Wednesday, July 16, 2008

ഭാവിക്കണ്ണാടികള്‍

ആഴ്ചതോറുമുള്ള ആവര്‍ത്തനങ്ങള്‍ക്കപ്പുറം ഓരോ യാത്രയും ഓരൊ അനുഭവമാണ്.. ഒരേ വഴിയും ഒരേ വണ്ടിയുമെങ്കിലും ഞാനൊഴിച്ച് സഹയാത്രികരെല്ലാം മാറുന്നു എന്നതാവാം കാരണം.. പിന്നെ വായ്നോട്ടം അത്ര മോശം പരിപാടിയല്ലെന്ന ആത്മവിശ്വാസവും.. വീട് വിട്ട് കൂടുമാറിയ ആദ്യകാലങ്ങളില്‍ ഞാനും മണിക്കൂറുകള്‍ നീളുന്ന ബസ്സ് യാത്രക്കാരിയായിരുന്നു..ഏത് അസമയത്തും ഒരു ബസ്സുണ്ടാവും എന്നതു ഒരു സൌകര്യവും.. പിന്നെ എപ്പൊഴൊ ഞാനൊരു തീവണ്ടിക്കാരിയായി..മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ട്രെയിന്‍ യാത്രകള്‍ എന്തു ബോറാണെന്ന് പറഞ്ഞ് കാസര്‍ക്കോട് നിന്ന് കന്യാകുമാരിക്കായാലും ബസ്സില്‍ പോവുന്ന സുഹൃത്തെനിക്കുണ്ട്... പക്ഷെ ജനലിനരികിലെ ഒരു ഇരിപ്പിടവും നല്ലൊരു പുസ്തകവുമുണ്ടെങ്കില്‍ ഏതു യാത്രയും ആസ്വാദ്യമാവുമെന്നത് എന്റെ കാര്യം .. അവകാശമായി പിടിച്ചെടുത്തിരിക്കുന്ന ലേഡീസ് കമ്പാര്‍ട്ട്മെന്റ് അത്ര അത്യാവശ്യമെന്നൊന്നും എനിക്ക് തോന്നാറില്ല.. എങ്കിലും ട്രെയിന്‍ ഇറങ്ങി ഓവര്‍ ബ്രിഡ്ജിലെ ഇടി കൊള്ളേണ്ടതോര്‍ക്കുമ്പോള്‍ ഏറ്റവും പുറകിലെ ലേഡീസില്‍ ഞാനും യാത്രക്കാരിയാവുന്നു.. ഒരു സീറ്റ് ഉറപ്പായതോണ്ടും കൂട്ടുള്ളതുകൊണ്ടുമാണ് ഇത്തവണ ഞാന്‍ നടുത്തുണ്ടത്തില്‍ കേറിയത്.. കുറേ കാലമായി നഷ്ടമായിരുന്ന ജനറല്‍ ക്മ്പാര്‍ട്ട്മെന്റിലെ യാത്രയായിരുന്നു അതെനിക്ക് തിരിച്ചു തന്നത്.. മുഖാമുഖം ഇരിക്കുന്ന പരമ്പരാഗത രീതിക്കു പകരം ഒരു വശത്തേക്കുമാത്രമുള്ള സീറ്റുകള്‍... വളവും തിരിവുമില്ലാത്ത നേര്‍‌രേഖയിലാവുമ്പോള്‍ നടുവിലെ നടവഴിയില്‍ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ എത്തിയില്ലെങ്കിലും ഒരുപാടു ദൂരം കാണാം...ഇപ്പോള്‍ ഞാന്‍ വേണാടിന്റെ വഴികളിലാണ്..


യാത്രക്കാരല്ലാതെ തീവണ്ടികളെ സ്വന്തമാക്കിയവര്‍ പലരുമുണ്ട്.. നാടും വീടും ഏതെന്നു പറയാനില്ലാത്ത നാടോടികള്‍.. അവര്‍ പാട്ടുകാരായോ പിച്ചക്കാരായൊ അങ്ങിനെ പല വേഷത്തിലും വരും.. മുഷിഞ്ഞു നാറിയ വേഷവും മാറാപ്പുമായി അവരെത്തുമ്പോള്‍ ഏതു തിരക്കിനിടയിലും കടന്നു പോവാന്‍ വഴിയുണ്ടാകും.. വെറും യാത്രയെങ്കില്‍ വാതിലിനരികിലെ നിലത്തിനപ്പുറം അവര്‍ അകത്തേക്ക് കടക്കാറുമില്ല.. എത്ര തന്നെ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നാലും അവര്‍ സീറ്റിലിരിക്കുന്നത് കണ്ടിട്ടില്ല.. അതോ ഞാന്‍ കാണാതെ പോയതൊ...

