Monday, May 7, 2007

ഭരതവാക്യം


മരണം അതൊരു മരീചികയായിരുന്നു
അര്‍‌ത്ഥമറിയാത്ത മൂന്നക്ഷരം
ബാല്യത്തിന്റ്റെ കൊടിയിറക്കത്തിലോ
കൌമാരത്തിന്റെ കൊടിയേറ്റത്തിലോ
ഒരിക്കല്‍ കണ്ടു, ആദ്യമായ്..
ഒന്നു പരിചയപ്പെടാന്‍ പോലുമാവാതെ

വേദനകളുടെ ഞരക്കങ്ങള്‍ക്കിടയില്‍
ഞാനവളുടെ സാന്ത്വനമറിഞ്ഞു
മഞ്ഞുപോലെ തണുത്ത കൈവിരലുകള്‍
ഒരു തലോടലായ് ഒഴുകിയെത്തുന്നത്
പക്ഷെ, അവളൊരു കള്ളിയായിരുന്നു
ഒന്നു മിണ്ടുക പോലും ചെയ്യാതെ വഴിമാറിപോയി
തിരക്കു നിറഞ്ഞ തെരുവുകളിലും, തീവണ്ടിപാതകളിലും
എത്രയോ തവണ ഞാനവളേ തിരിച്ചറിഞ്ഞു
എന്നും അപരിചിതയേ പോലെ, അവള്‍ കടന്നു കളഞ്ഞു
വര്‍ഷങ്ങളുടെ യാത്രയില്‍ ഇടക്കൊക്കെ
അവളെന്റെ അരികിലെത്തി
ഒരു നോട്ടത്തില്‍, ഒരു പുഞ്ചിരിയില്‍
അവളെ ഞാന്‍ അടുത്തറിഞ്ഞു
അനാഥത്വത്തിന്റെ വലിയ ഒഴിവില്‍
ഞാനവള്‍ക്ക് ഇടം നല്‍കി
മഞ്ഞിന്റെ മലമടക്കുകളില്‍ പലപ്പോഴും
അവള്‍ എന്നെ തേടി വന്നു
ഞാനോ അവളെ കാണാതെ ഒളിച്ചിരുന്നു
(അന്നെനിക്ക് കൂട്ടായ് സ്വപ്നങ്ങളുണ്ടായിരുന്നു)
മലയിറങ്ങവേ ആദ്യം ഞാനോറ്‌ത്തത്
അവളെ കുറിച്ചായിരുന്നു
പക്ഷെ, പരിഭവത്തോടെ അവള്‍ അകലെ മാറിനിന്നു
ക്ഷമാപണങ്ങളില്‍, അവള്‍ വീണ്ടും എന്റെ കൂട്ടുകാരിയാവുന്നു


വിടവാങ്ങലിന്റെ വൈകിയ വേളകളില്‍
ഞാനവളോടൊപ്പം യാത്രയാവുന്നു
അനന്തതയുടെ തീരങ്ങളിലേക്ക്
വീണ്ടുമൊരു മടക്കയാത്രയില്ലാതെ

തിരിച്ചു വന്നാല്‍ ..
വീണ്ടും മൌനാക്ഷരങ്ങളില്‍
ഞാന്‍ പുലമ്പാം
ഒരു ഭ്രാന്തിയെ പോലെ
വിട ...

21 comments:

ittimalu said...

തിരിച്ചു വന്നാല്‍ ..
വീണ്ടും മൌനാക്ഷരങ്ങളില്‍
ഞാന്‍ പുലമ്പാം
ഒരു ഭ്രാന്തിയെ പോലെ

സു | Su said...

വഴിമാറിപ്പോകുന്നത് തന്നെ നല്ലത്. അവള്‍ അത്ര നല്ല കൂട്ടുകാരിയൊന്നുമല്ല. പക്ഷെ കൂട്ടുകിട്ടിയാല്‍പ്പിന്നെ ഒരിക്കലും കൈവിടില്ല.

KANNURAN - കണ്ണൂരാന്‍ said...

മെയ് മരണത്തിന്റെ മാസമോ??? സുവും എഴുതിയിരിക്കുന്നു... ഇതെന്താ ഒരു ഭരതവാക്യം... എഴുത്തു നിര്‍ത്താനുള്ള പുറപ്പാടാണോ???

