Tuesday, June 17, 2008

ആരുടേതുമല്ലാത്ത ആകാശകാഴ്ചകള്‍

വലതു വശത്തു മുകളിലുള്ള ജനല്‍‌പാളിയിലൂടെയാണ് ഇപ്പോള്‍ ആകാശക്കാഴ്ചകള്‍ വന്നുകൊണ്ടിരിക്കുന്നത്.. ഒരു മേഘത്തുണ്ടുപോലും മലിനമാക്കാത്ത ഈ ആകാശത്ത് എന്തു കാഴ്ചയാണ് കണ്ണില്‍ പതിയാനുള്ളതെന്ന് വേണമെങ്കില്‍ ചോദിക്കാം.. പക്ഷെ, ഈ കൂട്ടിലെ ഒരു വര്‍ഷത്തെ ജീവിതത്തില്‍ ആ ഒരു ആകാശകാഴ്ച നഷ്ടപെടാതിരിക്കാനാണ് മിതാലി ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത്.. ഏതു നിമിഷവും അതു നഷ്ടമാവാമെന്ന ഭയം അവളുടെ ചിന്തകളില്‍ വിങ്ങലായതും നീല്‍ മുന്‍‌വാതില്‍ വലിച്ചടക്കുന്ന ശബ്ദം അവളുടെ ചെവികളിലെത്തിയതും ഒരുമിച്ചാണ്.. ആ വാതിലിന്റെ താഴ് വീണുകാണുമെന്ന് ആരും പറയാതെ അവള്‍ക്കറിയാം, ഇനി വൈകുന്നേരം അവനെത്തും വരെ താന്‍ തനിച്ചാണെന്നും..

ഇത് മിതാലി.. ഒരു വെറും പെണ്ണ്.. അവകാശപ്പെടാന്‍ കാഴ്ചയിലൊ കയ്യിലിരിപ്പിലൊ പ്രത്യേകതകള്‍ ഒന്നുമില്ല.. അച്ഛന്റെ സ്ഥലം‌മാറ്റങ്ങള്‍ക്കൊപ്പം നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള പ്രയാണം.. വേരുറക്കും മുമ്പെ ഓരോ മണ്ണില്‍ നിന്നും പറിഞ്ഞു പോന്നതിനാല്‍ ഉള്ളറിഞ്ഞ കൂട്ടുകളും കുറവ്.. വല്ലപ്പോഴുമുള്ള സന്ദര്‍ശനങ്ങളില്‍ ഒതുങ്ങുന്ന ബന്ധുത്വങ്ങള്‍.. കല്ല്യാണപ്രായമാവാന്‍ കാത്തിരുന്നതിനാല്‍ ഒരു ഡിഗ്രിയെടുത്തു.. പിന്നെ ജോലിയെടുത്ത് മലമറിക്കുമെന്ന് അവള്‍ക്കൊ അച്ഛനൊ യാതൊരു പ്രതീക്ഷയുമില്ലാതിരുന്നതിനാല്‍, ആദ്യം ഒത്തുവന്ന ഒരുത്തന്റെ ചുമലില്‍ അവളെ ഭാരമേല്പിച്ചു.. അങ്ങിനെയാണ് അവള്‍ നീലിന്റെ ഭാര്യയായത്..ഇപ്പൊ അവളും ജനിച്ചുവളര്‍ന്ന വീട്ടില്‍ വെറുമൊരു സന്ദര്‍ശക.. കൂടപ്പിറപ്പുകളെന്ന ശല്യങ്ങളോടുപോലും അവള്‍ക്കുള്ളത് ഒരു തരം നിസംഗതയാണ്.. എന്നിട്ടും അവള്‍ ഈ ആകാശകാഴ്ചകളെയും അതിനു താഴെയുള്ള പത്തു സെന്റിനെയും കുറിച്ച് തലപുകക്കുന്നു...

