Friday, September 5, 2008

കുട്ടിട്ടീച്ചര്‍


ഒരു രാവുമുഴുവന്‍ ഞങ്ങള്‍ ഉറങ്ങാതിരുന്നു.. ഞാനും അവളും അവനും.. ശുഭരാത്രി പറയേണ്ട നേരത്താണ് അവനെന്നെ വിളിച്ചത്.. എന്നിട്ട് അവന്‍ എന്നോട് കഥ പറയാന്‍ തുടങ്ങി .. നീണ്ട പത്തുവര്‍ഷങ്ങളുടെ കഥ.. അവന്റെ ഭാഷയില്‍ അദ്ധ്യാപകരുടെ കണ്ണിലെ കരടായിരുന്നവന്‍ കണ്ണിലുണ്ണിയായത്.. കടലാസു യോഗ്യതകള്‍ക്കപ്പുറം കഴിവിന്റെ വിലയറിഞ്ഞത്.. നേടാവുന്നതിലപ്പുറം നേടിയത്.. പ്രായത്തിന്റെസ്വന്തം തെറ്റുകളെ തള്ളിപ്പറയാതെ അവന്‍ ആണയിട്ടു, "ഞാനിന്ന് നല്ല കുട്ടിയാ, ".. അവന്‍ തുടര്‍ന്നു.. തലേന്നാള്‍ അവളോട് പറഞ്ഞത് മുഴുവന്‍ വീണ്ടും എനിക്കായ് ആവര്‍ത്തിച്ചു.. അപ്പൊഴെക്കും അവളുടെ വിളി എന്നെതേടിയെത്തി.. അവനെ വിളിച്ചൊ, എന്തു പറഞ്ഞു എന്നെല്ലാമറിയാന്‍.. പിന്നെ ഞങ്ങള്‍ മൂന്നുപേരും മൂന്നു കോണിലിരുന്ന് പരസ്പരം കാതോര്‍ത്തു.. ഇടക്കിടക്ക് ഓരോ മണിക്കൂറിന്റെ ഇടവേളയില്‍ കമ്പിയില്ലാകമ്പികള്‍ അറ്റുകൊണ്ടിരുന്നു.. വീണ്ടും കൂട്ടിയോജിപ്പിച്ച് അവന്‍ വിളിച്ചു ചോദിച്ചു.. രണ്ടു ടീച്ചര്‍‌മാരും ഉണ്ടൊ.. ഹാജര്‍ ഹാജര്‍, ഞങ്ങള്‍ ഇരുവരും ഒപ്പം സാന്നിധ്യമറിയിച്ചു.. .. ഇടക്കെപ്പൊഴൊ അവള്‍ഞങ്ങള്‍ക്ക് സുപ്രഭാതം നേര്‍ന്നു.. സമയം രാവിനെ പിന്‍‌തള്ളി പുലരിയോടടുക്കുന്നു.. കഥയിനിയും ബാക്കിയാണ്... അവന്‍ കഥ തുടരുകയാണ്..


ഞാനും അവളും മലമുകളിലാണ്.. വിദ്യാര്‍ത്ഥിനിയും അദ്ധ്യാപികയും തമ്മില്‍ ചുരിദാറും സാരിയും തമ്മിലുള്ള വ്യത്യാസം മാത്രം.. സാരിയുടുത്ത് നേരെ നടക്കാന്‍ അറിയില്ലെങ്കിലും സാരിയുടുത്തെ തീരൂ.. കാരണം ടീച്ചര്‍‌മാര്‍ സാരിയുടുക്കണമെന്നത് അന്നത്തെ നിയമം.. ഇന്നായിരുന്നെങ്കില്‍..?... ഡിഗ്രിക്കാരെല്ലാം സാരിയുടുക്കണമെന്ന കന്യാസ്ത്രീകളുടെ ചട്ടം സഹിക്കാനാവാതെയാണ് തൊട്ടടുത്ത മിക്സ്ഡ് കോളേജിലേക്ക് ചാടിയത്.. അതൊരു കാലം..

പറഞ്ഞുവന്നത്, മലമുകളിലെ കാലമല്ലെ.. മാര്‍ച്ചിലും നല്ല മഞ്ഞുകാറ്റടിക്കുന്നു.. കോളേജും സ്കൂളും എല്ലാം ചേര്‍ന്നൊരു കൊച്ചു വട്ടം.. രൂപത്തിലും പ്രായത്തിലുമൊക്കെ ചെറിയാതായിരുന്നതിനാലാവാം- ഒരു കുട്ടിട്ടീച്ചര്‍- ആദ്യം കിട്ടിയത് പത്താംക്ലാസ്സ് ആയിരുന്നു.. കുറച്ചു കുട്ടികള്‍ മാത്രം ഉള്ളതുകൊണ്ട് ഓരോരുത്തരുടെയും വീട്ടിലെ കാര്യങ്ങള്‍ അടക്കം ടീച്ചേഴ്സിനു അറിയാമായിരുന്നു.. നല്ലകുട്ടികള്‍ ചീത്തകുട്ടികള്‍ അങ്ങിനെ മനപ്പൂര്‍വ്വമല്ലെങ്കിലും പലരുടെയും വര്‍ത്തമാനത്തില്‍ വേര്‍ത്തിരിവുകള്‍ ധാരാളം.. ഒരോ കുട്ടിയേയും അടുത്തറിയാന്‍ തുടങ്ങിയപ്പോള്‍ ചിലരോടൊരു ഇഷ്ടകൂടുതല്‍/കുറവുകള്‍ എന്റെയും മനസ്സില്‍ കടന്നുകൂടിയിരുന്നു.. എന്നാലും പലപ്പൊഴും മറ്റുള്ളവരുമായി യോജിക്കാത്തതായിരുന്നു എന്റെ അഭിപ്രായങ്ങള്‍ മിക്കതും.. അതെന്റെ കുഴപ്പമെന്ന് സ്വയം വിധിയിലെത്തുകയെന്നതായിരുന്നു എന്റെ സ്വഭാവവും..

