Monday, April 30, 2007

പേയിംഗ്‌ ഗസ്റ്റ്‌

പേയിംഗ്‌ ഗസ്റ്റ്‌

രണ്ടാം ശനിയുടെ സായാഹ്നങ്ങള്‍ക്ക്‌ ഒരുപാട്‌ പ്രത്യേകതകള്‍ ഉണ്ട്‌. അന്ന് ബാങ്കില്‍ നിന്ന് വീട്ടിലേക്കെത്താന്‍ ദൂരമൊത്തിരി കൂടുതലാണ്. അശ്വതി
എന്ന അച്ചുവിന് വേണ്ടി നാടന്‍ അരിമുറുക്ക്‌ വാങ്ങണം. അര്‍ജ്ജുന്‍ എന്ന കണ്ണന് സമ്പാദ്യപെട്ടിയായ കൊച്ചു മണ്‍കുടുക്ക. ശ്രീദേവിചേച്ചിക്ക്‌ ഒരല്‍പ്പം പുഴമീന്‍. പിന്നെ മാസത്തില്‍ ഒരിക്കലുള്ള അവരുടെ വരവില്‍
അവര്‍ക്ക്‌ നല്‍കാന്‍ കൊച്ചു കൊച്ചു സമ്മാനങ്ങള്‍, അത്‌ കുറച്ച്‌ കുപ്പിവളയോ ഒരു പമ്പരമോ ആവാം. ഓര്‍ത്തിരിക്കാന്‍ ഒരല്‍പ്പം സന്തോഷം.

അച്ചുവും കണ്ണനും ശ്രീദേവിചേച്ചിയുടെ മക്കളാണ്. ശ്രീദേവിചേച്ചി മീനാക്ഷി അമ്മയുടെ മകള്‍‍; മീനാക്ഷി അമ്മ ........ഇതൊരു കുടുംബപുരാണമാണോന്ന് പേടിക്കേണ്ട. ഒരാള്‍ കൂടിയുണ്ട്‌. മാധവന്‍ ചേട്ടന്‍; പതിമൂന്നാം വയസ്സില്‍ മീനാക്ഷിയമ്മയെ താലികെട്ടി കൂടെകൂട്ടിയ ആള്‍. പിന്നെയുള്ള ആളെ ഞാന്‍ കണ്ടിട്ടില്ല. ഉണ്ണ്യേട്ടന്‍ .... ശ്രീദേവി ചേച്ചിയുടെ ഭര്‍ത്താവ്‌. ദൂരെ എവിടെയോ ജോലിചെയ്യുന്നു.

ഇതൊക്കെ പറയാന്‍ ഈ ഞാന്‍ ആരാണെന്ന് ചോദിക്കും മുമ്പെ അങ്ങോട്ട്‌ പറയാം. വീടെന്നത്‌ കഥകളില്‍ മാത്രമെ ഞാന്‍ കേട്ടിട്ടുള്ളു. കാണുന്നത്‌ ഇവിടെ വന്നിട്ടാണ്. സെന്റ്‌ മേരീസ്‌ ഓര്‍ഫനേജിലെ അമ്പത്‌ കിടക്കകളില്‍ ഒന്ന് എന്റെ സ്വന്തമാണ്.. വഴിയരികില്‍ നിന്ന് കിട്ടിയ കുട്ടിക്ക്‌ മഠത്തിലെ അമ്മമാര്‍ നല്‍കിയ ദാനം. മുകള്‍ നിലയില്‍ ചുമരോട് ചേര്‍ത്തിട്ട കട്ടിലുകള്‍. കട്ടിലിനു താഴെ ഒരു ഇരുമ്പുപെട്ടി. അതിലെ കൊച്ചു സൂക്ഷിപ്പുകള്‍. താഴത്തെ നിലയില്‍ പഠനമുറിയും ഭക്ഷണമുറിയും പ്രാര്‍ത്ഥനാമുറിയും എല്ലാമായ ഹാള്‍. മണിമുഴക്കത്തില്‍ ഉണരുകയും ഉറങ്ങുകയും മാത്രമല്ല ഭക്ഷണം കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നത്‌ ഇവിടത്തെ ചിട്ട. ആരുടെയൊക്കെയോ കനിവില്‍ പഠിച്ച്‌ വളര്‍ന്നപ്പോള്‍ ആദ്യമായി കിട്ടിയ ജോലി. ലോകം കാണാത്ത പെങ്കൊച്ചിനെ ദൂരെ നാട്ടില്‍ നിര്‍ത്താന്‍
മഠത്തിലെ അമ്മമാര്‍ തന്നെയാണ് ഈ താവളം കണ്ടെത്തിയത്‌. അച്ഛനും അമ്മയും മാത്രം. ദൂരെ നഗരത്തില്‍ ജോലിചെയ്യുന്ന മകളും കുട്ടികളും വരുമ്പോള്‍ മാത്രം ഉണരുന്ന വീട്‌. അടഞ്ഞുകിടക്കുന്ന മുറികളില്‍ ഒന്നില്‍ ഞാന്‍ അന്തേവാസിനിയായി. അങ്ങിനെ ഞാന്‍ ആദ്യമായി ഒരു വീടിന്റെ അകത്തളത്തില്‍ എത്തി.ആ അച്ഛനും അമ്മയും ഞാന്‍ കാണാത്ത അച്ഛനും അമ്മയുമായി. വിളിയില്‍ അമ്മാവനും അമ്മായിയുമായി.

