Monday, July 6, 2009

ചുമ്മാ... ചുമ്മാ..

"എന്തെ"

"ചുമ്മാ"

"ഉമ്മ?"

"വേണേല്‍ തരാം..."

" അയ്യെ ഞാന്‍ ആ കൂട്ടത്തില്‍ അല്ല.. "

എന്തൊ ഈ അയ്യ്യെ എന്നു പറഞ്ഞ ഉമ്മയെ എനിക്ക് ഇഷ്ടമാണ്... എന്റെ മനസ്സിലെ സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണത്.. ഞാനതില്‍ നിന്ന് തിരിച്ച് പ്രതീക്ഷിക്കുന്നതും അതു തന്നെ.. എന്നിട്ടും ആരൊക്കെയൊ ചുമ്മാ തട്ടിക്കളിക്കുന്ന ഉമ്മകളേ കാണുമ്പോള്‍ ഉള്ളിലെവിടെയൊ ഒരു വിങ്ങല്‍...

അച്ഛനും അമ്മയും എന്നെ ഉമ്മവെച്ചത് ഓര്‍മ്മയില്ലെനിക്ക്.. മക്കള്‍ ഉണ്ടാവുന്നത് തന്നെ നാണക്കേടാവുന്ന പ്രായത്തില്‍ കാലായകുരുടായി പിറന്നതുകൊണ്ടാവാം.. കോളേജില്‍ പഠിക്കുമ്പോള്‍ പോലും കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ഓപ്പോളുടെ കയ്യില്‍ നിന്ന് ഇഷ്ടം പോലെ തല്ലുവാങ്ങികെട്ടുമായിരുന്നു.. എന്നാല്‍ രാത്രി ഉറങ്ങും മുമ്പ് ഓപ്പോള്‍ വന്ന് തൊട്ടുതലോടി ഒരുമ്മ തരും.. ഞാന്‍ ഉറങ്ങും പോലെ കിടക്കും.. എത്ര വൈകിയാലും എനിക്ക് കിട്ടാനുള്ളത് കിട്ടാതെ ഞാന്‍ ഉറങ്ങുമായിരുന്നില്ല..എന്തുകൊണ്ടാണെന്നറിയില്ല ഇപ്പോള്‍ ഓപ്പോള്‍ എനിക്ക് ഉമ്മതരാറില്ല.. ഒരുപാട് വലുതായി പോയതോണ്ടാവാം..

മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ഉമ്മയെ കുറിച്ച് പറയാമൊ? വെറുതെ ഒരു തമാശക്ക് ചോദിച്ചതാ, ഉത്തരം കിട്ടില്ലെന്ന ഉറപ്പില്‍ തന്നെ..

"എനിക്കൊ.. എന്നെ ആരെലും ഉമ്മവെച്ചതെ ഓര്‍മ്മയില്ല.. ആ ആ ഓര്‍ക്കുന്നു.. അടുത്ത വീട്ടില്‍ ആന്റി അമേരിക്കക്കു പോവും മുമ്പ് എന്നെ ഉമ്മവെച്ചിരുന്നു"...ആ പറച്ചിലില്‍ നിന്നെ മനസ്സിലാക്കാം പറയാതെ ബാക്കി വെച്ചതെന്തെന്ന്..

മറ്റൊരാള്‍ തുറന്നു പറയുന്നു..

"അതെന്റെ സ്വകാര്യസന്തോഷമാണ്"

കിട്ടാതെ പോയ ഒരുമ്മയെ കുറിച്ചാണ് മറ്റൊരാളുടെ സങ്കടം...അത് ഞങ്ങളുടെ യാത്ര പറച്ചിലിന്റെ ദിവസമായിരുന്നു.... നേത്രാവതി എക്സ്പ്രെസ്സിന്റെ വാതിലിനരികില്‍ ഞാന്‍ കാത്തു നിന്നത് അവനു വേണ്ടിയായിരുന്നു.. അവന്‍ വരാതിരിക്കില്ല.. വണ്ടി വിടും മുമ്പ് തന്നെ അവന്‍ വന്നു.. പുറത്ത് ആരും ശ്രദ്ധിക്കുന്നില്ല എന്ന് വിശ്വാസത്തില്‍ അവന്‍.. കാരണം അത് അവന്റെ നാടായിരുന്നു.. സിഗ്നല്‍ വീണപ്പോള്‍ വല്ലാത്തൊരു പിടപ്പ്.. പെട്ടന്ന് അവന്‍ ചാടി കയറി... എനിക്ക് പുറകില്‍ ആരുടെയൊ ചലനം.. ആരെന്ന് നോക്കാനായി ഞാന്‍ തിരിഞ്ഞു..

