Monday, October 13, 2014

കന്യാകുമാരിയിൽ ഒരു കോവളം

കന്യാകുമാരിയിൽ ഒരു കോവളം

തിരുവനന്തപുരത്ത് നിന്നും എങ്ങോട്ടെങ്കിലും ഒരു യാത്ര പോവണമെന്ന് തോന്നിയാൽ, ഏറ്റവും എളുപ്പം ചെന്നെത്താവുന്നത് കന്യാകുമാരിയിൽ തന്നെ. എന്നാൽ പിന്നെ പോയേക്കാം എന്ന് പറഞ്ഞ് വണ്ടിവിട്ടാൽ,   കടലിനു സമാന്തരമായ റോഡിൽ ചെന്നൊരു നിൽപ്പുണ്ട്.. ഒന്ന് ചവിട്ടി നിർത്തി ഇടംവലം നോക്കുമ്പോൾ ഇടത്തോട്ട് കന്യകുമാരിയെന്നും വലത്തോട്ട് കോവളം എന്നും ദിശാസൂചികൾ . തിരുവനന്തപുരത്ത് നിന്ന് വന്നവർ,   വലത്തോട്ട് ഒരു കിലോമീറ്റർ മാത്രം  പോയാൽ കോവളമെത്തുമെന്നു ചൂണ്ടുന്ന വിരലിനെ സംശയിക്കാതിരിക്കുന്നതെങ്ങിനെ ! ചോദിച്ചവർ എല്ലാം പറഞ്ഞത്  കോവളം എന്ന് തന്നെ; കോവലം എന്നല്ല.

വർഷങ്ങൾക്ക് മുമ്പ് കന്യകുമാരിക്കൊരു കടൽത്തീരമുണ്ടായിരുന്നു.. സ്കൂളിലെ എസ്കർഷൻ കുട്ടികൾ എറിയുന്ന നാണയങ്ങൾ മുങ്ങിയെടുക്കുന്ന കുട്ടികൾ  ഉണ്ടായിരുന്നു .. അരികിൽ  ചെളിയിൽ  പുളയ്ക്കുന്ന കറുത്ത പന്നികൾ ഉണ്ടായിരുന്നു.. നിറമുള്ള മണലും കക്കയും ശംഖും വില്ക്കുന്ന കറുത്തു ശോഷിച്ച കുട്ടികളും .. 






ഇന്ന് കടൽത്തീരം  മുഴുവൻ കെട്ടിടങ്ങൾ കയ്യടക്കിയിരിക്കുന്നു..എങ്ങിനെ നോക്കിയാലും സഞ്ചാരികൾ കടൽ കാണരുതെന്ന വാശിയിലാണു കെട്ടിടങ്ങൾ കെട്ടിപൊക്കിയിരിക്കുന്നത് ..  യാത്രികരെ പിടിക്കാൻ ഹോട്ടലുകൾ ഏർപ്പാടാക്കിയ കമ്മീഷൻ ഏജന്റ്സ് എല്ലാം വാകീറി പറയുന്നതും "കടൽ കാണാവുന്ന മുറികൾ " എന്നാണ്. ..ഒരു ജനൽ ചതുരത്തിലെ    കടൽ കാഴ്ചകൾ, അല്ലെങ്കിൽ അത്രമാത്രമുള്ള ബാൽക്കണിക്കാഴ്ചകൾ  .... കടൽ തൊടാതെ , കടൽവെള്ളത്തിൽ കാലെങ്കിലും നനക്കാതെ എന്ത് കടൽകാണൽ ..ചേരികൾ പോലെ നിറഞ്ഞു നില്ക്കുന്ന വീടുകൾക്കിടയിലെ ഒറ്റയടി പാതപോലുള്ള വഴിയിലൂടെ നടന്നാൽ പുലിമുട്ടുണ്ട്.. അത്യാവശ്യം കടൽ കാണാനുള്ളത് അവിടെയാണു.. അതിനരികിൽ ഒരു കുളത്തിലെ ഓളം പോലുമില്ലാത്ത അല്പം തീരവും ..  വിവേകാനന്ദപ്പാറ, ഗാന്ധിസ്മാരകം,  ത്രിവേണി സംഗമം,  അതിനടുത്ത വില്പനകേന്ദ്രങ്ങൾ,   കരയിൽ നിന്നുള്ള കടൽ കാണൽ,  ടവറിൽ കയറി അഞ്ചുരൂപാ ടിക്കറ്റിൽ ഉള്ള ഉദയവും അസ്തമയവും; അങ്ങിനെ കന്യാകുമാരിയിലെ കാഴ്ചകൾ മിക്കവാറും അവസാനിക്കുന്നു .. പിന്നെ  ഏറിയാൽ കന്യാകുമാരിയെ അമ്പലത്തിൽ കയറിയൊന്നു വണങ്ങാം 

ഉദയാസ്തമയങ്ങൾക്ക് വിലപേശി ചെല്ലുമ്പോഴും കടൽ നിങ്ങളിൽ നിന്നും കയ്യെത്തും ദൂരത്തിനും  അപ്പുറത്താണ്. .. കടൽ കാറ്റിലലിഞ്ഞെത്തുന്ന ഉപ്പുവെള്ളത്തുള്ളികളിൽ ഒതുങ്ങുന്നു..കടലിനോടടുത്ത ഏതു വിനോദസഞ്ചാര കേന്ദ്രത്തിനും ബീച്ച് തന്നെയല്ലേ മുഖ്യ ആകർഷണമാവുന്നത്.. പക്ഷെ, പന്നികൾ പുളച്ചിരുന്ന പഴയ ചെളിക്കുണ്ടുകളേക്കാൾ ദയനീയമാണ് ഇന്നീ  കടൽത്തീരം ..



ഉദയവും അസ്തമയവും കാണാൻ കാണികൾ തിക്കിത്തിരക്കുന്ന ഇടമാണ് മിക്കവർക്കും  ഇന്ന് കന്യാകുമാരി.. തിരക്കൊഴിയുമ്പോൾ ആ റോഡിലൂടെ നേരെ നടന്നാൽ കടലിനെ സ്പർശിക്കാവുന്ന  മറ്റൊരു തീരത്തെത്താം .. കന്യാകുമാരിയിൽ നിന്നും കേവലം ഒരു കിലോമീറ്റർ മാത്രം ദൂരത്തുള്ള കോവളം എന്നാ ബീച്ചിൽ .. വലുതും ചെറുതുമായ വലിയ പാറകൾ നിറഞ്ഞതാണു  ഈ തീരം.. പാറക്കെട്ടുകൾ ഇല്ലാത്ത  മണൽ മാത്രം നിറഞ്ഞ ഇടവുമുണ്ട് .. അർദ്ധചന്ദ്രക്കലാകൃതിയിൽ സുന്ദരമായ ഈ തീരത്തെ വലിയ പാറകൾക്ക് മുകളിൽ നിന്ന് നോക്കുന്നത് സുന്ദരമായ ഒരു കാഴ്ചതന്നെ. കൂടുതൽ സുന്ദരമായ കാഴ്ച കിട്ടാൻ  പാറയ്ക്ക്  മുകളിൽ പണിതുയർത്തിയ ഒരു കുരിശുപള്ളിയുണ്ട് .. മുന്നിൽ  ഏതൊരു പടമെടുപ്പുകാരന്റെയും സ്വപ്നം പോലെ വിശാലമായ കാൻവാസിൽ പരന്നു കിടക്കുന്ന കടലും .

കടൽത്തിരകളിൽ മണലിൽ നിലയുറപ്പിക്കാനാവാതെ വീഴുകയോ അല്ലെങ്കിൽ ഓടി കരക്കു കയറുകയോ ആണല്ലൊ സാധാരണ പരിപാടി . അല്പം ശ്രദ്ധിച്ചാൽ ഇവിടെ  പാറകൾക്കിടയിൽ സുഖമായിരുന്നു നനഞ്ഞു  തിമിർക്കാം ... തലക്കുമീതെ പടർന്നു പോവുന്ന തിരകളിൽ ആലോലമാടാം.. ഒരിക്കലും നിലതെറ്റില്ല, ഒലിച്ചു പോവില്ല; അത്രയും സുരക്ഷിമാണ് ഈ കൊച്ചു പാറകൾക്കിടയിൽ ഒതുങ്ങിയിരിക്കാൻ .. 




മൂന്നു മണിക്ക് ഞങ്ങൾ എത്തുമ്പോൾ നല്ല വെയിൽ .. കടൽ കാണാൻ ആകെയുള്ളത്  പത്തു പേർ.. ഒരു ഐസ്ക്രീം വില്പനക്കാരൻ..  അസ്തമയത്തിനു നേരമടുക്കുന്തോറും   പാന്റും  ഷർട്ടുമിട്ട് തണ്ടും തടിയുമുള്ളആണുങ്ങൾ  വലിയ കാമറാബാഗുകളും  തൂക്കി വരാൻ തുടങ്ങി .. ഇത്രയും ഫോട്ടോഗ്രാഫർമാർ എന്തെ ഇവിടെ എന്നത് ചോദിക്കാത്ത സംശയമായി .. തിരക്കേറിയതോടെ അവർ തങ്ങളുടെ ബാഗ് തുറന്നു .. അതിൽ നിറയെ മുത്തുമാലകൾ ആയിരുന്നു .. ഇവര്ക്ക് ജീവിക്കാൻ മാത്രം വരുമാനം ഈ മാലവിൽപ്പനയിൽ നിന്ന് ലഭിക്കുമോ എന്നതായി  അടുത്ത സംശയം .. നീണ്ടമാല പോലെ ശംഖും കക്കയും  മണലും നിറച്ച കവറുകൾ വിൽക്കാൻ സഞ്ചാരികളുടെ പുറകെ കൂടിയിരുന്ന കുട്ടികളെ ഓർക്കുന്നില്ലേ .. അവർ എവിടെയൊ മറഞ്ഞു പോയിരിക്കുന്നു .. അതോ ആ കുട്ടികൾ വളർന്നു വലുതായവരാണൊ ഇന്ന് കാണുന്ന മാലവിൽപ്പനക്കാർ .. എങ്കിൽ ആ കൂട്ടത്തിലെ പെണ്‍കുട്ടികൾ ഇന്നെന്തു ചെയ്യുകയാവും.. 







കന്യാകുമാരിയിൽ നേരത്തെ പോയവരാരും കോവളം എന്നൊരു ബീച്ചിനെ കുറിച്ച് കേട്ടിട്ടില്ലെന്നാണു പറഞ്ഞത് .. അവസാനം കന്യാകുമാരിക്കാരന്റെ  തന്നെ സഹായം തേടി. കടലോര വികസനത്തിന്റെ ഭാഗമായി ബീച്ചിനെ മോടിപിടിപ്പിച്ചപ്പോൾ  സഞ്ചാരികളെ ആകർഷിക്കാൻ വേണ്ടി  കോവളം എന്ന് പേരു നൽകിയതാണെന്ന്. പേരെന്തായാലും ആ കടലും പാറകളും ഏറെ സുന്ദരം തന്നെ. അധികമൊന്നും കേട്ടിട്ടില്ലാത്ത കോവളം കടൽത്തീരവും പുരോഗമനത്തിന്റെ പാതയിലാണ് .. ചിലപ്പോൾ  വർഷങ്ങൾക്ക് ശേഷം വീണ്ടും ചെല്ലുമ്പോൾ ഇവിടവും കെട്ടിടങ്ങൾ കയ്യേറിയതായി കാണേണ്ടി  വരാം .. ഇവിടെയും കടൽ വിലക്കപെടും മുമ്പ് വേണമെന്നുള്ളവർ ഒന്ന് പോയി വന്നോളു.. 

Thursday, September 4, 2014

ഉത്രാടപാച്ചിൽ ...


രാവിലെ മുഴുവന്‍ ഓടിനടന്നതിന്റെ ക്ഷീണം, ഊണിനുശേഷം ഒരു ഉച്ചമയക്കത്തില്‍

തീര്‍ക്കാനൊരു ശ്രമം. പക്ഷേ ക്ഷീണം തീരാനൊന്നും 

കാത്തുനില്‍ക്കാനാവില്ലല്ലോ ; അയയില്‍ കിടന്ന തോര്‍ത്തും കാലന്‍കുടയുമായി
വീണ്ടും ഓണവെയിലേക്ക്. അടുക്കളയില്‍ പുളിയിഞ്ചിയും കുറുക്കുകാളനും
ഒരുക്കുന്ന അമ്മയെ നീട്ടിയൊരു വിളി. വെയിലൊന്നു താണിട്ടു ഇറങ്ങിയാല്‍
മതിയെന്ന അമ്മയുടെ സ്നേഹനിര്‍ബന്ധങ്ങള്‍ ഒന്നും ആ ചെവിയില്‍ ഇപ്പോള്‍
കയറില്ല. കാരണം, ഇന്ന് ഉത്രാടമാണ്. അച്ഛന്‍ ഉത്രാടപ്പാച്ചിലിന്റെ
പാരമ്യത്തിലും. എങ്ങോട്ടാണ് ഈ ഓട്ടം എന്നല്ലേ ? ഒരുപക്ഷേ നേരത്തെ വാങ്ങിയ
മുരിങ്ങക്ക ഇത്തിരി മൂത്തതാണോ എന്ന സംശയത്തില്‍ വേറെ കിട്ടുമോ എന്ന്
നോക്കാനാവാം. രാവിലത്തെ ഓട്ടത്തിനിടയില്‍ ഏതെങ്കിലും തോട്ടത്തില്‍ കണ്ട
നല്ല പിഞ്ച് ഇളവന്‍ മറ്റാരെങ്കിലും വാങ്ങിക്കൊണ്ടുപോവും മുമ്പ്
സ്വന്തമാക്കാനാവാം. അല്ലെങ്കില്‍ തികയാതെ വന്നാലോ എന്ന് കരുതി ഒരുകെട്ട്
പപ്പടം കൂടി വാങ്ങാനാവാം. നല്ല നെയ്പരുവം പഴം പുഴുങ്ങിയതും പപ്പടവും
കൂട്ടി അങ്ങനെ കുഴച്ചുരുട്ടി കഴിക്കാനുള്ളതല്ലേ !

