Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Wednesday, March 20, 2013

ആത്മാര്‍ത്ഥമായി ഞാനൊന്നു വെറുതെയിരുന്നോട്ടെ..



പതിനാലു വര്‍ഷത്തെ മൌനത്തിനുശേഷം  മലയാളത്തിന്റെ പ്രിയനടി മഞ്ജുവാരിയര്‍ വീണ്ടും ചിലങ്കയണിഞ്ഞു.പലരും അഭിനയത്തിലേക്കുള്ള തിരിച്ചുവരവായി അതിനെ കണക്കുകൂട്ടി.  അഭിമുഖങ്ങളുടെ പേമാരിയായിരുന്നു തുടര്‍ന്നു പെയ്തൊഴിഞ്ഞത്. ഏല്ലാവരും ചോദിക്കാന്‍ മറക്കാതിരുന്ന ഒരു ചോദ്യമുണ്ട്; എന്തുചെയ്യുകയായിരുന്നു ഇത്രനാള്‍ . സിനിമയുടെ തിരക്കില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷയായ അവര്‍ക്ക് ഉത്തരം നല്‍കാന്‍ യാതൊരു വിഷമവുമില്ലായിരുന്നു. ഞാന്‍ ആത്മാര്‍ത്ഥമായി വെറുതെയിരിക്കുകയായിരുന്നു. വെറുതെയിരിക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അത് മഞ്ജുവാരിയരല്ലെ, അവര്‍ക്ക് അതൊക്കെ പറ്റും എന്നായിരിക്കും ഇത് കേള്‍ക്കുന്ന മിക്കവരുടെയും പ്രതികരണം. അല്ലെങ്കില്‍ എങ്ങിനെയാണ് വെറുതെയിരിക്കുക എന്നൊരു ചോദ്യമുയരും. അതെ,  എങ്ങിനെയാണ് വെറുതെയിരിക്കുന്നത്. ആത്മാര്‍ത്ഥമായി പഠിക്കാം ജോലിചെയ്യാം, എന്നാല്‍ എങ്ങിനെയാണ് ആത്മാര്‍ത്ഥമായി വെറുതെയിരിക്കുന്നത് എന്നത് പ്രസക്തമായ ഒരു ചോദ്യമല്ലെ.. 

ഉണര്‍ന്നാല്‍ ഉറങ്ങും വരെ നമ്മള്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയണ്. ചിലപ്പോള്‍ വെറുതെയിരിക്കാന്‍ തോന്നാറില്ലേ? എന്നും രാവിലെ  ജോലിക്ക് പോയി ഏറെ വൈകി വീട്ടിലെത്തുന്നവര്‍ക്ക് സൂര്യനുദിച്ചിട്ടും കിടന്നുറങ്ങാനൊ അലസമായി ഒരു ദിവസം തള്ളിനീക്കാനൊ ആവും ആഗ്രഹം. ചെയ്യാനുള്ളത് തീര്‍ന്നില്ലെന്നൊ എത്തേണ്ടിടത്ത് സമയത്ത് എത്തിയില്ലെന്നോ ആവലാതിയൊ ആധിയൊ ഇല്ലാതെ ഓരോന്നോരോന്നയ് സൌകര്യപൂര്‍വ്വം ചെയ്യുക. ചെയ്തു മടുത്താല്‍ ഒന്നും ചെയ്യാതെ വെറുതെയിരിക്കുക; അതെ വെറുതെയിരിക്കുക, അതു തന്നെ. ഒപ്പം അവനവന് ഇഷ്ടപ്പെട്ടത് ചെയ്യാന്‍ സ്വന്തമായ് കുറച്ച് സമയം. അതും ചെയ്യാന്‍ തോന്നുന്നസമയത്ത് സ്വന്തമാക്കാനാവുക. വെറുതെയിരിക്കുകയെന്നാല്‍ ഇതാവുമൊ അര്‍ത്ഥമാക്കുന്നത്.

മുമ്പൊക്കെ വൈകുന്നേരം പണിയൊതുക്കി നാമം ചൊല്ലാനിരിക്കുന്നതും, ഒരു ദിവസത്തെ അല്പനേരം വെറുതെയിരിക്കാനുള്ള ശ്രമമായിരുന്നില്ലെ. ചൊല്ലി ചൊല്ലി മന:പാഠമായിപോയ കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും വലിയ ശ്രമങ്ങളില്ലാതെ ഒഴുകിവീഴുമ്പോള്‍ തിളച്ചുതൂവുന്ന അത്താഴമൊ അടക്കാതെ പോയ വാതിലുകളോ മനസ്സിലേക്ക് കടന്നുവരില്ലെങ്കില്‍ ചിന്തകള്‍ ഏറെയലട്ടാതെ വെറുതെയിരിക്കല്‍ തന്നെയാവുന്നു. വടക്കിനികോലായിലെ നുണക്കൂട്ടങ്ങളും ആല്‍‌ത്തറകളിലെ സായാഹ്നക്കൂട്ടങ്ങളും ഒരു ദിവസത്തില്‍ വെറുതെയിരിക്കാനുള്ള അവസരങ്ങള്‍ ഒരുക്കിയിരുന്നു. ഒരു പക്ഷെ ഇന്ന് ഇരുപത്തിനാലുമണിക്കൂര്‍ തികയാതെ പോവുന്ന ഓട്ടമായിരിക്കാം വലിഞ്ഞുമുറുകി പൊട്ടാനിരിക്കുന്ന ശരീരത്തിനെയും മനസ്സിനെയും അല്പനേരം കെട്ടഴിച്ചു വിടാന്‍ റിലാക്സേഷന്റ്റെ ആധുനികവഴികളിലേക്ക് നമ്മെ എത്തിക്കുന്നത്. 

ചെറിയകുട്ടികള്‍ അരിച്ചു നീങ്ങുന്ന ഒരു കുഞ്ഞുറുമ്പിനെ നോക്കി എത്രയൊ നേരമിരിക്കും. അതിന്റെ ഓരോ ചലനവും മനസില്‍ പകര്‍ത്തി എത്ര സന്തോഷ്ത്തോടെയാവും അവര്‍ അടങ്ങിയിരിക്കുക. ആ ഒരേഒരു ചിന്തമാത്രം സ്വന്തമാക്കിയിരിക്കാന്‍ അവര്‍ക്ക് കഴിയുന്നു. സന്ധ്യക്ക് അരമണിക്കൂര്‍ കറണ്ട് പോവുമ്പോള്‍ ഒരു മെഴുകുതിരി വെട്ടം പോലും കയ്യിലില്ലെന്നിരിക്കട്ടെ. ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവിനെയൊ, ആകാശത്ത് കണ്ണുചിമ്മി ഞാനിവിടെ ഉണ്ടെ എന്ന് കൊഞ്ചുന്ന നക്ഷത്രത്തെയൊ കാണാതെ കറണ്ടുവരുമ്പോള്‍ ചെയ്യാനുള്ളതിന്റെയൊ ചെയ്യാനാവാത്തതിന്റെയൊ കണക്കെടുപ്പായിരിക്കും നമ്മള്‍ നടത്തുന്നത്.

 തിരക്കുപിടിച്ച ജോലിക്കിടയില്‍ അപ്രതീക്ഷിതമായി കൂട്ടുകാരന്റെ സന്ദേശം
“ഓണ്‍ലൈന്‍ വന്നാല്‍ അല്പം കത്തിവെക്കാമായിരുന്നു”

 വർത്തമാനം തുടരുമ്പൊഴാണ് അവധിയെടുത്ത് തുടര്‍ച്ചയായി നാലുദിവസം വെറുതെയിരിക്കുകയായിരുന്നു എന്നറിയുന്നത്. വെറുതെയിരുന്ന് എന്തു ചെയ്തു എന്ന മണ്ടന്‍ ചോദ്യത്തിന്റെ ഉത്തരമാണ് രസകരമായത്.. കുഞ്ഞിനോടൊത്ത് കളിച്ചു, ആഘോഷമായി കുളിച്ചു,  കുറെ ടിവി കണ്ടു, കിടന്നുറങ്ങി, പിന്നെ ഭക്ഷണം ഉണ്ടാക്കി കഴിച്ചു.. വെറുതെയിരിക്കല്‍ അജണ്ടയിലെ അവസാനത്തെ പരിപാടി എന്നെ ശരിക്കും ഞെട്ടിച്ചു.. പാചകം ചെയ്യല്‍ വെറുതെയിരിക്കലില്‍ പെടുമൊ.. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ലെങ്കില്‍ നമുക്ക് ഇഷ്ടപ്പെട്ടത് ഉണ്ടാക്കികഴിക്കുന്നതും ഒരു രസമല്ലെ.. 

എന്താ നമുക്ക് അല്പനേരം വെറുതെയിരുന്നാലൊ ?

Tuesday, January 1, 2013

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കൌമാരം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കൌമാരത്തിലേക്ക് സ്വാഗതം .. 

ശനിയാഴ്ച നാടെങ്ങും ഒരുപാട് മെഴുകുതിരികള്‍ കത്തിതീര്‍ന്നു.. ഔപചാരികമായാണെങ്കിലും അല്ലെങ്കിലും ഒരു ക്രൂരതയുടെ ഓര്‍മ്മപുതുക്കി ഇനിയും ആവര്ത്തിക്കരുതെ എന്ന് ചിലരെങ്കിലും മനസ്സുരുകി ചിന്തിച്ചു ... ഞാന്‍ ഭാഗമായ പട്ടണവും വിട്ടുനിന്നില്ല.. വിവിധ സംഘടനകളുടെ പേരില്‍ രാഷ്ടീയ പാര്ട്ടികളുടെ കൊടിക്കീഴില്‍ മതങ്ങളുടെ, ജാതികളുടെ വ്യക്തികളുടെ അങ്ങിനെ പലതാവഴികളില്‍, വഴികളില്‍ മൈതാനങ്ങളില്‍ മൗനജാഥകളും പ്രതിഷേധങ്ങളും അരങ്ങേറി .. ഞായരാഴ്ചയുടെ പത്രത്താളുകളില്‍ നിറയെ ചിത്രങ്ങള്‍ നിരന്നു കിടന്നു.. ഇടയില്‍ ഒന്നില്‍ കണ്ണുടക്കി നിന്നു..  അതില്‍ ഏറ്റവും മുന്നില്‍ നിന്നത് ഞങ്ങളുടെ ഹോസ്റ്റലിലെ കൊച്ചു കൂട്ടുകാര്‍ ...