"എസ്ക്യൂസ് മീ"

"യെസ്"

അയാള്‍ക്ക് വാതിലിലൂടെ പുറത്തേക്ക് ഒന്നു നോക്കണം.. വണ്ടിക്ക് അനക്കം വെച്ചിരിക്കുന്നു.. കേറിയ അതേ വേഗത്തില്‍ അവന്‍ ഇറങ്ങി പോയി... പലപ്പൊഴും അവനോട് ചോദിച്ചു നീ എന്തിനാ അന്നു ചാടികയറിയതെന്ന്..അവനൊന്നും പറഞ്ഞില്ല...പക്ഷെ എന്തിനെന്നതിന് അവള്‍ക്ക് സംശയമില്ലായിരുന്നു..

എന്റെ മൊബൈലിലെ ഇന്‍ബോക്സില്‍ തപ്പി എന്റെ കൂട്ടുകാരന്‍ സംശയത്തോടെ ഒരു മെസേജ് നീട്ടി..

"ഇതാരാ.."

"എന്തു പറ്റി.. ആ മെസേജിനെന്താ കുഴപ്പം.."

സ്ക്രോള്‍ ചെയ്ത് താഴെയെത്തുമ്പോള്‍ ദേ കിടക്കുന്നു ഒരു ഉമ്മ... ആ ഉമ്മയാണ് അവന്റെ പുരികകൊടികളെ സംശയത്തിന്റെ അമ്പെയ്യാന്‍ പ്രേരിപ്പിച്ചത്... എന്തൊക്കെ പറഞ്ഞിട്ടും അതൊരു പെണ്ണിന്റയാണെന്ന് അവന്‍ സമ്മതിച്ചു തരുന്നില്ല.. അഥവാ ഒരു ആണിന്റെയെങ്കില്‍ തന്നെ എന്താ കുഴപ്പം.. എല്ലാ ഉമ്മകളും പ്രശ്നകാരിയാണെന്ന് കരുതാന്‍ ആരാവാം അവനെ പഠിപ്പിച്ചത്....

കല്ല്യാണം കഴിഞ്ഞു പോവുന്ന പെങ്ങള്‍ക്ക് ഇച്ചായന്റെ വക ഒരു ഉമ്മ.. അച്ഛന്റെ മരണശേഷം ആ സ്ഥാനം കൂടി അവനായിരുന്നു.. കണ്ടു നിന്നവരുടെ കണ്ണിലും കണ്ണീര് പൊടിയുന്നു.. പക്ഷെ ഒരു കൊച്ചു കുട്ടി ഉറക്കെ വിളിച്ചു കൂവുന്നു..

"അയ്യ്യെ...ദേ ആ ചേട്ടന്‍ ചേച്ചിയെ ഉമ്മവെച്ചു"

കള്ളമില്ലെന്ന് നമ്മള്‍ പറയുന്ന പിള്ളമനസ്സില്‍ ഉമ്മയെ അശ്ലീലമാക്കിയത് എന്താവാം..

കാലങ്ങള്‍ കൂടി കാണുമ്പോള്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ... അതിന്റെ ഊഷ്മളത എത്ര മാത്രമെന്ന് അനുഭവിച്ചറിയണം.. വര്‍ഷങ്ങളുടെ അകലം തീര്‍ത്ത മതിലുകള്‍ ഇടിഞ്ഞു വീഴുന്നതും .. എന്നാലും ചിലരുടെയെങ്കിലും ജീവിതരീതിയുടെ ഭാഗമായി തീര്‍ന്ന കെട്ടിപിടുത്തത്തിനും ഉമ്മയ്ക്കും ജീവന്‍ നഷ്ടപ്പെട്ടു പോവുന്നില്ലെ..? ഒളിച്ചു പതുങ്ങിയും മാത്രം സ്വന്തമാക്കാന്‍ കൊതിക്കുമ്പോള്‍ വെളിച്ചത്തില്‍ മറ്റാരെയൊ ഭയക്കുന്നതുകൊണ്ടാവാം, നമ്മള്‍ മലയാളികള്‍ ഉമ്മയെ പലപ്പോഴും തീണ്ടാപ്പാടകലെ നിര്‍ത്തിയത്..