ഇത് കഥയൊന്നുമല്ല കേട്ടോ? ഒരു പാവം വള്ളുവനാടന്‍ ഗ്രാമത്തിലെ ഓണമാണേ !
ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ അവിടെ
സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒന്നും ഇല്ല. അതുകൊണ്ടു തന്നെ, കിളി ഒരുകൂട്
കൂട്ടാന്‍ ചുള്ളികള്‍ കൊത്തിക്കൊണ്ടുവരും പോലെയാ ഓണത്തിന്റെ ഒരുക്കും
കൂട്ടല്‍.അത്തം പിറക്കുമ്പോള്‍ ആദ്യം എത്തുന്നത് നേന്ത്രക്കുലകള്‍ തന്നെ.
വറുക്കാനുള്ളത്, പഴുപ്പിക്കാനുള്ളത് എന്ന് വേര്‍തിരിക്കുന്നത് ആ
വഴക്കത്തിന്റെയും അതു വിളഞ്ഞ മണ്ണിന്റെയും മാതൃപിതൃ ഗവേഷണത്തിലൂടെയാണ്.
ഒരു നന്മയുടെ കുറവ് പോലും പഴത്തിന്റെ സ്വാദില്‍ നിന്ന് അറിയാമെന്ന്
പറഞ്ഞ് കേട്ട അറിവ്. നാട്ടില്‍ നിന്ന് പറിച്ചെറിയപ്പെടുകയും നഗരത്തില്‍
വേര് പിടിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഇതൊക്കെ വലിയ കാര്യമല്ലേ?
ഓണപരീക്ഷയുടെ തിരക്കിനിടയിലും 'നിന്റെ വീട്ടില്‍ എത്ര കുല വാങ്ങി ?'
എന്ന് അന്വേഷിക്കാന്‍ കുട്ടികള്‍ക്കും എന്തൊരു ഉത്സാഹം.
നാട്ടിന്‍പുറത്തുകാര്‍ക്ക് മേനി നടിക്കാന്‍ ഇങ്ങനെ ഒക്കെയല്ലേ പറ്റുള്ളൂ.

കായക്കുലകള്‍ എത്തിച്ചാല്‍ പിന്നെ ഓണക്കോടിക്കായൊരു കാത്തിരിപ്പ്. ഹോ....
അതൊരു കാത്തിരിപ്പു തന്നെയാ. വര്‍ഷത്തില്‍ കിട്ടുമെന്ന് ഉറപ്പുള്ള ഒരേ
ഒരുപുത്തന്‍ അതാണല്ലോ ? വാങ്ങാന്‍ പോയവര്‍ തിരിച്ചെത്തും വരെ മുള്ളില്‍
നില്‍ക്കുന്ന പോലെയാണ്. ഓണപരീക്ഷയ്ക്ക് പഠിക്കാന്‍ പുസ്തകം
തുറന്നിരുന്നാലും പടികടന്ന ഇടവഴിയിലൂടെ അവര്‍ നടന്നുവരുന്നുണ്ടോ എന്നാവും
മനസ്സു നിറയെ. ഇനി ഈ പുത്തന്‍ കിട്ടിയാലോ, ഇടയ്ക്കിടയ്ക്ക് അതൊന്ന്
തുറന്ന് തൊട്ടുനോക്കും. തുന്നല്‍ക്കാരന്റെ സൌകര്യം നോക്കി അതൊന്നു
തയ്ച്ചുകിട്ടാതെ ഒരു സമാധാനവുമില്ലാത്ത അവസ്ഥ.ഇത്രയൊക്കെ ഒത്താല്‍ പിന്നെ
സദ്യതന്നെ മുഖ്യവിഷയം. പൂക്കളത്തിന്റെ വട്ടംകൂടുന്നതും ഊണിന്റെ
വിഭവങ്ങള്‍ കൂടുന്നതും ഒരുപോലെയാണ്. ഓരോ ദിവസവും ഓരോന്നായ്
ഒരുക്കിക്കൂട്ടുമ്പോഴും എന്തൊക്കെയോ ബാക്കികിടക്കുന്നെന്നൊരു തോന്നല്‍
എപ്പോഴുമുണ്ടാവും. എന്തെങ്കിലും കുറവുണ്ടെന്ന് കണ്ടാല്‍ അതൊരു കുറവ്
തന്നെ അല്ലേ? അതുകൊണ്ട് ഒരുക്കങ്ങള്‍ എവിടെ വരെ എന്നൊരു കണക്കെടുപ്പ്.
അതിന്റെ അവസാനം പൂരാടപ്പിടച്ചിലും, ഉത്രാടപാച്ചിലും. ദൂരെയുള്ളവരൊക്കെ
ഓണത്തിന് വീട്ടിലെത്തുമ്പോഴേയ്ക്കും പൂരാടമാവും. അപ്പോഴാവും എന്തൊക്കെയോ
ഒരുക്കാന്‍ മറന്നുപോയെന്നൊരു തോന്നല്‍ കലശലാവുന്നത്. അതൊരു പിടച്ചിലാണ് ;
പൂരാടപ്പിടച്ചില്‍. പിന്നെ അതൊക്കെ തേടിപ്പിടിച്ച് ഒരുക്കൂട്ടാനുള്ള
തത്രപ്പാട്. അപ്പോള്‍ ഉത്രാടപ്പാച്ചിലാവുന്നു.

എല്ലാം ഒരുക്കി ഉത്രാടസന്ധ്യയില്‍ വിളക്ക് വെച്ചുകഴിയുമ്പോള്‍ അച്ഛന്‍
വീണ്ടും ചോദിക്കും.

"ഇനി എന്തേലും വേണ്ടതുണ്ടോ ?"

അമ്മയുടെ മറുപടി ഇങ്ങനെയാവും

"ഒന്നും വേണ്ട....ന്നാലും ....മുറുക്കാനുള്ള വെറ്റില നാളേയ്ക്ക്
പഴുത്തുപോവുമോ എന്നൊരു സംശയം."

" ആ തോര്‍ത്ത് ഇങ്ങോട്ടെടുത്തോളൂ..." അച്ഛന്‍ വീണ്ടും ഇറങ്ങുകയാണ്.

ഇതൊരു കഥയാവാം :

എന്നാളും സുഭിക്ഷമായ് ഓണം പോലെ ഉണ്ട് കഴിയുന്ന തറവാട്ടമ്മ, കാരണവരോട്

"നാളെ ഓണമല്ലേ.... എന്താ വട്ടം കൂട്ടണ്ടേ ?"

പഴം, പായസം എല്ലാം കൂട്ടി എന്നുമുണ്ണുന്ന കാരണവര്‍

"എന്നും രണ്ടു ചെറിയ പപ്പടമല്ലേ ? നാളെ രണ്ടു വലിയ പപ്പടമായിക്കോട്ടെ".

Thursday, August 28, 2014

ദേലമ്പാടിയിൽ നിന്ന്

വിടെ എന്തേലും എഴുതീട്ട് കാലം കുറെയായി .. പക്ഷെ വീണ്ടും ഒരു ഓർമ്മപുതുക്കലായ്  എന്റെ ബ്ലോഗിന്റെ പിറന്നാൾ .. വർഷങ്ങൾക്ക് മുമ്പ് ഒരു പിറന്നാളിനാ ഞാൻ സ്വര്‍ഗ്ഗത്തിലൊരു പുസ്തക പ്രസാധനം പോസ്ടിട്ടത്.. അത് മാത്രുഭൂമി ബ്ലോഗനയിൽ വന്നു.. അങ്ങിനെയാ എന്നെ കുറെ പേർ അറിഞ്ഞതും .. പക്ഷെ ഒരു പേരിനുള്ളിൽ ഒളിച്ചിരുന്ന ഞാൻ അതോടെ കൂടുതൽ ഉൾവലിയേണ്ട അവസ്ഥയിലായി :) 




ഇന്നലെ ഈ പുസ്തകം എന്റെ കയ്യിൽ കിട്ടി.. സജീവ്‌ സാറിന്റെ നോവൽ.. ദേലമ്പാടിയിൽ നിന്ന് ..... സന്തോഷിക്കണോ സങ്കടപ്പെടണൊ എന്നറിയില്ല.. എന്നാലും ആകസ്മികതകൾ വീണ്ടും എനിക്ക് കൂട്ടിനെത്തുന്നു .. 


Sunday, February 2, 2014

അലീന വിശുദ്ധയാകുന്നു.....

കഴിഞ്ഞ രണ്ടൂസായി ഓണ്‍ലൈനിൽ കറങ്ങുന്ന പ്രൊഫ. ജയന്തിയുടെ മരണം ഒരു പഴയ മനോരമ തുടരൻ  ആണോ...  “മഴതോരും മുമ്പെ..“  
അന്ന് ബ്ലോഗ്‌ കാലത്ത് എഴുതി വെച്ചതാ... പിന്നെ എന്തോ പോസ്ടാൻ തോന്നിയില്ല .. വീണ്ടും  ......



ഞാന്‍ അല്പം കുശുമ്പും കുന്നായ്മയും ഉള്ള കൂട്ടത്തിലാ.. അതോണ്ട് തന്നെ അങ്ങിനെയല്ലാത്ത സ്പെഷല്‍  ജനുസ്സുകളെ കണ്ടാല്‍ അല്പം സംശയത്തോടെ മാത്രം വീക്ഷിക്കുക എന്നതാണ് എന്റെ സ്വഭാവം..  തൂത്തുകളയാന്‍ നോക്കിയിട്ടും രക്ഷയില്ലെന്നെ.. .. ഇങ്ങോട്ട് ഒരു കരണത്തു തന്നാല്‍ തന്നയാളുടെ രണ്ടു കരണത്തും കൊടുത്തില്ലെങ്കില്‍ മനസ്സമാധാനത്തോടെ എങ്ങിനെ ഉറങ്ങും..  ഇങ്ങോട്ട് തന്നാല്‍ മാത്രം എന്നത് പ്രത്യേകം ശ്രദ്ധിക്കണം..
 
പക്ഷെ എന്തു ചെയ്യാം ഒരാള്‍ എന്നെ മഹാ കുശുമ്പിയാക്കിയിരിക്കുന്നു.. അയാളേ ഒന്നു കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒന്നുകണ്ണുരുട്ടുകയെങ്കിലും ചെയ്യാമായിരുന്നു.. പക്ഷെ കയ്യില്‍ കിട്ടണ്ടെ.. പാലായടുത്ത് എവിടെയൊ ആയിരുന്നെന്നാ തോന്നുന്നെ.. കൃത്യമായി അറിയില്ല ..കാരണം ഭൂതകാലം തപ്പാന്‍ വഴിയൊന്നും ഇല്ല.. അതൊക്കെ അറിയുന്നവരെല്ലാം വെള്ളം കുടിച്ചോണ്ടിരിക്കാ.. അറിയാത്ത ചിലർ അത് അന്വേഷിച്ച് ഇറങ്ങിയിട്ടുണ്ട്.. ആരുടെയൊക്കെയൊ ഉറക്കം കെടുത്താനായിട്ട്.. ഇടക്ക് എറണാകുളത്ത് വിരുന്ന്‍ പോയിരുന്നു.. ഇപ്പൊ സ്ഥിരം താമസം കുളത്തൂര്‍പ്പുഴ.. പുനലൂരും ഇടയ്ക്ക്‍ പാർക്കാൻ പോയിരുന്നു.. ഇപ്പൊ എവിടെയാണെന്നറിയാന്‍ വ്യാഴാഴ്ച വരെ കാത്തിരിക്കണം....
 
 ഇതൊക്കെ എന്താന്ന് ചോദിച്ചാൽ, പഴയൊരു ദുശ്ശീലം വീണ്ടും എന്നില്‍ തിരിച്ചെത്തിയിരിക്കുന്നു..  വിശാലമായി പറഞ്ഞാൽ വായനയെന്ന ഒറ്റ തലക്കെട്ടിൽ ഒതുക്കാം.. എന്നാൽ ഒതുക്കത്തിൽ പറഞ്ഞാൽ ‘മ‘വാരികകൾ എന്ന ചെറിയവലിയ ഗണത്തിലും.. സ്കൂൾ കാലത്ത്, കൃത്യമായി എട്ടു മുതൽ  പത്ത് വരെ ക്ലാസ്സുകളിൽ സ്കൂളിലെ പാഠങ്ങളേക്കാൾ ഞാൻ വായിച്ചിരുന്നത് ആ തുടരനുകളുടെ അദ്ധ്യായങ്ങൾ ആയിരുന്നു.. ഒന്നും രണ്ടും മൂന്നും അല്ല.. ആഴ്ചയിൽ ഏഴു ദിവസവും ഇറങ്ങാൻ മാത്രം വാരികകൾ..മനോരമ, മംഗളം, മനോരാജ്യം, സഖി(ഇതെങ്ങിനെ മവാരിക ആയെന്ന് അറിയില്ല).. പിന്നെയും ഉണ്ടായിരുന്നു കുറെ.പേരുകൾ മറന്നു പോയി.. അതിൽ മംഗളം മനോരമ ഇപ്പൊഴും ഞാൻ കാണാറുണ്ട്.. ബാക്കിയൊക്കെ നിലവിൽ ഉണ്ടോന്ന് യാതൊരു പിടിയുമില്ല.. 
 
ഞാൻ മാത്രമല്ല, അന്ന് എന്റെ കൂട്ടുകാർ മിക്കവരും ഇതേ ശീലക്കാർ തന്നെയായിരുന്നു.. വീട്ടുകാർ എന്നു പറയാൻ പറ്റില്ല.. തൊട്ടുകൂടാൻ പറ്റാത്ത വർഗ്ഗമായാണ് വീട്ടിൽ ഇവരുടെ സ്ഥാനം.. പക്ഷെ അയല്പക്കങ്ങളിൽ മിക്കവരും ഈ വാരികകൾ വരുത്തിയിരുന്നതിനാൽ വായിക്കാൻ കഷ്ടപ്പെടേണ്ട ആവശ്യമില്ലായിരുന്നു.. മാതൃഭൂമിയും “മ”ആയിരുന്നെങ്കിലും അതിന് വീട്ടിൽ അയിത്തമില്ലായിരുന്നു.. അതുകൊണ്ട് ഒരു വാരികയെങ്കിലും വീട്ടിൽ വെച്ച് വായിക്കാം..
 
