Wednesday, July 30, 2008

നമ്മുടെ നാട്ടിലും പ്രതീക്ഷിക്കാമല്ലെ..!!!

കണ്ടില്ലെ, വാര്‍ത്ത..
ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ വന്നതാണ്..
നമ്മുടെ നാട്ടിലെ ചില കോടതിവിധികള്‍ കാണുമ്പോള്‍ ഇങ്ങനെ ഒരെണ്ണം ഇവിടെ ആയിരുന്നില്ലെ ആദ്യം വരേണ്ടിയിരുന്നത് എന്ന്‍ തോന്നുന്നില്ലെ..
റഷ്യന്‍ ജഡ്ജി നമ്മളെ തോല്പിച്ചു കളഞ്ഞു..
ഇനി പറഞ്ഞിട്ടു കാര്യമില്ല.. :(

Monday, July 28, 2008

ഞാന്‍‌ അല്പം തിരക്കിലാണ്..

വഴിയില്‍ കുശലം ചോദിക്കാനെത്തിയ
പരിചയക്കാരനോട് പറഞ്ഞു..
അല്പം തിരക്കിലാണ്
എന്തിനൊരു പുതിയ വാര്‍ത്ത
വെറുതെ കാറ്റില്‍ പറക്കണം

ജോലിതീര്‍ത്ത് വെറുതെയിരിക്കുമ്പോള്‍
അവള്‍ അരികിലെത്തി,മുഖത്തെ മ്ലാനതയെ
ഒരു നോക്കില്‍ കുത്തിനിര്‍ത്തി
അയ്യൊ, ഒന്നുമില്ല,അല്പം തിരക്കിലാണ്

അലക്ഷ്യമായ് ജനലിലൂടെ കണ്‍പായിക്കുമ്പോള്‍
തിളച്ചു തൂവിയ പാലിനൊപ്പം, ശകാരവര്‍ഷവും
മറുപടികളില്ലാതെ, തിരക്കഭിനയിക്കുമ്പോള്‍
സ്വയം വിശ്വസിപ്പിച്ചു, ഞാന്‍ തിരക്കിലാണ്

രാവിലെന്റെ ഉറക്കത്തിലേക്ക്
ക്ഷണിക്കാതെ നടന്നെത്തിയ
സ്വപ്നത്തിനോട് കിന്നരിക്കുമ്പോള്‍
ഒരു ഞെട്ടലോടെ ഉണര്‍ന്നു ചൊല്ലി
വേണ്ട, ഞാനല്പം തിരക്കിലാണ്

ഇടതും വലതുമറിയാതെ
മുന്‍പിന്‍ നോക്കാതെ
എവിടെയെന്നോര്‍ക്കാതെ
ഞാനെന്നോട് തന്നെ മന്ത്രിക്കുന്നു
അതെ, തിരക്കിലാണ്..

Wednesday, July 16, 2008

ഭാവിക്കണ്ണാടികള്‍

ആഴ്ചതോറുമുള്ള ആവര്‍ത്തനങ്ങള്‍ക്കപ്പുറം ഓരോ യാത്രയും ഓരൊ അനുഭവമാണ്.. ഒരേ വഴിയും ഒരേ വണ്ടിയുമെങ്കിലും ഞാനൊഴിച്ച് സഹയാത്രികരെല്ലാം മാറുന്നു എന്നതാവാം കാരണം.. പിന്നെ വായ്നോട്ടം അത്ര മോശം പരിപാടിയല്ലെന്ന ആത്മവിശ്വാസവും.. വീട് വിട്ട് കൂടുമാറിയ ആദ്യകാലങ്ങളില്‍ ഞാനും മണിക്കൂറുകള്‍ നീളുന്ന ബസ്സ് യാത്രക്കാരിയായിരുന്നു..ഏത് അസമയത്തും ഒരു ബസ്സുണ്ടാവും എന്നതു ഒരു സൌകര്യവും.. പിന്നെ എപ്പൊഴൊ ഞാനൊരു തീവണ്ടിക്കാരിയായി..മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ട്രെയിന്‍ യാത്രകള്‍ എന്തു ബോറാണെന്ന് പറഞ്ഞ് കാസര്‍ക്കോട് നിന്ന് കന്യാകുമാരിക്കായാലും ബസ്സില്‍ പോവുന്ന സുഹൃത്തെനിക്കുണ്ട്... പക്ഷെ ജനലിനരികിലെ ഒരു ഇരിപ്പിടവും നല്ലൊരു പുസ്തകവുമുണ്ടെങ്കില്‍ ഏതു യാത്രയും ആസ്വാദ്യമാവുമെന്നത് എന്റെ കാര്യം .. അവകാശമായി പിടിച്ചെടുത്തിരിക്കുന്ന ലേഡീസ് കമ്പാര്‍ട്ട്മെന്റ് അത്ര അത്യാവശ്യമെന്നൊന്നും എനിക്ക് തോന്നാറില്ല.. എങ്കിലും ട്രെയിന്‍ ഇറങ്ങി ഓവര്‍ ബ്രിഡ്ജിലെ ഇടി കൊള്ളേണ്ടതോര്‍ക്കുമ്പോള്‍ ഏറ്റവും പുറകിലെ ലേഡീസില്‍ ഞാനും യാത്രക്കാരിയാവുന്നു.. ഒരു സീറ്റ് ഉറപ്പായതോണ്ടും കൂട്ടുള്ളതുകൊണ്ടുമാണ് ഇത്തവണ ഞാന്‍ നടുത്തുണ്ടത്തില്‍ കേറിയത്.. കുറേ കാലമായി നഷ്ടമായിരുന്ന ജനറല്‍ ക്മ്പാര്‍ട്ട്മെന്റിലെ യാത്രയായിരുന്നു അതെനിക്ക് തിരിച്ചു തന്നത്.. മുഖാമുഖം ഇരിക്കുന്ന പരമ്പരാഗത രീതിക്കു പകരം ഒരു വശത്തേക്കുമാത്രമുള്ള സീറ്റുകള്‍... വളവും തിരിവുമില്ലാത്ത നേര്‍‌രേഖയിലാവുമ്പോള്‍ നടുവിലെ നടവഴിയില്‍ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ എത്തിയില്ലെങ്കിലും ഒരുപാടു ദൂരം കാണാം...ഇപ്പോള്‍ ഞാന്‍ വേണാടിന്റെ വഴികളിലാണ്..


യാത്രക്കാരല്ലാതെ തീവണ്ടികളെ സ്വന്തമാക്കിയവര്‍ പലരുമുണ്ട്.. നാടും വീടും ഏതെന്നു പറയാനില്ലാത്ത നാടോടികള്‍.. അവര്‍ പാട്ടുകാരായോ പിച്ചക്കാരായൊ അങ്ങിനെ പല വേഷത്തിലും വരും.. മുഷിഞ്ഞു നാറിയ വേഷവും മാറാപ്പുമായി അവരെത്തുമ്പോള്‍ ഏതു തിരക്കിനിടയിലും കടന്നു പോവാന്‍ വഴിയുണ്ടാകും.. വെറും യാത്രയെങ്കില്‍ വാതിലിനരികിലെ നിലത്തിനപ്പുറം അവര്‍ അകത്തേക്ക് കടക്കാറുമില്ല.. എത്ര തന്നെ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നാലും അവര്‍ സീറ്റിലിരിക്കുന്നത് കണ്ടിട്ടില്ല.. അതോ ഞാന്‍ കാണാതെ പോയതൊ...

വിരസമായ യാത്രകള്‍ക്ക് ജീവന്‍ നല്‍കുന്നത് കച്ചവടക്കാരാണ്.. പാന്റ്രികാറിലെ ചായയും കാപ്പിയും വടയും പഴം‌പൊരിയും മാത്രമല്ലല്ലൊ നമുക്ക് മുന്നിലെത്തുന്നത്.. പഴയ ഒരു രൂപ രണ്ടു രൂപ കടലപൊതിക്കാര്‍ പോലും മിനിമം അഞ്ചു രൂപയിലെത്തിയിരിക്കുന്നു... പിന്നെ ചോക്ലേറ്റ് ബിസ്കറ്റ് വറവുകള്‍... കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍.. അങ്ങിനെ പോവും വില്പനയുടെ നിരകള്‍..

ചിലപ്പോഴൊക്കെ ശല്യമായി തോന്നുമെങ്കിലും വളരെ ആകാക്ഷയോടെ ഇവരെയും കാത്തിരുന്ന ഒരു യാത്രയുണ്ട്.. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഒരു കാഴ്ചക്കാരിയായി പോയപ്പോള്‍.. വഴിയരികില്‍ കൊച്ചു കൊച്ചു സാധനങ്ങള്‍ വാങ്ങി നടന്ന എനിക്ക് കിട്ടിയ ഉപദേശമായിരുന്നു; ഇതിനേക്കാള്‍ ചുരുങ്ങിയ വിലയില്‍ ഇതൊക്കെ ട്രെയിനില്‍ വരും.. അതു സത്യമായിരുന്നു... 1000 രൂപ വിലപറഞ്ഞ ടേപ്‌റിക്കോര്‍ഡര്‍ 200 രൂപക്ക് വാങ്ങിയപ്പോഴെ ഓപ്പോള്‍ ചീത്ത വിളിക്കാന്‍ തുടങ്ങി.. പക്ഷെ എട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും അതിന്നും യാതൊരു കേടും കൂടാതെ പാടുന്നുണ്ട്.. പിന്നെയും വന്നു പലതും.. മുത്തുകല്ലുമാലകളും കൌതുകവസ്തുക്കളും അങ്ങിനെ പലതും.. കയ്യിലെ കാശ് തീരുകയും ഓപ്പോളുടെ ചീത്തവിളികൂടുകയും ചെയ്തപ്പോള്‍ കാത്തിരിപ്പ് വെറും കാഴ്ചമാത്രമായി.. അത്രയൊന്നും വൈവിധ്യം കേരളത്തിലെ ട്രെയിന്‍ വില്പനകളില്‍ കണ്ടിട്ടില്ല.. അന്നു വാങ്ങികൂട്ടിയതില്‍ ഒരിക്കല്‍ പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ലാത്ത കല്ലുമാലകള്‍ ഇന്നും ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.. വെറും ഒരു കൌതുകം..

വല്ലപ്പൊഴും യാത്രചെയ്യുന്നവരാണ് ഈ വില്പനക്കാരുടെ വലയില്‍ അധികവും വീഴുന്നത്.. സ്ഥിരം യാത്രക്കാരും ഇവരും പരസ്പരം അധികമൊന്നും ഗൌനിക്കാറില്ല.. ഒരേ വഴിയെ ഉള്ള യാത്രകള്‍ കൂടുമ്പോള്‍ പരിചിതമായ മുഖങ്ങളുടെ എണ്ണവും കൂടുന്നു.. കോട്ടണ്‍ സോക്സ് ടവല്‍ വില്പനക്കെത്തുന്ന മെലിഞ്ഞു നീണ്ട മനുഷ്യന്‍.. അയാളുടെ ശബ്ദം ആള്‍കൂട്ടത്തില്‍ പോലും തിരിച്ചറിയാം.. .. അതിനെന്തൊ പ്രത്യേകതയുണ്ട്.. അല്ലെങ്കില്‍ ആ വായ്ത്താരിയുടെ താളം കാരണവുമാവാം.. അയാള്‍ക്ക് ഞാന്‍ പരിചിതയല്ലെങ്കിലും അയാള്‍ എനിക്ക് പരിചിതന്‍..

"ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നതെന്തുകൊണ്ട്?"

"മറ്റൊന്നും വലിക്കാന്‍ ഇല്ലാത്തതുകൊണ്ട്"

"നാട്ടില്‍ പോവാണല്ലെ" എന്നു ചോദിക്കുന്ന തമാശവില്പനക്കാരന്‍.. ആദ്യത്തെ തവണ അയാളങ്ങിനെ ചോദിച്ചപ്പോ എനിക്കിത്തിരി ദേഷ്യം വന്നു.. പുറകെ വേറെയും ചോദ്യങ്ങള്‍ വരുമൊ എന്നൊരു ഭയവും.. അയാള്‍ക്ക് എന്റെ നാടും നാളും അറിയില്ലെന്ന് എനിക്കും അയാള്‍ക്കും അറിയാം.. പക്ഷെ ഞങ്ങള്‍ക്ക് പരസ്പരമറിയാം.. വരാന്ത്യങ്ങളിലെ യാത്രക്കാരിയും തമാശവില്പനക്കാരനുമായി.. ഒരു ദിവസം ഞാനും ആ പുസ്തകം വാങ്ങിയിരുന്നു.. പിന്നെ വായിക്കാന്‍ കൈമാറിപോയപ്പോള്‍ ട്രെയിനില്‍ തന്നെ നഷ്ടമായി.. ഇപ്പോള്‍ വായിച്ചു നോക്കാനായി പോലും അതെനിക്ക് തരാറില്ല.. പക്ഷെ കേട്ട് കേട്ട് ആ പുസ്തകം മുഴുവന്‍ കാണാപാഠമായിരിക്കുന്നു..

"ഇതാണിന്ത്യയുടെ ഭൂപടം" എന്ന് കവിത ചൊല്ലിയില്ലെങ്കിലും, ഒരു തുണ്ടു ഭൂമി സ്വന്തമാക്കാന്‍ കാശില്ലാത്തവര്‍ക്കും, ചുരുങ്ങിയ കാശിന് ലോകം മുഴുവന്‍ വില്‍ക്കാന്‍ ‍തയ്യാറായി വരുന്ന തലേക്കെട്ടുകാരന്‍..

മുമ്പ് ഒരുപാട് അന്വേഷിച്ചിട്ടും കിട്ടാതിരുന്ന ചിലപുസ്തകങ്ങള്‍ എനിക്ക് കിട്ടിയത് ഈ തീവണ്ടികച്ചവടക്കാരില്‍ നിന്നാണ്.. അതില്‍ ഒരിക്കലും മറക്കാത്ത ഒരു മുഖമുണ്ട്.. പാലക്കാട് ഇംഗ്ലീഷ് എം എ ക്ക് പഠിച്ചിരുന്ന ഒരു പയ്യന്‍.. ശനിയും ഞായറും പുസ്തകം വിറ്റ് പഠിക്കാനുള്ള കാശുണ്ടാക്കിയിരുന്നവന്‍.. പേരോര്‍ക്കുന്നില്ല.. പക്ഷെ ചന്ദനകുറിയിട്ട ചിരിക്കുന്ന ആ മുഖം മാത്രം മനസ്സിലുണ്ട്.. പലതവണ കണ്ട പരിചയത്തില്‍ നിന്നാവാം പുതിയ പുസ്തകങ്ങള്‍ കയ്യിലുണ്ടെങ്കില്‍ പറയും.. പലരും അവനോട് വിലപേശുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്.. എന്തിനെന്ന് ചോദിച്ചാല്‍, എന്തൊ ഒരു വിഷമം..

കനമുള്ള പുസ്തകങ്ങളുമായി വരുന്നവരേക്കാള്‍ കൂടുതല്‍ പത്തു രൂപാ പുസ്തകക്കാര്‍ തന്നെ.. ഒരു യാത്രയുടെ വായനക്ക് അതു ധാരാളം എന്നതിനാലാവാം.. കുന്നംകുളം എച്ച് & സി കാരായിരുന്നു ഈ പുസ്തകങ്ങളുടെ കുത്തകക്കാര്‍.. പക്ഷെ ഇപ്പോള്‍ സൂര്യനുതാഴെയുള്ള എന്തിനെ കുറിച്ചും ഈ പത്ത് രൂപാ പുസ്തകങ്ങളുമായി പലരും രംഗത്തുണ്ട്.

വിലപ്പെട്ട വസ്തുവായി സൂക്ഷമതയോടെ കൈകാര്യം ചെയ്തിരുന്ന സിഡികള്‍ റോഡരികിലെ വില്പനവസ്തുവായിട്ട് അധികം കാലമായില്ല.. പാട്ടുകളുടെ സിഡികള്‍ തന്നെ അതില്‍ മുന്‍പന്തിയില്‍.. ട്രെയിനില്‍ സി ഡി വില്പനക്കാരെ സാധാരണ കാണാറുണ്ടെങ്കിലും ഈ ആഴ്ചയില്‍ കണ്ടൊരാള്‍ ശരിക്കും ശ്രദ്ധപിടിച്ചു പറ്റുന്നതായിരുന്നു.. പഞ്ചായത്തും വില്ലേജും മുനിസിപ്പാലിറ്റിയുമൊക്കെ ഓരോ സര്‍ട്ടിഫിക്കറ്റുകളുടെ പേരില്‍‍ മനുഷ്യനെ നട്ടം തിരിക്കുന്നത് ചില്ലറയല്ല.. പക്ഷെ ഇതിനെല്ലാം അപേക്ഷിക്കാനുള്ള 529 ഫോംസും കിട്ടാനുള്ള നടപടിക്രമങ്ങളും (കിമ്പളത്തിന്റെ കാര്യം ഉണ്ടൊ എന്നറിയില്ല) ഇതിലുണ്ടന്നാണ് അയാള്‍ തൊണ്ട പൊട്ടി പറഞ്ഞു കൊണ്ടിരുന്നത്.. എന്തായാലും ആ ഒരു കമ്പാര്‍ട്ട്മെന്റില്‍ മാത്രം 10/15 എണ്ണം വിറ്റു.. അറുപത് രൂപയില്‍ ഒരു രൂപകുറക്കാനുള്ള ആവശ്യം പോലും അയാള്‍ പുല്ലു പോലെ തള്ളുന്നത് കണ്ടപ്പൊ അയാളുടെ പ്രൊഡക്റ്റില്‍ അയാള്‍ക്കുള്ള വിശ്വാസം ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.. രണ്ടാമതിറക്കിയ “എങ്ങിനെ വൈനുണ്ടാക്കാം” എന്നത് ആരും തിരിഞ്ഞു നോക്കിയതുമില്ല.. ഇയാളായിരുന്നു ഞാന്‍ ട്രെയിനില്‍ കേറുമ്പോള്‍ അരങ്ങത്തുണ്ടായിരുന്നത്.. പക്ഷെ ഇറങ്ങാനായി വാതില്‍‌ക്കല്‍ നില്‍ക്കുമ്പോള്‍ ‍ വന്നത് ഭൂതകണ്ണാടികളായിരുന്നു.. പലവലിപ്പത്തിലുള്ള ലെന്‍സുകളുമായി ഒരാള്‍ ‍ തിക്കിതിരക്കി എത്തിയപ്പോള്‍, ആരോ ചോദിക്കുന്നുണ്ടായിരുന്നു

"ഭാവികണ്ണാടികള്‍ ഉണ്ടോ"

ട്രെയിന്‍ നിര്‍ത്തി ഇറങ്ങി പോന്നതു കൊണ്ട് അയാള്‍ എന്താണ് ഉത്തരം പറഞ്ഞതെന്ന് കേട്ടില്ല..

