Tuesday, March 4, 2008

ശിവഗംഗയുടെ ശിവരാത്രികള്‍...

ശിവാ....

ഇന്നു ശിവരാത്രി... രാവുറങ്ങാതെ നീ എനിക്കായി ഉണര്‍ന്നിരിക്കും.. മിഴി തുറന്ന് മനം നിറഞ്ഞ് നീ തെളിഞ്ഞു നില്‍കും.. നീ നോറ്റുനേടുന്ന നന്മകളില്‍ ഞാന്‍ ഗംഗയായൊഴുകും..

ശിവ മുകളിലെ തുറസ്സില്‍ മലര്‍ന്നു കിടന്നു.. നെറ്റിയില്‍ കാഴ്ചയെ പാതി മറച്ച ഇടം കയ്യും വയറിനു മുകളില്‍ മയങ്ങുന്ന വലം കയ്യുമായ്.. അരികിലെങ്കിലും കൃഷ്ണയുടെ ശബ്ദം അകലെ നിന്നെന്നപോലെ നേര്‍ത്തതായിരുന്നു.. അഴികളില്‍ ചാരിയിരുന്ന അവന്റെ ജുബ്ബയുടെയും മുണ്ടിന്റെയും വെണ്മ മാത്രം ആ ഇരുട്ടിലും തെളിഞ്ഞു കാണാമായിരുന്നു ..

ശിവാ....

ഇന്നു ശിവരാത്രിയാണ്.. നീ ഓര്‍ക്കുന്നോ പഴയ ശിവരാത്രികളെ.. സന്ധ്യക്കുമുന്പെ ആല്‍ത്തറയില്‍ സ്ഥാനം പിടിച്ച് പുലരുവോളം കളികണ്ടത്.. വിലക്കിയിട്ടും അകന്നു പോവാത്ത ഉറക്കത്തില്‍ ആ മണലില്‍ കെട്ടിപിടിച്ച് കിടന്നുറങ്ങിയത്..

പറഞ്ഞു നിര്‍ത്തും മുമ്പെ അവന്‍ കുലുങ്ങി ചിരിക്കാന്‍ തുടങ്ങിയിരുന്നു.. ശിവ തലയൊന്നു ചെരിച്ച് അവനെ നോക്കി.. ഇരുട്ടില്‍ അവന്റെ മുഖത്തെ ഭാവങ്ങള്‍ അവ്യക്തമായിരുന്നു.. മാനത്തേക്ക് കണ്ണും നട്ടിരിക്കുന്ന അവന്‍ ഈ പറയുന്നതെല്ലാം നക്ഷത്രങ്ങളോടാണൊ എന്നു അവള്‍ ഒരു മാത്ര സംശയിച്ചു..

ശിവാ .. ഇന്നു ശിവരാത്രിയാണ്..

നാളെ നിന്റെ ശിവനെത്തും.. ശിവ പാര്‍വ്വതിയാവും.. അരികില്‍ ആശംസകളുടെ ഒരു പിടി പൂക്കളുമായി ഈ കൃഷ്ണയുണ്ടാവും..പക്ഷെ പിന്നൊരിക്കലും പറയില്ല -"നീയെനിക്കു പാര്‍വ്വതിയാവുക.. നിന്റെ കൃഷ്ണയിന്നു ശിവനാകാം..."

ഓര്‍മ്മകളില്‍ ശിവയേറെ പുറകിലായിരുന്നു..അന്ന് അടച്ചുപൂട്ടിയ വാതിലിനപ്പുറം അമ്മ കാവല്‍ നിന്നിരുന്നു..... ഇന്ന്, ഇന്നും ശിവരാത്രിയാണ്.. .. മണല്‍പുറവും ആല്‍ത്തറയുമെല്ലാം നഗരത്തിലെ ഫ്ലാറ്റില്‍ ടിവി സ്കീനിലെ കാഴ്ചകള്‍ മാത്രമായി മാറി.. നൈറ്റ് ഷിഫ്റ്റിലെ ജോലിയും കഴിഞ്ഞ് വൈകിയെത്തുന്ന ഭര്‍ത്താവിനു വേണ്ടിയുള്ള കാത്തിരിപ്പുകളില്‍, പരീക്ഷാ‍ കാലങ്ങളില് മകള്‍ക്കൊപ്പമുള്ള കൂട്ടിരിപ്പില്‍ അങ്ങിനെ ‍ചിലപ്പൊഴൊക്കെ രാത്രികള്‍ ശിവരാത്രികളാവുമായിരുന്നു...

