ സ്ഥലമില്ല.. കണ്ണടച്ച് ധ്യാനത്തിലിരുന്ന് നാളെ എന്തൊക്കെ ചോദ്യം കിട്ടും എന്നൊക്കെ ആലോചിച്ച് വിശപ്പിനെ മറക്കാനുള്ള ശ്രമത്തിലിരിക്കുമ്പൊഴാ മൂക്ക് മണം പിടിക്കുന്നത്.. ഏതവനൊ ഓറഞ്ച് പൊളിക്കുന്നു.. തുറക്കരുതെന്ന് വിചാരിച്ചിട്ടും കണ്ണുകള്‍ തുറന്ന് പ്രതിയുടെ നേരെ തുറിച്ചു നോക്കി.. ഉറങ്ങാനുള്ള ശ്രമമൊക്കെ വെറുതെയായി.. അയാള്‍ അങ്ങിനെ വിശാലമായി ഓറഞ്ച് പൊളിച്ച് നാരൊക്കെ കളഞ്ഞ സുന്ദരിയാക്കി ഭംഗിയൊക്കെ നോക്കി ഓരോന്നോരോന്നായി തിന്നുന്നു.. അതോടെ എന്റെ വിശപ്പ് കുത്തി നോവിക്കാന്‍ തുടങ്ങി.. അവിടെ ഇരുന്നവരില്‍ മിക്കവരും അയാളേ തന്നെ നോക്കുന്നു... ചിലര്‍ മോശമല്ലെ എന്ന് വിചാരിച്ചാവാം.. ഇടക്കൊക്കെ കണ്ണുകള്‍ പിന്‍‌വലിക്കുന്നു.. പിന്നെ എന്നെ പോലെ വിശന്നിട്ടാണൊ അതോ വെറുതെ കൊതികൊണ്ടാണൊ ന്ന് അറിയില്ല.. വീണ്ടും അയാളില്‍ തന്നെ നോട്ടമെത്തും..പിന്നെപ്പൊഴൊ രക്ഷയില്ലെന്ന് കണ്ട് ഞാന്‍ ഉറങ്ങി പോയി.. ഉണര്‍ന്നപ്പോള്‍ ഓറഞ്ച് തീറ്റക്കാരനെ കണ്ടില്ല.. അവന്റെ ഗതി എന്തായൊ എന്തൊ..

അയ്യൊ.. ഇതേ പോലെ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് ആര്‍ക്കെങ്കിലും പറയണം എന്ന് തോന്നുന്നുണ്ടോ.. നീണ്ട യാത്രകള്‍ നടത്തുന്നവര്‍ക്കെല്ലാം ഒരിക്കലെങ്കിലും ഈ അനുഭവമുണ്ടായിരിക്കും.. യാത്രതന്നെയാവണം കാരണമെന്നുമില്ല..

ഹോസ്റ്റലില്‍ രാത്രിഭക്ഷണമായ ബീറ്റ്‌റൂട്ട് മെഴുക്കുപുരട്ടിയും രസവും പാതിമന‍സ്സോടെ കഴിച്ച്, വീട്ടിലേക്ക് വിളിച്ച് അവിടെത്തെ മെനു കേട്ട് വെള്ളമിറക്കിയിരിക്കുമ്പോഴാവും അയലത്തെ അച്ചായന്‍ മീന്‍ വറക്കാന്‍ തുടങ്ങുന്നത്.. ജനലടച്ചാലും വെന്റിലേറ്ററിലൂടെ മൂക്കിനെ തേടിയെത്തും.. കയ്യില്‍ കാശ് ഉണ്ടെങ്കിലും യാതൊരു ഗുണവുമില്ലാതെ വിശന്നിരിക്കേണ്ടി വരുന്നത് ഇത്തിരി കഷ്ടം തന്നെ..

അപരിചിതരോട് ഭക്ഷണപാനീയങ്ങള്‍ വാങ്ങി കഴിക്കരുതെന്ന് റെയില്‍‌വെയുടെ ഉത്തരവുണ്ട്.. പക്ഷെ ഞാന്‍ വളരെയേറെ സ്വാദോടെ ആസ്വദിച്ച് കഴിച്ചത് അപരിചിതര്‍ തന്ന ഭക്ഷണമാണ്.. (ഹോട്ടലിലെ വെയ്റ്റേഴ്സ് അല്ല).. സത്യം പറഞ്ഞാല്‍ അവരുടെ പേരുപോലും ഞാന്‍ ഓര്‍ക്കുന്നില്ല.. ട്രെയിനിലെ പുസ്തകകച്ചവടക്കാരന്‍ കൊണ്ടുവന്ന ഒരുപുസ്തകത്തില്‍ ഞാനും എനിക്ക് എതിര്‍‌വശത്തെ സീറ്റില്‍ ഇരുന്ന ആളും പിടിയിട്ടത് ഒരുമിച്ചായിരുന്നു.. അയാള്‍ എനിക്കത് വിട്ടു തന്നപ്പോള്‍ യാത്രാവസാനം വരെ അതു വായിക്കാന്‍ ഞാന്‍ അയാള്‍ക്ക് തിരിച്ചു കൊടുത്തു.. മലബാറില്‍ നിന്നും അനന്തപുരി കാണാന്‍ പോവുന്ന കുടുംബം. ഒരു കോഴിക്കോടന്‍ മാഷും ടീച്ചരും പിന്നെ രണ്ടു കുസൃതി പിള്ളേരും..ഉച്ചയൂണിനു സമയമായപ്പോള്‍ കൂടേ കൂടാന്‍ ക്ഷണിച്ചത് അവരുടെ മര്യാദ.. രാവിലെ അമ്മയോട് വഴക്കിട്ട് പോന്നതിനാല്‍ വയറ് കാലി.. അതുകൊണ്ട് തന്നെ ജാഡയിട്ട് വിശപ്പില്ലെന്ന് പറയാന്‍ തോന്നിയില്ല.. അതിനേക്കാളേറേ അവരോട് തോന്നിയ ഒരു അടുപ്പവും.. നല്ല ചുട്ടരച്ച നാളികേരചമ്മന്തി പിന്നെ കയ്പ്പക്ക മെഴുക്കുപുരട്ടി.. ആര്‍ഭാടമായി നിറയെ ഉള്ളിയും പച്ചമുളകും ഇട്ട ഓംലെറ്റ്.. പിന്നെങ്ങനെ വേണ്ടെന്ന് പറഞ്ഞ് മസ്സില്‍ പിടിച്ചിരിക്കും..

കുട്ടിക്കാലത്ത് വഴക്ക് പറയുന്നിതിനെല്ലാം ഭക്ഷണമുപേക്ഷിച്ച് പ്രതിഷേധിക്കുകയായിരുന്നു പതിവ്.. അയ്യൊ മോളെ പട്ടിണികിടക്കല്ലെ എന്നൊന്നും പറഞ്ഞ് പുറകെ വരാന്‍ അമ്മയെ കിട്ടില്ലായിരുന്നു.. വേണേല്‍ കഴിച്ചാല്‍ മതി എന്നതായിരുന്നു അവിടത്തെ പോളിസി.. അതുകൊണ്ട് തന്നെ രാത്രി ഒരുമണിക്കും രണ്ടുമണിക്കും എണീറ്റ് വെള്ളച്ചോറ് ഊറ്റിയെടുത്ത് തൈരും പച്ചമുളകും കൂട്ടി നല്ല രസിച്ച് ഉണ്ടിട്ടുണ്ട് ഞാന്‍.. ആ അമ്മ തന്നെയാണ് വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുകയാണ് ഏറ്റവും വലിയ പുണ്യമെന്ന് പഠിപ്പിച്ചതും..

എന്റെ യാത്രകളില്‍ ഞാന്‍ ഭക്ഷണം എടുക്കാറില്ല.. വിശന്നിരിക്കുന്നവരുടെ മുന്നിലിരുന്ന് കഴിക്കുന്നതിന്റെ ഒരു വിഷമം തന്നെ.. വണ്ടിയിറങ്ങി ആദ്യം ചെയ്യുക വിശപ്പടക്കുകയാണെന്നത് വേറേ കാര്യം.. പട്ടിണിയുടെ കാലത്തെ പറ്റി ഏറെ കേട്ടിട്ടുണ്ട്.. അനുഭവിക്കാത്തതു ഒരു കുറ്റമൊ കുറവൊ ആയി ചിലപ്പോള്‍ ആരോപിക്കപ്പെടുന്നു.. വിശപ്പു മൂക്കുമ്പോള്‍ എപ്പൊഴൊക്കെയൊ വെറുതെ കളഞ്ഞ "നല്ല" ഭക്ഷണങ്ങളുടെ കണക്കെടുക്കുന്നു, അതിപ്പോള്‍ കിട്ടിയിരിരുന്നെങ്കില്‍.. ഭക്ഷണം ഒരു ആഘോഷമാവുമ്പോള്‍ കളയുന്നതിന്റെ കണക്കെടുക്കാന്‍ ആരും ശ്രമിക്കാറില്ലല്ലൊ..

എന്താ ഇപ്പോള്‍ പറഞ്ഞു വരുന്നതെന്നു ചോദിച്ചാല്‍... എനിക്ക് വിശക്കുന്നു :)

Thursday, January 22, 2009

തയ്പിറന്താല്‍ ...

പുതപ്പില്‍ നിന്നും പുറത്തു ചാടിയ നെറ്റിയിലെ തണുത്ത സ്പര്‍ശം ഉറക്കത്തെ വലിച്ചെറിയാന്‍ മാത്രമുള്ളതായിരുന്നു.. അവധി ദിനത്തിന്റെ ഏറ്റവും വലിയ ഔദാര്യമാണ് രാവിലത്തെ ഉറക്കം.. അമ്മയുടെ വഴക്കൊക്കെ ഒരു വശത്ത് നടക്കും. അതിനിടയിലാ അവന്‍ വന്നെന്നെ ഉണര്‍ത്തിയത്.. കണ്ണുതുറന്നപ്പോള്‍ ചുമരിലെ കലണ്ടര്‍ ഇളകിയാടുന്നുണ്ട്.. തല പുറകിലേക്ക് ചെരിച്ച് നോക്കുമ്പോള്‍ വാതില്‍ അടഞ്ഞു തന്നെ കിടക്കുന്നു.. ‍ എങ്ങിനെയാണ് അകത്തു കടന്നത്.. ഇളക്കം നിലക്കാന്‍ തുടങ്ങിയ ചിത്രകലണ്ടര്‍ ഒന്നൂടെ ഇളകിയുലഞ്ഞു.. ആഹാ.. പോയില്ലായിരുന്നല്ലെ.. അയയില്‍ തൂങ്ങിയാടുന്ന ഉടുപ്പുകള്‍ക്കിടയിലാവാം ഒളിച്ചിരുന്നത്.. പറന്നകലും മുമ്പ് ജനാലകള്‍ ആഞ്ഞടച്ചു.. ഇനിയാരും കാണേണ്ടെന്നു കരുതിയാവാം.. കള്ളന്‍... എന്നാലും ജനാലപഴുതിലൂടെ അമ്പഴത്തിലകള്‍ കുലുങ്ങി ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.. ഒപ്പം മുവാണ്ടന്‍ മാവിനോട് എന്തൊ സ്വകാര്യം പറയുന്നുമുണ്ട്.. വേറെ ആരൊക്കെ കണ്ടുവൊ ആവൊ..

വാതില്‍ തുറന്ന് വരാന്തയില്‍ ഇറങ്ങുമ്പോള്‍ അവന്‍ അവിടെ ചുറ്റി പറ്റി നില്‍ക്കുന്നുണ്ടായിരുന്നു.. ഇടക്കെപ്പൊഴൊ അറിയാത്ത മട്ടില്‍ ഒന്നു തട്ടി കടന്നുപോയി.. അവനെന്തൊരു തണുപ്പാ.. മുറ്റത്തിറങ്ങിയപ്പോള്‍ ഓപ്പോള്‍ അടിച്ചു വൃത്തിയാക്കിയയിടമൊക്കെ അവന്‍ ഇലകള്‍ പറിച്ചെറിഞ്ഞിരിക്കുന്നു.. തെക്കെ അതിരിലെ തേക്കിന്റെ ഇലകള്‍ വടക്കെ മുറ്റത്ത്.. എങ്കിലും എന്നെ കാണാതെ എവിടെയൊ മറഞ്ഞിരിക്കുകയാണ്.. പല്ലുതേക്കാന്‍ കുടുക്കയില്‍ നിന്ന്‍ ഉമിക്കരിയെടുക്കുമ്പോള്‍ അവന്‍ ഇലക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒളിച്ചും പതുങ്ങിയും വരുന്നുണ്ടായിരുന്നു.. ചുണ്ടോളമെത്തിയ ചിരി കഷ്ടപ്പെട്ട് മറച്ചു പിടിച്ചു.. അടുത്തെത്തിയതും കയ്യിലെ ഉമിക്കരി മുഴുവന്‍ അവന്‍ അടിച്ചു പറത്തി.. ദുഷ്ടന്‍..

അമ്മ അകത്തു നിന്ന് ആരെയൊ ശകാരിക്കുന്നുണ്ട്.. ഉണക്കാനിട്ട തുണികള്‍ പറത്തി വിട്ടതിന്.. അകത്തേക്ക് പൊടിയടിച്ച് കയറ്റിയതിന്.. കുറെ കഴിഞ്ഞപ്പൊഴാണ് അത് അവനായിരുന്നെന്ന് മനസ്സിലായെ.. അടുത്തൊന്നും അനക്കം കേള്‍ക്കുന്നില്ല .. എന്റെ മനസ്സു വായിച്ചെന്നോണം അവന്‍ താന്‍ ഇരുന്ന പുളിയന്‍ മാവിന്റെ കൊമ്പ് പിടിച്ച് കുലുക്കി.. കാണാത്ത ഭാവത്തില്‍ ഭാവത്തില്‍ ഞാന്‍ വായിച്ചിരുന്ന പത്രത്തില്‍ തലകുനിച്ചിരുന്നു.. വാര്‍ത്തകളില്‍ കണ്ണുടക്കാതെ ഞാന്‍ ഇടംകണ്ണിട്ട് അവന്റെ സാന്നിധ്യം അന്വേഷിച്ചു.. ശ്രദ്ധതെറ്റിയ ഒരു നിമിഷം എന്റെ കയ്യിലെ പത്രം ഇല്ലിക്കൂട്ടത്തിലേക്ക് അടിച്ചു പറത്തി..

