Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Wednesday, February 4, 2015

പല വഴിയേ പല(ആ)ഹാരങ്ങൾ !

പല വഴിയേ പല(ആ)ഹാരങ്ങൾ !

വടവടൈ .. ട്രെയിൻ ഫുഡ്  എന്ന് ഓർക്കുമ്പോൾ മനസ്സില് വരുന്നത് ഈ ഒരു വായ്ത്താരിയാണ്..

പത്ത് രൂപക്ക് ഇളനീർ .. വേറൊരു പത്തു രൂപ കൊടുത്താൽ പുഴുങ്ങിയ മുട്ടയും ഉപ്പും കുരുമുളകും..  വേണാടിൽ ഇത് കിട്ടുമായിരുന്നെങ്കിൽ ശനിയാഴ്ചകളിൽ എന്റെ  പ്രഭാതഭക്ഷണം ഇതാവുമായിരുന്നു..  എന്റെ യാത്രയിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട ട്രെയിൻ ഭക്ഷണം ...  പിന്നെ കുരുമുളകിന്റെ എരിവും നാരങ്ങയുടെ പുളിപ്പും ഉപ്പും മധുരവും  എല്ലാം ചേർന്ന ലെമണ്‍ ടീ ..

ഒറീസ കഴിഞ്ഞപ്പോ മുതലാണു ഭക്ഷണ വൈവിധ്യം ട്രെയിൻ ഇടനാഴികളെ ധന്യമാക്കാൻ തുടങ്ങിയത് .. ആദ്യം വന്ന ജാൽമുറി (ഇതന്നെ അല്ലെ അതിന്റെ പേരു ) യിൽ തന്നെ ചെരുവകളുടേ എണ്ണത്തിൽ ഒരു പാട് വ്യത്യാസങ്ങൾ..  വൃത്തിയുള്ള ഒരുത്തനെ നോക്കി പത്തു രൂപ നീട്ടി ഒരു പൊതി സ്വന്തമാക്കിയതോടെയാണു എന്റെ ഭക്ഷണ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചത് .. പൊരിയും കടലയും ഉള്ളിയും മിക്സ്ച്ചറും നാളികേരകൊത്തും പിന്നെയും എന്തൊക്കെയോ ചേർത്ത് കുത്തി കുലുക്കി ഉണ്ടാക്കിയ വകയാണീ ജാൽമുരി.. മുമ്പുള്ളയാത്രകളിലും ഈ വക കഴിച്ചുണ്ടെങ്കിലും  മുരിയെന്നാൽ പൊരിയെന്ന്  ട്രെയിനിൽ കൂട്ടുകിട്ടിയ നാഗാ ലേഡിയുടെ അറിവ് ദാനം.. അവരാണ് കാശുകൊടുക്കാതെ  തന്നെ ഭക്ഷണവൈവിധ്യത്തിന്റെ ഒരു താൾ എനിക്ക് മുന്നിൽ തുറന്നത്..  ആദ്യ ദിവസത്തെ യാത്രയിലെ ഉച്ചഭക്ഷണം റെയിൽവേ യുടെ ചോറ് .. വേവാത്ത ചോറും എനിക്ക് പിടിക്കാത്ത കറികളും.. മൊട്ടക്കറിയിലെ മൊട്ടമാത്രം കഴിച്ച് ബാക്കി അടച്ചപ്പൊഴാണു അവരെനിക്ക് നേരെ തലയും വാലും കളയാത്ത ചുട്ടമീൻ നീട്ടിയത് .. ഒപ്പം എന്തോ ഡ്രൈ വെജിടബിളും .. അതിനു മുമ്പേ ഞാൻ ഓരഞ്ചിന്റെ അല്ലികൾ കൊടുത്ത് അവരുമായ് കൂട്ടായിരുന്നു .. കൊഹീമയിൽ നിന്നും തിരുവല്ലയിൽ എത്തിയവർ .. അപരിചിതരുടെ കയ്യില നിന്നും ഭക്ഷണം കഴിക്കരുതെന്ന്  എത്ര കേട്ടാലും അതിന്റെ സ്വാദ് നോക്കണം എന്ന കൊതി തീർക്കാൻ രാത്രി ഭക്ഷണം വരെ കാത്തിരുന്നു..  രാത്രി ഞാൻ ചോറ്  വാങ്ങിയില്ലെങ്കിലും അവരുടെ ചുട്ട മീൻ കഴിച്ചു. ഒപ്പം ഉണക്ക ഇറച്ചിയും പച്ചക്കരികളും ഒക്കെ കഴിച്ചു ..  


ഇലകറികളും  എണ്ണയില്ലാത്ത പോർക്കും  ഫെർമെന്റഡ് ഫിഷിന്റെ ചട്ണിയും  റൈസ് ബിയറും രാസൂ ചായയും മുളകിട്ട ഒച്ചും ... പതിനഞ്ചു നാൾകൊണ്ട് ഞാന്കഴിച്ച  ചിലപ്പോൾ ഒരിക്കലും ഇനി ആവർത്തിക്കാൻ സാധ്യതയില്ലാത്ത ഭക്ഷണകഥയിലെ  ഒരു താൾ  .. നാഗാ കുടുംബത്തിന്റെ അടുക്കളയിൽ  ആതിഥേയയൂം ഞാനും  പാചകശ്രമത്തിൽ  :)

Tuesday, June 18, 2013

റിയാസ് ഞങ്ങളുടെ ഡോക്റ്ററാണ്

റിയാസ് ഞങ്ങളുടെ ഡോക്റ്ററാണ്; കമ്പ്യൂട്ടര്‍ ഡോക്റ്റര്‍... ....... ഏഴുനിലയില്‍ എവിടെ കമ്പ്യൂട്ടര്‍ പണിമുടക്കിയാലും റിയാസിനൊരു വിളിവരും.. അങ്ങിനെ ഞങ്ങളുടെ കമ്പ്യൂട്ടറിനും വൈറല്‍ പനിയും വയറിളക്കവുമെല്ലാം വരുമ്പോള്‍, ഞങ്ങളും വിളിക്കുന്നത് റിയാസിനെ തന്നെ.. ഇതെന്തെ ഇപ്പൊ റിയാസിനെ പറ്റി പറയാന്‍ എന്നല്ലെ..   റിയാസ് ഒരു പുസ്തകവിരോധിയാണ്.

വായനാദിനമെന്നും വായനാവാരമെന്നും ഒക്കെ പത്രങ്ങളിലും വാരികകളിലും എന്തിനു ഇലക്റ്റ്രോണിക് മീഡിയകളില്‍ വരെ നിറയുകയാണ്.. സെമിനാറുകളായി ചര്‍ച്ചകളായി എല്ലാവരും പുസ്തകമെന്നും വായനയെന്നും നാഴികക്കു നാല്‍പ്പതുവട്ടം ഉരുവിടുന്നു.. എന്റെ വായനയുടെ മുക്കാല്‍ നോവല്‍ കഥ കവിത വിഭാഗത്തില്‍ പെടുന്നു.. ലൈബ്രറിയില്‍ നിന്നു കൊണ്ടുവരുന്ന നോവല്‍ കണ്ട് റിയാസ് പുച്ഛത്തോടെ ചോദിക്കും “നിനക്ക് വേറെ പണിയൊന്നുമില്ലെ.. ഈ ചവര്‍ വായിക്കല്ലാതെ”.. എപ്പൊഴും “ചവര്‍ ആണോ എന്നറിയാന്‍ നീ വായിച്ചിട്ടുണ്ടോ “ എന്നൊരു മറുചോദ്യത്തില്‍ ഉത്തരം തീരും.. എന്റെ പുസ്തകങ്ങള്‍ കാണുമ്പോള്‍ അവന്റെ മുഖത്ത് എപ്പൊഴും ഒരു പുച്ഛഭാവമാണ്.. ഇലക്റ്റ്രോണിക്സ് പുസ്തകങ്ങള്‍ അല്ലാതെ മറ്റൊന്നും വായിച്ചിട്ട് കാര്യമില്ലെന്നാണ് റിയാസിന്റെ അഭിപ്രായം.

ഇന്നു വീണ്ടും പത്രത്തില്‍ വായനാദിനം/വായനാവാരം വാര്‍ത്തകള്‍ .. അത് വായിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി റിയാസ് കയറിവന്നപ്പോഴാണ് ഞാന്‍ ചോദിച്ചത്... നീ പഠിക്കാനുള്ളതല്ലാതെ എന്തെങ്കിലും പുസ്ത്കം വായിച്ചിട്ടുണ്ടോ..

“ഉണ്ട്. ഇലക്റ്റ്രോണിക്സ് പുസ്തകങ്ങള്‍”
“അല്ലാതെന്ത് വായിക്കാനാ..”

ഞാന്‍ ഉദ്ദേശിക്കുന്ന വായന എന്താണെന്ന് എങ്ങിനെ വിശദമാക്കണമെന്ന് ആലോചിക്കുമ്പോള്‍ റിയാസിന്റെ വിശദീകരണം.. 

“പത്രം വായിക്കാറുണ്ട്.. പിന്നെ ട്രെയിനില്‍ വരുമ്പോള്‍ ആരെങ്കിലുമൊക്കെ വാങ്ങിക്കുന്ന കോമിക്കുകള്‍ വായിക്കാറുണ്ട്.. “

ശ്ശോ.. അപ്പോള്‍ ഈ വായന എന്നു പറയുന്നത് എന്താണ് എന്നൊരു സംശയത്തില്‍ ഞാന്‍ തട്ടി നില്‍ക്കുമ്പോള്‍, അവന്റെ കളിയാക്കല്‍ പുറത്തു ചാടി..

“അല്ലാതെ നീ വായിക്കണ തരം ഈ വൃത്തികെട്ട പുസ്തകങ്ങള്‍ ഒന്നും ഞാന്‍ വായിക്കില്ല“

എന്നാലും എങ്ങിനെ ഇത്ര പ്രായായിട്ടും ഒരു നോവലൊ കഥയോ വായിക്കാതെ എങ്ങിനെ എന്നൊരു ചോദ്യം എന്റെ മുഖത്ത്  ബാക്കിനിന്നതിനാലാവണം, റിയാസ് നയം വ്യക്തമാക്കിയത്..
ഈ വല്ലവരും എഴുതിവെച്ചിരിക്കണ  കഥയും കവിതയും വായിച്ചിട്ട് എന്താപ്പൊ കാര്യം.. നമുക്ക് യാതൊരു നേട്ടവും ഇല്ല.. എന്തെങ്കിലും വായിക്കാണേല്‍ നമുക്ക്  അതുകൊണ്ട്  ഒരു ലാഭം വേണ്ടെ.. കഥ വായിച്ചത് കൊണ്ട്  നമ്മള്‍ ഒന്നും നേടുന്നില്ല.. ഒരു ഇലക്റ്റ്രോണിക്സ് ആര്‍ട്ടിക്കിള്‍ വായിച്ചാല്‍ ഏതെങ്കിലും ഒരു സര്‍ക്യൂട്ടില്‍ അത്  ഉപയോഗപ്പെടും.. അല്ലെങ്കില്‍ എവിടെയെങ്കിലും.. പക്ഷെ ഒരു കവിതയില്‍ എന്തുണ്ട്...
വീണ്ടും അതേ പുച്ഛഭാവം.. 