==============

എന്റെ കൂട്ടുകാരിക്ക് എഞ്ചിനീയറിംഗ് കോളേജില്‍ റാഗങിനു കിട്ടിയത് മോണോആക്റ്റ് അവതരിപ്പിക്കാനായിരുന്നു.. വിഷയം നൂറു രൂപ ചിലവാക്കണം.. വീട്ടില്‍ നിന്നും കോളേജിലേക്ക് വരാന്‍ അവള്‍ ട്രെയിനില്‍ കയറി.. കണ്ണുകാണാത്ത പിച്ചക്കാരനും ലോട്ടറികച്ചവടക്കാരനും പിന്നെ ഓരോ സ്റ്റേഷനിലെയും ചായ-വടൈക്കാരും വന്നു പോയപ്പൊ.. അവള്‍ റാഗ് ചെയ്യാന്‍ വന്ന നേതാവിനോട് ചെന്നു പറഞ്ഞു.. "ചേട്ടാ.. നൂറുരൂപകൊണ്ട് ഒന്നുമാവുന്നില്ല"..

Thursday, July 3, 2008

റെഡ് റിബ്ബണ്‍ എക്സ്പ്രെസ്സ്

"നമ്പര്‍ 13 ന് ഒരു പോയിന്റ്"

ജീവിതത്തില്‍ ഒരു ദിവസം, അന്ന് ആദ്യവും അവസാനവുമായി ഞാന്‍ എയ്ഡ്സിനെ സ്നേഹിച്ചു.. സ്കൂള്‍ പ്രശ്നോത്തരി മത്സരത്തില്‍ എയ്ഡ്സിന്റെ പൂര്‍‌ണ്ണരൂപം എനിക്ക് നേടിതന്നത് ഒരു പോയിന്റ് മാത്രമായിരുന്നില്ല മൂക്കില്ലാരാജ്യത്തെ മുറിമൂക്കി‍ രാജകുമാരിയുടെ പട്ടവുമായിരുന്നു..

പിന്നെ കൂടുതല്‍ അറിയുന്തോറും ഏതൊരു സാധാരണക്കാരിയെയും പോലെ ഞാനും അതിനെ ഭയപ്പെടാന്‍ തുടങ്ങി.. ഓരോ അറിവിലും ഭയത്തിന്റെ നിരപ്പ് കൂടിയും കുറഞ്ഞും ചാഞ്ചാടികൊണ്ടിരുന്നു.. ഓപ്പറേഷന്‍ ടേബിളില്‍ കയറിയിറങ്ങിയപ്പോഴൊക്കെ ഞാന്‍ ആ സൂചിമുനകളുടെയും കത്തിയരികുകളെയും അല്പം ഭയത്തോടെ നോക്കിയിട്ടുണ്ട്.. അതൊരിക്കലും എന്റെ അസുഖത്തെ കുറിച്ചൊ വേദനയോര്‍ത്തൊ അല്ല... അന്തിമമായി വിജയമോ പരാജയമൊ എന്നതിനേക്കാല്‍ മറ്റൊരു അസുഖം എന്നിലേക്കെത്തുമോ എന്ന് അന്നൊക്കെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിട്ടുണ്ട്.. വിവരമില്ലായ്മയുടെ കാഠിന്യം തന്നെ..

എന്തെ ഇപ്പൊ ഇതൊക്കെ ആലോചിക്കാന്‍ എന്ന് വെച്ചാല്‍..

കേരളത്തില്‍ എയ്ഡ്സിനെ കുറിച്ചുള്ള ബോധവത്കരണത്തിനായി റെഡ് റിബ്ബണ്‍ എക്സ്പ്രെസ്സ് എത്തിയിരിക്കുന്നു.. കലാജാഥയും മറ്റു പരിപാടികളുമായി അവര്‍ നാടുചുറ്റുന്നുണ്ട്.. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഏഴ് സ്റ്റേഷനുകളിലാണ് പ്രദര്‍ശനത്തിനായി ഈ പ്രത്യേക തീവണ്ടി നിര്‍ത്തുന്നത്..


മെഡിക്കല്‍ ലാബില്‍ ജോലിചെയ്യുന്ന കൂട്ടുകാരി എച് ഐ വി പോസിറ്റീവ് ആയ ഒരു സാമ്പിള്‍‍ ടെസ്റ്റ് ചെയ്തെന്ന് പറയുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും ചോദിക്കാന്‍ ഒരുകൊട്ട ചോദ്യങ്ങള്‍ ഉണ്ടാവുമായിരുന്നു.. ബാക്കി രക്തവും ഉപയോഗിച്ച സാധനങ്ങളുമൊക്കെ വെറുമൊരു കവറില്‍ പൊതിഞ്ഞ് മുനിസിപ്പാലിറ്റിയുടെ കുപ്പത്തോട്ടിയിലെത്തും എന്ന് അവള്‍ പറഞ്ഞ് ഞങ്ങള്‍ക്കറിയാം.. ചിലപ്പൊഴൊക്കെ ഭാവന കാടുകേറുമ്പോള്‍, അതൊരു വല്ലാത്ത കാ‍ടുകേറല്‍ തന്നെയാണ്...


അറിയാവുന്നതില്‍ കൂടുതല്‍ എന്തറിയാന്‍ എന്ന് ചിന്തിക്കുന്നവരെ.. കഴിയുമെങ്കില്‍ ഈ പ്രദര്‍ശനം കാണുക.. നമ്മള്‍ കേട്ടതും അറിഞ്ഞതും തന്നെയാണ് ഇവിടെയും അവതരിപ്പിക്കപ്പെടുന്നത്.. പക്ഷെ കുറച്ചു കൂടെ ആധികാരികതയോടെയാണെന്നു മാത്രം..


വാല്‍‌കഷണം

പ്ലാറ്റ്ഫോമില്‍ ഒരു സ്കിറ്റ് തകര്‍ക്കുകയാണ്.. എയ്ഡ്സ് പെങ്കുട്ടിയെന്നും പൂവരണികുട്ടിയെന്നും പത്രക്കാര്‍ പ്രശസ്തയാക്കിയ രാജിയുടെ കഥയാണ്.. നല്ല തിരക്കുള്ളതിനാല്‍ ഇടയില്‍ കിട്ടിയ ഒരു കസേരയില്‍ ഞാനിരുന്നു.. ഒരു രംഗത്തില്‍ നാലുപേര്‍ ചേര്‍ന്ന് ആ കുട്ടിയെ പിടിച്ചു നിര്‍ത്തുന്നു.. കുറച്ചുനേരം തുടര്‍ന്ന ആ നില്പില്‍ പുറകില്‍ നിന്നു പിടിച്ഛിരുന്ന പയ്യന്റെ കൈ ആദ്യം വീണത് സ്ഥാനം അല്പം തെറ്റിയായിരുന്നു..

ഉടന്‍ പുറകിലിരുന്നവന്റെ കമന്റ്...

“അവന്റെയൊക്കെ ഒരു യോഗം..”

Tuesday, June 24, 2008

എനിക്ക് അമ്മയാവേണ്ട..

അമ്മയാവാനാവാത്തതാണ് തന്റെ ഏറ്റവും വലിയ ദു:ഖമെന്ന പറഞ്ഞ മഹാത്മാവാണ് നമ്മുടെ രാഷ്ട്രപിതാവ്..

പ്രകൃതിയുടെ സുന്ദരഭാവങ്ങള്‍ എല്ലാം ചേര്ന്നതാണ് അമ്മയെന്ന സങ്കല്പം.. അതിനെ സ്വന്തമാക്കുകയെന്നത് സ്ത്രീക്കു മാത്രം ദൈവം നല്‍കിയ വരദാനവും..

കൊച്ചരി പല്ലുകള്‍ കാട്ടി പുഞ്ചിരിക്കുന്ന.. പാലുനുണഞ്ഞു ചായുറങ്ങുന്ന.. ആരോടെന്നില്ലാതെ ഏതു ഭാഷയിലെന്നില്ലാതെ എന്തൊക്കെയൊ സ്വയം പറഞ്ഞ് .. കൈകാലിട്ടടിച്ച് കളിക്കുന്ന ഒരു കുഞ്ഞു വാവ.. ഏതു കരിങ്കല്‍ ഹൃദയവും അലിയുന്ന കാഴ്ച.. സ്വന്തം സ്ത്രീത്വത്തിന്റെ പ്രഖ്യാപനമാണ് അമ്മയെന്ന പദവി.. ജീവിതത്തില്‍ എന്തു ഡിഗ്രികളും സ്ഥാനമാനങ്ങളും സ്വന്തമാക്കിയാലും അമ്മയെന്ന പട്ടം ഏതു സ്ത്രീയും അതിനേക്കാളൊക്കെ ഉപരിയായി സ്വജന്മത്തിന്റെ സാക്ഷാത്കാരമായി കരുതുന്നു.. അമ്മയെന്നത് ഏതൊരു കുഞ്ഞിനും ആദ്യത്തെയെയും അവസാനത്തെയും അഭയസ്ഥാനമാണ്.. എത്ര പ്രായമായാലും ഏതു നിലയിലെത്തിയാലും മക്കള്‍ എന്നും മക്കള്‍ തന്നെ.. ശാസിക്കാനും ശിക്ഷിക്കാനും അമ്മക്കുള്ള അധികാരത്തിന് ഒരിക്കലും കോട്ടം തട്ടുന്നില്ല.. പലപ്പൊഴും അച്ഛനിലേക്കുള്ള ഒരു ചൂണ്ടു പലകകൂടിയാണ് അമ്മ.. പക്ഷെ ..

ജന്മം നല്‍കുന്നതോടെ അമ്മമാരുടെ കടമ തീരുന്നൊ.. മക്കളുടെ മാര്‍ക്കും ഗ്രേഡും മാത്രം അമ്മമാര്‍ അറിഞ്ഞാല്‍ മതിയൊ.. മക്കളുടെ കൊച്ചുകൊച്ചു കാര്യങ്ങള്‍ പോലും അമ്മമാര്‍ അറിഞ്ഞിരുന്ന കാലമുണ്ടായിരുന്നു.. അന്ന്‍ എന്തും തുറന്നു പറയാമായിരുന്ന അഭയം തന്നെയായിരുന്നു അമ്മ.. കൂട്ടുകുടുംബത്തിന്റെ സംരക്ഷണത്തിനു വെളിയില്‍ കിടന്നിട്ടും, അമ്മമ്മ അച്ഛമ്മ മുത്തശ്ശി അങ്ങിനെ പലരുടെയും ലാളനയും പരിഗണനയും നഷ്ടപ്പെട്ടിട്ടും അമ്മയുണ്ടായിരുന്നു... പക്ഷെ എവിടെ വച്ചാവാം അമ്മയും മകളും അകലാന്‍ തുടങ്ങിയത്.. മകളുടെ മുഖമൊന്ന് വാടിയാല്‍ പോലും അതിനു പുറകിലെ കാരണം അറിയാവുന്നവരായിരുന്നു അമ്മമാര്‍.. ആരോടും പറഞ്ഞില്ലെങ്കിലും അമ്മയോട് പറയാം എന്ന് ഓരോ പെണ്മക്കളും വിശ്വസിച്ചിരുന്നു.. അവരുടെ വളര്‍ച്ചയില്‍, പെണ്‍‌കുഞ്ഞില്‍ നിന്നും പെണ്ണിലേക്കുള്ള യാത്രയില്‍ ഓരോ അടിവെപ്പിലും അവള്‍‍ അറിയേണ്ടതും ചെയ്യേണ്ടതും എന്തെന്നും ഏതെന്നും പറയാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ അമ്മ കൂടെ ഉണ്ടായിരുന്നു.... ഇന്നും അമ്മകൂടെയുണ്ട്, പക്ഷെ അതൊരു ശരീരസാന്നിധ്യം മാത്രമാണോ?

ദാരിദ്ര്യത്തിന്റെ പേരില്‍ മറ്റൊരു വീട്ടില്‍ വേലക്ക് വിടുമ്പോള്‍ എന്താണ് അവിടത്തെ സ്ഥിതിയെന്ന് ഒരമ്മ തിരക്കാതിരിക്കുമൊ.. തന്റ്റെ നേരെ തിരിയുന്ന ഒരാളുടെ നോട്ടത്തില്‍‍ നിന്നു പോലും അയാളുടെ സ്വഭാവം തിരിച്ചറിയുന്ന പെണ്ണെന്തെ സ്വന്തം മകളുടെ കാര്യത്തില്‍ ഒന്നും അറിയാതെ പോവുന്നത്.. തിരിച്ചറിവില്ലാത്ത കുട്ടിയെ മറ്റൊരാളുടെ കൂടെ വിടുമ്പോള്‍ എന്തെ സാഹചര്യങ്ങളെ കുറിച്ച് മകളെ ബോധവതിയാക്കാത്തത്.. സഹതാപത്തിന്റെയൊ കാരുണ്യത്തിന്റെയൊ പേരില്‍ ആരെങ്കിലും മകളെ നോക്കിവളര്‍ത്തിക്കോളാം എന്നു പറയുമ്പോള്‍ എങ്ങിനെയാണ് ഒരമ്മക്ക് സ്വന്തം മകളെ മറ്റൊരു കയ്യില്‍ ഏല്പിക്കാന്‍ കഴിയുന്നത്.. ജീവിതമറിഞ്ഞ അമ്മയും അറിയാത്ത മകളും രണ്ടും രണ്ടല്ലെ.. ആരും സൌജന്യമായി ഒന്നും തരില്ലെന്ന് അവര്‍ അറിയാതെ പോവുന്നതെന്ത്...

കാലം മാറിയതും ആരും സുരക്ഷിതരല്ലെന്നും ഓരോ അമ്മക്കും നന്നായി അറിയാവുന്നതല്ലെ.. അകലത്തിരിക്കുന്ന കുഞ്ഞിന്റെ വിരലൊന്നു നൊന്താല്‍ പോലും അമ്മ അതറിയുന്നത്ര ശക്തമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമെന്ന് ശാസ്ത്രം പറയുന്നു.. എന്നിട്ടും കണ്മുന്നിലെ മകള്‍ക്ക് സംഭവിക്കുന്നത് ഒരമ്മ അറിയാതെ പോവുന്നതെന്ത്.. അറിയാതെ പോയത് അമ്മയോട് പറയാന്‍ മകള്‍ കഴിയാതെ പോവുന്നതെന്ത്..

പൂവരണിയിലെ കുട്ടിയെ കൊണ്ടുപോയത് സ്വന്തം അനിയത്തിയായതാണ് അമ്മ അവിശ്വസിക്കാതിരിക്കാന്‍ കാരണം.. എങ്കിലും ദിവസങ്ങളോളം മകളെ കാണാതിരിക്കുമ്പോള്‍ ആ അമ്മക്ക് ഒരിക്കലും തോന്നിയിരിക്കില്ലെ മകള്‍ എവിടെ എന്നും എങ്ങിനെ എന്നും അറിയണമെന്ന്.. സന്തോഷ് മാധവന്റെ കൂടെ എന്തു പൂജക്കാണെങ്കിലും പലപ്പൊഴും മകള്‍ പോയിട്ടും എന്തെ അമ്മമാര്‍ ശ്രദ്ധിക്കാതിരുന്നത്.. കാണുന്നവരെയെല്ലാം അങ്കിളും ആന്റിയുമാവുമ്പോള്‍ അമ്മയെങ്ങിനെ ഒരു നോക്കുകുത്തി മാത്രമാവുന്നു.. കുറച്ചു നാള്‍ മുമ്പ് ഏറെ ചര്‍ച്ചാവിഷയമായിരുന്ന ആത്മകഥയിലെ നായിക നളിനി ജമീല പറഞ്ഞത്, തന്റെ മകള്‍ തന്റെ പ്രൊഫഷണലിലേക്ക് ഇറങ്ങിയാല്‍ അംഗീകരിക്കുകയെ ഉള്ളു എന്നാണ്... ഇങ്ങനെ മറ്റുള്ളവര്‍ക്കു മുന്നില്‍ തുറന്നു പറയാതെ നടപ്പാക്കുന്നവരുടെ എണ്ണം കൂടുകയാണോ..