കല്ല്യാണത്തിന് ശേഷം അഞ്ചാം നാളാണ് ‍ അവളിവിടെ എത്തിയത്..അന്ന് ആദ്യം കണ്ണില്‍ പെട്ടത് ഒരു പച്ചക്കറിക്കടയായിരുന്നു.. എന്തു കൊണ്ടെന്ന് ചോദിച്ചാല്‍ അപ്പൊഴാണ് നീല്‍ അവളോട് പറഞ്ഞത് ഇതാണ് നമ്മുടെ താവളമെന്ന്.. പക്ഷെ അറിയാതെ ശ്രദ്ധപതിഞ്ഞത് എതിര്‍വശത്തെ കൊച്ചു വീട്ടിലാണ്.. വണ്ടിയില്‍ നിന്നിറങ്ങി ഏറെ നേരം നോക്കിനിന്നതും അങ്ങോട്ട് തന്നെ.. പിന്നെയും എത്രയൊ കഴിഞ്ഞാണ് ആകാശം സ്വന്തമാക്കാനായി മുകളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളും ഒരു യുദ്ധക്കളം പോലെ കല്ലും മണ്ണും കമ്പിയുമെല്ലാം ചിതറിക്കിടക്കുന്ന ആ പരിസരവുമെല്ലാം അവളുടെ കണ്ണില്‍ പെട്ടത്.. അപ്പോഴെക്കും പച്ചക്കറിക്കടയില്‍ നിന്നും രാമന്‍‌‌ചേട്ടന്‍ ഇറങ്ങിവന്നിരുന്നു.. ഷര്‍ട്ടിടാതെ ഒരു തോര്‍ത്തു ചുമലിലിട്ട് തെളിഞ്ഞ ചിരിയുമായി...

രാമന്‍ ചേട്ടന്റെ വീടാണ് എതിര്‍വശത്തെ പത്തു സെന്റില്‍ .. . മുന്‍‌വശത്തെ കെട്ടിടത്തിലെ ഒരു ഒറ്റമുറിയില്‍ ഉപജീവനമാര്‍ഗ്ഗമായി പച്ചക്കറിക്കടയും.. പേരില്‍ പച്ചക്കറിക്കടയാണെങ്കിലും ആ പരിസരത്തിലുള്ളവര്‍ക്ക് എന്തു വേണമെങ്കിലും രാമന്‍‌ചേട്ടന്റെ കടയില്‍ കിട്ടും.. ഇനി അഥവാ അവിടെ ഇല്ലെങ്കില്‍ രാവിലെ ടൌണില്‍ നിന്നും പച്ചക്കറിയുമായെത്തുമ്പോള്‍ കൂട്ടത്തില്‍ എത്തിച്ചു തരും.. ഈ കെട്ടിടം പണിക്കാരു ഇവിടെ എത്തിയത് രാമന്‍ ചേട്ടന്റെ ശുക്രദശയാണെന്ന്‍ അന്ന് പറഞ്ഞത്.. നല്ല കച്ചവടം... പിന്നെ പണിക്കാരില്‍ ചിലര്‍ ചോദിച്ചപ്പൊ ഭവാനി ചേച്ചി വീട്ടിലെ പാചകം അല്പം വിപുലമാക്കി.. അവള്‍ ചായക്കട നടത്തുന്നൊന്നുമില്ല, നമ്മുടെ നാട്ടില്‍ വന്നുകിടക്കണ അന്യനാട്ടുകാര്‍ക്കൊരു സഹായം.. അത്രയെ രാമന്‍‌ചേട്ടന്‍ പറയൂ.. ഇന്ന് പച്ചക്കറിക്കട നിന്നിരുന്നിടത്ത് വിശാലമായ ഷോപ്പിങ്‌മാളാണ്.. ചായക്കടയെന്നും പറഞ്ഞ് അധിക്ഷേപിക്കാന്‍ തോന്നാത്ത എത്ര ഫുഡ് ജോയിന്റ്റുകളാണെന്നൊ ഈ ടൌണ്‍ഷിപ്പില്‍ ഇപ്പോഴുള്ളത്.. ശുക്രദശ തീര്‍ന്ന് ഇപ്പൊ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വയ്യാത്ത ദശയിലാ രാമന്‍ ചേട്ടന്‍.. ആകെയുള്ള ഒരു മകന്‍ നവനീത് പഠിപ്പ് കഴിയുമ്പൊ ഇവിടെയെവിടെയെങ്കിലും ജോലികിട്ടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും പൊന്നും വിലക്ക് സ്ഥലം വിറ്റ് കാശും കൊണ്ട് പോയപ്പൊഴും ഇവര്‍ മാത്രം ഇവിടെ തന്നെ നിന്നത്.. എന്നിട്ടിപ്പൊ പഠിത്തം മുഴുവനാക്കാനുള്ള കാശില്ലാതെ അവനും അലയുന്നു..

