Wednesday, February 11, 2009

എനിക്ക് വിശക്കുന്നു..

ഇന്റര്‍‌വ്യൂന് കാള്‍ ലെറ്റര്‍ കിട്ടുന്നത് തലേന്നാള്‍.. നില്‍ക്കുന്നത് തെക്കും എത്തേണ്ടത് വടക്കും ആയപ്പോള്‍ രാത്രി വണ്ടി തന്നെ ശരണം.. റിസര്‍‌വേഷന്‍ എന്ന കാര്യത്തെ കുറിച്ച് ആലോചിക്കുകയേ വേണ്ട.. ഇന്നല്ല ഇനി നാലു ദിവസം കഴിഞാണെങ്കിലും രക്ഷയില്ലെന്ന അവസ്ഥ.. പിന്നെ ജനറല്‍ കമ്പാര്‍ട്ട്മെന്റ് അല്ലെ ഉള്ളു.. രാത്രി വെളുപ്പിക്കണമല്ലൊ അതോണ്ട് കൊത്തിപിടിച്ച് ബെര്‍ത്തില്‍ കേറിയിരുന്നു.. അവിടെ എത്തിപെടാന്‍ പെട്ട പാട്.. അത് പറയാതിരിക്കുകയാ ഭേദം.. ജോലി എടുത്ത് വെച്ചത് രണ്ടു കയ്യും നീട്ടി വാങ്ങിപോന്നാല്‍ മതി എന്ന മട്ടില്‍ വലിച്ച് വിട്ടപ്പോള്‍ വയറിന്റെ കാര്യം മറന്നു.. വണ്ടിയില്‍ കയറും മുമ്പ് എന്തെങ്കിലും വാങ്ങിക്കാമെന്ന വിചാരം ക്യുവിന്റെ നീളം കാരണം നടന്നില്ല.. ട്രെയിന്‍ അല്ലെ, വടൈ പഴമ്പൊരി കട്‌ലെറ്റ് ഒക്കെയില്ലെ തല്‍കാലാശ്വാസത്തിന് എന്നൊക്കെ വിചാരിച്ച് ഉള്ള സ്ഥലം നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിച്ച് ഇരുന്നു.. നമ്മള്‍ വെറുതെ ഇരിപ്പാണെങ്കിലും വിശപ്പ് വെറുതെ ഇരിക്കില്ലല്ലൊ.. എന്നാല്‍ ഉറങ്ങാനൊരു ശ്രമം ആവാം ന്ന് വിചാരിച്ചിട്ട് അതും നടക്കുന്നില്ല.. വെളിച്ചം പോലും ഇല്ലാത്തിടത്ത് എത്തിപ്പെടുന്ന ഏറ്റവും പുറകിലെ ജനറലിലേക്ക് ഭക്ഷണം പോയിട്ട് വെള്ളം പോലും വരുന്നില്ല..ഏതേലും സ്റ്റേഷനില്‍ ഇറങ്ങി എന്തേലും വാങ്ങാം ന്ന് വിചാരിച്ചാല്‍ നിലത്ത് കാലല്ല മൊട്ടുസൂചി പോലും കുത്താന്‍ സ്ഥലമില്ല.. കണ്ണടച്ച് ധ്യാനത്തിലിരുന്ന് നാളെ എന്തൊക്കെ ചോദ്യം കിട്ടും എന്നൊക്കെ ആലോചിച്ച് വിശപ്പിനെ മറക്കാനുള്ള ശ്രമത്തിലിരിക്കുമ്പൊഴാ മൂക്ക് മണം പിടിക്കുന്നത്.. ഏതവനൊ ഓറഞ്ച് പൊളിക്കുന്നു.. തുറക്കരുതെന്ന് വിചാരിച്ചിട്ടും കണ്ണുകള്‍ തുറന്ന് പ്രതിയുടെ നേരെ തുറിച്ചു നോക്കി.. ഉറങ്ങാനുള്ള ശ്രമമൊക്കെ വെറുതെയായി.. അയാള്‍ അങ്ങിനെ വിശാലമായി ഓറഞ്ച് പൊളിച്ച് നാരൊക്കെ കളഞ്ഞ സുന്ദരിയാക്കി ഭംഗിയൊക്കെ നോക്കി ഓരോന്നോരോന്നായി തിന്നുന്നു.. അതോടെ എന്റെ വിശപ്പ് കുത്തി നോവിക്കാന്‍ തുടങ്ങി.. അവിടെ ഇരുന്നവരില്‍ മിക്കവരും അയാളേ തന്നെ നോക്കുന്നു... ചിലര്‍ മോശമല്ലെ എന്ന് വിചാരിച്ചാവാം.. ഇടക്കൊക്കെ കണ്ണുകള്‍ പിന്‍‌വലിക്കുന്നു.. പിന്നെ എന്നെ പോലെ വിശന്നിട്ടാണൊ അതോ വെറുതെ കൊതികൊണ്ടാണൊ ന്ന് അറിയില്ല.. വീണ്ടും അയാളില്‍ തന്നെ നോട്ടമെത്തും..പിന്നെപ്പൊഴൊ രക്ഷയില്ലെന്ന് കണ്ട് ഞാന്‍ ഉറങ്ങി പോയി.. ഉണര്‍ന്നപ്പോള്‍ ഓറഞ്ച് തീറ്റക്കാരനെ കണ്ടില്ല.. അവന്റെ ഗതി എന്തായൊ എന്തൊ..