എന്റെ വിദ്യാര്‍ത്ഥിയായ്, സഹപാഠിയായ്, സഹപ്രവര്ത്തകനായ്, സുഹൃത്തായ് മാറിയവന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസിയായ്.. മരുഭൂമിയില്‍ നിന്ന് ആദ്യമായ് അയച്ച മെയിലില്‍ നിറയെ നഷ്ടപ്പെട്ട നാടിന്റെ ഓര്‍മ്മകള്‍ ആയിരുന്നു.. അവസാനിച്ചത് കൊച്ചേട്ടന്റെ അനിയത്തിയെ കുറിച്ചുള്ള കുറിപ്പുകളിലും.. അതില്‍ ഇങ്ങനെ ഒരു ഭാഗമുണ്ടായിരുന്നു... ഞാന്‍ പോരാന്‍ നേരം അവളെന്നെ കെട്ടിപിടിച്ച് കരഞ്ഞു.. വലിയ കുട്ടിയായേനു ശേഷം ആദ്യമായാ അവളെനിക്കൊരു ഉമ്മ തന്നത്.. അപ്പോള്‍ ഞാനും കരഞ്ഞു പോയി..

ഫോണിന്റെ മൌത്ത്പീസ് ചുണ്ടോട് ചേര്‍ത്ത് പരിസരത്തെ വായുമുഴുവന്‍ വലിച്ചെടുക്കും മട്ടില്‍ ഒരു ഉമ്മ.. ഹോസ്റ്റല്‍ കോറിഡോറുകളുടെ ഇരുളടഞ്ഞ മൂലകളും ചുമരുകളും ഈ ഉമ്മകള്‍ കിട്ടി കോരിത്തരിക്കുന്നവരാണ്... അപ്പോള്‍ കൊടുക്കുന്ന ആളുടെ കണ്ണുകളിലെ തിളക്കത്തില്‍ നിന്ന്‍ ആ ഉമ്മയുടെ ആഴം വായിച്ചറിയാം.. മറുപുറത്തെന്തെന്ന് അറിയാനാവാത്തതിനാല്‍ വെറും ഊഹത്തില്‍ ഒതുക്കാം..

ഉണ്മയെന്ന വാക്ക് കേട്ടെഴുത്തിന് നല്‍കി ഉമ്മകള്‍ വാരി കൂട്ടുന്ന ടീച്ചറെ കുറിച്ചൊരു കവിതയുണ്ട്... തിരക്കിനിടയില്‍ തലങ്ങും വിലങ്ങും ഓടുന്നതിനിടയില്‍ അറിഞ്ഞൊ അറിയാതെയൊ കിട്ടുന്ന ഉമ്മകള്‍... എന്നാലും പ്രതീക്ഷിക്കാതെ കിട്ടിയ ഉമ്മയുടെ ചൂടില്‍ രണ്ടു ദിവസം പനിച്ചു കിടന്ന കഥ പറയുന്നവളുടെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി.. പിന്നെ പഴയ ഓര്‍മ്മയില്‍ ഓളം തല്ലുന്ന ഒരു ഒരു പൊട്ടിച്ചിരി പതിയെ പതിയെ പെയ്തിറങ്ങുന്നു..

പെണ്ണിനു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ആണിന്റെ ആയുധം കൂടിയായിരുന്നു ഉമ്മകള്‍.. ആള്‍ക്കൂട്ടത്തില്‍ അവളെ അവഹേളിക്കാനും അല്ലെങ്കില്‍ അവളെന്റെയെന്ന് നാലാളേ ബോധിപ്പിക്കാനും ചിലപ്പോള്‍ ആരോടൊ ഉള്ള വാതുവെപ്പിന്റെ ഭാഗമായും അവന്‍ ഉമ്മകളെ തെരുവിലിറക്കി.. ഇടക്കെപ്പൊഴൊ വിലപറഞ്ഞ് കാരാറുറപ്പിച്ച ഉമ്മകളും..

ചുണ്ടുകള്‍ കോര്‍ത്തുവലിച്ച്.. വായുവില്‍ പറന്നു കളിച്ച്.. ഉമ്മകള്‍ രൂപവും ഭാവവും മാറി പുത്തന്‍ പേരുകളുമായി എത്തുന്നു..

