Monday, March 23, 2009

കുഞ്ഞാടിനൊന്നു കുമ്പസാരിക്കണം..

ഇന്നലെ ഞായറാഴ്ചയായിരുന്നു.. എന്നിട്ടും കുഞ്ഞാടിന്നലെ പള്ളിയില്‍ പോയില്ല, കുര്‍ബാന കൈക്കൊണ്ടില്ല..അമ്പത് നൊയമ്പാണ്, എന്നിട്ടും..

ഓര്‍മ്മവെച്ച് പള്ളിയില്‍ പോവാന്‍ തുടങ്ങിയതില്‍ പിന്നെ എന്നും രാവിലെ ആറ് മണിക്ക് കുര്‍ബാന കൂടുന്നതാ.. ഞായറാഴ്ച കുര്‍ബ്ബാന മുടങ്ങുന്നതിനെ പറ്റി ആലോചിക്കാനെ വയ്യാ.. എന്നിട്ടും ഇന്നലെ അവള്‍ പള്ളിയില്‍ പോയില്ല..

അമ്പത് നൊയമ്പിന്റെ പേരും പറഞ്ഞ് വെള്ളവും വായുവും കൂടി നിര്‍ത്തിയാലൊ എന്ന കഠിനചിന്തയിലാ.. പരീക്ഷാക്കാലമായതിനാല്‍ മാത്രം ജീവന്‍ കടക്കാന്‍ കഴിക്കുന്ന ഭക്ഷണം കൂടി ഇന്നലെ ഒഴിവാക്കി മുറിയില്‍ വാതിലടച്ചിരിപ്പാ..

കന്യാസ്ത്രീകളും അച്ചന്‍മാരുമൊക്കെ കെട്ടുകണക്കിനുള്ള തറവാട്ടിലെ സന്തതിക്ക് അവരേക്കാള്‍ വിശ്വാസം ഇത്തിരി കൂടിപോയൊ എന്നൊരു സംശയമെ ഉള്ളു.. അങ്ങനെയുള്ള അവളിന്ന് പള്ളിയില്‍ പോയില്ലെന്നുവെച്ചാല്‍..

കുറയേറെ കുത്തിചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ഇത്രമാത്രം..

"എനിക്കൊന്ന് കുമ്പസാരിക്കണം.. "

"എല്ലാ വെള്ളിയാഴ്ചയും കുമ്പസാരിക്കുന്നതല്ലെ"

"അതെ .. മിനിഞ്ഞാന്നും പോയി.. എന്നാലും ഇപ്പൊ എനിക്കൊന്നു കുമ്പസാരിക്കണം.."

ദൈവമെ ഈ കുഞ്ഞാട് എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചൊ എന്ന് മനസ്സില്‍ ചിന്തിച്ചെങ്കിലും അവളോട് മുഖത്ത് നോക്കി ചോദിക്കാന്‍ ഒരു വിഷമം..

"ഇന്ന് ഞായറഴ്ചയല്ലെ.. വൈകീട്ട് അച്ചന്‍‌മാര്‍ ആരെങ്കിലും കാണുമൊ ആവോ.. എന്തായാലും നമുക്ക് പോയി നോക്കാം"

"അയ്യൊ അച്ചന്‍‌മാരോട് കുമ്പസാരിക്കണ്ട.. "

അവളുടെ ഉച്ചത്തിലുള്ള പ്രതികരണത്തില്‍ ഞാനൊന്നു ഞെട്ടിയെന്നതാ സത്യം...

എന്നാലും അവളുടെ മുഖത്തെ പകപ്പ് കണ്ടപ്പോള്‍ സംഗതിയത്ര പന്തിയല്ലെന്ന് തോന്നി..