അയ്യൊ.. ഇതേ പോലെ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് ആര്‍ക്കെങ്കിലും പറയണം എന്ന് തോന്നുന്നുണ്ടോ.. നീണ്ട യാത്രകള്‍ നടത്തുന്നവര്‍ക്കെല്ലാം ഒരിക്കലെങ്കിലും ഈ അനുഭവമുണ്ടായിരിക്കും.. യാത്രതന്നെയാവണം കാരണമെന്നുമില്ല..

ഹോസ്റ്റലില്‍ രാത്രിഭക്ഷണമായ ബീറ്റ്‌റൂട്ട് മെഴുക്കുപുരട്ടിയും രസവും പാതിമന‍സ്സോടെ കഴിച്ച്, വീട്ടിലേക്ക് വിളിച്ച് അവിടെത്തെ മെനു കേട്ട് വെള്ളമിറക്കിയിരിക്കുമ്പോഴാവും അയലത്തെ അച്ചായന്‍ മീന്‍ വറക്കാന്‍ തുടങ്ങുന്നത്.. ജനലടച്ചാലും വെന്റിലേറ്ററിലൂടെ മൂക്കിനെ തേടിയെത്തും.. കയ്യില്‍ കാശ് ഉണ്ടെങ്കിലും യാതൊരു ഗുണവുമില്ലാതെ വിശന്നിരിക്കേണ്ടി വരുന്നത് ഇത്തിരി കഷ്ടം തന്നെ..

അപരിചിതരോട് ഭക്ഷണപാനീയങ്ങള്‍ വാങ്ങി കഴിക്കരുതെന്ന് റെയില്‍‌വെയുടെ ഉത്തരവുണ്ട്.. പക്ഷെ ഞാന്‍ വളരെയേറെ സ്വാദോടെ ആസ്വദിച്ച് കഴിച്ചത് അപരിചിതര്‍ തന്ന ഭക്ഷണമാണ്.. (ഹോട്ടലിലെ വെയ്റ്റേഴ്സ് അല്ല).. സത്യം പറഞ്ഞാല്‍ അവരുടെ പേരുപോലും ഞാന്‍ ഓര്‍ക്കുന്നില്ല.. ട്രെയിനിലെ പുസ്തകകച്ചവടക്കാരന്‍ കൊണ്ടുവന്ന ഒരുപുസ്തകത്തില്‍ ഞാനും എനിക്ക് എതിര്‍‌വശത്തെ സീറ്റില്‍ ഇരുന്ന ആളും പിടിയിട്ടത് ഒരുമിച്ചായിരുന്നു.. അയാള്‍ എനിക്കത് വിട്ടു തന്നപ്പോള്‍ യാത്രാവസാനം വരെ അതു വായിക്കാന്‍ ഞാന്‍ അയാള്‍ക്ക് തിരിച്ചു കൊടുത്തു.. മലബാറില്‍ നിന്നും അനന്തപുരി കാണാന്‍ പോവുന്ന കുടുംബം. ഒരു കോഴിക്കോടന്‍ മാഷും ടീച്ചരും പിന്നെ രണ്ടു കുസൃതി പിള്ളേരും..ഉച്ചയൂണിനു സമയമായപ്പോള്‍ കൂടേ കൂടാന്‍ ക്ഷണിച്ചത് അവരുടെ മര്യാദ.. രാവിലെ അമ്മയോട് വഴക്കിട്ട് പോന്നതിനാല്‍ വയറ് കാലി.. അതുകൊണ്ട് തന്നെ ജാഡയിട്ട് വിശപ്പില്ലെന്ന് പറയാന്‍ തോന്നിയില്ല.. അതിനേക്കാളേറേ അവരോട് തോന്നിയ ഒരു അടുപ്പവും.. നല്ല ചുട്ടരച്ച നാളികേരചമ്മന്തി പിന്നെ കയ്പ്പക്ക മെഴുക്കുപുരട്ടി.. ആര്‍ഭാടമായി നിറയെ ഉള്ളിയും പച്ചമുളകും ഇട്ട ഓംലെറ്റ്.. പിന്നെങ്ങനെ വേണ്ടെന്ന് പറഞ്ഞ് മസ്സില്‍ പിടിച്ചിരിക്കും..