Monday, April 1, 2013

“പേന്‍‌തലച്ചീ... “


“പേന്‍‌തലച്ചീ... “


സ്കൂള്‍   ക്ലാസ്സുകളില്‍ ആ വിളി കേട്ടവരാണോ നിങ്ങള്‍? അല്ലെങ്കില്‍ കൂട്ടുകാരെ വിളിച്ചവര്‍ . എന്തായാലും “പേന്‍‌തലയാ..” എന്ന വിളിയേക്കാള്‍ സുപരിചിതമായിരുന്നത് പേന്‍‌തലച്ചി തന്നെ. വിളി കേള്‍ക്കുന്നവള്‍ പല്ലിറുമ്മി മുഖം ചുളിച്ച് പത്തു വിരലും കൊണ്ട് തലയില്‍ ഒരു ചറുപറാ എന്നൊരു മാന്തല്‍ .  ആ കാഴ്ചകാണുന്നവരുടെ തലയില്‍ പേന്‍ ഇല്ലെങ്കില്‍ കൂടി ചൊറിച്ചില്‍ വരും.. 

ഓര്‍ക്കുന്നില്ലെ, ചെറിയ ക്ലാസ്സുകളിലെ കാലിളകുന്ന മരബെഞ്ചുകളേ? ആ ക്ലാസ്സുകളില്‍  തന്നെയല്ലെ പേന്‍‌തലകള്‍ കൂടുതല്‍ കണ്ടതും .. ടീച്ചര്‍ കാര്യമായി ക്ലാസ്സ് എടുക്കുന്നതിനിടയിലാവും അരികിലിരിക്കുന്നവളുടെ മുഖത്തേക്ക് നമ്മുടെ നോട്ടം ചെന്നെത്തുന്നത്.. അവിടത്തെ കാഴ്ചയൊ കണ്ണുകളെ പിടിച്ചിരുത്തുന്നതും..  ചെവികള്‍ക്കരികിലെ നനുത്ത മുടികളിലൂടെ കുഞ്ഞു പേനുകള്‍  അരിച്ചിറങ്ങുന്നുണ്ടാവും.. നല്ല ചൂടുള്ള ഉച്ചനേരങ്ങളിലാവും അമ്മപേനുകളുടെ കണ്ണുവെട്ടിച്ച് നന്നിപേനുകള്‍ വെളിച്ചം തേടുന്നത്.. .. വിയര്‍പ്പിന്റെ നനവില്‍ ഒട്ടിപ്പിടിച്ച് ഉറക്കത്തിലാണൊ എന്നു സംശയിക്കാന്‍ തോന്നും ആ കുഞ്ഞു പേനുകളുടെ ഇരിപ്പുകണ്ടാല്‍ . കാഴ്ചയില്‍  അത്ര സൌമ്യരാണവര്‍ ..   കറുത്ത കൂറ്റന്‍ പേനുകള്‍ മുടിയിഴകള്‍ക്കിടയില്‍ ഒളിച്ചിരിപ്പാ‍വും.. ചിലപ്പൊഴൊക്കെ അവരും എണ്ണതേച്ചു മിനുക്കിയ മുടിയിഴകള്‍ക്ക് മേല്‍ സവാരിക്കിറങ്ങും.. 


സ്മൂളുകളില്‍ അപ്പുറത്തിരിക്കണ കുട്ടിയുടെ തലയില്‍ നിന്ന് ഇപ്പുറത്തെ കുട്ടിയുടെ തലയിലേക്ക് പേനുകള്‍ എത്തുന്നത് എങ്ങിനെയെന്ന് കണ്ടുപിടിച്ചില്ലെങ്കിലും ഒരാളുടെ തലയില്‍ പേനുണ്ടെങ്കില്‍ അത് പടര്‍ന്ന് ബാക്കിയുള്ളവര്‍ക്ക് കൂടി കിട്ടിയിരിക്കും .. ഉള്ളതില്‍ നിന്നും പകുത്തു കൊടുക്കാന്‍ മനസ്സില്ലാത്ത കുട്ടികളും പേനുകളെ അവരറിയാതെ പങ്കുവെക്കുന്നു..  

നാട്ടിന്‍പുറത്തെ ഉച്ചകള്‍ പെണ്ണുങ്ങള്‍ക്ക് പേന്‍ കൊല്ലാന്‍ കൂടെയുള്ളതായിരുന്നു.. ഊണുകഴിഞ്ഞ് വടക്കു വശത്തെ ചായ്പ്പില്‍ അയലത്തെ പെണ്ണുങ്ങള്‍ ഒത്തുകൂടും.. പരസ്പരസഹായസഹകരണസംഘം എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം .. മുറ്റത്തേക്കുള്ള ചവിട്ടുപടികളുടെ മേല്‍ നിരന്നിരുന്ന് പേന്‍‌കൊല്ലലും പരദൂഷണം പറയലും ഒരുമിച്ച് കൊണ്ടുപോവും..  


പേന്‍‌ചീര്‍പ്പുകള്‍ ആയിരുന്നു മറ്റൊരു ആയുധം.. പോത്തിന്‍ കൊമ്പിന്റെ പേന്‍ ചീര്‍പ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു.. ചീര്‍പ്പിന്റെ പല്ലുകള്‍ക്കിടയില്‍ മുടിക്കൊപ്പം കുടുങ്ങികിടക്കുന്ന പേനുകളെ പുറത്തെടുത്ത് ചീര്‍പ്പിന്റെ മുകളില്‍ വെച്ച് തള്ളവിരലിന്റെ നഖം കൊണ്ടൊരു ഞെക്കികൊല്ലല്‍‌ ...എന്തൊരു സന്തോഷമാണെന്നൊ ആ വധത്തില്‍ ..

പക്ഷെ ഇപ്പോള്‍ പേന്‍ തലച്ചികളേ കാണാന്‍ കിട്ടുന്നില്ല.. വഴിയരികിലെ ചീര്‍പ്പുവില്പനക്കാരും പറയുന്നത് പേന്‍ ചീര്‍പ്പുകള്‍ക്ക് പഴയ ഡിമാന്റ് ഇല്ലെന്നാ...

സത്യാണോ. ?

(എന്റെ  തലയിൽ  പേനില്ല.. മുൻ‌കൂർ ജാമ്യം )

Wednesday, March 20, 2013

ആത്മാര്‍ത്ഥമായി ഞാനൊന്നു വെറുതെയിരുന്നോട്ടെ..



പതിനാലു വര്‍ഷത്തെ മൌനത്തിനുശേഷം  മലയാളത്തിന്റെ പ്രിയനടി മഞ്ജുവാരിയര്‍ വീണ്ടും ചിലങ്കയണിഞ്ഞു.പലരും അഭിനയത്തിലേക്കുള്ള തിരിച്ചുവരവായി അതിനെ കണക്കുകൂട്ടി.  അഭിമുഖങ്ങളുടെ പേമാരിയായിരുന്നു തുടര്‍ന്നു പെയ്തൊഴിഞ്ഞത്. ഏല്ലാവരും ചോദിക്കാന്‍ മറക്കാതിരുന്ന ഒരു ചോദ്യമുണ്ട്; എന്തുചെയ്യുകയായിരുന്നു ഇത്രനാള്‍ . സിനിമയുടെ തിരക്കില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷയായ അവര്‍ക്ക് ഉത്തരം നല്‍കാന്‍ യാതൊരു വിഷമവുമില്ലായിരുന്നു. ഞാന്‍ ആത്മാര്‍ത്ഥമായി വെറുതെയിരിക്കുകയായിരുന്നു. വെറുതെയിരിക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അത് മഞ്ജുവാരിയരല്ലെ, അവര്‍ക്ക് അതൊക്കെ പറ്റും എന്നായിരിക്കും ഇത് കേള്‍ക്കുന്ന മിക്കവരുടെയും പ്രതികരണം. അല്ലെങ്കില്‍ എങ്ങിനെയാണ് വെറുതെയിരിക്കുക എന്നൊരു ചോദ്യമുയരും. അതെ,  എങ്ങിനെയാണ് വെറുതെയിരിക്കുന്നത്. ആത്മാര്‍ത്ഥമായി പഠിക്കാം ജോലിചെയ്യാം, എന്നാല്‍ എങ്ങിനെയാണ് ആത്മാര്‍ത്ഥമായി വെറുതെയിരിക്കുന്നത് എന്നത് പ്രസക്തമായ ഒരു ചോദ്യമല്ലെ.. 

ഉണര്‍ന്നാല്‍ ഉറങ്ങും വരെ നമ്മള്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയണ്. ചിലപ്പോള്‍ വെറുതെയിരിക്കാന്‍ തോന്നാറില്ലേ? എന്നും രാവിലെ  ജോലിക്ക് പോയി ഏറെ വൈകി വീട്ടിലെത്തുന്നവര്‍ക്ക് സൂര്യനുദിച്ചിട്ടും കിടന്നുറങ്ങാനൊ അലസമായി ഒരു ദിവസം തള്ളിനീക്കാനൊ ആവും ആഗ്രഹം. ചെയ്യാനുള്ളത് തീര്‍ന്നില്ലെന്നൊ എത്തേണ്ടിടത്ത് സമയത്ത് എത്തിയില്ലെന്നോ ആവലാതിയൊ ആധിയൊ ഇല്ലാതെ ഓരോന്നോരോന്നയ് സൌകര്യപൂര്‍വ്വം ചെയ്യുക. ചെയ്തു മടുത്താല്‍ ഒന്നും ചെയ്യാതെ വെറുതെയിരിക്കുക; അതെ വെറുതെയിരിക്കുക, അതു തന്നെ. ഒപ്പം അവനവന് ഇഷ്ടപ്പെട്ടത് ചെയ്യാന്‍ സ്വന്തമായ് കുറച്ച് സമയം. അതും ചെയ്യാന്‍ തോന്നുന്നസമയത്ത് സ്വന്തമാക്കാനാവുക. വെറുതെയിരിക്കുകയെന്നാല്‍ ഇതാവുമൊ അര്‍ത്ഥമാക്കുന്നത്.