ഒരിത്തിരി അഹങ്കാരം കേറിയതോണ്ടാവും ഇടയിൽ വെച്ച് ഞാനിവരെ പരിപൂർണ്ണമായും തഴഞ്ഞിരുന്നു.. വരാനുള്ളത് വഴിയിൽ തങ്ങിലല്ലൊ.. പത്രക്കാരികൾ ഇഷ്ടം പോലെ കൂട്ടത്തിൽ ഉള്ളതിനാൽ മനോരമ മംഗളം ഫ്രീ.. എന്നാലും അയ്യ്യേ ന്ന് പറഞ്ഞ് കുറേകാലം ഞാനും ഇവരെ തീണ്ടാപാടകലെ നിർത്തിയതാ.. പിന്നെയെപ്പൊഴൊ അവരെന്റെ മനസ്സ് കീഴടക്കി.. വായിക്കാനൊന്നും ഇല്ലാതെ ഇരുന്ന എന്നോ ആണ് കയ്യെത്തും ദൂരത്ത് ഇരുന്ന് ഇവരെന്നെ പ്രലോഭിപ്പിച്ചത്.. നല്ലകാലം, ഒരു തുടരനിൽ ഞാൻ ഒതുക്കി.. അതായിരുന്നു മനോരമയിൽ വന്ന “മഴതോരും മുമ്പെ..“ അതിലെ അലീനയാണ് എന്നെ കുശുമ്പിയാക്കിയത്..
 
കൊണ്ടു വരുന്നവൾ അടക്കം ആരും വായിക്കാതിരുന്ന വാരിക പതിയെ എല്ലാവരും വായിക്കാൻ തുടങ്ങിയത് എങ്ങിനെയാണെന്ന് എനിക്ക് അറിയില്ല.. എന്തായാലും വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ആരാദ്യം വായിക്കും എന്നൊരു മത്സരം ഞങ്ങൾക്കിടയിൽ വന്നു പെടുന്ന അവസ്ഥയിലായി.. അതിൽ ആദ്യം വായിച്ചവരോട് വായിക്കാത്തവർ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമാണിത്.. “അലീന വിശൂദ്ധയായോ..? അല്ല, നമുക്ക് അറിയാവുന്ന പെൺ‌വർഗ്ഗത്തിലൊന്നും ഈ ഒരു ജനുസ്സിനെ കാണാത്തതോണ്ടാണെ..
 
അതിനു മുമ്പും ശേഷവും തുടങ്ങിയ എത്ര തുടരനുകൾ തീർന്നെന്നൊ.. ഇതു മാത്രം മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാൻ.. ആദ്യത്തെ തവണ വായിക്കുമ്പോൾ മുതൽ ദേ കഴിഞ്ഞ ആഴ്ച വായിക്കുമ്പൊഴും, ഇപ്പൊ തീരും ന്നാ തോന്നിയിരുന്നെ.. കാശ് മുടക്കിയല്ല വായന എന്നതിനാൽ ആ സങ്കടമില്ല..
 
 
പറഞ്ഞ് വന്നത്.. അങ്ങിനെ അവസാനം അലീന വിശുദ്ധയായി.. 
​ (സീരിയലിൽ  വിശുദ്ധയായൊ എന്നറിയില്ല )

ഇതിന്റെ അവസാന ചാപ്റ്റർ ഞാൻ വായിച്ചത് വീട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽ വെച്ചാ ..ഒരു  ഈസ്റ്റർ അവധിക്ക് വീട്ടില് പോവുമ്പോൾ എന്നാണു ഓർമ്മ ​
 
 

Wednesday, August 28, 2013

മാസങ്ങളുടെ ഘടികാരമാവുന്ന പെണ്‍കുട്ടി
















ഇന്നലെ ഒരു കഥ വായിച്ചു .. ഒരു യാത്രയിൽ ഒരാള്ക്ക് കളഞ്ഞു കിട്ടുന്ന കുറച്ച് ഡോകുമെന്റ്സ് -സെര്ട്ടിഫികട്സ് .. അതിന്റെ ഉടമയെ കണ്ടെത്താൻ അതിൽ ഉണ്ടായിരുന്ന് ഒരു ഡയറിയുടെ  കുറച്ചു ഭാഗം പബ്ലിഷ് ചെയ്യുന്ന തരത്തിലാണ് ആ കഥ.. 

ഒരു ലേഡി ഡോക്ടരുടെ ഡയറിയാണത്  .. അവർ വിധവയാണു, ഒരു   മുതിര്ന്ന മകനുണ്ട് .. അവരുടെ അടുത്ത്ഭാര്യയുടെ അബോര്ഷന് വേണ്ടി എത്തുന്ന  ഒരാൾ... ഏകദേശം മകന്റെ പ്രായമുള്ള അയാളെ കണ്ടുവന്ന് അവർ മകനോട്  ചോദിക്കുന്ന ഒരു ചോദ്യമുണ്ട് 

-ഞാൻ നിനക്ക് മമ്മയോ സ്ത്രീയോ?
അവന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു 
-സ്ത്രീയിലുള്ള അമ്മ

അയാൾ  മൂന്നാമത്തെ തവണയാണ് ഭാര്യയെ അബോർഷനു വിധേയയാക്കുന്നത് .. ഇത് ഡോക്ടർ മനസിലാക്കുന്നത് ഭാര്യയിൽ നിന്നാണു..  അയാളെ തനിച്ച് വിളിച്ച് എന്തിനാണു ഇങ്ങനെ സ്വന്തം കുഞ്ഞിനെ തുടരെ കൊല്ലുന്നതെന്ന്  ചോദിക്കുന്നു .

-എന്തിനാണ് സ്വന്തം ജീവന്റെ കഷണം ഇങ്ങനെ മുറിച്ചു കളയുന്നത്?

ഞാൻ അവനിൽ സാമാന്യം കനമുള്ള രൂപത്തിൽ ചോദ്യം തൂക്കിയിട്ടു 

-പെണ്‍കുഞ്ഞായതുകൊണ്ട് 

നിസ്സഹായതയിലേക്ക് ചുരുങ്ങിയ അവന്റെ മറുപടികേട്ട്  ഞാൻ തളര്ന്നു പോയി. അപ്പോൾ ശാസ്ത്രീയത സ്വന്തമായുള്ള മറ്റാരൊ അവനെ ആദ്യമേ സഹായിച്ചു കഴിഞ്ഞു ..

-ഇത് മാത്രമല്ല കഴിഞ്ഞ രണ്ട് തവണയും അങ്ങനെ തന്നെയായിരുന്നു 

അവൻ അല്പം കൂടി വിശദീകരിച്ചു 

-നിനക്കെന്താ പെണ്‍കുഞ്ഞിനെ വേണ്ടെ ?

ഞാൻ സ്തെതസ്കോപ്പ് ഉപേക്ഷിച്ച് സ്ത്രീയെ പോലെ മുരണ്ടു 

-വേണം. ഇപ്പോഴല്ല, കുറച്ച് വർഷങ്ങൾ കൂടി കഴിഞ്ഞിട്ട് 

-അതെന്താ ?

അവന്റെ മറുപടിയിലേക്ക് ഞാൻ മിഴിച്ച് നോക്കി..

- അവൾ പ്രായപൂര്ത്തിയാകുംപോഴെകും എനിക്ക് വൃദ്ധനാകണം 

അവന്റെ സ്വരം തടിച്ചു 

പുറത്ത് നിന്നും കേട്ട ആംബുലൻസിന്റെ നിലവിളി ജീവിതത്തിലാദ്യമായി എന്തെയുള്ളിലേക്ക് ഭീതി നനഞ്ഞ ഒരു പെണ്‍കുട്ടിയുട്ടിയുടെ നഗ്നത ചവച്ചു തുപ്പി 

[പെണ്‍ഭ്രൂണ നിക്ഷേപകന്റെ ദിശ -അജിജേഷ് പച്ചാട്ട് ]

(വായിച്ചു തീർന്നപ്പോൾ മാധവന്റെ "മാസങ്ങളുടെ ഘടികാരമാവാൻ" പോവുന്ന പെണ്‍കുട്ടിയെ ഓര്ത്ത് )

Sunday, August 18, 2013

ഗന്ധർവൻ പറഞ്ഞത് ...

 ഒരേ സമയം പ്രേമിക്കുകയും വിവേകിയായിരിക്കുകയും ചെയ്യുക അസാധ്യമാണ് .. ഫ്രാൻസിസി ബേക്കണ്‍ 


തീരമാണിത് 
തിരകൾ തിമർത്താടി 
തലതല്ലി തകർന്നടിഞ്ഞ 
തിരിച്ചുവരാത്ത തോണിക്കാരന്റെ 
തീരമാണിത് 

അകന്നു പോവുന്ന അലകൾ പറഞ്ഞതും 
അമർത്തി വെച്ച ആന്തലിൽ തെളിഞ്ഞതും 
അറ്റകൈയ്ക്  അറം പറ്റിയെന്ന് 
അന്തമില്ലാതെ ആണയിടുന്നതും 
അവനവന്റെ അക്ഷരങ്ങൾ മാത്രം 

കടൽകൊട്ടാരത്തിനൊരു കാവൽ തീർക്കാൻ 
കരക്കടിഞ്ഞ കല്ലും കാക്കയും തേടി 
കൽവിളക്കിൽ കരിന്തിരി കത്തിച്ച് 
കാത്തു കിടന്ന കടത്തുകാരന്റെ 
കലമ്പുന്ന കിതപ്പിൽ നിന്നും 
കട്ടെടുത്ത കിനാക്കളാണിത് 

നനവാർന്ന നിനവിൽ 
നക്കിത്തുടച്ച് നിരപ്പാക്കിയത് 
പരുപരുത്ത പാറക്കല്ലുകളിൽ 
പതിച്ചു പ്രാണൻ പകർന്നത്  
അടുത്ത അലയിൽ 
അവസാനത്തെ അടിയിൽ  
ഗന്ധർവനെന്നും   കന്യയെന്നും 
പരസ്പരം പിരിച്ചെഴുതേണ്ടി വരുമ്പോൾ 

ഇല്ല,
മുകളിൽ ആകാശവും താഴെ ഭൂമിയും സാക്ഷി 
വാനോളം തലയുയർത്തി എത്തുന്ന 
കരിങ്കൽ ദൈവങ്ങളുടെ ഇന്നത്തെ കാഴ്ച്ചദ്രവ്യം 

ഒന്നുകിൽ,
പ്രാണൻ പിടഞ്ഞു തീർന്ന് 
തീരത്തടിയുന്ന മറ്റൊരു മണൽത്തരിയാവാൻ 
അല്ലെങ്കിൽ .. 

Tuesday, August 6, 2013

Thursday, August 1, 2013

വെളുപ്പിനെന്തെ ചുവപ്പുനിറം

"ഡേയ്...."

തന്നെ വെട്ടിച്ച് കയറിപ്പോയ ബൈക്കിനെ നോക്കി  ശ്രീറാം തന്റെ ദേഷ്യം മുഴുവന്‍ വലിച്ച് പുറത്തിട്ടു.. അവനെ തോല്പിച്ച സന്തോഷത്തില്‍ പാര്‍ക്കിങ് സ്പേയ്സിലേക്ക് പാഞ്ഞുകയറിയ ശ്വേതയുടെ ഹീറോഹോണ്ട ഏറ്റവും അരികിലെ സ്ലോട്ടിലേക്ക്  കയറി നിന്നു.. വൈകിയിറങ്ങുന്ന തന്റെ വണ്ടി മറ്റാരുടെയും വഴിമുടക്കേണ്ട എന്ന വിചാരമാണ് അധികമാരും ഇഷ്ടപ്പെടാത്ത ഒഴിഞ്ഞ സ്ഥലം തേടി ശ്വേതയെത്തുന്നതിന്റെ കാരണം..

"നിനക്കിനിയും നിര്‍ത്താറായില്ലെ ഈ കുട്ടിക്കളി"

"ചുമ്മ .. ഒരു രസം.. ഇടക്കൊക്കെ നിന്റെ ആണ്‍‌മൂരാച്ചിത്തരത്തിനൊരു കൊട്ടു  തന്നില്ലെങ്കില്‍ ഞാന്‍ എങ്ങിനെ നിന്റെ കൂട്ടുകാരിയാവും "

"നീ എന്താ ഈ വെളുപ്പാന്‍ കാലത്തെ.. "

"ഇന്നലെ ഒത്തിരി ലേറ്റായാ പോയെ.. എന്നിട്ടും തീര്‍ന്നില്ല..  വെള്ളിയാഴ്ചയല്ലെ .. ഇന്നു തീര്‍ത്തില്ലെങ്കില്‍ പിന്നെ തിങ്കളാഴ്ചയാവുമ്പൊഴേക്കും ആ ടച്ച് പോവും.. "

"ശരി.. വിട്ടോ.."

"നീ ഇന്ന് നാട്ടിലേക്കല്ലെ.. അവളോട് എന്റെ അന്വേഷണം പറയണം"

കോറിഡോറുകളില്‍ ആളനക്കം തുടങ്ങിയിട്ടില്ല.. തോട്ടക്കാരും തൂപ്പുകാരും മാത്രം അങ്ങിങ്ങ് മിന്നിമറയുന്നു.. കാന്റീനിലേക്ക് തിരിയുന്ന ശ്രീറാമിനെ വിട്ട് ശ്വേത ലിഫ്റ്റിനു നേരെ തിരിഞ്ഞു.. അടയാന്‍ തുടങ്ങിയ ഡോര്‍ അകത്തുനിന്ന് ആരോ കൈകൊണ്ട് തുറന്നു... ഒരു ചുവന്ന വേഷം.. ചുവന്ന പൊട്ട്..

"താങ്ക്സ്.."

ആരെന്നു നോക്കും മുമ്പെ അവള്‍ തന്റെ നന്ദി പ്രകടിപ്പിച്ചു.. പതിമൂന്നെന്ന് കുത്താന്‍ തുടങ്ങിയതും ആരാണ് അകത്തെന്ന് നോക്കിയതും ഒരുമിച്ചായിരുന്നു...

നമ്പര്‍ പാഡില്‍ വിരലമര്‍ത്തുമ്പോള്‍ അവരുടെ ശ്വാസം ശ്വേതയുടെ മുഖത്തടിച്ചു... ആകാവുന്ന അകലത്തില്‍ നിന്നിട്ടും അറിയാതെ എന്ന പോലെ അവര്‍ക്കും തനിക്കുമിടയിലെ ദൂരം കുറയുന്നത് ശ്വേതയറിഞ്ഞു.. രണ്ടാം നിലയില്‍ അവര്‍ക്കായിട്ടായിരിക്കണം ലിഫ്റ്റൊന്ന് വിശ്രമിച്ചത്. പക്ഷെ അവര്‍ ഇറങ്ങാതെ നില്‍ക്കുന്നതും പതിമൂന്നിലെത്താന്‍ യുഗങ്ങള്‍ താണ്ടേണ്ടി വരുമെന്ന തോന്നലും കൂടെയായപ്പോള്‍ അടയാന്‍ തുടങ്ങിയ ലിഫ്റ്റ് ഡോര്‍ തള്ളിതുറന്ന്  ശ്വേത പുറത്ത് ചാടി..