വിരസമായ യാത്രകള്‍ക്ക് ജീവന്‍ നല്‍കുന്നത് കച്ചവടക്കാരാണ്.. പാന്റ്രികാറിലെ ചായയും കാപ്പിയും വടയും പഴം‌പൊരിയും മാത്രമല്ലല്ലൊ നമുക്ക് മുന്നിലെത്തുന്നത്.. പഴയ ഒരു രൂപ രണ്ടു രൂപ കടലപൊതിക്കാര്‍ പോലും മിനിമം അഞ്ചു രൂപയിലെത്തിയിരിക്കുന്നു... പിന്നെ ചോക്ലേറ്റ് ബിസ്കറ്റ് വറവുകള്‍... കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍.. അങ്ങിനെ പോവും വില്പനയുടെ നിരകള്‍..

ചിലപ്പോഴൊക്കെ ശല്യമായി തോന്നുമെങ്കിലും വളരെ ആകാക്ഷയോടെ ഇവരെയും കാത്തിരുന്ന ഒരു യാത്രയുണ്ട്.. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഒരു കാഴ്ചക്കാരിയായി പോയപ്പോള്‍.. വഴിയരികില്‍ കൊച്ചു കൊച്ചു സാധനങ്ങള്‍ വാങ്ങി നടന്ന എനിക്ക് കിട്ടിയ ഉപദേശമായിരുന്നു; ഇതിനേക്കാള്‍ ചുരുങ്ങിയ വിലയില്‍ ഇതൊക്കെ ട്രെയിനില്‍ വരും.. അതു സത്യമായിരുന്നു... 1000 രൂപ വിലപറഞ്ഞ ടേപ്‌റിക്കോര്‍ഡര്‍ 200 രൂപക്ക് വാങ്ങിയപ്പോഴെ ഓപ്പോള്‍ ചീത്ത വിളിക്കാന്‍ തുടങ്ങി.. പക്ഷെ എട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും അതിന്നും യാതൊരു കേടും കൂടാതെ പാടുന്നുണ്ട്.. പിന്നെയും വന്നു പലതും.. മുത്തുകല്ലുമാലകളും കൌതുകവസ്തുക്കളും അങ്ങിനെ പലതും.. കയ്യിലെ കാശ് തീരുകയും ഓപ്പോളുടെ ചീത്തവിളികൂടുകയും ചെയ്തപ്പോള്‍ കാത്തിരിപ്പ് വെറും കാഴ്ചമാത്രമായി.. അത്രയൊന്നും വൈവിധ്യം കേരളത്തിലെ ട്രെയിന്‍ വില്പനകളില്‍ കണ്ടിട്ടില്ല.. അന്നു വാങ്ങികൂട്ടിയതില്‍ ഒരിക്കല്‍ പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ലാത്ത കല്ലുമാലകള്‍ ഇന്നും ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.. വെറും ഒരു കൌതുകം..

വല്ലപ്പൊഴും യാത്രചെയ്യുന്നവരാണ് ഈ വില്പനക്കാരുടെ വലയില്‍ അധികവും വീഴുന്നത്.. സ്ഥിരം യാത്രക്കാരും ഇവരും പരസ്പരം അധികമൊന്നും ഗൌനിക്കാറില്ല.. ഒരേ വഴിയെ ഉള്ള യാത്രകള്‍ കൂടുമ്പോള്‍ പരിചിതമായ മുഖങ്ങളുടെ എണ്ണവും കൂടുന്നു.. കോട്ടണ്‍ സോക്സ് ടവല്‍ വില്പനക്കെത്തുന്ന മെലിഞ്ഞു നീണ്ട മനുഷ്യന്‍.. അയാളുടെ ശബ്ദം ആള്‍കൂട്ടത്തില്‍ പോലും തിരിച്ചറിയാം.. .. അതിനെന്തൊ പ്രത്യേകതയുണ്ട്.. അല്ലെങ്കില്‍ ആ വായ്ത്താരിയുടെ താളം കാരണവുമാവാം.. അയാള്‍ക്ക് ഞാന്‍ പരിചിതയല്ലെങ്കിലും അയാള്‍ എനിക്ക് പരിചിതന്‍..

"ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നതെന്തുകൊണ്ട്?"