ഇന്ന് വീണ്ടും മറ്റൊരു ശിവരാത്രി.. അവള്‍ പാ‍തി തുറന്നു കിടക്കുന്ന വാതിലിലേക്ക് ഒന്നു കൂടി നോക്കി... ഗംഗ കിടക്കയില്‍ കമഴ്ന്നു കിടപ്പുണ്ട്.. കരച്ചിലിന്റെ ഊക്ക് കുറഞ്ഞിരിക്കുന്നു.. .. നാളെ മറ്റൊരാളുടേതാവാന്‍ അവളും ഒരുങ്ങിയിരിക്കുമോ.. സാഹചര്യങ്ങള്‍ അവളില്‍ നിന്ന് അതാണ് ആവശ്യപ്പെടുന്നതെന്ന് വിശ്വസിക്കാന്‍ അവള്‍ക്കാവുന്നുണ്ടൊ..

ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ശിവ വീണ്ടും ഗേയ്റ്റിലേക്ക് നോക്കി.. സന്ധ്യമയങ്ങാന്‍ തുടങ്ങിയിരിക്കുന്നു.. വഴികളെല്ലാം ശിവക്ഷേത്രത്തക്കാണ്.. മകളുടെ കല്ല്യാണത്തിനുള്ള ഒരുക്കങ്ങളുമായി അയാളും അമ്പല്‍ത്തിലാണ് ..
പഴയ തറവാട്... അമ്മയും അച്ഛനും മരിച്ചതോടെ ഇങ്ങോട്ടുള്ള വരവുകള്‍ പോലും കുറഞ്ഞു പോയി.. കൂടപ്പിറപ്പുകള്‍ ഇല്ലാതിരുന്നതിനാല്‍ തിരക്കുകള്‍ക്കിടയില്‍ എന്തിനു വരുന്നെന്ന തോന്നലും.. ഇവിടെ ഓര്‍മ്മപ്പെടുത്താനുണ്ടായിരുന്നത് മറക്കാനുള്ളതു മാത്രമായിരുന്നു.. പകല്‍ ആരൊക്കെയോ വന്നിരുന്നു.. പേരുപോലും മറന്ന ചില മുഖങ്ങള്‍ .. ബന്ധങ്ങള്‍ പറഞ്ഞറിയിക്കേണ്ട മറ്റുചിലര്‍.. കഥ കേട്ടറിഞ്ഞവര്‍ക്ക് മുന്നില്‍ ഗംഗയൊരു കാഴ്ചവസ്തുവായി.. ഈ കല്ല്യാണം നഗരത്തിലെ വീട്ടിലായിരുന്നെങ്കില്‍... ആളും ബഹളവുമായി, എന്തൊരു സന്തോഷമായിരിക്കും..ഇതൊരു ഒളിച്ചോട്ടമാണ്... അമ്മയെ പോലെ മകളും ഒരു ശിവരാത്രി പിറ്റേന്നാള്‍.. എവിടെയൊക്കെയോ ആവര്‍ത്തനങ്ങള്‍..
കാടുകേറുന്ന ചിന്തകളെ തളച്ചത്.. ഇടവഴി കേറി വന്ന ഓട്ടോയായിരുന്നു.. ആളെ തിരിച്ചറിഞ്ഞതും ശിവ തഴേക്കിറങ്ങി.. അതിനു മുമ്പ് ഗംഗയുടെ മുറിയിലേക്ക് ഒന്നുകൂടി നോക്കി..