ഹോസ്റ്റലിലെ മിണ്ടാപ്രാണികള്‍ ആണവര്‍ .. വായുഗുളിക വാങ്ങാനെന്നപോലെ തിരക്കിട്ടാണ്‌ അവരുടെ നടത്തം ..നടക്കാറില്ല അവര്‍ ഓടാറെ ഉള്ളു എന്നതാണ്‌ സത്യം .. ആരെയെങ്കിലും തട്ടിയാല്‍ സോറി പറയാന്‍ തിരിയും മുമ്പ് തന്നെ  അവര്‍ ബഹൂദൂരം പിന്നിട്ടിരിക്കും .. ഷെഡ്യൂള്‍ അനുസരിച്ച് ടൈടേബിള്‍ വെച്ചാണ്‌ അവരുടെ ഓരോ ദിനചര്യയും .. അതെ, അവര്‍ ഒരു വര്ഷം കളഞ്ഞ് ഡോക്റ്റര്‍ ആവാന്‍ ഒരു അവസരം കിട്ടുമോ എന്ന് നോക്കാന്‍ വന്നവരാണ്‌ .. അതുകൊണ്ട് തന്നെ ഓരോ നിമിഷവും അവര്ക്ക് വിലപ്പെട്ടതാണ്‌.. ..... ....... മെസ്സില്‍ കഴിക്കാന്‍ വരുമ്പോള്‍ പോലും അവരുടെ കയ്യില്‍ നോറ്റ്സ് ഉണ്ടാവും .. വീട്ടില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ക്കിടയില്‍ പോലും അവര്‍ അതിലേക്ക് നോക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിക്കാറുണ്ട്.. സാധാരണ അവിടെ നടക്കുന്ന യാതൊരു വിധ ബഹളങ്ങളിലും അവര്‍ ഉണ്ടാവാറില്ല.. എന്തിനു സ്വന്തം വീട്ടിലെ കല്ല്യാണവും മരണവും പോലും അവര്‍ക്ക് അന്യമാണ്‌.. .. ..

അതുകൊണ്ട് തന്നെ എനിക്ക് അത്ഭുതമായിരുന്നു, ഇവര്‍ ഇങ്ങനെ ഒരു പ്രകടനത്തില്‍ എങ്ങിനെ വന്നു പെട്ടു എന്ന് .. അതും ഒരാള്‍ അല്ല, മുന്‍നിരയില്‍ മുഴുവന്‍ അവര്, പുറകിലെ കുഞ്ഞു മുഖങ്ങളിലും പരിചിതമായവര്‍ അനവധി .. നിര്‍ബന്ധമായി ഇറക്കിയതാണോ എന്നൊരു സംശയം തോന്നാതിരുന്നില്ല.. 

അധികം കാത്തിരിക്കേണ്ടി വന്നില്ല.. പേജുകള്‍ മറിയും മുമ്പ് തന്നെ അവര്‍ എത്തി .. ഞാന്‍ ചിത്രത്തിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍  അവര്‍ കഥ പറഞ്ഞു.. 

അന്നും അവര്‍ക്ക് പതിവുപോലെ ക്ളാസ്സ് ഉണ്ടായിരുന്നു.. പങ്കെടുക്കാനുള്ള നിര്ദ്ദേശം വന്നപ്പോള്‍ നിങ്ങള്ക്ക് പോണോ എന്നായിരുന്നു സാറിന്റെ ചോദ്യം ... നിങ്ങള്ക്ക് ആ കുട്ടിയെ അറിയില്ലല്ലൊ, പിന്നെന്താ എന്നൊരു ചോദ്യം കൂടിയായപ്പോഴാണ്, അനുപ എഴുനേറ്റത് . "ഞങ്ങള്‍ക്ക് പോവണം ".. "ആകുട്ടിയെ കുറിച്ച് നിങ്ങള്ക്ക് ചിന്തയുണ്ടൊ" എന്ന ചോദ്യത്തിനുത്തരം കരിഷ്മയുടേതായിരുന്നു "ഉണ്ട് .. ഞങ്ങളേ പോലൊരാള്‍ ".. നഷ്ടമാവുന്ന അര ദിവസത്തെ ക്ളാസ്സിനെ കുറിച്ച് ആകുലപ്പെടുത്താന്‍ ആളുണ്ടായിട്ടും അവര്‍ പുറത്തിറങ്ങി.. അനുപ വീണ്ടും അതിനേകുറിച്ച് പറഞ്ഞ് രോഷം കൊള്ളുന്നു.. കരിഷ്മയാണെങ്കില്‍ താനെന്തൊ വലിയ കാര്യം ചെയ്ത സന്തോഷത്തിലാണ്‌ .. പക്ഷെ ഗസലയെന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള പാവക്കുട്ടിയാണ്‌ എന്നെ ശരിക്കും ചിന്തിപ്പിച്ചത്.. അച്ഛനമ്മമാര്‍ മലയാളികള്‍ എങ്കിലും ഇപ്പോള്‍ അവള്‍   ആന്ധ്രാക്കാരിയാണ്‌ ..  ഒരു ദിവസം അമ്മയുടെ വിളി വന്നില്ലെങ്കില്‍ വിഷമിച്ചിരിക്കുന്നവള്‍ .. എപ്പൊഴും കണ്ണൂകള്‍ നിറഞ്ഞിരിക്കുന്നെന്ന് തോന്നും .. പക്ഷെ ഇന്നു അവളുടെ കണ്ണിലെ തിളക്കം എന്നെ ശരിക്കും അമ്പരപ്പിച്ചു...

"ഗസല എങ്ങിനെ ഈ കൂട്ടത്തില്‍ പെട്ടു" .. ചേച്ചീ, എനിക്ക് ഒത്തിരി സങ്കടം തോന്നിയിരുന്നു ആകുട്ടിയുടെ വാര്ത്ത കേള്ക്കുമ്പോള്‍ ..എനിക്ക് മലയാളം വായിക്കാന്‍ അറിയാത്തോണ്ട് ഇവരൊക്കെ പറയുന്നത് കേള്ക്കും .  ഞാന്‍ തന്നെ പോവും ന്ന് കരുതിയില്ല.. എന്നാലും ആര്‍ക്കൊക്കെ പോവണം ന്ന് ചോദിച്ചപ്പോള്‍ ഞാനും  എഴുനേറ്റു.. ഞങ്ങള്‍  എല്ലാവരെയും ഇറക്കി.. 

ഗസല എല്ലാ പത്രങ്ങളിലും വന്ന അവളുടെ പടങ്ങള്‍ വെട്ടി സൂക്ഷിച്ചു വെച്ചിരിക്കുന്നു.. ഒന്നിനും ധൈര്യമില്ല എന്നു പറയുന്ന വീട്ടുകാരെ കാണിക്കാന് .. അല്ലെങ്കില്‍ അവര്‍ വിശ്വസിക്കില്ല.. 

എല്ലാം പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോള്‍ അവള്‍ പുറകില്‍ നിന്ന് വിളിച്ച് ചോദിക്കുന്നു.. 

"ചേച്ചീ, ഞങ്ങള്‍ പോവ്വേണ്ടായിരുന്നൊ.. ഒരു ദിവസത്തെ ക്ലാസിനേക്കാള്‍ ഇതു തന്നെയല്ലെ ശരി .. ടീച്ചര്‍മാര്‍ക്ക് അങ്ങിനെ ഒക്കെ പറയാം .. ഞങ്ങളേപോലെ തന്നെ അല്ലെ ആ കുട്ടിയും"

Friday, January 20, 2012

ശബ്ദവസന്തം


ബ്ദവസന്തത്തിന്റെ ഒമ്പതു നാളുകള്‍ .. അങ്ങിനെയാണ് അവര്‍ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്..

ഒട്ടും പ്രതീക്ഷിച്ചതല്ല ഞാന്‍ അതിന്റെ കേള്‍വിക്കാരിയാവുമെന്ന്.. പത്രത്തിന്റെ ഒതുങ്ങിയ കോണിലെവിടെയൊ ദിവസങ്ങള്‍ക്ക് മുമ്പെ നാടകോത്സവത്തിന്റെ വാര്‍ത്തകണ്ടിരുന്നു.. വര്‍ഷങ്ങളായി ശ്രദ്ധിക്കാത്ത കാര്യം.

റേഡിയൊ എന്നാല്‍ രാത്രി ഉറങ്ങാന്‍ നേരം പാട്ടൂവെച്ച് കിടക്കലാണ്.. അതും എന്റെ സഹമുറിച്ചി പഠിപ്പിച്ച ചീത്തശീലം.. ഒരു പാട്ട് കേള്‍ക്കാന്‍ വേണ്ടി സഹിക്കേണ്ടി വരുന്ന കത്തിയെ മനപ്പൂര്‍വ്വം വിസ്മരിക്കും...എത്ര പാട്ടുകള്‍ കേട്ടു എന്ന് കണക്കെടുക്കാറില്ല... മിക്കവാറും കേട്ടപാട്ടുകള്‍ ഓര്‍ക്കാറുപോലുമില്ല.. അതിനുമുമ്പെ ഞാന്‍ ഉറക്കത്തിന്റെ പിടിയിലായിരിക്കും.. അസമയത്ത് ഉണര്‍ന്നാല്‍ അതിനെ കുത്തിയുറക്കും.. ഇല്ലെങ്കില്‍ ഊര്‍ജ്ജം തീരും വരെ പാടികൊണ്ടിരിക്കും .. പുത്തന്‍ ബഹളങ്ങള്‍ക്കപ്പുറം പഴയ ആകാശവാണിയെ തിരയണമെന്ന് ഒരിക്കലും തോന്നിയില്ല. പക്ഷെ നാടകോത്സവത്തിന്റെ വാര്‍ത്തകണ്ടപ്പോള്‍ വായനക്കിടയില്‍ അങ്ങിനെഒരു ചിന്ത മനസ്സില്‍ കേറി..കേള്‍ക്കണം എന്നൊരു ഉറപ്പ് ഞാന്‍ എനിക്ക് തന്നെ കൊടുത്തു.. പക്ഷെ എന്നിട്ടും ഞാനത് മറന്നു പോയി .. തിങ്കളാഴ്ച ഓഫീസ് മേശയില്‍ വന്നുകിടന്ന ബ്രോഷര്‍ ആണ് വീണ്ടും ഓര്‍മ്മപ്പെടുത്തലായത്.. എന്നിട്ടും നഷ്ടമായി, അന്ന് ശബ്ദവിരുന്നായത് തിരുവനന്തപുരം നിലയത്തിന്റെ “അശ്വാരൂഢന്റെ വരവ്” ആയിരുന്നു . രചന : പെരുമ്പടവം ശ്രീധരന്‍

എനിക്കുമുണ്ട്, റേഡിയോയെ പ്രണയിച്ചിരുന്ന ഒരു ഭൂതകാലം.. പ്രത്യേകിച്ചും നാടകങ്ങളേയും ചലചിത്രഗാനങ്ങളേയും .. കെമിസ്റ്റ്രിയുടെ ബോറന്‍ റെക്കോറ്ഡെഴുത്തുകള്‍ക്ക് പശ്ചാത്തലമായി “രഞ്ജിനി”യുണ്ടാവും.. (സ്റ്റാര്‍സിംഗര്‍ രഞ്ജിനിയല്ല).. അന്നൊക്കെ ഒരിക്കലും ഞാന്‍ നാടാകോത്സവം കേള്‍ക്കാതിരുന്നില്ല..നാടകോത്സവം മാത്രമല്ല..ഇന്നത്തെ ടിവിസീരിയലുകള്‍ പോലെ അന്നു തുടരന്‍ നാടകങ്ങള്‍ ഉണ്ടായിരുന്നു.. പരസ്യത്തിന്റെ ശല്ല്യമില്ലാതെ നീളുന്ന നാടകങ്ങള്‍.. .. കാഴ്ചകളുടെ ധാരാളിത്തമില്ലാതെ കേള്‍ക്കുന്ന ഓരോരുത്തരെയും അവനവന്റെ ഭാവനക്കനുസരിച്ച് മനകണ്ണില്‍ കാണാന്‍ അനുവദിക്കുന്ന നാടകങ്ങള്‍ ..

