Tuesday, November 9, 2010

അങ്ങിനെ ഒരു ദിനം.. വായനാദിനം

രാവിലെ എഴുന്നേറ്റാൽ കിടക്ക മടക്കി വെക്കണമെന്നായിരുന്നു അമ്മയുടെ ചട്ടം.. അല്ലെങ്കിൽ പകുതി ജീവൻ കിടക്കയിൽ ആയിരിക്കുമെന്നും ദിവസം മുഴുവൻ ഉണർവ്വും ഉത്സാഹവുമില്ലാതെ നടക്കുമെന്നുമായിരുന്നു വിശദീകരണം.. കിടക്ക മടക്കിവെപ്പിക്കാൻ അമ്മകണ്ടെത്തിയ വഴിയായിരുന്നിരിക്കാം അത്.. അല്ലെങ്കിൽ അമ്മയോട് അമ്മയുടെ അമ്മ പറഞ്ഞിരുന്നത് അങ്ങിനെയായിരുന്നിരിക്കാം... അതെന്തൊ ആവട്ടെ, വാടകമുറിയിലും അതൊരു ചിട്ടയായി ഞാൻ പിന്തുടരുന്നു.. എങ്കിലും യാത്രകൾ ഒഴിവായ അവധി ദിനങ്ങളിൽ സിനിമയും കറക്കവും ഒന്നും അപഹരിക്കാതെ മുറിക്കുള്ളിൽ ചടഞ്ഞു കൂടാൻ തോന്നുമ്പോൾ ഞാൻ ആ കീഴ്വഴക്കം തെറ്റിക്കുന്നു..

രാവിലെ ഒരു കട്ടനടിച്ച് പത്രപാരായണം നടത്തി ഫാൻ ഫുൾസ്പീഡിലാക്കി ഒരു കിടത്തം.. പുറത്ത് അലച്ചു പെയ്യാൻ മഴകൂടി കൂട്ടിനുണ്ടെങ്കിൽ ബാക്ഗ്രൌണ്ട് മ്യൂസിക് വേറെ വേണ്ട.. അഹങ്കാരം അല്ലാതെന്താ..

അങ്ങിനെ ഒരു ദിനം..

തുടക്കം തലേന്നാൾ വായിച്ചു നിർത്തിയ എംപി കുമാരന്റെ “ദീപ്തിമയി“യിയുടേ രണ്ടാം വായനയിൽ നിന്നായിരുന്നു.. ലൈബ്രറിയിൽ നിന്നും തിരിക്കിനിടയിൽ അധികം തിരയാതെ എടുത്തുകൊണ്ടുപോന്നതായിരുന്നു ദീപ്തിമയിയെ. എന്നാൽ വായന തുടങ്ങിയപ്പോഴാണ് കഥയും കഥാപാത്രങ്ങളും എവിടെയൊ കണ്ടു മറന്നപോലെ. തുടരുംതോറും കൂടുതൽ വ്യക്തമാവാൻ തുടങ്ങി..ഏകദേശം മൂന്നുവർഷങ്ങൾക്ക് മുമ്പ് ഒരേകടൽ എന്ന സിനിമ ഇറങ്ങിയ കാലം.. വാദങ്ങളും വിവാദങ്ങളും മറുവാദങ്ങളുമായി മുന്നേറുന്നതിനിടയിൽ സിനിമക്ക് ആധാരമായ നോവൽ ഒന്നു കിട്ടിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിരുന്നു.. പക്ഷെ അന്ന് കിട്ടാവുന്ന വഴികളികളെല്ലാം നടന്നിട്ടും കയ്യിൽ തടഞ്ഞില്ല. കിട്ടാത്ത മുന്തിരിപോലെ പുളിച്ചു പോയില്ലെങ്കിലും ആ കാര്യം ഞാൻ മറന്നു പോയിരുന്നു.. അപ്രതീക്ഷിതമായി കയ്യിൽ വന്നത് സുനിൽ ഗംഗോപാദ്ധ്യായ എഴുതിയ ഹീരക്ദീപ്തിയുടെ മലയാളം പരിഭാഷയായിരുന്നു..