എണ്ണതേച്ചു കുളിച്ചിട്ടും തൊലിപ്പുറം ആമക്കാവ് പാടം പോലെ വരണ്ടിരിക്കുന്നു.. ചെമ്പന്‍ മുടിയില്‍ നോക്കി അമ്മ കലിപ്പിക്കുന്നു... കാറ്റുകാലായിട്ടും അതിലിത്തിരി എണ്ണതേക്കാതെ ഓരോ വേഷം കെട്ട്.. റേഡിയോയിലെ പാട്ടും കേട്ട് ഉച്ചക്കൊരു മയക്കം.. അത് പടിഞ്ഞാറെ തിണ്ടത്തു തന്നെ വേണം.. മരങ്ങള്‍ക്ക് പുറകില്‍ നിന്ന് അവന്‍ ഇടക്കിടക്ക് ചൂളം വിളിച്ചു.. കേട്ടിട്ടില്ലെന്ന് നടിച്ച് കണ്ണടച്ചു കിടന്നു.. അടുത്തു വന്ന് തൊട്ട് വിളിച്ചിട്ടും ഞാന്‍ എണീക്കാത്തോണ്ടാവാം അവന്‍ പിണങ്ങി പോയത്... നല്ലൊരു പാട്ടില്‍ രസിച്ചു കിടക്കുമ്പോള്‍ പുറകില്‍ അവന്‍ ബഹളം വെക്കാന്‍ തുടങ്ങി.. ദേഷ്യത്തില്‍ റേഡിയൊ തട്ടി മുറ്റത്തിട്ട് അവന്‍ അമ്മയുടെ കണ്ണില്‍ പെടാതെ ഓടി പോയി.. ചിതറി തെറിച്ച കഷണങ്ങള്‍ പെറുക്കികൂട്ടുമ്പോള്‍ ഒരു വശത്ത് അമ്മയുടെ ശകാരം.. മറുവശത്ത് അവന്റെ കളിയാക്കിച്ചിരി..

ഉച്ചവെയില്‍ താണപ്പോള്‍ ഓപ്പോള്‍ കരിയിലകള്‍ അടിച്ചു കൂട്ടാന്‍ തുടങ്ങി.. തെക്കോട്ടടിക്കുമ്പോള്‍ വടക്കോട്ടോടുന്ന ചപ്പിലകള്‍ക്കു പുറകിലിരുന്ന് അവന്‍ എന്നെ കണ്ണിറുക്കി കാണിച്ചു.. ഓപ്പോള്‍ കൂനകൂട്ടിയ ഇലകള്‍ക്ക് മീതെ പറന്നു പോവാതിരിക്കാന്‍ തെങ്ങിന്റെ ഓല എടുത്തു വെച്ചു.. വൈകുന്നേരത്ത് തിരിവെച്ച് അമ്മ തിരിഞ്ഞില്ല; അതിനു മുമ്പെ ഊതി കെടുത്തി.. അമ്മയുടെ ദേഷ്യം നാമജപത്തില്‍ ഒതുങ്ങി..

"അടങ്ങീന്നാ തോന്നുന്നെ.. നീയതിനു തീയിട്ടേര്"

വിളക്കില്‍ നിന്ന് തിരികൊളുത്തി ഓപ്പോള്‍ ഇലകള്‍ക്ക് നേരെ നടന്നു.. പൊട്ടിയും ചീറ്റിയും അവ ആളികത്തുമ്പോള്‍ രാത്രി എത്തും മുമ്പെ ചുറ്റും ഇരുട്ടായ പോലെ.. ഒരു ക്യാമ്പ് ഫയറിന്റെ ഓര്‍മ്മയില്‍ ഞാനതിനെ നോക്കിയിരുന്നു.. എന്റെ ശ്രദ്ധമാറുന്നത് കണ്ടാവാം.. അവന്‍ എനിക്കു ചുറ്റും ഒന്നു വട്ടം കറങ്ങി.. ഉയര്‍ന്നുകത്തുന്ന ചവറുകൂനയില്‍ അമ്മയാണ് ആദ്യം അപകടം മണത്തത്.. മരകൊമ്പുകളില്‍ എത്തിതൊടാന്‍ നോക്കുന്ന തീനാളങ്ങളെ അമ്മ ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു.. ഇടക്കൊക്കെ പാതികത്തീയ ഒരു പ്ലവിലയെ അടുത്ത പറമ്പിലെ ഉണങ്ങിയ പുല്‍‌ക്കൂട്ടത്തിലേക്ക് അവന്‍ കൈകാട്ടി വിളിച്ചു..

"എന്താത്.. അത്ര പന്തിയല്ലല്ലൊ.. "

കൈയ്യിടവഴി കേറിയെത്തിയ ഏട്ടനും ഒരു ചെറിയ ഭയം..

ഇല്ല.. അവനൊരിക്കലും അങ്ങിനെ ചെയ്യില്ല..വിശ്വാസം എനിക്ക് മാത്രമായിരുന്നു..

"ഇത്തവണ ഇത്തിരി കനത്തിലാണല്ലൊ.. അന്തിയായിട്ടും കൂടണയുന്നില്ല.. "

കുറ്റപ്പെടുത്തലിന്റെ ധ്വനിയുള്ളതോണ്ടാവാം അവന്‍ ഒന്നും മിണ്ടാതെ മാറി നിന്നു.. ചാരകൂമ്പാരത്തില്‍ അവസാനശ്വാസങ്ങള്‍ .. ചെറിയ പൊട്ടലും ചീറ്റലും.. പെട്ടന്ന് ഇരുട്ട് വല്ലാതെ കനത്ത പോലെ.. വല്ലാത്ത നിശബ്ദതയും..

"ഞാന്‍ പോവാ .."

ചെവിയില്‍ വന്ന് പതുക്കെ മന്ത്രിച്ചു.. തിരിഞ്ഞു നോക്കുമുമ്പെ യാത്രയായിരുന്നു.. എങ്ങോട്ടാവും അവന്‍ പോയത്.... ചുരം കടന്ന് പൊയിരിക്കുമൊ.. അതോ കിളിവാലന്‍ കുന്നിലൊ മറ്റൊ ഈ രാവുറങ്ങുമൊ..

വരും.. എനിക്കുറപ്പാ.. രാവിലെ എന്നെ വിളിച്ചുണര്‍ത്താന്‍ .. ആരും കാണാതെ .. ജനലിലൂടെ ഒളിച്ചു കടന്ന്...

Monday, January 5, 2009

ആശംസകളില്ലാതെ.....

താരാ ദേവ് എന്റെ മുറിയിലെത്തിയിട്ട് ഒരു മാസമായിട്ടില്ല.. .. പഠിക്കുന്ന കാലത്തെ താരയെ എനിക്കറിയാമായിരുന്നതു കൊണ്ട് അപരിചിതയായ ഒരു സഹമുറിച്ചിയെന്ന പ്രശ്നം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.. അവളുടെ സാധനങ്ങള്‍ വെക്കാന്‍ ഷെല്‍ഫിന്റെ താഴത്തെ തട്ട് ഒതുക്കി കൊടുക്കുമ്പോളാണ് മുകള്‍ത്തട്ടിലെ നിറഞ്ഞു കവിയുന്ന പുസ്തകങ്ങളിലും ഫയലുകളിലും അവള്‍ കൈവെക്കാന്‍ തുടങ്ങിയത്..

ഞാന്‍ തന്നെ അതൊക്കെ എടുത്തിട്ട് കാലങ്ങളായിരുന്നു.. പൊടിപിടിച്ച കുറെ പഴഞ്ചരക്കുകള്‍.. പിന്നെ എന്തൊക്കെ അതിന്റെ കൂടെ ഉണ്ടെന്ന് മറന്നു പോയിരിക്കുന്നു.. ഓരോന്നോരോന്നായി പുറത്തെടുക്കുമ്പോള്‍ പഴമയുടെ പുതുമ.. നാലും അഞ്ചും വര്‍ഷം പഴയ ആഴ്ചപതിപ്പുകള്‍ മാസികകള്‍.. കൌതുകം തോന്നി മാറ്റിവെച്ച് പേപ്പര്‍ കട്ടിങുകള്‍.. മഞ്ഞനിറം കേറാന്‍ തുടങ്ങിയ നോട്ടുബുക്കുകള്‍.. എന്നത്തേയും പോലെ അവസാനപേജുകളിലെ കുത്തിക്കുറിക്കലുകള്‍.. പാതിയില്‍ പിടഞ്ഞു മരിച്ച എന്റെ ആത്മഗതങ്ങള്‍..

ഇടയില്‍ നാടിന്റെ സ്പന്ദനമായി പുഷ്പയുടെ കത്തുകള്‍.. കാവില്‍ പൂരത്തിനു വരില്ലെ എന്ന ചോദ്യം മാത്രമല്ല, ഞാന്‍ ഓര്‍ക്കാത്ത ആരൊക്കെയൊ എന്നെ അന്വെഷിച്ചിരിക്കുന്നെന്നു കൂടി അവള്‍ എഴുതിയിരിക്കുന്നു.. നാട്ടില്‍ വരവിന്റെ ഇടവേള കൂടിയത് ഇവിടെയെങ്ങാനും ചിറ്റം തുടങ്ങിയതോണ്ടാണൊ എന്നൊരു സംശയം.. കഴുത്തില്‍ കയറുവീഴുന്നതിനു മുമ്പ് സ്വപ്നങ്ങള്‍ നിറഞ്ഞ നാലും അഞ്ചും പേജുകള്‍ നിറയുന്ന വിവരണങ്ങള്‍.. പിന്നെ നിറം മങ്ങാന്‍ തുടങ്ങിയിരിക്കുന്നു.. ഇന്‍ലന്റിലേക്ക് ചുരുങ്ങിയ അവിടെസുഖം ഇവിടെ സുഖം.. ചിലയെഴുത്തുകള്‍, കാലാവധികഴിഞ്ഞിട്ടും വലിച്ചെറിയാന്‍ ആവത്തത്...ഞാന്‍ തന്നെ എഴുതി അയക്കാതെ വെച്ചവ‍.. വീണ്ടും വായിക്കുമ്പോള്‍ എഴുതുമ്പോ‍ഴത്തെ അതേ മാനസികാവസ്ഥയിലേക്ക് ഒരു മടക്കം.. ഓരോ ശുചീകരണത്തിലും രക്ഷപ്പെട്ട് ബാക്കിയായവ.. തത്കാലം എന്റെ ഏകാന്തവാസം അവസാനിക്കുകയാണ്.. എല്ലാം ഒതുക്കി അടുക്കിയെ തീരൂ.. ആവശ്യമില്ലാത്തതെല്ലാം ചവറ്റുകുട്ടയിലെത്തണം..

പക്ഷെ ചിലതെല്ലാം എന്റെ പുരാവസ്തു ശേഖരത്തിലേക്ക് മുതല്‍ കൂട്ടണമൊ എന്ന് തോന്നിപോയി.. കൂട്ടത്തില്‍ കാലങ്ങളായി കളയാതെ വെച്ച് ആശംസാകാര്‍ഡുകള്‍.. ജോലിക്കാരിയായനാള്‍ മുതല്‍ എല്ലാവര്‍ഷവും കെട്ടുകണക്കിന് കാര്‍ഡുകള്‍ വാങ്ങിയിരുന്നു.. ആരെയും മറക്കാതിരിക്കാന്‍ ലിസ്റ്റ് എഴുതിവെച്ച്, വിട്ടുപോയവ പൂരിപ്പിച്ച്...പലപ്പൊഴും മറക്കാന്‍ തുടങ്ങിയവരെ ഓര്‍ത്തെടുക്കാനുള്ള അവസരം കൂടിയായിരുന്നു ഇത്...

ഇടക്കൊരു ഉള്‍‌വലിയലില്‍ ആ ആവര്‍ത്തനവും കൈവിട്ടുപോയി.. എന്തൊക്കെയോ പ്രത്യെകതകളാല്‍ മുമ്പ് കിട്ടിയതില്‍ ചിലതൊക്കെ ഇപ്പൊഴും കൈയിലിരിക്കുന്നു.. അയച്ചവരില്‍ പലരും എവിടെയെന്നു പോലും അറിയില്ല.. ഇപ്പോള്‍ ഞാന്‍ ആര്‍ക്കും അയക്കാറില്ല.. ആരും എനിക്കും.. അവസാനം വരെയും കിട്ടിയിരുന്നത് എന്റെ കാട്ടുമുക്കിലെ കൂട്ടുകാരി പുഷ്പയില്‍ നിന്നു തന്നെ.. ഇപ്പോല്‍ അവള്‍ക്കും മൊബൈലായി.. പിന്നെ ആരയക്കാന്‍.. ആര്‍ക്കെന്നും ആരുടേതെന്നും എഴുതാന്‍ മറന്നു പോയതും റബ്ബര്‍ സീലിന്റെ ഒപ്പുപതിച്ചതുമായ ഔദ്യോഗിക ആശംസകള്‍ കാണുമ്പോള്‍, വെറുതെ ഒരു മോഹം.... ആരെങ്കിലും സ്വന്തം കൈപ്പടയില്‍ നാലുവരിയെഴുതി ഒരു കാര്‍ഡ് അയച്ചിരുന്നെങ്കില്‍ എന്ന്.. എന്തു ചെയ്യാം, ഓര്‍ത്തിരിക്കുന്നെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഒരു ആശംസാകാര്‍ഡ് പോലും കിട്ടാതെ ഒരു പുതുവര്‍ഷം കടന്നു പോയി..