നെറുകയില്‍ ആശിര്‍‌വാദത്തിന്റെ, കവിളില്‍ വാത്‌സല്യത്തിന്റെ, ചുണ്ടില്‍ പ്രണയത്തിന്റെ, കയ്യില്‍ ആദരവിന്റെ..... പതിയുന്ന ഇടം നോക്കി ഒരേ ഉമ്മക്ക് വിവിധ സ്ഥാനമാനങ്ങള്‍ നല്‍കിയിരിക്കുന്നു...

കൊതിക്കുന്നുണ്ട് ഞാന്‍ അമ്മയുടെ അടക്കിപ്പിടിച്ച ഒരുമ്മയ്ക്ക്.. ഓപ്പോളുടെ ശിക്ഷക്കു രക്ഷയാവുന്ന ഒളിച്ചുള്ള കുഞ്ഞുമ്മക്ക്.. പ്രണയം വാര്‍ന്നൊഴുകുന്ന ഞെരിച്ചുകൊല്ലുന്ന മറ്റൊന്നിന്...

23 comments:

ഇട്ടിമാളു said...

കൊതിക്കുന്നുണ്ട് ഞാന്‍ അമ്മയുടെ അടക്കിപ്പിടിച്ച ഒരുമ്മയ്ക്ക്.. ഓപ്പോളുടെ ശിക്ഷക്കു രക്ഷയാവുന്ന ഒളിച്ചുള്ള കുഞ്ഞുമ്മക്ക്.. പ്രണയം വാര്‍ന്നൊഴുകുന്ന ഞെരിച്ചുകൊല്ലുന്ന മറ്റൊന്നിന്...

ശ്രീ said...

ശരിയാണ്. എല്ലാ ഉമ്മകളും ഒരേ തരത്തില്‍ പെടുന്നവയാണെന്ന് ഒരിയ്ക്കലും പറയാനാകില്ല.

പോസ്റ്റ് വളരെ ഇഷ്ടമായി.

സു | Su said...

ഉമ്മ - സ്നേഹം, പ്രണയം, വാത്സല്യം, സാന്ത്വനം, ഒക്കെയടങ്ങുന്ന ഉമ്മ. ചുമ്മാ ചുമ്മാ ഒരു ഉമ്മപ്പോസ്റ്റ് അല്ലേ? :)

ഞാന്‍ ഇരിങ്ങല്‍ said...

ഇന്നലെ മീറ്റിങ്ങീല്‍ സംസാരിച്ചത് ‘ബൂലോകത്തിന്‍റെ സാമൂഹിക ഇടപെടലുകള്‍‘ എന്ന വിഷയത്തെ കുറിച്ചായിരുന്നു. ഞാനടക്കം മിക്കവരും പ്രതിബദ്ധതയെ കുറിച്ച് വാചലാമയി. എനിക്ക് തോന്നുന്നു ഇതും അത്തരം ഒരു സാമൂഹിക ഇടപെടലുകള്‍ തന്നെയാണ്.
നഷ്ട സ്വപ്നത്തെ അയവിറക്കുന്ന പൈങ്കിളി എഴുത്തോ ക്ലീഷേയോ ആയി തോന്നുന്നില്ല. ഉമ്മകള്‍ക്ക് ‘ അയ്യേ..” സംഭവിച്ചിരിക്കുന്നു. ഇത്തരം അയ്യേകളെ തള്ളിക്കളയുവാനും നാളെയുടെ സുഗന്ധം പരത്തുവാനും ഉമ്മകള്‍ക്കും ചിന്തകള്‍ക്കും കഴിയട്ടേ.

ഇത്തരം എഴുത്തുകള്‍ നന്മ നഷ്ടമാകുന്നതിന്‍ റെ വേവലാതികളാണെങ്കിലും നന്മയുടെ എഴുത്തുകള്‍ സ്നേഹത്തിന്‍ റെ വിത്തുകള്‍ പാകുന്നു.
അതുകൊണ്ടാണ് ചുണ്ടുകള്‍ മാത്രമുണ്ടായിട്ട് കാര്യമില്ല ഉമ്മകളെടുക്കുവാന്‍ ഒരു ‘ഒബ്ജെക്റ്റ്’ വേണമെന്ന് പറയുന്നത്. അത് ‘ചുമ്മാ’ പറയുന്ന ഉമ്മയല്ലെന്നും സാമൂഹികമായ പ്രതിബദ്ധതയുടേയോ ഒക്കെ ഭാഗമാണെന്ന് ഞാന്മനസ്സിലാക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

അരുണ്‍ കായംകുളം said...

