Tuesday, June 24, 2008

എനിക്ക് അമ്മയാവേണ്ട..

അമ്മയാവാനാവാത്തതാണ് തന്റെ ഏറ്റവും വലിയ ദു:ഖമെന്ന പറഞ്ഞ മഹാത്മാവാണ് നമ്മുടെ രാഷ്ട്രപിതാവ്..

പ്രകൃതിയുടെ സുന്ദരഭാവങ്ങള്‍ എല്ലാം ചേര്ന്നതാണ് അമ്മയെന്ന സങ്കല്പം.. അതിനെ സ്വന്തമാക്കുകയെന്നത് സ്ത്രീക്കു മാത്രം ദൈവം നല്‍കിയ വരദാനവും..

കൊച്ചരി പല്ലുകള്‍ കാട്ടി പുഞ്ചിരിക്കുന്ന.. പാലുനുണഞ്ഞു ചായുറങ്ങുന്ന.. ആരോടെന്നില്ലാതെ ഏതു ഭാഷയിലെന്നില്ലാതെ എന്തൊക്കെയൊ സ്വയം പറഞ്ഞ് .. കൈകാലിട്ടടിച്ച് കളിക്കുന്ന ഒരു കുഞ്ഞു വാവ.. ഏതു കരിങ്കല്‍ ഹൃദയവും അലിയുന്ന കാഴ്ച.. സ്വന്തം സ്ത്രീത്വത്തിന്റെ പ്രഖ്യാപനമാണ് അമ്മയെന്ന പദവി.. ജീവിതത്തില്‍ എന്തു ഡിഗ്രികളും സ്ഥാനമാനങ്ങളും സ്വന്തമാക്കിയാലും അമ്മയെന്ന പട്ടം ഏതു സ്ത്രീയും അതിനേക്കാളൊക്കെ ഉപരിയായി സ്വജന്മത്തിന്റെ സാക്ഷാത്കാരമായി കരുതുന്നു.. അമ്മയെന്നത് ഏതൊരു കുഞ്ഞിനും ആദ്യത്തെയെയും അവസാനത്തെയും അഭയസ്ഥാനമാണ്.. എത്ര പ്രായമായാലും ഏതു നിലയിലെത്തിയാലും മക്കള്‍ എന്നും മക്കള്‍ തന്നെ.. ശാസിക്കാനും ശിക്ഷിക്കാനും അമ്മക്കുള്ള അധികാരത്തിന് ഒരിക്കലും കോട്ടം തട്ടുന്നില്ല.. പലപ്പൊഴും അച്ഛനിലേക്കുള്ള ഒരു ചൂണ്ടു പലകകൂടിയാണ് അമ്മ.. പക്ഷെ ..

ജന്മം നല്‍കുന്നതോടെ അമ്മമാരുടെ കടമ തീരുന്നൊ.. മക്കളുടെ മാര്‍ക്കും ഗ്രേഡും മാത്രം അമ്മമാര്‍ അറിഞ്ഞാല്‍ മതിയൊ.. മക്കളുടെ കൊച്ചുകൊച്ചു കാര്യങ്ങള്‍ പോലും അമ്മമാര്‍ അറിഞ്ഞിരുന്ന കാലമുണ്ടായിരുന്നു.. അന്ന്‍ എന്തും തുറന്നു പറയാമായിരുന്ന അഭയം തന്നെയായിരുന്നു അമ്മ.. കൂട്ടുകുടുംബത്തിന്റെ സംരക്ഷണത്തിനു വെളിയില്‍ കിടന്നിട്ടും, അമ്മമ്മ അച്ഛമ്മ മുത്തശ്ശി അങ്ങിനെ പലരുടെയും ലാളനയും പരിഗണനയും നഷ്ടപ്പെട്ടിട്ടും അമ്മയുണ്ടായിരുന്നു... പക്ഷെ എവിടെ വച്ചാവാം അമ്മയും മകളും അകലാന്‍ തുടങ്ങിയത്.. മകളുടെ മുഖമൊന്ന് വാടിയാല്‍ പോലും അതിനു പുറകിലെ കാരണം അറിയാവുന്നവരായിരുന്നു അമ്മമാര്‍.. ആരോടും പറഞ്ഞില്ലെങ്കിലും അമ്മയോട് പറയാം എന്ന് ഓരോ പെണ്മക്കളും വിശ്വസിച്ചിരുന്നു.. അവരുടെ വളര്‍ച്ചയില്‍, പെണ്‍‌കുഞ്ഞില്‍ നിന്നും പെണ്ണിലേക്കുള്ള യാത്രയില്‍ ഓരോ അടിവെപ്പിലും അവള്‍‍ അറിയേണ്ടതും ചെയ്യേണ്ടതും എന്തെന്നും ഏതെന്നും പറയാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ അമ്മ കൂടെ ഉണ്ടായിരുന്നു.... ഇന്നും അമ്മകൂടെയുണ്ട്, പക്ഷെ അതൊരു ശരീരസാന്നിധ്യം മാത്രമാണോ?