താഴോട്ടുള്ള പടികള്‍ ഓടിയിറങ്ങുമ്പോള്‍ കാല്‍മുട്ടിലെ വേദനയെ കറിച്ച് അവള്‍ പരിഭവിച്ചില്ല.. കാന്റീനിലേക്ക് കയറും മുമ്പ് തന്റെ ശ്വാസം നേരെയാക്കാന്‍ അവള്‍ വളരെയേറെ പണിപ്പെട്ടു..  ഒന്നും സംഭവിക്കാത്ത പോലെ ഒരു ചായയുമെടുത്ത് അവള്‍ ശ്രീറാമിന്റെ മുന്നിലെത്തി..എന്നിട്ടും അവളുടെ പതറിച്ചയില്‍ കൊച്ചു ഗ്ലാസിലെ ചായയുടെ പകുതിയും തുളുമ്പി തെറിച്ചു..

"എന്താടീ.. എന്തു പറ്റി"

"ഒന്നുമില്ല"

ആരെയൊ പ്രതീക്ഷിക്കും പോലെ ശ്വേത പുറകോട്ട് നോക്കി

" ആരാ.. അരെയാ നോക്കണെ"

"അവര്‍  ... അവർ "

"ആര്..?"

"അവർ  ...അതിനു ശേഷം ഇന്നാണവരെ നേരില്‍ കണ്ടത്... ..."

"ഇതെന്താ .. സാറും മാഡവും കൂടി രാവിലെ..'"

"ചുമ്മാ.. ഇവളെന്തൊ കണ്ട് പേടിച്ച് ഓടിവന്നതാ.. എന്താന്ന് ചോദിച്ചിട്ട് പറയുന്നില്ല"

 "ചിലതൊക്കെ പെണ്ണുങ്ങള്‍ തമ്മിലെ പറയാനൊക്കു.. സാറ് പൊക്കൊ.. ഞാനിരിക്കാം "

അവര്‍ അരികിലെ കസേരയില്‍ ഇരുന്നതും ശ്വേത ചാടിയെണീറ്റു..

"ശ്രീ .. ഞാനും വരുന്നു.. "

"ആരോടെങ്കിലും പറഞ്ഞാല്‍ .."

ഇടയില്‍ കയറി അവര്‍ പറഞ്ഞത് പതിയെയെങ്കിലും‍ കണ്ണില്‍ തീപാറുന്ന നോട്ടമായിരുന്നു..

"നീ വരുന്നുണ്ടോ..?" 

ശ്രീറാമിന്റെ ചോദ്യത്തില്‍ അവര്‍ വഴിമാറി.. എങ്കിലും ആ നോട്ടം ശ്വേതയെ പിന്തുടരുന്നുണ്ടായിരുന്നു..

"എന്താ.. എന്താ പ്രശ്നം.. ആ രണ്ടുമിനിറ്റിനുള്ളില്‍ എന്താ സംഭവിച്ചെ?"

നേരത്തെയെത്തുന്നവര്‍ കോറിഡോറില്‍ നിറയാന്‍ തുടങ്ങിയിരിക്കുന്നു.. ആരുടെയൊ വിളിക്ക് ചെവികൊടുത്ത് ശ്രീറാം വഴിമാറി പോയി.. എങ്ങോട്ടാണ് പോവേണ്ടതെന്നറിയാതെ ശ്വേത അവിടെ തന്നെ നിന്നു.. പിന്നെ   പലര്‍ക്കുമൊപ്പം ലിഫ്റ്റില്‍ കയറി.. പതിയെ ജീവന്‍ വെക്കാന്‍ തുടങ്ങിയ ഓഫീസ് കെട്ടിടത്തില്‍ അന്നത്തെ തിരക്കിലേക്ക് അവളും ഊളിയിട്ടു..

"രാജ്.. ഞാന്‍ നിന്റെ വിളി പ്രതീക്ഷിക്കുകയായിരുന്നു.. നോക്ക്.. ആദ്യത്തെ തുള്ളിവീണപ്പൊഴെ ഞാന്‍ നിന്റെ വിളികാത്തു.. വൈകുന്നേരം നേരത്തെ എത്തണം.. പിന്നെ.. ഒന്നുമില്ല "

"നീയെന്താ വിളിക്കാഞെ.. "

"തിരക്കാരുന്നു..   .. .. രാവിലെ  മൊത്തം പോയി കിട്ടി..  വന്നിട്ട് ഒന്നും നടന്നില്ല....ഉച്ചക്ക് ശേഷമാ എന്തെങ്കിലും നേരെ ചെയ്തെ"

"എന്തുപറ്റി..?"

"ഇന്ന് അവരെന്റെ കൂടെ ലിഫ്റ്റില്‍ ഉണ്ടാരുന്നു..ഞാന്‍ ആകെ..."

"ആര്.."

"ഓര്‍ക്കുന്നില്ലെ.. അന്ന് ലേഡീസ് വെയ്റ്റിങ് റൂമില്‍ വെച്ചെന്നെ ..."

"എന്നിട്ട്.."

"ഒന്നുമില്ല.. ഞാന്‍ ലിഫ്റ്റില്‍ നിന്ന് ഇറങ്ങി ഓടി.. ശ്രീ കാന്റീനില്‍ ഉണ്ടാരുന്നു.. അവനൊപ്പം  ഇരുന്നു.."

"ഉം.. വേഗം വരണം.. സന്ധ്യയാവാന്‍ നില്‍ക്കണ്ട.."

"വെച്ചൊ.. വെച്ചൊ.. ഞാനെല്ലാം തീര്‍ക്കട്ടെ..

ആദ്യത്തെ മഴ ഇരുട്ടുമായാണെത്തിയത്.. സമയത്തിനു മുമ്പെ രാവെത്തിയപോലെ.. വെള്ളിയാഴ്ച കൂടിയായപ്പോള്‍  പലരും നേരത്തെ വീടണയാന്‍ തിരക്ക് കൂട്ടി..

"ശ്വേതാ...   തീര്‍ന്നൊ.. എനിക്ക് റിപ്പോര്‍ട്ട് അയച്ചെ പോകാവൂ.. നാളത്തെ മീറ്റിങിനുള്ളതാ..."

" ശരി സര്‍ ... ഒരു പത്തു മിനിറ്റ് .. ഞാന്‍ അയക്കാം.. "

ജനലിനു പുറത്ത് കട്ട പിടിക്കുന്ന ഇരുട്ടിനെ നോക്കി അവള്‍ ഉത്തരം നല്‍കി.. ഫോണ്‍ കണ്ടുപിടിച്ചവനെ ഒരു നിമിഷം അവള്‍ ശപിച്ചു.. കോറിഡോറുകളില്‍ താഴും താക്കോലും കലമ്പാന്‍ തുടങ്ങിയിരിക്കുന്നു... വാതിലിനു പുറത്തേക്ക് നീണ്ടുകിടക്കുന്ന വെളിച്ചത്തിന്റെ ചതുരം കണ്ട് കാവല്‍കാരനും തിരിച്ചു പോയിരുന്നു..   ശ്വേത ലിഫ്റ്റിനു നേരെ നടന്ന് പിന്നെ എന്തോ ഓര്‍ത്തെന്ന പോലെ കോണി പടികളെ കൂട്ടുപിടിച്ചു..  അങ്ങിനെ ഒരു ദിവസം കഴിഞ്ഞു ഒരാഴ്ചയും..

 എല്ലാവരും വേനല്‍ ചൂടിനെ തകര്‍ത്തെത്തിയ മഴ ആസ്വദിക്കുകയായിരുന്നു... അതുകൊണ്ട് തന്നെ ഫോണ്‍ അടിച്ചപ്പോള്‍‍ ആരെടുക്കണം എന്നര്‍ത്ഥത്തില്‍ അവര്‍ പരസ്പരം നോക്കി..

"ആരാ..."

"ആ.. എല്ലാരും പോയല്ലൊ..."

"എത്തിയില്ലെ... ചോദിക്കട്ടെ"

"ജെയിംസ് .. നീ റൂമുകള്‍ പൂട്ടാന്‍ പോയപ്പോള്‍ ആ ശ്വേതയെ കണ്ടിരുന്നൊ.. അവര്‍ വീട്ടിൽ  എത്തിയിട്ടില്ലെന്ന്"

"അവര്‍ പോയിരുന്നു.. വൈകിയാണ് പോയത്.. രണ്ടാമത് ചെന്നാ ഞാന്‍ മുറി പൂട്ടിയത്"

"അവര്‍ പോയെന്നു പറയുന്നു"

ശ്രീറാമിന്റെ മൊബൈലില്‍ രാജിന്റെ വിളിയെത്തുമ്പോഴേക്കും ഏറെ വൈകിയിരുന്നു... ട്രെയിനിന്റെ വഴികളില്‍ മിസ്കാള്‍ അലെര്‍ട്ട് ആയി മിസ്കാള്‍ ആയി അവസാനം രാജിന്റെ ഭയം നിറഞ്ഞ ശബ്ദം അവനെ തേടിയെത്തി..

"ശ്രീ .. നീ അവളെ വൈകീട്ട് കണ്ടിരുന്നൊ.. അവള്‍ ഇതുവരെ വന്നില്ല"

ആരൊക്കെയൊ കൈമാറി വാര്‍ത്ത പരക്കുമ്പോഴൊക്കെ ശ്വേതയുടെ മൊബൈല്‍ എവിടെയൊ കിടന്ന് മണിമുഴക്കുന്നുണ്ടായിരുന്നു.. രാജ് അവസാന ശ്രമമായാണ് ഓഫീസില്‍ എത്തിയത്...

"ഞാന്‍ രാജ്.. ശ്വേതയുടെ..."

"അവസാനം പോയത് റാണിയല്ലെ..ആറരക്ക്... അപ്പോള്‍ ശ്വേതയുടെ ബൈക്ക് അവിടെ ഉണ്ടായിരുന്നെന്ന്.. ഒന്നു നോക്കാമൊ"

ആരാലും ശ്രദ്ധിക്കപ്പെടാത്ത മൂലയില്‍ അപ്പോഴും ശ്വേതയുടെ ബൈക്ക് ഒതുങ്ങിയിരിപ്പുണ്ടായിരുന്നു..
 അതിനു മുകളില്‍ അവളുടെ റെയിന്‍ കോട്ട് തുറന്നിട്ടിരുന്നു... ഹാന്റിലില്‍ അവളുടെ കൊച്ച് ബാഗ്.. നഷ്ടമായത് മൊബൈല്‍ മാത്രം .. 

"ആറെമുക്കാലിന് എനിക്ക് കിട്ടിയ അവളുടെ മിസ്കാള്‍ ഇറങ്ങിയെന്നതിന്റെ സൂചനയാണ്.. "

രാജിന്റെ ഉറച്ച ശബ്ദം കേട്ടുനിന്നവരുടെ സിരകളില്‍ ഭയത്തിന്റെ തരിപ്പ് കയറി.. നിഴലുകളിലേക്കെല്ലാം കയ്യിലിരുന്ന ടോര്‍ച്ചുകള്‍ വെളിച്ചം തളിച്ചു..

"അവള്‍ ഇവിടം വിട്ടിട്ടില്ല.. "

"പിന്നെ എവിടെ പോവാന്‍ "

"ഇവിടെയുണ്ട്.. ഇവിടെവിടെയൊ"

ഇടറിയ ശബ്ദത്തില്‍ രാജ് അത്രയും പറഞ്ഞ് വീണ്ടും അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു..

ടോര്‍ച്ചിന്റെ വെളിച്ചം പലദിശയില്‍ പരന്നൊഴുകുന്നുണ്ടായിരുന്നു.. ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങള്‍ കൂട്ടിയിട്ടതിന്റെ അടുത്തുനിന്നാണ് അയാള്‍ ഓടിവന്നത്..

"അവിടെ അവിടെ ..ഒരു ഫോണ്‍ അടിക്കുന്നുണ്ട്..  ആ ആക്രികള്‍ കൂട്ടിയിട്ട് ഗോഡൌണിനരികില്‍ "

ആരോ ആക്രമിക്കും എന്നൊരു കരുതലോടെയാണ് എല്ലാവരും അകത്തു കിടന്നത്.. ഉപയോഗിക്കാതെ കിടക്കുന്ന ആ ഗോഡൌണിന്റെ ലൈറ്റ് എവിടെയെന്നു പോലും ആര്‍ക്കും അറിയില്ലയിരുന്നു..

രാജ് വീണ്ടും ശ്വേതയുടെ നമ്പര്‍ എടുത്തു.. അടുത്ത് എവിടെ നിന്നൊ തന്നെ അത് വീണ്ടും അടിച്ചു..


ആരുടേയൊ ടോ‍ര്‍ച്ച്ലൈറ്റ് അവരുടെ മുഖത്താണ് വീണത്.. ചുവന്ന് കുങ്കുമം പരന്നൊഴുകി മുഖം മുഴുവന്‍ ചുവന്നിരുന്നു.. അഴിച്ചിട്ട മുടികൂടിയായപ്പോള്‍ ആ മുഖത്തിന്റെ രൌദ്രത ഒന്നുകൂടി രൂക്ഷമായി..

"നീ എന്താ ഇവിടെ.. പണി കഴിഞ്ഞ് വീട്ടില്‍ പോയില്ലെ"

ജെയിംസ് അവരുടെ നേരെ നടക്കാന്‍ തുടങ്ങിയത് രാജ് തടഞ്ഞു..

"അവള്‍ ഇവിടെയുണ്ട്.. ഇവിടെവിടെയൊ.."

ചിതറി കിടക്കുന്ന സാധനങ്ങള്‍ക്കിടയിലൂടേ പലവഴിയെ എല്ലാരും ‍തിരയാന്‍ തുടങ്ങി...

"അവളെന്റെയാ..."

കയ്യില്‍ ഒരു ഇരുമ്പ് തണ്ടുമായി അവര്‍ ഓടിയടുത്തത് പെട്ടന്നായിരുന്നു.. മുന്‍‌കൂട്ടി കണ്ടെന്നപോലെ ജെയിംസ് അവരെ തടഞ്ഞിട്ടും അവര്‍ ശ്വേതയുടെ അരികിലെത്തി..

"ഇവളെന്റെയാ എന്റെ.."