സിനിമയും നോവലും തമ്മിൽ താരത‌മ്യപ്പെടുത്തി അന്ന് ഒരുപാട് വായിച്ചിരുന്നു.. പക്ഷെ അതെല്ലാം ഓർമ്മയിൽ നിന്ന് നഷ്ടമായി.. എങ്കിലും സിനിമയേക്കാൾ എനിക്ക് ഇഷ്ടമായത് നോവൽ തന്നെ.. പ്രത്യേകിച്ചും കഥാന്ത്യം.. മക്കളേയും കൂട്ടി തന്റെ പ്രണയനായകനെ കാണാൻ പോവുന്നത് (സിനിമയിൽ) അല്പം കടന്നകയ്യാണെന്ന് തോന്നിയിരുന്നു :).. എന്തായാലും നോവലിൽ അങ്ങിനെയല്ല.. പിന്നെ എന്തായിരിക്കാം സിനിമയിൽ അങ്ങിനെ ഒരു മാറ്റം വന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായതുമില്ല.. നോവലിലെ പല സംഭാഷണങ്ങളും അതുപോലെ തന്നെയായിരുന്നു സിനിമയിലും കടന്നു വന്നത്..

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ “നാരീമികച്ചിടം“ ആയിരുന്നു ദീപ്തിമയിയെ പിന്തുടർന്നത്..

“നാരി മികച്ചിടം
നാഥനില്ലാത്തിടം
നാരങ്ങ പൂത്തിടം
കൂവളം നട്ടിടം”

നശിക്കാനുള്ള ഇടങ്ങളെല്ലാം എണ്ണമിട്ട് പാടുന്നത് അറവുകാരൻ ഉമ്മറാണ്.. സ്വന്തം നിലനിൽ‌പ്പിനായി മകനെ പോലും കുരുതികൊടുക്കുന്ന തമ്പുരാട്ടിയുടെ അറയിൽ ഇത്തവണ സേലത്തുനിന്നുള്ള തോട്ടമുടമയായ ചെട്ടിയാരാണ്.. മുമ്പൊരിക്കൽ അതിഥിയായെത്തിയ ഹനീഫ വന്നത് ഉമ്മറിനോടൊപ്പമായിരുന്നു.. തമ്പുരാട്ടിയുടെ ഭർത്താവ് ചാത്തുക്കുട്ടി നമ്പ്യാരുടെ പുലകുളുയടിയന്തിരത്തിന്റെ വാർഷികാഘോഷങ്ങളുടെ അവസാനത്തെ ചടങ്ങാണത്.. ഒരു രാത്രി മാത്രം നീണ്ടു നിന്ന ദാമ്പത്യത്തിന്റെ ഓർമ്മപുതുക്കാൻ ഓരോ വർഷവും ഓരോരുത്തർ തമ്പുരാട്ടിയുടെ അതിഥിയായെത്തുന്നു.. വരുന്നവരോട് പറയാൻ അവർക്ക് ഒരു ആവശ്യമെ ഉള്ളു

“എന്നെ സന്തോഷിപ്പിക്കണം. നേരം പുലരുന്നതുവരെ നമ്മൾ ഭാര്യാഭർത്താക്കന്മാരാണ്. നേരം പുലരുന്നതുവരെ മാത്രം”

ഇറങ്ങിപോവുന്നവന്റെ അവസാനത്തെ ചോദ്യം ഇങ്ങനെയും

“അടുത്തവർഷം ആരായിരിക്കും അതിഥി”

“ആർക്കറിയാം”. “പക്ഷെ അവൻ അവിവാഹിതനായിരിക്കും. തിരക്കുപിടിക്കാത്തവനായിരിക്കും. ഒന്നും നഷ്ടപ്പെടാത്തവനായിരിക്കും”

“കാവേരിയുടെ പുരുഷൻ” പി സുരേന്ദ്രന്റെ രചനയാണ്.. അയൽനാട്ടുകാരനായതോണ്ടാണൊ എന്നറിയില്ല, അദ്ദേഹത്തിന്റെ കൃതികൾ എനിക്ക് ഇഷ്ടമാണ്.. നദീതടത്തിൽ നിന്നും നദീതടത്തിലേക്കുള്ള യാത്രയാണിതിൽ.. ഒളിച്ചോട്ടത്തിനൊടുവിൽ തിരിച്ചോടുവാൻ പൊറുതി കിട്ടാതെ വിങ്ങുന്ന ആത്മാവിന്റെ രോദനം വേരറ്റു പായുന്ന ഓരോരുത്തരിലും ബാക്കിയാവും.. ആലമ്പാടികളുടെ വഴികളും വൈദ്യവും, നദീതടങ്ങളിലെ ജീവിതവും, പിന്നെ മുറിച്ചിട്ടും മുറിയാതെ നിൽക്കുന്ന പഴങ്കഥകളുടെ ആരവവും ഒരു ശ്വാസം മുട്ടൽ പോലെ ബാക്കി നിൽക്കുന്നു ..