"മറ്റൊന്നും വലിക്കാന്‍ ഇല്ലാത്തതുകൊണ്ട്"

"നാട്ടില്‍ പോവാണല്ലെ" എന്നു ചോദിക്കുന്ന തമാശവില്പനക്കാരന്‍.. ആദ്യത്തെ തവണ അയാളങ്ങിനെ ചോദിച്ചപ്പോ എനിക്കിത്തിരി ദേഷ്യം വന്നു.. പുറകെ വേറെയും ചോദ്യങ്ങള്‍ വരുമൊ എന്നൊരു ഭയവും.. അയാള്‍ക്ക് എന്റെ നാടും നാളും അറിയില്ലെന്ന് എനിക്കും അയാള്‍ക്കും അറിയാം.. പക്ഷെ ഞങ്ങള്‍ക്ക് പരസ്പരമറിയാം.. വരാന്ത്യങ്ങളിലെ യാത്രക്കാരിയും തമാശവില്പനക്കാരനുമായി.. ഒരു ദിവസം ഞാനും ആ പുസ്തകം വാങ്ങിയിരുന്നു.. പിന്നെ വായിക്കാന്‍ കൈമാറിപോയപ്പോള്‍ ട്രെയിനില്‍ തന്നെ നഷ്ടമായി.. ഇപ്പോള്‍ വായിച്ചു നോക്കാനായി പോലും അതെനിക്ക് തരാറില്ല.. പക്ഷെ കേട്ട് കേട്ട് ആ പുസ്തകം മുഴുവന്‍ കാണാപാഠമായിരിക്കുന്നു..

"ഇതാണിന്ത്യയുടെ ഭൂപടം" എന്ന് കവിത ചൊല്ലിയില്ലെങ്കിലും, ഒരു തുണ്ടു ഭൂമി സ്വന്തമാക്കാന്‍ കാശില്ലാത്തവര്‍ക്കും, ചുരുങ്ങിയ കാശിന് ലോകം മുഴുവന്‍ വില്‍ക്കാന്‍ ‍തയ്യാറായി വരുന്ന തലേക്കെട്ടുകാരന്‍..

മുമ്പ് ഒരുപാട് അന്വേഷിച്ചിട്ടും കിട്ടാതിരുന്ന ചിലപുസ്തകങ്ങള്‍ എനിക്ക് കിട്ടിയത് ഈ തീവണ്ടികച്ചവടക്കാരില്‍ നിന്നാണ്.. അതില്‍ ഒരിക്കലും മറക്കാത്ത ഒരു മുഖമുണ്ട്.. പാലക്കാട് ഇംഗ്ലീഷ് എം എ ക്ക് പഠിച്ചിരുന്ന ഒരു പയ്യന്‍.. ശനിയും ഞായറും പുസ്തകം വിറ്റ് പഠിക്കാനുള്ള കാശുണ്ടാക്കിയിരുന്നവന്‍.. പേരോര്‍ക്കുന്നില്ല.. പക്ഷെ ചന്ദനകുറിയിട്ട ചിരിക്കുന്ന ആ മുഖം മാത്രം മനസ്സിലുണ്ട്.. പലതവണ കണ്ട പരിചയത്തില്‍ നിന്നാവാം പുതിയ പുസ്തകങ്ങള്‍ കയ്യിലുണ്ടെങ്കില്‍ പറയും.. പലരും അവനോട് വിലപേശുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്.. എന്തിനെന്ന് ചോദിച്ചാല്‍, എന്തൊ ഒരു വിഷമം..

കനമുള്ള പുസ്തകങ്ങളുമായി വരുന്നവരേക്കാള്‍ കൂടുതല്‍ പത്തു രൂപാ പുസ്തകക്കാര്‍ തന്നെ.. ഒരു യാത്രയുടെ വായനക്ക് അതു ധാരാളം എന്നതിനാലാവാം.. കുന്നംകുളം എച്ച് & സി കാരായിരുന്നു ഈ പുസ്തകങ്ങളുടെ കുത്തകക്കാര്‍.. പക്ഷെ ഇപ്പോള്‍ സൂര്യനുതാഴെയുള്ള എന്തിനെ കുറിച്ചും ഈ പത്ത് രൂപാ പുസ്തകങ്ങളുമായി പലരും രംഗത്തുണ്ട്.