ദാരിദ്ര്യത്തിന്റെ പേരില്‍ മറ്റൊരു വീട്ടില്‍ വേലക്ക് വിടുമ്പോള്‍ എന്താണ് അവിടത്തെ സ്ഥിതിയെന്ന് ഒരമ്മ തിരക്കാതിരിക്കുമൊ.. തന്റ്റെ നേരെ തിരിയുന്ന ഒരാളുടെ നോട്ടത്തില്‍‍ നിന്നു പോലും അയാളുടെ സ്വഭാവം തിരിച്ചറിയുന്ന പെണ്ണെന്തെ സ്വന്തം മകളുടെ കാര്യത്തില്‍ ഒന്നും അറിയാതെ പോവുന്നത്.. തിരിച്ചറിവില്ലാത്ത കുട്ടിയെ മറ്റൊരാളുടെ കൂടെ വിടുമ്പോള്‍ എന്തെ സാഹചര്യങ്ങളെ കുറിച്ച് മകളെ ബോധവതിയാക്കാത്തത്.. സഹതാപത്തിന്റെയൊ കാരുണ്യത്തിന്റെയൊ പേരില്‍ ആരെങ്കിലും മകളെ നോക്കിവളര്‍ത്തിക്കോളാം എന്നു പറയുമ്പോള്‍ എങ്ങിനെയാണ് ഒരമ്മക്ക് സ്വന്തം മകളെ മറ്റൊരു കയ്യില്‍ ഏല്പിക്കാന്‍ കഴിയുന്നത്.. ജീവിതമറിഞ്ഞ അമ്മയും അറിയാത്ത മകളും രണ്ടും രണ്ടല്ലെ.. ആരും സൌജന്യമായി ഒന്നും തരില്ലെന്ന് അവര്‍ അറിയാതെ പോവുന്നതെന്ത്...

കാലം മാറിയതും ആരും സുരക്ഷിതരല്ലെന്നും ഓരോ അമ്മക്കും നന്നായി അറിയാവുന്നതല്ലെ.. അകലത്തിരിക്കുന്ന കുഞ്ഞിന്റെ വിരലൊന്നു നൊന്താല്‍ പോലും അമ്മ അതറിയുന്നത്ര ശക്തമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമെന്ന് ശാസ്ത്രം പറയുന്നു.. എന്നിട്ടും കണ്മുന്നിലെ മകള്‍ക്ക് സംഭവിക്കുന്നത് ഒരമ്മ അറിയാതെ പോവുന്നതെന്ത്.. അറിയാതെ പോയത് അമ്മയോട് പറയാന്‍ മകള്‍ കഴിയാതെ പോവുന്നതെന്ത്..

പൂവരണിയിലെ കുട്ടിയെ കൊണ്ടുപോയത് സ്വന്തം അനിയത്തിയായതാണ് അമ്മ അവിശ്വസിക്കാതിരിക്കാന്‍ കാരണം.. എങ്കിലും ദിവസങ്ങളോളം മകളെ കാണാതിരിക്കുമ്പോള്‍ ആ അമ്മക്ക് ഒരിക്കലും തോന്നിയിരിക്കില്ലെ മകള്‍ എവിടെ എന്നും എങ്ങിനെ എന്നും അറിയണമെന്ന്.. സന്തോഷ് മാധവന്റെ കൂടെ എന്തു പൂജക്കാണെങ്കിലും പലപ്പൊഴും മകള്‍ പോയിട്ടും എന്തെ അമ്മമാര്‍ ശ്രദ്ധിക്കാതിരുന്നത്.. കാണുന്നവരെയെല്ലാം അങ്കിളും ആന്റിയുമാവുമ്പോള്‍ അമ്മയെങ്ങിനെ ഒരു നോക്കുകുത്തി മാത്രമാവുന്നു.. കുറച്ചു നാള്‍ മുമ്പ് ഏറെ ചര്‍ച്ചാവിഷയമായിരുന്ന ആത്മകഥയിലെ നായിക നളിനി ജമീല പറഞ്ഞത്, തന്റെ മകള്‍ തന്റെ പ്രൊഫഷണലിലേക്ക് ഇറങ്ങിയാല്‍ അംഗീകരിക്കുകയെ ഉള്ളു എന്നാണ്... ഇങ്ങനെ മറ്റുള്ളവര്‍ക്കു മുന്നില്‍ തുറന്നു പറയാതെ നടപ്പാക്കുന്നവരുടെ എണ്ണം കൂടുകയാണോ..