നവനീതിനെ കുറിച്ചോര്‍ത്തതും മിതാലിയുടെ കാഴ്ച വലതു വശത്ത് താഴത്തെ ജനലിലൂടെ അരിച്ചിറങ്ങി.. ആ വീട്ടിന്റെ റോഡിനു നേരെയുള്ള ജനല്‍ ഇനിയും തുറന്നിട്ടില്ല.. അത് രാമന്‍ ചേട്ടന്റെ മുറിയാണ്.. ഉണര്‍ന്നിട്ടുണ്ടാവില്ല, അല്ല ഉണര്‍ന്നിട്ടും ഒന്നും ചെയ്യാനില്ലല്ലൊ..അടുക്കളജനലിലൂടെ അടുപ്പില്‍ നിന്നുള്ള പുകയുയരുന്നുണ്ടോ എന്ന് അവളൊന്ന് സൂക്ഷിച്ചു നോക്കി.. കാഴ്ചപിടിക്കാതെ കണ്‍കള്‍ പിന്‌വലിച്ചു.. അടുക്കളക്ക് പുറകിലെ കൊച്ചുമുറ്റത്ത് ആ കറിവേപ്പ് ഇപ്പൊഴും ഉണ്ടോ ആവോ? പിന്നെ പേരറിയാ ചെടികളുടെ കൊച്ചു പൂന്തോട്ടവും.. ഇതുവരെ അടഞ്ഞു കിടന്ന ആ ഉമ്മറവാതില്‍ തുറക്കുന്നുണ്ട്.. പുറത്തിറങ്ങുന്നത് നവനീതാണ്.. മുമ്പൊക്കെ അവന്റെ കയ്യില്‍ പുസ്തകങ്ങള്‍ ഉണ്ടാവുമായിരുന്നു.. ഇപ്പോള്‍ വെറും കയ്യോടെ.. അവനെങ്ങോട്ടാവാം പോവുന്നത്; ജോലിതേടിയാവുമല്ലെ.. പക്ഷെ ഇവിടെ ഈ നോക്കെത്താദൂരത്തോളം മണ്ണുമുഴുവന്‍ ഇന്ന് നീലിന്റെ കമ്പനിയുടേതാണ്.. അതിലെ സ്ഥാപനങ്ങളും..അതിലൊരിക്കലും നവനീതിനെ എടുക്കില്ല.. എടുക്കണമെങ്കില്‍..

മിതാലി ഇങ്ങനെയാണ്.. ഈ ഉന്നതങ്ങളിലിരുന്ന് അങ്ങു ദൂരെ മണ്ണിലെ കാഴ്ചകളെ കുറിച്ച് ചിന്തിച്ചു കൂട്ടും.. അതെല്ലാം അങ്ങിനെ തന്നെയാവണമെന്ന് അവള്‍ക്ക് നിര്‍ബന്ധമൊന്നുമില്ല.. ഇപ്പോള്‍ തന്നെ ആ വീടിനെ കുറിച്ച് ചിന്തിച്ചത്..