വിലപ്പെട്ട വസ്തുവായി സൂക്ഷമതയോടെ കൈകാര്യം ചെയ്തിരുന്ന സിഡികള്‍ റോഡരികിലെ വില്പനവസ്തുവായിട്ട് അധികം കാലമായില്ല.. പാട്ടുകളുടെ സിഡികള്‍ തന്നെ അതില്‍ മുന്‍പന്തിയില്‍.. ട്രെയിനില്‍ സി ഡി വില്പനക്കാരെ സാധാരണ കാണാറുണ്ടെങ്കിലും ഈ ആഴ്ചയില്‍ കണ്ടൊരാള്‍ ശരിക്കും ശ്രദ്ധപിടിച്ചു പറ്റുന്നതായിരുന്നു.. പഞ്ചായത്തും വില്ലേജും മുനിസിപ്പാലിറ്റിയുമൊക്കെ ഓരോ സര്‍ട്ടിഫിക്കറ്റുകളുടെ പേരില്‍‍ മനുഷ്യനെ നട്ടം തിരിക്കുന്നത് ചില്ലറയല്ല.. പക്ഷെ ഇതിനെല്ലാം അപേക്ഷിക്കാനുള്ള 529 ഫോംസും കിട്ടാനുള്ള നടപടിക്രമങ്ങളും (കിമ്പളത്തിന്റെ കാര്യം ഉണ്ടൊ എന്നറിയില്ല) ഇതിലുണ്ടന്നാണ് അയാള്‍ തൊണ്ട പൊട്ടി പറഞ്ഞു കൊണ്ടിരുന്നത്.. എന്തായാലും ആ ഒരു കമ്പാര്‍ട്ട്മെന്റില്‍ മാത്രം 10/15 എണ്ണം വിറ്റു.. അറുപത് രൂപയില്‍ ഒരു രൂപകുറക്കാനുള്ള ആവശ്യം പോലും അയാള്‍ പുല്ലു പോലെ തള്ളുന്നത് കണ്ടപ്പൊ അയാളുടെ പ്രൊഡക്റ്റില്‍ അയാള്‍ക്കുള്ള വിശ്വാസം ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.. രണ്ടാമതിറക്കിയ “എങ്ങിനെ വൈനുണ്ടാക്കാം” എന്നത് ആരും തിരിഞ്ഞു നോക്കിയതുമില്ല.. ഇയാളായിരുന്നു ഞാന്‍ ട്രെയിനില്‍ കേറുമ്പോള്‍ അരങ്ങത്തുണ്ടായിരുന്നത്.. പക്ഷെ ഇറങ്ങാനായി വാതില്‍‌ക്കല്‍ നില്‍ക്കുമ്പോള്‍ ‍ വന്നത് ഭൂതകണ്ണാടികളായിരുന്നു.. പലവലിപ്പത്തിലുള്ള ലെന്‍സുകളുമായി ഒരാള്‍ ‍ തിക്കിതിരക്കി എത്തിയപ്പോള്‍, ആരോ ചോദിക്കുന്നുണ്ടായിരുന്നു

"ഭാവികണ്ണാടികള്‍ ഉണ്ടോ"

ട്രെയിന്‍ നിര്‍ത്തി ഇറങ്ങി പോന്നതു കൊണ്ട് അയാള്‍ എന്താണ് ഉത്തരം പറഞ്ഞതെന്ന് കേട്ടില്ല..

==============

എന്റെ കൂട്ടുകാരിക്ക് എഞ്ചിനീയറിംഗ് കോളേജില്‍ റാഗങിനു കിട്ടിയത് മോണോആക്റ്റ് അവതരിപ്പിക്കാനായിരുന്നു.. വിഷയം നൂറു രൂപ ചിലവാക്കണം.. വീട്ടില്‍ നിന്നും കോളേജിലേക്ക് വരാന്‍ അവള്‍ ട്രെയിനില്‍ കയറി.. കണ്ണുകാണാത്ത പിച്ചക്കാരനും ലോട്ടറികച്ചവടക്കാരനും പിന്നെ ഓരോ സ്റ്റേഷനിലെയും ചായ-വടൈക്കാരും വന്നു പോയപ്പൊ.. അവള്‍ റാഗ് ചെയ്യാന്‍ വന്ന നേതാവിനോട് ചെന്നു പറഞ്ഞു.. "ചേട്ടാ.. നൂറുരൂപകൊണ്ട് ഒന്നുമാവുന്നില്ല"..

23 comments:

ഇട്ടിമാളു അഗ്നിമിത്ര said...

എന്റെ കൂട്ടുകാരിക്ക് എഞ്ചിനീയറിംഗ് കോളേജില്‍ റാഗങിനു കിട്ടിയത് മോണോആക്റ്റ് അവതരിപ്പിക്കാനായിരുന്നു.. വിഷയം നൂറു രൂപ ചിലവാക്കണം.. വീട്ടില്‍ നിന്നും കോളേജിലേക്ക് വരാന്‍ അവള്‍ ട്രെയിനില്‍ കയറി.. കണ്ണുകാണാത്ത പിച്ചക്കാരനും ലോട്ടറികച്ചവടക്കാരനും പിന്നെ ഓരോ സ്റ്റേഷനിലെയും ചായ-വടൈക്കാരും വന്നു പോയപ്പൊ.. അവള്‍ റാഗ് ചെയ്യാന്‍ വന്ന നേതാവിനോട് ചെന്നു പറഞ്ഞു.. "ചേട്ടാ.. നൂറുരൂപകൊണ്ട് ഒന്നുമാവുന്നില്ല"

Sunith Somasekharan said...

ithirikoodi valiya aksharam aakaamayirunnu .... kollaam ...

chithrakaran ചിത്രകാരന്‍ said...

ഒരു ട്രൈന്‍ യാത്ര ചെയ്ത പ്രതീതി.

Unknown said...

ഭൂതക്കണ്ണാടി നോക്കി ഭാവിപറയുന്നവരുണ്ടല്ലോ!