മുമ്പൊക്കെ അമ്മമാര്‍ മക്കളെ നോക്കാത്തതു കൊണ്ട് മക്കള്‍ വഴിപിഴക്കുന്നെന്നത് സൊസൈറ്റി ലേഡികള്‍ക്കു നേരെയുള്ള ആക്രമണമായിരുന്നു.. പക്ഷെ ഇന്ന് കേള്‍ക്കുന്ന കഥകളില്‍ പലതും മധ്യവര്‍ഗ്ഗത്തിലൊ അതിലും താഴെയൊ ഉള്ളവരുടെയൊ കുടുംബവിശേഷങ്ങള്‍ ആണ്.. അച്ഛന്റെ ആക്രമണം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയ മകള്‍ പറഞ്ഞത് “അമ്മ പറഞ്ഞു അച്ഛനെ കുറിച്ച് അങ്ങിനെ ഒന്നും പറയരുതെന്ന്”.. ആ സ്ത്രീക്ക് എന്തിനാണ് അങ്ങിനെ ഒരു ഭര്‍ത്താവ്.. നൊന്തു പെറ്റ മകളേക്കാള്‍‍ വിലയുണ്ടോ ആ താലിക്ക് ..

ഇന്നലെകള്‍ നന്മകളാല്‍ സ‌മൃദ്ധം എന്നൊന്നുമല്ല.. ഏതു കാലത്തിനും ഏതു ദേശത്തിനും നല്ലതെന്നും ചീത്തയെന്നും പറയാന്‍ എന്തെങ്കിലുമൊക്കെ ഉണ്ടാവും.. എങ്കിലും നല്ലതിന്റെ അളവുകോലില്‍ അതു സ്വന്തമാക്കാനാണല്ലൊ നമ്മള്‍ ശ്രമിക്കുന്നതും ആഗ്രഹിക്കുന്നതും..

ഇല്ല.. എന്റെ മക്കള്‍ക്ക് നല്കാന്‍ നല്ലൊരു ഭൂമിയില്ല.. ബാല്യവും കൌമാരവും പോലും അവര്‍ക്ക് അല്ലലുകളില്ലാത്ത ജീവിതം നല്‍കുന്നില്ല.. പെണ്‍‌കുട്ടികള്‍ക്ക് അച്ഛനെയും സഹോദരനെയും പോലും വിശ്വസിക്കാനാവാത്ത കാലം.. ആണ്‍‌കുട്ടികളും സുരക്ഷിതരെന്ന് അവകാശപെടാനാവില്ല.. എവിടെയും ഏതൊക്കെയൊ കഴുകന്‍ കണ്ണുകള്‍ വട്ടമിട്ടുപറക്കുന്നു.. വേണ്ട എനിക്കമ്മയാവേണ്ട..

29 comments:

ഇട്ടിമാളു said...

കഴിയുമെങ്കില്‍ ആ മനസ്സിലെ ഇളക്കങ്ങള്‍ മനസ്സിലാവുന്ന, മുഖത്തെ ഒരു നേരിയ നിഴലാട്ടം പോലും വായിക്കാനറിയുന്ന ഒരു കൂട്ടുകാരിയാല്‍ മതി...

ചന്തു said...

ഞാനിതു മുഴുവനുമിരുന്നു വായിച്ചു. മനോഹരമായ ഭാഷയിലൂടെ അതിതീവ്രമായ വേദന നിങ്ങള്‍ പങ്കുവെച്ചിരിക്കുന്നു. നമുക്കിതൊക്കെയൊന്നു മാറ്റാന്‍ കഴിയില്ലെ ? പെണ്‍കുട്ടികള്‍ തന്നെ മുന്നിട്ടറിങ്ങട്ടെ, നീതിയുടെ പടവാളുയര്‍ത്തി, നെറികെട്ട സമൂഹത്തിനെ ധീരതയോടെ ചോദ്യം ചെയ്യാനായി, അടിമേല്‍ മറിയട്ടെ ഈ അഴുക്കുജീവിതങ്ങള്‍...

ഗുപ്തന്‍ said...

ലോകാവസാനം വരേയും പിറക്കാതെ പോകട്ടെ ... :(

ശാലിനി said...

