Wednesday, September 17, 2008

എന്റനിയന്‍ മുണ്ടുടുത്തു..

ഓണാലസ്യം കഴിഞ്ഞ് എല്ലാവരും പഴയലാവണങ്ങളില്‍ തിരിച്ചെത്തിയിരിക്കുന്നു.. ഞങ്ങളുടെ കൂടാരവും ഇന്നലെ ഓണവിശേഷങ്ങളാല്‍ മുഖരിതമായിരുന്നു.. ഒരോരുത്തര്‍ക്കും പറയാന്‍ ഓരോ വിശേഷങ്ങള്‍.. ഓണക്കോടികള്‍ നിരത്തി മറ്റുള്ളവരുടെ അഭിപ്രായമറിയാനുള്ള ആകാംക്ഷ.. എവിടെയൊക്കെ പോയി ആരൊക്കെ വന്നു.. എന്തൊക്കെ തിന്നു.. മിക്കവര്‍ക്കും ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നുള്ള മോചനം തന്നെയാണ് ഓണം സമ്മാനിക്കുന്നത്.. തിന്നു തിന്ന് മരിച്ച് ഇന്നലെ വീണ്ടും ങ്ങക്കറിയും ക്കതോരനും കൂട്ടേണ്ടി വരുമ്പോഴും ഒരു ആശ്വാസം... ഓണബാക്കിയായി കുപ്പികളില്‍ അടച്ച് കൊണ്ടു വന്നത് ഒരു മൂന്ന് നാല് ദിവസം കൂടി ഓടും..

എല്ലാരും തന്നെ ജോലിക്കാര്‍.. ചിലര്‍ ട്രെയിനി എന്ന പാതിവെന്ത അവസ്ഥയില്‍.. എന്നാലും ഓണം ആവുമ്പൊ വേണ്ടപ്പെട്ടവര്‍ക്ക് ഒരു ഓണക്കോടി വാങ്ങാന്‍ എന്തു കടം വാങ്ങിയായാലും എല്ലാരും ശ്രമിക്കും.. മിക്കവരും എന്തു വാങ്ങണമെന്ന് നേരത്തെ ആലോചിച്ചു വെച്ചിരിക്കും.. ചിലപ്പോള്‍ തടസ്സമായി മുന്നിലെത്തുക ബഡ്ജെറ്റ് ആവും.. ഓണക്കോടികള്‍ ഒരു വേഷപകര്‍ച്ചക്ക് വഴിതെളിയിക്കുന്നില്ലെ?.. അടുത്ത പടിയിലേക്കുള്ള സ്ഥാനക്കയറ്റം.. !!!.... പെണ്‍കൊടികള്‍ക്ക് മിക്കവാറും ആദ്യത്തെ സാരികിട്ടുന്നത് ഓണത്തിനാവാനാണ് സാധ്യത.. അതിനുമുമ്പ് എന്ത് മുറികഷണം കാലുറയിട്ടുനടന്നാലും ശ്രദ്ധിക്കാത്തവര്‍ സാരിയുടുത്താല്‍ ഒന്നു നോക്കും.. പെണ്ണങ്ങ് വളര്‍ന്ന് പോയില്ലെ.. (ഇത് കുറെ കേട്ടതാണെന്നല്ലെ..) അതെ.. മകള്‍ സാരിയുടുത്ത് മുന്നില്‍ വന്നു നിന്നാല്‍ ഏതു കഠിനഹൃദയന്റെ നെഞ്ചും ഒന്ന് ആളും.. ഇതിനെ ഒന്ന് ആരെയെങ്കിലും കൈപിടിച്ച് കൊടുക്കണ്ടെ.. തൊട്ടടുത്ത് പെരുമ്പറകൊട്ടുന്ന നെഞ്ചുമായി അമ്മയും കാണും.. ജോലിക്കാരാവുമ്പൊഴും ആരെങ്കിലും ഒരു ഓണക്കോടി തരാനുണ്ടെങ്കില്‍ അതൊരു സന്തോഷം തന്നെയാണല്ലെ.... അതു കിട്ടാതാവുമ്പൊഴെ അതിന്റെ സുഖമറിയൂ..