രാത്രിയില്‍ കര്‍ണ്ണമധുരമായ സ്ഫുടമായ മലയാളത്തില്‍ അവര്‍ പറയാന്‍ തുടങ്ങിയിരുന്നു.. “അഖിലകേരള റേഡിയോ നാടകോത്സവം രണ്ടാം ദിവസം.“..അങ്ങിനെ തുടക്കം “9/11 അഥവാ സെപ്തംബറിന്റെ മുറിവ്” ല്‍ ആയി... സുധീര്‍ പരമേശ്വരന്റെ രചനയില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നടക്കുന്നതായിരുന്നു ആ നാടകം ദുരന്തങ്ങള്‍ ആസ്വദിക്കുന്നവരുടെയും അതില്‍ തകര്‍ന്നുപോവുന്നവരുടെയും കഥപറഞ്ഞു നീങ്ങി.. അവസാനിക്കുന്നതിനു തൊട്ടുമുമ്പെപ്പൊഴൊ ഉറക്കം എന്നെ കീഴടക്കിയിരുന്നു.. പക്ഷെ ഞെട്ടിയുണാര്‍ന്നപ്പോള്‍, കൈമാക്സ് നഷ്ടമായതിന്റെ സങ്കടത്തില്‍ കൂട്ടുകാരിയോട് ചോദിച്ചു “എന്തായിരുന്നു അവസാനം“.. അവളും ഉറങ്ങിപ്പോയിരുന്നു... അങ്ങിനെ സെപ്തംബറിന്റെ മുറിവിന്റെ ആഴം അറിയാതെ പോയി..

“പ്രാണനിലകള്‍ പറയാതെ പറഞ്ഞത്”ആയിരുന്നു അടുത്തദിവസം. കാലമേറെ കൂടി എത്തിപ്പെട്ടതായതിനാല്‍ ഇഴകീറി മുറിക്കാന്‍ ശ്രമിച്ചില്ലെന്നത് വേറെ കാര്യം ഇഷ്ടപ്പെടാത്ത അവസാനമായിട്ടും കാലങ്ങള്‍ക്കു ശേഷം ഒരു റേഡിയൊ നാടകം കേട്ടതിന്റെ സന്തോഷം നിറഞ്ഞു നിന്നിരുന്നു... ഇന്നലെ ഫോണില്‍ കുടുങ്ങിയപ്പോള്‍ “ഹത്യ“ യുടെ തുടക്കം കേട്ടില്ല.. എന്നാലും സിദ്ദിക്കിന്റെ ചിരപരിചിതമായ ശബ്ദമാണ്‍് ആദ്യം ചെവിയില്‍ വീണത്.. എന്ഡോസള്‍ഫാന്‍ പ്രശ്നവും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമവുമെല്ലാം ഒരു കുഞ്ഞിനെ ജനിക്കും മുമ്പെ കൊന്നു കളയാനുള്ള തീരുമാനത്തിനു ഹേതുവാകുകയാണ്... ശബ്ദവീചികളുടെ മാന്ത്രികത നിറഞ്ഞ അവതരണം എന്നൊന്നും പറായാനില്ലെങ്കിലും, ട്രെയിന്‍ നീങ്ങാന്‍ തുടങ്ങുമ്പോള്‍ അകത്തും പുറത്തും നിന്നുള്ള സംഭാഷണങ്ങള്‍ ഒരു ചെറിയ കിതപ്പോടെ കാതില്‍ തടയുന്നു..

കഴിഞ്ഞവര്‍ഷം സ്കൂള്‍കലോലസവം കോട്ടയത്ത് നിറഞ്ഞു നിന്നപ്പോള്‍ ഡയലോഗ് ഒന്നു പോലും നേരെ കേള്‍ക്കരുത് എന്ന തരത്തിലായിരുന്നു നാടകയരങ്ങിലെ മൈക്ക് .. കേള്‍ക്കാതെ കണ്ട് നാടകം ആസ്വദിക്കാനാവാതെയാ ഞാനവസാനം എഴുനേറ്റ് പോന്നത്...

ഇന്നു അഞ്ചാം ദിവസം . കണ്ണൂര്‍ നിലയം അവതരിപ്പിക്കുന്ന "കാദംബിനി”.. ഇനിയും വരുന്നുണ്ട്, “അന്നക്കുട്ടിക്ക് ഇന്റര്‍നെറ്റുവേണം”, “കാഫ്കസിറ്റി”, “ഏഴാമിന്ദ്രിയം” പിന്നെ കൊട്ടിക്കലാശത്തിനായി “പതിമൂന്നാം പ്രതി”

ഭാവനയുടെ ആനന്ദവിഹായസ്സില്‍ ആറാടാന്‍ ഒമ്പത് നാടകങ്ങള്‍ . വൈവിദ്ധ്യമാര്‍ന്ന ജീവിതമുഹൂര്‍ത്തങ്ങള്‍.. .., വൈചിത്ര്യപൂര്‍ണ്ണമായ മനുഷ്യാവസ്ഥകള്‍ ... ആകാശവാണി കേരളാനിലയങ്ങള്‍ ഒരുക്കുന്ന നാടകനിശ.. (ഇത് ബ്രോഷറില്‍ നിന്നു കോപ്പിയടിച്ചതാണ്)

Thursday, February 3, 2011

മരിക്കാനെങ്കിലും..


ജീവിക്കാൻ അനുവദിക്കാത്തവരോട് മരിക്കാനുള്ള അവസരത്തിനു വേണ്ടി നിശബ്ദം കേഴുന്നുണ്ടാവുമൊ അവൾ..? അറിയില്ല, പ്രതികരണങ്ങൾ ദുർബലമാവുമ്പോൾ എങ്ങിനെയാണ് മരണത്തിനും ജീവിതത്തിനും ഇടയിൽ ഊഞ്ഞാലാടുന്ന ജീവസ്പന്ദങ്ങളേക്കാളേറെ ആ മനസ്സിന്റെ ഞരക്കങ്ങളേ തിരിച്ചറിയേണ്ടത്..
മാസങ്ങൾക്ക് മുമ്പ് പത്രങ്ങളിൽ ഒരു കുഞ്ഞു വാർത്തയായി അരുണ വീണ്ടുമെത്തി.. ഇത്തവണ വിഷയം നിഷേധിക്കപ്പെട്ട മരണമായിരുന്നു ... ഒരാളുടെ ജീവനെടുക്കാനുള്ള അവകാശം ആർക്കുമില്ലെന്ന് കോടതി വിധിക്കുമ്പോൾ തികച്ചും വേദനാജനകമായ അവസ്ഥയിൽ അവശേഷിക്കുന്ന ആ ജീവന് എന്ത് ആശ്വാസമാണ് നമുക്ക് നൽകാനുള്ളത്.. നമുക്ക് അന്യമായ, മനസ്സിലാക്കാനാവാത്ത രീതിയിൽ അരുണയും ഈ അറിവിനോട് പ്രതികരിക്കുന്നുണ്ടാവുമൊ? ജീവന്റെ അവസാനകണികയെ എന്നിൽ നിന്ന് അടർത്തി മാറ്റരുതെന്ന് നിശബ്ദം യാചിക്കുന്നുണ്ടാവുമൊ, അതോ ഒന്നു കൊന്നു തരൂ എന്ന് കേഴുന്നുണ്ടാവുമൊ?

അവനവന്റേതല്ലാത്ത കാരണങ്ങൾകൊണ്ട് ജീവിതം ഒരു ദുരിതമായി തീർന്നുപോവുന്ന പലരിലൊരാളായി നമുക്ക് അരുണ ഷാൻ‌ബാഗിനെ കൂട്ടാം.. അറിയപ്പെടാത്ത അനേകായിരം കഥകളിൽ ഒന്നാവാതെ, ചുരുങ്ങിയ പക്ഷം ഒരു വാർത്തയെങ്കിലും ആയല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.. എങ്കിലും മരിച്ചു ജീവിക്കുന്ന അവർക്ക് എങ്ങിനെ ആശ്വാസം നൽകാ‍ൻ.. ഒന്നുമില്ലെങ്കിൽ ഈ നരകത്തിൽ നിന്നു ഒരുമോചനമെങ്കിലും നൽകിക്കൂടെ..

നിനക്കൊന്നും അമ്മപെങ്ങൻ‌മാർ ഇല്ലെ എന്നൊന്നും ചോദിക്കുന്നില്ല... അത് കാലഹരണപെട്ടുപോയതാണ്.. കാര്യലാഭത്തിനായാലും പ്രതികാരത്തിനായാ‍ലും പെണ്ണിന്റെ മാനത്തിനു വിലപറയാൻ നടക്കുന്നവരുടെ സമൂഹത്തിൽ ജീവനോടെ മരിച്ചു ജീവിക്കാം എന്നതിന്റെ തെളിവായി അരുണ അവശേഷിക്കുന്നു..