എനിക്കമ്മയാവേണ്ട ennini parayan pattilla, karanam njan already ammayanu. chuttum nadakkunnathellam ennile ammaye thee pidippikkunnu.

"തന്റ്റെ നേരെ തിരിയുന്ന ഒരാളുടെ നോട്ടത്തില്‍‍ നിന്നു പോലും അയാളുടെ സ്വഭാവം തിരിച്ചറിയുന്ന പെണ്ണെന്തെ സ്വന്തം മകളുടെ കാര്യത്തില്‍ ഒന്നും അറിയാതെ പോവുന്നത്" enikkum ivarodokke chodikkanullathum ithu thanne.

NITHYAN said...

വിഷയം ഗഹനീയം
വികാരം ഷെയറീയം
ഭാഷ അതിമനോഹരം

ദൃശ്യന്‍ | Drishyan said...

വളരെ നന്നായിട്ടുണ്ട് മാളൂസേ.
ചില വരികള്‍, ചിന്തകള്‍, മനസ്സില്‍ പിടച്ചിലാകുന്നു.

പക്ഷെ ഈ ചിന്തകളൊന്നും അമ്മയാവുന്നതില്‍ നിന്ന് ഒരു സ്ത്രീയെ പിന്തിരിപ്പിക്കില്ല എന്നുറപ്പാണ്.

സസ്നേഹം
ദൃശ്യന്‍

Shaf said...

വളരെ നല്ല പോസ്റ്റ്..
അമ്മ എന്നോന്നിനു പകരം വെക്കാന്‍ ഈ പ്രപഞ്ചത്തിനു കഴിയില്ല..
നല്ല വരികള്‍

സുവര്‍ണ്ണലത | SuvarnnaLatha said...

എഴുത്ത്‌ വളെരെ നന്നായി. ആനുകാലിക പ്രസക്തം. ചിന്തോദ്ദീപകം.
പക്ഷേ എഴുത്തുകാരിയുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്താതെ തന്നെ ഒന്നു പറഞ്ഞോട്ടെ. ആലങ്കാരികമായി "എനിക്ക്‌ അമ്മയാവേണ്ട" എന്ന്‌ പറഞ്ഞാലും അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ ഒരു പെണ്ണിനും സാധിക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.

ശ്രീ said...

പോസ്റ്റ് നന്നായിട്ടുണ്ട്. നല്ല ചിന്ത, നന്നായി പങ്കു വച്ചിരിയ്ക്കുന്നു.

എന്താ പറയേണ്ടതെന്നറിയില്ല. ചന്തു മാഷ് പറഞ്ഞതു പോലെ ഈ വ്യവസ്ഥിതി മാറ്റാനായി പെണ്‍കുട്ടികള്‍ തന്നെ മുന്നിട്ടിറങ്ങട്ടെ

പാര്‍ത്ഥന്‍ said...

ഇട്ടിമാളൂ, വളരെ നല്ല അവതരണം. ദൃശ്യന്‍ പറഞ്ഞപോലെ, ഇതുകൊണ്ടൊന്നും അമ്മയാകാനുള്ള ആഗ്രഹം ഇല്ലാതാവുന്നില്ല. അമ്മ മകളെ അവളുടെ ഓരോ സ്പന്ദനങ്ങളിലൂടെയും അറിയാനുള്ള മനസ്സ്‌ കാത്തുസൂക്ഷിക്കണം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒന്നും പറയാനാവുന്നില്ല ഇട്ടിമാളൂ

Sherikutty said...

എന്താ പറയാ......നന്നായിട്ടുണ്ട്....

അചിന്ത്യ said...