മുമ്പൊക്കെ അമ്മമാര്‍ മക്കളെ നോക്കാത്തതു കൊണ്ട് മക്കള്‍ വഴിപിഴക്കുന്നെന്നത് സൊസൈറ്റി ലേഡികള്‍ക്കു നേരെയുള്ള ആക്രമണമായിരുന്നു.. പക്ഷെ ഇന്ന് കേള്‍ക്കുന്ന കഥകളില്‍ പലതും മധ്യവര്‍ഗ്ഗത്തിലൊ അതിലും താഴെയൊ ഉള്ളവരുടെയൊ കുടുംബവിശേഷങ്ങള്‍ ആണ്.. അച്ഛന്റെ ആക്രമണം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയ മകള്‍ പറഞ്ഞത് “അമ്മ പറഞ്ഞു അച്ഛനെ കുറിച്ച് അങ്ങിനെ ഒന്നും പറയരുതെന്ന്”.. ആ സ്ത്രീക്ക് എന്തിനാണ് അങ്ങിനെ ഒരു ഭര്‍ത്താവ്.. നൊന്തു പെറ്റ മകളേക്കാള്‍‍ വിലയുണ്ടോ ആ താലിക്ക് ..

ഇന്നലെകള്‍ നന്മകളാല്‍ സ‌മൃദ്ധം എന്നൊന്നുമല്ല.. ഏതു കാലത്തിനും ഏതു ദേശത്തിനും നല്ലതെന്നും ചീത്തയെന്നും പറയാന്‍ എന്തെങ്കിലുമൊക്കെ ഉണ്ടാവും.. എങ്കിലും നല്ലതിന്റെ അളവുകോലില്‍ അതു സ്വന്തമാക്കാനാണല്ലൊ നമ്മള്‍ ശ്രമിക്കുന്നതും ആഗ്രഹിക്കുന്നതും..

ഇല്ല.. എന്റെ മക്കള്‍ക്ക് നല്കാന്‍ നല്ലൊരു ഭൂമിയില്ല.. ബാല്യവും കൌമാരവും പോലും അവര്‍ക്ക് അല്ലലുകളില്ലാത്ത ജീവിതം നല്‍കുന്നില്ല.. പെണ്‍‌കുട്ടികള്‍ക്ക് അച്ഛനെയും സഹോദരനെയും പോലും വിശ്വസിക്കാനാവാത്ത കാലം.. ആണ്‍‌കുട്ടികളും സുരക്ഷിതരെന്ന് അവകാശപെടാനാവില്ല.. എവിടെയും ഏതൊക്കെയൊ കഴുകന്‍ കണ്ണുകള്‍ വട്ടമിട്ടുപറക്കുന്നു.. വേണ്ട എനിക്കമ്മയാവേണ്ട..

Tuesday, June 17, 2008

ആരുടേതുമല്ലാത്ത ആകാശകാഴ്ചകള്‍

വലതു വശത്തു മുകളിലുള്ള ജനല്‍‌പാളിയിലൂടെയാണ് ഇപ്പോള്‍ ആകാശക്കാഴ്ചകള്‍ വന്നുകൊണ്ടിരിക്കുന്നത്.. ഒരു മേഘത്തുണ്ടുപോലും മലിനമാക്കാത്ത ഈ ആകാശത്ത് എന്തു കാഴ്ചയാണ് കണ്ണില്‍ പതിയാനുള്ളതെന്ന് വേണമെങ്കില്‍ ചോദിക്കാം.. പക്ഷെ, ഈ കൂട്ടിലെ ഒരു വര്‍ഷത്തെ ജീവിതത്തില്‍ ആ ഒരു ആകാശകാഴ്ച നഷ്ടപെടാതിരിക്കാനാണ് മിതാലി ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത്.. ഏതു നിമിഷവും അതു നഷ്ടമാവാമെന്ന ഭയം അവളുടെ ചിന്തകളില്‍ വിങ്ങലായതും നീല്‍ മുന്‍‌വാതില്‍ വലിച്ചടക്കുന്ന ശബ്ദം അവളുടെ ചെവികളിലെത്തിയതും ഒരുമിച്ചാണ്.. ആ വാതിലിന്റെ താഴ് വീണുകാണുമെന്ന് ആരും പറയാതെ അവള്‍ക്കറിയാം, ഇനി വൈകുന്നേരം അവനെത്തും വരെ താന്‍ തനിച്ചാണെന്നും..

ഇത് മിതാലി.. ഒരു വെറും പെണ്ണ്.. അവകാശപ്പെടാന്‍ കാഴ്ചയിലൊ കയ്യിലിരിപ്പിലൊ പ്രത്യേകതകള്‍ ഒന്നുമില്ല.. അച്ഛന്റെ സ്ഥലം‌മാറ്റങ്ങള്‍ക്കൊപ്പം നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള പ്രയാണം.. വേരുറക്കും മുമ്പെ ഓരോ മണ്ണില്‍ നിന്നും പറിഞ്ഞു പോന്നതിനാല്‍ ഉള്ളറിഞ്ഞ കൂട്ടുകളും കുറവ്.. വല്ലപ്പോഴുമുള്ള സന്ദര്‍ശനങ്ങളില്‍ ഒതുങ്ങുന്ന ബന്ധുത്വങ്ങള്‍.. കല്ല്യാണപ്രായമാവാന്‍ കാത്തിരുന്നതിനാല്‍ ഒരു ഡിഗ്രിയെടുത്തു.. പിന്നെ ജോലിയെടുത്ത് മലമറിക്കുമെന്ന് അവള്‍ക്കൊ അച്ഛനൊ യാതൊരു പ്രതീക്ഷയുമില്ലാതിരുന്നതിനാല്‍, ആദ്യം ഒത്തുവന്ന ഒരുത്തന്റെ ചുമലില്‍ അവളെ ഭാരമേല്പിച്ചു.. അങ്ങിനെയാണ് അവള്‍ നീലിന്റെ ഭാര്യയായത്..ഇപ്പൊ അവളും ജനിച്ചുവളര്‍ന്ന വീട്ടില്‍ വെറുമൊരു സന്ദര്‍ശക.. കൂടപ്പിറപ്പുകളെന്ന ശല്യങ്ങളോടുപോലും അവള്‍ക്കുള്ളത് ഒരു തരം നിസംഗതയാണ്.. എന്നിട്ടും അവള്‍ ഈ ആകാശകാഴ്ചകളെയും അതിനു താഴെയുള്ള പത്തു സെന്റിനെയും കുറിച്ച് തലപുകക്കുന്നു...

കല്ല്യാണത്തിന് ശേഷം അഞ്ചാം നാളാണ് ‍ അവളിവിടെ എത്തിയത്..അന്ന് ആദ്യം കണ്ണില്‍ പെട്ടത് ഒരു പച്ചക്കറിക്കടയായിരുന്നു.. എന്തു കൊണ്ടെന്ന് ചോദിച്ചാല്‍ അപ്പൊഴാണ് നീല്‍ അവളോട് പറഞ്ഞത് ഇതാണ് നമ്മുടെ താവളമെന്ന്.. പക്ഷെ അറിയാതെ ശ്രദ്ധപതിഞ്ഞത് എതിര്‍വശത്തെ കൊച്ചു വീട്ടിലാണ്.. വണ്ടിയില്‍ നിന്നിറങ്ങി ഏറെ നേരം നോക്കിനിന്നതും അങ്ങോട്ട് തന്നെ.. പിന്നെയും എത്രയൊ കഴിഞ്ഞാണ് ആകാശം സ്വന്തമാക്കാനായി മുകളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളും ഒരു യുദ്ധക്കളം പോലെ കല്ലും മണ്ണും കമ്പിയുമെല്ലാം ചിതറിക്കിടക്കുന്ന ആ പരിസരവുമെല്ലാം അവളുടെ കണ്ണില്‍ പെട്ടത്.. അപ്പോഴെക്കും പച്ചക്കറിക്കടയില്‍ നിന്നും രാമന്‍‌‌ചേട്ടന്‍ ഇറങ്ങിവന്നിരുന്നു.. ഷര്‍ട്ടിടാതെ ഒരു തോര്‍ത്തു ചുമലിലിട്ട് തെളിഞ്ഞ ചിരിയുമായി...

രാമന്‍ ചേട്ടന്റെ വീടാണ് എതിര്‍വശത്തെ പത്തു സെന്റില്‍ .. . മുന്‍‌വശത്തെ കെട്ടിടത്തിലെ ഒരു ഒറ്റമുറിയില്‍ ഉപജീവനമാര്‍ഗ്ഗമായി പച്ചക്കറിക്കടയും.. പേരില്‍ പച്ചക്കറിക്കടയാണെങ്കിലും ആ പരിസരത്തിലുള്ളവര്‍ക്ക് എന്തു വേണമെങ്കിലും രാമന്‍‌ചേട്ടന്റെ കടയില്‍ കിട്ടും.. ഇനി അഥവാ അവിടെ ഇല്ലെങ്കില്‍ രാവിലെ ടൌണില്‍ നിന്നും പച്ചക്കറിയുമായെത്തുമ്പോള്‍ കൂട്ടത്തില്‍ എത്തിച്ചു തരും.. ഈ കെട്ടിടം പണിക്കാരു ഇവിടെ എത്തിയത് രാമന്‍ ചേട്ടന്റെ ശുക്രദശയാണെന്ന്‍ അന്ന് പറഞ്ഞത്.. നല്ല കച്ചവടം... പിന്നെ പണിക്കാരില്‍ ചിലര്‍ ചോദിച്ചപ്പൊ ഭവാനി ചേച്ചി വീട്ടിലെ പാചകം അല്പം വിപുലമാക്കി.. അവള്‍ ചായക്കട നടത്തുന്നൊന്നുമില്ല, നമ്മുടെ നാട്ടില്‍ വന്നുകിടക്കണ അന്യനാട്ടുകാര്‍ക്കൊരു സഹായം.. അത്രയെ രാമന്‍‌ചേട്ടന്‍ പറയൂ.. ഇന്ന് പച്ചക്കറിക്കട നിന്നിരുന്നിടത്ത് വിശാലമായ ഷോപ്പിങ്‌മാളാണ്.. ചായക്കടയെന്നും പറഞ്ഞ് അധിക്ഷേപിക്കാന്‍ തോന്നാത്ത എത്ര ഫുഡ് ജോയിന്റ്റുകളാണെന്നൊ ഈ ടൌണ്‍ഷിപ്പില്‍ ഇപ്പോഴുള്ളത്.. ശുക്രദശ തീര്‍ന്ന് ഇപ്പൊ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വയ്യാത്ത ദശയിലാ രാമന്‍ ചേട്ടന്‍.. ആകെയുള്ള ഒരു മകന്‍ നവനീത് പഠിപ്പ് കഴിയുമ്പൊ ഇവിടെയെവിടെയെങ്കിലും ജോലികിട്ടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും പൊന്നും വിലക്ക് സ്ഥലം വിറ്റ് കാശും കൊണ്ട് പോയപ്പൊഴും ഇവര്‍ മാത്രം ഇവിടെ തന്നെ നിന്നത്.. എന്നിട്ടിപ്പൊ പഠിത്തം മുഴുവനാക്കാനുള്ള കാശില്ലാതെ അവനും അലയുന്നു..

നവനീതിനെ കുറിച്ചോര്‍ത്തതും മിതാലിയുടെ കാഴ്ച വലതു വശത്ത് താഴത്തെ ജനലിലൂടെ അരിച്ചിറങ്ങി.. ആ വീട്ടിന്റെ റോഡിനു നേരെയുള്ള ജനല്‍ ഇനിയും തുറന്നിട്ടില്ല.. അത് രാമന്‍ ചേട്ടന്റെ മുറിയാണ്.. ഉണര്‍ന്നിട്ടുണ്ടാവില്ല, അല്ല ഉണര്‍ന്നിട്ടും ഒന്നും ചെയ്യാനില്ലല്ലൊ..അടുക്കളജനലിലൂടെ അടുപ്പില്‍ നിന്നുള്ള പുകയുയരുന്നുണ്ടോ എന്ന് അവളൊന്ന് സൂക്ഷിച്ചു നോക്കി.. കാഴ്ചപിടിക്കാതെ കണ്‍കള്‍ പിന്‌വലിച്ചു.. അടുക്കളക്ക് പുറകിലെ കൊച്ചുമുറ്റത്ത് ആ കറിവേപ്പ് ഇപ്പൊഴും ഉണ്ടോ ആവോ? പിന്നെ പേരറിയാ ചെടികളുടെ കൊച്ചു പൂന്തോട്ടവും.. ഇതുവരെ അടഞ്ഞു കിടന്ന ആ ഉമ്മറവാതില്‍ തുറക്കുന്നുണ്ട്.. പുറത്തിറങ്ങുന്നത് നവനീതാണ്.. മുമ്പൊക്കെ അവന്റെ കയ്യില്‍ പുസ്തകങ്ങള്‍ ഉണ്ടാവുമായിരുന്നു.. ഇപ്പോള്‍ വെറും കയ്യോടെ.. അവനെങ്ങോട്ടാവാം പോവുന്നത്; ജോലിതേടിയാവുമല്ലെ.. പക്ഷെ ഇവിടെ ഈ നോക്കെത്താദൂരത്തോളം മണ്ണുമുഴുവന്‍ ഇന്ന് നീലിന്റെ കമ്പനിയുടേതാണ്.. അതിലെ സ്ഥാപനങ്ങളും..അതിലൊരിക്കലും നവനീതിനെ എടുക്കില്ല.. എടുക്കണമെങ്കില്‍..

മിതാലി ഇങ്ങനെയാണ്.. ഈ ഉന്നതങ്ങളിലിരുന്ന് അങ്ങു ദൂരെ മണ്ണിലെ കാഴ്ചകളെ കുറിച്ച് ചിന്തിച്ചു കൂട്ടും.. അതെല്ലാം അങ്ങിനെ തന്നെയാവണമെന്ന് അവള്‍ക്ക് നിര്‍ബന്ധമൊന്നുമില്ല.. ഇപ്പോള്‍ തന്നെ ആ വീടിനെ കുറിച്ച് ചിന്തിച്ചത്..

അവള്‍ ഒരിക്കലെ ആ വീട്ടില്‍ പോയിട്ടുള്ളു.. അതും നീലിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു.. ഈ ഇരുപത്തിയെട്ട് വയസ്സിനുള്ളില്‍ നീല്‍ അവന്റെ കമ്പനിയില്‍ എത്താവുന്നത്ര ഉയരത്തില്‍ എത്തിയിരുന്നു.. എന്നിട്ടും അവനു തൃപ്തിയാവുന്നില്ലെന്നത് വേറെ കാര്യം.. ആകാശത്തിലേക്ക് കുതിച്ചുപൊങ്ങുന്ന ഈ കെട്ടിടങ്ങള്‍ പോലെയാണ് അവന്റെ സ്വപ്നങ്ങളും.. ഇനിയും ഇനിയും ഉയരത്തിലേക്ക്.. . ആരുടെയൊ കസേര സ്വന്തമാക്കാന്‍ കമ്പനിക്കാര്‍ എറിഞ്ഞ ചൂണ്ടയാണ് ആ പത്തുസെന്റ് ഒഴിപ്പിക്കുകയെന്നത്.. സുന്ദരമായ അവരുടെ ടൌണ്‍ഷിപ്പിലെ ഒരു അപശകുനമെന്നാണ് അവര്‍ ആ പത്തുസെന്റിനെ പറയുന്നത്.. ഇപ്പോള്‍‍ നീലിന്റെ ഊണിലും ഉറക്കത്തിലും ആ ഒരു ചിന്തയെ ഉള്ളു.. നല്‍കാവുന്ന വാഗ്ദാ‍നങ്ങള്‍ മുഴുവന്‍ നീല്‍ രാമന്‍ ചേട്ടന്റെ മുന്നില്‍ നിരത്തിയിരുന്നു.. മകനൊരു ജോലിയടക്കം.. പക്ഷെ എന്തൊ അതിലൊന്നും അവര്‍ വീണില്ല.. അങ്ങിനെയാണ് ഭവാനി ചേച്ചിയെ കയ്യിലെടുക്കാനായി മിതാലിയെയും കൊണ്ടുപോയത്.. ഉമ്മറത്ത് നീല്‍ രാമന്‍ ചേട്ടനെ കൈകാര്യം ചെയ്യുമ്പോള്‍ ഭവാനി ചേച്ചിയുടെ മനസ്സുമാറ്റുക എന്നതായിരുന്നു അവള്‍‍ക്കുള്ള നിര്‍ദ്ദേശം.. പക്ഷെ അവള്‍ ഭവാനിചേച്ചിയുടെ ചിരിയുടെ അകമ്പടിയോടെയുള്ള വര്‍ത്തമാനത്തില്‍ മുഴുകിയിരുന്നപ്പോള്‍ വന്നതെന്തിനെന്നുപോലും മറന്നു പോയിരുന്നു.. അന്നെ അടുപ്പിന്‍ മുകളിലെ പലകകള്‍ ചേര്‍ത്തുവെച്ച സ്റ്റാന്റില്‍ പല കുപ്പികളും കാലിയായിരുന്നു.. അതുകൊണ്ടാവാം പാലില്ലാത്ത മധുരം കുറഞ്ഞ ചായയും ഒട്ടൊരു സ്വാദോടെ അവള്‍ ഊതി ഊതി കുടിച്ചത്.. മിതാലി മനസ്സുവെക്കാത്തതുകൊണ്ടാണ് അതു നടക്കാതെ പോയതെന്ന കുറ്റപ്പെടുത്തലുകള്‍ നീലിന്റെ സംസാരത്തില്‍ കടന്നുവരാറുണ്ട്.. ഇപ്പോള്‍ അവന്റെ പ്രതീക്ഷ മുഴുവന്‍ നവനീതിലാണ്..