"ശ്വേതാ.. ശ്വേതാ... "

തുടുത്തു തിണര്‍ത്ത അവളുടെ മുഖത്ത് തട്ടി രാജ് വീണ്ടും വിളിച്ചു.. പാതി തുറന്ന കണ്‍കളാല്‍ അവള്‍ രാജിനെ നോക്കും മുമ്പെ രാജിന്റെ തലയില്‍ അടിവീണിരുന്നു.. ആര്‍ക്കെങ്കിലും തടയാന്‍ കഴിയും മുമ്പെ അവര്‍ ശ്വേത അടക്കി പിടിച്ചു..

"ഇവള്‍ എന്റെയാ. എന്റെ"

അവരുടെ ശബ്ദം ദേഷ്യവുംകരച്ചിലും ചേര്‍ന്ന് വല്ലാത്ത ഭാവമായിരുന്നു.. ചുവന്ന മുഖം ഒന്നൂടെ ചുവന്ന്...

അടുക്കാന്‍ തുടങ്ങുന്ന ഓരോരുത്തരെയും അവര്‍ വിരല്‍ ചൂണ്ടി നിര്‍ത്തി..

"അടുക്കരുത്.. ഇവള്‍ എന്റെയാ എന്റെ.. "

നിറുകയില്‍ നിന്നൊഴുകുന്ന ചോരയില്‍ കാഴ്ചമറയുമ്പൊഴും   രാജ് അത് അവ്യക്തമായി കേട്ടു.. 

Thursday, July 11, 2013

...................

ശരികൾ ഇണചേർന്നായിരിക്കണം
ശരിയല്ലായ്മ പിറന്നത്
അല്ലെങ്കിൽ ഇത്രയും ഉദാത്തമായ്
അശരീരികൾ പോലും
അങ്ങിനെയാണ് മൊഴിഞ്ഞത്

ഇന്നലെ
അടച്ചിട്ട ശബ്ദങ്ങളായിരുന്നു
ഇന്ന്
ഇടത്തു  നിന്നും വലത്തോട്ടുള്ള
പ്രയാണത്തിലാണ് ഞണ്ടിൻ കാലുകൾ
വെളുപ്പിൽ ഒരു തുടുപ്പായ്
ഇളം നീല കറുപ്പായ്

വരണ്ട വരത്തൻകാറ്റിൽ
അവസാനത്തെ ജലാംശവും നഷ്ടമായി
കുറികി കുറുകി വലിയുന്നുണ്ട്
ആദ്യം വെളുത്തിരുന്നു
പിന്നെ മഞ്ഞയായ്
ഇപ്പോൾ വൃത്തികെട്ട് തവിട്ടായ്
എന്നിട്ടും തുപ്പികളയാനാവാതെ

വെള്ളത്തേക്കാൾ കട്ടികൂടി
രക്തത്തെക്കാൾ നേർത്തു പോയിരിക്കുന്നു
കറവീഴ്ത്തി കടന്നു പോയവർ
തല്ലിയുടച്ച് തർപ്പണം വെച്ചവർ
ഏവരും എത്തുമായിരിക്കാം

 ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്ന്
ആരും കേൾകേൾക്കാതെ പിറുപിറുക്കുമായിരിക്കും 

Tuesday, June 18, 2013

റിയാസ് ഞങ്ങളുടെ ഡോക്റ്ററാണ്

റിയാസ് ഞങ്ങളുടെ ഡോക്റ്ററാണ്; കമ്പ്യൂട്ടര്‍ ഡോക്റ്റര്‍... ....... ഏഴുനിലയില്‍ എവിടെ കമ്പ്യൂട്ടര്‍ പണിമുടക്കിയാലും റിയാസിനൊരു വിളിവരും.. അങ്ങിനെ ഞങ്ങളുടെ കമ്പ്യൂട്ടറിനും വൈറല്‍ പനിയും വയറിളക്കവുമെല്ലാം വരുമ്പോള്‍, ഞങ്ങളും വിളിക്കുന്നത് റിയാസിനെ തന്നെ.. ഇതെന്തെ ഇപ്പൊ റിയാസിനെ പറ്റി പറയാന്‍ എന്നല്ലെ..   റിയാസ് ഒരു പുസ്തകവിരോധിയാണ്.

വായനാദിനമെന്നും വായനാവാരമെന്നും ഒക്കെ പത്രങ്ങളിലും വാരികകളിലും എന്തിനു ഇലക്റ്റ്രോണിക് മീഡിയകളില്‍ വരെ നിറയുകയാണ്.. സെമിനാറുകളായി ചര്‍ച്ചകളായി എല്ലാവരും പുസ്തകമെന്നും വായനയെന്നും നാഴികക്കു നാല്‍പ്പതുവട്ടം ഉരുവിടുന്നു.. എന്റെ വായനയുടെ മുക്കാല്‍ നോവല്‍ കഥ കവിത വിഭാഗത്തില്‍ പെടുന്നു.. ലൈബ്രറിയില്‍ നിന്നു കൊണ്ടുവരുന്ന നോവല്‍ കണ്ട് റിയാസ് പുച്ഛത്തോടെ ചോദിക്കും “നിനക്ക് വേറെ പണിയൊന്നുമില്ലെ.. ഈ ചവര്‍ വായിക്കല്ലാതെ”.. എപ്പൊഴും “ചവര്‍ ആണോ എന്നറിയാന്‍ നീ വായിച്ചിട്ടുണ്ടോ “ എന്നൊരു മറുചോദ്യത്തില്‍ ഉത്തരം തീരും.. എന്റെ പുസ്തകങ്ങള്‍ കാണുമ്പോള്‍ അവന്റെ മുഖത്ത് എപ്പൊഴും ഒരു പുച്ഛഭാവമാണ്.. ഇലക്റ്റ്രോണിക്സ് പുസ്തകങ്ങള്‍ അല്ലാതെ മറ്റൊന്നും വായിച്ചിട്ട് കാര്യമില്ലെന്നാണ് റിയാസിന്റെ അഭിപ്രായം.

ഇന്നു വീണ്ടും പത്രത്തില്‍ വായനാദിനം/വായനാവാരം വാര്‍ത്തകള്‍ .. അത് വായിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി റിയാസ് കയറിവന്നപ്പോഴാണ് ഞാന്‍ ചോദിച്ചത്... നീ പഠിക്കാനുള്ളതല്ലാതെ എന്തെങ്കിലും പുസ്ത്കം വായിച്ചിട്ടുണ്ടോ..

“ഉണ്ട്. ഇലക്റ്റ്രോണിക്സ് പുസ്തകങ്ങള്‍”
“അല്ലാതെന്ത് വായിക്കാനാ..”

ഞാന്‍ ഉദ്ദേശിക്കുന്ന വായന എന്താണെന്ന് എങ്ങിനെ വിശദമാക്കണമെന്ന് ആലോചിക്കുമ്പോള്‍ റിയാസിന്റെ വിശദീകരണം.. 

“പത്രം വായിക്കാറുണ്ട്.. പിന്നെ ട്രെയിനില്‍ വരുമ്പോള്‍ ആരെങ്കിലുമൊക്കെ വാങ്ങിക്കുന്ന കോമിക്കുകള്‍ വായിക്കാറുണ്ട്.. “

ശ്ശോ.. അപ്പോള്‍ ഈ വായന എന്നു പറയുന്നത് എന്താണ് എന്നൊരു സംശയത്തില്‍ ഞാന്‍ തട്ടി നില്‍ക്കുമ്പോള്‍, അവന്റെ കളിയാക്കല്‍ പുറത്തു ചാടി..

“അല്ലാതെ നീ വായിക്കണ തരം ഈ വൃത്തികെട്ട പുസ്തകങ്ങള്‍ ഒന്നും ഞാന്‍ വായിക്കില്ല“

എന്നാലും എങ്ങിനെ ഇത്ര പ്രായായിട്ടും ഒരു നോവലൊ കഥയോ വായിക്കാതെ എങ്ങിനെ എന്നൊരു ചോദ്യം എന്റെ മുഖത്ത്  ബാക്കിനിന്നതിനാലാവണം, റിയാസ് നയം വ്യക്തമാക്കിയത്..
ഈ വല്ലവരും എഴുതിവെച്ചിരിക്കണ  കഥയും കവിതയും വായിച്ചിട്ട് എന്താപ്പൊ കാര്യം.. നമുക്ക് യാതൊരു നേട്ടവും ഇല്ല.. എന്തെങ്കിലും വായിക്കാണേല്‍ നമുക്ക്  അതുകൊണ്ട്  ഒരു ലാഭം വേണ്ടെ.. കഥ വായിച്ചത് കൊണ്ട്  നമ്മള്‍ ഒന്നും നേടുന്നില്ല.. ഒരു ഇലക്റ്റ്രോണിക്സ് ആര്‍ട്ടിക്കിള്‍ വായിച്ചാല്‍ ഏതെങ്കിലും ഒരു സര്‍ക്യൂട്ടില്‍ അത്  ഉപയോഗപ്പെടും.. അല്ലെങ്കില്‍ എവിടെയെങ്കിലും.. പക്ഷെ ഒരു കവിതയില്‍ എന്തുണ്ട്...
വീണ്ടും അതേ പുച്ഛഭാവം.. 

Thursday, May 9, 2013

അധിനിവേശങ്ങൾ .......

ആര്യയെ ഞാൻ ആദ്യം കാണുമ്പോൾ അവൾ മധുരപതിനെട്ടിൽ ആയിരുന്നു.. പ്ലസ് 2 കഴിഞ്ഞ് ഡിഗ്രി ചെയ്യാൻ എത്തിയതാണ്.. താമസം ഞങ്ങളുടെ ഹോസ്റ്റളിൽ .. റൂം നമ്പര് 18 ... പതിനേഴിലെ കലപിലയായ എന്നെ അവള്ക്ക് തഴയാനാവില്ലല്ലോ .. എന്തായാലും മൂന്നുകൊല്ലത്തെ പരിചയത്തിൽ അവളെ ഞങ്ങൾ ബൈസൻ വാലിയിലെ രാജകുമാരിയാക്കി.. കാട്ടുകഥകൾ കേട്ട് മിണ്ടാതിരിക്കുന്ന ഞങ്ങൾ ഇതേ കഥകൾ എരിവും പുളിയും ചേര്ത്ത് അവള്ക്ക് തന്നെ തിരിച്ച കൊടുക്കും. നാടുമീ കാടുമെല്ലാം എന്നൊക്കെ നീട്ടി പാടി കരണ്ടുകട്ടുകളെ ആഘോഷിക്കും..കഴിഞ്ഞ ശനിയാഴ്ച അവൾ ഹോസ്റ്റലിൽ നിന്നും പോയി .. അതിനു മുമ്പ്  പാടി കേട്ട് മനസിൽ പതിഞ്ഞ മലനിരകളെയും കാടിനെയും  കാണണമെന്നത് ഒരു ആഗ്രഹമായിരുന്നു .. 


കാട്ടുപോത്തിന്റെ താഴ്വാരത്തിലെക്കുള്ള യാത്ര അങ്ങീന്യാണ് വന്നു ഭവിച്ചത് .. എങ്ങോട്ട് തിരിഞ്ഞാലും പച്ചപിടിച്ച മലനിരകൾ  മാത്രം..അങ്ങോട്ട് ഉള്ള യാത്രയിൽ രാത്രിയെങ്കിലും ചില ഇറക്കങ്ങളും വളവുകളും മനസ്സിൽ അല്പം ഭയം നിറച്ചു.. പ്രത്യേകിച്ചും അടിമാലിക്ക് ശേഷമുള്ള വഴികൾ ...

ഏതോ ഇടവഴികേറി 16 കിലോമീറ്റർ മാത്രം താണ്ടി മൂന്നാറിൽ .. മൂന്നാര് അല്ല എനിക്ക് ഇഷ്ടമായത് . അവിടേക്കുള്ള യാത്രയാണ്.. സ്ഥിരം യാത്രാകേന്ദ്രങ്ങൾ എല്ലാം പോയെങ്കിലും മറ്റേതൊക്കെയോ  വഴിയേ പോവാൻ സ്വദേശിയായ സാരഥിക്ക്  സന്തോഷം .. 

കോമാളികുടിയിലെ ഉത്സവം ഞങ്ങൾ ചെന്ന ദിവസം തീർന്നുപൊയിരുന്നു .. കുളിച്ച് ഈറനായി ചോലയിൽ നിന്നും വഴിനീളെ ഉരുണ്ടു കേറിവരുന്ന സ്ത്രീയെ അതിനാൽ  കാണാനൊത്തില്ല ..  വന്നു കേറിയ വരത്തന്മാരായ നാട്ടുകാരുമായി അവിടെത്തെ ആദിവാസികൾ കൂട്ട് അല്ലാത്തതിനാൽ അവരെ "ഉപദ്രവിക്കാനുള്ള" ശ്രമവും  നടന്നില്ല .. .. ഒരു വണ്ടി മറഞ്ഞാൽ  പോലും അവർ സഹായിക്കില്ലെന്നതിനു എന്റെ കൂട്ടുകാരി തന്നെ  തെളിവ് ...എന്നാലും കാടു  കേറി നടക്കുന്നതിനിടയിൽ കണ്ട ചിലരെ ചൂണ്ടി അവൾ പറഞ്ഞു.. ഇവർ  ഇവിടത്തെ കാട്ടുവാസികൾ.. കുഞ്ഞുങ്ങളെ പുറകിൽ  മാറാപ്പ് തൂക്കി എന്തൊക്കെയോ കാട്ടു വിഭവങ്ങളുമായി   അവർ നടന്നകന്നു 

പിന്നെ വന്ന കൂട്ടത്തെ കണ്ടപ്പോൾ വേഷത്തിൽ അലസത  ..പക്ഷെ കാഴ്ചയിൽ  പരിചിതം.. അതെ പട്ടണത്തിൽ ഞാൻ സ്ഥിരം കാണുന്നവർ .. ദേശാടനക്കിളികൾ  - അവർ ബീഹാരിയാവാം  ബംഗാളിയാവാം  -  ചുറ്റും ഉയരുന്ന റിസോർട്ടുകളിലെ പണിക്ക് വന്നവരാണ് .. അവരോടുള്ള വിശ്വാസകൂടുതൽ കാരണം സന്ധ്യ മയങ്ങിയതും കാട് കേറി പോവേണ്ട തറവാട്ടിലേക്കുള്ള യാത്ര വിലക്കപ്പെട്ടു.. അവിടെ മുഴുവൻ വരത്തൻമാരാ.. വലിയമ്മയുടെ അഭിപ്രായം.. പിന്നെ അവരെകുറിച്ചുള്ള കുറെ ആവലാതികൾ 

വെറുതെ .. എന്റെ ചിന്ത എന്തുകൊണ്ടെന്ന് അറിയില്ല മറ്റൊരു വഴിയെ പോയി.. വർഷങ്ങൾക്ക്  മുമ്പ ആര്യയുടെ പൂർവ്വികർ കാടു വെട്ടി കുടിയേറാൻ ചെന്നപ്പോൾ അന്നത്തെ  മണ്ണിന്റെ മക്കളും ഇതുപോലെ തന്നെ  പരസ്പരം പറഞ്ഞിരിക്കുമല്ലേ ...തലമുറകളിൽ നിന്നും പകര്ന്നു കിട്ടിയ വിദ്വ്വേഷമാവാം അല്ലെ അവരെ ഇന്നും പരസ്പരം അകറ്റി നിർത്തുന്നത് .. ഈ വരത്തൻമാർ  റിസോട്ടുകളുടെ പണിതീരുമ്പോൾ മറ്റെന്തെങ്കിലും ജോലികളുമായി ഇവിടെ തന്നെ  കൂടില്ലേ ..