ഇനി മക്കള്‍ അമ്മക്കും അച്ഛനുമുള്ള ഓണക്കോടി വാങ്ങുമ്പൊഴൊ.. എന്റെ മോന്‍ അല്ലെങ്കില്‍ മോള്‍ വാങ്ങിയതാ എന്നു പറയാന്‍ അവര്‍ക്ക് നൂറുനാവാകും.. വളര്‍ത്തി വലുതാക്കി ഇത്രയൊക്കെ ആക്കിയില്ലെ എന്നൊരു അഭിമാനവും കാണും ആ പറച്ചിലില്‍.. ജോലിക്കാരായി ആദ്യത്തെ ഓണമാണെങ്കില്‍ അതിനൊരു പ്രത്യേക പകിട്ടുതന്നെ.. പക്ഷെ അച്ഛനു ഇനി ഇളം നിറം മതി എന്ന് സ്വയം തീരുമാനിച്ച് വാങ്ങിക്കൊടുത്താല്‍ നീയെന്നെ വയസ്സനാക്കിയല്ലെ എന്ന് അച്ഛന്‍ മനസ്സില്‍ പറഞ്ഞെന്നിരിക്കും.. ഇനി അമ്മക്ക് സാരിമാറ്റി മുണ്ടും നേരിയതും ആക്കിയാലും ഇതു തന്നെ അവസ്ഥ.. മുടിയിലെ വെള്ളിവരകള്‍ ഉറക്കം കെടുത്തുന്നതിന്റ്റെ കൂടെ യൂ ട്ടൂ ബ്രൂട്ടസ്സ് എന്ന് അമ്മയും പറയും.. പാവം ആ അച്ഛനമ്മമാരുടെ വേദന മക്കള്‍ എങ്ങിനെ അറിയാന്‍..

വേഷപകര്‍ച്ചകളിലെ വ്യത്യാസം കൂടുതല്‍ പ്രതിഫലിക്കുക പെണ്ണിനു തന്നെയാണ്. അതില്‍ ആരും എതിരുപറയും എന്ന്‍ തോന്നുന്നില്ല.. എന്തൊ അവളുടെ വളര്‍ച്ചയാണല്ലൊ എല്ലാരുടെയും കണ്ണില്‍ പെടുക.. പക്ഷെ ഈ ചേട്ടത്തിമാര്‍ കുഞ്ഞനിയനും അനിയത്തിക്കും ഓണക്കോടി വാങ്ങിയാലൊ.. ആ പുത്തന്‍ അണിഞ്ഞ് അവരെ കാണുമ്പൊ കണ്ണില്‍ ഇത്തിരി ചാറ്റല്‍ മഴ പെയ്തെന്നൊക്കെ വരാം.. പക്ഷെ ഓണം കഴിഞ്ഞുവന്ന എന്റെ കൊച്ചു കൂട്ടുകാരിയുടെ ഏറ്റവും വലിയ വിശേഷം പറച്ചില്‍ എന്താരുന്നെന്നൊ..

"ഏന്റനിയന്‍ മുണ്ടുടുത്തു.."

അതിനെന്താ ഇത്ര പറയാന്‍ എന്നൊരു ചോദ്യം കേട്ടുനിന്നിരുന്നവരുടെയെല്ലാം കണ്ണുകളില്‍.. അധികമാര്‍ക്കും അതൊരു വിശേഷമായി തന്നെ തോന്നിയില്ല.. ശരിയാ ഒരു കുഞ്ഞന്‍ എട്ടാംക്ലാസ്സുകാരാന്‍ ആദ്യമായികിട്ടിയ മുണ്ടും ചുറ്റി ഓണത്തിന് ഓടിനടന്നതില്‍ എന്തിത്ര പറയാന്‍ അല്ലെ.. പക്ഷെ അവളെ സംബന്ധിച്ചിടത്തോളം ഒരുപാട് പറയാനുണ്ടായിരുന്നു..

അച്ഛന്റെ ഓര്‍മ്മപോലും ഇല്ലാതെ വളര്‍ന്ന അവന് മുണ്ടുടുക്കാന്‍ സ്വന്തമായിതന്നെ ഒരു മുണ്ടുവേണമായിരുന്നു.. തമാശക്കു പോലും അവനൊരു മുണ്ടുചുറ്റി നടക്കുന്നത് അവള്‍ കണ്ടിട്ടില്ല.. അതുകൊണ്ട് തന്നെ അവള്‍ക്ക് അതൊരു സന്തോഷവും സങ്കടവും നല്‍കിയ നിമിഷം തന്നെയായിരുന്നു... അവള്‍ വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞതുകൊണ്ടാണ് എല്ലാരും മാറിയപ്പോള്‍ ഞാന്‍ ചോദിച്ചത്..