മുമ്പൊക്കെ വൈകുന്നേരം പണിയൊതുക്കി നാമം ചൊല്ലാനിരിക്കുന്നതും, ഒരു ദിവസത്തെ അല്പനേരം വെറുതെയിരിക്കാനുള്ള ശ്രമമായിരുന്നില്ലെ. ചൊല്ലി ചൊല്ലി മന:പാഠമായിപോയ കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും വലിയ ശ്രമങ്ങളില്ലാതെ ഒഴുകിവീഴുമ്പോള്‍ തിളച്ചുതൂവുന്ന അത്താഴമൊ അടക്കാതെ പോയ വാതിലുകളോ മനസ്സിലേക്ക് കടന്നുവരില്ലെങ്കില്‍ ചിന്തകള്‍ ഏറെയലട്ടാതെ വെറുതെയിരിക്കല്‍ തന്നെയാവുന്നു. വടക്കിനികോലായിലെ നുണക്കൂട്ടങ്ങളും ആല്‍‌ത്തറകളിലെ സായാഹ്നക്കൂട്ടങ്ങളും ഒരു ദിവസത്തില്‍ വെറുതെയിരിക്കാനുള്ള അവസരങ്ങള്‍ ഒരുക്കിയിരുന്നു. ഒരു പക്ഷെ ഇന്ന് ഇരുപത്തിനാലുമണിക്കൂര്‍ തികയാതെ പോവുന്ന ഓട്ടമായിരിക്കാം വലിഞ്ഞുമുറുകി പൊട്ടാനിരിക്കുന്ന ശരീരത്തിനെയും മനസ്സിനെയും അല്പനേരം കെട്ടഴിച്ചു വിടാന്‍ റിലാക്സേഷന്റ്റെ ആധുനികവഴികളിലേക്ക് നമ്മെ എത്തിക്കുന്നത്. 

ചെറിയകുട്ടികള്‍ അരിച്ചു നീങ്ങുന്ന ഒരു കുഞ്ഞുറുമ്പിനെ നോക്കി എത്രയൊ നേരമിരിക്കും. അതിന്റെ ഓരോ ചലനവും മനസില്‍ പകര്‍ത്തി എത്ര സന്തോഷ്ത്തോടെയാവും അവര്‍ അടങ്ങിയിരിക്കുക. ആ ഒരേഒരു ചിന്തമാത്രം സ്വന്തമാക്കിയിരിക്കാന്‍ അവര്‍ക്ക് കഴിയുന്നു. സന്ധ്യക്ക് അരമണിക്കൂര്‍ കറണ്ട് പോവുമ്പോള്‍ ഒരു മെഴുകുതിരി വെട്ടം പോലും കയ്യിലില്ലെന്നിരിക്കട്ടെ. ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവിനെയൊ, ആകാശത്ത് കണ്ണുചിമ്മി ഞാനിവിടെ ഉണ്ടെ എന്ന് കൊഞ്ചുന്ന നക്ഷത്രത്തെയൊ കാണാതെ കറണ്ടുവരുമ്പോള്‍ ചെയ്യാനുള്ളതിന്റെയൊ ചെയ്യാനാവാത്തതിന്റെയൊ കണക്കെടുപ്പായിരിക്കും നമ്മള്‍ നടത്തുന്നത്.

 തിരക്കുപിടിച്ച ജോലിക്കിടയില്‍ അപ്രതീക്ഷിതമായി കൂട്ടുകാരന്റെ സന്ദേശം
“ഓണ്‍ലൈന്‍ വന്നാല്‍ അല്പം കത്തിവെക്കാമായിരുന്നു”

 വർത്തമാനം തുടരുമ്പൊഴാണ് അവധിയെടുത്ത് തുടര്‍ച്ചയായി നാലുദിവസം വെറുതെയിരിക്കുകയായിരുന്നു എന്നറിയുന്നത്. വെറുതെയിരുന്ന് എന്തു ചെയ്തു എന്ന മണ്ടന്‍ ചോദ്യത്തിന്റെ ഉത്തരമാണ് രസകരമായത്.. കുഞ്ഞിനോടൊത്ത് കളിച്ചു, ആഘോഷമായി കുളിച്ചു,  കുറെ ടിവി കണ്ടു, കിടന്നുറങ്ങി, പിന്നെ ഭക്ഷണം ഉണ്ടാക്കി കഴിച്ചു.. വെറുതെയിരിക്കല്‍ അജണ്ടയിലെ അവസാനത്തെ പരിപാടി എന്നെ ശരിക്കും ഞെട്ടിച്ചു.. പാചകം ചെയ്യല്‍ വെറുതെയിരിക്കലില്‍ പെടുമൊ.. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ലെങ്കില്‍ നമുക്ക് ഇഷ്ടപ്പെട്ടത് ഉണ്ടാക്കികഴിക്കുന്നതും ഒരു രസമല്ലെ.. 

എന്താ നമുക്ക് അല്പനേരം വെറുതെയിരുന്നാലൊ ?

Thursday, March 7, 2013

അനാദിക്കട



കാലം കുറെ കൂടിയാ ഞാന്‍ കുമാരേട്ടന്റെ കടയില്‍ വീണ്ടും ചെന്നത്.... മുമ്പ് വൈകുന്നേരങ്ങളിലെ കടയില്‍ പോക്ക് എന്റെ ജോലിയായിരുന്നു.. .. .ഇപ്പോഴും ആ കടക്ക് വലിയ മാറ്റമൊന്നും ഇല്ല.. . ഞങ്ങളുടെ അനാദിക്കട :)

പാഴായ (പഴയ ) ഒരു എഴുത്തുകാലത്ത്തിന്റെ ബാക്കി പത്രവും :(



ഒരു കിലോ അരി, നൂറു മുളക്, പത്തു  രൂപക്ക്  പച്ചക്കറി, പിന്നെ ഒന്ന് ചവയ്ക്കാന്‍ വെറ്റിലെം പോകലേം .. നാലും കൂടിയ മുക്കിലെ പലചരക്ക് കടയില്‍ നിന്ന് ഇപ്പോഴും ഈ വായ്ത്താരി ഉയരുന്നുണ്ടാവുമൊ? ഉണ്ടെങ്കില്‍ തന്നെ എത്രകാലത്തേക്ക് .. ? സുന്ദരവും വര്‍ണ്ണശബളവുമായ പാക്കറ്റുകള്‍  ആരുടെയും ശ്രദ്ധയാകര്‌ഷിക്കും വിധത്തില്‍ അവിടെ ഒരുക്കി വച്ചിട്ടുണ്ടവില്ല .. കടയുടെ പേരും ചിഹ്നവും പതിച്ച് യൂണിഫോമില്‌ സുന്ദരന്മാരും സുന്ദരികളും ഒരുപ്ലാസ്ടിക് ചിരിയുമായി അവിടെ ഓടി നടക്കുന്നുമില്ല.. കുറെ ചാക്കുകളും കുട്ടകളും പഴക്കുലകളും ഒക്കെ ഒരു ചെറിയ മുറിയിലും മുന്‍ വശത്തുമായ്  "ഉള്ള സ്ഥലത്തൊക്കെ ഇരിക്ക് " എന്ന മട്ടില്‍ കിടപ്പുണ്ടാവും .. അതിനിടയില്‍ മുഷിഞ്ഞ വേഷമെങ്കിലും മുഷിയാത്ത മുഖവും ചിരിയുമായി ഒന്നോ രണ്ടോ പേര്‌ ഓടിനടക്കുന്നുണ്ടാവും .. മിക്കവാറും അതില്‍ ഒരാള്‌ തന്നെയാവും കടയുടമ .. കണക്കൊരു കീറാമുട്ടിയായ്  നടക്കുന്ന എത്രയോ പത്താം ക്ലാസ്സുകാര്‍ സ്കൂളിന്റെ പടിപോലും കണ്ടിട്ടില്ലാത്ത ഇവരുടെ മനക്കണക്ക് കൂട്ടലില്‍ അന്തം വിട്ട് നിന്നിട്ടുണ്ടാവും.. കാല്‌കുലേറ്റരും കമ്പ്യൂട്ടരുമായ് അഞ്ചും പാത്തും പതിനഞ്ച് എന്ന കൂട്ടിത്തരുന്ന ഇന്നത്തെ സൂപ്പര്‌ മാര്‍കറ്റ്‌കാര്‍ ഇവരുടെ നാലയല്വക്കത്ത് വരുമോ? താനിവിടത്തെ സ്ഥിരം കസ്റ്റമര്‌ ആണെന്ന് കാണിക്കാന്‍ കാര്‍ഡ് വേണമെന്ന് അനുശാസിക്കുന്ന പുത്തന്‍ കടക്കാര്‍ക്ക് അതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. കമ്പ്യൂട്ടര്‌ ബില്ലിന്റെ താഴെ അച്ചടിച്ച് വെച്ചിരിക്കുന്ന ആശംസള്‌ക്ക് വിയര്‍പ്പില്‍ കുതിര്‍ന്ന ആ ചിരിയുടെയും തലയാട്ടലിന്റെയും ഊഷ്മളതയുണ്ടോ ?

സാധനങ്ങള്‍ തൂക്കി പൊതിഞ്ഞ് കണക്കുകൂട്ടുന്നതിനിടയില്‌  അമ്മൂമ്മയുടെ കാലുവേദനയും വീട്ടിലെ മറ്റു വിശേഷങ്ങളും ഒക്കെ ചോദിച്ച് ബന്ധങ്ങള്‍ ഊട്ടിയുരപ്പിക്കുന്നവരായിരുന്നു അവര്‌. ..  അന്തിക്കഞ്ഞിക്കുള്ള അരിയുടെ കൂടെ ഒരല്പം സ്നേഹവും കരുതലും കൂടി പൊതിഞ്ഞു നല്കിയിരുന്നില്ലേ?  അതുകൊട്ണാണല്ലൊ വീട്ടില്‍ ഒരു വിരുന്നുകാരന്‍ വന്നാല്‍ പുറകിലെ  വാതിലിലൂടെ ഓടിച്ചെന്ന്  കുറച്ച് ചായപ്പൊടിയും പഞ്ചസാരയും കടം വാങ്ങാന് നമുക്ക് ധൈര്യം തന്നിരുന്നതും ..അതിനു ക്രെഡിറ്റ് കാര്‍ഡിന്റെ പളപളപ്പൊന്നും വേണ്ടായിരുന്നല്ലൊ.. അവിടെ വിനിമയം ചെയ്യപ്പെട്ടിരുന്നത് അരിയും പരിപ്പും മാത്രമായിരുന്നില്ല, നാട്ടിലെ വിശേഷങ്ങള്‌ (അല്പം പരദൂഷണവും ) കൃത്യമായി കൈമാറുന്ന ഒരു ന്യൂസ് ബ്യൂറോ കൂടിയായിരുന്നു. 