Wednesday, December 17, 2008

ഉപ്പിലിട്ട ലഡ്ഡുവുണ്ടോ..

ട്രെയിന്‍ യാത്രകളില്‍ നഷ്ടപ്പെടുന്നത് എന്തെന്നറിയാന്‍ ബസ്സ് യാത്രതന്നെ വേണം.. അതും മണിക്കൂറുകള്‍ നീളുന്ന പകല്‍ യാത്ര... ഇതിനു മുമ്പ് എന്നാണ് ഞാന്‍ ഇത്രയും ദൂരം ബസ്സില്‍ യാത്രചെയ്തതെന്ന് ഓര്‍ക്കുന്നില്ല.. കോളേജ് കാലത്തെ സ്റ്റഡിടൂറിനായിരിക്കണം.. പക്ഷെ അതിനു പാട്ടിന്റെയും ബഹളത്തിന്റെയും തീറ്റയുടെയുമൊക്കെ അകമ്പടിയുണ്ടായിരുന്നു.. അതൊന്നുമില്ലാതെ തനിച്ചൊരു യാത്ര.. ഒരേ ഇരുപ്പില്‍ കയ്യും കാലുമൊക്കെ വേദനിച്ച്, നടുവ് കഴച്ച്, അങ്ങിനെ അങ്ങിനെ ..

സാധാരണ നമ്മള്‍ പരിചയിക്കുന്ന സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കുള്ള യാത്ര, അത് എത്ര അടുത്ത സ്ഥലമാണെങ്കിലും, കാഴ്ചക്കു വിരുന്നൊരുക്കാന്‍ എന്തെങ്കിലും ഒക്കെ കാണില്ലെ.. കാലം കുറെ കൂടിയാണ് ഞാന്‍ ഇങ്ങ് തെക്കുതെക്കുനിന്നും അങ്ങ് വടക്കോട്ടേക്കൊരു ബസ്സ് യാത്ര പോയത്.. പരിചിതമായ വഴികള്‍ കഴിയും വരെ വെറുതെ നോക്കിയിരുന്നു.. അതിനപ്പുറം മലപ്പുറം ജില്ലയിലെത്തിയപ്പോഴാണ് വഴിയരികിലെല്ലാം നിറയുന്ന ചില്ല്ഭരണികള്‍ കണ്ണില്‍ പെട്ടത്.. ചിലപ്പോള്‍ ഉപയോഗത്തിന്റെ ആധിക്യം കാരണം തട്ടിയും മുട്ടിയും പോറലുകള്‍ വീണ് സുതാര്യത നഷ്ടമായ പ്ലാസ്റ്റിക് ഭരണികളും. ബെഞ്ചെന്നൊ ഡെസ്കെന്നൊ പറയാനാവാത്ത നാലുമരക്കാലുകളുടെ ഉയര്‍ച്ചയില്‍ താങ്ങിനിര്‍ത്തിയ മരപലകളില്‍ അവ വഴിയരികിലെല്ലാം നിരന്നിരിക്കുന്നു.. കോഴിക്കോട്ടേക്ക് കടന്നപ്പോള്‍ അതൊരു സ്ഥിരം കാഴ്ചയായി.. ലോങ്ങ് റൂട്ട് ബസ്സിന്റെ വേഗതയില്‍ കുപ്പികളിലെ ഉള്ളടക്കം കണ്ടെത്താന്‍ ഇത്തിരി പണിപ്പെട്ടു.. ആവര്‍ത്തനങ്ങളില്‍ ഓരോന്നോരോന്നായി കണ്ടു പിടിച്ചപ്പോള്‍ ഞാനും യുറേക്കാ എന്നു വിളിച്ചാലോന്നു കരുത്തിയതാ.. എനിക്ക് പ്രിയപ്പെട്ട ഉപ്പിലിട്ട നെല്ലിക്ക.. അതില്‍ അല്പം എരുവിനായി നല്ല കാന്താരി മുറിച്ചിട്ടിരുന്നോ എന്നു അത്ര ഉറപ്പില്ല.. അതിലൊരെണ്ണം ഒരു വശത്തെ പല്ലുകള്‍ അമര്‍ത്തി ഒറ്റ കണ്ണടച്ച് ഒരു കഷണം വായിലാക്കണം.. വായില്‍ വെള്ളം വരുന്നില്ലെ.. ആ സ്വാദില്‍ തലയൊന്നു കുടയണം.. ആഹഹാ.. അടിപൊളിയല്ലെ..

നെല്ലിക്ക മാത്രമല്ല, കുഞ്ഞു അരിനെല്ലിക്കകള്‍ ഇളം പച്ചനിറത്തില്‍ മറ്റൊരു ഭരണിയില്‍ കിടപ്പുണ്ട്.. പിന്നെ മുഴുത്ത അമ്പഴങ്ങകള്‍ .. ഇതുമാത്രമല്ല കെട്ടൊ.. ഒരോ വളവിലും തിരിവിലും വായില്‍ കപ്പലോട്ടാനിരിക്കുന്ന വിഭവങ്ങള്‍ക്ക് തികഞ്ഞ വൈവിധ്യമുണ്ട്.. നീളത്തില്‍ കഷണമാക്കിയ മാങ്ങ എല്ലായിടത്തും ഉണ്ടായിരുന്നു.. മറ്റൊന്ന് നീളന്‍ മുളകാണെന്ന് കണ്ടെത്താന്‍ നാലഞ്ചിടത്ത് ശ്രദ്ധിച്ചു നോക്കേണ്ടി വന്നു.. (ഇപ്പൊഴും അത് മുളകുതന്നെയായിരുന്നൊ ന്ന് ഇത്തിരി സംശയം ബാക്കിനില്‍ക്കുണ്ട്).. എന്താണ് സംഭവം എന്നു പിടിതരാതെ നിന്ന വേറൊരാള്‍ ഓമക്കായ തുണ്ടുകള്‍ ആയിരുന്നു. .മുസ്ലിം ലീഗിന്റെ നാടായോണ്ടാണോന്ന് അറിയില്ല പച്ചനിറങ്ങളുടെ സമ്മേളനം തന്നെയായിരുന്നു ഈ ഉപ്പിലിട്ട വകകളില്‍... എന്നാലും ബിജെപിയുടെ സാന്നിധ്യമായി നല്ല ഓറഞ്ചു നിറത്തില്‍ കാരറ്റും വിപ്ലവം ഇവിടെയുമുണ്ടെന്ന് ഉദ്ഘോഷിച്ച് ലോലോലിക്കയും പലയിടത്തും കണ്ടു.. അധികം ആള്‍ സഞ്ചാരം കാണാത്തിടത്തു പോലും എട്ടും പത്തും ഭരണികളില്‍ ഇവ നിറഞ്ഞിരിക്കുന്നു.. ആരാ ഇപ്പൊ ഇതു വാങ്ങാന്‍ വരണെ ന്നു ചിന്തിക്കാനല്ലാതെ കണ്ടുപിടിക്കാന്‍ പറ്റില്ലല്ലൊ.. ഞാന്‍ ഈ പറഞ്ഞ വകകള്‍ മാത്രമല്ല വേറെയും ചിലതു കൂടി ചില്ലുപാളികള്‍ക്കപ്പുറം ഒളിച്ചിരുന്നു.. എന്താന്ന് അറിയാന്‍ ഡ്രൈവെറോട് ഒന്നു നിര്‍ത്താമൊ ന്നു ചോദിച്ചാലോ ന്നു വിചാരിച്ചതുമാ..

വീട്ടില്‍ മാങ്ങാക്കാലമായാല്‍ അമ്മ വലിയ ഭരണികളില്‍ ഉപ്പുമാങ്ങയിടും.. തുണിയിട്ടു മൂടി അടപ്പിനുമുകളില്‍ മണ്ണുപൊത്തി അടുത്ത വര്‍ഷം വരെ അതിനു സുഖനിദ്ര.. മഴക്കാലത്ത് ജലദോഷപ്പനി പടരുംപോള്‍ ഉപ്പുമാങ്ങാ ഭരണി തുറക്കും.. പൊടിയരിക്കഞ്ഞി, ചുട്ടപപ്പടം, ഉപ്പുമാങ്ങ.. നാലുദിവസത്തേക്ക് ഒരേ മെനു.. സ്കൂള്‍ പടിക്കലെ കടലയുമ്മയുടെ കസ്റ്റഡിയിലും ഒരു ഭരണിയുണ്ടായിരുന്നു.. അതിലെ വിഭവം നെല്ലിക്കയായിരുന്നു.. പക്ഷേ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഇത്രയും വൈവിധ്യമാര്‍ന്ന ഉപ്പിലിട്ടതിന്റെ ഭരണികള്‍.. തിന്നില്ലെങ്കിലും കാഴ്ചതന്നെ വായില്‍ വെള്ളം നിറക്കുന്നു.. നിരന്നിരിക്കുന്ന ആ ഭരണികള്‍ ഒരു കാഴ്ചതന്നെയാണ്..
മലബാറുകാരെ.. ഉപ്പിലിട്ട ലഡ്ഡുവുണ്ടോ, ഒരെണ്ണമെടുക്കാന്‍.. !!!

Thursday, December 11, 2008

പേരിന്റെ പൊരുള്‍ തേടി..

അപൂര്‍ണമായ മേല്‍വിലാസത്തില്‍ എന്റെ കയ്യിലെത്തിയ ആ തടിച്ച കവറില്‍ മറ്റൊരു പിരിച്ചെഴുത്താണ് ഞാന്‍ പ്രതീക്ഷിച്ചത്.. പക്ഷെ കേസുനടത്തി തറവാട് കുളം തോണ്ടിയ പഴയ നാറിയ നായര്‍ പാരമ്പര്യത്തിലേക്ക് ഞാനും കക്ഷി ചേര്‍ക്കപ്പെടുകയാണെന്ന തിരിച്ചറിവിനും മുമ്പ്, എന്റെ കണ്ണില്‍ പെട്ടത് വംശാവലിയിലെ വലത്തേയറ്റമായിരുന്നു.. നാലഞ്ചു തലമുറകള്‍‌‍ക്കപ്പുറത്ത് പിരിച്ചുവെക്കാത്ത വാഴത്തടം പോലെ ഒരു പഴയ തറവാട്.. പറക്കമുറ്റി പറന്നുപോയവരില്‍ ആര്‍ക്കൊക്കെയൊ പഴയ വാഴത്തടത്തിലെ മണ്ണില്‍ തനിക്കുള്ള ഒരു പിടിയെ കുറിച്ച് വൈകിയാണെങ്കിലും ബോധമുദിച്ചിരിക്കുന്നു.. എനിക്കും വിത്തെറിഞ്ഞത് ആ മണ്ണിലാണെങ്കിലും അതിന്റെ ഗുണമൊന്നുമില്ലാത്തതിനാലാവാം കാലമേറെയായി അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ട്... കോടതി കാര്യമല്ലെ; ഇങ്ങേയറ്റത്തെ എനിക്കും കിട്ടിയിരിക്കുന്നു മരുമക്കായത്തിന്റെ തിരുശേഷിപ്പായി ഒരു വാറോല..കൂട്ടത്തില്‍ മരിച്ചു മണ്ണടിഞ്ഞ അനേകം ആത്മാക്കള്‍ കൂടി തായ്മരവും ചില്ലകളും ഇലകളുമായി തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്.. അതിലൊരു കണ്ണിയാണ് വലത്തേയറ്റത്ത് നാലക്ഷരങ്ങളില്‍, അവസാനത്തെ അക്ഷരം ആകെ കുഴഞ്ഞു മറിഞ്ഞ് അത്ര വ്യക്തമല്ലാതെ നില്‍ക്കുന്നത്..

അവര്‍ ആരെന്ന് എനിക്കറിയാം ... എന്റെ ഓര്‍മകളില്‍ നല്ലതായ ഓര്‍മകള്‍ ഒന്നും ഉണര്‍ത്താത്ത ചെറിയ മുത്തശ്ശിയമ്മയെന്ന് ഞാന്‍ വിളിച്ചിരുന്ന അമ്മയുടെ ചെറിയമ്മ.. പക്ഷെ എന്നെ ഇപ്പോള്‍ അമ്പരപ്പിക്കുന്നത് അവരുടെ പേരാണ്.. ഇട്ടിമായ... വക്കീലിന്റെ വക്രിച്ചുപോയ അക്ഷരങ്ങളില്‍ അത് ഇട്ടിമായ തന്നെയാണെന്ന് (ഇട്ടിമാളുവല്ലെന്നും) ഉറപ്പുവരുത്താന്‍ ഞാന്‍ കണ്ണുകഴക്കുംവരെ നോക്കിയിരുന്നു..അങ്ങിനെ ഒരു പേര്‍ ആരും പറഞ്ഞു കേട്ടിട്ടില്ല.. ആദ്യമായാണ് ഞാന്‍ ഈ പേര് കേള്‍ക്കുന്നത്.. മുത്തശ്ശിക്ക് അങ്ങിനെ ഒരു പേരുണ്ടായിരുന്നു എന്നത് തന്നെ പുതിയ അറിവ്..അതോ ഒരു പ്രായത്തിനപ്പുറം പേരുകള്‍ക്ക് വലിയ അര്‍ത്ഥമില്ലാതെയാവുമൊ.. .. എന്തൊക്കെയായാലും ഇട്ടിമായ എന്റെ ഉറക്കം കെടുത്തുന്ന ലക്ഷണമാ..