"എങ്ങിനാ അച്ചന്‍മാരോട് കുമ്പസാരിക്കാ.. കുമ്പസാരിച്ചിട്ടും കാര്യമൊന്നുമില്ല.. കോളേജ് കാലത്ത് കുര്‍ബാന സ്വീകരിച്ചിരുന്നത് ആ കോട്ടൂരച്ചന്റെ കയ്യില്‍ നിന്ന്.. മരിച്ച് പോയ അഭയ പറയാതിരുന്നതെന്തെന്ന് ഇനി ഇപ്പൊ പറഞ്ഞിട്ടും അറിഞ്ഞിട്ടും കാര്യമില്ല.. എന്നാലും ആ അച്ചന്റെ മുനില്‍ കുമ്പസാരിച്ചതിന്റെ പാപം എവിടെ കൊണ്ട് തീര്‍ക്കും... ഇപ്പൊ ജെസ്മി സിസ്റ്റര്‍ എഴുതിയിരിക്കുന്നത്.. "

"അപ്പൊ അത് നീ വായിച്ചൊ..?"

"ഇന്നലെ രാത്രി ഉറക്കമൊഴിച്ച് വായിച്ചു.. പിന്നെ ഒന്നും പഠിച്ചില്ല... "

അങ്ങനെ വരട്ടെ അപ്പൊ അതാണ് കാര്യം.. ഇപ്പൊ കുമ്പസാരിക്കാന്‍ തോന്നുന്നത് എനിക്കാ.. ദൈവമെ ഈ പാപം ഞാന്‍ എവിടെ കൊണ്ടെ കളയും. പുസ്തകം വായിപ്പിച്ച് ഒരുത്തിയെ വഴിതെറ്റിക്കാന്ന് വെച്ചാല്‍.. നല്ലൊരു കുഞ്ഞാടാരുന്നു..

എന്നാലും ഈ പാപത്തില്‍ ആദ്യപ്രതി ഞാനല്ല.. അവളുടെ ബന്ധുക്കാരന്‍ അച്ചന്‍ തന്നെ.. അങ്ങ് വടക്കുകിഴക്കെങ്ങൊ ആദിവാസികളെ മെരുക്കാന്‍ പോയ അങ്ങേരാണ് ഈ പുസ്തകം വാങ്ങി അയക്കാന്‍ അവളെ വിളിച്ച് പറഞ്ഞത്.. (അല്ല അച്ചനെന്തിനാണാവോ ഈ പുസ്തകം വായിക്കാന്‍ ഇത്ര തിരക്ക്.. അതെന്തൊ ആവട്ടല്ലെ.. !!!)...അവള്‍ പുസ്തകം വായിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് തന്നെയാവാം ഇതിനവളേ തിരഞ്ഞെടുത്തതും.. പുസ്തകത്തില്‍ വായിച്ചതും പിന്നെ പത്രത്തില്‍ വന്നതും അതും ഇതും എല്ലാം കൂടി വൈകുന്നേരത്തെ വട്ടമേശയില്‍ വിളമ്പുമ്പോള്‍ അവള്‍ ഇത് വായിക്കുമെന്നൊ ഇങ്ങനെ തലതിരിയുമെന്നൊ ഞാന്‍ സ്വപ്നേപി വിചാരിച്ചില്ല.. കര്‍ത്താവെ എന്നോട് പൊറുക്കേണമെ..

31 comments:

ഇട്ടിമാളു അഗ്നിമിത്ര said...

പള്ളിയില്‍ അടുത്ത നിരോധനം വരുമൊ.. ആരും "ആമേന്‍" എന്നു പറയരുതെന്ന്....

ആർപീയാർ | RPR said...

ഞാൻ ‘ആമേൻ’ വായിച്ചില്ല

അഭിപ്രായങ്ങള്‍ said...

കുമ്പസാരക്കൂട്ടിലെത്തും മുമ്പ് കുമ്പസരിപ്പിച്ചവര്‍ ഇനി എവിടെപ്പോയി കുമ്പസരിക്കും...

പാവപ്പെട്ടവൻ said...

ശക്തമായ ഭാഷ കാലോചിതമായ ചിന്തകള്‍
മനോഹരമായിരിക്കുന്നു

ആശംസകള്‍

ഇഗ്ഗോയ് /iggooy said...

നല്ല മൂര്‍ച്ചയണല്ലൊ.
പള്ളിയോടായോ കള്‍ഈ.
കര്‍ത്തവ് തോറ്റിടത്താണോ ഒരു കുഞ്ഞാ​‍ട്.

പകല്‍കിനാവന്‍ | daYdreaMer said...