വടക്കേ മുറ്റത്തെ വാഴയിലെ ഒരു കുല പഴമോ അധികം വന്ന നാല് തേങ്ങയൊ അവിടെ കൊടുത്ത്  കാശാക്കുകയൊ സാധനങ്ങള്‌ വാങ്ങുകയൊ ചെയ്യുമായിരുന്നു. ബ്രാന്‍ഡ് ഉല്പന്നങ്ങള്‌ മാത്രം വില്‌കപ്പടുന്നിടത്ത് ഇത്തരം ഒരു സഹായം എങ്ങനെ പ്രതീക്ഷിക്കാന്‍ ! അലക്കിത്തേച്ച കുപ്പായത്തിന്റെ ചതുരവടിവുകളില്‍ ജീവിക്കുന്നമലയാളിക്ക് ഇതെല്ലാം അന്യമാവുകയാണ്‌ .. കിലോ കണക്കിന്‌ സാധനങ്ങള്‍ പാക്കറ്റായി വെച്ചിരിക്കുന്നിടത്ത് ചെന്ന് പത്തു രൂപ പച്ചക്കറി എങ്ങിനെ ചോദിക്കും ? മുഖ്യധാരയില്‍ നിന്ന് പുരം തള്ളപ്പെട്ടവര്‍ ഞെങ്ങിഞെരുങ്ങുന്നിടത്തൊ, ഓണം കേറാമൂലയായ ഏതെങ്കിലും നാട്ടിന്‍ പുറത്തോ അതിജീവനത്തിന്റെ ഭാഗമായി ഈ കടകള്‍ നിലനില്‍ക്കുമായിരിക്കുമല്ലേ ? 

അപ്പോ.. അരി .. എണ്ണ .. സോപ്പ് .. പിന്നെന്താ ?


(കാലമേറെ പഴയതാണ് എന്ന് വെച്ചാല്‍ 2006/7 .. ടൈപ്പ് ചെയ്യുമ്പോള്‍ തിരുത്താന്‍ തോന്നി ചിലയിടതൊക്കെ.. പക്ഷെ ഒരു തിരുത്തല്‍ മാത്രം.... 2 രൂപ പച്ചക്കറി ചോദിക്കുന്നത് ഇത്തിരി കടന്ന കയ്യാവില്ലെ  ഇന്ന് .. അത് കൊണ്ട് മാത്രം )

Tuesday, January 1, 2013

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കൌമാരം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കൌമാരത്തിലേക്ക് സ്വാഗതം .. 

ശനിയാഴ്ച നാടെങ്ങും ഒരുപാട് മെഴുകുതിരികള്‍ കത്തിതീര്‍ന്നു.. ഔപചാരികമായാണെങ്കിലും അല്ലെങ്കിലും ഒരു ക്രൂരതയുടെ ഓര്‍മ്മപുതുക്കി ഇനിയും ആവര്ത്തിക്കരുതെ എന്ന് ചിലരെങ്കിലും മനസ്സുരുകി ചിന്തിച്ചു ... ഞാന്‍ ഭാഗമായ പട്ടണവും വിട്ടുനിന്നില്ല.. വിവിധ സംഘടനകളുടെ പേരില്‍ രാഷ്ടീയ പാര്ട്ടികളുടെ കൊടിക്കീഴില്‍ മതങ്ങളുടെ, ജാതികളുടെ വ്യക്തികളുടെ അങ്ങിനെ പലതാവഴികളില്‍, വഴികളില്‍ മൈതാനങ്ങളില്‍ മൗനജാഥകളും പ്രതിഷേധങ്ങളും അരങ്ങേറി .. ഞായരാഴ്ചയുടെ പത്രത്താളുകളില്‍ നിറയെ ചിത്രങ്ങള്‍ നിരന്നു കിടന്നു.. ഇടയില്‍ ഒന്നില്‍ കണ്ണുടക്കി നിന്നു..  അതില്‍ ഏറ്റവും മുന്നില്‍ നിന്നത് ഞങ്ങളുടെ ഹോസ്റ്റലിലെ കൊച്ചു കൂട്ടുകാര്‍ ...

ഹോസ്റ്റലിലെ മിണ്ടാപ്രാണികള്‍ ആണവര്‍ .. വായുഗുളിക വാങ്ങാനെന്നപോലെ തിരക്കിട്ടാണ്‌ അവരുടെ നടത്തം ..നടക്കാറില്ല അവര്‍ ഓടാറെ ഉള്ളു എന്നതാണ്‌ സത്യം .. ആരെയെങ്കിലും തട്ടിയാല്‍ സോറി പറയാന്‍ തിരിയും മുമ്പ് തന്നെ  അവര്‍ ബഹൂദൂരം പിന്നിട്ടിരിക്കും .. ഷെഡ്യൂള്‍ അനുസരിച്ച് ടൈടേബിള്‍ വെച്ചാണ്‌ അവരുടെ ഓരോ ദിനചര്യയും .. അതെ, അവര്‍ ഒരു വര്ഷം കളഞ്ഞ് ഡോക്റ്റര്‍ ആവാന്‍ ഒരു അവസരം കിട്ടുമോ എന്ന് നോക്കാന്‍ വന്നവരാണ്‌ .. അതുകൊണ്ട് തന്നെ ഓരോ നിമിഷവും അവര്ക്ക് വിലപ്പെട്ടതാണ്‌.. ..... ....... മെസ്സില്‍ കഴിക്കാന്‍ വരുമ്പോള്‍ പോലും അവരുടെ കയ്യില്‍ നോറ്റ്സ് ഉണ്ടാവും .. വീട്ടില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ക്കിടയില്‍ പോലും അവര്‍ അതിലേക്ക് നോക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിക്കാറുണ്ട്.. സാധാരണ അവിടെ നടക്കുന്ന യാതൊരു വിധ ബഹളങ്ങളിലും അവര്‍ ഉണ്ടാവാറില്ല.. എന്തിനു സ്വന്തം വീട്ടിലെ കല്ല്യാണവും മരണവും പോലും അവര്‍ക്ക് അന്യമാണ്‌.. .. ..

അതുകൊണ്ട് തന്നെ എനിക്ക് അത്ഭുതമായിരുന്നു, ഇവര്‍ ഇങ്ങനെ ഒരു പ്രകടനത്തില്‍ എങ്ങിനെ വന്നു പെട്ടു എന്ന് .. അതും ഒരാള്‍ അല്ല, മുന്‍നിരയില്‍ മുഴുവന്‍ അവര്, പുറകിലെ കുഞ്ഞു മുഖങ്ങളിലും പരിചിതമായവര്‍ അനവധി .. നിര്‍ബന്ധമായി ഇറക്കിയതാണോ എന്നൊരു സംശയം തോന്നാതിരുന്നില്ല.. 

അധികം കാത്തിരിക്കേണ്ടി വന്നില്ല.. പേജുകള്‍ മറിയും മുമ്പ് തന്നെ അവര്‍ എത്തി .. ഞാന്‍ ചിത്രത്തിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍  അവര്‍ കഥ പറഞ്ഞു.. 

അന്നും അവര്‍ക്ക് പതിവുപോലെ ക്ളാസ്സ് ഉണ്ടായിരുന്നു.. പങ്കെടുക്കാനുള്ള നിര്ദ്ദേശം വന്നപ്പോള്‍ നിങ്ങള്ക്ക് പോണോ എന്നായിരുന്നു സാറിന്റെ ചോദ്യം ... നിങ്ങള്ക്ക് ആ കുട്ടിയെ അറിയില്ലല്ലൊ, പിന്നെന്താ എന്നൊരു ചോദ്യം കൂടിയായപ്പോഴാണ്, അനുപ എഴുനേറ്റത് . "ഞങ്ങള്‍ക്ക് പോവണം ".. "ആകുട്ടിയെ കുറിച്ച് നിങ്ങള്ക്ക് ചിന്തയുണ്ടൊ" എന്ന ചോദ്യത്തിനുത്തരം കരിഷ്മയുടേതായിരുന്നു "ഉണ്ട് .. ഞങ്ങളേ പോലൊരാള്‍ ".. നഷ്ടമാവുന്ന അര ദിവസത്തെ ക്ളാസ്സിനെ കുറിച്ച് ആകുലപ്പെടുത്താന്‍ ആളുണ്ടായിട്ടും അവര്‍ പുറത്തിറങ്ങി.. അനുപ വീണ്ടും അതിനേകുറിച്ച് പറഞ്ഞ് രോഷം കൊള്ളുന്നു.. കരിഷ്മയാണെങ്കില്‍ താനെന്തൊ വലിയ കാര്യം ചെയ്ത സന്തോഷത്തിലാണ്‌ .. പക്ഷെ ഗസലയെന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള പാവക്കുട്ടിയാണ്‌ എന്നെ ശരിക്കും ചിന്തിപ്പിച്ചത്.. അച്ഛനമ്മമാര്‍ മലയാളികള്‍ എങ്കിലും ഇപ്പോള്‍ അവള്‍   ആന്ധ്രാക്കാരിയാണ്‌ ..  ഒരു ദിവസം അമ്മയുടെ വിളി വന്നില്ലെങ്കില്‍ വിഷമിച്ചിരിക്കുന്നവള്‍ .. എപ്പൊഴും കണ്ണൂകള്‍ നിറഞ്ഞിരിക്കുന്നെന്ന് തോന്നും .. പക്ഷെ ഇന്നു അവളുടെ കണ്ണിലെ തിളക്കം എന്നെ ശരിക്കും അമ്പരപ്പിച്ചു...

"ഗസല എങ്ങിനെ ഈ കൂട്ടത്തില്‍ പെട്ടു" .. ചേച്ചീ, എനിക്ക് ഒത്തിരി സങ്കടം തോന്നിയിരുന്നു ആകുട്ടിയുടെ വാര്ത്ത കേള്ക്കുമ്പോള്‍ ..എനിക്ക് മലയാളം വായിക്കാന്‍ അറിയാത്തോണ്ട് ഇവരൊക്കെ പറയുന്നത് കേള്ക്കും .  ഞാന്‍ തന്നെ പോവും ന്ന് കരുതിയില്ല.. എന്നാലും ആര്‍ക്കൊക്കെ പോവണം ന്ന് ചോദിച്ചപ്പോള്‍ ഞാനും  എഴുനേറ്റു.. ഞങ്ങള്‍  എല്ലാവരെയും ഇറക്കി.. 

ഗസല എല്ലാ പത്രങ്ങളിലും വന്ന അവളുടെ പടങ്ങള്‍ വെട്ടി സൂക്ഷിച്ചു വെച്ചിരിക്കുന്നു.. ഒന്നിനും ധൈര്യമില്ല എന്നു പറയുന്ന വീട്ടുകാരെ കാണിക്കാന് .. അല്ലെങ്കില്‍ അവര്‍ വിശ്വസിക്കില്ല.. 

എല്ലാം പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോള്‍ അവള്‍ പുറകില്‍ നിന്ന് വിളിച്ച് ചോദിക്കുന്നു.. 