ഇവിടെ എത്തിയ ആദ്യനാളുകളില്‍ അവരറിയാതെ അവരെ നോക്കിയിരിക്കുകയായിരുന്നു എന്റെ ഹോബി. ബാങ്കില്‍ നിന്നും വന്ന് കാപ്പിയുമായി പത്രം വായിക്കുമ്പോള്‍ ഞാന്‍ ഒളിഞ്ഞുനോക്കും. ഒതുക്കുകല്ലില്‍ ഇരുന്ന് അമ്മാവന്റെ കാലില്‍ കുഴമ്പിട്ട്‌ കൊടുക്കുന്ന അമ്മായി. മാനത്തെ മേഘങ്ങളില്‍ നോക്കി കാലാവസ്ഥാപ്രവചനം നടത്തുന്ന അമ്മാവനും.

വീടിന്റെ ചിട്ടവട്ടങ്ങള്‍ പഠിച്ച്‌, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ്‌, ഞാന്‍ ആ വീട്ടിലെ ഒരംഗമാണെന്ന് തോന്നാന്‍ തുടങ്ങിയിരുന്നു. ഒരുനാള്‍ രാവിലെ ഉണരാന്‍ വൈകിയ അവരെ കട്ടന്‍കാപ്പിയുമായി വിളിച്ചുണര്‍ത്തിയപ്പോള്‍, അമ്മായി എന്നെ കെട്ടിപിടിച്ചൊരു ഉമ്മ തന്നു. അവരെന്നെ "മോളേ" എന്ന് നീട്ടിവിളിച്ചു. പിന്നീട്‌ പതുക്കെ പതുക്കെ കഥകളിലെ വീടിന് യാഥാര്‍ത്ഥ്യത്തിന്റെ മുഖമുണ്ടായി. പനിപിടിച്ച്‌ പിച്ചും പേയും പറഞ്ഞപ്പോള്‍ രാത്രിയില്‍ കൂട്ടിരുന്ന് അമ്മായി മരുന്നു തന്നു. പൊടിയരികഞ്ഞിയും ചുട്ടപപ്പടവുമായി എന്നെ ശുശ്രൂഷിച്ചു. നോക്കിയിരിക്കവെ ഞാന്‍ കാണാത്ത അമ്മയുടെ മുഖം അമ്മായിയുടേതായി. ബാങ്കില്‍ നിന്ന് വരുമ്പോള്‍ കാപ്പിയും കഴിക്കാനുമായി കാത്തിരിക്കുന്ന അമ്മ. ശമ്പള ദിവസം അവര്‍ക്കായി
ഇഷ്ടപ്പെട്ടത് എന്തെങ്കിലും വാങ്ങിക്കും. കുഞ്ഞുനാളിലെ സ്വപ്നങ്ങള്‍ക്ക്‌ വൈകിക്കിട്ടിയ ഭാഗ്യമായി.

കൂടപ്പിറപ്പിന്റെ വിലയറിഞ്ഞത്‌ ഞാന്‍ വന്നതിനുശേഷമുള്ള ആദ്യത്തെ രണ്ടാം ശനിയിലായിരുന്നു. അന്ന് ചേച്ചി വരും എന്ന് അറിയാമായിരുന്നതിനാല്‍ അല്‍പ്പം ഭയത്തോടെയായിരുന്നു വീട്ടിലെത്തിയത്‌. മുറ്റത്തെത്തിയപ്പോഴെ ചേച്ചിയെന്ന് വിളിച്ച്‌
അച്ചുവും കണ്ണനും ഓടിവന്നു. അവര്‍ക്കായ്‌ കൊണ്ടുവന്ന ചോക്ലേറ്റുകള്‍ വാങ്ങി അവരെന്നെ ചിറ്റയെന്ന് വിളിച്ചപ്പോള്‍ കണ്‍നിറഞ്ഞത്‌ എന്തിനായിരിക്കാം. അകത്തുനിന്നു ഉമ്മറത്തേക്കെത്തിയ ശ്രീദേവി ചേച്ചിയുടെ ചിരിക്കൊപ്പം വന്ന ചോദ്യം.