ഇട്ടിമാളൂട്ട്യേ ,
ചില ഭാഗങ്ങളൊക്കെം ഞാൻ സമ്മയ്ക്കുണു. ബയോളജീടെ ചില കളികൾ മൂലം അമ്മമാരായ കുറേ സ്ത്രീകൾ ണ്ട്.(അതീലിപ്പൊ സൊസൈറ്റി അമ്മ , അല്ലാത്ത അമ്മ ന്നൊന്നും വ്യത്യാസല്ല്യാട്ട്വോ). അവരെപ്പറ്റി ഇപ്പൊ തൽക്കാലം ഒന്നും പറയിണില്ല്യ.
അമ്മ എന്നുള്ള റൊമാന്റിക് സങ്കല്പമൊക്കെ അവടെ നിക്കട്ടെ.
ഒരിക്കൽ തൃശ്ശൂർ റ്റൌണിൽ വെച്ച് ഒരു കുഞ്ഞുമോളെ ഒരുത്തൻ പിച്ചണ കണ്ടിട്ട് ഞാൻ ബഹളം വെച്ചപ്പോ അവടെ എന്നെ ഏറ്റവും ഉറക്കെ ചീത്ത പറഞ്ഞത് മാതൃത്വം അങ്ങട് കരകവിഞ്ഞൊഴുക്യേ ആ “അമ്മ” ആയിരുന്നു.എന്റെ മോൾക്ക് വെർതെ ചീത്തപ്പേരുണ്ടാക്കണ്ടാന്നും പറഞ്ഞ്. ബഹളത്തിനിടയ്ക്ക് അപമാനവും ഭയവും “പെണ്ണ്’ എന്നുള്ള “ആപൽക്കരമായ” തിരിച്ചറിവും കൊണ്ട് പരിഭ്രമിച്ച് കരഞ്ഞുനിന്ന ആ കുഞ്ഞിടെ മുഖം ചില നേരത്ത് എന്നെ പേടിപ്പിക്കാൻ വെർതെ ഓടിവരും.“ഈ സ്ത്രീടെ ഒപ്പം എങ്ങന്യാ ഞാനെന്റ് മോളെ വിശ്വസിച്ച് അയക്ക്യാ“ ന്ന് അറിയാണ്ടെ ഞാൻ കരഞ്ഞുപോയപ്പോ അതിനു നിങ്ങളല്ലല്ലോ അതിന്റമ്മാന്ന് ആ “അമ്മ” എന്നൊട് പറഞ്ഞു.
ആ സമയത്ത് ഞാനല്ലാണ്ടെ വേറെ ആരാ അവൾടെ അമ്മ ന്ന് എനിക്കപ്പഴും ഇപ്പഴും മനസ്സിലാവാത്ത ഒരു കാര്യാണ്.

ഞാൻ പ്രസവിച്ചിട്ടില്ല്യാ. പക്ഷ് എത്ര്യോ കുട്ട്യോൾടെ അമ്മയാണ്. എന്നെ അമ്മേ ന്ന് വിളിക്കണ കൊറേ മക്കളൂണ്ട്.ഇനി എത്ര ജന്മങ്ങളൂണ്ടായാലും, ആണായി ജനിച്ചാലും , പെണ്ണായി ജനിച്ചാലും എനിക്ക് അമ്മയാവാനുള്ള കഴിവു മാത്രം നഷ്ടപ്പെടുത്തല്ലെ എന്റെ ദൈവമേ എന്നേ പ്രാർത്ഥനള്ളൂ.

എനിക്ക് അമ്മയാവണം. എന്റെ പൊന്നുമക്കൾക്ക് എപ്പോഴും കൂടെ ഞാനുണ്ടാവണം.മണ്ണിനു പുറത്തേയ്ക്ക് തല നീട്ടിയാൽ അപകടം എന്ന് ഭയന്ന് എന്റെ മക്കൾ വളർച്ച മുരടിച്ച് നിന്നുകൂടാ.അവർ പുറത്തു വരണം. കൂടുതൽ വെള്ളവും വളവും സൂര്യപ്രകാശവും ആത്മവിശ്വാസത്തോടെ വലിച്ചെടുത്ത് തല ഉയർത്തിപ്പിടിച്ച് വളർന്ന് മറ്റുള്ളവർക്ക് തണലാവണം.
അതിനു ഞാനമ്മയാവണ്ടേ?

(ഗുപ്താ, ചുള്ളിക്കാടിന്റെ അപേക്ഷയല്ലാ ഇവിടത്തെ അപേക്ഷ.ശ്രദ്ധിച്ചില്ല്യെ?)

നന്ദ said...

കാലികപ്രസക്തമായ ഈ വിഷയത്തെ വളരെ നന്നായി, ഹൃദയസ്‌പൃക്കായി അവതരിപ്പിച്ചിരിക്കുന്നു..
അഭിനന്ദനങ്ങള്‍! എങ്കിലും ഒന്ന് ചോദിക്കാതിരിക്കാനാവുന്നില്ല. ഇത്രയും ഗഹനമായി ഈ വിഷയത്തെപ്പറ്റി
ചിന്തിച്ച് അവതരിപ്പിച്ച സ്ഥിതിക്ക്
മകളുടെ ഏതു കാര്യവും അറിയുന്ന, അവള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്ന, അവളുടെ ഇമയനക്കം പോലും തിരിച്ചറിയുന്ന
കൂട്ടുകാരിയെപ്പോലെയൊക്കെയുള്ള ഒരു അമ്മയായിരിക്കണം താന്‍ എന്ന് എന്തുകൊണ്ട് തോന്നുന്നില്ല? ഇന്നത്തെ പെണ്‍കുട്ടികള്‍ ഈ രീതിയില്‍ ചിന്തിച്ചാലല്ലേ അല്പമെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ? കഴുകന്‍ കണ്ണുകളെ
ഭയന്ന്, ‘എനിക്ക് അമ്മയാവണ്ട’എന്നുള്ള ഈ വരികള്‍ കേവലം ആലങ്കാരികം മാത്രമായിരിക്കട്ടെ എന്ന് ആശിക്കുന്നു.