അവള്‍ ഒരിക്കലെ ആ വീട്ടില്‍ പോയിട്ടുള്ളു.. അതും നീലിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു.. ഈ ഇരുപത്തിയെട്ട് വയസ്സിനുള്ളില്‍ നീല്‍ അവന്റെ കമ്പനിയില്‍ എത്താവുന്നത്ര ഉയരത്തില്‍ എത്തിയിരുന്നു.. എന്നിട്ടും അവനു തൃപ്തിയാവുന്നില്ലെന്നത് വേറെ കാര്യം.. ആകാശത്തിലേക്ക് കുതിച്ചുപൊങ്ങുന്ന ഈ കെട്ടിടങ്ങള്‍ പോലെയാണ് അവന്റെ സ്വപ്നങ്ങളും.. ഇനിയും ഇനിയും ഉയരത്തിലേക്ക്.. . ആരുടെയൊ കസേര സ്വന്തമാക്കാന്‍ കമ്പനിക്കാര്‍ എറിഞ്ഞ ചൂണ്ടയാണ് ആ പത്തുസെന്റ് ഒഴിപ്പിക്കുകയെന്നത്.. സുന്ദരമായ അവരുടെ ടൌണ്‍ഷിപ്പിലെ ഒരു അപശകുനമെന്നാണ് അവര്‍ ആ പത്തുസെന്റിനെ പറയുന്നത്.. ഇപ്പോള്‍‍ നീലിന്റെ ഊണിലും ഉറക്കത്തിലും ആ ഒരു ചിന്തയെ ഉള്ളു.. നല്‍കാവുന്ന വാഗ്ദാ‍നങ്ങള്‍ മുഴുവന്‍ നീല്‍ രാമന്‍ ചേട്ടന്റെ മുന്നില്‍ നിരത്തിയിരുന്നു.. മകനൊരു ജോലിയടക്കം.. പക്ഷെ എന്തൊ അതിലൊന്നും അവര്‍ വീണില്ല.. അങ്ങിനെയാണ് ഭവാനി ചേച്ചിയെ കയ്യിലെടുക്കാനായി മിതാലിയെയും കൊണ്ടുപോയത്.. ഉമ്മറത്ത് നീല്‍ രാമന്‍ ചേട്ടനെ കൈകാര്യം ചെയ്യുമ്പോള്‍ ഭവാനി ചേച്ചിയുടെ മനസ്സുമാറ്റുക എന്നതായിരുന്നു അവള്‍‍ക്കുള്ള നിര്‍ദ്ദേശം.. പക്ഷെ അവള്‍ ഭവാനിചേച്ചിയുടെ ചിരിയുടെ അകമ്പടിയോടെയുള്ള വര്‍ത്തമാനത്തില്‍ മുഴുകിയിരുന്നപ്പോള്‍ വന്നതെന്തിനെന്നുപോലും മറന്നു പോയിരുന്നു.. അന്നെ അടുപ്പിന്‍ മുകളിലെ പലകകള്‍ ചേര്‍ത്തുവെച്ച സ്റ്റാന്റില്‍ പല കുപ്പികളും കാലിയായിരുന്നു.. അതുകൊണ്ടാവാം പാലില്ലാത്ത മധുരം കുറഞ്ഞ ചായയും ഒട്ടൊരു സ്വാദോടെ അവള്‍ ഊതി ഊതി കുടിച്ചത്.. മിതാലി മനസ്സുവെക്കാത്തതുകൊണ്ടാണ് അതു നടക്കാതെ പോയതെന്ന കുറ്റപ്പെടുത്തലുകള്‍ നീലിന്റെ സംസാരത്തില്‍ കടന്നുവരാറുണ്ട്.. ഇപ്പോള്‍ അവന്റെ പ്രതീക്ഷ മുഴുവന്‍ നവനീതിലാണ്..