ശരിയാണ്‌, ഒരുപാട് അര്‍ത്ഥങ്ങളൂണ്ട് ഉമ്മയ്ക്ക്..
എന്നിട്ടും എന്തേ തെറ്റിദ്ധരിക്കുന്നു??

Areekkodan | അരീക്കോടന്‍ said...

ശരിയാണ്‌ ,എന്നിട്ടും തെറ്റിദ്ധരിക്കുന്നു.

readersdais said...

അതിഗംബീരം ! മനസ്സില്‍ മയങ്ങി കിടക്കുന്ന പല ഉമ്മകളെയും വിളിച്ചുനര്‍ത്തിയത്തിനു നന്ദി.എത്ര ലളിതമായിട്ടാണ്‌ ഇട്ടിമാളു ഉമ്മയുടെ ആ ലോല സ്പര്‍ശം മനസ്സില്‍ എത്തിച്ചത് .

readersdais said...

അയ്യോ ! ഒരു കാര്യം വിട്ടുപോയി ,
ഉമ്മയെ കുറിചു
ഇത്രയുമെഴുതിയ
ഇട്ടിമാളുവിനും
ഇരിയ്കട്ടെ
ഒരുമ്മ

കുമാരന്‍ | kumaran said...

ഉമ്മകളെക്കുറിച്ച് ആരുമെവിടെയും എഴുതിക്കണ്ടില്ല. അതു കൊണ്ടൊരു വറൈറ്റി തോന്നി. ഞാനും പോയി ആദ്യമായി ഉമ്മ കിട്ടിയ കടൽത്തീരത്തേക്ക്... തീരാനോവിന്റെ മണൽത്തരികളിലേക്ക്.

വല്യമ്മായി said...

നല്ല പോസ്റ്റ്.

ramaniga said...

നസ്ടപെട്ട പല ഉമ്മകളും കിട്ടിയ പല ഉമ്മകളും മനസ്സില്‍ തെളിയുന്നു !
നല്ല പോസ്റ്റ്‌ !

മുല്ലപ്പൂ said...

ഒരുപാടു ഉമ്മകളെ അറിയില്ല എനിക്ക് എന്നാലും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നുണ്ട്.
സുരക്ഷിതത്വത്തിന്റെ തണലായി നെറുകയില്‍ കിട്ടുന്ന ഒന്ന്.
സ്കൂളില്‍ പോകാന്‍ തയ്യാറായാലും , പോകാതെ അമ്മയെ ചുറ്റിപറ്റി അങ്ങനെ നിക്കും.
എന്താ ? അമ്മ ചോദിക്കും .
ഒന്നുമില്ല ഉത്തരത്തില്‍ അമ്മ ചിരിക്കും ഞാനും. പിന്നെ ചേര്‍ത്ത് നിര്‍ത്തി നിറുകയില്‍ ഒരു ഉമ്മ. അത് വൈകുന്നേരം വരെ സുരക്ഷിതത്വത്തിന്റെ തണലായി അങ്ങനെ.

എങ്കിലും ഒരു വിലയുമില്ലാതെ തട്ടിക്കളിക്കുന്ന ഉമ്മകളെ കാണുമ്പോള്‍..

ഇട്ടി മാളൂ , നല്ല പോസ്റ്റ്‌

lakshmy said...

“ചുമ്മാ” ഒരു പോസ്റ്റ്. വളരേ ഇഷ്ടമായി.

ഇട്ടിമാളു said...

ശ്രീ... എന്നിട്ടും മിക്കവരും ഒരേഗണത്തില്‍ പെടുത്തുന്നു

സു.. ചുമ്മാതല്ലെന്നെ.. കാര്യായിട്ടന്നെ.. :)

ഇരിങ്ങലെ.. കമന്റുകണ്ട് ഞാന്‍ ഞെട്ടി .. രണ്ടു തവണ വായിച്ചു.. കടുകട്ടി..

അരുണ്‍.. അതാ എനിക്കും അറിയാത്തെ..