ഉണ്ണിക്കുട്ടന്‍ said...

ഇട്ടിമാളൂന്റെ പോസ്റ്റു കണ്ടു ഞാന്‍ ഞെട്ടി മാളൂ..

മുല്ലപ്പൂ || Mullappoo said...

ഇട്ടി മാളൂ പോസ്റ്റ് ഭംഗിയായി എഴുതിയിരിക്കുന്നു. എഴുതിയ തലേക്കെട്ട് അലങ്കാരികമാണെന്ന്
കരുതുന്നു.

(അമ്മാര്‍ അങ്ങനെ ആകാതതെന്തു ? ഇങ്ങനെ ചെയ്യാത്തതെന്ത് ? എന്ന് വ്യാകുലപ്പെട്ടു അമ്മ യകേണ്ട എന്ന് പറയുന്നതു അല്ലെങ്കില്‍ ഒരു എസ്കെപിസം ആയിപ്പോകും. )

കുഞ്ഞന്‍ said...

ഇട്ടിമാളൂ..

ഒരു അമ്മയുടെ ആകുലത വളരെ നന്നായി പറഞ്ഞിരിക്കുന്നുവെങ്കിലും,

റോഡില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ അനവധി അപകടങ്ങള്‍ കാണാറില്ലെ എന്നിട്ടും നമ്മള്‍ യാത്ര ചെയ്യുന്നു..!

ഇതില്‍ കാണാത്ത ഒരു കാര്യമുണ്ട് ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടന്നു കയറ്റം. മക്കളെ ശ്രദ്ധിക്കുന്നതില്‍ക്കൂടുതല്‍ ടിവിയെ ശ്രദ്ധിക്കുന്നു ഓമനിക്കുന്നു.

എന്തെങ്കിലും പറ്റിയാല്‍ എന്തിനു നമ്മള്‍ ആദ്യം അമ്മേന്നു വിളിക്കുന്നു..അപ്പോള്‍ അമ്മ ഒന്നും ചെയ്തില്ലെങ്കിലും അമ്മ അമ്മ തന്നെയാണ്.

നന്ദ പറഞ്ഞ അഭിപ്രായം കൂടി കൂട്ടി വായിക്കൂ..

തമാശക്കാണെങ്കിലും..ഇപ്പോള്‍ ഡി എന്‍ എ ടെസ്റ്റ് നടത്തിയാല്‍ മതി ചൂണ്ടുപലകയിലെ തെളിയാത്ത അക്ഷരം തെളിഞ്ഞുവരും..!

കുരാക്കാരന്‍ !!!! said...

നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങള്

സിനി said...

ഒരമ്മ മനസ്സിന്റെ വിഹ്വലതകള്‍
ഹൃദയത്തെ പിടിച്ചുലക്കുന്ന ഭാഷയില്‍
വ്യക്തമായി കോറിയിട്ടിരിക്കുന്നു.
നൊന്തുപെറ്റ കുഞ്ഞിനെക്കുറിച്ച്
അവളുടെ ജീവിതത്തെക്കുറിച്ച്,
ഭാവിയെക്കുറിച്ച് എങ്ങന്നെയാണ്
ഒരമ്മക്ക് വ്യാകുലപ്പെടാതിരിക്കാനാകുന്നത്?

മൃദുല്‍ രാജ് /\ MRUDULAN said...

എനിക്കൊരിക്കലും അമ്മയാകണ്ട എന്ന് പറയുന്നത് ആലങ്കാരികമായാണെങ്കിലും "ഭാവിയില്‍ ഒരമ്മ ആകാന്‍ സാധിച്ചില്ലെങ്കില്‍" അന്ന് ഈ പൊസ്റ്റിനെ ഓര്‍ത്ത് ദുഖിക്കില്ല എന്ന് ഇട്ടിമാളുവിന് തോന്നുന്നുണ്ടോ ? പലരുടെയും കണ്ണീര്‍ കണ്ടിട്ടുള്ളത് കൊണ്ടാണ് ഈ ചോദ്യം.