പക്ഷെ അവള്‍.. നീലിന്റെ പ്രൊമോഷനൊ കമ്പനിയുടെ ഭാവിയൊ ഒന്നും അവളെ ബാധിക്കുന്നില്ല... അവളുടെ കാഴ്ചപ്പുറത്ത് ഒരു നുള്ളു പച്ചപ്പെത്തുന്നത് ആ പത്തുസെന്റില്‍ നിന്ന്മാത്രമാണെന്നത് കൊണ്ട് അതൊരിക്കലും നഷ്ടപ്പെടാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല.. പിന്നെ അതില്‍ കൂടി കെട്ടിടമുയരുമ്പോല്‍ നഷ്ടമാവുന്ന ഈ ആകാശകാഴ്ചകള്‍.. അതാണ് ഒരിക്കലും സഹിക്കാനാവാത്തത്... ഇപ്പോള്‍ മുകളില്‍ ഇടതുവശത്തെ ജനല്‍കള്ളിയിലൂടെയാണ് അവളുടെ കണ്ണുകള്‍ ആകാശം തേടുന്നത്... പരസ്പരം മുഖം മറക്കുന്ന കെട്ടിടങ്ങള്‍‌ക്കിടയിലൂടെ അതങ്ങിനെ ഉയര്‍ന്നുപൊങ്ങിപ്പോയി.. പിന്നീടെപ്പൊഴൊ അവള്‍പോലുമറിയാതെ ഇടതുതാഴെ ജനലിലൂടെ താഴ്ന്നുപറന്നു..

ഇപ്പോള്‍ റോഡില്‍ നില്‍ക്കുന്നത് നീലും നവനീതുമാണെന്ന തിരിച്ചറിവ് തന്റെ ദൃഷ്ടികളെ അവിടെ തന്നെ ഉറപ്പിച്ചു നിര്‍ത്താന്‍ മിതാലിയോട് പറയുന്നുണ്ട്.. നവനീതിന്റെ ഇടതുകയ്യില്‍ ഷോപ്പിങ്മാളിന്റെ നീല കൂടുകള്‍.. നീലിന്റെ കൈപ്പിടിയില്‍ അമര്‍ന്നുപോയ് വലതുകൈ കുതറിച്ചാടാന്‍ ശ്രമിക്കാത്തതെന്തെന്ന് മിതാലിക്ക് മനസ്സിലാവുന്നില്ലായിരുന്നു.. നവനീതിനൊപ്പം അവരുടെ വീടിന്റെ പടിവരെ പോയ നീല്‍ ഒരു കൌമാരക്കാരന്റെ പ്രസരിപ്പോടെ ഫ്ലാറ്റിലേക്കുള്ള വഴിയേ തിരിച്ചുവരുന്നതായിരുന്നു മിതാലിയുടെ അവസാനത്തെ ജനല്‍‌കാഴ്ച.. വാതിലില്‍ താക്കോല്‍ കിരുകിരാ ശബ്ദിച്ചപ്പോഴാണ് ജനലുകളുടെ കൊളുത്തുവീണത്.. ഒരു മൂളിപ്പാട്ടോടെ നീല്‍ അകത്തേക്ക് കടന്നുവരുന്നതും അവന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരുന്നതും ആകാശക്കാഴ്ചകളെ മറക്കുന്ന അകകാഴ്ച്ചയായി...

Thursday, June 5, 2008

നെഗറ്റീവ് ഡോക്റ്റര്‍




അവര്‍ വന്നത് മകളെ എന്റ്രന്‍സ് എക്സാമിന്റെ ക്രാഷ് കോച്ചിങിന് ചേര്‍ക്കാനായിരുന്നു.. പോവും മുമ്പ് തൊണ്ടപൊട്ടുമാറുച്ചത്തില്‍ കരഞ്ഞ് പ്രാര്‍ത്ഥിച്ചത് മകളെ പരീക്ഷയില്‍ ഡിസ്ക്വാളിഫൈ ചെയ്യരുതെന്നും.. പരിവാരങ്ങളെല്ലാം പോയി രംഗം ശാന്തമായപ്പൊ പതിയെ ആകുട്ടിയോട് ചോദിച്ചു..

“എന്താ ഈ ഡിസ്ക്വാളിഫൈ? “

“അതൊ ഒരു പേപ്പറില്‍ 10 മാര്‍ക്കെങ്കിലും വേണം .. ഇല്ലെങ്കില്‍ ഡിസ്ക്വാളിഫൈഡ് ആവും”

അപ്പൊ.. പത്തു മാര്‍ക്കൊപ്പിക്കാനായിരുന്നു.. അവരിത്ര കരഞ്ഞ് പ്രാര്‍ത്ഥിച്ചത്.. സീറ്റൊക്കെ പറഞ്ഞ് വെച്ചിട്ടുണ്ട്.. കാശും കൊടുത്തിട്ടിട്ടുണ്ട്.. എന്നാലും... റാങ്ക് ലിസ്റ്റില്‍ പേര് വേണം..

പറയാന്‍ വന്നത് ഇതൊന്നുമല്ല.. ഒരാള്‍ കൊണ്ടു തന്ന നമ്പറിന്റെ റാങ്ക് നോക്കിയതാ.. പക്ഷെ അടിച്ച നമ്പര്‍ മാറിപോയി.. അപ്പോള്‍ കിട്ടിയതാണ് മുകളില്‍ കൊടുത്തത്...

ആകെ സ്കോറ് -3.9919 പക്ഷെ റാങ്ക് 55261..
ഈ റാങ്ക് ലിസ്റ്റില്‍ കയറികൂടാനായിരുന്നല്ലൊ ഞങ്ങടെ ഹോസ്റ്റലില്‍ വന്നവരും തലകുത്തിമറിഞ്ഞിരുന്നത്.. അപ്പൊ പിന്നെങ്ങനെ ഈ നെഗറ്റീവ് റാങ്ക്കാരി അവിടെ എത്തിപ്പെട്ടെന്നത് ന്യായമായ സംശയമല്ലെ.. താഴെ കിടന്ന നമ്പറില്‍ വിളിച്ചപ്പൊ ഉത്തരം കിറുകിറുത്യം.. ചിലര്‍ക്കൊക്കെ ഈ മാര്‍ക്ക് പരിധി ഒന്നും ഇല്ലെന്ന്..

ഈ റാങ്കിനൊന്നും അഡ്മിഷന്‍ കിട്ടില്ലെന്ന് പറയാം.. പക്ഷെ ഒത്തുവന്നാല്‍ ചിലപ്പോള്‍ കിട്ടിയെന്നും വരില്ലെ.. റാങ്ക് ലിസ്റ്റില്‍ പേരുള്ളതല്ലെ..

അപ്പൊഴും സംശയം ബാക്കി.. ഇവര്‍ ചികിത്സിക്കുന്നതും മനുഷ്യരെ തന്നെ ആവുമല്ലൊ അല്ലെ... ഹോ നെഗറ്റിവ് ഡോക്റ്റര്‍....

Wednesday, May 28, 2008

ബര്‍സ

വഴിയെ വന്നത്



ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍ എന്നര്‍ത്ഥം.. ഏതു പുസ്തകം കിട്ടിയാലും വായന തുടങ്ങുന്നത് പുറം"ചട്ട"യില്‍ ആവണമെന്ന ശീലം ഇവിടെയും തുടര്‍ന്നതിനാലാവണം, ആദ്യം കണ്ണില്‍ തടഞ്ഞത് ഇതായിരുന്നു.. മുമ്പുതന്നെ മൈനയുടെ ബ്ലോഗ് പോസ്റ്റില്‍ ഇതിനെ കുറിച്ച് വായിച്ചതിനാല്‍ ഈ വാചകം പരിചിതവുമായിരുന്നു... പിന്നെയും ചിലയിടങ്ങളില്‍ - ഇവിടെയും ഇവിടെയും കൂടി ബര്‍സയെ കുറിച്ച് കേട്ടിരുന്നു... പുസ്തകം ഇനിയുമൊരു മുദ്രണത്തിന് ബാല്യം കാത്തിരിക്കുകയാണെന്ന് അറിയാവുന്നതുകൊണ്ടും അടുത്തൊന്നും കയ്യിലെത്തില്ലെന്ന് ഉറപ്പുള്ളതിനാലുമാണ് ഒരു അവധിദിവസം കടം പറഞ്ഞ് വായനക്കിരുന്നത്... പക്ഷെ വായിച്ചുതീരുമ്പോള്‍ മുഖം തുറന്നിടലിന് മുഖചിത്രത്തിലെ പാതിമറഞ്ഞ മുഖത്തിലെ ഒറ്റക്കണ്ണിന്റെ പ്രകാശമെ ഉണ്ടായിരുന്നുള്ളു എന്നത് എന്റെ സന്ദേഹമാവാം..


ഏടുകളില്‍ തടഞ്ഞത്

സൌദി അറേബ്യയില്‍ ജോലിക്കായെത്തുന്ന മുസ്ലിം ദമ്പതിമാരായ സബിതയും റഷീദുമാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍.. കേരളത്തില്‍ മലബാറിലെ ഹിന്ദുമുസ്ലിം സാഹോദര്യത്തിന്റെ ഊഷ്മളതയില്‍ നിന്ന് മുസ്ലിങ്ങള്‍ക്കിടയില്‍ തന്നെ വലിയവനെന്നും ചെറിയവനെന്നും തരം തിരിവുകളുമായ് കഴിയുന്ന മറ്റൊരു നാട്ടിലേക്കുള്ള പറിച്ചുനടലായിരുന്നു ഇത്.. ചുറ്റും കാണുന്നതും കേള്‍ക്കുന്നതുമെല്ലാം കഥാനായികയില്‍ അലോസരമാവുന്നു ..

നല്ലൊരു ഡോക്റ്റര്‍ എന്നനിലയില്‍ അവര്‍ മറ്റുള്ളവര്‍ക്കിടയില്‍ സുസമ്മതയാവുമ്പൊഴും നല്ലൊരു മുസ്ലിം എന്ന ലേബല്‍ അവള്‍ക്ക് ലഭിക്കാതെ പോവുന്നു... ആരാണ് നല്ല മുസ്ലിം എന്നതിന് കണ്ടുമുട്ടുന്നവര്‍ നല്‍കുന്ന വ്യാഖ്യാനങ്ങള്‍ അവര്‍ക്ക് അംഗീകരിക്കാവുന്നതിലപ്പുറമാണ്... അതുകൊണ്ട് തന്നെ മുസ്ലീമല്ലാത്തതിനാല്‍ മദര്‍തെരേസയും മഹാത്മാഗാന്ധിയും എത്തിപ്പെട്ട നരകമാണ് തന്നെ കാത്തിരിക്കുന്നതെന്ന വിമര്‍ശനത്തെ സബിത സസന്തോഷം ഏറ്റുവാങ്ങുന്നു..

സബിതക്കു മുന്നില്‍ ചോദ്യമാവുന്ന മറ്റൊരു പ്രശ്നമാവുന്നത് സ്ത്രീകളുടെ ദുരിതങ്ങളാണ്.. ബഹുഭാര്യാത്വത്തെ സ്ത്രീകള്‍ പോലും അംഗീകരിക്കുന്നതിനെ വേദനയോടെയാണ് അവള്‍ കാണുന്നത്.. കന്യാഛേദത്തിന്റെ ക്രൂരതയും അതിന്റെ നിറവില്‍ തെളിഞ്ഞു നില്‍ക്കുന്നു..


ജീവതം ഒരു ഒളിച്ചോട്ടമാവുന്ന ചിലരും ആര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുന്നവരും പിന്നെ ഒരു പര്‍ദ്ദയുടെ പുണ്യംകൊണ്ട് പലതിനെയും മറക്കുന്നവരുമുണ്ട്.. കുറച്ചു നാളത്തേക്കല്ലാതെ തനിക്ക് കുടുംബത്തെ സഹിക്കാനാവില്ലെന്ന് പറയുന്ന വഹീദയും കൂടെകൂട്ടാന്‍ കഴിവുണ്ടായിട്ടും കുടുംബത്തെ നാട്ടില്‍ നിര്‍ത്തിയിരിക്കുന്ന മുഹമ്മദ് ഡോക്റ്ററുമെല്ലാം അവരില്‍ ചിലരാവുന്നു .. പക്ഷെ അതെല്ലാം സഹനടീനടന്മാര്‍ മാത്രം..


മായാതെ നിന്നത്


വയസ്സന്‍ അറബിയുടെ ഭാര്യയായി കൌമാരക്കാരിയെത്തുന്നതും അവള്‍ തന്റെ കുഞ്ഞിന് ഭര്‍ത്താവിന്റെ മുഖച്ഛായയാണെന്നതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നത് സൌദിയില്‍ ജോലിചെയ്യുന്ന ഒരു ന‍ഴ്സ് പറഞ്ഞ് കേട്ടിട്ടുണ്ട്.. അതിന്റെ പലരൂപങ്ങള്‍ ഇതിലും കാണുമ്പോള്‍ ഒരു നേരിയ വിങ്ങല്‍ പടരുന്നു.. കോപ്പര്‍ട്ടിയും ഇം‌പ്ലാന്റുമൊക്കെയായി വീട്ടുജോലിക്കെത്തുന്നവര്‍ തന്റെ ജോലിയെന്താണെന്ന് നേരത്തെ അറിഞ്ഞിട്ടും തയ്യാറാവുന്നതിനെ നിസ്സഹായത എന്ന ചുരുക്കി പറയാമോ? കന്യാഛേദത്തിന്റെ വേദന, നിഷേധിക്കപ്പെടുന്ന അവകാശങ്ങളുടെ മറ്റൊരു മുഖമാവുന്നു.. അല്പം സംസ്കാരമുള്ള അച്ഛനമ്മമാര്‍ തന്റെ മകളെ ആ പ്രാകൃത കൃത്യത്തില്‍ നിന്ന് രക്ഷപെടുത്തി വളര്‍ത്തി കൊണ്ടുവന്ന് അവസാനം ഭര്‍ത്താവിനു വേണ്ടി ഡിഗ്രിക്കാരിയായ അവള്‍ അതിനു തയ്യാറാവുമ്പോള്‍‍ യാ അല്ലാഹ് എന്ന് വിളിക്കാതെ തരമില്ലല്ലൊ..

മറുവശത്ത് നാല്പതുകാരി ഇരുപതുകാരന്‍ ഭര്‍ത്താവുമായി വന്ധ്യതാചികിത്സക്കെത്തുന്നത് മുതല്‍ ഭാര്യയുടെ സൌകര്യത്തിനായി വീട്ടുജോലിക്കാരെ ഒരുക്കികൊടുക്കേണ്ട ഭര്‍ത്താവിന്റെ പ്രശ്നം വരെ കാണുമ്പോള്‍ വൈരുദ്ധ്യം ചിന്തകളെ കീഴ്മേല്‍ മറിക്കുന്നു...



മനസ്സ് പറഞ്ഞത്

പ്രണയപരാജയത്തിനു ശേഷം ഒരു ഇളക്കക്കാരിയായിരുന്ന ഷംസദില്‍ വരുന്ന മാറ്റം - “അവര്‍ ശ്രദ്ധാപൂര്‍വ്വം പശ്ചാതാപപൂര്‍വ്വം നല്ല മുസ്ലീമാവുകയാണ്” - ഒരു വേഷപ്രച്ഛന്നതകൊണ്ട് ഇത്ര എളുപ്പത്തില്‍ കൈക്കലാക്കാവുന്നതാണോ വിശ്വാസം.. അതിനപ്പുറം അതൊരു ഒളിച്ചോട്ടമായിരുന്നില്ലെ? സഹനടിമാത്രമായ ഷംസദിനെ വെറുതെ വിടാം..

പക്ഷെ....

സബിതയുടെ പ്രവര്‍ത്തികള്‍ പലതും ഉപരിപ്ലവമായിരുന്നില്ലെ...



“ഞങ്ങള്‍ തിയ്യന്മാരിലുമുണ്ട് പൈസക്കാര്‍. എന്തു കാര്യം! അറുത്ത കൈയ്ക്ക് ഉപ്പുതേക്കാറില്ല ഒറ്റയെണ്ണം”



സക്കാത്തും ദാനവുമൊക്കെയാണ് സബിതയെ കൊണ്ട് ഇത് പറയിപ്പിക്കുന്നതെങ്കില്‍, എല്ലാം മുസ്ലിങ്ങളും ഇതേ പാത പിന്തുടരുന്നവരാണ് എന്നത് ഒരു അതിരു കടന്ന വിശ്വാസമാവില്ലെ.. അതു പോലെ തിയ്യന്മാരാണെങ്കിലും മറ്റേതു ജാതിക്കാരാണെങ്കിലും മതം അനുശാസിച്ചാലും ഇല്ലെങ്കിലും നല്ലതു ചെയ്യുന്നവരില്ലെ?