നാളെ ഇവരുടെ വരും തലമുറകളിലെ ആരുടെയെങ്കിലും കൂട്ടുകാർ എന്നെ പോലെ ഈ നാടുകാണാൻ വരുമായിരിക്കും .. പക്ഷെ അന്നേക്ക് ഈ പച്ച്ചപ്പോന്നും ബാക്കിയുണ്ടാവുമെന്ന് തോന്നുന്നില്ല.. ഇപ്പോൾ തന്നെ കാടുമുഴുവൻ  കെട്ടിടങ്ങൾക്ക്  വഴിമാറിയിരിക്കുന്നു ...അധിനിവേശത്തിന്റെ പുതിയ മുഖങ്ങളുമായി, കാടും കാട്ടുവാസികളും !

Monday, April 1, 2013

“പേന്‍‌തലച്ചീ... “


“പേന്‍‌തലച്ചീ... “


സ്കൂള്‍   ക്ലാസ്സുകളില്‍ ആ വിളി കേട്ടവരാണോ നിങ്ങള്‍? അല്ലെങ്കില്‍ കൂട്ടുകാരെ വിളിച്ചവര്‍ . എന്തായാലും “പേന്‍‌തലയാ..” എന്ന വിളിയേക്കാള്‍ സുപരിചിതമായിരുന്നത് പേന്‍‌തലച്ചി തന്നെ. വിളി കേള്‍ക്കുന്നവള്‍ പല്ലിറുമ്മി മുഖം ചുളിച്ച് പത്തു വിരലും കൊണ്ട് തലയില്‍ ഒരു ചറുപറാ എന്നൊരു മാന്തല്‍ .  ആ കാഴ്ചകാണുന്നവരുടെ തലയില്‍ പേന്‍ ഇല്ലെങ്കില്‍ കൂടി ചൊറിച്ചില്‍ വരും.. 

ഓര്‍ക്കുന്നില്ലെ, ചെറിയ ക്ലാസ്സുകളിലെ കാലിളകുന്ന മരബെഞ്ചുകളേ? ആ ക്ലാസ്സുകളില്‍  തന്നെയല്ലെ പേന്‍‌തലകള്‍ കൂടുതല്‍ കണ്ടതും .. ടീച്ചര്‍ കാര്യമായി ക്ലാസ്സ് എടുക്കുന്നതിനിടയിലാവും അരികിലിരിക്കുന്നവളുടെ മുഖത്തേക്ക് നമ്മുടെ നോട്ടം ചെന്നെത്തുന്നത്.. അവിടത്തെ കാഴ്ചയൊ കണ്ണുകളെ പിടിച്ചിരുത്തുന്നതും..  ചെവികള്‍ക്കരികിലെ നനുത്ത മുടികളിലൂടെ കുഞ്ഞു പേനുകള്‍  അരിച്ചിറങ്ങുന്നുണ്ടാവും.. നല്ല ചൂടുള്ള ഉച്ചനേരങ്ങളിലാവും അമ്മപേനുകളുടെ കണ്ണുവെട്ടിച്ച് നന്നിപേനുകള്‍ വെളിച്ചം തേടുന്നത്.. .. വിയര്‍പ്പിന്റെ നനവില്‍ ഒട്ടിപ്പിടിച്ച് ഉറക്കത്തിലാണൊ എന്നു സംശയിക്കാന്‍ തോന്നും ആ കുഞ്ഞു പേനുകളുടെ ഇരിപ്പുകണ്ടാല്‍ . കാഴ്ചയില്‍  അത്ര സൌമ്യരാണവര്‍ ..   കറുത്ത കൂറ്റന്‍ പേനുകള്‍ മുടിയിഴകള്‍ക്കിടയില്‍ ഒളിച്ചിരിപ്പാ‍വും.. ചിലപ്പൊഴൊക്കെ അവരും എണ്ണതേച്ചു മിനുക്കിയ മുടിയിഴകള്‍ക്ക് മേല്‍ സവാരിക്കിറങ്ങും.. 


സ്മൂളുകളില്‍ അപ്പുറത്തിരിക്കണ കുട്ടിയുടെ തലയില്‍ നിന്ന് ഇപ്പുറത്തെ കുട്ടിയുടെ തലയിലേക്ക് പേനുകള്‍ എത്തുന്നത് എങ്ങിനെയെന്ന് കണ്ടുപിടിച്ചില്ലെങ്കിലും ഒരാളുടെ തലയില്‍ പേനുണ്ടെങ്കില്‍ അത് പടര്‍ന്ന് ബാക്കിയുള്ളവര്‍ക്ക് കൂടി കിട്ടിയിരിക്കും .. ഉള്ളതില്‍ നിന്നും പകുത്തു കൊടുക്കാന്‍ മനസ്സില്ലാത്ത കുട്ടികളും പേനുകളെ അവരറിയാതെ പങ്കുവെക്കുന്നു..  

നാട്ടിന്‍പുറത്തെ ഉച്ചകള്‍ പെണ്ണുങ്ങള്‍ക്ക് പേന്‍ കൊല്ലാന്‍ കൂടെയുള്ളതായിരുന്നു.. ഊണുകഴിഞ്ഞ് വടക്കു വശത്തെ ചായ്പ്പില്‍ അയലത്തെ പെണ്ണുങ്ങള്‍ ഒത്തുകൂടും.. പരസ്പരസഹായസഹകരണസംഘം എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം .. മുറ്റത്തേക്കുള്ള ചവിട്ടുപടികളുടെ മേല്‍ നിരന്നിരുന്ന് പേന്‍‌കൊല്ലലും പരദൂഷണം പറയലും ഒരുമിച്ച് കൊണ്ടുപോവും..  


പേന്‍‌ചീര്‍പ്പുകള്‍ ആയിരുന്നു മറ്റൊരു ആയുധം.. പോത്തിന്‍ കൊമ്പിന്റെ പേന്‍ ചീര്‍പ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു.. ചീര്‍പ്പിന്റെ പല്ലുകള്‍ക്കിടയില്‍ മുടിക്കൊപ്പം കുടുങ്ങികിടക്കുന്ന പേനുകളെ പുറത്തെടുത്ത് ചീര്‍പ്പിന്റെ മുകളില്‍ വെച്ച് തള്ളവിരലിന്റെ നഖം കൊണ്ടൊരു ഞെക്കികൊല്ലല്‍‌ ...എന്തൊരു സന്തോഷമാണെന്നൊ ആ വധത്തില്‍ ..

പക്ഷെ ഇപ്പോള്‍ പേന്‍ തലച്ചികളേ കാണാന്‍ കിട്ടുന്നില്ല.. വഴിയരികിലെ ചീര്‍പ്പുവില്പനക്കാരും പറയുന്നത് പേന്‍ ചീര്‍പ്പുകള്‍ക്ക് പഴയ ഡിമാന്റ് ഇല്ലെന്നാ...

സത്യാണോ. ?

(എന്റെ  തലയിൽ  പേനില്ല.. മുൻ‌കൂർ ജാമ്യം )

Wednesday, March 20, 2013

ആത്മാര്‍ത്ഥമായി ഞാനൊന്നു വെറുതെയിരുന്നോട്ടെ..



പതിനാലു വര്‍ഷത്തെ മൌനത്തിനുശേഷം  മലയാളത്തിന്റെ പ്രിയനടി മഞ്ജുവാരിയര്‍ വീണ്ടും ചിലങ്കയണിഞ്ഞു.പലരും അഭിനയത്തിലേക്കുള്ള തിരിച്ചുവരവായി അതിനെ കണക്കുകൂട്ടി.  അഭിമുഖങ്ങളുടെ പേമാരിയായിരുന്നു തുടര്‍ന്നു പെയ്തൊഴിഞ്ഞത്. ഏല്ലാവരും ചോദിക്കാന്‍ മറക്കാതിരുന്ന ഒരു ചോദ്യമുണ്ട്; എന്തുചെയ്യുകയായിരുന്നു ഇത്രനാള്‍ . സിനിമയുടെ തിരക്കില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷയായ അവര്‍ക്ക് ഉത്തരം നല്‍കാന്‍ യാതൊരു വിഷമവുമില്ലായിരുന്നു. ഞാന്‍ ആത്മാര്‍ത്ഥമായി വെറുതെയിരിക്കുകയായിരുന്നു. വെറുതെയിരിക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അത് മഞ്ജുവാരിയരല്ലെ, അവര്‍ക്ക് അതൊക്കെ പറ്റും എന്നായിരിക്കും ഇത് കേള്‍ക്കുന്ന മിക്കവരുടെയും പ്രതികരണം. അല്ലെങ്കില്‍ എങ്ങിനെയാണ് വെറുതെയിരിക്കുക എന്നൊരു ചോദ്യമുയരും. അതെ,  എങ്ങിനെയാണ് വെറുതെയിരിക്കുന്നത്. ആത്മാര്‍ത്ഥമായി പഠിക്കാം ജോലിചെയ്യാം, എന്നാല്‍ എങ്ങിനെയാണ് ആത്മാര്‍ത്ഥമായി വെറുതെയിരിക്കുന്നത് എന്നത് പ്രസക്തമായ ഒരു ചോദ്യമല്ലെ.. 

ഉണര്‍ന്നാല്‍ ഉറങ്ങും വരെ നമ്മള്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയണ്. ചിലപ്പോള്‍ വെറുതെയിരിക്കാന്‍ തോന്നാറില്ലേ? എന്നും രാവിലെ  ജോലിക്ക് പോയി ഏറെ വൈകി വീട്ടിലെത്തുന്നവര്‍ക്ക് സൂര്യനുദിച്ചിട്ടും കിടന്നുറങ്ങാനൊ അലസമായി ഒരു ദിവസം തള്ളിനീക്കാനൊ ആവും ആഗ്രഹം. ചെയ്യാനുള്ളത് തീര്‍ന്നില്ലെന്നൊ എത്തേണ്ടിടത്ത് സമയത്ത് എത്തിയില്ലെന്നോ ആവലാതിയൊ ആധിയൊ ഇല്ലാതെ ഓരോന്നോരോന്നയ് സൌകര്യപൂര്‍വ്വം ചെയ്യുക. ചെയ്തു മടുത്താല്‍ ഒന്നും ചെയ്യാതെ വെറുതെയിരിക്കുക; അതെ വെറുതെയിരിക്കുക, അതു തന്നെ. ഒപ്പം അവനവന് ഇഷ്ടപ്പെട്ടത് ചെയ്യാന്‍ സ്വന്തമായ് കുറച്ച് സമയം. അതും ചെയ്യാന്‍ തോന്നുന്നസമയത്ത് സ്വന്തമാക്കാനാവുക. വെറുതെയിരിക്കുകയെന്നാല്‍ ഇതാവുമൊ അര്‍ത്ഥമാക്കുന്നത്.

മുമ്പൊക്കെ വൈകുന്നേരം പണിയൊതുക്കി നാമം ചൊല്ലാനിരിക്കുന്നതും, ഒരു ദിവസത്തെ അല്പനേരം വെറുതെയിരിക്കാനുള്ള ശ്രമമായിരുന്നില്ലെ. ചൊല്ലി ചൊല്ലി മന:പാഠമായിപോയ കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും വലിയ ശ്രമങ്ങളില്ലാതെ ഒഴുകിവീഴുമ്പോള്‍ തിളച്ചുതൂവുന്ന അത്താഴമൊ അടക്കാതെ പോയ വാതിലുകളോ മനസ്സിലേക്ക് കടന്നുവരില്ലെങ്കില്‍ ചിന്തകള്‍ ഏറെയലട്ടാതെ വെറുതെയിരിക്കല്‍ തന്നെയാവുന്നു. വടക്കിനികോലായിലെ നുണക്കൂട്ടങ്ങളും ആല്‍‌ത്തറകളിലെ സായാഹ്നക്കൂട്ടങ്ങളും ഒരു ദിവസത്തില്‍ വെറുതെയിരിക്കാനുള്ള അവസരങ്ങള്‍ ഒരുക്കിയിരുന്നു. ഒരു പക്ഷെ ഇന്ന് ഇരുപത്തിനാലുമണിക്കൂര്‍ തികയാതെ പോവുന്ന ഓട്ടമായിരിക്കാം വലിഞ്ഞുമുറുകി പൊട്ടാനിരിക്കുന്ന ശരീരത്തിനെയും മനസ്സിനെയും അല്പനേരം കെട്ടഴിച്ചു വിടാന്‍ റിലാക്സേഷന്റ്റെ ആധുനികവഴികളിലേക്ക് നമ്മെ എത്തിക്കുന്നത്. 

ചെറിയകുട്ടികള്‍ അരിച്ചു നീങ്ങുന്ന ഒരു കുഞ്ഞുറുമ്പിനെ നോക്കി എത്രയൊ നേരമിരിക്കും. അതിന്റെ ഓരോ ചലനവും മനസില്‍ പകര്‍ത്തി എത്ര സന്തോഷ്ത്തോടെയാവും അവര്‍ അടങ്ങിയിരിക്കുക. ആ ഒരേഒരു ചിന്തമാത്രം സ്വന്തമാക്കിയിരിക്കാന്‍ അവര്‍ക്ക് കഴിയുന്നു. സന്ധ്യക്ക് അരമണിക്കൂര്‍ കറണ്ട് പോവുമ്പോള്‍ ഒരു മെഴുകുതിരി വെട്ടം പോലും കയ്യിലില്ലെന്നിരിക്കട്ടെ. ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവിനെയൊ, ആകാശത്ത് കണ്ണുചിമ്മി ഞാനിവിടെ ഉണ്ടെ എന്ന് കൊഞ്ചുന്ന നക്ഷത്രത്തെയൊ കാണാതെ കറണ്ടുവരുമ്പോള്‍ ചെയ്യാനുള്ളതിന്റെയൊ ചെയ്യാനാവാത്തതിന്റെയൊ കണക്കെടുപ്പായിരിക്കും നമ്മള്‍ നടത്തുന്നത്.