വല്യമ്മായി said...

മരണത്തെ കുറിച്ച് ചിന്തിക്കുന്നത് നല്ലത്.പക്ഷെ അതു മാത്രമാലോചിച്ച് ജീവിതത്തില്‍ നിന്നും അതിന്റെ സന്തോഷങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറരുത്.

കവിത കൊള്ളാം.

മയൂര said...

അര്‍‌ത്ഥമറിയാത്ത മൂന്നക്ഷരത്തിന്റെ അര്‍‌ത്ഥമറിയാന്‍ ഇറങ്ങി തിരിക്കുന്ന യത്രയില്‍ വഴിമാറിപ്പോകുന്നത് നല്ലത്...

നല്ല കവിത....

അഗ്രജന്‍ said...

“...മഞ്ഞിന്റെ മലമടക്കുകളില്‍ പലപ്പോഴും
അവള്‍ എന്നെ തേടി വന്നു
ഞാനോ അവളെ കാണാതെ ഒളിച്ചിരുന്നു
(അന്നെനിക്ക് കൂട്ടായ് സ്വപ്നങ്ങളുണ്ടായിരുന്നു)...”

ആ ഒളിച്ചിരിപ്പ് ഇനിയും ഒത്തിരിയൊത്തിരി കാലം തുടരൂ...

‘ബാല്യത്തിന്‍റെ കൊടിയിറക്കവും കൌമാരത്തിന്‍റെ കൊടിയേറ്റവും’ വളരെ ഇഷ്ടമായി എനിക്കാ പ്രയോഗങ്ങള്‍ :)

തറവാടി said...

ഇട്ടിമളു,

വരികള്‍ ഇഷ്ടമായി , എന്നാല്‍ വിഷയം ...
മരണത്തെ കുറിച്ചു ചിന്തിക്കുന്നതെനിക്കിഷ്ടമല്ല
കാരണം ,

ഇത്രയധികം നഷ്ടം വിതക്കുന്ന ഒന്നില്ല തന്നെ!,

ഏറ്റവും വലിയ സത്യം മരണമെങ്കിലും , അപ്രിയമായ ആസത്യം പറയുന്നതും ....

ഇതൊക്കെയാണെങ്കിലും ഇടക്കുള്ള മരണചിന്ത , പാപികളായ നമ്മെ ഇനിയെങ്കിലും അതിലേക്ക് (പാപത്തിലേക്ക്‌ ) അടുപ്പിക്കാതിരിക്കുമെങ്കില്‍ , നല്ലതുതന്നെ,

വിമര്‍ശിച്ചു എന്നൊന്നും പറഞ്ഞ് , കൂട്ടരുമായി വന്നേക്കല്ലെ!

ഇത്തിരിവെട്ടം|Ithiri said...

:)

മിന്നാമിനുങ്ങ്‌ said...

ഇഷ്ടമായി,ഈ വരികള്‍

ദൃശ്യന്‍ | Drishyan said...

അല്ല മാളൂസേ, മഴയുടെ പിറകെ മരണത്തേയും പെണ്‍പടയില്‍ ചേര്‍ത്തുവോ?

വീണ്ടും മരണം എന്ന വിഷയം, ഹും, കൊള്ളാം! എത്ര എഴുതിയാലും മടുക്കാത്തതാണല്ലോ മരണവും പ്രണയവും.

NB: പതിവു പോലെ, കുത്ത് കോമ്മ എന്നിവ വര്‍ജ്ജിച്ചു കൊണ്ടാണ് എഴുത്ത്, അല്ലേ? :-)സസ്നേഹം
ദൃശ്യന്‍

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

maloosey.., congratulations.. tto..! :D

G.manu said...

ഒടുവിലമംഗള ദര്‍ശനമായ്‌
ബധിരയായന്ധായ്‌ മൂകയായ്‌
നിരുപമപിംഗളകേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നു നില്‍ക്കു...

കിടക്കട്ടെ ഒരു ചുള്ളിക്കാടന്‍ പാര

ഇട്ടിമാളു said...

സു.. ശരിയാ.. മനസ്സില്‍ കേറിയാ.. ഇറങ്ങി പോവാനും പാടാ...