യെവളോട് പൊറുക്കേണമെ..!
:)

Haree said...

:-)
സത്യത്തില്‍ ഒരു കുഞ്ഞാടിനെ കൂട്ടം തെറ്റിച്ചുവോ? അതോ ഭാവനയാണോ?
--

Thaikaden said...

Aamen......

chithrakaran:ചിത്രകാരന്‍ said...

സത്യം സൂര്യപ്രകാശമ്പോലെയാണ്. ഇരുട്ട് ഒഴിഞ്ഞുപോകാന്‍ സത്യം നിരന്തരം വായിക്കപ്പെടുകതന്നെ വേണം.

ശ്രീ said...

ഞാനും വായിച്ചില്ല

Nachiketh said...

ചിലയിടങ്ങളില്‍ വെളിച്ചം കയറുമ്പോഴുണ്ടാവുന്ന ഓരോ പുകിലുകള്‍

പ്രയാണ്‍ said...

നന്നായിട്ടുണ്ട് ഇട്ടിമാളു.പണ്ട് പഠിക്കുന്ന കാലത്ത് ഒരു പാട് പറഞ്ഞ് ചിരിച്ചിട്ടുള്ള കാര്യമാണ്.
ഇത് പുറത്തുവരാന്‍ ഇത്രയും സമയമെടുത്തു എന്നേ ഉള്ളു.

സുപ്രിയ said...

എല്ലാ അച്ചന്മാരും കോട്ടൂരുന്നവര്‍ ആവില്ല. എങ്കിലും സി. ജെസ്മിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ട് എന്നത് സത്യം.

ആമേന്‍ കാശുകൊടുത്ത് വാങ്ങി വായിക്കാന്‍ തീരുമാനിച്ചു.

സുപ്രിയ said...

അയ്യോ... പോസ്റ്റു നന്നായി എന്നു പറയാന്‍ മറന്നു...ഇതാ പറഞ്ഞിരിക്കുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

RPR...ശ്രീ...കിട്ടിയാല്‍ വായിക്കു.. വായനയുടെ ഒഴുക്ക് എവിടെയൊക്കെയൊ തട്ടിതടഞ്ഞു നില്‍ക്കുമെങ്കിലും, ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കും...

അഭിപ്രായങ്ങള്‍.. മുകളിലൊരാളില്ലെ..?

പാവപ്പെട്ടവനെ.. നന്ദി..:)

ഷിനു.. നമുക്ക് പള്ളിയും പട്ടക്കാരനുമൊന്നുമില്ലല്ലൊ..

പകല്‍‌കിനാവാ... ആരോടാണീ അപേക്ഷാ..

ഹരീ.. ഭാവനയല്ല.. നടന്നതന്നെ.. എല്ലാം കൂടി ആറ്റിക്കുറിക്കിയെടുത്തതാണിത്.. പിന്നെ കുഞ്ഞാട് അങ്ങിനെ കൂട്ടം തെറ്റുന്ന കൂട്ടത്തില്‍ അല്ല.. എന്നാലും അവളുടെ കണ്‍ഫ്യൂഷനും വിഷമവും ഒക്കെ കൂടി കണ്ടപ്പൊ വേണ്ടായിരുന്നെന്ന്തോന്നി.. കാരണം അവളുടെ അടിയുറച്ച വിശ്വാസത്തില്‍ എനിക്ക് പലപ്പോഴും അത്ഭുതം തോന്നാറുണ്ട്.. വിശ്വസങ്ങള്‍ ഒന്നും കൂട്ടുനില്ലാത്ത ഒരു പാവം അവിശ്വാസിയുടെ അസൂയ..

Thaikaden.. ആമെന്‍

ചിത്രകാരാ.. ഗ്രഹണസമയത്ത് എന്തുചെയ്യും.. ?

നചികേത്.. സത്യം..