ഈ പോസ്റ്റില്‍ പറയുന്ന തരത്തില്‍ ഉള്ള അമ്മയാകണ്ട എന്ന് തെളിച്ച് പറഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നു.

Areekkodan | അരീക്കോടന്‍ said...

നന്നായിട്ടുണ്ട്..

kaithamullu : കൈതമുള്ള് said...

വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു, ഇട്ടിമാ‍ളു.
(പ്രസ്താവനയോട് യോജിക്കണമെന്നില്ലല്ലൊ, അല്ലേ?)

അനൂപ്‌ കോതനല്ലൂര്‍ said...

മക്കളെ പ്രസവച്ചാല്‍ കഴിഞ്ഞു ആധുനിക അമ്മന്മാരുടെ ഉത്തരവാദിത്വം.പിന്നെ വീട്ടിലുള്ളവര്‍ നോക്കികോള്ളും.വല്ല വിദേശത്ത് നേഴ്ഹ്സാണ് അമ്മയെങ്കില്‍ പറയുകയും വേണ്ട.
കുട്ടിയെ പെറ്റിട്ടിട്ട് അമ്മ തനെ ജോലി സ്ഥലത്തേക്ക് പറക്കും.ഇപ്പോ മക്കള്‍ക്ക് കുപ്പിപാലുമായി കാവല്‍ ഇരിക്കുന്ന ഒരുപ്പാട് അഛന്മയെ എനിക്കറിയാം.അമ്മയുടെ ചൂടേറ്റു വളരേണ്ട പ്രായത്തില്‍ അച്ചന്റ്റ്റെ ചൂടേറ്റു വളരാ.

ഇട്ടിമാളു said...

എന്റെ പോസ്റ്റ് അവസാനിപ്പിച്ചത് ഇങ്ങനെ ആയിരുന്നു..

“‘വേണ്ട എനിക്കമ്മയാവേണ്ട..“

പക്ഷെ എന്റെ ആദ്യത്തെ കമന്റ് ഇങ്ങനെയും..

“കഴിയുമെങ്കില്‍ ആ മനസ്സിലെ ഇളക്കങ്ങള്‍ മനസ്സിലാവുന്ന, മുഖത്തെ ഒരു നേരിയ നിഴലാട്ടം പോലും വായിക്കാനറിയുന്ന ഒരു കൂട്ടുകാരിയാല്‍ മതി...“

പലരും ആദ്യത്തെ കമന്റ് കണ്ടില്ലെന്നു തോന്നുന്നു... അതുകൊണ്ടാണ് തലക്കെട്ടിലെ ആലങ്കാരികതയെ കുറിച്ച് സംശയിച്ചത്..

ചന്തു.. നിത്യന്‍...ഷാഫ്..പാര്‍ത്ഥന്‍.. പ്രിയ.. ഷേരികുട്ടി.. കൂരാക്കാരന്‍.. സിനി.. അരീക്കോടന്‍.. നന്ദിയുണ്ട്

ഗുപ്താ.. അങ്ങിനെ നമ്മുടെ അച്ഛനമ്മമാര്‍ ചിന്തിച്ചിരുന്നെങ്കില്‍ നമ്മള്‍ ഉണ്ടാവില്ലാരുന്നല്ലൊ.. :)

ശാലിനീ... ആ നെഞ്ചിലെ തീ ഒരിക്കലും ആളിക്കത്താതിരിക്കട്ടെ

സുവര്‍ണ്ണലത.. ഇതിനുള്ള ഉത്തരം ഞാന്‍ ആദ്യമെ പറഞ്ഞിരിക്കുന്നു.. പിന്നെ എനിക്ക് ബകുളിനെയാ കൂടുതല്‍ ഇഷ്ടം.. അവളുടെതുപോലെ ഒരു നോട്ടുപുസ്തകം എനിക്കും ഉണ്ടായിരുന്നു.. :)

അചിന്ത്യാ.. വാക്കുകളില്‍ ആ കുഞ്ഞു മുഖം തെളിയുന്നു..

നന്ദ.. മൃദുല്‍ .. കൈതമുള്ള്.. എന്റ്റെ ആദ്യത്തെ കമന്റ്..:)

ഉണ്ണിക്കുട്ടാ... ഒരു ഞെട്ടലാണ് എന്നെകൊണ്ട് ഇത്രയും എഴുതിച്ചത്..