എനിക്ക് മുമ്പും പിന്‍പുമുള്ള ഓരോ തലമുറകളിലെ അംഗങ്ങളുടെ പേരുകള്‍ തന്നെ മുഴുവനായി എനിക്കറിയില്ല.. എന്നാലും വിളിപ്പേരുകളിലെങ്കിലും ഞാനവരെ തിരിച്ചറിയുന്നു.. പക്ഷെ അതിനുമപ്പുറത്തെ ഇലകളെ ഞാനറിയില്ല എന്നു പറയുന്നതാവും ഉചിതം.. പ്രശ്നം എന്റേതു തന്നെയാണ്.. ഒഴിവാക്കാനാവാത്ത കൂട്ടിമുട്ടലുകളില്‍ ഇങ്ങനെയൊരാളുണ്ടോ എന്ന് അടുത്ത തലമുറ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു...

ഇന്ന് ഈ രാവിലും ഞാന്‍ ചോദിച്ചു, നിനക്ക് എവിടെന്നാണ് ഈ ഇട്ടിമാളുവിനെ കിട്ടിയതെന്ന്.. ഒരുവേള നിശബ്ദത നിറയുന്നു .."എനിക്ക് അറിയില്ല .."... വെറുതെ ഒരു മോഹം..ഇട്ടിമായക്കപ്പുറം പടര്ന്നു മറഞ്ഞ വേരുകളില്‍ എവിടെയെങ്കിലും ഒരു ഇട്ടിമാളുവുണ്ടായിരുന്നിരിക്കുമോ.. കാരണവന്മാരോടുള്ള ബഹുമാനം കാണിക്കാന്‍ മക്കള്ക്കും പേരക്കിടാങ്ങള്‍ക്കുമെല്ലാം പഴയ പേരിടുന്നവരുണ്ട്.. കീഴ്വഴക്കം മറന്നുപോയ എന്റെ അച്ഛനമ്മമാര്‍ക്ക് പകരമാവുമോ അവനെന്നെ ഈ പേരുചൊല്ലി വിളിച്ചത്... അങ്ങിനെയെങ്കിലും അവന്‍ ഭാരതപുഴക്കരയിലെ ആലിലകള്‍ എണ്ണിതീര്‍ത്തവനല്ലല്ലോ..ആ കാറ്റൊരിക്കലും അവനെ തലോടി കടന്നു പോയിട്ടില്ലല്ലൊ.. അപ്പോള്‍ ആ പേരു എങ്ങിനെയാവാം അവന്റെ നാവില്‍ വന്നത്..


---------

ആരാണീ ഇട്ടിമാളുവെന്ന് ആരൊക്കെയൊ ചോദിച്ചു.. എനിക്കും അത്ര ഉറപ്പില്ലാത്ത കാര്യം... ഞാനെന്താ പറയാ.. അതെന്തോ ആവട്ടെ.. ഇന്നൊരു കോടതി നോട്ടീസിന്റെ രൂപത്തില്‍ ഞാനും ഇട്ടിയെ തേടുകയാണ്. .. ഏത്‌ കൊമ്പില്‍ ഏത്‌ ചില്ലയില്‍ ഏത്‌ ഇലയായ്‌....

Wednesday, October 15, 2008

അളവുകോലുകള്‍

ശൂന്യതയാണ് ചുറ്റിലും..

ഒരാളുടെ അഭാവം
ഒരു വിടവ്
അത്രയെ ഉള്ളു

അളക്കേണ്ടതെങ്ങിനെയാണ്
കൈവിരല്‍പാട് വെച്ച്
അതൊ നഖമുനയാല്‍

വെറുതെ, ചികഞ്ഞു നോക്കിയതാണ്
ഇല്ല, ഉണ്ടായിരുന്നെന്നതിന്റെ തെളിവുകള്‍
പിന്നെ, കണ്ടത് കേട്ടത് അറിഞ്ഞത്

ഒന്നും എനിക്ക് വേണ്ടി മാത്രമല്ലായിരുന്നു
പക്ഷെ, എനിക്കും പകുത്തു തന്നിരുന്നു
അളവുകോലുകള്‍..?

വിടവടക്കാന്‍ ശൂന്യത നിറയ്ക്കാന്‍
‍ഏതളവില്‍ ഞാന്‍ അള‍ന്നൊഴിക്കണം

Wednesday, September 17, 2008

എന്റനിയന്‍ മുണ്ടുടുത്തു..

ഓണാലസ്യം കഴിഞ്ഞ് എല്ലാവരും പഴയലാവണങ്ങളില്‍ തിരിച്ചെത്തിയിരിക്കുന്നു.. ഞങ്ങളുടെ കൂടാരവും ഇന്നലെ ഓണവിശേഷങ്ങളാല്‍ മുഖരിതമായിരുന്നു.. ഒരോരുത്തര്‍ക്കും പറയാന്‍ ഓരോ വിശേഷങ്ങള്‍.. ഓണക്കോടികള്‍ നിരത്തി മറ്റുള്ളവരുടെ അഭിപ്രായമറിയാനുള്ള ആകാംക്ഷ.. എവിടെയൊക്കെ പോയി ആരൊക്കെ വന്നു.. എന്തൊക്കെ തിന്നു.. മിക്കവര്‍ക്കും ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നുള്ള മോചനം തന്നെയാണ് ഓണം സമ്മാനിക്കുന്നത്.. തിന്നു തിന്ന് മരിച്ച് ഇന്നലെ വീണ്ടും ങ്ങക്കറിയും ക്കതോരനും കൂട്ടേണ്ടി വരുമ്പോഴും ഒരു ആശ്വാസം... ഓണബാക്കിയായി കുപ്പികളില്‍ അടച്ച് കൊണ്ടു വന്നത് ഒരു മൂന്ന് നാല് ദിവസം കൂടി ഓടും..

എല്ലാരും തന്നെ ജോലിക്കാര്‍.. ചിലര്‍ ട്രെയിനി എന്ന പാതിവെന്ത അവസ്ഥയില്‍.. എന്നാലും ഓണം ആവുമ്പൊ വേണ്ടപ്പെട്ടവര്‍ക്ക് ഒരു ഓണക്കോടി വാങ്ങാന്‍ എന്തു കടം വാങ്ങിയായാലും എല്ലാരും ശ്രമിക്കും.. മിക്കവരും എന്തു വാങ്ങണമെന്ന് നേരത്തെ ആലോചിച്ചു വെച്ചിരിക്കും.. ചിലപ്പോള്‍ തടസ്സമായി മുന്നിലെത്തുക ബഡ്ജെറ്റ് ആവും.. ഓണക്കോടികള്‍ ഒരു വേഷപകര്‍ച്ചക്ക് വഴിതെളിയിക്കുന്നില്ലെ?.. അടുത്ത പടിയിലേക്കുള്ള സ്ഥാനക്കയറ്റം.. !!!.... പെണ്‍കൊടികള്‍ക്ക് മിക്കവാറും ആദ്യത്തെ സാരികിട്ടുന്നത് ഓണത്തിനാവാനാണ് സാധ്യത.. അതിനുമുമ്പ് എന്ത് മുറികഷണം കാലുറയിട്ടുനടന്നാലും ശ്രദ്ധിക്കാത്തവര്‍ സാരിയുടുത്താല്‍ ഒന്നു നോക്കും.. പെണ്ണങ്ങ് വളര്‍ന്ന് പോയില്ലെ.. (ഇത് കുറെ കേട്ടതാണെന്നല്ലെ..) അതെ.. മകള്‍ സാരിയുടുത്ത് മുന്നില്‍ വന്നു നിന്നാല്‍ ഏതു കഠിനഹൃദയന്റെ നെഞ്ചും ഒന്ന് ആളും.. ഇതിനെ ഒന്ന് ആരെയെങ്കിലും കൈപിടിച്ച് കൊടുക്കണ്ടെ.. തൊട്ടടുത്ത് പെരുമ്പറകൊട്ടുന്ന നെഞ്ചുമായി അമ്മയും കാണും.. ജോലിക്കാരാവുമ്പൊഴും ആരെങ്കിലും ഒരു ഓണക്കോടി തരാനുണ്ടെങ്കില്‍ അതൊരു സന്തോഷം തന്നെയാണല്ലെ.... അതു കിട്ടാതാവുമ്പൊഴെ അതിന്റെ സുഖമറിയൂ..

ഇനി മക്കള്‍ അമ്മക്കും അച്ഛനുമുള്ള ഓണക്കോടി വാങ്ങുമ്പൊഴൊ.. എന്റെ മോന്‍ അല്ലെങ്കില്‍ മോള്‍ വാങ്ങിയതാ എന്നു പറയാന്‍ അവര്‍ക്ക് നൂറുനാവാകും.. വളര്‍ത്തി വലുതാക്കി ഇത്രയൊക്കെ ആക്കിയില്ലെ എന്നൊരു അഭിമാനവും കാണും ആ പറച്ചിലില്‍.. ജോലിക്കാരായി ആദ്യത്തെ ഓണമാണെങ്കില്‍ അതിനൊരു പ്രത്യേക പകിട്ടുതന്നെ.. പക്ഷെ അച്ഛനു ഇനി ഇളം നിറം മതി എന്ന് സ്വയം തീരുമാനിച്ച് വാങ്ങിക്കൊടുത്താല്‍ നീയെന്നെ വയസ്സനാക്കിയല്ലെ എന്ന് അച്ഛന്‍ മനസ്സില്‍ പറഞ്ഞെന്നിരിക്കും.. ഇനി അമ്മക്ക് സാരിമാറ്റി മുണ്ടും നേരിയതും ആക്കിയാലും ഇതു തന്നെ അവസ്ഥ.. മുടിയിലെ വെള്ളിവരകള്‍ ഉറക്കം കെടുത്തുന്നതിന്റ്റെ കൂടെ യൂ ട്ടൂ ബ്രൂട്ടസ്സ് എന്ന് അമ്മയും പറയും.. പാവം ആ അച്ഛനമ്മമാരുടെ വേദന മക്കള്‍ എങ്ങിനെ അറിയാന്‍..

വേഷപകര്‍ച്ചകളിലെ വ്യത്യാസം കൂടുതല്‍ പ്രതിഫലിക്കുക പെണ്ണിനു തന്നെയാണ്. അതില്‍ ആരും എതിരുപറയും എന്ന്‍ തോന്നുന്നില്ല.. എന്തൊ അവളുടെ വളര്‍ച്ചയാണല്ലൊ എല്ലാരുടെയും കണ്ണില്‍ പെടുക.. പക്ഷെ ഈ ചേട്ടത്തിമാര്‍ കുഞ്ഞനിയനും അനിയത്തിക്കും ഓണക്കോടി വാങ്ങിയാലൊ.. ആ പുത്തന്‍ അണിഞ്ഞ് അവരെ കാണുമ്പൊ കണ്ണില്‍ ഇത്തിരി ചാറ്റല്‍ മഴ പെയ്തെന്നൊക്കെ വരാം.. പക്ഷെ ഓണം കഴിഞ്ഞുവന്ന എന്റെ കൊച്ചു കൂട്ടുകാരിയുടെ ഏറ്റവും വലിയ വിശേഷം പറച്ചില്‍ എന്താരുന്നെന്നൊ..

"ഏന്റനിയന്‍ മുണ്ടുടുത്തു.."

അതിനെന്താ ഇത്ര പറയാന്‍ എന്നൊരു ചോദ്യം കേട്ടുനിന്നിരുന്നവരുടെയെല്ലാം കണ്ണുകളില്‍.. അധികമാര്‍ക്കും അതൊരു വിശേഷമായി തന്നെ തോന്നിയില്ല.. ശരിയാ ഒരു കുഞ്ഞന്‍ എട്ടാംക്ലാസ്സുകാരാന്‍ ആദ്യമായികിട്ടിയ മുണ്ടും ചുറ്റി ഓണത്തിന് ഓടിനടന്നതില്‍ എന്തിത്ര പറയാന്‍ അല്ലെ.. പക്ഷെ അവളെ സംബന്ധിച്ചിടത്തോളം ഒരുപാട് പറയാനുണ്ടായിരുന്നു..

അച്ഛന്റെ ഓര്‍മ്മപോലും ഇല്ലാതെ വളര്‍ന്ന അവന് മുണ്ടുടുക്കാന്‍ സ്വന്തമായിതന്നെ ഒരു മുണ്ടുവേണമായിരുന്നു.. തമാശക്കു പോലും അവനൊരു മുണ്ടുചുറ്റി നടക്കുന്നത് അവള്‍ കണ്ടിട്ടില്ല.. അതുകൊണ്ട് തന്നെ അവള്‍ക്ക് അതൊരു സന്തോഷവും സങ്കടവും നല്‍കിയ നിമിഷം തന്നെയായിരുന്നു... അവള്‍ വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞതുകൊണ്ടാണ് എല്ലാരും മാറിയപ്പോള്‍ ഞാന്‍ ചോദിച്ചത്..

"നിനക്ക് എന്ത് തോന്നി അനിയന്‍ മുണ്ടുടുത്ത് കണ്ടപ്പൊ"

കുറെ നേരം അവള്‍ എന്നെ തന്നെ നോക്കിയിരുന്നു.. പിന്നെ പറഞ്ഞു

"അവന്‍ വളര്‍ന്നു പോയല്ലൊ എന്നൊരു സങ്കടം.. നല്ല പൊക്കം വെച്ചു... വലിയ കുട്ടിയായപോലെ "

ഒന്നു നിര്‍ത്തി വീണ്ടും തുടര്‍ന്നു..

"നല്ല ഭംഗിയുണ്ടാരുന്നു.."

