Wednesday, December 17, 2008
ഉപ്പിലിട്ട ലഡ്ഡുവുണ്ടോ..
സാധാരണ നമ്മള് പരിചയിക്കുന്ന സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കുള്ള യാത്ര, അത് എത്ര അടുത്ത സ്ഥലമാണെങ്കിലും, കാഴ്ചക്കു വിരുന്നൊരുക്കാന്‍ എന്തെങ്കിലും ഒക്കെ കാണില്ലെ.. കാലം കുറെ കൂടിയാണ് ഞാന്‍ ഇങ്ങ് തെക്കുതെക്കുനിന്നും അങ്ങ് വടക്കോട്ടേക്കൊരു ബസ്സ് യാത്ര പോയത്.. പരിചിതമായ വഴികള്‍ കഴിയും വരെ വെറുതെ നോക്കിയിരുന്നു.. അതിനപ്പുറം മലപ്പുറം ജില്ലയിലെത്തിയപ്പോഴാണ് വഴിയരികിലെല്ലാം നിറയുന്ന ചില്ല്ഭരണികള്‍ കണ്ണില്‍ പെട്ടത്.. ചിലപ്പോള്‍ ഉപയോഗത്തിന്റെ ആധിക്യം കാരണം തട്ടിയും മുട്ടിയും പോറലുകള്‍ വീണ് സുതാര്യത നഷ്ടമായ പ്ലാസ്റ്റിക് ഭരണികളും. ബെഞ്ചെന്നൊ ഡെസ്കെന്നൊ പറയാനാവാത്ത നാലുമരക്കാലുകളുടെ ഉയര്‍ച്ചയില്‍ താങ്ങിനിര്‍ത്തിയ മരപലകളില്‍ അവ വഴിയരികിലെല്ലാം നിരന്നിരിക്കുന്നു.. കോഴിക്കോട്ടേക്ക് കടന്നപ്പോള്‍ അതൊരു സ്ഥിരം കാഴ്ചയായി.. ലോങ്ങ് റൂട്ട് ബസ്സിന്റെ വേഗതയില്‍ കുപ്പികളിലെ ഉള്ളടക്കം കണ്ടെത്താന്‍ ഇത്തിരി പണിപ്പെട്ടു.. ആവര്‍ത്തനങ്ങളില്‍ ഓരോന്നോരോന്നായി കണ്ടു പിടിച്ചപ്പോള്‍ ഞാനും യുറേക്കാ എന്നു വിളിച്ചാലോന്നു കരുത്തിയതാ.. എനിക്ക് പ്രിയപ്പെട്ട ഉപ്പിലിട്ട നെല്ലിക്ക.. അതില്‍ അല്പം എരുവിനായി നല്ല കാന്താരി മുറിച്ചിട്ടിരുന്നോ എന്നു അത്ര ഉറപ്പില്ല.. അതിലൊരെണ്ണം ഒരു വശത്തെ പല്ലുകള്‍ അമര്‍ത്തി ഒറ്റ കണ്ണടച്ച് ഒരു കഷണം വായിലാക്കണം.. വായില്‍ വെള്ളം വരുന്നില്ലെ.. ആ സ്വാദില്‍ തലയൊന്നു കുടയണം.. ആഹഹാ.. അടിപൊളിയല്ലെ..
നെല്ലിക്ക മാത്രമല്ല, കുഞ്ഞു അരിനെല്ലിക്കകള്‍ ഇളം പച്ചനിറത്തില്‍ മറ്റൊരു ഭരണിയില്‍ കിടപ്പുണ്ട്.. പിന്നെ മുഴുത്ത അമ്പഴങ്ങകള്‍ .. ഇതുമാത്രമല്ല കെട്ടൊ.. ഒരോ വളവിലും തിരിവിലും വായില്‍ കപ്പലോട്ടാനിരിക്കുന്ന വിഭവങ്ങള്‍ക്ക് തികഞ്ഞ വൈവിധ്യമുണ്ട്.. നീളത്തില്‍ കഷണമാക്കിയ മാങ്ങ എല്ലായിടത്തും ഉണ്ടായിരുന്നു.. മറ്റൊന്ന് നീളന്‍ മുളകാണെന്ന് കണ്ടെത്താന്‍ നാലഞ്ചിടത്ത് ശ്രദ്ധിച്ചു നോക്കേണ്ടി വന്നു.. (ഇപ്പൊഴും അത് മുളകുതന്നെയായിരുന്നൊ ന്ന് ഇത്തിരി സംശയം ബാക്കിനില്‍ക്കുണ്ട്).. എന്താണ് സംഭവം എന്നു പിടിതരാതെ നിന്ന വേറൊരാള് ഓമക്കായ തുണ്ടുകള്‍ ആയിരുന്നു. .മുസ്ലിം ലീഗിന്റെ നാടായോണ്ടാണോന്ന് അറിയില്ല പച്ചനിറങ്ങളുടെ സമ്മേളനം തന്നെയായിരുന്നു ഈ ഉപ്പിലിട്ട വകകളില്‍... എന്നാലും ബിജെപിയുടെ സാന്നിധ്യമായി നല്ല ഓറഞ്ചു നിറത്തില്‍ കാരറ്റും വിപ്ലവം ഇവിടെയുമുണ്ടെന്ന് ഉദ്ഘോഷിച്ച് ലോലോലിക്കയും പലയിടത്തും കണ്ടു.. അധികം ആള് സഞ്ചാരം കാണാത്തിടത്തു പോലും എട്ടും പത്തും ഭരണികളില്‍ ഇവ നിറഞ്ഞിരിക്കുന്നു.. ആരാ ഇപ്പൊ ഇതു വാങ്ങാന്‍ വരണെ ന്നു ചിന്തിക്കാനല്ലാതെ കണ്ടുപിടിക്കാന്‍ പറ്റില്ലല്ലൊ.. ഞാന്‍ ഈ പറഞ്ഞ വകകള്‍ മാത്രമല്ല വേറെയും ചിലതു കൂടി ചില്ലുപാളികള്‍ക്കപ്പുറം ഒളിച്ചിരുന്നു.. എന്താന്ന് അറിയാന്‍ ഡ്രൈവെറോട് ഒന്നു നിര്‍ത്താമൊ ന്നു ചോദിച്ചാലോ ന്നു വിചാരിച്ചതുമാ..
വീട്ടില്‍ മാങ്ങാക്കാലമായാല്‍ അമ്മ വലിയ ഭരണികളില്‍ ഉപ്പുമാങ്ങയിടും.. തുണിയിട്ടു മൂടി അടപ്പിനുമുകളില്‍ മണ്ണുപൊത്തി അടുത്ത വര്‍ഷം വരെ അതിനു സുഖനിദ്ര.. മഴക്കാലത്ത് ജലദോഷപ്പനി പടരുംപോള്‍ ഉപ്പുമാങ്ങാ ഭരണി തുറക്കും.. പൊടിയരിക്കഞ്ഞി, ചുട്ടപപ്പടം, ഉപ്പുമാങ്ങ.. നാലുദിവസത്തേക്ക് ഒരേ മെനു.. സ്കൂള്‍ പടിക്കലെ കടലയുമ്മയുടെ കസ്റ്റഡിയിലും ഒരു ഭരണിയുണ്ടായിരുന്നു.. അതിലെ വിഭവം നെല്ലിക്കയായിരുന്നു.. പക്ഷേ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഇത്രയും വൈവിധ്യമാര്‍ന്ന ഉപ്പിലിട്ടതിന്റെ ഭരണികള്‍.. തിന്നില്ലെങ്കിലും കാഴ്ചതന്നെ വായില്‍ വെള്ളം നിറക്കുന്നു.. നിരന്നിരിക്കുന്ന ആ ഭരണികള്‍ ഒരു കാഴ്ചതന്നെയാണ്..
മലബാറുകാരെ.. ഉപ്പിലിട്ട ലഡ്ഡുവുണ്ടോ, ഒരെണ്ണമെടുക്കാന്‍.. !!!
Thursday, December 11, 2008
പേരിന്റെ പൊരുള്‍ തേടി..
അവര്‍ ആരെന്ന് എനിക്കറിയാം ... എന്റെ ഓര്‍മകളില്‍ നല്ലതായ ഓര്‍മകള്‍ ഒന്നും ഉണര്‍ത്താത്ത ചെറിയ മുത്തശ്ശിയമ്മയെന്ന് ഞാന്‍ വിളിച്ചിരുന്ന അമ്മയുടെ ചെറിയമ്മ.. പക്ഷെ എന്നെ ഇപ്പോള്‍ അമ്പരപ്പിക്കുന്നത് അവരുടെ പേരാണ്.. ഇട്ടിമായ... വക്കീലിന്റെ വക്രിച്ചുപോയ അക്ഷരങ്ങളില്‍ അത് ഇട്ടിമായ തന്നെയാണെന്ന് (ഇട്ടിമാളുവല്ലെന്നും) ഉറപ്പുവരുത്താന്‍ ഞാന്‍ കണ്ണുകഴക്കുംവരെ നോക്കിയിരുന്നു..അങ്ങിനെ ഒരു പേര് ആരും പറഞ്ഞു കേട്ടിട്ടില്ല.. ആദ്യമായാണ് ഞാന്‍ ഈ പേര് കേള്‍ക്കുന്നത്.. മുത്തശ്ശിക്ക് അങ്ങിനെ ഒരു പേരുണ്ടായിരുന്നു എന്നത് തന്നെ പുതിയ അറിവ്..അതോ ഒരു പ്രായത്തിനപ്പുറം പേരുകള്‍ക്ക് വലിയ അര്‍ത്ഥമില്ലാതെയാവുമൊ.. .. എന്തൊക്കെയായാലും ഇട്ടിമായ എന്റെ ഉറക്കം കെടുത്തുന്ന ലക്ഷണമാ..
എനിക്ക് മുമ്പും പിന്‍പുമുള്ള ഓരോ തലമുറകളിലെ അംഗങ്ങളുടെ പേരുകള്‍ തന്നെ മുഴുവനായി എനിക്കറിയില്ല.. എന്നാലും വിളിപ്പേരുകളിലെങ്കിലും ഞാനവരെ തിരിച്ചറിയുന്നു.. പക്ഷെ അതിനുമപ്പുറത്തെ ഇലകളെ ഞാനറിയില്ല എന്നു പറയുന്നതാവും ഉചിതം.. പ്രശ്നം എന്റേതു തന്നെയാണ്.. ഒഴിവാക്കാനാവാത്ത കൂട്ടിമുട്ടലുകളില്‍ ഇങ്ങനെയൊരാളുണ്ടോ എന്ന് അടുത്ത തലമുറ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു...
ഇന്ന് ഈ രാവിലും ഞാന്‍ ചോദിച്ചു, നിനക്ക് എവിടെന്നാണ് ഈ ഇട്ടിമാളുവിനെ കിട്ടിയതെന്ന്.. ഒരുവേള നിശബ്ദത നിറയുന്നു .."എനിക്ക് അറിയില്ല .."... വെറുതെ ഒരു മോഹം..ഇട്ടിമായക്കപ്പുറം പടര്‍ന്നു മറഞ്ഞ വേരുകളില്‍ എവിടെയെങ്കിലും ഒരു ഇട്ടിമാളുവുണ്ടായിരുന്നിരിക്കുമോ.. കാരണവന്മാരോടുള്ള ബഹുമാനം കാണിക്കാന്‍ മക്കള്‍ക്കും പേരക്കിടാങ്ങള്‍ക്കുമെല്ലാം പഴയ പേരിടുന്നവരുണ്ട്.. കീഴ്വഴക്കം മറന്നുപോയ എന്റെ അച്ഛനമ്മമാര്‍ക്ക് പകരമാവുമോ അവനെന്നെ ഈ പേരുചൊല്ലി വിളിച്ചത്... അങ്ങിനെയെങ്കിലും അവന് ഭാരതപുഴക്കരയിലെ ആലിലകള്‍ എണ്ണിതീര്‍ത്തവനല്ലല്ലോ..ആ കാറ്റൊരിക്കലും അവനെ തലോടി കടന്നു പോയിട്ടില്ലല്ലൊ.. അപ്പോള്‍ ആ പേരു എങ്ങിനെയാവാം അവന്റെ നാവില്‍ വന്നത്..
---------
ആരാണീ ഇട്ടിമാളുവെന്ന് ആരൊക്കെയൊ ചോദിച്ചു.. എനിക്കും അത്ര ഉറപ്പില്ലാത്ത കാര്യം... ഞാനെന്താ പറയാ.. അതെന്തോ ആവട്ടെ.. ഇന്നൊരു കോടതി നോട്ടീസിന്റെ രൂപത്തില്‍ ഞാനും ഇട്ടിയെ തേടുകയാണ്. .. ഏത് കൊമ്പില്‍ ഏത് ചില്ലയില്‍ ഏത് ഇലയായ്....
Wednesday, October 15, 2008
അളവുകോലുകള്‍
ഒരാളുടെ അഭാവം
ഒരു വിടവ്
അത്രയെ ഉള്ളു
അളക്കേണ്ടതെങ്ങിനെയാണ്
കൈവിരല്‍പാട് വെച്ച്
അതൊ നഖമുനയാല്‍
വെറുതെ, ചികഞ്ഞു നോക്കിയതാണ്
ഇല്ല, ഉണ്ടായിരുന്നെന്നതിന്റെ തെളിവുകള്‍
പിന്നെ, കണ്ടത് കേട്ടത് അറിഞ്ഞത്
ഒന്നും എനിക്ക് വേണ്ടി മാത്രമല്ലായിരുന്നു
പക്ഷെ, എനിക്കും പകുത്തു തന്നിരുന്നു
അളവുകോലുകള്‍..?
വിടവടക്കാന്‍ ശൂന്യത നിറയ്ക്കാന്‍
ഏതളവില്‍ ഞാന്‍ അളന്നൊഴിക്കണം
Wednesday, September 17, 2008
എന്റനിയന് മുണ്ടുടുത്തു..
എല്ലാരും തന്നെ ജോലിക്കാര്‍.. ചിലര്‍ ട്രെയിനി എന്ന പാതിവെന്ത അവസ്ഥയില്‍.. എന്നാലും ഓണം ആവുമ്പൊ വേണ്ടപ്പെട്ടവര്‍ക്ക് ഒരു ഓണക്കോടി വാങ്ങാന്‍ എന്തു കടം വാങ്ങിയായാലും എല്ലാരും ശ്രമിക്കും.. മിക്കവരും എന്തു വാങ്ങണമെന്ന് നേരത്തെ ആലോചിച്ചു വെച്ചിരിക്കും.. ചിലപ്പോള്‍ തടസ്സമായി മുന്നിലെത്തുക ബഡ്ജെറ്റ് ആവും.. ഓണക്കോടികള്‍ ഒരു വേഷപകര്‍ച്ചക്ക് വഴിതെളിയിക്കുന്നില്ലെ?.. അടുത്ത പടിയിലേക്കുള്ള സ്ഥാനക്കയറ്റം.. !!!.... പെണ്‍കൊടികള്‍ക്ക് മിക്കവാറും ആദ്യത്തെ സാരികിട്ടുന്നത് ഓണത്തിനാവാനാണ് സാധ്യത.. അതിനുമുമ്പ് എന്ത് മുറികഷണം കാലുറയിട്ടുനടന്നാലും ശ്രദ്ധിക്കാത്തവര്‍ സാരിയുടുത്താല്‍ ഒന്നു നോക്കും.. പെണ്ണങ്ങ് വളര്‍ന്ന് പോയില്ലെ.. (ഇത് കുറെ കേട്ടതാണെന്നല്ലെ..) അതെ.. മകള്‍ സാരിയുടുത്ത് മുന്നില്‍ വന്നു നിന്നാല്‍ ഏതു കഠിനഹൃദയന്റെ നെഞ്ചും ഒന്ന് ആളും.. ഇതിനെ ഒന്ന് ആരെയെങ്കിലും കൈപിടിച്ച് കൊടുക്കണ്ടെ.. തൊട്ടടുത്ത് പെരുമ്പറകൊട്ടുന്ന നെഞ്ചുമായി അമ്മയും കാണും.. ജോലിക്കാരാവുമ്പൊഴും ആരെങ്കിലും ഒരു ഓണക്കോടി തരാനുണ്ടെങ്കില്‍ അതൊരു സന്തോഷം തന്നെയാണല്ലെ.... അതു കിട്ടാതാവുമ്പൊഴെ അതിന്റെ സുഖമറിയൂ..
ഇനി മക്കള്‍ അമ്മക്കും അച്ഛനുമുള്ള ഓണക്കോടി വാങ്ങുമ്പൊഴൊ.. എന്റെ മോന് അല്ലെങ്കില്‍ മോള് വാങ്ങിയതാ എന്നു പറയാന്‍ അവര്‍ക്ക് നൂറുനാവാകും.. വളര്‍ത്തി വലുതാക്കി ഇത്രയൊക്കെ ആക്കിയില്ലെ എന്നൊരു അഭിമാനവും കാണും ആ പറച്ചിലില്‍.. ജോലിക്കാരായി ആദ്യത്തെ ഓണമാണെങ്കില്‍ അതിനൊരു പ്രത്യേക പകിട്ടുതന്നെ.. പക്ഷെ അച്ഛനു ഇനി ഇളം നിറം മതി എന്ന് സ്വയം തീരുമാനിച്ച് വാങ്ങിക്കൊടുത്താല്‍ നീയെന്നെ വയസ്സനാക്കിയല്ലെ എന്ന് അച്ഛന് മനസ്സില്‍ പറഞ്ഞെന്നിരിക്കും.. ഇനി അമ്മക്ക് സാരിമാറ്റി മുണ്ടും നേരിയതും ആക്കിയാലും ഇതു തന്നെ അവസ്ഥ.. മുടിയിലെ വെള്ളിവരകള്‍ ഉറക്കം കെടുത്തുന്നതിന്റ്റെ കൂടെ യൂ ട്ടൂ ബ്രൂട്ടസ്സ് എന്ന് അമ്മയും പറയും.. പാവം ആ അച്ഛനമ്മമാരുടെ വേദന മക്കള്‍ എങ്ങിനെ അറിയാന്‍..
വേഷപകര്‍ച്ചകളിലെ വ്യത്യാസം കൂടുതല്‍ പ്രതിഫലിക്കുക പെണ്ണിനു തന്നെയാണ്. അതില്‍ ആരും എതിരുപറയും എന്ന് തോന്നുന്നില്ല.. എന്തൊ അവളുടെ വളര്‍ച്ചയാണല്ലൊ എല്ലാരുടെയും കണ്ണില്‍ പെടുക.. പക്ഷെ ഈ ചേട്ടത്തിമാര് കുഞ്ഞനിയനും അനിയത്തിക്കും ഓണക്കോടി വാങ്ങിയാലൊ.. ആ പുത്തന്‍ അണിഞ്ഞ് അവരെ കാണുമ്പൊ കണ്ണില്‍ ഇത്തിരി ചാറ്റല്‍ മഴ പെയ്തെന്നൊക്കെ വരാം.. പക്ഷെ ഓണം കഴിഞ്ഞുവന്ന എന്റെ കൊച്ചു കൂട്ടുകാരിയുടെ ഏറ്റവും വലിയ വിശേഷം പറച്ചില് എന്താരുന്നെന്നൊ..
"ഏന്റനിയന്‍ മുണ്ടുടുത്തു.."
അതിനെന്താ ഇത്ര പറയാന്‍ എന്നൊരു ചോദ്യം കേട്ടുനിന്നിരുന്നവരുടെയെല്ലാം കണ്ണുകളില്‍.. അധികമാര്‍ക്കും അതൊരു വിശേഷമായി തന്നെ തോന്നിയില്ല.. ശരിയാ ഒരു കുഞ്ഞന്‍ എട്ടാംക്ലാസ്സുകാരാന്‍ ആദ്യമായികിട്ടിയ മുണ്ടും ചുറ്റി ഓണത്തിന് ഓടിനടന്നതില്‍ എന്തിത്ര പറയാന്‍ അല്ലെ.. പക്ഷെ അവളെ സംബന്ധിച്ചിടത്തോളം ഒരുപാട് പറയാനുണ്ടായിരുന്നു..
അച്ഛന്റെ ഓര്‍മ്മപോലും ഇല്ലാതെ വളര്‍ന്ന അവന് മുണ്ടുടുക്കാന്‍ സ്വന്തമായിതന്നെ ഒരു മുണ്ടുവേണമായിരുന്നു.. തമാശക്കു പോലും അവനൊരു മുണ്ടുചുറ്റി നടക്കുന്നത് അവള് കണ്ടിട്ടില്ല.. അതുകൊണ്ട് തന്നെ അവള്‍ക്ക് അതൊരു സന്തോഷവും സങ്കടവും നല്കിയ നിമിഷം തന്നെയായിരുന്നു... അവള് വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞതുകൊണ്ടാണ് എല്ലാരും മാറിയപ്പോള്‍ ഞാന്‍ ചോദിച്ചത്..
"നിനക്ക് എന്ത് തോന്നി അനിയന് മുണ്ടുടുത്ത് കണ്ടപ്പൊ"
കുറെ നേരം അവള് എന്നെ തന്നെ നോക്കിയിരുന്നു.. പിന്നെ പറഞ്ഞു
"അവന് വളര്‍ന്നു പോയല്ലൊ എന്നൊരു സങ്കടം.. നല്ല പൊക്കം വെച്ചു... വലിയ കുട്ടിയായപോലെ "
ഒന്നു നിര്‍ത്തി വീണ്ടും തുടര്‍ന്നു..
"നല്ല ഭംഗിയുണ്ടാരുന്നു.."
"നിനക്കെന്തിനാ അതിനു വിഷമം"
"അതെനിക്കറിയില്ല"
അനിയന് വളര്‍ന്ന് അമ്മക്ക് ഒരു തണലാവാന്‍ കാത്തിരിക്കുന്ന അവള്‍ക്ക് അവന് വലുതായെന്ന തോന്നല്‍ എങ്ങിനെ സങ്കടമാവുന്നു.. കൂടുതല്‍ ചോദിക്കാന്‍ എനിക്കാവില്ലായിരുന്നു.. എനിക്ക് അനിയന് ഇല്ല.. ഇപ്പോള്‍ ഞങ്ങളുടെ കൂടാരത്തിലെ കൂട്ടുകളില്‍ കുഞ്ഞനിയന് ഉള്ളത് അവള്‍ക്ക് മാത്രം.. അതുകൊണ്ട് തന്നെ അനിയന് വളര്‍ന്നു പോയതിലെ ആ സങ്കടം പങ്കുവെക്കപ്പെടാതെ അവളുടേതു മാത്രമായി മാറി..
Friday, September 5, 2008
കുട്ടിട്ടീച്ചര്‍
ഒരു രാവുമുഴുവന്‍ ഞങ്ങള്‍ ഉറങ്ങാതിരുന്നു.. ഞാനും അവളും അവനും.. ശുഭരാത്രി പറയേണ്ട നേരത്താണ് അവനെന്നെ വിളിച്ചത്.. എന്നിട്ട് അവന് എന്നോട് കഥ പറയാന്‍ തുടങ്ങി .. നീണ്ട പത്തുവര്‍ഷങ്ങളുടെ കഥ.. അവന്റെ ഭാഷയില്‍ അദ്ധ്യാപകരുടെ കണ്ണിലെ കരടായിരുന്നവന്‍ കണ്ണിലുണ്ണിയായത്.. കടലാസു യോഗ്യതകള്‍ക്കപ്പുറം കഴിവിന്റെ വിലയറിഞ്ഞത്.. നേടാവുന്നതിലപ്പുറം നേടിയത്.. പ്രായത്തിന്റെസ്വന്തം തെറ്റുകളെ തള്ളിപ്പറയാതെ അവന് ആണയിട്ടു, "ഞാനിന്ന് നല്ല കുട്ടിയാ, ".. അവന് തുടര്‍ന്നു.. തലേന്നാള്‍ അവളോട് പറഞ്ഞത് മുഴുവന്‍ വീണ്ടും എനിക്കായ് ആവര്‍ത്തിച്ചു.. അപ്പൊഴെക്കും അവളുടെ വിളി എന്നെതേടിയെത്തി.. അവനെ വിളിച്ചൊ, എന്തു പറഞ്ഞു എന്നെല്ലാമറിയാന്‍.. പിന്നെ ഞങ്ങള്‍ മൂന്നുപേരും മൂന്നു കോണിലിരുന്ന് പരസ്പരം കാതോര്‍ത്തു.. ഇടക്കിടക്ക് ഓരോ മണിക്കൂറിന്റെ ഇടവേളയില്‍ കമ്പിയില്ലാകമ്പികള്‍ അറ്റുകൊണ്ടിരുന്നു.. വീണ്ടും കൂട്ടിയോജിപ്പിച്ച് അവന് വിളിച്ചു ചോദിച്ചു.. രണ്ടു ടീച്ചര്‍മാരും ഉണ്ടൊ.. ഹാജര്‍ ഹാജര്‍, ഞങ്ങള്‍ ഇരുവരും ഒപ്പം സാന്നിധ്യമറിയിച്ചു.. .. ഇടക്കെപ്പൊഴൊ അവള്‍ഞങ്ങള്‍ക്ക് സുപ്രഭാതം നേര്‍ന്നു.. സമയം രാവിനെ പിന്തള്ളി പുലരിയോടടുക്കുന്നു.. കഥയിനിയും ബാക്കിയാണ്... അവന് കഥ തുടരുകയാണ്..
ഞാനും അവളും മലമുകളിലാണ്.. വിദ്യാര്‍ത്ഥിനിയും അദ്ധ്യാപികയും തമ്മില്‍ ചുരിദാറും സാരിയും തമ്മിലുള്ള വ്യത്യാസം മാത്രം.. സാരിയുടുത്ത് നേരെ നടക്കാന്‍ അറിയില്ലെങ്കിലും സാരിയുടുത്തെ തീരൂ.. കാരണം ടീച്ചര്മാര് സാരിയുടുക്കണമെന്നത് അന്നത്തെ നിയമം.. ഇന്നായിരുന്നെങ്കില്‍..?... ഡിഗ്രിക്കാരെല്ലാം സാരിയുടുക്കണമെന്ന കന്യാസ്ത്രീകളുടെ ചട്ടം സഹിക്കാനാവാതെയാണ് തൊട്ടടുത്ത മിക്സ്ഡ് കോളേജിലേക്ക് ചാടിയത്.. അതൊരു കാലം..
പറഞ്ഞുവന്നത്, മലമുകളിലെ കാലമല്ലെ.. മാര്‍ച്ചിലും നല്ല മഞ്ഞുകാറ്റടിക്കുന്നു.. കോളേജും സ്കൂളും എല്ലാം ചേര്‍ന്നൊരു കൊച്ചു വട്ടം.. രൂപത്തിലും പ്രായത്തിലുമൊക്കെ ചെറിയാതായിരുന്നതിനാലാവാം- ഒരു കുട്ടിട്ടീച്ചര്‍- ആദ്യം കിട്ടിയത് പത്താംക്ലാസ്സ് ആയിരുന്നു.. കുറച്ചു കുട്ടികള്‍ മാത്രം ഉള്ളതുകൊണ്ട് ഓരോരുത്തരുടെയും വീട്ടിലെ കാര്യങ്ങള്‍ അടക്കം ടീച്ചേഴ്സിനു അറിയാമായിരുന്നു.. നല്ലകുട്ടികള്‍ ചീത്തകുട്ടികള്‍ അങ്ങിനെ മനപ്പൂര്‍വ്വമല്ലെങ്കിലും പലരുടെയും വര്‍ത്തമാനത്തില്‍ വേര്‍ത്തിരിവുകള്‍ ധാരാളം.. ഒരോ കുട്ടിയേയും അടുത്തറിയാന്‍ തുടങ്ങിയപ്പോള്‍ ചിലരോടൊരു ഇഷ്ടകൂടുതല്/കുറവുകള്‍ എന്റെയും മനസ്സില്‍ കടന്നുകൂടിയിരുന്നു.. എന്നാലും പലപ്പൊഴും മറ്റുള്ളവരുമായി യോജിക്കാത്തതായിരുന്നു എന്റെ അഭിപ്രായങ്ങള്‍ മിക്കതും.. അതെന്റെ കുഴപ്പമെന്ന് സ്വയം വിധിയിലെത്തുകയെന്നതായിരുന്നു എന്റെ സ്വഭാവവും..
അടുത്ത അദ്ധ്യയനവര്‍ഷത്തിലും പത്താംക്ലാസ്സുകാര്‍ക്ക് ഞാനുണ്ടായിരുന്നു.. അവിടെയായിരുന്നു മിക്കവരുടെയും കണ്ണിലെ കരടായിരുന്ന അവന്.. അതിനുമുമ്പ് ഒരു പിരുപിരുപ്പനായി ഓടിനടക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നിട്ടില്ലായിരുന്നു.. ആദ്യത്തെ ക്ലാസ്സില്‍ തന്നെ അതുവരെ കിട്ടിയ അഭിപ്രായങ്ങള്‍ എല്ലാം മാറ്റിയെഴുതേണ്ടി വന്നു.. ക്ലാസ്സെടുക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിച്ചിരിക്കുന്നത് അവനായിരുന്നു.. ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നതും അവനില്‍ നിന്നു തന്നെ.. മഞ്ഞനിറമുള്ള വിരല്‍ ചൂണ്ടി അവന് "ടീച്ചറേ.." എന്നു നീട്ടി വിളിക്കും.. ആ ചോദ്യത്തിന്റെ തുടര്‍ച്ചയായി ക്ലാസില്‍ അധികം വാചാലമാവാത്തവര്‍ പോലും സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്റെ ക്ലാസില്‍ അവന്റ്റെ വിലയെന്തെന്ന് ഞാന്‍ അറിഞ്ഞത്.. അവനുണ്ടായിരുന്നത്കൊണ്ടാണ് പഠിപ്പിക്കാനായി എങ്ങിനെ പഠിക്കണമെന്ന് ഞാന്‍ പഠിച്ചത്.. എന്നിട്ടും അവനെങ്ങിനെ മറ്റുള്ളവരുടെ കണ്ണിലെ കരടായെന്നത്.. തല്ലും വഴക്കും വലിയും കുടിയും പിന്നെയൊരു എട്ടാംക്ലാസ്സുകാരനില്‍ നിന്നു പ്രതീക്ഷിക്കാവുന്നതിലപ്പുറമായിരുന്നു അവന്റെ ചെയ്തികള്‍.. കേട്ടതൊക്കെ എത്രമാത്രം ശരിയായിരുന്നെന്ന് ഇന്നും എനിക്കറിയില്ല... പക്ഷെ അവന്റെ തലതിരിഞ്ഞസ്വഭാവങ്ങള്‍ക്കിടയിലും എനിക്കവനെ ഇഷ്ടമായിരുന്നു.. പേരിലുള്ള സാമ്യം പോലെ അവള്‍ക്കും..
രണ്ടു വര്‍ഷത്തിനു ശേഷം ഞാന്‍ മലയിറങ്ങുമ്പൊഴും അവനവിടെയുണ്ടായിരുന്നു.. പിന്നെ മാറിപ്പോയ എന്റെ വഴികള്‍.. സ്വയമൊരു പിന്വലിയല്, അകന്നു പോയ കൂട്ടുകെട്ടുകള്‍.. ഇതിനിടയില്‍ അവനെ കുറിച്ചുള്ള വിവരങ്ങളും എനിക്ക് കിട്ടാതായി.. വല്ലപ്പൊഴുമെത്തുന്ന അവളുടെ വിളികളിലും അവനെ കുറിച്ചൊന്നുമില്ലായിരുന്നു.. പലപ്പൊഴും പഴമ്പുരാണങ്ങളുടെ കെട്ടഴിക്കുമ്പോള്‍ ഇടയില്‍ അവനും കടന്നു വരും.. പിന്നെ "ഇപ്പോള്‍ എവിടെയാണാവോ?" എന്നൊരു നെടുവീര്‍പ്പില്‍ എല്ലാമൊതുങ്ങും.. ഓര്‍ക്കൂട്ടിന്റെ വലയില്‍ നിന്നും അവള് ദിവസങ്ങള്‍ക്ക് മുമ്പ് അവനെ കണ്ടെത്തും വരെ..
ഈ അദ്ധ്യാപകദിനത്തില്‍ എന്റെ സന്തോഷം അവനാണ്.. ഇന്നലെ അവനെന്നെ കാണാന്‍ വന്നിരുന്നു.. ആ കൊച്ചു പയ്യനില്‍ നിന്നും വലിയൊരാളായി.. എന്നാലും ആ ടീച്ചറെ എന്ന വിളി.. അതു മതിയായിരുന്നു ഞാനെന്ന പഴയ ടീച്ചര്‍ക്ക്...
Wednesday, September 3, 2008
പ്രവാസികള്‍ക്കായ്..
(സ്വപ്നത്തിലെ നിധിതേടി ലോകം മുഴുവന്‍ അലഞ്ഞ് അതു നേടാന്‍ പഴയ വഴിയമ്പലത്തില്‍ തിരിച്ചെത്തുന്ന സാന്റിയാഗോവിന്റെ കഥ പറഞ്ഞത് പൌലോ കൊയ്ലോ ആണ്... )
പ്രവാസത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ ഒരു വാചകമുണ്ട്..
" A man travels the world over in search of what he needs, and returns home to find it “- George Moore
സഞ്ചാരികളാണ് പ്രവാസികളെ ഉണ്ടാക്കുന്നത്.. മലയാളം കണ്ട ഏറ്റവും വലിയ സഞ്ചാരിയായ എസ് കെ പൊറ്റേക്കാട് തുടക്കമിട്ട പ്രവാസികളുടെ കഥ ഇന്നിലെ മുകുന്ദനിലൂടെയാണ് മുന്നേറുന്നത്... ഒരുപാട് കഥാപാത്രങ്ങള്‍ ഒരുപാട് നാടുകള്‍ പരസ്പരം കെട്ടുപിണഞ്ഞ ഒരു പാട് കണ്ണികള്‍ ഇവരിലൂടെയാണ് പ്രവാസം കഥയാവുന്നത്..ഇത്തിരി വട്ടത്തുനിന്ന് വട്ടമില്ലാത്ത ലോകത്തിലേക്ക് യാത്രപുറപ്പെടുന്ന കൊറ്റ്യത്ത് കുമാരനില്‍ തുടങ്ങുന്ന പ്രാവാസി ചരിത്രം മകന് ഗിരിയിലൂടെ മകന്റെ മകന് അശോകനിലൂടെ വളര്‍ന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പിച്ചവെക്കാന്‍ തുടങ്ങുന്ന അശോകന്റെ മകന് രാഹുലിലാണ് അവസാനിക്കുന്നത്.. പക്ഷെ പ്രവാസം അവരുടെ മാത്രം കഥയല്ല..
മൂന്നൂനേരം മൂക്കുമുട്ടെ തിന്നാനുണ്ടായിട്ടും കുമാരന് യാത്രയാവുന്നത് പണിയെടുക്കാനും, നാടുകാണാനും യാത്രചെയ്യാനുമാണ്.. ഒരു പക്ഷെ കഥപറയുന്ന ശങ്കരന്‍കുട്ടിക്കപ്പുറം ഇങ്ങനെ യാത്രയാവുന്ന ഒരേ ഒരാള്‍ കുമാരനായിരിക്കും.. ബര്‍മ്മയിലേക്ക് ബ്രിട്ടീഷ് റെയില്‍ കമ്പനിയില്‍ തൊഴില്‍ തേടി പോയ കുമാരന് കടല്‍ ചൊരുക്കില്‍ കഷ്ടപ്പെട്ടിട്ടും ബര്‍മ്മയുടെ മണ്ണില്‍ ചെരുപ്പിന്റ് തടസ്സമില്ലാതെ കാല് കുത്തുമ്പോള്‍ അയാള്‍ക്ക് തോന്നുന്ന വികാരം അനിര്‍വചനീയമാണ്.... പിറന്നനാട്ടില്‍ നിന്നും കാതങ്ങള്‍ അകലെ താന്‍ സ്വപ്നം കണ്ടിരുന്ന നാട്ടിലെത്തിയതിന്റെ സന്തോഷം.. സ്വന്തം വീട്ടില്‍ വിട്ടുപോന്നിരിക്കുന്ന ഭാര്യയെയും(കല്ല്യാണി) പിഞ്ചുകുഞ്ഞായ മകനെയും(ഗിരി) മറന്നില്ലെങ്കിലും അവരില്‍ നിന്നും മനസ്സുകൊണ്ടുപോലും അയാള്‍ ഒരു പാട് അകന്നുപോയപോലെയായിരുന്നു അയാളുടെ ജീവിതം.. വിശപ്പിന്റെ വിലയറിഞ്ഞ് കഷ്ടപ്പെട്ട കാലങ്ങള്‍ക്കൊടുവില്‍ അഭയമായി മുന്നിലെത്തുന്നതും ഒരു പ്രവാസിതന്നെ - ബീരാന്‍കുട്ടി.. നാടുമറന്നു പോയ ബീരാന്‍കുട്ടിയും കുമാരനും പരസ്പരം ആശ്രയങ്ങളാവുകയാണ്.. ഖല്‍ബിലെ പഞ്ചാരകട്ടിയായിരുന്ന ബര്‍മ്മക്കാരി ഭാര്യ, ചിത് ചൊ തന്നെ ഉപേക്ഷിച്ച് പോയെങ്കിലും മകള്‍ കതീശ ബീരാന്‍കുട്ടിയുടെ കൂടെയുണ്ട്.. ഒരു പുതിയാപ്ലയെ തേടിയലഞ്ഞ് ആശയറ്റുപോവുമ്പോള്‍ അതുവരെ ഇറയത്തുകിടന്നിരുന്ന കുമാരനെ മകളുടെ ഭര്‍ത്താവായി വീടിനകത്തേക്ക് സ്ഥാനകയറ്റം നല്കുന്നു.. കടലിനക്കരെ നീറുന്ന കല്ല്യാണിയുടെ ശാപമാവാം കുമാരനൊരിക്കലും കതീശക്ക് ഇണയാവുന്നില്ല.. തുണമാത്രമാവുന്നൂ.. കതീശയെ തേടിയെത്തിയ ജപ്പാന്‍പട്ടാളക്കാരെന്ന ദുരന്തത്തിനു ശേഷം റങ്കൂണ്‍ കുമാരന് നാട്ടിലെത്തിയിട്ടും ഒരു പുഴുത്തപട്ടിയോടെന്ന പോലുള്ള കല്ല്യാണിയുടെ സമീപനം മരണസമയത്ത് വെള്ളം പോലും കൊടുക്കാന്‍ മനസ്സില്ലാത്തിടം വരെ തുടരുന്നു..
കുമാരന്റെ മകന് ഗിരി ഇന്ത്യയുടെ ഭാഗമെങ്കിലും ഫ്രഞ്ച് പതാക പാറുന്ന മാഹിയില്‍ പ്രവാസിയാവുന്നത് കമ്മ്യൂണിസ്റ്റുകാരനായി ഒളിവില്‍ താമസിക്കാനാണ്.. അന്നു അനിയനെ പോലെ തന്നെ നോക്കിയ തന്നെക്കാള്‍ മുതിര്‍ന്ന സുനന്ദയെ സ്വന്തമാക്കി മറ്റൊരു ചരിത്രമെഴുതുന്നു.. പക്ഷെ ഗിരിയുടെ മകന് സാമ്പത്തികശാസ്ത്രത്തിന്റെ ഉള്ളുകള്ളികള്‍ തേടി അച്ചന്റെ കമ്മ്യൂണിസത്തിന്റെ എതിര്‍ദിശയില്‍ അമേരിക്കയില്‍ പ്രവാസിയാവുന്നു.. അപ്പൊഴും തന്റെ വേരുകളിലേക്കുള്ള ഒരു പിന്‍വലി അശോകന്റെ സന്തത സഹചാരിയാവുന്നുണ്ട്... മകന്റെ കല്ല്യണം സ്വപ്നംകാണുന്ന അമ്മയുടെ നിര്‍ബന്ധത്തിനൊപ്പം തനിക്കൊരു കൂട്ടുവേണമെന്ന ചിന്തകൂടിയാവുമ്പോഴാണ് അശോകന് മലയാളിരക്തമെങ്കിലും ജീവിതത്തില്‍ അമേരിക്കക്കാരിയായ ബിന്‍സിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്.. പക്ഷെ അവള്‍ക്ക് അശോകനെ അറിയില്ലെന്ന ഉത്തരത്തിന്റെ വ്യാപ്തി വളരെ വലുതാണ്.. സ്വന്തം ജീവിതത്തില്‍ റിസ്ക് എടുക്കാന്‍ അവള് ആഗ്രഹിക്കുന്നില്ല.. അതുകൊണ്ട് തന്നെ കിടക്കയിലെ അവന്റെ പ്രകടനം വിലയിരുത്തിയെ അവള്‍ക്കൊരു തീരുമാനത്തിലെത്താനൊക്കു.. ബിന്‍സിയുടെ സ്ഥാനത്തേക്ക് എത്തുന്നത് വിന്ദുജയാണ്.. പൂജയും പ്രാര്‍ത്ഥനയുമായി മുത്തപ്പനില്‍ വിശ്വസിച്ച്, സെറ്റുമുണ്ടും ചന്ദനക്കുറിയുമായ് മലയാളിമങ്കയായി, ചോറും കറിയും പുട്ടും കടലയുമൊരുക്കി നാടന്‍ വീട്ടമ്മയായി തന്റെ കൊച്ചുവേദന സ്വന്തം മനസ്സിലൊതുക്കുന്നവള്‍.. വൈദ്യശാസ്ത്രത്തിന്റെ കനിവില്‍ അവര്‍ക്കുമൊരു ഉണ്ണിപിറക്കുന്നു- രാഹുല്‍...
എപ്പൊഴും എവിടെയും ഇണകളെ കണ്ടെത്താവുന്ന അമേരിക്കക്കാരില്‍ നിന്നും ഗള്‍ഫിലെ പ്രവാസികള്‍ വ്യത്യസ്തരാവുന്നത് അവരുടെ വിരഹത്തിന്റെ തീവ്രതയിലാണ്.. സീനത്തിനെ സ്വന്തമാക്കാന്‍ കടല്‍ കടക്കുന്ന അബൂട്ടിക്ക് അവസാനം അവളെ നഷ്ടമാവുന്നു.. സ്വന്തമായിട്ടും വിനോദും സുമലതയും ഇരുകരകളിലാണ്.. പക്ഷെ നാഥനും രാധയും ഒരു വേദനയായി ബാക്കി നില്ക്കുന്നു.. മറ്റുള്ളവര്‍ക്ക് താങ്ങും തണലുമായി മാറുന്ന സുധീരനെ മുതലെടുക്കാന്‍ സ്വന്തം വീട്ടുകാര്‍ പോലും മത്സരിക്കുമ്പോള്‍, രാമദാസന് പണക്കാരനാവുന്നതെങ്ങിനെയെന്നത് നമുക്ക് മറക്കാം..
ഗള്‍ഫുനാടുകളിലെ ലേബര്‍ ക്യാമ്പുകളുടെ വിവരണം, സാഹിത്യ സമ്മേളനത്തിനു വന്ന് പൊന്നുവാങ്ങാനും പുസ്തകം വില്‍ക്കാനും നടക്കുന്ന സാഹിത്യകാരന്, മകന്റെ കാശില്‍ മാത്രം കണ്ണുള്ള ഗോവിമാഷ്, തൊട്ടടുത്ത് നല്ലഡോക്റ്റര്‍ ഉണ്ടായിട്ടും ചികിത്സക്കായ് മോസ്കൊയില്‍ പോവുന്ന ഗിരി.. മിച്ചിലോട്ട് മാധവനോടുള്ള സുനന്ദയുടെ സ്നേഹം.. അങ്ങിനെ ചിലതൊക്കെ പറഞ്ഞാലും തീരാതെ ബാക്കി നില്‍ക്കുന്നുണ്ട്..
അമേരിക്കയിലെ കൊറ്റ്യത്ത അശോകന്, ദുബായിയിലെ സുധീരന്, ബഹ്രൈനിലെ രാമദാസന് സലാലയിലെ നാഥന് ദല്‍ഹിയിലെ മുകുന്ദന് .. പ്രവാസികളെല്ലാം ലോകത്തിന്റെ പലഭാഗങ്ങളില്‍ ജീവിക്കുന്നവരാണ്.. പല പ്രായക്കാരാണ്.. പലകാലങ്ങ്നളില്‍ ജീവിതം തുടങ്ങിയവരാണ്.. എന്നിട്ടും കാലത്തിന്റെ ഒഴുക്കില്‍ പലയിടങ്ങളില്‍ പലതവണ ഇവര്‍ ഇവിടെ കണ്ടുമുട്ടുന്നു..
ഇതൊരു തുടര്‍ച്ചയാണ്.. ഒരിക്കലും തീരാത്ത പ്രവാസത്തിന്റെ കഥയിലേക്ക് പുതിയൊരു കണ്ണികൂടി ചേര്‍ത്ത് കഥതുടരുകയാണ്..
Wednesday, August 27, 2008
സ്വര്‍ഗ്ഗത്തിലൊരു പുസ്തക പ്രസാധനം
എന്റെ പഴയകൂട്ടുകാര്‍ക്ക് പോലും എന്റെ ബ്ലോഗിനെ കുറിച്ച് ഒന്നുമറിയില്ല.. അറിയുന്നവരില്‍ അധികവും നെറ്റില്‍ കയറുന്നവരുമല്ല.. രണ്ടും അറിയുന്നവര്‍ക്ക് ഇതിലത്ര താത്പര്യവുമില്ല.. എങ്കിലും എന്തുകൊണ്ടോ വായിക്കും എന്നറിയാവുന്നവരോട് എനിക്കൊരു ബ്ലൊഗ് ഉണ്ടെന്നുപറയാന്‍ എനിക്കെപ്പൊഴും ഭയമായിരുന്നു... എന്റെ ഒളിയിടം അവര്‍ കണ്ടെത്തുമെന്ന ഭയം.. അതു കൊണ്ടാണ് ഉണ്ടാവുമെന്ന് വിശ്വാസത്തില്‍ എന്റ്റെ ബ്ലൊഗ് ഐഡി ചോദിച്ചൊരാളോട് ചിരിച്ചുകൊണ്ട് നിരസിക്കേണ്ടി വന്നത്..
മാര്‍ച്ച് ഏപ്രിലില്‍ വെയില് മൂക്കുമ്പോള്‍ ഞങ്ങളുടെ ഓഫീസ് വരാന്തകളിലും കോണിചുവടുകളിലും ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കും.. സ്ഥലംമാറ്റം കാത്തിരിക്കുന്നവരും, മാറ്റപ്പെടരുതെ എന്ന് പ്രാര്‍ത്ഥിക്കുന്നവരും ഊഹാപോഹങ്ങളില്‍ മുങ്ങിപൊങ്ങും.. മെയ് ജൂണില്‍ കൂടുമാറ്റപ്പെട്ടവര്‍ പുതിയകൂടുകളില്‍ ചേക്കേറാനെത്തും.. ഓഫീസ് ബസ്സിലും കാന്റീനിലും കാണുന്ന പുതിയ മുഖങ്ങള്‍ കുറച്ചു നാളത്തേക്ക് എല്ലാവര്ക്കും ഒരു കാഴ്ചയാവുന്നു.. അങ്ങിനെ ഒരു കാഴ്ചയായാണ് ഒരിക്കല്‍ ഞാന്‍ ആ ചിരിക്കുന്ന മുഖവും കണ്ടത്.. ഒരു വെടിച്ചില്ലിന്റെ വേഗതയില്‍ ഞങ്ങളുടെ ഓഫീസ് റൂമിലെത്തി ഒരു ഹായ് വെച്ച് അതെ വേഗതയില്‍ തിരിച്ചു പോവും മുമ്പ് എനിക്കെന്നും ഒരു ചിരികിട്ടുമായിരുന്നു.. "നല്ല സ്മാര്‍ട്ട്" എന്ന എന്റെ കമന്റിന് സഹപ്രവര്ത്തകന് എന്നെ കളിയാക്കി ചിരിക്കുമ്പം, ഇതിലെന്തിത്ര കളിയാക്കാന്‍ എന്ന് മുഖം കോട്ടുന്നതും ഒരു രസം തന്നെ.. അവരിരുവരും ദിവസവും നാലു മണിക്കൂര്‍ നീളുന്ന ട്രെയിന്‍ യാത്രയിലെ സഹയാത്രികരായിരുന്നു.. ഇടനാഴികളിലെ കണ്ടുമുട്ടലുകളില്‍ ഒരു ചിരി, രാവിലെ കാണുമ്പോള്‍ ഒരു സുപ്രഭാതം ഇതൊക്കെ മാത്രമായിരുന്നു ഞങ്ങള്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകള്‍.. പക്ഷെ എല്ലയിടത്തും എണ്ണം വെച്ച് ഏവരുമായി കൂട്ടാവാന്‍ അദ്ദേഹത്തിന് അധികകാലമൊന്നും വേണ്ടിവന്നില്ല.. തങ്ങളുടെ തലക്കു മുകളില്‍ വളര്‍ന്നു പോയാലൊ എന്ന ഭയമാവാം പലരും പാരകളാവാന്‍ തുടങ്ങിയതും സുഖകരമല്ലാത്ത അന്തരീക്ഷത്തില്‍ നിന്നു രക്ഷപ്പെടാന്‍ വീണ്ടുമൊരു മാറ്റം ചോദിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.. ഈ കാത്തിരിപ്പിന്റെ കാലത്താണ് ഞാന്‍ ഇദ്ദേഹത്തെ കൂടുതല്‍ അറിഞ്ഞത്..
പതിവു പോലെ ഞങ്ങളുടെ കാബിനില്‍ പ്രഭാത സന്ദര്‍ശനത്തിനെത്തിയതായിരുന്നു.. "ഞാനൊരു കാര്യമറിഞ്ഞു" എന്ന് പറഞ്ഞ് ഒരു ചിരികിട്ടിയപ്പോള്‍ എന്താണ് കാര്യം എന്നറിയാനുള്ള ആകാംക്ഷ സ്വാഭാവികമല്ലെ? ഒപ്പം ചോദിക്കരുത് എന്ന് എന്റെ സഹപ്രവര്‍ത്തകന്റെ ശബ്ദമുയര്‍ന്നപ്പോള്‍ എന്തെന്ന് അറിഞ്ഞെ തീരൂ എന്നത് ഒരു വാശിയും.. ഒന്നര മാസം നീണ്ടുനിന്ന നല്ലൊരു സൌഹൃദത്തിന്റെ തുടക്കമായിരുന്നു അത്.. ഓഫീസില്‍ കൂട്ടുകളില്ലെങ്കിലും ഈ മതില്‍ക്കെട്ടിനു പുറത്ത് എനിക്ക് കൂട്ടുകാര്‍ ധാരാളമാണ്.. അതിലൊരാളുടെ സുഹൃത്ത് അദ്ദേഹത്തിന്റെയും സുഹൃത്താണെന്നതാണ് എന്നെ കുറിച്ചുള്ള ചില വിവരങ്ങള്‍ കിട്ടാന്‍ ഒരു വളഞ്ഞ വഴിയായത്..
എന്റെ എഴുത്തിന്റെ തുടക്കം ഈ ബ്ലോഗിനു പുറത്താണ്.. കോളേജ് മാഗസിനിലൊ ഓഫീസ് ഇന്‍സൈഡുകളിലൊ ഞാന്‍ എഴുതാറില്ല.. ഞാന്‍ പറഞ്ഞില്ലെ, ഞാന്‍ ഏറ്റവും ഭയക്കുന്നത് എന്റെ കൂടെയുള്ളവരെയാണ്.. പക്ഷെ അതിനുമപ്പുറം എനിക്ക് കിട്ടിയ കൊച്ചു കൊച്ചു അവസരങ്ങള്‍.. പടര്‍ന്നു പന്തലിച്ച വലയിലെ അധികമാരും കേറിയെത്താത്ത, എത്തിയാലും അതു ഞാനാണെന്ന് തിരിച്ചറിയാത്ത ചില ഒളിയിടങ്ങള്‍.. അവയിലെ അക്ഷരങ്ങള്‍ കടലാസില്‍ പകര്‍ത്തി നല്‍കിയത് പത്രപ്രവര്‍ത്തനത്തില്‍ ഒന്നാം റാങ്കു നേടിയ ഒരാളുടെ അഭിപ്രായമറിയുക എന്ന ഉദ്ദേശത്തോടെയായിരുന്നൊ എന്ന് എനിക്കത്ര ഉറപ്പില്ല.. എന്നാലും പലതവണ ചോദിച്ചപ്പോള്‍ കൊടുത്തു വെന്നതാണ് ശരി.. പ്രിന്റില്‍ താഴെ വന്ന ഇമെയില്‍ ഐഡി കത്രികയെടുത്ത് വെട്ടി കളയുമ്പോള്‍ ബ്ലൊഗിലേക്കൊരു കൈചൂണ്ടിയാവരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു... ഞാന്‍ കൊടുത്ത കടലാസുകളില്‍ ഇഷ്ടപ്പെട്ട വരികള്‍ ഓറഞ്ച് മാര്‍ക്കര്‍ വെച്ച് അടയാളപ്പെടുത്തി പിറ്റേന്ന് രാവിലെ തന്നെ എന്നെ കാണാനെത്തി.. പക്ഷെ അന്ന് ഒമ്പതുമണിക്കുമുമ്പെ തിരക്കുപിടിച്ചു പോയ ഞാന്‍ ഒരു സംഭാഷണത്തിനുള്ള സാഹചര്യത്തിലായിരുന്നില്ല.. അതിലേറെ,, ഞാന്‍ കൊടുത്തത് വായിച്ചിരിക്കുമെന്നൊ അഭിപ്രായം പറയാനാണ് വന്നതെന്നൊ പ്രതീക്ഷിച്ചതുമില്ല.. രണ്ടുനാള്‍ക്ക് ശേഷം ഇന്റര്‍നെറ്റ് കണക്ഷനെ ഇടിവെട്ടി ഒന്നും ചെയ്യാനില്ലാതിരിക്കുമ്പൊഴാണ്, ഇതിനെ കുറിച്ച് വീണ്ടും ആലോചിച്ചത്..
തിരക്കില്ലാത്തതിനാല്‍ ഒരുപാട് നേരം ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു.. കുറെ നല്ല വാക്കുകള്‍.. അതിലേറെ തിരുത്തുകള്‍.. മാറ്റേണ്ട വഴികള്‍.. കൈവിടരുതാത്ത അക്ഷരകൂട്ടങ്ങള്‍.. ഒരു പക്ഷെ അന്നേരം ഞാനൊരു ജേണലിസം ക്ലാസിലായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം..
വായിച്ചു തിരിച്ചു തന്ന കടലാസുകഷണങ്ങള്‍ ഞാന്‍ കയ്യില്‍ പിടിച്ച് ചുരുട്ടിക്കൊണ്ടിരുന്നു.. ഇനി പറയേണ്ടത് ഇവിടെ ആരോടും പറയല്ലെ എന്നൊരൂ അപേക്ഷയാണ്.. ചുവരുകള്‍ക്ക് പോലും കണ്ണും കാതും ഉണ്ടെന്നിടത്ത് ഒരു നോട്ടപ്പുള്ളിയാവാന്‍ എനിക്ക് താത്പര്യമില്ലെന്നതു തന്നെ.. അതിലേറെ ഒരു പാട് നാള് ഒളിച്ചുവെച്ച് ഒരുനാള്‍തുറന്നു പറയേണ്ടി വരുന്നതിന്റെ പ്രശ്നവും.. ആ ഒരു വാക്കിനു പകരം എനിക്കും ഒരു വാഗ്ദാനം നല്കേണ്ടിയിരുന്നു..
" എന്റെ ഏറ്റവും വലിയ മോഹമാണ് ഒരുപബ്ലിഷിങ് ഹൌസ്.. ഏറിയാല്‍ ഒരു അഞ്ച് കൊല്ലം.. അപ്പൊഴെക്കും ഞാന്‍ ഇവിടം വിടും.. ഈ ഓഫീസും ഫയലും എല്ലാം മടുത്തിരിക്കുന്നു.. മകന്റെ പഠിത്തം കഴിയും വരെ.. പിന്നെ എന്റെ സ്വപ്നലോകത്തേക്ക് എനിക്ക് മാറണം.. ഞാന്‍ ഇപ്പൊഴെ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്..
അന്ന് എനിക്കീ കുറിപ്പുകള്‍ തരണം.. പുസ്തകമാക്കാന്‍... "
മറ്റാരെങ്കിലുമായിരുന്നെങ്കില് കളിയാക്കുകയാണൊ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചേനെ... പക്ഷെ ആ വാക്കുകളില്‍ ഉണ്ടായിരുന്നത് ഒരു വിശ്വാസമായിരുന്നു.. "തരാം" എന്നു പറഞ്ഞു പിരിഞ്ഞു..
എഴുത്തിന്റെ വഴിയില്‍ പലപ്പൊഴും എനിക്ക് ഒരു പാട് സഹായങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം തന്നിട്ടുണ്ട്... നന്ദിയോടെ മാത്രം സ്മരിക്കാവുന്ന വിലപ്പെട്ട സഹായങ്ങള്‍.. പിന്നെ സ്ഥലം മാറ്റത്തോടെ ദൂരെയായി പോയപ്പോള്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഞാനൊരിക്കലും വിളിച്ചില്ല.. എഴുത്തിന്റെ വഴിയിലെ നല്ലവാര്‍ത്തകള്‍ അറിയിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടും എനിക്കത് പാലിക്കാനായില്ല.. പിഴ എന്റ്റെ വലിയ പിഴ...
ഇപ്പോള്‍ ഇതൊരു നന്ദി പ്രകാശനമല്ല.. ആദരാഞ്ജലികള്‍ മാത്രം... ശനിയാഴ്ച നടന്ന ഒരു അപകടത്തില്‍ സജീവമായിരുന്ന ഒരു ജീവന് നിര്‍ജ്ജീവമായ തലച്ചോറും മിടിക്കുന്ന ഒരു ഹൃദയവുമായി മാറി.. ആശയങ്ങളും സ്വപ്നങ്ങളും നിറഞ്ഞിരുന്നിടത്ത് ചിന്തകളില്ലാതെ എന്തിനു ജീവന് ബാക്കി വെക്കുന്നു എന്നു തോന്നിയതിനാലാവാം രണ്ടു ദിവസം മുമ്പ് ആ പിടപ്പും നിന്നു..
ഇന്ന് രാവിലെ പതിനൊന്നുമണിക്ക് ഒരു ചിതയെരിയാന്‍ തുടങ്ങിയിരിക്കും.. നാളെയെന്റെ ബ്ലൊഗിനു രണ്ടുവയസ്സാവും.. അക്ഷരങ്ങളുടെ വഴിയില്‍ കിട്ടിയ കൈത്തിരിക്കായ് ദൂരെയിരുന്ന് മനസ്സുകൊണ്ടൊരു പ്രണാമം...
Monday, August 25, 2008
ആക്രിയുണ്ടോ ആക്രി...
അങ്ങിനെയും ഒരു കണക്കൊ എന്ന് സംശയിക്കുന്നവരെ, നിങ്ങള്‍ വെറും ആക്രിയെന്ന് ചിലപ്പോള്‍ ചിലര്‍ വിളിച്ചെന്നു വരും.. ഇംഗ്ലിഷ്കാര്‍ ഈ ആക്രിക്ക് കണ്ട് പിടിച്ച വാക്ക് സൌഹൃദത്തിന്റെ ബാരോമീറ്റര്‍ ആവുമെന്ന് ആരോര്‍ത്തു.. അതൊ ഇന്നത്തെ കൂട്ടുകെട്ടുകള്‍ക്ക് ചപ്പുചവറിന്റെ വിലയെ ഉള്ളു എന്നാണോ?..
പഴയ കൂട്ടുകാരിയുടെ കല്ല്യാണത്തിനൊരു വിളിവന്നപ്പൊ, "ഇപ്പൊഴാണല്ലെ എന്നോട് പറയുന്നെ" എന്നൊരു പരിഭവം.. ഓട്ടോഗ്രാഫിന്റെ പഴയ താളുകളില്‍ എന്തു മറന്നാലും കല്ല്യാണക്കുറി അയക്കാന്‍ മറക്കരുതെന്നല്ലെ നമ്മള് ഓര്‍മ്മപെടുത്താറ്.. ഫോണുണ്ടായിട്ടും നീ എന്നെ വിളിച്ചില്ലല്ലൊ എന്ന് പിണക്കം മൂക്കുമ്പോ മറുപുറത്തുനിന്നു വരുന്ന മറുപടി..
"അതു പിന്നെ ... ഞാന്‍.. എന്നെ പെണ്ണു കാണാന്‍ വന്നതു മുതല്‍ എല്ലാ കാര്യവും ഞാന്‍ സ്ക്രാപ്പ് ഇട്ടിരുന്നല്ലോ?"
"അതെന്ത് ആക്രി" എന്ന ആത്മഗതം ഉറക്കെയായി പോയോ? സാരമില്ല.. നിങ്ങള്‍ ഇത്തിരി ഔട്ട്ഡേറ്റഡ് ആയില്ലെ എന്നൊരു സംശയം..
ഏതെങ്കിലും സോഷ്യല്‍ നെറ്റ്വര്ക്കില് നിങ്ങള്‍ അംഗമല്ലെങ്കില്‍ ഇതു പോലെ ഒന്നും അറിയാതാവുന്ന കാലം വിദൂരമല്ല.. പ്രിയപ്പെട്ടവരുടെ വിശേഷങ്ങള്‍ അറിയാന്‍ പോസ്റ്റ്മാനു വേണ്ടി കാത്തിരുന്നതൊക്കെ അങ്ങ് വിദൂരഭൂതത്തില്‍ ആണ്.. പിന്നെ ഫോണിന്റെ ബഹളമായെങ്കിലും പോക്കറ്റ് ചോരുമെന്നതിനാല്‍ അത്യാവശ്യഘട്ടങ്ങളിലൊഴിച്ച് എഴുത്തുകള്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു.. എന്നാലും അക്ഷരമെഴുതാത്ത ഒരു തലമുറയെ സൃഷ്ടിച്ച് മുന്നേറുന്ന ആധുനിക വിവര സാങ്കേതിക വിദ്യയാണ്, ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ആക്രിയെ ഇത്രയും പ്രിയപ്പെട്ടതാക്കിയത്... ഇമെയില്‍ തുടക്കമിട്ടത് തുടക്കവും ഒടുക്കവും ഇല്ലാത്ത, പറയാനുള്ളത് നേരെ ചൊവ്വെ പറയുന്ന, കാര്യമാത്ര പ്രസക്തമായ ആശയവിനിമയത്തിനായിരുന്നു.. സ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ച കത്തെഴുത്തിന്റെ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തുന്ന പുതിയ രീതി.. "എത്രയും പ്രിയപ്പെട്ട.. " എന്നൊരു തുടക്കവും "എന്ന് സ്വന്തം.." എന്നൊരു ഒടുക്കവും എവിടെയൊ കൈമോശം വന്നതല്ലെ.. ഇമെയില്‍ അവതരിച്ചപ്പൊഴൊ ഔപചാരികതകള്‍ ചേര്‍ത്തു കെട്ടിയിരുന്നില്ല.. പക്ഷെ വഴിയില്‍ നഷ്ടമായത് അക്ഷരങ്ങള്‍ ആയിരുന്നു.. ഏതെങ്കിലും ഒരു വാക്കിന്റെ സ്പെല്ലിങ് എന്തെന്നു പോലും ആരും ഇമെയില്‍ എഴുതുമ്പോല് ആവലാതി പെടാറില്ല.. ഭാഷ ആശയവിനിമയത്തിനാണെങ്കില്‍ എന്തിനു സ്പെല്ലിങും ഗ്രാമറും, അല്ലെ? പക്ഷെ, അപ്പൊഴും സ്വകാര്യതയുടെ ഒരു മറയുണ്ടായിരുന്നു.. വലയിലെ കള്ളന്മാര് ഒളിഞ്ഞു നോക്കുന്നെന്ന് സംശയിച്ചാലും, അടുത്തിരിക്കുന്നവരെങ്കിലും കാണുന്നില്ലല്ലൊ എന്നൊരു സന്തോഷം.. പക്ഷെ ഈ ആക്രിയെഴുത്ത് ആ സ്വകാര്യത കൂടി ഇല്ലാതാക്കിയില്ലെ?
ഏഴു പേര് മാത്രമുണ്ടായിരുന്ന തന്റ്റെ ഓര്കൂട്ടില് കൂട്ടുകാരുടെ കൂട്ടുകാരുടെ കൂട്ടുകാരായി വന്നു ഏഴുനൂറില്‍ അധികം ആളുകളായ കഥയൊരാള്‍ പറഞ്ഞു.. ആരൊ ഇട്ട ആക്രിയില്‍ നിന്നും നാടും വീടും തന്റെ കൂട്ടുകാരെയും അറിഞ്ഞ്, അറിഞ്ഞതിന്റെ വാലില്‍ പിടിച്ച് കൂടുതല്‍ അറിയാനെത്തുന്നവരും.. അവസാനം ആ കൂട് പൂട്ടികെട്ടിയ കഥാന്ത്യവും..
കാലങ്ങള്‍ക്ക് മുമ്പ് കണ്‍വെട്ടത്ത് നിന്ന് കുറച്ചു കാലം മാറിനില്കേണ്ടി വന്നാല്‍ ചോദിച്ച് വെച്ചിരുന്നതായിരുന്നു മേല്‍വിലാസങ്ങള്‍.. പിരിഞ്ഞു പോവുന്നവരും പരസ്പരം കൈമാറിയിരുന്നതും വീടിന്റെയും നാടിന്റെ തണലില്‍ സ്വന്തമായൊരിടത്തിന്റെ വിവരം.. പിന്നെയെപ്പൊഴൊ വലിച്ചു നീട്ടാത്ത ഒറ്റവരി മേല്‍വിലാസമായി, വലയിലൊരിടം സ്വന്തമാക്കി.. ഒപ്പം മൊബൈല്‍ പ്രളയത്തില്‍, ചവിട്ടിനില്ക്കുന്ന മണ്ണുപോലും സ്വന്തമെന്ന് പറയാനാവാത്തവര്‍ക്കും സ്വന്തം നമ്പറായി.... പത്തക്കങ്ങളുടെ പെര്‍മ്യൂട്ടേഷന്‍ കോമ്പിനേഷന്‍.. അപ്പൊഴും ഒന്നിനോടോന്നെന്ന ബന്ധമുണ്ടായിരുന്നു... തലചായ്കാനിടമില്ലാത്തവര്‍ക്ക് മേല്വിലാസമായിരുന്ന പെട്ടികടകളെ കുറിച്ച് അഞ്ചലോട്ടക്കാരനായിരുന്ന അച്ഛന് പറഞ്ഞു കേട്ടിട്ടുണ്ട്.. ആ അച്ഛന്റെ പേരക്കിടാങ്ങള്‍ ആക്രിയുടെ ആരാധകരാണ്... എഴുത്തയച്ചില്ലെങ്കിലും ഒരു ഈമെയിലെങ്കിലും അയച്ചൂടെ എന്ന് പഴയതിനും പുതിയതിനും ഇടയില്‍ പെട്ടുപോയ ഈ ചിറ്റ ഇടക്കൊക്കെ ഒന്നു ചൊടിക്കുന്നു.. എല്ലാരും ഓര്‍ക്കുട്ടില്‍ ഉണ്ട്.. അതില്‍ കൂടാത്തതു കൊണ്ടല്ലെ എന്ന് അവര്‍ തിരിച്ചടിക്കുന്നു... തനിക്ക് വന്ന ആക്രിയെഴുത്തുകളുടെ എണ്ണം പറഞ്ഞാണ് ചിലരൊക്കെ വലിയവരാകുന്നത്.. തന്റ്റെ കൂട്ടില്‍ വിരുന്നെത്തുന്ന കിളികളുടെ എണ്ണത്തില്‍ മറ്റു ചിലരും.... പത്തു വര്‍ഷത്തിനു ശേഷം കോളേജില്‍ ഒത്തു കൂടിയപ്പൊഴും മിക്കവരും ചോദിക്കുന്നത് കൂട്ടിലെ വിലാസം തന്നെ.. തരാനായി അങ്ങിനെ ഒരു വിലാസമില്ലെന്ന് പറയുമ്പോള്‍ കൂട്ടം വിട്ടുപോയ ഒറ്റക്കിളിയാവുന്നു ഞാന്‍..
"ഹായ്" എന്നൊരു സാദാ കുശലാന്വേഷണം മുതല്‍ മരണഅറിയിപ്പുപോലും ഇതു വഴി നടത്തിയെന്നിരിക്കും.. കുടുംബവിശേഷങ്ങളും സ്വന്തം കാര്യങ്ങളുമെല്ലാം മറ്റുള്ളവര്‍ക്കായി പങ്കുവെക്കാനായും ഇതു തന്നെ എളുപ്പവഴി.. പക്ഷെ എനിക് നിന്നോട് പങ്കുവെക്കാനുള്ളതെന്ന സ്വകാര്യത ഇവിടെ നഷ്ടമാവുന്നില്ലെ.. അവള് അല്ലെന്കില് അവന് എന്നോട് പറഞ്ഞതാണ് അതെന്ന് ഒരു കാത്തുവെക്കലും കൈവിട്ടുപോവുന്നു..
കത്തെഴുത്തുകള്‍ വഴിയിലെവിടെയൊ എനിക്കും കൈമോശം വന്നതാണ്.. ഇമെയില്‍ ഇന്നും ചെവിയിലൊരു കുറുകല്‍ പോലെ എന്റെ സ്വകാര്യതകളും സന്തോഷങ്ങളും ദു:ഖങ്ങളുമെല്ലാം എനിക്ക് പറയേണ്ടവരോടായി മാത്രം പറയാനായി ഞാനിന്നും ഉപയൊഗിക്കുന്നു.. പക്ഷെ എന്തൊ ആക്രിയെഴുതാന്‍ മാത്രം ഞാന്‍ ഇനിയും പുരോഗമിച്ചിട്ടില്ല..
Wednesday, July 30, 2008
നമ്മുടെ നാട്ടിലും പ്രതീക്ഷിക്കാമല്ലെ..!!!
Monday, July 28, 2008
ഞാന്‍ അല്പം തിരക്കിലാണ്..
പരിചയക്കാരനോട് പറഞ്ഞു..
അല്പം തിരക്കിലാണ്
എന്തിനൊരു പുതിയ വാര്‍ത്ത
വെറുതെ കാറ്റില്‍ പറക്കണം
ജോലിതീര്‍ത്ത് വെറുതെയിരിക്കുമ്പോള്‍
അവള് അരികിലെത്തി,മുഖത്തെ മ്ലാനതയെ
ഒരു നോക്കില്‍ കുത്തിനിര്‍ത്തി
അയ്യൊ, ഒന്നുമില്ല,അല്പം തിരക്കിലാണ്
അലക്ഷ്യമായ് ജനലിലൂടെ കണ്‍പായിക്കുമ്പോള്‍
തിളച്ചു തൂവിയ പാലിനൊപ്പം, ശകാരവര്‍ഷവും
മറുപടികളില്ലാതെ, തിരക്കഭിനയിക്കുമ്പോള്‍
സ്വയം വിശ്വസിപ്പിച്ചു, ഞാന്‍ തിരക്കിലാണ്
രാവിലെന്റെ ഉറക്കത്തിലേക്ക്
ക്ഷണിക്കാതെ നടന്നെത്തിയ
സ്വപ്നത്തിനോട് കിന്നരിക്കുമ്പോള്‍
ഒരു ഞെട്ടലോടെ ഉണര്‍ന്നു ചൊല്ലി
വേണ്ട, ഞാനല്പം തിരക്കിലാണ്
ഇടതും വലതുമറിയാതെ
മുന്‍പിന്‍ നോക്കാതെ
എവിടെയെന്നോര്‍ക്കാതെ
ഞാനെന്നോട് തന്നെ മന്ത്രിക്കുന്നു
അതെ, തിരക്കിലാണ്..
Wednesday, July 16, 2008
ഭാവിക്കണ്ണാടികള്‍
യാത്രക്കാരല്ലാതെ തീവണ്ടികളെ സ്വന്തമാക്കിയവര്‍ പലരുമുണ്ട്.. നാടും വീടും ഏതെന്നു പറയാനില്ലാത്ത നാടോടികള്‍.. അവര്‍ പാട്ടുകാരായോ പിച്ചക്കാരായൊ അങ്ങിനെ പല വേഷത്തിലും വരും.. മുഷിഞ്ഞു നാറിയ വേഷവും മാറാപ്പുമായി അവരെത്തുമ്പോള്‍ ഏതു തിരക്കിനിടയിലും കടന്നു പോവാന്‍ വഴിയുണ്ടാകും.. വെറും യാത്രയെങ്കില്‍ വാതിലിനരികിലെ നിലത്തിനപ്പുറം അവര്‍ അകത്തേക്ക് കടക്കാറുമില്ല.. എത്ര തന്നെ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നാലും അവര്‍ സീറ്റിലിരിക്കുന്നത് കണ്ടിട്ടില്ല.. അതോ ഞാന്‍ കാണാതെ പോയതൊ...
വിരസമായ യാത്രകള്‍ക്ക് ജീവന് നല്‍കുന്നത് കച്ചവടക്കാരാണ്.. പാന്റ്രികാറിലെ ചായയും കാപ്പിയും വടയും പഴംപൊരിയും മാത്രമല്ലല്ലൊ നമുക്ക് മുന്നിലെത്തുന്നത്.. പഴയ ഒരു രൂപ രണ്ടു രൂപ കടലപൊതിക്കാര്‍ പോലും മിനിമം അഞ്ചു രൂപയിലെത്തിയിരിക്കുന്നു... പിന്നെ ചോക്ലേറ്റ് ബിസ്കറ്റ് വറവുകള്‍... കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍.. അങ്ങിനെ പോവും വില്പനയുടെ നിരകള്‍..
ചിലപ്പോഴൊക്കെ ശല്യമായി തോന്നുമെങ്കിലും വളരെ ആകാക്ഷയോടെ ഇവരെയും കാത്തിരുന്ന ഒരു യാത്രയുണ്ട്.. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഒരു കാഴ്ചക്കാരിയായി പോയപ്പോള്‍.. വഴിയരികില്‍ കൊച്ചു കൊച്ചു സാധനങ്ങള്‍ വാങ്ങി നടന്ന എനിക്ക് കിട്ടിയ ഉപദേശമായിരുന്നു; ഇതിനേക്കാള്‍ ചുരുങ്ങിയ വിലയില്‍ ഇതൊക്കെ ട്രെയിനില്‍ വരും.. അതു സത്യമായിരുന്നു... 1000 രൂപ വിലപറഞ്ഞ ടേപ്റിക്കോര്‍ഡര്‍ 200 രൂപക്ക് വാങ്ങിയപ്പോഴെ ഓപ്പോള് ചീത്ത വിളിക്കാന്‍ തുടങ്ങി.. പക്ഷെ എട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും അതിന്നും യാതൊരു കേടും കൂടാതെ പാടുന്നുണ്ട്.. പിന്നെയും വന്നു പലതും.. മുത്തുകല്ലുമാലകളും കൌതുകവസ്തുക്കളും അങ്ങിനെ പലതും.. കയ്യിലെ കാശ് തീരുകയും ഓപ്പോളുടെ ചീത്തവിളികൂടുകയും ചെയ്തപ്പോള്‍ കാത്തിരിപ്പ് വെറും കാഴ്ചമാത്രമായി.. അത്രയൊന്നും വൈവിധ്യം കേരളത്തിലെ ട്രെയിന്‍ വില്പനകളില് കണ്ടിട്ടില്ല.. അന്നു വാങ്ങികൂട്ടിയതില്‍ ഒരിക്കല്‍ പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ലാത്ത കല്ലുമാലകള്‍ ഇന്നും ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.. വെറും ഒരു കൌതുകം..
വല്ലപ്പൊഴും യാത്രചെയ്യുന്നവരാണ് ഈ വില്പനക്കാരുടെ വലയില്‍ അധികവും വീഴുന്നത്.. സ്ഥിരം യാത്രക്കാരും ഇവരും പരസ്പരം അധികമൊന്നും ഗൌനിക്കാറില്ല.. ഒരേ വഴിയെ ഉള്ള യാത്രകള്‍ കൂടുമ്പോള്‍ പരിചിതമായ മുഖങ്ങളുടെ എണ്ണവും കൂടുന്നു.. കോട്ടണ്‍ സോക്സ് ടവല്‍ വില്പനക്കെത്തുന്ന മെലിഞ്ഞു നീണ്ട മനുഷ്യന്.. അയാളുടെ ശബ്ദം ആള്‍കൂട്ടത്തില്‍ പോലും തിരിച്ചറിയാം.. .. അതിനെന്തൊ പ്രത്യേകതയുണ്ട്.. അല്ലെങ്കില്‍ ആ വായ്ത്താരിയുടെ താളം കാരണവുമാവാം.. അയാള്‍ക്ക് ഞാന്‍ പരിചിതയല്ലെങ്കിലും അയാള്‍ എനിക്ക് പരിചിതന്‍..
"ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നതെന്തുകൊണ്ട്?"
"മറ്റൊന്നും വലിക്കാന്‍ ഇല്ലാത്തതുകൊണ്ട്"
"നാട്ടില്‍ പോവാണല്ലെ" എന്നു ചോദിക്കുന്ന തമാശവില്പനക്കാരന്‍.. ആദ്യത്തെ തവണ അയാളങ്ങിനെ ചോദിച്ചപ്പോ എനിക്കിത്തിരി ദേഷ്യം വന്നു.. പുറകെ വേറെയും ചോദ്യങ്ങള്‍ വരുമൊ എന്നൊരു ഭയവും.. അയാള്‍ക്ക് എന്റെ നാടും നാളും അറിയില്ലെന്ന് എനിക്കും അയാള്‍ക്കും അറിയാം.. പക്ഷെ ഞങ്ങള്‍ക്ക് പരസ്പരമറിയാം.. വരാന്ത്യങ്ങളിലെ യാത്രക്കാരിയും തമാശവില്പനക്കാരനുമായി.. ഒരു ദിവസം ഞാനും ആ പുസ്തകം വാങ്ങിയിരുന്നു.. പിന്നെ വായിക്കാന്‍ കൈമാറിപോയപ്പോള്‍ ട്രെയിനില്‍ തന്നെ നഷ്ടമായി.. ഇപ്പോള്‍ വായിച്ചു നോക്കാനായി പോലും അതെനിക്ക് തരാറില്ല.. പക്ഷെ കേട്ട് കേട്ട് ആ പുസ്തകം മുഴുവന്‍ കാണാപാഠമായിരിക്കുന്നു..
"ഇതാണിന്ത്യയുടെ ഭൂപടം" എന്ന് കവിത ചൊല്ലിയില്ലെങ്കിലും, ഒരു തുണ്ടു ഭൂമി സ്വന്തമാക്കാന്‍ കാശില്ലാത്തവര്‍ക്കും, ചുരുങ്ങിയ കാശിന് ലോകം മുഴുവന്‍ വില്ക്കാന് തയ്യാറായി വരുന്ന തലേക്കെട്ടുകാരന്‍..
മുമ്പ് ഒരുപാട് അന്വേഷിച്ചിട്ടും കിട്ടാതിരുന്ന ചിലപുസ്തകങ്ങള്‍ എനിക്ക് കിട്ടിയത് ഈ തീവണ്ടികച്ചവടക്കാരില്‍ നിന്നാണ്.. അതില്‍ ഒരിക്കലും മറക്കാത്ത ഒരു മുഖമുണ്ട്.. പാലക്കാട് ഇംഗ്ലീഷ് എം എ ക്ക് പഠിച്ചിരുന്ന ഒരു പയ്യന്.. ശനിയും ഞായറും പുസ്തകം വിറ്റ് പഠിക്കാനുള്ള കാശുണ്ടാക്കിയിരുന്നവന്‍.. പേരോര്‍ക്കുന്നില്ല.. പക്ഷെ ചന്ദനകുറിയിട്ട ചിരിക്കുന്ന ആ മുഖം മാത്രം മനസ്സിലുണ്ട്.. പലതവണ കണ്ട പരിചയത്തില്‍ നിന്നാവാം പുതിയ പുസ്തകങ്ങള്‍ കയ്യിലുണ്ടെങ്കില്‍ പറയും.. പലരും അവനോട് വിലപേശുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്.. എന്തിനെന്ന് ചോദിച്ചാല്‍, എന്തൊ ഒരു വിഷമം..
കനമുള്ള പുസ്തകങ്ങളുമായി വരുന്നവരേക്കാള്‍ കൂടുതല്‍ പത്തു രൂപാ പുസ്തകക്കാര്‍ തന്നെ.. ഒരു യാത്രയുടെ വായനക്ക് അതു ധാരാളം എന്നതിനാലാവാം.. കുന്നംകുളം എച്ച് & സി കാരായിരുന്നു ഈ പുസ്തകങ്ങളുടെ കുത്തകക്കാര്‍.. പക്ഷെ ഇപ്പോള്‍ സൂര്യനുതാഴെയുള്ള എന്തിനെ കുറിച്ചും ഈ പത്ത് രൂപാ പുസ്തകങ്ങളുമായി പലരും രംഗത്തുണ്ട്.
വിലപ്പെട്ട വസ്തുവായി സൂക്ഷമതയോടെ കൈകാര്യം ചെയ്തിരുന്ന സിഡികള്‍ റോഡരികിലെ വില്പനവസ്തുവായിട്ട് അധികം കാലമായില്ല.. പാട്ടുകളുടെ സിഡികള്‍ തന്നെ അതില്‍ മുന്‍പന്തിയില്‍.. ട്രെയിനില്‍ സി ഡി വില്പനക്കാരെ സാധാരണ കാണാറുണ്ടെങ്കിലും ഈ ആഴ്ചയില്‍ കണ്ടൊരാള് ശരിക്കും ശ്രദ്ധപിടിച്ചു പറ്റുന്നതായിരുന്നു.. പഞ്ചായത്തും വില്ലേജും മുനിസിപ്പാലിറ്റിയുമൊക്കെ ഓരോ സര്‍ട്ടിഫിക്കറ്റുകളുടെ പേരില്‍ മനുഷ്യനെ നട്ടം തിരിക്കുന്നത് ചില്ലറയല്ല.. പക്ഷെ ഇതിനെല്ലാം അപേക്ഷിക്കാനുള്ള 529 ഫോംസും കിട്ടാനുള്ള നടപടിക്രമങ്ങളും (കിമ്പളത്തിന്റെ കാര്യം ഉണ്ടൊ എന്നറിയില്ല) ഇതിലുണ്ടന്നാണ് അയാള്‍ തൊണ്ട പൊട്ടി പറഞ്ഞു കൊണ്ടിരുന്നത്.. എന്തായാലും ആ ഒരു കമ്പാര്‍ട്ട്മെന്റില്‍ മാത്രം 10/15 എണ്ണം വിറ്റു.. അറുപത് രൂപയില്‍ ഒരു രൂപകുറക്കാനുള്ള ആവശ്യം പോലും അയാള്‍ പുല്ലു പോലെ തള്ളുന്നത് കണ്ടപ്പൊ അയാളുടെ പ്രൊഡക്റ്റില്‍ അയാള്‍ക്കുള്ള വിശ്വാസം ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.. രണ്ടാമതിറക്കിയ “എങ്ങിനെ വൈനുണ്ടാക്കാം” എന്നത് ആരും തിരിഞ്ഞു നോക്കിയതുമില്ല.. ഇയാളായിരുന്നു ഞാന്‍ ട്രെയിനില്‍ കേറുമ്പോള്‍ അരങ്ങത്തുണ്ടായിരുന്നത്.. പക്ഷെ ഇറങ്ങാനായി വാതില്ക്കല് നില്ക്കുമ്പോള് വന്നത് ഭൂതകണ്ണാടികളായിരുന്നു.. പലവലിപ്പത്തിലുള്ള ലെന്‍സുകളുമായി ഒരാള്‍ തിക്കിതിരക്കി എത്തിയപ്പോള്‍, ആരോ ചോദിക്കുന്നുണ്ടായിരുന്നു
"ഭാവികണ്ണാടികള്‍ ഉണ്ടോ"
ട്രെയിന്‍ നിര്‍ത്തി ഇറങ്ങി പോന്നതു കൊണ്ട് അയാള്‍ എന്താണ് ഉത്തരം പറഞ്ഞതെന്ന് കേട്ടില്ല..
==============
എന്റെ കൂട്ടുകാരിക്ക് എഞ്ചിനീയറിംഗ് കോളേജില്‍ റാഗങിനു കിട്ടിയത് മോണോആക്റ്റ് അവതരിപ്പിക്കാനായിരുന്നു.. വിഷയം നൂറു രൂപ ചിലവാക്കണം.. വീട്ടില്‍ നിന്നും കോളേജിലേക്ക് വരാന്‍ അവള് ട്രെയിനില്‍ കയറി.. കണ്ണുകാണാത്ത പിച്ചക്കാരനും ലോട്ടറികച്ചവടക്കാരനും പിന്നെ ഓരോ സ്റ്റേഷനിലെയും ചായ-വടൈക്കാരും വന്നു പോയപ്പൊ.. അവള് റാഗ് ചെയ്യാന്‍ വന്ന നേതാവിനോട് ചെന്നു പറഞ്ഞു.. "ചേട്ടാ.. നൂറുരൂപകൊണ്ട് ഒന്നുമാവുന്നില്ല"..
Thursday, July 3, 2008
റെഡ് റിബ്ബണ്‍ എക്സ്പ്രെസ്സ്
ജീവിതത്തില്‍ ഒരു ദിവസം, അന്ന് ആദ്യവും അവസാനവുമായി ഞാന്‍ എയ്ഡ്സിനെ സ്നേഹിച്ചു.. സ്കൂള്‍ പ്രശ്നോത്തരി മത്സരത്തില്‍ എയ്ഡ്സിന്റെ പൂര്‍ണ്ണരൂപം എനിക്ക് നേടിതന്നത് ഒരു പോയിന്റ് മാത്രമായിരുന്നില്ല മൂക്കില്ലാരാജ്യത്തെ മുറിമൂക്കി രാജകുമാരിയുടെ പട്ടവുമായിരുന്നു..
പിന്നെ കൂടുതല്‍ അറിയുന്തോറും ഏതൊരു സാധാരണക്കാരിയെയും പോലെ ഞാനും അതിനെ ഭയപ്പെടാന്‍ തുടങ്ങി.. ഓരോ അറിവിലും ഭയത്തിന്റെ നിരപ്പ് കൂടിയും കുറഞ്ഞും ചാഞ്ചാടികൊണ്ടിരുന്നു.. ഓപ്പറേഷന് ടേബിളില്‍ കയറിയിറങ്ങിയപ്പോഴൊക്കെ ഞാന്‍ ആ സൂചിമുനകളുടെയും കത്തിയരികുകളെയും അല്പം ഭയത്തോടെ നോക്കിയിട്ടുണ്ട്.. അതൊരിക്കലും എന്റെ അസുഖത്തെ കുറിച്ചൊ വേദനയോര്‍ത്തൊ അല്ല... അന്തിമമായി വിജയമോ പരാജയമൊ എന്നതിനേക്കാല്‍ മറ്റൊരു അസുഖം എന്നിലേക്കെത്തുമോ എന്ന് അന്നൊക്കെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിട്ടുണ്ട്.. വിവരമില്ലായ്മയുടെ കാഠിന്യം തന്നെ..
എന്തെ ഇപ്പൊ ഇതൊക്കെ ആലോചിക്കാന്‍ എന്ന് വെച്ചാല്‍..
കേരളത്തില്‍ എയ്ഡ്സിനെ കുറിച്ചുള്ള ബോധവത്കരണത്തിനായി റെഡ് റിബ്ബണ്‍ എക്സ്പ്രെസ്സ് എത്തിയിരിക്കുന്നു.. കലാജാഥയും മറ്റു പരിപാടികളുമായി അവര്‍ നാടുചുറ്റുന്നുണ്ട്.. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഏഴ് സ്റ്റേഷനുകളിലാണ് പ്രദര്‍ശനത്തിനായി ഈ പ്രത്യേക തീവണ്ടി നിര്‍ത്തുന്നത്..
മെഡിക്കല്‍ ലാബില്‍ ജോലിചെയ്യുന്ന കൂട്ടുകാരി എച് ഐ വി പോസിറ്റീവ് ആയ ഒരു സാമ്പിള്‍ ടെസ്റ്റ് ചെയ്തെന്ന് പറയുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും ചോദിക്കാന്‍ ഒരുകൊട്ട ചോദ്യങ്ങള്‍ ഉണ്ടാവുമായിരുന്നു.. ബാക്കി രക്തവും ഉപയോഗിച്ച സാധനങ്ങളുമൊക്കെ വെറുമൊരു കവറില്‍ പൊതിഞ്ഞ് മുനിസിപ്പാലിറ്റിയുടെ കുപ്പത്തോട്ടിയിലെത്തും എന്ന് അവള് പറഞ്ഞ് ഞങ്ങള്‍ക്കറിയാം.. ചിലപ്പൊഴൊക്കെ ഭാവന കാടുകേറുമ്പോള്‍, അതൊരു വല്ലാത്ത കാടുകേറല്‍ തന്നെയാണ്...
അറിയാവുന്നതില്‍ കൂടുതല്‍ എന്തറിയാന്‍ എന്ന് ചിന്തിക്കുന്നവരെ.. കഴിയുമെങ്കില്‍ ഈ പ്രദര്‍ശനം കാണുക.. നമ്മള് കേട്ടതും അറിഞ്ഞതും തന്നെയാണ് ഇവിടെയും അവതരിപ്പിക്കപ്പെടുന്നത്.. പക്ഷെ കുറച്ചു കൂടെ ആധികാരികതയോടെയാണെന്നു മാത്രം..
വാല്‍കഷണം
പ്ലാറ്റ്ഫോമില്‍ ഒരു സ്കിറ്റ് തകര്‍ക്കുകയാണ്.. എയ്ഡ്സ് പെങ്കുട്ടിയെന്നും പൂവരണികുട്ടിയെന്നും പത്രക്കാര് പ്രശസ്തയാക്കിയ രാജിയുടെ കഥയാണ്.. നല്ല തിരക്കുള്ളതിനാല്‍ ഇടയില്‍ കിട്ടിയ ഒരു കസേരയില്‍ ഞാനിരുന്നു.. ഒരു രംഗത്തില്‍ നാലുപേര്‍ ചേര്‍ന്ന് ആ കുട്ടിയെ പിടിച്ചു നിര്‍ത്തുന്നു.. കുറച്ചുനേരം തുടര്‍ന്ന ആ നില്പില് പുറകില്‍ നിന്നു പിടിച്ഛിരുന്ന പയ്യന്റെ കൈ ആദ്യം വീണത് സ്ഥാനം അല്പം തെറ്റിയായിരുന്നു..
ഉടന്‍ പുറകിലിരുന്നവന്റെ കമന്റ്...
“അവന്റെയൊക്കെ ഒരു യോഗം..”
Tuesday, June 24, 2008
എനിക്ക് അമ്മയാവേണ്ട..
പ്രകൃതിയുടെ സുന്ദരഭാവങ്ങള്‍ എല്ലാം ചേര്‍ന്നതാണ് അമ്മയെന്ന സങ്കല്പം.. അതിനെ സ്വന്തമാക്കുകയെന്നത് സ്ത്രീക്കു മാത്രം ദൈവം നല്കിയ വരദാനവും..
കൊച്ചരി പല്ലുകള്‍ കാട്ടി പുഞ്ചിരിക്കുന്ന.. പാലുനുണഞ്ഞു ചായുറങ്ങുന്ന.. ആരോടെന്നില്ലാതെ ഏതു ഭാഷയിലെന്നില്ലാതെ എന്തൊക്കെയൊ സ്വയം പറഞ്ഞ് .. കൈകാലിട്ടടിച്ച് കളിക്കുന്ന ഒരു കുഞ്ഞു വാവ.. ഏതു കരിങ്കല്‍ ഹൃദയവും അലിയുന്ന കാഴ്ച.. സ്വന്തം സ്ത്രീത്വത്തിന്റെ പ്രഖ്യാപനമാണ് അമ്മയെന്ന പദവി.. ജീവിതത്തില്‍ എന്തു ഡിഗ്രികളും സ്ഥാനമാനങ്ങളും സ്വന്തമാക്കിയാലും അമ്മയെന്ന പട്ടം ഏതു സ്ത്രീയും അതിനേക്കാളൊക്കെ ഉപരിയായി സ്വജന്മത്തിന്റെ സാക്ഷാത്കാരമായി കരുതുന്നു.. അമ്മയെന്നത് ഏതൊരു കുഞ്ഞിനും ആദ്യത്തെയെയും അവസാനത്തെയും അഭയസ്ഥാനമാണ്.. എത്ര പ്രായമായാലും ഏതു നിലയിലെത്തിയാലും മക്കള്‍ എന്നും മക്കള്‍ തന്നെ.. ശാസിക്കാനും ശിക്ഷിക്കാനും അമ്മക്കുള്ള അധികാരത്തിന് ഒരിക്കലും കോട്ടം തട്ടുന്നില്ല.. പലപ്പൊഴും അച്ഛനിലേക്കുള്ള ഒരു ചൂണ്ടു പലകകൂടിയാണ് അമ്മ.. പക്ഷെ ..
ജന്മം നല്‍കുന്നതോടെ അമ്മമാരുടെ കടമ തീരുന്നൊ.. മക്കളുടെ മാര്‍ക്കും ഗ്രേഡും മാത്രം അമ്മമാര്‍ അറിഞ്ഞാല്‍ മതിയൊ.. മക്കളുടെ കൊച്ചുകൊച്ചു കാര്യങ്ങള്‍ പോലും അമ്മമാര്‍ അറിഞ്ഞിരുന്ന കാലമുണ്ടായിരുന്നു.. അന്ന് എന്തും തുറന്നു പറയാമായിരുന്ന അഭയം തന്നെയായിരുന്നു അമ്മ.. കൂട്ടുകുടുംബത്തിന്റെ സംരക്ഷണത്തിനു വെളിയില്‍ കിടന്നിട്ടും, അമ്മമ്മ അച്ഛമ്മ മുത്തശ്ശി അങ്ങിനെ പലരുടെയും ലാളനയും പരിഗണനയും നഷ്ടപ്പെട്ടിട്ടും അമ്മയുണ്ടായിരുന്നു... പക്ഷെ എവിടെ വച്ചാവാം അമ്മയും മകളും അകലാന്‍ തുടങ്ങിയത്.. മകളുടെ മുഖമൊന്ന് വാടിയാല്‍ പോലും അതിനു പുറകിലെ കാരണം അറിയാവുന്നവരായിരുന്നു അമ്മമാര്‍.. ആരോടും പറഞ്ഞില്ലെങ്കിലും അമ്മയോട് പറയാം എന്ന് ഓരോ പെണ്മക്കളും വിശ്വസിച്ചിരുന്നു.. അവരുടെ വളര്‍ച്ചയില്‍, പെണ്കുഞ്ഞില് നിന്നും പെണ്ണിലേക്കുള്ള യാത്രയില്‍ ഓരോ അടിവെപ്പിലും അവള് അറിയേണ്ടതും ചെയ്യേണ്ടതും എന്തെന്നും ഏതെന്നും പറയാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ അമ്മ കൂടെ ഉണ്ടായിരുന്നു.... ഇന്നും അമ്മകൂടെയുണ്ട്, പക്ഷെ അതൊരു ശരീരസാന്നിധ്യം മാത്രമാണോ?
ദാരിദ്ര്യത്തിന്റെ പേരില്‍ മറ്റൊരു വീട്ടില്‍ വേലക്ക് വിടുമ്പോള്‍ എന്താണ് അവിടത്തെ സ്ഥിതിയെന്ന് ഒരമ്മ തിരക്കാതിരിക്കുമൊ.. തന്റ്റെ നേരെ തിരിയുന്ന ഒരാളുടെ നോട്ടത്തില്‍ നിന്നു പോലും അയാളുടെ സ്വഭാവം തിരിച്ചറിയുന്ന പെണ്ണെന്തെ സ്വന്തം മകളുടെ കാര്യത്തില്‍ ഒന്നും അറിയാതെ പോവുന്നത്.. തിരിച്ചറിവില്ലാത്ത കുട്ടിയെ മറ്റൊരാളുടെ കൂടെ വിടുമ്പോള്‍ എന്തെ സാഹചര്യങ്ങളെ കുറിച്ച് മകളെ ബോധവതിയാക്കാത്തത്.. സഹതാപത്തിന്റെയൊ കാരുണ്യത്തിന്റെയൊ പേരില്‍ ആരെങ്കിലും മകളെ നോക്കിവളര്‍ത്തിക്കോളാം എന്നു പറയുമ്പോള്‍ എങ്ങിനെയാണ് ഒരമ്മക്ക് സ്വന്തം മകളെ മറ്റൊരു കയ്യില്‍ ഏല്പിക്കാന് കഴിയുന്നത്.. ജീവിതമറിഞ്ഞ അമ്മയും അറിയാത്ത മകളും രണ്ടും രണ്ടല്ലെ.. ആരും സൌജന്യമായി ഒന്നും തരില്ലെന്ന് അവര്‍ അറിയാതെ പോവുന്നതെന്ത്...
കാലം മാറിയതും ആരും സുരക്ഷിതരല്ലെന്നും ഓരോ അമ്മക്കും നന്നായി അറിയാവുന്നതല്ലെ.. അകലത്തിരിക്കുന്ന കുഞ്ഞിന്റെ വിരലൊന്നു നൊന്താല്‍ പോലും അമ്മ അതറിയുന്നത്ര ശക്തമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമെന്ന് ശാസ്ത്രം പറയുന്നു.. എന്നിട്ടും കണ്മുന്നിലെ മകള്‍ക്ക് സംഭവിക്കുന്നത് ഒരമ്മ അറിയാതെ പോവുന്നതെന്ത്.. അറിയാതെ പോയത് അമ്മയോട് പറയാന്‍ മകള്‍ കഴിയാതെ പോവുന്നതെന്ത്..
പൂവരണിയിലെ കുട്ടിയെ കൊണ്ടുപോയത് സ്വന്തം അനിയത്തിയായതാണ് അമ്മ അവിശ്വസിക്കാതിരിക്കാന്‍ കാരണം.. എങ്കിലും ദിവസങ്ങളോളം മകളെ കാണാതിരിക്കുമ്പോള്‍ ആ അമ്മക്ക് ഒരിക്കലും തോന്നിയിരിക്കില്ലെ മകള്‍ എവിടെ എന്നും എങ്ങിനെ എന്നും അറിയണമെന്ന്.. സന്തോഷ് മാധവന്റെ കൂടെ എന്തു പൂജക്കാണെങ്കിലും പലപ്പൊഴും മകള്‍ പോയിട്ടും എന്തെ അമ്മമാര്‍ ശ്രദ്ധിക്കാതിരുന്നത്.. കാണുന്നവരെയെല്ലാം അങ്കിളും ആന്റിയുമാവുമ്പോള്‍ അമ്മയെങ്ങിനെ ഒരു നോക്കുകുത്തി മാത്രമാവുന്നു.. കുറച്ചു നാള് മുമ്പ് ഏറെ ചര്‍ച്ചാവിഷയമായിരുന്ന ആത്മകഥയിലെ നായിക നളിനി ജമീല പറഞ്ഞത്, തന്റെ മകള്‍ തന്റെ പ്രൊഫഷണലിലേക്ക് ഇറങ്ങിയാല്‍ അംഗീകരിക്കുകയെ ഉള്ളു എന്നാണ്... ഇങ്ങനെ മറ്റുള്ളവര്‍ക്കു മുന്നില്‍ തുറന്നു പറയാതെ നടപ്പാക്കുന്നവരുടെ എണ്ണം കൂടുകയാണോ..
മുമ്പൊക്കെ അമ്മമാര്‍ മക്കളെ നോക്കാത്തതു കൊണ്ട് മക്കള്‍ വഴിപിഴക്കുന്നെന്നത് സൊസൈറ്റി ലേഡികള്‍ക്കു നേരെയുള്ള ആക്രമണമായിരുന്നു.. പക്ഷെ ഇന്ന് കേള്‍ക്കുന്ന കഥകളില്‍ പലതും മധ്യവര്‍ഗ്ഗത്തിലൊ അതിലും താഴെയൊ ഉള്ളവരുടെയൊ കുടുംബവിശേഷങ്ങള്‍ ആണ്.. അച്ഛന്റെ ആക്രമണം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയ മകള്‍ പറഞ്ഞത് “അമ്മ പറഞ്ഞു അച്ഛനെ കുറിച്ച് അങ്ങിനെ ഒന്നും പറയരുതെന്ന്”.. ആ സ്ത്രീക്ക് എന്തിനാണ് അങ്ങിനെ ഒരു ഭര്‍ത്താവ്.. നൊന്തു പെറ്റ മകളേക്കാള്‍ വിലയുണ്ടോ ആ താലിക്ക് ..
ഇന്നലെകള്‍ നന്മകളാല് സമൃദ്ധം എന്നൊന്നുമല്ല.. ഏതു കാലത്തിനും ഏതു ദേശത്തിനും നല്ലതെന്നും ചീത്തയെന്നും പറയാന്‍ എന്തെങ്കിലുമൊക്കെ ഉണ്ടാവും.. എങ്കിലും നല്ലതിന്റെ അളവുകോലില്‍ അതു സ്വന്തമാക്കാനാണല്ലൊ നമ്മള് ശ്രമിക്കുന്നതും ആഗ്രഹിക്കുന്നതും..
ഇല്ല.. എന്റെ മക്കള്‍ക്ക് നല്കാന് നല്ലൊരു ഭൂമിയില്ല.. ബാല്യവും കൌമാരവും പോലും അവര്‍ക്ക് അല്ലലുകളില്ലാത്ത ജീവിതം നല്‍കുന്നില്ല.. പെണ്‍കുട്ടികള്‍ക്ക് അച്ഛനെയും സഹോദരനെയും പോലും വിശ്വസിക്കാനാവാത്ത കാലം.. ആണ്‍കുട്ടികളും സുരക്ഷിതരെന്ന് അവകാശപെടാനാവില്ല.. എവിടെയും ഏതൊക്കെയൊ കഴുകന് കണ്ണുകള്‍ വട്ടമിട്ടുപറക്കുന്നു.. വേണ്ട എനിക്കമ്മയാവേണ്ട..
Tuesday, June 17, 2008
ആരുടേതുമല്ലാത്ത ആകാശകാഴ്ചകള്‍
ഇത് മിതാലി.. ഒരു വെറും പെണ്ണ്.. അവകാശപ്പെടാന്‍ കാഴ്ചയിലൊ കയ്യിലിരിപ്പിലൊ പ്രത്യേകതകള്‍ ഒന്നുമില്ല.. അച്ഛന്റെ സ്ഥലംമാറ്റങ്ങള്‍ക്കൊപ്പം നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള പ്രയാണം.. വേരുറക്കും മുമ്പെ ഓരോ മണ്ണില്‍ നിന്നും പറിഞ്ഞു പോന്നതിനാല്‍ ഉള്ളറിഞ്ഞ കൂട്ടുകളും കുറവ്.. വല്ലപ്പോഴുമുള്ള സന്ദര്‍ശനങ്ങളില്‍ ഒതുങ്ങുന്ന ബന്ധുത്വങ്ങള്‍.. കല്ല്യാണപ്രായമാവാന്‍ കാത്തിരുന്നതിനാല്‍ ഒരു ഡിഗ്രിയെടുത്തു.. പിന്നെ ജോലിയെടുത്ത് മലമറിക്കുമെന്ന് അവള്ക്കൊ അച്ഛനൊ യാതൊരു പ്രതീക്ഷയുമില്ലാതിരുന്നതിനാല്‍, ആദ്യം ഒത്തുവന്ന ഒരുത്തന്റെ ചുമലില്‍ അവളെ ഭാരമേല്പിച്ചു.. അങ്ങിനെയാണ് അവള് നീലിന്റെ ഭാര്യയായത്..ഇപ്പൊ അവളും ജനിച്ചുവളര്‍ന്ന വീട്ടില്‍ വെറുമൊരു സന്ദര്‍ശക.. കൂടപ്പിറപ്പുകളെന്ന ശല്യങ്ങളോടുപോലും അവള്‍ക്കുള്ളത് ഒരു തരം നിസംഗതയാണ്.. എന്നിട്ടും അവള് ഈ ആകാശകാഴ്ചകളെയും അതിനു താഴെയുള്ള പത്തു സെന്റിനെയും കുറിച്ച് തലപുകക്കുന്നു...
കല്ല്യാണത്തിന് ശേഷം അഞ്ചാം നാളാണ് അവളിവിടെ എത്തിയത്..അന്ന് ആദ്യം കണ്ണില്‍ പെട്ടത് ഒരു പച്ചക്കറിക്കടയായിരുന്നു.. എന്തു കൊണ്ടെന്ന് ചോദിച്ചാല്‍ അപ്പൊഴാണ് നീല്‍ അവളോട് പറഞ്ഞത് ഇതാണ് നമ്മുടെ താവളമെന്ന്.. പക്ഷെ അറിയാതെ ശ്രദ്ധപതിഞ്ഞത് എതിര്‍വശത്തെ കൊച്ചു വീട്ടിലാണ്.. വണ്ടിയില്‍ നിന്നിറങ്ങി ഏറെ നേരം നോക്കിനിന്നതും അങ്ങോട്ട് തന്നെ.. പിന്നെയും എത്രയൊ കഴിഞ്ഞാണ് ആകാശം സ്വന്തമാക്കാനായി മുകളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളും ഒരു യുദ്ധക്കളം പോലെ കല്ലും മണ്ണും കമ്പിയുമെല്ലാം ചിതറിക്കിടക്കുന്ന ആ പരിസരവുമെല്ലാം അവളുടെ കണ്ണില്‍ പെട്ടത്.. അപ്പോഴെക്കും പച്ചക്കറിക്കടയില്‍ നിന്നും രാമന്ചേട്ടന് ഇറങ്ങിവന്നിരുന്നു.. ഷര്‍ട്ടിടാതെ ഒരു തോര്‍ത്തു ചുമലിലിട്ട് തെളിഞ്ഞ ചിരിയുമായി...
രാമന് ചേട്ടന്റെ വീടാണ് എതിര്‍വശത്തെ പത്തു സെന്റില്‍ .. . മുന്‍വശത്തെ കെട്ടിടത്തിലെ ഒരു ഒറ്റമുറിയില്‍ ഉപജീവനമാര്‍ഗ്ഗമായി പച്ചക്കറിക്കടയും.. പേരില്‍ പച്ചക്കറിക്കടയാണെങ്കിലും ആ പരിസരത്തിലുള്ളവര്‍ക്ക് എന്തു വേണമെങ്കിലും രാമന്‍ചേട്ടന്റെ കടയില്‍ കിട്ടും.. ഇനി അഥവാ അവിടെ ഇല്ലെങ്കില്‍ രാവിലെ ടൌണില്‍ നിന്നും പച്ചക്കറിയുമായെത്തുമ്പോള്‍ കൂട്ടത്തില്‍ എത്തിച്ചു തരും.. ഈ കെട്ടിടം പണിക്കാരു ഇവിടെ എത്തിയത് രാമന് ചേട്ടന്റെ ശുക്രദശയാണെന്ന് അന്ന് പറഞ്ഞത്.. നല്ല കച്ചവടം... പിന്നെ പണിക്കാരില്‍ ചിലര്‍ ചോദിച്ചപ്പൊ ഭവാനി ചേച്ചി വീട്ടിലെ പാചകം അല്പം വിപുലമാക്കി.. അവള് ചായക്കട നടത്തുന്നൊന്നുമില്ല, നമ്മുടെ നാട്ടില്‍ വന്നുകിടക്കണ അന്യനാട്ടുകാര്‍ക്കൊരു സഹായം.. അത്രയെ രാമന്ചേട്ടന് പറയൂ.. ഇന്ന് പച്ചക്കറിക്കട നിന്നിരുന്നിടത്ത് വിശാലമായ ഷോപ്പിങ്മാളാണ്.. ചായക്കടയെന്നും പറഞ്ഞ് അധിക്ഷേപിക്കാന്‍ തോന്നാത്ത എത്ര ഫുഡ് ജോയിന്റ്റുകളാണെന്നൊ ഈ ടൌണ്‍ഷിപ്പില്‍ ഇപ്പോഴുള്ളത്.. ശുക്രദശ തീര്‍ന്ന് ഇപ്പൊ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വയ്യാത്ത ദശയിലാ രാമന് ചേട്ടന്.. ആകെയുള്ള ഒരു മകന് നവനീത് പഠിപ്പ് കഴിയുമ്പൊ ഇവിടെയെവിടെയെങ്കിലും ജോലികിട്ടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും പൊന്നും വിലക്ക് സ്ഥലം വിറ്റ് കാശും കൊണ്ട് പോയപ്പൊഴും ഇവര്‍ മാത്രം ഇവിടെ തന്നെ നിന്നത്.. എന്നിട്ടിപ്പൊ പഠിത്തം മുഴുവനാക്കാനുള്ള കാശില്ലാതെ അവനും അലയുന്നു..
നവനീതിനെ കുറിച്ചോര്‍ത്തതും മിതാലിയുടെ കാഴ്ച വലതു വശത്ത് താഴത്തെ ജനലിലൂടെ അരിച്ചിറങ്ങി.. ആ വീട്ടിന്റെ റോഡിനു നേരെയുള്ള ജനല്‍ ഇനിയും തുറന്നിട്ടില്ല.. അത് രാമന് ചേട്ടന്റെ മുറിയാണ്.. ഉണര്‍ന്നിട്ടുണ്ടാവില്ല, അല്ല ഉണര്‍ന്നിട്ടും ഒന്നും ചെയ്യാനില്ലല്ലൊ..അടുക്കളജനലിലൂടെ അടുപ്പില്‍ നിന്നുള്ള പുകയുയരുന്നുണ്ടോ എന്ന് അവളൊന്ന് സൂക്ഷിച്ചു നോക്കി.. കാഴ്ചപിടിക്കാതെ കണ്കള് പിന്‍വലിച്ചു.. അടുക്കളക്ക് പുറകിലെ കൊച്ചുമുറ്റത്ത് ആ കറിവേപ്പ് ഇപ്പൊഴും ഉണ്ടോ ആവോ? പിന്നെ പേരറിയാ ചെടികളുടെ കൊച്ചു പൂന്തോട്ടവും.. ഇതുവരെ അടഞ്ഞു കിടന്ന ആ ഉമ്മറവാതില്‍ തുറക്കുന്നുണ്ട്.. പുറത്തിറങ്ങുന്നത് നവനീതാണ്.. മുമ്പൊക്കെ അവന്റെ കയ്യില്‍ പുസ്തകങ്ങള്‍ ഉണ്ടാവുമായിരുന്നു.. ഇപ്പോള്‍ വെറും കയ്യോടെ.. അവനെങ്ങോട്ടാവാം പോവുന്നത്; ജോലിതേടിയാവുമല്ലെ.. പക്ഷെ ഇവിടെ ഈ നോക്കെത്താദൂരത്തോളം മണ്ണുമുഴുവന്‍ ഇന്ന് നീലിന്റെ കമ്പനിയുടേതാണ്.. അതിലെ സ്ഥാപനങ്ങളും..അതിലൊരിക്കലും നവനീതിനെ എടുക്കില്ല.. എടുക്കണമെങ്കില്‍..
മിതാലി ഇങ്ങനെയാണ്.. ഈ ഉന്നതങ്ങളിലിരുന്ന് അങ്ങു ദൂരെ മണ്ണിലെ കാഴ്ചകളെ കുറിച്ച് ചിന്തിച്ചു കൂട്ടും.. അതെല്ലാം അങ്ങിനെ തന്നെയാവണമെന്ന് അവള്‍ക്ക് നിര്‍ബന്ധമൊന്നുമില്ല.. ഇപ്പോള്‍ തന്നെ ആ വീടിനെ കുറിച്ച് ചിന്തിച്ചത്..
അവള് ഒരിക്കലെ ആ വീട്ടില്‍ പോയിട്ടുള്ളു.. അതും നീലിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു.. ഈ ഇരുപത്തിയെട്ട് വയസ്സിനുള്ളില്‍ നീല്‍ അവന്റെ കമ്പനിയില്‍ എത്താവുന്നത്ര ഉയരത്തില്‍ എത്തിയിരുന്നു.. എന്നിട്ടും അവനു തൃപ്തിയാവുന്നില്ലെന്നത് വേറെ കാര്യം.. ആകാശത്തിലേക്ക് കുതിച്ചുപൊങ്ങുന്ന ഈ കെട്ടിടങ്ങള്‍ പോലെയാണ് അവന്റെ സ്വപ്നങ്ങളും.. ഇനിയും ഇനിയും ഉയരത്തിലേക്ക്.. . ആരുടെയൊ കസേര സ്വന്തമാക്കാന്‍ കമ്പനിക്കാര് എറിഞ്ഞ ചൂണ്ടയാണ് ആ പത്തുസെന്റ് ഒഴിപ്പിക്കുകയെന്നത്.. സുന്ദരമായ അവരുടെ ടൌണ്‍ഷിപ്പിലെ ഒരു അപശകുനമെന്നാണ് അവര്‍ ആ പത്തുസെന്റിനെ പറയുന്നത്.. ഇപ്പോള്‍ നീലിന്റെ ഊണിലും ഉറക്കത്തിലും ആ ഒരു ചിന്തയെ ഉള്ളു.. നല്കാവുന്ന വാഗ്ദാനങ്ങള്‍ മുഴുവന്‍ നീല്‍ രാമന് ചേട്ടന്റെ മുന്നില്‍ നിരത്തിയിരുന്നു.. മകനൊരു ജോലിയടക്കം.. പക്ഷെ എന്തൊ അതിലൊന്നും അവര്‍ വീണില്ല.. അങ്ങിനെയാണ് ഭവാനി ചേച്ചിയെ കയ്യിലെടുക്കാനായി മിതാലിയെയും കൊണ്ടുപോയത്.. ഉമ്മറത്ത് നീല്‍ രാമന് ചേട്ടനെ കൈകാര്യം ചെയ്യുമ്പോള്‍ ഭവാനി ചേച്ചിയുടെ മനസ്സുമാറ്റുക എന്നതായിരുന്നു അവള്‍ക്കുള്ള നിര്‍ദ്ദേശം.. പക്ഷെ അവള് ഭവാനിചേച്ചിയുടെ ചിരിയുടെ അകമ്പടിയോടെയുള്ള വര്‍ത്തമാനത്തില്‍ മുഴുകിയിരുന്നപ്പോള്‍ വന്നതെന്തിനെന്നുപോലും മറന്നു പോയിരുന്നു.. അന്നെ അടുപ്പിന് മുകളിലെ പലകകള്‍ ചേര്‍ത്തുവെച്ച സ്റ്റാന്റില്‍ പല കുപ്പികളും കാലിയായിരുന്നു.. അതുകൊണ്ടാവാം പാലില്ലാത്ത മധുരം കുറഞ്ഞ ചായയും ഒട്ടൊരു സ്വാദോടെ അവള് ഊതി ഊതി കുടിച്ചത്.. മിതാലി മനസ്സുവെക്കാത്തതുകൊണ്ടാണ് അതു നടക്കാതെ പോയതെന്ന കുറ്റപ്പെടുത്തലുകള്‍ നീലിന്റെ സംസാരത്തില്‍ കടന്നുവരാറുണ്ട്.. ഇപ്പോള്‍ അവന്റെ പ്രതീക്ഷ മുഴുവന്‍ നവനീതിലാണ്..
പക്ഷെ അവള്.. നീലിന്റെ പ്രൊമോഷനൊ കമ്പനിയുടെ ഭാവിയൊ ഒന്നും അവളെ ബാധിക്കുന്നില്ല... അവളുടെ കാഴ്ചപ്പുറത്ത് ഒരു നുള്ളു പച്ചപ്പെത്തുന്നത് ആ പത്തുസെന്റില്‍ നിന്ന്മാത്രമാണെന്നത് കൊണ്ട് അതൊരിക്കലും നഷ്ടപ്പെടാന്‍ അവള് ആഗ്രഹിക്കുന്നില്ല.. പിന്നെ അതില്‍ കൂടി കെട്ടിടമുയരുമ്പോല്‍ നഷ്ടമാവുന്ന ഈ ആകാശകാഴ്ചകള്‍.. അതാണ് ഒരിക്കലും സഹിക്കാനാവാത്തത്... ഇപ്പോള്‍ മുകളില്‍ ഇടതുവശത്തെ ജനല്‍കള്ളിയിലൂടെയാണ് അവളുടെ കണ്ണുകള്‍ ആകാശം തേടുന്നത്... പരസ്പരം മുഖം മറക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ അതങ്ങിനെ ഉയര്‍ന്നുപൊങ്ങിപ്പോയി.. പിന്നീടെപ്പൊഴൊ അവള്‍പോലുമറിയാതെ ഇടതുതാഴെ ജനലിലൂടെ താഴ്ന്നുപറന്നു..
ഇപ്പോള്‍ റോഡില്‍ നില്‍ക്കുന്നത് നീലും നവനീതുമാണെന്ന തിരിച്ചറിവ് തന്റെ ദൃഷ്ടികളെ അവിടെ തന്നെ ഉറപ്പിച്ചു നിര്‍ത്താന്‍ മിതാലിയോട് പറയുന്നുണ്ട്.. നവനീതിന്റെ ഇടതുകയ്യില്‍ ഷോപ്പിങ്മാളിന്റെ നീല കൂടുകള്‍.. നീലിന്റെ കൈപ്പിടിയില്‍ അമര്‍ന്നുപോയ് വലതുകൈ കുതറിച്ചാടാന്‍ ശ്രമിക്കാത്തതെന്തെന്ന് മിതാലിക്ക് മനസ്സിലാവുന്നില്ലായിരുന്നു.. നവനീതിനൊപ്പം അവരുടെ വീടിന്റെ പടിവരെ പോയ നീല്‍ ഒരു കൌമാരക്കാരന്റെ പ്രസരിപ്പോടെ ഫ്ലാറ്റിലേക്കുള്ള വഴിയേ തിരിച്ചുവരുന്നതായിരുന്നു മിതാലിയുടെ അവസാനത്തെ ജനല്‍കാഴ്ച.. വാതിലില്‍ താക്കോല്‍ കിരുകിരാ ശബ്ദിച്ചപ്പോഴാണ് ജനലുകളുടെ കൊളുത്തുവീണത്.. ഒരു മൂളിപ്പാട്ടോടെ നീല്‍ അകത്തേക്ക് കടന്നുവരുന്നതും അവന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരുന്നതും ആകാശക്കാഴ്ചകളെ മറക്കുന്ന അകകാഴ്ച്ചയായി...
Thursday, June 5, 2008
നെഗറ്റീവ് ഡോക്റ്റര്‍

“എന്താ ഈ ഡിസ്ക്വാളിഫൈ? “
“അതൊ ഒരു പേപ്പറില്‍ 10 മാര്‍ക്കെങ്കിലും വേണം .. ഇല്ലെങ്കില്‍ ഡിസ്ക്വാളിഫൈഡ് ആവും”
അപ്പൊ.. പത്തു മാര്ക്കൊപ്പിക്കാനായിരുന്നു.. അവരിത്ര കരഞ്ഞ് പ്രാര്‍ത്ഥിച്ചത്.. സീറ്റൊക്കെ പറഞ്ഞ് വെച്ചിട്ടുണ്ട്.. കാശും കൊടുത്തിട്ടിട്ടുണ്ട്.. എന്നാലും... റാങ്ക് ലിസ്റ്റില്‍ പേര് വേണം..
പറയാന്‍ വന്നത് ഇതൊന്നുമല്ല.. ഒരാള്‍ കൊണ്ടു തന്ന നമ്പറിന്റെ റാങ്ക് നോക്കിയതാ.. പക്ഷെ അടിച്ച നമ്പര്‍ മാറിപോയി.. അപ്പോള്‍ കിട്ടിയതാണ് മുകളില്‍ കൊടുത്തത്...
ആകെ സ്കോറ് -3.9919 പക്ഷെ റാങ്ക് 55261..
ഈ റാങ്കിനൊന്നും അഡ്മിഷന് കിട്ടില്ലെന്ന് പറയാം.. പക്ഷെ ഒത്തുവന്നാല്‍ ചിലപ്പോള്‍ കിട്ടിയെന്നും വരില്ലെ.. റാങ്ക് ലിസ്റ്റില്‍ പേരുള്ളതല്ലെ..
അപ്പൊഴും സംശയം ബാക്കി.. ഇവര്‍ ചികിത്സിക്കുന്നതും മനുഷ്യരെ തന്നെ ആവുമല്ലൊ അല്ലെ... ഹോ നെഗറ്റിവ് ഡോക്റ്റര്‍....
Wednesday, May 28, 2008
ബര്‍സ
ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍ എന്നര്‍ത്ഥം.. ഏതു പുസ്തകം കിട്ടിയാലും വായന തുടങ്ങുന്നത് പുറം"ചട്ട"യില്‍ ആവണമെന്ന ശീലം ഇവിടെയും തുടര്‍ന്നതിനാലാവണം, ആദ്യം കണ്ണില്‍ തടഞ്ഞത് ഇതായിരുന്നു.. മുമ്പുതന്നെ മൈനയുടെ ബ്ലോഗ് പോസ്റ്റില്‍ ഇതിനെ കുറിച്ച് വായിച്ചതിനാല്‍ ഈ വാചകം പരിചിതവുമായിരുന്നു... പിന്നെയും ചിലയിടങ്ങളില്‍ - ഇവിടെയും ഇവിടെയും കൂടി ബര്സയെ കുറിച്ച് കേട്ടിരുന്നു... പുസ്തകം ഇനിയുമൊരു മുദ്രണത്തിന് ബാല്യം കാത്തിരിക്കുകയാണെന്ന് അറിയാവുന്നതുകൊണ്ടും അടുത്തൊന്നും കയ്യിലെത്തില്ലെന്ന് ഉറപ്പുള്ളതിനാലുമാണ് ഒരു അവധിദിവസം കടം പറഞ്ഞ് വായനക്കിരുന്നത്... പക്ഷെ വായിച്ചുതീരുമ്പോള്‍ മുഖം തുറന്നിടലിന് മുഖചിത്രത്തിലെ പാതിമറഞ്ഞ മുഖത്തിലെ ഒറ്റക്കണ്ണിന്റെ പ്രകാശമെ ഉണ്ടായിരുന്നുള്ളു എന്നത് എന്റെ സന്ദേഹമാവാം..
ഏടുകളില്‍ തടഞ്ഞത്
സൌദി അറേബ്യയില്‍ ജോലിക്കായെത്തുന്ന മുസ്ലിം ദമ്പതിമാരായ സബിതയും റഷീദുമാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍.. കേരളത്തില്‍ മലബാറിലെ ഹിന്ദുമുസ്ലിം സാഹോദര്യത്തിന്റെ ഊഷ്മളതയില് നിന്ന് മുസ്ലിങ്ങള്‍ക്കിടയില്‍ തന്നെ വലിയവനെന്നും ചെറിയവനെന്നും തരം തിരിവുകളുമായ് കഴിയുന്ന മറ്റൊരു നാട്ടിലേക്കുള്ള പറിച്ചുനടലായിരുന്നു ഇത്.. ചുറ്റും കാണുന്നതും കേള്‍ക്കുന്നതുമെല്ലാം കഥാനായികയില്‍ അലോസരമാവുന്നു ..
നല്ലൊരു ഡോക്റ്റര്‍ എന്നനിലയില്‍ അവര്‍ മറ്റുള്ളവര്‍ക്കിടയില്‍ സുസമ്മതയാവുമ്പൊഴും നല്ലൊരു മുസ്ലിം എന്ന ലേബല്‍ അവള്‍ക്ക് ലഭിക്കാതെ പോവുന്നു... ആരാണ് നല്ല മുസ്ലിം എന്നതിന് കണ്ടുമുട്ടുന്നവര്‍ നല്കുന്ന വ്യാഖ്യാനങ്ങള്‍ അവര്‍ക്ക് അംഗീകരിക്കാവുന്നതിലപ്പുറമാണ്... അതുകൊണ്ട് തന്നെ മുസ്ലീമല്ലാത്തതിനാല്‍ മദര്‍തെരേസയും മഹാത്മാഗാന്ധിയും എത്തിപ്പെട്ട നരകമാണ് തന്നെ കാത്തിരിക്കുന്നതെന്ന വിമര്‍ശനത്തെ സബിത സസന്തോഷം ഏറ്റുവാങ്ങുന്നു..
സബിതക്കു മുന്നില്‍ ചോദ്യമാവുന്ന മറ്റൊരു പ്രശ്നമാവുന്നത് സ്ത്രീകളുടെ ദുരിതങ്ങളാണ്.. ബഹുഭാര്യാത്വത്തെ സ്ത്രീകള്‍ പോലും അംഗീകരിക്കുന്നതിനെ വേദനയോടെയാണ് അവള് കാണുന്നത്.. കന്യാഛേദത്തിന്റെ ക്രൂരതയും അതിന്റെ നിറവില്‍ തെളിഞ്ഞു നില്ക്കുന്നു..
ജീവതം ഒരു ഒളിച്ചോട്ടമാവുന്ന ചിലരും ആര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുന്നവരും പിന്നെ ഒരു പര്‍ദ്ദയുടെ പുണ്യംകൊണ്ട് പലതിനെയും മറക്കുന്നവരുമുണ്ട്.. കുറച്ചു നാളത്തേക്കല്ലാതെ തനിക്ക് കുടുംബത്തെ സഹിക്കാനാവില്ലെന്ന് പറയുന്ന വഹീദയും കൂടെകൂട്ടാന്‍ കഴിവുണ്ടായിട്ടും കുടുംബത്തെ നാട്ടില്‍ നിര്‍ത്തിയിരിക്കുന്ന മുഹമ്മദ് ഡോക്റ്ററുമെല്ലാം അവരില്‍ ചിലരാവുന്നു .. പക്ഷെ അതെല്ലാം സഹനടീനടന്മാര് മാത്രം..
മായാതെ നിന്നത്
വയസ്സന് അറബിയുടെ ഭാര്യയായി കൌമാരക്കാരിയെത്തുന്നതും അവള് തന്റെ കുഞ്ഞിന് ഭര്‍ത്താവിന്റെ മുഖച്ഛായയാണെന്നതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നത് സൌദിയില്‍ ജോലിചെയ്യുന്ന ഒരു നഴ്സ് പറഞ്ഞ് കേട്ടിട്ടുണ്ട്.. അതിന്റെ പലരൂപങ്ങള്‍ ഇതിലും കാണുമ്പോള്‍ ഒരു നേരിയ വിങ്ങല്‍ പടരുന്നു.. കോപ്പര്‍ട്ടിയും ഇംപ്ലാന്റുമൊക്കെയായി വീട്ടുജോലിക്കെത്തുന്നവര്‍ തന്റെ ജോലിയെന്താണെന്ന് നേരത്തെ അറിഞ്ഞിട്ടും തയ്യാറാവുന്നതിനെ നിസ്സഹായത എന്ന ചുരുക്കി പറയാമോ? കന്യാഛേദത്തിന്റെ വേദന, നിഷേധിക്കപ്പെടുന്ന അവകാശങ്ങളുടെ മറ്റൊരു മുഖമാവുന്നു.. അല്പം സംസ്കാരമുള്ള അച്ഛനമ്മമാര്‍ തന്റെ മകളെ ആ പ്രാകൃത കൃത്യത്തില്‍ നിന്ന് രക്ഷപെടുത്തി വളര്‍ത്തി കൊണ്ടുവന്ന് അവസാനം ഭര്‍ത്താവിനു വേണ്ടി ഡിഗ്രിക്കാരിയായ അവള് അതിനു തയ്യാറാവുമ്പോള്‍ യാ അല്ലാഹ് എന്ന് വിളിക്കാതെ തരമില്ലല്ലൊ..
മറുവശത്ത് നാല്പതുകാരി ഇരുപതുകാരന് ഭര്‍ത്താവുമായി വന്ധ്യതാചികിത്സക്കെത്തുന്നത് മുതല്‍ ഭാര്യയുടെ സൌകര്യത്തിനായി വീട്ടുജോലിക്കാരെ ഒരുക്കികൊടുക്കേണ്ട ഭര്‍ത്താവിന്റെ പ്രശ്നം വരെ കാണുമ്പോള്‍ വൈരുദ്ധ്യം ചിന്തകളെ കീഴ്മേല്‍ മറിക്കുന്നു...
മനസ്സ് പറഞ്ഞത്
പ്രണയപരാജയത്തിനു ശേഷം ഒരു ഇളക്കക്കാരിയായിരുന്ന ഷംസദില്‍ വരുന്ന മാറ്റം - “അവര്‍ ശ്രദ്ധാപൂര്‍വ്വം പശ്ചാതാപപൂര്‍വ്വം നല്ല മുസ്ലീമാവുകയാണ്” - ഒരു വേഷപ്രച്ഛന്നതകൊണ്ട് ഇത്ര എളുപ്പത്തില്‍ കൈക്കലാക്കാവുന്നതാണോ വിശ്വാസം.. അതിനപ്പുറം അതൊരു ഒളിച്ചോട്ടമായിരുന്നില്ലെ? സഹനടിമാത്രമായ ഷംസദിനെ വെറുതെ വിടാം..
പക്ഷെ....
സബിതയുടെ പ്രവര്‍ത്തികള്‍ പലതും ഉപരിപ്ലവമായിരുന്നില്ലെ...
“ഞങ്ങള്‍ തിയ്യന്മാരിലുമുണ്ട് പൈസക്കാര്. എന്തു കാര്യം! അറുത്ത കൈയ്ക്ക് ഉപ്പുതേക്കാറില്ല ഒറ്റയെണ്ണം”
സക്കാത്തും ദാനവുമൊക്കെയാണ് സബിതയെ കൊണ്ട് ഇത് പറയിപ്പിക്കുന്നതെങ്കില്‍, എല്ലാം മുസ്ലിങ്ങളും ഇതേ പാത പിന്തുടരുന്നവരാണ് എന്നത് ഒരു അതിരു കടന്ന വിശ്വാസമാവില്ലെ.. അതു പോലെ തിയ്യന്മാരാണെങ്കിലും മറ്റേതു ജാതിക്കാരാണെങ്കിലും മതം അനുശാസിച്ചാലും ഇല്ലെങ്കിലും നല്ലതു ചെയ്യുന്നവരില്ലെ?
തന്റെ വീട്ടിലെ കുറച്ചെങ്കിലും എതിര്‍പ്പുണ്ടായുള്ളു.. അത് സബിത ഇസ്ലാം മതം സ്വീകരിക്കുമെന്നറിഞ്ഞതോടെ കെട്ടടങ്ങി..
അവള് ജനിച്ചതെ ഒരു മുസ്ലിം ആയിട്ടായിരുന്നെങ്കില്‍ ചെയ്തികള്‍ക്ക്കുറച്ചുകൂടി അര്‍ത്ഥം ഉണ്ടാവുമായിരുന്നു.. ഒരു പക്ഷെ നല്ലൊരു നോവലിനെ ദുര്‍ബ്ബലമാക്കിയതില്‍ ഇതിനുള്ള പങ്ക് അത്ര ചെറുതായി തോന്നുന്നില്ല.. മതം മാറ്റം ഒരു വിവാഹത്തിനു വേണ്ടി മാത്രമായിരിക്കുമ്പോള്‍ തന്നെ അവിടെ സ്വന്തം സ്വത്വം അടിയറവെക്കപ്പെടുകയല്ലെ?.. സ്വന്തം ഭര്‍ത്താവ് അത് ആവശ്യപ്പെടുന്നത് എന്തു കാരണങ്ങള്‍ കൊണ്ടാണെങ്കിലും ഇതെ അവസ്ഥ തന്നെയാണ് അവള് എത്തിപ്പെട്ട നാട്ടിലെ പെണ്ണുങ്ങള് പല ആചാരങ്ങള്‍ക്കും വഴങ്ങികൊടുക്കുന്നതിനു പിന്നിലും.....ഇസ്ലാമില്‍ നിന്ന് വെള്ളവും വളവും ശേഖരിച്ചിട്ടുണ്ട് എന്റെ വേരുകള്‍.. അതിലെ സാമൂഹിക സമത്വം, പിന്നെ, സാഹോദര്യം, അത് നമ്മില്‍നിന്നവശ്യപ്പെടുന്ന സോഷ്യല്‍ ഒബ്ലിഗേഷന്‍.. പിന്നെ അതിന്റെ ചരിത്രത്തിലുറങ്ങുന്ന വിപ്ലവാംശം.. എന്നെ സ്വാധിനിച്ചിട്ടുണ്ട് ഇവയൊക്കെ. പക്ഷെ..” സബിത റഷീദിന്റെ കണ്ണുകളുടെ ആഴത്തിലേക്ക് നോക്കി..
“പക്ഷേ,, റഷീദ്! ഇസ്ലാം എനിക്ക് നിന്നോടുള്ള പ്രണയംകൂടിയാണ്. എന്റെ കൌമാരമനസ്സ് സ്വരുക്കൂട്ടിയ ആര്‍ദ്രമായ അനുഭവങ്ങളുമാണ്. അവയെ നഷ്ടപ്പെടുത്താന്‍ വയ്യെനിക്ക്!”
ഇതാണ് സബിതയുടെ വിപ്ലവം.. ജനിച്ചു വളര്‍ന്ന മതം സമത്വവും സാഹോദര്യവും സോഷ്യല്‍ ഒബ്ലിഗേഷനും ഒന്നും ആവശ്യപ്പെടുന്നില്ലെ.. അറിവില്ലായ്മയാവാം.. അതോ പ്രണയത്തിനു മുന്നില്‍ അതൊന്നും കാണാതെ പോയതൊ.. മൂടിവെച്ച പലതിനുമടിയില്‍ അവള്‍ക്ക് ഇസ്ലാം എന്നാല്‍ റഷീദിനോടുള്ള പ്രണയം കൂടിയാണെന്ന് പറയുമ്പോള്‍ അതു മാത്രമായിരുന്നു എന്നത് പറയാതെ പറയുന്നില്ലെ...
മറ്റുള്ളവര്‍ക്കു മുന്നില്‍ അല്പം റെബല്‍ പരിവേഷവുമായി എത്തുന്ന സബിതയെ മുഖം തുറന്നിട്ടവളായിട്ടാണ് എഴുത്തുകാരി അവതരിപ്പിക്കുന്നത്.. പക്ഷെ വരികള്‍ക്കിടയിലെല്ലാം എന്റേത് ഒരു എതിര്‍വായന ആയിരുന്നൊ എന്ന സംശയത്തെ, പറഞ്ഞറിഞ്ഞതില്‍ നിന്നുള്ള പ്രതീക്ഷയുടെ ആധിക്യമായി കരുതാനാണ് എനിക്കിഷ്ടം... സ്വന്തം വീട്ടിലെ പ്രശ്നങ്ങള്‍ ഏറ്റവും നന്നായി അറിയുക വീട്ടുകാര്‍ക്കായിരിക്കുമല്ലോ.. അതുകൊണ്ട് തന്നെ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുകൊണ്ട് അതിലെ എതിര്‍ക്കേണ്ടതിനെ എതിര്‍ക്കാനുള്ള സബിതയുടെ തീരുമാനത്തെ നമിക്കാതെ വയ്യ.. ചെന്നുകേറുന്ന വീട്ടില്‍ ഇത്രമാത്രം എതിര്‍ക്കാനുള്ള അവകാശമുണ്ടോ?.. ഇത്തരമൊരു വിഷയവുമായെത്തിയ എഴുത്തുകാരി സബിതയിലൂടെ സംസാരിച്ചതും പ്രവര്‍ത്തിച്ചതുമാവാം...
എങ്കിലും പ്രതികരണങ്ങളില്‍ പലപ്പൊഴും ഒരു മുസ്ലിം എന്നതിനേക്കാള്‍ ഉണ്ണിയാര്‍ച്ചയുടെ ഇളംതലമുറക്കാരിയായി സബിത മാറിയിരുന്നില്ലെ എന്ന സംശയം ഉണരുന്നുണ്ട്.. അതുകൊണ്ട് തന്നെ ആ മതം മാറ്റം എന്തിനായിരുന്നെന്ന ചിന്ത കയ്യൊഴിഞ്ഞിട്ടും മനമൊഴിയാതെ ബാക്കികിടക്കുന്നു... മതം മാറ്റമെന്ന പുറം മോടിക്കപ്പുറം താന്‍ അനുഭവിച്ചു വന്നിരുന്ന പല സ്വാതന്ത്ര്യങ്ങളും നഷ്ടമാവുന്നതല്ലെ അവളെ കൂടുതല്‍ ചൊടിപ്പിക്കുന്നത്.. പക്ഷെ അതിനൊക്കെ അപ്പുറം റഷീദ് എന്ന വലിയ സ്വത്തിനെ നഷ്ടപ്പെടാതിരിക്കാനുള്ള വെമ്പല്‍ അല്ലെ സബിതയെ അതില്‍ തന്നെ ഉറച്ചു നിര്‍ത്തുന്നതും
ബാക്കിയായത്..
അവള് സ്നേഹിച്ചിരുന്നത് ഒരു മുസ്ലീമിനെ ആയിരുന്നില്ലെങ്കില്‍ ഇതേ മതം മാറ്റം അവളില്‍ നിന്ന് പ്രതീക്ഷിക്കാന്‍ തക്ക സ്വാധീനം സബിതയില് ഇസ്ലാം വരുത്തിയിട്ടുണ്ടെന്ന് ഈ നോവലില്‍ പറയുന്നുമില്ല... ഇതിനെ കുറിച്ച് വന്ന ലേഖനങ്ങളിലൊ ചര്‍ച്ചകളിലൊ ഈ ഒരു കാര്യം പറഞ്ഞു കേട്ടതുമില്ല.. അതിനത്ര പ്രാധാന്യമില്ലെന്ന തോന്നലുകൊണ്ടാണൊ അതൊ മന:പ്പൂര്‍വ്വം നടത്തിയ കണ്ണടക്കലോ...
Wednesday, April 30, 2008
ഞാന്‍ രാമായണം വായിക്കുകയാണ്
അഹല്ല്യ രോഷം കൊണ്ടു
ശപിക്കാന്‍ കഴിയുന്ന തപശക്തികൊണ്ട്
സ്വന്തം ഭാര്യയെ രക്ഷിക്കാനാവാത്ത
താപസന്റെ മേല്‍ എന്‍ ശാപവര്‍ഷം
ഊര്‍മ്മിള ചോദിച്ചു
സ്വന്തം ഭാര്യയെ മറന്ന്
ജ്യേഷ്ഠഭാര്യയുടെ സുഖം നോക്കുന്ന
ഭര്‍ത്താവ് എനിക്കെന്തിന്
അഗ്നിസാക്ഷിയായ് വന്നവളേക്കാള്‍
അലക്കുകാരന്റെ അമര്‍ഷം ജയിക്കുമ്പോള്‍
ആരണ്യത്തിന്റെ വിശുദ്ധിയില്‍
സീതയുടെ പടനീക്കം
തിങ്കളാഴ്ച വ്രതവും തിരുവാതിരയുമായ്
മണ്ഢോദരി കാത്തിരിക്കുന്നു
പത്നിവ്രതനായ പതിക്കായ്
ഇനിയുമൊരു ജന്മം നല്കാന്
നിമ്നോന്നതങ്ങള്‍ തിരശ്ചീനമാക്കപ്പെടുമ്പോള്‍
പ്രണയം പോലും കരഞ്ഞിരിക്കണം
ചിന്തിയ രക്തത്തിന്റെ കറുത്തവടുക്കള്‍
ശൂര്‍പ്പണഖ ചിരിക്കുകയാണ്
രാമായണം അഞ്ചുകാണ്ഡം മാത്രം
Tuesday, April 22, 2008
മനസ്സ്
വിശ്വസിക്ക്, ഞാന്‍ മഹാ ചീത്തയാണ്
ഞാനെന്ന് പറഞ്ഞാല്‍..
എന്റെ മനസ്സാക്ഷിക്ക് മുന്നിലെന്ന്
നീ പലപ്പൊഴും ആണയിടാറില്ലെ
അപ്പൊഴൊക്കെ ഞാന്‍ തലകുത്തി ചിരിച്ചിട്ടുണ്ട്
വെറുതെ, നിനക്കെന്നിലുള്ള വിശ്വാസമോര്ത്ത്
ഞാന്‍ നിന്നെ വഞ്ചിച്ചിട്ടെ ഉള്ളു
ചിന്തിച്ചത് പറയാതെ
പറഞ്ഞത് പ്രവര്‍ത്തിക്കാതെ
പ്രവര്‍ത്തിച്ചത് പിന്തുടരാതെ..
പറഞ്ഞില്ലെ, നിന്നെ ഞാന്‍...
മറക്കാന്‍ വെച്ചതെല്ലാം
പുറത്തെടുത്ത് നോവിച്ചത് മറന്നോ
ആരുമറിയരുതെന്ന് കരുതിയ
ഉള്ളിന്റെ പിടപ്പുകള്‍
നീയറിയാതെ ഞാന്‍ മുഖത്തെഴുതി വെച്ചില്ലെ
സ്വയമറിഞ്ഞില്ലെങ്കില്
നിനക്കാരും പറഞ്ഞു തരാത്തതെന്തെ
ഞാന്‍, ഞാനെന്നും നിനക്ക് മറുപുറത്താണെന്ന്
ഞാനെന്ന് പറഞ്ഞാല്‍...
Thursday, April 17, 2008
കലഹം
ഞാന്‍ അവരുടെ അനുയായിയാണ്
പക്ഷെ,
ഞാന്‍ അവരോട് നിരന്തരം കലഹിക്കുന്നു
അവരെന്റെ വഴി നയിക്കാത്തതിനാല്‍
Thursday, April 3, 2008
Tuesday, March 4, 2008
ശിവഗംഗയുടെ ശിവരാത്രികള്‍...
ഇന്നു ശിവരാത്രി... രാവുറങ്ങാതെ നീ എനിക്കായി ഉണര്‍ന്നിരിക്കും.. മിഴി തുറന്ന് മനം നിറഞ്ഞ് നീ തെളിഞ്ഞു നില്കും.. നീ നോറ്റുനേടുന്ന നന്മകളില് ഞാന്‍ ഗംഗയായൊഴുകും..
ശിവ മുകളിലെ തുറസ്സില്‍ മലര്‍ന്നു കിടന്നു.. നെറ്റിയില്‍ കാഴ്ചയെ പാതി മറച്ച ഇടം കയ്യും വയറിനു മുകളില്‍ മയങ്ങുന്ന വലം കയ്യുമായ്.. അരികിലെങ്കിലും കൃഷ്ണയുടെ ശബ്ദം അകലെ നിന്നെന്നപോലെ നേര്‍ത്തതായിരുന്നു.. അഴികളില്‍ ചാരിയിരുന്ന അവന്റെ ജുബ്ബയുടെയും മുണ്ടിന്റെയും വെണ്മ മാത്രം ആ ഇരുട്ടിലും തെളിഞ്ഞു കാണാമായിരുന്നു ..
ശിവാ....
ഇന്നു ശിവരാത്രിയാണ്.. നീ ഓര്‍ക്കുന്നോ പഴയ ശിവരാത്രികളെ.. സന്ധ്യക്കുമുന്പെ ആല്‍ത്തറയില്‍ സ്ഥാനം പിടിച്ച് പുലരുവോളം കളികണ്ടത്.. വിലക്കിയിട്ടും അകന്നു പോവാത്ത ഉറക്കത്തില്‍ ആ മണലില്‍ കെട്ടിപിടിച്ച് കിടന്നുറങ്ങിയത്..
പറഞ്ഞു നിര്‍ത്തും മുമ്പെ അവന് കുലുങ്ങി ചിരിക്കാന്‍ തുടങ്ങിയിരുന്നു.. ശിവ തലയൊന്നു ചെരിച്ച് അവനെ നോക്കി.. ഇരുട്ടില്‍ അവന്റെ മുഖത്തെ ഭാവങ്ങള്‍ അവ്യക്തമായിരുന്നു.. മാനത്തേക്ക് കണ്ണും നട്ടിരിക്കുന്ന അവന് ഈ പറയുന്നതെല്ലാം നക്ഷത്രങ്ങളോടാണൊ എന്നു അവള് ഒരു മാത്ര സംശയിച്ചു..
ശിവാ .. ഇന്നു ശിവരാത്രിയാണ്..
നാളെ നിന്റെ ശിവനെത്തും.. ശിവ പാര്‍വ്വതിയാവും.. അരികില്‍ ആശംസകളുടെ ഒരു പിടി പൂക്കളുമായി ഈ കൃഷ്ണയുണ്ടാവും..പക്ഷെ പിന്നൊരിക്കലും പറയില്ല -"നീയെനിക്കു പാര്‍വ്വതിയാവുക.. നിന്റെ കൃഷ്ണയിന്നു ശിവനാകാം..."
ഓര്‍മ്മകളില്‍ ശിവയേറെ പുറകിലായിരുന്നു..അന്ന് അടച്ചുപൂട്ടിയ വാതിലിനപ്പുറം അമ്മ കാവല്‍ നിന്നിരുന്നു..... ഇന്ന്, ഇന്നും ശിവരാത്രിയാണ്.. .. മണല്‍പുറവും ആല്‍ത്തറയുമെല്ലാം നഗരത്തിലെ ഫ്ലാറ്റില്‍ ടിവി സ്കീനിലെ കാഴ്ചകള്‍ മാത്രമായി മാറി.. നൈറ്റ് ഷിഫ്റ്റിലെ ജോലിയും കഴിഞ്ഞ് വൈകിയെത്തുന്ന ഭര്‍ത്താവിനു വേണ്ടിയുള്ള കാത്തിരിപ്പുകളില്‍, പരീക്ഷാ കാലങ്ങളില്‍ മകള്‍ക്കൊപ്പമുള്ള കൂട്ടിരിപ്പില്‍ അങ്ങിനെ ചിലപ്പൊഴൊക്കെ രാത്രികള്‍ ശിവരാത്രികളാവുമായിരുന്നു...
ഇന്ന് വീണ്ടും മറ്റൊരു ശിവരാത്രി.. അവള് പാതി തുറന്നു കിടക്കുന്ന വാതിലിലേക്ക് ഒന്നു കൂടി നോക്കി... ഗംഗ കിടക്കയില്‍ കമഴ്ന്നു കിടപ്പുണ്ട്.. കരച്ചിലിന്റെ ഊക്ക് കുറഞ്ഞിരിക്കുന്നു.. .. നാളെ മറ്റൊരാളുടേതാവാന്‍ അവളും ഒരുങ്ങിയിരിക്കുമോ.. സാഹചര്യങ്ങള്‍ അവളില്‍ നിന്ന് അതാണ് ആവശ്യപ്പെടുന്നതെന്ന് വിശ്വസിക്കാന്‍ അവള്‍ക്കാവുന്നുണ്ടൊ..
ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ശിവ വീണ്ടും ഗേയ്റ്റിലേക്ക് നോക്കി.. സന്ധ്യമയങ്ങാന്‍ തുടങ്ങിയിരിക്കുന്നു.. വഴികളെല്ലാം ശിവക്ഷേത്രത്തക്കാണ്.. മകളുടെ കല്ല്യാണത്തിനുള്ള ഒരുക്കങ്ങളുമായി അയാളും അമ്പല്‍ത്തിലാണ് ..
പഴയ തറവാട്... അമ്മയും അച്ഛനും മരിച്ചതോടെ ഇങ്ങോട്ടുള്ള വരവുകള്‍ പോലും കുറഞ്ഞു പോയി.. കൂടപ്പിറപ്പുകള്‍ ഇല്ലാതിരുന്നതിനാല്‍ തിരക്കുകള്‍ക്കിടയില്‍ എന്തിനു വരുന്നെന്ന തോന്നലും.. ഇവിടെ ഓര്‍മ്മപ്പെടുത്താനുണ്ടായിരുന്നത് മറക്കാനുള്ളതു മാത്രമായിരുന്നു.. പകല്‍ ആരൊക്കെയോ വന്നിരുന്നു.. പേരുപോലും മറന്ന ചില മുഖങ്ങള്‍ .. ബന്ധങ്ങള്‍ പറഞ്ഞറിയിക്കേണ്ട മറ്റുചിലര്‍.. കഥ കേട്ടറിഞ്ഞവര്‍ക്ക് മുന്നില്‍ ഗംഗയൊരു കാഴ്ചവസ്തുവായി.. ഈ കല്ല്യാണം നഗരത്തിലെ വീട്ടിലായിരുന്നെങ്കില്‍... ആളും ബഹളവുമായി, എന്തൊരു സന്തോഷമായിരിക്കും..ഇതൊരു ഒളിച്ചോട്ടമാണ്... അമ്മയെ പോലെ മകളും ഒരു ശിവരാത്രി പിറ്റേന്നാള്‍.. എവിടെയൊക്കെയോ ആവര്‍ത്തനങ്ങള്‍..
കാടുകേറുന്ന ചിന്തകളെ തളച്ചത്.. ഇടവഴി കേറി വന്ന ഓട്ടോയായിരുന്നു.. ആളെ തിരിച്ചറിഞ്ഞതും ശിവ തഴേക്കിറങ്ങി.. അതിനു മുമ്പ് ഗംഗയുടെ മുറിയിലേക്ക് ഒന്നുകൂടി നോക്കി..
അയാള്‍ വരുമ്പോഴെക്കും ഒത്തിരി വൈകിയിരുന്നു.. ഗംഗയെ അന്വേഷിച്ചപ്പൊ നേരത്തെ ഭക്ഷണം കഴിച്ച് കിടന്നെന്ന് അറിയിച്ചു.. ഇന്ന് രാത്രി താന്‍ മകളുടെ മുറിയിലാണെന്ന് പറഞ്ഞു പതിയെ ഗോവണി കയറി..
പിന്നെ ടെറസ്സിലേക്കുള്ള വാതില്‍ തഴുതിട്ട് അതില്‍ ചാരി അവള് കാവലിരുന്നു..
Tuesday, February 19, 2008
ഒറ്റ
അതും, ഒറ്റപ്പാളിയില്‍ തീര്‍ത്തത്
കാലെടുത്തു വെച്ചാല്‍ ഒറ്റമുറി വീട്
പുറത്തോട്ട് നോക്കാന്‍ ഒരൊറ്റ ജനല്‍
വട്ടത്തില്‍ വരച്ചതിനാല്‍ ഒറ്റച്ചുവര്
കരിമെഴുകിയ നിലവും
ഓട്ടവീണ ഓലത്തുണ്ടുകളില്‍ ഒറ്റമേല്‍ക്കൂരയും
ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന പീഠത്തില്‍
ഒറ്റത്തിരിയില്‍ മുനിയുന്ന ഓട്ടുവിളക്ക്
ഒറ്റയടുക്കില്‍ നിരന്നത് ഒരായിരം എഴുത്തോലകള്‍
എങ്കിലും ഒരൊറ്റ എഴുത്താണി
ഒപ്പം ഒറ്റയാവുന്ന ഞാനും
എനിക്ക്,
ഒരുവാക്കില്‍
ഒരുവരിയില്‍
ഒരുതാളില്‍ ഒതുങ്ങാതെ
ഒഴുകി പരക്കുന്ന
ഓളം തല്ലുന്ന
ഒരു കഥയെഴുതണം
വേരറുത്ത് വെലിച്ചെറിഞ്ഞതും
വീണിടത്ത് വേരുറക്കാത്തതും
ഒരു കഥയില്‍
ഒരൊറ്റക്കഥയില്‍