കുട്ടിക്കാലത്ത് വഴക്ക് പറയുന്നിതിനെല്ലാം ഭക്ഷണമുപേക്ഷിച്ച് പ്രതിഷേധിക്കുകയായിരുന്നു പതിവ്.. അയ്യൊ മോളെ പട്ടിണികിടക്കല്ലെ എന്നൊന്നും പറഞ്ഞ് പുറകെ വരാന്‍ അമ്മയെ കിട്ടില്ലായിരുന്നു.. വേണേല്‍ കഴിച്ചാല്‍ മതി എന്നതായിരുന്നു അവിടത്തെ പോളിസി.. അതുകൊണ്ട് തന്നെ രാത്രി ഒരുമണിക്കും രണ്ടുമണിക്കും എണീറ്റ് വെള്ളച്ചോറ് ഊറ്റിയെടുത്ത് തൈരും പച്ചമുളകും കൂട്ടി നല്ല രസിച്ച് ഉണ്ടിട്ടുണ്ട് ഞാന്‍.. ആ അമ്മ തന്നെയാണ് വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുകയാണ് ഏറ്റവും വലിയ പുണ്യമെന്ന് പഠിപ്പിച്ചതും..

എന്റെ യാത്രകളില്‍ ഞാന്‍ ഭക്ഷണം എടുക്കാറില്ല.. വിശന്നിരിക്കുന്നവരുടെ മുന്നിലിരുന്ന് കഴിക്കുന്നതിന്റെ ഒരു വിഷമം തന്നെ.. വണ്ടിയിറങ്ങി ആദ്യം ചെയ്യുക വിശപ്പടക്കുകയാണെന്നത് വേറേ കാര്യം.. പട്ടിണിയുടെ കാലത്തെ പറ്റി ഏറെ കേട്ടിട്ടുണ്ട്.. അനുഭവിക്കാത്തതു ഒരു കുറ്റമൊ കുറവൊ ആയി ചിലപ്പോള്‍ ആരോപിക്കപ്പെടുന്നു.. വിശപ്പു മൂക്കുമ്പോള്‍ എപ്പൊഴൊക്കെയൊ വെറുതെ കളഞ്ഞ "നല്ല" ഭക്ഷണങ്ങളുടെ കണക്കെടുക്കുന്നു, അതിപ്പോള്‍ കിട്ടിയിരിരുന്നെങ്കില്‍.. ഭക്ഷണം ഒരു ആഘോഷമാവുമ്പോള്‍ കളയുന്നതിന്റെ കണക്കെടുക്കാന്‍ ആരും ശ്രമിക്കാറില്ലല്ലൊ..

എന്താ ഇപ്പോള്‍ പറഞ്ഞു വരുന്നതെന്നു ചോദിച്ചാല്‍... എനിക്ക് വിശക്കുന്നു :)

17 comments:

ഇട്ടിമാളു said...

എനിക്ക് വിശക്കുന്നു :)

ഇത്തിരിവെട്ടം said...