"നിനക്കെന്തിനാ അതിനു വിഷമം"

"അതെനിക്കറിയില്ല"

അനിയന്‍ വളര്‍ന്ന് അമ്മക്ക് ഒരു തണലാവാന്‍ കാത്തിരിക്കുന്ന അവള്‍ക്ക് അവന്‍ വലുതായെന്ന തോന്നല്‍ എങ്ങിനെ സങ്കടമാവുന്നു.. കൂടുതല്‍ ചോദിക്കാന്‍ എനിക്കാവില്ലായിരുന്നു.. എനിക്ക് അനിയന്‍ ഇല്ല.. ഇപ്പോള്‍ ഞങ്ങളുടെ കൂടാരത്തിലെ കൂട്ടുകളില്‍ കുഞ്ഞനിയന്‍ ഉള്ളത് അവള്‍ക്ക് മാത്രം.. അതുകൊണ്ട് തന്നെ അനിയന്‍ വളര്‍ന്നു പോയതിലെ ആ സങ്കടം പങ്കുവെക്കപ്പെടാതെ അവളുടേതു മാത്രമായി മാറി..

Friday, September 5, 2008

കുട്ടിട്ടീച്ചര്‍


ഒരു രാവുമുഴുവന്‍ ഞങ്ങള്‍ ഉറങ്ങാതിരുന്നു.. ഞാനും അവളും അവനും.. ശുഭരാത്രി പറയേണ്ട നേരത്താണ് അവനെന്നെ വിളിച്ചത്.. എന്നിട്ട് അവന്‍ എന്നോട് കഥ പറയാന്‍ തുടങ്ങി .. നീണ്ട പത്തുവര്‍ഷങ്ങളുടെ കഥ.. അവന്റെ ഭാഷയില്‍ അദ്ധ്യാപകരുടെ കണ്ണിലെ കരടായിരുന്നവന്‍ കണ്ണിലുണ്ണിയായത്.. കടലാസു യോഗ്യതകള്‍ക്കപ്പുറം കഴിവിന്റെ വിലയറിഞ്ഞത്.. നേടാവുന്നതിലപ്പുറം നേടിയത്.. പ്രായത്തിന്റെസ്വന്തം തെറ്റുകളെ തള്ളിപ്പറയാതെ അവന്‍ ആണയിട്ടു, "ഞാനിന്ന് നല്ല കുട്ടിയാ, ".. അവന്‍ തുടര്‍ന്നു.. തലേന്നാള്‍ അവളോട് പറഞ്ഞത് മുഴുവന്‍ വീണ്ടും എനിക്കായ് ആവര്‍ത്തിച്ചു.. അപ്പൊഴെക്കും അവളുടെ വിളി എന്നെതേടിയെത്തി.. അവനെ വിളിച്ചൊ, എന്തു പറഞ്ഞു എന്നെല്ലാമറിയാന്‍.. പിന്നെ ഞങ്ങള്‍ മൂന്നുപേരും മൂന്നു കോണിലിരുന്ന് പരസ്പരം കാതോര്‍ത്തു.. ഇടക്കിടക്ക് ഓരോ മണിക്കൂറിന്റെ ഇടവേളയില്‍ കമ്പിയില്ലാകമ്പികള്‍ അറ്റുകൊണ്ടിരുന്നു.. വീണ്ടും കൂട്ടിയോജിപ്പിച്ച് അവന്‍ വിളിച്ചു ചോദിച്ചു.. രണ്ടു ടീച്ചര്‍‌മാരും ഉണ്ടൊ.. ഹാജര്‍ ഹാജര്‍, ഞങ്ങള്‍ ഇരുവരും ഒപ്പം സാന്നിധ്യമറിയിച്ചു.. .. ഇടക്കെപ്പൊഴൊ അവള്‍ഞങ്ങള്‍ക്ക് സുപ്രഭാതം നേര്‍ന്നു.. സമയം രാവിനെ പിന്‍‌തള്ളി പുലരിയോടടുക്കുന്നു.. കഥയിനിയും ബാക്കിയാണ്... അവന്‍ കഥ തുടരുകയാണ്..


ഞാനും അവളും മലമുകളിലാണ്.. വിദ്യാര്‍ത്ഥിനിയും അദ്ധ്യാപികയും തമ്മില്‍ ചുരിദാറും സാരിയും തമ്മിലുള്ള വ്യത്യാസം മാത്രം.. സാരിയുടുത്ത് നേരെ നടക്കാന്‍ അറിയില്ലെങ്കിലും സാരിയുടുത്തെ തീരൂ.. കാരണം ടീച്ചര്‍‌മാര്‍ സാരിയുടുക്കണമെന്നത് അന്നത്തെ നിയമം.. ഇന്നായിരുന്നെങ്കില്‍..?... ഡിഗ്രിക്കാരെല്ലാം സാരിയുടുക്കണമെന്ന കന്യാസ്ത്രീകളുടെ ചട്ടം സഹിക്കാനാവാതെയാണ് തൊട്ടടുത്ത മിക്സ്ഡ് കോളേജിലേക്ക് ചാടിയത്.. അതൊരു കാലം..

പറഞ്ഞുവന്നത്, മലമുകളിലെ കാലമല്ലെ.. മാര്‍ച്ചിലും നല്ല മഞ്ഞുകാറ്റടിക്കുന്നു.. കോളേജും സ്കൂളും എല്ലാം ചേര്‍ന്നൊരു കൊച്ചു വട്ടം.. രൂപത്തിലും പ്രായത്തിലുമൊക്കെ ചെറിയാതായിരുന്നതിനാലാവാം- ഒരു കുട്ടിട്ടീച്ചര്‍- ആദ്യം കിട്ടിയത് പത്താംക്ലാസ്സ് ആയിരുന്നു.. കുറച്ചു കുട്ടികള്‍ മാത്രം ഉള്ളതുകൊണ്ട് ഓരോരുത്തരുടെയും വീട്ടിലെ കാര്യങ്ങള്‍ അടക്കം ടീച്ചേഴ്സിനു അറിയാമായിരുന്നു.. നല്ലകുട്ടികള്‍ ചീത്തകുട്ടികള്‍ അങ്ങിനെ മനപ്പൂര്‍വ്വമല്ലെങ്കിലും പലരുടെയും വര്‍ത്തമാനത്തില്‍ വേര്‍ത്തിരിവുകള്‍ ധാരാളം.. ഒരോ കുട്ടിയേയും അടുത്തറിയാന്‍ തുടങ്ങിയപ്പോള്‍ ചിലരോടൊരു ഇഷ്ടകൂടുതല്‍/കുറവുകള്‍ എന്റെയും മനസ്സില്‍ കടന്നുകൂടിയിരുന്നു.. എന്നാലും പലപ്പൊഴും മറ്റുള്ളവരുമായി യോജിക്കാത്തതായിരുന്നു എന്റെ അഭിപ്രായങ്ങള്‍ മിക്കതും.. അതെന്റെ കുഴപ്പമെന്ന് സ്വയം വിധിയിലെത്തുകയെന്നതായിരുന്നു എന്റെ സ്വഭാവവും..

അടുത്ത അദ്ധ്യയനവര്‍ഷത്തിലും പത്താംക്ലാസ്സുകാര്‍ക്ക് ഞാനുണ്ടായിരുന്നു.. അവിടെയായിരുന്നു മിക്കവരുടെയും കണ്ണിലെ കരടായിരുന്ന അവന്‍.. അതിനുമുമ്പ് ഒരു പിരുപിരുപ്പനായി ഓടിനടക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നിട്ടില്ലായിരുന്നു.. ആദ്യത്തെ ക്ലാസ്സില്‍ തന്നെ അതുവരെ കിട്ടിയ അഭിപ്രായങ്ങള്‍ എല്ലാം മാറ്റിയെഴുതേണ്ടി വന്നു.. ക്ലാസ്സെടുക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിച്ചിരിക്കുന്നത് അവനായിരുന്നു.. ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നതും അവനില്‍ നിന്നു തന്നെ.. മഞ്ഞനിറമുള്ള വിരല്‍ ചൂണ്ടി അവന്‍ "ടീച്ചറേ.." എന്നു നീട്ടി വിളിക്കും.. ആ‍ ചോദ്യത്തിന്റെ തുടര്‍ച്ചയായി ക്ലാസില്‍ അധികം വാചാലമാവാത്തവര്‍ പോലും സംശയങ്ങള്‍ ചോദിക്കാ‍ന്‍ തുടങ്ങിയപ്പോഴാണ് എന്റെ ക്ലാസില്‍ അവന്റ്റെ വിലയെന്തെന്ന് ഞാന്‍ അറിഞ്ഞത്.. അവനുണ്ടായിരുന്നത്കൊണ്ടാണ് പഠിപ്പിക്കാനായി എങ്ങിനെ പഠിക്കണമെന്ന് ഞാന്‍ പഠിച്ചത്.. എന്നിട്ടും അവനെങ്ങിനെ മറ്റുള്ളവരുടെ കണ്ണിലെ കരടായെന്നത്.. തല്ലും വഴക്കും വലിയും കുടിയും പിന്നെയൊരു എട്ടാംക്ലാസ്സുകാരനില്‍ നിന്നു പ്രതീക്ഷിക്കാവുന്നതിലപ്പുറമായിരുന്നു അവന്റെ ചെയ്തികള്‍.. കേട്ടതൊക്കെ എത്രമാത്രം ശരിയായിരുന്നെന്ന് ഇന്നും എനിക്കറിയില്ല... പക്ഷെ അവന്റെ തലതിരിഞ്ഞസ്വഭാവങ്ങള്‍ക്കിടയിലും എനിക്കവനെ ഇഷ്ടമായിരുന്നു.. പേരിലുള്ള സാമ്യം പോലെ അവള്‍ക്കും..

രണ്ടു വര്‍ഷത്തിനു ശേഷം ഞാന്‍ മലയിറങ്ങുമ്പൊഴും അവനവിടെയുണ്ടായിരുന്നു.. പിന്നെ മാറിപ്പോയ എന്റെ വഴികള്‍.. സ്വയമൊരു പിന്‌വലിയല്‍, അകന്നു പോയ കൂട്ടുകെട്ടുകള്‍.. ഇതിനിടയില്‍ അവനെ കുറിച്ചുള്ള വിവരങ്ങളും എനിക്ക് കിട്ടാതായി.. വല്ലപ്പൊഴുമെത്തുന്ന അവളുടെ വിളികളിലും അവനെ കുറിച്ചൊന്നുമില്ലായിരുന്നു.. പലപ്പൊഴും പഴമ്പുരാണങ്ങളുടെ കെട്ടഴിക്കുമ്പോള്‍ ഇടയില്‍ അവനും കടന്നു വരും.. പിന്നെ "ഇപ്പോള്‍ എവിടെയാണാവോ?" എന്നൊരു നെടുവീര്‍പ്പില്‍ എല്ലാമൊതുങ്ങും.. ഓര്‍ക്കൂട്ടിന്റെ വലയില്‍ നിന്നും അവള്‍ ദിവസങ്ങള്‍ക്ക് മുമ്പ് അവനെ കണ്ടെത്തും വരെ..

ഈ അദ്ധ്യാപകദിനത്തില്‍ എന്റെ സന്തോഷം അവനാണ്.. ഇന്നലെ അവനെന്നെ കാണാന്‍ വന്നിരുന്നു.. ആ കൊച്ചു പയ്യനില്‍ നിന്നും വലിയൊരാളായി.. എന്നാലും ആ ടീച്ചറെ എന്ന വിളി.. അതു മതിയായിരുന്നു ഞാനെന്ന പഴയ ടീച്ചര്‍ക്ക്...‍





Wednesday, September 3, 2008

പ്രവാസികള്‍ക്കായ്..

പ്രവാസം ഇറങ്ങും മുമ്പെ അതൊരു ചര്‍ച്ചാവിഷയമായിരുന്നു.. ചിങ്ങം ഒന്നിന് പുറത്തിറങ്ങുന്നു എന്നതാരുന്നു ആദ്യത്തെ പരസ്യം.. ഇറങ്ങിയൊ എന്നറിയില്ല.. അന്ന് ഡി സി ബുക്സ് തുറക്കാത്തതിനാല്‍ മുന്‍‌കൂര്‍ കാശ് കൊടുത്തിട്ടും കയ്യില്‍ കിട്ടിയില്ല, വ്യത്യസ്തമായ അഞ്ച് മുഖചിത്രങ്ങള്‍.. ലക്ഷ്മി എന്‍ മേനോന്റെ വൈക്കോല്‍ കലാവിദ്യയാല്‍ സുന്ദരമാക്കിയ കവര്‍ പേജുകള്‍.. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം സാഹിത്യകാരന്മാരും പ്രശസ്തവ്യക്തികളും കഥാപാത്രങ്ങളാവുന്നു.. എന്തിനു കഥപറച്ചിലുകാര്‍ തന്നെ ഇതിലൊരു ഭാഗമാവുന്നു.. തുണ്ടുതുണ്ടായി ആഴ്ചകള്‍ക്ക് വീതിച്ചു കൊടുക്കാതെ ഒന്നായി കയ്യിലെത്തുന്നു.. ഇതൊന്നുമില്ലെങ്കിലും മയ്യഴിപുഴയുടെ കഥാകാരന്‍ കഥപറയാന്‍ തുടങ്ങുമ്പോള്‍ ആരാണ് കാത്തിരിക്കാതിരിക്കുക..

(സ്വപ്നത്തിലെ നിധിതേടി ലോകം മുഴുവന്‍ അലഞ്ഞ് അതു നേടാന്‍ പഴയ വഴിയമ്പലത്തില്‍ തിരിച്ചെത്തുന്ന സാന്റിയാഗോവിന്റെ കഥ പറഞ്ഞത് പൌലോ കൊയ്‌ലോ ആണ്... )

പ്രവാസത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ ഒരു വാചകമുണ്ട്..