അരുണ ഷാൻബാഗിനെ ചികിത്സിക്കുന്ന ഡോക്റ്ററുടെ വാക്കുകളിൽ അവർ ആൺശബ്ദങ്ങളോടെല്ലാം വല്ലാത്തൊരു രീതിയിലാണ് പ്രതികരിക്കുന്നത്. അവരിൽ എവിടെയൊ ബാക്കി നിൽക്കുന്ന ബോധം, തന്നെ ഈ നിലയിലാക്കിയവരോടുള്ള ഭയവും ദേഷ്യവുമെല്ലാം കാത്തുവെക്കുന്നുണ്ടാവും.. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ ഒരു ഇരുമ്പുകട്ടിലിൽ ആശയറ്റനിലയിൽ കഴിയേണ്ടിവരുന്ന അവരുടെ അവസ്ഥയെ എന്താണ് പറയേണ്ടത്.. ഒരുവന്റെ ഒരുനിമിഷത്തെ വികാരത്തള്ളിച്ചക്ക് ഇരയാവുമ്പോൾ, അവർക്ക് നഷ്ടപ്പെട്ടത് സ്വന്തം മാനം മാത്രമാവുന്നില്ല, ജീവിതം മുഴുവനുമാകുന്നു.. ഒന്നും രണ്ടും വർഷങ്ങൾ അല്ല, മൂന്നു പതിറ്റാണ്ടിലേറെയായി അരുണ ഈ കിടപ്പ് തുടങ്ങിയിട്ട്..

അരുണയുടെ കഥയെഴുതിയ പിങ്കി വിറാനിയാണ് അരുണയെ മരിക്കാൻ അനുവദിക്കാൻ ഒരു ഹരജിയുമായി സുപ്രീം കോടതിയിലെത്തിയത്.. പിങ്കി വിറാനിയെന്ന പത്രപ്രവർത്തകയ്ക്ക് തുടക്കത്തിൽ അരുണ ഒരു വാർത്തമാത്രമായിരുന്നിരിക്കാം. പക്ഷെ പാടി പാടി പതിഞ്ഞു പോയ ഒരു ശീലുപോലെ കേട്ടു കേട്ടു മടുക്കാത്തതിനാലാവാം ഒരു അറുതിവേണ്ടേ എന്ന് അവരും ചിന്തിച്ചത്.. ഒരു പുസ്തകത്തിന്റെ ആശയത്തിനപ്പുറം കോടതിയുടെ ഇടനാഴികളിലും അതിനു പുറത്തും അരുണ ഒരു ചർച്ചാ‍വിഷയമായതും.. എന്നാൽ നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഒരാളെ മരിക്കാൻ അനുവദിക്കാനാവില്ലെന്ന് കോടതി വിധിച്ചു.. ഇതെ നിയമവ്യവസ്ഥ തന്നെയാണ് അരുണയെ ഈ നിലയിലെത്തിച്ച സോഹൻലാലിനെ ആറുവർഷത്തെ തടവിനു ശേഷം വിട്ടയച്ചത് .. അയാളുടെ പേരിൽ ഉണ്ടായിരുന്നത്, മോഷണക്കുറ്റവും അരുണയെ വധിക്കാൻ ശ്രമിച്ചതും മാത്രം .. പോറലേൽക്കാത്ത കന്യാചർമ്മം അരുണയ്ക്ക് നേരെ നടന്ന അതിക്രമത്തിന്റെ തീവ്രത കുറച്ചു.. ഒരു പെണ്ണിനു നേരെ അതിക്രമം കാണിക്കാൻ മറ്റുമാർഗ്ഗങ്ങൾ ഉണ്ടെന്ന് അറിയാത്തവരായിരുന്നില്ല നിയമജ്ഞരും ഡോക്റ്റർമാരുമെന്നത് മറ്റൊരു കാര്യം.. അരുണയുടെ കീഴിൽ ജോലി ചെയ്തിരുന്ന സോഹൻ‌ലാലിന്റെ ക്രൂരത അവിടം കൊണ്ടും തീർന്നിരുന്നില്ല.. നായചങ്ങല കഴുത്തിൽ ചുറ്റിമുറുക്കിയതിനെ തുടർന്ന് അരുണയുടെ തലച്ചോറിലേക്കുള്ള ജീവവായുവും രക്തപ്രവാഹവും നിലച്ചുപോയി.. അതിന്റെ ഫലമായാണ് അരുണ ഇന്നത്തെ അവസ്ഥയിലായത്..

അനേകം രോഗികളെ അശരണാവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് കൈപ്പിടിച്ചു കയറാൻ സഹായിച്ച നഴ്സായി സേവനമനുഷ്ഠിച്ചിരുന്ന അതേ ഹോസ്പിറ്റലിൽ തന്നെയാണ് അരുണ അതിദാരുണമായ അവസ്ഥയിൽ കഴിയുന്നത്.. ആശയറ്റപ്പോൾ വീട്ടുകാർ അരുണയെ കയ്യൊഴിഞ്ഞു.. ജീവിതം മുഴുവൻ കൂട്ടാവുമെന്ന കരുതിയിരുന്നവനും മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. എങ്കിലും വിവാഹിതനാവും വരെ അദ്ദേഹം കാണിച്ച നല്ലമനസ്സ് പ്രത്യേകം സ്മരിക്കേണ്ടതു തന്നെ..

എന്തിനാണ് ഇനിയും ഈ അവസ്ഥയിൽ അവരെ കഷ്ടപ്പെടുത്തുന്നത്.. എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും ആ എല്ലിൻ കൂടിനെ ഇനിയും നരകിപ്പിക്കണോ.. ജീവൻ, അതു വളരെ വിലപ്പെട്ടതാണ്.. ഒരു ജീവനെടുക്കാൻ ആർക്കും അധികാരമില്ലാ.. മഹത്‌വചനങ്ങൾ എഴുതിവെക്കാനും ഉരുവിടാനും ഇനിയുമുണ്ടാവും.. പക്ഷെ ആ ജീവനെ ഈ അവസ്ഥയിലാക്കിയവരെ വെറുതെ വിട്ട് “ഇര”യായവരെ മാത്രം ഈ നരകയാതനയ്ക്കു വിട്ടുകൊടുക്കുന്നവരെ, എന്തിനിനിയും ഈ ക്രൂരത..

അവൾ കാണുന്നുണ്ട്; പക്ഷെ ഒരു ചിന്തയായി, ഓർമ്മയായി അതൊന്നും തലച്ചോറിൽ രേഖപ്പെടുത്തുന്നില്ല. അങ്ങോട്ടുള്ള വഴികളെല്ലാം ഒരു നായ്ചങ്ങലയുടെ മുറുക്കത്തിൽ അടഞ്ഞു പോയിരിക്കുന്നു.

Sunday, July 25, 2010

ഒറ്റക്ക് സിനിമക്കു പോവാറുണ്ടോ..?

ചോദ്യം ആണുങ്ങളോടല്ല; പെണ്ണുങ്ങളോടാണ്..

സിനിമ ആസ്വദിക്കാൻ കൂട്ടുവേണമോ എന്ന ചോദ്യത്തിന് എനിക്ക് പ്രത്യേകിച്ച് ഉത്തരമൊന്നുമില്ല. ഉണ്ടെങ്കിലും നല്ലത് ഇല്ലെങ്കിലും നല്ലത്. കൂട്ടില്ലാത്തതുകൊണ്ട് ആസ്വാദനത്തിന്റെ നിലവാരം കുറയുകയോ കൂട്ടായ്മകൊണ്ട് കൂടുകയോ ചെയ്യുമെന്ന് വിശ്വാസവുമില്ല.

അവധി ദിനങ്ങളിൽ വെറുതെ ഇരുന്ന് ബോറടിച്ച് എന്നാൽ ഒരു സിനിമ കാണാം ന്ന് വിചാരിച്ച് ഇറങ്ങിതിരിക്കുന്ന പതിവിലല്ല എന്റെ സിനിമ കാണലുകൾ. പടത്തെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം കേൾക്കുന്നതിന് മുമ്പെ കാണുന്നതല്ലെ സുഖം. അതുകൊണ്ട് പോവുകയാണെങ്കിൽ റിലീസ് ആയി ആദ്യത്തെ വാരാന്ത്യം, അതിൽ ഞാൻ തിയ്യേറ്ററിൽ ഹാജരായിരിക്കും. അതിലും വൈകിപോയാൽ അത് കണ്ടേ തീരു എന്ന ഗണത്തിൽ പെട്ടതാവും. ഈ ഗണത്തിൽ അധികമൊന്നും വന്നുപെടാറില്ല.

ഇതെ ഭ്രാന്തുകാർ കുറെ കൂട്ടത്തിൽ ഉള്ളതിനാൽ “ആരെങ്കിലും സിനിമക്ക് കൂട്ടുവരുമൊ” എന്ന് ചോദിച്ച് അലയേണ്ട. ഒഴിവുദിനങ്ങളിൽ നാളെ ഏത് ഫിലിം എന്ന കാര്യത്തിലേ സംശയം വരാറുള്ളു. എന്നിട്ടും ഒറ്റക്ക് പോവുകയോ എന്ന് ചോദിച്ചാൽ, എനിക്ക് കാണണം എന്ന് തോന്നുന്ന ചിലത് "കൊന്നാലും കാണില്ല" എന്ന് മറ്റുള്ളവർ വാശിപിടിച്ചാൽ എന്തുചെയ്യും. ഇനി വരാൻ തയ്യാറുള്ളവരുടെ സൌകര്യത്തിനു കാത്തിരുന്നാൽ സിനിമ അതിന്റെ വഴിക്ക് പോവും. പിന്നെ വഴി ഒന്നേ ഉള്ളു, കാണണമെങ്കിൽ തനിയെ പോവണം. അങ്ങിനെ അടിയന്തിര ഘട്ടങ്ങളിൽ മാത്രം ഞാൻ ഒറ്റക്ക് തന്നെ പോവും. പശു ചത്ത് മോരിലെ പുളിയും പോയിട്ട്, പരസ്യത്തിനിടയിലെ സിനിമയായി ടിവിയിൽ വരുമ്പോൾ കാണാൻ താത്പര്യമില്ലാത്തതുകൊണ്ടും അതൊന്നും “ബ്ലൊക്ക്ബസ്റ്റർ” ആയി എത്തില്ല എന്നുറപ്പുള്ളത് കൊണ്ടും. എന്നാൽ ഒറ്റക്ക് പോവാൻ മടിയുള്ളവർക്ക് കൂട്ടായി ഒരിക്കൽ കണ്ട കത്തിപ്പടത്തിന് വീണ്ടും തലവെച്ചിട്ടുണ്ട്. അത് വേറെ കാര്യം

ഇതിനിടയിൽ ചോദ്യം മറന്നുപോയില്ലല്ല്ലൊ അല്ലെ? തനിച്ച് സിനിമക്ക് പോവാറുണ്ടോ.?