"നിനക്ക് എന്ത് തോന്നി അനിയന്‍ മുണ്ടുടുത്ത് കണ്ടപ്പൊ"

കുറെ നേരം അവള്‍ എന്നെ തന്നെ നോക്കിയിരുന്നു.. പിന്നെ പറഞ്ഞു

"അവന്‍ വളര്‍ന്നു പോയല്ലൊ എന്നൊരു സങ്കടം.. നല്ല പൊക്കം വെച്ചു... വലിയ കുട്ടിയായപോലെ "

ഒന്നു നിര്‍ത്തി വീണ്ടും തുടര്‍ന്നു..

"നല്ല ഭംഗിയുണ്ടാരുന്നു.."

"നിനക്കെന്തിനാ അതിനു വിഷമം"

"അതെനിക്കറിയില്ല"

അനിയന്‍ വളര്‍ന്ന് അമ്മക്ക് ഒരു തണലാവാന്‍ കാത്തിരിക്കുന്ന അവള്‍ക്ക് അവന്‍ വലുതായെന്ന തോന്നല്‍ എങ്ങിനെ സങ്കടമാവുന്നു.. കൂടുതല്‍ ചോദിക്കാന്‍ എനിക്കാവില്ലായിരുന്നു.. എനിക്ക് അനിയന്‍ ഇല്ല.. ഇപ്പോള്‍ ഞങ്ങളുടെ കൂടാരത്തിലെ കൂട്ടുകളില്‍ കുഞ്ഞനിയന്‍ ഉള്ളത് അവള്‍ക്ക് മാത്രം.. അതുകൊണ്ട് തന്നെ അനിയന്‍ വളര്‍ന്നു പോയതിലെ ആ സങ്കടം പങ്കുവെക്കപ്പെടാതെ അവളുടേതു മാത്രമായി മാറി..

34 comments:

ഇട്ടിമാളു said...

"അവന്‍ വളര്‍ന്നു പോയല്ലൊ എന്നൊരു സങ്കടം.. നല്ല പൊക്കം വെച്ചു... വലിയ കുട്ടിയായപോലെ "

ഒന്നു നിര്‍ത്തി വീണ്ടും തുടര്‍ന്നു..

"നല്ല ഭംഗിയുണ്ടാരുന്നു.."

സു | Su said...

അവൻ വളർന്ന് പിരിഞ്ഞുപോയാലോന്നുള്ള സങ്കടമാവും. കുട്ടിക്കാലത്തല്ലേ കളിക്കാനും ചിരിക്കാനും കഴിയൂ. മുതിർന്നാല്‍പ്പിന്നെ തിരക്കായി. ജോലിയായി, കുടുംബമായി, ഉത്തരവാദിത്തമായി. കൂട്ടുകാരിയുടെ കുഞ്ഞനിയൻ വളർന്നതുപോലെ സ്നേഹവും വളരട്ടെ.

ഭൂമിപുത്രി said...

അമ്മയ്ക്ക് തണലാവാൻ കൂട്ടുകാരിയ്ക്കും ആകില്ലേ?
അനിയൻ തന്നെ വേണമെന്നുണ്ടോ?

വി.ആര്‍. ഹരിപ്രസാദ്‌. said...

നല്ല ഭംഗിയുണ്ട്‌... :)

അനിയനോ ചേട്ടനോ
അനിയത്തിയോ ചേച്ചിയോ ഇല്ലാത്ത
എന്നെപ്പോലുള്ളവര്‍ എന്തുപറയും...

കൊച്ചുത്രേസ്യ said...

ആ കൂട്ടുകാരിയുടെ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്‌. ജോലി കിട്ടി ഒരവധിയ്ക്ക്‌ നീണ്ട ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം അനിയനെ കണ്ടപ്പോൾ. പൊടിമീശയൊക്കെ വന്ന്‌ ശബ്ദമൊക്കെ കനത്ത്‌ ചെക്കൻ ആകെ മാറിപ്പോയത്‌ പോലെ.ശരിക്കും സങ്കടം വന്നു പോയി.'ഡാ നിന്നെകണ്ടിട്ട്‌ നീയാണെന്നു തോന്നുന്നില്ല!!" ഇതാണ്‌ ഞാൻ അന്നവനെ കണ്ട പാടെ പറഞ്ഞു പോയത്‌ :-)

കരീം മാഷ്‌ said...

വലുതാവേണ്ടിയിരുന്നില്ല എന്നു എനിക്കും തോന്നുന്നു.
പണ്ടു തിരിച്ചും.

sreedevi said...