" A man travels the world over in search of what he needs, and returns home to find it “- George Moore

സഞ്ചാരികളാണ് പ്രവാസികളെ ഉണ്ടാക്കുന്നത്.. മലയാളം കണ്ട ഏറ്റവും വലിയ സഞ്ചാരിയായ എസ് കെ പൊറ്റേക്കാട് തുടക്കമിട്ട പ്രവാസികളുടെ കഥ ഇന്നിലെ മുകുന്ദനിലൂടെയാണ് മുന്നേറുന്നത്... ഒരുപാട് കഥാപാത്രങ്ങള്‍ ഒരുപാട് നാടുകള്‍ പരസ്പരം കെട്ടുപിണഞ്ഞ ഒരു പാട് കണ്ണികള്‍ ഇവരിലൂടെയാണ് പ്രവാസം കഥയാവുന്നത്..ഇത്തിരി വട്ടത്തുനിന്ന് വട്ടമില്ലാത്ത ലോകത്തിലേക്ക് യാത്രപുറപ്പെടുന്ന കൊറ്റ്യത്ത് കുമാരനില്‍ തുടങ്ങുന്ന പ്രാവാസി ചരിത്രം മകന്‍ ഗിരിയിലൂടെ മകന്റെ മകന്‍ അശോകനിലൂടെ വളര്‍ന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പിച്ചവെക്കാന്‍ തുടങ്ങുന്ന അശോകന്റെ മകന്‍ രാഹുലിലാണ് അവസാനിക്കുന്നത്.. പക്ഷെ പ്രവാസം അവരുടെ മാത്രം കഥയല്ല..

മൂന്നൂനേരം മൂക്കുമുട്ടെ തിന്നാനുണ്ടായിട്ടും കുമാരന്‍ യാത്രയാവുന്നത് പണിയെടുക്കാനും, നാടുകാണാനും യാത്രചെയ്യാനുമാണ്.. ഒരു പക്ഷെ കഥപറയുന്ന ശങ്കരന്‍കുട്ടിക്കപ്പുറം ഇങ്ങനെ യാത്രയാവുന്ന ഒരേ ഒരാള്‍ കുമാരനായിരിക്കും.. ബര്‍മ്മയിലേക്ക് ബ്രിട്ടീഷ് റെയില്‍ കമ്പനിയില്‍ തൊഴില്‍ തേടി പോയ കുമാരന്‍ കടല്‍ ചൊരുക്കില്‍ കഷ്ടപ്പെട്ടിട്ടും ബര്‍മ്മയുടെ മണ്ണില്‍ ചെരുപ്പിന്റ് തടസ്സമില്ലാതെ കാല്‍ കുത്തുമ്പോള്‍ അയാള്‍ക്ക് തോന്നുന്ന വികാരം അനിര്‍വചനീയമാണ്.... പിറന്നനാട്ടില്‍ നിന്നും കാതങ്ങള്‍ അകലെ താന്‍ സ്വപ്നം കണ്ടിരുന്ന നാട്ടിലെത്തിയതിന്റെ സന്തോഷം.. സ്വന്തം വീട്ടില്‍ വിട്ടുപോന്നിരിക്കുന്ന ഭാര്യയെയും(കല്ല്യാണി) പിഞ്ചുകുഞ്ഞായ മകനെയും(ഗിരി) മറന്നില്ലെങ്കിലും അവരില്‍ നിന്നും മനസ്സുകൊണ്ടുപോലും അയാള്‍ ഒരു പാട് അകന്നുപോയപോലെയായിരുന്നു അയാളുടെ ജീവിതം.. വിശപ്പിന്റെ വിലയറിഞ്ഞ് കഷ്ടപ്പെട്ട കാലങ്ങള്‍ക്കൊടുവില്‍ അഭയമായി മുന്നിലെത്തുന്നതും ഒരു പ്രവാസിതന്നെ - ബീരാന്‍‌കുട്ടി.. നാടുമറന്നു പോയ ബീരാന്‍‌കുട്ടിയും കുമാരനും പരസ്പരം ആശ്രയങ്ങളാവുകയാണ്.. ഖല്‍ബിലെ പഞ്ചാരകട്ടിയായിരുന്ന ബര്‍മ്മക്കാരി ഭാര്യ, ചിത് ചൊ തന്നെ ഉപേക്ഷിച്ച് പോയെങ്കിലും മകള്‍ കതീശ ബീരാന്‍‌‌കുട്ടിയുടെ കൂടെയുണ്ട്.. ഒരു പുതിയാപ്ലയെ തേടിയലഞ്ഞ് ആശയറ്റുപോവുമ്പോള്‍ അതുവരെ ഇറയത്തുകിടന്നിരുന്ന കുമാരനെ മകളുടെ ഭര്‍ത്താവായി വീടിനകത്തേക്ക് സ്ഥാനകയറ്റം നല്‍കുന്നു.. കടലിനക്കരെ നീറുന്ന കല്ല്യാണിയുടെ ശാപമാവാം കുമാരനൊരിക്കലും കതീശക്ക് ഇണയാവുന്നില്ല.. തുണമാത്രമാവുന്നൂ.. കതീശയെ തേടിയെത്തിയ ജപ്പാന്‍പട്ടാളക്കാരെന്ന ദുരന്തത്തിനു ശേഷം റങ്കൂണ്‍ കുമാരന്‍ നാട്ടിലെത്തിയിട്ടും ഒരു പുഴുത്തപട്ടിയോടെന്ന പോലുള്ള കല്ല്യാണിയുടെ സമീപനം മരണസമയത്ത് വെള്ളം പോലും കൊടുക്കാന്‍ മനസ്സില്ലാത്തിടം വരെ തുടരുന്നു..

കുമാരന്റെ മകന്‍ ഗിരി ഇന്ത്യയുടെ ഭാഗമെങ്കിലും ഫ്രഞ്ച് പതാക പാറുന്ന മാഹിയില്‍ പ്രവാസിയാവുന്നത് കമ്മ്യൂണിസ്റ്റുകാരനായി ഒളിവില്‍ താമസിക്കാനാണ്.. അന്നു അനിയനെ പോലെ തന്നെ നോക്കിയ തന്നെക്കാള്‍ മുതിര്‍ന്ന സുനന്ദയെ സ്വന്തമാക്കി മറ്റൊരു ചരിത്രമെഴുതുന്നു.. പക്ഷെ ഗിരിയുടെ മകന്‍ സാമ്പത്തികശാസ്ത്രത്തിന്റെ ഉള്ളുകള്ളികള്‍ തേടി അച്ചന്റെ കമ്മ്യൂണിസത്തിന്റെ എതിര്‍ദിശയില്‍ അമേരിക്കയില്‍ പ്രവാസിയാവുന്നു.. അപ്പൊഴും തന്റെ വേരുകളിലേക്കുള്ള ഒരു പിന്‍‌വലി അശോകന്റെ സന്തത സഹചാരിയാവുന്നുണ്ട്... മകന്റെ കല്ല്യണം സ്വപ്നംകാണുന്ന അമ്മയുടെ നിര്‍ബന്ധത്തിനൊപ്പം തനിക്കൊരു കൂട്ടുവേണമെന്ന ചിന്തകൂടിയാവുമ്പോഴാണ് അശോകന്‍ മലയാളിരക്തമെങ്കിലും ജീവിതത്തില്‍ അമേരിക്കക്കാരിയായ ബിന്‍സിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്.. പക്ഷെ അവള്‍ക്ക് അശോകനെ അറിയില്ലെന്ന ഉത്തരത്തിന്റെ വ്യാപ്തി വളരെ വലുതാണ്.. സ്വന്തം ജീവിതത്തില്‍ റിസ്ക് എടുക്കാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല.. അതുകൊണ്ട് തന്നെ കിടക്കയിലെ അവന്റെ പ്രകടനം വിലയിരുത്തിയെ അവള്‍ക്കൊരു തീരുമാനത്തിലെത്താനൊക്കു.. ബിന്‍സിയുടെ സ്ഥാനത്തേക്ക് എത്തുന്നത് വിന്ദുജയാണ്.. പൂജയും പ്രാര്‍ത്ഥനയുമായി മുത്തപ്പനില്‍ വിശ്വസിച്ച്, സെറ്റുമുണ്ടും ചന്ദനക്കുറിയുമായ് മലയാളിമങ്കയായി, ചോറും കറിയും പുട്ടും കടലയുമൊരുക്കി നാടന്‍ വീട്ടമ്മയായി തന്റെ കൊച്ചുവേദന സ്വന്തം മനസ്സിലൊതുക്കുന്നവള്‍.. വൈദ്യശാസ്ത്രത്തിന്റെ കനിവില്‍ അവര്‍ക്കുമൊരു ഉണ്ണിപിറക്കുന്നു- രാഹുല്‍...

എപ്പൊഴും എവിടെയും ഇണകളെ കണ്ടെത്താവുന്ന അമേരിക്കക്കാരില്‍ നിന്നും ഗള്‍ഫിലെ പ്രവാസികള്‍ വ്യത്യസ്തരാവുന്നത് അവരുടെ വിരഹത്തിന്റെ തീവ്രതയിലാണ്.. സീനത്തിനെ സ്വന്തമാക്കാന്‍ കടല്‍ കടക്കുന്ന അബൂട്ടിക്ക് അവസാനം അവളെ നഷ്ടമാവുന്നു.. സ്വന്തമായിട്ടും വിനോദും സുമലതയും ഇരുകരകളിലാണ്.. പക്ഷെ നാഥനും രാധയും ഒരു വേദനയായി ബാക്കി നില്‍ക്കുന്നു.. മറ്റുള്ളവര്‍ക്ക് താങ്ങും തണലുമായി മാറുന്ന സുധീരനെ മുതലെടുക്കാന്‍ സ്വന്തം വീട്ടുകാര്‍ പോലും മത്സരിക്കുമ്പോള്‍‍, രാമദാസന്‍ പണക്കാരനാവുന്നതെങ്ങിനെയെന്നത് നമുക്ക് മറക്കാം..

ഗള്‍ഫുനാടുകളിലെ ലേബര്‍ ക്യാമ്പുകളുടെ വിവരണം, സാഹിത്യ സമ്മേളനത്തിനു വന്ന്‍ പൊന്നുവാങ്ങാനും പുസ്തകം വില്‍ക്കാനും നടക്കുന്ന സാഹിത്യകാരന്‍, മകന്റെ കാശില്‍ മാത്രം കണ്ണുള്ള ഗോവിമാഷ്, തൊട്ടടുത്ത് നല്ലഡോക്റ്റര്‍ ഉണ്ടായിട്ടും ചികിത്സക്കായ് മോസ്കൊയില്‍ പോവുന്ന ഗിരി.. മിച്ചിലോട്ട് മാധവനോടുള്ള സുനന്ദയുടെ സ്നേഹം.. അങ്ങിനെ ചിലതൊക്കെ പറഞ്ഞാലും തീരാതെ ബാക്കി നില്‍ക്കുന്നുണ്ട്..

അമേരിക്കയിലെ കൊറ്റ്യത്ത അശോകന്‍, ദുബായിയിലെ സുധീരന്‍, ബഹ്രൈനിലെ രാമദാസന്‍ സലാലയിലെ നാഥന്‍ ദല്‍ഹിയിലെ മുകുന്ദന്‍ .. പ്രവാസികളെല്ലാം ലോകത്തിന്റെ പലഭാഗങ്ങളില്‍ ജീവിക്കുന്നവരാണ്.. പല പ്രായക്കാരാണ്.. പലകാലങ്ങ്നളില്‍ ജീവിതം തുടങ്ങിയവരാണ്.. എന്നിട്ടും കാലത്തിന്റെ ഒഴുക്കില്‍ പലയിടങ്ങളില്‍ പലതവണ ഇവര്‍ ഇവിടെ കണ്ടുമുട്ടുന്നു..

ഇതൊരു തുടര്‍ച്ചയാണ്.. ഒരിക്കലും തീരാത്ത പ്രവാസത്തിന്റെ കഥയിലേക്ക് പുതിയൊരു കണ്ണികൂടി ചേര്‍ത്ത് കഥതുടരുകയാണ്..