 തിരക്കുപിടിച്ച ജോലിക്കിടയില്‍ അപ്രതീക്ഷിതമായി കൂട്ടുകാരന്റെ സന്ദേശം
“ഓണ്‍ലൈന്‍ വന്നാല്‍ അല്പം കത്തിവെക്കാമായിരുന്നു”

 വർത്തമാനം തുടരുമ്പൊഴാണ് അവധിയെടുത്ത് തുടര്‍ച്ചയായി നാലുദിവസം വെറുതെയിരിക്കുകയായിരുന്നു എന്നറിയുന്നത്. വെറുതെയിരുന്ന് എന്തു ചെയ്തു എന്ന മണ്ടന്‍ ചോദ്യത്തിന്റെ ഉത്തരമാണ് രസകരമായത്.. കുഞ്ഞിനോടൊത്ത് കളിച്ചു, ആഘോഷമായി കുളിച്ചു,  കുറെ ടിവി കണ്ടു, കിടന്നുറങ്ങി, പിന്നെ ഭക്ഷണം ഉണ്ടാക്കി കഴിച്ചു.. വെറുതെയിരിക്കല്‍ അജണ്ടയിലെ അവസാനത്തെ പരിപാടി എന്നെ ശരിക്കും ഞെട്ടിച്ചു.. പാചകം ചെയ്യല്‍ വെറുതെയിരിക്കലില്‍ പെടുമൊ.. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ലെങ്കില്‍ നമുക്ക് ഇഷ്ടപ്പെട്ടത് ഉണ്ടാക്കികഴിക്കുന്നതും ഒരു രസമല്ലെ.. 

എന്താ നമുക്ക് അല്പനേരം വെറുതെയിരുന്നാലൊ ?

Thursday, March 7, 2013

അനാദിക്കട



കാലം കുറെ കൂടിയാ ഞാന്‍ കുമാരേട്ടന്റെ കടയില്‍ വീണ്ടും ചെന്നത്.... മുമ്പ് വൈകുന്നേരങ്ങളിലെ കടയില്‍ പോക്ക് എന്റെ ജോലിയായിരുന്നു.. .. .ഇപ്പോഴും ആ കടക്ക് വലിയ മാറ്റമൊന്നും ഇല്ല.. . ഞങ്ങളുടെ അനാദിക്കട :)

പാഴായ (പഴയ ) ഒരു എഴുത്തുകാലത്ത്തിന്റെ ബാക്കി പത്രവും :(



ഒരു കിലോ അരി, നൂറു മുളക്, പത്തു  രൂപക്ക്  പച്ചക്കറി, പിന്നെ ഒന്ന് ചവയ്ക്കാന്‍ വെറ്റിലെം പോകലേം .. നാലും കൂടിയ മുക്കിലെ പലചരക്ക് കടയില്‍ നിന്ന് ഇപ്പോഴും ഈ വായ്ത്താരി ഉയരുന്നുണ്ടാവുമൊ? ഉണ്ടെങ്കില്‍ തന്നെ എത്രകാലത്തേക്ക് .. ? സുന്ദരവും വര്‍ണ്ണശബളവുമായ പാക്കറ്റുകള്‍  ആരുടെയും ശ്രദ്ധയാകര്‌ഷിക്കും വിധത്തില്‍ അവിടെ ഒരുക്കി വച്ചിട്ടുണ്ടവില്ല .. കടയുടെ പേരും ചിഹ്നവും പതിച്ച് യൂണിഫോമില്‌ സുന്ദരന്മാരും സുന്ദരികളും ഒരുപ്ലാസ്ടിക് ചിരിയുമായി അവിടെ ഓടി നടക്കുന്നുമില്ല.. കുറെ ചാക്കുകളും കുട്ടകളും പഴക്കുലകളും ഒക്കെ ഒരു ചെറിയ മുറിയിലും മുന്‍ വശത്തുമായ്  "ഉള്ള സ്ഥലത്തൊക്കെ ഇരിക്ക് " എന്ന മട്ടില്‍ കിടപ്പുണ്ടാവും .. അതിനിടയില്‍ മുഷിഞ്ഞ വേഷമെങ്കിലും മുഷിയാത്ത മുഖവും ചിരിയുമായി ഒന്നോ രണ്ടോ പേര്‌ ഓടിനടക്കുന്നുണ്ടാവും .. മിക്കവാറും അതില്‍ ഒരാള്‌ തന്നെയാവും കടയുടമ .. കണക്കൊരു കീറാമുട്ടിയായ്  നടക്കുന്ന എത്രയോ പത്താം ക്ലാസ്സുകാര്‍ സ്കൂളിന്റെ പടിപോലും കണ്ടിട്ടില്ലാത്ത ഇവരുടെ മനക്കണക്ക് കൂട്ടലില്‍ അന്തം വിട്ട് നിന്നിട്ടുണ്ടാവും.. കാല്‌കുലേറ്റരും കമ്പ്യൂട്ടരുമായ് അഞ്ചും പാത്തും പതിനഞ്ച് എന്ന കൂട്ടിത്തരുന്ന ഇന്നത്തെ സൂപ്പര്‌ മാര്‍കറ്റ്‌കാര്‍ ഇവരുടെ നാലയല്വക്കത്ത് വരുമോ? താനിവിടത്തെ സ്ഥിരം കസ്റ്റമര്‌ ആണെന്ന് കാണിക്കാന്‍ കാര്‍ഡ് വേണമെന്ന് അനുശാസിക്കുന്ന പുത്തന്‍ കടക്കാര്‍ക്ക് അതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. കമ്പ്യൂട്ടര്‌ ബില്ലിന്റെ താഴെ അച്ചടിച്ച് വെച്ചിരിക്കുന്ന ആശംസള്‌ക്ക് വിയര്‍പ്പില്‍ കുതിര്‍ന്ന ആ ചിരിയുടെയും തലയാട്ടലിന്റെയും ഊഷ്മളതയുണ്ടോ ?

സാധനങ്ങള്‍ തൂക്കി പൊതിഞ്ഞ് കണക്കുകൂട്ടുന്നതിനിടയില്‌  അമ്മൂമ്മയുടെ കാലുവേദനയും വീട്ടിലെ മറ്റു വിശേഷങ്ങളും ഒക്കെ ചോദിച്ച് ബന്ധങ്ങള്‍ ഊട്ടിയുരപ്പിക്കുന്നവരായിരുന്നു അവര്‌. ..  അന്തിക്കഞ്ഞിക്കുള്ള അരിയുടെ കൂടെ ഒരല്പം സ്നേഹവും കരുതലും കൂടി പൊതിഞ്ഞു നല്കിയിരുന്നില്ലേ?  അതുകൊട്ണാണല്ലൊ വീട്ടില്‍ ഒരു വിരുന്നുകാരന്‍ വന്നാല്‍ പുറകിലെ  വാതിലിലൂടെ ഓടിച്ചെന്ന്  കുറച്ച് ചായപ്പൊടിയും പഞ്ചസാരയും കടം വാങ്ങാന് നമുക്ക് ധൈര്യം തന്നിരുന്നതും ..അതിനു ക്രെഡിറ്റ് കാര്‍ഡിന്റെ പളപളപ്പൊന്നും വേണ്ടായിരുന്നല്ലൊ.. അവിടെ വിനിമയം ചെയ്യപ്പെട്ടിരുന്നത് അരിയും പരിപ്പും മാത്രമായിരുന്നില്ല, നാട്ടിലെ വിശേഷങ്ങള്‌ (അല്പം പരദൂഷണവും ) കൃത്യമായി കൈമാറുന്ന ഒരു ന്യൂസ് ബ്യൂറോ കൂടിയായിരുന്നു. 

വടക്കേ മുറ്റത്തെ വാഴയിലെ ഒരു കുല പഴമോ അധികം വന്ന നാല് തേങ്ങയൊ അവിടെ കൊടുത്ത്  കാശാക്കുകയൊ സാധനങ്ങള്‌ വാങ്ങുകയൊ ചെയ്യുമായിരുന്നു. ബ്രാന്‍ഡ് ഉല്പന്നങ്ങള്‌ മാത്രം വില്‌കപ്പടുന്നിടത്ത് ഇത്തരം ഒരു സഹായം എങ്ങനെ പ്രതീക്ഷിക്കാന്‍ ! അലക്കിത്തേച്ച കുപ്പായത്തിന്റെ ചതുരവടിവുകളില്‍ ജീവിക്കുന്നമലയാളിക്ക് ഇതെല്ലാം അന്യമാവുകയാണ്‌ .. കിലോ കണക്കിന്‌ സാധനങ്ങള്‍ പാക്കറ്റായി വെച്ചിരിക്കുന്നിടത്ത് ചെന്ന് പത്തു രൂപ പച്ചക്കറി എങ്ങിനെ ചോദിക്കും ? മുഖ്യധാരയില്‍ നിന്ന് പുരം തള്ളപ്പെട്ടവര്‍ ഞെങ്ങിഞെരുങ്ങുന്നിടത്തൊ, ഓണം കേറാമൂലയായ ഏതെങ്കിലും നാട്ടിന്‍ പുറത്തോ അതിജീവനത്തിന്റെ ഭാഗമായി ഈ കടകള്‍ നിലനില്‍ക്കുമായിരിക്കുമല്ലേ ? 

അപ്പോ.. അരി .. എണ്ണ .. സോപ്പ് .. പിന്നെന്താ ?


(കാലമേറെ പഴയതാണ് എന്ന് വെച്ചാല്‍ 2006/7 .. ടൈപ്പ് ചെയ്യുമ്പോള്‍ തിരുത്താന്‍ തോന്നി ചിലയിടതൊക്കെ.. പക്ഷെ ഒരു തിരുത്തല്‍ മാത്രം.... 2 രൂപ പച്ചക്കറി ചോദിക്കുന്നത് ഇത്തിരി കടന്ന കയ്യാവില്ലെ  ഇന്ന് .. അത് കൊണ്ട് മാത്രം )

Tuesday, January 1, 2013

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കൌമാരം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കൌമാരത്തിലേക്ക് സ്വാഗതം .. 

ശനിയാഴ്ച നാടെങ്ങും ഒരുപാട് മെഴുകുതിരികള്‍ കത്തിതീര്‍ന്നു.. ഔപചാരികമായാണെങ്കിലും അല്ലെങ്കിലും ഒരു ക്രൂരതയുടെ ഓര്‍മ്മപുതുക്കി ഇനിയും ആവര്ത്തിക്കരുതെ എന്ന് ചിലരെങ്കിലും മനസ്സുരുകി ചിന്തിച്ചു ... ഞാന്‍ ഭാഗമായ പട്ടണവും വിട്ടുനിന്നില്ല.. വിവിധ സംഘടനകളുടെ പേരില്‍ രാഷ്ടീയ പാര്ട്ടികളുടെ കൊടിക്കീഴില്‍ മതങ്ങളുടെ, ജാതികളുടെ വ്യക്തികളുടെ അങ്ങിനെ പലതാവഴികളില്‍, വഴികളില്‍ മൈതാനങ്ങളില്‍ മൗനജാഥകളും പ്രതിഷേധങ്ങളും അരങ്ങേറി .. ഞായരാഴ്ചയുടെ പത്രത്താളുകളില്‍ നിറയെ ചിത്രങ്ങള്‍ നിരന്നു കിടന്നു.. ഇടയില്‍ ഒന്നില്‍ കണ്ണുടക്കി നിന്നു..  അതില്‍ ഏറ്റവും മുന്നില്‍ നിന്നത് ഞങ്ങളുടെ ഹോസ്റ്റലിലെ കൊച്ചു കൂട്ടുകാര്‍ ...

ഹോസ്റ്റലിലെ മിണ്ടാപ്രാണികള്‍ ആണവര്‍ .. വായുഗുളിക വാങ്ങാനെന്നപോലെ തിരക്കിട്ടാണ്‌ അവരുടെ നടത്തം ..നടക്കാറില്ല അവര്‍ ഓടാറെ ഉള്ളു എന്നതാണ്‌ സത്യം .. ആരെയെങ്കിലും തട്ടിയാല്‍ സോറി പറയാന്‍ തിരിയും മുമ്പ് തന്നെ  അവര്‍ ബഹൂദൂരം പിന്നിട്ടിരിക്കും .. ഷെഡ്യൂള്‍ അനുസരിച്ച് ടൈടേബിള്‍ വെച്ചാണ്‌ അവരുടെ ഓരോ ദിനചര്യയും .. അതെ, അവര്‍ ഒരു വര്ഷം കളഞ്ഞ് ഡോക്റ്റര്‍ ആവാന്‍ ഒരു അവസരം കിട്ടുമോ എന്ന് നോക്കാന്‍ വന്നവരാണ്‌ .. അതുകൊണ്ട് തന്നെ ഓരോ നിമിഷവും അവര്ക്ക് വിലപ്പെട്ടതാണ്‌.. ..... ....... മെസ്സില്‍ കഴിക്കാന്‍ വരുമ്പോള്‍ പോലും അവരുടെ കയ്യില്‍ നോറ്റ്സ് ഉണ്ടാവും .. വീട്ടില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ക്കിടയില്‍ പോലും അവര്‍ അതിലേക്ക് നോക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിക്കാറുണ്ട്.. സാധാരണ അവിടെ നടക്കുന്ന യാതൊരു വിധ ബഹളങ്ങളിലും അവര്‍ ഉണ്ടാവാറില്ല.. എന്തിനു സ്വന്തം വീട്ടിലെ കല്ല്യാണവും മരണവും പോലും അവര്‍ക്ക് അന്യമാണ്‌.. .. ..