എന്നത്തേയും പോലെ മനോഹരമായിരിക്കുന്നു...
"അവന്‍ വളര്‍ന്നു പോയല്ലൊ എന്നൊരു സങ്കടം.. നല്ല പൊക്കം വെച്ചു... വലിയ കുട്ടിയായപോലെ " ..നല്ല വരികള്‍...എല്ലാ ആശംസകളും ...

smitha adharsh said...

കാലികമായ മാറ്റങ്ങളെ നമുക്കു അംഗീകരിച്ചു കൊടുത്തല്ലേ പറ്റൂ..എങ്കിലും,എവിടെയോ,ആദ്യം ഒരു വിഷമം അല്ലെ?
നല്ല പോസ്റ്റ്.

PIN said...

നന്നായി എഴുതിയിരിക്കുന്നു. ആശംസകൾ...

കൂടപ്പിറപ്പുകൾ വളർന്നുകഴിയുമ്പോൾ ഒരു വല്ലാത്ത അകൽച അനുഭവപ്പെടും, ചിലപ്പോൾ മനസ്സുകൊണ്ട്‌ ഇല്ലെങ്കിൽ പോലും, സംസ്സാരത്തിലും പ്രവൃത്തിയിലും എല്ലാം എന്തിനോ വേണ്ടി ഒരു അകൽച തോന്നാം... അതൊ സമൂഹം അങ്ങനെ ശീലിപ്പിച്ച്‌ ആക്കുന്നതാണോ ?

ശ്രീനാഥ്‌ | അഹം said...

:)

പച്ചാളം : pachalam said...

മുണ്ട് വാങ്ങിത്തന്നാല്‍ ഉടുത്ത് കാണിക്കുന്നതായിരിക്കും. ;)

നഗ്നന്‍ said...

എന്തിനാ ഭൂമിപുത്രീ,

കേള്‍ക്കുന്നിടത്തും
കാണുന്നിടത്തുമെല്ലാം
ഫെമിനിസത്തിന്റെ കൊടി
നാട്ടാന്‍ ശ്രമിയ്ക്കുന്നത്‌....?

ആരും അശക്തരല്ല;
ഒരു സ്ത്രീയും ദുര്‍ബലയല്ല.
ഈ ബോധ്യം
ഇനിയും
ബോധമണ്‌ണ്ടലങ്ങളില്‍
വേരോടി തുടങ്ങിയില്ലേ....?

നഗ്നന്‍ said...

അനിയത്തി
വയസ്സറിയിച്ചാലും,
അനിയന്‍
മുണ്ടുടുത്താലും
ആരാണു
ദൂരങ്ങള്‍ കല്‌പിയ്ക്കുന്നത്‌?

ദൃശ്യന്‍ | Drishyan said...

ലളിതം, സുന്ദരം!

സസ്നേഹം
ദൃശ്യന്‍

ഭൂമിപുത്രി said...

കൊടിയുയർത്താൻ ശ്രമിച്ചതൊന്നുമല്ല മാഷേ.
മാതാപിതാക്കളെ വയസ്സുകാലത്ത് നോക്കാനുള്ള ചുമതല പെണ്മക്കൾക്ക്കൂടിയുള്ളതാണെന്ന് ഒന്നോർമ്മിപ്പിച്ചെന്ന് മാത്രം.
അതുപോട്ടെ,ഇവിടെ വിഷയം അതല്ലല്ലൊ.
വളർന്നു വലുതാകുന്ന എല്ലാക്കുഞ്ഞുങ്ങളോടും ഞാനും ചോദിയ്ക്കാറുണ്ട് ‘ആരുപറഞ്ഞ് നിന്നോട് വലുതാകാൻ’എന്ന്.
5 കൊല്ലം കൂടുമ്പോഴെ കുട്ടികൾക്ക് പിറന്നാൾ വരാവു,അല്ലെ?

പടിപ്പുര said...

അനിയൻ വളർന്ന് പോയല്ലോ എന്നത് സന്തോഷം കൊണ്ടുള്ള സങ്കടമാവും!

അനൂപ് തിരുവല്ല said...

:)

ശിവ said...

ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു....നാം ഓരോ നാളും വളരുമ്പോള്‍ അച്ഛനും അമ്മയും നമ്മെ പ്രതി എന്തു മാത്രം സന്തോഷിച്ചിട്ടുണ്ടാവാം...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

ഓരോ വളര്‍ച്ചയും ഒരകല്‍ച്ചയെക്കൂടി സമ്മാനിക്കുന്നു അല്ലേ? കുഞ്ഞ് വലുതാകുമ്പോള്‍, യുവാവ്/യുവതി കല്യാണം കഴിക്കുമ്പോള്‍, പണമില്ലാത്തവന്‍ പണക്കാരനാവുമ്പോള്‍, ഒന്നുമല്ലാതിരുന്നവന്‍ നേതാവോ മന്ത്രിയോ ആകുമ്പോള്‍, അങ്ങിനെയങ്ങിനെ ....