അപ്പോ വേണേല്‍ അതിനെ ഭാവിക്കണ്ണാടി എന്നും വിളിക്കാമല്ലേ??

എനിക്കിഷ്ടായിട്ടോ...

Bindhu Unny said...

നല്ല വിവരണം. :-)

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

ട്രെയിന്‍ യാത്രകള്‍ വളരെ കഷ്ടിയേ നടത്തിയിട്ടുള്ളൂ... അധികവും യാത്ര ബസില്‍ ആയിരുന്നു. നീണ്ട ട്രയിന്‍ യാത്ര ഡല്‍ഹി വരെ. അന്ന് കൂടെ പത്തിരുപത് പേരുണ്ടായിരുന്നത് കൊണ്ട് യാത്ര - ആസ്വാദനം ഞങ്ങളില്‍ തന്നെ ചുരുങ്ങിയതായി തോന്നീട്ടുണ്ട്.

പിന്നെയുള്ള യത്രകള്‍ ജീവിതത്തില്‍ മറക്കാത്തവ. തിരൂരില്‍ നിന്ന് തിരുവന്തപുരത്തേക്കും തിരിച്ചും‍... ലക്ഷ്യം റീജണല്‍ ക്യാന്‍സര്‍ സെന്റര്‍... ഉറങ്ങാനാവത്ത ഉപ്പയുടെ തല മടിയില്‍ വെച്ച് (ഉറങ്ങാന്‍ പലവട്ടം നിര്‍ബന്ധിച്ചിട്ടും) രോഗത്തെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനായി മനസ്സില്‍ കരഞ്ഞ് ഒരു രാത്രി...

ഈ പോസ്റ്റിന്റെ ഒറ്റവായന കട കട ശബ്ദവും ഉപ്പയുടെ ചൂടുള്ള കണ്ണീരും ആണ് ഓര്‍മ്മിപ്പിച്ചത്.

പോസ്റ്റ് നന്നായി...

കിണകിണാപ്പന്‍ said...

ഒരു കിടിലന്‍ കിണകിണാപ്പന്‍ യാത്രപോലെ എഴുത്തിനൊഴുക്ക്‌.

ജിജ സുബ്രഹ്മണ്യൻ said...

ഇട്ടിമാളൂ നന്നായി..എനിക്കാണെങ്കില്‍ ട്രെയിന്‍ യാത്രയേക്കാള്‍ ഇഷ്ടം ബസ് യാത്രയാ..അന്യോന്യം മുഖം നോക്കി ഇരുന്നു യാത്ര ചെയ്യണ്ടല്ലോ..ഹ ഹ ഹ
ചുമ്മാതാ. എന്റെ വീടു കെ എസ് ആറ് ടി സി സ്റ്റാന്റിനടുത്താ.റ്റ്രെയിന്‍ കിട്ടണമെങ്കില്‍ ആലുവ വരെ പോകണം..അ തിന്റെ മടി ഓര്‍ക്കുമ്പോള്‍ ബസ് തന്നെ ഇഷ്ടം... പിന്നെ ജീവിതത്തിന്റെ ഏറിയ പങ്കും ബസില്‍ തന്നെ ചിലവഴിച്ചതിനാല്‍ ബസില്‍ കയറിയാല്‍ സുഖമായി ഉറങ്ങാനും എനിക്കു പറ്റുന്നുണ്ട്..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എനീയ്ക്കേറെ ഇഷ്ടമാണ് ട്രൈന്‍ യാത്ര

വിവരണം നന്നായി

420 said...

ട്രെയിന്‍യാത്ര പരിചയമില്ലാത്തതിനാല്‍ (പേടി ആയിരുന്നതിനാലും) എനിക്ക്‌ ട്രെയിന്‍ ഇഷ്ടമേയല്ല എന്നുപറഞ്ഞുനടന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ആഴ്‌ചതോറും ട്രെയിന്‍യാത്രയുണ്ട്‌- വേണാടും ശബരിയും ചെന്നൈ മെയിലുമൊക്കെയായി.
ആ സോക്‌സ്‌ വില്‌പനക്കാരന്‍- നീണ്ടു മെലിഞ്ഞ്‌ താടിവച്ചയാള്‍. ശരിയാണ്‌, ഈ ഞായറാഴ്‌ചയും കേട്ടു നല്ല ബേസുള്ള അയാളുടെ ശബ്ദം.
........
നല്ല കുറിപ്പ്‌.

***
ഇത്തിരിവെട്ടത്തിന്റെ ആ യാത്ര
ഒരു വിങ്ങല്‍ പോലെ... ഇപ്പോഴും..

അയല്‍ക്കാരന്‍ said...

