Tuesday, June 19, 2007

ആശംസകള്‍

പാര്‍‌ട്ടിക്കുള്ള ക്ഷണം കിട്ടുമ്പോള്‍ അതൊരു അവധി ദിനമാണെന്നതിന്റെ സന്തോഷത്തില്‍ ആയിരുന്നു ഞാന്‍ ..അവരുടെ കല്ല്യാണം കെങ്കേമമായി നടന്നപ്പോള്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.. വര്‍‌ഷങ്ങള്‍ നീണ്ട നാടറിഞ്ഞ പ്രണയത്തിനൊടുവിലല്ലെ അത് നടന്നത്.. അതിന്റെ പരിഭവം അവര്‍ പലപ്പൊഴും പറഞ്ഞതുമാണ്.. ഏതായാലും ഇതിലെങ്കിലും പങ്കെടുക്കണമെന്ന നിര്‍ബന്ധത്തിലാണ് ഞാന്‍ അവിടെ എത്തിയത്.

നന്നായി അലങ്കരിച്ച വേദിയില്‍ അവര്‍ ഇരുവരുമുണ്ട്.. പരിചിതരും അപരിചിതരുമായ് നല്ലൊരു ആള്‍ക്കൂട്ടം ഹാളില്‍ നിറഞ്ഞിരിക്കുന്നു. പഴയ കൂട്ടുകാരെ പലരെയും വീണ്ടും കാണാനുള്ള അവസരം കൂടിയായിരുന്നു.. ഞാനെത്തിയത് അല്പം വൈകിയായതിനാല്‍ പലരും തിരിച്ചു പോവാന്‍ തുടങ്ങിയിരുന്നു..വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന്റെ തിരക്കിലായിരുന്നു ബാക്കിയുള്ളവര്‍ .. ചിലര്‍ അവരെ പോയി കണ്ട് ആശംസകള്‍ അറിയിക്കുന്നു..

അപ്പൊഴും ആരോടാണ് കൂടുതല്‍ വിവരങ്ങള്‍ ചോദിക്കേണ്ടതെന്ന സംശയത്തിലായിരുന്നു ഞാന്‍ .. ഇങ്ങനെ ഒരു പാര്‍ട്ടി തന്നെ കൂടുന്നത് ആദ്യമായിട്ടാ.. അല്ലെങ്കിലും ഇപ്പൊ തൊട്ടതിനും പിടിച്ചതിനും ഒക്കെ ആഘോഷങ്ങളല്ലെ? തഞ്ചത്തില്‍ കിട്ടിയ പഴയ കോളേജ്‌മേറ്റ് തന്നെ രക്ഷക്കെത്തി..

"രണ്ട് പേരും രണ്ട് മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ .. കമ്പനിക്കാര്യത്തിന് തന്നെ സമയം തികയുന്നില്ല... തമ്മില്‍ കാണുന്നത് തന്നെ അപൂര്‍‌വ്വം ... നാളെ അവന്‍ യു എസ് നു പറക്കാ... അവിടത്തെ കമ്പനി തലവന്‍ ആയി ...അവളാണെങ്കില്‍ പുതിയ ജോലിയില്‍ കയറിയതെ ഉള്ളു... ഒന്നിനും സമയമില്ല..അതുകൊണ്ടാ പെട്ടന്ന് ഇങ്ങനെ ഒരു ഒത്തു കൂടല് .. കുഞ്ഞുകുട്ടി പരാധീനങ്ങള്‍ ഒന്നും ഇല്ലല്ലൊ..
ഈ ഡിന്നര്‍ തന്നെ ഹോസ്റ്റ് ചെയ്തിരിക്കുന്നത് അവളുടെ കമ്പനിയാ.. അവര്‍‌ക്കും ഒരു പരസ്യമായി .."

പിന്നെയും അവള്‍ പറഞ്ഞു കൊണ്ടിരുന്നു.. വന്ന സ്ഥിതിക്ക് അവരെ മുഖം കാണിക്കാതെ പറ്റില്ലല്ലൊ... നാളെ ഇതിനും വന്നില്ലെന്ന് പരാതി പറഞ്ഞാലോ.. തിരക്കൊന്ന് കുറഞ്ഞെന്ന് തോന്നിയപ്പോള്‍ ഞാനും വേദിയിലെത്തി.. നല്‍കാവുന്നതില്‍ നല്ലൊരു ചിരി രണ്ടുപേറ്‌ക്കും സമ്മാനിച്ചു.. പിന്നെ ഹൃദയം നിറഞ്ഞ ആശംസകള്‍ നല്‍‌കി...


"ഹാപ്പി ഡൈവോഴ്സ്ഡ് ലൈഫ്"

13 comments:

ഇട്ടിമാളു said...