17 comments:

ഇട്ടിമാളു അഗ്നിമിത്ര said...

അന്ന് വായനാദിനമായിരുന്നു..

ഭാനു കളരിക്കല്‍ said...

വായന കൊള്ളാം.
പക്ഷേ വായനക്കാരി സ്വന്തം നിലപാട് തുറന്നു പറയാന്‍ മടിക്കുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

നല്ല വായനകള്‍ നടക്കുന്നു എന്നറിയുന്നത് തന്നെ ഒരുസന്തോഷമാണ്. ഒന്നു രണ്ട് പുസ്തകങ്ങള്‍ എടുത്ത് വച്ചിട്ട് ഇഷ്ടമുണ്ടായിട്ടും വായിക്കാന്‍ സാധിക്കതെ ഇരിക്കുമ്പോള്‍ ഇതൊക്കെ കേള്‍ക്കുന്നത് വല്യ വല്യ സന്തോഷം തരുന്നു. ഈ വായനകള്‍ തന്ന അനുഭവം കൂടി പ്രകടിപ്പിക്കാമായിരുന്നു. വായനയില്‍ വായനക്കാരിക്ക് ഉണ്ടായ വീര്‍പ്പു മുട്ടല്‍, ആശയ സംഘട്ടനങ്ങള്‍, എതിര്‍പ്പുകള്‍, ഇഷ്ടങ്ങള്‍ .. എങ്കിലും താങ്കളുടെ എഴുത്ത് വായിക്കാന്‍ ഒരു സുഖമുണ്ട്. നല്ല റീഡബിലിറ്റി...
ഇഷ്ടത്തോടെ
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

Manoraj said...

നല്ല ഒരു ബ്ലോഗ്. സ്വന്തം വായനാനുഭവങ്ങള്‍ പങ്കുവെക്കുക. അത് നല്ലതാണ്. ഭാനു പറഞ്ഞതില്‍ ചെറിയ സത്യമുണ്ടെന്ന് എനിക്കും തോന്നി. ഒരു പുസ്തകത്തെ പരിചയപ്പെടുത്തുകയോ നിരൂപിക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ വായനയുടെ, അല്ലെങ്കില്‍ ആ പുസ്തകത്തെകുറിച്ച്/ കഥയെകുറിച്ച് നമ്മുടെ നിലപാട് വ്യക്തമാക്കാന്‍ ശ്രമിക്കുക.. ഇനിയും ഇത്തരം നല്ല സംരംഭങ്ങളുമായി വരിക.

Anil cheleri kumaran said...

വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്, അതെന്തായാലും എഴുതാമായിരുന്നു.

ഉപാസന || Upasana said...

:-)

ശ്രീജ എന്‍ എസ് said...

മാളൂസേ,ഇവിടുത്തെ പൊടിയും മാറാലയും മാറി കണ്ടതില്‍ അതീവ സന്തോഷം.ഒരു കഥയ്ക്ക്‌ വേണ്ടി ഞാന്‍ കാത്തിരിക്കുന്നു..
വായന ദിനത്തിന്റെ ഓര്‍മ്മയിലുള്ള ഈ കുറിപ്പ് ഇഷ്ടമായി..എങ്കിലും അപൂര്‍ണ്ണം എന്നും പറയാതെ വയ്യ.നിന്റെ വരികളെ ഒരു പാട് സ്നേഹിക്കുന്നതിനാല്‍ വിമര്‍ശനം എനിക്ക് അസാധ്യമാണ് :)

ജൂണ്‍ said...

പുസ്തകങ്ങളെ കുറിച്ച് എത്ര സംസാരിച്ചാലാണ് മതിയാവുക... ഇനി ഈ പുസ്തകങ്ങള്‍ തിരഞ്ഞുള്ള യാത്രയാണ്... :-)

ഇട്ടിമാളു അഗ്നിമിത്ര said...