ഞാൻ ആദ്യമായി കൂട്ടില്ലാതെ സിനിമ കാണാൻ പോവാൻ തുടങ്ങിയത് പത്തിലെ പരീക്ഷ കഴിഞ്ഞ് പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലാതിരിക്കുന്ന കാലത്താ. അതിനു മുമ്പൊക്കെ കൂട്ടുകാർ പോവുമ്പോൾ ഞാനും പോവും. അല്ലെങ്കിൽ വീട്ടിൽ ഓപ്പോൾ ചേട്ടൻ എന്നിവരുടെ കൂടെ. പക്ഷെ പത്തിലെത്തിയപ്പോൾ എവിടെ നിന്നില്ലാതെ നിരോധനം പൊട്ടിവീണത് അമ്മയിൽ നിന്നായിരുന്നു. പരീക്ഷ കഴിയും വരെ ഇനി സിനിമ കാണൽ ഇല്ല. ഏറ്റുപിടിക്കാൻ ഓപ്പോൾ പിന്താങ്ങാൻ അച്ഛൻ. ഞാൻ ഏതു ക്ലാസ്സിൽ പഠിക്കുന്നെന്ന് പോലും നല്ല തീർച്ചയില്ലാത്തയാളാ എന്റെ പുന്നാര അച്ഛൻ. എന്നിട്ടും ഈ കൊലച്ചതി എന്നോട് ചെയ്തു. അമ്മയെ മുഷിപ്പിക്കേണ്ടെന്ന് കരുതിയാവും. എന്റെ അച്ഛനല്ലെ, സംഗതി ഇത്തിരി കടുത്തു പോയില്ലെ ന്ന് തോന്നിയതോണ്ടാവാം ശാപമോക്ഷവും ഉടനെ വിധിച്ചു. പരീക്ഷ കഴിഞ്ഞാൽ കോളേജിൽ പോവും വരെ “സംഗീത” യിൽ വരുന്ന എല്ലാ സിനിമയും കാണാം. ഹോ എന്തൊരു ആശ്വാസം. അന്നു നല്ലകുട്ടിയായി നടക്കണ കാലായിരുന്നതോണ്ട് ഞാനും അംഗീകരിച്ചു. ഒന്നുമില്ലെങ്കിലും പത്താം ക്ലാസ്സല്ലെ.

അങ്ങിനെ സിനിമയില്ലാത്ത പത്താംക്ലാസ്സ് കാലം. ഏപ്രിൽ ഒന്നിനായിരുന്നു ഏപ്രിൽ ഫൂൾ ആക്കി അവസാനത്തെ പരീക്ഷ. അന്നു രാത്രി തന്നെ ഓപ്പോൾ എന്നെ സിനിമക്ക് കൊണ്ടോയി. പാവം കുട്ടി, ഒരുകൊല്ലായി സിനിമകാണാതെ പട്ടിണി കടക്കല്ലെ ന്ന് വിചാരിച്ചാവും. പിന്നെ വരുന്ന വരുന്ന സിനിമകളെല്ലാം ഞാൻ തനിച്ച് കാണേണ്ടി വന്നു. പക്ഷെ അതൊരു രസമായിരുന്നു. അയൽ‌പ്പക്കത്തെ കൂട്ടുകാരില്ലെങ്കിലും നാട്ടിൻ പുറത്തെ സിനിമാകൊട്ടകയിൽ എത്തുന്നവരൊക്കെ എനിക്കറിയാവുന്നവർ. സ്കൂൾ അടച്ച കാലമല്ലെ, കുട്ടികൾ മുഴുവൻ അവിടെ തന്നെ. അന്നൊന്നും ഞാൻ ചെയ്യുന്ന അത്ര വലിയ പാതകമാണെന്ന് ഏറ്റവും ഓർത്തഡോക്സ് ആയ എന്റെ അമ്മക്കൊ നാടുകാരെ പേടിച്ച് ശ്വാസം വിടാൻ സംശയിക്കുന്ന എന്റെ ഓപ്പോൾക്കൊ തോന്നിയില്ല. ചെയ്തു പോയത് വലിയ സംഭവമായിരുന്നെന്ന് കണ്ണുരുട്ടികാട്ടിയത് കാലം കുറെ കഴിഞ്ഞാ. നഗരസന്തതികളും പട്ടണവാസികളുമായിരുന്നു കണ്ണുരുട്ടാൻ വന്നവർ.

ഇതിപ്പൊ പറയാൻ എന്തെ എന്നല്ലെ. കാലം കുറെ കൂടി ഞാൻ തനിച്ചൊരു സിനിമക്ക് പോയി.

ടിക്കറ്റെടുക്കാൻ ക്യൂവിൽ ആരുവില്ല. ഒരു ടിക്കറ്റ് എന്നു പറഞ്ഞപ്പോൾ മറുപുറത്തൊരു സംശയം. ആ ചെറിയ തുളയിലൂടെ ഒന്നു കുനിഞ്ഞു നോക്കുന്നു. കേൾക്കാത്തതാണൊന്ന് സംശയിച്ച് ഞാൻ ഒന്നൂടെ പറഞ്ഞു. ഒരു ടിക്കറ്റ്. അറിയാതെയാണെങ്കിലും ഒരു ചൂണ്ടുവിരൽ ആംഗ്യം

ഏഴു സീറ്റിൽ നടുവിലെയാണ് എന്റേത്. അതിത്തിരി കഷ്ടം തന്നെ എന്നു തോന്നിയതിനാൽ ഞാൻ ആദ്യത്തെ സീറ്റിൽ ഇരുന്നു. അത് എനിക്ക് അനുവദിച്ചതല്ല എന്ന അറിവിൽ തന്നെ. അടുത്തതായി വന്ന നാലുപേരിൽ ഒരാളുടേതായിരുന്നു അത്. അവർക്ക് ആ സീറ്റ് തന്നെ വേണം - നാലു പേർ എന്നാൽ ഒരാണ്, മൂന്നു പെണ്ണ്. എന്താണ് പ്രശ്നം എന്നു ചോദിച്ചു വന്ന തിയ്യേറ്റർ കാരൻ എന്റെ ടിക്കറ്റ് ചോദിച്ചു. ഇതല്ലല്ലൊ സീറ്റ് എന്ന് പറഞ്ഞ് നോക്കിയതും “അവരൊന്നും ഇല്ലെ” എന്നൊരു ചോദ്യം. “ഇല്ല” എന്നതിൽ ഉത്തരം ഒതുക്കി ഞാൻ സീറ്റ് മാറിയിരുന്നു. കാരണം എന്റെ കൂട്ടുകാരി റിലീസിങ് ഷോ കാണാൻ ഇടികൂടാതെ ടിക്കറ്റ് സംഘടിപ്പിക്കുന്നത് ഇയാൾ വഴിയാണെ. അവരുടെ ബാങ്കിലാണ് ഇവരുടെ അക്കൌണ്ട് എന്നതൊരു പിടിവള്ളി. വെറുതെ ആ വഴിയടക്കണ്ടല്ലൊ.

വന്നിരുന്നവരിൽ ഒരാളെ എനിക്കറിയാം.. ആ വഴി മറ്റുള്ളവരേയും പരിചയപ്പെട്ടു.. കൂട്ടത്തിൽ ഒരു പത്രക്കാരി..

“ഞാൻ കണ്ടിട്ടുണ്ട് തിയേറ്ററിൽ വച്ച് തന്നെ.. തനിച്ച് വരാറുണ്ടല്ലെ”

ആ കഥ അവിടെ തീർന്നു..

ഹോസ്റ്റലിൽ നിന്ന് ഇറങ്ങുമ്പോൾ “വേറെയാരുമില്ലെ“ എന്ന് ചോദിച്ചവരോടൊക്കെ “ഇല്ല“ എന്നു പറയാൻ വലിയ ബുദ്ധിമുട്ടില്ലായിരുന്നു.. തിരിച്ചു വന്നപ്പോൾ ഇതേ ചോദ്യത്തിന് ഇതേ ഉത്തരം പറയാൻ ഒരു ചെറിയ ഭയം.. മറ്റൊന്നുമല്ല ഇത് ഇത്ര വലിയ പാതകമാണൊ എന്ന് എനിക്കും സംശയം തോന്നാൻ തുടങ്ങിയതോണ്ട് തന്നെ..

ഇന്നലെ പഴയ കൂട്ടുകാരിൽ ഒരാളുടെ ഫോൺ.. നേരമില്ലാത്ത നേരത്തായതിനാൽ “എന്തുപറ്റി“ എന്നതായിരുന്നു “ഹലോ“ക്ക് പകരം പുറത്തു വന്നത്..

“നീ അവിടെയും തനിച്ച് സിനിമക്ക് പോവാൻ തുടങ്ങി അല്ലെ?”

എതു വഴിയാണ് അവിടെയെത്തിയതെന്നൊന്നും ചോദിച്ച് സമയം കളഞ്ഞില്ല.. എന്തിനാ വെറുതെ..

Sunday, November 8, 2009

പത്രക്കാരെ....

രാവിലെ ഒരു കട്ടന്‍. ആ ചൂടില്‍ പത്രപാരായണം. അതിന്റെ സുഖമൊന്ന് വേറെ. ഞാൻ ഉറങ്ങുമ്പോള്‍ ലോകത്തിന് എന്തു സംഭവിച്ചുവെന്ന് അറിയാനുള്ള അമിതമായ ആകാംക്ഷകൊണ്ടൊന്നുമല്ല. എങ്ങിനെയോ വന്നുപോയൊരു ശീലം. അതങ്ങിനെ തുടരുന്നു. ഞാൻ എവിടെയായാലും അതിനു വലിയ വ്യത്യാസമൊന്നും വരാറില്ല.. എന്നു വെച്ച് ഇന്നലെത്തെ പ്രധാനവാർത്തയെന്തെന്ന് പോയിട്ട് ഇന്നത്തെ എന്തായിരുന്നെന്ന് ചോദിച്ചാൽ പോലും എന്നിൽ നിന്ന് ഉത്തരം കിട്ടണമെന്നില്ല.. അതൊക്കെ പഴയകാലം, സ്കൂളിൽ ഷൈൻ ചെയ്യാൻ ക്വിസ്സ് മത്സരങ്ങൾക്കായി വലിയത്-ചെറിയത്, പഴയത്-പുതിയത് ആദ്യത്തെ-അവസാനത്തെ കൂട്ടത്തിൽ ഇന്നലെ-ഇന്നും എഴുതി ചേർത്ത് നടന്നിരുന്ന കാലം..