പക്ഷെ അവള്‍.. നീലിന്റെ പ്രൊമോഷനൊ കമ്പനിയുടെ ഭാവിയൊ ഒന്നും അവളെ ബാധിക്കുന്നില്ല... അവളുടെ കാഴ്ചപ്പുറത്ത് ഒരു നുള്ളു പച്ചപ്പെത്തുന്നത് ആ പത്തുസെന്റില്‍ നിന്ന്മാത്രമാണെന്നത് കൊണ്ട് അതൊരിക്കലും നഷ്ടപ്പെടാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല.. പിന്നെ അതില്‍ കൂടി കെട്ടിടമുയരുമ്പോല്‍ നഷ്ടമാവുന്ന ഈ ആകാശകാഴ്ചകള്‍.. അതാണ് ഒരിക്കലും സഹിക്കാനാവാത്തത്... ഇപ്പോള്‍ മുകളില്‍ ഇടതുവശത്തെ ജനല്‍കള്ളിയിലൂടെയാണ് അവളുടെ കണ്ണുകള്‍ ആകാശം തേടുന്നത്... പരസ്പരം മുഖം മറക്കുന്ന കെട്ടിടങ്ങള്‍‌ക്കിടയിലൂടെ അതങ്ങിനെ ഉയര്‍ന്നുപൊങ്ങിപ്പോയി.. പിന്നീടെപ്പൊഴൊ അവള്‍പോലുമറിയാതെ ഇടതുതാഴെ ജനലിലൂടെ താഴ്ന്നുപറന്നു..

ഇപ്പോള്‍ റോഡില്‍ നില്‍ക്കുന്നത് നീലും നവനീതുമാണെന്ന തിരിച്ചറിവ് തന്റെ ദൃഷ്ടികളെ അവിടെ തന്നെ ഉറപ്പിച്ചു നിര്‍ത്താന്‍ മിതാലിയോട് പറയുന്നുണ്ട്.. നവനീതിന്റെ ഇടതുകയ്യില്‍ ഷോപ്പിങ്മാളിന്റെ നീല കൂടുകള്‍.. നീലിന്റെ കൈപ്പിടിയില്‍ അമര്‍ന്നുപോയ് വലതുകൈ കുതറിച്ചാടാന്‍ ശ്രമിക്കാത്തതെന്തെന്ന് മിതാലിക്ക് മനസ്സിലാവുന്നില്ലായിരുന്നു.. നവനീതിനൊപ്പം അവരുടെ വീടിന്റെ പടിവരെ പോയ നീല്‍ ഒരു കൌമാരക്കാരന്റെ പ്രസരിപ്പോടെ ഫ്ലാറ്റിലേക്കുള്ള വഴിയേ തിരിച്ചുവരുന്നതായിരുന്നു മിതാലിയുടെ അവസാനത്തെ ജനല്‍‌കാഴ്ച.. വാതിലില്‍ താക്കോല്‍ കിരുകിരാ ശബ്ദിച്ചപ്പോഴാണ് ജനലുകളുടെ കൊളുത്തുവീണത്.. ഒരു മൂളിപ്പാട്ടോടെ നീല്‍ അകത്തേക്ക് കടന്നുവരുന്നതും അവന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരുന്നതും ആകാശക്കാഴ്ചകളെ മറക്കുന്ന അകകാഴ്ച്ചയായി...

17 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഇത് മിതാലി.. ഒരു വെറും പെണ്ണ്.. അവകാശപ്പെടാന്‍ കാഴ്ചയിലൊ കയ്യിലിരിപ്പിലൊ പ്രത്യേകതകള്‍ ഒന്നുമില്ല..

സജീവ് കടവനാട് said...