വൈകുന്നേരം വരെ ജോലി കഴിഞ്ഞ് ട്രാഫിക് നീന്തി റൂമില്‍ എത്തിയപ്പോല്‍ തന്നെ വൈകിയിരുന്നു. ഒന്ന് ഫ്രഷായി ഇറങ്ങുമ്പോള്‍ കരുതി.. എയര്‍പോര്‍ട്ടില്‍ നിന്ന് വല്ലതും കഴിക്കാം എന്ന്. എയര്‍പോര്‍ട്ടില്‍ നിന്ന് കഴിപ്പ് ഫ്ലൈറ്റിലേക്ക് മാറ്റി. ഒരു ഗ്ലാസ്സ് പച്ചവെള്ളം മാത്രം തന്ന് എയര്‍ അറേബ്യ കൊച്ചിയില്‍ എത്തിച്ചപ്പോള്‍ സമയം രാത്രി രണ്ട് കഴിഞ്ഞു...

പുറത്തിറങ്ങിയപ്പോള്‍ ആദ്യം അന്വേഷിച്ചത് ഭക്ഷണമാണ്. വഴിയില്‍ നല്ലൊരു ഹോട്ടല്‍ ഉണ്ട്.. വേവുന്നവരെ കാത്തില്ലേ... ആറും വരെ കൂടി... എന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍‍ ആ നല്ല ഹോട്ടലെത്തുന്നതും കാത്തിരുന്നു. നെടുമ്പാശ്ശേരി മുതല്‍ കുന്ദംകുളം വരെ വഴിനീ‍ള ഉണ്ടായിരുന്ന ഹോട്ടലുകളും തട്ടുകളും അവഗണിച്ചായിരുന്നു ആ യാത്ര... അങ്ങനെ അത്രയും ദൂരം പുകഴ്ത്തിയ ഹോട്ടലിനടുത്ത് വണ്ടി നിര്‍ത്തി.

പുറത്തിറങ്ങും മുമ്പേ ഹോട്ടലിലെ തൊഴിലാളി പറഞ്ഞു ‘ചോറ് തീര്‍ന്നു... ഷട്ടറിടാന്‍ പോവുന്നു’ എന്ന്. ഒരു ചായ കുടിക്കാന്‍ നിന്നാല്‍ ഇനി വഴിയില്‍ നിന്ന് ഒന്നും കിട്ടില്ല എന്ന് കരുതി വേഗം പുറപ്പെട്ടു. പക്ഷേ വഴിയൊരിടത്തും ആരും ഭക്ഷണവുമായി ഉണ്ടായിരുന്നില്ല.

വളാഞ്ചേരി എത്തിയപ്പോള്‍ ഒരു ഹോട്ടല്‍... നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പറഞ്ഞു.. ‘ഇനി വീട്ടില്‍ ചെന്നാവാം...’

ആ യാത്രയാണ് ഈ വിശപ്പിനിടയില്‍ ഓര്‍ത്തത്.

പ്രിയ said...

പാത്രത്തില്‍ കിട്ടിയ ആഹാരത്തിന്റെ ഒരു അംശം പോലും കളയാതെ, വേണ്ടെങ്കില്‍ കൂടി കഴിക്കുന്നത് കൊണ്ടാവാം (എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു) വിശന്നു കൊതിച്ചു ഇരിക്കേണ്ടി വന്നിട്ടില്ല.(ആ സമയത്ത് ദൈവം ആരെങ്കിലും വശം ഒരു വഴി കൊടുത്തയച്ചിട്ടുണ്ട് :)

വിശപ്പറിഞ്ഞിട്ടില്ല എന്നല്ല. പക്ഷെ കൈയെത്തും ദൂരത്തും ആഹാരം ഉള്ളപ്പോ കഴിക്കാന്‍ സമയം കിട്ടാഞ്ഞിട്ട് ആണത്.

ഇട്ടിമാളു, ഇപ്പൊ എന്താ ചെയ്യാ?

ശ്രീ said...

യാത്രയ്ക്കിടയിലെ വിശപ്പിന്റെ കഥകള്‍ പറയാതിരിയ്ക്കുകയാണ് ഭേദം.

അല്ല, ഇപ്പോ എനിയ്ക്കും വിശയ്ക്കുന്നു...
:)

Areekkodan | അരീക്കോടന്‍ said...