പറഞ്ഞ് വന്നത്,

ഞാൻ പത്രക്കാരിയല്ലെങ്കിലും കാക്കത്തൊള്ളായിരം പരിചയങ്ങളിൽ അങ്ങിനെയും ചിലർ.. പണ്ട് എന്താവണം എന്ന് സ്വപ്നം കാണേണ്ട കാലത്ത് എന്താവരുതെന്നെ ഞാൻ ആഗ്രഹിച്ചിട്ടുള്ളു.. അതുകൊണ്ട് തന്നെയാവാം എത്തിപ്പെട്ടത് അതേ താവഴിയിൽ.. ഇതല്ലാതെ എന്തൊക്കെ ആയിത്തീരണമായിരുന്നെന്ന് ചോദിച്ചാൽ, വേഷങ്ങൾ ഒരുപാടുണ്ടെന്നെ.. അതിൽ ഒന്നായിരുന്നു ഈ പത്രക്കാരിയുടെയും.. ഇതു പറഞ്ഞപ്പോൾ കൂട്ടുകാരെന്നെ കളിയാക്കിയിട്ടുണ്ട്, രാവിലെ മുറ്റത്ത് സൈക്കിൾ വട്ടം കറക്കി ഉമ്മറത്തേക്ക് പത്രം വീശിയെറിയൽ അല്ല പത്രക്കാരിയുടെ ജോലിയെന്ന്.. പിന്നെ എന്താണെന്ന് പറഞ്ഞു തരാൻ അവർക്കും വലിയ പിടിയില്ലായിരുന്നു.. ഇന്നത്തെ പോലെ ചാനലുകൾ ഇല്ലാത്തതിനാൽ ഇതും അതിന്റെ ഭാഗമെന്ന് അറിയാനും വഴിയില്ലായിരുന്നു..

ഇപ്പോൾ ഒഴിഞ്ഞ സദസ്സിൽ ഓടികൊണ്ടിരിക്കുന്ന സ്വ ലേ എന്ന സ്വന്തം ലേഖകൻനാണ് ഇത്രയും ചിന്തകൾക്കുള്ള സ്കൂപ്പ് തന്നത്.. പത്രക്കാരൻ കൂട്ടുകാരന്റെ ഫോൺ വിളിയിൽ സംസാരമെങ്ങിനെയോ സിനിമയിലെത്തി..

“കണ്ടോ“ “എങ്ങിനെയുണ്ട്“ എന്നത് എന്റെ ചോദ്യം

“അതിലെ പലതും മനസ്സിലാക്കാൻ പത്രക്കാരനാവണം” എന്നായിരുന്നു മറുപടി..

കൂടെ ഇത്രയും കൂടി കൂട്ടി ചേർത്തു;

“അതൊക്കെ പറയാൻ ഒരു സിനിമ പോരാ.. “

ഇതിൽ പത്രക്കാർക്കിടയിലെ പിടിവലികൾ... പക്ഷേ ഒരേ പത്രത്തിലെ പാരവെപ്പുകളും പടലപിണക്കങ്ങളും അതൊന്നും പറഞ്ഞില്ലല്ലൊ.. പിന്നെ ആരുടെയെങ്കിലും പേരൽ‌പ്പം ഉയർന്നു പോവുന്നെന്ന് തോന്നിയാൽ മുങ്ങി പോവുന്ന റിപ്പോർട്ടുകൾ.. അതേ വിഷയം ചിലപ്പോൾ മറ്റൊരു പത്രത്തിൽ നേരത്തെ പുറം ലോകം കണ്ടെന്നുമിരിക്കാം..

സിനിമകണ്ടതിനു വൈകുന്നേരത്തെ ചർച്ചയിൽ പത്രത്തിന്റെ ഓൺലൈൻകാരിയായിരുന്നു “ചീഫ് ഗസ്റ്റ്“... അവിടെ വേരുറച്ചു പോയ പത്രങ്ങളുടെ കഥകൾ.. ചില ഓൺലൈൻ വിശേഷങ്ങൾ.. പത്രങ്ങളുടെ മോർച്ചറികളിൽ മരണവും കാത്തുകിടക്കുന്ന റിപ്പോർട്ടുകൾ.. അവക്കു ജീവൻ വെക്കാൻ ആരുടെയൊക്കെയൊ ശ്വാസം നിലക്കണം.. ഒരു പ്രസിദ്ധന്റെ ബി പി ഒന്നു മാറിമറിഞ്ഞപ്പോൾ റിപ്പോർട്ട് തയ്യാറാക്കി കാത്തിരുന്ന ആൾ മരിച്ചിട്ട് ഒരു വർഷം.. പ്രസിദ്ധൻ ഇന്നും ഭൂമിക്ക് ഭാരമായി ജീവനോടെ.. ഒരു മൌസ് കിക്കിന്റെ അബദ്ധത്തിലാണ് നടൻ മുരളി ഒരു പത്രത്തിൽ കുറച്ചു നേരത്തെ മരിച്ചുപോയത്.. അടുത്ത റിഫ്രെഷിൽ വാർത്തകാണാനില്ല.. സിനിമയിൽ ഉണ്ണി മാധവന്റെ ഒരു മണിക്കൂർ അലാറം വെച്ചുള്ള ഫോൺ വിളികൾ ഓർമ്മപ്പെടുത്തുന്നത് മൌസ് ക്ലിക്കിനുള്ള താമസം മാത്രം..

പത്രങ്ങളുടെ കാലംകഴിഞ്ഞില്ലെ.. ഇത് ചാനലുകൾ വാഴും കാലം.. കൊടിനാട്ടിയ ചാനലിൽ ഒരു ജേണലിസം കാരിക്ക് ജോലികിട്ടുക എന്നത് സ്വപ്നതുല്യമായി കാണുന്ന ഒരുവൾ.. അക്കാഡമിക് ബാക്ക്ഗ്രൌണ്ടിനൊപ്പം എഴുത്ത് പരീക്ഷയിലെ നിലവാരം കൂടി നോക്കിയാവാം, അവളുടെ നിവേദനം അവർ കൈക്കൊണ്ടത്.. മറ്റൊന്നുമല്ല, കൂടിക്കാഴ്ചക്ക് പറഞ്ഞ ദിവസം ഒരേ ഒരു ചേട്ടന്റെ കല്ല്യാണം.. അവൾക്ക് വേണ്ടി മാത്രം ഇന്റർവ്യു ബോർഡ് മറ്റൊരു ദിവസം വീണ്ടും കൂടിയപ്പോൾ, അവൾക്ക് പറയാൻ നൂറുവിശേഷങ്ങൾ ആയിരുന്നു.. അധികം താമസിയാതെ ജോലിക്കാരിയായി അകത്തു കയറിയപ്പോൾ, തകർന്നു വീണത് സ്വപ്നഗോപുരങ്ങളും.. വന്‌വീഴ്ചകളുടെ ചരിത്രമെഴുതി എഴുതി ലൈറ്റ് ബോയുടെ പേരിനൊപ്പം പോലും സ്ഥാനം കാണാതെ വരുന്ന വേദന.. ജോലി ചെയ്യുന്നതിനേക്കാളേറെ ചെയ്യുന്നുവെന്ന മറ്റുള്ളവരെ കാണിക്കേണ്ടി വരുന്നതിന്റെ കഷ്ടത.. ഒപ്പം താൻ ചെയ്യുന്നത് മറ്റൊരാളുടെ ക്രെഡിറ്റിൽ വരുന്നതിന്റെ സങ്കടം.. അവസാനം ഇട്ടെറിഞ്ഞ് പോരുമ്പോൾ പുറകെയെത്തുന്ന “നോട്ടീസ്“.. ക്രിയേറ്റിവിറ്റിയുടെ അവസാനപച്ചപ്പിൽ പോലും ആണിയടിക്കാൻ തുടങ്ങിയപ്പോൾ വേറേ വഴിയില്ലായിരുന്നു.. ഇപ്പോൾ പിങ്കി പൂച്ചയുടെയും കുങ്കി കോഴിയുടെയും കഥയെഴുതാൻ അവസരം കാത്തിരിക്കുന്നു.. പക്ഷെ ഏറ്റവും രസകരമായത് ഈ കഥയിലെ വില്ലത്തികളിൽ ഒരാൾ ഹോസ്റ്റലിൽ എന്റെ തൊട്ടുമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആയിരുന്നു.. അവൾ ചാനൽ വിട്ടു പോരാനുള്ള കാരണം “പ്രെഷർ.. ഭയങ്കര പ്രെഷർ”.. അവൾ മറ്റുള്ളവർക്ക് പാരവെച്ചപോലെ അവൾക്കും ആരോ ഇട്ടു വെച്ചു കാണും അല്ലെ..


ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതല്ലെ.. എല്ലായിടത്തും ഇല്ലെ ഈ പ്രെഷറും പാരവെപ്പും ഒക്കെ എന്ന് ചോദിച്ചാൽ.. ഉണ്ട്, ഇല്ലാതെവിടെ പോവാൻ.. സിനിമ കണ്ടതിന് ഇങ്ങനെയും ഒരു ആഫ്റ്റർ ഇഫക്റ്റ് അത്രയെ ഉള്ളു.. എന്നാലും വാർത്തകളുടെ ലോകത്തെ എനിക്കെന്നും ഇഷ്ടമാണ്, നഷ്ടമാവുമ്പോൾ; അതപ്പൊഴല്ലെ ;)

Tuesday, August 4, 2009

മിനിമം ചാര്‍ജ്ജ് മൂന്നു രൂപ

സത്യം.. മിനിമം ചാര്‍ജ്ജ് മൂന്നു രൂപക്ക് കേരളത്തിലെ സ്വകാര്യ ബസ്സില്‍ ഞാന്‍ യാത്ര ചെയ്തെന്നെ... അഞ്ച് രൂപ കൊടുത്ത് രണ്ട് രൂപ തിരിച്ച് തന്നപ്പോ അമ്പത് പൈസ തപ്പി എടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നത് കണ്ട്, കണ്ടക്റ്റര്‍ പറയാ സാരമില്ലെന്ന്.. എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.. അല്ലെങ്കില്‍ കൊടുത്തേനെ.. എന്തിനാ ഒരു കടം ബാക്കി വെക്കുന്നെ...അതും ഒരു തവണയല്ല രണ്ടു തവണ.. ഒന്നു ത്രിശ്ശുര്‍ കലക്റ്ററേറ്റില്‍ നിന്ന് റൌണ്ടിലേക്ക്.. പിന്നൊന്ന് അവിടെന്ന് ശക്തന്‍ സ്റ്റാന്റിലേക്ക്..രണ്ടാമത്തെ ബസ്സില്‍ ഇറങ്ങാന്‍ നേരത്ത് കിളിയുടെ കയ്യിലാ നാലു രൂപകൊടുത്തെ.. ഒരു രൂപ തിരിച്ച് തന്ന് മണിയടിച്ച് അയാള്‍ വണ്ടി വിട്ടു.. ഇതൊക്കെ സംഭവിച്ചതെ ഈയിടക്കാ..

വിശ്വസിക്കണൊ എന്നാണൊ.. വിശ്വസിച്ചെ തീരൂ..