നമ്മുട ആകാശം... നമ്മുടെ മണ്ണ്... നമ്മുടെ പച്ച... അല്ല ഒന്നും നമ്മുടെതല്ല...ആരുടേതുമല്ല. ഓരോ നവനീതു മാരേയും പ്രലോഭിപ്പിച്ച് ഉന്നതങ്ങളിലേക്കുയരുന്ന നീല്‍‌മാര്‍, കണ്ടു നില്‍ക്കേണ്ടിവരുന്ന മിതാലിമാര്‍ എല്ലാം നാം തന്നെ.

ഗുപ്തന്‍ said...

വളരെ നാള്‍ കൂടി ഒരു കഥ :) നന്നായി. പ്തിവു വിഷയങ്ങളില്‍ നിന്ന് ഒരു മാറ്റം. പ്രസക്തമായ കഥാതന്തു. അഭിനന്ദനങ്ങള്‍.

Areekkodan | അരീക്കോടന്‍ said...

നന്നായി.

sree said...

“ജനല്‍കള്ളിയിലൂടെയാണ് അവളുടെ കണ്ണുകള്‍ ആകാശം തേടുന്നത്... പരസ്പരം മുഖം മറക്കുന്ന കെട്ടിടങ്ങള്‍‌ക്കിടയിലൂടെ അതങ്ങിനെ ഉയര്‍ന്നുപൊങ്ങിപ്പോയി...”

ആകാശം തേടുന്ന കണ്ണുകളെ മാത്രമല്ല...പരസ്പരവും മുഖം മറക്കുന്നു കെട്ടിടങ്ങള്‍! നല്ല ഒരു കൊച്ചു കഥ.

ദിലീപ് വിശ്വനാഥ് said...

വളരെ നന്നായിട്ടുണ്ട് നഷ്ടപ്പെടുന്ന ആകാശക്കാഴ്ചകള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആകാശം തേടുന്ന കണ്ണുകള്‍... നന്നായിരിക്കുന്നു

പാമരന്‍ said...

വളരെ നന്നായിരിക്കുന്നു

പ്രിയംവദ-priyamvada said...

നന്നായിരിക്കുന്നു...

ഇട്ടിമാളു അഗ്നിമിത്ര said...

കിനാവ്, ഗുപ്തന്‍, അരീക്കോടന്‍, ശ്രീ,വാല്‍മീകി, പ്രിയ, പാമരന്‍, പ്രിയംവദ..

വായിച്ചതില്‍ അഭിപ്രായം പറഞ്ഞതില്‍ സന്തോഷമുണ്ട്.. നന്ദിയും..

നന്ദ said...

ഇഷ്‌ടായി ഇട്ടിമാളുവേ..

അപ്പു ആദ്യാക്ഷരി said...

നല്ല കഥ നന്നായി പറഞ്ഞു.

ഓ.ടോ. ലൈന്‍ സ്പേസിംഗ് അല്പം കൂട്ടി നല്‍കിയിരുന്നെങ്കില്‍ വായിക്കുവാന്‍ കുറേക്കൂടി സുഖമുണ്ടായേനേ.

ഇട്ടിമാളു അഗ്നിമിത്ര said...

നന്ദാ.. അപ്പു...നന്ദി...

! said...

കുഴൂരിന്റെ ആരുടേതുമല്ലാത്ത രാധ എന്ന തലക്കെട്ട് വളരെ സ്പര്‍ശിച്ചിരുന്നു. ഇപ്പോള്‍ ആരുടേതുമല്ലാത്ത ആകാശവും.

ഇട്ടിമാളു അഗ്നിമിത്ര said...

ഒറ്റമുലച്ചി.. വന്നതില്‍ വായിച്ചതില്‍ നന്ദിയുണ്ട്

Prajeshsen said...

kannukal parayunnathu mansinte vakkukal anenkil
ithoru ugran kadayaaaa

ഇട്ടിമാളു അഗ്നിമിത്ര said...

പ്രജേഷ്.. :)