കോളേജില്‍ നിന്ന് ഇറങ്ങാന്‍ നേരത്താ ഇതു വായിച്ചത്‌.എനിക്കും വിശക്കുന്നു.

Haree | ഹരീ said...

"എന്റെ യാത്രകളില്‍ ഞാന്‍ ഭക്ഷണം എടുക്കാറില്ല.. വിശന്നിരിക്കുന്നവരുടെ മുന്നിലിരുന്ന് കഴിക്കുന്നതിന്റെ ഒരു വിഷമം തന്നെ.." - ഞാനും അങ്ങിനെ തന്നെ. ഇത്രയും തിരക്കില്‍, മറ്റുള്ളവര്‍ നോക്കിയിരിക്കെ എങ്ങിനെയാ ഇവരൊക്കെ കഴിക്കുന്നതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പിന്നെ, സ്ഥിരം യാത്രക്കാരാവും, അവരുടെ ഗതികേടുകൊണ്ട് ചെയ്തുപോവുന്നതാവും എന്നൊക്കെ ഓര്‍ക്കും. നോക്കിയിരിക്കുന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കുവാന്‍ കഴിയുകയില്ലല്ലോ.

വിശന്നിരിക്കുമ്പോളാണ് എനിക്ക് കണ്ട്രോളുപോവാറുള്ളതെന്നാ അമ്മ പറയാറ്‌. :-) വായിച്ചു കഴിഞ്ഞപ്പോളെനിക്കും വിശക്കുന്നു.
--

ഗൗരിനാഥന്‍ said...

ഈയിടെ തിരുവനന്തപുരം യാത്രയിലും ഈ വിശപ്പറിഞ്ഞിരുന്നു..ഈയിടെ ചില കോളനികളിലെ കുട്ടികളുടെ വിശപ്പറിഞ്ഞപ്പോള്‍ ട്രയിനിലിരുന്ന് വിശപ്പ് അറിഞ്ഞതിനേക്കാള്‍ വിശന്നു....

കുമാരന്‍ said...

ജാട.. അല്ല, ജാഡ അല്ലേ ശരി..?
പോസ്റ്റ് ഇഷ്ടപ്പെട്ടു. സിമ്പിള്‍ ബട്ട് ബിഗ്.
വിശപ്പിനു ഇല്ലാതാക്കാനല്ലേ എല്ലാവരുടേയും ഓട്ടം തന്നെ.

നാട്ടുകാരന്‍ said...

എനിക്കും വിശക്കുന്നൂ .......................

വികടശിരോമണി said...

തീവണ്ടിയാത്രയിൽ ഭക്ഷണം കഴിക്കാൻ ഞാനും മടിയനാണ്.ചുറ്റും വിശന്നിരിക്കുന്നവർ,അന്തരീക്ഷം...ഒന്നും എനിക്കിഷ്ടമല്ല.
മുൻപ് ദീർഘദൂര യാത്രകൾ ചെയ്യുമ്പോൾ പക്ഷേ അതൊരു രസമായിരുന്നു-ബോബെക്കും ഡൽഹിക്കും പോകുന്ന യാത്രയിൽ,പരസ്പരം പരിചിതരായിക്കഴിഞ്ഞവർ ഷെയർ ചെയ്തു കഴിക്കുന്ന ഭക്ഷണം...
“കുഞ്ഞായിരുന്നനാൾ കണ്ടു കിനാവുകൾ
കുഞ്ഞുവയർ നിറച്ചാഹാരം..”
എന്ന് പാടി വീട്ടിൽ നടക്കുമ്പോൾ ഇപ്പോഴും അമ്മ പറയും,കുട്ടിക്കാലത്ത് ഇവനെന്തൊരു തീറ്റപ്രാന്തനായിരുന്നു,എന്നിട്ടിപ്പോൾ പാടുന്നത് കേട്ടില്ലേ-എന്ന്:)

shinu said...

I too had similar experiences but I don't have similar mode of expression.
Thank you very much and
I will certainly leave food on journey(But remember conditions apply)

ഇട്ടിമാളു said...

ഇത്തിരി വിശന്നാലും വീട്ടിലെ ചോറുണ്ടില്ലെ?

പ്രിയാ.. ഞാന്‍ ഭക്ഷണം കളയാന്‍ തുടങ്ങിയത് ഹോസ്റ്റല്‍ വാസം തുടങ്ങിയതിനു ശേഷമാ...