ഞങ്ങള്‍ നടത്തുന്ന വിരുന്നിലേക്ക് നിങ്ങളേ ഹാര്‍‌ദ്ദവമായി ക്ഷണിക്കുന്നു . .. വരുമല്ലൊ അല്ലെ...?

സു | Su said...

അത് നന്നായി. ഇനിയിപ്പോ ഇതാവും സ്റ്റൈല്‍.

ഇത്തിരിവെട്ടം said...

ഉം... വല്ലാതെ വൈകാതെ ഇതൊക്കെ പ്രതീക്ഷിക്കാം.

Haree | ഹരീ said...

ഉം...
അതേ, ഒന്നിച്ചിട്ടും വേര്‍പിരിഞ്ഞവരുടേതു പോലെ ജീവിക്കേണ്ടതിനാലാണോ വിഷസ്?
അതോ
ഒന്നിച്ചുകഴിഞ്ഞ, അധികമാവാതെ തന്നെ ഒന്നിക്കേണ്ടവരല്ലെന്ന് തിരിച്ചറിഞ്ഞ് പിരിയുന്നതിനാണോ വിഷസ്?
--

Haree | ഹരീ said...

ഓഫ്: ഫീഡ് സെറ്റിംഗ്സ് None, എന്നതാണൊ സെലക്ട് ചെയ്തത്? അങ്ങിനെ ചെയ്താല്‍, ഫീഡുകളില്‍ പുതിയ പോസ്റ്റ് വന്നു എന്നുപോലും കാണിക്കില്ല.

Blog Posts Feed : Short

എന്നു സെലക്ട് ചെയ്യുന്നതാവും ഉത്തമം. :)
--
qw_er_ty

ദൃശ്യന്‍ | Drishyan said...

ങ്‌ഹും... ഇത്തരം പാര്‍ട്ടികള്‍ കൂടിയേ ഇനി വേണ്ടൂ! അല്ല ഇനി ഇത്തരത്തിലുള്ളവ നടക്കുന്നില്ലെന്ന് ആരറിഞ്ഞു?

നന്നായിട്ടുണ്ട് മാളൂസേ.

സസ്നേഹം
ദൃശ്യന്‍

ശാലിനി said...

നല്ല പാര്‍ട്ടി. കല്യാണത്തിനു ക്ഷണിച്ചവരെയെല്ലാം ഇതിനും വിളിച്ചുകാണുമല്ലോ. പിരിഞ്ഞത് നന്നായി, ഇനിയും ഇതുപോലെ പല പാര്‍ട്ടികളും നടത്താമല്ലോ, വിളിക്കാന്‍ ഒരാള്‍കൂടി കൂടുതലാകുമെന്നേയുള്ളൂ. ഇനി ഈ കമ്പനികള്‍ ശവസംസ്കാരവുംകൂടി സ്പോണ്‍സര്‍ചെയ്യുവാന്‍ തുടങ്ങുമായിരിക്കുമല്ലേ?

ഇട്ടിമാളു said...

സു... പുതിയതല്ലെ സ്റ്റൈല്‍

ഇത്തിരി... പ്രതീക്ഷിക്കാമല്ലെ..

ഹരി.. എല്ലാത്തിനും

ദൃശ്യാ.. ആരറിഞ്ഞല്ലെ നടക്കുന്നില്ലെന്ന്..

ശാലിനി... അറിയില്ലെ, ശവമടക്കിന് കരയാന്‍ ആളെ കൂലിക്കു കിട്ടും ..വീട്ടില്‍ ആളുവേണ്ടെ.. അതുപോലെ സ്പോണ്‍സര്‍ഷിപ്പ് കൂടെ ആയാല്‍ .. അടിപൊളി

sanu said...

പുതിയ രീതി?

Manu said...

അമേരിക്കയില്‍ ഈ അടുത്തകാലത്ത് "life is short. get a divorce" എന്ന മുദ്രാവാക്യവുമായി ഒരു കാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. വിവാഹമോചനത്തിന്റെ കച്ചവടസാധ്യതകളില്‍ ആരുടെയൊക്കെയോ കണ്ണുപതിയുന്നു എന്ന് അന്നു തോന്നിച്ചിരുന്നു...

കാലത്തിനുമുന്നേ പറക്കുന്നോ കഥാകാരിയുടെ മനസ്സ്?

ഇട്ടിമാളു said...

സനു.. മനു .. :)

സനു ആദ്യമായാണല്ലെ ഇവിടെ..?

KANNURAN - കണ്ണൂരാന്‍ said...

ഇപ്പൊ ഇത്തരം പാര്‍ട്ടികളും തുടങ്ങിയോ? ശിവ, ശിവ...

ഇട്ടിമാളു said...

അറിയില്ലാട്ടൊ ... അങ്ങിനത്തെ പാര്ട്ടികള് ഉണ്ടോന്ന്