"ചേച്ചീ, ഞങ്ങള്‍ പോവ്വേണ്ടായിരുന്നൊ.. ഒരു ദിവസത്തെ ക്ലാസിനേക്കാള്‍ ഇതു തന്നെയല്ലെ ശരി .. ടീച്ചര്‍മാര്‍ക്ക് അങ്ങിനെ ഒക്കെ പറയാം .. ഞങ്ങളേപോലെ തന്നെ അല്ലെ ആ കുട്ടിയും"

Tuesday, September 18, 2012

ഭൂമിയുടെ അവകാശികള്‍


ഭൂമിയുടെ അവകാശികള്‍

ഭൂമിയുടെ അവകാശികള്‍  മനുഷ്യര്‍ മാത്രമാണെന്ന അഹങ്കാരമൊന്നും എനിക്കില്ല.. എന്നാലും നമുക്കു വേണ്ടിയാണ് മറ്റെല്ലാം എന്നൊരു ചിന്ത ഇടക്കൊക്കെ അറിയാതെ കേറിവരാറുണ്ട്..

മുറ്റത്ത് ഉണക്കാനിട്ട നെല്ലും കൊണ്ടാട്ടവുമൊക്കെ കാക്കയും കോഴിയും കൊത്താതിരിക്കാന്‍ കുട്ടിയായിരുന്നപ്പോള്‍ ഞാനും കുറെ കാവലിരുന്നിട്ടുണ്ട്..  .. അതൊരു ശിക്ഷയായാണ് മിക്കപ്പോഴും തോന്നിയിരുന്നതും.. ഒരു വശത്ത് കളിയും മറുവശത്ത് കാവലുമാവുമ്പോള്‍ പക്ഷികള്‍ക്ക് അവരുടെ പങ്ക് സ്വന്തമാക്കാന്‍ ഏറെയൊന്നും പണിപ്പെടേണ്ടി വരാറില്ല.. പിന്നെ കോഴികള്‍ താളാത്മകമായി നെല്ലു കൊത്തിത്തിന്നുന്നത് കണ്ടിരുന്ന് രസിക്കുമ്പോള്‍ പുറത്ത് അമ്മയുടെ മുട്ടന്‍ അടി വന്നു വീഴുന്നതും സ്ഥിരം പരിപാടി.. കാക്കകളുടെ കള്ളനോട്ടവും അപ്രതീക്ഷിതമായ ലാന്റിങും ഒന്നും തടയാന്‍ എന്റെ കാവലിനു കഴിയാറുമില്ലായിരുന്നു..  എന്നാലും അരിചേറി വൃത്തിയാക്കുമ്പോള്‍ അടുത്തു കൂടുന്ന കോഴികള്‍ക്ക് അതിലൊരു പങ്ക് അമ്മ എറിഞ്ഞു കൊടുക്കും.. അത് അവരുടെ അവകാശമായിരുന്നിരിക്കാം.. 

വര്‍ഷങ്ങള്‍ക്ക് ശേഷം നഗരത്തിലെത്തിയപ്പോള്‍ ഒരു തമിഴ് ബ്രാഹ്മണരുടെ വീട്ടില്‍ വെച്ചാണ് ഞാന്‍ ആദ്യമായി “ഉറുമ്പിനു വെച്ചത്”“ കണ്ടത്.. ഒരു വീടിന്റെ ജനല്‍ മറ്റൊരു വീട്ടിലേക്ക് തുറക്കുന്നത്ര അടുത്തടുത്തായിരുന്നു അവിടെ വീടുകള്‍ ... ആകെയുള്ള ഒറ്റമുറി-വരാന്ത വീട്ടിലും സാളഗ്രാമവും പൂജയുമൊക്കെ യായി ചിട്ടയോടെ ജീവിച്ചിരുന്നവരായിരുന്നു അവര്‍ .... ഒരിക്കല്‍ അവിടെ ചെന്നപ്പോഴാണ് മതിലിനു മുകളില്‍ വെച്ചിരിക്കുന്ന കുറച്ച് അരിമണികള്‍ കണ്ടത്.. ഇതെന്ത് എന്ന എന്റെ കൌതുകത്തിനു മറുപടിയായാണ്  ഉറുമ്പുകള്‍ക്ക് തിന്നാനാണ് അത് വെച്ചിരിക്കുന്നതെന്നു അവിടത്തെ അമ്മ മറുപടി പറഞ്ഞതും..

വീണ്ടും ഇതൊരു കാഴ്ചയായത് രാജസ്ഥാനില്‍ വെച്ചാണ്.. കൂട്ടുകാരിയുടെ സ്ഥിരം വിശേഷമായിരുന്നു വീടിന് അകത്തേക്ക് പോലും കയറിവരുന്ന മയിലുകള്‍ ... അങ്ങോട്ട് വണ്ടി കയറുമ്പോള്‍ എന്റെ പ്രതീക്ഷകളില്‍ ഒന്നായിരുന്നു മയിലിന്റെ തൊട്ടടുത്ത് നിന്നൊരു ഫോട്ടോ.. അതിന്റെ നനുത്ത പീലികളില്‍ ഒരു തലോടല്‍ ..  മൃഗശാലകളില്‍ പോലും മയിലുകള്‍ ദൂരെ നിന്നുള്ള കാഴ്ചമാത്രമായിരുന്നു.. പിന്നെയും അടുത്ത് കണ്ടിരിക്കുന്നത് നാട്ടിലെ കുറ്റികാടുകളില്‍ തന്നെ.. കോളേജുകാലങ്ങളില്‍ രാവിലെത്തെ ബസ്സിനു പോവുമ്പോള്‍ കോതചിറ കാടിനടുത്ത് മിന്നിമറയുന്ന മയിലുകളേ കാണാം.. പക്ഷെ ബസ്സിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അവ ഉള്‍വലിയും.. രമേശ്വരം മധുര റൂട്ടിലെ റേയില്‍ പാളങ്ങള്‍ക്കരികിലെ കൊച്ചു മരങ്ങളില്‍ നിറയെ മയിലുകള്‍ ഇരിക്കുന്നത് കാണാം.. ഒരു പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ മയിലുകളെ ഒരുമിച്ച് കണ്ടിരിക്കുന്നതും അവിടെ തന്നെ.. 

പറഞ്ഞു വന്നത് എന്റെ മയില്‍കാഴ്ചകള്‍ അല്ല.. അവയ്ക്കു കഴിക്കാനായി വെച്ച ധാന്യവും വെള്ളവുമാണ്.. ഇടക്കൊക്കെ അതില്‍ പങ്കു പറ്റാന്‍ പ്രാവുകളും അവിടെ എത്തുന്നുണ്ടായിരുന്നു.. കാണുന്നവരോടൊക്കെ പേരെന്ത് എന്നു ചോദിക്കുന്നതിനെക്കാള്‍ മുമ്പ് ജാതി ചോദിക്കുന്നവരുടെ നല്ല വശം... ഓരോ വീടിന്റ്റെയും ചുറ്റുമതിലില്‍ ചെറിയ പാത്രങ്ങളില്‍ വിവിധതരം  ധാന്യങ്ങള്‍ വെച്ചിരുന്നു; പിന്നെ വെള്ളവും.. അവിടെയുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം ഒരു മയിലെങ്കിലും ഞാന്‍ താമസിച്ചിരുന്നിടത്ത് വന്ന് ധാന്യം തിന്നുമെന്ന് വിചാരിച്ചു.. ദൂരെ നിന്ന് അവയുടെ ശബ്ദം കേള്‍ക്കുമ്പോഴെ ഞാന്‍ വരാന്തയില്‍ ഹാജരായി.. പക്ഷെ എന്തൊ ഒരിക്കല്‍ പോലും അവ എന്റെ അടുത്ത് വന്നില്ല .. അടുത്തുള്ള വീടുകളുടെ ഏറ്റവും മുകളില്‍ വന്നിരിക്കും.. ആ ഇടത്തെല്ലാം രണ്ടും മൂന്നും നിലകളുള്ള വലിയ വീടുകള്‍ ആയിരുന്നു..  വഴികള്‍ തോറും കറങ്ങി നടക്കുമ്പൊള്‍ മരകൊമ്പുകളില്‍ ചെറിയ പാത്രങ്ങള്‍ കെട്ടി തൂക്കിയിരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. അതിലും ധാന്യങ്ങളും വെള്ളവും  തന്നെയാണെന്ന് എന്റ്റെ കൂട്ടുകാരി പറഞ്ഞു...  പിന്നെ ചെല്ലുന്നിടത്തെല്ലാം ഞാന്‍ ഭക്ഷണതട്ടുങ്ങളേ തിരഞ്ഞു... 

കേരളത്തിനു പുറത്ത് കുറച്ചൊക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു കാഴ്ച ആദ്യമായിട്ടായിരുന്നു.. അല്ലെങ്കില്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് ഇപ്പൊഴാണ്.. എനിക്ക് വളരെ ഇഷ്ടപെട്ട ഒരു കാഴ്ചയുമായിരുന്നു.. വെറും കാഴ്ചയിലെ പുതുമ മാത്രമല്ല, സഹജീവികളോടുള്ള ധര്‍മ്മം കൂടി ആണെന്നു തോന്നി.. 

(ചോരപുരണ്ട മയില്‍ പീലി : ഞാന്‍ ഇപ്പൊ വായിക്കുന്നത് സുസ്മേഷ് ചന്ത്രോത്തിന്റെ പേപ്പര്‍ ലോഡ്ജ്.. അതില്‍ ഒരിടത്ത് ഇങ്ങനെയും ഒരു കാഴ്ച കടന്നു വരുന്നു.. ചിലര്‍ മനുഷ്യരുടെ  തലയറുക്കാന്‍ പഠിപ്പിക്കുന്നത് മയിലുകളുടെ തലവെട്ടിക്കൊണ്ടാണ്.. )

Sunday, July 22, 2012

സ്വവര്‍ഗ്ഗാനുരാഗികള്‍

കുന്നും കാടും താണ്ടിയുള്ള വരവിലാണ് ഞാന്‍ കടല്‍ തീരത്തെത്തിയത്..

എത്ര ദൂരം എന്ന എന്റെ ചോദ്യത്തിന് പത്തു നിമിഷം എന്നുമറുപടി...വീട്ടില്‍ നിന്നും കടല്‍ തീരത്തേക്കുള്ള ദൂരമാണത്... ഓട്ടോ വിളിക്കണൊ എന്നൊരു നോട്ടത്തിനു ഞാന്‍ അവള്‍ക്കു നേരെ കണ്ണുരുട്ടി..  സത്യത്തില്‍ അവള്‍ ഏറെ തളര്‍ന്നിരുന്നു.. അവളുടെ കുഞ്ഞാമിയും .. യാത്രയില്‍ പരിചയപെട്ടവര്‍ ഞങ്ങളോട് ചോദിച്ചത് “രണ്ടും ഈ അരയും” കൂടിയാണോ  കാടും മേടും തെണ്ടിയതെന്നാ.. രണ്ടു വയസ്സ് തികയാത്ത കുഞ്ഞാമിയെ എങ്ങിനെ അരയായി കൂട്ടാന്‍ ..  പത്തു ദിവസം നീണ്ട യാത്രയായിരുന്നു ഞങ്ങളുടേത്.. അതിനും മൂന്നു ദിവസം മുമ്പേ ഞാനെന്റെ ഭാണ്ഢം മുറുക്കിയിരുന്നു.. 