ശ്രീ..:)

അരീക്കോടാ.. ജോലി കഴിഞ്ഞിറങ്ങുന്ന നേരത്തന്നെയാ എനിക്കും ഏറ്റവും കൂടുതല്‍ വിശക്കാറ്.. അപ്പോ റോഡിനരികിലെ റെസ്റ്റോറന്റുകളും തട്ടുകടകളുമെല്ലാ വരുന്നില്ലെ വരുന്നില്ലെ എന്ന് ചോദിക്കും.. :)

ഹരീ.. പാവം അമ്മ.. :)

ഗൗരി.. ആ കുട്ടികളുടെ വിശപ്പിനു മുന്നില്‍ നമ്മളാരും ഒന്നുമല്ലല്ലൊ..

കുമാരാ.. തിരുത്തി ട്ടൊ..

നാട്ടുകാരാ... :)

വികടശിരോമണി.. അമ്മ പറയുന്നതിലും കാര്യമില്ലാതില്ല...

ഷിനു .. :)

ഞാന്‍ ഇരിങ്ങല്‍ said...

ഇട്ടൂസ്,
പോസ്റ്റ് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് ഭക്ഷണമാണല്ലോ വിഷയം.
എഴുത്ത് ആദ്യഭാഗം ഓറഞ്ച്കാരന്‍ ഓറഞ്ച് പൊളിച്ച് വയ്ക്കുന്നതു വരെയുള്ള ഭാഗം തികച്ചും ഒരു സ്റ്റൈല്‍ എഴുത്തായിരുന്നു.
അത് വായിച്ചപ്പോള്‍ പ്രശസ്തമായ മറ്റൊരു കഥ ഈയിടെ ഏഷ്യാനെറ്റ് റേഡിയോവില്‍ പ്രക്ഷേപണം ചെയ്തത് ഓര്‍മ്മ വന്നു.

ഒരു ‘പൈ” ട്രെയിനില്‍ കയറുന്നതും അദ്ദേഹത്തിന്‍ റെ ശരീരവലുപ്പം ബര്‍ത്തില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതും പിന്നെ താഴെ വച്ച് മറന്നു പോയ സഞ്ചി എടുക്കാന്‍ വീണ്ടും ഇറങ്ങിവരുന്നതും പിന്നെ അ സഞ്ചിയില്‍ നിന്ന് ഒരു പുസ്തകം വായിക്കുന്നതും ഒക്കെ ഉള്ള വിശ്വവിഖ്യാതമായ കഥ.

അഭിനന്ദനങ്ങള്‍

ഭക്ഷണം കളയുക എന്നുള്ളത് വല്യ വിഷമമാ...അന്നും ഇന്നും. ട്രെയിന്‍ യാത്രാനുഭവങ്ങള്‍ ഒത്തിരി ഉണ്ട്.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഇട്ടിമാളു said...

ഇരിങ്ങലെ.. ഘട്ടം ഘട്ടമായി എഴുതിയതുകൊണ്ടാവാം സ്റ്റൈല്‍ ഡിഫറെന്സ്..:)

മുസാഫിര്‍ said...

ട്രെയിന്‍ യാത്രകളില്‍ ഈ ചമ്മല്‍ ഒഴിവാക്കാനായി അധികവും ട്രെയിന്‍ കാറ്ററിങ്ങിനെ ആശ്രയിക്കുകയാണ് പതിവ്.അതാവുമ്പോള്‍ എല്ലാവരും ഒരുമിച്ചാണല്ലോ കഴിക്കുക.

akc said...

ravillae pathinonnu manikku uchayoonum kazhichu 12 kulla island express piidikkan odukayum. kashitchu pidikoodi genaral compartmentil kayari kochikku nadathiya oru varshathae ormakal odiyethi.

ഇട്ടിമാളു said...

മുസാഫിര്‍ ... അതു നല്ല ഐഡിയ.. പക്ഷെ വട വടൈ ന്ന് പറയുമ്പൊ തെറിക്കുന്ന തുപ്പലിന്റെ സഞ്ചാരപഥം കാണുമ്പോള്‍ ...

akc.. പതിനൊന്നു മണിക്ക് ഉച്ചയൂണൊ... ?.. :)