എല്ലാരും ഒന്നന്നെ പറയണെ:(

ഇടക്കൊക്കെ ഇങ്ങനെ ദിവസം മുഴുവൻ പുസ്തകങ്ങളുമായിരിക്കാൻ എനിക്കിഷ്ടാ.. പക്ഷെ മിക്കവാറും അത് “ഒരു” പുസ്തകത്തിൽ ഒതുങ്ങുകയാ പതിവ്..വലിയ ഏതെങ്കിലും ഒരെണ്ണം. ഇത് മൂന്നും കുഞ്ഞു പുസ്തകങ്ങൾ ആയോണ്ടാ എണ്ണം കൂടിയത്.. പിന്നെ കുറിപ്പിന് കാരണം, ഈ വായന വായനാദിനത്തിൽ സംഭവിച്ചതുകൊണ്ടാ.. ഇത്രയും എഴുതിയതും അതിനടുത്ത ദിവസായിരുന്നു.. പിന്നെ എന്റെ “നിലപാടുകൾ” എഴുതാൻ സാഹചര്യം കിട്ടിയില്ല..ഒത്തുവന്നപ്പോൾ ആ ഒരു തീവ്രത തോന്നുന്നുമില്ല.. എഴൂതണം ന്ന് വിചാരിച്ച് തന്നെയായിരുന്നു..

ക്ഷമി.. ഇനി വായിക്കുമ്പോൾ ചൂടോടെ പോസ്റ്റാം ട്ടൊ.. :)

Unknown said...

Hello ...

etho oru comment il SKC le Physics class paramarsichu kandu .... athe Physics class le oru product aanu njanum ... ethanu batch enthanu real name ennariyan aagrahamundutto .... Posts okke visadamaayi vaayichu abiprayam ariyikkam ...

ഇട്ടിമാളു അഗ്നിമിത്ര said...

ammunu .. an old product :)

[cant access ur blog :(]

Unknown said...

Ayyo .... enikku blog onnumilla ktto.... thats just an email id :) physics class um aa varanthayum, lab um, chemistry department um athinaduthe pavutta marangalum, paala maravum, angine manapoorvam vismrithiyil kondunadannirunna palathum orkanidayayi ...... if you can see my email id, just drop me a line ....
Regards....
Suja

ഇട്ടിമാളു അഗ്നിമിത്ര said...

അവിടെ ഐഡി ഒന്നും കിട്ടുന്നില്ല :)

ittimalu@gmail.com

Unknown said...

mail check cheyyutto .... mail ayachittundu...

Anonymous said...

നാരി ഭരിച്ചിടം,
നാരകം നട്ടിടം,
കൂവളം പട്ടിടം
അങ്ങനെയന്തോ ആണ് ഞാന്‍ കേട്ടിട്ടുള്ളത്. ഒരേ കടല്‍ സനമാന്ത്യം എനിക്ക് ഒട്ടും ബോധിച്ചില്ല.

ഗൗരിനാഥന്‍ said...

എനിക്കും ഒരെ കടല്‍ കണ്ടപ്പോള്‍ നോവല് വായിക്കണം എന്ന് വിചാരിച്ചതായിരുന്നു, സിനിമകള്‍ നോവലുകള്‍ വായിച്ച സംവിധായകന്റ്റെ കാഴ്ചപ്പാടല്ലെ ഇട്ടിമാളു..ഇങ്ങനെയും മാറ്റം വരുത്താം..പാലേരിമാണിക്ക്യം നോവെല്‍ വായിച്ചിട്ടുണ്ടോ?

ഇട്ടിമാളു അഗ്നിമിത്ര said...

മൈത്രേയി.. ആ നാലുവരികൾ പലരും പലതരത്തിൽ ചൊല്ലി കേട്ടിട്ടുണ്ട്.. പക്ഷെ അർത്ഥം സമാനം തന്നെ :)

ഗൌരി .. പാലേരിമാണിക്ക്യം വായിച്ചിട്ടുണ്ട്.. സിനിമ കണ്ടതിനു ശേഷമാണ് മുഴുവനായി വായിച്ചത്.. വായിക്കു, നല്ലൊരു അനുഭവമാണത്..