മണ്‍‌വഴി താണ്ടി വേലി ചാടി ഏതോ പറമ്പിലെത്തി.. വീണ്ടും വേലി ചാടിയപ്പോള്‍ മുന്നില്‍ ഒരു ഒറ്റയടിപ്പാത.. ഏറെ പോയില്ല.. ഇടവെട്ടിയ വഴിക്കരികില്‍ ഒരു കുഞ്ഞു തോട്.. കുറുകെയിട്ട തെങ്ങിന്‍ തടിയില്‍ ഒരു സര്‍ക്കസ്സ് നടത്തം.. ആരുടെയൊ വിശാലമായ തൊടിയിലെത്തും മുമ്പ് ആരുടേതുമല്ലാത്ത ഒരു പുല്‍തുണ്ട്.. അതില്‍ നിറയെ മേഞ്ഞു നടക്കുന്ന ആടുകള്‍ ... രണ്ടു വയസ്സുകാരിക്ക് ഇതില്‍ പരം എന്തു വേണം സന്തോഷിക്കാന്‍ ... അവള്‍ക്ക് കളിക്കാന്‍ മുട്ടനല്ലാത്ത ഒരു ആടിനെ കൊടുക്കൊ എന്ന് പത്തുവയസ്സ് തികയാത്ത ഇടയന്‍ ചെറുക്കനോട് അമ്മയുടെ അന്വേഷണം.. ഇതെല്ലാം മുട്ടന്മാരാ എന്ന ഇടയന്റെ ഉത്തരത്തിന് ഞങ്ങള്‍ ഇരുവരും മുഖത്തോട് മുഖം നോക്കി.. കാരണം മറ്റൊന്നുമല്ല.. അവന്റെ കയ്യിലുണ്ടായിരുന്ന നാലുകയറിന്‍   തുണ്ടുകളുടെയും അറ്റങ്ങളില്‍ ഓരോ ആടുകള്‍ .. അതില്‍ രണ്ടെണ്ണം മറ്റു രണ്ടെണ്ണത്തിനു മുകളില്‍ കേറാനുള്ള ശ്രമത്തിലായിരുന്നു.. പക്ഷെ ആദ്യം ഞങ്ങള്‍ കാണുമ്പോള്‍ അനുപാതം  വിപരീതമായിരുന്നു.. 

രണ്ടു പേരുടേയും ചിന്തകള്‍ പോയത് ഒരേ വഴിയില്‍ .. കുഞ്ഞിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ ഒന്നും മിണ്ടാതെ വിട്ടു.. ആടുകള്‍ സ്വന്തം വീട്ടിലണയും വരെ ഞങ്ങളുടെ കണ്ണുകള്‍ അവയെ സൂക്ഷ്മമായി പിന്തുടര്‍ന്നു.. അവര്‍ ഇണകളെ പരസ്പരം മാറ്റികൊണ്ടിരുന്നു.. ഒപ്പം അംശവും ഛേദവും.. നാലുമുട്ടനാടുകളും തിമര്‍ത്തുകേറുന്നു.. കടലിന്റെ ഇരമ്പല്‍ കേള്‍ക്കും വരെ ഞങ്ങള്‍ മൌനികളായിരുന്നു.. കുഞ്ഞു മാത്രം പുല്‍പരപ്പിനു നടുവിലെ ഒറ്റയടിപ്പാതക്കപ്പുറം മറഞ്ഞു പോവുന്ന ആടുണ്ണികളെ കുറിഞ്ഞു എന്തൊക്കെയൊ പറഞ്ഞു കൊണ്ടിരുന്നു.. 

“ആ മുട്ടനാടുകള്‍ സ്വവര്‍ഗ്ഗാനുരാഗികളാണ്“

എന്റെ പ്രസ്താവനയില്‍ ഒരു ചോദ്യത്തിന്റെ ധ്വനിയുണ്ടായിരുന്നെന്നു തോന്നുന്നു.. അവള്‍ ഉത്തരം പറഞ്ഞത്  “അതെ” എന്നായിരുന്നു.. “ആയിരിക്കാം “ എന്നല്ല;  “ആണോ” എന്നും 

മനുഷ്യനിടയില്‍ പറഞ്ഞു മടുത്ത വിഷയം ഒരു കൌതുകമായി തോന്നിയെങ്കിലും കടലിനു മുന്നില്‍ അത് തിരയായി തിരിഞ്ഞില്ല.. 

പക്ഷെ ഇന്നു മേശപ്പുറത്തെത്തിയ ഔട്ട്ലുക്കിന്റെ കവറില്‍ പള്ളിയും പട്ടക്കാരനും നിറഞ്ഞപ്പോള്‍ അറിയാതെ പുല്‍പ്പരപ്പിലെ ആട്ടിന്‍ പറ്റത്തെ ഓര്‍ത്തു.. മൃഗങ്ങളുടെ ലോകം വെറുമൊരു കാഴ്ചക്കപ്പുറം ഏറെയൊന്നും എന്നെ ആകര്‍ഷിക്കാറില്ല.. എങ്കിലും ഉത്തരം കിട്ടും വരെ ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുമല്ലോ.

Sunday, July 25, 2010

ഒറ്റക്ക് സിനിമക്കു പോവാറുണ്ടോ..?

ചോദ്യം ആണുങ്ങളോടല്ല; പെണ്ണുങ്ങളോടാണ്..

സിനിമ ആസ്വദിക്കാൻ കൂട്ടുവേണമോ എന്ന ചോദ്യത്തിന് എനിക്ക് പ്രത്യേകിച്ച് ഉത്തരമൊന്നുമില്ല. ഉണ്ടെങ്കിലും നല്ലത് ഇല്ലെങ്കിലും നല്ലത്. കൂട്ടില്ലാത്തതുകൊണ്ട് ആസ്വാദനത്തിന്റെ നിലവാരം കുറയുകയോ കൂട്ടായ്മകൊണ്ട് കൂടുകയോ ചെയ്യുമെന്ന് വിശ്വാസവുമില്ല.

അവധി ദിനങ്ങളിൽ വെറുതെ ഇരുന്ന് ബോറടിച്ച് എന്നാൽ ഒരു സിനിമ കാണാം ന്ന് വിചാരിച്ച് ഇറങ്ങിതിരിക്കുന്ന പതിവിലല്ല എന്റെ സിനിമ കാണലുകൾ. പടത്തെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം കേൾക്കുന്നതിന് മുമ്പെ കാണുന്നതല്ലെ സുഖം. അതുകൊണ്ട് പോവുകയാണെങ്കിൽ റിലീസ് ആയി ആദ്യത്തെ വാരാന്ത്യം, അതിൽ ഞാൻ തിയ്യേറ്ററിൽ ഹാജരായിരിക്കും. അതിലും വൈകിപോയാൽ അത് കണ്ടേ തീരു എന്ന ഗണത്തിൽ പെട്ടതാവും. ഈ ഗണത്തിൽ അധികമൊന്നും വന്നുപെടാറില്ല.

ഇതെ ഭ്രാന്തുകാർ കുറെ കൂട്ടത്തിൽ ഉള്ളതിനാൽ “ആരെങ്കിലും സിനിമക്ക് കൂട്ടുവരുമൊ” എന്ന് ചോദിച്ച് അലയേണ്ട. ഒഴിവുദിനങ്ങളിൽ നാളെ ഏത് ഫിലിം എന്ന കാര്യത്തിലേ സംശയം വരാറുള്ളു. എന്നിട്ടും ഒറ്റക്ക് പോവുകയോ എന്ന് ചോദിച്ചാൽ, എനിക്ക് കാണണം എന്ന് തോന്നുന്ന ചിലത് "കൊന്നാലും കാണില്ല" എന്ന് മറ്റുള്ളവർ വാശിപിടിച്ചാൽ എന്തുചെയ്യും. ഇനി വരാൻ തയ്യാറുള്ളവരുടെ സൌകര്യത്തിനു കാത്തിരുന്നാൽ സിനിമ അതിന്റെ വഴിക്ക് പോവും. പിന്നെ വഴി ഒന്നേ ഉള്ളു, കാണണമെങ്കിൽ തനിയെ പോവണം. അങ്ങിനെ അടിയന്തിര ഘട്ടങ്ങളിൽ മാത്രം ഞാൻ ഒറ്റക്ക് തന്നെ പോവും. പശു ചത്ത് മോരിലെ പുളിയും പോയിട്ട്, പരസ്യത്തിനിടയിലെ സിനിമയായി ടിവിയിൽ വരുമ്പോൾ കാണാൻ താത്പര്യമില്ലാത്തതുകൊണ്ടും അതൊന്നും “ബ്ലൊക്ക്ബസ്റ്റർ” ആയി എത്തില്ല എന്നുറപ്പുള്ളത് കൊണ്ടും. എന്നാൽ ഒറ്റക്ക് പോവാൻ മടിയുള്ളവർക്ക് കൂട്ടായി ഒരിക്കൽ കണ്ട കത്തിപ്പടത്തിന് വീണ്ടും തലവെച്ചിട്ടുണ്ട്. അത് വേറെ കാര്യം

ഇതിനിടയിൽ ചോദ്യം മറന്നുപോയില്ലല്ല്ലൊ അല്ലെ? തനിച്ച് സിനിമക്ക് പോവാറുണ്ടോ.?

ഞാൻ ആദ്യമായി കൂട്ടില്ലാതെ സിനിമ കാണാൻ പോവാൻ തുടങ്ങിയത് പത്തിലെ പരീക്ഷ കഴിഞ്ഞ് പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലാതിരിക്കുന്ന കാലത്താ. അതിനു മുമ്പൊക്കെ കൂട്ടുകാർ പോവുമ്പോൾ ഞാനും പോവും. അല്ലെങ്കിൽ വീട്ടിൽ ഓപ്പോൾ ചേട്ടൻ എന്നിവരുടെ കൂടെ. പക്ഷെ പത്തിലെത്തിയപ്പോൾ എവിടെ നിന്നില്ലാതെ നിരോധനം പൊട്ടിവീണത് അമ്മയിൽ നിന്നായിരുന്നു. പരീക്ഷ കഴിയും വരെ ഇനി സിനിമ കാണൽ ഇല്ല. ഏറ്റുപിടിക്കാൻ ഓപ്പോൾ പിന്താങ്ങാൻ അച്ഛൻ. ഞാൻ ഏതു ക്ലാസ്സിൽ പഠിക്കുന്നെന്ന് പോലും നല്ല തീർച്ചയില്ലാത്തയാളാ എന്റെ പുന്നാര അച്ഛൻ. എന്നിട്ടും ഈ കൊലച്ചതി എന്നോട് ചെയ്തു. അമ്മയെ മുഷിപ്പിക്കേണ്ടെന്ന് കരുതിയാവും. എന്റെ അച്ഛനല്ലെ, സംഗതി ഇത്തിരി കടുത്തു പോയില്ലെ ന്ന് തോന്നിയതോണ്ടാവാം ശാപമോക്ഷവും ഉടനെ വിധിച്ചു. പരീക്ഷ കഴിഞ്ഞാൽ കോളേജിൽ പോവും വരെ “സംഗീത” യിൽ വരുന്ന എല്ലാ സിനിമയും കാണാം. ഹോ എന്തൊരു ആശ്വാസം. അന്നു നല്ലകുട്ടിയായി നടക്കണ കാലായിരുന്നതോണ്ട് ഞാനും അംഗീകരിച്ചു. ഒന്നുമില്ലെങ്കിലും പത്താം ക്ലാസ്സല്ലെ.