മുല്ലപ്പൊ.. ശരിയാ ഞാനൊരു ഒളിച്ചോട്ടക്കാരിയാ.. പക്ഷെ ചിലകാര്യങ്ങളില്‍ നമുക്ക് ഒളിച്ചോടാനാവില്ലല്ലൊ..

കുഞ്ഞാ.. റോഡിന്റെ അരികിലൂടെ നടന്നിട്ടും വണ്ടിയിടിച്ചാ അതു നമ്മുടെ വിധി... പക്ഷെ ഇവിടെ റോഡിന്റെ നടുവിലൂടെ നടത്തിയിട്ട് അപകടം പറ്റിയിട്ട്... എന്തിനാ ഈ കരച്ചില്‍ ..

അനൂപ്... അച്ഛനൊരിക്കലും അമ്മക്കു പകരമാവില്ല...

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരീ ഇട്ടിമാളൂ

അതി മനോഹരമായിരിക്കുന്നു അവതരണം. അമ്മ...ഇത് ഒരു മഹാപദവിയാണ്.

കുഞ്ഞന്‍ പറഞ്ഞ പോലെ ദൃശ്യ മാധ്യമങ്ങളുടെ കടന്നുകയറ്റം നമ്മുടെ ജനതയെ അന്ധത ബാധിപ്പിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ കൈവിട്ടു പോകുന്നുണ്ടോ എന്ന് നോ‍ക്കാന്‍ നാം കുറച്ചധികം സമയം ക്ണ്ടെത്തേണ്ടിയിരിക്കുന്നു

ഇത്ര നല്ല പോസ് വായിക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു. ഒന്ന് കൂടി വായിക്കട്ടെ

വല്യമ്മായി said...

പോസ്റ്റിനെ കടത്തിവെട്ടിയ ആദ്യത്തെ കമന്റ്,അതിനാണെന്റെ മാര്‍ക്ക് :)

മോള്‍ക്ക് പതിനാലു വയസ്സായിട്ടും ഞാനിപ്പോഴും അമ്മായായിട്ടില്ല,മക്കളിലൂടെ പതിനാല് വയസ്സിലും പത്ത് വയസ്സിലും ആറ് മാസത്തിലും ജീവിച്ച് കൊണ്ടിരിക്കുന്നു.എന്നിട്ടും പലപ്പോഴും അവരെ മുഴുവനായി മനസ്സിലാക്കാന്‍ പറ്റാത്ത പോലെ :(

ഇട്ടിമാളു said...

സലാഹുദീന്‍... വൈകിയാണെങ്കിലും വായിച്ചില്ലെ .. അതുമതി ..:)

വല്ല്യമ്മായി.. ആ കമന്റ് കണ്ടല്ലൊ.. സന്തോഷം.. :)

ഗൗരിനാഥന്‍ said...

പ്രിയ ഇട്ടിമാളു..എനിക്കമ്മയാകണം..എനിക്കു പെങ്ക്കുട്ടികളുടെ മാത്രം അമ്മയായല്‍ മതി...എന്നിട്ട് കാണിച്ചു കൊടുക്കണം ഒരുപെങ്കുട്ടി എങ്ങനെ വളരണം എന്ന്.ഞാന്‍ ഒളിച്ചോടാന്‍ തയ്യാറല്ല.ഇനിയും ഒരു ജ്ജ്ന്മമുണ്ടെങ്കില്‍ അതു പെണ്ണായി തന്നെ ജനിക്കണം എന്നാണെന്റെ ആഗ്രഹം..പറ്റുമെങ്കില്‍ എന്റെ അമ്മയുടെ തന്നെ മകളായിരുന്നെങ്കില്‍ എന്നു ഒരു അത്യഗ്രഹം കൂടി ഉണ്ട്..എനിക്കിവിടെ ചെയ്യാന്‍ ഒരു പാടുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍..ഞാന്‍ വിശസിക്കുന്നു..നമ്മള്‍ ഓരോ സ്ത്രീകലും ഇങ്ങനെ ചിന്തിച്ചാല്‍ അറ്റം കാണില്ലന്ന് വിചാരിക്കുന്ന ~ഓരോ പ്രശ്നങ്ങള്‍ക്കും നമ്മുക്ക് പതുക്കെ പരിഹാരം കാണാം..എല്ലാം സമയം എടുക്കും ..എന്നു വച്ച് നടക്കില്ല ഒന്നും എന്നു വിചാരിച്ച് അടങ്ങിയിരിക്കാന്‍ ഞാന്‍ തയ്യാറല്ല..

ഇട്ടിമാളു said...

ഗൌരി.. :)