"എനിക്ക് വിശക്കുന്നുണ്ട്.. "
ഫയല്‍ നോക്കികൊണ്ടിരുന്ന പങ്കജാക്ഷന്‍ നായരെന്ന ബോസ്സിന്റെ നോട്ടം ഇപ്പോള്‍ തന്റെ മുഖത്തേക്ക് ഉയരുമെന്ന് അവള്‍ പ്രതീക്ഷിച്ചെങ്കിലും, പാതിയോളമെത്തി, ഒരു മൂളലില്‍ സമ്മതം നല്‍കി അതു തിരിച്ചു പോയി.. പതിവുള്ള നന്ദി പറയാതെ അവള്‍ തിരിച്ചു നടന്നെങ്കിലും കേബിന്‍ന്റെ വാതില്‍ അടക്കും മുമ്പ് അവളൊന്ന് തിരിഞ്ഞു നോക്കി... അയാള്‍ തന്നെ നോക്കികൊണ്ടിരിക്കുകയാവുമെന്ന അവളുടെ ഊഹം തെറ്റാത്തതില്‍ അവള്‍ക്കൊരല്‍പ്പം അഹങ്കാരം തോന്നി...
രണ്ട് മണിക്കൂറില്‍ അധികമായി താന്‍ വിശന്നിരിക്കുകയായിരുന്നെന്ന ചിന്ത തന്നെ അവളുടെ വിശപ്പിനെ ആളികത്തിച്ചു..ഉച്ചക്ക് പതിവുപോലെ കാന്റീനിലെ പുളിശ്ശേരിയും രസവും കൂട്ടി നല്ലൊരു ഊണ് കഴിച്ചതാണ്.. അതിനു ശേഷം വിളിച്ചവരോടൊക്കെ അവള്‍ പറഞ്ഞത് തന്റെ അകാരണമായ വിശപ്പിനെ കുറിച്ചായിരുന്നു..
പ്രശ്നങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍, അല്ലലും അലട്ടലും മനസ്സില്‍ നിന്ന് കുടഞ്ഞെറിയാന്‍ അങ്ങിനെ എന്തിനായാലും അവള്‍ക്ക് അവളുടേതായ വഴികളുണ്ട്.. അതാണ് മിത്ര.. ഇന്നത്തെ വിശപ്പിന്റെ കാരണം കണ്ടെത്താനാവാത്തതായിരുന്നു അവളേ അലട്ടിയിരുന്നത്..
അഞ്ചു മിനിറ്റ് നടക്കാന്‍ മാത്രമുള്ള എളുപ്പവഴി ഉപേക്ഷിച്ച് തിരിക്കു പിടിച്ച നഗരവഴിയെ അവള്‍ നടക്കാന്‍ തുടങ്ങി.. ഓഫീസിലെ പ്രശ്നങ്ങളെ ഫ്ലാറ്റിലെത്തും മുമ്പ് തൂത്തെറിയാനാണ് ഈ വളഞ്ഞ വഴിയെ അവള്‍ സാധാരണ്‍ നടക്കാറ്.. നഗരത്തിരക്കില്‍ ഒറ്റപ്പെട്ട ആ അലസമായ നടത്തം, പലതും മറക്കാനുള്ള ഒരു ഉപാധികൂടിയായിരുന്നു.. അതൊക്കെ അമ്മ കൂടെ ഉണ്ടായിരുന്നപ്പൊഴത്തെ കാര്യമാണ്..
ഒരിക്കലും തനിച്ചു കയറിയിട്ടില്ലാത്ത ആ റെസ്റ്റോറന്റില്‍ ആരൊക്കെയോ തന്നെ നോക്കുന്നുണ്ടായിരുന്നെന്നത് അവള്‍ കണ്ടെന്ന് നടിച്ചില്ല..അതില്‍ ചിലര്‍ അവളുടെ പരിചയക്കാര്‍ ആയിരുന്നെന്നതു തന്നെ കാരണം.. ഒരു ബിരിയാണി കഴിച്ചിട്ടും തന്റെ വിശപ്പടങ്ങുന്നില്ലെന്നത് അവള്‍ ഒരു ഞെട്ടലോടെ അറിഞ്ഞു.. അവിടെ ഇരുന്ന് വീണ്ടുമൊരു ഓര്‍ഡര്‍ നല്‍കാന്‍ തോന്നിയില്ലെങ്കിലും ഒരു പാഴ്‌സല്‍ വാങ്ങാന്‍ അവള്‍ മടിച്ചില്ല.. ഫ്ലാറ്റില്‍ താന്‍ തനിച്ചാണെന്നതില്‍ അന്നാദ്യമായി അവള്‍ സന്തോഷിച്ചു..
വസ്‌ത്രം പോലും മാറ്റാതെ അവള്‍ വാങ്ങികൊണ്ടുവന്ന ഭക്ഷണം തീര്‍ത്തു.. അപ്പൊഴേക്കും ക്ഷീണം കാരണം ഉറക്കം വന്നിരുന്നെങ്കിലും രാത്രി എന്തു കഴിക്കുമെന്ന ചിന്ത അവളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു... അല്പനേരത്തെ വിശ്രമത്തിനു ശേഷം ചപ്പാത്തി ഉണ്ടാക്കാന്‍ എടുത്ത മാവ് പതിവിലും കൂടുതല്‍ ആയിരുന്നു.. കുറെ നാളുകള്‍ക്കു ശേഷമായിരുന്നു അവള്‍ അത്താഴം ഉണ്ടാക്കുന്നത് ..