പ്രയന്‍.. ഞാനും ഒരു വനിതാകലാലയത്തിന്റെ ഉത്പന്നം തന്നെ.. ജീവിതത്തില്‍ നിന്ന് വെട്ടിക്കളഞ്ഞ രണ്ടുവര്‍ഷങ്ങള്‍.. പക്ഷെ അന്നത്തെ പല ചുറ്റികളികളുടെയും അര്‍ത്ഥം പിന്നെയാ മനസിലായെ.. അതിനുമുമ്പ് പഠിച്ച നാട്ടിന്‍പുറത്തെ പാവം സ്കൂളില്‍ ഇതൊന്നും സിലബസ്സില്‍ ഇല്ലാരുന്നു..

ഇട്ടിമാളു അഗ്നിമിത്ര said...

സുപ്രിയ.. എന്നു ഞാന്‍ പറഞ്ഞില്ലല്ലൊ.. പക്ഷെ അച്ചന്‍‌മാരില്‍ നിന്നും കന്യാസ്ത്രീകളില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നത് "ഇത്" അല്ലല്ലൊ.. :).. വായിക്കു..

yousufpa said...

:)

Jayasree Lakshmy Kumar said...

ഞാൻ വായിക്കാനിരിക്കുവായിരുന്നു. ഇനിയിപ്പൊ ആകെ കൺഫ്യൂഷനായല്ലൊ :)

Mr. X said...

കൊള്ളാലോ... സംഗതി...

ഈ പോസ്റ്റ് വായിച്ചു പോയതിന് ഇനി ഞാന്‍ ആരോട് കുമ്പസാരിക്കും?

Anil cheleri kumaran said...

സത്യം തന്നെയാണോ?
ഏതായാലും ആമേന്‍..
എഴുത്ത് നന്നായി എന്നു പ്രത്യേകം പറയേണ്ടല്ലോ.

വിന്‍സ് said...

ഹഹ കലക്കിയിട്ടുണ്ട് വിറ്റ്

Yamini said...

നന്നായിണ്ട്. പുതിയതൊന്നും കാണാന്‍ ഇല്യാലോ.

ഇട്ടിമാളു അഗ്നിമിത്ര said...

യൂസുഫ്പ.. കണ്ടതില്‍ സന്തൊഷം :)

lakshmy .. വായിച്ചൊ.. ഒരു കണ്‍ഫ്യൂഷനും വേണ്ട ധൈര്യമായി വായിച്ചൊളു..

ആര്യന്‍.. അവനവനോട് തന്നെ.. മറ്റാരോട് കുമ്പസാരിക്കാന്‍..

കുമാരന്‍.. സത്യം.. സത്യം മാത്രം.. :)

വിന്‍സ്.. വിറ്റോ..??

അപായക്കണ്ണുകള്‍.. സാഹചര്യപ്രശ്നങ്ങള്‍ കാരണം വൈകിപോവുന്നു.. വന്നതില്‍ കണ്ടതില്‍ സന്തോഷം..

ഗൗരിനാഥന്‍ said...

ente ittimalu..അവര്‍ തന്നെ കഷ്ടപെട്ടാ ഇന്നാട്ടില്‍ ജീവിക്കുന്നേ..ആര് ജെസ്മിയെ..എന്തിനൊരു പാവം കുഞ്ഞാടിനെ കൂടി വഴിതെറ്റിച്ചു..ഉറപ്പ് നീ നരകത്തില്‍ പോകും...

Unknown said...

Nice one..

Sapna Anu B.George said...

Good one ittimaalu, mozhikey not working for malayalam review, sorry

ചേച്ചിപ്പെണ്ണ്‍ said...

മറുപടി പറയാന്‍ ഇങ്ങോട്ട് പോന്നു ...കാരണം കുട്ടിമാളു ( എനിക്കാ പേര് ഒത്തിരി ഇഷ്ടായി ) ഇനി അവിടെ വരുമെന്ന് എനിക്കുറപ്പ് ഇല്ലല്ലോ . നല്ല കഥകള്‍ ... അഭിനന്ദനങ്ങള്‍ ......

ഇട്ടിമാളു ക്രിസ്ത്യാനി ആണല്ലേ ? അപ്പൊ ന്റെ കുളിയില്‍ നാന്‍ എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല , ഞങ്ങളുടെ മേക ബാക ( മെത്രാന്‍ കക്ഷി ബാവ കക്ഷി )വഴക്കും നിങ്ങള്‍ടെ അഭയയുടെ ദുരന്തവും എല്ലാം ക്രിസ്ത്യാനികളെ കൊണ്ടെത്തിക്കുന്ന പുതിയ ഇടങ്ങള്‍ ഇല്ലേ ..........