അടുത്ത അദ്ധ്യയനവര്‍ഷത്തിലും പത്താംക്ലാസ്സുകാര്‍ക്ക് ഞാനുണ്ടായിരുന്നു.. അവിടെയായിരുന്നു മിക്കവരുടെയും കണ്ണിലെ കരടായിരുന്ന അവന്‍.. അതിനുമുമ്പ് ഒരു പിരുപിരുപ്പനായി ഓടിനടക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നിട്ടില്ലായിരുന്നു.. ആദ്യത്തെ ക്ലാസ്സില്‍ തന്നെ അതുവരെ കിട്ടിയ അഭിപ്രായങ്ങള്‍ എല്ലാം മാറ്റിയെഴുതേണ്ടി വന്നു.. ക്ലാസ്സെടുക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിച്ചിരിക്കുന്നത് അവനായിരുന്നു.. ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നതും അവനില്‍ നിന്നു തന്നെ.. മഞ്ഞനിറമുള്ള വിരല്‍ ചൂണ്ടി അവന്‍ "ടീച്ചറേ.." എന്നു നീട്ടി വിളിക്കും.. ആ‍ ചോദ്യത്തിന്റെ തുടര്‍ച്ചയായി ക്ലാസില്‍ അധികം വാചാലമാവാത്തവര്‍ പോലും സംശയങ്ങള്‍ ചോദിക്കാ‍ന്‍ തുടങ്ങിയപ്പോഴാണ് എന്റെ ക്ലാസില്‍ അവന്റ്റെ വിലയെന്തെന്ന് ഞാന്‍ അറിഞ്ഞത്.. അവനുണ്ടായിരുന്നത്കൊണ്ടാണ് പഠിപ്പിക്കാനായി എങ്ങിനെ പഠിക്കണമെന്ന് ഞാന്‍ പഠിച്ചത്.. എന്നിട്ടും അവനെങ്ങിനെ മറ്റുള്ളവരുടെ കണ്ണിലെ കരടായെന്നത്.. തല്ലും വഴക്കും വലിയും കുടിയും പിന്നെയൊരു എട്ടാംക്ലാസ്സുകാരനില്‍ നിന്നു പ്രതീക്ഷിക്കാവുന്നതിലപ്പുറമായിരുന്നു അവന്റെ ചെയ്തികള്‍.. കേട്ടതൊക്കെ എത്രമാത്രം ശരിയായിരുന്നെന്ന് ഇന്നും എനിക്കറിയില്ല... പക്ഷെ അവന്റെ തലതിരിഞ്ഞസ്വഭാവങ്ങള്‍ക്കിടയിലും എനിക്കവനെ ഇഷ്ടമായിരുന്നു.. പേരിലുള്ള സാമ്യം പോലെ അവള്‍ക്കും..

രണ്ടു വര്‍ഷത്തിനു ശേഷം ഞാന്‍ മലയിറങ്ങുമ്പൊഴും അവനവിടെയുണ്ടായിരുന്നു.. പിന്നെ മാറിപ്പോയ എന്റെ വഴികള്‍.. സ്വയമൊരു പിന്‌വലിയല്‍, അകന്നു പോയ കൂട്ടുകെട്ടുകള്‍.. ഇതിനിടയില്‍ അവനെ കുറിച്ചുള്ള വിവരങ്ങളും എനിക്ക് കിട്ടാതായി.. വല്ലപ്പൊഴുമെത്തുന്ന അവളുടെ വിളികളിലും അവനെ കുറിച്ചൊന്നുമില്ലായിരുന്നു.. പലപ്പൊഴും പഴമ്പുരാണങ്ങളുടെ കെട്ടഴിക്കുമ്പോള്‍ ഇടയില്‍ അവനും കടന്നു വരും.. പിന്നെ "ഇപ്പോള്‍ എവിടെയാണാവോ?" എന്നൊരു നെടുവീര്‍പ്പില്‍ എല്ലാമൊതുങ്ങും.. ഓര്‍ക്കൂട്ടിന്റെ വലയില്‍ നിന്നും അവള്‍ ദിവസങ്ങള്‍ക്ക് മുമ്പ് അവനെ കണ്ടെത്തും വരെ..