വീട്ടില്‍ അമ്മയുടെ താവളമാണ് അടുക്കള.. ചേച്ചിമാര്‍ കൂടെ ഉള്ളതുകൊണ്ട് സ്വയം പാചകത്തിന്റെ ആവശ്യം വരാറുമില്ല.. കൂടുതല്‍ പറയാനാണെങ്കില്‍ പാചകം അവളുടെ ഇഷ്ടവിഷയവുമല്ല.. ഇവിടെയും അമ്മ ഉണ്ടായിരുന്നതു കൊണ്ട് ഭരണം അമ്മയുടേതു തന്നെ..
കൂട്ടുകാരന്റെ മരണം വരുത്തിയ വലിയ ഒഴിവ്, തന്നെ കീഴടക്കുന്നെന്ന് തോന്നിയപ്പോഴായിരുന്നു നാട്ടില്‍ നിന്നും നഗരത്തിലേക്കുള്ള ചേക്കേറല്‍ .. സ്ഥലംമാറ്റമെന്ന് മറ്റുള്ളവര്‍ വിശ്വസിച്ചത് സ്വയം ചോദിച്ചു വാങ്ങിയതായിരുന്നു. വിഷമിച്ചിരിക്കുന്ന പെണ്ണിനെ തനിയ വിടണ്ട എന്ന ബഹുജനാഭിപ്രായത്തിലായിരുന്നു അമ്മയും കൂടെ വന്നത്. നാളുകള്‍ കൊണ്ടു തന്നെ ഫ്ലാറ്റിന്റെ നാലുചുമരുകള്‍ക്കുള്ളിലെ ജീവിതം അമ്മയെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങി. രാവിലത്തെ മുങ്ങികുളിയും അമ്പലദര്‍ശനവുമൊക്കെ നഷ്ടമാവുന്നതിന്റെ വേദന വേറെയും.. അനിയനൊരു കുഞ്ഞുണ്ടായപ്പോള്‍ അവനൊരു സഹായം എന്ന പേരില്‍ അമ്മ വീണ്ടും നാട്ടിലേക്ക്.. മിത്ര ഇവിടെ തനിച്ചും .. നഗരത്തിരക്കില്‍ താനൊരിക്കലും തനിച്ചാവില്ലെന്ന് അവള്‍ തമാശയായി അനിയനോട് പറഞ്ഞു.. എന്നെങ്കിലും അമ്മ തിരിച്ചുവരും എന്ന പ്രതീക്ഷയും അസ്തമിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഒരാള്‍ക്ക് മാത്രം പാചകം ചെയ്യുക എന്ന മടുപ്പുകാരണമാണ് ഭക്ഷണം കാന്റീനില്‍ നിന്നാക്കിയത്..വൈകുന്നേരം കഞ്ഞി.. ചിലപ്പോള്‍ പഴങ്ങള്‍ .. പതുക്കെ പതുക്കെ രാവിലത്തെ വെറുംകാപ്പിക്കു വേണ്ടി മാത്രം അടുക്കളയില്‍ തീയെരിയാന്‍ തുടങ്ങി.. അവധി ദിനങ്ങളില്‍ എന്തെങ്കിലും ഉണ്ടാക്കാനോ പുറത്തു പോയി കഴിക്കാനോ മടിച്ച് പട്ടിണി കിടക്കാന്‍ തുടങ്ങിയതും അങ്ങിനെയാണ്.. പക്ഷെ, ഇന്നുമാത്രം വിശപ്പ് തന്നെ കീഴക്കിയതെന്തെന്ന് ഓര്‍ത്തതിനൊപ്പം അവള്‍ ചപ്പാത്തി ഉണ്ടാക്കുകയും കഴിക്കുകയും ചെയ്തുകൊണ്ടിരുന്നു..
അധികം ഭക്ഷണം കഴിച്ചതു കൊണ്ട് നേരത്തെ ഉറങ്ങാന്‍ കിടന്നെങ്കിലും ഏറെ കഴിയും മുമ്പ് തന്നെ അവള്‍ ഉണര്‍ന്നു ..വിശപ്പ് വീണ്ടും അവളെ ആക്രമിക്കാന്‍ തുടങ്ങിയിരുന്നു .. ഫ്രിഡ്ജിലിരുന്ന ബ്രെഡും ജാമും നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ തീര്‍ത്തു.. പിന്നെ വാടിയതും അല്പം കേടുവന്നതുമായ പഴങ്ങള്‍ പോലും നല്ല സ്വാദുള്ളതായി അവള്‍ക്കു തോന്നി..
പക്ഷെ വിശപ്പ് കാരണം അവള്‍ക്ക് വീണ്ടും ഉറങ്ങാനാവുന്നുണ്ടായിരുന്നില്ല.. അടുക്കളയില്‍ കേറി ഒരു വട്ടം കൂടി പാത്രങ്ങള്‍ തുറന്നു നോക്കി... ഒന്നും ബാക്കിയില്ലെന്ന അറിവില്‍ നഖം കടിച്ച് തുപ്പാന്‍ നോക്കി.. പിന്നെ ആ നഖച്ചീളിനെ കടിച്ചിറക്കി... അടുത്ത വിരലില്‍ നിന്നും അടുത്തതിലേക്ക്.. പിന്നെ അടുത്തതിലേക്ക്.. ഇടക്കെപ്പൊഴോ ചോരയുടെ പുളിപ്പും ഉപ്പും അവളുടെ നാവിലെ രസമുകുളങ്ങളെ ഉണര്‍ത്താന്‍ തുടങ്ങിയിരുന്നു..