അയാള്‍ വരുമ്പോഴെക്കും ഒത്തിരി വൈകിയിരുന്നു.. ഗംഗയെ അന്വേഷിച്ചപ്പൊ നേരത്തെ ഭക്ഷണം കഴിച്ച് കിടന്നെന്ന് അറിയിച്ചു.. ഇന്ന് രാത്രി താന്‍ മകളുടെ മുറിയിലാണെന്ന് പറഞ്ഞു പതിയെ ഗോവണി കയറി..

പിന്നെ ടെറസ്സിലേക്കുള്ള വാതില്‍ തഴുതിട്ട് അതില്‍ ചാരി അവള്‍ കാവലിരുന്നു
..

10 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ശിവാ....

ഇന്നു ശിവരാത്രി... രാവുറങ്ങാതെ നീ എനിക്കായി ഉണര്‍ന്നിരിക്കും.. മിഴി തുറന്ന് മനം നിറഞ്ഞ് നീ തെളിഞ്ഞു നില്‍കും.. നീ നോറ്റുനേടുന്ന നന്മകളില്‍ ഞാന്‍ ഗംഗയായൊഴുകും..

ശ്രീ said...

കാലം എല്ലാവര്‍ക്കും വേണ്ടി കാത്തു വച്ചിരിയ്ക്കുന്നത് ഇതു പോലുള്ള ആവര്‍ത്തനങ്ങളായിരിയ്ക്കുമോ?

കഥ ഹൃദ്യമായി...
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

siivarathri kadha nannaayi tto

ഉപാസന || Upasana said...

ഇന്നു ശിവരാത്രിയാണ്.. നീ ഓര്‍ക്കുന്നോ പഴയ ശിവരാത്രികളെ.. സന്ധ്യക്കുമുന്പെ ആല്‍ത്തറയില്‍ സ്ഥാനം പിടിച്ച് പുലരുവോളം കളികണ്ടത്..

മാളൂട്ടി എന്നെ വീണ്ടും, പലതും ഓര്‍മിപ്പിച്ചു.
ഇത്തവണ ശിവരാത്രിക്ക് ഞാന്‍ പോകുന്നില്ല
കാരണം
ഇത്തവണ അവള്‍ ചിലങ്ക അണിയുന്നത് എനിക്ക് വേണ്ടിയല്ല..!

നല്ല ചെറുകഥ ഇട്ടിമാളു.
:-)
ഉപാസന

salil | drishyan said...

ഇത് എനിക്കിഷ്ടപ്പെട്ടു. ഭാഷ തന്‌റ്റെ സ്ഥിരം രീതിയില് ആണെങ്കിലും, അവതരിപ്പിച്ച രീതി കൊള്ളാം. പിന്നെ ഒരാവര്ത്തി കൂടി വായിക്കാതെ ഒരഭിപ്രായം പറയാന് തോന്നുകയുമില്ല. നീട്ടി പറയാതിരിക്കാനുള്ള ശ്രമവും കൊള്ളാം. കഥ ഒരു നീട്ടിപറച്ചില് ആവശ്യപ്പെടുന്നുമില്ല. കൊള്ളാമെടോ. മാളൂസ് പഴയ ഫോമിലേക്ക് പതിയെ വന്നു കൊണ്ടിരിക്കുന്നു എന്ന് കരുതട്ടെ.

സസ്നേഹം
ദൃശ്യന്‍

Sabu Prayar said...

വായിക്കുക. www.maalavikam.blogspot.com

ഇട്ടിമാളു അഗ്നിമിത്ര said...

ശ്രീ.. അറിയില്ല.. ആയിരിക്കാം ന്നെ ഉള്ളു...

പ്രിയാ.. :)

ഉപാസനാ.. എന്താ ഇപ്പൊ ഞാന്‍ പറയാ...

ദൃശ്യാ.. നല്ല വാക്കിനു നന്ദിയുണ്ട്..

മാളവികാ.. വരാംട്ടൊ..

കാശിത്തുമ്പ said...

നന്നായി. തട്ടും തടയലുമില്ലാതെയുള്ള വായനയുടെ ശരിക്കും അനുഭവിച്ചു.

കാശിത്തുമ്പ said...

will be back to read older posts...

ഇട്ടിമാളു അഗ്നിമിത്ര said...

സണ്‍ഷൈന്‍.. :)