ഇട്ടിമാളു said...

മോഹന്‍ .. ഫിലോസഫിയാണല്ലൊ..:)

ശിവ .. തീര്‍ച്ചയായും..

അനൂപ്.. :)

പടിപ്പുര.. അതും ഉണ്ടാവാം..

ദൃശ്യന്‍ .. സന്തോഷം.. :)

പാച്ചാളം.. വള്ളിനിക്കറിലാണൊ ഇപ്പൊഴും..?.. :)

അഹം .. :)

പിന്‍.. സമൂഹമെന്നാല്‍ നമ്മളൊക്കെ തന്നെയല്ലെ..

സ്മിത .. അതന്നെ.. എവിടെയൊ ഒരു വിഷമം..

ശ്രീദേവി.. നന്ദിയുണ്ട്..

കരിം മാഷെ.. എപ്പോള്‍ വരെയാണ് വലുതാവാന്‍ മോഹിച്ചത് എന്നൊര്‍ക്കുന്നുണ്ടോ?

ത്രേസ്യാകൊച്ചെ.. സങ്കടം വന്നല്ലെ...

ഹരിപ്രസാദ്.. അതും ഒരു സങ്കടാണല്ലെ..?ഒറ്റപ്പൂരാടം..:))

സൂ.. അവരുടെ സ്നേഹവും വളരട്ടെ..

ഭൂമിപുത്രി.. പെണ്ണാണെന്നതു കൊണ്ട് അമ്മയെ നോക്കാനുള്ള ചുമതലയില്‍ നിന്നു വിടുതല്‍ കിട്ടുന്നൊന്നുമില്ല.. സിഏ ഫൈനല്‍ വരെ എത്തി നില്‍കുന്ന അവള്‍ക്ക് അമ്മയെ നോക്കാന്‍ കഴിവില്ലാതെ പോവുകയുമില്ല.. ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിലെ ഒരു കൃസ്ത്യന്‍ കുടുംബത്തില്‍ മക്കളായി ഒരു ആണും ഒരു പെണ്ണുമാണെങ്കില്‍, കല്ല്യാണം കഴിയുമ്പോള്‍ മകള്‍ ഭര്‍ത്താവിന്റെ കൂടെ പോവും.. പിന്നെ അമ്മയെ നോക്കേണ്ട ചുമതല മകനുതന്നെയാവും...

നഗ്നന്‍.. ചിലയിടെത്ത് ആ ദൂരങ്ങള്‍ അത്യാവശ്യമല്ലെ?

ഭൂമിപുത്രി said...

ഇട്ടിമാളൂ,ഒരോഫടിയ്ക്കട്ടെ.
ഈ ‘മകൻ നോക്കുന്നു’
എന്നൊക്കെപ്പറയുന്നത് വെറും സാങ്കേതികത മാത്രമാൺ.അവിടെയും നോട്ടവും ശുശ്രൂഷയുമൊക്കെ വീട്ടിലെ പെണ്ണുങ്ങൾ തന്നെ-എന്നു വെച്ചാൽ മരുമകൾ.പിന്നെ,സാമ്പത്തികവശമാണെങ്കിൽ
ഇപ്പോൾ പെൺകുട്ടികളധികവും സ്വന്തം നിലയ്ക്ക് വരുമാനമുള്ളവരല്ലേ?
അവർക്കുമൊരു ചുമതലയുണ്ടെന്ന് മറക്കരുത്
നമ്മുടെ സിസ്റ്റം അങ്ങിനെയല്ലെന്നറിയാം.
അതുമാറിയാലേ പെങ്കുട്ടിയ്ക്കെന്തെങ്കിലും വില കല്‍പ്പിയ്ക്കുകയുള്ളു എന്നതുകൊണ്ടാൺ ഞാൻ ആദ്യത്തെ കമന്റെഴുതിയത്.

ഇട്ടിമാളു said...

ഭൂമിപുത്രി .. സ്വീകരിച്ചിരിക്കുന്നു :)

thankam said...

ITTIMALOO,njangal ammayimareppole ninakku ONNARAMUNDUDUKKAN ariyamo?ithu thani keraleeya vasthramanu.....