ഞാന്‍ അമ്പത് പൈസയുടെ കളക്ഷന്‍ തുടങ്ങിയത് മിനിമം ചാര്‍ജ്ജ് വീണ്ടും 3.50 ആക്കിയപ്പൊഴാ.. പഴയ നാലു രൂപയില്‍ നിന്ന് താഴെ ഇറങ്ങാന്‍ ബസ്സ്കാര്‍ക്കൊരു വിഷമം.. നാലു രൂപ എടുത്ത് അമ്പത് പൈസ തിരിച്ച് തരാതെയും ഇല്ലെന്നും ഒക്കെ പറഞ്ഞ് അവരങ്ങനെ പോവുന്നത് അത്ര സഹിക്കാതായത് മറ്റൊന്നും കൊണ്ടല്ല.. ഞാനെന്തൊ പാതകം ചെയ്ത പോലെയാ അന്നേരത്തെ അവരുടെ നോട്ടം.. എന്നാ നിനക്കിട്ട് ഞാന്‍ വെച്ചിട്ടുണ്ട് എന്ന മട്ടില്‍ അങ്ങേരെ തിരിച്ച് വിളിച്ച് അമ്പത് പൈസ നീട്ടുമ്പോള്‍ അയാള്‍ക്ക് ഒരു രൂപ തിരിച്ച് തരാതിരിക്കാനാവില്ലല്ലൊ.. അയാള്‍ പല്ലിറുമ്മുന്നതും മനസ്സില്‍ എനിക്കിട്ട് തെറിവിളിക്കുന്നതും ഓര്‍ക്കുമ്പോഴും ഒരു സന്തോഷം.. എന്തിനാന്ന് ചോദിച്ചാല്‍, വെറുതെ ഒരു തമാശ.. ആര്‍ക്കും ചേതമില്ലല്ലൊ..

ഇപ്പൊ മിനിമം ഓട്ടൊ കൂലി പത്ത്.. പക്ഷെ പതിനഞ്ച് കട്ടായം കൊടുക്കാതെ പോവണമെങ്കില്‍ ഒന്നുകില്‍ തേച്ചാലും കുളിച്ചാലും പോവാത്ത നല്ല വര്‍ത്തമാനം കേള്‍ക്കാന്‍ തയ്യാറാവണം... അല്ലെങ്കില്‍ അതു പോലെ നാലു തിരിച്ച് പറയാനുള്ള തൊലിക്കട്ടി വേണം.. പക്ഷെ സര്‍ക്കാര്‍ കാര്യം തന്നെ അങ്ങിനെ ആയാലൊ? ചാര്‍ജ്ജ് കുറക്കും മുമ്പ്, തിരുവനന്തപുരം റെയില്‌വെ സ്റ്റേഷനിലെ പ്രിപെയ്ഡ് ഓട്ടോയില്‍ 33 രൂപയായിരുന്നു പട്ടം വരെ.. പക്ഷെ ഓട്ടോ കൂലി കുറച്ച് നാളു കുറെ കഴിഞ്ഞിട്ടും അതന്നെ നമുക്ക് കിട്ടുന്ന ചാര്‍ജ്ജ്.. ഒരു ദിവസം അവിടെ എഴുതി തരുന്ന പോലീസ് കാരനോട് ചോദിച്ച് ഇതെന്താ സാറെ ഇവിടെ മാത്രം ഓട്ടോ കൂലി കുറക്കാത്തെ ന്ന്.. അന്ന് അവിടെ നിന്ന ഓട്ടോ കാരെല്ലാം കൂടി എന്നെ തല്ലി കൊല്ലുമൊ ന്ന് തോന്നി അവരുടെ നോട്ടം കണ്ടപ്പൊ.. കമ്പ്യൂട്ടര്‍ പ്രോഗ്രാം മാറ്റിയെഴുതണം, അതിനൊത്തിരി സമയം വേണം ന്നൊക്കെ പോലീസ് കാരന്‍ വിസ്തരിക്കാന്‍ തുടങ്ങിയപ്പോ ഞാന്‍ ജീവനും കൊണ്ട് ഓടി.. എന്തായാലും പിന്നെ ആ വഴി പോയത് കാലം കുറെ കഴിഞ്ഞാ.. അപ്പോഴേക്കും അവര്‍ ഒരു പാട് കഷ്ടപ്പെട്ട് പ്രോഗ്രാം ശരിയാക്കിയിരുന്നു..


ഞാന്‍ എന്നെ തന്നെ നല്ല നടപ്പിനു ശിക്ഷിച്ചത് ഓട്ടോക്കാരോട് അടിയിടാന്‍ വയ്യാത്തോണ്ടാ.. ഈ സ്റ്റാന്റിലെല്ലാവരും പതിനഞ്ച് രൂപയാ മിനിമം വാങ്ങുന്നെ എന്ന്‍ അവര്‍ പറഞ്ഞാല്‍ മതിയൊ.. ഈ പറയുന്നവര്‍ ആരേലും ബസ്സില്‍ കേറി അവര്‍ ചോദിക്കുന്ന ചാര്‍ജ്ജ് കൊടുക്കുമൊ.. അപ്പൊ എന്നെ പോലെ അമ്പത് പൈസക്കും അടിയിട്ടെന്നിരിക്കില്ലെ.. ഇവരോട് ചോദിച്ച് ചോദിച്ച് എനിക്ക് തന്നെ മടുത്ത് ഒരു ചോദ്യം ണ്ട്..

"ഒരു കിലോ അരി വാങ്ങിയാല്‍ അഞ്ച് രൂപ കൂടുതല്‍ കൊടുക്കാറുണ്ടോ?

ഇതു വരെ ഒരാളും ഉത്തരം പറയാത്തതിനാല്‍ ഞാന്‍ ചോദ്യം തുടര്‍ന്നു കൊണ്ടെയിരിക്കുന്നു..

ഇത്രയൊക്കെ പറയാന്‍ എന്തുണ്ടായി എന്നാണെങ്കില്‍ .. ഇന്നലെ വൈകിയ നേരത്ത് ഞാനൊരു ഓട്ടോ വിളിച്ചു.. കൂടണയണ്ട സമയം കഴിഞ്ഞതിനാല്‍ വാര്‍ഡന്റെ വായിലിരിക്കണത് മുഴുവന്‍ കേള്‍ക്കാന്‍ തയ്യാറായാണ്‌ ഓഫീസില്‍ നിന്ന് ഇറങ്ങിയത്.. ഒരു കിലോമീറ്റര്‍ തികച്ച് ഇല്ലാത്ത ദൂരത്ത് ഇറങ്ങിയപ്പോള്‍ അയാള്‍ ചോദിച്ചത് ഇരുപത് രൂപ.. തര്‍ക്കിക്കാന്‍ നിന്നപ്പൊ അയാള്‍ എന്നോട് ചോദിച്ച ചോദ്യം കേട്ട് എന്റെ ദേഷ്യം പമ്പ കടന്നു.. വേറൊന്നുമല്ല

"ഇത്രയും വലിയ കെട്ടിടത്തില്‍ ജോലി ചെയ്തിട്ട് 20 രൂപ തരാന്‍ വയ്യല്ലെ"

ഇത് വായിച്ച് പാവപ്പെട്ട അദ്ധ്വാനിക്കുന്ന ജനവര്‍ഗ്ഗത്തിനെതിരാണെന്നൊന്നും കരുതല്ലെ.. ഒരു പാവം സര്‍ക്കാര്‍ ജീവനക്കാരിയുടെ പരിദേവനം മാത്രം ..

Monday, July 6, 2009

ചുമ്മാ... ചുമ്മാ..

"എന്തെ"

"ചുമ്മാ"

"ഉമ്മ?"

"വേണേല്‍ തരാം..."

" അയ്യെ ഞാന്‍ ആ കൂട്ടത്തില്‍ അല്ല.. "

എന്തൊ ഈ അയ്യ്യെ എന്നു പറഞ്ഞ ഉമ്മയെ എനിക്ക് ഇഷ്ടമാണ്... എന്റെ മനസ്സിലെ സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണത്.. ഞാനതില്‍ നിന്ന് തിരിച്ച് പ്രതീക്ഷിക്കുന്നതും അതു തന്നെ.. എന്നിട്ടും ആരൊക്കെയൊ ചുമ്മാ തട്ടിക്കളിക്കുന്ന ഉമ്മകളേ കാണുമ്പോള്‍ ഉള്ളിലെവിടെയൊ ഒരു വിങ്ങല്‍...

അച്ഛനും അമ്മയും എന്നെ ഉമ്മവെച്ചത് ഓര്‍മ്മയില്ലെനിക്ക്.. മക്കള്‍ ഉണ്ടാവുന്നത് തന്നെ നാണക്കേടാവുന്ന പ്രായത്തില്‍ കാലായകുരുടായി പിറന്നതുകൊണ്ടാവാം.. കോളേജില്‍ പഠിക്കുമ്പോള്‍ പോലും കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ഓപ്പോളുടെ കയ്യില്‍ നിന്ന് ഇഷ്ടം പോലെ തല്ലുവാങ്ങികെട്ടുമായിരുന്നു.. എന്നാല്‍ രാത്രി ഉറങ്ങും മുമ്പ് ഓപ്പോള്‍ വന്ന് തൊട്ടുതലോടി ഒരുമ്മ തരും.. ഞാന്‍ ഉറങ്ങും പോലെ കിടക്കും.. എത്ര വൈകിയാലും എനിക്ക് കിട്ടാനുള്ളത് കിട്ടാതെ ഞാന്‍ ഉറങ്ങുമായിരുന്നില്ല..എന്തുകൊണ്ടാണെന്നറിയില്ല ഇപ്പോള്‍ ഓപ്പോള്‍ എനിക്ക് ഉമ്മതരാറില്ല.. ഒരുപാട് വലുതായി പോയതോണ്ടാവാം..

മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ഉമ്മയെ കുറിച്ച് പറയാമൊ? വെറുതെ ഒരു തമാശക്ക് ചോദിച്ചതാ, ഉത്തരം കിട്ടില്ലെന്ന ഉറപ്പില്‍ തന്നെ..

"എനിക്കൊ.. എന്നെ ആരെലും ഉമ്മവെച്ചതെ ഓര്‍മ്മയില്ല.. ആ ആ ഓര്‍ക്കുന്നു.. അടുത്ത വീട്ടില്‍ ആന്റി അമേരിക്കക്കു പോവും മുമ്പ് എന്നെ ഉമ്മവെച്ചിരുന്നു"...ആ പറച്ചിലില്‍ നിന്നെ മനസ്സിലാക്കാം പറയാതെ ബാക്കി വെച്ചതെന്തെന്ന്..