അങ്ങിനെ സിനിമയില്ലാത്ത പത്താംക്ലാസ്സ് കാലം. ഏപ്രിൽ ഒന്നിനായിരുന്നു ഏപ്രിൽ ഫൂൾ ആക്കി അവസാനത്തെ പരീക്ഷ. അന്നു രാത്രി തന്നെ ഓപ്പോൾ എന്നെ സിനിമക്ക് കൊണ്ടോയി. പാവം കുട്ടി, ഒരുകൊല്ലായി സിനിമകാണാതെ പട്ടിണി കടക്കല്ലെ ന്ന് വിചാരിച്ചാവും. പിന്നെ വരുന്ന വരുന്ന സിനിമകളെല്ലാം ഞാൻ തനിച്ച് കാണേണ്ടി വന്നു. പക്ഷെ അതൊരു രസമായിരുന്നു. അയൽ‌പ്പക്കത്തെ കൂട്ടുകാരില്ലെങ്കിലും നാട്ടിൻ പുറത്തെ സിനിമാകൊട്ടകയിൽ എത്തുന്നവരൊക്കെ എനിക്കറിയാവുന്നവർ. സ്കൂൾ അടച്ച കാലമല്ലെ, കുട്ടികൾ മുഴുവൻ അവിടെ തന്നെ. അന്നൊന്നും ഞാൻ ചെയ്യുന്ന അത്ര വലിയ പാതകമാണെന്ന് ഏറ്റവും ഓർത്തഡോക്സ് ആയ എന്റെ അമ്മക്കൊ നാടുകാരെ പേടിച്ച് ശ്വാസം വിടാൻ സംശയിക്കുന്ന എന്റെ ഓപ്പോൾക്കൊ തോന്നിയില്ല. ചെയ്തു പോയത് വലിയ സംഭവമായിരുന്നെന്ന് കണ്ണുരുട്ടികാട്ടിയത് കാലം കുറെ കഴിഞ്ഞാ. നഗരസന്തതികളും പട്ടണവാസികളുമായിരുന്നു കണ്ണുരുട്ടാൻ വന്നവർ.

ഇതിപ്പൊ പറയാൻ എന്തെ എന്നല്ലെ. കാലം കുറെ കൂടി ഞാൻ തനിച്ചൊരു സിനിമക്ക് പോയി.

ടിക്കറ്റെടുക്കാൻ ക്യൂവിൽ ആരുവില്ല. ഒരു ടിക്കറ്റ് എന്നു പറഞ്ഞപ്പോൾ മറുപുറത്തൊരു സംശയം. ആ ചെറിയ തുളയിലൂടെ ഒന്നു കുനിഞ്ഞു നോക്കുന്നു. കേൾക്കാത്തതാണൊന്ന് സംശയിച്ച് ഞാൻ ഒന്നൂടെ പറഞ്ഞു. ഒരു ടിക്കറ്റ്. അറിയാതെയാണെങ്കിലും ഒരു ചൂണ്ടുവിരൽ ആംഗ്യം

ഏഴു സീറ്റിൽ നടുവിലെയാണ് എന്റേത്. അതിത്തിരി കഷ്ടം തന്നെ എന്നു തോന്നിയതിനാൽ ഞാൻ ആദ്യത്തെ സീറ്റിൽ ഇരുന്നു. അത് എനിക്ക് അനുവദിച്ചതല്ല എന്ന അറിവിൽ തന്നെ. അടുത്തതായി വന്ന നാലുപേരിൽ ഒരാളുടേതായിരുന്നു അത്. അവർക്ക് ആ സീറ്റ് തന്നെ വേണം - നാലു പേർ എന്നാൽ ഒരാണ്, മൂന്നു പെണ്ണ്. എന്താണ് പ്രശ്നം എന്നു ചോദിച്ചു വന്ന തിയ്യേറ്റർ കാരൻ എന്റെ ടിക്കറ്റ് ചോദിച്ചു. ഇതല്ലല്ലൊ സീറ്റ് എന്ന് പറഞ്ഞ് നോക്കിയതും “അവരൊന്നും ഇല്ലെ” എന്നൊരു ചോദ്യം. “ഇല്ല” എന്നതിൽ ഉത്തരം ഒതുക്കി ഞാൻ സീറ്റ് മാറിയിരുന്നു. കാരണം എന്റെ കൂട്ടുകാരി റിലീസിങ് ഷോ കാണാൻ ഇടികൂടാതെ ടിക്കറ്റ് സംഘടിപ്പിക്കുന്നത് ഇയാൾ വഴിയാണെ. അവരുടെ ബാങ്കിലാണ് ഇവരുടെ അക്കൌണ്ട് എന്നതൊരു പിടിവള്ളി. വെറുതെ ആ വഴിയടക്കണ്ടല്ലൊ.

വന്നിരുന്നവരിൽ ഒരാളെ എനിക്കറിയാം.. ആ വഴി മറ്റുള്ളവരേയും പരിചയപ്പെട്ടു.. കൂട്ടത്തിൽ ഒരു പത്രക്കാരി..

“ഞാൻ കണ്ടിട്ടുണ്ട് തിയേറ്ററിൽ വച്ച് തന്നെ.. തനിച്ച് വരാറുണ്ടല്ലെ”

ആ കഥ അവിടെ തീർന്നു..

ഹോസ്റ്റലിൽ നിന്ന് ഇറങ്ങുമ്പോൾ “വേറെയാരുമില്ലെ“ എന്ന് ചോദിച്ചവരോടൊക്കെ “ഇല്ല“ എന്നു പറയാൻ വലിയ ബുദ്ധിമുട്ടില്ലായിരുന്നു.. തിരിച്ചു വന്നപ്പോൾ ഇതേ ചോദ്യത്തിന് ഇതേ ഉത്തരം പറയാൻ ഒരു ചെറിയ ഭയം.. മറ്റൊന്നുമല്ല ഇത് ഇത്ര വലിയ പാതകമാണൊ എന്ന് എനിക്കും സംശയം തോന്നാൻ തുടങ്ങിയതോണ്ട് തന്നെ..

ഇന്നലെ പഴയ കൂട്ടുകാരിൽ ഒരാളുടെ ഫോൺ.. നേരമില്ലാത്ത നേരത്തായതിനാൽ “എന്തുപറ്റി“ എന്നതായിരുന്നു “ഹലോ“ക്ക് പകരം പുറത്തു വന്നത്..

“നീ അവിടെയും തനിച്ച് സിനിമക്ക് പോവാൻ തുടങ്ങി അല്ലെ?”

എതു വഴിയാണ് അവിടെയെത്തിയതെന്നൊന്നും ചോദിച്ച് സമയം കളഞ്ഞില്ല.. എന്തിനാ വെറുതെ..

Monday, July 19, 2010

എന്റെ ലോകം നിശബ്ദമാവുകയാണ്

കളഞ്ഞു പോവുന്ന പലതിനോടും തോന്നുന്ന ഒരു വികാരമില്ലെ? ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന തിരിച്ചറിവിൽ പ്രത്യേകിച്ചും തോന്നുന്ന ഒരു നഷ്ടബോധം. അതെന്റേതായിരുന്നെന്ന് നെഞ്ഞോടടക്കുന്ന ഒരു വേദന. ഇനി അത് എന്റേതാവില്ലെന്ന് അംഗീകരിക്കേണ്ടി വരുന്ന അവസ്ഥ.

ഞാൻ ഓരോ ശബ്ദത്തേയും നല്ലതോ-ചീത്തയൊ, കൂടിയതോ-കുറഞ്ഞതോ എന്നിലേക്ക് വലിച്ചെടുക്കുകയാണ്. അറിയാം, അതിന്റെ കമ്പനങ്ങൾ വളരെ നേർത്തതാണെന്ന്. എങ്കിലും, ഇന്ന്, ഇന്നുകളിൽ അവ എന്നിലെത്തുന്നുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.. നാളെ എന്നിലെത്തുമ്പോഴും ഞാൻ തിരിച്ചറിയില്ലെന്നും

നിന്റെ ചെവി ഞാൻ അടിച്ചു പൊട്ടിക്കുമെന്ന് ആരെങ്കിലും പറയുമ്പോൾ, നമ്മൾ വിചാരിക്കാറുണ്ടോ അങ്ങിനെ സംഭവിച്ചാലോ എന്ന്? ദേഷ്യം തീർക്കാൻ ആഞ്ഞ് വീശുന്ന കൈപ്പത്തി അടച്ചു തീർക്കുന്നത്, എന്നേക്കുമുള്ള ശബ്ദവീചികളുടെ പ്രവേശനത്തെയാണെന്ന്.

കടന്നു വരുന്ന ശബ്ദങ്ങളേ പ്രതിരോധിച്ച് സംസാരിക്കുന്നവരുടെ ചുണ്ടിന്റെ ചലനത്തിൽ നിന്ന് അവർ പറയുന്നത് പിടിച്ചെടുക്കാൻ ഞാൻ ആരുമറിയാതെ ചില ശ്രമങ്ങൾ നടത്തി.. പരാജയപ്പെടുവാൻ മാത്രമായിരിരുന്നു ആ പരിശ്രമങ്ങൾ..

പാവം എന്റെ ഞരമ്പുകൾ.. ആവശ്യത്തിലേറെ ശബ്ദം വഹിച്ച് അവ തളർന്നു പോയിരീക്കുന്നു.. പലരും മരണപ്പെട്ടിരിക്കുന്നു.. ചിലരുടെ സാന്നിധ്യം കൊണ്ട് ഞാൻ അറിയാതെ പോയ ചരമങ്ങൾ.. മറ്റുള്ളവർ മരണം കാത്തിരിക്കുന്നു.. ആളൊഴിഞ്ഞു പോയ പൂരപ്പറമ്പിൽ ആരവമൊഴിഞ്ഞിരിക്കുന്നു.. ഇനി ഒരിക്കലും ശബ്ദകോലാഹലങ്ങളുമായി ആരും ഈ വഴി വരില്ല..