തന്റെ വീട്ടിലെ കുറച്ചെങ്കിലും എതിര്‍പ്പുണ്ടായുള്ളു.. അത് സബിത ഇസ്ലാം മതം സ്വീകരിക്കുമെന്നറിഞ്ഞതോടെ കെട്ടടങ്ങി..

അവള്‍ ജനിച്ചതെ ഒരു മുസ്ലിം ആയിട്ടായിരുന്നെങ്കില്‍ ചെയ്തികള്‍ക്ക്കുറച്ചുകൂടി അര്‍ത്ഥം ഉണ്ടാവുമായിരുന്നു.. ഒരു പക്ഷെ നല്ലൊരു നോവലിനെ ദുര്‍ബ്ബലമാക്കിയതില്‍ ഇതിനുള്ള പങ്ക് അത്ര ചെറുതായി തോന്നുന്നില്ല.. മതം മാറ്റം ഒരു വിവാഹത്തിനു വേണ്ടി മാത്രമായിരിക്കുമ്പോള്‍ തന്നെ അവിടെ സ്വന്തം സ്വത്വം അടിയറവെക്കപ്പെടുകയല്ലെ?.. സ്വന്തം ഭര്‍ത്താവ് അത് ആവശ്യപ്പെടുന്നത് എന്തു കാരണങ്ങള്‍ കൊണ്ടാണെങ്കിലും ഇതെ അവസ്ഥ തന്നെയാണ് അവള്‍ എത്തിപ്പെട്ട നാട്ടിലെ പെണ്ണുങ്ങള്‍ പല ആചാരങ്ങള്‍ക്കും വഴങ്ങികൊടുക്കുന്നതിനു പിന്നിലും..


...ഇസ്ലാമില്‍ നിന്ന് വെള്ളവും വളവും ശേഖരിച്ചിട്ടുണ്ട് എന്റെ വേരുകള്‍.. അതിലെ സാമൂഹിക സമത്വം, പിന്നെ, സാഹോദര്യം, അത് നമ്മില്‍നിന്നവശ്യപ്പെടുന്ന സോഷ്യല്‍ ഒബ്ലിഗേഷന്‍.. പിന്നെ അതിന്റെ ചരിത്രത്തിലുറങ്ങുന്ന വിപ്ലവാംശം.. എന്നെ സ്വാധിനിച്ചിട്ടുണ്ട് ഇവയൊക്കെ. പക്ഷെ..”‍ സബിത റഷീദിന്റെ കണ്ണുകളുടെ ആഴത്തിലേക്ക് നോക്കി..


“പക്ഷേ,, റഷീദ്! ഇസ്ലാം എനിക്ക് നിന്നോടുള്ള പ്രണയം‌കൂടിയാണ്. എന്റെ കൌമാരമനസ്സ് സ്വരുക്കൂട്ടിയ ആര്‍ദ്രമായ അനുഭവങ്ങളുമാണ്. അവയെ നഷ്ടപ്പെടുത്താന്‍ വയ്യെനിക്ക്!”


ഇതാണ് സബിതയുടെ വിപ്ലവം.. ജനിച്ചു വളര്‍ന്ന മതം സമത്വവും സാഹോദര്യവും സോഷ്യല്‍ ഒബ്ലിഗേഷനും ഒന്നും ആവശ്യപ്പെടുന്നില്ലെ.. അറിവില്ലായ്മയാവാം.. അതോ പ്രണയത്തിനു മുന്നില്‍ അതൊന്നും കാണാതെ പോയതൊ.. മൂടിവെച്ച പലതിനുമടിയില്‍ അവള്‍ക്ക് ഇസ്ലാം എന്നാല്‍ റഷീദിനോടുള്ള പ്രണയം കൂടിയാണെന്ന് പറയുമ്പോള്‍ അതു മാത്രമായിരുന്നു എന്നത് പറയാതെ പറയുന്നില്ലെ...


മടക്കി വെച്ചത്

മറ്റുള്ളവര്‍ക്കു മുന്നില്‍ അല്പം റെബല്‍ പരിവേഷവുമായി എത്തുന്ന സബിതയെ മുഖം തുറന്നിട്ടവളായിട്ടാണ് എഴുത്തുകാരി അവതരിപ്പിക്കുന്നത്.. പക്ഷെ വരികള്‍ക്കിടയിലെല്ലാം എന്റേത് ഒരു എതിര്‍വായന ആയിരുന്നൊ എന്ന സംശയത്തെ, പറഞ്ഞറിഞ്ഞതില്‍ നിന്നുള്ള പ്രതീക്ഷയുടെ ആധിക്യമായി കരുതാനാണ് എനിക്കിഷ്ടം... സ്വന്തം വീട്ടിലെ പ്രശ്നങ്ങള്‍ ഏറ്റവും നന്നായി അറിയുക വീട്ടുകാര്‍ക്കായിരിക്കുമല്ലോ.. അതുകൊണ്ട് തന്നെ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുകൊണ്ട് അതിലെ എതിര്‍ക്കേണ്ടതിനെ എതിര്‍ക്കാനുള്ള സബിതയുടെ തീരുമാനത്തെ നമിക്കാതെ വയ്യ.. ചെന്നുകേറുന്ന വീട്ടില്‍ ഇത്രമാത്രം എതിര്‍ക്കാനുള്ള അവകാശമുണ്ടോ?.. ഇത്തരമൊരു വിഷയവുമായെത്തിയ എഴുത്തുകാരി സബിതയിലൂടെ സംസാരിച്ചതും പ്രവര്‍ത്തിച്ചതുമാവാം...


എങ്കിലും പ്രതികരണങ്ങളില്‍ പലപ്പൊഴും ഒരു മുസ്ലിം എന്നതിനേക്കാള്‍ ഉണ്ണിയാര്‍ച്ചയുടെ ഇളംതലമുറക്കാരിയായി സബിത മാറിയിരുന്നില്ലെ എന്ന സംശയം ഉണരുന്നുണ്ട്.. അതുകൊണ്ട് തന്നെ ആ മതം മാറ്റം എന്തിനായിരുന്നെന്ന ചിന്ത കയ്യൊഴിഞ്ഞിട്ടും മനമൊഴിയാതെ ബാക്കികിടക്കുന്നു... മതം മാറ്റമെന്ന പുറം മോടിക്കപ്പുറം താന്‍ അനുഭവിച്ചു വന്നിരുന്ന പല സ്വാതന്ത്ര്യങ്ങളും നഷ്ടമാവുന്നതല്ലെ അവളെ കൂടുതല്‍ ചൊടിപ്പിക്കുന്നത്.. പക്ഷെ അതിനൊക്കെ അപ്പുറം റഷീദ് എന്ന വലിയ സ്വത്തിനെ നഷ്ടപ്പെടാതിരിക്കാനുള്ള വെമ്പല്‍ അല്ലെ സബിതയെ അതില്‍ തന്നെ ഉറച്ചു നിര്‍ത്തുന്നതും



ബാക്കിയായത്..

അവള്‍ സ്നേഹിച്ചിരുന്നത് ഒരു മുസ്ലീമിനെ ആയിരുന്നില്ലെങ്കില്‍ ഇതേ മതം മാറ്റം അവളില്‍ നിന്ന് പ്രതീക്ഷിക്കാന്‍ തക്ക സ്വാധീനം സബിതയില്‍ ഇസ്ലാം വരുത്തിയിട്ടുണ്ടെന്ന് ഈ നോവലില്‍ പറയുന്നുമില്ല... ഇതിനെ കുറിച്ച് വന്ന ലേഖനങ്ങളിലൊ ചര്‍ച്ചകളിലൊ ഈ ഒരു കാര്യം പറഞ്ഞു കേട്ടതുമില്ല.. അതിനത്ര പ്രാധാന്യമില്ലെന്ന തോന്നലുകൊണ്ടാണൊ അതൊ മന:പ്പൂര്‍വ്വം നടത്തിയ കണ്ണടക്കലോ...

( സ്ത്രീ എഴുത്തുകാര്‍ )

Wednesday, April 30, 2008

ഞാന്‍ രാമായണം വായിക്കുകയാണ്

ഞാന്‍ രാമായണം വായിക്കുകയാണ്

അഹല്ല്യ രോഷം കൊണ്ടു
ശപിക്കാന്‍ കഴിയുന്ന തപശക്തികൊണ്ട്
സ്വന്തം ഭാര്യയെ രക്ഷിക്കാനാവാത്ത
താപസന്റെ മേല്‍ എന്‍ ശാപവര്‍ഷം

ഊര്‍മ്മിള ചോദിച്ചു
സ്വന്തം ഭാര്യയെ മറന്ന്
ജ്യേഷ്ഠഭാര്യയുടെ സുഖം നോക്കുന്ന
ഭര്‍ത്താവ് എനിക്കെന്തിന്

അഗ്നിസാക്ഷിയായ് വന്നവളേക്കാള്‍
അലക്കുകാരന്റെ അമര്‍ഷം ജയിക്കുമ്പോള്‍
ആരണ്യത്തിന്റെ വിശുദ്ധിയില്‍
സീതയുടെ പടനീക്കം



തിങ്കളാഴ്ച വ്രതവും തിരുവാതിരയുമായ്
മണ്ഢോദരി കാത്തിരിക്കുന്നു
പത്നിവ്രതനായ പതിക്കായ്
ഇനിയുമൊരു ജന്മം നല്‍കാന്‍


നി‌മ്നോന്നതങ്ങള്‍ തിരശ്ചീനമാക്കപ്പെടുമ്പോള്‍
പ്രണയം പോലും കരഞ്ഞിരിക്കണം
ചിന്തിയ രക്തത്തിന്റെ കറുത്തവടുക്കള്‍
ശൂര്‍പ്പണഖ ചിരിക്കുകയാണ്


രാമായണം അഞ്ചുകാണ്ഡം മാത്രം


Tuesday, April 22, 2008

മനസ്സ്

ഇനിയും ഞാനെങ്ങിനെ പറയണം
വിശ്വസിക്ക്, ഞാന്‍ മഹാ ചീത്തയാണ്
ഞാനെന്ന് പറഞ്ഞാല്‍..

എന്റെ മനസ്സാക്ഷിക്ക് മുന്നിലെന്ന്
നീ പലപ്പൊഴും ആണയിടാറില്ലെ
അപ്പൊഴൊക്കെ ഞാന്‍ തലകുത്തി ചിരിച്ചിട്ടുണ്ട്
വെറുതെ, നിനക്കെന്നിലുള്ള വിശ്വാസമോര്‍ത്ത്

ഞാന്‍ നിന്നെ വഞ്ചിച്ചിട്ടെ ഉള്ളു
ചിന്തിച്ചത് പറയാതെ
പറഞ്ഞത് പ്രവര്‍ത്തിക്കാതെ
പ്രവര്‍ത്തിച്ചത് പിന്തുടരാതെ..
പറഞ്ഞില്ലെ, നിന്നെ ഞാന്‍...

മറക്കാന്‍ വെച്ചതെല്ലാം
പുറത്തെടുത്ത് നോവിച്ചത് മറന്നോ
ആരുമറിയരുതെന്ന് കരുതിയ
ഉള്ളിന്റെ പിടപ്പുകള്‍
നീയറിയാതെ ഞാന്‍ മുഖത്തെഴുതി വെച്ചില്ലെ

സ്വയമറിഞ്ഞില്ലെങ്കില്‍
നിനക്കാരും പറഞ്ഞു തരാത്തതെന്തെ
ഞാന്‍, ഞാനെന്നും നിനക്ക് മറുപുറത്താണെന്ന്
ഞാനെന്ന് പറഞ്ഞാല്‍...

Thursday, April 17, 2008

കലഹം

ദൈവങ്ങള്‍ എന്നോട് കലഹിക്കാറില്ല
ഞാന്‍ അവരുടെ അനുയായിയാണ്

പക്ഷെ,

ഞാന്‍ അവരോട് നിരന്തരം കലഹിക്കുന്നു
അവരെന്റെ വഴി നയിക്കാത്തതിനാല്‍

Thursday, April 3, 2008

(ദയവായി എന്നെ ഒരു വൃദ്ധസദനത്തിലാക്കുക)

ഇന്നത്തെ കേരളകൌമുദിയില്‍ വായനക്കാരുടെ കത്തുകള്‍ക്കിടയില്‍ കണ്ടതാണ്..
കൂടുതല്‍ ഞാന്‍ എന്തു പറയാന്‍...

Tuesday, March 4, 2008

ശിവഗംഗയുടെ ശിവരാത്രികള്‍...

ശിവാ....

ഇന്നു ശിവരാത്രി... രാവുറങ്ങാതെ നീ എനിക്കായി ഉണര്‍ന്നിരിക്കും.. മിഴി തുറന്ന് മനം നിറഞ്ഞ് നീ തെളിഞ്ഞു നില്‍കും.. നീ നോറ്റുനേടുന്ന നന്മകളില്‍ ഞാന്‍ ഗംഗയായൊഴുകും..

ശിവ മുകളിലെ തുറസ്സില്‍ മലര്‍ന്നു കിടന്നു.. നെറ്റിയില്‍ കാഴ്ചയെ പാതി മറച്ച ഇടം കയ്യും വയറിനു മുകളില്‍ മയങ്ങുന്ന വലം കയ്യുമായ്.. അരികിലെങ്കിലും കൃഷ്ണയുടെ ശബ്ദം അകലെ നിന്നെന്നപോലെ നേര്‍ത്തതായിരുന്നു.. അഴികളില്‍ ചാരിയിരുന്ന അവന്റെ ജുബ്ബയുടെയും മുണ്ടിന്റെയും വെണ്മ മാത്രം ആ ഇരുട്ടിലും തെളിഞ്ഞു കാണാമായിരുന്നു ..

ശിവാ....

ഇന്നു ശിവരാത്രിയാണ്.. നീ ഓര്‍ക്കുന്നോ പഴയ ശിവരാത്രികളെ.. സന്ധ്യക്കുമുന്പെ ആല്‍ത്തറയില്‍ സ്ഥാനം പിടിച്ച് പുലരുവോളം കളികണ്ടത്.. വിലക്കിയിട്ടും അകന്നു പോവാത്ത ഉറക്കത്തില്‍ ആ മണലില്‍ കെട്ടിപിടിച്ച് കിടന്നുറങ്ങിയത്..

പറഞ്ഞു നിര്‍ത്തും മുമ്പെ അവന്‍ കുലുങ്ങി ചിരിക്കാന്‍ തുടങ്ങിയിരുന്നു.. ശിവ തലയൊന്നു ചെരിച്ച് അവനെ നോക്കി.. ഇരുട്ടില്‍ അവന്റെ മുഖത്തെ ഭാവങ്ങള്‍ അവ്യക്തമായിരുന്നു.. മാനത്തേക്ക് കണ്ണും നട്ടിരിക്കുന്ന അവന്‍ ഈ പറയുന്നതെല്ലാം നക്ഷത്രങ്ങളോടാണൊ എന്നു അവള്‍ ഒരു മാത്ര സംശയിച്ചു..

ശിവാ .. ഇന്നു ശിവരാത്രിയാണ്..

നാളെ നിന്റെ ശിവനെത്തും.. ശിവ പാര്‍വ്വതിയാവും.. അരികില്‍ ആശംസകളുടെ ഒരു പിടി പൂക്കളുമായി ഈ കൃഷ്ണയുണ്ടാവും..പക്ഷെ പിന്നൊരിക്കലും പറയില്ല -"നീയെനിക്കു പാര്‍വ്വതിയാവുക.. നിന്റെ കൃഷ്ണയിന്നു ശിവനാകാം..."

ഓര്‍മ്മകളില്‍ ശിവയേറെ പുറകിലായിരുന്നു..അന്ന് അടച്ചുപൂട്ടിയ വാതിലിനപ്പുറം അമ്മ കാവല്‍ നിന്നിരുന്നു..... ഇന്ന്, ഇന്നും ശിവരാത്രിയാണ്.. .. മണല്‍പുറവും ആല്‍ത്തറയുമെല്ലാം നഗരത്തിലെ ഫ്ലാറ്റില്‍ ടിവി സ്കീനിലെ കാഴ്ചകള്‍ മാത്രമായി മാറി.. നൈറ്റ് ഷിഫ്റ്റിലെ ജോലിയും കഴിഞ്ഞ് വൈകിയെത്തുന്ന ഭര്‍ത്താവിനു വേണ്ടിയുള്ള കാത്തിരിപ്പുകളില്‍, പരീക്ഷാ‍ കാലങ്ങളില് മകള്‍ക്കൊപ്പമുള്ള കൂട്ടിരിപ്പില്‍ അങ്ങിനെ ‍ചിലപ്പൊഴൊക്കെ രാത്രികള്‍ ശിവരാത്രികളാവുമായിരുന്നു...

ഇന്ന് വീണ്ടും മറ്റൊരു ശിവരാത്രി.. അവള്‍ പാ‍തി തുറന്നു കിടക്കുന്ന വാതിലിലേക്ക് ഒന്നു കൂടി നോക്കി... ഗംഗ കിടക്കയില്‍ കമഴ്ന്നു കിടപ്പുണ്ട്.. കരച്ചിലിന്റെ ഊക്ക് കുറഞ്ഞിരിക്കുന്നു.. .. നാളെ മറ്റൊരാളുടേതാവാന്‍ അവളും ഒരുങ്ങിയിരിക്കുമോ.. സാഹചര്യങ്ങള്‍ അവളില്‍ നിന്ന് അതാണ് ആവശ്യപ്പെടുന്നതെന്ന് വിശ്വസിക്കാന്‍ അവള്‍ക്കാവുന്നുണ്ടൊ..

ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ശിവ വീണ്ടും ഗേയ്റ്റിലേക്ക് നോക്കി.. സന്ധ്യമയങ്ങാന്‍ തുടങ്ങിയിരിക്കുന്നു.. വഴികളെല്ലാം ശിവക്ഷേത്രത്തക്കാണ്.. മകളുടെ കല്ല്യാണത്തിനുള്ള ഒരുക്കങ്ങളുമായി അയാളും അമ്പല്‍ത്തിലാണ് ..
പഴയ തറവാട്... അമ്മയും അച്ഛനും മരിച്ചതോടെ ഇങ്ങോട്ടുള്ള വരവുകള്‍ പോലും കുറഞ്ഞു പോയി.. കൂടപ്പിറപ്പുകള്‍ ഇല്ലാതിരുന്നതിനാല്‍ തിരക്കുകള്‍ക്കിടയില്‍ എന്തിനു വരുന്നെന്ന തോന്നലും.. ഇവിടെ ഓര്‍മ്മപ്പെടുത്താനുണ്ടായിരുന്നത് മറക്കാനുള്ളതു മാത്രമായിരുന്നു.. പകല്‍ ആരൊക്കെയോ വന്നിരുന്നു.. പേരുപോലും മറന്ന ചില മുഖങ്ങള്‍ .. ബന്ധങ്ങള്‍ പറഞ്ഞറിയിക്കേണ്ട മറ്റുചിലര്‍.. കഥ കേട്ടറിഞ്ഞവര്‍ക്ക് മുന്നില്‍ ഗംഗയൊരു കാഴ്ചവസ്തുവായി.. ഈ കല്ല്യാണം നഗരത്തിലെ വീട്ടിലായിരുന്നെങ്കില്‍... ആളും ബഹളവുമായി, എന്തൊരു സന്തോഷമായിരിക്കും..ഇതൊരു ഒളിച്ചോട്ടമാണ്... അമ്മയെ പോലെ മകളും ഒരു ശിവരാത്രി പിറ്റേന്നാള്‍.. എവിടെയൊക്കെയോ ആവര്‍ത്തനങ്ങള്‍..
കാടുകേറുന്ന ചിന്തകളെ തളച്ചത്.. ഇടവഴി കേറി വന്ന ഓട്ടോയായിരുന്നു.. ആളെ തിരിച്ചറിഞ്ഞതും ശിവ തഴേക്കിറങ്ങി.. അതിനു മുമ്പ് ഗംഗയുടെ മുറിയിലേക്ക് ഒന്നുകൂടി നോക്കി..

അയാള്‍ വരുമ്പോഴെക്കും ഒത്തിരി വൈകിയിരുന്നു.. ഗംഗയെ അന്വേഷിച്ചപ്പൊ നേരത്തെ ഭക്ഷണം കഴിച്ച് കിടന്നെന്ന് അറിയിച്ചു.. ഇന്ന് രാത്രി താന്‍ മകളുടെ മുറിയിലാണെന്ന് പറഞ്ഞു പതിയെ ഗോവണി കയറി..

പിന്നെ ടെറസ്സിലേക്കുള്ള വാതില്‍ തഴുതിട്ട് അതില്‍ ചാരി അവള്‍ കാവലിരുന്നു
..

Tuesday, February 19, 2008

ഒറ്റ

കിഴക്കുനിന്നും തുറക്കുന്ന ഒറ്റവാതില്‍
അതും, ഒറ്റപ്പാളിയില്‍ തീര്‍ത്തത്
കാലെടുത്തു വെച്ചാല്‍ ഒറ്റമുറി വീട്
പുറത്തോട്ട് നോക്കാന്‍ ഒരൊറ്റ ജനല്‍
വട്ടത്തില്‍ വരച്ചതിനാല്‍ ഒറ്റച്ചുവര്‍
കരിമെഴുകിയ നിലവും
ഓട്ടവീണ ഓലത്തുണ്ടുകളില്‍ ഒറ്റമേല്‍ക്കൂരയും
ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന പീഠത്തില്‍
ഒറ്റത്തിരിയില്‍ മുനിയുന്ന ഓട്ടുവിളക്ക്
ഒറ്റയടുക്കില്‍ നിരന്നത് ഒരായിരം എഴുത്തോലകള്‍
എങ്കിലും ഒരൊറ്റ എഴുത്താണി
ഒപ്പം ഒറ്റയാവുന്ന ഞാനും

എനിക്ക്,
ഒരുവാക്കില്‍
ഒരുവരിയില്‍
ഒരുതാളില്‍ ഒ‍തുങ്ങാതെ
ഒഴുകി പരക്കുന്ന
ഓളം തല്ലുന്ന
ഒരു കഥയെഴുതണം
വേരറുത്ത് വെലിച്ചെറിഞ്ഞതും
വീണിടത്ത് വേരുറക്കാത്തതും
ഒരു കഥയില്‍
ഒരൊറ്റക്കഥയില്‍

Wednesday, November 28, 2007

എനിക്കു ഞാന്‍...

എനിക്കു ഞാന്‍ അമ്മയായത്
നിഷേധിക്കപ്പെട്ട മുലപാലിനു പകരം ചോദിക്കാനാണ്
പത്തുമാസത്തെ വാടകയില്‍ നിന്ന് രക്ഷതേടിയും

അച്ഛനായത്
തൂങ്ങി നടക്കാന്‍ ഒരു കൈവിര്‍ല്‍ ഇല്ലത്തതിനാല്‍
കൈപിടിച്ചു കൊടുക്കാന്‍ കാത്തുനില്‍കാത്തതിനാല്‍

സോദരിയായത്
പങ്കുവെക്കപെടുന്ന സ്നേഹത്തിന്റെ കണക്കെടുക്കാതിരിക്കാന്‍
എനിക്കൊ നിനക്കൊ എന്ന് മുറവിളിയുയരാതിരിക്കാന്‍

സോദരനായത്
എന്റെ രക്ഷ എന്നിലെന്ന തിരിച്ചറിവില്‍
അവനും ഒരാണെന്ന പിറുപിറുപ്പില്‍

എന്നിട്ടും ഞാന്‍ എനിക്ക് ഇണയാവുന്നില്ല

Wednesday, November 21, 2007

ഒന്നിനും ഒന്നിനുമിടയില്‍

ബാഗും ചോറുപാത്രവുമെടുത്ത് അമ്മയോട് യാത്ര പറഞ്ഞ് വൃന്ദ ഒതുക്കുകല്ലുകള്‍ ഓടിയിറങ്ങി..പകുതിയില്‍ വെച്ച് അതിലും വേഗത്തില്‍ തിരിച്ചു കയറി.. ചാരിയിട്ട വാതില്‍ പാളികള്‍ തുറക്കുമ്പോള്‍ അനില്‍ ചുമരിനു നേരെ തിരിഞ്ഞു കിടക്കുകയായിരുന്നു.. അവള്‍ അനിലിന്റെ ചുരുളന്‍ മുടിയില്‍ തന്റെ വിരലുകള്‍ കോര്‍ത്തു.. ഉറക്കം വിട്ടൊഴിയാത്തതെങ്കിലും വൃന്ദക്കായ് ഒരു പുഞ്ചിരി അവന്റെ ചുണ്ടില്‍ വിരിഞ്ഞു നിന്നിരുന്നു.. ചുളിഞ്ഞുലഞ്ഞ അവളുടെ ചുരിദാറിലേക്ക് നോക്കി അവന്‍ ചോദിച്ചു..

"നീയിപ്പൊ സാരി ഉടുക്കാറെ ഇല്ലല്ലെ.."

സ്റ്റാര്‍ച്ച് ചെയ്ത് വടി പോലെ ആക്കിയ കോട്ടണ്‍ സാരികള്‍ തേച്ച് കൊടുക്കുന്നത് അനിലായിരുന്നു.. രാവിലെ ബൈക്കില്‍ തന്നെ ഓഫീസില്‍ എത്തിക്കുമ്പോള്‍ കാണുന്നവരുടെ കണ്ണുകളിലൊക്കെ അല്പം അസൂയ ഉണ്ടെന്ന് അവള്‍ സ്വയം കരുതുമായിരുന്നു.. വൈകീട്ട് അവള്‍ ഓഫീസ് ഗെയ്റ്റില്‍ എത്തുമ്പൊഴേക്കും അനിലിന്റെ ബൈക്ക് അവളെയും കാത്ത് നില്പുണ്ടാകും.. അതൊക്കെ ഒരു വര്‍ഷം മുമ്പത്തെ കാര്യം.. വെറുമൊരു നടുവേദന.. ഒരു വീഴ്ച.. പിന്നെ പതിയെ ഒന്നു ചലിക്കാന്‍ പോലും പരസഹായം വേണമെന്ന അവസ്ഥയിലേക്ക്.. കട്ടിലില്‍ ഇരിക്കാന്‍ തുടങ്ങിയ അവളെ അനില്‍ നോട്ടം കൊണ്ടു വിലക്കി..

"പൊക്കോളൂ.. ബസ്സിന്റെ നേരായി.. "

വാതില്‍ ചാരുമ്പോള്‍ അവള്‍ തിരിഞ്ഞു നോക്കിയില്ല.. എത്ര ശ്രമിച്ചാലും കണ്ണുകളില്‍ ഉറഞ്ഞു കൂടുന്ന നനവിനെ അനിലിന്റെ കണ്ണില്‍ നിന്നു മറക്കാന്‍ അവള്‍ക്ക് മറ്റുവഴികള്‍ ഇല്ലായിരുന്നു.. ഉമ്മറവാതില്‍ അടക്കുമ്പോള്‍ കുളിമുറിയില്‍ അമ്മയും മാളുവും കൂടി കുളിക്കിടയിലെ പാട്ടും ബഹളവും തകര്‍ക്കുന്നുണ്ടായിരുന്നു..

ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ എതിരെ വരുന്ന മുഖങ്ങളെ അവള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിച്ചു.. എന്നാലും ചിലരുടെ കുശലാന്വേഷണം കണ്ണില്‍ നീറുന്നുണ്ടായിരുന്നു.. എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത് ഒരേ ചോദ്യങ്ങള്‍..

ബസ്സിലെ തിരക്കില്‍ ഊരിത്തെറിച്ചു പോയ സേഫ്റ്റി പിന്നില്‍ നിന്നും അടര്‍ന്നു പോയ ഷാള്‍ അവള്‍ വിടര്‍ത്തിയിട്ടു.. അമ്മയുടെ ഭാഷയില്‍ ഷാള് കൊണ്ടൊരു പുതപ്പ്.. വീതിയുള്ളതിനാല്‍ മാളുവിനെ പ്രസവിച്ചതോടെ അല്പം ചാടിയ വയറിനെയും മറച്ചു.. അതു മാത്രമല്ലല്ലൊ, വടിവുകള്‍ എന്തെങ്കിലും ഇനിയും തന്നില്‍ ബാക്കി നില്‍കുന്നുവെങ്കില്‍ അതിനും ഒരു മറയിടുക എന്നൊരു ലക്ഷ്യം കൂടി അവള്‍ക്കുണ്ടായിരുന്നു..

ഇന്നു തിരക്കാണ്.. വരാനിരിക്കുന്ന മീറ്റിംഗിനുള്ളതെല്ലാം ഇന്നു തന്നെ ശരിയാക്കണം.. വൈകി ഇരിക്കേണ്ടി വന്നാല്‍, അവളുടെ ചിന്തയില്‍ ഭയത്തിന്റെ ഗ്രാഫ് ഉയരാന്‍ തുടങ്ങി.. റിസപ്ഷനിലെ ഗൂര്‍ഖക്ക് ഒരു ചിരി സമ്മാനിച്ച് വൃന്ദ താക്കോല്‍ വാങ്ങി.. സാറ് വന്നിട്ടില്ല, ട്രെയിന്‍‍ ഇന്നും ലേറ്റാവും.. രാവിലെ തൂത്തുവാരി കഴിഞ്ഞാല്‍ മറ്റു മുറികള്‍ എല്ലാം തുറന്നിടും .. പക്ഷെ കോണ്‍ഫിഡെന്‍ഷ്യല്‍ സെക്ഷന്‍ മാത്രം ആരെങ്കിലും വരാ‍തെ തുറക്കില്ല.. വേറെ ആരും വരാനുമില്ല.. വൃന്ദയും അവളുടെ ബോസ്സും മാത്രം..

കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് മെയിലുകള്‍ നോക്കി.. താന്‍ ജീവനോടെ ഇന്നും രംഗത്തുണ്ടെന്ന് കൂട്ടുകാരെ അറിയിക്കാന്‍ ഒരു വരിയില്‍ സുപ്രഭാതവും ശുഭദിനവും.. പതിയെ വൃന്ദ തന്റെ ഫയലുകള്‍ തുറന്നു..

"ഗുഡ് മോര്‍ണിംഗ്'

വായിക്കുന്നതിനിടയില്‍ ഡോര്‍ തുറന്ന് സാര്‍ വന്നത് അവള്‍ കണ്ടില്ല.. മുഖത്ത് നോക്കികൊണ്ട് തന്നെ അവള്‍ പ്രതിവചിച്ചു..

"മോര്‍ണിംഗ്"

ആ മുഖത്ത് ഇപ്പൊഴും ആ കള്ള ചിരി .. തലേരാത്രിയിലെ ഫോണ്‍ വിളിയുടെ ഒരു നേരിയ ചമ്മല്‍ പോലും ആ മുഖത്ത് കാണുന്നില്ല.. അവളുടെ ചിന്തകള്‍ കാട് കേറാന്‍ തുടങ്ങിയപ്പോള്‍ പതിയ ഫയലിലേക്ക് മുഖം താഴ്ത്തി..

അന്നത്തെ പോസ്റ്റും കൊണ്ട് വന്ന പ്യൂണ്‍ ശാന്തചേച്ചിയെ ഒന്നു സന്തൊഷിപ്പിക്കാമെന്നു വിചാരിച്ചു..

"എന്താ ചേച്ചീ.. പുതിയ സാരിയാണോ"

"അതിയാന്‍ കോയമ്പത്തൂരിന് ഒരു ഓട്ടം പോയിവന്നപ്പൊ കൊണ്ടുവന്നതാ.."

അതു പറയുമ്പോള്‍ ചേച്ചിയുടെ മുഖം ചുവന്നു തുടുക്കുന്നുണ്ടായിരുന്നു..

"വൃന്ദയെന്താ സാരിയുടുക്കാത്തെ ഇപ്പൊ.. "

"ഹേയ് .. ഒന്നുമില്ല ചേച്ചി.. ബസ്സിലെ ഇടി കാരണാ..."

"ഞാന്‍ എപ്പൊഴും വൃന്ദയോട് പറയാറുണ്ട് ശാന്തെ.. പെണ്‍കുട്ടികള്‍ സാരി ഉടുക്കണതാ ഭംഗി എന്ന്.. ഈ ചെറുപ്രായത്തിലല്ലാതെ വയസ്സായിട്ടാണൊ ഒരുങ്ങുന്നെ"

ഇപ്പോള്‍ വൃന്ദയുടെ മുഖവും ചുവക്കാന്‍ തുടങ്ങിയിരിക്കുന്നു..അഭിനയിക്കാന്‍ ഇയാളെ കഴിഞ്ഞെ ഉള്ളു.. അവള്‍ മനസ്സില്‍ പറഞ്ഞു.. കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന്‍ സാരിയുടുത്തതിന്റെ വര്‍ണ്ണന ഇപ്പൊഴും ഇടക്കൊക്കെ ഉരുക്കഴിക്കും .. അനില്‍ വീണതിനു ശേഷം അന്നായിരുന്നു അവള്‍ സാരിയുടുത്തത്.. അഴിച്ചിട്ട മുടിയിഴകള്‍ക്കിടയിലൂടെ എപ്പൊഴൊ തെളിഞ്ഞു കണ്ട തൊലി വെളുപ്പിനെ ചൊല്ലി.. മുന്നിലേക്കെടുത്ത് പിടിച്ച സാരിത്തുമ്പില്‍ കാണാനാവാതെ പോയ വയറിനെ ചൊല്ലി...

അനിലിന്റെ അവസ്ഥ അറിഞ്ഞ സഹതാപമായിരുന്നു തുടക്കം.. പിന്നെപ്പൊഴൊ ആശ്വാസവാക്കുകളില്‍ നിറം കലരാന്‍ തുടങ്ങി... നഷ്ടപ്പെടുന്ന യൌവനത്തെ പറ്റി... അവള്‍ കാരണം നഷ്ടമാവുന്ന അയാളുടെ ഉറക്കത്തിലെത്തി നില്‍ക്കുന്നു.. ഇപ്പോള്‍ അതില്‍ ഭീഷിണിയുടെ സ്വരമുണ്ട്...

തിരക്കുകള്‍ക്കിടയില്‍ ഘടികാരസൂചികള്‍ പലതവണ കറങ്ങി തിരിഞ്ഞിരിക്കുന്നു.. ഇന്നു തീര്‍ക്കേണ്ടതു പോലും ഇനിയും ബാക്കിയാണ്.. രാവിലെ ചെയ്യാമെന്നു കരുതി.. അവള്‍ ഫയലുകള്‍ അടുക്കി അലമാരയില്‍ വെക്കാന്‍ തുടങ്ങി..

"വൃന്ദാ .. ആ ഫയല്‍ ഇന്നു തന്നെ തീര്‍ക്കണം.. മീറ്റിംഗിനു റിപ്പോര്‍ട്ട് കൊടുക്കണ്ടെ.. പോവാന്‍ ഞാന്‍ വണ്ടി തരാന്‍ പറയാം"

"ഞാന്‍ രാവിലെ ചെയ്തു തരാം.. ഇപ്പൊഴെ ലേറ്റായി.. എല്ലാരും പോയിരിക്കുന്നു"

"അതിനെന്താ.. ഇന്നു ഞാനും വൈകിയാ പോവുന്നെ.. വൃന്ദയുടെ അപ്രൈസല്‍ റിപ്പോര്‍ട്ട് എഴുതണം.. പ്രമോഷന്‍ വേണ്ടെ.."

ഒരു ചിരിയോടെ അയാള്‍ പുറത്തേക്കിറങ്ങി..വാക്കുകളില്‍ ഒതുങ്ങിയിരുന്നത് പ്രവൃത്തിയിലേക്ക് ചുവടുമാറ്റുന്നതിന്റെ മണം..അയാള്‍ തിരിച്ചു വരുന്നതിനു മുമ്പെ അവള്‍ എല്ലാമൊതുക്കി ബാഗെടുത്ത് പുറത്തേക്ക് നടന്നു..

അപ്രതീക്ഷിതമായടയുന്ന വാതിലും മുറുകുന്ന പിടുത്തവും വൃന്ദയുടെ നില തെറ്റിച്ചു.. പുറകോട്ടു തെന്നുന്ന വീഴ്ചക്കിടയിലും ആ വൃത്തികെട്ട ചിരിയുടെ ക്രൌര്യം അവള്‍ തെളിഞ്ഞു കണ്ടു.. പിടികിട്ടിയ മേശയില്‍ ആകെ തടഞ്ഞത് ഫ്ലവര്‍ വേസ് മാത്രം ..ആഞ്ഞടിച്ചത് മാത്രം ഓര്‍മ്മയുണ്ട്.. ഒപ്പം എന്തൊക്കെയോ മറഞ്ഞു വീഴുന്ന ശബ്ദം..

എത്ര നേരം കഴിഞ്ഞെന്ന് ഓര്‍ക്കുന്നില്ല.. ഫോണ്‍ അടിച്ചപ്പൊഴും അവള്‍ കസേരയില്‍ വിറച്ചുകൊണ്ടിരിപ്പായിരുന്നു.. മൂന്നാമത്തെ തവണയും അത് അലറിയടിച്ചപ്പൊ അവള്‍ റിസീവര്‍ എടുത്തു... മിണ്ടാതെ നിന്ന അവളുടെ ചെവിയില്‍ അലച്ചത് ഒരു കരച്ചിലായിരുന്നു..

"പപ്പാ.. വേഗം വാ... അമ്മയെ കാണുന്നില്ല... അമ്മ എങ്ങോട്ടോ പോയി.. പപ്പാ"

അവള്‍ പതിയെ ഫോണ്‍ വെച്ചു.. കുടിക്കാനിരുന്ന വെള്ളമെടുത്ത് അയാളുടെ മുഖത്ത് തളിച്ചു .. കണ്ണു തുറക്കും വരെ കാത്തു നിന്നു.. പിന്നെ ബാഗെടുത്ത് പടികളിറങ്ങി...

Monday, November 12, 2007

പരിണാമം

പുഴ പോലെ ഒഴുകിയിരുന്നത്
കുളം പോലെ നിശ്ചലമായിരിക്കുന്നു
അലയിളക്കി കളകളം പാടിയിരുന്നത്
വിദൂര ഭൂതത്തില്‍ എവിടെയോ ആവണം
തീരങ്ങള്‍ തകര്‍ത്ത് ആര്‍ത്തലച്ചത്
ഓര്‍മ്മകള്‍ പോലും മറന്നെന്ന് പരിഭവിക്കുന്നു
പിണക്കത്തിലും ഇണക്കത്തിലും
നിറഞ്ഞും കവിഞ്ഞും ഒഴുകിയത്
ചതുരക്കളത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു

മുകളില്‍ മടുപ്പിന്റെ എണ്ണപാടകള്‍
കാര്‍ന്നുതിന്ന് തിടംവെക്കുന്ന പായല്‍ ജന്മങ്ങള്‍
കല്ലടര്‍ന്ന് മണ്ണിടിഞ്ഞ്
രൂപഭാവങ്ങളുടെ പരിണാമങ്ങള്‍
കാലം തെറ്റിയെത്തുന്ന മഴയിലൊന്നും
ഒരിക്കലും കവിഞ്ഞൊഴുകാതെ
ഒലിച്ചു പോവാത്ത അഴുക്കുകളും

മണല്‍ മാന്തിയ കയങ്ങളില്‍
നിലയില്ലാതെ മുങ്ങി താഴുന്നത്
അതു മാത്രം ഇന്നും ബാക്കി നില്‍ക്കുന്നു
അന്നത് ആസ്വാദ്യമായിരുന്നെങ്കില്‍
ഇന്നത് അരോചകമാവുന്നു..

Wednesday, October 31, 2007

അന്ന കിശോരയുടെ അങ്കലാപ്പുകള്‍..

അന്ന അങ്കലാപ്പിലാണ്.. അത് അവളുടെ നടത്തത്തില്‍ തെളിഞ്ഞു കാണാം.. കൈകള്‍ കെട്ടിയും പുറകില്‍ പിണച്ചും അവള്‍ ആ വരാന്തയുടെ നീളമളക്കാന്‍
തുടങ്ങിയിട്ട് നേരമേറെയായി.. കുറച്ചു മുമ്പ് വരെ ഒരല്പം വിടവില്‍ വാതില്‍
തുറന്നു വെച്ചിരുന്നു.. അതുകൊണ്ട് തന്നെ അകത്തു നടക്കുന്നത് വല്ലപ്പോഴും
ഒന്നെത്തിനോക്കാന്‍ കഴിഞ്ഞിരുന്നു.. ചുറ്റും നിന്നിരുന്നവര്‍ അയാളുടെ
വയറില്‍ കുത്തിയും തോണ്ടിയും രേഖപ്പെടുത്തിയിരുന്ന അഭിപ്രായങ്ങള്‍ അവള്‍
ശ്രദ്ധിക്കുന്നെന്ന് കണ്ടപ്പോഴാണ് അവളെ അവര്‍ പുറത്താക്കിയത്..
എന്നിട്ടും മതിയാവാഞ്ഞാണ് ആ വാതില്‍ കൊട്ടിയടച്ചത്.. അധികം ആലോചിക്കാന്‍ അവള്‍ തന്റെ മനസ്സിനെ സമ്മതിച്ചില്ല.. വരാന്തയില്‍ നിന്നും
മുറ്റത്തേക്കിറങ്ങി മരച്ചുവട്ടിലെ മില്‍മാ ബൂത്തിലേക്ക് നടന്നു.. അവിടെ
നിന്ന് ചായ കുടിക്കുമ്പൊഴും ഇടക്കിടക്ക് അടഞ്ഞ വാതിലിനു നേരെ അവളുടെ
നോട്ടം നീളുന്നുണ്ടായിരുന്നു..

ഇത് അന്ന അല്ലെങ്കില്‍ കിശോര.. അതുമല്ലെങ്കില്‍ അന്ന കിശോര..
നിങ്ങള്‍ക്ക് എങ്ങിനെയും അവളെ വിളിക്കാം.. പേരില്‍ ഒരു പൊരുത്തക്കേട്
ചുവക്കുന്നവര്‍ക്ക് ആ ജീവിതത്തില്‍ അതൊന്നുമല്ലെന്ന് മനസ്സിലാവും..

അന്നയുടെ ജീവിതത്തില്‍ അങ്കലാപ്പുകളും ആശങ്കകളും ഒഴിഞ്ഞു നില്‍‌ക്കാറില്ല.. അതു പിന്നെ എല്ലാവരുടെയും കാര്യം ഇങ്ങനെ ഒക്കെ തന്നെ എന്നും ചിന്തിക്കാം.. എന്നാലും തീര്‍ന്നു പോയ ഗ്യാസിനെ കുറിച്ചോ ഇലക്‍ട്രിസിറ്റി ബില്ലിനെ കുറിച്ചോ അവള്‍ ആവലാതിപ്പെടാറില്ല.. പിന്നെ..

ഈ മാസത്തില്‍ ‍ തന്നെ അവള്‍ മൂന്നാമത്തെ തവണയാണ് അയാളെയും കൊണ്ട്
ഹോസ്പിറ്റലില്‍ വരുന്നത്.. ഇനിയും കാരണം കണ്ടു പിടിക്കാത്ത പ്രശ്നവുമായി
അവര്‍ എല്ലാ വാരന്ത്യത്തിലും ഡോക്റ്റര്‍മാരെ തേടിയിറങ്ങുന്നു..

അവളുടെ സ്വകാര്യതയാണ്‍ കിടപ്പുമുറിയിലെ അലമാരയുടെ താഴത്തെ തട്ട്.. അതില്‍ നിന്നും അവളറിയാതെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന കൊച്ചു പഞ്ഞികെട്ടുകളാണ്‍ അവളുടെ സംശയങ്ങളെ പരകോടിയിലെത്തിച്ചത്..
ഇപ്പൊഴത്തെ പ്രശ്നങ്ങളെല്ലാം ഒരു തുടര്‍ച്ച മാത്രം..

അതിന്റെ തുടക്കം ...കഥ കുറെ പഴയതാ..ഒരുപക്ഷെ അവളുടെ ജനനത്തിനും മുമ്പുള്ള ഒരു ഒളിച്ചോട്ടത്തില്‍.. അന്നത്തെ കഥാപാത്രങ്ങള്‍ അവളുടെ അച്ഛനും അമ്മയും.. നാടും വീടും വിട്ട് നഗരത്തില്‍ ചേക്കേറിയിട്ടും ഒറ്റമോളെ മാമൂലുകളില്‍ നിന്നും അവര്‍ക്ക് രക്ഷിക്കാനായില്ല.. പള്ളിക്കാരിയാണോ അമ്പലക്കാരിയാണോ എന്ന കൂടെ പഠിക്കുന്ന കുട്ടികളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ വന്നതാണ് ആ പിഞ്ചു മനസ്സില്‍ ആദ്യം അങ്കലാപ്പിന്റെ വിത്തു പാകിയത്.. പിന്നീടങ്ങോട്ട് പലപ്പൊഴും ഏതു ചേരിയിലാണ് തന്റെ കൂറെന്ന് അവള്‍ക്ക് തിരിച്ചറിയാനായില്ല..

അപ്പോള്‍ കഥ തുടരുകയാണ്.. പഠിച്ച് മിടുക്കിയായിട്ടും നല്ലൊരു ജോലി
നേടിയിട്ടും അവളുടെ അങ്കലാപ്പുകള്‍ തുടര്‍ന്നു കൊണ്ടിരുന്നു.. കാരണം
അച്ഛനും അമ്മക്കും അവളിന്നും അവരുടെ നെഞ്ഞിലൊരു തീയാണ്.. കൈ
പിടിച്ചുകൊടുക്കാന്‍ ഒരു പയ്യനെ ഏതു കുലത്തില്‍ തിരയണമെന്നതാരുന്നു
ആദ്യത്തെ പ്രശ്നം.. പഴയ പാത പിന്തുടര്‍ന്ന് അവള്‍ ആരെയെങ്കിലും
കണ്ടെത്തുമെന്ന അവരുടെ ചിന്തയും വെറുതെയായി.. ജോലിയില്‍ എത്തിപ്പെട്ടത്
അല്പം ഉയരത്തിലായതിനാല്‍ ജീവിതശൈലി സമ്മാനിച്ച തന്‍പോരിമയില്‍
ഇനിയെന്തിന് ഒരു തുണ എന്ന ചിന്ത അവളില്‍ വേരൂന്നാന്‍ തുടങ്ങിയപ്പോഴാണ്
അവളുടെ മാതാപിതാക്കള്‍ പ്രശ്നം ഗുരുതരമാണെന്ന് അറിഞ്ഞത്... പിന്നെ
കണ്‍‌ചിമ്മി തുറക്കും മുമ്പെ അന്നയുടെകല്ല്യാണമായി..


അവന്‍ സുന്ദരന്‍.. സുമുഖന്‍.. ഏകപുത്രന്‍ .. തറവാടി.. കാരണവന്മാരായി സമ്പാദിച്ച അളവറ്റ സ്വത്തിന് ഉടമ.. പിന്നെന്താ കുഴപ്പം? അവരും ഒരു പെണ്ണിനെ കിട്ടാതെ വലയുകയായിരുന്നു.. കരച്ചിലും ഭീഷിണിയും ഒപ്പത്തിനൊപ്പം ചേര്‍ത്ത് അച്ഛനുമമ്മയും അവളെ കീഴടക്കി.. ജോലിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്കയില്ലെന്ന് അവള്‍ ആദ്യമെ പ്രഖ്യാപിച്ചിരുന്നു.. അതുകൊണ്ട് തന്നെ കല്ല്യാണം കഴിഞ്ഞ് അവര്‍ കുടിയേറിയത് അവളുടെ ജോലിസ്ഥലത്തേക്ക്..

ഇരുചക്രത്തിന്റെ സ്വാതന്ത്ര്യത്തെ സ്‌നേഹിച്ചിരുന്ന അന്ന നാലുചക്രത്തിലേക്ക് മാറിയത് കല്ല്യാണശേഷമാണ്.. വല്ലപ്പോഴുമൊന്ന് പുറത്തിറങ്ങുമ്പൊള്‍ അയാളെയും പിന്നിലിരുത്തി അവളുടെ ഹോണ്ടാ‍ ആക്റ്റീവ പറത്താന്‍ അവള്‍ക്കു തന്നെ ചമ്മലായിരുന്നു. എന്തൊക്കെ പറഞ്ഞാലും സ്വന്തം ഭര്‍ത്താവല്ലെ.. ഡ്രൈവിംഗ് പഠിപ്പിക്കാനുള്ള ശ്രമം പുരുഷപീഡനമായി കണ്ട് അമ്മായിഅമ്മ രംഗത്തിറങ്ങിയപ്പൊ അതും ഉപേക്ഷിച്ചു..

വൈകിയെത്തുന്ന തനിക്കുവേണ്ടി ചപ്പാത്തിയും കറിയും ഒരുക്കി കാത്തിരിക്കുന്ന ഭര്‍ത്താവ് ആദ്യമൊക്കെ അവള്‍ക്കൊരു സന്തോഷമായിരുന്നു.. പക്ഷെ വന്നപാടെ സെറ്റിയില്‍ കിടന്ന് ഒരു ചായ ഓര്‍ഡര്‍ ചെയ്യുന്ന സ്വന്തം സ്വഭാവത്തെ അവള്‍ തന്നെ സംശയിക്കാന്‍ തുടങ്ങി.. പലപ്പൊഴും പൊങ്ങിപോവുന്ന തന്റെ ശബ്ദം അവളില്‍ നേരിയ ഭയം ഉണര്‍ത്തുന്നുണ്ടായിരുന്നു.. ക്രമം തെറ്റിപ്പോവുന്ന തന്റെ സ്വന്‍തം ദിവസങ്ങളും അവളില്‍ ആധിയായികൊണ്ടിരുന്നു...

ഇതൊക്കെ നിസ്സാരമല്ലെ.. കല്ല്യാണം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിശേഷമൊന്നും പറയാനില്ലാത്ത ദമ്പതിമാരായി പോയതായിരുന്നു ഏറ്റവും പ്രശ്നമായത്.. നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാം.. പക്ഷെ ഓഫീസിലും അതൊരു ചര്‍ച്ചാവിഷയമാവാന്‍ തുടങ്ങിയപ്പോഴാണ്, അവള്‍ ആ കടും കയ്യിനു മുതിര്‍ന്നത്.. കരഞ്ഞു വീര്‍ത്ത മുഖവുമായി കിടക്കുന്ന അയാളെ നോക്കുമ്പൊഴൊക്കെ ഒരാണിനെ കീഴടക്കാനുള്ള ശക്തി തനിക്കുണ്ടെന്ന ചിന്ത അവളിലൊരു ഞെട്ടല്‍ ഉണര്‍‍ത്തുന്നുണ്ടായിരുന്നു. രാവിലെ പാഞ്ഞെത്തിയ അമ്മായിഅച്ഛനും അമ്മയും കുറച്ചു നാളെത്തേക്ക് തനിക്ക് ഏകാന്തവാസം സമ്മാനിക്കാന്‍ പോവുന്നെന്ന അറിവും അവളില്‍ വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല.. ഉള്ളതും ഇല്ലാത്തതും ഫലമൊരുപോലെ... രാത്രികളില്‍ മൌനം കനക്കുന്നെന്ന് തോന്നിതുടങ്ങും മുമ്പെ വീണ്ടുമൊരു പ്രഭാതം ഒത്തുതീര്‍പ്പുമായി എത്തിയിരുന്നു... ജീവിതം വീണ്ടും പഴയ ചാലില്‍ ചലിക്കാന്‍ തുടങ്ങുമ്പോഴാണ് അയാളുടെ വീര്‍ത്തു വരുന്ന വയര്‍ അവര്‍ക്കിടയില്‍ ഒരു അകലം സൃഷ്ടിക്കാന്‍ തുടങ്ങിയത്.. അങ്ങിനെയാണ് അവള്‍ ഈ മില്‍മാബൂത്തിലെ ചായയും കുടിച്ച് അടഞ്ഞു കിടക്കുന്ന വാതില്‍ ഒരു വേള തുറക്കുന്നതും കാത്ത് നില്‍കേണ്ടി വന്നത്..
---------------------

ഡോക്റ്ററുടെ മുന്നിലെ കസേരകളില്‍ അവര്‍ രണ്ടു പേരും ഇരുന്നു... അവളുടെ മുഖത്ത് സംശയങ്ങളുടെ നീണ്ട ചുളിവുകള്‍ നിരന്നു കിടന്നപ്പോള്‍ അയാള്‍ ചുവന്നു തുടുത്ത മുഖവുമായ് തലകുനിച്ചിരിപ്പായിരുന്നു.. അത്ഭുത ജീവിയെ പോലെ തന്നെ നോക്കുന്നവരുടെ മനസ്സിലെന്തെന്ന് തിരിച്ചറിയാന്‍ അവള്‍ക്കിനിയുമാവുന്നില്ല.. പക്ഷെ തന്നെ പരിശോധിക്കാന്‍ ആണ്‍ ഡോക്റ്റര്‍ വേണോ പെണ്‍ ഡോക്റ്റര്‍ വേണോ എന്നതാണ്‍ പ്രശ്നമെന്ന് അവളറിഞ്ഞിരുന്നെങ്കില്‍ അവളുടെ അങ്കലാപ്പുകല്‍ അല്പമെങ്കിലും കുറഞ്ഞിരുന്നേനെ..