ഇട്ടിമാളു അഗ്നിമിത്ര said...

ഗൌരി... നരകല്ലെ.. ഞാന്‍ നേരത്തെ സീറ്റ് ബുക്ക് ചെയ്തതാ...

ഇഫ്തിക്കര്‍.. :)

സപ്ന... നന്ദി..

ചേച്ചിപ്പെണ്ണേ.. സര്‍ക്കാര്‍ കണക്കില്‍ ഞാന്‍ ഹിന്ദുവാ.. വിശ്വാസത്തില്‍ ഒന്നിലും പെടുന്നില്ല.. അവിടെ വരുമെന്ന് എന്താ ഉറപ്പില്ലാത്തെ.. വരാതെവിടെ പോവാന്‍..?

സ്വപ്നാടകന്‍ said...

നരകത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഇപ്പൊ ഒരാളും കൂടെയായി.:)ബുക്ക്‌ വായിപ്പിച് ഒരു പാവം കുഞ്ഞാടിനെ വഴി തെറ്റിച്ചതുമാത്രമല്ല കേസ് ,ഇതൊക്കെ ബ്ലോഗിലിട്ടു വായിപ്പിച്ചു പിന്നേം കുഞ്ഞാടുകളെ വഴിതെറ്റിക്കുന്നതും.;)
ആമേന്‍ കൈയിലുണ്ട്,വായിക്കണമെന്നുവച്ച് കാശ് മുടക്കിയത് തന്നെ.പക്ഷെ എന്തോ, ഒന്ന് രണ്ടു പേജ് വായിച്ചപ്പോള്‍ തന്നെ തട്ടും തടയും.വിവാദം(മാത്രം)ഉണ്ടാക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കണപോലെ.അതോണ്ട് സാധനം അപ്പോത്തന്നെ ഷെല്‍ഫില്‍ കേറി.സി.ജെസ്മിയെ കോഴിക്കോട്ടു ഒരു ഫിലിം ഫെസ്റിവലില്‍ വച്ച് അടുത്ത് കിട്ടിയപ്പോഴും അതുകൊണ്ടുതന്നെ സംസാരിക്കാനും തോന്നിയില്ല.
എന്തായാലും ഒന്ന് വായിച്ചു നോക്കാം ല്ലേ?

ഇട്ടിമാളു അഗ്നിമിത്ര said...

വിഷയം അധികവും വിവാദങ്ങൾ തന്നെ.. പലതും നമുക്ക് അറിയാവുന്നതും.. പക്ഷെ ഇതു തുറന്നു പറയാനും ഒരാൾ ഉണ്ടായല്ലൊ എന്നതിലാണ് അതിന്റെ വിജയം..

ഷൈജൻ കാക്കര said...

എല്ലാം ജെസ്മിയുടെ അനുഭവമാണൊ ഭാവനയാണോ എന്നൊന്നും പറയാൻ കഴിയില്ല, പക്ഷെ പലതും സത്യമാണ്‌, സത്യവുമായിരിക്കും.

പുസ്തകമല്ലേ, അല്‌പം കൂട്ടലും കിഴിക്കലും ഉണ്ടാകാം, അതൊക്കെ അതിന്റെയൊക്കെ കണക്കിൽപ്പെടുത്തുക.

ഗോപ്യമായി പറഞ്ഞിരുന്ന പലതും തീൻമേശയിൽ വരെ ചർച്ചയ്‌ക്ക്‌ എത്തിയെന്നത്‌ തന്നെ നല്ല കാര്യമല്ലേ? ഈ വക സൂചനകൾ കണ്ടിട്ടൂം തിരുത്തേണ്ടവർ തിരുത്തിയിലെങ്ങിൽ, അലക്കുകാർ വെള്ളവസ്ത്രവും കാവി വസ്ത്രവും സീകരിക്കാതിരിക്കുന്ന കാലം....

ഇട്ടിമാളു,

എനിക്കിഷ്ടായി... ആശയവും എഴുത്തും.