Wednesday, August 27, 2008

സ്വര്‍ഗ്ഗത്തിലൊരു പുസ്തക പ്രസാധനം

ഞാന്‍ ബ്ലൊഗെഴുതാന്‍ തുടങ്ങിയപ്പോള്‍ നിറയെ മരണവും പ്രണയവുമാണെന്ന് പലരും പറയുമായിരുന്നു.. രണ്ടും എനിക്ക് പ്രിയപ്പെട്ടതാണ്.. മരണം ഒരു തണുത്ത സ്പര്‍ശവുമായി എത്തുമ്പോള്‍ പ്രണയം ഇളം ചൂടുള്ള തലോടലാവുന്നു.. പലപ്പൊഴും ആവര്‍ത്തനമെന്ന് പലരും പറഞ്ഞിട്ടും ഇടക്കൊക്കെ ഞാനെഴുതുന്നതിലൊക്കെ ഇവ രണ്ടും കടന്നു വരുമായിരുന്നു.. മന:പൂര്‍വ്വമായല്ലെങ്കിലും വിളിക്കാത്ത അതിഥിയായി..
എന്റെ പഴയകൂട്ടുകാര്‍ക്ക് പോലും എന്റെ ബ്ലോഗിനെ കുറിച്ച് ഒന്നുമറിയില്ല.. അറിയുന്നവരില്‍ അധികവും നെറ്റില്‍ കയറുന്നവരുമല്ല.. രണ്ടും അറിയുന്നവര്‍ക്ക് ഇതിലത്ര താത്പര്യവുമില്ല.. എങ്കിലും എന്തുകൊണ്ടോ വായിക്കും എന്നറിയാവുന്നവരോട് എനിക്കൊരു ബ്ലൊഗ് ഉണ്ടെന്നുപറയാന്‍ എനിക്കെപ്പൊഴും ഭയമായിരുന്നു... എന്റെ ഒളിയിടം അവര്‍ കണ്ടെത്തുമെന്ന ഭയം.. അതു കൊണ്ടാണ് ഉണ്ടാവുമെന്ന് വിശ്വാസത്തില്‍ എന്റ്റെ ബ്ലൊഗ് ഐഡി ചോദിച്ചൊരാളോട് ചിരിച്ചുകൊണ്ട് നിരസിക്കേണ്ടി വന്നത്..
മാര്‍ച്ച് ഏപ്രിലില്‍ ‍ വെയില്‍ മൂക്കുമ്പോള്‍ ഞങ്ങളുടെ ഓഫീസ് വരാന്തകളിലും കോണിചുവടുകളിലും ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കും.. സ്ഥലം‌മാറ്റം കാത്തിരിക്കുന്നവരും, മാറ്റപ്പെടരുതെ എന്ന് പ്രാര്‍ത്ഥിക്കുന്നവരും ഊഹാപോഹങ്ങളില്‍ മുങ്ങിപൊങ്ങും.. മെയ് ജൂണില്‍ കൂടുമാറ്റപ്പെട്ടവര്‍ പുതിയകൂടുകളില്‍ ചേക്കേറാനെത്തും.. ഓഫീസ് ബസ്സിലും കാന്റീനിലും കാണുന്ന പുതിയ മുഖങ്ങള്‍ കുറച്ചു നാളത്തേക്ക് എല്ലാവര്‍ക്കും ഒരു കാഴ്ചയാവുന്നു.. അങ്ങിനെ ഒരു കാഴ്ചയായാണ് ഒരിക്കല്‍ ഞാന്‍ ആ ചിരിക്കുന്ന മുഖവും കണ്ടത്.. ഒരു വെടിച്ചില്ലിന്റെ വേഗതയില്‍ ഞങ്ങളുടെ ഓഫീസ് റൂമിലെത്തി ഒരു ഹായ് വെച്ച് അതെ വേഗതയില്‍ തിരിച്ചു പോവും മുമ്പ് എനിക്കെന്നും ഒരു ചിരികിട്ടുമായിരുന്നു.. "നല്ല സ്മാര്‍ട്ട്" എന്ന എന്റെ കമന്റിന് സഹപ്രവര്‍ത്തകന്‍ എന്നെ കളിയാക്കി ചിരിക്കുമ്പം, ഇതിലെന്തിത്ര കളിയാക്കാന്‍ എന്ന് മുഖം കോട്ടുന്നതും ഒരു രസം തന്നെ.. അവരിരുവരും ദിവസവും നാലു മണിക്കൂര്‍ നീളുന്ന ട്രെയിന്‍ യാത്രയിലെ സഹയാത്രികരായിരുന്നു.. ഇടനാഴികളിലെ കണ്ടുമുട്ടലുകളില്‍ ഒരു ചിരി, രാവിലെ കാണുമ്പോള്‍ ഒരു സുപ്രഭാതം ഇതൊക്കെ മാത്രമായിരുന്നു ഞങ്ങള്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകള്‍.. പക്ഷെ എല്ലയിടത്തും എണ്ണം വെച്ച് ഏവരുമായി കൂട്ടാവാന്‍ അദ്ദേഹത്തിന് അധികകാലമൊന്നും വേണ്ടിവന്നില്ല.. തങ്ങളുടെ തലക്കു മുകളില്‍ വളര്‍ന്നു പോയാലൊ എന്ന ഭയമാവാം പലരും പാരകളാവാന്‍ തുടങ്ങിയതും സുഖകരമല്ലാത്ത അന്തരീക്ഷത്തില്‍ നിന്നു രക്ഷപ്പെടാന്‍ വീണ്ടുമൊരു മാറ്റം ചോദിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.. ഈ കാത്തിരിപ്പിന്റെ കാലത്താണ് ഞാന്‍ ഇദ്ദേഹത്തെ കൂടുതല്‍ അറിഞ്ഞത്..
പതിവു പോലെ ഞങ്ങളുടെ കാബിനില്‍ പ്രഭാത സന്ദര്‍ശനത്തിനെത്തിയതായിരുന്നു.. "ഞാനൊരു കാര്യമറിഞ്ഞു" എന്ന് പറഞ്ഞ് ഒരു ചിരികിട്ടിയപ്പോള്‍ എന്താണ് കാര്യം എന്നറിയാനുള്ള ആകാംക്ഷ സ്വാഭാവികമല്ലെ? ഒപ്പം ചോദിക്കരുത് എന്ന് എന്റെ സഹപ്രവര്‍ത്തകന്റെ ശബ്ദമുയര്‍ന്നപ്പോള്‍ എന്തെന്ന് അറിഞ്ഞെ തീരൂ എന്നത് ഒരു വാശിയും.. ഒന്നര മാസം നീണ്ടുനിന്ന നല്ലൊരു സൌഹൃദത്തിന്റെ തുടക്കമായിരുന്നു അത്.. ഓഫീസില്‍ കൂട്ടുകളില്ലെങ്കിലും ഈ മതില്‍ക്കെട്ടിനു പുറത്ത് എനിക്ക് കൂട്ടുകാര്‍ ധാരാളമാണ്.. അതിലൊരാളുടെ സുഹൃത്ത് അദ്ദേഹത്തിന്റെയും സുഹൃത്താണെന്നതാണ് എന്നെ കുറിച്ചുള്ള ചില വിവരങ്ങള്‍ കിട്ടാന്‍ ഒരു വളഞ്ഞ വഴിയായത്..
എന്റെ എഴുത്തിന്റെ തുടക്കം ഈ ബ്ലോഗിനു പുറത്താണ്.. കോളേജ് മാഗസിനിലൊ ഓഫീസ് ഇന്‍സൈഡുകളിലൊ ഞാന്‍ എഴുതാറില്ല.. ഞാന്‍ പറഞ്ഞില്ലെ, ഞാന്‍ ഏറ്റവും ഭയക്കുന്നത് എന്റെ കൂടെയുള്ളവരെയാണ്.. പക്ഷെ അതിനുമപ്പുറം എനിക്ക് കിട്ടിയ കൊച്ചു കൊച്ചു അവസരങ്ങള്‍.. പടര്‍ന്നു പന്തലിച്ച വലയിലെ അധികമാരും കേറിയെത്താത്ത, എത്തിയാലും അതു ഞാനാണെന്ന് തിരിച്ചറിയാത്ത ചില ഒളിയിടങ്ങള്‍.. അവയിലെ അക്ഷരങ്ങള്‍ കടലാസില്‍ പകര്‍ത്തി നല്‍കിയത് പത്രപ്രവര്‍ത്തനത്തില്‍ ഒന്നാം റാങ്കു നേടിയ ഒരാളുടെ അഭിപ്രായമറിയുക എന്ന ഉദ്ദേശത്തോടെയായിരുന്നൊ എന്ന് എനിക്കത്ര ഉറപ്പില്ല.. എന്നാലും പലതവണ ചോദിച്ചപ്പോള്‍ കൊടുത്തു വെന്നതാണ് ശരി.. പ്രിന്റില്‍ താഴെ വന്ന ഇമെയില്‍ ഐഡി കത്രികയെടുത്ത് വെട്ടി കളയുമ്പോള്‍‍ ബ്ലൊഗിലേക്കൊരു കൈചൂണ്ടിയാവരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു... ഞാന്‍ കൊടുത്ത കടലാസുകളില്‍ ഇഷ്ടപ്പെട്ട വരികള്‍ ഓറഞ്ച് മാര്‍ക്കര്‍ വെച്ച് അടയാളപ്പെടുത്തി പിറ്റേന്ന് രാവിലെ തന്നെ എന്നെ കാണാനെത്തി.. പക്ഷെ അന്ന് ഒമ്പതുമണിക്കുമുമ്പെ തിരക്കുപിടിച്ചു പോയ ഞാന്‍ ഒരു സംഭാഷണത്തിനുള്ള സാഹചര്യത്തിലായിരുന്നില്ല.. അതിലേറെ,, ഞാന്‍ കൊടുത്തത് വായിച്ചിരിക്കുമെന്നൊ അഭിപ്രായം പറയാനാണ് വന്നതെന്നൊ പ്രതീക്ഷിച്ചതുമില്ല.. രണ്ടുനാള്‍ക്ക് ശേഷം ഇന്റര്‍നെറ്റ് കണക്ഷനെ ഇടിവെട്ടി ഒന്നും ചെയ്യാനില്ലാതിരിക്കുമ്പൊഴാണ്, ഇതിനെ കുറിച്ച് വീണ്ടും ആലോചിച്ചത്..
തിരക്കില്ലാത്തതിനാല്‍ ഒരുപാട് നേരം ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു.. കുറെ നല്ല വാക്കുകള്‍.. അതിലേറെ തിരുത്തുകള്‍.. മാറ്റേണ്ട വഴികള്‍.. കൈവിടരുതാത്ത അക്ഷരകൂട്ടങ്ങള്‍.. ഒരു പക്ഷെ അന്നേരം ഞാനൊരു ജേണലിസം ക്ലാസിലായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം..
വായിച്ചു തിരിച്ചു തന്ന കടലാസുകഷണങ്ങള്‍ ഞാന്‍ കയ്യില്‍ പിടിച്ച് ചുരുട്ടിക്കൊണ്ടിരുന്നു.. ഇനി പറയേണ്ടത് ഇവിടെ ആരോടും പറയല്ലെ എന്നൊരൂ അപേക്ഷയാണ്.. ചുവരുകള്‍ക്ക് പോലും കണ്ണും കാതും ഉണ്ടെന്നിടത്ത് ഒരു നോട്ടപ്പുള്ളിയാവാന്‍ എനിക്ക് താത്പര്യമില്ലെന്നതു തന്നെ.. അതിലേറെ ഒരു പാട് നാള്‍ ഒളിച്ചുവെച്ച് ഒരുനാള്‍തുറന്നു പറയേണ്ടി വരുന്നതിന്റെ പ്രശ്നവും.. ആ ഒരു വാക്കിനു പകരം എനിക്കും ഒരു വാഗ്ദാനം നല്‍കേണ്ടിയിരുന്നു..
" എന്റെ ഏറ്റവും വലിയ മോഹമാണ് ഒരുപബ്ലിഷിങ് ഹൌസ്.. ഏറിയാല്‍ ഒരു അഞ്ച് കൊല്ലം.. അപ്പൊഴെക്കും ഞാന്‍ ഇവിടം വിടും.. ഈ ഓഫീസും ഫയലും എല്ലാം മടുത്തിരിക്കുന്നു.. മകന്റെ പഠിത്തം കഴിയും വരെ.. പിന്നെ എന്റെ സ്വപ്നലോകത്തേക്ക് എനിക്ക് മാറണം.. ഞാന്‍ ഇപ്പൊഴെ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്..
അന്ന് എനിക്കീ കുറിപ്പുകള്‍ തരണം.. പുസ്തകമാക്കാന്‍... "
മറ്റാരെങ്കിലുമായിരുന്നെങ്കില്‍ കളിയാക്കുകയാണൊ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചേനെ... പക്ഷെ ആ വാക്കുകളില്‍ ഉണ്ടായിരുന്നത് ഒരു വിശ്വാസമായിരുന്നു.. "തരാം" എന്നു പറഞ്ഞു പിരിഞ്ഞു..
എഴുത്തിന്റെ വഴിയില്‍ പലപ്പൊഴും എനിക്ക് ഒരു പാട് സഹായങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം തന്നിട്ടുണ്ട്... നന്ദിയോടെ മാത്രം സ്മരിക്കാവുന്ന വിലപ്പെട്ട സഹാ‍യങ്ങള്‍.. പിന്നെ സ്ഥലം മാറ്റത്തോടെ ദൂരെയായി പോയപ്പോള്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഞാനൊരിക്കലും വിളിച്ചില്ല.. എഴുത്തിന്റെ വഴിയിലെ നല്ലവാര്‍ത്തകള്‍ അറിയിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടും എനിക്കത് പാലിക്കാനായില്ല.. പിഴ എന്റ്റെ വലിയ പിഴ...
ഇപ്പോള്‍ ഇതൊരു നന്ദി പ്രകാശനമല്ല.. ആദരാഞ്ജലികള്‍ മാത്രം... ശനിയാ‍ഴ്ച നടന്ന ഒരു അപകടത്തില്‍ സജീവമായിരുന്ന ഒരു ജീവന്‍ നിര്‍ജ്ജീവമായ തലച്ചോറും മിടിക്കുന്ന ഒരു ഹൃദയവുമായി മാറി.. ആശയങ്ങളും സ്വപ്നങ്ങളും നിറഞ്ഞിരുന്നിടത്ത് ചിന്തകളില്ലാതെ എന്തിനു ജീവന്‍ ബാക്കി വെക്കുന്നു എന്നു തോന്നിയതിനാലാവാം രണ്ടു ദിവസം മുമ്പ് ആ പിടപ്പും നിന്നു..
ഇന്ന് രാവിലെ പതിനൊന്നുമണിക്ക് ഒരു ചിതയെരിയാന്‍ തുടങ്ങിയിരിക്കും.. നാളെയെന്റെ ബ്ലൊഗിനു രണ്ടുവയസ്സാവും.. അക്ഷരങ്ങളുടെ വഴിയില്‍ കിട്ടിയ കൈത്തിരിക്കായ് ദൂരെയിരുന്ന് മനസ്സുകൊണ്ടൊരു പ്രണാമം...

Monday, August 25, 2008

ആക്രിയുണ്ടോ ആക്രി...