ഒരു ദശകം മുമ്പ്, നാലു വര്‍ഷത്തോളം ദിവസം രണ്ട്നേരം കേട്ടിരുന്ന ഒരു പാട്ടാണ് എനിക്ക് ട്രെയിന്‍ യാത്ര. “അക്കരയ്ക്ക് യാത്ര ചെയ്യും സീയോണ്‍ സഞ്ചാരീ, ഓളങ്ങള്‍ കണ്ട് നീ ഭയപ്പെടേണ്ട”, ഭിക്ഷ യാചിച്ചിരുന്ന ആ പെണ്‍കുട്ടി ഇന്നു വലുതായിട്ടുണ്ടാവാം.....

salil | drishyan said...

വളരെ നല്ല വിവരണം മാളൂസേ...

വേണാടിന്‌റ്റെ വഴികളിലെ തമാശവില്പനക്കാരനും ഭൂലോകകച്ചവടക്കാരനും ഭൂതക്കണ്ണാടിക്കാരനുമെല്ലാം മനസ്സില്‍ തങ്ങി നില്‍കുന്നു. ട്രെയിന്‍ യാത്രകളില്‍ (കൂടുതല്‍ സഞ്ചരിച്ചത് കോഴിക്കോട്-തിരുവനതപുരം റൂട്ടിലാണ്) ഷൊര്‍ണ്ണൂര്‍ ആണ് എന്‍‌റ്റെ ഇഷ്ടസ്റ്റേഷന്‍. അവിടെ കിട്ടുന്ന ദോശയും ചമ്മന്തിയും പരിപ്പു വടയും, ഹോ ആ മണം ചുറ്റും നിറയുന്ന പോലെ.

ഒരു ജനാലയ്ക്കരികിലെ സീറ്റും ഒരു പുസ്തകവും, ഇതു തന്നെയാ എന്‍‌റ്റെയും ട്രെയിന്‍‌യാത്രകളെ ആസ്വാദ്യകരമാക്കുന്നത്.

വായിച്ച് കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കട-കട ശബ്ദം അലയടിക്കുന്നു. :-)

സസ്നേഹം
ദൃശ്യന്‍

ഉപാസന || Upasana said...

ഐലന്റ് ഓടുകയാണ് നാട്ടിലേയ്ക്ക്.
സാധാരണദിവസമായിട്ടും നല്ല തിരക്കാണ് ട്രയിനില്‍.

എന്റടുത്തായി നിലത്ത് ഇരുന്നിരുന്നത് ഒരു വൃദ്ധന്‍ ആയിരുന്നു.
മുഷിഞ്ഞ ലുങ്കിയും ഒരൊറ്റ കീറ ഷര്‍ട്ടും മാത്രമിട്ട ഒരു അപ്പൂപ്പന്‍.
കുഴിഞ്ഞ കണ്ണുകള്‍. വലിയ അവശതയൊന്നുമില്ലെങ്കിലും ദയനീയന്‍.
എന്റെ കണ്ണുകളിലേയ്ക്ക് ശൂന്യനായി നോക്കി.

ടോയ്ലറ്റില്‍ നിന്ന് വരുന്ന മൂത്രഗന്ധത്തെ അവഗണിച്ച് ഞങ്ങള്‍ ആടിക്കുലുങ്ങി യാത്ര ചെയ്തു.
ഇടയ്ക്ക് മാതൃഭൂമി വീക്കിലി അലസമായി മറിച്ച് നോക്കി.

സേലം കഴിഞ്ഞപ്പോള്‍ ഞാന്‍ കാലുകള്‍ പുറത്തിട്ട് വാതിലിനരുകിലേയ്ക്ക് നീങ്ങിയിരുന്നു , ഇരുട്ടിലേയ്ക്ക് ഓടി മറയുന്ന നിഴലുകളെ നോക്കി.
ഇടയ്ക്ക് തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകളെ നോക്കി (ഇതിഹാസം മനസ്സിലെത്തുന്നു).

ഈറോഡില്‍ നിന്ന് പുറപ്പെട്ടപ്പോ ഒരു ചൂട് ചായ വാങ്ങി.തണുപ്പ് അസഹ്യമാണ്.
മൊത്താനായി കപ്പ് ഉയര്‍ത്തിയപ്പോ എന്ത് കൊണ്ടോ മിഴികള്‍ പിന്നിലേയ്ക്ക് ചലിച്ചു.

വൃദ്ധന്‍ അവിടെത്തന്നെയുണ്ട്.
തണുപ്പത്ത് കൂഞ്ഞിക്കൂടി അവിടെയുണ്ട്.

ഞാന്‍ തിരിച്ചറിഞ്ഞു, ജ്ഞാനിയേപ്പോലെ.
എന്തെന്നാല്‍ ആ കണ്ണുകളില്‍ പ്രതീക്ഷയുണ്ടെന്ന്, എന്നെപ്പറ്റി.