ഈ അദ്ധ്യാപകദിനത്തില്‍ എന്റെ സന്തോഷം അവനാണ്.. ഇന്നലെ അവനെന്നെ കാണാന്‍ വന്നിരുന്നു.. ആ കൊച്ചു പയ്യനില്‍ നിന്നും വലിയൊരാളായി.. എന്നാലും ആ ടീച്ചറെ എന്ന വിളി.. അതു മതിയായിരുന്നു ഞാനെന്ന പഴയ ടീച്ചര്‍ക്ക്...‍

17 comments:

ഇട്ടിമാളു said...

ഞാനൊരു ടീച്ചറായിരുന്നു.. അതിനും മുമ്പെ ഞാനൊരു കുട്ടിട്ടീച്ചറായിരുന്നു, ടീച്ചര്‍മാരുടെ അനിയത്തിയായിരുന്നതിനാല്‍.. ഇന്നു വഴിമാറിയെങ്കിലും കുറച്ച്നാളെങ്കിലും ആ ഒരു വേഷം കെട്ടാനായതില്‍ ഞാനൊത്തിരി സന്തോഷിക്കുന്നു.. ഇന്നു അദ്ധ്യാപകദിനം..

ശ്രീ said...

അദ്ധ്യാപക ദിനത്തിലെ ഓര്‍മ്മക്കുറിപ്പ് കൊള്ളാം.

പണ്ട് സ്കൂളില്‍ എന്റെ കൂടെ പഠിച്ചിരുന്ന ഒരു സ്നേഹിതനെ ഓര്‍മ്മിപ്പിച്ചു...

smitha adharsh said...

ഒരു ടീചെര്‍ക്കെ ഈ അനുഭവം മനസ്സില്‍ തങ്ങി നില്‍ക്കൂ...
ഇഷ്ടപ്പെട്ടു..

അനൂപ് തിരുവല്ല said...

ഇഷ്ടപ്പെട്ടു..

PIN said...

ടീച്ചറുടെ ഓർമ്മകൾ നന്നായിരിക്കുന്നു....

RaFeeQ said...

അനുഭവം നന്നായിട്ടുണ്ട്‌..

ശിവ said...

ഈ ഓര്‍മ്മകള്‍ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ....

sreedevi said...

നല്ല വായന സുഖം...മനസ്സ് കൊണ്ട് മാത്രം ഒരു ടീച്ചര്‍ ആണ് ഞാനും :)
പറയാന്‍ മറ്റൊരു കമന്റ് ഉണ്ട്..ദേവപ്രിയയുടെ ഒരു ദിവസം വായിച്ചു...അവിടെ നിന്നാണ് ബ്ലോഗില്‍ എത്തിയത്...വളരെ നന്നായിരിക്കുന്നു..

അനൂപ്‌ കോതനല്ലൂര്‍ said...

നന്നായിരിക്കുന്നു

ഇട്ടിമാളു said...

ശ്രീ.. എപ്പൊഴൂം കൂട്ടം തെറ്റിയ ഒരു കുഞ്ഞാടെന്കിലും ഉണ്ടാവുമല്ലെ..?

സ്മിത.. തിരുവല്ല..പിന്‍..റഫീക്ക്..ശിവ..കോതനല്ലൂര്‍.. നന്ദിയുണ്ട് ഈ വഴി വന്നതില്‍..:)

ശ്രീദേവി.. വന്ന വഴി അറിഞ്ഞപ്പോള്‍ ഒരിത്തിരി കൂടുതല്‍ സന്തോഷം.. ഒരിക്കല്‍ ബ്ലൊഗില്‍ ഇട്ട്, പിന്നെ മാറ്റിയ കഥയായിരുന്നു അത്..

നിരക്ഷരന്‍ said...

ഇനിയും കാണുമല്ലോ നല്ല നല്ല ഓര്‍മ്മക്കുറിപ്പുകള്‍ അദ്ധ്യാപികാ ജീവിതത്താളുകളില്‍....

അദ്ധ്യാപരുടെ കുടുംബത്തീന്നാണ് ഞാനും.

sreedevi said...

ബ്ലോഗില്‍ ഇട്ടിട്ടു മാറ്റിയ കഥയായിരുന്നോ?വളരെ നന്നായിരുന്നു..ഭംഗിയായി എഴുതിയിരുന്നു..കഥ ഇഷ്ടംയിട്ടു കഥാകാരിയെ തിരഞ്ഞു വന്നതായിരുന്നു :)

ഇട്ടിമാളു said...

നിരക്ഷരാ.. ഇഷ്ടം പോലെയുണ്ട്..

ശ്രീദേവി.. :)

ദൃശ്യന്‍ | Drishyan said...

ഇത് ഇപ്പോഴാണെടോ വായിച്ചത്.
നന്നായിരിക്കുന്നു ഈ കുറിപ്പ്. ആരംഭം എനിക്ക് നന്നേ പിടിച്ചു.

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു said...

ദൃശ്യാ.. നന്ദി

apara said...

hai ,


nalloru katha...njanum athil evideyo ullathupole...ellam ormakal...ormakal marikkathirikkatte....

ഇട്ടിമാളു said...

അപര.. വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവാം..