Wednesday, November 21, 2007

ഒന്നിനും ഒന്നിനുമിടയില്‍

ബാഗും ചോറുപാത്രവുമെടുത്ത് അമ്മയോട് യാത്ര പറഞ്ഞ് വൃന്ദ ഒതുക്കുകല്ലുകള്‍ ഓടിയിറങ്ങി..പകുതിയില്‍ വെച്ച് അതിലും വേഗത്തില്‍ തിരിച്ചു കയറി.. ചാരിയിട്ട വാതില്‍ പാളികള്‍ തുറക്കുമ്പോള്‍ അനില്‍ ചുമരിനു നേരെ തിരിഞ്ഞു കിടക്കുകയായിരുന്നു.. അവള്‍ അനിലിന്റെ ചുരുളന്‍ മുടിയില്‍ തന്റെ വിരലുകള്‍ കോര്‍ത്തു.. ഉറക്കം വിട്ടൊഴിയാത്തതെങ്കിലും വൃന്ദക്കായ് ഒരു പുഞ്ചിരി അവന്റെ ചുണ്ടില്‍ വിരിഞ്ഞു നിന്നിരുന്നു.. ചുളിഞ്ഞുലഞ്ഞ അവളുടെ ചുരിദാറിലേക്ക് നോക്കി അവന്‍ ചോദിച്ചു..

"നീയിപ്പൊ സാരി ഉടുക്കാറെ ഇല്ലല്ലെ.."

സ്റ്റാര്‍ച്ച് ചെയ്ത് വടി പോലെ ആക്കിയ കോട്ടണ്‍ സാരികള്‍ തേച്ച് കൊടുക്കുന്നത് അനിലായിരുന്നു.. രാവിലെ ബൈക്കില്‍ തന്നെ ഓഫീസില്‍ എത്തിക്കുമ്പോള്‍ കാണുന്നവരുടെ കണ്ണുകളിലൊക്കെ അല്പം അസൂയ ഉണ്ടെന്ന് അവള്‍ സ്വയം കരുതുമായിരുന്നു.. വൈകീട്ട് അവള്‍ ഓഫീസ് ഗെയ്റ്റില്‍ എത്തുമ്പൊഴേക്കും അനിലിന്റെ ബൈക്ക് അവളെയും കാത്ത് നില്പുണ്ടാകും.. അതൊക്കെ ഒരു വര്‍ഷം മുമ്പത്തെ കാര്യം.. വെറുമൊരു നടുവേദന.. ഒരു വീഴ്ച.. പിന്നെ പതിയെ ഒന്നു ചലിക്കാന്‍ പോലും പരസഹായം വേണമെന്ന അവസ്ഥയിലേക്ക്.. കട്ടിലില്‍ ഇരിക്കാന്‍ തുടങ്ങിയ അവളെ അനില്‍ നോട്ടം കൊണ്ടു വിലക്കി..

"പൊക്കോളൂ.. ബസ്സിന്റെ നേരായി.. "

വാതില്‍ ചാരുമ്പോള്‍ അവള്‍ തിരിഞ്ഞു നോക്കിയില്ല.. എത്ര ശ്രമിച്ചാലും കണ്ണുകളില്‍ ഉറഞ്ഞു കൂടുന്ന നനവിനെ അനിലിന്റെ കണ്ണില്‍ നിന്നു മറക്കാന്‍ അവള്‍ക്ക് മറ്റുവഴികള്‍ ഇല്ലായിരുന്നു.. ഉമ്മറവാതില്‍ അടക്കുമ്പോള്‍ കുളിമുറിയില്‍ അമ്മയും മാളുവും കൂടി കുളിക്കിടയിലെ പാട്ടും ബഹളവും തകര്‍ക്കുന്നുണ്ടായിരുന്നു..

ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ എതിരെ വരുന്ന മുഖങ്ങളെ അവള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിച്ചു.. എന്നാലും ചിലരുടെ കുശലാന്വേഷണം കണ്ണില്‍ നീറുന്നുണ്ടായിരുന്നു.. എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത് ഒരേ ചോദ്യങ്ങള്‍..

ബസ്സിലെ തിരക്കില്‍ ഊരിത്തെറിച്ചു പോയ സേഫ്റ്റി പിന്നില്‍ നിന്നും അടര്‍ന്നു പോയ ഷാള്‍ അവള്‍ വിടര്‍ത്തിയിട്ടു.. അമ്മയുടെ ഭാഷയില്‍ ഷാള് കൊണ്ടൊരു പുതപ്പ്.. വീതിയുള്ളതിനാല്‍ മാളുവിനെ പ്രസവിച്ചതോടെ അല്പം ചാടിയ വയറിനെയും മറച്ചു.. അതു മാത്രമല്ലല്ലൊ, വടിവുകള്‍ എന്തെങ്കിലും ഇനിയും തന്നില്‍ ബാക്കി നില്‍കുന്നുവെങ്കില്‍ അതിനും ഒരു മറയിടുക എന്നൊരു ലക്ഷ്യം കൂടി അവള്‍ക്കുണ്ടായിരുന്നു..

ഇന്നു തിരക്കാണ്.. വരാനിരിക്കുന്ന മീറ്റിംഗിനുള്ളതെല്ലാം ഇന്നു തന്നെ ശരിയാക്കണം.. വൈകി ഇരിക്കേണ്ടി വന്നാല്‍, അവളുടെ ചിന്തയില്‍ ഭയത്തിന്റെ ഗ്രാഫ് ഉയരാന്‍ തുടങ്ങി.. റിസപ്ഷനിലെ ഗൂര്‍ഖക്ക് ഒരു ചിരി സമ്മാനിച്ച് വൃന്ദ താക്കോല്‍ വാങ്ങി.. സാറ് വന്നിട്ടില്ല, ട്രെയിന്‍‍ ഇന്നും ലേറ്റാവും.. രാവിലെ തൂത്തുവാരി കഴിഞ്ഞാല്‍ മറ്റു മുറികള്‍ എല്ലാം തുറന്നിടും .. പക്ഷെ കോണ്‍ഫിഡെന്‍ഷ്യല്‍ സെക്ഷന്‍ മാത്രം ആരെങ്കിലും വരാ‍തെ തുറക്കില്ല.. വേറെ ആരും വരാനുമില്ല.. വൃന്ദയും അവളുടെ ബോസ്സും മാത്രം..

കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് മെയിലുകള്‍ നോക്കി.. താന്‍ ജീവനോടെ ഇന്നും രംഗത്തുണ്ടെന്ന് കൂട്ടുകാരെ അറിയിക്കാന്‍ ഒരു വരിയില്‍ സുപ്രഭാതവും ശുഭദിനവും.. പതിയെ വൃന്ദ തന്റെ ഫയലുകള്‍ തുറന്നു..

"ഗുഡ് മോര്‍ണിംഗ്'

വായിക്കുന്നതിനിടയില്‍ ഡോര്‍ തുറന്ന് സാര്‍ വന്നത് അവള്‍ കണ്ടില്ല.. മുഖത്ത് നോക്കികൊണ്ട് തന്നെ അവള്‍ പ്രതിവചിച്ചു..

"മോര്‍ണിംഗ്"

ആ മുഖത്ത് ഇപ്പൊഴും ആ കള്ള ചിരി .. തലേരാത്രിയിലെ ഫോണ്‍ വിളിയുടെ ഒരു നേരിയ ചമ്മല്‍ പോലും ആ മുഖത്ത് കാണുന്നില്ല.. അവളുടെ ചിന്തകള്‍ കാട് കേറാന്‍ തുടങ്ങിയപ്പോള്‍ പതിയ ഫയലിലേക്ക് മുഖം താഴ്ത്തി..

അന്നത്തെ പോസ്റ്റും കൊണ്ട് വന്ന പ്യൂണ്‍ ശാന്തചേച്ചിയെ ഒന്നു സന്തൊഷിപ്പിക്കാമെന്നു വിചാരിച്ചു..

"എന്താ ചേച്ചീ.. പുതിയ സാരിയാണോ"

"അതിയാന്‍ കോയമ്പത്തൂരിന് ഒരു ഓട്ടം പോയിവന്നപ്പൊ കൊണ്ടുവന്നതാ.."

അതു പറയുമ്പോള്‍ ചേച്ചിയുടെ മുഖം ചുവന്നു തുടുക്കുന്നുണ്ടായിരുന്നു..

"വൃന്ദയെന്താ സാരിയുടുക്കാത്തെ ഇപ്പൊ.. "

"ഹേയ് .. ഒന്നുമില്ല ചേച്ചി.. ബസ്സിലെ ഇടി കാരണാ..."

"ഞാന്‍ എപ്പൊഴും വൃന്ദയോട് പറയാറുണ്ട് ശാന്തെ.. പെണ്‍കുട്ടികള്‍ സാരി ഉടുക്കണതാ ഭംഗി എന്ന്.. ഈ ചെറുപ്രായത്തിലല്ലാതെ വയസ്സായിട്ടാണൊ ഒരുങ്ങുന്നെ"

ഇപ്പോള്‍ വൃന്ദയുടെ മുഖവും ചുവക്കാന്‍ തുടങ്ങിയിരിക്കുന്നു..അഭിനയിക്കാന്‍ ഇയാളെ കഴിഞ്ഞെ ഉള്ളു.. അവള്‍ മനസ്സില്‍ പറഞ്ഞു.. കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന്‍ സാരിയുടുത്തതിന്റെ വര്‍ണ്ണന ഇപ്പൊഴും ഇടക്കൊക്കെ ഉരുക്കഴിക്കും .. അനില്‍ വീണതിനു ശേഷം അന്നായിരുന്നു അവള്‍ സാരിയുടുത്തത്.. അഴിച്ചിട്ട മുടിയിഴകള്‍ക്കിടയിലൂടെ എപ്പൊഴൊ തെളിഞ്ഞു കണ്ട തൊലി വെളുപ്പിനെ ചൊല്ലി.. മുന്നിലേക്കെടുത്ത് പിടിച്ച സാരിത്തുമ്പില്‍ കാണാനാവാതെ പോയ വയറിനെ ചൊല്ലി...

അനിലിന്റെ അവസ്ഥ അറിഞ്ഞ സഹതാപമായിരുന്നു തുടക്കം.. പിന്നെപ്പൊഴൊ ആശ്വാസവാക്കുകളില്‍ നിറം കലരാന്‍ തുടങ്ങി... നഷ്ടപ്പെടുന്ന യൌവനത്തെ പറ്റി... അവള്‍ കാരണം നഷ്ടമാവുന്ന അയാളുടെ ഉറക്കത്തിലെത്തി നില്‍ക്കുന്നു.. ഇപ്പോള്‍ അതില്‍ ഭീഷിണിയുടെ സ്വരമുണ്ട്...

തിരക്കുകള്‍ക്കിടയില്‍ ഘടികാരസൂചികള്‍ പലതവണ കറങ്ങി തിരിഞ്ഞിരിക്കുന്നു.. ഇന്നു തീര്‍ക്കേണ്ടതു പോലും ഇനിയും ബാക്കിയാണ്.. രാവിലെ ചെയ്യാമെന്നു കരുതി.. അവള്‍ ഫയലുകള്‍ അടുക്കി അലമാരയില്‍ വെക്കാന്‍ തുടങ്ങി..

"വൃന്ദാ .. ആ ഫയല്‍ ഇന്നു തന്നെ തീര്‍ക്കണം.. മീറ്റിംഗിനു റിപ്പോര്‍ട്ട് കൊടുക്കണ്ടെ.. പോവാന്‍ ഞാന്‍ വണ്ടി തരാന്‍ പറയാം"

"ഞാന്‍ രാവിലെ ചെയ്തു തരാം.. ഇപ്പൊഴെ ലേറ്റായി.. എല്ലാരും പോയിരിക്കുന്നു"

"അതിനെന്താ.. ഇന്നു ഞാനും വൈകിയാ പോവുന്നെ.. വൃന്ദയുടെ അപ്രൈസല്‍ റിപ്പോര്‍ട്ട് എഴുതണം.. പ്രമോഷന്‍ വേണ്ടെ.."

ഒരു ചിരിയോടെ അയാള്‍ പുറത്തേക്കിറങ്ങി..വാക്കുകളില്‍ ഒതുങ്ങിയിരുന്നത് പ്രവൃത്തിയിലേക്ക് ചുവടുമാറ്റുന്നതിന്റെ മണം..അയാള്‍ തിരിച്ചു വരുന്നതിനു മുമ്പെ അവള്‍ എല്ലാമൊതുക്കി ബാഗെടുത്ത് പുറത്തേക്ക് നടന്നു..

അപ്രതീക്ഷിതമായടയുന്ന വാതിലും മുറുകുന്ന പിടുത്തവും വൃന്ദയുടെ നില തെറ്റിച്ചു.. പുറകോട്ടു തെന്നുന്ന വീഴ്ചക്കിടയിലും ആ വൃത്തികെട്ട ചിരിയുടെ ക്രൌര്യം അവള്‍ തെളിഞ്ഞു കണ്ടു.. പിടികിട്ടിയ മേശയില്‍ ആകെ തടഞ്ഞത് ഫ്ലവര്‍ വേസ് മാത്രം ..ആഞ്ഞടിച്ചത് മാത്രം ഓര്‍മ്മയുണ്ട്.. ഒപ്പം എന്തൊക്കെയോ മറഞ്ഞു വീഴുന്ന ശബ്ദം..

എത്ര നേരം കഴിഞ്ഞെന്ന് ഓര്‍ക്കുന്നില്ല.. ഫോണ്‍ അടിച്ചപ്പൊഴും അവള്‍ കസേരയില്‍ വിറച്ചുകൊണ്ടിരിപ്പായിരുന്നു.. മൂന്നാമത്തെ തവണയും അത് അലറിയടിച്ചപ്പൊ അവള്‍ റിസീവര്‍ എടുത്തു... മിണ്ടാതെ നിന്ന അവളുടെ ചെവിയില്‍ അലച്ചത് ഒരു കരച്ചിലായിരുന്നു..

"പപ്പാ.. വേഗം വാ... അമ്മയെ കാണുന്നില്ല... അമ്മ എങ്ങോട്ടോ പോയി.. പപ്പാ"

അവള്‍ പതിയെ ഫോണ്‍ വെച്ചു.. കുടിക്കാനിരുന്ന വെള്ളമെടുത്ത് അയാളുടെ മുഖത്ത് തളിച്ചു .. കണ്ണു തുറക്കും വരെ കാത്തു നിന്നു.. പിന്നെ ബാഗെടുത്ത് പടികളിറങ്ങി...

20 comments:

ഇട്ടിമാളു അഗ്നിമിത്ര said...

സ്റ്റാര്‍ച്ച് ചെയ്ത് വടി പോലെ ആക്കിയ കോട്ടണ്‍ സാരികള്‍ തേച്ച് കൊടുക്കുന്നത് അനിലായിരുന്നു.. രാവിലെ ബൈക്കില്‍ തന്നെ ഓഫീസില്‍ എത്തിക്കുമ്പോള്‍ കാണുന്നവരുടെ കണ്ണുകളിലൊക്കെ അല്പം അസൂയ ഉണ്ടെന്ന് അവള്‍ സ്വയം കരുതുമായിരുന്നു.. വൈകീട്ട് അവള്‍ ഓഫീസ് ഗെയ്റ്റില്‍ എത്തുമ്പൊഴേക്കും അനിലിന്റെ ബൈക്ക് അവളെയും കാത്ത് നില്പുണ്ടാകും.. അതൊക്കെ ഒരു വര്‍ഷം മുമ്പത്തെ കാര്യം..

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
കണ്ണൂരാന്‍ - KANNURAN said...

വളച്ചുകെട്ടില്ലാതെ നേരെ ചൊവ്വെ എഴുതിയതു നന്നായി.

ഉപാസന || Upasana said...

ഒരുപാട് പേര്‍ പറഞ്ഞിരിക്കുന്നു ഇത്...
:)
ഉപാസന

ചന്ദ്രകാന്തം said...

മാളൂ,
ഓരോ രംഗവും അനുഭവിപ്പിയ്ക്കുന്ന വിവരണം.
അസ്സലായി.

മറ്റൊരാള്‍ | GG said...

നല്ല അവതരണ ശൈലി. കാര്യങ്ങള്‍ വളച്ച് കെട്ടാതെ പറഞ്ഞിരിക്കുന്നു.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

:)

സു | Su said...

:)

പ്രയാസി said...

എല്ലാ ബോസ്സുമാരും ഇങ്ങനെ തന്നെയാണൊ..!?
കശ്മലന്മാര്‍...

വേണു venu said...

:)

Murali K Menon said...

ജീവിതത്തിലെ ഓരോരോ പ്രശ്നങ്ങളേ....എന്തൊക്കെ കഴിച്ചുകൂട്ടിയീട്ടുവേണം......ഒന്നങ്ങട്...

ധ്വനി | Dhwani said...

ചില ജീവന്‍ ഇങ്ങനെയും! :(

സഹയാത്രികന്‍ said...

കുടിക്കാനിരുന്ന വെള്ളമെടുത്ത് അയാളുടെ മുഖത്ത് തളിച്ചു .. കണ്ണു തുറക്കും വരെ കാത്തു നിന്നു...

ചത്തില്ലാലേ... കഷ്‌ടായിപ്പോയി...
:(

ദിലീപ് വിശ്വനാഥ് said...

നല്ല കഥ മാളുവേച്ചി.

Sethunath UN said...

ഇട്ടിമാ‌ളൂ,
കഥ ന‌ന്നായി.

ശ്രീ said...

അതെന്തായാലും നന്നായി. അയാള്‍‌‌ തട്ടിപ്പോകാതിരുന്നതും നന്നായി. അങ്ങനെ ഒരെണ്ണം വേണമായിരുന്നു...

നല്ല കഥ.
:)

ഏ.ആര്‍. നജീം said...

:)

ഇട്ടിമാളു അഗ്നിമിത്ര said...

കണ്ണൂരാനെ.. മറ്റൊരാളെ ...വളച്ചുകെട്ടാന്‍ ഒന്നുമില്ലല്ലൊ ഇതില്‍

ഉപാസന.. കണ്ടതും കേട്ടതുമല്ലാതെ പുതിയതായൊന്നു പറയാന്‍ മാത്രം ഭാവനയൊന്നും എനിക്കില്ലല്ലൊ ... കോപ്പി അല്ലാട്ടൊ:(

ചന്ദ്രകാന്തം..വാല്‍മീ‍കി...നിഷ്കളങ്കാ.. നന്ദി

ജ്യോതി..സു.. വേണു.. നജീം :)

പ്രയാസി.. അല്ലാട്ടോ...

മുരളി.. തന്നെ തന്നെ ;)

ധ്വനി.. അതും വേണ്ടെ...

സഹയാത്രികാ.. ശ്രീ.. ആ‍ ഫോണ്‍ വിളി കേട്ടിട്ട് പെണ്ണായ അവള്‍ക്ക് കൊല്ലാന്‍ തോന്നാതിരുന്നതാവാം..

ഹരിശ്രീ said...

വളരെ രസകരമായ അവതരണം.
ആശംസകള്‍

ഹരിശ്രീ

ഇട്ടിമാളു അഗ്നിമിത്ര said...

ഹരിശ്രീ... വന്നതില്‍ സന്തോഷം