ട്രയിന്‍ സ്പീഡെടുക്കുകയായിരുന്നു, കാറ്റും.
ഭൂതക്കാലത്തിന്റെ ഗന്ധമുള്ള ആ കാറ്റില്‍ ഞാന്‍ എന്റെ അമ്മയുടെ ദയനീയ ശബ്ദത്തിന്റെ അലയൊലികള്‍ കേട്ടു.

“പഞ്ചാര ഇല്ലെങ്കീ അമ്മ എന്താ മോനേ ചെയ്യാ. മോനീ കാപ്പി കുടി..!”

എന്റെ കാഴ്ചകള്‍ മറച്ച് കണ്ണുകള്‍ നിറഞ്ഞു.
ചായക്കപ്പ് പിന്നിലേയ്ക്ക് നീണ്ടു.
സന്തോഷം.

ഞാന്‍ കൂപ്പുകുത്തി മനസ്സിലെരിയുന്ന കുറേ സ്മരണകളിലേയ്ക്ക്.


Train yathrakal marakkanilla.
athra ishtamane.
general compartment aane aalukale aduththariyan nallathe.


നല്ല പോസ്റ്റ്.
ഇട്ടിമാളുവിന് അഭിനന്ദനങ്ങള്‍
:-)
ഉപാസന

ഇട്ടിമാളു അഗ്നിമിത്ര said...

ഹായ് ക്രാക്ക്(?).. മാറ്റി കേട്ടൊ.. :)

ചിത്രകാരാ.. നന്ദി.. [ടിക്കെറ്റ് എടുത്തിരുന്നൊ ;)]

നിഷാദ്.. കൈനോട്ടമാണോ?

ബിന്ദു.. നന്ദി :)

ഇത്തിരി.. എന്താപ്പൊ പറയാ? ഒരു വിങ്ങല്‍ ബാക്കിയാവുന്നു

കിണകിണാപ്പാ.. ആദ്യമായാണല്ലെ ഇവിടെ ?

കാന്താരി..ഏതെങ്കിലും ബസ്സ് തീരെഴുതികിട്ടുമൊ?

പ്രിയ.. എനിക്കും

ഹരിപ്രസാദ്.. വേണാട്, ശബരി, ചെന്നൈമെയില്‍.. അപ്പൊ നമ്മള്‍ എവിടെലും വെച്ച് കണ്ടുകാണുമല്ലൊ.. അതൊ വിപരീതദിശകളിലാണൊ നമ്മുടെ സഞ്ചാരം

അയല്‍ക്കാരാ.. അവള്‍ ഒത്തിരി വളര്‍ന്നു.. തോളിലെ മാറാപ്പില്‍ നിന്നും പുറത്തിറങ്ങി അവളുടെ കുഞ്ഞും ഇന്നും പാടാന്‍ തുടങ്ങിയിരിക്കുന്നു..


ദൃശ്യാ.. ഷൊര്‍ണൂര്‍ എന്റെയും ഇടത്താവളമാണ്..

ഉപാസനാ.. എഴുതിയതെല്ലാം കണ്മുന്നില്‍ തെളിയും പോലെ..ആ കാറ്റും കുളിരുമെല്ലാം..

ശ്രീ said...

ഒരു ട്രെയിന്‍ യാത്ര കഴിഞ്ഞതു പോലെ തോന്നുന്നു. ഒരു സമയത്ത് ട്രെയിന്‍ യാത്ര സ്ഥിരമായിരുന്നു. നിത്യവും കണ്ട് പരിചയക്കാരാകുന്ന യാത്രക്കാരും, കച്ചവടക്കാരും...

നല്ലൊരു പോസ്റ്റ്.
:)

ഇട്ടിമാളു അഗ്നിമിത്ര said...

ശ്രീ.. നന്ദിയുണ്ട്.. വായനയ്ക്...

Linq said...

Hi,

This is Alpesh from Linq.in and I thought I would let you know that your blog has been ranked as the Best Blog of week on 2008-07-27.

Check it out here Award

Linq tracks posts from Indian blogs and lists them in order of recent interest.
We offer syndication opportunities and many tools for bloggers to use in there
web sites such as the widget below:

Blogger Tools

By adding this widget you would be able to know the Weekly Statistics of your blog and the various details such as Rank,Votes and the Awards you get from Linq.


Alpesh
alpesh@linq.in
www.linq.in

Prajeshsen said...

theevandi yathrakal neertha chila nomparamkalum athramel santhoshavum enikku thannittunde
ee post theerchayayum oru deerkhayathrayude oormakal oru
gum pole ottippidikkunnuu


great post

ഇട്ടിമാളു അഗ്നിമിത്ര said...

പ്രജേഷ്..നന്ദി

സ്വപ്നാടകന്‍ said...