അരീക്കോടന്‍.. അതന്നെ..

readersdais... സ്വീകരിച്ചിരിക്കുന്നു...:)

കുമാരന്‍.. ഞാനും കണ്ടിട്ടില്ല.. എഴുതാനുള്ള സ്പാര്‍ക്കിന്റെ ക്രെഡിറ്റ് എന്റെ കൂട്ടുകാരിക്കാ..

വല്ല്യമ്മായി.. നന്ദി

രമണിഗ.. അതന്നെയാണ് ഞാനും പ്രതീക്ഷിച്ചത്..

മുല്ലപ്പൂ... അസൂയ തോന്നുന്നു..

ലക്ഷ്മി.. ചുമ്മതല്ലെന്നെ.. ഇഷ്ടമായല്ലൊ, അതുമതി..

ചേച്ചിപ്പെണ്ണ് said...

nee kothikkunna ummakalkkay enteyum prarthanakal!

വയനാടന്‍ said...

"കല്ല്യാണം കഴിഞ്ഞു പോവുന്ന പെങ്ങള്‍ക്ക് ഇച്ചായന്റെ വക ഒരു ഉമ്മ.. അച്ഛന്റെ മരണശേഷം ആ സ്ഥാനം കൂടി അവനായിരുന്നു.. കണ്ടു നിന്നവരുടെ കണ്ണിലും കണ്ണീര് പൊടിയുന്നു.. പക്ഷെ ഒരു കൊച്ചു കുട്ടി ഉറക്കെ വിളിച്ചു കൂവുന്നു..

"അയ്യ്യെ...ദേ ആ ചേട്ടന്‍ ചേച്ചിയെ ഉമ്മവെച്ചു"

കള്ളമില്ലെന്ന് നമ്മള്‍ പറയുന്ന പിള്ളമനസ്സില്‍ ഉമ്മയെ അശ്ലീലമാക്കിയത് എന്താവാം.. "

ചിന്തനീയമായ ചോദ്യം, നമ്മൾ നമ്മളോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നു.
മണോഹരമായിരിക്കുന്നു എഴുത്ത്‌.
തുടരട്ടെ..

ഗൗരിനാഥന്‍ said...

ഫോണിന്റെ മൌത്ത്പീസ് ചുണ്ടോട് ചേര്‍ത്ത് പരിസരത്തെ വായുമുഴുവന്‍ വലിച്ചെടുക്കും മട്ടില്‍ ഒരു ഉമ്മ.. ഹോസ്റ്റല്‍ കോറിഡോറുകളുടെ ഇരുളടഞ്ഞ മൂലകളും ചുമരുകളും ഈ ഉമ്മകള്‍ കിട്ടി കോരിത്തരിക്കുന്നവരാണ്... അപ്പോള്‍ കൊടുക്കുന്ന ആളുടെ കണ്ണുകളിലെ തിളക്കത്തില്‍ നിന്ന്‍ ആ ഉമ്മയുടെ ആഴം വായിച്ചറിയാം.................ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍

ദൈവം said...

ഉമ്മ :)

idlethoughts said...

pranayinikku nalkanayi karuthiya ummakallokke ravinte eekanthathayil thalayinayanu eettu vangiyathu...........ippol aa ummakallum pranayavum poyi marannhu......ippoll ente thalayina rathri sugamayi urangunnu........

nice post..ittimaalluuu.......
ummakalle kurichu ithrayum nannaayi ezhuthiyathinu ninakkoru umma tharaam.....

ഇട്ടിമാളു said...

ചേച്ചിപെണ്ണെ ...പ്രാര്‍ത്ഥിക്കെന്നെ, കിട്ടിയാലൊ ;)

വയനാടാ.. ചിന്തിച്ചാലും ഉത്തരം കിട്ടും ന്ന് പ്രതീക്ഷിക്കണ്ടാ..

ഗൌരീ.. കൂടുതല്‍ ഒന്നും പറയണ്ട.. എല്ലാം മനസ്സിലായി..

എന്തെ ദൈവമെ.. :)

idlethoughts... പാവം തലയിണ.. ഇങ്ങനെ ശിക്ഷിക്കേണ്ടായിരുന്നു..

സുധി എസ് said...

ഉമ്മ :)

ഇട്ടിമാളു said...

സുധി :)

ഡോ.മനോജ്‌ വെള്ളനാട് said...

ഉമ്മാ.. :)