"അമ്മയുടെ പുതിയ മകളെന്താ അതിഥിയെ പോലെ നില്‍ക്കുന്നത്?"

പ്രതികരിക്കേണ്ടതെങ്ങിനെയെന്ന സംശയത്തിനുമുമ്പെ, കൈത്തണ്ടയില്‍ ഒരു സ്നേഹത്തിന്റെ വിരല്‍ സ്പര്‍ശം. ആപ്പോഴാണ് അമ്മായി എന്നെ കുറിച്ച്‌ എന്തുമാത്രം ചേച്ചിയോട്‌ പറഞ്ഞിട്ടുണ്ടെന്ന് ഞാനറിഞ്ഞത്‌.

അത്താഴത്തിന് എല്ലാവരും കൂടി ഉണ്ണാനിരുന്നപ്പോഴത്തെ
സന്തോഷം. മുത്തശ്ശനും മുത്തശ്ശിയുമായി അമ്മാവനും അമ്മായിയും മാറുന്ന കാഴ്ച; ചേച്ചി ഒരമ്മയായി ഒരേ സമയം മക്കളെ ശാസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രംഗം. അവിടെ താനൊരു അധികപറ്റെന്ന ചിന്തയില്‍ പതിയെ മുറിയിലേക്ക്‌ വലിഞ്ഞു. മക്കളെ ഉറക്കി ചേച്ചി വന്നപ്പോള്‍ ഞാന്‍ എന്റെ കൊച്ചുസ്വപ്നങ്ങള്‍ക്ക്‌ നിറം കൊടുക്കുകയായിരുന്നു. ഉറക്കം വരും വരെ എന്റെ കൂടെയിരുന്ന് വര്‍ത്തമാനം പറഞ്ഞു. അതെന്റെ സ്വന്തം ചേച്ചിതന്നെയെന്ന് വെറുതെ ഒരു വിശ്വാസം എവിടെയോ ബാക്കിയാവുന്നു.

ഞായറാഴ്ചകള്‍ക്ക്‌ നീളം കുറവാണെന്ന് ആദ്യമായി തോന്നിയതും അന്നായിരുന്നു. കുട്ടികളുടെ കളിചിരികളില്‍ ഞാനും ഒരു കുട്ടിയായി. ചേച്ചിയുടെ നഗരജീവിതത്തിന്റെ കേള്‍വിക്കാരിയായപ്പോള്‍ ഞാന്‍ അനിയത്തിയായി. ചേച്ചിക്കും മക്കള്‍ക്കും ഇഷ്ടമുള്ള ഭക്ഷണമൊരുക്കാന്‍ അമ്മായിക്ക്‌ കൂട്ടായപ്പോള്‍ ഞാനൊരു വീട്ടമ്മയായി.രാത്രി ഉറങ്ങാന്‍ കിടക്കുമ്പോളാകെ സങ്കടം വന്നു. രാവിലെ ഇവരെല്ലാം പോവും. വീണ്ടും ഒരു മാസം ഞങ്ങള്‍ മൂന്നുപേരും മാത്രം.

ആ തിങ്കളാഴ്ച്ച ബാങ്കില്‍നിന്നു വരുമ്പോള്‍ അമ്മാവനും അമ്മായിയും കിടപ്പായിരുന്നു. ഉച്ചക്കുവെച്ച ചോറ് അതുപോലെ തണുത്തിരിക്കുന്നു. എന്നാലും ഞാന്‍ കാലും മുഖവും കഴുകിവരുമ്പോഴേക്കും അമ്മായി കാപ്പിയുണ്ടാക്കി. അന്ന് ഞങ്ങള്‍ മൂന്നുപേരും കൂടിയാ കാപ്പി കുടിച്ചത്.