കൊള്ളാം നല്ല അവതരണം..:)

യാത്രകള്‍ എനിക്കും പ്രിയപ്പെട്ടവ തന്നെ..ട്രെയിന്‍ ആയാലും ബസ്‌ ആയാലും..ബൈക്ക് ആയാലും,പക്ഷേ ഒന്നിന്റേം പൈലറ്റ്‌ ആയി അല്ലാട്ടോ..

4 വര്‍ഷമായി,ജോലിക്കാരനായത്തിനു ശേഷം ട്രെയിന്‍ യാത്ര ശീലമായി...രണ്ടു സ്റ്റേഷനുകളുടെ അടുത്താണ് വീട് എന്നത് കൊണ്ടും,ട്രെയിന്‍ യാത്രകള്‍ പണ്ടും നടത്തിയിട്ടുള്ളതുകൊണ്ടും അത്ര പുതുമയൊന്നും തോന്നിയില്ല..ആദ്യത്തെ ജോലി മുംബൈയിലായിരുന്നു..എന്നും സബര്‍ബന്‍ ട്രെയിനില്‍..വാഷിയില്‍ നിന്നും ഖാട്ട്കോപ്പര്‍ വരേയ്ക്കും..തിരിച്ചും..അതൊരു വ്യത്യസ്തമായ അനുഭവമാണ്..തൂങ്ങിപ്പിടിച്ച്..തിരക്ക് എന്നാല്‍ എന്താണെന്ന് നമ്മളറിയും..എന്നാലും അതിനിടയില്‍ക്കൂടിയും ഉണ്ടാകും കച്ചവടക്കാര്‍..നാരങ്ങയും മറ്റുമൊക്കെ വില്‍ക്കുന്നവര്‍..ഇവിടത്തെ ട്രെയിനുകളില്‍ കാണാത്ത മറ്റൊരു കൂട്ടര്‍ കൂടി ഉണ്ടാകും..ഹിജഡകള്‍..തൊട്ടും തലോടിയും ആംഗ്യങ്ങള്‍ കാണിച്ചും അവര്‍ കൈ നീട്ടും..കാശ് കൊടുക്കാത്തവര്‍ വിവരമറിയും..എല്ലാവരും അവരെ കാണുമ്പോള്‍ത്തന്നെ കൈയിലുള്ള ചില്ലറ റെഡി ആക്കി വച്ചിരിക്കും..ഒരിക്കല്‍ അങ്ങനെയൊരാള്‍ മൂക്കുത്തി ഊരി,അതുകൊണ്ട് കുത്താന്‍ വന്നിട്ടുണ്ട്..ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്..

ഇപ്പൊ ആഴ്ചയില്‍ രണ്ടു ദിവസം ഇന്റര്‍സിറ്റി/നേത്രാവതി/എക്സിക്യുട്ടിവ് ..ത്രിശൂര്‍ നിന്നും പരപ്പനങ്ങാടി/കോഴിക്കോട് വരേയ്ക്കും തിരിച്ചും...ഇതില്‍ പറഞ്ഞവര്‍ കൂടാതെ അണ്ടിപ്പരിപ്പ്,(ചൂട് കാലമാണെങ്കില്‍)മോര് ,ഇഞ്ചി മിട്ടായി എന്നിവയൊക്കെ വില്‍ക്കുന്നവരുണ്ടാകും പരിചയക്കാര്‍..
പുസ്തകമായി മിക്കവാറും മാതൃഭൂമി ആഴ്ച്ചപ്പതിപ്പായിരിക്കും കൂടെ.ഒരു ബുക്കും തുറന്നു പിടിച്ച്,അതിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്നവര്‍ ജാഡകളായിരിക്കും എന്നാണു എന്റെ പക്ഷം..ചുറ്റുപാടുമിങ്ങനെ ശ്രദ്ധിച്ചിരിക്കുന്നതിനേക്കാള്‍ രസമുണ്ടോ ട്രയിനിന്റെം യാത്രക്കാരുടെം ബഹളത്തിനിടയില്‍ പുസ്തകം വായിക്കാന്‍..?

ജനറല്‍ കമ്പാര്‍ട്ട്മെന്റ് യാത്ര പലപ്പോഴും രസകരമാണ്..ഒരുപാട് അനുഭവങ്ങളുണ്ടാകും..:)

മാഹിഷ്മതി said...

manoharam

ഇട്ടിമാളു അഗ്നിമിത്ര said...

സ്വപ്നാടകന്‍.. വാരാന്ത്യം ഷട്ടിൽ ആണല്ലെ.. ഞാനും അങ്ങിനെ തന്നെ.. പിന്നെ പുസ്തകം വായിക്കുന്നവരെ കുറ്റം പറയല്ലെ.. യാത്രകളിൽ എനിക്കും പുസ്തകം കൂട്ടാവാറുണ്ട്.. എന്നാലും രസകരം വായ്നോട്ടം തന്നെ..

മാഹിഷ്‌മതി.. നന്ദി