മറ്റൊരാള്‍ തുറന്നു പറയുന്നു..

"അതെന്റെ സ്വകാര്യസന്തോഷമാണ്"

കിട്ടാതെ പോയ ഒരുമ്മയെ കുറിച്ചാണ് മറ്റൊരാളുടെ സങ്കടം...അത് ഞങ്ങളുടെ യാത്ര പറച്ചിലിന്റെ ദിവസമായിരുന്നു.... നേത്രാവതി എക്സ്പ്രെസ്സിന്റെ വാതിലിനരികില്‍ ഞാന്‍ കാത്തു നിന്നത് അവനു വേണ്ടിയായിരുന്നു.. അവന്‍ വരാതിരിക്കില്ല.. വണ്ടി വിടും മുമ്പ് തന്നെ അവന്‍ വന്നു.. പുറത്ത് ആരും ശ്രദ്ധിക്കുന്നില്ല എന്ന് വിശ്വാസത്തില്‍ അവന്‍.. കാരണം അത് അവന്റെ നാടായിരുന്നു.. സിഗ്നല്‍ വീണപ്പോള്‍ വല്ലാത്തൊരു പിടപ്പ്.. പെട്ടന്ന് അവന്‍ ചാടി കയറി... എനിക്ക് പുറകില്‍ ആരുടെയൊ ചലനം.. ആരെന്ന് നോക്കാനായി ഞാന്‍ തിരിഞ്ഞു..

"എസ്ക്യൂസ് മീ"

"യെസ്"

അയാള്‍ക്ക് വാതിലിലൂടെ പുറത്തേക്ക് ഒന്നു നോക്കണം.. വണ്ടിക്ക് അനക്കം വെച്ചിരിക്കുന്നു.. കേറിയ അതേ വേഗത്തില്‍ അവന്‍ ഇറങ്ങി പോയി... പലപ്പൊഴും അവനോട് ചോദിച്ചു നീ എന്തിനാ അന്നു ചാടികയറിയതെന്ന്..അവനൊന്നും പറഞ്ഞില്ല...പക്ഷെ എന്തിനെന്നതിന് അവള്‍ക്ക് സംശയമില്ലായിരുന്നു..

എന്റെ മൊബൈലിലെ ഇന്‍ബോക്സില്‍ തപ്പി എന്റെ കൂട്ടുകാരന്‍ സംശയത്തോടെ ഒരു മെസേജ് നീട്ടി..

"ഇതാരാ.."

"എന്തു പറ്റി.. ആ മെസേജിനെന്താ കുഴപ്പം.."

സ്ക്രോള്‍ ചെയ്ത് താഴെയെത്തുമ്പോള്‍ ദേ കിടക്കുന്നു ഒരു ഉമ്മ... ആ ഉമ്മയാണ് അവന്റെ പുരികകൊടികളെ സംശയത്തിന്റെ അമ്പെയ്യാന്‍ പ്രേരിപ്പിച്ചത്... എന്തൊക്കെ പറഞ്ഞിട്ടും അതൊരു പെണ്ണിന്റയാണെന്ന് അവന്‍ സമ്മതിച്ചു തരുന്നില്ല.. അഥവാ ഒരു ആണിന്റെയെങ്കില്‍ തന്നെ എന്താ കുഴപ്പം.. എല്ലാ ഉമ്മകളും പ്രശ്നകാരിയാണെന്ന് കരുതാന്‍ ആരാവാം അവനെ പഠിപ്പിച്ചത്....

കല്ല്യാണം കഴിഞ്ഞു പോവുന്ന പെങ്ങള്‍ക്ക് ഇച്ചായന്റെ വക ഒരു ഉമ്മ.. അച്ഛന്റെ മരണശേഷം ആ സ്ഥാനം കൂടി അവനായിരുന്നു.. കണ്ടു നിന്നവരുടെ കണ്ണിലും കണ്ണീര് പൊടിയുന്നു.. പക്ഷെ ഒരു കൊച്ചു കുട്ടി ഉറക്കെ വിളിച്ചു കൂവുന്നു..

"അയ്യ്യെ...ദേ ആ ചേട്ടന്‍ ചേച്ചിയെ ഉമ്മവെച്ചു"

കള്ളമില്ലെന്ന് നമ്മള്‍ പറയുന്ന പിള്ളമനസ്സില്‍ ഉമ്മയെ അശ്ലീലമാക്കിയത് എന്താവാം..

കാലങ്ങള്‍ കൂടി കാണുമ്പോള്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ... അതിന്റെ ഊഷ്മളത എത്ര മാത്രമെന്ന് അനുഭവിച്ചറിയണം.. വര്‍ഷങ്ങളുടെ അകലം തീര്‍ത്ത മതിലുകള്‍ ഇടിഞ്ഞു വീഴുന്നതും .. എന്നാലും ചിലരുടെയെങ്കിലും ജീവിതരീതിയുടെ ഭാഗമായി തീര്‍ന്ന കെട്ടിപിടുത്തത്തിനും ഉമ്മയ്ക്കും ജീവന്‍ നഷ്ടപ്പെട്ടു പോവുന്നില്ലെ..? ഒളിച്ചു പതുങ്ങിയും മാത്രം സ്വന്തമാക്കാന്‍ കൊതിക്കുമ്പോള്‍ വെളിച്ചത്തില്‍ മറ്റാരെയൊ ഭയക്കുന്നതുകൊണ്ടാവാം, നമ്മള്‍ മലയാളികള്‍ ഉമ്മയെ പലപ്പോഴും തീണ്ടാപ്പാടകലെ നിര്‍ത്തിയത്..

എന്റെ വിദ്യാര്‍ത്ഥിയായ്, സഹപാഠിയായ്, സഹപ്രവര്ത്തകനായ്, സുഹൃത്തായ് മാറിയവന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസിയായ്.. മരുഭൂമിയില്‍ നിന്ന് ആദ്യമായ് അയച്ച മെയിലില്‍ നിറയെ നഷ്ടപ്പെട്ട നാടിന്റെ ഓര്‍മ്മകള്‍ ആയിരുന്നു.. അവസാനിച്ചത് കൊച്ചേട്ടന്റെ അനിയത്തിയെ കുറിച്ചുള്ള കുറിപ്പുകളിലും.. അതില്‍ ഇങ്ങനെ ഒരു ഭാഗമുണ്ടായിരുന്നു... ഞാന്‍ പോരാന്‍ നേരം അവളെന്നെ കെട്ടിപിടിച്ച് കരഞ്ഞു.. വലിയ കുട്ടിയായേനു ശേഷം ആദ്യമായാ അവളെനിക്കൊരു ഉമ്മ തന്നത്.. അപ്പോള്‍ ഞാനും കരഞ്ഞു പോയി..

ഫോണിന്റെ മൌത്ത്പീസ് ചുണ്ടോട് ചേര്‍ത്ത് പരിസരത്തെ വായുമുഴുവന്‍ വലിച്ചെടുക്കും മട്ടില്‍ ഒരു ഉമ്മ.. ഹോസ്റ്റല്‍ കോറിഡോറുകളുടെ ഇരുളടഞ്ഞ മൂലകളും ചുമരുകളും ഈ ഉമ്മകള്‍ കിട്ടി കോരിത്തരിക്കുന്നവരാണ്... അപ്പോള്‍ കൊടുക്കുന്ന ആളുടെ കണ്ണുകളിലെ തിളക്കത്തില്‍ നിന്ന്‍ ആ ഉമ്മയുടെ ആഴം വായിച്ചറിയാം.. മറുപുറത്തെന്തെന്ന് അറിയാനാവാത്തതിനാല്‍ വെറും ഊഹത്തില്‍ ഒതുക്കാം..

ഉണ്മയെന്ന വാക്ക് കേട്ടെഴുത്തിന് നല്‍കി ഉമ്മകള്‍ വാരി കൂട്ടുന്ന ടീച്ചറെ കുറിച്ചൊരു കവിതയുണ്ട്... തിരക്കിനിടയില്‍ തലങ്ങും വിലങ്ങും ഓടുന്നതിനിടയില്‍ അറിഞ്ഞൊ അറിയാതെയൊ കിട്ടുന്ന ഉമ്മകള്‍... എന്നാലും പ്രതീക്ഷിക്കാതെ കിട്ടിയ ഉമ്മയുടെ ചൂടില്‍ രണ്ടു ദിവസം പനിച്ചു കിടന്ന കഥ പറയുന്നവളുടെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി.. പിന്നെ പഴയ ഓര്‍മ്മയില്‍ ഓളം തല്ലുന്ന ഒരു ഒരു പൊട്ടിച്ചിരി പതിയെ പതിയെ പെയ്തിറങ്ങുന്നു..

പെണ്ണിനു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ആണിന്റെ ആയുധം കൂടിയായിരുന്നു ഉമ്മകള്‍.. ആള്‍ക്കൂട്ടത്തില്‍ അവളെ അവഹേളിക്കാനും അല്ലെങ്കില്‍ അവളെന്റെയെന്ന് നാലാളേ ബോധിപ്പിക്കാനും ചിലപ്പോള്‍ ആരോടൊ ഉള്ള വാതുവെപ്പിന്റെ ഭാഗമായും അവന്‍ ഉമ്മകളെ തെരുവിലിറക്കി.. ഇടക്കെപ്പൊഴൊ വിലപറഞ്ഞ് കാരാറുറപ്പിച്ച ഉമ്മകളും..

ചുണ്ടുകള്‍ കോര്‍ത്തുവലിച്ച്.. വായുവില്‍ പറന്നു കളിച്ച്.. ഉമ്മകള്‍ രൂപവും ഭാവവും മാറി പുത്തന്‍ പേരുകളുമായി എത്തുന്നു..

നെറുകയില്‍ ആശിര്‍‌വാദത്തിന്റെ, കവിളില്‍ വാത്‌സല്യത്തിന്റെ, ചുണ്ടില്‍ പ്രണയത്തിന്റെ, കയ്യില്‍ ആദരവിന്റെ..... പതിയുന്ന ഇടം നോക്കി ഒരേ ഉമ്മക്ക് വിവിധ സ്ഥാനമാനങ്ങള്‍ നല്‍കിയിരിക്കുന്നു...

കൊതിക്കുന്നുണ്ട് ഞാന്‍ അമ്മയുടെ അടക്കിപ്പിടിച്ച ഒരുമ്മയ്ക്ക്.. ഓപ്പോളുടെ ശിക്ഷക്കു രക്ഷയാവുന്ന ഒളിച്ചുള്ള കുഞ്ഞുമ്മക്ക്.. പ്രണയം വാര്‍ന്നൊഴുകുന്ന ഞെരിച്ചുകൊല്ലുന്ന മറ്റൊന്നിന്...