മാസത്തിലൊരിക്കല്‍ ഞാന്‍ മഠത്തിലെ അമ്മമാരെ കാണാന്‍ പോവും. അപ്പോള്‍ അമ്മായി അവര്‍ക്ക്‌ കൊടുക്കാന്‍ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി തരും. ആ വീടിനെ കുറിച്ചുപറയുമ്പോള്‍ എനിക്ക്‌ നൂറു നാവാണെന്ന് അമ്മമാര്‍ കളിയാക്കും. ഞാനെന്റെ പഴയ കട്ടിലില്‍ കിടക്കുമ്പോള്‍ പഴയതെന്തോ തിരിച്ചുകിട്ടിയ സന്തോഷം. ഒപ്പം ഏതാണ് യാഥാര്‍ത്ഥ്യമെന്ന അങ്കലാപ്പ്‌.


നടന്ന് നടന്ന് കണ്ടതെല്ലാം വാങ്ങിക്കൂട്ടിയപ്പോള്‍ കയ്യിലെ
ബിഗ്`ഷോപ്പറിന്‍ നല്ല ഭാരം. നേരം ഇരുട്ടാന്‍ തുടങ്ങിയിരിക്കുന്നു. വീടിനുമുന്നില്‍ ഓട്ടോ നിര്‍ത്തുമ്പോള്‍ എല്ലാവരും ഉമ്മറത്ത്‌ കാത്തുനില്‍ക്കുന്നു."എന്താ ഇത്‌.. നേരം ഇരുട്ടിയത്‌ കണ്ടില്ലെ?" അമ്മായിയുടെ ശാസന നിറഞ്ഞ പരിഭവം.

"അമ്മായീ .. അത്‌ .. ഞാന്‍ ഇതൊക്കെ വാങ്ങി നടന്നപ്പോള്‍"

"സാരമില്ല ഞങ്ങള്‍ ആകെ പേടിച്ചു .. കുട്ടികളാണേല്‍ മോളെ കാണാതെ ബഹളം വെക്കാരുന്നു" ചേച്ചിയുടെ ആശ്വസിപ്പിക്കല്‍.

ചേച്ചി തന്നെയാണ് ഓരോന്നോരോന്നായ്‌ സാധനങ്ങള്‍ പുറത്തെടുത്ത്‌ വെച്ചത്‌. ഓരോന്നും ആര്‍ക്കൊക്കെയാണെന്ന് ചേച്ചിക്കറിയാം.

രാത്രിയൂണിനു ശേഷം ഞങ്ങളുടെ സ്വകാര്യ സംഭാഷണത്തിലാണ് ചേച്ചി പറഞ്ഞത്‌.

"മോള്‍ക്ക്‌ തിങ്കളാഴ്ച സ്കൂളില്‍ ക്ലാസ്സ്‌ തുടങ്ങും. ഇനി ഇതുപോലെ വരാന്‍ പറ്റുമോന്നാ സംശയം. അച്ഛന്റെയും അമ്മയുടെയും കാര്യം ഓര്‍ക്കുമ്പോഴാ. ഉണ്യേട്ടന്‍ പറഞ്ഞു രണ്ടുപേരേയും അങ്ങോട്ട്‌ കൊണ്ടുപോവാന്‍ "

ഞാന്‍ ഞെട്ടിയത്‌ ചേച്ചി അറിഞ്ഞെന്നു തോന്നുന്നു.

"ഇല്ല .. അവര്‍ വരില്ല, ഈ വീടും തൊടിയും വിട്ട്‌ അവരെങ്ങും പോവില്ല. രണ്ടാള്‍ക്കും വയസ്സായി വരല്ലെ..ഞാനെന്താ ചെയ്യാ..മോള്‍ ഇവിടെ ഉള്ളതാ ഇപ്പൊരു മനസ്സമാധാനം"

അന്ന് കിടന്നിട്ട്‌ ഉറക്കം വനില്ല. ഞായറാഴ്ച പതിവു പോലെ കുട്ടികളുടെ ബഹളവും ചിരിയുമെല്ലാമായി കടന്നു പോയി. തിങ്കളാഴ്ച പ്രഭാതത്തില്‍ യാത്രയയപ്പിന്റെ ആവര്‍ത്തനം. നിലക്കാന്‍ പോവുന്ന ഈ വരവുകളെ കുറിച്ചോര്‍ത്താവാം അമ്മാവനും അമ്മായിയും വീണ്ടും പോയി കിടന്നത്‌. ബാങ്കില്‍ പോവാന്‍ ഞാന്‍ ഒരുങ്ങിവന്നിട്ടും രണ്ടുപേരും ആ
കിടപ്പുതന്നെ. അമ്മായിയാണ് ഉച്ചക്കു കഴിക്കാനുള്ള ചോറു പാത്രത്തിലാക്കി തരുന്നത്‌. ഓരോ കറിയും ഓരോ
കുഞ്ഞുപാത്രങ്ങളില്‍. ഒരു കുപ്പിയില്‍ നിറയെ തിളപ്പിച്ചാറിയ വെള്ളം. ഇന്ന് ഒന്നും എടുത്തിട്ടില്ല. സ്വയം എടുക്കാന്‍ ഒരു മടി. കൊണ്ടോവാതിരുന്നാല്‍ അമ്മായിക്ക്‌ സങ്കടാവും.