Tuesday, October 9, 2007

അഞ്ചലോട്ടക്കാരന്റെ മകള്‍

ഉച്ചക്ക് പന്ത്രണ്ട് മണിയുടെ ബസ്സ് പുറപ്പെടുമ്പോള്‍ അതില്‍ അച്ഛനും
ഹാജരായിരിക്കും. മിനിമം ചാര്‍ജ്ജിന്റെ ഒരു ടിക്കറ്റ് അച്ഛനുള്ളതാണ്.
പത്തു മിനിറ്റു ദൂരത്തില്‍ ആ ഒറ്റമുറി ആപ്പീസില്‍ അച്ഛനെ കാത്ത് കുറെ
കത്തുകളും മണിഓര്‍ഡറുകളും കാത്തിരുപ്പുണ്ടാവും.. അതേ കാത്തിരുപ്പുമായി ആ
ഗ്രാമത്തിന്റെ മുക്കിലും മൂലയിലും അവ കൈപ്പറ്റാനുള്ളവരും..

മയിലും മുയലുമൊക്കെ ഇടക്കിടക്ക് മിന്നിമറയുന്ന കുറ്റികാടുകളും വയലും
തോടും എല്ലാം അതിരിടുന്ന വലിയൊരു ഗ്രാമം .. കുന്നുകളുടെ ധാരാളിത്തവും .. അവിടത്തെ പോസ്റ്റുമാനായിരുന്നു എന്റെ അച്ഛന്‍ ..

ഞാന്‍ അഞ്ചലോട്ടക്കാരന്റെ മകളാ..

ഉച്ചവെയില്‍ ഒരല്പം പോലും കളയാതെയുള്ള നടത്തം കാരണം അച്ഛന്റെ കുടക്ക് ചാരനിറമായിരുന്നു.. ശരീരത്തിന് കറുപ്പുനിറവും.. വൈകുന്നേരം കൂലിപ്പണി
കഴിഞ്ഞു വരുന്നവരെയും കാത്ത് നിന്ന് അച്ഛന്‍ വീടണയുമ്പോള്‍ രാത്രിയാവും.. അധികം കത്തുകളില്ലെങ്കില്‍ സന്ധ്യയോടെയും.. എത്തേണ്ടിടത്ത് എത്താതെ കയ്യിലിരിക്കുന്ന ഓരോ തപാലും അച്ഛനൊരു വേവലാതിയായിരുന്നു.. കൊടുത്തു തീരാത്ത ക്രിസ്തുമസ്സ്-പുതുവത്സര കാര്‍ഡുകള്‍ അച്ഛന്‍ കാണാതെ ബാഗില്‍ നിന്നെടുത്ത് നോക്കുന്നത് അന്ന് എന്റെയും ചേച്ചിയുടെയും ഒരു കൊച്ചു സന്തോഷമായിരുന്നു.. മറ്റുള്ളവര്‍ക്കുള്ള എഴുത്തുകള്‍ അത് ആശംസാകാര്‍ഡ് ആണെങ്കിലും തുറക്കരുതെന്നായിരുന്ന് അച്ഛന്റെ ചട്ടം.. ജോലികിട്ടി
ദൂരെപോയവരുടെ ആദ്യത്തെ ശമ്പളം മണിയോര്‍ഡര്‍ വരുമ്പോള്‍ അതില്‍ നിന്നൊരു
ചില്ലറ അച്ഛനുള്ളതായിരുന്നു.. അവരുടെ സന്തോഷത്തില്‍ നിന്നും ഒരു പങ്ക്..
അന്നത്തെ ദിവസം ഞങ്ങള്‍ക്ക് എന്തെങ്കിലും "ചെലവ്' കൊണ്ടുതരും ..
ചായപീടികയില്‍ നിന്നും നാലു വടയോ അല്ലെങ്കില്‍ ഒരു പായസത്തിനുള്ള വകയോ
ആവാം... സന്ധ്യമയങ്ങുമ്പോള്‍ തേക്കിലയില്‍ പൊതിഞ്ഞ വലിയൊരു മീന്‍
പൊതിയുമായ് അച്ഛന്‍ വരുന്നത് അന്നൊരു സന്തോഷത്തിന്റെ വകയായിരുന്നു..
അന്തിക്കഞ്ഞിക്ക് അരിയിട്ടില്ലെങ്കില്‍ ഇത്തിരി കൂടുതല്‍ ഇടാന്‍ അച്ഛന്‍
പറയും .. അത് ഞങ്ങള്‍ മക്കള്‍ക്കുള്ള കളിയാക്കല്‍ കൂടിയായിരുന്നു...
രാവിലെ സ്കൂളില്‍ പോവും മുമ്പെ എനിക്ക് കുറച്ച് കാശ് എടുത്ത് തരും ..
വൈകുന്നേരത്തെ കടയില്‍ പോക്കിന്റെ ചുമതല എനിക്കായിരുന്നു..


വായിക്കാനറിയാത്തവര്‍ക്ക് കത്ത് വായിക്കലും എഴുതലുമൊക്കെ അച്ഛനും
ചെയ്തിരുന്നോ.. ഉണ്ടായിരുന്നിരിക്കാം .. അത്രയൊന്നും ഓര്‍മ്മ
എനിക്കില്ല...

ഇ ഡി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഇല്ല.. എന്തുകൊണ്ടെന്ന് ഇന്നും
എനിക്കറിയില്ല.. ഇന്നുണ്ടോ അതും അറിയില്ല... എന്റെ അച്ഛനു പെന്‍ഷന്‍
ഇല്ലാരുന്നു എന്നറിയാം .. അച്ഛന്‍ റിട്ടയര്‍ ആവുമ്പോള്‍ ഞാന്‍ അഞ്ചില്‍
പഠിക്കുകയായിരുന്നു.. അന്ന് രാവിലെ അമ്മ പറഞ്ഞു " നാളെ മുതല്‍ രാവിലെ
ദോശയില്ല".. അടുത്ത വീടുകളില്‍ ഒക്കെ രാവിലെ കഞ്ഞി കുടിക്കുമ്പോള്‍
എന്റെ വീട്ടില്‍ എന്നും രാവിലെ ദോശയോ ഇഡ്ലിയോ ആയിരിക്കും.. രാവിലെ കഞ്ഞി
കുടിക്കുക എന്ന് എനിക്ക് ആലോചിക്കാന്‍ പോലും പറ്റില്ല.. അന്നു മുഴുവന്‍
ഞാന്‍ സ്കൂളില്‍ പോയിരുന്നു കരഞ്ഞു.. ചോദിച്ചവരോടൊക്കെ പറഞ്ഞു "എന്റെ
അച്ഛന്‍ ഇന്നു റിട്ടയര്‍ ആവും .. നാളെ മുതല്‍ ഞങ്ങള്‍ എങ്ങിനെ കഴിയും ".. ഞങ്ങള്‍ ജീവിച്ചു -ഏട്ടന്റെയും ചേച്ചിയുടെയും ഒക്കെ ശമ്പളം കൊണ്ട്.. അച്ഛന്‍ എല്ലാവരോടും പറഞ്ഞിരുന്ന പോലെ ഞങ്ങള്‍ ആറ് മക്കള്‍ ആയിരുന്നു അച്ഛന്റെ സമ്പാദ്യം .. കാലായകുരുടായ ഞാന്‍ കൂടി ജോലിക്കാരിയായിട്ടാ അച്ഛന്‍ മരിച്ചെ.. ആ പാവം അഞ്ചലോട്ടക്കാരന് മോഹിക്കാവുന്നതിലും അപ്പുറമായിരുന്നു നേടിയതെല്ലാം ...

Thursday, October 4, 2007

ചെരുപ്പുകുത്തി

രാവിലെ ബസ്സ് കാത്തുള്ള നില്പിന് ഒരു ഇലക്ട്രിക് പോസ്റ്റിന്റെ മറവുണ്ട് ... സൂര്യന്‍ ഉത്തരായനത്തിലോ ദക്ഷിണായനത്തിലോ ആവട്ടെ, അതെനിക്കായ് ഒരല്പം തണല്‍ കരുതി വെക്കാറുണ്ട്... കൂട്ടുകാരുടെ കളിയാക്കലുകളില്‍ ആ കാത്തുനില്പിന് എനിക്ക് കൂട്ട് ഒരു തമിഴന്‍ ചെരുപ്പുകുത്തിയാണ്..

എനിക്കു മുമ്പെ കക്ഷി റോഡരികില്‍ എത്തും ... ക്ഷേത്രഭരണത്തില്‍ സര്‍ക്കാരിന്റെ കടന്നുകയറ്റത്തിനെതിരെ നടത്തിയ ക്ഷേത്രരക്ഷായാത്രയുടെ ഫ്ലെക്സി ബോര്‍ഡ് ഇലക്ട്രിക് പോസ്റ്റിലേക്കും പള്ളിമതിലിലേക്കും വലിച്ചു കെട്ടി ഒരുക്കുന്ന തത്കാലിക സാമ്രാജ്യത്തില്‍ കരിങ്കല്‍ പീഠത്തില്‍ ഇരിപ്പുറപ്പിക്കും.. മുമ്പ് ഏതോ കടയുടെ പരസ്യബാനര്‍ ആയിരുന്നു വെയില്‍ മറച്ചിരുന്നത്..

പിന്നെ ബൈബിള്‍ പകുത്ത്തുറന്ന് വായിക്കും.. ഒരു ബീഡി കത്തിച്ച് ഒന്നു റിലാക്സ് ചെയ്യുമ്പൊഴേക്കും റോഡില്‍ തിരക്കാവാന്‍ തുടങ്ങും.. ഒരു പത്രസ്ഥാപനവും , ആശുപത്രിയും രണ്ട് കോളേജും മൂന്ന് സ്കൂളും പിന്നെ ഒരുപാട് ഓഫീസുകളും എല്ലാം നിറഞ്ഞ ഈ ചുറ്റുവട്ടത്തിലേക്കുള്ള ഏക ബസ്സ് സ്റ്റോപ്പാണിത്.. അതുകൊണ്ട് തന്നെ ഓരോ ബസ്സും കുറെ അധികം യാത്രക്കാരെ ഇവിടെ തട്ടും .. തൊട്ടുമുന്നിലെ വനിതാ കലാലയത്തിലെ സുന്ദരികളും മറ്റു പലരും രാവിലെ പൊട്ടിയ ചെരുപ്പുകള്‍ അയാളെ എല്പിച്ചു പോവും... തിരിച്ചു വാങ്ങിക്കുന്നത് ഞാന്‍ കാണാറില്ല... ആ നേരത്ത് ഞാന്‍ അവിടെ കുറ്റിയടിക്കാറില്ലല്ലൊ..

ഇതൊക്കെ എന്നും കാണുന്നതല്ലെ.. എന്തിത്ര പുതുമ അല്ലെ.. എനിക്കും അത്ര പ്രത്യേകതയൊന്നും തോന്നാറില്ല.. വല്ലപ്പോഴും അയാള്‍ ഒരു പരിചയ ചിരി ചിരിക്കുമ്പോള്‍ തിരിച്ചൊന്ന് ചിരിക്കുന്നത് തന്നെ വലിയ കാര്യം എന്ന തോന്നല്‍.. എന്റെ അഹങ്കാരം അല്ലാതെന്ത് ...എന്നാലും പലപ്പൊഴും എനിക്ക് വണ്ടി കിട്ടുന്നത് ഞാന്‍ ഓടിവരുന്നത് അയാള്‍ കാണുന്നത് കൊണ്ടുമാത്രം..

അന്നും പതിവുപോലെ ഞാന്‍ ഹാജര്‍ .. എനിക്കു മുമ്പെ അയാളും.. വനിതാ കലാലയത്തിലെ ഒരു സുന്ദരി കടലാസില്‍ പൊതിഞ്ഞൊരു ചെരിപ്പ് നന്നാക്കാന്‍ കൊണ്ടുവന്നു കൊടുത്തു.. ക്ലാസ്സ് കഴിയുമ്പോള്‍ വരാമെന്നു പറഞ്ഞ് പോയി.. പിന്നെ ഞാന്‍ നോക്കുമ്പോള്‍ അയാള്‍ ആ കടലാസ് ഇരുന്നു വായിക്കുന്നു .. എന്തെങ്കിലും ചൂടന്‍ വാര്‍ത്തയാവുമെന്ന് കരുതിയാണ് ഞാന്‍ ഒന്നു കൂടു നോക്കിയത്.. വിഷയം ഇന്ത്യയുടെ ആണവകരാറിനെ കുറിച്ചുള്ള മുഖപ്രസംഗം.. തലേദിവസം ഓഫീസില്‍ നടന്ന പ്രസംഗമത്സരത്തില്‍ ബുദ്ധിജീവികള്‍ എന്ന് അറിയപ്പെടുന്നവര്‍ പോലും ബ്ബ ബ്ബ ബ്ബ വെച്ച വിഷയം.. എന്താണ്‍ ആ കരാറിലെ പ്രശ്നങ്ങള്‍ എന്ന് പ്രസംഗിച്ചവരൊന്നും പറഞ്ഞില്ല...കാടും പടര്‍പ്പും തല്ലി അഞ്ചു മിനിറ്റ് നേരം അവരെല്ലാം വായിട്ടലച്ചു..എന്താ ഒരു ചെരുപ്പുകുത്തിക്ക് സീരിയസ്സ് വിഷയങ്ങള്‍ വായിച്ചൂടെ എന്നൊന്നും ചോദിക്കല്ലെ.. സത്യത്തില്‍ അയാളോട് എനിക്ക് അതിരറ്റ ബഹുമാനം തോന്നി.. ഇന്ത്യ കരാറില്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും എന്റെ ജീവിതം ഇങ്ങനെ ഒക്കെ അങ്ങു പോവും എന്നൊരു നിസംഗത എന്റെ മനസ്സിലുമുണ്ട്... മറുനാട്ടില്‍ നിന്ന് ഈനാട്ടില്‍ ചേക്കേറി റെയില് വേ പുറമ്പോക്കില്‍ താമസിക്കുന്ന ആ ചെരുപ്പുകുത്തിയും അതിലപ്പുറം ചിന്തിക്കുമെന്ന് എനിക്ക് തോന്നിയില്ല.. എന്നാലും കയ്യില്‍ കിട്ടിയ കടലാസിലെ വിവരത്തെ അയാല്‍ ശ്രദ്ധയോടെ വായിക്കുന്നത് കണ്ടപ്പോള്‍ എന്റെ നിസ്സംഗതയില്‍ എനിക്ക് തന്നെ പുച്ഛം തോന്നുന്നു.. വൈകുന്നേരങ്ങളില്‍ വെള്ളമടിച്ച് തമിഴില്‍ ചറപറാന്ന് പറഞ്ഞ് ബഹളം വെക്കുന്ന അയാളില്‍ നിന്ന് ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. അയാളെ ഞാന്‍ ആദ്യം ശ്രദ്ധിക്കാന്‍ തന്നെ കാരണം അയാള്‍ മലയാളം ബൈബിള്‍ വായിക്കുന്നത് കണ്ടാണ്.

ഇപ്പോള്‍ രാവിലെ ബസ്സ്റ്റൊപ്പില്‍ എത്തുമ്പോഴെ ഞാന്‍ അയാളോട് ചിരിക്കും .. എന്റെ മന്‍സ്സില്‍ അയാളുടെ സ്ഥാനം ഒരുപാട് ഉയര്‍ന്നിരിക്കുന്നു... അയാള്‍ എന്നോട് വല്ലപ്പോഴും വര്‍ത്തമാനം പറയാറുണ്ട്... "ഇന്നെന്താ വൈകിയെ"... "ഇതുവരെ ബസ്സ് വന്നില്ലെ " അതുപോലെ എന്തെങ്കിലും ...