ഇരു ചെവിയെങ്കിലും ഞങ്ങൾ ഒന്നെന്ന പ്രതിജ്ഞ അവർ തെറ്റിച്ചത് വർഷങ്ങൾക്ക് മുമ്പായിരുന്നു.. നിനക്ക് കേൾക്കാൻ കാതുകൂർപ്പിച്ച് ഞങ്ങൾ ഉണർന്നിരിക്കാമെന്ന വാഗ്ദാനം ആരാണ് ആദ്യം മറന്നത്.. ചലനം നഷ്ടപ്പെട്ട എല്ലിനിടയിൽ നിന്നും ഞരമ്പുകളെ വലിച്ചെടുത്ത് തുലനം നഷ്ടമായിടത്ത് ഊന്നുവടി പോലെ ഒരു പ്ലാസ്റ്റിക്ക് കഷണത്തെ തിരുകിവെച്ചു... വർഷങ്ങൾക്കപ്പുറത്ത് നിലനിൽക്കാമെന്ന വാഗ്ദാനമൊന്നും ഒരു ഊന്നുവടിക്ക് നൽകാനാവില്ലല്ലൊ.. അതിന്റെ ചലനവും നിലച്ചിരിക്കുന്നു.. ഒരു ഊന്നുവടി പോലും എനിക്ക് തന്നില്ലല്ലൊ എന്ന് പരിഭവിച്ച് മറ്റേയാൾ നേരത്തെ ആത്മഹത്യചെയ്തു.. സത്യം, അവസാന ശ്വസം വലിക്കുമ്പൊഴും എന്നെ രക്ഷിക്കുമൊ എന്ന് നിലവിളിച്ചിരിക്കാം.. കേട്ടില്ല, കാരണം ശേഷികുറഞ്ഞവനെ ഞാൻ ഏറെ അവഗണിച്ചിരുന്നു.. ഒരു ഫോൺ കോൾ പോലും നൽകിയിരുന്നില്ല.. ചിതറിത്തെറിച്ച് ഇരുവർക്കും ലഭ്യമായിരുന്നതിൽ പോലും, ഞാൻ ചെവികൂർപ്പിച്ചത് ഒരാൾക്ക് വേണ്ടി മാത്രമായിരുന്നു.. പിന്നെ എങ്ങിനെ ഞാനറിയും ആ പ്രാണന്റെ ഞരക്കങ്ങൾ..

മുഖത്ത് നോക്കി ചീത്ത വിളിക്കുമ്പൊഴും ഞാനിനി ചിരിച്ചു നിന്നു കേൾക്കും..

എനിക്കരികിൽ എന്നെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ പോലും ഒന്നു നോക്കുക പോലുമില്ലാതെ ഞാൻ ഇരിക്കും

വലിയ ശബ്ദങ്ങൾ എന്റെ കർണ്ണപുടങ്ങളിൽ ആഞ്ഞടിച്ച് കടന്നു പോയിട്ടും അതിന്റെ ഒരു നേരിയ അലപോലും എന്നിൽ രേഖപ്പെടുത്താതെ പോവുമ്പോൾ, പ്രതികരണങ്ങളില്ലാതെ ഞാൻ നിൽക്കേണ്ടി വരില്ലെ?

പക്ഷെ ഒരു മരണനിലവിളി, എനിക്കരിൽ ഉയരുമ്പൊഴും ഞാൻ ഒന്നുമറിയാതെ നടന്നു പോവേണ്ടി വരുമൊ.. ഒരു കൈ സഹായം എന്നിൽ നിന്നും നീളാതെ, ഒരു ഒച്ച പോലും എന്നിൽ നിന്ന് ഉയരാതെ..

ആലോചിക്കാൻ പോലുമാവുന്നില്ല, ഞാൻ പറയുന്നത് പോലും എനിക്ക് കേൾക്കാൻ ആവാത്ത അവസ്ഥ.

എന്റെ ലോകം നിശബ്ദമാവുകയാണ്... പതിയെ പതിയെ..

Tuesday, July 21, 2009

ഞാനൊരു മരണം കാത്തിരിക്കുന്നു

ഞാനൊരു മരണം കാത്തിരിക്കുകയാണ്.. ഒന്നുകില്‍ അവള്‍ മരിക്കും; ഇല്ലെങ്കില്‍ അയാള്‍ അവളെ കൊല്ലും.. രണ്ടും സംഭവിക്കരുതെന്ന് അങ്ങേയറ്റം ആഗ്രഹിക്കുമ്പൊഴും അപ്രതീക്ഷിതമായത്തുന്ന ഓരോ ഫോണ്‍ കോളിലും ഞാനൊരു മരണത്തിന്റെ ചിറകടി കേള്‍ക്കുന്നു..എനിക്കൊപ്പം മനമുരുകി മറ്റു ചിലരും...

ഈ നാളില്‍ ഈ മുഹൂര്‍ത്തത്തില്‍ നീ ഇവനെ സ്നേഹിച്ചു തുടങ്ങണം ... വീട്ടുകാര്‍ കണ്ടെത്തുന്ന വരനു മുന്നില്‍ താലിചാര്‍ത്താന്‍ തലകുനിക്കും മുമ്പ് ഓരോ പെണ്ണിനു മുന്നിലും മറുവാക്കുകളില്ലാതെ വെക്കപ്പെടുന്ന അജണ്ടയാണിത്.. തിരിച്ച് ആണിനു മുന്നിലും ഇത് അവതരിപ്പിക്കപ്പെടുന്നുവൊ എന്ന് എനിക്കത്ര തീര്‍ച്ചയില്ല... ഒത്തു തീര്‍പ്പുകള്‍ പെണ്ണിനു പറഞ്ഞിട്ടുള്ളതാണല്ലൊ.. അതു സ്നേഹത്തിന്റെ കാര്യത്തിലായാലും..

ഞാന്‍ പെണ്‍‌വാദിയല്ല.. ഇത് വെറും മനുഷ്യത്വത്തിന്റെ പേരിലെ ജല്പനങ്ങള്‍ മാത്രം..
അവളും അവനും ആരെന്നതല്ല പ്രശ്നം.. ഒരു പെണ്ണിന് എത്രത്തോളം ഒരു ആണിനു മുന്നില്‍ താഴാനൊക്കും.. തല്ലിചതച്ച് ശരീരം മുഴുവന്‍ മുറിവും ചതവുമാകുമ്പൊഴും വീണ്ടുമൊരു തല്ലിനും തള്ളിനും കാത്തുനില്‍ക്കുമൊ, അത് ഭാര്യയായാലും..

വെള്ളം കൊടുത്ത ഗ്ലാസില്‍ കണ്ട ഒരു കൈപ്പാടിന്, വാതിലടക്കുമ്പോള്‍ സംഭവിക്കുന്ന ഒരു കുഞ്ഞു ശബ്ദത്തിന്.. ഉറക്കത്തില്‍ മേലൊന്നു തൊട്ടു പോയതിന്.. എന്തിന് അനവസരത്തില്‍ അറിയാതൊന്നു തുമ്മിപോയതിന് ഇതൊക്കെയാണ് ശിക്ഷാവിധിക്ക് കാരണങ്ങള്‍ എങ്കിലൊ.. എന്നിട്ടും നാളെ നാളെ നീളേ നീളേ കാത്തിരിക്കാന്‍ കഴിയുന്ന പെണ്ണുങ്ങള്‍‍ ഈ കാലത്തമുണ്ടാകുമൊ..?

"അടയ്ക്കയാവും കാലം മടിയില്‍ വെക്കാം കവുങ്ങാവും കാലം".. അച്ഛനെയും അമ്മയെയും പോലും വകവെക്കാത്ത, അവരെ പോലും തല്ലിചതക്കുന്ന ഒരാളില്‍ നിന്ന് ഭാര്യയെങ്ങിനെ സ്നേഹം പ്രതീക്ഷിക്കും അല്ലെ.. മകനെ നന്നാക്കാന്‍ അവര്‍ തന്നെയാണല്ലൊ അവളെ കണ്ടുപിടിച്ചതും.. കണ്ടകശനിയുടെയും കഷ്ടകാലത്തിന്റെയും പേരില്‍ കാത്തിരിക്കാന്‍ അവളെ ഉപദേശിക്കുന്നതും കാലുപിടിക്കുന്നതും..

കല്ല്യാണം കഴിയുന്നതോടെ സ്വന്തം വീട്ടില്‍ പോലും പലരും ഒരു ഭാരമാവുന്നു.. അതിനു മുമ്പും ഭാരമായതോണ്ടാണല്ലൊ കെട്ടിച്ചു വിട്ട് കടമ തീര്‍ക്കുന്നത്.. അവളുടെ വീട്ടില്‍ പോലും ഒരു താങ്ങുനല്‍കാന്‍ ആരുമില്ലാതെ.. ക്ഷമിക്കാനും സഹിക്കാനും മാത്രം പറയുമ്പോള്‍ എത്ര നാള്‍.. ഈ കഥയിലെ കഥാപാത്രങ്ങള്‍ സംസ്കാരമില്ലാത്തവര്‍ എന്ന് സമൂഹം എഴുതിതള്ളിയവരല്ല.. വിദ്യാസമ്പന്നരും ജോലിക്കാരുമായവര്‍..

ഇതെല്ലാം എത്രയൊ തവണ കേട്ട കഥകള്‍.. പക്ഷെ എന്നെ അത്ഭുതപെടുത്തുന്നത് ഇതൊന്നുമല്ല.. ഇത്രയൊക്കെയായിട്ടും അവള്‍ അവനെ സ്നേഹിക്കുന്നെന്നതാണ്.. ഒരു പിരിച്ചെഴുത്തിനെ കുറിച്ച് അവള്‍ക്ക് ആലോചിക്കാനാവുന്നില്ല.. എത്രമാത്രം അയാള്‍ അവളെ ദ്രോഹിക്കുന്നൊ അതിനുമിരട്ടിയായി സ്നേഹിക്കാനാണ് അവളുടെ ശ്രമങ്ങള്‍ .. ഇറങ്ങിപോവാനുള്ള അവന്റെ നിര്‍ബന്ധങ്ങള്‍ പേടിച്ച് സ്വന്തം വീട്ടില്‍ പോലും പോവാതെ.. അത്രമേല്‍ ഒരാള്‍ക്ക് മറ്റൊരാളെ സ്നേഹിക്കാനാവുമൊ.. തല്ലിയാലും കൊന്നാലും നാളെയൊരു നാള്‍ അവനവളെ സ്നേഹിക്കാന്‍ തുടങ്ങുമെന്ന വിശ്വാസത്തില്‍..

അറിയില്ല, ആര്‍ക്കാണ് പിഴക്കുന്നത് എനിക്കൊ അതൊ അവള്‍ക്കൊ..