നേരം വൈകുന്നു. ഞാന്‍ അമ്മായിയുടെ അടുത്തു ചെന്നു.

"പോവായോ..?"

"ഉം"

"ചാരിയിരുന്ന് കയ്യില്‍ മുറുകെ പിടിച്ച്‌ അമ്മായി പറഞ്ഞു"

"മോളിന്ന് പോണ്ടാ.. ആകെ ഒരു വിഷമം"

തിങ്കളാഴ്ചകളിലെ ലീവിനെ ആരും നല്ല മനസ്സോടെ എടുക്കില്ല. എന്നിട്ടും ഇല്ലാത്ത അസുഖത്തിന്റെ പെരില്‍ കള്ളം പറഞ്ഞപ്പോള്‍, ഒരിക്കലും കള്ളം പറയരുതെന്ന് പഠിപ്പിച്ച അമ്മമാരെ ഞാന്‍ ഓര്‍ത്തില്ല..

അമ്മായിയുടെ കിടക്കയില്‍ ആ മടിയില്‍ തലവെച്ചു കിടന്നപ്പോള്‍ വെറുതെ ഇതെന്റെ അമ്മ തന്നെയല്ലെ


ആരോ കോളിംഗ്‌ ബെല്‍ അടിക്കുന്നു. ഞാനാണ് വാതില്‍ തുറന്നത്‌. പരിചയമില്ലാത്ത ഒരു പെണ്‍മുഖം. അമ്മായി ഉമ്മറത്തേക്ക്‌ വന്നപ്പോള്‍ ഞാന്‍ പതിയെ അകത്തേക്ക്‌ വലിഞ്ഞു.

ആപ്പോള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു..

"ആരാ ഈ കുട്ടി ..?"

"അത്‌ ഞങ്ങടെ മോളാ.." അമ്മായിയുടെ ഉത്തരവും ചിരിയും കേട്ട ഞാന്‍ തിരിഞ്ഞുനോക്കിയെങ്കിലും ഒന്നും കണ്ടില്ല.

29 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ആരുമില്ലാത്തവര്‍ക്കും ആരെങ്കിലും ഒക്കെ കാണുമല്ലെ...

ബീരാന്‍ കുട്ടി said...

ഇട്ടിമാളൂ, കലക്കി, കല കലക്കി. ബാക്കികൂടി പോരട്ടെ കുട്ട്യെ.

സു | Su said...

ആരുമില്ലാത്തവര്‍ക്ക് ദൈവം ഉണ്ടാകും. അമ്മാവന്റേയും അമ്മായിയുടേയും, ചേച്ചിയുടേയും, മക്കളുടേയും, മകളെപ്പോലെയാവാന്‍ ഭാഗ്യം ലഭിച്ച അനാഥയുടേയും കഥ നന്നായി.

അപ്പു ആദ്യാക്ഷരി said...

"ഇല്ല .. അവര്‍ വരില്ല, ഈ വീടും തൊടിയും വിട്ട്‌ അവരെങ്ങും
പോവില്ല. രണ്ടാള്‍ക്കും വയസ്സായി വരല്ലെ..ഞാനെന്താ ചെയ്യാ..മോള്‍
ഇവിടെ ഉള്ളതാ ഇപ്പൊരു മനസ്സമാധാനം..."

എനിക്കും സമാധാനമായി മാളൂ... ഈയിടെ ബ്ലോഗില്‍ വായിച്ചതിലേക്കും ഇഷ്ടമായ കഥ. നന്നായി.

salil | drishyan said...

എല്ലാവരും ആരോരുമില്ലാതെയാണ് ജനിക്കുന്നത്, അതില്‍ ചിലര്‍ ആരോരുമില്ലാതെ മരിക്കുകയും ചെയ്യുന്നു. പക്ഷെ ജനനത്തിനും മരണതിനുമിടയില്‍ ആരെല്ലാമോ വരുന്നു, പോകുന്നു. അങ്ങനെയെങ്കില്‍ എല്ലാവര്‍ക്കും ആരെല്ലാമോ ഉണ്ട്-ഉണ്ടാകും. അതുറപ്പ്.

സിമ്പിള്‍ കഥ. പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ശൂന്യത -ഒന്നുമില്ലായ്മ- അനുഭവപ്പെട്ടു. expectationsന്‍‌റ്റെ പ്രശ്നമാകും അല്ലേ?

"അമ്മായിയുടെ ഉത്തരവും ചിരിയും കേട്ട ഞാന്‍
തിരിഞ്ഞുനോക്കിയെങ്കിലും ഒന്നും കണ്ടില്ല."- കണ്ണുകളില്‍ നിറഞ്ഞു തുളുമ്പിയ കണ്ണീര്‍ കൊണ്ടാണ് ഒന്നും കാണാഞ്ഞതെന്നു കരുതുന്നു.

സസ്നേഹം
ദൃശ്യന്‍

ഏറനാടന്‍ said...

തീര്‍ച്ചയായും കാണും ഇട്ടിമാളൂ.. പേയിംഗ്‌ ഗസ്‌റ്റിനും പെയിന്‍ ഇല്ലാതാക്കാന്‍ വല്ലോരും പറന്നെത്തും. എപ്പ എത്തീന്ന്‌ ചോയിച്ചാമതി.

Pramod.KM said...

"ആരുമില്ലാത്തവര്‍ക്കും ആരെങ്കിലും ഒക്കെ കാണുമല്ലെ..."കാണും കാണും.അപ്പോള്‍ അരുമില്ലാത്തവരായി ആരുമില്ല അല്ലെ?;)

കണ്ണൂരാന്‍ - KANNURAN said...

വായിക്കാന്‍ സുഖമുള്ള എഴുത്തു.. ഇനി എത്ര കാലമുണ്ടാകും ഈ അച്ഛനും അമ്മയും അവള്‍ക്ക് എന്ന ആകുലതായാണെനിക്ക്... നന്നായിട്ടുണ്ട് കഥ..

Rasheed Chalil said...

ഇട്ടിമാളൂ... നല്‍കുന്നവരും ലഭിക്കുന്നവരും ആസ്വദിക്കുന്നത് സ്നേഹം തന്നെ. അതിന്റെ വലയത്തിനകത്തെ ആശ്വാ‍സമാണ് ഈ പോസ്റ്റ് നിറയേ.
ഒത്തിരി ഇഷ്ടമായി.

ശാലിനി said...

കഥ ഇഷ്ടപ്പെട്ടു. ആ അനാഥകുട്ടിയായാലോ എന്നാഗ്രഹിച്ചുപോകുന്നു.

Peelikkutty!!!!! said...

ഇട്ടിമാളൂട്ടീ, കൊറെ ദെവസായല്ലൊ കണ്ടിട്ട്..കാണാന്‍‌ വന്നപ്പൊ ഈ സ്നേഹക്കഥ..താങ്ക്സ്:)

വേണു venu said...

നല്ല കഥ, അനുഭവിപ്പിച്ചിരിക്കുന്നു.
അമ്മായിയുടെ ഉത്തരവും ചിരിയും കേട്ട ഞാന്‍ തിരിഞ്ഞുനോക്കിയെങ്കിലും ഒന്നും കണ്ടില്ല.
കണ്ണുനീരിനാല്‍ ഞാനും...
ഇട്ടിമാളൂ നന്നായി. :)

ഗുപ്തന്‍ said...

തകര്‍ത്തല്ലോ മാളുവേ... മുകളില്‍ കിടക്കുന്ന അഭിപ്രായങ്ങളൊക്കെ ഒന്നു നോക്കിക്കേ.. ബ്ലോഗിലെ ഏറ്റവും നല്ല കഥ എന്നു വരെയൊണ്ട്..

ഇനീപ്പം ഞാനായിട്ടെന്താ പറയ്യ..

വായനയൊക്കെ കഴിഞ്ഞിട്ട് കണ്ണൂം തുടച്ചിട്ട് ഒന്നു സ്വസ്ഥമാകുംപ്പോഴേ ഒരു അഭിപ്രായം വരൂ.. എങ്കിലും ഒരുകാര്യം ഇപ്പോഴേ പറയാം.. ഇതു താന്‍ ഏറ്റവും മര്യാദക്ക് പറഞ്ഞകഥയാണ്. ലളിതമായ കഥാതന്തു ..അതിനൊത്ത വിവരണം.

ഉണ്ണിക്കുട്ടന്‍ said...

വളരെ നന്നായിരിക്കുന്നു മാളൂ. വായിച്ചു തീരും വരെ ഞാനും ആ വീട്ടില്‍ ആയിരുന്നു. നല്ല ഒഴുക്കുള്ള എഴുത്ത്. ഇനിയും എഴുതുക.

Sathees Makkoth | Asha Revamma said...

ഇട്ടിമാളൂ,
ശരിക്കും ഇഷ്ടപ്പെട്ടു.കഥ തീര്‍ന്നുവെന്ന് തോന്നുന്നില്ല. ഇനിയും പോരട്ടെ ഓരോന്നായി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
കുറേക്കാലം മുന്‍പ് പേയിംഗ് ഗസ്റ്റ് എന്ന വാക്ക് കേട്ട് അര്‍ത്ഥം ചോദിച്ച് മനസ്സിലാക്കിയപ്പോള്‍ ഇതേപോലെ ഒരു ചിത്രം തന്നെയാ മനസ്സിലുണ്ടായിരുന്നത്. വീട്ടുകാരിലൊരാളാ‍യി സ്നേഹം കൊടുത്തും വാങ്ങിയും ജീവിക്കുന്ന ഒരു ചിത്രം.

കഴിഞ്ഞ വര്‍ഷം ഒരു സുഹൃത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടില് പോയി. അവന്‍ മാത്രമല്ല വേറേം 5 പേരുണ്ടായിരുന്നു(2മുറികളിലായി). നാട്ടിലു പന്നി വളര്‍ത്തുന്നവരു ഇതിലു കൂടുതല്‍ സൌകര്യങ്ങള്‍ കൊടുക്കുമായിരുന്നു എന്ന് തോന്നി.

മയൂര said...

തീര്‍ച്ചയായും...ആരും അനാഥരല്ല...
കഥ‌ ഇഷ്‌ടായി...

ഇട്ടിമാളു അഗ്നിമിത്ര said...

ബീരാന്‍ കുട്ട്യെ.. സ്വാഗതം .. ഞമ്മളും അടുത്ത നാട്ടുകാരി തന്നെട്ടാ‍ാ...കണ്ടതില്‍ സന്തോഷം ണ്ട്..

സു .. ഇഷ്ടായല്ലൊ അതുമതി..:)

അപ്പു.. എനിക്കും സമാധാനമായി .. ഈ നേറ്‌ചിന്ത പോയപോലെ തിരിച്ചുവരുമോന്ന് പേടിയുണ്ടായിരുന്നു..

ദൃശ്യാ .. ആ ശൂന്യത തന്നെ നല്ല ലക്ഷണാ .. ;)

ഏറനാടാ.. പറന്നെത്തട്ടെ...

പ്രമോദെ .. അതു കോള്ളാലോ..

കണ്ണൂരാനെ .. ആ ആകുലത എനിക്കുമുണ്ട്..

ഇത്തിരീ .. ആ വലയം എനിക്കും പ്രിയപ്പെട്ടതാ...

ശാലിനീ.. വേണ്ടാ വേണ്ടാ.. ദേ നമ്മുടെ നിമിഷ ഈ വക എന്തൊക്കെയോ പറയുന്നത് കേട്ടിരുന്നു ..

പീലീ.. ഇതു ഞാന്‍ അങ്ങോട്ടല്ലെ പറയണ്ടെ.. എവിടാരുന്നു?

വേണു മാഷെ .. ആ കണ്ണു തുടക്കെന്നെ ..

മനു .. “ഇതു താന്‍ ഏറ്റവും മര്യാദക്ക് പറഞ്ഞകഥയാണ്“ .. ഇതിന്റര്‍ത്ഥം ബാക്കിയൊന്നു മര്യാദക്കല്ല പറഞ്ഞിരിക്കുന്നതെന്നാണോ..? ഓ ..ഏറ്റവും മര്യാദയ്ക് .. അല്ലെ?

ഉണ്ണിക്കുട്ടാ .. ഇനിയും ഈ വഴി വരിക

സതീശ് .. എന്തെ തീര്‍ന്നില്ലെന്ന് തോന്നിയെ ..?..എന്നിട്ട് അവളങ്ങിനെ ഒരുപാട് കാലം ..

കുട്ടിച്ചാത്താ.. മിക്കവാറും പേയിംഗ് അക്കൊമൊഡേഷന്‍ എല്ലാം പന്നിക്കൂട് തന്നെയാ ..

മയൂരാ.. ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം ..

ചേച്ചിയമ്മ said...

മാളൂ..കഥ ഇഷ്ടപ്പെട്ടു.

പത്ത്-പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ്,ഞാന്‍ ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി നിന്നിരുന്നു.ഈ കഥ വായിച്ചപ്പോള്‍ അവിടത്തെ ചേച്ചിയേയും ചേട്ടനേയും ഓര്‍ത്തുപോയി.അവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.പുറത്തുപോയിട്ട് എത്താന്‍ വൈകിയാല്‍ ചേച്ചിയും ഇതേപോലെ വരാന്തയില്‍ കാത്തുനില്ക്കുമായിരുന്നു.ഒരുപാട് സ്നേഹമുള്ളവര്‍.
കഥ വായിച്ചു കഴിഞ്ഞപ്പോള്‍ അവരെ കാണണമെന്ന് വല്ലാത്തൊരാഗ്രഹം.ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ കാണാന്‍ പോകണം..

സുല്‍ |Sul said...

ഇട്ടികുട്ടീ :)
കഥ ഇഷ്ടമായി. ഒന്നുകൂടി നന്നായി ആലോചിച്ചാല്‍ ഇവിടെ ആരാ പേയിംഗ് ഗസ്റ്റ് അല്ലാത്തത് ?
-സുല്‍

നിമിഷ::Nimisha said...

ആരാ ഇവിടിപ്പൊ എന്നെ തിരക്ക്യേ :)മാളൂട്ടി കഥ കൊള്ളാട്ടൊ.

ഇട്ടിമാളു അഗ്നിമിത്ര said...

ചേച്ചിയമ്മെ.. ഇങ്ങനെ ഒരു ഓര്‍‌മ്മപൊടിതട്ടിയെടുക്കാന്‍ എന്റെ കഥക്കായല്ലോ..!!

സുല്ലെ.. തത്വചിന്തയാണല്ലോ... ?

നിമിഷാ... ഞാന്‍ തന്നെയാ അന്വേഷിച്ചെ.. ഈ നിമിഷം വരെ നിമിഷയെ കണ്ടില്ലല്ലോ .. എന്ന്.

ചീര I Cheera said...

ഇട്ടിമാളൂ..കുറച്ചു വൈകിപ്പോയീ കാണാന്‍..
സ്നേഹം “ഓരോ നിമിഷത്തിലും” അനുഭവിച്ചറിയുന്ന ആ കുട്ടിയുടെ വിചാരങള്‍ നന്നായി എഴുതിയിരുയ്ക്കുന്നൂ..

ഇട്ടിമാളു അഗ്നിമിത്ര said...

പി ആര്‍ .. വൈകിയാണെങ്കിലും കണ്ടല്ലോ?

അനു said...

എങ്ങനെയാണ്‍ ഇത്ര മനോഹരമായി എഴുതാന്‍ കഴിയുക....
സത്യം പറഞ്ഞാല്‍ ശരിക്കും അസൂയ തോന്നുന്നു...
ഇതു ശരിക്കും കഥ തന്നെയാണോ..?
...ജനിക്കുമ്പോള്‍ ഒറ്റക്കാകുന്നതും.. പിന്നീട് ഒറ്റക്കാകുന്നതും തികച്ചും വ്യത്യസ്തമാണല്ലേ......
എന്തു രസമാണെന്നൊ ഈ കഥ വായിക്കന്‍...
എത്ര അഭിനന്ദിച്ചാലും കൂടുതലാവില്ല..
...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.....
ഇതിനൊരു തുടര്‍ച്ച ഉണ്ടെങ്കില്‍ എഴുതിക്കഴിഞ്ഞു അറിയിക്കണേ ഇട്ടിമാളൂ...

ഇട്ടിമാളു അഗ്നിമിത്ര said...

അനു .. നന്ദിയുണ്ട്

ആഷ | Asha said...

ഇട്ടീസ്,
ഒത്തിരിയൊത്തിരി ഇഷ്ടമായൊരു കഥ

ഇട്ടിമാളു അഗ്നിമിത്ര said...

ആഷാ... ഇഷ്ടമായെന്നതില്‍ സന്തോഷം ...

സുധി അറയ്ക്കൽ said...

ഇട്ടിമാളുവിന്റെ എല്ല പോസ്റ്റും തുടക്കം മുതൽ വായിക്കുകയാണു.
ഇതിനൊരു കമന്റിട്ടില്ലെങ്കിൽ ശരിയാകില്ല.
ഒരു വാചകത്തിൽ പറഞ്ഞാൽ ഒരു നോവൽ പോലെ നീണ്ടുപോയിരുന്നെങ്കിൽ എന്നു തോന്നിപ്പോയി.