അതുകൊണ്ട് തന്നെ എനിക്ക് അത്ഭുതമായിരുന്നു, ഇവര്‍ ഇങ്ങനെ ഒരു പ്രകടനത്തില്‍ എങ്ങിനെ വന്നു പെട്ടു എന്ന് .. അതും ഒരാള്‍ അല്ല, മുന്‍നിരയില്‍ മുഴുവന്‍ അവര്, പുറകിലെ കുഞ്ഞു മുഖങ്ങളിലും പരിചിതമായവര്‍ അനവധി .. നിര്‍ബന്ധമായി ഇറക്കിയതാണോ എന്നൊരു സംശയം തോന്നാതിരുന്നില്ല.. 

അധികം കാത്തിരിക്കേണ്ടി വന്നില്ല.. പേജുകള്‍ മറിയും മുമ്പ് തന്നെ അവര്‍ എത്തി .. ഞാന്‍ ചിത്രത്തിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍  അവര്‍ കഥ പറഞ്ഞു.. 

അന്നും അവര്‍ക്ക് പതിവുപോലെ ക്ളാസ്സ് ഉണ്ടായിരുന്നു.. പങ്കെടുക്കാനുള്ള നിര്ദ്ദേശം വന്നപ്പോള്‍ നിങ്ങള്ക്ക് പോണോ എന്നായിരുന്നു സാറിന്റെ ചോദ്യം ... നിങ്ങള്ക്ക് ആ കുട്ടിയെ അറിയില്ലല്ലൊ, പിന്നെന്താ എന്നൊരു ചോദ്യം കൂടിയായപ്പോഴാണ്, അനുപ എഴുനേറ്റത് . "ഞങ്ങള്‍ക്ക് പോവണം ".. "ആകുട്ടിയെ കുറിച്ച് നിങ്ങള്ക്ക് ചിന്തയുണ്ടൊ" എന്ന ചോദ്യത്തിനുത്തരം കരിഷ്മയുടേതായിരുന്നു "ഉണ്ട് .. ഞങ്ങളേ പോലൊരാള്‍ ".. നഷ്ടമാവുന്ന അര ദിവസത്തെ ക്ളാസ്സിനെ കുറിച്ച് ആകുലപ്പെടുത്താന്‍ ആളുണ്ടായിട്ടും അവര്‍ പുറത്തിറങ്ങി.. അനുപ വീണ്ടും അതിനേകുറിച്ച് പറഞ്ഞ് രോഷം കൊള്ളുന്നു.. കരിഷ്മയാണെങ്കില്‍ താനെന്തൊ വലിയ കാര്യം ചെയ്ത സന്തോഷത്തിലാണ്‌ .. പക്ഷെ ഗസലയെന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള പാവക്കുട്ടിയാണ്‌ എന്നെ ശരിക്കും ചിന്തിപ്പിച്ചത്.. അച്ഛനമ്മമാര്‍ മലയാളികള്‍ എങ്കിലും ഇപ്പോള്‍ അവള്‍   ആന്ധ്രാക്കാരിയാണ്‌ ..  ഒരു ദിവസം അമ്മയുടെ വിളി വന്നില്ലെങ്കില്‍ വിഷമിച്ചിരിക്കുന്നവള്‍ .. എപ്പൊഴും കണ്ണൂകള്‍ നിറഞ്ഞിരിക്കുന്നെന്ന് തോന്നും .. പക്ഷെ ഇന്നു അവളുടെ കണ്ണിലെ തിളക്കം എന്നെ ശരിക്കും അമ്പരപ്പിച്ചു...

"ഗസല എങ്ങിനെ ഈ കൂട്ടത്തില്‍ പെട്ടു" .. ചേച്ചീ, എനിക്ക് ഒത്തിരി സങ്കടം തോന്നിയിരുന്നു ആകുട്ടിയുടെ വാര്ത്ത കേള്ക്കുമ്പോള്‍ ..എനിക്ക് മലയാളം വായിക്കാന്‍ അറിയാത്തോണ്ട് ഇവരൊക്കെ പറയുന്നത് കേള്ക്കും .  ഞാന്‍ തന്നെ പോവും ന്ന് കരുതിയില്ല.. എന്നാലും ആര്‍ക്കൊക്കെ പോവണം ന്ന് ചോദിച്ചപ്പോള്‍ ഞാനും  എഴുനേറ്റു.. ഞങ്ങള്‍  എല്ലാവരെയും ഇറക്കി.. 

ഗസല എല്ലാ പത്രങ്ങളിലും വന്ന അവളുടെ പടങ്ങള്‍ വെട്ടി സൂക്ഷിച്ചു വെച്ചിരിക്കുന്നു.. ഒന്നിനും ധൈര്യമില്ല എന്നു പറയുന്ന വീട്ടുകാരെ കാണിക്കാന് .. അല്ലെങ്കില്‍ അവര്‍ വിശ്വസിക്കില്ല.. 

എല്ലാം പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോള്‍ അവള്‍ പുറകില്‍ നിന്ന് വിളിച്ച് ചോദിക്കുന്നു.. 

"ചേച്ചീ, ഞങ്ങള്‍ പോവ്വേണ്ടായിരുന്നൊ.. ഒരു ദിവസത്തെ ക്ലാസിനേക്കാള്‍ ഇതു തന്നെയല്ലെ ശരി .. ടീച്ചര്‍മാര്‍ക്ക് അങ്ങിനെ ഒക്കെ പറയാം .. ഞങ്ങളേപോലെ തന്നെ അല്ലെ ആ കുട്ടിയും"

Tuesday, September 18, 2012

ഭൂമിയുടെ അവകാശികള്‍


ഭൂമിയുടെ അവകാശികള്‍

ഭൂമിയുടെ അവകാശികള്‍  മനുഷ്യര്‍ മാത്രമാണെന്ന അഹങ്കാരമൊന്നും എനിക്കില്ല.. എന്നാലും നമുക്കു വേണ്ടിയാണ് മറ്റെല്ലാം എന്നൊരു ചിന്ത ഇടക്കൊക്കെ അറിയാതെ കേറിവരാറുണ്ട്..

മുറ്റത്ത് ഉണക്കാനിട്ട നെല്ലും കൊണ്ടാട്ടവുമൊക്കെ കാക്കയും കോഴിയും കൊത്താതിരിക്കാന്‍ കുട്ടിയായിരുന്നപ്പോള്‍ ഞാനും കുറെ കാവലിരുന്നിട്ടുണ്ട്..  .. അതൊരു ശിക്ഷയായാണ് മിക്കപ്പോഴും തോന്നിയിരുന്നതും.. ഒരു വശത്ത് കളിയും മറുവശത്ത് കാവലുമാവുമ്പോള്‍ പക്ഷികള്‍ക്ക് അവരുടെ പങ്ക് സ്വന്തമാക്കാന്‍ ഏറെയൊന്നും പണിപ്പെടേണ്ടി വരാറില്ല.. പിന്നെ കോഴികള്‍ താളാത്മകമായി നെല്ലു കൊത്തിത്തിന്നുന്നത് കണ്ടിരുന്ന് രസിക്കുമ്പോള്‍ പുറത്ത് അമ്മയുടെ മുട്ടന്‍ അടി വന്നു വീഴുന്നതും സ്ഥിരം പരിപാടി.. കാക്കകളുടെ കള്ളനോട്ടവും അപ്രതീക്ഷിതമായ ലാന്റിങും ഒന്നും തടയാന്‍ എന്റെ കാവലിനു കഴിയാറുമില്ലായിരുന്നു..  എന്നാലും അരിചേറി വൃത്തിയാക്കുമ്പോള്‍ അടുത്തു കൂടുന്ന കോഴികള്‍ക്ക് അതിലൊരു പങ്ക് അമ്മ എറിഞ്ഞു കൊടുക്കും.. അത് അവരുടെ അവകാശമായിരുന്നിരിക്കാം.. 

വര്‍ഷങ്ങള്‍ക്ക് ശേഷം നഗരത്തിലെത്തിയപ്പോള്‍ ഒരു തമിഴ് ബ്രാഹ്മണരുടെ വീട്ടില്‍ വെച്ചാണ് ഞാന്‍ ആദ്യമായി “ഉറുമ്പിനു വെച്ചത്”“ കണ്ടത്.. ഒരു വീടിന്റെ ജനല്‍ മറ്റൊരു വീട്ടിലേക്ക് തുറക്കുന്നത്ര അടുത്തടുത്തായിരുന്നു അവിടെ വീടുകള്‍ ... ആകെയുള്ള ഒറ്റമുറി-വരാന്ത വീട്ടിലും സാളഗ്രാമവും പൂജയുമൊക്കെ യായി ചിട്ടയോടെ ജീവിച്ചിരുന്നവരായിരുന്നു അവര്‍ .... ഒരിക്കല്‍ അവിടെ ചെന്നപ്പോഴാണ് മതിലിനു മുകളില്‍ വെച്ചിരിക്കുന്ന കുറച്ച് അരിമണികള്‍ കണ്ടത്.. ഇതെന്ത് എന്ന എന്റെ കൌതുകത്തിനു മറുപടിയായാണ്  ഉറുമ്പുകള്‍ക്ക് തിന്നാനാണ് അത് വെച്ചിരിക്കുന്നതെന്നു അവിടത്തെ അമ്മ മറുപടി പറഞ്ഞതും..

വീണ്ടും ഇതൊരു കാഴ്ചയായത് രാജസ്ഥാനില്‍ വെച്ചാണ്.. കൂട്ടുകാരിയുടെ സ്ഥിരം വിശേഷമായിരുന്നു വീടിന് അകത്തേക്ക് പോലും കയറിവരുന്ന മയിലുകള്‍ ... അങ്ങോട്ട് വണ്ടി കയറുമ്പോള്‍ എന്റെ പ്രതീക്ഷകളില്‍ ഒന്നായിരുന്നു മയിലിന്റെ തൊട്ടടുത്ത് നിന്നൊരു ഫോട്ടോ.. അതിന്റെ നനുത്ത പീലികളില്‍ ഒരു തലോടല്‍ ..  മൃഗശാലകളില്‍ പോലും മയിലുകള്‍ ദൂരെ നിന്നുള്ള കാഴ്ചമാത്രമായിരുന്നു.. പിന്നെയും അടുത്ത് കണ്ടിരിക്കുന്നത് നാട്ടിലെ കുറ്റികാടുകളില്‍ തന്നെ.. കോളേജുകാലങ്ങളില്‍ രാവിലെത്തെ ബസ്സിനു പോവുമ്പോള്‍ കോതചിറ കാടിനടുത്ത് മിന്നിമറയുന്ന മയിലുകളേ കാണാം.. പക്ഷെ ബസ്സിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അവ ഉള്‍വലിയും.. രമേശ്വരം മധുര റൂട്ടിലെ റേയില്‍ പാളങ്ങള്‍ക്കരികിലെ കൊച്ചു മരങ്ങളില്‍ നിറയെ മയിലുകള്‍ ഇരിക്കുന്നത് കാണാം.. ഒരു പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ മയിലുകളെ ഒരുമിച്ച് കണ്ടിരിക്കുന്നതും അവിടെ തന്നെ.. 

പറഞ്ഞു വന്നത് എന്റെ മയില്‍കാഴ്ചകള്‍ അല്ല.. അവയ്ക്കു കഴിക്കാനായി വെച്ച ധാന്യവും വെള്ളവുമാണ്.. ഇടക്കൊക്കെ അതില്‍ പങ്കു പറ്റാന്‍ പ്രാവുകളും അവിടെ എത്തുന്നുണ്ടായിരുന്നു.. കാണുന്നവരോടൊക്കെ പേരെന്ത് എന്നു ചോദിക്കുന്നതിനെക്കാള്‍ മുമ്പ് ജാതി ചോദിക്കുന്നവരുടെ നല്ല വശം... ഓരോ വീടിന്റ്റെയും ചുറ്റുമതിലില്‍ ചെറിയ പാത്രങ്ങളില്‍ വിവിധതരം  ധാന്യങ്ങള്‍ വെച്ചിരുന്നു; പിന്നെ വെള്ളവും.. അവിടെയുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം ഒരു മയിലെങ്കിലും ഞാന്‍ താമസിച്ചിരുന്നിടത്ത് വന്ന് ധാന്യം തിന്നുമെന്ന് വിചാരിച്ചു.. ദൂരെ നിന്ന് അവയുടെ ശബ്ദം കേള്‍ക്കുമ്പോഴെ ഞാന്‍ വരാന്തയില്‍ ഹാജരായി.. പക്ഷെ എന്തൊ ഒരിക്കല്‍ പോലും അവ എന്റെ അടുത്ത് വന്നില്ല .. അടുത്തുള്ള വീടുകളുടെ ഏറ്റവും മുകളില്‍ വന്നിരിക്കും.. ആ ഇടത്തെല്ലാം രണ്ടും മൂന്നും നിലകളുള്ള വലിയ വീടുകള്‍ ആയിരുന്നു..  വഴികള്‍ തോറും കറങ്ങി നടക്കുമ്പൊള്‍ മരകൊമ്പുകളില്‍ ചെറിയ പാത്രങ്ങള്‍ കെട്ടി തൂക്കിയിരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. അതിലും ധാന്യങ്ങളും വെള്ളവും  തന്നെയാണെന്ന് എന്റ്റെ കൂട്ടുകാരി പറഞ്ഞു...  പിന്നെ ചെല്ലുന്നിടത്തെല്ലാം ഞാന്‍ ഭക്ഷണതട്ടുങ്ങളേ തിരഞ്ഞു... 

കേരളത്തിനു പുറത്ത് കുറച്ചൊക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു കാഴ്ച ആദ്യമായിട്ടായിരുന്നു.. അല്ലെങ്കില്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് ഇപ്പൊഴാണ്.. എനിക്ക് വളരെ ഇഷ്ടപെട്ട ഒരു കാഴ്ചയുമായിരുന്നു.. വെറും കാഴ്ചയിലെ പുതുമ മാത്രമല്ല, സഹജീവികളോടുള്ള ധര്‍മ്മം കൂടി ആണെന്നു തോന്നി.. 

(ചോരപുരണ്ട മയില്‍ പീലി : ഞാന്‍ ഇപ്പൊ വായിക്കുന്നത് സുസ്മേഷ് ചന്ത്രോത്തിന്റെ പേപ്പര്‍ ലോഡ്ജ്.. അതില്‍ ഒരിടത്ത് ഇങ്ങനെയും ഒരു കാഴ്ച കടന്നു വരുന്നു.. ചിലര്‍ മനുഷ്യരുടെ  തലയറുക്കാന്‍ പഠിപ്പിക്കുന്നത് മയിലുകളുടെ തലവെട്ടിക്കൊണ്ടാണ്.. )