പഴയ കുപ്പിയും പാട്ടയും എല്ലാം വീടിനു പുറകില്‍ കൂട്ടിയിടുമ്പോള്‍ അമ്മ പറയും, ആക്രിക്കാരു വരുമ്പോള്‍ കൊടുക്കാമെന്ന്.. വലിയ വിലയൊന്നും കിട്ടിയില്ലെങ്കിലും വീട്ടില്‍ കൂടികിടക്കുന്ന ഈ ആവശ്യമില്ലാത്ത വസ്തുക്കള്‍ ഒഴിവാക്കാനൊരു വഴിയായിരുന്നു ഇത്.. ജോലിയൊന്നുമില്ലാത്ത സ്വന്തം വരുമാനമില്ലാത്ത വീട്ടമ്മമാരുടെ സ്വകാര്യസമ്പാദ്യത്തിലേക്ക് ഒരു മുതല്‍ കൂട്ടും.. ഒഴിഞ്ഞ കുപ്പിയും ചളുങ്ങിയ പാട്ടയുമൊക്കെ മഴനനഞ്ഞും പൊടിപിടിച്ചും കച്ചവടക്കാരുടെ വരവും കാത്തു കിടക്കും.. മുഷിഞ്ഞു നാറിയ വേഷവും മുതുകത്തൊരു ചാക്കുമായി വരുന്നവരില്‍ നിന്നല്ലെ നമ്മള്‍ ഈ ആക്രി എന്നൊരു വാക്ക് പഠിച്ചതു തന്നെ.. പക്ഷെ ഇപ്പൊ ആക്രിക്കൊക്കെ എന്താ വില.. ഓരോരുത്തരുടെയും വില നിശ്ചയിക്കുന്നത് പോലും ആക്രിയുടെ എണ്ണത്തിന്റെയും വണ്ണത്തിന്റെയും കണക്കിലാ..

അങ്ങിനെയും ഒരു കണക്കൊ എന്ന് സംശയിക്കുന്നവരെ, നിങ്ങള്‍ വെറും ആക്രിയെന്ന് ചിലപ്പോള്‍ ചിലര്‍ വിളിച്ചെന്നു വരും.. ഇംഗ്ലിഷ്കാര്‍ ഈ ആക്രിക്ക് കണ്ട് പിടിച്ച വാക്ക് സൌഹൃദത്തിന്റെ ബാരോമീറ്റര്‍ ആവുമെന്ന് ആരോര്‍ത്തു.. അതൊ ഇന്നത്തെ കൂട്ടുകെട്ടുകള്‍ക്ക് ചപ്പുചവറിന്റെ വിലയെ ഉള്ളു എന്നാണോ?..

പഴയ കൂട്ടുകാരിയുടെ കല്ല്യാണത്തിനൊരു വിളിവന്നപ്പൊ, "ഇപ്പൊഴാണല്ലെ എന്നോട് പറയുന്നെ" എന്നൊരു പരിഭവം.. ഓട്ടോഗ്രാഫിന്റെ പഴയ താളുകളില്‍ എന്തു മറന്നാലും കല്ല്യാണക്കുറി അയക്കാന്‍ മറക്കരുതെന്നല്ലെ നമ്മള്‍ ഓര്‍മ്മപെടുത്താറ്.. ഫോണുണ്ടായിട്ടും നീ എന്നെ വിളിച്ചില്ലല്ലൊ എന്ന് പിണക്കം മൂക്കുമ്പോ മറുപുറത്തുനിന്നു വരുന്ന മറുപടി..

"അതു പിന്നെ ... ഞാന്‍.. എന്നെ പെണ്ണു കാണാന്‍ വന്നതു മുതല്‍ എല്ലാ കാര്യവും ഞാന്‍ സ്ക്രാപ്പ് ഇട്ടിരുന്നല്ലോ?"

"അതെന്ത് ആക്രി" എന്ന ആത്മഗതം ഉറക്കെയായി പോയോ? സാരമില്ല.. നിങ്ങള്‍ ഇത്തിരി ഔട്ട്‌ഡേറ്റഡ് ആയില്ലെ എന്നൊരു സംശയം..

ഏതെങ്കിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ നിങ്ങള്‍ അംഗമല്ലെങ്കില്‍ ഇതു പോലെ ഒന്നും അറിയാതാവുന്ന കാലം വിദൂരമല്ല.. പ്രിയപ്പെട്ടവരുടെ വിശേഷങ്ങള്‍ അറിയാന്‍ പോസ്റ്റ്‌മാനു വേണ്ടി കാത്തിരുന്നതൊക്കെ അങ്ങ് വിദൂരഭൂതത്തില്‍ ആണ്.. പിന്നെ ഫോണിന്റെ ബഹളമായെങ്കിലും പോക്കറ്റ് ചോരുമെന്നതിനാല്‍ അത്യാവശ്യഘട്ടങ്ങളിലൊഴിച്ച് എഴുത്തുകള്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു.. എന്നാലും അക്ഷരമെഴുതാത്ത ഒരു തലമുറയെ സൃഷ്ടിച്ച് മുന്നേറുന്ന ആധുനിക വിവര സാങ്കേതിക വിദ്യയാണ്, ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ആക്രിയെ ഇത്രയും പ്രിയപ്പെട്ടതാക്കിയത്... ഇമെയില്‍ തുടക്കമിട്ടത് തുടക്കവും ഒടുക്കവും ഇല്ലാത്ത, പറയാനുള്ളത് നേരെ ചൊവ്വെ പറയുന്ന, കാര്യമാത്ര പ്രസക്തമായ ആശയവിനിമയത്തിനായിരുന്നു.. സ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ച കത്തെഴുത്തിന്റെ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തുന്ന പുതിയ രീതി.. "എത്രയും പ്രിയപ്പെട്ട.. " എന്നൊരു തുടക്കവും "എന്ന് സ്വന്തം.." എന്നൊരു ഒടുക്കവും എവിടെയൊ കൈമോശം വന്നതല്ലെ.. ഇമെയില്‍ അവതരിച്ചപ്പൊഴൊ ഔപചാരികതകള്‍ ചേര്‍ത്തു കെട്ടിയിരുന്നില്ല.. പക്ഷെ വഴിയില്‍ നഷ്ടമായത് അക്ഷരങ്ങള്‍ ആയിരുന്നു.. ഏതെങ്കിലും ഒരു വാക്കിന്റെ സ്പെല്ലിങ് എന്തെന്നു പോലും ആരും ഇമെയില്‍ എഴുതുമ്പോല്‍ ആവലാതി പെടാറില്ല.. ഭാഷ ആശയവിനിമയത്തിനാണെങ്കില്‍ എന്തിനു സ്പെല്ലിങും ഗ്രാമറും, അല്ലെ? പക്ഷെ, അപ്പൊഴും സ്വകാര്യതയുടെ ഒരു മറയുണ്ടായിരുന്നു.. വലയിലെ കള്ളന്‍‌മാര്‍ ഒളിഞ്ഞു നോക്കുന്നെന്ന് സംശയിച്ചാലും, അടുത്തിരിക്കുന്നവരെങ്കിലും കാണുന്നില്ലല്ലൊ എന്നൊരു സന്തോഷം.. പക്ഷെ ഈ ആക്രിയെഴുത്ത് ആ സ്വകാര്യത കൂടി ഇല്ലാതാക്കിയില്ലെ?


ഏഴു പേര്‍ മാത്രമുണ്ടായിരുന്ന തന്റ്റെ ഓര്‍കൂട്ടില്‍ കൂട്ടുകാരുടെ കൂട്ടുകാരുടെ കൂട്ടുകാരായി വന്നു ഏഴുനൂറില്‍ അധികം ആളുകളായ കഥയൊരാള്‍ പറഞ്ഞു.. ആരൊ ഇട്ട ആക്രിയില്‍ നിന്നും നാടും വീടും തന്റെ കൂട്ടുകാരെയും അറിഞ്ഞ്, അറിഞ്ഞതിന്റെ വാലില്‍ പിടിച്ച് കൂടുതല്‍ അറിയാനെത്തുന്നവരും.. അവസാനം ആ കൂട് പൂട്ടികെട്ടിയ കഥാന്ത്യവും..

കാലങ്ങള്‍ക്ക് മുമ്പ് കണ്‍‌വെട്ടത്ത് നിന്ന് കുറച്ചു കാലം മാറിനില്‍കേണ്ടി വന്നാല്‍ ചോദിച്ച് വെച്ചിരുന്നതായിരുന്നു മേല്‍‌വിലാസങ്ങള്‍.. പിരിഞ്ഞു പോവുന്നവരും പരസ്പരം കൈമാറിയിരുന്നതും വീടിന്റെയും നാടിന്റെ തണലില്‍ സ്വന്തമായൊരിടത്തിന്റെ വിവരം.. പിന്നെയെപ്പൊഴൊ വലിച്ചു നീട്ടാത്ത ഒറ്റവരി മേല്‌വിലാസമായി, വലയിലൊരിടം സ്വന്തമാക്കി.. ഒപ്പം മൊബൈല്‍ പ്രളയത്തില്‍, ചവിട്ടിനില്‍ക്കുന്ന മണ്ണുപോലും സ്വന്തമെന്ന് പറയാനാവാത്തവര്‍ക്കും സ്വന്തം നമ്പറായി.... പത്തക്കങ്ങളുടെ പെര്‍മ്യൂട്ടേഷന്‍ കോമ്പിനേഷന്‍.. അപ്പൊഴും ഒന്നിനോടോന്നെന്ന ബന്ധമുണ്ടായിരുന്നു... തലചായ്കാനിടമില്ലാത്തവര്‍ക്ക് മേല്‌വിലാസമായിരുന്ന പെട്ടികടകളെ കുറിച്ച് അഞ്ചലോട്ടക്കാരനായിരുന്ന അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.. ആ അച്ഛന്റെ പേരക്കിടാങ്ങള്‍ ആക്രിയുടെ ആരാധകരാണ്... എഴുത്തയച്ചില്ലെങ്കിലും ഒരു ഈമെയിലെങ്കിലും അയച്ചൂടെ എന്ന് പഴയതിനും പുതിയതിനും ഇടയില്‍ പെട്ടുപോയ ഈ ചിറ്റ ഇടക്കൊക്കെ ഒന്നു ചൊടിക്കുന്നു.. എല്ലാരും ഓര്‍ക്കുട്ടില്‍ ഉണ്ട്.. അതില്‍ കൂടാത്തതു കൊണ്ടല്ലെ എന്ന് അവര്‍ തിരിച്ചടിക്കുന്നു... തനിക്ക് വന്ന ആക്രിയെഴുത്തുകളുടെ എണ്ണം പറഞ്ഞാണ് ചിലരൊക്കെ വലിയവരാകുന്നത്.. തന്റ്റെ കൂട്ടില്‍ വിരുന്നെത്തുന്ന കിളികളുടെ എണ്ണത്തില്‍ മറ്റു ചിലരും.... പത്തു വര്‍ഷത്തിനു ശേഷം കോളേജില്‍ ഒത്തു കൂടിയപ്പൊഴും മിക്കവരും ചോദിക്കുന്നത് കൂട്ടിലെ വിലാസം തന്നെ.. തരാനായി അങ്ങിനെ ഒരു വിലാസമില്ലെന്ന് പറയുമ്പോള്‍ കൂട്ടം വിട്ടുപോയ ഒറ്റക്കിളിയാവുന്നു ഞാന്‍..

"ഹായ്" എന്നൊരു സാദാ കുശലാന്വേഷണം മുതല്‍ മരണ‌അറിയിപ്പുപോലും ഇതു വഴി നടത്തിയെന്നിരിക്കും.. കുടുംബവിശേഷങ്ങളും സ്വന്തം കാര്യങ്ങളുമെല്ലാം മറ്റുള്ളവര്‍ക്കായി പങ്കുവെക്കാനായും ഇതു തന്നെ എളുപ്പവഴി.. പക്ഷെ എനിക് നിന്നോട് പങ്കുവെക്കാനുള്ളതെന്ന സ്വകാര്യത ഇവിടെ നഷ്ടമാവുന്നില്ലെ.. അവള്‍ അല്ലെന്കില്‍ അവന്‍ എന്നോട് പറഞ്ഞതാണ് അതെന്ന് ഒരു കാത്തുവെക്കലും കൈവിട്ടുപോവുന്നു..

കത്തെഴുത്തുകള്‍ വഴിയിലെവിടെയൊ എനിക്കും കൈമോശം വന്നതാണ്.. ഇമെയില്‍ ഇന്നും ചെവിയിലൊരു കുറുകല്‍ പോലെ എന്റെ സ്വകാര്യതകളും സന്തോഷങ്ങളും ദു:ഖങ്ങളുമെല്ലാം എനിക്ക് പറയേണ്ടവരോടായി മാത്രം പറയാനായി ഞാനിന്നും ഉപയൊഗിക്കുന്നു.. പക്ഷെ എന്തൊ ആക്രിയെഴുതാന്‍ മാത്രം ഞാന്‍ ഇനിയും പുരോഗമിച്ചിട്ടില്ല..

Wednesday, July 30, 2008

നമ്മുടെ നാട്ടിലും പ്രതീക്ഷിക്കാമല്ലെ..!!!

കണ്ടില്ലെ, വാര്‍ത്ത..
ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ വന്നതാണ്..
നമ്മുടെ നാട്ടിലെ ചില കോടതിവിധികള്‍ കാണുമ്പോള്‍ ഇങ്ങനെ ഒരെണ്ണം ഇവിടെ ആയിരുന്നില്ലെ ആദ്യം വരേണ്ടിയിരുന്നത് എന്ന്‍ തോന്നുന്നില്ലെ..
റഷ്യന്‍ ജഡ്ജി നമ്മളെ തോല്പിച്ചു കളഞ്ഞു..
ഇനി പറഞ്ഞിട്ടു കാര്യമില്ല.. :(