കണ്ണൂരാനെ.. എഴുത്തു നിര്‍ത്തില്ല.. പക്ഷെ, ബ്ലോഗിനു മരണമണി മുഴങ്ങുന്നോ എന്നൊരു സംശയം ... ഒരു ഓഫീസ് ബ്ലോഗറുടെ ഭയം ..

വല്യ്മ്മായി .. സന്തോഷത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനോ .. നല്ലകാര്യായി... നാളേ വേണ്ട ശവപ്പെട്ടി എന്തിനാ ഇന്നു തന്നെ...

മയൂരാ.. വഴിമാറിപോട്ടെ...

അഗ്രജാ.. തുടരാം ... കഴിയുന്നിടത്തോളാം .. ഒന്നും നമ്മുടെ കയ്യിലല്ലല്ലോ..

തറവാടി .. തറവാട്ടില്‍ പിറന്ന അഭിപ്രായത്തിന് സന്തോഷമുണ്ട് .. വിമര്‍ശിച്ചെന്ന് പറഞ്ഞ് ചോദിക്കാന്‍ വരാന്‍ ഇട്ടിമാളുവിന് കൂട്ടരില്ലല്ലോ ... അല്ലെങ്കില്‍ എല്ലാരും കൂട്ടരാ.. തറവാടിയില്ലെ കൂട്ടത്തില്‍ ..;)

ഇത്തിരി .. പുഞ്ചിരി കമന്റിന് നന്ദിയുണ്ട് ..

മിന്നാമിനുങ്ങെ .. :)

ദൃശ്യാ.. കുത്ത് കോമ വഴങ്ങുന്നില്ല ...

ആലപ്പുഴക്കാരാ .. സ്വീകരിച്ചിരിക്കുന്നു ..

മനു..
“മരണം നിന്‍ മുന്നിലും വന്നു നില്‍ക്കും
അന്നു നീ ജീവന്റെ നേരുകാണും ....”
ശരിക്കറിയില്ല ...

അരീക്കോടന്‍ said...

ഇഷ്ടമായി

P.R said...

വരികള്‍ ഇഷ്ടമായി...

അപ്പൂസ് said...

ഇഷ്ടമായി ഇട്ടിമാളൂ..
കാറ്റിനോടൊപ്പം പോവട്ടെ ഞാന്‍,
ഒന്നുമില്ലായ്മയില്‍ നിന്നും ഒന്നുമില്ലായ്മയിലേയ്ക്ക്,
ഒന്നുമല്ലാതായി എല്ലാമായിത്തീരാ‍ന്‍..

മുല്ലപ്പൂ || Mullappoo said...

വരികള്‍ കൊള്ളാം. ആശയം ..ഉം മരണമാണ്. അടുത്തത് ജനനം ആയിക്കോട്ട്

Manu said...

ഇട്ടിമാളുവമ്മേയ്... ഈ പോസ്റ്റിന്റെ കാലാവധി കഴിഞ്ഞൂട്ടോ.. വേഗം വേറേ പോസ്റ്റിട്ടോളൂ‍....

മൌനാക്ഷരോം മത്തങ്ങായുടെ കുരൂം ഒന്നും വേണ്ട.. നല്ല കിടുക്കന്‍ കഥവല്ലോം കൊണ്ടുവാ..

പിന്നെ സ്പെഷല്‍ ജൂറീ അവാര്‍ഡിന്റെ ഒരു സ്പെഷല്‍ ചെലവും... (അതാരോടും പറയാതെ പൊതിഞ്ഞുവച്ചേക്ക്വാല്ലേ...)

ഇട്ടിമാളു said...

അരീക്കോടാ.. പി ആര്‍ ..അപ്പൂസ്:) :) :)

മുല്ലെ ... ജനനം .. ?

മനു .. ജീവിച്ചു പൊക്കോട്ടെ ..

എന്റെ കിറുക്കുകള്‍ ..! said...

നല്ല കവിത..

തിരക്കുനിറഞ്ഞ തെരുവുകളിലും
തീവണ്ടിപ്പാതകളിലും
എത്രയോ തവണ ഞാനവളെ തിരിച്ചറിഞ്ഞു......
എന്നും അപരിചിതയേപോലെ
അവള്‍ കടന്നു കളഞ്ഞു..
നല്ല വരികള്‍..

ഇട്ടിമാളു said...

എന്റെ കിറുക്കുകളേ.. ഇതു എന്റെ കിറുക്കാ‍......