ഇട്ടിമാളു said...

തങ്കം .. ഈ ഒന്നര അത്രയങ്ങ് കേരളീയമാണൊ.. നമ്മുടെ ഭാരതത്തില്‍ തന്നെ പലയിടത്തും ഇതിന്റെ വിവിധരൂപങ്ങള്‍ ഉണ്ടല്ലൊ..

അമ്മായിമാര്‍ മാത്രമല്ല അമ്മമാരും ഒന്നരയുടുക്കാറുണ്ട്.. എനിക്കും അറിയാം.. പക്ഷെ ജീന്‍സ്, ഫ്രോക്ക്, മിഡി എന്നിവയുടെ കൂടെ ഇത്തിരി അള്‍ട്രാ മോഡേണ്‍ ആവില്ലെ എന്നു വിചാരിച്ച് ഉപയോഗിക്കാറില്ല എന്നു മാത്രം .. :)

മഴക്കിളി said...

സ്നേഹമേ....വിളിച്ചാലും...

thankam said...
This comment has been removed by a blog administrator.
മാണിക്യം said...

പെട്ടന്ന് കുറെ പിറകോട്ട് പൊയി
എന്റെ കുഞ്ഞാങ്ങള എന്നെക്കാള്‍ 12 വയസ്സില്‍ താഴെ അവന്റെ പാല്‍പ്പല്ല് പൊഴിഞ്ഞപ്പോള്‍,
അതു ഞാനാണു പറിച്ചത് ,ഞാന്‍ കരഞ്ഞു ..
ഇനി വീട്ടില്‍ കുഞ്ഞുകൊച്ചില്ലല്ലോന്നു പറഞ്ഞ്
ഇന്നും അവനെ ‘കൊച്ചു’ന്ന് തന്നാ വിളിക്കുന്നേ.
ഇന്നു തമ്മില്‍ കാണണമെങ്കില്‍ റ്റിക്കറ്റ് വേണം വിസ എടുക്കണം.......ശരിയാ
വളര്‍ന്നു പോയല്ലൊ എന്നൊരു സങ്കടം....

amith said...

good

ഇട്ടിമാളു said...

മഴക്കിളി, മാണിക്യം, അമിത്.. :)

Mahi said...

കൂട്ടുകാരിയുടെ ഉള്ളിലെ ഫീലിങ്ങ്‌ ശരിക്കും പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്‌ വരികളില്‍.പിന്നെ പറയുമ്പോള്‍ പറയണമല്ലൊ ഓണക്കോടിയൊന്നും എടുക്കാന്‍ കഴിയാതെ പോയവരുമുണ്ട്‌ ഇട്ടിമാളു.അങ്ങ്‌ താഴേക്കിടയിലേക്കൊന്നും പോകണ്ട കുടുംബ ഭാരം പേറുന്ന എന്നെ പോലുള്ള മധ്യ വര്‍ത്തികള്‍ തന്നെ

ഗൗരിനാഥന്‍ said...

ittimaalu..athu vayichappol oru cheriya karachil vannu, enthinayirunnu..enthinennariyathe..
onu nokku ittimalu, net kittan oru yudham cheythu athu nere akkiyappol key man work cheyyunnilla, avasanam manglish l enkilum onnu commentathe vayya ennu thonni..

ഇട്ടിമാളു said...

ഗൌരി .. ഒത്തിരി കഷ്ടപ്പെട്ടല്ലെ അഭിപ്രായം പറയാന്‍..നന്ദിയുണ്ട്..
മഹി.. ശരിയാ... എന്റെ ചേട്ടന്‍‌മാര്‍ അവര്‍ക്ക് ഓണക്കോടി എടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല

Nachu said...

enikkum undu oru aniyan, avanum valudhayapol enikku sankadamaayi.. kaaranam kunjaayirunnapol chechi chechi paranju epolum koode kaanumaayrunu. ippol avan aanu annan enna mattila. Pazhe kaliyum chiriyum kusruthiyum okke poi. Enikku ippol thonnundhu njan valarnatte illa enna!!

സുധി അറയ്ക്കൽ said...

മകള്‍ സാരിയുടുത്ത് മുന്നില്‍ വന്നു നിന്നാല്‍ ഏതു കഠിനഹൃദയന്റെ നെഞ്ചും ഒന്ന് ആളും.. ////
ഇതു വായിച്ചപ്പോൾ ഉള്ളിലൊരു നീറ്റൽ!!